സുവിശേഷം പ്രചരിപ്പിക്കുന്ന വേല മനുഷ്യനെ രക്ഷിക്കുന്ന വേല കൂടിയാണ്

ഭൂമിയിലെ എന്‍റെ വേലയുടെ ലക്ഷ്യങ്ങൾ എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്; അതായത്, ആത്യന്തികമായി ഞാൻ നേടാൻ ആഗ്രഹിക്കുന്നത് എന്താണെന്നും ഈ പ്രവൃത്തി പൂർത്തിയാകുന്നതിനു മുമ്പ് ഞാൻ ഏതു തലംവരെ എത്തിച്ചേരേണ്ടതുണ്ടെന്നും മനസ്സിലാക്കേണ്ടതാണ്. ഇന്നുവരെ എന്നോടൊപ്പം നടന്നശേഷം, എന്‍റെ പ്രവൃത്തി എന്താണെന്ന് ആളുകൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ, അവർ എന്നോടൊപ്പം നടന്നത് വൃഥാവല്ലേ? ആളുകൾ എന്നെ അനുഗമിക്കുന്നെങ്കിൽ, അവർ എന്‍റെ ഇഷ്ടം അറിഞ്ഞിരിക്കണം. ആയിരക്കണക്കിനു സംവത്സരങ്ങളായി ഞാൻ ഭൂമിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു, ഇന്നേവരെ ഞാൻ അങ്ങനെ എന്‍റെ വേല നിർവഹിക്കുന്നതിൽ തുടരുന്നു. എന്‍റെ വേലയിൽ നിരവധി പദ്ധതികൾ ഉൾപ്പെട്ടിരിക്കുന്നെങ്കിലും അതിന്‍റെ ഉദ്ദേശ്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല; ഉദാഹരണത്തിന്, മനുഷ്യന്‍റെ നേർക്ക് എന്‍റെ ഉള്ളിൽ ന്യായവിധിയും ശാസനയും നിറഞ്ഞിരിക്കുന്നെങ്കിലും, ഞാൻ ഇപ്പോഴും ചെയ്യുന്ന കാര്യങ്ങൾ അവനെ രക്ഷിക്കാൻ വേണ്ടിയാണ്, എന്‍റെ സുവിശേഷം ഇനിയും മെച്ചമായി പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ്, മനുഷ്യൻ തികഞ്ഞവൻ ആയിത്തീർന്നാൽ എല്ലാ വിജാതീയരുടെയും ഇടയിൽ എന്‍റെ വേല കൂടുതലായി വ്യാപിപ്പിക്കുന്നതിനു വേണ്ടിയാണ്. ഇന്ന്, ഒട്ടനവധി ആളുകൾ വളരെക്കാലമായി ആകുലതയിൽ ആണ്ടുപോയ ഒരു കാലത്ത്, ഞാൻ ഇപ്പോഴും എന്‍റെ വേലയിൽ തുടരുന്നു; മനുഷ്യനെ വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യേണ്ടതിന് ഞാൻ ചെയ്യേണ്ടതായ വേല ഞാൻ തുടരുന്നു. ഞാൻ പറയുന്നതിൽ മനുഷ്യൻ മടുപ്പ് കാണിക്കുകയും എന്‍റെ പ്രവൃത്തിയെ കുറിച്ച് ആരായാൻ യാതൊരു ആഗ്രഹവും കാണിക്കാതിരിക്കുകയും ചെയ്തിട്ടും, ഞാൻ ഇപ്പോഴും എന്‍റെ ചുമതല നിറവേറ്റിക്കൊണ്ടിരിക്കുന്നു. എന്തെന്നാൽ എന്‍റെ പ്രവൃത്തിയുടെ ഉദ്ദേശ്യം മാറ്റമില്ലാതെ തുടരുന്നു, എന്‍റെ ആദിമ പദ്ധതിക്കു ഭംഗം വരുകയില്ല. എന്നെ മെച്ചമായി അനുസരിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് എന്‍റെ ന്യായവിധിയുടെ ധർമം, എന്‍റെ ശിക്ഷയുടെ ധർമമാകട്ടെ കൂടുതൽ ഫലപ്രദമായി മാറ്റം വരുത്താൻ അവനെ അനുവദിക്കുക എന്നതും. ഞാൻ ചെയ്യുന്ന കാര്യങ്ങൾ എന്‍റെ കാര്യനിർവഹണത്തെ പ്രതി ആണെങ്കിലും, മനുഷ്യന് ഗുണകരമല്ലാത്ത യാതൊന്നും ഒരിക്കലും ഞാൻ ചെയ്തിട്ടില്ല. കാരണം ഇസ്രായേലിനു പുറത്തുള്ള ദേശങ്ങളിൽ ഞാൻ കാലുറപ്പിക്കേണ്ടതിന്, ഇസ്രായേലിന് അപ്പുറത്തുള്ള ജനതകളെ ഇസ്രായേല്യരെ പോലെതന്നെ അനുസരണമുള്ളവരാക്കാൻ, അവരെ സാക്ഷാൽ മനുഷ്യരാക്കാൻ, ഞാൻ ആഗ്രഹിക്കുന്നു. ഇതാണ് എന്‍റെ കാര്യനിർവഹണം; വിജാതീയ ജനതകളുടെ ഇടയിൽ ഞാൻ നിറവേറ്റുന്ന വേലയാണ് ഇത്. ഇപ്പോൾ പോലും, ഒട്ടേറെ പേർ എന്‍റെ കാര്യനിർവഹണം മനസ്സിലാക്കുന്നില്ല; അത്തരം കാര്യങ്ങളിൽ അവർക്ക് താത്പര്യമില്ല എന്നതാണ് കാരണം, സ്വന്തം ഭാവിയെയും ലക്ഷ്യങ്ങളെയും കുറിച്ചു മാത്രമാണ് അവർക്കു ചിന്ത. ഞാൻ എന്തുതന്നെ പറഞ്ഞാലും, ഞാൻ ചെയ്യുന്ന വേലയോട് അവർക്കു നിസ്സംഗതയാണ്, പകരം നാളത്തെ ലക്ഷ്യസ്ഥാനങ്ങളിൽ മാത്രമാണ് അവരുടെ ദത്തശ്രദ്ധ. കാര്യങ്ങൾ ഇതേ രീതിയിൽ തുടർന്നാൽ, എന്‍റെ വേല എങ്ങനെ വിപുലമാകും? എങ്ങനെ എന്‍റെ സുവിശേഷം ലോകമെമ്പാടും വ്യാപിക്കും? നിങ്ങൾ ഇത് അറിയണം: എന്റെ വേല വ്യാപിക്കുമ്പോൾ, ഞാൻ നിങ്ങളെ ചിതറിക്കും, യഹോവ ഇസ്രായേൽ ഗോത്രങ്ങളിൽ ഓരോന്നിനെയും പ്രഹരിച്ചതുപോലെ തന്നെ നിങ്ങളെ പ്രഹരിക്കും. ഇതെല്ലാം ചെയ്യുന്നത് എന്‍റെ സുവിശേഷം ഭൂമിയിലെമ്പാടും പരക്കാനാണ്, അതു വിജാതീയ ജനതകളുടെ അടുക്കൽ എത്താനാണ്, എന്‍റെ പേര് മുതിർന്നവരും കുട്ടികളും ഒരുപോലെ മഹിമപ്പെടുത്താനാണ്, കൂടാതെ സകല ഗോത്രങ്ങളിലെയും ജനതകളിലെയും ആളുകളുടെ അധരങ്ങൾ എന്‍റെ വിശുദ്ധനാമത്തെ സ്തുതിക്കാനാണ്. ഈ അവസാന യുഗത്തിൽ എന്‍റെ പേര് വിജാതീയരുടെ ഇടയിൽ മഹത്ത്വപ്പെടാനാണ്, ജനതകളിൽ പെട്ടവർ എന്‍റെ ചെയ്തികൾ കണ്ട് അവ നിമിത്തം എന്നെ സർവശക്തൻ എന്നു വിളിക്കാനാണ്, അങ്ങനെ എന്‍റെ വചനങ്ങൾ ഉടൻ നിവർത്തിയേറാനാണ്. ഞാൻ ഇസ്രായേല്യരുടെ ദൈവം മാത്രമല്ല, വിജാതീയരുടെ എല്ലാ ജനതകളുടെയും, ഞാൻ ശപിച്ചിട്ടുള്ളവരുടെ പോലും, ദൈവം കൂടിയാണെന്ന് സകലരെയും അറിയിക്കും. ഞാൻ സകല സൃഷ്ടിയുടെയും ദൈവമാണെന്ന് സകലരും അറിയാൻ ഇടയാക്കും. ഇതാണ് എന്‍റെ ഏറ്റവും വലിയ വേല, അന്ത്യനാളുകളിലേക്കുള്ള എന്‍റെ പ്രവർത്തന പദ്ധതിയുടെ ഉദ്ദേശ്യം, അന്ത്യനാളുകളിൽ നിറവേറ്റപ്പെടേണ്ട ഒരേയൊരു പ്രവൃത്തി.

ആയിരക്കണക്കിനു വർഷങ്ങളായി ഞാൻ കൈകാര്യം ചെയ്തുപോന്ന പ്രവൃത്തി മനുഷ്യന് പൂർണമായും വെളിപ്പെടുത്തുന്നത് അന്ത്യനാളുകളിൽ മാത്രമാണ്. എന്‍റെ കാര്യനിർവഹണത്തിന്‍റെ പൂർണ രഹസ്യം ഞാൻ ഇപ്പോൾ മാത്രമാണ് മനുഷ്യന് വെളിപ്പെടുത്തിയിരിക്കുന്നത്; മാത്രമല്ല മനുഷ്യൻ എന്‍റെ വേലയുടെ ഉദ്ദേശ്യം മനസ്സിലാക്കുകയും എന്‍റെ എല്ലാ രഹസ്യങ്ങളും ഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. ഏത് ലക്ഷ്യസ്ഥാനത്തെ കുറിച്ചാണോ മനുഷ്യൻ തത്പരനായിരിക്കുന്നത് അതേക്കുറിച്ചുള്ള സകല കാര്യങ്ങളും ഞാൻ ഇതിനകം മനുഷ്യനോട് പറഞ്ഞുകഴിഞ്ഞിരിക്കുന്നു. 5,900 വർഷത്തിലേറെയായി ഗുപ്തമായിരുന്ന എന്‍റെ രഹസ്യങ്ങളെല്ലാം ഞാൻ ഇതിനകം മനുഷ്യനു വേണ്ടി അനാവരണം ചെയ്തിരിക്കുന്നു. ആരാണ് യഹോവ? ആരാണ് മിശിഹാ? ആരാണ് യേശു? ഇതെല്ലാം നിങ്ങൾ അറിഞ്ഞിരിക്കണം. എന്‍റെ പ്രവൃത്തി ഈ പേരുകളോടു ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ അത് ഗ്രഹിച്ചിട്ടുണ്ടോ? എന്‍റെ വിശുദ്ധനാമം എങ്ങനെയാണ് ഘോഷിക്കപ്പെടേണ്ടത്? എന്‍റെ ഏതെങ്കിലും പേരുകളാൽ എന്നെ വിളിച്ചിട്ടുള്ള ജനതകളിൽ ഏതിലെങ്കിലേക്കും എന്‍റെ നാമം എങ്ങനെയാണ് വ്യാപിക്കേണ്ടത്? എന്‍റെ പ്രവൃത്തി വികസിച്ചുകൊണ്ടിരിക്കുന്നു, ഞാൻ അത് അതിന്‍റെ പൂർണതയിൽ സകല ജനതകളിലേക്കും വ്യാപിപ്പിക്കും. എന്‍റെ പ്രവൃത്തി നിങ്ങളിൽ നടപ്പിലാക്കിയിരിക്കുന്നതിനാൽ, ഇസ്രായേലിലെ ദാവീദ്ഗൃഹത്തിലെ ഇടയന്മാരെ യഹോവ പ്രഹരിച്ചതുപോലെ ഞാൻ നിങ്ങളെ പ്രഹരിക്കും, നിങ്ങൾ സകല ജനതകളുടെയും ഇടയിൽ ചിതറിപ്പോകാൻ ഇടയാക്കും. അന്ത്യനാളുകളിൽ ഞാൻ സകല ജനതകളെയും തരിപ്പണമാക്കി അവയിലെ ജനങ്ങളെ ചിതറിക്കും. ഞാൻ വീണ്ടും മടങ്ങിവരുമ്പോൾ, എന്‍റെ ജ്വലിക്കുന്ന ജ്വാലകൾ നിശ്ചയിച്ച അതിർവരമ്പുകളിലൂടെ ജനതകൾ വിഭജിക്കപ്പെട്ടിരിക്കും. ആ സമയത്ത്, ചുട്ടുപൊള്ളുന്ന സൂര്യനെപ്പോലെ ഞാൻ പുതുതായി എന്നെത്തന്നെ മനുഷ്യർക്ക് വെളിപ്പെടുത്തും; അവർ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിശുദ്ധനായവന്‍റെ പ്രതിച്ഛായയിൽ അവരുടെ മുമ്പാകെ സ്വയം വെളിപ്പെടുത്തും; യഹോവയായ ഞാൻ ഒരിക്കൽ യഹൂദാ ഗോത്രങ്ങളുടെ ഇടയിലൂടെ നടന്നതുപോലെ ജനപ്പെരുപ്പമുള്ള ജനതകളുടെ ഇടയിലൂടെ നടക്കും. അന്നുമുതൽ, ഭൂമിയിലെ മനുഷ്യരാശിയുടെ ജീവിതത്തിൽ ഞാൻ അവരെ നയിക്കും. അവിടെ അവർ തീർച്ചയായും എന്‍റെ മഹത്ത്വം കാണും, ജീവിതത്തിൽ വഴികാട്ടിയായി വായുവിൽ ഒരു മേഘസ്തംഭവും അവർ തീർച്ചയായും കാണും, കാരണം ഞാൻ വിശുദ്ധ സ്ഥലങ്ങളിൽ പ്രത്യക്ഷമാകും. മനുഷ്യൻ എന്‍റെ നീതിദിവസവും എന്‍റെ മഹത്ത്വമാർന്ന പ്രത്യക്ഷതയും കാണും. ഞാൻ മുഴു ഭൂമിമേലും വാഴുകയും എന്‍റെ അനേകം പുത്രന്മാരെ മഹത്ത്വപ്പെടുത്തുകയും ചെയ്യുമ്പോൾ അത് സംഭവിക്കും. ഭൂമിയിലെമ്പാടും മനുഷ്യർ കുമ്പിടും, മനുഷ്യരുടെ ഇടയിൽ, ഞാൻ ഇന്നു നിർവഹിക്കുന്ന പ്രവൃത്തിയാകുന്ന പാറമേൽ, എന്‍റെ കൂടാരം ഉറപ്പായി സ്ഥാപിക്കപ്പെടും. ആലയത്തിൽ ആളുകൾ എന്നെ സേവിക്കുകയും ചെയ്യും. വൃത്തിഹീനവും മലിനവുമായ കാര്യങ്ങളാൽ മൂടിയ യാഗപീഠം ഞാൻ കഷണങ്ങളായി തർത്തശേഷം പുതിയ ഒന്ന് നിർമിക്കും. ജനിച്ച് അധികമാകാത്ത ആട്ടിൻകുട്ടികളെയും പശുക്കിടാങ്ങളെയും വിശുദ്ധ ബലിപീഠത്തിലേക്കു കൊണ്ടുവരും. ഇപ്പോഴത്തെ ആലയം തകർത്തു കളഞ്ഞശേഷം പുതിയ ഒന്ന് നിർമിക്കും. മ്ലേച്ഛരായ ആളുകളെക്കൊണ്ട് നിറഞ്ഞ, ഇപ്പോഴത്തെ ആലയം തകർന്നുവീഴും, ഞാൻ പണിയാനിരിക്കുന്ന ആലയം എന്നോട് വിശ്വസ്തരായ ദാസന്മാരെക്കൊണ്ട് നിറയും. അവർ ഒരിക്കൽക്കൂടി എഴുന്നേറ്റു നിന്ന് എന്‍റെ ആലയത്തിന്‍റെ മഹത്ത്വത്തിനായി എന്നെ സേവിക്കും. എനിക്കു വലിയ മഹത്ത്വം ലഭിക്കുന്ന ദിവസം നിങ്ങൾ തീർച്ചയായും കാണും, ഞാൻ ആലയം പൊളിച്ചുകളഞ്ഞിട്ട് പുതിയ ഒന്ന് നിർമിക്കുന്ന നാൾ നിങ്ങൾ തീർച്ചയായും കാണും. എന്‍റെ കൂടാരം മനുഷ്യരുടെ ലോകത്തിലേക്കു വരുന്ന ദിവസവും നിങ്ങൾ തീർച്ചയായും കാണും. ഞാൻ ആ ആലയം തകർത്തുകളയുമ്പോൾ, മനുഷ്യരുടെ ഈ ലോകത്തിലേക്ക് എന്‍റെ കൂടാരം കൊണ്ടുവരും, എന്‍റെ വരവ് അവർ കാണുന്നതുപോലെ തന്നെ. സകല ജനതകളെയും തകർത്തശേഷം ഞാൻ അവരെ പുതുതായി കൂട്ടിവരുത്തും; തുടർന്ന് എന്‍റെ ആലയം പണിയുകയും എന്‍റെ യാഗപീഠം സ്ഥാപിക്കുകയും ചെയ്യും, അങ്ങനെ എല്ലാവർക്കും എനിക്കു യാഗം അർപ്പിക്കുകയും എന്‍റെ ആലയത്തിൽ എന്നെ സേവിക്കുകയും വിജാതീയ ജനതകൾക്കിടയിൽ എന്‍റെ പ്രവൃത്തിക്കായി സവിശ്വസ്തം സ്വയം അർപ്പിക്കുകയും ചെയ്യാനാകും. അവർ ആധുനികകാല ഇസ്രായേല്യരായി മാറും; പുരോഹിത വസ്ത്രവും കിരീടവും അണിഞ്ഞ അവരുടെ നടുവിൽ, യഹോവയായ എന്‍റെ മഹത്ത്വം ഉണ്ടായിരിക്കും, എന്‍റെ മഹിമ അവരുടെമേൽ വരുകയും അവരോടൊപ്പം വസിക്കുകയും ചെയ്യും. വിജാതീയ ജനതകൾക്കിടയിലെ എന്‍റെ പ്രവൃത്തിയും അതേ രീതിയിൽ നടപ്പാക്കപ്പെടും. ഇസ്രായേലിലെ എന്‍റെ വേല എങ്ങനെ ആയിരുന്നുവോ, അതുപോലെ ആയിരിക്കും വിജാതീയ ജനതകളിലെ എന്‍റെ വേലയും, കാരണം ഞാൻ ഇസ്രായേലിൽ എന്‍റെ വേല വിപുലമാക്കുകയും വിജാതീയ ജനതകളിലേക്ക് അതു വ്യാപിപ്പിക്കുകയും ചെയ്യും.

എന്‍റെ ആത്മാവ് വലിയ പ്രവൃത്തി ചെയ്യുന്ന സമയവും വിജാതീയ ജനതകൾക്കിടയിൽ ഞാൻ എന്‍റെ വേല ആരംഭിക്കുന്ന സമയവും ഇപ്പോഴാണ്. അതിലുപരി, എന്‍റെ വേല കൂടുതൽ വേഗത്തിലും ഫലപ്രദമായും മുന്നോട്ടു പോകുന്നതിനായി, സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികളെയും ഞാൻ തരംതിരിച്ച് ഓരോന്നിനെയും അതതിന്‍റെ വിഭാഗത്തിൽ ആക്കിവെക്കുന്ന സമയം ഇതാണ്. അതിനാൽ, ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്, എന്‍റെ എല്ലാ വേലയ്ക്കും നിങ്ങൾ മുഴുവൻ സ്വത്വവും അർപ്പിക്കാനാണ്; അതു മാത്രമല്ല, ഞാൻ നിങ്ങളിൽ ചെയ്ത സകല പ്രവൃത്തികളും നിങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞ് ഉറപ്പാക്കാനും എന്‍റെ പ്രവൃത്തി കൂടുതൽ ഫലപ്രദമായിത്തീരേണ്ടതിന് നിങ്ങളുടെ സർവശക്തിയും അതിൽ അർപ്പിക്കാനും കൂടെയാണ് ആവശ്യപ്പെടുന്നത്. ഇതാണ് നിങ്ങൾ മനസ്സിലാക്കേണ്ടത്. തിരികെ വരാനുള്ള മാർഗം അന്വേഷിച്ചുകൊണ്ട് അല്ലെങ്കിൽ ജഡികസുഖം തേടിക്കൊണ്ട് നിങ്ങൾക്കിടയിൽ പോരാടുന്നതിൽനിന്ന് വിട്ടുനിൽക്കുക; അത് എന്‍റെ വേലയെ വൈകിപ്പിക്കും, നിങ്ങളുടെ വിസ്മയകരമായ ഭാവിയെയും. അങ്ങനെ ചെയ്യുന്നത് സംരക്ഷണമല്ല, നാശമായിരിക്കും നിങ്ങളുടെമേൽ കൊണ്ടുവരിക. അത് നിങ്ങൾക്കു വിഡ്ഢിത്തം ആയിരിക്കില്ലേ? ഇന്ന് നിങ്ങൾ അത്യാഗ്രഹത്തോടെ ആസ്വദിക്കുന്ന കാര്യങ്ങൾ തന്നെയാണ് നിങ്ങളുടെ ഭാവി നശിപ്പിക്കുന്നതും, എന്നാൽ ഇന്ന് നിങ്ങൾ അനുഭവിക്കുന്ന വേദനയാണ് നിങ്ങൾക്കു സംരക്ഷണമായി ഉതകുന്നത്. സ്വയം കരകയറുക അങ്ങേയറ്റം ദുഷ്കരമായ പ്രലോഭനങ്ങൾക്ക് ഇരകളാകുന്നത് ഒഴിവാക്കാനും സൂര്യനെ കണ്ടെത്താൻ കഴിയാതിരിക്കുമാറ് കനത്ത മൂടൽമഞ്ഞിൽ അശ്രദ്ധമായി അകപ്പെടുന്നത് ഒഴിവാക്കാനും നിങ്ങൾ ഈ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണം. കനത്ത മൂടൽമഞ്ഞ് നീങ്ങുമ്പോൾ, മഹാദിവസത്തിലെ ന്യായവിധിയിൽ ആണെന്നു നിങ്ങൾ സ്വയം തിരിച്ചറിയും. അപ്പോഴേക്കും, എന്‍റെ ദിവസം മനുഷ്യരാശിയോട് അടുത്തുകൊണ്ടിരിക്കും. എന്‍റെ ന്യായവിധിയിൽനിന്ന് നിങ്ങൾ എങ്ങനെ രക്ഷപ്പെടും? സൂര്യന്‍റെ കൊടുംചൂട് നിങ്ങൾക്ക് എങ്ങനെ സഹിക്കാൻ കഴിയും? ഞാൻ എന്‍റെ സമൃദ്ധി മനുഷ്യന് നൽകുമ്പോൾ, അവൻ അതിനെ തന്‍റെ മാറോടു ചേർക്കുന്നില്ല, പിന്നെയോ ആരും കാണാത്ത ഒരു മൂലയിലേക്കു തള്ളുന്നു. എന്‍റെ ദിവസം മനുഷ്യനിൽ വന്നിറങ്ങുമ്പോൾ, മേലാൽ അവന് എന്‍റെ സമൃദ്ധിയോ പണ്ടേ ഞാൻ അവനോട് സംസാരിച്ച സത്യത്തിന്‍റെ കയ്പേറിയ വചനങ്ങളോ കണ്ടെത്താൻ കഴിയില്ല. വെളിച്ചത്തിന്‍റെ തെളിമ നഷ്ടപ്പെട്ട് ഇരുളിലേക്കു നിപതിച്ചതിനാൽ അവൻ വിലപിച്ചു നിലവിളിക്കും. ഇന്ന് നിങ്ങൾ കാണുന്നത് എന്‍റെ വായിൽനിന്നു പുറപ്പെടുന്ന മൂർച്ചയുള്ള വാൾ മാത്രമാണ്. നിങ്ങൾ എന്‍റെ കയ്യിലെ ദണ്ഡോ ഞാൻ മനുഷ്യനെ പൊള്ളിക്കുന്ന അഗ്നിജ്വാലയോ കണ്ടിട്ടില്ല; അതുകൊണ്ടാണ് നിങ്ങൾ ഇപ്പോഴും എന്‍റെ സാന്നിധ്യത്തിൽ അഹങ്കാരിയും അമിതഭോഗിയും ആയിരിക്കുന്നത്; അതുകൊണ്ടാണ് നിങ്ങൾ ഇപ്പോഴും എന്‍റെ ഭവനത്തിൽ എന്നോട് പോരടിക്കുന്നത്; അതുകൊണ്ടാണ് ഞാൻ എന്‍റെ അധരങ്ങളാൽ സംസാരിച്ചതിനോട് നിങ്ങൾ മനുഷ്യഭാഷയിൽ തർക്കിക്കുന്നത്. മനുഷ്യൻ എന്നെ ഭയക്കുന്നില്ല; ഇന്നുപോലും അവൻ എന്നോട് ശത്രുത പുലർത്തിയിട്ടും, യാതൊരു ഭയവുമില്ലാതെ കഴിയുന്നു. അനീതിയുടെ നാക്കും പല്ലുമാണ് നിങ്ങളുടെ വായിൽ ഉള്ളത്. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും ഹവ്വയെ പാപം ചെയ്യാൻ പ്രലോഭിപ്പിച്ച സർപ്പത്തെപ്പോലെയാണ്. നിങ്ങൾ പരസ്പരം കണ്ണിനു കണ്ണും പല്ലിന് പല്ലും ആവശ്യപ്പെടുന്നു, സ്ഥാനമാനങ്ങളും സമ്പത്തും സ്വന്തമാക്കാൻ നിങ്ങൾ എന്‍റെ സാന്നിധ്യത്തിൽ പോരടിക്കുന്നു, എന്നിട്ടും ഞാൻ നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് നിങ്ങൾ അറിയുന്നില്ല. നിങ്ങൾ എന്‍റെ സന്നിധിയിൽ വരുന്നതിനുമുമ്പ്, ഞാൻ നിങ്ങളുടെ ഹൃദയത്തിന്‍റെ ആഴം അറിഞ്ഞിരിക്കുന്നു. എന്‍റെ കൈപ്പിടിയിൽനിന്ന് രക്ഷപ്പെടാനും എന്‍റെ കൺവെട്ടത്തുനിന്ന് ഓടിയകലാനും മനുഷ്യൻ എപ്പോഴും ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ ഒരിക്കലും അവന്‍റെ വാക്കുകളിൽനിന്നോ പ്രവൃത്തികളിൽനിന്നോ ഒഴിഞ്ഞുമാറിയിട്ടില്ല. പകരം, മനുഷ്യന്‍റെ അനീതിയെ ശിക്ഷിക്കാനും അവന്‍റെ മത്സരത്തിന്മേൽ ന്യായവിധി നടപ്പാക്കാനും ഞാൻ ആ വാക്കുകളും പ്രവൃത്തികളും എന്‍റെ ദൃഷ്ടിയിൽ പ്രവേശിക്കാൻ ബോധപൂർവം അനുവദിക്കുന്നു. അങ്ങനെ, മനുഷ്യന്‍റെ രഹസ്യത്തിലുള്ള വാക്കുകളും പ്രവൃത്തികളും എന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ എപ്പോഴും ഉണ്ട്, എന്‍റെ ന്യായവിധി ഒരിക്കലും മനുഷ്യനെ വിട്ടുപോയിട്ടില്ല, അവന്‍റെ മത്സരം അത്ര കഠിനമാണ്. എന്‍റെ ആത്മാവിന്‍റെ സന്നിധിയിൽ ഉച്ചരിക്കപ്പെട്ടതും ചെയ്യപ്പെട്ടതുമായ മനുഷ്യന്‍റെ എല്ലാ വാക്കുകളും പ്രവൃത്തികളും കത്തിച്ച് ശുദ്ധീകരിക്കുക എന്നതാണ് എന്‍റെ വേല. ഈ വിധത്തിൽ,[a] ഞാൻ ഭൂമി വിട്ടുപോകുന്ന സമയത്തും ആളുകൾ എന്നോട് വിശ്വസ്തരായിരിക്കും, എന്‍റെ വിശുദ്ധ ദാസന്മാർ എന്‍റെ വേലയിൽ ചെയ്യുന്നതുപോലെ അപ്പോഴും അവർ എന്നെ സേവിക്കും. എന്‍റെ പ്രവൃത്തി പൂർത്തിയാകുന്ന ദിവസംവരെ അതു ഭൂമിയിൽ തുടരാൻ ഇത് അനുവദിക്കുന്നു.

അടിക്കുറിപ്പുകൾ:

a. “ഈ വിധത്തിൽ” എന്ന പദപ്രയോഗം മൂലപാഠത്തിൽ ഇല്ല.

മുമ്പത്തേത്: രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അടുത്തത്: ന്യായപ്രമാണയുഗത്തിലെ പ്രവർത്തനങ്ങൾ

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക