വളരെ ഗൗരവമുള്ള ഒരു പ്രശ്നം: വഞ്ചന (2)

എന്റെ സത്തയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് മനുഷ്യന്റെ പ്രകൃതം, കാരണം മനുഷ്യന്റെ ദുഷിച്ച പ്രകൃതം പൂർണമായും സാത്താനിൽ നിന്നാണ് ഉത്ഭവിക്കുന്നത്; മനുഷ്യന്റെ പ്രകൃതം സാത്താൻ പാകപ്പെടുത്തുകയും ദുഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതായത്, മനുഷ്യൻ അതിന്റെ തിന്മയുടെയും വൃത്തികേടിന്റെയും സ്വാധീനത്തിൻ കീഴിലാണ് ജീവിക്കുന്നത്. മനുഷ്യൻ സത്യത്തിന്റെ ലോകത്തോ ഒരു വിശുദ്ധ പരിതസ്ഥിതിയിലോ അല്ല വളരുന്നത്, മനുഷ്യൻ വെളിച്ചത്തിൽ തീരെയും ജീവിക്കുന്നില്ല. അതിനാൽ ആർക്കും, ജനിച്ച നിമിഷം മുതൽ തന്നെ അവരുടെ പ്രകൃതത്തിൽ സത്യം നേടാൻ സാധിക്കില്ല, ദൈവത്തെ ഭയക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സത്തയോടു കൂടി ജനിക്കാൻ ഒരാൾക്കും തീരെ സാധിക്കുകയുമില്ല. നേരെമറിച്ച്, ദൈവത്തെ ചെറുക്കുന്ന, ദൈവത്തെ അനുസരിക്കാത്ത ഒരു പ്രകൃതമാണ് ആളുകൾക്ക് ഉള്ളത്, സത്യത്തോട് സ്നേഹവുമില്ല. ഈ പ്രകൃതമാണ് ഞാൻ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന പ്രശ്‌നം—വഞ്ചന. ഓരോ വ്യക്തിയുടെയും ദൈവത്തോടുള്ള ചെറുത്തുനില്പിന്റെ മൂല കാരണം വഞ്ചനയാണ്. ഇത് മനുഷ്യനിൽ മാത്രം ഉള്ള ഒരു പ്രശ്‌നമാണ്, എന്നിൽ ഉള്ളതല്ല. ചിലർ ചോദിക്കും: എല്ലാ മനുഷ്യരും ക്രിസ്തുവിനെപ്പോലെ ഈ ലോകത്ത് ജീവിക്കുന്നു, എന്തുകൊണ്ടാണ് എല്ലാ മനുഷ്യർക്കും ദൈവത്തെ വഞ്ചിക്കുന്ന പ്രകൃതമുള്ളത്, എന്നിട്ടും ക്രിസ്തുവിന് അതില്ലാത്തത്? നിങ്ങളോട് വ്യക്തമായി വിശദീകരിക്കേണ്ട ഒരു പ്രശ്‌നമാണിത്.

മനുഷ്യവർഗത്തിന്റെ നിലനില്പിന്റെ ആധാരം ആത്മാവിന്റെ ആവർത്തിച്ചുള്ള പുനർജന്മമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാ വ്യക്തികളും അവരുടെ ആത്മാവ് പുനർജനിക്കുമ്പോൾ ജഡത്തിൽ ഒരു മനുഷ്യജീവിതം നേടുന്നു. ഒരു വ്യക്തിയുടെ ശരീരം ജനിച്ചതിനുശേഷം, ജഡം ആത്യന്തികമായി അതിന്റെ പരിധിയിൽ എത്തുന്നതുവരെ അതിന്റെ സചേതനത്വം തുടരുന്നു, അതാണ് അവസാന നിമിഷം, ആത്മാവ് അതിന്റെ ആവരണം ഉപേക്ഷിക്കുന്ന സമയം. ഒരു വ്യക്തിയുടെ ആത്മാവ് കാലാകാലങ്ങളിൽ വരുകയും പോവുകയും ചെയ്തുകൊണ്ട് ഈ പ്രക്രിയ വീണ്ടും വീണ്ടും ആവർത്തിക്കുന്നു, അങ്ങനെ മനുഷ്യവർഗത്തിന്റെ നിലനില്പ് ഉറപ്പാക്കപ്പെടുന്നു. ജഡത്തിന്റെ സചേതനത്വം മനുഷ്യന്റെ ആത്മാവിന്റെ സചേതനത്വം കൂടിയാണ്, മനുഷ്യന്റെ ആത്മാവ് മനുഷ്യന്റെ ജഡത്തിന്റെ നിലനില്പിനെ പിന്തുണയ്ക്കുന്നു. അതായത്, ഓരോ വ്യക്തിയുടെയും സചേതനത്വം അവരുടെ ആത്മാവിൽ നിന്നാണ് വരുന്നത്, സചേതനത്വം ജഡത്തിൽ സഹജമായിട്ടുള്ളതല്ല. അങ്ങനെ, മനുഷ്യന്റെ പ്രകൃതം ജഡത്തിൽ നിന്നല്ല, ആത്മാവിൽ നിന്നാണ് വരുന്നത്. ഓരോ വ്യക്തിയുടെയും ആത്മാവിനു മാത്രമേ അവർ സാത്താന്റെ പ്രലോഭനങ്ങളും പീഡയും ദുഷിപ്പിക്കലും എങ്ങനെയാണ് അനുഭവിച്ചതെന്ന് അറിയൂ. മനുഷ്യന്റെ ജഡത്തിന് അറിയാൻ സാധിക്കാത്തവയാണ് ഇക്കാര്യങ്ങൾ. അതിനാൽ, മനുഷ്യർ ബുദ്ധിഹീനമായി മുമ്പെന്നത്തെക്കാൾ കൂടുതൽ ഇരുണ്ടവനും കൂടുതൽ വൃത്തികെട്ടവനും കൂടുതൽ തിന്മയുള്ളവനും ആയിത്തീരുന്നു, അതേസമയം ഞാനും മനുഷ്യനും തമ്മിലുള്ള അകലം മുമ്പെന്നത്തേതിനെക്കാൾ കൂടുതൽ വർധിക്കുന്നു, മനുഷ്യവർഗത്തിന് ജീവിതം മുമ്പെന്നത്തേതിനെക്കാൾ കൂടുതൽ ഇരുണ്ടതായിത്തീരുന്നു. സാത്താൻ മനുഷ്യവർഗത്തിന്റെ ആത്മാക്കളെ കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നു, അതിനാൽ, തീർച്ചയായും മനുഷ്യന്റെ ജഡത്തെയും സാത്താൻ കയ്യടക്കിയിട്ടുണ്ട്. അത്തരം ജഡത്തിനും അത്തരമൊരു മനുഷ്യവർഗത്തിനും ദൈവത്തെ എങ്ങനെ എതിർക്കാതിരിക്കാൻ കഴിയും? അവർക്ക് സ്വതസിദ്ധമായി എങ്ങനെ അവനുമായി പൊരുത്തപ്പെടാൻ സാധിക്കും? ഞാൻ സാത്താനെ ആകാശമധ്യത്തിലേക്ക് വലിച്ചെറിഞ്ഞു, കാരണം അതെന്നോട് വിശ്വാസവഞ്ചന കാണിച്ചു. അങ്ങനെയെങ്കിൽ, മനുഷ്യർക്ക് എങ്ങനെ അവരുടെ പങ്കാളിത്തത്തിൽ നിന്ന് സ്വതന്ത്രരാകാൻ സാധിക്കും? ഇതുകൊണ്ടാണ് വഞ്ചന മനുഷ്യ പ്രകൃതമാവുന്നത്. നിങ്ങൾ ഈ ന്യായവാദം മനസ്സിലാക്കിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ക്രിസ്തുവിന്റെ സത്തയിലും വിശ്വാസമുണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ദൈവത്തിന്റെ ആത്മാവ് ധരിക്കുന്ന ജഡം ദൈവത്തിന്റെ സ്വന്തം ജഡമാണ്. ദൈവാത്മാവ് പരമോന്നതമാണ്; അവൻ സർവശക്തനും വിശുദ്ധനും നീതിമാനുമാണ്. അതുപോലെ തന്നെ, അവന്റെ ജഡവും പരമോന്നതവും സർവശക്തിയുള്ളതും വിശുദ്ധവും നീതിയുള്ളതുമാണ്. അത്തരം ഒരു ജഡത്തിന് നീതിനിഷ്ഠവും മനുഷ്യവർഗത്തിന് ഉപകാരപ്രദവും ആയതും വിശുദ്ധവും മഹത്തരവും ശക്തിമത്തായതും മാത്രമേ ചെയ്യാൻ കഴിയൂ; സത്യത്തെ ലംഘിക്കുന്നതും, ധാർമികതയെയും നീതിയെയും ലംഘിക്കുന്നതും ചെയ്യാൻ അവൻ അപ്രാപ്തനാണ്. ദൈവത്തിന്റെ ആത്മാവിനെ വഞ്ചിക്കുന്ന എന്തെങ്കിലും ചെയ്യാൻ അവൻ തീരെയും പ്രാപ്തനല്ല. ദൈവത്തിന്റെ ആത്മാവ് പരിശുദ്ധമാണ്, അതിനാൽ അവന്റെ ജഡം സാത്താന് ദുഷിപ്പിക്കാനാവുന്നതല്ല; അവന്റെ ജഡം മനുഷ്യന്റെ ജഡത്തിന്റേതിൽ നിന്ന് വ്യത്യസ്തമായ ഒരു സത്തയാണ്. കാരണം ദൈവമല്ല, മനുഷ്യനാണ് സാത്താനാൽ ദുഷിപ്പിക്കപ്പെടുന്നത്; ദൈവത്തിന്റെ ജഡത്തെ ദുഷിപ്പിക്കാൻ സാത്താന് ഒരുവേള പോലും സാധ്യമല്ല. അങ്ങനെ, മനുഷ്യനും ക്രിസ്തുവും ഒരേ സ്ഥലത്ത് വസിക്കുന്നു എങ്കിലും മനുഷ്യനെ മാത്രമാണ് സാത്താൻ കൈവശപ്പെടുത്തുന്നതും ഉപയോഗിക്കുന്നതും കെണിയിൽ പെടുത്തുന്നതും. നേരെമറിച്ച്, ക്രിസ്തുവിനെ സാത്താന് ഒരുകാലത്തും ദുഷിപ്പിക്കാൻ കഴിയില്ല, കാരണം സാത്താന് ഒരിക്കലും അത്യുന്നതമായ സ്ഥാനത്തേക്ക് കയറാനുള്ള പ്രാപ്തിയുണ്ടാകില്ല, ഒരിക്കലും ദൈവത്തോട് അടുക്കാനുള്ള പ്രാപ്തിയും ഉണ്ടാകില്ല. മനുഷ്യവർഗം മാത്രമാണ്, സാത്താനാൽ ദുഷിപ്പിക്കപ്പെട്ടതുകൊണ്ട്, എന്നെ വഞ്ചിക്കുന്നത് എന്ന് നിങ്ങൾ എല്ലാവരും ഇന്ന് മനസ്സിലാക്കണം. വഞ്ചന എന്ന വിഷയത്തിന് ഒരിക്കലും ക്രിസ്തുവുമായി ഒരു ബന്ധവുമില്ല.

സാത്താൻ ദുഷിപ്പിച്ച എല്ലാ ആത്മാക്കളും പൂർണമായും സാത്താന്റെ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലാവുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ മാത്രമേ വേർതിരിക്കപ്പെടുകയും സാത്താന്റെ പാളയത്തിൽ നിന്ന് രക്ഷിക്കപ്പെടുകയും ഇന്നത്തെ രാജ്യത്തിലേക്ക് ആനയിക്കപ്പെടുകയും ചെയ്തിട്ടുള്ളൂ. ഈ ആളുകൾ ഇപ്പോൾ സാത്താന്റെ സ്വാധീനത്തിൽ ജീവിക്കുന്നില്ല. അങ്ങനെയാണെങ്കിലും, മനുഷ്യന്റെ പ്രകൃതം ഇപ്പോഴും മനുഷ്യന്റെ ജഡത്തിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്, അതായത് നിങ്ങളുടെ ആത്മാക്കൾ രക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, നിങ്ങളുടെ പ്രകൃതം മുമ്പത്തേതുപോലെ തന്നെയാണ്, നിങ്ങൾ എന്നെ വഞ്ചിക്കുന്നതിനുള്ള സാധ്യത നൂറു ശതമാനമായി തുടരുകയും ചെയ്യുന്നു. നിങ്ങളുടെ പ്രകൃതം അനുസരണയില്ലാത്തതായതിനാൽ എന്റെ വേല ഇത്രയും കാലം നീണ്ടു. ഇപ്പോൾ, സ്വന്തം കടമകൾ നിറവേറ്റുമ്പോൾ നിങ്ങളുടെ കഴിവിനനുസരിച്ച് പരമാവധി ക്ലേശങ്ങൾ നിങ്ങളെല്ലാം അനുഭവിക്കുന്നു, എന്നിരുന്നാലും എന്നെ വഞ്ചിക്കാനും സാത്താന്റെ സാമ്രാജ്യത്തിലേക്കും അതിന്റെ പാളയത്തിലേക്കും നിങ്ങളുടെ പഴയ ജീവിതത്തിലേക്കും മടങ്ങാനും നിങ്ങൾ ഓരോരുത്തരും പ്രാപ്തരാണ്—ഇത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ആ സമയത്ത്, നിങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെ, മാനവികതയുടെയോ മനുഷ്യ സാദൃശ്യത്തിന്റെയോ ഒരംശം പോലും കാഴ്ചവെക്കാൻ നിങ്ങൾക്ക് കഴിയില്ല. ഗൗരവമുള്ള സംഗതികളിൽ നിങ്ങൾ നശിപ്പിക്കപ്പെടും, അതിലുപരിയായി, ഇനി ഒരിക്കലും പുനർജന്മം ലഭിക്കാത്ത വിധം ശാശ്വതമായി കുറ്റം ചുമത്തപ്പെടുകയും കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ മുമ്പിൽ വെയ്ക്കപ്പെടുന്ന പ്രശ്നം ഇതാണ്. ഈ രീതിയിൽ ഞാൻ നിങ്ങളെ ഓർമപ്പെടുത്തുകയാണ്, ഒന്നാമതായി, എന്റെ വേല പാഴാകാതിരിക്കാനും രണ്ടാമതായി, നിങ്ങൾ എല്ലാവരും പ്രകാശത്തിന്റെ നാളുകളിൽ ജീവിക്കുവാനും വേണ്ടി. സത്യത്തിൽ, എന്റെ വേല പാഴായിപ്പോകുന്നോ എന്നത് നിർണായകമായ പ്രശ്നമല്ല. നിങ്ങൾക്ക് സന്തോഷകരമായ ജീവിതങ്ങളും അതിശയകരമായ ഭാവിയും നേടാൻ കഴിയുന്നു എന്നതാണ് നിർണായകമായ കാര്യം. ആളുകളുടെ ആത്മാക്കളെ രക്ഷിക്കുന്ന വേലയാണ് എന്റെ വേല. നിന്റെ ആത്മാവ് സാത്താന്റെ കൈകളിൽ പതിക്കുന്നുവെങ്കിൽ, നിന്റെ ശരീരം സമാധാനത്തോടെ ജീവിക്കുകയില്ല. ഞാൻ നിന്റെ ശരീരത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ നിന്റെ ആത്മാവും തീർച്ചയായും എന്റെ സംരക്ഷണയിൽ ആയിരിക്കും. ഞാൻ നിന്നെ ശരിക്കും വെറുക്കുന്നുവെങ്കിൽ, നിന്റെ ശരീരവും ആത്മാവും ക്ഷണത്തിൽ സാത്താന്റെ കൈകളിലേക്ക് പതിക്കും. നിന്റെ അപ്പോഴത്തെ അവസ്ഥ നിനക്ക് ഊഹിക്കാമോ? ഒരു ദിവസം എന്റെ വചനങ്ങൾക്ക് നിങ്ങളിൽ സ്വാധീനമില്ലാതായാൽ, അപ്പോൾ നിങ്ങളെ മുഴുവനായും ഞാൻ സാത്താന് കൈമാറുകയോ—എന്റെ ക്രോധം പൂർണമായും മായുന്നതു വരെ അത് നിങ്ങളെ കഠിനവേദനയുളവാക്കുന്ന പീഡനത്തിന് വിധേയനാക്കും—അല്ലെങ്കിൽ വീണ്ടെടുക്കാനാവാത്ത മനുഷ്യരായ നിങ്ങളെ ഞാൻ വ്യക്തിപരമായി ശിക്ഷിക്കുകയോ ചെയ്യും, കാരണം എന്നെ വഞ്ചിക്കുന്ന നിങ്ങളുടെ ഹൃദയങ്ങൾ ഒരിക്കലും മാറിയിട്ടുണ്ടായിരിക്കില്ല.

എന്നോടുള്ള വഞ്ചനയിൽ എത്രമാത്രം നിങ്ങളുടെ ഉള്ളിൽ അവശേഷിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇപ്പോൾ നിങ്ങളെല്ലാവരും എത്രയും വേഗം സ്വയം പരിശോധന നടത്തണം. നിങ്ങളുടെ പ്രതികരണത്തിനായി ഞാൻ അക്ഷമയോടെ കാത്തിരിക്കുന്നു. എന്നോട് ഇടപെടുന്നതിൽ ഉദാസീനത പുലർത്തരുത്. ഞാൻ ഒരിക്കലും ആളുകളെ വെച്ച് കളിക്കുന്നില്ല. ഞാൻ എന്തെങ്കിലും ചെയ്യുമെന്നു പറഞ്ഞാൽ ഞാൻ തീർച്ചയായും അത് ചെയ്യും. നിങ്ങൾ ഓരോരുത്തരും എന്റെ വചനങ്ങൾ ഗൗരവമായി എടുക്കുന്ന ഒരാളായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, മാത്രമല്ല അവയെ ശാസ്ത്രകഥ പോലെ കരുതുകയും ചെയ്യരുത്. മൂർത്തമായ നടപടിയാണ് നിങ്ങളിൽ നിന്ന് എനിക്ക് വേണ്ടത്, നിങ്ങളുടെ ഭാവനകളല്ല. അടുത്തതായി, നിങ്ങൾ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം, അവ ഇനി പറയുന്നവയാണ്: 1. നീ ശരിക്കും ഒരു ശുശ്രൂഷകനാണെങ്കിൽ, അശ്രദ്ധയുടെയോ നിഷേധാത്മകതയുടെയോ ഒരു അംശം പോലുമില്ലാതെ വിശ്വസ്തതയോടെ എനിക്കുവേണ്ടി സേവനം ചെയ്യാൻ നിനക്കു കഴിയുമോ? 2. ഞാൻ നിന്നെ ഒരിക്കലും വിലമതിച്ചിട്ടില്ലെന്ന് നീ കണ്ടെത്തിയാൽ, അപ്പോഴും തുടരാനും എനിക്കായി ആജീവനാന്ത സേവനം നൽകാനും നിനക്ക് കഴിയുമോ? 3. നീ വളരെയധികം പരിശ്രമിച്ചിട്ടും ഞാൻ നിന്നോട് വളരെ ഉദാസീനനാണെങ്കിൽ, ആരാലും അറിയപ്പെടാതെ എനിക്കായി പ്രവർത്തിക്കുന്നത് തുടരാൻ നിനക്ക് കഴിയുമോ? 4. നീ എനിക്കായി ചെലവുകൾ ചെയ്തുകഴിഞ്ഞതിനു ശേഷം, നിന്റെ നിസ്സാര ആവശ്യങ്ങൾ ഞാൻ നിറവേറ്റുന്നില്ലെങ്കിൽ, നിനക്ക് മനസ്സുമടുപ്പു തോന്നുകയും എന്നിലുള്ള പ്രതീക്ഷ നഷ്ടമാകുകയും ചെയ്യുമോ, അല്ലെങ്കിൽ കോപാകുലനാകുകയും അധിക്ഷേപിക്കുകയും ചെയ്യുമോ? 5. നീ എല്ലായ്‌പ്പോഴും എന്നോട് ഏറെ സ്‌നേഹത്തോടെ വളരെ വിശ്വസ്തത പുലർത്തിയിട്ടുണ്ടെങ്കിൽ, എന്നിട്ടും നീ അസുഖം, ദാരിദ്ര്യം, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും തിരസ്‌കാരം എന്നിവ, അല്ലെങ്കിൽ ജീവിതത്തിൽ മറ്റെന്തെങ്കിലും ദുരിതങ്ങൾ സഹിക്കുന്നെങ്കിൽ, എന്നോടുള്ള നിന്റെ വിശ്വസ്തതയും സ്‌നേഹവും അപ്പോഴും തുടരുമോ? 6. നീ ഹൃദയത്തിൽ സങ്കൽപ്പിച്ചതൊന്നും ഞാൻ ചെയ്ത കാര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, ഭാവിയിൽ നീ എങ്ങനെ മുന്നോട്ടുപോകും? 7. ലഭിക്കുമെന്ന് നീ പ്രതീക്ഷിച്ചവയൊന്നും നിനക്ക് ലഭിക്കുന്നില്ലെങ്കിൽ, നിനക്ക് എന്റെ അനുയായിയായി തുടരാൻ കഴിയുമോ? 8. എന്റെ വേലയുടെ ഉദ്ദേശ്യവും പ്രാധാന്യവും നീ ഒരിക്കലും മനസ്സിലാക്കിയിട്ടില്ലെങ്കിൽ, ഏകപക്ഷീയമായി വിധിപ്രസ്താവനകൾ നടത്തുകയും നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്യാത്ത അനുസരണയുള്ള ഒരു വ്യക്തിയാകാൻ നിനക്ക് സാധിക്കുമോ? 9. ഞാൻ അരുളിച്ചെയ്തിട്ടുള്ള എല്ലാ വചനങ്ങളും മനുഷ്യവർഗത്തോടൊപ്പം ആയിരിക്കുമ്പോൾ ഞാൻ ചെയ്ത എല്ലാ വേലയും നിധി പോലെ കാക്കാൻ നിനക്ക് കഴിയുമോ? 10. നിനക്ക് ഒന്നും ലഭിച്ചില്ലെങ്കിലും, ജീവിതകാലം മുഴുവൻ എനിക്കു വേണ്ടി ക്ലേശങ്ങൾ സഹിക്കാൻ തയ്യാറുള്ള എന്റെ വിശ്വസ്ത അനുയായി ആയിരിക്കാൻ നിനക്ക് കഴിയുമോ? 11. നിന്റെ ഭാവി അതിജീവനത്തിനുള്ള പാത പരിഗണിക്കുന്നതോ ആസൂത്രണം ചെയ്യുന്നതോ അല്ലെങ്കിൽ തയ്യാറാക്കുന്നതോ എനിക്കു വേണ്ടി ഉപേക്ഷിക്കാൻ നിനക്ക് കഴിയുമോ? ഈ ചോദ്യങ്ങൾ നിങ്ങളിൽ നിന്ന് ഞാൻ അന്തിമമായി ആവശ്യപ്പെടുന്നവയെ പ്രതിനിധീകരിക്കുന്നു, എനിക്ക് ഉത്തരം നൽകാൻ നിങ്ങൾക്കെല്ലാവർക്കും കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ ചോദ്യങ്ങൾ നിന്നോട് ആവശ്യപ്പെടുന്ന ഒന്നോ രണ്ടോ കാര്യങ്ങൾ നീ സഫലമാക്കിയിട്ടുണ്ടെങ്കിൽ, നീ പരിശ്രമം തുടരണം. ഈ ആവശ്യകതകളിൽ ഒരെണ്ണം പോലും നിറവേറ്റാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ നീ തീർച്ചയായും നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്ന തരം വ്യക്തിയാണ്. അത്തരക്കാരോട്, കൂടുതലൊന്നും ഞാൻ പറയേണ്ടതില്ല, കാരണം അവർ തീർച്ചയായും എന്നോട് യോജിക്കാൻ കഴിയുന്ന ആളുകളല്ല. ഏത് സാഹചര്യത്തിലും എന്നെ വഞ്ചിക്കാൻ കഴിയുന്ന ഒരാളെ എന്റെ ഭവനത്തിൽ ഞാൻ എങ്ങനെ നിർത്തും? മിക്ക സന്ദർഭങ്ങളിലും എന്നെ വഞ്ചിക്കാൻ കഴിയുന്നവരുടെ കാര്യത്തിൽ മറ്റ് ക്രമീകരണങ്ങൾ ചെയ്യുന്നതിനു മുമ്പ് ഞാൻ അവരുടെ പ്രകടനം നിരീക്ഷിക്കും. എന്നിരുന്നാലും, എന്നെ വഞ്ചിക്കാൻ കഴിവുള്ളവരെയെല്ലാം, അത് ഏതു സാഹചര്യത്തിലായിരുന്നാലും ശരി, ഞാൻ ഒരിക്കലും മറക്കുകയില്ല; ഞാൻ അവരെ എന്റെ ഹൃദയത്തിൽ ഓർത്തുവെക്കുകയും അവരുടെ ദുഷ്പ്രവൃത്തികൾക്ക് മടക്കിക്കൊടുക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയും ചെയ്യും. ഞാൻ ഉന്നയിച്ച ആവശ്യകതകളെല്ലാം നിങ്ങൾ സ്വയം പരിശോധിക്കേണ്ട പ്രശ്‌നങ്ങളാണ്. നിങ്ങൾക്കെല്ലാവർക്കും അവ ഗൗരവമായി പരിഗണിക്കാനും എന്നോട് ഉദാസീനതയോടെ ഇടപെടാതിരിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സമീപഭാവിയിൽ, എന്റെ ആവശ്യകതകളുമായി ബന്ധപ്പെട്ട് നിങ്ങൾ നൽകിയിട്ടുള്ള ഉത്തരങ്ങൾ ഞാൻ പരിശോധിക്കും. അപ്പോഴേക്കും, നിങ്ങളിൽ നിന്ന് ഞാൻ കൂടുതലൊന്നും ആവശ്യപ്പെടില്ല, കൂടുതൽ ആത്മാർഥമായ അനുശാസനമൊന്നും നിങ്ങൾക്ക് നൽകുകയും ഇല്ല. പകരം, എന്റെ അധികാരം ഞാൻ പ്രയോഗിക്കും. പരിപാലിക്കപ്പെടേണ്ടവർ പരിപാലിക്കപ്പെടും, പ്രതിഫലം ലഭിക്കേണ്ടവർക്ക് പ്രതിഫലം ലഭിക്കും, സാത്താന് കൈമാറേണ്ടവരെ സാത്താന് കൈമാറും, കഠിനമായി ശിക്ഷിക്കപ്പെടേണ്ടവർ കഠിനമായി ശിക്ഷിക്കപ്പെടും, നശിക്കേണ്ടവർ നശിപ്പിക്കപ്പെടും. അങ്ങനെ, എന്റെ ദിനങ്ങളിൽ എന്നെ ശല്യപ്പെടുത്താൻ മേലിൽ ആരുമുണ്ടായിരിക്കില്ല. നീ എന്റെ വചനങ്ങൾ വിശ്വസിക്കുന്നുണ്ടോ? നീ ദൈവശിക്ഷയിൽ വിശ്വസിക്കുന്നുണ്ടോ? എന്നെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന എല്ലാ ദുഷ്ടന്മാരെയും ഞാൻ ശിക്ഷിക്കുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ? ആ ദിനം വേഗം വരണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ, അതോ വൈകി വരണമെന്നാണോ? നീ ശിക്ഷയെ ഭയപ്പെടുന്ന ഒരാളാണോ അതോ ശിക്ഷ സഹിക്കേണ്ടിവന്നാലും എന്നെ എതിർക്കുന്ന ഒരാളാണോ? ആ ദിനം വന്നെത്തുമ്പോൾ നീ ആഹ്ലാദത്തിനും ചിരികൾക്കുമിടയിൽ ജീവിക്കുമോ അതോ കരയുകയും പല്ലുകടിക്കുകയും ചെയ്യുമോ, നിനക്ക് അത് സങ്കൽപ്പിക്കാൻ സാധിക്കുന്നുണ്ടോ? ഏതുതരം അന്ത്യമാണ് നീ പ്രതീക്ഷിക്കുന്നത്? നീ എന്നിൽ നൂറു ശതമാനം വിശ്വസിക്കുന്നുണ്ടോ അതോ എന്നെ നൂറു ശതമാനം സംശയിക്കുന്നുണ്ടോ എന്നത് നീ എപ്പോഴെങ്കിലും ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ? നിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവും എന്ത് തരത്തിലുള്ള പ്രത്യാഘാതങ്ങളും ഫലങ്ങളും നിനക്ക് ഉണ്ടാക്കുമെന്ന് എപ്പോഴെങ്കിലും നീ ശ്രദ്ധാപൂർവം ചിന്തിച്ചിട്ടുണ്ടോ? എന്റെ വചനങ്ങളെല്ലാം ഒന്നിനു പുറകേ ഒന്നായി നിറവേറുമെന്ന് നീ ശരിക്കും പ്രതീക്ഷിക്കുന്നുണ്ടോ, അതോ എന്റെ വചനങ്ങൾ ഒന്നിനു പുറകേ ഒന്നായി നിറവേറുമെന്ന് നീ ഭയക്കുന്നുണ്ടോ? എന്റെ വചനങ്ങൾ നിറവേറ്റുന്നതിനായി ഞാൻ ഉടൻ പുറപ്പെടാൻ നീ പ്രതീക്ഷിക്കുന്നുവെങ്കിൽ, നിന്റെ സ്വന്തം വാക്കുകളെയും പ്രവൃത്തികളെയും നീ എങ്ങനെ പരിഗണിക്കണം? എന്റെ പുറപ്പാട് നീ പ്രതീക്ഷിക്കുന്നില്ലെങ്കിൽ, എന്റെ എല്ലാ വചനങ്ങളും ഉടനടി നിറവേറുമെന്ന് നീ പ്രതീക്ഷിക്കുന്നില്ലെങ്കിൽ, നീ എന്നിൽ എന്തിനാണ് വിശ്വസിക്കുന്നത്? നീ എന്നെ പിന്തുടരുന്നത് എന്തിനാണെന്ന് നിനക്ക് ശരിക്കും അറിയാമോ? കേവലം നിന്റെ ചക്രവാളങ്ങൾ വിശാലമാക്കുക മാത്രമാണ് നിന്റെ കാരണമെങ്കിൽ, നീ അങ്ങനെ സ്വയം ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല. അത് അനുഗ്രഹിക്കപ്പെടാനും വരാനിരിക്കുന്ന ദുരന്തത്തെ ഒഴിവാക്കാനും ആണെങ്കിൽ, സ്വന്തം പെരുമാറ്റത്തെക്കുറിച്ച് നീ ആശങ്കപ്പെടാത്തതെന്താണ്? എന്റെ ആവശ്യകതകൾ നിറവേറ്റാൻ നിനക്ക് കഴിയുമോ എന്ന് സ്വയം ചോദിക്കാത്തത് എന്തുകൊണ്ടാണ്? വരാനിരിക്കുന്ന അനുഗ്രഹങ്ങൾ സ്വീകരിക്കാൻ നിനക്ക് യോഗ്യതയുണ്ടോ എന്നും നീ സ്വയം ചോദിക്കാത്തത് എന്തുകൊണ്ടാണ്?

മുമ്പത്തേത്: വളരെ ഗൗരവമുള്ള ഒരു പ്രശ്നം: വഞ്ചന (1)

അടുത്തത്: നിങ്ങള്‍ സ്വന്തം പ്രവൃത്തികളിൽ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക