വീണ്ടെടുപ്പിന്‍റെ യുഗത്തിലെ വേലയ്ക്കു പിന്നിലെ യാഥാർത്ഥ്യം

എന്‍റെ ആകമാനമായ നിർവഹണപദ്ധതിയിൽ മൂന്നു ഘട്ടങ്ങളുണ്ട്, അഥവാ മൂന്നു യുഗങ്ങളുണ്ട്: തുടക്കത്തിലെ നിയമയുഗം, കൃപായുഗം (വീണ്ടെടുപ്പിന്‍റെ യുഗവും ഇതുതന്നെ), അന്ത്യദിനങ്ങളിലെ രാജ്യയുഗം. ഓരോ യുഗത്തിന്‍റെയും പ്രകൃതമനുസരിച്ച് ഈ മൂന്നു യുഗങ്ങളിലെയും എന്‍റെ പ്രവൃത്തി അതിന്‍റെ ഉള്ളടക്കത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. പക്ഷേ, ഓരോ യുഗത്തിലും ഈ പ്രവൃത്തി മനുഷ്യന്‍റെ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്; അഥവാ, കുറെക്കൂടി കൃത്യമായിപ്പറഞ്ഞാൽ, സാത്താനെതിരെ ഞാൻ നടത്തുന്ന യുദ്ധത്തിൽ സാത്താൻ പ്രയോഗിക്കുന്ന തന്ത്രങ്ങൾക്ക് അനുസൃതമായിരിക്കും. സാത്താനെ പരാജയപ്പെടുത്തുകയാണ്, എന്‍റെ ജ്ഞാനവും സർവശക്തിയും പ്രകടിപ്പിക്കുകയാണ്, സാത്താന്‍റെ തന്ത്രങ്ങളെല്ലാം തുറന്നു കാട്ടുകയാണ്, സാത്താന്‍റെ അധീശത്വത്തിൻകീഴിൽ കഴിയുന്ന മാനവരാശിയെ ആകമാനം അതുവഴി രക്ഷിക്കുകയാണ് എന്‍റെ പ്രവൃത്തിയുടെ ഉദ്ദേശ്യം. എന്‍റെ ജ്ഞാനവും സർവശക്തിയും പ്രദർശിപ്പിക്കുന്നതിനാണ് അത്; സാത്താന്‍റെ അസഹനീയമായ ബീഭത്സത തുറന്നു കാട്ടുന്നതിനാണത്. അതിനെക്കാളുപരി, നന്മതിന്മകളെ വ്യവഛേദിക്കാൻ സൃഷ്ടികളെ അനുവദിക്കാനും സർവതിന്‍റെയും ഭരണാധികാരി ഞാനാണെന്ന് അറിയാനും സാത്താൻ മനുഷ്യവംശത്തിന്‍റെ ശത്രുവാണെന്നും ഒരു നീചനാണെന്നും ദുഷ്ടനാണെന്നും വ്യക്തമായി കാണാനും കൂടിയാണ്. മാത്രമല്ല, പരിപൂർണമായ ഉറപ്പോടെ നല്ലതും ചീത്തയും തമ്മിലുള്ള, സത്യവും അസത്യവും തമ്മിലുള്ള, വിശുദ്ധിയും അശുദ്ധിയും തമ്മിലുള്ള, മഹത്ത്വമുള്ളതും ഹീനമായതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പറയാൻ അവരെ അനുവദിക്കാൻ കൂടിയാണ്. അജ്ഞതയിലാണ്ട മനുഷ്യരാശി അങ്ങനെ, മനുഷ്യരാശിയെ പാപ പങ്കിലമാക്കിയത് ഞാനല്ല എന്നും എനിക്ക്—സ്രഷ്ടാവിന്—മാത്രമേ മനുഷ്യരാശിയെ രക്ഷിക്കാൻ കഴിയൂ, മനുഷ്യന് ആസ്വദിക്കാൻ കഴിയുന്നവ നൽകാനാകൂ എന്നും എനിക്ക് സാക്ഷ്യം നൽകാനുള്ള പ്രാപ്തി നേടും. മാത്രമല്ല, ഞാനാണ് സർവതിന്‍റെയും ഭരണാധികാരി എന്നും ഞാൻ സൃഷ്ടിച്ചതെങ്കിലും പിന്നീട് എനിക്കെതിരെ തിരിഞ്ഞ ഒന്നു മാത്രമാണ് സാത്താനെന്നും അവർ മനസ്സിലാക്കും. ആറായിരം വർഷത്തെ എന്‍റെ നിർവഹണപദ്ധതിയെ മൂന്നു ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു; സൃഷ്ടിക്കപ്പെട്ടവ എനിക്ക് സാക്ഷ്യം നൽകാൻതക്ക പ്രാപ്തി നേടുന്നതിനും എന്‍റെ ഇച്ഛയെ ഗ്രഹിക്കുന്നതിനും ഞാനാണ് സത്യമെന്ന് അറിയുന്നതിനുമായി അപ്രകാരം ഞാൻ പ്രവർത്തിക്കുകയും ചെയ്യുന്നു. അപ്രകാരം, എന്‍റെ ആറായിരം വർഷത്തെ നിർവഹണപദ്ധതിയുടെ ആദ്യകാലപ്രവൃത്തികളുടെ സമയത്ത് നിയമത്തിന്‍റെ വേലയാണ് ഞാൻ ചെയ്തത്. ജനങ്ങളെ യഹോവ നയിച്ച വേലയായിരുന്നു അത്. രണ്ടാം ഘട്ടത്തിൽ കൃപായുഗത്തിന്‍റെ പ്രവൃത്തികൾ യൂദയായിലെ ഗ്രാമങ്ങളിൽ അവതീർണമായി. കൃപായുഗത്തിലെ സകലപ്രവൃത്തികളെയും പ്രതിനിധാനം ചെയ്യുന്നത് യേശുവാണ്. അവിടുന്ന് ജഡത്തിൽ അവതരിക്കുകയും കുരിശിൽ തറയ്ക്കപ്പെടുകയും ചെയ്തു. കൃപായുഗത്തിന് ആരംഭം കുറിച്ചതും അവിടുന്നാണ്. വീണ്ടെടുപ്പിന്‍റെ പ്രക്രിയ പൂർത്തിയാക്കാനും നിയമയുഗത്തിന് തിരശ്ശീലയിടാനും കൃപായുഗത്തിന് പ്രാരംഭം കുറിക്കാനുമാണ് അവിടുന്ന് കുരിശിൽ തറയ്ക്കപ്പെട്ടത്. അതിനാൽ അവിടുന്ന് “സർവാധിപതി” എന്നും “പാപപരിഹാരബലി” എന്നും “വീണ്ടെടുക്കുന്നവൻ” എന്നും വിളിക്കപ്പെടുന്നു. തദ്ഫലമായി, തത്ത്വത്തിൽ ഒന്നുതന്നെയെങ്കിലും യേശുവിന്‍റെ പ്രവൃത്തി യഹോവയുടെ പ്രവൃത്തിയിൽനിന്ന് ഉള്ളടക്കത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഭൂമിയിൽ ദൈവത്തിന്‍റെ പ്രവൃത്തിക്കായുള്ള അടിസ്ഥാനം—ആരംഭസ്ഥാനം—സുസ്ഥാപിതമാക്കുകയും നിയമങ്ങൾ, കല്പനകൾ എന്നിവ പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ട് യഹോവ നിയമയുഗം തുടങ്ങിവെച്ചു. അവിടുന്ന് നിർവഹിച്ച പ്രവൃത്തിയുടെ രണ്ടു ഭാഗങ്ങളാണിവ. അവ നിയമയുഗത്തെ പ്രതിനിധാനം ചെയ്യുന്നു. നിയമങ്ങൾ പുറപ്പെടുവിക്കുക അല്ലായിരുന്നു കൃപായുഗത്തിൽ യേശു ചെയ്ത പ്രവൃത്തി; പ്രത്യുത, അവയെ പൂർത്തിയാക്കിക്കൊണ്ട് കൃപായുഗത്തെ ആനയിച്ചു കൊണ്ടുവരികയും രണ്ടായിരം വർഷം നീണ്ടുനിന്ന നിയമയുഗത്തിന് തിരശ്ശീലയിടുകയും ചെയ്യുകയായിരുന്നു. തന്‍റെ പ്രവൃത്തിയുടെ മുഖ്യഭാഗവും വീണ്ടെടുപ്പിലായിരുന്നുവെങ്കിലും കൃപായുഗം ആരംഭിക്കാനായി വന്ന വഴിവിളക്കായിരുന്നു അവിടുന്ന്. അതിനാൽ, ദ്വിവിധംകൂടിയായിരുന്നു അവിടുത്തെ പ്രവൃത്തി: ഒരു പുതുയുഗത്തിന് ആരംഭംകുറിക്കുക; തന്‍റെ കുരിശാരോഹണത്തിലൂടെ വീണ്ടെടുപ്പിന്‍റെ പ്രവൃത്തി പൂർത്തിയാക്കുക. അതിനുശേഷം അവിടുന്ന് കടന്നുപോയി. അതിൽപ്പിന്നെ നിയമയുഗം സമാപിക്കുകയും കൃപായുഗം ആരംഭിക്കുകയും ചെയ്തു.

ആ കാലഘട്ടത്തിലെ മനുഷ്യന്‍റെ ആവശ്യങ്ങൾക്കനുസൃതമായ പ്രവൃത്തിയാണ് യേശു ചെയ്തത്. മാനവരാശിയെ വീണ്ടെടുക്കുക, അവരുടെ പാപങ്ങളെ ക്ഷമിക്കുക എന്നതായിരുന്നു അവിടുത്തെ ദൗത്യം. അതിനാൽ അവിടുത്തെ സ്വഭാവം പൂർണമായും എളിമയുള്ളതായിരുന്നു, ക്ഷമയും സ്നേഹവും ഭക്തിയും സഹനശീലവും കരുണയും മറ്റുള്ളവരോട് സ്നേഹാർദ്രതയും ഉള്ളതായിരുന്നു. അവിടുന്ന് സമൃദ്ധമായ കൃപയും അനുഗ്രഹങ്ങളും മാനവരാശിക്ക് കൊണ്ടുവന്നു നൽകി; ജനങ്ങൾക്ക് അനുഭവിക്കാൻ സാധ്യമായവ എല്ലാം അവരുടെ ആസ്വാദനത്തിനായി അവിടുന്നു നൽകി—സമാധാനവും സന്തോഷവും; അവിടുത്തെ സഹിഷ്ണുതയും സ്നേഹവും; മറ്റുള്ളവരോടുള്ള അവിടുത്തെ കരുണയും സ്നേഹാർദ്രതയും. ആ കാലഘട്ടത്തിൽ, ആ ജനതയ്ക്ക് നൽകപ്പെട്ട ആസ്വാദ്യകരമായ കാര്യങ്ങളുടെ സമൃദ്ധി—അവരുടെ ഹൃദയങ്ങളിൽ അനുഭവപ്പെട്ട സമാധാനവും സുരക്ഷിതത്വവും; അന്തരാത്മാവിൽ അവർ അനുഭവിച്ച ആശ്വാസവും; പിന്നെ, രക്ഷകനായ യേശുവിലുള്ള അവരുടെ ആശ്രയത്വവും—അവർ ജീവിച്ചിരുന്ന യുഗത്തിലുടനീളം അവരോടൊപ്പം ഉണ്ടായിരുന്നു. കൃപായുഗത്തിൽ മാനവരാശി സാത്താനാൽ മുന്നേതന്നെ കളങ്കിതരായിരുന്നു. അതിനാൽ, സകലമനുഷ്യരെയും വീണ്ടെടുക്കുക എന്ന പ്രവൃത്തി സഫലമാകാനായി സമൃദ്ധമായ കൃപയും അനന്തമായ സഹനശക്തി, ക്ഷമ എന്നിവയും ആവശ്യമായിരുന്നു. അതിനെക്കാളുപരി, ഒരു ഫലം ഉണ്ടാകുന്നതിന്, മാനവരാശിയുടെ പാപങ്ങൾക്ക് പ്രായശ്ചിത്തമാകാൻ പര്യാപ്തമായ ഒരു അർപ്പണവും ആവശ്യമായിരുന്നു. കൃപായുഗത്തിൽ മാനവരാശി ദർശിച്ചത് മാനവരാശിയുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനുള്ള എന്‍റെ കേവലമൊരു അർപ്പണം ആയിരുന്നു: യേശു. ദൈവം കാരുണ്യവാനും സഹനശീലനും ആയിരിക്കുമെന്നാണ് അവരാകെ അറിഞ്ഞിരുന്നത്; യേശുവിന്‍റെ കരുണയും സ്നേഹാർദ്രതയുമാണ് അവരാകെ കണ്ടിരുന്നത്. അത് അവർ കൃപായുഗത്തിൽ ജനിച്ചതുകൊണ്ടു മാത്രമായിരുന്നു. അതിനാൽ, അവർ വീണ്ടെടുക്കപ്പെടുന്നതിനു മുമ്പ്, അതിൽനിന്നും ഗുണം നേടേണ്ടതിനായി, യേശു അവരിൽ ചൊരിഞ്ഞ നിരവധി തരം കൃപകൾ അവർ അനുഭവിക്കേണ്ടതുണ്ടായിരുന്നു. ഇപ്രകാരം, കൃപകൾ അനുഭവിക്കുന്നതിലൂടെ അവരെ അവരുടെ പാപങ്ങളിൽനിന്നും മോചിപ്പിക്കാൻ കഴിയുമായിരുന്നു. മാത്രമല്ല, യേശുവിന്‍റെ സഹനശീലവും ക്ഷമയും അനുഭവിക്കുകവഴി വീണ്ടെടുക്കപ്പെടാനുള്ള അവസരവും ഉണ്ടായിരുന്നു. യേശുവിന്‍റെ സഹനശീലത്താലും ക്ഷമയാലും മാത്രമാണ് പാപമോചനം നേടാനും യേശു ചൊരിയുന്ന കൃപ അനുഭവിക്കാനുമുള്ള അവകാശം അവർ നേടിയത്. യേശു ഇങ്ങനെ പറയുകയും ചെയ്തല്ലോ: ഞാൻ നീതിമാന്മാരെയല്ല, പാപികളെ വീണ്ടെടുക്കാനാണ് വന്നിട്ടുള്ളത്; പാപികൾക്ക് അവരുടെ പാപങ്ങളിൽനിന്ന് മോചനമനുവദിക്കാനാണ് വന്നിട്ടുള്ളത്. ജഡശരീരം ധരിച്ചപ്പോൾ യേശു ന്യായവിധിയുടെയും ശാപത്തിന്‍റെയും മാനവരാശിയുടെ ലംഘനങ്ങളോടുള്ള അസഹിഷ്ണുതയുടേതുമായ ഒരു മനോഭാവമാണ് കൊണ്ടുവന്നിരുന്നതെങ്കിൽ മാനവരാശിക്ക് വീണ്ടെടുക്കപ്പെടാനുള്ള അവസരം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല; എക്കാലത്തേക്കുമായി പാപാവസ്ഥയിൽ കഴിഞ്ഞേനേ. അതങ്ങനെയായിരുന്നെങ്കിൽ ആറായിരം വർഷത്തെ പരിപാലനാപദ്ധതി നിയമയുഗത്തോടെ ഒടുങ്ങിയേനേ; മാത്രമല്ല, നിയമയുഗം ആറായിരം വർഷത്തേക്ക് നീട്ടപ്പെട്ടേനേ. അതുവഴി, മനുഷ്യന്‍റെ പാപങ്ങൾ കൂടുതൽ വർധിക്കുകയും കൂടുതൽ വഷളാകുകയും മാത്രമേ ചെയ്യുമായിരുന്നുള്ളൂ. കൂടാതെ, മനുഷ്യവംശത്തിന്‍റെ സൃഷ്ടി പാഴായിപ്പോകുകയും ചെയ്‌തേനേ. മനുഷ്യർക്ക് നിയമത്തിൻ കീഴിൽ യഹോവയെ സേവിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. പക്ഷേ, അവരുടെ പാപങ്ങൾ ആദ്യമായി സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ പാപങ്ങളെക്കാൾ അധികമായേനേ. മാനവരാശിയുടെ പാപങ്ങൾ ക്ഷമിച്ചുകൊണ്ടും വേണ്ടത്ര കരുണയും സ്നേഹാർദ്രതയും കാണിച്ചുകൊണ്ടും യേശു അവരെ എത്രയധികം സ്നേഹിച്ചുവോ, അത്രയധികം യേശുവിനാൽ രക്ഷപ്രാപിക്കാൻ, വമ്പിച്ച വില കൊടുത്ത് യേശു വീണ്ടെടുത്ത നഷ്ടപ്പെട്ട കുഞ്ഞാടുകൾ എന്നു വിളിക്കപ്പെടാൻ മാനവരാശി അർഹത നേടി. ഈ പ്രവൃത്തിയിൽ തടസ്സമുണ്ടാക്കാൻ സാത്താന് കഴിഞ്ഞില്ല. കാരണം, സ്നേഹവതിയായ ഒരമ്മ തന്‍റെ പൈതലിനെ മാറിൽച്ചേർത്ത് പരിചരിക്കുന്നതുപോലെ യേശു തന്നെ അനുഗമിക്കുന്നവരെ പരിചരിച്ചു. അവിടുന്ന് അവരോട് കോപം വെച്ചുപുലർത്തുകയോ അവരെ നിന്ദിക്കുകയോ ചെയ്തില്ല; പ്രത്യുത, പൂർണമായും ആശ്വാസമരുളുകയാണു ചെയ്തത്. അവിടുന്ന് ഒരിക്കലും അവർക്കിടയിൽ രോഷാകുലനായി വർത്തിച്ചില്ല. പകരം, അവരുടെ പാപങ്ങളോട് സംയമനം കാണിക്കുകയും “മറ്റുള്ളവരോട് ഏഴ് എഴുപതു തവണ ക്ഷമിക്കുക” എന്നു പറയുവോളം അവരുടെ വിഡ്ഢിത്തരങ്ങളുടെയും അജ്ഞതയുടെയും നേർക്ക് കണ്ണടയ്ക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണ് മറ്റുള്ളവരുടെ ഹൃദയങ്ങൾ അവിടുത്തെ ഹൃദയത്താൽ പരിവർത്തനം ചെയ്യപ്പെട്ടത്; അപ്രകാരം മാത്രമാണ്, അവിടുത്തെ ക്ഷമാപൂർണമായ ആത്മസംയമനത്തിലൂടെ ജനങ്ങൾക്ക് അവരുടെ പാപങ്ങൾക്കുള്ള ക്ഷമ ലഭിച്ചത്.

തന്‍റെ മനുഷ്യാവതാരത്തിൽ യേശു പരിപൂർണമായും വികാരരഹിതനായിരുന്നെങ്കിലും അവിടുന്ന് എല്ലായ്പ്പോഴും തന്‍റെ ശിഷ്യരെ സമാശ്വസിപ്പിച്ചു, അവർക്കു വേണ്ടതെല്ലാം നൽകി, അവരെ സഹായിച്ചു, അവരെ പിന്തുണയ്ക്കുകയും ചെയ്തു. അവിടുന്ന് എത്രമാത്രം പ്രവൃത്തികൾ ചെയ്തെങ്കിലും എത്രത്തോളം കഷ്ടങ്ങൾ സഹിക്കേണ്ടിവന്നെങ്കിലും അവിടുന്ന് ഒരിക്കലും ജനങ്ങളിൽനിന്ന് അധികമായി ഒന്നും ആവശ്യപ്പെട്ടില്ല. പ്രത്യുത, കൃപായുഗത്തിലെ ജനങ്ങൾ തന്നെ “സ്നേഹയോഗ്യനായ രക്ഷകനേശു” എന്നു വാത്സല്യപൂർവം വിളിക്കുമാറ് എല്ലായ്പ്പോഴും ക്ഷമാശീലനും അവരുടെ പാപങ്ങളോട് ആത്മസംയമനത്തോടെ ഇടപെടുന്നവനും ആയിരുന്നു. അന്നത്തെ കാലത്തെ മനുഷ്യർക്കുവേണ്ടി—എല്ലാ മനുഷ്യർക്കുംവേണ്ടി—യേശുവിന്‍റെ പക്കൽ ഉണ്ടായിരുന്നത്, യേശു ആയിരുന്നത് കരുണയും സ്നേഹാർദ്രതയും ആയിരുന്നു. അവിടുന്ന് ഒരിക്കലും ജനങ്ങളുടെ ലംഘനങ്ങളെ ഓർത്തുവെച്ചില്ല; അവരോടുള്ള അവിടുത്തെ പെരുമാറ്റം ഒരിക്കലും അവരുടെ ലംഘനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നില്ല. എന്തെന്നാൽ അത് മറ്റൊരു യുഗമായിരുന്നു. ജനങ്ങൾക്ക് വയറു നിറയുവോളം ഭക്ഷിക്കാൻ അവിടുന്ന് അവർക്കുവേണ്ടി പലപ്പോഴും ധാരാളമായി ആഹാരം നൽകി. രോഗികൾക്ക് സൗഖ്യമേകിയും ഭൂതങ്ങളെ പുറത്താക്കിയും മരിച്ചവരെ ഉയിർപ്പിച്ചും അവിടുന്ന് തന്‍റെ എല്ലാ അനുയായികൾക്കും കൃപയുടെ വിരുന്നൂട്ടി. ജനങ്ങൾ തന്നിൽ വിശ്വസിക്കുന്നതിനും താൻ ചെയ്തതെല്ലാം വാസ്തവമായുള്ളതും സത്യസന്ധവുമാണെന്ന് അവർ കാണുന്നതിനും വേണ്ടി, തന്‍റെ കരങ്ങളിലൂടെ മരിച്ചവർപോലും ജീവനിലേക്ക് തിരിച്ചുവരുമെന്ന് അവരെ കാണിക്കാൻ, അഴുകിക്കൊണ്ടിരിക്കുന്ന ഒരു മൃതദേഹത്തെ അവിടുന്ന് ഉയിർപ്പിക്കുകവരെ ചെയ്തു. ഇപ്രകാരം അവിടുന്ന് നിശ്ശബ്ദം സഹിക്കുകയും തന്‍റെ രക്ഷാകരപ്രവൃത്തി അവർക്കിടയിൽ നടപ്പാക്കുകയും ചെയ്തു. കുരിശിൽമേൽ തറയ്ക്കപ്പെടുന്നതിനും മുമ്പുതന്നെ യേശു മാനവരാശിയുടെ പാപങ്ങൾ തന്‍റെമേൽ ഏറ്റെടുക്കുകയും മാനവരാശിക്കുവേണ്ടി പാപയാഗമായി മാറുകയും ചെയ്തിരുന്നു. കുരിശിൽ തറയ്ക്കപ്പെടുന്നതിനും മുമ്പുതന്നെ, മാനവരാശിയെ വീണ്ടെടുക്കുന്നതിനായി അവിടുന്ന് കുരിശിലേക്കുള്ള വഴി തുറന്നിരുന്നു. അവസാനം, കുരിശിനായി തന്നെത്തന്നെ ബലിയർപ്പിച്ചുകൊണ്ട് അവിടുന്ന് കുരിശിൽ തറയ്ക്കപ്പെടുകയും തന്‍റെ കരുണ, ആർദ്രമായ സ്നേഹം, പരിശുദ്ധി എന്നിവയെല്ലാം മാനവരാശിയുടെമേൽ അർപ്പിക്കുകയും ചെയ്തു. മാനവരാശിയോട് അവിടുന്ന് എല്ലായ്പ്പോഴും സഹിഷ്ണുത കാട്ടി, ഒരു പ്രതികാര ചിന്തയുമില്ലാതെ അവിടുന്ന് അവരുടെ പാപങ്ങൾ ക്ഷമിക്കുകയും മാനസാന്തരപ്പെടാൻ അവരെ ഉദ്ബോധിപ്പിക്കുകയും ക്ഷമയും സഹിഷ്ണുതയും സ്നേഹവും ഉള്ളവരാകാനും തന്‍റെ കാൽപ്പാടുകൾ പിന്തുടരാനും കുരിശിനായി ആത്മസമർപ്പണം ചെയ്യാനും അവരെ പഠിപ്പിക്കുകയും ചെയ്തു. സഹോദരീ സഹോദരന്മാരോടുള്ള അവിടുത്തെ സ്നേഹം മറിയത്തോടുള്ള സ്നേഹത്തെക്കാളും അധികമായിരുന്നു. രോഗികളെ സുഖപ്പെടുത്തുന്നതിനെയും ഭൂതങ്ങളെ പുറത്താക്കിയതിനെയുമാണ് അവിടുന്നു ചെയ്ത പ്രവൃത്തിയിൽ മുഖ്യമായെടുത്തത്—എല്ലാം തന്‍റെ വീണ്ടെടുപ്പുവേലയ്ക്കുവേണ്ടി. താൻ പോകുന്നത് എവിടെയായിരുന്നാലും ശരി, തന്നെ പിന്തുടർന്ന എല്ലാവരോടും അവിടുന്ന് കൃപാപൂർവം പെരുമാറി. അവിടുന്ന് ദരിദ്രനെ ധനികനാക്കി, മുടന്തനെ നടത്തി, അന്ധനു കാഴ്ചയേകി, ബധിരനു കേൾവിയും നൽകി. ഏറ്റവും താഴ്ന്നവനെയും അനാഥരെയും പാപികളെയും തന്നോടൊപ്പം ഒരേ മേശയിലിരിക്കാൻ അവിടുന്ന് ക്ഷണിച്ചു; അവരെ ഒരിക്കലും തള്ളിക്കളയാതെ എല്ലായ്പ്പോഴും ക്ഷമാപൂർണനായി വർത്തിച്ചു. ഒരു ആട്ടിടയന് തന്‍റെ നൂറ് ആടുകളിൽനിന്ന് ഒന്നിനെ നഷ്ടപ്പെടുമ്പോൾ അയാൾ തൊണ്ണൂറ്റൊമ്പതിനെയും വിട്ടിട്ട് നഷ്ടപ്പെട്ട ഒന്നിനെ തേടുകയും അതിനെ കണ്ടുകിട്ടുമ്പോൾ അതിയായി ആഹ്ലാദിക്കുകയും ചെയ്യും എന്നുപോലും പറഞ്ഞു. ഒരു പെണ്ണാട് തന്‍റെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നതുപോലെ അവിടുന്ന് തന്നെ പിന്തുടരുന്നവരെ സ്നേഹിച്ചു. അവർ മണ്ടൻമാരും അജ്ഞരും ആയിരുന്നെങ്കിലും തന്‍റെ ദൃഷ്ടിയിൽ പാപികളായിരുന്നെങ്കിലും കൂടാതെ, സമൂഹത്തിലെ ഏറ്റവും എളിയവരായ അംഗങ്ങളായിരുന്നെങ്കിലും അവിടുന്ന് ഈ പാപികളെ—മറ്റുള്ളവർ പുച്ഛിച്ചുതള്ളിയ മനുഷ്യരെ—തന്‍റെ കണ്ണിലെ കൃഷ്ണമണിപോലെ പരിഗണിച്ചു. താൻ അവരെ ഇഷ്ടപ്പെട്ടിരുന്നതിനാൽ, ബലിപീഠത്തിൽ ഒരു കുഞ്ഞാടിനെ അർപ്പിക്കുന്നതുപോലെ അവർക്കായി അവിടുന്ന് തന്‍റെ ജീവൻ വെടിഞ്ഞു. തന്നെ ഉപയോഗിക്കാനും തന്നെ കശാപ്പു ചെയ്യാനും അവരെ അനുവദിച്ചുകൊണ്ട്, നിരുപാധികം അവർക്ക് വിധേയനായിക്കൊണ്ട്, താൻ അവരുടെ സേവകനാണെന്ന മട്ടിൽ അവിടുന്ന് അവരുടെയിടയിൽ വ്യാപരിച്ചു. തന്നെ അനുഗമിക്കുന്നവർക്ക് സ്നേഹയോഗ്യനായ രക്ഷകനേശുവായിരുന്നു അവിടുന്ന്. എന്നാൽ, ഉന്നതസോപാനങ്ങളിൽ നിന്നുകൊണ്ട് ജനങ്ങളോട് പ്രഭാഷണങ്ങൾ നടത്തിയ പരീശന്മാരോട് അവിടുന്ന് കരുണയോ സ്നേഹവായ്പുകളോ കാണിച്ചില്ല, പ്രത്യുത വെറുപ്പും നീരസവുമാണ് കാണിച്ചത്. അവിടുന്ന് പരീശന്മാരുടെ ഇടയിൽ കാര്യമായൊരു പ്രവൃത്തിയും ചെയ്തില്ല; വല്ലപ്പോഴുമൊക്കെ പ്രസംഗിക്കുകയും ശകാരിക്കുകയും ചെയ്തു; വീണ്ടെടുപ്പിന്‍റെ പ്രവൃത്തി ചെയ്തുകൊണ്ട് അവരുടെ മധ്യേ അവിടുന്ന് വ്യാപരിച്ചില്ല, അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ചതുമില്ല. അവിടുന്ന് തന്‍റെ സകല കരുണയും ആർദ്ര സ്നേഹവും തന്നെ അനുഗമിക്കുന്നവരുടെ മേൽ ചൊരിഞ്ഞു. കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ, അവസാനംവരെ ഈ പാപികൾക്കുവേണ്ടി വേദന പിടിച്ചുനിൽക്കുകയും മുഴു മാനവരാശിയെയും പൂർണമായി വീണ്ടെടുക്കുംവരെ ഓരോ അപമാനവും സഹിക്കുകയും ചെയ്തു. അവിടുത്തെ പ്രവൃത്തിയുടെ രത്നച്ചുരുക്കം ഇതാണ്.

യേശുവിന്‍റെ വീണ്ടെടുപ്പില്ലായിരുന്നെങ്കിൽ മനുഷ്യവംശം എന്നെന്നേക്കും പാപത്തിൽ കഴിയുമായിരുന്നേനേ. മാത്രമല്ല, പാപത്തിന്‍റെ സന്തതികളും ഭൂതങ്ങളുടെ പിന്മുറക്കാരും ആയിമാറിയേനേ. അപ്രകാരം തുടർന്നുപോയിരുന്നുവെങ്കിൽ ഈ ലോകം മുഴുവനും സാത്താൻ ഭരിക്കുന്ന ഇടവും അതിന്‍റെ വാസസ്ഥലവുമായി മാറുമായിരുന്നു. വീണ്ടെടുപ്പിന്‍റെ പ്രവൃത്തിയിലാകട്ടെ, മാനവരാശിയോട് കരുണയും സ്നേഹോദാരതയും കാണിക്കൽ ആവശ്യമായിരുന്നു. അത്തരം മാർഗങ്ങളിലൂടെ മാത്രമേ മാനവരാശിക്ക് പാപപ്പൊറുതി സ്വീകരിക്കാനും ആത്യന്തികമായി, ദൈവത്താൽ പൂർണരാക്കപ്പെട്ട് നേടപ്പെടാനുള്ള അവകാശം സമ്പാദിക്കാനും കഴിയുമായിരുന്നുള്ളൂ. പ്രവൃത്തിയുടെ ഈ ഘട്ടം കൂടാതെ ആറായിരം വർഷത്തെ നിർവഹണപദ്ധതിക്ക് പുരോഗതി പ്രാപിക്കാൻ കഴിയുമായിരുന്നില്ല. യേശു ക്രൂശിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ, അവിടുന്ന് രോഗികളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ ബഹിഷ്കരിക്കുകയും മാത്രമേ ചെയ്തിരുന്നുള്ളൂവെങ്കിൽ ജനങ്ങൾക്ക് അവരുടെ പാപങ്ങളിൽനിന്ന് പരിപൂർണമായി മോചനം ലഭിക്കു മായിരുന്നില്ല. ഭൂമിയിൽ തന്‍റെ പ്രവൃത്തി ചെയ്തുകൊണ്ട് താൻ ചെലവിട്ട മൂന്നര വർഷങ്ങളിൽ യേശു തന്‍റെ വീണ്ടെടുപ്പുപ്രവൃത്തിയുടെ പകുതി മാത്രമേ പൂർത്തിയാക്കിയിരുന്നുള്ളൂ. പിന്നീട്, കുരിശിൽ തറയ്ക്കപ്പെട്ടുകൊണ്ടും ദുഷ്ടനായവന് ഏൽപ്പിക്കപ്പെടുകവഴി പാപപങ്കിലമായ മാംസത്തിന്‍റെ സാദൃശ്യം നേടിക്കൊണ്ടും അവിടുന്ന് ക്രൂശുമരണത്തിന്‍റെ പ്രവൃത്തി പൂർത്തീകരിക്കുകയും മാനവരാശിയുടെ വിധിയിന്മേൽ മേധാവിത്തം നേടുകയും ചെയ്തു. സാത്താന്‍റെ കൈകളിൽ അവിടുന്ന് ഏൽപ്പിക്കപ്പെട്ടതിനുശേഷം മാത്രമേ അവിടുന്ന് മാനവരാശിയെ വീണ്ടെടുത്തുള്ളൂ. മുപ്പത്തിമൂന്നര വർഷത്തേക്ക് അവിടുന്ന് ഭൂമിയിൽ സഹിക്കുകയും നിന്ദിക്കപ്പെടുകയും അപവാദത്തിനു വിധേയനാകുകയും തല ചായ്ക്കാനുള്ള ഇടമോ വിശ്രമിക്കാനുള്ള സ്ഥലമോ ഇല്ലാത്തവിധം ഉപേക്ഷിക്കപ്പെടുകയും പിന്നീട്, പരിപൂർണമായി—വിശുദ്ധവും കളങ്കരഹിതവുമായ ശരീരത്തോടെ—കുരിശിൽ തറയ്ക്കപ്പെടുകയും ചെയ്തു. നിലവിലുണ്ടായിരുന്ന എല്ലാത്തരം സഹനത്തിലൂടെയും അവിടുന്ന് കടന്നുപോയി. അധികാരസ്ഥാനങ്ങളിൽ ഉണ്ടായിരുന്നവർ അവിടുത്തെ പരിഹസിക്കുകയും ചാട്ടവാറിന് അടിക്കുകയും ചെയ്തു. പടയാളികൾ അവിടുത്തെ മുഖത്ത് തുപ്പുകപോലും ചെയ്തു. എന്നിട്ടും അവിടുന്ന് നിരുപാധികമായി മരണത്തോളം സ്വയം സമർപ്പിച്ചുകൊണ്ട് നിശ്ശബ്ദത പാലിക്കുകയും അവസാനംവരെ പിടിച്ചുനിൽക്കുകയും ചെയ്തു. അതിനെത്തുടർന്ന് മാനവരാശിയെ ആകമാനം വീണ്ടെടുക്കുകയുമുണ്ടായി. അതിനുശേഷം മാത്രമേ അവിടുത്തേക്ക് വിശ്രമിക്കാൻ അനുവാദം കിട്ടിയുള്ളൂ. യേശു ചെയ്ത പ്രവൃത്തി കൃപായുഗത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. അത് നിയമയുഗത്തെ പ്രതിനിധാനം ചെയ്യുന്നില്ല; അന്ത്യദിനങ്ങളിലെ പ്രവൃത്തിക്ക് പകരവുമല്ല. ഇതാണ് കൃപായുഗത്തിലെ യേശുവിന്‍റെ പ്രവൃത്തിയുടെ അന്തസ്സത്ത, മാനവരാശി കടന്നുപോയ രണ്ടാംഘട്ടം—വീണ്ടെടുപ്പിന്‍റെ യുഗം.

മുമ്പത്തേത്: ന്യായപ്രമാണയുഗത്തിലെ പ്രവർത്തനങ്ങൾ

അടുത്തത്: ചെറുപ്പക്കാരോടും പ്രായമായവരോടുമായി ചില വാക്കുകൾ

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക