രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി പ്രതീക്ഷാപൂർവം ദാഹിച്ചഭിലഷിച്ചിരുന്നവരുടെയിടയിൽ, സാക്ഷാത്‌ രൂപത്തിൽ ഒരു വെണ്മേഘത്തിന്മേൽ സവാരിചെയ്‌തുകൊണ്ട് ഇറങ്ങിവരുന്ന രക്ഷകൻ യേശുവിനെ ദർശിക്കാൻ മനുഷ്യൻ ആഗ്രഹിച്ചിരിക്കുന്നു. അതോടൊപ്പം, രക്ഷകൻ തിരിച്ചുവന്ന് അവരോട് ഐക്യപ്പെടണമെന്നും മനുഷ്യൻ ആഗ്രഹിച്ചു; അതായത്, സഹസ്രാബ്ദങ്ങളോളം ജനങ്ങളിൽനിന്ന് വേർപെട്ടിരുന്ന രക്ഷകനായ യേശു പ്രത്യാഗമനം ചെയ്യാനും യെഹൂദന്മാരുടെ ഇടയിൽ ചെയ്ത രക്ഷാകരകർമ്മം വീണ്ടും പ്രവർത്തിക്കാനും മനുഷ്യനോട് കാരുണ്യവാനായും സ്നേഹവായ്‌പോടെയും വർത്തിക്കാനും മനുഷ്യന്‍റെ പാപങ്ങൾ പൊറുക്കാനും സ്വയം വഹിക്കാനും അവന്‍റെ എല്ലാ അതിക്രമങ്ങളെയും ഏറ്റെടുത്തുകൊണ്ട് അവനെ പാപത്തിൽനിന്ന് മോചിപ്പിക്കാനും അവൻ ആഗ്രഹിച്ചു. രക്ഷകനായ യേശു ഇപ്പോഴും മുമ്പുള്ളതുപോലെ ആയിരിക്കുവാനാണ് മനുഷ്യൻ ആഗ്രഹിക്കുന്നത്—ഒരിക്കലും മനുഷ്യനെപ്രതി കോപിഷ്ഠനാകാതെ, അവനെ ശാസിക്കാതെ, അവന്‍റെ പാപങ്ങളെല്ലാം ഏറ്റെടുത്തു ക്ഷമിച്ച്, വേണ്ടിവന്നാൽ, മുമ്പത്തെപ്പോലെ കുരിശിൽ മരിക്കുന്ന സ്നേഹവാപിയും കരുണാമയനും ആരാധ്യനുമായ ഒരു രക്ഷകൻ. യേശു വേർപിരിഞ്ഞതിനുശേഷം, അവനെ പിൻചെന്ന ശിഷ്യന്മാരും അവന്‍റെ നാമത്തിൽ രക്ഷിക്കപ്പെട്ട എല്ലാ വിശുദ്ധരും അവനുവേണ്ടി ത്രസിച്ചുകൊണ്ട് അവനെ പ്രതീക്ഷിച്ചിരുന്നു. കൃപായുഗത്തിൽ യേശുക്രിസ്തുവിന്‍റെ കൃപയാൽ രക്ഷിക്കപ്പെട്ടവരെല്ലാം അവസാന സമയത്ത് രക്ഷകനായ യേശു ഒരു വെണ്മേഘത്തിന്മേൽ ഇറങ്ങിവന്ന് എല്ലാ ജനതകളുടെയും സമക്ഷം പ്രത്യക്ഷപ്പെടുന്ന ആ മഹോല്ലാസ ദിനത്തിനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു. രക്ഷകനായ യേശുവിന്‍റെ നാമത്തിൽ ഇന്ന് വിശ്വസിക്കുന്ന എല്ലാവരുടെയും പൊതുവായ ആഗ്രഹവും ഇതുതന്നെയാണുതാനും. രക്ഷകനായ യേശുവിന്‍റെ രക്ഷാപ്രവൃത്തിയെക്കുറിച്ച് ഈ പ്രപഞ്ചത്തിൽ അറിയുന്നവരെല്ലാം യേശുക്രിസ്തു പൊടുന്നനെ പ്രത്യക്ഷപ്പെട്ട് അവൻ ഭൂമിയിലായിരുന്നപ്പോൾ പ്രവചിച്ചത് പൂർത്തീകരിക്കണമെന്ന് തീക്ഷ്ണമായി ആഗ്രഹിക്കുന്നു: “ഞാൻ പോയതുപോലെ തന്നെ മടങ്ങി വരും.” മനുഷ്യന്‍റെ വിശ്വാസം ഇപ്രകാരമാണ്: കുരിശുമരണത്തിനും പുനരുത്ഥാനത്തിനും ശേഷം, അത്യുന്നതന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനാകാൻ യേശു ഒരു വെണ്മേഘത്തിന്മേൽ സ്വർഗത്തിലേക്ക് തിരിച്ചുപോയി. അപ്രകാരം തന്നെ, ഒരു വെണ്മേഘത്തിന്മേൽ (ഈ മേഘം യേശു സ്വർഗത്തിലേക്കെഴുന്നള്ളിയപ്പോൾ സവാരിചെയ്ത മേഘത്തെ സൂചിപ്പിക്കുന്നു) യേശു വീണ്ടും, സഹസ്രാബ്ദങ്ങളോളം അത്യാകാംക്ഷയോടെ തന്നെ കാത്തിരുന്നവരുടെ ഇടയിലേക്ക് ഇറങ്ങിവരും. അവൻ യെഹൂദന്മാരുടെ രൂപത്തിൽ വരുകയും അവരുടെ രീതിയിൽ വസ്ത്രം ധരിക്കുകയും ചെയ്യും. മനുഷ്യർക്ക് പ്രത്യക്ഷപ്പെട്ടതിനുശേഷം അവൻ അവരുടെമേൽ അന്നം വർഷിക്കുകയും അവർക്കുവേണ്ടി ജീവജലം പ്രവഹിക്കാൻ ഇടയാക്കുകയും ചെയ്യും; കൃപയാലും സ്നേഹത്താലും പൂരിതനായി, സത്യമായും വ്യക്തമായും അവൻ മനുഷ്യരുടെ ഇടയിൽ വസിക്കും. ഇത്തരം ധാരണകളിലാണ് ജനം വിശ്വസിക്കുന്നത്. എന്നാൽ രക്ഷകനായ യേശു ഇങ്ങനെയല്ല ചെയ്തത്; മനുഷ്യൻ വിഭാവനം ചെയ്തതിനു വിപരീതമായിട്ടാണ് യേശു പ്രവർത്തിച്ചത്. അവന്‍റെ പുനരാഗമനത്തിനുവേണ്ടി ആഗ്രഹിച്ചിരുന്നവരുടെ ഇടയിലേക്കല്ല അവൻ വന്നത്. വെണ്മേഘത്തിന്മേൽ സവാരിചെയ്യവേ അവൻ എല്ലാ ജനങ്ങൾക്കും പ്രത്യക്ഷപ്പെട്ടില്ല. അവൻ വന്നുകഴിഞ്ഞിരിക്കുന്നു, പക്ഷേ മനുഷ്യൻ അവനെ അറിയുന്നില്ല; അവനെപ്പറ്റി അജ്ഞനായിത്തന്നെയിരിക്കുന്നു. മനുഷ്യർ അവനെ അലക്ഷ്യമായി കാത്തിരിക്കുകമാത്രം ചെയ്യുന്നു, എന്നാൽ അവൻ “വെണ്മേഘ”ത്തിന്മേൽ (അവന്‍റെ ആത്മാവും അവന്‍റെ വചനങ്ങളും അവന്‍റെ സ്വഭാവമൊക്കെയും അവനായിരിക്കുന്ന സർവസ്വവുമായ മേഘം) ഇറങ്ങിവന്നുവെന്നും, ഇപ്പോൾ അവൻ അന്ത്യനാളുകളിൽ താൻ സ്വരൂപിക്കുന്ന ജേതാക്കളുടെ സംഘത്തിന്‍റെ മദ്ധ്യേ ഉണ്ടെന്നും അവർ അറിയുന്നില്ല. മനുഷ്യൻ ഇക്കാര്യവും അറിയുന്നില്ല: പരിശുദ്ധ രക്ഷകനായ യേശുവിന് മനുഷ്യനെപ്രതി അതീവ വാത്സല്യവും സ്നേഹവുമുണ്ടെന്നിരിക്കിലും, മാലിന്യവും അശുദ്ധാത്മാക്കളും നിറഞ്ഞ “ആരാധനാലയങ്ങളിൽ” പ്രവർത്തിക്കാൻ അവന് എങ്ങനെ കഴിയും? മനുഷ്യൻ അവന്‍റെ വരവിനായി കാത്തിരിക്കുന്നുവെന്നത് വാസ്തവമാണെങ്കിലും, നീതിരഹിതരുടെ മാംസം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും ചെയ്യുന്നവർ, നീതിരഹിതരുടെ വസ്ത്രം ധരിക്കുന്നവർ, അവനിൽ വിശ്വസിക്കുന്നെങ്കിലും അവനെ അറിയാതിരിക്കുന്നവർ, നിരന്തരമായി അവനെ കൊള്ളയടിക്കുന്നവർ—ഇത്യാദി മനുഷ്യരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ അവന് എങ്ങനെ സാധിക്കും? രക്ഷകനായ യേശു സ്നേഹസമ്പന്നനാണെന്നും അവന്‍റെ കാരുണ്യം വഴിഞ്ഞൊഴുകുന്നുവെന്നും, അവൻ വീണ്ടെടുപ്പിനാൽ പരിപൂരിതമായ പാപപരിഹാരയാഗമാണെന്നും മാത്രമേ മനുഷ്യൻ അറിയുന്നുള്ളൂ. എന്നാൽ, അവൻ സാക്ഷാൽ ദൈവം തന്നെയാണെന്നും അവനിൽ നീതി, മഹിമ, ക്രോധം, ന്യായവിധി എന്നിവ നിറഞ്ഞിരിക്കുന്നുവെന്നും അവൻ അധികാരത്തിനും പ്രതാപത്തിനും അധിപതിയാണെന്നും മനുഷ്യൻ അറിയുന്നില്ല. അതിനാൽ, വിമോചകന്‍റെ പുനരാഗമനത്തെ മനുഷ്യർ ആകാംക്ഷാപൂർവം ഉറ്റുനോക്കുന്നുവെങ്കിലും, അവരുടെ പ്രാർത്ഥനകൾ സ്വർഗത്തെ സ്വാധീനിക്കുന്നുവെങ്കിലും, രക്ഷകനായ യേശു അവനെ അറിയാതെ അവനിൽ കേവലം വിശ്വസിക്കുന്നവർക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നില്ല.

ഇസ്രായേലിൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ എടുത്ത പേരാണ് “യഹോവ”. അതിന്‍റെ അർഥം ‘ഇസ്രായേല്യരുടെ ദൈവം’ (ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനം) എന്നാണ്—മനുഷ്യനോടു സഹതപിക്കാനും അവനെ ശപിക്കാനും അവന്‍റെ ജീവിതത്തെ നയിക്കാനും കഴിവുള്ളവൻ; പരമാധികാരമുള്ളവനും സർവജ്ഞാനസമ്പന്നനുമായ ദൈവം. “യേശു” ഇമ്മാനുവേൽ ആകുന്നു. അതിന്‍റെ അർഥം സ്നേഹസമ്പുഷ്ടവും കരുണാനിർഭരവും മനുഷ്യനു മോചനമേകുന്നതുമായ ‘പാപപരിഹാരയാഗം’ എന്നാണ്. അവൻ കൃപായുഗത്തിന്‍റെ പ്രവൃത്തി ചെയ്തു; കൃപായുഗത്തെ പ്രതിനിധീകരിക്കുന്നു; കാര്യനിർവഹണ പദ്ധതിയുടെ ഒരു ഭാഗം ജോലി മാത്രമേ അതു പ്രതിനിധീകരിക്കുന്നുള്ളൂ. അതായത്, യഹോവ ഇസ്രായേലിലെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ ദൈവം, അബ്രഹാമിന്‍റെ ദൈവം, ഇസ്ഹാക്കിന്‍റെ ദൈവം, യാക്കോബിന്‍റെ ദൈവം, മോശയുടെ ദൈവം, എല്ലാ ഇസ്രായേൽ ജനങ്ങളുടെയും ദൈവം മാത്രമാണ്. അതിനാൽ, ഈ യുഗത്തിൽ യെഹൂദന്മാരൊഴിച്ച് ഇസ്രായേല്യർ ഒന്നടങ്കം യഹോവയെ ആരാധിക്കുന്നു. അവർ ബലിപീഠത്തിൽ അവന് ബലികൾ അർപ്പിക്കുകയും പുരോഹിതന്‍റെ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് ആരാധനാലയത്തിൽ അവനു ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നു. യഹോവയുടെ പുനരാഗമനമാണ് അവർ പ്രതീക്ഷിക്കുന്നത്. യേശു മാത്രമാണ് മനുഷ്യഗണത്തിന്‍റെ വിമോചകൻ; മനുഷ്യരെ പാപത്തിൽനിന്നു വിടുവിച്ച പാപപരിഹാരയാഗവും അവൻതന്നെ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, യേശുവിന്‍റെ നാമം കൃപായുഗത്തിൽനിന്ന് വന്നു, കൃപായുഗത്തിലെ രക്ഷാകരകർമ്മത്തിനായി അത് ഉരുവായി. കൃപായുഗത്തിലെ മനുഷ്യർ വീണ്ടും ജനിച്ച് രക്ഷിക്കപ്പെടേണ്ടതിനായി യേശുവിന്‍റെ നാമം നിലവിൽവന്നു; അത് എല്ലാ മനുഷ്യരുടെയും വിമോചനത്തിനുവേണ്ടിയുള്ള ഒരു പ്രത്യേക നാമമത്രേ. ഇപ്രകാരം, “യേശു”വെന്ന നാമം രക്ഷാകരകർമ്മത്തെ പ്രതിനിധീകരിക്കുകയും കൃപായുഗത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു. “യഹോവ”യെന്ന നാമം ന്യായപ്രമാണത്തിനു കീഴിൽ ജീവിച്ച ഇസ്രായേൽ ജനതയെക്കുറിക്കുന്ന ഒരു പ്രത്യേക നാമമാണ്. ഓരോ യുഗത്തിലും ഓരോ കാര്യനിർവഹണഘട്ടത്തിലും എന്‍റെ നാമം അടിസ്ഥാനരഹിതമല്ല, പ്രത്യുത പ്രാതിനിധ്യപരമായ പൊരുൾ ഉൾക്കൊള്ളുന്നു: ഓരോ നാമവും ഒരു യുഗത്തെ പ്രതിനിധീകരിക്കുന്നു. “യഹോവ” ന്യായപ്രമാണയുഗത്തെ പ്രതിനിധീകരിക്കുന്നു; അത് ഇസ്രായേൽ ജനം ആരാധിച്ച ദൈവത്തെ കുറിക്കുന്ന ആദരസൂചകമായ നാമമാണ്. “യേശു” കൃപായുഗത്തെ പ്രതിനിധീകരിക്കുന്നു; അത് കൃപായുഗത്തിൽ രക്ഷിക്കപ്പെട്ട എല്ലാവരുടെയും ദൈവത്തിന്‍റെ നാമമാണ്. മനുഷ്യൻ ഇപ്പോഴും അന്ത്യനാളുകളിൽ രക്ഷകനായ യേശുവിന്‍റെ വരവിനായി കാംക്ഷിക്കുകയും അവൻ യെഹൂദ്യയിൽ ധരിച്ച രൂപത്തിൽ പ്രത്യക്ഷപ്പെടുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നെങ്കിൽ, ആറായിരം വത്സര കാര്യനിർവഹണപദ്ധതി മുഴുവൻ ഇതിനകം രക്ഷായുഗത്തിൽത്തന്നെ നിലച്ചിട്ടുണ്ടായിരുന്നേനെ; അത് ഒരുവിധത്തിലും പുരോഗമിക്കുമായിരുന്നില്ല. അതുമാത്രവുമല്ല, അന്ത്യദിനങ്ങൾ ഒരിക്കലും ആഗതമാവുകയില്ല, യുഗം ഒരിക്കലും അസ്തമിക്കുകയുമില്ല. എന്തെന്നാൽ, രക്ഷകനായ യേശു മനുഷ്യവർഗത്തിന്‍റെ രക്ഷയ്ക്കും വീണ്ടെടുപ്പിനും വേണ്ടി മാത്രമുള്ളവനാണ്. കൃപായുഗത്തിലെ എല്ലാ പാപികൾക്കും വേണ്ടി മാത്രമാണ് ഞാൻ യേശു എന്ന നാമം പേറിയത്; പക്ഷേ, ഞാൻ എല്ലാ മനുഷ്യരുടെയും അന്ത്യം വരുത്തുന്നത് ആ നാമം കൊണ്ടായിരിക്കുകയില്ല. യഹോവ, യേശു, മശിഹാ, ഇത്യാദി നാമങ്ങളെല്ലാം എന്‍റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെങ്കിലും, ഈ നാമങ്ങൾ എന്‍റെ കാര്യനിർവഹണപദ്ധതിയുടെ വിവിധ കാലങ്ങളെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ; അവ എന്നെ എന്‍റെ പൂർണ്ണതയിൽ പ്രതിനിധീകരിക്കുന്നില്ല. ലോകജനതകൾ എന്നെ വിളിക്കാൻ ഉപയോഗിക്കുന്ന നാമങ്ങൾക്ക് എന്‍റെ സമഗ്ര സ്വഭാവത്തെയും ഞാൻ ആയിരിക്കുന്ന സർവസ്വത്തെയും സ്‌പഷ്ടമായി പ്രതിഫലിപ്പിക്കാൻ സാധിക്കില്ല. അവ വ്യത്യസ്ത യുഗങ്ങളിൽ എന്നെ വിളിക്കാൻ ഉപയോഗിക്കുന്ന വിഭിന്ന നാമങ്ങൾ മാത്രമാണ്. അതിനാൽ, അന്തിമ യുഗം—അന്ത്യദിനങ്ങളുടെ യുഗം—വരുമ്പോൾ എന്‍റെ നാമം വീണ്ടും മാറും. ഞാൻ യഹോവ, യേശു, മശിഹാ എന്നീ നാമങ്ങളിൽ വിളിക്കപ്പെടുകയില്ല—ഞാൻ ബലവാനായ ‘സർവശക്തനായ ദൈവം’ എന്നുതന്നെ വിളിക്കപ്പെടും; ഇതേ നാമത്തിൽ ഞാൻ യുഗത്തെ സമ്പൂർണമായും അവസാനിപ്പിക്കും. ഒരിക്കൽ ഞാൻ യഹോവയെന്ന് അറിയപ്പെട്ടിരുന്നു. എന്നെ മശിഹായെന്നും വിളിച്ചിരുന്നു; പിന്നീടൊരിക്കൽ ജനം എന്നെ സ്നേഹാദരങ്ങളോടെ രക്ഷകനായ യേശുവെന്ന് വിളിച്ചു. എന്നാൽ ഇന്നു ഞാൻ പൂർവ്വകാലങ്ങളിൽ മനുഷ്യർ അറിഞ്ഞിരുന്ന യഹോവയോ യേശുവോ അല്ല. ഞാൻ അന്ത്യദിനങ്ങളിൽ യുഗത്തെ അവസാനിപ്പിക്കുന്നതിനായി തിരിച്ചുവന്ന ദൈവമാണ്. ഞാൻ ഭൂമിയുടെ അതിരിൽനിന്ന്, എന്‍റെ സമഗ്ര പ്രകൃതത്തോടും സമ്പൂർണ അധികാരം, ബഹുമതി, മഹത്ത്വം എന്നിവയോടുംകൂടെ ഉയിർത്തുവരുന്ന ദൈവം തന്നെയാണ്. മനുഷ്യർ ഒരിക്കലും എന്നോട് ഇടപഴകിയിട്ടില്ല, എന്നെ അറിഞ്ഞിട്ടില്ല; അവർ എല്ലായ്‌പ്പോഴും എന്‍റെ സ്വഭാവത്തെപ്പറ്റി അജ്ഞരായിരുന്നു. ലോകസൃഷ്ടിമുതൽ ഇന്നുവരെ ഒരുവൻപോലും എന്നെ കണ്ടിട്ടില്ല. അന്ത്യനാളുകളിൽ മനുഷ്യർക്കു പ്രത്യക്ഷപ്പെടുകയും എന്നാൽ മനുഷ്യരുടെ ഇടയിൽ മറഞ്ഞിരിക്കുകയും ചെയ്യുന്ന ദൈവമാണിത്. അവൻ മനുഷ്യരുടെ ഇടയിൽ വസിക്കുന്നു—സത്യമായും യഥാർത്ഥമായും, കത്തിയെരിയുന്ന സൂര്യനെപ്പോലെ, ജ്വലിക്കുന്ന തീനാളം പോലെ, ശക്തിനിർഭരനായി, അധികാരത്താൽ പരിപൂരിതനായി. എന്‍റെ വചനങ്ങളാൽ വിധിക്കപ്പെടാത്തവരായി ഒരൊറ്റ വ്യക്തിയോ വസ്തുവോ അവശേഷിക്കില്ല; അഗ്നിയുടെ ജ്വാലയിൽ ശുദ്ധീകരിക്കപ്പെടാത്ത ഒരു വ്യക്തിയോ വസ്തുവോ ഉണ്ടായിരിക്കില്ല. അവസാനം, എല്ലാ രാഷ്ട്രങ്ങളും എന്‍റെ വചനങ്ങളാൽ അനുഗ്രഹിക്കപ്പെടുകയും തകർന്നു തരിപ്പണമാക്കപ്പെടുകയും ചെയ്യും. ഇപ്രകാരം അന്ത്യദിനങ്ങളിൽ, ഞാൻ തിരിച്ചുവന്ന രക്ഷകനാണെന്നും ഞാൻ എല്ലാ മനുഷ്യരെയും നേടിയെടുക്കുന്ന സർവശക്തനായ ദൈവമാണെന്നും എല്ലാ ജനങ്ങളും കാണുവാനിടയാകും. അതോടൊപ്പം, ഞാൻ ഒരിക്കൽ മനുഷ്യനുവേണ്ടി പാപപരിഹാരബലി ആയിരുന്നുവെന്നും എന്നാൽ അന്ത്യനാളുകളിൽ ഞാൻ എല്ലാ വസ്തുക്കളെയും ദഹിപ്പിക്കുന്ന സൂര്യന്‍റെ തീനാളങ്ങളാകുമെന്നും സകല വസ്തുക്കളെയും വെളിപ്പെടുത്തുന്ന നീതിസൂര്യനാണെന്നും എല്ലാവരും കാണാനിടയാകും. അന്ത്യദിനങ്ങളിൽ ഇതായിരിക്കും എന്‍റെ പ്രവൃത്തി. ഞാൻ ഈ നാമം ധരിക്കാനും ഈ സ്വഭാവം സ്വന്തമാക്കാനുമുള്ള കാരണം മറ്റൊന്നല്ല: എല്ലാ ജനങ്ങളും എന്നെ നീതിനിഷ്ഠനായ ദൈവമായും കത്തുന്ന സൂര്യനായും ജ്വലിക്കുന്ന തീനാളമായും കാണണം; ഏകസത്യദൈവമായ എന്നെ എല്ലാവരും ആരാധിക്കണം; അവർ എന്‍റെ യഥാർത്ഥ മുഖം ദർശിക്കുകയും വേണം: ഞാൻ ഇസ്രായേല്യരുടെ ദൈവം മാത്രമല്ല, കേവലം വിമോചകൻ മാത്രവുമല്ല; ഞാൻ സമസ്ത ആകാശങ്ങളിലും ഭൂമിയിലും സമുദ്രങ്ങളിലുമുള്ള എല്ലാ ജീവികളുടെയും ദൈവമാകുന്നു.

രക്ഷകൻ അന്ത്യനാളുകളിൽ ആഗമനം ചെയ്ത് യേശുവെന്ന നാമത്തിൽ വിളിക്കപ്പെടുന്നുവെന്നും ഒരിക്കൽക്കൂടി യെഹൂദ്യയിൽ ജനിച്ച് തന്‍റെ പ്രവൃത്തികൾ അവിടെത്തന്നെ ചെയ്യുന്നുവെന്നും സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ, ഞാൻ ഇസ്രായേൽ ജനത്തെ മാത്രം സൃഷ്ടിച്ചുവെന്നും അവരെ മാത്രം രക്ഷിച്ചുവെന്നും വിജാതീയരുമായി എനിക്കു യാതൊരു ബന്ധവുമില്ലെന്നും അതു തെളിയിക്കും. “ആകാശവും ഭൂമിയും സർവചരാചരങ്ങളും സൃഷ്ടിച്ച ദൈവമാകുന്നു ഞാൻ” എന്ന എന്‍റെ വചനങ്ങൾക്ക് ഇതു വിരുദ്ധമാവുകയില്ലേ? ഞാൻ യെഹൂദ്യ വിട്ട് വിജാതീയർക്കിടയിൽ എന്‍റെ കൃത്യങ്ങൾ ചെയ്യുന്നതിന്‍റെ കാരണം ഞാൻ ഇസ്രായേൽ ജനതയുടെ മാത്രം ദൈവമല്ല, പ്രത്യുത എല്ലാ സൃഷ്ടികളുടെയും ദൈവമാകുന്നു എന്നതാണ്. അന്ത്യനാളുകളിൽ ഞാൻ വിജാതീയരുടെ മദ്ധ്യേ പ്രത്യക്ഷപ്പെടുന്നതിന്‍റെ കാരണം ഇതാണ്: ഞാൻ ഇസ്രായേൽ ജനതയുടെ ദൈവമായ യഹോവ മാത്രമല്ല, അതിലുപരി, വിജാതീയരുടെ ഇടയിൽനിന്ന് ഞാൻ തിരഞ്ഞെടുത്തവരുടെയും സ്രഷ്ടാവ് ഞാനാകുന്നു. ഞാൻ ഇസ്രായേൽ, ഈജിപ്ത്, ലെബാനോൻ എന്നീ രാജ്യങ്ങളെ മാത്രമല്ല, ഇസ്രായേലിനുമപ്പുറം സ്ഥിതിചെയ്യുന്ന എല്ലാ വിജാതീയ രാഷ്ട്രങ്ങളെക്കൂടി സൃഷ്ടിച്ചു. ഇക്കാരണത്താൽ, ഞാൻ എല്ലാ സൃഷ്ടികളുടെയും ദൈവമാകുന്നു. എന്‍റെ പ്രവൃത്തിക്കായി ഇസ്രായേലിനെ ഒരു ആരംഭസ്ഥാനമായി മാത്രമേ ഞാൻ ഉപയോഗിച്ചുള്ളൂ; യെഹൂദ്യയും ഗലീലയും എന്‍റെ രക്ഷാകര പ്രവൃത്തിയുടെ ശക്തിദുർഗ്ഗമായി ഞാൻ പ്രയോഗിച്ചു; എന്നിട്ടിപ്പോൾ വിജാതീയ രാഷ്ട്രങ്ങളെ യുഗാന്ത്യം നടപ്പാക്കാനുള്ള ഒരു താവളമായി ഞാൻ ഉപയോഗിക്കുന്നു. ഞാൻ ഇസ്രായേലിൽ എന്‍റെ പ്രവൃത്തിയുടെ രണ്ടു ഘട്ടങ്ങൾ നടപ്പാക്കി (അവയാണ് ന്യായപ്രമാണയുഗവും കൃപായുഗവും); ഇസ്രായേലിനുമപ്പുറമുള്ള ദേശങ്ങളിലുടനീളം ഞാൻ രണ്ടു കാര്യനിർവഹണ ഘട്ടങ്ങൾകൂടി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് (കൃപായുഗവും ദൈവരാജ്യയുഗവും). വിജാതീയ രാഷ്ട്രങ്ങൾക്കിടയിൽ ഞാൻ കീഴടക്കലിന്‍റെ കൃത്യം ചെയ്തിട്ട്, അങ്ങനെ യുഗത്തിന്‍റെ അന്ത്യം കുറിക്കും. മനുഷ്യർ എല്ലായ്‌പ്പോഴും എന്നെ യേശുക്രിസ്തുവെന്നു വിളിക്കുകയും, എന്നാൽ ഞാൻ അന്ത്യനാളുകളിൽ ഒരു പുതിയ യുഗത്തിനു തുടക്കംകുറിച്ച് നൂതന കൃത്യങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് അറിയാതിരിക്കുകയും ചെയ്തിട്ട്, രക്ഷകനായ യേശുവിന്‍റെ ആഗമനത്തിനായി നിർബന്ധബുദ്ധ്യാ കാത്തിരിക്കുകയാണെങ്കിൽ, അത്തരം ആൾക്കാരെ എന്നിൽ വിശ്വാസമില്ലാത്തവരായി ഞാൻ വിശേഷിപ്പിക്കും. അവർ എന്നെ അറിയുന്നില്ല; എന്നിലുള്ള അവരുടെ വിശ്വാസം കപടമാണ്. ഇത്തരം മനുഷ്യർക്ക് രക്ഷകനായ യേശുവിന്‍റെ സ്വർഗത്തിൽനിന്നുള്ള വരവിന് സാക്ഷികളാകാൻ കഴിയുമോ? അവർ പ്രതീക്ഷിച്ചിരിക്കുന്നത് എന്‍റെ ആഗമനമല്ല, പ്രത്യുത യെഹൂദന്മാരുടെ രാജാവിന്‍റെ വരവിനെയാണ്. ഞാൻ ഈ മലിനമായ പഴയലോകത്തെ ഉന്മൂലനം ചെയ്യുന്നതിനായി അവർ തീക്ഷ്ണമായി വാഞ്ഛിക്കുന്നില്ല, പകരം അവർ യേശുവിന്‍റെ രണ്ടാമത്തെ വരവിനായി കാംക്ഷിക്കുകയും, അതുവഴി രക്ഷപ്രാപിക്കുമെന്നു കരുതുകയും ചെയ്യുന്നു. ഒരിക്കൽക്കൂടി, ഈ മലിനവും അധാർമികവുമായ ഭൂമിയിൽനിന്ന് യേശു എല്ലാ മനുഷ്യരെയും വീണ്ടെടുക്കുന്നതിനായി അവർ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. ഇത്തരം ആളുകൾ അന്ത്യദിനങ്ങളിൽ എന്‍റെ കൃത്യം പൂർത്തീകരിക്കുന്നവരായി മാറാൻ എങ്ങനെ സാധിക്കും? മനുഷ്യന്‍റെ ആഗ്രഹങ്ങൾക്ക് എന്‍റെ ഇച്ഛകളെ പൂർത്തീകരിക്കാനോ എന്‍റെ കൃത്യം സഫലീകരിക്കാനോ കഴിവില്ല; എന്തെന്നാൽ മനുഷ്യൻ ഞാൻ മുമ്പ് ചെയ്ത പ്രവൃത്തികളെ പ്രശംസിക്കുകയും വിലമതിക്കുകയും മാത്രമേ ചെയ്യുന്നുള്ളൂ; എന്നാൽ ഞാൻ എപ്പോഴും നൂതനവും, ഒരിക്കലും പഴയതുമല്ലാത്ത ദൈവംതന്നെയാണെന്ന് അവർ അറിയുന്നില്ല. ഞാൻ യഹോവയും യേശുവും ആണെന്നു മാത്രമേ മനുഷ്യൻ അറിയുന്നുള്ളൂ, പക്ഷേ മനുഷ്യവർഗത്തിന്‍റെ അന്ത്യം വരുത്തുന്ന അന്തിമദൈവമാണ് ഞാനെന്നുള്ള കാര്യത്തെക്കുറിച്ച് അവർക്ക് ലവലേശം ധാരണയില്ല. മനുഷ്യർ ആഗ്രഹിക്കുന്നതും അറിയുന്നതുമെല്ലാം അവരുടെ സ്വന്തം ആശയങ്ങൾക്കനുസൃതമായവയും അവരുടെ നേത്രങ്ങളാൽ കാണാൻ കഴിയുന്നവയും മാത്രമാണ്. അതിന് ഞാൻ ചെയ്യുന്ന പ്രവൃത്തിയോട് താദാത്മ്യമില്ല, പ്രത്യുത അതുമായി പൊരുത്തക്കേടിലാണ്. എന്‍റെ കൃത്യം മനുഷ്യരുടെ ആശയാനുസൃതം ചെയ്യുകയാണെങ്കിൽ അതെപ്പോഴായിരിക്കും അവസാനിക്കുക? മനുഷ്യർ എപ്പോഴായിരിക്കും വിശ്രാന്തിയിൽ പ്രവേശിക്കുക? അതുപോലെ, എനിക്ക് എങ്ങനെയാണ് ശബത്തിൽ അഥവാ ഏഴാം ദിനത്തിലേക്ക് പ്രവേശിക്കാൻ കഴിയുക? ഞാൻ എന്‍റെ പദ്ധതിയനുസരിച്ചും എന്‍റെ ഉദ്ദേശ്യമനുസരിച്ചും പ്രവർത്തിക്കുന്നു—മനുഷ്യന്‍റെ ചിന്താനുസരണമല്ല.

മുമ്പത്തേത്: ക്രോധ ദിനത്തെ അതിജീവിക്കാൻ ജഡരൂപത്തിലുള്ള ഒരാൾക്കും ആകില്ല

അടുത്തത്: സുവിശേഷം പ്രചരിപ്പിക്കുന്ന വേല മനുഷ്യനെ രക്ഷിക്കുന്ന വേല കൂടിയാണ്

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക