ന്യായപ്രമാണയുഗത്തിലെ പ്രവർത്തനങ്ങൾ
യഹോവ ഇസ്രയേൽ ജനതയ്ക്കിടയിൽ ചെയ്ത പ്രവൃത്തി മനുഷ്യർക്കിടയിലെ ദൈവത്തിന്റെ ഭൗമിക ഉത്ഭവസ്ഥാനത്തെ ഉറപ്പിച്ചു. അവൻ സന്നിഹിതനായിരുന്ന വിശുദ്ധസ്ഥലം കൂടിയാണ് അത്. അവൻ തന്റെ പ്രവൃത്തികൾ ഇസ്രായേൽ ജനങ്ങൾക്കിടയിൽ മാത്രമായി ഒതുക്കി നിർത്തി. ആദ്യകാലങ്ങളിൽ അവൻ ഇസ്രായേലിനു പുറത്ത് പ്രവർത്തിച്ചതേയില്ല. പിന്നെയോ, തന്റെ പ്രവർത്തനത്തിന്റെ വ്യാപ്തി ചുരുക്കുന്നതിനായി അനുയോജ്യരെന്നു കണ്ട ആളുകളെ അവിടുന്ന് തിരഞ്ഞെടുത്തു. ദൈവം ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച ഇടമാണ് ഇസ്രായേൽ. അവിടത്തെ മണ്ണുകൊണ്ടാണ് യഹോവ മനുഷ്യനെ സൃഷ്ടിച്ചത്. ആ സ്ഥലം ഭൂമിയിലെ അവന്റെ പ്രവൃത്തികളുടെ കേന്ദ്രസ്ഥാനമായി മാറി. നോഹയുടെയും അതുപോലെ ആദാമിന്റെയും പിൻതലമുറക്കാരായ ഇസ്രായേൽ ജനത ആയിരുന്നു ഭൂമിയിൽ യഹോവയുടെ പ്രവർത്തനങ്ങളുടെ മാനുഷിക അടിത്തറ.
ഈ കാലത്ത് യഹോവ ഇസ്രായേലിൽ ചെയ്ത പ്രവർത്തനങ്ങളുടെ പ്രസക്തിയും ഉദ്ദേശ്യവും പടികളും മുഴുഭൂമിയിലും ഇസ്രായേലിനെ കേന്ദ്രസ്ഥാനമാക്കി തന്റെ പ്രവർത്തനത്തിന് തുടക്കമിടുക എന്നതായിരുന്നു. ക്രമേണ ആ പ്രവർത്തനം വിജാതീയരുടെ ദേശങ്ങളിലേക്കും വ്യാപിക്കുമായിരുന്നു. ഈ തത്ത്വത്തിൽ ഊന്നിയാണ് മുഴു പ്രപഞ്ചത്തിലും അവൻ പ്രവർത്തിക്കുന്നത്—ഒരു മാതൃക സ്ഥാപിക്കുക, തുടർന്ന് മുഴു പ്രപഞ്ചത്തിലെയും സർവ ജനതകൾക്കും അവന്റെ സുവിശേഷം ലഭ്യമാകുന്നതുവരെ അത് ക്രമേണ വ്യാപിപ്പിക്കുക എന്നതാണ് അത്. നോഹയുടെ പിൻതലമുറക്കാരായിരുന്നു ആദ്യത്തെ ഇസ്രായേല്യർ. യഹോവയുടെ ജീവശ്വാസം മാത്രം ലഭിച്ചവരായിരുന്നു അവർ. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ട അറിവുകൾ മാത്രമുള്ളവർ. യഹോവ എന്തുതരം ദൈവമാണെന്നോ മനുഷ്യന് വേണ്ടിയുള്ള അവന്റെ ഹിതം എന്താണെന്നോ സർവസൃഷ്ടികളുടെയും കർത്താവിനെ എങ്ങനെ വണങ്ങണം എന്നോ ഒന്നും അറിയാത്തവരായിരുന്നു അവർ. അനുസരിക്കപ്പെടേണ്ട[a] നിയമങ്ങളും പ്രമാണങ്ങളും ഉണ്ടെന്നോ, സ്രഷ്ടാവിനു വേണ്ടി ജീവനുള്ള സൃഷ്ടികൾ നിർവഹിക്കാൻ കടപ്പെട്ട ചുമതലകൾ ഉണ്ടെന്നോ ഒന്നും ആദാമിന്റെ പിൻമുറക്കാർക്ക് അറിവില്ലായിരുന്നു. ഭർത്താവ് വിയർപ്പൊഴുക്കി പണിയെടുത്ത് കുടുംബത്തിനു വേണ്ടത് സമ്പാദിക്കണമെന്നും ഭാര്യ ഭർത്താവിനു വിധേയപ്പെട്ടും യഹോവ സൃഷ്ടിച്ച മനുഷ്യവംശത്തിന്റെ നൈരന്തര്യം ഉറപ്പാക്കിയും ജീവിക്കണമെന്നും മാത്രമായിരുന്നു അവർക്ക് അറിയാമായിരുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവയുടെ ജീവശ്വാസവും ജീവനും മാത്രം കൈമുതലായുണ്ടായിരുന്ന അവർക്ക് ദൈവപ്രമാണങ്ങൾ അനുസരിച്ചു ജീവിക്കേണ്ടത് എങ്ങനെയെന്നോ സർവസൃഷ്ടികളുടെയും കർത്താവായ ദൈവത്തെ തൃപ്തിപ്പെടുത്തേണ്ടത് എങ്ങനെയെന്നോ ഒന്നും അറിയില്ലായിരുന്നു. വളരെക്കുറച്ചു കാര്യങ്ങളേ അവർക്ക് അറിയാമായിരുന്നുള്ളൂ. അതിനാൽ, അവരുടെ ഹൃദയങ്ങളിൽ കാപട്യമോ വഞ്ചനയോ ഇല്ലായിരുന്നെങ്കിലും, അവർക്കിടയിൽ ഒരിക്കലും അസൂയയോ മാത്സര്യമോ ഉയർന്നുവന്നില്ലെങ്കിലും, സർവസൃഷ്ടികളുടെയും കർത്താവായ യഹോവയെക്കുറിച്ച് അവർക്ക് യാതൊരുവിധ അറിവോ ബോധ്യമോ ഇല്ലായിരുന്നു. യഹോവ സൃഷ്ടിച്ചവ ഭക്ഷിക്കാനും ആസ്വദിക്കാനും മാത്രമേ മനുഷ്യവംശത്തിന്റെ ഈ പൂർവികർക്ക് അറിയുമായിരുന്നുള്ളൂ; യഹോവയെ ബഹുമാനിക്കാൻ അവർക്ക് അറിയുമായിരുന്നില്ല; മുട്ടുകുത്തി ആരാധിക്കേണ്ടവനാണ് അവനെന്ന് അവർക്ക് അറിയുമായിരുന്നില്ല. പിന്നെ എങ്ങനെയാണ് അവരെ അവന്റെ സൃഷ്ടികളാണ് എന്നു പറയാൻ കഴിയുക? ഇതായിരുന്നു അവസ്ഥയെങ്കിൽ “യഹോവയാണ് സർവസൃഷ്ടികളുടെയും കർത്താവ്” എന്നും “തന്റെ പ്രത്യക്ഷരൂപങ്ങളാകാനും തന്നെ മഹത്ത്വപ്പെടുത്താനും തന്നെ പ്രതിനിധീകരിക്കാനും വേണ്ടി അവൻ മനുഷ്യനെ സൃഷ്ടിച്ചു” എന്നും ഒക്കെ പറയപ്പെട്ടത് വൃഥാവിലാകുമായിരുന്നില്ലേ? യഹോവയോട് സവിശേഷമായ യാതൊരു ആദരവും ഇല്ലാതിരുന്ന ഒരു ജനതയ്ക്ക് എങ്ങനെയാണ് അവിടുത്തെ മഹത്ത്വത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുക? അവർക്ക് എങ്ങനെയാണ് അവിടുത്തെ മഹത്ത്വത്തിന്റെ പ്രത്യക്ഷരൂപങ്ങളാകാൻ കഴിയുമായിരുന്നത്? “മനുഷ്യനെ ഞാൻ എന്റെ ഛായയിൽ സൃഷ്ടിച്ചു” എന്ന യഹോവയുടെ വാക്കുകൾ തിന്മയുടെ മൂർത്തരൂപമായ സാത്താന്റെ കൈകളിൽ ഒരു ആയുധം ആകുമായിരുന്നില്ലേ? യഹോവയുടെ മനുഷ്യസൃഷ്ടിക്കു മേൽ അപമാനത്തിന്റെ അടയാളമായി ഈ വാക്കുകൾ മാറുമായിരുന്നില്ലേ? പ്രവർത്തനത്തിന്റെ ആ ഘട്ടം പൂർത്തിയാക്കുവാൻ വേണ്ടി, മനുഷ്യസൃഷ്ടിക്കു ശേഷം ആദാമിന്റെ കാലം മുതൽ നോഹയുടെ കാലം വരെ അവൻ അവർക്ക് നിർദ്ദേശങ്ങൾ നൽകുകയോ വഴിനടത്തുകയോ ചെയ്തില്ല. മഹാപ്രളയം ലോകത്തെ നശിപ്പിച്ചതിനു ശേഷമുള്ള കാലത്താണ് അവൻ ആദാമിന്റെയും നോഹയുടെയും പിൻതലമുറക്കാരായ ഇസ്രായേൽ ജനതയെ ഔപചാരികമായി വഴിനടത്താൻ തുടങ്ങിയത്. ഇസ്രായേലിൽ അവൻ ചെയ്ത പ്രവൃത്തികളും അവൻ പറഞ്ഞ വചനങ്ങളും ഇസ്രായേൽ ദേശമെങ്ങുമുള്ള ജീവിതത്തിൽ ഇസ്രായേൽ ജനതയ്ക്ക് മാർഗ്ഗദർശനമായി ഉതകി. തന്നിൽനിന്നു ജീവൻ സ്വീകരിക്കാനും വെറും പൊടിയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യനായി ഉണർന്നെണീൽക്കാനും മനുഷ്യനെ പ്രാപ്തനാക്കുംവിധം അവന്റെ ഉള്ളിലേയ്ക്കു ജീവശ്വാസം നിറയ്ക്കാൻ മാത്രമല്ല യഹോവയ്ക്കു കഴിയുക എന്ന്, മനുഷ്യനെ ദഹിപ്പിച്ചുകളയാനും ശാപഗ്രസ്തനാക്കാനും തന്റെ അധികാരദണ്ഡ് ഉപയോഗിച്ച് മനുഷ്യവംശത്തെ ഭരിക്കാനും കഴിവുള്ളവനാണ് താനെന്ന് അതുവഴി മനുഷ്യർക്ക് അവൻ വെളിപ്പെടുത്തിക്കൊടുത്തു. ഭൂമിയിൽ മനുഷ്യന്റെ ജീവിതത്തെ നയിക്കാനും രാത്രിയുടെയും പകലിന്റെയും മണിക്കൂറുകൾക്കനുസരിച്ച് മനുഷ്യർക്കിടയിൽ പ്രവർത്തിക്കാനും വചനം പകരാനും അവനു കഴിയുമെന്നും അവർ കണ്ടു. മനുഷ്യനെ പൊടിയിൽനിന്ന് എടുത്തതാണെന്നും അതിലുപരി അവനാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നും അവന്റെ സൃഷ്ടികൾ മുഴുവനും അറിയുന്നതിനു വേണ്ടിയായിരുന്നു അവന്റെ പ്രവൃത്തികൾ. അതു മാത്രമല്ല, അവിടുന്ന് തന്റെ പ്രവൃത്തികൾ ആദ്യമേ ഇസ്രായേലിൽ ചെയ്തത് മറ്റു ജനതകളും വിഭാഗങ്ങളും (ആദാമിന്റെയും ഹവ്വായുടെയും സന്തതികളും ഇസ്രായേൽ ജനതയിൽനിന്നു വഴിപിരിഞ്ഞു പോയവരുമായ അവരും ഇസ്രായേലിൽ നിന്നു ഭിന്നരായിരുന്നില്ല) യഹോവയുടെ സുവിശേഷം ഇസ്രായേലിൽ നിന്നു സ്വീകരിക്കുന്നതിനും ഈ പ്രപഞ്ചത്തിലെ സൃഷ്ടിക്കപ്പെട്ട സർവ ജീവജാലങ്ങളും അങ്ങനെ യഹോവയെ ആദരിക്കുന്നതിനും അവിടുത്തെ മഹത്വം തിരിച്ചറിയുന്നതിനും വേണ്ടിയായിരുന്നു. യഹോവ ഇസ്രായേലിൽ തന്റെ പ്രവൃത്തികൾ തുടങ്ങിവയ്ക്കുന്നതിനു പകരം മനുഷ്യവംശത്തെ സൃഷ്ടിച്ചതിനു ശേഷം ഈ ഭൂമിയിൽ യഥേഷ്ടം ജീവിക്കാൻ അവരെ വിട്ടിരുന്നെങ്കിൽ, മനുഷ്യന്റെ ഭൗതിക പ്രകൃതം മൂലം (പ്രകൃതം എന്നാൽ മനുഷ്യന് കാണാൻ കഴിയാത്ത സാധനങ്ങളെ ഒരിക്കലും അറിയാൻ കഴിയില്ല എന്നാണ്—എന്നു വച്ചാൽ യഹോവയാണ് മനുഷ്യവംശത്തെ സൃഷ്ടിച്ചതെന്ന് അവന് മനസ്സിലാക്കാൻ കഴിയില്ല, എന്തിനാണ് സൃഷ്ടിച്ചതെന്നും മനസ്സിലാക്കാൻ കഴിയില്ല.) അവന് യഹോവയാണ് മനുഷ്യവംശത്തെ സൃഷ്ടിച്ചതെന്നോ അവിടുന്ന് സർവസൃഷ്ടിയുടെയും കർത്താവാണെന്നോ ഒരിക്കലും മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. യഹോവ മനുഷ്യവംശത്തോടൊപ്പം വഴികാട്ടിയായി കുറേക്കാലം ഇവിടെ കഴിയുന്നതിനു പകരം മനുഷ്യനെ സൃഷ്ടിച്ച് ഈ ഭൂമിയിൽ വിട്ടിട്ട് കൈയിലെ പൊടിയും തട്ടി പോയിരുന്നെങ്കിൽ മാനവരാശി മുഴുവൻ ശൂന്യതയിലേയ്ക്കു മടങ്ങിയേനെ. സ്വർഗ്ഗവും ഭൂമിയും അവിടുത്തെ സൃഷ്ടികൾ മുഴുവനും സമ്പൂർണ്ണ മാനാവരാശിയും ശൂന്യതയിലേയ്ക്കു മടങ്ങുകയും സാത്താനാൽ ചവിട്ടിമെതിക്കപ്പെടുകയും ചെയ്തേനെ. “ഈ ഭൂമിയിൽ, അവിടുത്തെ സൃഷ്ടികൾക്കു നടുവിൽ അവിടുത്തേയ്ക്കു നിൽക്കാൻ ഒരിടം, ഒരു വിശുദ്ധ സ്ഥലം” എന്ന യഹോവയുടെ ആഗ്രഹം തച്ചുതകർക്കപ്പെട്ടേനേ. അതിനാലാണ് മനുഷ്യവംശത്തെ സൃഷ്ടിച്ചതിനു ശേഷം അവരുടെ മധ്യേ വസിച്ച് അവരുടെ ജീവിതങ്ങളിൽ അവരെ വഴിനയിക്കുവാനും അവരുടെ ഇടയിൽ നിന്ന് അവരോടു സംസാരിക്കുവാനും അവൻ ആഗ്രഹിച്ചത്. ഇവയെല്ലാം അവിടുത്തെ ഇച്ഛ സാക്ഷാത്കരിക്കാനും അവിടുത്തെ പദ്ധതി നിറവേറ്റാനും വേണ്ടി ആയിരുന്നു. സർവ ജീവജാലങ്ങളെയും സൃഷ്ടിക്കുന്നതിനും മുമ്പേ താൻ തയാറാക്കിയ പദ്ധതി നിറവേറ്റുന്നതിനു വേണ്ടിയായിരുന്നു ഇസ്രായേലിൽ അവൻ നടത്തിയ പ്രവർത്തനം. ആയതിനാൽ, അവിടുന്ന് ആദ്യമേ ഇസ്രായേലിൽ പ്രവർത്തിച്ചതും അവിടുന്ന് സർവ ജീവജാലങ്ങളെയും സൃഷ്ടിച്ചതും തമ്മിൽ പൊരുത്തക്കേടുകളൊന്നും ഇല്ല. പിന്നെയോ രണ്ടും അവിടുത്തെ കാര്യനിർവഹണത്തിനും അവിടുത്തെ വേലയ്ക്കും അവിടുത്തെ മഹത്വത്തിനും വേണ്ടിയും അതുപോലെതന്നെ മനുഷ്യസൃഷ്ടിയുടെ അർത്ഥം ആഴമുള്ളതാക്കാൻ വേണ്ടിയും ആയിരുന്നു. നോഹയ്ക്കു ശേഷമുള്ള രണ്ടായിരം വർഷക്കാലം അവിടുന്ന് ഭൂമിയിൽ മനുഷ്യവംശത്തിന്റെ ജീവിതത്തെ വഴികാട്ടി. ഈ കാലയളവിൽ അവിടുന്ന് സർവസൃഷ്ടിയുടെയും കർത്താവായ യഹോവയെ ആദരിക്കേണ്ടത് എങ്ങനെയെന്ന്, ജീവിതത്തിൽ പെരുമാറേണ്ടത് എങ്ങനെയെന്ന്, ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടത് എങ്ങനെയെന്ന്, സർവോപരി യഹോവയുടെ ഒരു സാക്ഷിയായിരിക്കേണ്ടത് എങ്ങനെയെന്ന്, അവനെ അനുസരിക്കേണ്ടത് എങ്ങനെയെന്ന്, അവന് ആദരവ് നൽകേണ്ടത് എങ്ങനെയെന്ന്, ദാവീദും പുരോഹിതന്മാരും ചെയ്തതു പോലെ സംഗീതത്താൽ അവനെ സ്തുതിക്കേണ്ടത് എങ്ങനെയെന്ന് ഒക്കെ പഠിപ്പിച്ചു.
യഹോവ തന്റെ പ്രവർത്തനങ്ങൾ ചെയ്ത ആ രണ്ടായിരം വർഷങ്ങൾക്കു മുമ്പ് മനുഷ്യന് ഒന്നും അറിവില്ലായിരുന്നു. ഏറെക്കുറെ മുഴുവൻ മനുഷ്യവർഗ്ഗം അധാർമ്മികതയിലേക്കു നിപതിച്ചിരുന്നു. മഹാപ്രളയം ലോകത്തെ നശിപ്പിക്കുന്നതിനു മുമ്പുള്ള കാലത്ത് അവർ അധാർമികതയുടെയും അപഥസഞ്ചാരത്തിന്റെയും പരമകാഷ്ഠയിലെത്തുകയും അവരുടെ ഹൃദയങ്ങളിൽ യഹോവയ്ക്കു സ്ഥാനമില്ലാതാകുകയും അവന്റെ വഴികളിൽ അവർക്കു താല്പര്യം നശിക്കുകയും ചെയ്തിരുന്നു. യഹോവ നിറവേറ്റാൻ പോകുകയായിരുന്ന പ്രവൃത്തികൾ അവർക്കു മനസ്സിലാക്കാൻ സാധിച്ചില്ല. അവർക്ക് യുക്തിബോധമോ അറിവോ ഇല്ലായിരുന്നു. മനുഷ്യനെയും ദൈവത്തെയും ലോകത്തെയും ജീവനെയും മറ്റു പലതിനെയും പറ്റിയുള്ള തികഞ്ഞ അജ്ഞതയുടെ പാരമ്യത്തിൽ കേവലം ശ്വസിക്കുന്ന യന്ത്രങ്ങളെപ്പോലെ ആയിരുന്നു അവർ. ഭൂമിയിൽ അവർ സർപ്പത്തെപ്പോലെ പലതരം പ്രലോഭനങ്ങളിൽ വ്യാപൃതരായി, യഹോവയ്ക്ക് അപ്രിയമായ പല കാര്യങ്ങളും സംസാരിച്ചു. എന്നാൽ അവരുടെ അജ്ഞത പരിഗണിച്ച് യഹോവ അവരെ ശിക്ഷയിൽ നിന്നും ശാസനയിൽ നിന്നും ഒഴിവാക്കി. പ്രളയശേഷം, നോഹയ്ക്ക് 601 വയസ്സ് ഉള്ളപ്പോഴാണ് യഹോവ ഔപചാരികമായി നോഹയ്ക്കു പ്രത്യക്ഷപ്പെടുന്നതും അവനും അവന്റെ കുടുംബത്തിനും മാർഗദർശനം നൽകുന്നതും നോഹയ്ക്കും മക്കൾക്കുമൊപ്പം പ്രളയത്തെ അതിജീവിച്ച പറവകളെയും ജന്തുക്കളെയും ന്യായപ്രമാണയുഗത്തിന്റെ അന്ത്യത്തോളം 2500 വർഷം നയിച്ചതും. അവൻ ആകെ 2000 വർഷക്കാലം ഔപചാരികമായി ഇസ്രായേലിൽ പ്രവർത്തിക്കുകയായിരുന്നു; 500 വർഷം ഇസ്രായേലിലും അതേസമയം പുറംനാടുകളിലും പ്രവർത്തിച്ചു. അങ്ങനെ അത് ആകെ 2500 വർഷം ഉണ്ടായിരുന്നു. ഇക്കാലയളവിൽ, യഹോവയെ ആരാധിക്കുവാൻ ഒരു ദേവാലയം നിർമ്മിക്കണമെന്നും പുരോഹിതവസ്ത്രങ്ങൾ ധരിക്കണമെന്നും പാദുകം ധരിച്ച് ദേവാലയം മലിനമാക്കിയതിന്റെ പേരിൽ ദേവാലയശൃംഗത്തിൽ നിന്ന് അഗ്നി അയച്ച് അവരെ ദഹിപ്പിച്ചുകളയാതിരിക്കേണ്ടതിന് പ്രഭാതത്തിൽ പാദരക്ഷകളില്ലാതെ ദേവാലയത്തിൽ പ്രവേശിക്കണമെന്നും അവൻ ഇസ്രായേൽക്കാരെ ഉദ്ബോധിപ്പിച്ചു. അവർ തങ്ങളുടെ ചുമതലകൾ നിറവേറ്റുകയും യഹോവയുടെ പദ്ധതികൾക്ക് കീഴ്പ്പെട്ടു ജീവിക്കുകയും ചെയ്തു. അവർ ദേവാലയത്തിൽ ചെന്ന് യഹോവയോടു പ്രാർത്ഥിക്കുകയും ദൈവത്തിന്റെ വെളിപാട് ലഭിച്ച ശേഷം, അതായത് അവിടുന്നു സംസാരിച്ചതിനു ശേഷം, അവർ മറ്റു നിരവധി ജനതകളെ വഴിനയിക്കുകയും തങ്ങളുടെ ദൈവമായ യഹോവയോട് ആദരവ് പുലർത്തണമെന്ന് അവരെ പഠിപ്പിക്കുകയും ചെയ്തു. അവരുടെയുള്ളിൽ യഹോവയോട് ആദരവ് വളർത്താനും അവരെ അനുസരണയിൽ നിലനിർത്താനുമായി അവിടുന്ന് അവരോട് ഒരു ദേവാലയവും യാഗപീഠവും നിർമ്മിക്കണമെന്നും യഹോവ നിശ്ചയിച്ചിരിക്കുന്ന സമയത്ത്, അതായത് പെസഹാക്കാലത്ത്, യാഗപീഠത്തിൽ യഹോവയ്ക്കു ബലിയർപ്പിക്കാൻ കന്നുകിടാങ്ങളെയും ആട്ടിൻകുട്ടികളെയും ഒരുക്കണമെന്നും യഹോവ അവരോടു പറഞ്ഞു. അവർ ഈ നിയമം അനുസരിച്ചോ എന്നത് യഹോവയോടുള്ള അവരുടെ വിശ്വസ്തതയുടെ അടയാളമായി ഗണിക്കപ്പെട്ടു. തന്റെ സൃഷ്ടിയുടെ ഏഴാം ദിവസം അവിടുന്ന് അവർക്ക് ശബത്ത് ദിനമായി കൽപ്പിച്ചു നൽകി. ശബത്തിന്റെ പിറ്റേന്ന് ആഴ്ചയുടെ ആദ്യദിവസമായി, യഹോവയെ സ്തുതിക്കുവാനും അവിടുത്തേക്ക് ബലിയർപ്പിക്കുവാനും അവിടുത്തേക്ക് കീർത്തനങ്ങൾ ആലപിക്കുവാനും ഉള്ള ദിവസമായി, അവൻ കൽപ്പിച്ചു നൽകി. ഈ ദിവസം യഹോവയുടെ യാഗപീഠത്തിലെ യാഗവസ്തുക്കൾ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധം യാഗപീഠത്തിലെ യാഗവസ്തുക്കൾ സർവജനങ്ങൾക്കുമായി വീതിച്ചു നൽകാനായി അവൻ പുരോഹിതരെയെല്ലാം കൂട്ടിവരുത്തി. അവർ അനുഗ്രഹീതരാണെന്ന്, അവർ ഒരു ഓഹരി അവനുമായി പങ്കുവെക്കുകയാണെന്ന്, അവർ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന് (അതായിരുന്നു ഇസ്രായേലുമായുള്ള അവിടുത്തെ ഉടമ്പടി) യഹോവ അവരോടു പറഞ്ഞു. ഇക്കാരണത്താലാണ് ഇന്നുവരെയും ഇസ്രായേല്യർ യഹോവ തങ്ങളുടെ മാത്രം ദൈവമാണെന്നും വിജാതീയരുടെ ദൈവമല്ലെന്നും പറയുന്നത്.
ന്യായപ്രമാണയുഗത്തിൽ ഈജിപ്തിൽ നിന്ന് മോശയോടൊപ്പം പുറപ്പെട്ട ഇസ്രായേൽ ജനതയ്ക്കു നൽകാനായി യഹോവ നിരവധി കല്പനകൾ അവനു നൽകി. ഈ കല്പനകൾ യഹോവ ഇസ്രായേൽക്കാർക്കു നൽകിയവയാണ്; അവയ്ക്ക് ഈജിപ്തുകാരുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഇസ്രായേൽ ജനതയെ അനുസരണയിൽ നിലനിർത്താൻ ഉദ്ദേശിച്ചുള്ളവയായിരുന്നു അവ. അവരിൽനിന്ന് പലതും നിഷ്കർഷിക്കുന്നതിനായി അവൻ ആ കല്പനകളെ ഉപയോഗിച്ചു. ശബത്ത് ആചരിച്ചോ, മാതാപിതാക്കളെ ബഹുമാനിച്ചോ, വിഗ്രഹങ്ങളെ ആരാധിച്ചോ എന്നിങ്ങനെയുള്ള കാര്യങ്ങളെ ആധാരമാക്കിയാണ് അവർ പാപികളാണോ നീതിമാന്മാരാണോ എന്നു വിധിച്ചിരുന്നത്. അവർക്കിടയിൽ, യഹോവയിൽ നിന്നുള്ള തീയേറ്റ് നിപതിച്ചവരും കല്ലേറേറ്റ് മരിച്ചവരും യഹോവയുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയവരും ഉണ്ട്. യഹോവയുടെ കല്പനകൾ അവർ അനുസരിച്ചുവോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ഇതൊക്കെ നിശ്ചയിച്ചിരുന്നത്. ശബത്ത് ആചരിക്കാത്തവരെ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു. ശബത്ത് ആചരിക്കാത്ത പുരോഹിതരെ യഹോവയുടെ അഗ്നി എരിച്ചുകളയുമായിരുന്നു. മാതാപിതാക്കളെ ബഹുമാനിക്കാത്തവരെയും കല്ലെറിഞ്ഞു കൊല്ലുമായിരുന്നു. ഇതിനെല്ലാം യഹോവയുടെ ആശീർവാദമുണ്ടായിരുന്നു. ആളുകളെ അവരുടെ ജീവിതത്തിൽ വഴിനയിക്കുമ്പോൾ അവർ എതിർത്തുനിൽക്കാതെ താൻ പറയുന്നത് കേൾക്കുവാനും അനുസരിക്കുവാനും വേണ്ടിയാണ് യഹോവ തന്റെ പ്രമാണങ്ങൾ സ്ഥാപിച്ചത്. ഈ നിയമങ്ങൾ പുതുതായി രൂപം കൊണ്ട മനുഷ്യവംശത്തെ വരുതിയിൽ നിർത്താനും തന്റെ ഭാവി പ്രവർത്തനത്തിനു അടിത്തറ ഇടാനുമായി അവിടുന്ന് പ്രയോഗിച്ചു. അങ്ങനെ, യഹോവയുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ഈ ആദ്യ യുഗത്തെ ന്യായപ്രമാണയുഗം എന്നു വിളിച്ചു. യഹോവ നിരവധി ഉദ്ബോധനങ്ങൾ നടത്തുകയും ധാരളം പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്തെങ്കിലും അവൻ ജനതകളെ ഗുണോന്മുഖമായി മാത്രമേ നയിച്ചുള്ളൂ. അജ്ഞരായ ആ ആളുകളെ മാനുഷികതയുള്ളവരാകുന്നത് എങ്ങനെയെന്ന്, ജീവിക്കേണ്ടത് എങ്ങനെയെന്ന്, യഹോവയുടെ വഴി മനസ്സിലാക്കുന്നത് എങ്ങനെയെന്ന് അവൻ പഠിപ്പിച്ചു. തന്റെ വഴി പിന്തുടരാനും തന്റെ നിയമങ്ങൾ പാലിക്കാനും ജനതകളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഏറെയും അവന്റെ പ്രവൃത്തികൾകൊണ്ട് ഉദ്ദേശിച്ചത്. നേരിയ തോതിൽ മാർഗഭ്രംശം സംഭവിച്ചവരിലാണ് അവിടുന്ന് പ്രവർത്തിച്ചത്. അവരുടെ പ്രകൃതത്തെയോ ജീവിതഗതിയെയോ മാറ്റിമറിക്കുന്നത്ര ഗഹനമായിരുന്നില്ല അത്. ആളുകളെ നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും മാത്രം നിയമങ്ങൾ ഉപയോഗിക്കുന്നതിലേ അവൻ ശ്രദ്ധ ഊന്നിയുള്ളൂ. അക്കാലത്തെ ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം യഹോവ ദേവാലയത്തിലെയും അതുപോലെതന്നെ സ്വർഗ്ഗത്തിലെയും ഒരും ദൈവം മാത്രമായിരുന്നു. അവൻ മേഘസ്തംഭവും അഗ്നിസ്തംഭവും ആയിരുന്നു. യഹോവയുടെ പ്രമാണങ്ങളും കല്പനകളും—നിയമങ്ങൾ എന്നു പോലും പറയാം—എന്ന് ഇന്നത്തെ ആളുകൾ മനസ്സിലാക്കുന്ന കാര്യങ്ങൾ അനുസരിക്കുക എന്നതു മാത്രമാണ് യഹോവ അവരോട് ആവശ്യപ്പെട്ടത്. കാരണം അവരിൽ പരിവർത്തനം വരുത്തുക എന്നതായിരുന്നില്ല അവന്റെ ഉദ്ദേശ്യം, പിന്നെയോ മനുഷ്യന് അവശ്യം ഉണ്ടായിരിക്കേണ്ട വസ്തുക്കൾ അവർക്കു കൂടുതൽ നൽകുക എന്നതും സ്വന്തം അധരങ്ങളിൽനിന്ന് അവർക്ക് ഉദ്ബോധനം പകരുക എന്നതുമായിരുന്നു. എന്തുകൊണ്ടെന്നാൽ സൃഷ്ടിക്കപ്പെട്ടതിനു ശേഷം മനുഷ്യന് അവശ്യം ഉണ്ടായിരിക്കേണ്ട യാതൊന്നും ലഭിച്ചില്ല. അതിനാൽ യഹോവ മനുഷ്യർക്ക് ഭൂമിയിലെ ജീവിതത്തിൽ അവശ്യം ഉണ്ടായിരിക്കേണ്ടവയെല്ലാം അവർക്കു നൽകി. അങ്ങനെ അവിടുന്ന് നയിച്ച ജനത അവരുടെ പൂർവ്വമാതാപിതാക്കളായ ആദാമിനെക്കാളും ഹവ്വയെക്കാളും മികവിൽ ജീവിച്ചു; കാരണം യഹോവ അവർക്കു നൽകിയ കാര്യങ്ങൾ ആദിയിൽ ആദാമിനും ഹവ്വായ്ക്കും നൽകിയവയെക്കാൾ മികച്ചവ ആയിരുന്നു. ഇവയ്ക്കെല്ലാമുപരിയായി, യഹോവ ഇസ്രായേലിൽ ചെയ്ത പ്രവൃത്തികൾ മാനവരാശിയെ നയിക്കാനും മാനവരാശിക്ക് തങ്ങളുടെ സ്രഷ്ടാവിനെ തിരിച്ചറിയാനുള്ള അവസരമൊരുക്കാനും വേണ്ടി മാത്രമായിരുന്നു. അവൻ അവരെ കീഴടക്കുകയോ പരിവർത്തിതരാക്കുകയോ ചെയ്തില്ല, മാർഗ്ഗദർശനം നൽകുക മാത്രമാണ് ചെയ്തത്. ഇതാണ് ന്യായപ്രമാണയുഗത്തിൽ യഹോവയുടെ പ്രവർത്തനങ്ങളുടെ ആകെത്തുക. ഇതാണ് ഇസ്രായേൽ ദേശം മുഴുവനിലും അവിടുത്തെ പ്രവർത്തനങ്ങളുടെ പശ്ചാത്തലവും വാസ്തവവും സത്തയും, മനുഷ്യവംശത്തെ യഹോവയുടെ നിയന്ത്രണത്തിൽ നിർത്താനുള്ള അവന്റെ ആറായിരം വർഷത്തെ പ്രവർത്തനത്തിന്റെ തുടക്കവും. ഇതിൽ നിന്നാണ് അവന്റെ ആറായിരം വർഷത്തേക്കുള്ള കാര്യനിർവഹണ പദ്ധതി ഉരുവായിരിക്കുന്നത്.
അടിക്കുറിപ്പുകൾ:
a. “അനുസരിക്കപ്പെടേണ്ട” എന്ന പദപ്രയോഗം മൂലപാഠത്തിൽ ഇല്ല.