പ്രായോഗികദൈവം ദൈവം തന്നെ എന്നു നീ അറിയണം

പ്രായോഗികദൈവത്തെക്കുറിച്ച് എന്താണ് നീ അറിഞ്ഞിരിക്കേണ്ടത്? ആത്മാവ്, വ്യക്തി, വചനം എന്നിവയാണ് പ്രായോഗികദൈവം തന്നെയായവനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ഇതാണ് പ്രായോഗികദൈവം തന്നെയായവന്‍ എന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം. നീ മനുഷ്യനായ ദൈവത്തെ—അവന്‍റെ സ്വഭാവങ്ങളും വ്യക്തിത്വവും—മാത്രമേ അറിയുകയുള്ളൂ, എന്നാല്‍ ആത്മാവിന്‍റെ പ്രവര്‍ത്തനങ്ങളോ ആത്മാവ് ശരീരത്തില്‍ എന്താണ് പ്രവര്‍ത്തിക്കുന്നതെന്നോ അറിയില്ല എങ്കില്‍, അഥവാ നിങ്ങള്‍ ആത്മാവിനു മാത്രമേ പ്രാധാന്യം കൊടുക്കുന്നുള്ളൂ എങ്കില്‍, അല്ലെങ്കില്‍ വചനത്തിനു മാത്രമേ പ്രാധാന്യം കൊടുക്കുന്നുള്ളൂ എങ്കില്‍, ആത്മാവിനോട് മാത്രം പ്രാര്‍ത്ഥിക്കുകയും എന്നാല്‍ പ്രായോഗികദൈവത്തില്‍ ഉള്ള ദൈവാത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ അറിയില്ല എങ്കില്‍, ഇത് തെളിയിക്കുന്നത് പ്രായോഗികദൈവത്തെ നീ അറിയില്ല എന്നാണ്. പ്രായോഗികദൈവത്തെക്കുറിച്ചുള്ള അറിവ് എന്നതില്‍ അവിടുത്തെ വചനങ്ങള്‍ അറിയുകയും അനുഭവിക്കുകയും ചെയ്യുക, പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയുടെ ചട്ടങ്ങളും തത്വങ്ങളും അറിയുക, അതുപോലെ ദൈവത്തിന്‍റെ ആത്മാവ് ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് മനസ്സിലാക്കുക എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു. കൂടാതെ, ശരീരത്തിലുള്ള ദൈവത്തിന്‍റെ ഓരോ പ്രവൃത്തിയും ആത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്നു എന്നും, അവിടുന്ന് അരുളിച്ചെയ്യുന്ന വചനങ്ങള്‍ ആത്മാവിന്‍റെ നേര്‍പ്രകാശനമാണ് എന്നും അറിയുന്നതും ഈ അറിവിന്‍റെ ഭാഗമാണ്. അങ്ങനെ, പ്രായോഗികദൈവത്തെ അറിയുവാന്‍ ദൈവം എങ്ങനെയാണ് മനുഷ്യത്വത്തിലും ദൈവത്വത്തിലും പ്രവര്‍ത്തിക്കുന്നത് എന്നറിയുന്നത് പരമപ്രധാനമാണ്. ഇതാകട്ടെ, എല്ലാ ജനങ്ങളും ഇടപെടുന്ന ആത്മാവിന്‍റെ പ്രകാശനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആത്മാവിന്‍റെ പ്രകാശനത്തിന്‍റെ വിവിധ വശങ്ങള്‍ എന്തെല്ലാമാണ്? ചിലപ്പോള്‍ ദൈവം മനുഷ്യത്വത്തില്‍ പ്രവര്‍ത്തിക്കുന്നു, ചിലപ്പോഴാകട്ടെ ദൈവത്വത്തിലും—എന്നാല്‍ രണ്ടായാലും ആത്മാവാണ് നിയന്ത്രിക്കുന്നത്. ആളുകള്‍ക്കുള്ളില്‍ ഏതാത്മാവാണോ ഉള്ളത് അതിനനുസരിച്ചായിരിക്കും അവരുടെ ബാഹ്യപ്രകടനവും. ആത്മാവ് സാധാരണ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ദൈവം ആത്മാവിനാല്‍ നയിക്കപ്പെടുന്നതിന് രണ്ടുവശങ്ങള്‍ ഉണ്ട്: ഒരു വശം മനുഷ്യത്വത്തിലുള്ള അവിടുത്തെ പ്രവൃത്തിയാണ്. മറുവശമാകട്ടെ, ദൈവത്വത്തിലുള്ള അവിടുത്തെ പ്രവൃത്തിയും. ഇതു നീ വ്യക്തമായി അറിയണം. ആത്മാവിന്‍റെ പ്രവര്‍ത്തനം സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു: ദൈവത്തിന്‍റെ മാനുഷികപ്രവൃത്തി ആവശ്യമാകുമ്പോള്‍ ആത്മാവ് ഈ മാനുഷികപ്രവൃത്തി നിയന്ത്രിക്കുന്നു. അവിടുത്തെ ദൈവീകപ്രവര്‍ത്തനം ആവശ്യമായി വരുമ്പോഴാകട്ടെ അതുനിര്‍വഹിക്കുവാനായി ദൈവത്വം നേരിട്ടു പ്രത്യക്ഷമാകുന്നു. ദൈവം ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും ശരീരത്തില്‍ പ്രത്യക്ഷമാകുകയും ചെയ്യുന്നതുകൊണ്ട് അവിടുന്ന് മനുഷ്യത്വത്തിലും ദൈവത്വത്തിലും പ്രവര്‍ത്തിക്കുന്നു. മനുഷ്യത്വത്തിലുള്ള അവിടുത്തെ പ്രവൃത്തി ആത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്നതും ആളുകളുടെ ശാരീരികമായ ആവശ്യങ്ങളെ നിവര്‍ത്തിക്കാനായി നിര്‍വഹിക്കപ്പെടുന്നതുമാണ്. അത് അവര്‍ക്കു ദൈവവുമായുള്ള ഇടപെടല്‍ സാധ്യമാക്കുന്നതും, അവര്‍ ദൈവത്തിന്‍റെ യാഥാര്‍ത്ഥ്യവും സാധാരണത്വവും കണ്ടുമനസ്സിലാക്കുന്നതും ലക്ഷ്യം വച്ചുള്ളതാണ്. ദൈവത്തിന്‍റെ ആത്മാവ് ശരീരത്തില്‍ വന്നുവെന്നും, മനുഷ്യര്‍ക്കിടയിലുണ്ടെന്നും, മനുഷ്യരൊത്തു വസിക്കുന്നുവെന്നും, മനുഷ്യരുമായി ഇടപെടുന്നുവെന്നും അറിയുവാന്‍ മനുഷ്യനെ അനുവദിക്കുന്നതിനും വേണ്ടി കൂടിയാണ് അത്. ദൈവത്വത്തിലുള്ള അവിടുത്തെ പ്രവൃത്തി ആളുകള്‍ക്ക് ജീവിതം സാധ്യമാക്കുന്നതിനും, ഒരു പ്രസാദാത്മകകോണില്‍ നിന്നും എല്ലാ കാര്യങ്ങളിലും അവരെ നയിക്കുന്നതിനും, ആളുകളുടെ പ്രകൃതത്തില്‍ മാറ്റം വരുത്തുന്നതിനും, ശരീരത്തിലുള്ള ആത്മാവിന്‍റെ പ്രത്യക്ഷം അവര്‍ യഥാര്‍ത്ഥത്തില്‍ ദര്‍ശിക്കുന്നതിനും വേണ്ടിയുള്ളതാണ്. പ്രധാനമായും മനുഷ്യന്‍ നേരിട്ട് ജീവിതപുരോഗതി നേടുന്നത് ദൈവത്തിന്‍റെ പ്രവൃത്തിയിലൂടെയും ദൈവത്വത്തിന്‍റെ വചനങ്ങളിലൂടെയും വചനങ്ങളിലൂടെയും ആണ്. ദൈവത്വത്തിലുള്ള ദൈവത്തിന്‍റെ പ്രവൃത്തികളെ മനുഷ്യര്‍ സ്വീകരിച്ചാല്‍ മാത്രമേ തങ്ങളുടെ പ്രകൃതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ അവര്‍ക്ക് ആത്മാവില്‍ സംതൃപ്തരാകാന്‍ സാധിക്കുകയുള്ളൂ. ഇതിനോടുകൂടെ മനുഷ്യത്വത്തിലുള്ള പ്രവൃത്തി—ദൈവത്തിന്‍റെ നയിക്കല്‍, സഹായം, മനുഷ്യത്വത്തില്‍ ഉള്ള ദാനം—എന്നിവ ഉണ്ടെങ്കില്‍ മാത്രമേ ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഫലങ്ങള്‍ പൂര്‍ണമായി നേടുവാന്‍ സാധിക്കുകയുള്ളൂ. ഇന്ന് നാം ആരെപ്പറ്റി സംസാരിക്കുന്നുവോ, ആ പ്രായോഗികദൈവം തന്നെയായവന്‍, മനുഷ്യത്വത്തിലും ദൈവത്വത്തിലും പ്രവര്‍ത്തിക്കുന്നു. പ്രായോഗികദൈവമായി പ്രത്യക്ഷപ്പെടുന്നതിലൂടെ തന്‍റെ സാധാരണ മാനുഷികപ്രവൃത്തിയും ജീവിതവും, ഒപ്പം തന്‍റെ പൂര്‍ണമായ ദൈവീകപ്രവൃത്തിയും നടപ്പിലാക്കുവാന്‍ അവിടുത്തേക്ക് സാധിക്കുന്നു. അവിടുത്തെ ദൈവത്വവും മനുഷ്യത്വവും ഒന്നായി ചേര്‍ന്നിരിക്കുന്നു. എന്നാല്‍ രണ്ടിലുമുള്ള അവിടുത്തെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നത് വചനങ്ങളിലൂടെയാണ്; മനുഷ്യത്വത്തിലായാലും ദൈവത്വത്തിലായാലും അവിടുന്ന് വചനങ്ങള്‍ അരുളിച്ചെയ്യുന്നു. മനുഷ്യത്വത്തിന്‍റെ പ്രവൃത്തി ചെയ്യുമ്പോള്‍ മനുഷ്യര്‍ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതിന് അവിടുന്ന് മനുഷ്യത്വത്തിന്‍റെ ഭാഷ സംസാരിക്കുന്നു. അവിടുത്തെ വചനങ്ങള്‍ വ്യക്തവും മനസ്സിലാക്കാന്‍ എളുപ്പമുള്ളവയുമാണ്. അതിനാല്‍ അവ എല്ലാ ജനങ്ങള്‍ക്കും ഗ്രഹിക്കുവാനാകും. അവര്‍ അറിവുള്ളവരായാലും വിദ്യാഭ്യാസം കുറവുള്ളവരായാലും അവര്‍ക്കെല്ലാവര്‍ക്കും ദൈവത്തിന്‍റെ വചനങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കും. ദൈവത്വത്തിലുള്ള ദൈവത്തിന്‍റെ പ്രവൃത്തിയും വചനങ്ങളിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. അതേസമയം അവ കരുതല്‍ നിറഞ്ഞതും, ജീവന്‍ നിറഞ്ഞതും, മനുഷ്യന്‍റെ ആശയങ്ങളാല്‍ കളങ്കപ്പെടാത്തതും, മനുഷ്യന്‍റെ താല്‍പര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്തതും മാനുഷികപരിമിതികളില്ലാത്തതും, ഏതു സാധാരണ മനുഷ്യത്വത്തിന്‍റെയും പരിധികള്‍ക്ക് അപ്പുറമായതുമാണ്; ശരീരത്താലാണ് നിര്‍വഹിക്കപ്പെടുന്നതെങ്കിലും ആത്മാവിന്‍റെ നേരിട്ടുള്ള പ്രകാശനമാണവ. ദൈവത്തിന്‍റെ മനുഷ്യത്വത്തിലുള്ള പ്രവൃത്തി മാത്രമേ മനുഷ്യര്‍ സ്വീകരിക്കുന്നുള്ളൂ എങ്കില്‍ ഒരു പ്രത്യേക പരിധിക്കുള്ളില്‍ അവര്‍ ഒതുങ്ങുകയും അങ്ങനെ വരുമ്പോള്‍ അവരില്‍ ഒരു ചെറിയ മാറ്റം വരുത്തുവാന്‍ പോലും നിരന്തരമായ ഇടപെടലും വെട്ടിയൊതുക്കലും അച്ചടക്കവും ആവശ്യമായി വരികയും ചെയ്യും. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമോ സാന്നിധ്യമോ ഇല്ലാതെ അവര്‍ എപ്പോഴും അവരുടെ പഴയ വഴികളെ ആശ്രയിച്ചുകൊണ്ടിരിക്കും. ദൈവത്വത്തിന്‍റെ പ്രവൃത്തിയിലൂടെ മാത്രമേ ഈ പ്രശ്നങ്ങളും പോരായ്മകളും പരിഹരിക്കുവാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ മനുഷ്യര്‍ പൂര്‍ണരാക്കപ്പെടുകയുള്ളൂ. നിരന്തരമായ ഇടപെടലുകള്‍ക്കും വെട്ടിയൊതുക്കലുകള്‍ക്കും പകരം ആവശ്യമായിട്ടുള്ളത് ശുഭകരമായ ദാനം, എല്ലാ പോരായ്മകളെയും പരിഹരിക്കുന്നതിന് വചനങ്ങള്‍ ഉപയോഗിക്കുക, ആളുകളുടെ എല്ലാ അവസ്ഥയും വെളിവാക്കുന്നതിന് വചനങ്ങള്‍ ഉപയോഗിക്കുക, അവരുടെ ജീവിതങ്ങളും അവരുടെ ഓരോ വാക്കുകളും അവരുടെ ഓരോ പ്രവൃത്തികളും നയിക്കുന്നതിനും അവരുടെ ഉദ്ദേശ്യങ്ങളും പ്രചോദനങ്ങളും വെളിവാക്കുന്നതിനും വേണ്ടി വചനങ്ങള്‍ ഉപയോഗിക്കുക എന്നതെല്ലാമാണ്. ഇതാണ് പ്രായോഗികദൈവത്തിന്‍റെ യഥാര്‍ത്ഥപ്രവൃത്തി. അങ്ങനെ പ്രായോഗികദൈവത്തോടുള്ള നിന്‍റെ മനോഭാവത്തില്‍, അവിടുത്തെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് അവിടുത്തെ മനുഷ്യത്വത്തിന് മുന്‍പില്‍ നീ പൂര്‍ണമായി സമര്‍പ്പിക്കണം. അതിലുപരി അവിടുത്തെ ദൈവീകപ്രവൃത്തിയേയും വചനങ്ങളേയും സ്വീകരിക്കുകയും അനുസരിക്കുകയും വേണം. ദൈവത്തിന്‍റെ ശരീരത്തിലുള്ള പ്രത്യക്ഷമാകല്‍ അര്‍ത്ഥമാക്കുന്നത് ദൈവാത്മാവിന്‍റെ എല്ലാ പ്രവൃത്തിയും വചനങ്ങളും അവിടുത്തെ സാധാരണ മനുഷ്യത്വത്തിലൂടെയും അവിടുത്തെ അവതാരം ചെയ്ത ശരീരത്തിലൂടെയുമാണ് നടപ്പിലാക്കപ്പെടുന്നത് എന്നാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ദൈവത്തിന്‍റെ ആത്മാവ് അവിടുത്തെ മാനുഷികപ്രവൃത്തിയെ നിയന്ത്രിക്കുകയും ശരീരത്തിലുള്ള ദൈവത്തിന്‍റെ പ്രവൃത്തി നടപ്പിലാക്കുകയും ചെയ്യുന്നു. കൂടാതെ, ദൈവാവതാരത്തില്‍ നിനക്കു ദൈവത്തിന്‍റെ മനുഷ്യത്വത്തിലുള്ള പ്രവൃത്തിയും അവിടുത്തെ മുഴുവന്‍ ദൈവികപ്രവൃത്തിയും കാണുവാന്‍ സാധിക്കും. ഇതാണ് പ്രായോഗികദൈവത്തിന്‍റെ ശരീരത്തിലുള്ള പ്രത്യക്ഷത്തിന്‍റെ യഥാര്‍ത്ഥ പ്രാധാന്യം. ഇതു നിനക്ക് വ്യക്തമായി കാണുവാന്‍ സാധിക്കുമെങ്കില്‍ ദൈവത്തിന്‍റെ എല്ലാ വശങ്ങളേയും പരസ്പരം ബന്ധിപ്പിക്കാന്‍ നിനക്കു സാധിക്കും. നീ ദൈവത്വത്തിലുള്ള അവിടുത്തെ പ്രവൃത്തിക്ക് അമിതപ്രാധാന്യം നല്‍കുന്നത് ഒഴിവാക്കുകയും മനുഷ്യത്വത്തിലുള്ള അവിടുത്തെ പ്രവൃത്തിയെ അമിതമായ നിഷേധാത്മകതയോടെ നോക്കിക്കാണുന്നത് അവസാനിപ്പിക്കുകയും ചെയ്യും. നീ തീവ്രമായ അഭിപ്രായങ്ങളിലേക്ക് പോകുകയോ വഴിതെറ്റി പോകുകയോ ഇല്ല. മൊത്തമായി പറഞ്ഞാല്‍, പ്രായോഗികദൈവം എന്നതിന്‍റെ അര്‍ത്ഥം എന്തെന്നാല്‍ ആത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവത്തിന്‍റെ മനുഷ്യത്വത്തിന്‍റേയും അവിടുത്തെ ദൈവത്വത്തിന്‍റേയും പ്രവൃത്തി, അവിടുത്തെ ശരീരത്തിലൂടെ പ്രകാശിപ്പിക്കപ്പെടുന്നു എന്നതാണ്. അവിടുന്നു സജീവനും ജീവനുള്ളവനും യഥാര്‍ത്ഥമായവനും സത്യമായവനുമാണെന്ന് മനുഷ്യര്‍ കാണുവാന്‍ വേണ്ടിയാണ് ഇത്.

മനുഷ്യത്വത്തിലുള്ള ദൈവാത്മാവിന്‍റെ പ്രവൃത്തിക്ക് പരിവര്‍ത്തനഘട്ടങ്ങളുണ്ട്. മനുഷ്യത്വത്തെ പൂര്‍ണതയില്‍ എത്തിക്കുന്നതിലൂടെ അവിടുന്ന് തന്‍റെ മനുഷ്യത്വത്തെ ആത്മാവിന്‍റെ മാര്‍ഗദര്‍ശനം സ്വീകരിക്കാന്‍ പ്രാപ്തമാക്കുന്നു. അതിനു ശേഷം അവിടുത്തെ മനുഷ്യത്വത്തിന് സഭകളെ പോഷിപ്പിക്കുവാനും നയിക്കുവാനും സാധിക്കുന്നു. ഇത് ദൈവത്തിന്‍റെ സാധാരണ പ്രവൃത്തിയുടെ ഒരു പ്രകാശനമാണ്. അങ്ങനെ ദൈവത്തിന്‍റെ മനുഷ്യത്വത്തിലുള്ള പ്രവൃത്തിയുടെ പ്രമാണങ്ങള്‍ വ്യക്തമായി കാണുവാന്‍ നിനക്കു കഴിയുന്നുണ്ടെങ്കില്‍, അവിടുത്തെ മനുഷ്യത്വത്തിലുള്ള പ്രവൃത്തിയെപ്പറ്റി നീ തെറ്റായ ധാരണകള്‍ വച്ചുപുലര്‍ത്താന്‍ സാധ്യത വളരെ കുറവായിരിക്കും. മറ്റെന്തെല്ലാമായാലും, ദൈവത്തിന്‍റെ ആത്മാവിന് തെറ്റുപറ്റുക സാധ്യമല്ല. അവിടുന്ന് ശരിയായവനും പിഴകളില്ലാത്തവനുമാണ്; അവിടുന്ന് ഒന്നും തെറ്റായി ചെയ്യുന്നില്ല. ദൈവത്തിന്‍റെ പ്രവൃത്തി മനുഷ്യത്വത്തിന്‍റെ ഇടപെടല്‍ ഇല്ലാതെയുള്ള ദൈവഹിതത്തിന്‍റെ നേരിട്ടുള്ള പ്രകാശനമാണ്. അത് പരിപൂര്‍ണതക്കു വിധേയമാകുന്നില്ലെങ്കിലും ആത്മാവില്‍ നിന്ന് നേരിട്ടു വരുന്നതാണ്. എന്നിരുന്നാലും, അവിടുത്തെ സാധാരണ മനുഷ്യത്വമാണ് അവിടുത്തേക്ക് ദൈവത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്ന വസ്തുതയുടെ കാരണം. ആ മനുഷ്യത്വം അമാനുഷമല്ല. ഒരു സാധാരണ വ്യക്തിയാല്‍ നിര്‍വഹിക്കപ്പെടുന്നത് പോലെയാണ് അത് ദൃശ്യമാകുന്നത്. ശരീരത്തിലൂടെ ദൈവത്തിന്‍റെ വചനം പ്രകാശിപ്പിക്കുന്നതിനും ശരീരം വഴി ദൈവാത്മാവിന്‍റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനും വേണ്ടിയാണ് പ്രധാനമായും ദൈവം സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് വന്നത്.

ഇന്ന്, പ്രായോഗികദൈവത്തെക്കുറിച്ചുള്ള ആളുകളുടെ അറിവ് വളരെ ഏകപക്ഷീയമായി അവശേഷിക്കുന്നു. കൂടാതെ, അവതാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവരുടെ ബോധ്യവും ഇപ്പോഴും വളരെ പരിമിതമാണ്. ദൈവത്തിന്‍റെ ശരീരത്തിലൂടെ ആളുകള്‍ക്ക് അവിടുത്തെ പ്രവൃത്തികളും വചനങ്ങളും മനസിലാക്കുവാനും, ദൈവാത്മാവില്‍ ഇത്രയധികം കാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നും അവിടുന്ന് വളരെ സമ്പന്നനാണ് എന്നും മനസ്സിലാക്കുവാനും സാധിക്കുന്നു. എന്തുതന്നെയായാലും, ദൈവം ശരീരത്തില്‍ എന്താണ് ചെയ്യുന്നത്, എന്തെല്ലാം തത്വങ്ങള്‍ അനുസരിച്ചാണ് അവിടുന്ന് പ്രവര്‍ത്തിക്കുന്നത്, എന്താണ് അവിടുന്ന് മനുഷ്യത്വത്തില്‍ ചെയ്യുന്നത്, എന്താണ് അവിടുന്ന് ദൈവത്വത്തില്‍ ചെയ്യുന്നത് എന്നതിനെയെല്ലാം പറ്റിയുള്ള ദൈവത്തിന്‍റെ സാക്ഷ്യം ആത്യന്തികമായി വരുന്നത് ദൈവാത്മാവില്‍ നിന്നാണ്. ഇതിനെക്കുറിച്ച് ആളുകള്‍ക്ക് അറിവുണ്ടായിരിക്കണം. ഇന്ന് നിനക്ക് ഈ വ്യക്തിയെ ആരാധിക്കുവാന്‍ സാധിക്കുന്നു. അതേസമയം സത്തയില്‍ നീ ആരാധിക്കുന്നത് ആത്മാവിനെയാണ്; ആളുകള്‍ ദൈവാവതാരത്തെക്കുറിച്ച് നേടിയിരിക്കേണ്ട ഏറ്റവും കുറഞ്ഞ അറിവാണിത്: ശരീരത്തിലൂടെ ആത്മാവിന്‍റെ സത്തയെ അറിയുക, ശരീരത്തിലുള്ള ആത്മാവിന്‍റെ ദൈവീകപ്രവര്‍ത്തനവും മാനുഷികപ്രവര്‍ത്തനവും അറിയുക, ശരീരത്തിലുള്ള ആത്മാവിന്‍റെ എല്ലാ അരുളപ്പാടുകളും വചനങ്ങളും സ്വീകരിക്കുക, ദൈവാത്മാവ് ശരീരത്തെ നയിക്കുന്നതും ശരീരത്തില്‍ അവിടുത്തെ അധികാരം പ്രകടമാക്കുന്നതും എങ്ങനെയെന്നു കാണുക ഇതെല്ലാം ഈ അറിവില്‍ ഉള്‍പ്പെട്ടിരിക്കുന്നു. എന്നുപറഞ്ഞാല്‍ മനുഷ്യന്‍ സ്വര്‍ഗത്തിലെ ആത്മാവിനെക്കുറിച്ചറിയുന്നത് ശരീരം വഴിയാണ്. മനുഷ്യര്‍ക്കിടയില്‍ പ്രായോഗികദൈവം തന്നെയായവന്‍റെ പ്രത്യക്ഷപ്പെടല്‍ ആളുകളുടെ ധാരണകളില്‍ ഉണ്ടായിരുന്ന അവ്യക്തനായ ദൈവത്തെ ഇല്ലാതാക്കിയിട്ടുണ്ട്. പ്രായോഗികദൈവം തന്നെയായവനെ ആരാധിക്കുക വഴി ആളുകള്‍ക്ക് ദൈവത്തോടുള്ള അനുസരണം കൂടിയിട്ടുണ്ട്. കൂടാതെ ദൈവാത്മാവിന്‍റെ ശരീരത്തിലുള്ള ദൈവീകപ്രവൃത്തി വഴിയും ശരീരത്തിലുള്ള മാനുഷികപ്രവൃത്തി വഴിയും മനുഷ്യന്‍ വെളിപാടുകള്‍ സ്വീകരിക്കുകയും നയിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യന്‍റെ ജീവിതപ്രകൃതത്തിന് മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇതാണ് ആത്മാവിന്‍റെ ശരീരത്തിലുള്ള എഴുന്നള്ളിവരവിൻറെ ശരിയായ അര്‍ത്ഥം. മനുഷ്യരെ ദൈവവുമായി ഇടപെടുത്തുകയും, അവര്‍ ദൈവത്തില്‍ ആശ്രയിക്കാനും ദൈവത്തെക്കുറിച്ചുള്ള അറിവില്‍ എത്തിച്ചേരുവാനും ഇടയാക്കുകയും ചെയ്യുക എന്നതാണ് അതിന്‍റെ പ്രാഥമികലക്ഷ്യം.

പ്രധാനമായും പ്രായോഗികദൈവത്തോട് ആളുകള്‍ക്കുണ്ടായിരിക്കേണ്ട മനോഭാവം എന്താണ്? അവതാരത്തെക്കുറിച്ച്, ശരീരത്തിലുള്ള വചനത്തിന്‍റെ പ്രത്യക്ഷമാകലിനെക്കുറിച്ച്, ദൈവത്തിന്‍റെ ശരീരത്തിലുള്ള പ്രത്യക്ഷമാകലിനെക്കുറിച്ച്, പ്രായോഗികദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിനക്ക് എന്താണ് അറിയുന്നത്? ഇന്നത്തെ ചര്‍ച്ചയുടെ പ്രധാനവിഷയങ്ങള്‍ ഏതെല്ലാമാണ്? അവതാരം, ശരീരത്തിലുള്ള വചനത്തിന്‍റെ എഴുന്നള്ളിവരല്‍, ശരീരത്തിലുള്ള ദൈവത്തിന്‍റെ പ്രത്യക്ഷമാകല്‍, എന്നിവയെല്ലാം മനസ്സിലാക്കപ്പെടേണ്ട സംഗതികളാണ്. നിങ്ങള്‍ പതുക്കെപ്പതുക്കെ ഈ വിഷയങ്ങള്‍ മനസ്സിലാക്കുകയും, നിങ്ങള്‍ ആയിരിക്കുന്ന യുഗത്തിന്‍റേയും നിങ്ങളുടെ അവസ്ഥയുടെയും അടിസ്ഥാനത്തില്‍ ഇവയെപ്പറ്റി വ്യക്തമായ അറിവ് ഉണ്ടാക്കിയെടുക്കുകയും വേണം. ആളുകള്‍ ദൈവത്തിന്‍റെ വചനങ്ങള്‍ അനുഭവിച്ചറിയുന്ന പ്രക്രിയ, ദൈവത്തിന്‍റെ വചനം ശരീരത്തില്‍ പ്രത്യക്ഷമാകുന്നത് അറിയുന്ന പ്രക്രിയ തന്നെയാണ്. മനുഷ്യര്‍ എത്രമാത്രം ദൈവത്തിന്‍റെ വചനങ്ങള്‍ അനുഭവിച്ചറിയുന്നുവോ, അത്രമാത്രം ദൈവത്തിന്‍റെ ആത്മാവിനെ അവര്‍ അറിയുന്നു. ദൈവത്തിന്‍റെ വചനങ്ങള്‍ അനുഭവിച്ചറിയുന്നതിലൂടെ മനുഷ്യര്‍ ആത്മാവിന്‍റെ പ്രവൃത്തിയുടെ തത്വങ്ങള്‍ ഗ്രഹിക്കുകയും അങ്ങനെ പ്രായോഗികദൈവം തന്നെയായവനെ അറിയുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ദൈവം മനുഷ്യരെ പൂര്‍ണരാക്കുകയും അവരെ നേടുകയും ചെയ്യുമ്പോള്‍ പ്രായോഗികദൈവത്തിന്‍റെ പ്രവൃത്തികളെക്കുറിച്ചറിയാന്‍ അവിടുന്ന് അവരെ അനുവദിക്കുകയാണ് ചെയ്യുന്നത്. അവതാരത്തിന്‍റെ യഥാര്‍ത്ഥപ്രാധാന്യവും, ദൈവത്തിന്‍റെ ആത്മാവ് യഥാര്‍ത്ഥത്തില്‍ മനുഷ്യര്‍ക്കുമുന്‍പില്‍ പ്രത്യക്ഷപ്പെട്ടു എന്നും ആളുകള്‍ക്ക് വ്യക്തമാക്കികൊടുക്കാന്‍ പ്രായോഗികദൈവത്തിന്‍റെ പ്രവര്‍ത്തനം അവിടുന്ന് ഉപയോഗിക്കുകയാണ്. ആളുകള്‍ ദൈവത്താല്‍ നേടപ്പെടുകയും പരിപൂര്‍ണരാക്കപ്പെടുകയും ചെയ്യുമ്പോള്‍ പ്രായോഗികദൈവത്തിന്‍റെ പ്രകാശനങ്ങള്‍ അവരെ കീഴ്പ്പെടുത്തുന്നു; പ്രായോഗികദൈവത്തിന്‍റെ വചനങ്ങള്‍ അവരെ മാറ്റുകയും അവിടുന്ന് എന്താണോ അത് അവരില്‍ നിറച്ചുകൊണ്ട് (അവിടുന്ന് തന്‍റെ മനുഷ്യത്വത്തില്‍ എന്താണോ അത്, അല്ലെങ്കില്‍ ദൈവത്വത്തില്‍ എന്താണോ അത്), അവിടുത്തെ വചനങ്ങളുടെ സത്ത അവരില്‍ നിറച്ചുകൊണ്ട്, തന്‍റെ വചനങ്ങള്‍ അവരുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് അവിടുത്തെ ജീവന്‍ അവരില്‍ സന്നിവേശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ദൈവം ആളുകളെ നേടുമ്പോള്‍ അവിടുന്ന് അത് പ്രധാനമായും പ്രാവര്‍ത്തികമാക്കുന്നത് പ്രായോഗികദൈവത്തിന്‍റെ വചനങ്ങളും അരുളപ്പാടുകളും ഉപയോഗിച്ചാണ്. ഇത് ആളുകളുടെ പോരായ്മകള്‍ പരിഹരിക്കുവാനും, അവരുടെ അനുസരണയില്ലാത്ത പ്രകൃതത്തെ വിധിക്കുവാനും വെളിവാക്കുവാനും, അവര്‍ക്കവശ്യമുള്ളത് നേടുന്നതിന് കാരണമാകുവാനും, ദൈവം മനുഷ്യര്‍ക്കിടയില്‍ എഴുന്നള്ളിവന്നിരിക്കുന്നു എന്നവര്‍ക്ക് കാണിച്ചുകൊടുക്കുവാനും വേണ്ടിയാണ്. എല്ലാറ്റിലും പ്രധാനമായി, പ്രായോഗികദൈവം ചെയ്യുന്ന പ്രവൃത്തി എല്ലാ മനുഷ്യരേയും സാത്താന്‍റെ സ്വാധീനത്തില്‍ നിന്നും മോചിപ്പിക്കുക, അവരെ അശുദ്ധിയുടെ നാട്ടില്‍ നിന്നും കൊണ്ടുപോകുക, അവരുടെ ദുഷിച്ച പ്രകൃതത്തെ ഇല്ലായ്മ ചെയ്യുക എന്നിവയാണ്. പ്രായോഗികദൈവത്താല്‍ നേടപ്പെടുന്നതിന്‍റെ ഏറ്റവും പരമമായ പ്രാധ്യാന്യം പ്രായോഗിക ദൈവത്തോടൊപ്പം സാധാരണ മനുഷ്യത്വത്തില്‍ ഒരു അനുകരണീയമായ മാതൃകയായി ജീവിക്കാന്‍ സാധിക്കുന്നതും, ചെറിയ വഴിതെറ്റലോ അകന്നുപോകലോ പോലും ഇല്ലാതെ പ്രായോഗികദൈവത്തിന്‍റെ വചനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും, അവിടുന്ന് പറയുന്ന എല്ലാം പ്രവൃത്തിയില്‍ വരുത്താന്‍ സാധിക്കുന്നതും, അവിടുന്ന് ആവശ്യപ്പെടുന്നതെല്ലാം നേടുവാന്‍ സാധിക്കുന്നതുമാണ്. ഈ രീതിയില്‍ നീ ദൈവത്താല്‍ നേടപ്പെടും. നീ ദൈവത്താല്‍ നേടപ്പെടുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം സ്വന്തമാക്കുക മാത്രമല്ല ചെയ്യുന്നത്. പ്രധാനമായും, പ്രായോഗികദൈവത്തിന്‍റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചു ജീവിക്കുവാന്‍ നിനക്കു സാധിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം ഉള്ളതുകൊണ്ടു മാത്രം നിനക്കു ജീവനുണ്ട് എന്ന് അതിനര്‍ത്ഥമില്ല. ചുരുക്കത്തില്‍, പ്രായോഗികദൈവം നിന്നോടാവശ്യപ്പെടുന്ന തരത്തില്‍ നിനക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് നിങ്ങള്‍ ദൈവത്താല്‍ നേടപ്പെട്ടുവോ എന്നതിനെ സംബന്ധിച്ചു പ്രധാനം. ഇതാണ് പ്രായോഗികദൈവത്തിന്‍റെ ശരീരത്തിലുള്ള പ്രവൃത്തിയുടെ ഏറ്റവും മഹത്തായ അര്‍ത്ഥം. എന്ന് പറഞ്ഞാല്‍, സത്യമായും യഥാര്‍ത്ഥമായും ശരീരത്തില്‍ പ്രത്യക്ഷപ്പെട്ട്, സജീവവും ജീവസമാനവും ആയിരുന്ന്, ആളുകളാല്‍ ദര്‍ശിക്കപ്പെട്ട്, യഥാര്‍ത്ഥത്തില്‍ ശരീരത്തില്‍ ആത്മാവിന്‍റെ പ്രവര്‍ത്തനം ചെയ്ത്, ശരീരത്തില്‍ ആളുകള്‍ക്ക് ഒരു മാതൃകയായി പ്രവര്‍ത്തിച്ചുകൊണ്ട്, ദൈവം ഒരുകൂട്ടം ആളുകളെ നേടുന്നു. ശരീരത്തിലുള്ള ദൈവത്തിന്‍റെ എഴുന്നള്ളിവരവ് പ്രധാനമായും ആളുകളെ ദൈവത്തിന്‍റെ യഥാര്‍ത്ഥ പ്രവൃത്തികളെ കാണുന്നതിനായി അനുവദിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്, രൂപമില്ലാത്ത ആത്മാവിന് ശരീരത്തിന്‍റെ രൂപം നല്‍കുന്നത് ഉദ്ദേശിച്ചുള്ളതാണ്, ആളുകളെ അവിടുത്തെ കാണുവാനും സ്പര്‍ശിക്കുവാനും അനുവദിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. ഈ തരത്തില്‍ ദൈവത്താല്‍ പൂര്‍ണരാക്കപ്പെടുന്നവര്‍ അവിടുത്തേക്ക് വേണ്ടി ജീവിക്കുകയും ദൈവത്താല്‍ നേടപ്പെടുകയും ദൈവത്തിന്‍റെ ഇംഗിതമറിയുകയും ചെയ്യും. ദൈവം സ്വര്‍ഗ്ഗത്തിലിരുന്ന് സംസാരിക്കുകയും ശരിക്കും ഭൂമിയില്‍ വരാതിരിക്കുകയും ചെയ്തിരുന്നു എങ്കില്‍ ആളുകള്‍ക്ക് ഇപ്പോഴും ദൈവത്തെ അറിയാന്‍ സാധിക്കില്ലായിരുന്നു. ശൂന്യമായ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ച് പ്രഘോഷിക്കാന്‍ മാത്രമേ അവര്‍ക്കകുമായിരുന്നുള്ളൂ. യഥാര്‍ത്ഥമായി ദൈവത്തിന്‍റെ വചനം അവര്‍ക്ക് ലഭിക്കുമായിരുന്നില്ല. താന്‍ നേടുവാന്‍ ഉദ്ദേശിച്ചിട്ടുള്ളവര്‍ക്ക് അനുകരണീയമായ ഒരു മാതൃകയാകാന്‍ വേണ്ടിയാണ് പ്രധാനമായും അവിടുന്ന് ഭൂമിയിലേക്ക് വന്നിരിക്കുന്നത്. അങ്ങനെ മാത്രമേ ആളുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ദൈവത്തെ അറിയുവാനും അവിടുത്തെ സ്പര്‍ശിക്കുവാനും അവിടുത്തെ കാണുവാനും സാധിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ദൈവത്താല്‍ നേടപ്പെടുവാനും അവര്‍ക്ക് സാധിക്കുകയുള്ളൂ.

മുമ്പത്തേത്: യാഥാര്‍ഥ്യത്തിന്മേൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ

അടുത്തത്: സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക