മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും അനുസരിച്ചുള്ള നിങ്ങളുടെ ധർമ്മം പാലിച്ചുകൊണ്ട് നിങ്ങൾ ജീവിതയാത്ര തുടങ്ങുകയായി. ഒരുവന്‍റെ പശ്ചാത്തലം എന്തായിരുന്നാലും മുന്നോട്ടുള്ള യാത്ര എങ്ങനെയായിരുന്നാലും ദൈവോദ്ദേശ്യത്തിൽനിന്നും ക്രമീകരണങ്ങളിൽനിന്നും ആർക്കും ഒഴിഞ്ഞുമാറാനാകില്ല. സ്വന്തം വിധിയുടെമേലും ആർക്കും നിയന്ത്രണമില്ല. കാരണം, സകലത്തിന്‍റെയും മേൽ അധികാരമുള്ളവനു മാത്രമേ അത്തരം പ്രവൃത്തികൾ ചെയ്യാനുള്ള കഴിവുള്ളൂ. മനുഷ്യന്‍ പിറവിയെടുത്ത കാലം മുതല്‍ എല്ലാ വസ്തുക്കളുടെയും പരിണാമനിയമങ്ങളും അവയുടെ സഞ്ചാരപഥങ്ങളും നിയന്ത്രിച്ചു കൊണ്ട് ദൈവം ഈ പ്രപഞ്ചത്തെ ഭരിക്കുന്നു. ബാക്കി സകലതും പോലെ മനുഷ്യൻ ദൈവത്തിൽനിന്നുള്ള മാധുര്യവും മഴയും മഞ്ഞുമെല്ലാം മൗനമായി, ഒന്നുമറിയാതെ ആസ്വദിക്കുകയാണ്. മറ്റെന്തും പോലെ മനുഷ്യനും അവന്‍ പോലുമറിയാതെ ദൈവേച്ഛക്കനുസരിച്ച് ജീവിക്കുന്നു. മനുഷ്യന്‍റെ ഹൃദയവും ആത്മാവും ദൈവത്തിന്‍റെ കൈകളിലാണ്, അവന്‍റെ ജീവിതത്തിലെ സകലതും ദൈവത്തിനു തന്‍റെ ദൃഷ്ടിയിൽ വ്യക്തമായി കാണാനാകും. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആകട്ടെ ഒന്നൊഴിയാതെ എല്ലാറ്റിനും ദൈവത്തിന്‍റെ ചിന്തകൾക്ക് അനുസൃതമായി വ്യതിയാനം സംഭവിക്കും, അവ മാറ്റത്തിനു വിധേയമാകാം, പുതുക്കപ്പെടാം, അപ്രത്യക്ഷമായെന്നു വരാം. സകലതിനും മേൽ ദൈവം ഭരിക്കുന്ന വിധമാണത്.

നിശ്ശബ്ദമായി അന്തിമയങ്ങുമ്പോൾ മനുഷ്യൻ അത് അറിയാറേയില്ല. കാരണം, എങ്ങനെയാണ് രാത്രിയാവുന്നതെന്നോ എവിടെനിന്നാണ് അതു വരുന്നതെന്നോ ഗ്രഹിക്കാൻ മനുഷ്യഹൃദയത്തിനു കെൽപ്പില്ല. ഒച്ചയനക്കങ്ങളില്ലാതെ രാത്രി മാഞ്ഞു തുടങ്ങുമ്പോൾ മനുഷ്യൻ പകൽ വെളിച്ചത്തെ സ്വാഗതം ചെയ്യും. പക്ഷേ, വെളിച്ചം എവിടെനിന്നു വരുന്നെന്നോ അത് രാത്രിയുടെ അന്ധകാരത്തെ എങ്ങനെ തുടച്ചുനീക്കിയെന്നോ മനുഷ്യന് ഒട്ടുംതന്നെ അറിയില്ല, ആ അവബോധം അവനില്ല. മാറിമാറി വരുന്ന ഈ രാവും പകലും മനുഷ്യനെ ഒരു കാലഘട്ടത്തിൽനിന്നു മറ്റൊന്നിലേക്ക്, ചരിത്രത്തിന്‍റെ ഒരു ഏടിൽനിന്നു മറ്റൊന്നിലേക്കു കൊണ്ടുപോകുകയാണ്. ഒപ്പം, എല്ലാ കാലഘട്ടത്തിലെയും ദൈവത്തിന്‍റെ പ്രവർത്തനങ്ങളും ഓരോ യുഗങ്ങളിലേക്കുമുള്ള അവിടുത്തെ ഉദ്ദേശ്യവും നിറവേറുന്നെന്ന് ഉറപ്പാക്കുകയുമാണ്. ഇക്കാലമെല്ലാം ദൈവത്തോടൊപ്പം നടന്നവനാണ് മനുഷ്യൻ. പക്ഷേ, ദൈവമാണ് ജീവജാലങ്ങൾ ഉൾപ്പെടെ സകലത്തിന്‍റെയും വിധിയുടെ ചരടുവലിക്കുന്നതെന്നോ അവിടുന്ന് എങ്ങനെയാണ് സകലതും ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്നോ അവന് അറിയില്ല. കാലങ്ങളായിട്ടും ആ അറിവ് നാളിതുവരെ മനുഷ്യന് അഗോചരമാണ്. ഇതിനു കാരണം, ദൈവത്തിന്‍റെ പ്രവൃത്തികള്‍ അതീവ രഹസ്യമാണെന്നതോ അവിടുത്തെ ഉദ്ദേശ്യം ഇതേവരെ പ്രാവര്‍ത്തികമായിട്ടില്ല എന്നതോ അല്ല. പകരം, മനുഷ്യന്‍റെ ഹൃദയവും ആത്മാവും ദൈവത്തിൽനിന്ന് കാതങ്ങൾ അകലെയാണ് എന്നതാണ്. ദൈവത്തോടൊപ്പം നടക്കുമ്പോൾത്തന്നെ സാത്താന്‍റെ സ്വാധീനത്തിൽ തുടരുകയും അതു തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന അളവോളം അവൻ വ്യതിചലിച്ചിരിക്കുന്നു. ആരുംതന്നെ ദൈവത്തിന്‍റെ കാലടികളും രൂപഭാവവും ആത്മാർഥമായി അന്വേഷിക്കുന്നില്ല. ദൈവത്തിന്‍റെ കരുതലിനും സംരക്ഷണത്തിനും കീഴിൽ കഴിയാനും ആരും ഒരുക്കമല്ല. പകരം, ഈ ലോകത്തിനും ദുഷ്ടമനുഷ്യവർഗം പിന്തുടർന്നു പോരുന്ന അസ്തിത്വ നിയമങ്ങൾക്കും അനുരൂപരാകാനായി ദുഷ്ടനായ സാത്താന്‍റെ വിനാശകരമായ കരങ്ങളിൽ അഭയം പ്രാപിക്കാനാണ് അവർക്ക് ഇഷ്ടം. ഈ ഘട്ടത്തിൽ മനുഷ്യൻ തന്‍റെ ഹൃദയവും ആത്മാവും സാത്താനു മുന്നിൽ അടിയറവെക്കുകയാണ്, സാത്താന്‍റെ ഇരയായി മാറുകയാണ് അവൻ. എന്തിനധികം, മനുഷ്യന്‍റെ ഹൃദയവും ആത്മാവും സാത്താന്‍റെ കൂടാരമായി, അതിന് ഇണങ്ങിയ കളിക്കളമായി മാറിയിരിക്കുകയാണ്. അങ്ങനെ, സ്വയം അറിയാതെതന്നെ മനുഷ്യൻ തന്‍റെ ജീവിത ആദർശങ്ങളും നിലനിൽപ്പിന് ആധാരമായ മൂല്യങ്ങളും ജീവിതത്തിന്‍റെ അർഥവും മറന്നുതുടങ്ങി. ദൈവനിയമങ്ങളും ദൈവത്തിനും മനുഷ്യനും ഇടയിലെ ഉടമ്പടിയും മനുഷ്യഹൃദയത്തിൽനിന്ന് പതിയെപ്പതിയെ മാഞ്ഞുതുടങ്ങി, ദൈവത്തെ അന്വേഷിക്കാനോ ദൈവമൊഴികൾ ശ്രവിക്കാനോ അവൻ കൂട്ടാക്കാതെയായി. അങ്ങനെ കാലം കടന്നുപോകുന്നതോടെ, ദൈവം എന്തിനാണ് തന്നെ സൃഷ്ടിച്ചതെന്നത് മനുഷ്യനു മനസ്സിലാക്കാൻ കഴിയാത്ത കാര്യമായി മാറുകയാണ്. ദൈവത്തിന്‍റെ അധരങ്ങളിൽനിന്ന് ഉതിരുന്ന വചനങ്ങളും അവിടുത്തെ സന്നിധിയിൽനിന്നു വരുന്ന കാര്യങ്ങളും അവനു ഗ്രഹിക്കാനാകുന്നില്ല. തദ്ഫലമായി മനുഷ്യൻ ദൈവത്തിന്‍റെ നിയമങ്ങൾക്കും കൽപ്പനകൾക്കും വിരുദ്ധമായി പ്രവർത്തിക്കാൻ തുടങ്ങുന്നു, അവന്‍റെ ഹൃദയവും ആത്മാവും നിർജീവമാകുകയാണ്.... താൻ തുടക്കത്തിൽ സൃഷ്ടിച്ച മനുഷ്യനെ ദൈവത്തിനു കൈമോശം വന്നിരിക്കുകയാണ്, മനുഷ്യനോ തന്‍റെ ഉത്ഭവവുമായി തന്നെ ബന്ധിപ്പിക്കുന്ന വേരറ്റുപോയി എന്നു പറയാം. മനുഷ്യരാശിയുടെ ദുഃഖം എന്ന് അതിനെ വിശേഷിപ്പിക്കാം. സത്യത്തിൽ, ആദി മുതൽ ഇന്നോളം തുടരുന്ന ഒരു ദുരന്ത കഥയ്ക്ക് ദൈവം തിരശ്ശീല ഉയർത്തി എന്നു പറയാം. അതിലെ മുഖ്യ കഥാപാത്രവും അതേസമയം ബലിയാടുമാണ് മനുഷ്യൻ. ആരാണ് ഈ ദുരന്ത കഥയുടെ സംവിധായകൻ എന്നതിന് ആർക്കും ഉത്തരമില്ല.

വിശാലമായ ഈ ലോകം എണ്ണമറ്റ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്, കടലുകൾ വയലുകളായും വയലുകൾ പ്രളയത്താൽ കടലുകളായും പരിണമിച്ചു, അതും പലവട്ടം. ഈ പ്രപഞ്ചത്തിലെ സകലത്തിന്‍റെയും അധികാരിക്കല്ലാതെ ആർക്കും ഈ മനുഷ്യരാശിയെ നയിക്കാനോ മാർഗദർശനം നൽകാനോ കഴിയില്ല. ഈ മനുഷ്യരാശിക്കുവേണ്ടി വിയർപ്പൊഴുക്കാനോ അവർക്കുവേണ്ടി മുന്നൊരുക്കങ്ങൾ നടത്താനോ കെൽപ്പുള്ള ആരുമില്ല, അവരെ വെളിച്ചത്തിലേക്കു നയിക്കാനോ ഭൂമിയിലെ അനീതികളിൽനിന്ന് അവരെ മോചിപ്പിക്കാനോ കഴിവുള്ളവർ അത്രയും പോലുമില്ല. മനുഷ്യന്‍റെ ഭാവിയെപ്രതി ദൈവം വിലപിക്കുകയാണ്, മനുഷ്യവർഗത്തിന്‍റെ പതനം കണ്ട് അവിടുത്തെ ഉള്ളം പിടയുകയാണ്. ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം മനുഷ്യരാശി മെല്ലെമെല്ലെ നാശക്കയത്തിൽ മുങ്ങിത്താഴുന്നത് ആ ഹൃദയത്തെ എത്രമാത്രം ദുഃഖിപ്പിക്കുന്നുവെന്നോ. ദൈവത്തിന്‍റെ ഉള്ളം വേദനിപ്പിക്കുകയും ദുഷ്ടനായവന്‍റെ പിന്നാലെ പോകാനായി അവിടുത്തെ തള്ളിപ്പറയുകയും ചെയ്തവരാണ് ഈ മനുഷ്യരാശി. അങ്ങനെയുള്ള ഈ ജനത്തിന്‍റെ പോക്ക് എങ്ങോട്ടാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദൈവത്തിന്‍റെ കോപം ആരും തിരിച്ചറിയാത്തതും ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ എന്താണെന്നു തിരയാത്തതും അവിടുത്തോട് കൂടുതൽ അടുക്കാൻ ശ്രമിക്കാത്തതും എന്തിനധികം, ദൈവത്തിന്‍റെ ദുഃഖവും വേദനയും മനസ്സിലാക്കാൻ ശ്രമിക്കാത്തതും എല്ലാം ഇതുകൊണ്ടുതന്നെയാണ്. ദൈവമൊഴികൾ കേട്ടിട്ടും സ്വന്തം വഴിയില്‍ തുടരുകയും ദൈവത്തിൽനിന്ന് അകന്നു പൊയ്ക്കൊണ്ടേയിരിക്കുകയുമാണ് മനുഷ്യവർഗം. ദൈവാനുഗ്രഹത്തിൽനിന്നും കരുതലിൽനിന്നും അവർ വഴുതിമാറുകയാണ്. ദൈവത്തിൽനിന്നുള്ള സത്യങ്ങൾ അപ്പാടെ തള്ളിക്കളയുന്നു എന്നു മാത്രമല്ല, ദൈവത്തിന്‍റെ ശത്രുവായ സാത്താന് സ്വയം വിറ്റുകളയാൻ അവർക്ക് ഒരു മടിയുമില്ല. മനുഷ്യന്‍ തന്‍റെ പിടിവാശിയില്‍ തുടര്‍ന്നാല്‍, തന്നെ പുറംകാലുകൊണ്ട് തള്ളിക്കളഞ്ഞ മനുഷ്യവർഗത്തോട് ദൈവം എങ്ങനെ പ്രതികരിക്കുമെന്ന് ആർക്കറിയാം? മുമ്പൊരിക്കലും വരുത്തിയിട്ടില്ലാത്ത ഒരു വിനാശം താൻ വരുത്താൻ പോകുന്നതിനാലും മനുഷ്യന്‍റെ ശരീരത്തിനും ആത്മാവിനും താങ്ങാനാവുന്നതിനും അപ്പുറമാണ് അത് എന്നതിനാലുമാണ് ദൈവം വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തലുകളും ആഹ്വാനങ്ങളും നൽകുന്നതെന്ന കാര്യം ആർക്കും അറിയില്ല. ഈ വിപത്ത് കേവലം ശരീരത്തെ മാത്രം ശിക്ഷിക്കുന്നതിനുള്ളതല്ല, പകരം ആത്മാവിനു കൂടിയുള്ള ശിക്ഷയാണ്. നിങ്ങൾ ഒന്ന് അറിഞ്ഞിരിക്കണം: താൻ ആഗ്രഹിച്ചതുപോലെ നടക്കാതെ വരുമ്പോൾ, തന്‍റെ ഓർമ്മപ്പെടുത്തലുകൾക്കും ആഹ്വാനങ്ങൾക്കും ഫലം കാണാതെ വരുമ്പോൾ അവിടുന്ന് തന്‍റെ കോപം അഴിച്ചുവിടുന്നത് എങ്ങനെയായിരിക്കും? ഒരു സൃഷ്ടിയും ഇന്നുവരെ അനുഭവിച്ചിറിഞ്ഞിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ വിധത്തിലായിരിക്കും അത്. ഞാൻ പറഞ്ഞു വരുന്നത് ഇതാണ്, ഇത്തരമൊരു വിപത്ത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല, ഇതുപോലൊന്ന് ഇനി ആവർത്തിക്കുകയുമില്ല. കാരണം, ഒരു തവണ മാത്രം മനുഷ്യരാശിയെ സൃഷ്ടിക്കുക, ഒരു തവണ മാത്രം അവരെ രക്ഷിക്കുക, ഇതാണ് ദൈവോദ്ദേശ്യം. ആദ്യമായാണിത്, അവസാനത്തേതും. അതിനാൽ, മാനവരാശിയെ രക്ഷിക്കാൻ ദൈവം കിണഞ്ഞു ശ്രമിക്കുന്നതും അവിടുന്ന് എത്ര പ്രതീക്ഷയോടെയാണ് അതിനായി പ്രവർത്തിക്കുന്നതെന്നതും ആർക്കും ഗ്രഹിക്കാനാവില്ല.

ഈ ഭൂമിയെ സൃഷ്ടിച്ച് ദൈവം മനുഷ്യനെ അവിടെയാക്കി, അവനിൽ ജീവൻ സന്നിവേശിപ്പിച്ചു. തുടർന്ന് അവന് മാതാപിതാക്കളും സ്വന്തക്കാരും ആയി, അങ്ങനെ അവന്‍റെ ഏകാന്തതയ്ക്ക് വിരാമമായി. ഈ ഭൗതിക ലോകത്തിലേക്ക് ആദ്യമായി അവന്‍റെ കണ്ണു പതിഞ്ഞ നാള്‍ മുതല്‍ ദൈവവിധി അനുസരിച്ചു ജീവിക്കാൻ അവൻ വിധിക്കപ്പെട്ടു. മുതിരുന്നതുവരെയുള്ള വളർച്ചയുടെ ഓരോ പടവുകളിലും ദൈവത്തിൽനിന്നുള്ള ജീവശ്വാസമാണ് ഏതൊരു ജീവജാലത്തിനും താങ്ങാകുന്നത്. ഈ പ്രക്രിയ നടക്കുന്നുണ്ടെങ്കിലും ദൈവത്തിന്‍റെ കരുതലിലാണ് താൻ വളരുന്നതെന്ന് ആരും മനസ്സിലാക്കാറില്ല. പകരം, മാതാപിതാക്കളുടെ സ്നേഹപരിലാളനങ്ങളും സ്വന്തം സഹജവാസനയും മാത്രമാണ് തന്‍റെ വളർച്ചയ്ക്ക് ആധാരമെന്നാണ് അവന്‍റെ ധാരണ. തനിക്ക് യഥാർഥത്തിൽ ജീവൻ നൽകിയത് ആരെന്നോ ജീവൻ എവിടെനിന്നു വന്നെന്നോ സഹജവാസന എന്ത് അത്ഭുതമാണ് ജീവിതത്തിൽ പ്രവർത്തിക്കുന്നതെന്നോ അവന് അറിയില്ല എന്നതാണ് ഇതിനു കാരണം. അവന്‍റെ അറിവിൽ, ആഹാരമാണ് അവന്‍റെ ജീവൻ പുലർത്തുന്നത്, സ്ഥിരോത്സാഹമാണ് അവന്‍റെ അസ്തിത്വത്തിന്‍റെ ഉറവിടം, സ്വന്തം മനസ്സ് എന്തു വിശ്വസിക്കുന്നുവോ അതാണ് അവന്‍റെ അതിജീവനത്തിന് അടിസ്ഥാനം. ദൈവത്തിന്‍റെ കൃപയെയും ദയയെയും കുറിച്ച് മനുഷ്യൻ തികച്ചും അജ്ഞനാണ്. അതുകൊണ്ടുതന്നെ ദൈവം സമ്മാനിച്ച ജീവൻ അവൻ പാഴാക്കിക്കളയുന്നു.... രാവും പകലുമെന്നില്ലാതെ ദൈവം പോറ്റിപ്പുലർത്തുന്ന മനുഷ്യവർഗത്തിൽ ഒരാൾ പോലും അവിടുത്തെ ആരാധിക്കാൻ കൂട്ടാക്കുന്നില്ല. എങ്കിലും മനുഷ്യനിൽനിന്ന് ഒന്നും പ്രതീക്ഷിക്കാതെതന്നെ ദൈവം തന്‍റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ അവനുവേണ്ടി പ്രവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരു നാൾ മനുഷ്യൻ തന്‍റെ സ്വപ്നലോകം വിട്ട് ഉണരുമെന്നും പെട്ടെന്നൊരു സുപ്രഭാതത്തിൽ അവൻ ജീവന്‍റെ മാഹാത്മ്യവും ജീവിതത്തിന്‍റെ അർഥവും തിരിച്ചറിയുമെന്നുമുള്ള പ്രത്യാശയിലാണ് അവിടുന്ന് അങ്ങനെ ചെയ്യുന്നത്. തനിക്ക് ഇക്കണ്ടതെല്ലാം നൽകുന്നതിനായി ദൈവത്തിന് എത്രമാത്രം വിലയൊടുക്കേണ്ടി വന്നുവെന്നും മനുഷ്യൻ തന്നിലേക്കു മടങ്ങിവരുന്ന നിമിഷത്തിനായി അവിടുന്ന് എത്രയോ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അവൻ മനസ്സിലാക്കുമെന്ന് ദൈവം ആശിക്കുന്നു. മനുഷ്യ ജീവന്‍റെ ഉൽപ്പത്തിയെയും തുടർന്നുള്ള നിലനിൽപ്പിനെയും നിയന്ത്രിക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ആരും ഇതുവരെ തുനിഞ്ഞിട്ടില്ല. ഇതെല്ലാം അറിയാവുന്നത് കേവലം ദൈവത്തിനു മാത്രമാണ്. തന്‍റെ പക്കൽനിന്ന് സകലതും സ്വീകരിച്ചിട്ട് നന്ദികാണിക്കാത്ത മനുഷ്യവർഗം ഏൽപ്പിക്കുന്ന മുറിവുകളും പ്രഹരങ്ങളും നിശ്ശബ്‌ദമായി സഹിക്കുകയാണ് അവിടുന്ന്. ജീവിതത്തിൽ മനുഷ്യന് എല്ലാം നിസ്സാരമാണ്. അതുകൊണ്ടുതന്നെ, ദൈവത്തെ മനുഷ്യൻ ഒറ്റിക്കൊടുത്തതും അവിടുത്തെ അറിയില്ലെന്നു പറഞ്ഞതും അന്യായമായി ശിക്ഷിച്ചതുമെല്ലാം “സംഭവിക്കേണ്ടതു സംഭവിച്ചു” എന്ന മട്ടിലാണ് അവൻ കാണുന്നത്. ഇപ്പോൾ ചോദ്യമിതാണ്: വാസ്തവത്തിൽ, ദൈവത്തിന്‍റെ ഉദ്ദേശ്യം ഇത്രയേറെ പ്രാധാന്യമുള്ളതാണോ? അതോ, ദൈവത്തിന്‍റെ കരവേലയായ മനുഷ്യനെന്ന ജീവരൂപത്തിനാണോ ഏറെ പ്രാധാന്യം? ദൈവത്തിന്‍റെ ഉദ്ദേശ്യത്തിനാണ് കൂടുതൽ പ്രാധാന്യമെന്നതിൽ സംശയം വേണ്ടാ. പക്ഷേ, ദൈവത്തിന്‍റെ കരവേലയായ മനുഷ്യനെന്ന ജീവരൂപം അവിടുത്തെ ഉദ്ദേശ്യത്തിന്‍റെ പേരിലാണ് നിലനിൽക്കുന്നത്. അതുകൊണ്ട്, ഈ മനുഷ്യവംശത്തോടുള്ള രോഷത്തിന്‍റെ പേരിൽ സ്വന്തം ഉദ്ദേശ്യം ഉപേക്ഷിക്കാൻ ദൈവത്തിനു കഴിയില്ല. തന്‍റെ ഉദ്ദേശ്യത്തിന്‍റെ പേരിലും താൻ നിശ്വസിച്ച ജീവശ്വാസത്തിന്‍റെ പേരിലുമാണ് ദൈവം എല്ലാ ഉപദ്രവങ്ങളും സഹിക്കുന്നത്. അത് മനുഷ്യ ശരീരത്തിനായല്ല, മനുഷ്യ ജീവനുവേണ്ടിയാണ്. മനുഷ്യ ശരീരത്തിന്‍റെ വീണ്ടെടുപ്പിനായല്ല, തന്‍റെ നിശ്വാസത്തിൽനിന്ന് ഉളവായ ജീവൻ വീണ്ടെടുക്കുന്നതിനാണ് അവിടുന്ന് അങ്ങനെ ചെയ്യുന്നത്. അതാണ് ദൈവോദ്ദേശ്യം.

ഈ ലോകത്തിലേക്കു കടന്നുവരുന്ന സകലർക്കും പറഞ്ഞിട്ടുള്ളതാണ് ജനനവും മരണവും. ഭൂരിപക്ഷവും മരണ-പുനർജന്മ ചക്രത്തിലൂടെ ഇതിനകം കടന്നുപോയിരിക്കുന്നു. ജീവിച്ചിരിക്കുന്നവർ വൈകാതെ മരിച്ചുപോകും, മരിച്ചവരോ വൈകാതെ മടങ്ങിയെത്തും. ഓരോ ജീവജാലത്തിനുമായി ദൈവം ക്രമീകരിച്ചിരിക്കുന്ന ജീവിത ഗതിയാണിത്. എന്നിട്ടും മനുഷ്യൻ ശരിക്കും മനസ്സിലാക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന സത്യമാണ് ഈ ഗതിയും ഈ ചക്രവും: അതായത്, ദൈവം മനുഷ്യനു സമ്മാനിച്ച ജീവന് അന്തമില്ല, ശാരീരികതയോ സമയമോ സ്ഥലമോ അതിനൊരു തടസ്സമല്ല. ദൈവം മനുഷ്യനു സമ്മാനിച്ച ജീവിതത്തിന്‍റെ നിഗൂഢതയാണത്, അവിടുന്നാണ് ജീവന്‍റെ ഉറവിടം എന്നതിന്‍റെ തെളിവും. ജീവൻ ദൈവത്തിൽനിന്നാണ് ഉത്ഭവിച്ചതെന്ന് അനേകരും വിശ്വസിക്കുന്നില്ലെങ്കിലും ദൈവം അസ്തിത്വത്തിലുണ്ടെന്ന് അവര്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവത്തിൽനിന്നു വരുന്നതെല്ലാം മനുഷ്യന്‍ ആസ്വദിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. ഒരു ദിവസം പെട്ടെന്ന് ദൈവത്തിനു മനം മാറ്റമുണ്ടായി ഈ ലോകത്തിലുള്ളതെല്ലാം തിരിച്ചെടുക്കാമെന്നു വിചാരിച്ചാൽ, താൻ നൽകിയ ജീവൻ അവിടുന്ന് തിരിച്ചെടുത്താൽ, പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല. ജീവനുള്ളതും നിർജീവമായതും ആയ സകലതും പ്രദാനം ചെയ്യാൻ ദൈവം തന്‍റെ ജീവൻ വിനിയോഗിക്കുന്നു, തന്‍റെ ശക്തിക്കും അധികാരത്തിനും ചേർച്ചയിൽ അവിടുന്ന് സകലതിനെയും ശരിയായ ക്രമത്തിലേക്കു കൊണ്ടുവരുന്നു. ആർക്കും സങ്കൽപ്പിക്കാനോ മനസ്സിലാക്കാനോ കഴിയാത്ത സത്യമാണത്. ദുർഗ്രഹമായ ഈ സത്യങ്ങൾ ദൈവത്തിന്‍റെ ജീവശക്തിയുടെ പ്രത്യക്ഷമായ തെളിവും സാക്ഷ്യവുമാണ്. ഇനി ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയാം: ദൈവത്തിന്‍റെ ജീവന്‍റെ മഹത്വവും അവിടുത്തെ ജീവന്‍റെ ശക്തിയും ഒരു സൃഷ്ടിക്കും ഗ്രഹിക്കാവുന്നതല്ല. അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കും. ഞാൻ പങ്കുവെക്കാൻ ഉദ്ദേശിക്കുന്ന രണ്ടാമത്തെ രഹസ്യം ഇതാണ്: രൂപത്തിലോ ഘടനയിലോ എത്ര കണ്ട് വ്യത്യസ്തമാണെങ്കിലും സകല സൃഷ്ടിയുടെയും ജീവസ്രോതസ്സ് ദൈവമാണ്. നിങ്ങൾ ഏതുതരം ജീവരൂപമായിരുന്നാലും ദൈവം നിർണയിച്ച സഞ്ചാരപഥത്തിൽനിന്നു വ്യതിചലിക്കാൻ നിങ്ങൾക്കു കഴിയില്ല. എന്തായിരുന്നാലും, മനുഷ്യൻ ഇതു മനസ്സിലാക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്: ദൈവത്തിന്‍റെ കരുതലും കാവലും പരിപാലനവും ഇല്ലെങ്കിൽ, മനുഷ്യൻ എത്ര ശുഷ്കാന്തിയോടെ ശ്രമിച്ചാലും എത്ര കഠിനമായി പ്രയത്നിച്ചാലും അവനു ലഭിക്കേണ്ടതെല്ലാം ലഭിക്കില്ല. ദൈവത്തിൽനിന്നുള്ള ജീവന്‍റെ ഒഴുക്ക് നിലച്ചുപോയാൽ മനുഷ്യന് ജീവിതത്തിന്‍റെ മൂല്യബോധവും ജീവന്‍റെ അർഥമെന്താണെന്ന അവബോധവും നഷ്ടമാകും. താൻ സമ്മാനിച്ച ജീവിതം കാര്യഗൗരവമില്ലാതെ പാഴാക്കിക്കളയുന്ന മനുഷ്യനെ ഇത്രയധികം അശ്രദ്ധനായി തുടരാൻ ദൈവത്തിന് എങ്ങനെ കഴിയാനാണ്? ഞാൻ മുമ്പു പറഞ്ഞതുപോലെ, നിങ്ങളുടെ ജീവന്‍റെ ഉറവിടം ദൈവമാണെന്നതു മറക്കരുത്. ദൈവം നൽകിത്തന്നതൊക്കെ വിലമതിക്കാൻ മനുഷ്യൻ പരാജയപ്പെട്ടാൽ, താൻ ആദിയിൽ നൽകിയതെല്ലാം ദൈവം തിരിച്ചെടുക്കുമെന്നു മാത്രമല്ല, നഷ്ടപരിഹാരമെന്നോണം, താൻ നൽകിയതിനെല്ലാം ഇരട്ടി മൂല്യം തിരികെ ആവശ്യപ്പെടുകയും ചെയ്യും.

മേയ് 26, 2003

മുമ്പത്തേത്: നിങ്ങള്‍ സ്വന്തം പ്രവൃത്തികളിൽ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്

അടുത്തത്: സർവ്വശക്തന്‍റെ നെടുവീർപ്പ്

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക