സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്
ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര ലളിതമല്ല കാര്യങ്ങൾ. നിനക്കു യാഥാർത്ഥ്യം ഉണ്ടോ എന്ന കാര്യം ആശ്രയിച്ചിരിക്കുന്നത് നീ എന്തു പറയുന്നു എന്നതിനെയല്ല, പിന്നെയോ നീ എന്തിനെ അടിസ്ഥാനമാക്കി ജീവിക്കുന്നു എന്നതിനെയാണ്. ദൈവവചനം നിന്റെ ജീവിതവും സ്വാഭാവിക പ്രകടനവും ആകുമ്പോള്‍ മാത്രമാണ് നിനക്ക് യാഥാർത്ഥ്യം സ്വന്തമാണെന്നു പറയുവാൻ കഴിയുക. അപ്പോൾ മാത്രമേ നീ യഥാർത്ഥ ഗ്രാഹ്യം നേടുകയും യഥാർത്ഥ ഔന്നത്യത്തിൽ എത്തുകയും ചെയ്തെന്ന് കണക്കാക്കാനാവുക. നീ ദീർഘകാലം പരീക്ഷകളെ ചെറുത്തുനിൽക്കാൻ പ്രാപ്തമാകണം, ദൈവവ്യവസ്ഥകൾ അനുസരിച്ചുള്ള ജീവിതം നയിക്കാൻ പ്രാപ്തമാകണം. അത് വെറും നാട്യമാവരുത്, അതു നിങ്ങളിൽനിന്നു സ്വാഭാവികമായി ഒഴുകിവരണം. അപ്പോൾ മാത്രമാണ് നിങ്ങൾ യാഥാർത്ഥ്യം സ്വന്തമാക്കുന്നത്. അപ്പോൾ മാത്രമാണ് നിങ്ങൾ ജീവൻ നേടുന്നത്. എല്ലാവർക്കും പരിചിതമായ ശുശ്രൂഷകർ ഉൾപ്പെട്ട പരീക്ഷണത്തിന്റെ ഉദാഹരണം ഞാൻ പങ്കുവെക്കാം. ആർക്കു വേണമെങ്കിലും, ശുശ്രൂഷകരെപ്പറ്റി ഏറ്റവും ഉദാത്തമായ സിദ്ധാന്തങ്ങളുണ്ടാക്കി അവതരിപ്പിക്കാം, മിക്കവാറും എല്ലാവർക്കും പ്രസ്തുത വിഷയത്തേക്കുറിച്ച് അത്യാവശ്യം അറിവുണ്ട്. അവർ അതേപ്പറ്റി സംസാരിക്കുന്നു, ഒരു മത്സരത്തിലെന്നപ്പോലെ ഓരോ പ്രഭാഷണവും മറ്റേതിനെക്കാൾ മികച്ചുനിൽക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, മനുഷ്യൻ സാരമായ ഒരു പരീക്ഷണത്തിലൂടെ കടന്നുപോയിട്ടില്ലെങ്കിൽ, അയാൾക്കു പങ്കുവെക്കാനായി നല്ലൊരു സാക്ഷ്യം ഉണ്ടെന്നു പറയുക പ്രയാസമാണ്. ചുരുക്കത്തിൽ മനുഷ്യൻ മനസ്സിലാക്കിയതിൽനിന്നു വിരുദ്ധമായി അവന്റെ ജീവിതത്തിന് ഇപ്പോഴും കുറവുകളുണ്ട്. അതുകൊണ്ട് മനുഷ്യന്റെ യഥാർത്ഥ നിലയിലേക്ക് അത് എത്തിച്ചേരണം, ഇപ്പോഴും അതല്ല അവന്റെ ജീവിതം. മനുഷ്യന്റെ അറിവ് യാഥാർത്ഥ്യത്തിലേക്ക് എത്തിയിട്ടില്ലാത്തതിനാൽ പൂഴിയിൽ പണിത, ആടിയുലഞ്ഞ് നിലംപൊത്താറായ കൊട്ടാരം പോലെയാണ് അവന്റെ ജീവിതം. യാഥാർത്ഥ്യം വളരെക്കുറച്ചു മാത്രമാണ് അവന് കരഗതമായത്. മനുഷ്യനിൽ എന്തെങ്കിലും യാഥാർത്ഥ്യം കണ്ടെത്തുക തന്നെ അസാധ്യമാണ്. അവനിൽ നിന്ന് സ്വാഭാവികമായി ഒഴുകുന്ന യാഥാർത്ഥ്യം വളരെ വിരളമാണ്. അവൻ ജീവിച്ചുകാണിക്കുന്ന എല്ലാ യാഥാർത്ഥ്യങ്ങളും നിർബന്ധിതമാണ്. അതുകൊണ്ടാണ് മനുഷ്യനിൽ യാഥാർത്ഥ്യം ഇല്ലെന്ന് ഞാൻ പറയുന്നത്. ദൈവത്തോടുള്ള തങ്ങളുടെ സ്‌നേഹം ഒരിക്കലും മാറില്ലെന്ന് ആളുകൾ പറഞ്ഞാലും, പരീക്ഷണങ്ങൾ നേരിടുന്നതിനു മുമ്പുള്ള വെറും പറച്ചിൽ മാത്രമാണത്. പെട്ടന്നൊരു ദിവസം പരീക്ഷണങ്ങൾ നേരിടേണ്ടിവരുമ്പോൾ അവർ പറയുന്ന കാര്യങ്ങൾ യാഥാർത്ഥ്യത്തിൽനിന്ന് അടർന്നുവീഴും. അങ്ങനെ മനുഷ്യനിൽ ഒരു തരത്തിലുമുള്ള യാഥാർത്ഥ്യവും ഇല്ലെന്ന് ഒരിക്കൽ കൂടി അതു വെളിവാക്കും. നിന്റെ സങ്കൽപ്പങ്ങൾക്കു യോജിക്കാത്തതും പൂർണമായി സ്വയം ഉഴിഞ്ഞുവെക്കേണ്ടി വരുന്നതുമായ കാര്യങ്ങളാണ് നിന്റെ പരീക്ഷണങ്ങള്‍. ദൈഹിതം വെളിപ്പെടും മുമ്പ് എല്ലാവരും കഠിന പരീക്ഷയിലൂടെയും അപാരമായ പരീക്ഷണത്തിലൂടെയും കടന്നുപോകും. നിനക്ക് അതിന്റെ ആഴം മനസ്സിലാകുന്നുണ്ടോ? ദൈവം ആളുകളെ പരീക്ഷിക്കാൻ ആഗ്രഹിക്കുമ്പോൾ യഥാർത്ഥ സത്യത്തെ വെളിപ്പെടുത്തുന്നതിനു മുമ്പ്, അവരുടേതായ തിരഞ്ഞെടുപ്പുകൾ നടത്താൻ അവരെ അനുവദിക്കുന്നു. ദൈവം പരീക്ഷണങ്ങൾക്ക് മനുഷ്യനെ വിധേയനാക്കുമ്പോൾ അവൻ സത്യം വെളിപ്പെടുത്തുകയില്ല എന്നാണ് അതിന്റെ അർഥം. ഈ രീതിയിലാണ് ആളുകൾ തുറന്നുകാട്ടപ്പെടുന്നത്. ദൈവം തന്റെ പ്രവൃത്തികൾ ചെയ്യുന്ന ഒരു വഴിയാണിത്—നിനക്ക് ഇന്നിന്റെ ദൈവത്തെ അറിയാമോ എന്നു മനസ്സിലാക്കാനും നിന്നിൽ എന്തെങ്കിലും യാഥാർത്ഥ്യം ഉണ്ടോയെന്ന് അറിയാനുമാണ് ഇത്. ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ച് ശരിക്കും ഒരു സന്ദേഹവുമില്ലാത്ത ആളാണോ നീ? ഒരു വലിയ പരീക്ഷണമുണ്ടാകുമ്പോൾ ഉറച്ചുനിൽക്കാൻ യഥാർഥത്തിൽ നിനക്കു കഴിയുമോ? “ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു” എന്നു പറയാൻ ആർക്കാണ് ധൈര്യമുള്ളത്? “മറ്റുള്ളവർക്ക് സംശങ്ങൾ ഉണ്ടാവാം, പക്ഷേ എനിക്ക് ഒരിക്കലുമില്ല” എന്ന് ഉറപ്പിച്ചു പറയാൻ ആർക്കാണ് ധൈര്യമുള്ളത്? പത്രോസ് പരീക്ഷിക്കപ്പെട്ടതു പോലെയാണ് ഇതും. സത്യം വെളിപ്പടും മുമ്പ് അവൻ എപ്പോഴും വീമ്പടിച്ചിരുന്നു. ഇത് പത്രോസിന് മാത്രമുള്ള ഒരു വ്യക്തി ദൗർബല്യമല്ല, ഇപ്പോൾ എല്ലാ മനുഷ്യരും അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നമാണിത്. ഞാൻ കുറച്ച് സ്ഥലങ്ങൾ സന്ദർശിച്ച്, ഏതാനും സഹോദരങ്ങളെ കണ്ട്, ഇന്നത്തേക്കുള്ള ദൈവവേലയെപ്പറ്റി നിങ്ങളുടെ ധാരണ എന്താണെന്നു ചോദിച്ചാൽ, നിങ്ങൾക്കുള്ള അറിവിനെ കുറിച്ച് പറയാൻ ധാരാളം ഉണ്ടാകും. നിങ്ങൾക്ക് ഒരു സംശയവും ഇല്ലാത്തതായും തോന്നും. ഞാൻ നിന്നോട് ഇങ്ങനെ ചോദിക്കുകയാണെന്ന് ഇരിക്കട്ടെ, “ഇന്നത്തെ വേല ദൈവം തന്നെയാണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് ഉറപ്പിച്ചു പറയാൻ കഴിയുമോ, യാതൊരു സംശയവും ഇല്ലാതെ?” അപ്പോൾ നീ ഉറപ്പായും മറുപടി നൽകും: “ഇത് ദൈവാത്മാവിന്റെ വേലയാണെന്നതിൽ ഒരു സംശവുമില്ല.” ഇങ്ങനെയാണ് ഉത്തരം പറയുന്നതെങ്കിൽ നിനക്കു തീർച്ചയായും ഒരു സംശയത്തിന്റെ ഒരു കണികപോലും ഉണ്ടായിരിക്കില്ല. നിനക്കു വളരെ സന്തോഷം തോന്നുകയും യഥാർഥ്യം കുറച്ചൊക്കെ ലഭിക്കുകയും ചെയ്തെന്നു വിചാരിക്കുകയും ചെയ്യും. കാര്യങ്ങളെ ഇങ്ങനെ മനസ്സിലാക്കുന്നവർക്ക് വളരെ കുറച്ച് യാഥാർഥ്യമേ ഉണ്ടായിരിക്കൂ. യാഥാർത്ഥ്യം സ്വന്തമായെന്ന് ഒരുവൻ എത്രയധികം കരുതുന്നുവോ പരീക്ഷണങ്ങളെ നേരിടാനുള്ള കരുത്ത് അവന് അത്രയധികം കുറവായിരിക്കും. അഹങ്കാരികൾക്കും ഗർവിഷ്ടർക്കും കഷ്ടം, ആത്മബോധമില്ലാത്തവർക്കും കഷ്ടം. അവർ സംസാരിക്കുന്നതിൽ പ്രഗത്ഭരും വാക്കുകളെ പ്രാവർത്തികമാക്കുന്നതിൽ വളരെ പിന്നിലും ആയിരിക്കും. പ്രശ്‌നങ്ങളുടെ ഏറ്റവും ചെറിയ സൂചന കിട്ടുമ്പോൾതന്നെ അവരിൽ സംശയങ്ങൾ നാമ്പെടുക്കുകയും ഇവിടംകൊണ്ട് മതിയാക്കിയാലോ എന്ന ചിന്ത അവരുടെ മനസ്സിനെ മഥിക്കുകയും ചെയ്യും. ഒരു തരത്തിലുമുള്ള യാഥാർത്ഥ്യവും അവർക്കില്ല. മതത്തിന് ഉപരിയായുള്ള സിദ്ധാന്തങ്ങൾ മാത്രമേ അവർക്കുള്ളൂ; ദൈവം ഇപ്പോൾ ആവശ്യപ്പെടുന്ന യാഥാർത്ഥ്യമൊന്നും അവരിലില്ലതാനും. യാഥാർത്ഥ്യം സ്വന്തമാക്കാതെ, സിദ്ധാന്തം മാത്രം പ്രസംഗിക്കുന്നവരെ എനിക്ക് അങ്ങേയറ്റം വെറുപ്പാണ്. അവരുടെ ശുശ്രൂഷ നടക്കുമ്പോൾ അവർ അത്യുച്ചത്തിൽ അലറും; എന്നാൽ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്ന ഉടനെ അവർ വീണുപോകും. ഇത് കാണിക്കുന്നത് അവർക്ക് യാഥാർത്ഥ്യം ഇല്ല എന്നല്ലേ? എത്ര ഘോരമായ കാറും കോളും വന്നാലും മനസ്സിൽ സംശയത്തിന്റെ ഒരു കണിക പോലുമില്ലാതെ ഉറച്ചുനിൽക്കാൻ കഴിഞ്ഞാൽ, നിരസനത്തിൽനിന്ന് മുക്തമായി ഉറച്ചുനിൽക്കാൻ കഴിഞ്ഞാൽ, മറ്റാരും അവശേഷിച്ചിട്ടില്ലാത്തപ്പോൾ പോലും, നീ യഥാർത്ഥ അറിവുള്ളവനും യാഥാർത്ഥ്യം ശരിക്കും സ്വന്തമായുള്ളവനുമായി എണ്ണപ്പെടും. കാറ്റിന്റെ ഗതിക്കനുസരിച്ച് തിരിയുന്നവനാണെങ്കിൽ, ഭൂരിപക്ഷത്തോടൊപ്പം ചരിക്കുന്നവനാണെങ്കിൽ, മറ്റുള്ളവർ പറയുന്നത് തത്തയെപ്പോലെ അനുകരിക്കുന്നവനാണെങ്കിൽ, നീയെത്ര വശ്യമായി സംസാരിക്കുന്നവൻ ആയാലും, നിനക്ക് യാഥാർത്ഥ്യം സ്വന്തമായുണ്ട് എന്നതിനു തെളിവല്ല അത്. അതുകൊണ്ട് നീ അപക്വതയോടെ ഇത്തരം പൊള്ളയായ വാക്കുകൾ വിളിച്ചുകൂവാതിരിക്കുന്നതാവും നല്ലത്. ദൈവം എന്താണ് ചെയ്യാൻ പോകുന്നതെന്ന് നിനക്കറിയാമോ? നിനക്ക് അപമാനം വരുംവിധമോ തല ഉയർത്തി നടക്കാൻ പറ്റാത്ത വിധമോ മറ്റൊരു പത്രോസിനെപ്പോലെ പെരുമാറരുത്. അത് ആർക്കും ഒരു ഗുണവും ചെയ്യില്ല. മിക്ക ആളുകൾക്കും നല്ല ഔന്നിത്യമില്ല. ദൈവം വളരെയധികം വേല ചെയ്തിട്ടുണ്ടെങ്കിലും അവൻ ആളുകളുടെമേൽ യാഥാർത്ഥ്യം കൊണ്ടുവന്നിട്ടില്ല. കൃത്യമായി പറഞ്ഞാൽ, അവൻ ആരെയും വ്യക്തിപരമായി ശിക്ഷിച്ചിട്ടില്ല. അത്തരം പരീക്ഷണങ്ങൾ ചില ആളുകളെ തുറന്നുകാട്ടിയിരിക്കുന്നു. അവരുടെ പാപപങ്കിലമായ കരങ്ങൾ പിന്നെയും പിന്നെയും പുറത്തേക്കു നീളുകയാണ് ചെയ്തത്. ദൈവത്ത കബളിപ്പിക്കാൻ എളുപ്പമാണെന്നും തങ്ങൾക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാമെന്നും അവർ ധരിക്കുന്നു. അവർക്ക് ഇത്തരം പരീക്ഷണംപോലും താങ്ങാൻ കെൽപ്പില്ലാത്തതുകൊണ്ട് യാഥാർഥ്യം സ്വന്തമാക്കുന്നതുപോലെ കൂടുതൽ കഠിനമായ പരീക്ഷണങ്ങൾ അവർക്ക് ഒട്ടും സാധ്യമല്ല. അവർ ദൈവത്തെ കബളിപ്പിക്കാൻ ശ്രമിക്കുകയല്ലേ ചെയ്യുന്നത്? യഥാർത്ഥ്യത്തെ സ്വന്തമാക്കുന്നത് വ്യാജമായി ഫലിപ്പിക്കാനാവില്ല. യാഥാർത്ഥ്യം എന്താണെന്ന് അറിയുന്നത് അതു സ്വന്തമാക്കലുമല്ല. അതു നിന്റെ യഥാർത്ഥ നിലയെ ആശ്രയിച്ചിരിക്കുന്നു; എല്ലാ പരീക്ഷണങ്ങളും അതിജീവിക്കാൻ നിനക്കു കഴിവുണ്ടോ എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. നിനക്ക് മനസ്സിലാകുന്നുണ്ടോ?
യാഥാർത്ഥ്യത്തെപ്പറ്റി പറയാനുള്ള കേവല കഴിവല്ല ദൈവം ആവശ്യപ്പെടുന്നത്. അതു വളരെ എളുപ്പമായിരിക്കും, അല്ലേ? പിന്നെ എന്തുകൊണ്ടാണ് ദൈവം ജീവനിലേക്കു കടക്കുന്നതിനെ കുറിച്ച് പറയുന്നത്? എന്തിനാണ് പരിവർത്തനത്തെപ്പറ്റി സംസാരിക്കുന്നത്? യാഥാർത്ഥ്യത്തെ കുറിച്ച് പൊള്ളത്തരം സംസാരിക്കാൻ മാത്രമാണ് ആളുകൾ പ്രാപ്തരായിരിക്കുന്നതെങ്കിൽ, തങ്ങളുടെ സ്വഭാവത്തിനു പരിവർത്തനം വരുത്താൻ അവർക്കു കഴിയുമോ? രാജ്യത്തിന്റെ നല്ല പടയാളികൾ യാഥാർത്ഥ്യത്തെപ്പറ്റി സംസാരിക്കുകകയോ വീമ്പടിക്കുകയോ മാത്രം ചെയ്യുന്ന ഒരു കൂട്ടം ആളുകൾ ആയിരിക്കാനല്ല പരിശീലനം നേടുന്നത്; മറിച്ച്, അവർ എപ്പോഴും ദൈവവചനപ്രകാരം ജീവിക്കാൻ, എന്തൊക്കെ തിരിച്ചടികൾ നേരിട്ടാലും പിൻവാങ്ങാതെ നിലകൊള്ളാൻ, നിരന്തരം ദൈവവചനം പ്രായോഗികമാക്കാൻ, അതുപോലെ ലോകത്തിലേക്കു മടങ്ങാതിരിക്കാൻ പരിശീലിക്കപ്പെടുന്നു. ഈ യാഥാർത്ഥ്യത്തെപ്പറ്റിയാണ് ദൈവം സംസാരിക്കുന്നത്. ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നത് ഇതാണ്. അതിനാൽ ദൈവം സംസാരിക്കുന്ന യാഥാർത്ഥ്യം ലാഘവബുദ്ധിയോടെ കാണരുത്. പരിശുദ്ധാത്മാവിൽ നിന്നുള്ള കേവല പ്രബുദ്ധത യാഥാർത്ഥ്യം സ്വന്തമാക്കുന്നതിന് തുല്യമല്ല. അത് മാനുഷിക നിലയ്ക്ക് പ്രാപ്യമായതല്ല. അത് ദൈവകൃപയാണ്, അതിൽ മനുഷ്യന് ഒരു പങ്കുമില്ല. ഓരോരുത്തരും പത്രോസിന്റെ സഹനത്തിലൂടെ കടന്നുപോകണം; അതിലുപരി ദൈവവേല സ്വീകരിച്ചു കഴിയുമ്പോൾ അതുജീവിച്ചു കാണിച്ച് പത്രോസിന്റെ മഹത്വം സ്വന്തമാക്കണം. ഇതിനെ മാത്രമേ യാഥാർത്ഥ്യം എന്നു വിളിക്കാനാവൂ. യാഥാർഥ്യത്തെ കുറിച്ച് സംസാരിക്കാനറിയാം എന്നതുകൊണ്ട് അതു സ്വന്തമായെന്നു ധരിക്കരുത്; ആ ചിന്ത തെറ്റാണ്. അത്തരം ചിന്തകൾ ദൈവഹിതത്തിനു ചേർന്നതല്ല, അവയ്ക്ക് ഒട്ടും പ്രാധാന്യമില്ലതാനും. അത്തരം കാര്യങ്ങൾ ഭാവിയിൽ പറയരുത്. അത്തരം പറച്ചിലുകൾ അവസാനിപ്പിക്കുക! ദൈവവചനത്തെ തെറ്റായി മനസ്സിലാക്കുന്നവരെല്ലാം അവിശ്വാസികളാണ്. അവർക്ക് യഥാർത്ഥ അറിയില്ല. ഏതെങ്കിലും തരത്തിലുള്ള ഉന്നതിയും അവർക്കില്ല. യാഥാർത്ഥ്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത അജ്ഞരാണ് അവർ. മറ്റു വാക്കിൽ പറഞ്ഞാൽ, ദൈവവചനത്തിന്റെ അന്തഃസത്തക്കു പുറത്തുള്ളവരെല്ലാം അവിശ്വാസികളാണ്. ആളുകൾ അവിശ്വാസികളായി കാണുന്നവർ ദൈവത്തിന്റെ കണ്ണിൽ ജന്തുക്കളാണ്. ദൈവം അവിശ്വാസികളായി കാണുന്നവർ ദൈവവചനം സ്വജീവിതത്തിൽ ഇല്ലാത്തവരാണ്. അതുകൊണ്ട് ദൈവവചനത്തിന്റെ യാഥാർത്ഥ്യം സ്വന്തമാക്കാത്തവരും ദൈവവചനം പ്രയോഗത്തിൽ വരുത്താത്തവരും അവിശാസികളാണെന്നു പറയാം. ദൈവവചനത്തിന്റെ യാഥാർത്ഥ്യം അനുസരിച്ച് ജീവിക്കാൻ എല്ലാവരെയും ഇടയാക്കുക എന്നതാണ് ദൈവത്തിന്റെ ഉദ്ദേശ്യം. അത് എല്ലാവരും യാഥാർത്ഥ്യത്തെപ്പറ്റി കേവലം പറയുക എന്നതല്ല, മറിച്ച് അതിലുമപ്പുറം ദൈവവചനത്തിന്റെ യഥാർഥ്യം അനുസരിച്ച് ജീവിക്കാൻ ഏവരെയും പ്രാപ്തമാക്കുക എന്നതാണ് അത്. മനുഷ്യൻ മനസ്സിലാക്കുന്ന യാഥാർത്ഥ്യം തികച്ചും ഉപരിപ്ലവമാണ്. അതിന് മൂല്യമില്ലെന്നു മാത്രമല്ല, ദൈവഹിതം നിവർത്തിക്കാനുമാവില്ല. അത് ഒരു പരാമർശം പോലും അർഹിക്കാത്ത വിധം അത്ര താഴ്ന്നതാണ്; അതിനു വളരെ കുറവുകളുമുണ്ട്; ദൈവത്തിന്റെ വ്യവസ്ഥകളിൽനിന്ന് വളരെ താഴ്ന്നതാണത്. നിങ്ങളിൽ ആരാണ് വഴികാണിച്ചു കൊടുക്കാൻ കഴിയാതെ കേവലം അറിവിനെ കുറിച്ചു സംസാരിക്കാൻ അറിയാവുന്നവർ എന്നും നിങ്ങളിൽ ആരാണ് ഉപയോഗശൂന്യമായ ചവറ് എന്നും കാണാൻ ഓരോരുത്തരെയും സാരമായ സൂക്ഷ്മപരിശോധയ്ക്കു വിധേയമാക്കും. ഇപ്പോൾ മുതൽ ഇതോർത്തിരിക്കുക! പൊള്ളയായ അറിവിനെ കുറിച്ച് സംസാരിക്കരുത്. പ്രയോഗത്തിൽ വരുത്തുന്ന പാതയെക്കുറിച്ചും യാഥാർത്ഥ്യത്തെ കുറിച്ചും മാത്രം സംസാരിക്കുക. ശരിയായ അറിവിൽനിന്നും ശരിയായ പ്രവർത്തിയിലേക്കും പ്രവർത്തികളിൽനിന്നു യഥാർത്ഥ ജീവിതത്തിലേക്കും പരിവർത്തനം വരുത്തുക. മറ്റുള്ളവരോടു പ്രസംഗിക്കാതിരിക്കുക, യഥാർഥ അറിവിനെ കുറിച്ചു സംസാരിക്കാതിരിക്കുക. നിന്റെ അറിവ് ഒരു പാതയാണെങ്കിൽ, നിന്റെ വാക്കുകൾ അതിൽ സ്വതന്ത്രമായി വിഹരിക്കട്ടെ. അത് അങ്ങനെയല്ലെങ്കിൽ ദയവായി വായടച്ചു മിണ്ടാതിരിക്കുക. നീ പറയുന്നത് പാഴാണ്. ദൈവത്തെ കബളിപ്പിക്കാനും മറ്റുള്ളവരെ അസൂയപ്പെടുത്താനും നീ നിന്റെ അറിവിനെ കുറിച്ചു സംസാരിക്കുന്നു. നിന്റെ ആഗ്രഹവും അതല്ലേ? നീ മനഃപൂർവ്വം മറ്റുള്ളവരെ കളിപ്പിക്കുകയല്ലേ? ഇതിൽ എന്തെങ്കിലും മൂല്യമുണ്ടോ? നിന്റെ അറിവ് നിന്റെ അനുഭവത്തിൽ നിന്നുള്ളത് ആണെങ്കിൽ നിന്റെ സംസാരത്തെ ആരും പൊങ്ങച്ചമായി കരുതില്ല. അല്ലാത്തപക്ഷം ഗർവ്വിന്റെ വാക്കുകൾ തുപ്പുന്നവനായിരിക്കും നീ. നിന്റെ യഥാർത്ഥ അനുഭവത്തിലെ ഒട്ടനവധി കാര്യങ്ങളില്‍ നിനക്ക് അതിജീവിക്കാൻ പറ്റാത്തവ ഉണ്ടാകാം; നിനക്ക് സ്വന്തം ശരീരത്തോട് കലഹിക്കാൻ കഴിയുകയില്ലല്ലോ. ചെയ്യാൻ തോന്നുന്നതൊക്കെ നീ എപ്പോഴും ചെയ്യുന്നു; ഒരിക്കലും ദൈവഹിതം തൃപ്തിപ്പെടുത്തുന്നില്ല. എന്നിട്ടും സൈദ്ധാന്തിക വിവരങ്ങൾ സംസാരിക്കാൻ നീ ധൈര്യപ്പെടുന്നു! നീ എത്ര നിർലജ്ജനാണ്! ദൈവവചനത്തെപ്പറ്റിയുള്ള നിന്റെ അറിവിനെ കുറിച്ചു സംസാരിക്കാൻ നീ ഇപ്പോഴും ധൈര്യപ്പെടുന്നു! എത്രയോ ലജ്ജയില്ലാത്തവനാണ് നീ?പ്രസംഗിക്കുന്നതും വീമ്പുപറയുന്നതും നിന്റെ സ്വഭാവമായി മാറിയിരിക്കുന്നു. അതു നിന്റെ ശീലമായിരിക്കുന്നു. നിന്റെ സംസാരം എപ്പോഴും സുഗമമാണ്. എന്നാൽ അത് പ്രാവർത്തികമാക്കേണ്ടി വരുമ്പോൾ നീ ചമഞ്ഞുനടക്കുന്നതിൽ മുഴുകുന്നു. ഇതുകൊണ്ട് നീ മറ്റുള്ളവരെ വിഡ്ഡികളാക്കുകയല്ലേ ചെയ്യുന്നത്? നിനക്ക് മനുഷ്യരെ കബളിപ്പിക്കാനായേക്കും, പക്ഷേ ദൈവത്തെ ഒരിക്കലും പറ്റിക്കാനാവില്ല. മനുഷ്യന് അറിവോ വിവേകമോ ഇല്ല. എന്നാൽ ദൈവം അത്തരം കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നു, അവൻ നിന്നെ വെറുതെ വിടുകയില്ല. നിന്റെ സഹോദരങ്ങൾ നിനക്കു വേണ്ടി വാദിച്ചേക്കാം, നിന്നെ പ്രശംസിക്കുകയോ ബഹുമാനിക്കുകയോ ചെയ്തേക്കാം, പക്ഷേ നിനക്കു യാഥാർത്ഥ്യം ഇല്ലാത്തപക്ഷം പരിശുദ്ധാത്മാവ് നിന്നെ വെറുതെ വിടില്ല. ഒരുപക്ഷേ പ്രായോഗിക ദൈവം നിന്റെ കുറ്റങ്ങൾ അന്വേഷിക്കില്ല. പക്ഷേ ദൈവാത്മാവ് നിന്നെ അവഗണിക്കും. അതു നിനക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. നീ ഇതു വിശ്വസിക്കുന്നുവോ?പ്രാവർത്തികമാക്കുകയെന്ന യാഥാർത്ഥ്യത്തെപ്പറ്റി കൂടുതൽ സംസാരിക്കുക, നീ അത് ഇപ്പോൾതന്നെ മറന്നോ?പ്രായോഗിക വഴികളെപ്പറ്റി കൂടുതൽ സംസാരിക്കുക, നീയതും ഇപ്പോൾതന്നെ മറന്നോ? ഉന്നത സിദ്ധാന്തങ്ങളും ഊതിപ്പെരുപ്പിച്ച മൂല്യമില്ലാത്ത സംസാരവും വളരെ കുറയ്ക്കുക; ഇപ്പോൾതന്നെ പ്രാവർത്തികമാക്കാൻ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്.” നീ ഈ വാക്കുകൾ മറന്നോ? നിനക്കൊട്ടും മനസ്സിലാകുന്നില്ലേ? ദൈവഹിതം സംബന്ധിച്ച് നിനക്ക് ഒട്ടും അറിവില്ലേ?