ചെറുപ്പക്കാരോടും പ്രായമായവരോടുമായി ചില വാക്കുകൾ

ഞാൻ ഭൂമിയിൽ വിപുലമായ പ്രവൃത്തികൾ ചെയ്തിട്ടുണ്ട്, ഞാൻ വർഷങ്ങളോളം മാനവകുലത്തിനിടയിൽ സഞ്ചരിച്ചിട്ടുണ്ട്, എന്നിട്ടും ആളുകൾക്ക് വിരളമായേ എന്‍റെ രൂപത്തെയും ഭാവത്തെയും കുറിച്ച് അറിവുള്ളൂ, കുറച്ച് ആളുകൾക്ക് മാത്രമേ ഞാൻ ചെയ്യുന്ന പ്രവൃത്തി സമഗ്രമായി വ്യാഖ്യാനിക്കാന്‍ കഴിയുകയുള്ളൂ. മനുഷ്യര്‍ക്ക് പരിമിതികളുള്ള നിരവധി കാര്യങ്ങളുണ്ട്, എല്ലായ്പ്പോഴും, ഞാൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല, ഞാന്‍ അവരെ മറ്റൊരു സാഹചര്യത്തിലേക്ക് തള്ളിയിടുമെന്നും പിന്നീടവരെ ശ്രദ്ധിക്കില്ല എന്നും ആഴത്തിൽ ഭയക്കുന്നതുപോലെ അവരുടെ ഹൃദയം എല്ലായ്പ്പോഴും ജാഗ്രത പാലിക്കുന്നു. അതുകൊണ്ട്, ജനങ്ങള്‍ എന്നോട് എല്ലായ്പ്പോഴും വളരെ ജാഗ്രതയോടുകൂടിയതും അതേസമയം തണുപ്പൻ മട്ടിലുള്ളതുമായ ഒരു മനോഭാവമാണ് പുലര്‍ത്തുന്നത്. കാരണം, ഞാൻ ചെയ്യുന്ന പ്രവൃത്തി എന്താണെന്ന് മനസ്സിലാക്കാതെയാണ് ഇപ്പോള്‍ ജനങ്ങള്‍ ജീവിക്കുന്നത്, പ്രത്യേകിച്ചും, ഞാൻ അവരോട് സംസാരിക്കുമ്പോള്‍ എന്‍റെ വചനങ്ങള്‍ അവരെ ചിന്താക്കുഴപ്പത്തിലാക്കുന്നു. അവർ എന്‍റെ വചനങ്ങളെ അവരുടെ കൈകളില്‍ കൊണ്ടുനടക്കുന്നത് അവയിലുള്ള അചഞ്ചലമായ വിശ്വാസത്തിന് അവരെ സ്വയം സമർപ്പിക്കണമോ അതോ അനിശ്ചിതത്വം തിരഞ്ഞെടുത്ത് അവയെ വിസ്മരിക്കണോ എന്നറിയാതെയാണ്. അവ പാലിക്കണമോ അതോ കാത്തിരുന്ന് കാണണമോ, എല്ലാം ഉപേക്ഷിച്ച് ധൈര്യത്തോടെ പിന്തുടരണമോ അതോ മുമ്പത്തെപ്പോലെ ലോകവുമായി സൗഹൃദം നിലനിർത്തുന്നത് തുടരണമോ എന്ന് അവർക്കറിയില്ല. മനുഷ്യരുടെ ആന്തരിക ലോകങ്ങൾ സങ്കീര്‍ണ്ണമാണ്, മാത്രമല്ല അവ വളരെ കൗശലം നിറഞ്ഞതുമാണ്. മനുഷ്യര്‍ക്ക് എന്‍റെ വചനങ്ങള്‍ വ്യക്തമായി അല്ലെങ്കിൽ പൂർണ്ണമായി കാണാൻ കഴിയാത്തതിനാൽ, അവരിൽ പലരും അവ പാലിക്കാൻ പ്രയാസപ്പെടുന്നു, അവരുടെ ഹൃദയം എന്‍റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ അവർ ബുദ്ധിമുട്ടുന്നു. നിങ്ങളുടെ ബുദ്ധിമുട്ടുകൾ ഞാൻ ആഴത്തിൽ മനസ്സിലാക്കുന്നു. ലൗകികതയില്‍ ജീവിക്കുമ്പോൾ പല ബലഹീനതകളും ഒഴിവാക്കാനാവില്ല, കൂടാതെ വസ്തുനിഷ്ഠമായ പല ഘടകങ്ങളും നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. നിങ്ങൾ നിങ്ങളുടെ കുടുംബത്തെ പോറ്റുന്നു, കഠിനാധ്വാനം ചെയ്ത് നിങ്ങളുടെ ദിവസങ്ങൾ ചെലവഴിക്കുന്നു, മാസങ്ങളും വർഷങ്ങളും കഷ്ടപ്പാടിലൂടെ കടന്നു പോകുന്നു. ലൗകിക ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ട്—ഇത് ഞാൻ നിഷേധിക്കുന്നില്ല, തീർച്ചയായും നിങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് അനുസൃതമായിട്ടാണ് നിങ്ങളിൽനിന്ന് ഞാൻ ചില കാര്യങ്ങൾ ആവശ്യപ്പെടുന്നത്. നിങ്ങളുടെ യഥാർത്ഥ ഔന്നത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഞാൻ ചെയ്യുന്ന പ്രവൃത്തികളിലെ ആവശ്യകതകളെല്ലാം. ഒരുപക്ഷേ, മുൻകാലങ്ങളിൽ, ആളുകൾ അവരുടെ പ്രവർത്തനങ്ങളിൽ നിങ്ങൾക്കു മുമ്പാകെ വെച്ചിരുന്ന ആവശ്യകതകൾ അമിത ഘടകങ്ങളുമായി കൂട്ടിച്ചേര്‍ത്തിരിക്കാം, പക്ഷേ ഞാൻ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളിൽ ഒരിക്കലും നിങ്ങളോട് അമിതമായതൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. എല്ലാ ആവശ്യകതകളും മനുഷ്യരുടെ പ്രകൃതം, ജഡം, അവർക്ക് ആവശ്യമുള്ളത് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. മനുഷ്യര്‍ക്കുള്ള ചില യുക്തിസഹമായ ചിന്താരീതികളെയും മനുഷ്യരാശിയുടെ ജന്മസിദ്ധമായ സ്വഭാവത്തെയും ഞാൻ എതിർക്കുന്നില്ലെന്ന് എനിക്ക് വളരെ വ്യക്തമായി പറയാൻ സാധിക്കും, ഇത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഞാൻ യഥാർത്ഥത്തിൽ അവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും എന്‍റെ വാക്കുകളുടെ യഥാർത്ഥ അർത്ഥവും അവർ മനസിലാക്കാത്തതിനാല്‍ മാത്രമാണ് ജനങ്ങള്‍ എന്‍റെ വചനങ്ങളില്‍ ഇതുവരെ സംശയാലുക്കളായിരുന്നതും, പകുതിയിൽ താഴെ മാത്രം ആളുകൾ എന്‍റെ വചനങ്ങളെ വിശ്വസിക്കുന്നതും. ബാക്കിയുള്ളവർ അവിശ്വാസികളാണ്, അതിലും കൂടുതൽ “കഥകള്‍ പറയുന്ന” എന്നെ കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ആകുന്നു. അതിലുപരി, കാഴ്ച ആസ്വദിക്കുന്ന ധാരാളം ആള്‍ക്കാരും ഉണ്ട്. എന്നില്‍ വിശ്വാസം അര്‍പ്പിക്കുന്നവർക്ക് എന്‍റെ വചനങ്ങളിൽ പലതും ഇതിനോടകം തുറന്നു കൊടുത്തിട്ടുണ്ടെന്നും, ദൈവരാജ്യത്തിന്‍റെ മനോഹാരിത ആസ്വദിക്കുകയും എന്നാൽ അതിന്‍റെ കവാടത്തിനു പുറത്ത് ബന്ധിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നവരെ ഞാൻ ഇതിനോടകം തിരസ്കരിച്ചിരിക്കുകയാണെന്നും ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഞാന്‍ വെറുക്കുകയും തള്ളിക്കളയുകയും ചെയ്ത കളകളാണോ നിങ്ങൾ? ഞാൻ പോകുന്നത് വെറും കാഴ്ചക്കാരായി നോക്കിയിരുന്നിട്ട് നിങ്ങൾക്കെങ്ങനെ എന്‍റെ തിരിച്ചുവരവിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യാൻ കഴിയും? ഞാൻ നിങ്ങളോട് പറയുന്നു, നീനെവേയിലെ ആളുകൾ യഹോവയുടെ കോപവചനങ്ങള്‍ കേട്ടയുടനെ രട്ടിലും വെണ്ണീറിലും ഇരുന്ന് മാനസാന്തരപ്പെട്ടു. അവര്‍ അവന്‍റെ വചനങ്ങള്‍ വിശ്വസിച്ചതുകൊണ്ടാണ് ഭയവും ഭീതിയും നിറഞ്ഞവരാകുകയും രട്ടിലും വെണ്ണീറിലും ഇരുന്ന് അനുതപിക്കുകയും ചെയ്തത്. ഇന്നത്തെ ജനങ്ങളുടെ കാര്യത്തിൽ, നിങ്ങള്‍ എന്‍റെ വചനങ്ങളും അതിലുപരി യഹോവ ഇന്ന് വീണ്ടും ഒരിക്കല്‍ക്കൂടി നിങ്ങളുടെ ഇടയിലേക്ക് വന്നുവെന്നും വിശ്വസിക്കുന്നുവെങ്കിലും നിങ്ങളുടെ മനോഭാവം ആദരവിന്‍റേതല്ല, മറിച്ച്, ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് യെഹൂദ്യയിൽ ജനിച്ച് ഇപ്പോള്‍ നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്ന യേശുവിനെ വെറുതെ നിരീക്ഷിക്കുന്നവന്‍റേത് പോലെയാണ്. നിങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കുന്ന കാപട്യം ഞാൻ ആഴത്തിൽ മനസ്സിലാക്കുന്നു; നിങ്ങളിൽ ഭൂരിഭാഗവും ജിജ്ഞാസ കാരണമാണ് എന്നെ അനുഗമിക്കുന്നത്, ശൂന്യതയിൽ നിന്ന് നിങ്ങൾ എന്നെ അന്വേഷിക്കുന്നു. നിങ്ങളുടെ മൂന്നാമത്തെ ആഗ്രഹം തകരുമ്പോൾ—സമാധാനപരവും സന്തുഷ്ടവുമായ ജീവിതത്തിനുള്ള നിങ്ങളുടെ ആഗ്രഹം—നിങ്ങളുടെ ജിജ്ഞാസയും മാഞ്ഞുപോകുന്നു. നിങ്ങള്‍ ഓരോരുത്തരുടെയും ഹൃദയത്തില്‍ നിലനിൽക്കുന്ന കാപട്യം നിങ്ങളുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും തുറന്നുകാട്ടപ്പെടുന്നു. തുറന്നു പറഞ്ഞാല്‍, നിങ്ങൾ എന്നെക്കുറിച്ച് ജിജ്ഞാസയുള്ളവരാണ്, പക്ഷേ എന്നെ ഭയപ്പെടുന്നില്ല; നിങ്ങള്‍ നിങ്ങളുടെ നാവുകളെ ശ്രദ്ധിക്കുന്നില്ല, കൂടാതെ നിങ്ങളുടെ പെരുമാറ്റത്തിൽ നിങ്ങൾ സംയമനം പാലിക്കുന്നത് കുറവും ആണ്. അപ്പോൾ നിങ്ങൾക്ക് വാസ്തവത്തില്‍ എന്തു തരത്തിലുള്ള വിശ്വാസമാണുള്ളത്? ഇത് യഥാർത്ഥമാണോ? നിങ്ങൾ നിങ്ങളുടെ വേവലാതികൾ ഇല്ലാതാക്കുന്നതിനും വിരസത അകറ്റുന്നതിനും നിന്‍റെ ജീവിതത്തിലെ അവശേഷിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും മാത്രം എന്‍റെ വചനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളിൽ ആരാണ് എന്‍റെ വചനങ്ങള്‍ പ്രയോഗത്തിൽ വരുത്തിയത്? ആർക്കാണ് യഥാർത്ഥ വിശ്വാസം ഉള്ളത്? ദൈവം എന്നത് മനുഷ്യരുടെ ഹൃദയങ്ങളുടെ ആഴത്തിലേക്കു നോക്കുന്ന ഒരു ദൈവമാണെന്ന് നിങ്ങൾ അട്ടഹസിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ നിങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾ അലറിവിളിക്കുന്ന ദൈവം എന്നോട് എങ്ങനെ പൊരുത്തപ്പെടും? നിങ്ങൾ ഇതുപോലെ അലറുന്നതിനാൽ, പിന്നെന്തിനാണ് നിങ്ങൾ അങ്ങനെ പ്രവർത്തിക്കുന്നത്? ഇത് നിങ്ങൾ എനിക്ക് തിരിച്ചുതരാന്‍ ആഗ്രഹിക്കുന്ന സ്നേഹമായിരിക്കുമോ? നിങ്ങളുടെ അധരങ്ങളിൽ ചെറിയ അളവില്‍ പോലുമുള്ള സമർപ്പണമില്ല, നിങ്ങളുടെ ത്യാഗങ്ങളും നിങ്ങളുടെ സത്കര്‍മ്മങ്ങളും എവിടെയാണ്? എന്‍റെ കാതുകളിലെത്തുന്ന നിങ്ങളുടെ വാക്കുകളില്ലായിരുന്നുവെങ്കില്‍, ഞാൻ നിങ്ങളെ എത്രത്തോളം വെറുത്തേനെ? നിങ്ങൾ എന്നിൽ സത്യമായും വിശ്വസിച്ചിരുന്നുവെങ്കില്‍, നിങ്ങൾ എങ്ങനെ അത്തരമൊരു ദുരിതത്തില്‍ അകപ്പെടുമായിരുന്നു? നിങ്ങൾ പാതാളത്തിൽ വിചാരണയ്ക്കു നിൽക്കുന്നതുപോലെ നിങ്ങളുടെ മുഖത്ത് വിഷാദകരമായ ഭാവങ്ങള്‍ പ്രകടമാണ്. നിങ്ങളിൽ ഉണര്‍വിന്‍റെ ഒരു കണിക പോലും ഇല്ല, നിങ്ങൾ ക്ഷയിച്ച ശബ്ദത്തിൽ നിങ്ങളുടെ ആന്തരിക ശബ്ദത്തെക്കുറിച്ച് സംസാരിക്കുന്നു; പരാതികളും ശാപങ്ങളും പോലും നിറഞ്ഞവരാണ് നിങ്ങൾ. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ വളരെക്കാലം മുമ്പേ നിങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു, നിങ്ങളുടെ യഥാർത്ഥ വിശ്വാസം പോലും അപ്രത്യക്ഷമായി, അതിനാൽ അവസാനം വരെ നിങ്ങൾക്ക് എങ്ങനെ അനുഗമിക്കാനാകും? ഇത് അങ്ങനെയായതിനാൽ, നിങ്ങളെ എങ്ങനെ രക്ഷിക്കാനാകും?

എന്‍റെ പ്രവൃത്തി നിങ്ങൾക്ക് വളരെ സഹായകരമാണെങ്കിലും, എന്‍റെ വചനങ്ങള്‍ എല്ലായ്പ്പോഴും നിങ്ങള്‍ക്ക് നഷ്ടപ്പെടുകയും അവ നിങ്ങളില്‍ ഒന്നുമല്ലാതാവുകയും ചെയ്യുന്നു. ഞാൻ പരിപൂർണ്ണമാക്കേണ്ട വസ്തുക്കൾ കണ്ടെത്തുക പ്രയാസമാണ്, ഇന്ന് എനിക്ക് നിങ്ങളിൽ പ്രതീക്ഷ ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയാണ്. ഞാൻ വർഷങ്ങളായി നിങ്ങളുടെ ഇടയിൽ തിരഞ്ഞുവെങ്കിലും, എന്‍റെ വിശ്വസ്തനായ ഒരാളെ കണ്ടെത്തുവാന്‍ വളരെ പ്രയാസമാണ്. നിങ്ങളിൽ പ്രവർത്തിക്കുന്നത് തുടരാൻ എനിക്ക് വിശ്വാസമില്ലെന്ന് എനിക്ക് തോന്നുന്നു, ഒപ്പം നിങ്ങളെ സ്നേഹിക്കുന്നത് തുടരാൻ തരത്തിലുള്ള സ്നേഹവും എന്‍റെ പക്കലില്ല. കാരണം, വളരെ ചെറിയതും ദയനീയവുമായ നിങ്ങളുടെ “നേട്ടങ്ങളാല്‍” വളരെക്കാലം മുമ്പുതന്നെ എനിക്ക് വെറുപ്പുണ്ടായിരിക്കുന്നു; ഞാൻ നിങ്ങളുടെ ഇടയിൽ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും നിങ്ങളിൽ പ്രവർത്തിച്ചിട്ടില്ലെന്നും തോന്നുന്നു. നിങ്ങളുടെ നേട്ടങ്ങൾ വളരെ അലോസരപ്പെടുത്തുന്നതാണ്. നിങ്ങൾ നിങ്ങളുടെമേല്‍ എല്ലായ്പ്പോഴും നാശവും അപമാനവും സ്വയം വരുത്തിവയ്ക്കുന്നു, അങ്ങനെയുള്ള നിങ്ങൾക്ക് യാതൊരു വിലയും ഉണ്ടാകുന്നില്ല. നിങ്ങളിൽ ഒരു മനുഷ്യന്‍റെ സാദൃശ്യം എനിക്ക് കണ്ടെത്താനാകുന്നില്ല, ഒരു മനുഷ്യന്‍റെ ഗന്ധവും അനുഭവപ്പെടുന്നില്ല. നിങ്ങളിലെ പുതിയ സൗരഭ്യം എവിടെയാണ്? നിരവധി വർഷങ്ങളായി നിങ്ങൾ നൽകിയ വില എവിടെയാണ്, അതിന്‍റെ ഫലങ്ങൾ എവിടെയാണ്? നിങ്ങൾ ഒന്നും കണ്ടെത്തിയില്ലേ? എന്‍റെ പ്രവൃത്തിക്ക് ഇപ്പോൾ ഒരു പുതിയ ആരംഭം ഉണ്ടാകുന്നു, ഒരു പുതിയ തുടക്കം. ഞാൻ മഹത്തായ പദ്ധതികൾ നടപ്പിലാക്കാൻ പോകുന്നു, അതിലും വലിയ പ്രവൃത്തി നിർവഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നിട്ടും നിങ്ങൾ ഇപ്പോഴും മുമ്പത്തെപ്പോലെ തന്നെ ചെളിക്കുണ്ടിൽ കിടന്നുരുളുകയാണ്, ഭൂതകാലത്തിന്‍റെ അഴുക്കുചാലിൽ ജീവിക്കുന്നു, നിങ്ങളുടെ നേരത്തെയുള്ള ദുര്‍ദശയില്‍ നിന്നും സ്വയം മോചനം നേടുന്നതിൽ പ്രായോഗികമായി പരാജയപ്പെട്ടിരിക്കുന്നു. അതിനാൽ, നിങ്ങൾ ഇപ്പോഴും എന്‍റെ വചനങ്ങളില്‍ നിന്ന് യാതൊന്നും നേടിയിട്ടില്ല. നിങ്ങൾ ഇപ്പോഴും ചെളിയും മലിന ജലവും നിറഞ്ഞ ആ പഴയ സ്ഥലത്തുനിന്നും സ്വയം മോചിതനായിട്ടില്ല. നിങ്ങള്‍ക്ക് എന്‍റെ വചനം മാത്രമേ അറിയൂ, പക്ഷേ എന്‍റെ വചനങ്ങളുടെ സ്വതന്ത്ര തലത്തിലേക്ക് വാസ്തവത്തില്‍ നിങ്ങള്‍ ഇതുവരെ പ്രവേശിച്ചിട്ടില്ല. അതുകൊണ്ട് എന്‍റെ വചനങ്ങള്‍ നിങ്ങളുടെ മുമ്പിൽ ഒരിക്കലും തുറക്കപ്പെട്ടിട്ടില്ല. ആയിരക്കണക്കിനു വർഷങ്ങളായി മുദ്രവയ്ക്കപ്പെട്ട പ്രവചനപുസ്തകം പോലെയാണ് അവ. നിങ്ങളുടെ ജീവിതത്തിൽ ഞാൻ നിങ്ങൾക്ക് പ്രത്യക്ഷപ്പെടുന്നു, പക്ഷേ നിങ്ങൾ എല്ലായ്പ്പോഴും അതിനെക്കുറിച്ച് ബോധവാന്മാരല്ല. നിങ്ങൾ എന്നെ തിരിച്ചറിയുക പോലും ചെയ്യുന്നില്ല. ഞാൻ പറയുന്ന വാക്കുകളിൽ പകുതിയോളം നിങ്ങളുടെ വിധിന്യായമാണ്, അവ നൽകേണ്ട ഫലത്തിന്‍റെ പകുതി മാത്രമേ നേടുന്നുള്ളൂ, നിങ്ങളുടെ ഉള്ളിൽ ആഴത്തിലുള്ള ഭയം വളർത്താൻ ഉദ്ദേശിച്ചുള്ളവയാണ് അവ. ബാക്കിയുള്ള പകുതിയിൽ ജീവിതത്തെക്കുറിച്ചും സ്വയം എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ചും നിങ്ങളെ പഠിപ്പിക്കുന്നതിനുള്ള വചനങ്ങള്‍ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, നിങ്ങളെ സംബന്ധിച്ചിടത്തോളം ഈ വചനങ്ങള്‍ നിലവില്‍ ഇല്ലെന്നു പോലും തോന്നുന്നു, അല്ലെങ്കിൽ അവയൊന്നും ഒരിക്കലും പ്രവൃത്തിയില്‍ കൊണ്ടുവരാതെ ഒരു ഗൂഢമായ ചിരിയോടെ നിങ്ങൾ കുട്ടികളുടെ വാക്കുകൾ ശ്രവിക്കുന്ന ലാഘവത്തോടെ പെരുമാറുന്നു. നിങ്ങൾ ഈ കാര്യങ്ങളെ കുറിച്ച് ഒരിക്കലും ഉത്‌കണ്‌ഠപ്പെട്ടിട്ടില്ല; എല്ലായ്പ്പോഴും പ്രധാനമായും ജിജ്ഞാസ കൊണ്ടാണ് നിങ്ങൾ എന്‍റെ പ്രവൃത്തികൾ നിരീക്ഷിച്ചത്, അതിന്‍റെ ഫലമായി ഇപ്പോൾ നിങ്ങൾ ഇരുട്ടിൽ അകപ്പെടുകയും, വെളിച്ചം കാണാൻ കഴിയാതിരിക്കുകയും ചെയ്യുന്നു, അതിനാൽ നിങ്ങൾ ഇരുട്ടിൽ ദയനീയമായി കരയുന്നു. എനിക്ക് വേണ്ടത് നിങ്ങളുടെ അനുസരണാശീലമാണ്, നിങ്ങളുടെ നിരുപാധികമായ അനുസരണം. അതിലുപരിയായി, ഞാൻ പറയുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് പൂർണ്ണമായും ഉറപ്പുണ്ടായിരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. നിങ്ങൾ അവഗണനാ മനോഭാവം അനുവർത്തിക്കരുത്, പ്രത്യേകിച്ചും ഞാൻ പറയുന്ന കാര്യങ്ങളെ നിങ്ങൾ സാധാരണ ചെയ്യുന്നതു പോലെ തരം തിരിക്കുകയോ എന്‍റെ വചനങ്ങളോടും പ്രവൃത്തികളോടും നിസ്സംഗത പുലർത്തുകയോ ചെയ്യരുത്. ഞാൻ നിങ്ങളുടെ ഇടയിൽ പ്രവർത്തിക്കുകയും എന്‍റെ മഹത്തരമായ വചനങ്ങൾ നിങ്ങളുടെ മേൽ ചൊരിയുകയും ചെയ്തു, എന്നാൽ നിങ്ങൾ എന്നെ ഇത്തരത്തിൽ പരിഗണിച്ചാൽ, നിങ്ങൾ അവ നേടുകയോ അനുഷ്ഠിക്കുകയോ ചെയ്തിട്ടില്ലായെങ്കിൽ, എനിക്ക് വിജാതീയ കുടുംബങ്ങൾക്കു മാത്രമേ അത് സമ്മാനിക്കാൻ കഴിയൂ. സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികളിലുംവെച്ച് ആരെയാണ് എന്‍റെ കരങ്ങളാൽ താങ്ങി നിർത്താത്തത്? നിങ്ങളിൽ മിക്കവരും “നല്ല വയോധികർ” ആണ്, നിങ്ങൾക്ക് ഇത്തരത്തിലുള്ള എന്‍റെ പ്രവൃത്തികൾ സ്വീകരിക്കാനുള്ള ഊർജ്ജമില്ല. നിങ്ങൾ ഒരു ഹാൻ‌ഹാവോ പക്ഷിയെപ്പോലെയാണ്,[a] കഷ്ടിച്ച് കടന്നുപോകുന്നു, നിങ്ങൾ ഒരിക്കലും എന്‍റെ വാക്കുകളെ ഗൗരവമായി പരിഗണിച്ചിട്ടില്ല. ചെറുപ്പക്കാർ അങ്ങേയറ്റം വ്യർത്ഥരും അമിതാസക്തിയുള്ളവരുമാണ്, അവർ എന്‍റെ പ്രയത്നങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതേയില്ല. എന്‍റെ വിരുന്നിലെ രുചികരമായ വിഭവങ്ങൾ കഴിക്കാൻ അവർക്ക് താത്പര്യമില്ല; അവർ കൂട്ടിൽ നിന്ന് വളരെ ദൂരേക്കു പറന്നകന്ന ഒരു ചെറിയ പക്ഷിയെപ്പോലെയാണ്. ഇത്തരത്തിലുള്ള ചെറുപ്പക്കാരും പ്രായമായവരും എനിക്ക് എങ്ങനെ ഉപയോഗപ്രദമാകും? പ്രായംചെന്നവരാകട്ടെ എന്‍റെ വചനങ്ങള്‍ അവരുടെ ശവക്കല്ലറകളിൽ എത്തുന്നതുവരെ ഒരു അത്താണിയായി ഉപയോഗിക്കാൻ തയ്യാറാണ്, എന്തെന്നാൽ അങ്ങനെ അവർ മരിച്ചുകഴിഞ്ഞാൽ അവരുടെ ആത്മാക്കൾക്ക് സ്വർഗ്ഗത്തിലേക്ക് പോകാം; അവർക്ക് അത് മതിയാകും. ഈ വൃദ്ധന്മാർ ഇപ്പോൾ എല്ലായ്‌പ്പോഴും “വലിയ അഭിലാഷങ്ങളും” “അചഞ്ചലമായ ആത്മവിശ്വാസവും” വച്ചുപുലർത്തുന്നു. അവർക്ക് എന്‍റെ പ്രയത്നത്തോട് അത്യധികം ക്ഷമയുണ്ടെങ്കിലും, നേരുള്ളവരും ഒന്നിനും വഴങ്ങാത്തതുമായ വൃദ്ധരുടേതായ ഗുണങ്ങൾ ഉണ്ടെങ്കിലും, ആരാലുമോ എന്തിനാലുമോ വലിച്ചിഴയ്ക്കപ്പെടാനോ തോൽപ്പിക്കപ്പെടാനോ അവർ വിസമ്മതിക്കുന്നു—വാസ്തവത്തിൽ, അവർ അഭേദ്യമായ കോട്ട പോലെയാണ്—എന്നിട്ടും ഈ ആളുകളുടെ വിശ്വാസം അന്ധവിശ്വാസപരമായ ജഡത്തിന്‍റെ ഗന്ധം കൊണ്ട് നിറഞ്ഞിരിക്കുകയല്ലേ? അവരുടെ പാത എവിടെയാണ്? അവരെ സംബന്ധിച്ചിടത്തോളം, അത് ദൈർഘ്യമേറിയതല്ലേ, വളരെ വിദൂരമല്ലേ? എന്റെ ഇച്ഛ അവർക്ക് എങ്ങനെ അറിയാൻ കഴിയും? അവരുടെ ആത്മവിശ്വാസം പ്രശംസനീയമാണെങ്കിലും, ഈ മുതിർന്നവരിൽ എത്ര പേർ ആശയക്കുഴപ്പമില്ലാതെ യഥാർത്ഥത്തിൽ ജീവിതം നയിക്കുന്നു? എന്‍റെ പ്രയത്നത്തിൻറെ യഥാർത്ഥ പ്രാധാന്യം എത്ര പേർ മനസ്സിലാക്കുന്നു? സമീപഭാവിയിൽ പാതാളത്തിലേക്ക് കൂപ്പുകുത്താതെ, ഇന്ന് ഈ ലോകത്ത് എന്നെ അനുഗമിച്ച് എന്‍റെ രാജ്യത്ത് എത്തിപ്പെടുകയെന്നതാവണ്ടേ അവരുടെ ഉദ്ദേശ്യം? നിങ്ങളുടെ ലക്ഷ്യസ്ഥാനം അത്തരമൊരു ലളിതമായ കാര്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾ ചെറുപ്പക്കാർ എല്ലാവരും ചോരത്തിളപ്പുള്ള സിംഹങ്ങളെപ്പോലെയാണെങ്കിലും, വിരളമായേ നിങ്ങളുടെ ഹൃദയങ്ങളിൽ ശരിയായ പാതയുണ്ടാവുകയുള്ളൂ. നിങ്ങളുടെ യുവത്വം എന്‍റെ പ്രയത്നങ്ങൾക്ക് നിങ്ങളെ യോഗ്യരാക്കുന്നില്ല; നേരെമറിച്ച്, നിങ്ങൾ എപ്പോഴും നിങ്ങളോടുള്ള എന്‍റെ വെറുപ്പ് ഉദ്ദീപിപ്പിക്കുന്നു. നിങ്ങൾ ചെറുപ്പമാണെങ്കിലും, നിങ്ങൾക്ക് ചൈതന്യമോ അഭിലാഷമോ ഇല്ല, മാത്രമല്ല നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾ ഒരിക്കലും പ്രതിജ്ഞാബദ്ധരല്ല; നിങ്ങൾ എല്ലായ്പ്പോഴും ആലോചനാമഗ്നരും ഉദാസീനരുമാണ്. ചെറുപ്പക്കാരിൽ കാണപ്പെടേണ്ട ചൈതന്യം, ആദർശങ്ങൾ, എടുക്കുന്ന നിലപാട് എന്നിവ നിങ്ങളിൽ പൂർണ്ണമായും കാണാനില്ലെന്ന് പറയാം; നിങ്ങൾ, ഇത്തരത്തിലുള്ള ചെറുപ്പക്കാർ, ഒരു നിലപാടില്ലാത്തവരും ശരിയും തെറ്റും, നന്മയും തിന്മയും, സൗന്ദര്യവും വൈരൂപ്യവും തമ്മിൽ വേർതിരിച്ചറിയാൻ കഴിവില്ലാത്തവരുമാണ്. നിങ്ങളുടെ ഏതെങ്കിലും നവമായ അംശങ്ങൾ കണ്ടെത്തുക അസാധ്യമാണ്. നിങ്ങൾ മിക്കവാറും പഴഞ്ചന്മാരാണ്, നിങ്ങൾ, ഇത്തരത്തിലുള്ള ചെറുപ്പക്കാർ, ജനക്കൂട്ടത്തെ പിന്തുടരാനും യുക്തിരഹിതമായി നിലകൊള്ളാനും പഠിച്ചു. നിങ്ങൾക്ക് ഒരിക്കലും ശരിയെ തെറ്റിൽ നിന്ന് വ്യക്തമായി വേർതിരിച്ചറിയാൻ കഴിയില്ല, സത്യവും മിഥ്യയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ല, മികവിനായി ഒരിക്കലും പരിശ്രമിക്കില്ല, ശരിയും തെറ്റും എന്താണെന്നും സത്യമെന്താണെന്നും കാപട്യം എന്താണെന്നും നിങ്ങൾക്ക് പറയാനാവില്ല. വൃദ്ധരെക്കാൾ മതത്തിന്‍റെ ഘനീഭവിച്ച ദുർഗന്ധം നിങ്ങളെ കൂടുതൽ ചൂഴ്ന്നു നിൽക്കുന്നു. നിങ്ങൾ അഹങ്കാരികളും അവിവേകികളും മത്സരബുദ്ധിയുള്ളവരുമാണ്, അതിക്രമത്തോടുള്ള നിങ്ങളുടെ താത്പര്യം വളരെ ശക്തവുമാണ്—ഇത്തരത്തിലുള്ള ചെറുപ്പക്കാരന് സത്യത്തെ എങ്ങനെ സ്വായത്തമാക്കാന്‍ കഴിയും? സ്വന്തമായ ഒരു നിലപാട് സ്വീകരിക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ സാക്ഷ്യം വഹിക്കാൻ കഴിയും? ശരിയും തെറ്റും തമ്മിൽ വേർതിരിച്ചറിയാൻ കഴിവില്ലാത്ത ഒരാളെ ആരെങ്കിലും ഒരാൾക്ക് എങ്ങനെ ഒരു യുവാവ് എന്ന് വിളിക്കാൻ കഴിയും? ഒരു യുവാവിന്‍റെ ചൈതന്യം, ഊർജ്ജസ്വലത, പുതുമ, ശാന്തത, സ്ഥിരത എന്നിവയില്ലാത്ത ഒരാളെ എങ്ങനെ എന്‍റെ അനുയായി എന്ന് വിളിക്കും? സത്യവും നീതിബോധവുമില്ലാത്ത, എന്നാൽ ഉല്ലസിക്കാനും പോരാടാനും ഇഷ്ടപ്പെടുന്ന ഒരാൾ എന്‍റെ സാക്ഷിയാകാൻ എങ്ങനെ യോഗ്യനാകും? വഞ്ചനയും മറ്റുള്ളവരോട് മുൻവിധിയും നിറഞ്ഞ കണ്ണുകൾ ചെറുപ്പക്കാർക്ക് ഉണ്ടായിരിക്കേണ്ട കാര്യങ്ങളല്ല, ചെറുപ്പക്കാർ വിനാശകരവും മ്ലേച്ഛവുമായ പ്രവൃത്തികൾ ചെയ്യരുത്. അവർ ആദർശങ്ങളും അഭിലാഷങ്ങളും സ്വയം മെച്ചപ്പെടാനുള്ള ഉത്സാഹവും ഇല്ലാത്തവരാകരുത്; അവരുടെ ഭാവി പ്രതീക്ഷകളിൽ അവർ നിരാശപ്പെടരുത്, കൂടാതെ ജീവിതത്തിൽ പ്രത്യാശയോ ഭാവിയെ കുറിച്ചുള്ള ആത്മവിശ്വാസത്തെയോ നഷ്ടപ്പെടുത്താൻ പാടില്ല; മുഴുവൻ ജീവിതവും എനിക്കായി ചെലവഴിക്കാനുള്ള അവരുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ അവർ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന സത്യത്തിന്‍റെ പാതയിൽ തുടരാനുള്ള സ്ഥിരോത്സാഹം അവർക്ക് ഉണ്ടായിരിക്കണം. അവർ സത്യമില്ലാത്തവരായിരിക്കരുത്, കാപട്യവും അനീതിയും ഒളിക്കരുത്—കൃത്യമായ നിലപാടിൽ ഉറച്ചുനിൽക്കുന്നവരായിരിക്കണം. അവർ കേവലം ഒഴുക്കിനൊപ്പം നീങ്ങരുത്. മറിച്ച് നീതിക്കും സത്യത്തിനുമായി പോരാടാനും ത്യാഗം ചെയ്യാനും ധൈര്യപ്പെടുന്ന ആത്മാവുള്ളവരായിരിക്കണം. അന്ധകാരശക്തികളുടെ അടിച്ചമർത്തലിന് വഴങ്ങാതിരിക്കാനും അവരുടെ നിലനില്‍പ്പിന്‍റെ പ്രാധാന്യം ഉൾക്കൊള്ളാനും യുവാക്കൾക്ക് ധൈര്യം ഉണ്ടായിരിക്കണം. ചെറുപ്പക്കാർ പ്രതികൂല സാഹചര്യങ്ങളിൽ കീഴടങ്ങാതെ തുറന്ന മനസ്സും അവരുടെ സഹോദരീസഹോദരന്മാരോട് ക്ഷമിക്കാനുള്ള മനോഭാവവും ഉള്ളവരായിരിക്കണം. തീർച്ചയായും, ഇവ എല്ലാവർക്കുമായുള്ള എന്‍റെ ആവശ്യകതകളും എല്ലാവർക്കുമുള്ള എന്‍റെ ഉപദേശവുമാണ്. എന്നാൽ അതിലുപരിയായി, ഇത് എല്ലാ ചെറുപ്പക്കാർക്കും വേണ്ടിയുള്ള എന്‍റെ സാന്ത്വന വാക്കുകളുമാണ്. നിങ്ങൾ എന്‍റെ വചനങ്ങളനുസരിച്ച് പ്രവർത്തിക്കണം. പ്രത്യേകിച്ചും യുവാക്കൾ പ്രശ്‌നങ്ങളിൽ വിവേചനബുദ്ധി പ്രയോഗിക്കാനും നീതിയും സത്യവും തേടാനുമുള്ള ദൃഢനിശ്ചയം ഇല്ലാത്തവരാകരുത്. നിങ്ങൾ മനോഹരവും നല്ലതുമായ എല്ലാ കാര്യങ്ങളും പിന്തുടരുകയും പരമമായ എല്ലാ കാര്യങ്ങളുടെയും യാഥാർത്ഥ്യം ഉൾക്കൊള്ളുകയും വേണം. നിങ്ങൾ നിങ്ങളുടെ ജീവിതത്തോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം, നിങ്ങൾ അതിനെ നിസ്സാരമായി കാണരുത്. ആളുകൾ ഭൂമിയിലേക്ക് വരുന്നു, എന്നാൽ എന്നെ അഭിമുഖീകരിക്കുന്നതും സത്യം അന്വേഷിക്കാനും നേടാനുമുള്ള അവസരം ലഭിക്കുന്നതും വളരെ അപൂർവമാണ്. എന്തുകൊണ്ടാണ് ഈ മനോഹരമായ സമയത്തെ ഈ ജീവിതത്തിൽ പിന്തുടരേണ്ട ശരിയായ പാതയായി നിങ്ങൾ വിലമതിക്കാത്തത്? എന്തുകൊണ്ടാണ് നിങ്ങള്‍ സത്യത്തോടും നീതിയോടും എല്ലായ്പ്പോഴും പുറംതിരിഞ്ഞു നില്‍ക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ എല്ലായ്പ്പോഴും ആളുകളെ ത്രസിപ്പിക്കുന്ന അന്യായത്തിനും ആഭാസത്തരങ്ങൾക്കും വേണ്ടി നിങ്ങളുടെ ജീവിതം സ്വയം ചവിട്ടിമെതിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത്? അനീതികളിൽ ഏർപ്പെടുന്ന വൃദ്ധരെപ്പോലെ നിങ്ങൾ എന്തിനാണ് പ്രവർത്തിക്കുന്നത്? പഴയ കാര്യങ്ങളുടെ പഴയ വഴികൾ നിങ്ങൾ അനുകരിക്കുന്നത് എന്തുകൊണ്ട്? നിങ്ങളുടെ ജീവിതം നീതിയും സത്യവും വിശുദ്ധിയും നിറഞ്ഞതായിരിക്കണം; ഇത്ര ചെറുപ്പത്തിൽത്തന്നെ നിങ്ങളുടെ ജീവിതം പാതാളത്തിലേക്ക് തള്ളിവിടും വിധം അധഃപതിപ്പിക്കരുത്. ഇത് ഭയാനകമായ ഭാഗ്യദോഷം ആകുമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? ഇത് ഭയങ്കരമായ അനീതി ആകുമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?

നിങ്ങൾ എല്ലാവരും അങ്ങേയറ്റം വിശിഷ്ടമായ നിങ്ങളുടെ പ്രവൃത്തി ചെയ്ത് എന്‍റെ ബലിപീഠത്തിന്മേൽ അത് ബലിയർപ്പിക്കണം. നിങ്ങൾ എനിക്കു സമർപ്പിക്കുന്ന ആത്യന്തികവും അതുല്യവുമായ ത്യാഗമാണിത്. ആകാശത്തിലെ മേഘങ്ങൾ പോലെ വീശുന്ന കാറ്റിൽ ഉഴലാതെ നിങ്ങൾ എല്ലാവരും നിങ്ങളുടെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കണം. നിങ്ങളുടെ ജീവിതത്തിന്‍റെ പകുതിയോളം നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നു, ആ സ്ഥിതിക്ക് നിങ്ങൾക്കു വേണ്ട ലക്ഷ്യസ്ഥാനം നിങ്ങൾ അന്വേഷിക്കാത്തതെന്ത്? ജീവിതത്തിന്‍റെ പകുതിയോളം നിങ്ങൾ കഷ്ടപ്പെടുന്നു, എന്നിട്ടും സത്യവും നിങ്ങളുടെ വ്യക്തിപരമായ നിലനില്‍പ്പിന്‍റെ സത്തയും ശവകല്ലറയിലേക്ക് വലിച്ചിടാൻ പന്നിയും നായയും പോലുള്ള നിങ്ങളുടെ മാതാപിതാക്കളെ നിങ്ങൾ അനുവദിക്കുന്നു. ഇത് നിനക്കെതിരായ വലിയ ഒരു അനീതിയാണെന്ന് നീ കരുതുന്നില്ലേ? ഈ രീതിയിൽ ജീവിതം നയിക്കുന്നത് തികച്ചും അർത്ഥശൂന്യമാണെന്ന് നിനക്കു തോന്നുന്നില്ലേ? ഈ വിധത്തിൽ സത്യവും ശരിയായ പാതയും തേടുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ അയൽക്കാർ അസ്വസ്ഥരാകുകയും കുടുംബം മുഴുവൻ അസന്തുഷ്ടമാകുകയും ചെയ്യും, ഇത് മാരകമായ ദുരന്തങ്ങളിലേക്ക് നയിക്കും. നീ ഈ രീതിയിൽ ജീവിക്കുകയാണെങ്കിൽ, അത് ഏറ്റവും അർത്ഥശൂന്യമായ ജീവിതത്തിന് തുല്യമല്ലേ? ആരുടെ ജീവിതം നിന്‍റേതിനെക്കാള്‍ കൂടുതൽ സമ്പന്നമാകാം, ആരുടേത് കൂടുതൽ പരിഹാസ്യമാകാം? എന്‍റെ സന്തോഷവും ആശ്വാസവചനങ്ങളും നേടുന്നതിനായി നീ എന്നെ അന്വേഷിക്കുന്നില്ലേ? പക്ഷേ നീ ആയുസ്സിന്‍റെ പാതിയോളം ജീവിത വ്യാപാരങ്ങൾക്ക് ചെലവഴിച്ചശേഷം, ഞാൻ കുപിതനാകുന്നതു വരെ എന്നെ പ്രകോപിപ്പിച്ചാൽ ഞാൻ നിന്നെ പരിഗണിക്കുകയോ പ്രശംസിക്കുകയോ ചെയ്യില്ല—നിന്‍റെ ജീവിതം വൃഥാവിലായി എന്നല്ലേ ഇതർത്ഥമാക്കുന്നത്? ശുദ്ധീകരണസ്ഥലത്തുനിന്ന് മോചിപ്പിക്കപ്പെട്ട കാലാകാലങ്ങളായിട്ടുള്ള ആ വിശുദ്ധരുടെ ആത്മാക്കളെ കാണാൻ നിനക്ക് എന്ത് യോഗ്യതയാണുള്ളത്? നീ എന്നോട് നിസ്സംഗത പുലർത്തി അവസാനം ദുരന്തം വിളിച്ചുവരുത്തി—ഈ അവസരം പ്രയോജനപ്പെടുത്തുകയും വിശാലമായ സമുദ്രത്തിലൂടെ സന്തോഷകരമായ ഒരു യാത്ര നടത്തുകയും എന്‍റെ “ദൗത്യം” അനുസരിക്കുകയും ചെയ്യുന്നതാണ് നല്ലത്. ഞാൻ നിങ്ങളോട് വളരെ മുമ്പുതന്നെ പറഞ്ഞിട്ടുണ്ട്, ഇന്ന്‍ നീ നിസ്സംഗനായിരിക്കുന്നതുപോലെ തന്നെ പുറപ്പെടാൻ ഇനിയും തയ്യാറല്ലെങ്കില്‍, അവസാനം ഞാൻ സൃഷ്ടിച്ച തിരമാലകളാൽ വിഴുങ്ങപ്പെടും. വാസ്തവത്തിൽ, നിങ്ങൾക്ക് സ്വയം രക്ഷിക്കാൻ കഴിയുമോ? നിന്‍റെ നിലവിലെ ഉദ്യമങ്ങൾ നിന്നെ പൂർണ്ണനാക്കുമെന്ന് നീ ശരിക്കും വിശ്വസിക്കുന്നുണ്ടോ? നിന്‍റെ ഹൃദയം വളരെ കഠിനമല്ലേ? ഇത്തരത്തിലുള്ള അനുഗമനം‌, ഉദ്യമം, ജീവിതം, സ്വഭാവം—ഇത് എങ്ങനെ എന്‍റെ പ്രീതിക്ക് പാത്രമാകും?

അടിക്കുറിപ്പുകൾ:

a. ഹാന്‍ഹാവോ പക്ഷിയുടെ കഥയ്ക്ക് ഈസോപ്പുകഥകളിലെ ഉറുമ്പിന്റെയും പുല്‍ച്ചാടിയുടെയും കഥയുമായി വളരെ സാമ്യമുണ്ട്. അയല്‍ക്കാരനായ കാക്ക ഇടയ്ക്കിടെ മുന്നറിയിപ്പു കൊടുക്കുന്നുണ്ടെങ്കിലും ചൂടുകാലത്ത് കൂടു കെട്ടുന്നതിനു പകരം ഉറങ്ങാനാണ് ഹാന്‍ഹാവോ പക്ഷിക്കു താത്പര്യം. മഞ്ഞുകാലം വന്നപ്പോള്‍ ആ പക്ഷി മരവിച്ചു ചത്തുപോയി.

മുമ്പത്തേത്: വീണ്ടെടുപ്പിന്‍റെ യുഗത്തിലെ വേലയ്ക്കു പിന്നിലെ യാഥാർത്ഥ്യം

അടുത്തത്: മനുഷ്യരാശി ഇന്നത്തെ നിലയിലേക്ക് വികസിച്ചത് എങ്ങനെയെന്ന് നീ അറിയണം

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക