നിങ്ങള്‍ സ്വന്തം പ്രവൃത്തികളിൽ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്

നിങ്ങളുടെ ജീവിതത്തിലെ ഓരോ പ്രവൃത്തിയും നടപടിയും തെളിയിക്കുന്നത് എല്ലാ ദിവസവും എന്‍റെ വചനങ്ങളാൽ നിങ്ങളുടെ കുറവുകൾ നികത്തേണ്ടതുണ്ട് എന്നാണ്. കാരണം നിങ്ങള്‍ക്ക് വളരെയധികം ന്യൂനതകളുണ്ട്, നിങ്ങളുടെ അറിവും സ്വീകരിക്കാനുള്ള പ്രാപ്തിയും വളരെ കുറവാണുതാനും. നിങ്ങളുടെ ദൈനംദിന ജീവിതം സത്യമോ മികച്ച അവബോധമോ ഇല്ലാത്ത സാഹചര്യത്തിലും അന്തരീക്ഷത്തിലുമാണ്. അതിജീവനത്തിന് ആവശ്യമായ മൂലധനത്തിന്‍റെ അഭാവം നിങ്ങള്‍ക്കുണ്ട്. കൂടാതെ എന്നെയോ സത്യത്തെയോ അറിയുന്നതിന് ആവശ്യമായ അടിത്തറയും നിങ്ങള്‍ക്കില്ല. അവ്യക്തവും അമൂര്‍ത്തവുമായ വിശ്വാസത്തിന്മേലും അതീവ സൈദ്ധാന്തികമായ ജ്ഞാനത്തിന്‍മേലും മതാനുഷ്ഠാനങ്ങളിന്മേലുമാണ് നിങ്ങളുടെ ദൈവവിശ്വാസം കെട്ടിപ്പൊക്കിയിരിക്കുന്നത്. എല്ലാ ദിവസവും ഞാൻ നിങ്ങളുടെ നീക്കങ്ങളെ നിരീക്ഷിക്കുന്നു, നിങ്ങളുടെ ഉദ്ദേശ്യങ്ങളും പാപഫലങ്ങളും നിരീക്ഷിക്കുന്നു. എന്നിട്ടും തന്‍റെ ഹൃദയവും ആത്മാവും എന്‍റെ സുസ്ഥിരവും അചഞ്ചലവുമായ അള്‍ത്താരയിൽ ആത്മാര്‍ത്ഥമായി സമര്‍പ്പിക്കുന്ന ഒരൊറ്റ വ്യക്തിയെപ്പോലും ഞാൻ ഇതുവരേക്കും കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഞാൻ പകര്‍ന്നുകൊടുക്കണമെന്ന് ആഗ്രഹിക്കുന്ന വചനങ്ങൾ ഇത്തരമൊരു മനുഷ്യകുലത്തിന് നല്കി സമയം പാഴാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഇനിയും വിമോചിപ്പിക്കാനുള്ള മനുഷ്യരെക്കുറിച്ചും എന്‍റെ ഇനിയും പൂർത്തിയാകാത്ത പ്രവൃത്തിയെക്കുറിച്ചും മാത്രമാണ് എന്‍റെ മനസ്സിലുള്ള പദ്ധതികള്‍. എന്നിരുന്നാലും, എന്നെ പിന്തുടരുന്ന എല്ലാവരുംതന്നെ എന്‍റെ വചനങ്ങള്‍ മനുഷ്യരുടെമേൽ ചൊരിയുന്ന സത്യങ്ങളും എന്‍റെ രക്ഷയും സ്വീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു നാൾ നീ കണ്ണുകൾ അടയ്ക്കുമ്പോള്‍, കാര്‍മേഘാവൃതമായ ആകാശവും നിലയ്ക്കാത്ത നിലവിളിശബ്ദങ്ങളും നിറഞ്ഞ, തണുത്തുറഞ്ഞ, നിരാശാനിര്‍ഭരമായ ലോകത്തിനു പകരം ജീവസ്സുറ്റ അരുവികളും സുഗന്ധപൂരിതമായ അന്തരീക്ഷവും നിറഞ്ഞ ഒരു ലോകം നീ ദര്‍ശിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

എല്ലാ ദിവസവും, ഓരോ വ്യക്തിയുടെയും പ്രവൃത്തികളും ചിന്തകളും ദൈവം നിരീക്ഷിക്കുന്നു. അതേസമയം, ആ പ്രവൃത്തികളും ചിന്തകളും അവരുടെതന്നെ നാളെയെ നിർണയിക്കുകയും ചെയ്യുന്നു. ജീവിച്ചിരിക്കുന്നവർ സഞ്ചരിക്കേണ്ട പാതയാണിത്, ഞാൻ ഏവര്‍ക്കുമായി മുന്‍നിശ്ചയിച്ച പാത. ആര്‍ക്കും ഇതില്‍നിന്നും രക്ഷപ്പെടാൻ സാധിക്കില്ല. ആരെയും ഒഴിവാക്കാനും സാധിക്കില്ല. എണ്ണമറ്റ വചനങ്ങൾ ഞാൻ ഉച്ചരിച്ചുകഴിഞ്ഞു. മാത്രമോ, അളക്കാൻ സാധിക്കാത്തത്ര പ്രവൃത്തികൾ ഞാൻ ചെയ്തുകഴിഞ്ഞു. ഓരോ വ്യക്തിയും തങ്ങളുടെ സഹജസ്വഭാവത്തിനും ജീവിതത്തിലെ സംഭവവികാസങ്ങള്‍ക്കും അനുസൃതമായി അവർ ചെയ്യേണ്ടതായി നിശ്ചയിക്കപ്പെട്ട കാര്യങ്ങൾ സ്വാഭാവികമായി ചെയ്യുന്നത് ഞാന്‍ ദിവസവും നിരീക്ഷിക്കുന്നുണ്ട്. തങ്ങള്‍ പോലുമറിയാതെ പലരും ഇതിനകംതന്നെ ‘ശരിയായ മാര്‍ഗ്ഗം’ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. വിവിധ തരത്തിലുള്ള ആളുകളെ തിരിച്ചറിയുന്നതിനായി ഞാന്‍ സൃഷ്ടിച്ചതാണ് ആ മാര്‍ഗ്ഗം. ഈ വിവിധതരം ആളുകളെ ഞാന്‍ ദീര്‍ഘനാളായി വ്യത്യസ്ത സാഹചര്യങ്ങളില്‍ നിലനിര്‍ത്തിയിരിക്കുന്നു. കൂടാതെ, തനതു സ്ഥാനങ്ങളില്‍ ഇവരോരോരുത്തരും തങ്ങളുടെ സഹജസ്വഭാവങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നു. അവരെ നിയന്ത്രിക്കാന്‍ ആരുമില്ല, അവരെ വശീകരിക്കാനും ആരുമില്ല. അവര്‍ പൂര്‍ണ്ണമായും സ്വതന്ത്രരണ്, അവര്‍ പ്രകടിപ്പിക്കുന്നത് നൈസര്‍ഗ്ഗിക സ്വഭാവമാണുതാനും. ഒന്നു മാത്രമാണ് അവരെ വരുതിയില്‍ നിര്‍ത്തുന്നത്: എന്‍റെ വചനങ്ങള്‍. അങ്ങനെ, ചിലർ എന്‍റെ വചനങ്ങള്‍ വിമുഖതയോടെ വായിക്കുന്നു, മരണഭയം ഒന്നുകൊണ്ട് മാത്രം. എന്നാൽ ഒരിക്കലും അവയനുസരിച്ച് പ്രവർത്തിക്കുന്നില്ല. എന്നാല്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായും പരിപോഷണത്തിനായും എന്‍റെ വചനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സ്വന്തം ജീവിതം അസഹ്യമായിത്തീരുന്ന ചിലരുണ്ട്. അതിനാല്‍ അവര്‍ സ്വാഭാവികമായും എല്ലായ്പ്പോഴും എന്‍റെ വചനങ്ങള്‍ മാറോടു ചേര്‍ത്തുപിടിച്ച് കണിശമായി അനുസരിക്കുന്നു. കാലക്രമേണ അവര്‍ മനുഷ്യജീവിതത്തിന്‍റെ രഹസ്യവും മനുഷ്യകുലത്തിന്‍റെ ഉദ്ദിഷ്ടസ്ഥാനവും മനുഷ്യനായിരിക്കുന്നതിന്‍റെ മൂല്യവും മനസ്സിലാക്കുന്നു. എന്‍റെ വചനങ്ങളുടെ സാന്നിദ്ധ്യത്തില്‍ മനുഷ്യകുലം ഇങ്ങനെയാണ്. കാര്യങ്ങള്‍ അവയുടേതായ രീതിയിലും സമയത്തും നടക്കാന്‍ ഞാന്‍ അനുവദിക്കുന്നുവെന്ന് മാത്രം. എന്‍റെ വചനങ്ങള്‍ തങ്ങളുടെ അസ്തിത്വത്തിന്‍റെ അടിത്തറയായി മാറ്റാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്ന യാതൊരു പ്രവൃത്തിയും ഞാന്‍ ചെയ്യുന്നില്ല. അതിനാല്‍ ഒരിക്കലും മനസ്സാക്ഷി ഇല്ലാതിരുന്നവരും തങ്ങളുടെ അസ്തിത്വത്തിന് ഒരിക്കലും യാതൊരു മൂല്യവും ഇല്ലാതിരുന്നവരും എന്‍റെ വചനങ്ങള്‍ തള്ളിക്കളയാൻ ധൈര്യം കാണിക്കുന്നു. തുടര്‍ന്ന് സ്ഥിതിഗതികള്‍ നിശ്ശബ്ദമായി നിരീക്ഷിച്ച് തങ്ങളുടെ ആഗ്രഹപ്രകാരം പ്രവര്‍ത്തിക്കുന്നു. സത്യം മാത്രമല്ല എന്നില്‍നിന്നും ഉറവെടുക്കുന്ന സകലതും അവരെ അസ്വസ്ഥരാക്കുന്നു. കൂടാതെ, എന്‍റെ ഭവനത്തില്‍ വസിക്കുന്നതിലും അവര്‍ അസ്വസ്ഥരാണ്. അവര്‍ ഒരു സേവനം അനുഷ്ഠിക്കുകയാണെങ്കിൽ കൂടി, അവരുടെ ഉദ്ദിഷ്ടസ്ഥാനത്ത് എത്തുന്നതിനായും ശിക്ഷയില്‍നിന്നു രക്ഷപ്പെടുന്നതിനായും അവർ കുറച്ചു കാലം എന്‍റെ ഭവനത്തില്‍ വസിക്കുന്നു. പക്ഷേ അവരുടെ ഉദ്ദേശ്യങ്ങളും പ്രവൃത്തികളും ഒരിക്കലും മാറുന്നില്ല. ഇത് അനുഗ്രഹത്തിനായുള്ള അവരുടെ വാഞ്ഛ വര്‍ദ്ധിപ്പിക്കുന്നു. ഒരൊറ്റത്തവണ ദൈവരാജ്യത്തില്‍പ്രവേശിച്ച്—നിത്യസ്വർഗത്തിൽ പോലും പ്രവേശിച്ച്—എക്കാലവും അവിടെ തുടരാനുള്ള അവരുടെ വാഞ്ഛ വര്‍ദ്ധിപ്പിക്കുന്നു. എന്‍റെ ദിവസം ആഗതമാകാന്‍ അവര്‍ എത്രത്തോളം കൊതിക്കുന്നുവോ, സത്യം അവരുടെ മാര്‍ഗ്ഗത്തിലെ തടസ്സമായി, ഇടർച്ചക്കല്ലായി മാറിക്കഴിഞ്ഞെന്ന് അത്രത്തോളം അവര്‍ കരുതുന്നു. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അനുഗ്രഹങ്ങള്‍എക്കാലവും ആസ്വദിക്കുന്നതിനായി അതിലേക്ക് എത്രയും പെട്ടെന്ന് പ്രവേശിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ അവര്‍ക്ക് സത്യത്തെ പിന്തുടരേണ്ടതില്ലല്ലോ, എന്‍റെ വിധിയും എന്‍റെ ശാസനവും അംഗീകരിക്കേണ്ടതില്ലല്ലോ, എന്‍റെ ഭവനത്തില്‍ എന്‍റെ ആജ്ഞകള്‍ അനുസരിച്ച് താണുവീണ് പ്രവർത്തിക്കേണ്ടതില്ലല്ലോ. ഈ ആളുകള്‍ എന്‍റെ ഭവനത്തില്‍ പ്രവേശിക്കുന്നത് സത്യാന്വേഷണത്തിനുള്ള അവരുടെ അഭിലാഷം നിറവേറ്റുന്നതിനല്ല. എന്‍റെ കാര്യനിര്‍വഹണവുമായി സഹകരിക്കുന്നതിനുമല്ല. വരുന്ന യുഗത്തില്‍ നാശത്തിന് ഇരകളാകുന്നവരിൽ ഒരാളാകാതിരിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അതിനാല്‍ അവരുടെ ഹൃദയങ്ങള്‍ ഇതുവരേക്കും സത്യം എന്താണെന്ന് അറിഞ്ഞിട്ടില്ല. സത്യത്തെ എങ്ങനെ കൈക്കൊള്ളണമെന്നും അറിഞ്ഞിട്ടില്ല. എക്കാലവും എന്‍റെ ഭവനത്തില്‍ “സേവകന്‍മാര്‍” എന്ന പേരില്‍ വസിച്ചിട്ടും ഇത്തരമാളുകള്‍ ഒരിക്കല്‍പോലും സത്യം പ്രവര്‍ത്തിക്കാത്തതും അവരുടെ പാപത്തിന്‍റെ ആഴം മനസ്സിലാക്കാത്തതും ഇതുകൊണ്ടാണ്. അവര്‍ “ക്ഷമാപൂര്‍വ്വം” എന്‍റെ ദിവസം ആഗതമാകുന്നതും കാത്തിരിക്കുന്നു. കൂടാതെ, എന്‍റെ പ്രവര്‍ത്തനരീതിയാൽ ഉലയ്ക്കപ്പെടുമ്പോൾ അവര്‍ അക്ഷീണരായി കാണപ്പെടുന്നു. എന്നാല്‍, അവര്‍ എത്ര കഠിനമായി പ്രയത്നിച്ചാലും, എത്ര വലിയ വില നല്കിയാലും, അവര്‍ സത്യത്തിനായി ക്ലേശിക്കുന്നതും എനിക്കായി എന്തെങ്കിലും നല്‍കുന്നതും ഇന്നുവരേക്കും ആരും കണ്ടിട്ടില്ല. പഴയ യുഗത്തിന് ഞാന്‍ അന്ത്യം കുറിക്കുന്ന ദിവസത്തിനായി അവരുടെ ഹൃദയങ്ങള്‍ കൊതിക്കുകയാണ്. ഒപ്പം എന്‍റെ ശക്തിയും അധികാരവും എത്ര പ്രബലമാണെന്ന് കാണാനും അവര്‍ ആശിക്കുന്നു. സ്വയം മാറ്റാനും സത്യത്തെ പിന്തുടരാനുമാണ് അവര്‍ ഒരിക്കലും ഒട്ടും ധൃതി കൂട്ടാത്തത്. എനിക്ക് അസഹ്യമായത് അവര്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ ഇഷ്ടപ്പെടുന്നത് അവരെ അസഹ്യപ്പെടുത്തുന്നു. ഞാന്‍ വെറുക്കുന്നതിനായി അവര്‍ കൊതിക്കുന്നെങ്കിലും എനിക്ക് അറപ്പുളവാക്കുന്നത് നഷ്ടമാകുമോയെന്ന് അവർ ഭയപ്പെടുന്നു. അധാര്‍മ്മികമായ ഈ ലോകത്ത് അതിനെ വെറുക്കാതെ അവര്‍ ജീവിക്കുന്നു. എന്നാല്‍ ഞാന്‍ ഈ ലോകം നശിപ്പിക്കുമെന്ന് അവര്‍ക്ക് അതിയായ ഭയമുണ്ടുതാനും. അവരുടെ പരസ്പരവിരുദ്ധമായ ഉദ്ദേശ്യങ്ങള്‍ക്കിടയിലും ഞാന്‍ വെറുക്കുന്ന ഈ ലോകത്തെ അവര്‍ സ്നേഹിക്കുന്നു. എങ്കിലും ഞാന്‍ എത്രയും വേഗം ഈ ലോകം നശിപ്പിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. അങ്ങനെ സത്യമാര്‍ഗ്ഗത്തില്‍നിന്നും വ്യതിചലിക്കുന്നതിന് മുമ്പ് ഉന്‍മൂലനത്തില്‍നിന്നും രക്ഷപ്പെട്ട് പുതുയുഗത്തിലെ പ്രഭുക്കന്മാരായി മാറാന്‍ അവര്‍ക്ക് സാധിക്കുമല്ലോ. അവര്‍ സത്യത്തെ സ്നേഹിക്കാത്തതും എന്നില്‍നിന്നും ഉറവെടുക്കുന്നതെല്ലാം വെറുക്കുന്നതുമാണ് ഇതിനുള്ള കാരണം. അനുഗ്രഹങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിനായി അവര്‍ ചുരുങ്ങിയ കാലത്തേക്ക് “അനുസരണയുള്ള വ്യക്തികള്‍” ആയി മാറിയേക്കാം. എങ്കിലും അനുഗ്രഹിക്കപ്പെടാനുള്ള അവരുടെ വ്യഗ്രതയും തീക്ഷ്ണമായ അഗ്നിയാല്‍ ജ്വലിക്കുന്ന തടാകത്തിൽ വീണ് മരിക്കുമെന്നുള്ള അവരുടെ ഭയവും ഒരിക്കലും മറച്ചുവയ്ക്കാന്‍ സാധിക്കില്ല. എന്‍റെ ദിവസം അടുക്കുന്തോറും അവരുടെ വാഞ്ഛയും അടിക്കടി ശക്തമാകുന്നു. ദുരന്തം എത്രമേല്‍ തീവ്രമാകുന്നോ അത്രമേല്‍ അവര്‍ നിസ്സഹായരാകുന്നു. അവര്‍ ഏറെനാളായി കൊതിച്ച അനുഗ്രഹങ്ങള്‍ നഷ്ടപ്പെടാതിരിക്കാനായി എന്നെ ആനന്ദിപ്പിക്കേണ്ടത് എങ്ങനെയെന്നറിയാതെ അവര്‍ ഉഴറുന്നു. എന്‍റെ കരങ്ങളുടെ പ്രവൃത്തി ആരംഭിക്കുമ്പോള്‍തന്നെ മുന്നണിപ്പോരാളികളായി മാറാന്‍ ഇത്തരമാളുകള്‍ ഉത്സാഹം കാട്ടുന്നു. അവരെ ഞാന്‍ കാണാതെ പോയാലോ എന്ന ഭയം മൂലം സേനയുടെ മുന്‍നിരയിലേക്ക് കുതിക്കുന്നതിനെ കുറിച്ച് മാത്രമാണ് അവരുടെ ചിന്ത. ശരി എന്ന് തങ്ങൾ കരുതുന്നത് അവര്‍ പ്രവര്‍ത്തിക്കുന്നു, പറയുന്നു. എന്നാല്‍ അവരുടെ പ്രവൃത്തികള്‍ക്കും നടപടികൾക്കും സത്യവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു എന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അവരുടെ പ്രവൃത്തികള്‍ എന്‍റെ പദ്ധതിയെ തടസ്സപ്പെടുത്തുകയും അതില്‍ കൈകടത്തുകയും മാത്രമാണ് ചെയ്യുന്നതെന്നും അവര്‍ തിരിച്ചറിയുന്നില്ല. അവര്‍ കഠിനമായി പ്രയത്നിച്ചിരിക്കാം, ക്ലേശങ്ങള്‍ സഹിക്കുന്നതിനുള്ള അവരുടെ മനോധൈര്യവും ഉദ്ദേശ്യവും ആത്മാര്‍ത്ഥമായിരിക്കാം. എന്നാൽ അവർ ചെയ്യുന്ന ഒരു കാര്യത്തിനും ഞാനുമായി ബന്ധമില്ല. കാരണം നല്ല ഉദ്ദേശ്യങ്ങളില്‍നിന്നാണ് അവരുടെ പ്രവൃത്തികള്‍ ഉടലെടുക്കുന്നതെന്ന് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്‍റെ ബലിപീഠത്തില്‍ അവര്‍ എന്തെങ്കിലും സമര്‍പ്പിച്ചതായി ഞാന്‍ അത്രകൂടി കണ്ടിട്ടില്ല. ഈ നിരവധി വര്‍ഷങ്ങളിലെല്ലാം അവര്‍ എനിക്ക് മുമ്പാകെ ചെയ്ത പ്രവൃത്തികള്‍ ഇപ്രകാരമാകുന്നു.

നിങ്ങള്‍ക്ക് കൂടുതല്‍ സത്യങ്ങള്‍ പ്രദാനം ചെയ്യണമെന്ന് തുടക്കത്തില്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ സത്യത്തോടുള്ള നിങ്ങളുടെ മനോഭാവം നിര്‍വികാരതയും നിസ്സംഗതയും ആയതിനാൽ എനിക്ക് അപ്രകാരം ചെയ്യാതിരിക്കേണ്ടതായി വന്നു. എന്‍റെ പ്രയത്നങ്ങള്‍ വൃഥാവിലാകാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. കൂടാതെ, എന്‍റെ വചനങ്ങള്‍ മനസ്സിലാക്കിയിട്ടും ആളുകള്‍ എല്ലാത്തരത്തിലും എന്നെ എതിര്‍ക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും നിന്ദിക്കുന്നതും കാണാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ മനോഭാവങ്ങളും മനുഷ്യത്വവും മൂലം എന്‍റെ വചനങ്ങളുടെ ചെറുതെങ്കിലും നിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ മുഖ്യമായ ഒരു ഭാഗം മാത്രമാണ് നിങ്ങള്‍ക്ക് ഞാന്‍ നല്‍കുന്നത്. മനുഷ്യകുലത്തിനിടയിലെ എന്‍റെ പ്രവൃത്തിയുടെ ഒരു പരീക്ഷണമാണിത്. ഞാനെടുത്ത തീരുമാനങ്ങളും രൂപീകരിച്ച പദ്ധതിയും നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണെന്നും കൂടാതെ മനുഷ്യകുലത്തോടുള്ള എന്‍റെ മനോഭാവം ഉചിതമായതാണെന്നും ഇപ്പോള്‍ മാത്രമാണ് ഞാന്‍ വാസ്തവത്തിൽ സ്ഥിരീകരിച്ചത്. എനിക്ക് മുന്‍പാകെയുള്ള നിങ്ങളുടെ നിരവധി വര്‍ഷത്തെ സ്വഭാവത്തില്‍നിന്നും മുന്‍പൊരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരുത്തരം എനിക്ക് ലഭിക്കുകയുണ്ടായി. ഈ ഉത്തരം ലഭിക്കാനുതകുന്ന ചോദ്യം ഇതാണ്: “സത്യത്തിനും സത്യദൈവത്തിനും മുന്‍പാകെ മനുഷ്യന്‍റെ മനോഭാവം എന്താണ്?” മനുഷ്യനു വേണ്ടി ഞാന്‍ ചെയ്ത പ്രയത്നങ്ങള്‍ അവനോടുള്ള എന്‍റെ സ്നേഹത്തിന്‍റെ തെളിവാണ്. അതുപോലെ എന്‍റെ മുന്‍പാകെയുള്ള മനുഷ്യന്‍റെ ഓരോ പ്രവൃത്തിയും സത്യത്തോടുള്ള അവന്‍റെ വെറുപ്പിന്‍റെയും എന്നോടുള്ള അവന്‍റെ എതിര്‍പ്പിന്‍റെയും തെളിവാണ്. എല്ലായ്പ്പോഴും എന്നെ പിന്തുടരുന്നവരെ പ്രതി എനിക്ക് കരുതലുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും എന്നെ പിന്തുടരുന്നവര്‍ക്ക് എന്‍റെ വചനങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കുന്നില്ല. എന്‍റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഇതാണ് എന്തിലുമുപരി എന്നെ ദുഖിതനാക്കുന്നത്. എന്‍റെ മനോഭാവം ആത്മാര്‍ത്ഥവും എന്‍റെ വചനങ്ങള്‍ സൗമ്യവും ആണെങ്കില്‍ക്കൂടിയും എന്നെ മനസ്സിലാക്കാനും അംഗീകരിക്കാനും ഇന്നുവരേക്കും ആര്‍ക്കും സാധിച്ചിട്ടില്ല. ഞാന്‍ ഭരമേല്‍പ്പിച്ച പ്രവൃത്തി സ്വന്തം ആശയപ്രകാരം ചെയ്യാനാണ് ഏവരും ശ്രമിക്കുന്നത്. എന്‍റെ ലക്ഷ്യങ്ങള്‍ അവര്‍ അന്വേഷിക്കുന്നില്ല. ഞാന്‍ അവരില്‍നിന്നും എന്താണ് ആവശ്യപ്പെടുന്നതെന്ന് പോലും അവര്‍ ചോദിക്കുന്നില്ല. അവര്‍ എന്നെ എതിര്‍ത്തുകൊണ്ടിരിക്കുമ്പോൾ പോലും എന്നെ വിശ്വസ്തതയോടെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്നു. തങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്തതോ അനുഷ്ഠിക്കാൻ പറ്റാത്തതോ ആയ സത്യങ്ങള്‍ സത്യങ്ങളേ അല്ല എന്ന് നിരവധി പേര്‍ വിശ്വസിക്കുന്നു. അത്തരമാളുകളില്‍ എന്‍റെ സത്യങ്ങള്‍ നിഷേധിക്കപ്പെട്ടവയും പുറന്തള്ളപ്പെട്ടവയുമായി മാറുന്നു. അതേസമയം, വചനപ്രകാരമുള്ള ദൈവമായും വഴിയോ സത്യമോ ജീവനോ അല്ലാത്ത അന്യനായും ആളുകള്‍ എന്നെ കരുതുന്നു. ആര്‍ക്കും ഈ സത്യം അറിയില്ല: എന്‍റെ വചനങ്ങളാണ് ശാശ്വതവും അചഞ്ചലവുമായ സത്യം. മനുഷ്യജീവന്‍റെ ഉറവിടവും മനുഷ്യകുലത്തിന്‍റെ ഒരേയൊരു വഴികാട്ടിയും ഞാനാകുന്നു. എന്‍റെ വചനങ്ങളുടെ മൂല്യവും അര്‍ത്ഥവും നിശ്ചയിക്കേണ്ടത് അവ മനുഷ്യകുലം തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചല്ല, മറിച്ച് ആ വചനങ്ങളുടെ സത്തയെ ആശ്രയിച്ചാണ്. ഈ ഭൂമിയിലെ ഒരൊറ്റ വ്യക്തിക്കും എന്‍റെ വചനങ്ങള്‍ സ്വീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍കൂടിയും, എന്‍റെ വചനങ്ങളുടെ മൂല്യവും അവ മനുഷ്യകുലത്തിനേകുന്ന രക്ഷയും അളക്കാൻ ഒരു മനുഷ്യനും സാധിക്കില്ല. അതിനാല്‍, എന്‍റെ വചനങ്ങളെ എതിര്‍ക്കുകയും നിഷേധിക്കുകയും അല്ലെങ്കില്‍ പാടേ നിന്ദിക്കുകയും ചെയ്യുന്ന വ്യക്തികളെ അഭിമുഖീകരിക്കുമ്പോൾ എന്‍റെ നിലപാട് ഇപ്രകാരമാകുന്നു: കാലവും വസ്തുതകളും എന്‍റെ സാക്ഷികളായി എന്‍റെ വചനങ്ങള്‍ വഴിയും സത്യവും ജീവനും ആണെന്ന് തെളിയിക്കട്ടെ. ഞാന്‍ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്നും അതാണു മനുഷ്യനെ അലങ്കരിക്കേണ്ടതെന്നും അതാണ് മനുഷ്യന്‍ സ്വീകരിക്കേണ്ടതെന്നും അവ തെളിയിക്കട്ടെ. എന്നെ പിന്തുടരുന്ന ഏവരെയും ഞാന്‍ ഈ സത്യം അറിയിക്കും: എന്‍റെ വചനങ്ങള്‍ പൂര്‍ണ്ണമായും സ്വീകരിക്കാൻ സാധിക്കാത്തവര്‍, എന്‍റെ വചനപ്രകാരം പ്രവർത്തിക്കാൻ സാധിക്കാത്തവര്‍, എന്‍റെ വചനങ്ങളില്‍ ഉദ്ദേശ്യം കണ്ടെത്താന്‍ സാധിക്കാത്തവര്‍, എന്‍റെ വചനത്താൽ രക്ഷ നേടാന്‍ സാധിക്കാത്തവര്‍, ഇവരെല്ലാം തന്നെ എന്‍റെ വചനങ്ങളാല്‍ ശിക്ഷ വിധിക്കപ്പെട്ടവരാണ്, ഞാൻ നൽകുന്ന രക്ഷ അന്യമായിത്തീർന്നവരാണ്. എന്‍റെ ശിക്ഷാദണ്ഡ് ഒരിക്കലും അവരെ വിട്ടൊഴിയുകയില്ല.”

ഏപ്രില്‍ 16, 2003

മുമ്പത്തേത്: വളരെ ഗൗരവമുള്ള ഒരു പ്രശ്നം: വഞ്ചന (2)

അടുത്തത്: മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക