ദൈവത്തെക്കുറിച്ച് നിങ്ങൾ എന്തു മനസ്സിലാക്കി?

എത്രയോ കാലമായി മനുഷ്യർ ദൈവത്തിൽ വിശ്വസിക്കുന്നു, എന്നിട്ടും അവരിലേറെപ്പേരും “ദൈവം” എന്ന വാക്കിന്‍റെ അർഥം മനസ്സിലാക്കാതെ അന്തംവിട്ട് പിന്തുടരുക മാത്രം ചെയ്യുന്നു. മനുഷ്യൻ യഥാർത്ഥത്തിൽ എന്തുകൊണ്ട് ദൈവത്തിൽ വിശ്വസിക്കണം എന്ന്, അല്ലെങ്കിൽ എന്താണ് ദൈവം എന്ന്, അവർക്ക് യാതൊരു രൂപവുമില്ല. ദൈവത്തിൽ വിശ്വസിക്കാനും ദൈവത്തെ പിന്തുടരാനും മാത്രം അറിയുകയും എന്നാൽ ദൈവം എന്താണെന്ന് അറിയാതിരിക്കുകയും ദൈവത്തെത്തന്നെ അറിയാതിരിക്കുകയും ചെയ്താൽ, അതു കേവലമൊരു വമ്പൻ തമാശ മാത്രമല്ലേ? ഇതുവരെയൊക്കെ എത്തിയപ്പോൾ, ആളുകൾ ദിവ്യമായ പല നിഗൂഢതകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും, മുമ്പൊരിക്കലും മനുഷ്യനു പിടികിട്ടിയിട്ടില്ലാത്ത ആഴമേറിയ അറിവുകൾ സമ്പാദിച്ചിട്ടുണ്ടെങ്കിലും, മനുഷ്യൻ ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ഏറ്റവും പ്രാഥമികമായ പല സത്യങ്ങളെക്കുറിച്ചും അവൻ അജ്ഞനായി തുടരുന്നു. ചിലർ പറഞ്ഞേക്കും, “ഞങ്ങൾ വർഷങ്ങളായി ദൈവത്തിൽ വിശ്വസിക്കുന്നു. ഞങ്ങൾ എങ്ങനെയാണ് ദൈവമെന്തെന്ന് അറിയാതിരിക്കുക? ഈ ചോദ്യം ഞങ്ങളെ കൊച്ചാക്കുകയല്ലേ‍?” എന്നാൽ, യഥാർത്ഥത്തിൽ, ആളുകൾ ഇന്ന് എന്നെ പിന്തുടരുന്നുണ്ടെങ്കിലും, അവർക്ക് ഇന്നത്തെ ഒരു പ്രവർത്തനത്തെപ്പറ്റിയും ഒന്നുംതന്നെ അറിയില്ല; ദൈവത്തെ സംബന്ധിക്കുന്നതു പോലുള്ള സങ്കീർണമായ ചോദ്യങ്ങൾ പോകട്ടെ, ഏറ്റവും ലളിതവും ഏറ്റവും സരളവുമായ ചോദ്യങ്ങൾ പോലും ഗ്രഹിക്കുന്നതിൽ അവർ പരാജയപ്പെടുന്നു. നിങ്ങൾ ഒരു താത്പര്യവും കാണിക്കാത്ത ചോദ്യങ്ങളും നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത ചോദ്യങ്ങളുമാണ് നിങ്ങൾ ഏറ്റവും പ്രധാനമായി മനസ്സിലാക്കിയിരിക്കേണ്ടത്. കാരണം, സ്വയം സജ്ജരാകേണ്ടത് ഏതു രീതിയിലെന്നു ശ്രദ്ധിക്കാതെയും ഗൗനിക്കാതെയും ആൾക്കൂട്ടത്തെ പിന്തുടരാൻ മാത്രമേ നിങ്ങൾക്കറിയൂ. ദൈവത്തിൽ വിശ്വാസമുണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണെന്ന് സത്യത്തിൽ നിങ്ങൾക്ക് അറിയാമോ? ദൈവം എന്താണെന്ന് യഥാർത്ഥത്തിൽ നിങ്ങൾക്ക് അറിയാമോ? മനുഷ്യൻ എന്നാൽ എന്താണെന്ന് യഥാർത്ഥത്തിൽ നിങ്ങൾക്ക് അറിയാമോ? ദൈവത്തിൽ വിശ്വാസമുള്ള ഒരു വ്യക്തി എന്ന നിലയിൽ, ഇക്കാര്യങ്ങൾ നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, ദൈവവിശ്വാസി എന്ന നിലയിലുള്ള അന്തസ്സ് നിങ്ങൾക്കു നഷ്ടപ്പെടുകയില്ലേ? ഇന്നത്തെ എന്‍റെ പ്രവർത്തനം ഇതാണ്: ആളുകളെ അവരുടെ സത്ത മനസ്സിലാക്കാനും ഞാൻ ചെയ്യുന്നതെല്ലാം മനസ്സിലാക്കാനും ദൈവത്തിന്‍റെ യഥാർത്ഥ മുഖം മനസ്സിലാക്കാനും ഇടയാക്കുക. എന്‍റെ പ്രവർത്തന പദ്ധതിയുടെ ഉപസംഹാരമാണിത്, എന്‍റെ പ്രവർത്തനത്തിന്‍റെ അവസാന ഘട്ടമാണ്. അതിനാലാണ് ജീവിതത്തിന്‍റെ എല്ലാ നിഗൂഢതകളെക്കുറിച്ചും ഞാൻ മുൻകൂറായി നിങ്ങളോടു പറയുന്നത്; എന്നിൽനിന്ന് അവയെ സ്വീകരിക്കാൻ നിങ്ങൾക്കു കഴിയുന്നതിനു വേണ്ടിയാണത്. ഇത് അന്ത്യ യുഗത്തിലെ പ്രവർത്തനമായതിനാൽ, നിങ്ങൾക്ക് ഇതുവരെ സ്വീകരിക്കാൻ കഴിയാതിരുന്ന, ജീവിതത്തിന്‍റെ എല്ലാ സത്യങ്ങളും ഞാൻ നിങ്ങളോടു പറയേണ്ടിയിരിക്കുന്നു; പരിമിതികൾ വളരെ വലുതായതിനാലും ഒട്ടും സജ്ജരല്ലാത്തതിനാലും, അതു മനസ്സിലാക്കാനും താങ്ങാനുമുള്ള ശേഷി നിങ്ങൾക്കില്ലെങ്കിൽപ്പോലും. ഞാൻ എന്‍റെ പ്രവൃത്തി ഉപസംഹരിക്കും; ഞാൻ ചെയ്യേണ്ട പ്രവൃത്തി ഞാൻ പൂർത്തിയാക്കും, നിങ്ങളെ ഞാൻ നിയോഗിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും നിങ്ങളോടു പറയും, അല്ലെങ്കിൽ നിങ്ങൾ ഇരുട്ടു വീഴുമ്പോൾ വീണ്ടും അലഞ്ഞുതിരിയുകയും സാത്താന്‍റെ പദ്ധതികളിൽ വീണുപോകുകയും ചെയ്യും. നിങ്ങൾക്ക് അറിവില്ലാത്ത പല കാര്യങ്ങളും നിങ്ങൾ മനസ്സിലാക്കാതെ പോകാൻ വഴികൾ പലതാണ്. നിങ്ങൾ എത്രയും അജ്ഞരാണ്; നിങ്ങളുടെ അവസ്ഥയും നിങ്ങളുടെ പോരായ്മകളും എനിക്കു വളരെ നന്നായറിയാം. അതിനാൽ, നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയാത്ത വാക്കുകൾ പലതുണ്ടെങ്കിലും, നിങ്ങളിതുവരെ കേൾക്കാൻ ഇഷ്ടപ്പെടാതിരുന്ന ഈ സത്യങ്ങളെല്ലാം നിങ്ങളോടു പറയാൻ ഞാൻ ഇപ്പോഴും സന്നദ്ധനാണ്. കാരണം, നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ എനിക്കു നൽകിയ സാക്ഷ്യത്തിൽ ഉറച്ചു നിൽക്കാൻ നിങ്ങൾക്കു കഴിയുമോ എന്നു ഞാൻ ശങ്കിക്കുന്നു. നിങ്ങളെക്കുറിച്ച് എനിക്ക് ഒട്ടും ചിന്തയില്ലെന്നല്ല; നിങ്ങളെല്ലാവരും ഇപ്പോഴും എന്‍റെ പരിശീലനം കിട്ടാത്ത മൃഗങ്ങളാണ്, നിങ്ങളിൽ എത്രമാത്രം മഹിമയുണ്ടെന്ന് എനിക്കു കാണാൻ കഴിയുന്നതേയില്ല. നിങ്ങളിൽ പ്രവർത്തിക്കാൻ ഞാൻ ഒരുപാട് ഊർജം ചെലവാക്കിയിട്ടുണ്ടെങ്കിലും, നിങ്ങളിൽ ഗുണവശങ്ങൾ പ്രായോഗികമായി തീരെയില്ല; ദോഷവശങ്ങളാകട്ടെ, വിരലുകളിൽ എണ്ണിയെടുക്കാവുന്നതും സാത്താനു പോലും അപമാനകരമായ സാക്ഷ്യങ്ങളായി മാത്രം വർത്തിക്കുന്നവയുമാണ്. നിങ്ങളിൽ ബാക്കിയുള്ള മറ്റെല്ലാം സാത്താന്‍റെ വിഷമാണ്. മോചനത്തിന് അതീതരായവരെന്നെ പോലെയാണ് നിങ്ങൾ എന്നെ നോക്കുന്നത്. കാര്യങ്ങൾ ഇങ്ങനെ നിലകൊള്ളുമ്പോൾ, ഞാൻ നിങ്ങളുടെ വിവിധ ഭാവങ്ങളിലേക്കും പെരുമാറ്റങ്ങളിലേക്കുമാണ് നോക്കുക, അവസാനം നിങ്ങളുടെ യഥാർത്ഥ അവസ്ഥയും ഞാൻ മനസ്സിലാക്കും. ഇതിനാലാണ് ഞാൻ എപ്പോഴും നിങ്ങളെ പ്രതി വ്യാകുലപ്പെടുന്നത്: ഇഷ്ടമുള്ളതു പോലെ ജീവിക്കാൻ വിട്ടാൽ മനുഷ്യർ ഇന്നു കാണുന്നതിനെക്കാൾ നല്ല നിലയിലായിരിക്കുമോ, അതുമായി താരതമ്യമെങ്കിലും സാധ്യമാകുമോ? നിങ്ങളുടെ ശൈശവതുല്യമായ അവസ്ഥ നിങ്ങളെ ഉത്കണ്ഠാകുലരാക്കുന്നില്ലേ? ശരിക്കും ഇസ്രായേലിലെ തിരഞ്ഞെടുക്കപ്പെട്ട ജനതയെപ്പോലെ എല്ലായ്പ്പോഴും എന്നോട്, എന്നോടു മാത്രം കൂറുള്ളവരായിരിക്കാൻ നിങ്ങൾക്കു കഴിയുമോ? രക്ഷിതാക്കളിൽനിന്നകന്ന് അലഞ്ഞുതിരിയുന്ന കുട്ടികളുടെ വികൃതിയല്ല നിങ്ങളിൽ വെളിപ്പെടുന്നത്, ഉടമയുടെ ചാട്ടയടിയിൽനിന്ന് അകന്നു മാറിയ മൃഗങ്ങളിൽ നിന്നു പുറത്തുചാടുന്ന മൃഗീയതയാണ്. നിങ്ങളുടെ പ്രകൃതം നിങ്ങൾ അറിഞ്ഞിരിക്കണം, നിങ്ങളിലെല്ലാം പൊതുവായുള്ള ദൗർബല്യമാണത്; നിങ്ങൾക്കെല്ലാം പൊതുവായുള്ള ഒരു രോഗമാണത്. അതിനാൽ, എന്നോടുള്ള സാക്ഷ്യത്തിൽ ഉറച്ചു നിൽക്കുക എന്നതു മാത്രമാണ് എനിക്ക് ഇന്നു നിങ്ങളോടുള്ള ഒരേയൊരു അനുശാസനം. ഒരു കാരണവശാലും പഴയ രോഗം വീണ്ടും തീവ്രമാകാൻ അനുവദിക്കരുത്. സാക്ഷ്യം വഹിക്കുക എന്നതാണ് ഏറ്റവും പ്രധാനം, അതാണ് എന്‍റെ പ്രവൃത്തിയുടെ കാതൽ. സ്വപ്നത്തിൽ വന്ന യഹോവയുടെ വെളിപാടിനെ മറിയം സ്വീകരിച്ചതു പോലെ എന്‍റെ വചനങ്ങളെ നിങ്ങൾ സ്വീകരിക്കണം: വിശ്വസിച്ചുകൊണ്ടും, പിന്നെ അനുസരിച്ചുകൊണ്ടും. അതു മാത്രമാണ് വിശുദ്ധമാകാൻ യോഗ്യമായിട്ടുള്ളത്. എന്‍റെ വചനങ്ങൾ ഏറ്റവുമധികം ശ്രവിക്കുന്നത് നിങ്ങളായതിനാൽ നിങ്ങളാണ് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവർ. എന്‍റെ അമൂല്യമായ സമ്പാദ്യങ്ങളെല്ലാം ഞാൻ നിങ്ങൾക്കു നൽകിക്കഴിഞ്ഞു, നിങ്ങൾക്കു മേൽ ഞാൻ എല്ലാം ചൊരിഞ്ഞുകഴിഞ്ഞു, എന്നിട്ടും നിങ്ങൾ ഇസ്രായേല്യരിൽനിന്ന് വളരെ വ്യത്യസ്ത നിലയുള്ളവരായിരിക്കുന്നു; നിങ്ങൾക്കിടയിൽ അജഗജാന്തരമുണ്ട്. പക്ഷേ, അവരുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ ഒരുപാട് നേടിക്കഴിഞ്ഞു; അവർ എന്‍റെ ദർശനത്തിനായി പാരവശ്യത്തോടെ കാത്തിരിക്കുമ്പോൾ നിങ്ങൾ എന്‍റെ വരങ്ങൾ പങ്കുവച്ച് എന്നോടൊപ്പം ഹൃദ്യമായി ദിവസങ്ങൾ ചെലവഴിക്കുന്നു. ഈ വ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ, എന്നോട് ആക്രോശിക്കാനും കലഹിക്കാനും എന്‍റെ സമ്പാദ്യത്തിൽ പങ്ക് ചോദിക്കാനും നിങ്ങൾക്ക് എങ്ങനെ അവകാശമുണ്ടാകും? നിങ്ങൾ ഒരുപാട് നേടിക്കഴിഞ്ഞില്ലേ? ഞാൻ നിങ്ങൾക്ക് വാരിക്കോരി തരുന്നു, പക്ഷേ, നിങ്ങളെനിക്കു തിരിച്ചു തരുന്നത് ഹൃദയഭേദകമായ വിഷാദവും ഉത്കണ്ഠയും അനിയന്ത്രിതമായ നീരസവും അതൃപ്തിയുമാണ്. ഏറെ നിന്ദ്യരാണു നിങ്ങൾ, എന്നാൽ, നിങ്ങൾ അനുകമ്പാർഹരുമാണ്. അതിനാൽ എന്‍റെ നീരസമെല്ലാം കടിച്ചമർത്തി നിങ്ങളോടുള്ള എന്‍റെ എതിർപ്പുകൾ ആവർത്തിച്ചാവർത്തിച്ചു പറയുക എന്നതല്ലാതെ മറ്റൊരു വഴി എനിക്കില്ല. ആയിരക്കണക്കിനു വർഷങ്ങളുടെ പ്രവർത്തനങ്ങളിൽ ഞാനൊരിക്കലും മാനവരാശിയുമായി തർക്കിച്ചിട്ടില്ല. കാരണം, മാനവികതയുടെ വികാസത്തിലുടനീളം പുരാതന കാലങ്ങളിലെ പ്രശസ്തരായ പൂർവികരിൽനിന്നു നിങ്ങൾക്കു കിട്ടിയ അമൂല്യമായ പിന്തുടർച്ചകൾ പോലെ, നിങ്ങൾക്കിടയിലെ “തട്ടിപ്പുകാരാണ്”ഏറ്റവും പേരെടുത്തിട്ടുള്ളത് എന്നു ഞാൻ കണ്ടെത്തിയിരുന്നു. അങ്ങനെയുള്ള, മനുഷ്യത്വമില്ലാത്ത പന്നികളെയും നായ്ക്കളെയും ഞാൻ എത്രയും വെറുക്കുന്നു. നിങ്ങൾക്ക് മനഃസാക്ഷി തീരെയില്ല! നിങ്ങളിൽ സ്വഭാവമഹിമ ഒട്ടുമില്ല! നിങ്ങളുടെ ഹൃദയങ്ങൾ വല്ലാതെ കഠിനമായിരിക്കുന്നു! ഇസ്രായേല്യർക്കാണ് ഞാനീ വചനങ്ങളും പ്രവർത്തനങ്ങളും നൽകിയിരുന്നതെങ്കിൽ ഞാൻ എന്നേ കീർത്തിമാനായേനേ. എന്നാൽ, നിങ്ങൾക്കിടയിൽ അത് അപ്രാപ്യമാണ്; നിങ്ങൾക്കിടയിൽ ക്രൂരമായ അവഗണന മാത്രമേയുള്ളൂ, നിങ്ങളുടെ തിരസ്കാരവും നിങ്ങളുടെ ഒഴികഴിവുകളും മാത്രമേയുള്ളൂ. നിങ്ങൾ വല്ലാതെ വികാരശൂന്യരും തീർത്തും വിലകെട്ടവരുമാകുന്നു!

എന്‍റെ പ്രവർത്തനങ്ങളിലേക്ക് നിങ്ങൾക്കുള്ളതെല്ലാം നിങ്ങൾ അർപ്പിക്കേണ്ടതുണ്ട്. എനിക്കു ഗുണകരമായ പ്രവൃത്തികളാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങൾക്കു മനസ്സിലാകാത്തതെല്ലാം വിശദീകരിക്കാൻ ഞാൻ സന്നദ്ധനാണ്, അങ്ങനെ നിങ്ങൾക്ക് കുറവുള്ളതെല്ലാം എന്നിൽനിന്നു നിങ്ങൾക്കു നേടാം. നിങ്ങളുടെ പരിമിതികൾ എണ്ണിയാലൊടുങ്ങാത്തതാണെങ്കിലും നിങ്ങളിൽ ചെയ്യേണ്ട പ്രവർത്തനം തുടരാൻ ഞാൻ തയ്യാറാണ്, അതുവഴി എന്‍റെ അന്തിമമായ കാരുണ്യം ഞാൻ നിങ്ങൾക്കു നൽകും, അങ്ങനെ നിങ്ങൾക്ക് എന്നിൽനിന്നു ഗുണമുണ്ടാകുകയും നിങ്ങളിൽ ഇല്ലാതിരിക്കുന്നതും ലോകം ഇതുവരെ കണ്ടിട്ടില്ലാത്തതുമായ കീർത്തി സ്വന്തമാക്കുകയും ചെയ്യാം. അനേകവർഷങ്ങൾ ഞാൻ പ്രവർത്തിച്ചു, എന്നിട്ടും ഒരു മനുഷ്യനും എന്നെ അറിഞ്ഞിട്ടില്ല. മറ്റാരോടും പറഞ്ഞിട്ടില്ലാത്ത രഹസ്യങ്ങൾ നിങ്ങളോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

മനുഷ്യർക്കിടയിൽ, അവർക്കു കാണാൻ കഴിയാത്ത ആത്മാവായിരുന്നു ഞാൻ, അവർക്കൊരിക്കലും ഇടപെടാൻ കഴിയാത്ത ആത്മാവ്. ഭൂമിയിലെ എന്‍റെ മൂന്നു ഘട്ടങ്ങളായുള്ള പ്രവർത്തനങ്ങൾ (ലോക സൃഷ്ടി, വീണ്ടെടുപ്പ്, വിനാശം) കാരണം ഞാൻ അവർക്കിടയിൽ എന്‍റെ പ്രവർത്തനങ്ങൾ ചെയ്യാൻ പല സമയത്തായി എത്തുന്നു (ഒരിക്കലും പരസ്യമായല്ല). വീണ്ടെടുപ്പിന്‍റെ യുഗത്തിലാണ് ഞാൻ ആദ്യമായി അവർക്കിടയിൽ എത്തിയത്. തീർച്ചയായും ഞാൻ വന്നത് ഒരു യഹൂദ കുടുംബത്തിലേക്കായിരുന്നു; അതിനാൽ, ദൈവം ഭൂമിയിലേക്കു വരുന്നത് ആദ്യം കണ്ടതും യഹൂദരാണ്. വീണ്ടെടുപ്പിനായുള്ള എന്‍റെ പ്രവർത്തനത്തിൽ മനുഷ്യരൂപത്തിലുള്ള എന്‍റെ മാംസം പാപപരിഹാര ബലിയായി ഉപയോഗിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ് ഈ പ്രവർത്തനം ഞാൻ നേരിട്ടു തന്നെ ചെയ്തത്. അങ്ങനെ, കൃപായുഗത്തിലെ യഹൂദരാണ് എന്നെ ആദ്യമായി കണ്ടത്. മാംസമായി ഞാൻ പ്രവർത്തിച്ചത് അത് ആദ്യമായിരുന്നു. ദൈവരാജ്യ യുഗത്തിൽ എന്‍റെ പ്രവർത്തനം കീഴടക്കലും പൂർണമാക്കലുമാണ്, അതിനാൽ ഞാൻ വീണ്ടും മാംസത്തിൽ എന്‍റെ അജപാലന പ്രവൃത്തി ചെയ്യുന്നു. ഇതു രണ്ടാം തവണയാണ് മാംസത്തിൽ എന്‍റെ പ്രവർത്തനം. പ്രവർത്തനത്തിന്‍റെ അവസാന രണ്ടു ഘട്ടങ്ങളിലും ആളുകൾ ഇടപെടുന്നത് അദൃശ്യവും അസ്പഷ്ടവുമായ ആത്മാവുമായല്ല, മറിച്ച് മാംസരൂപത്തിൽ പ്രത്യക്ഷപ്പെട്ട ആത്മാവായ വ്യക്തിയുമായാണ്. അതിനാൽ, മനുഷ്യന്‍റെ കണ്ണിൽ ഞാൻ വീണ്ടും ദൈവത്തിന്‍റെ രൂപഭാവങ്ങളൊന്നുമില്ലാത്ത മനുഷ്യനായി. അതിനു പുറമേ, ആളുകൾ കാണുന്ന ദൈവം പുരുഷൻ മാത്രമല്ല, സ്ത്രീയുമാണ്, അത് അവർക്ക് ഏറ്റവും ആശ്ചര്യജനകവും അമ്പരപ്പുളവാക്കുന്നതുമാണ്. അനേക വർഷങ്ങളായി നിലനിന്ന പഴയ വിശ്വാസങ്ങൾ എന്‍റെ അസാധാരണമായ പ്രവർത്തനങ്ങളിലൂടെ കാലാകാലങ്ങളിൽ തകർക്കപ്പെട്ടു. ആളുകൾ സ്തംഭിച്ചിരിക്കുകയാണ്! ദൈവം പരിശുദ്ധാത്മാവോ ആത്മാവോ ഏഴു മടങ്ങ് തീവ്രമായ ആത്മാവോ സർവവ്യാപിയായ ആത്മാവോ മാത്രമല്ല, മനുഷ്യൻ കൂടിയാണ്, സാധാരണ മനുഷ്യൻ, അസാധാരണമാം വിധം സാധാരണ മനുഷ്യൻ. അവൻ പുരുഷൻ മാത്രമല്ല, സ്ത്രീ കൂടിയാണ്. മനുഷ്യർക്കു ജനിച്ചു എന്നതാണ് ഇരുവരും തമ്മിലുള്ള സാമ്യം; ഒരാൾ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി; അപരൻ ആത്മാവിൽനിന്ന് നേരിട്ട് ഉരുത്തിരിഞ്ഞെങ്കിലും മനുഷ്യനു ജനിച്ചു എന്നത് അവർ തമ്മിലുള്ള വ്യത്യാസവും. ദൈവത്തിന്‍റെ രണ്ട് മാംസരൂപങ്ങളും പിതാവായ ദൈവത്തിന്‍റെ പ്രവർത്തനങ്ങൾ ചെയ്യുന്നു എന്നത് സാമ്യം; ഒരാൾ വീണ്ടെടുപ്പിന്‍റെ പ്രവർത്തനം ചെയ്തപ്പോൾ അപരൻ കീഴടക്കലിന്‍റെ പ്രവർത്തനം ചെയ്തു എന്നത് വ്യത്യാസവും. ഇരുവരും പിതാവായ ദൈവത്തെ പ്രതിനിധീകരിക്കുന്നു, എന്നാൽ, ഒരുവൻ ആർദ്രസ്നേഹവും കരുണയും നിറഞ്ഞ വീണ്ടെടുപ്പുകാരനാണ്; അപരൻ ക്രോധവും ന്യായവിധിയും നിറഞ്ഞ, നീതിയുടെ ദൈവവും. ഒരാൾ വീണ്ടെടുപ്പിന്റെ പ്രവർത്തനം തുടങ്ങിവച്ച പരമാധികാരി, അപരൻ കീഴടക്കലിന്‍റെ പ്രവർത്തനം പൂർത്തിയാക്കുന്ന നീതിമാനായ ദൈവം. ഒരാൾ തുടക്കവും ഒരാൾ ഒടുക്കവും. ഒരാൾ പാപമില്ലാത്ത മാംസവും ഒരാൾ വിമോചനത്തെ പൂർത്തീകരിക്കുന്ന മാംസവും; പ്രവർത്തനം തുടരുന്നവനും ഒരിക്കലും പാപം ചെയ്യാത്തവനും. ഇരുവരും ഒരേ ആത്മാവ് തന്നെ, പക്ഷേ, വ്യത്യസ്ത ശരീരങ്ങളിൽ വസിക്കുന്നു, വ്യത്യസ്ത സ്ഥലങ്ങളിൽ ജനിച്ചു, ആയിരക്കണക്കിനു വർഷങ്ങൾ അവരെ വേർതിരിക്കുന്നു. എന്നാൽ, അവരുടെ പ്രവർത്തനങ്ങൾ പരസ്പരപൂരകങ്ങളും വൈരുദ്ധ്യങ്ങളില്ലാത്തതും ഒരേ ശ്വാസത്തിൽ വിവരിക്കാവുന്നവയുമാകുന്നു. ഇരുവരും മനുഷ്യർ, പക്ഷേ, ഒരാൾ പിഞ്ചുബാലനും ഒരാൾ പിഞ്ചുബാലികയുമായിരുന്നു. ഇക്കാലമത്രയും ആളുകൾ കണ്ടത് ആത്മാവിനെ മാത്രമല്ല, ഒരു മനുഷ്യനെ, ഒരു പുരുഷനെ മാത്രമല്ല, മറിച്ച് മനുഷ്യധാരണകളുമായി പൊരുത്തപ്പെടാത്ത പല കാര്യങ്ങൾ കൂടിയാണ്; അതിലൊന്നാണ് മനുഷ്യർക്ക് ഒരിക്കലും എന്നെ പൂർണമായി അറിയാൻ കഴിയില്ല എന്നത്. അവർ എന്നെ പകുതി വിശ്വസിക്കുകയും പകുതി സംശയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു, ഞാൻ ഉണ്ടെങ്കിലും ഒരു മായാസ്വപ്നം കൂടിയാണെന്ന പോലെ. അതുകൊണ്ടാണ് ഇന്നേവരെ ദൈവം എന്താണെന്ന് ആളുകൾ അറിയാത്തത്. ലളിതമായ ഒറ്റ വാചകത്തിൽ എന്നെ സംഗ്രഹിക്കാൻ ശരിക്കും നിനക്കു കഴിയുമോ? “യേശു ദൈവമല്ലാതെ മറ്റാരുമല്ല, ദൈവം യേശുവല്ലാതെ മറ്റാരുമല്ല” എന്നു പറയാൻ നിനക്കു ധൈര്യമുണ്ടോ? “ദൈവം ആത്മാവല്ലാതെ മറ്റൊന്നുമല്ല, ആത്മാവ് ദൈവമല്ലാതെ മറ്റൊന്നുമല്ല” എന്ന് ധീരമായി പറയാൻ നിനക്കു കഴിയുമോ? “മാംസം ധരിച്ച മനുഷ്യൻ മാത്രമാണ് ദൈവം” എന്ന് നിസ്സങ്കോചം പറയാൻ നിനക്ക് കഴിയുമോ? “യേശുവിന്‍റെ പ്രതിച്ഛായ ദൈവത്തിന്‍റെ മഹത്തായ പ്രതിച്ഛായയാണ്” എന്നു സമർത്ഥിക്കാൻ സത്യമായും നിനക്കു ധൈര്യമുണ്ടോ? ദൈവത്തിന്‍റെ സ്വഭാവവും പ്രതിച്ഛായയും വിശദീകരിക്കാൻ നിന്‍റെ വാക്ചാതുരി ഉപയോഗിക്കാൻ നിനക്കു കഴിയുമോ? “ദൈവം സ്വന്തം രൂപത്തിൽ പുരുഷന്മാരെ മാത്രമാണു സൃഷ്ടിച്ചത്, സ്ത്രീകളെയല്ല” എന്നു പറയാൻ നീ ശരിക്കും ധൈര്യപ്പെടുമോ? നീ ഇതു പറഞ്ഞാൽ, ഞാൻ തിരഞ്ഞെടുത്തവരിൽ ഒരു സ്ത്രീയും ഉൾപ്പെടില്ല, മനുഷ്യകുലത്തിലെ ഒരു വർഗ്ഗമായി അവർ കണക്കാക്കപ്പെടുകയുമില്ല. ദൈവം എന്താണെന്ന് നിനക്ക് ഇപ്പോൾ അറിയാമോ? ദൈവം ഒരു മനുഷ്യനാണോ? ദൈവം ഒരു ആത്മാവാണോ? ദൈവം ശരിക്കും ഒരു പുരുഷനാണോ? ഞാൻ ചെയ്യുന്ന പ്രവർത്തനം പൂർത്തിയാക്കാൻ യേശുവിനു മാത്രമേ സാധിക്കുകയുള്ളോ? മേൽപ്പറഞ്ഞവയിൽ ഒന്നു മാത്രമാണ് എന്‍റെ സത്തയെ സംഗ്രഹിക്കാൻ നീ തിരഞ്ഞെടുക്കുന്നതെങ്കിൽ നീ അത്യധികം അജ്ഞനായ, എന്നാൽ, കൂറുള്ള വിശ്വാസിയാണ്. ഞാൻ മാസരൂപത്തിൽ ഒരിക്കൽ, ഒരിക്കൽ മാത്രമാണു പ്രവർത്തിച്ചിട്ടുള്ളതെങ്കിൽ നിങ്ങൾ അതെന്‍റെ പരിമിതിയായി കാണുമോ? ഒറ്റ നോട്ടത്തിൽ നിനക്ക് എന്നെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുമോ? നിന്‍റെ ആയുഷ്കാല അനുഭവങ്ങൾ വച്ച് നിനക്കെന്നെ പൂർണമായി സംഗ്രഹിക്കാൻ കഴിയുമോ? എന്‍റെ രണ്ട് അവതാരങ്ങളിലും ഞാൻ ഒരുപോലുള്ള പ്രവൃത്തികളാണ് ചെയ്തിരുന്നതെങ്കിൽ നിങ്ങൾ എന്നെ എങ്ങനെ ഗ്രഹിക്കുമായിരുന്നു? എന്നേക്കും കുരിശിൽ തറഞ്ഞു കിടക്കാൻ വിടുമോ? നീ അവകാശപ്പെടുന്നത്ര ലളിതമായിരിക്കുമോ ദൈവം?

നിങ്ങളുടെ വിശ്വാസം വളരെ ആത്മാർഥമാണെങ്കിലും, എന്നെ പൂർണമായി വിവരിക്കാൻ നിങ്ങളിൽ ഒരാൾക്കും സാധിച്ചിട്ടില്ല, കണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും പൂർണമായ സാക്ഷ്യം പറയാനും ആർക്കും കഴിഞ്ഞിട്ടില്ല. ഇതെക്കുറിച്ച് ആലോചിക്കൂ: ഇന്നു നിങ്ങളിൽ ഏറെപ്പേരും കടമകളിൽ വ്യാപൃതരാകുന്നതിനു പകരം മാംസത്തെ അനുഗമിക്കുകയും മാംസത്തെ തൃപ്തിപ്പെടുത്തുകയും മാംസത്തെ അത്യാഗ്രഹത്തോടെ ആസ്വദിക്കുകയും ചെയ്യുകയാണ്. നിങ്ങളിൽ ഒട്ടും സത്യമില്ല. മുന്നിൽ കണ്ട എല്ലാത്തിനും സാക്ഷ്യം പറയാൻ പിന്നെ നിങ്ങൾക്ക് എങ്ങനെ കഴിയും? എന്‍റെ സാക്ഷികളാകാൻ കഴിയുമെന്ന് നിങ്ങൾക്ക് ശരിക്കും ആത്മവിശ്വാമുണ്ടോ? ഇന്നു കണ്ട എല്ലാത്തിനും സാക്ഷ്യം പറയാൻ നിങ്ങൾക്കു സാധിക്കാത്ത ഒരു ദിവസം വന്നാൽ, സൃഷ്ടിജാലത്തിന്‍റെ ധർമം നിങ്ങൾക്കു നഷ്ടപ്പെട്ടിരിക്കും, നിങ്ങളുടെ അസ്തിത്വത്തിന് യാതൊരു അർഥവും ഇല്ലാതെയുമാകും. മനുഷ്യനായിരിക്കാൻ നീ അയോഗ്യനാകും. നീ മനുഷ്യനല്ലെന്നു പോലും പറയേണ്ടി വരും! നിങ്ങളിൽ ഞാൻ അളവറ്റ പ്രവർത്തനങ്ങൾ ചെയ്തിരിക്കുന്നു, എന്നാൽ, നീയിപ്പോൾ ഒന്നും പഠിക്കാത്തതിനാൽ, ഒന്നിനെക്കുറിച്ചും ബോധവാൻ അല്ലാത്തതിനാൽ, നിന്‍റെ വേല നിഷ്ഫലമായതിനാൽ, എന്‍റെ പ്രവർത്തനങ്ങൾ വിശാലമാക്കേണ്ട സമയമാകുമ്പോൾ നിന്‍റെ നാവ് കെട്ടപ്പെട്ട് നീ തീർത്തും നിസ്സഹായനായി വെറുതേ ശൂന്യമായി തുറിച്ചു നോക്കുകമാത്രം ചെയ്യും. അതു നിന്നെ എക്കാലത്തേക്കും പാപിയാക്കി മാറ്റില്ലേ? ആ സമയം വരുമ്പോൾ നീ ഏറ്റവും ആഴത്തിൽ ഖേദിക്കില്ലേ? വിഷണ്ണതയിലേക്കു നീ മുങ്ങിത്താഴില്ലേ? ഇന്നത്തെ എന്‍റെ പ്രവർത്തനങ്ങളൊന്നും വെറുതേയിരിക്കുന്നതുകൊണ്ടോ വിരസതയകറ്റുന്നതിനോ ചെയ്യുന്നതല്ല, മറിച്ച്, നാളത്തെ എന്‍റെ പ്രവർത്തനത്തിന് അടിത്തറയിടാൻ ചെയ്യുന്നതാണ്. ഞാൻ ഗത്യന്തരമില്ലാതിരിക്കുകയല്ല, പുതിയത് എന്തെങ്കിലുമായി വരാൻ നിർബന്ധിതനുമല്ല. ഞാൻ ചെയ്യുന്ന പ്രവർത്തനം നീ മനസ്സിലാക്കണം; തെരുവിൽ കളിക്കുന്ന കുട്ടി ചെയ്യുന്ന എന്തെങ്കിലുമല്ല അത്, മറിച്ച്, എന്‍റെ പിതാവിനെ പ്രതിനിധീകരിച്ചു ചെയ്യുന്ന പ്രവൃത്തിയാണത്. ഞാനിതൊന്നും ഒറ്റയ്ക്കു ചെയ്യുന്നതല്ലെന്നു നിങ്ങൾ മനസ്സിലാക്കണം; പകരം, ഞാൻ എന്‍റെ പിതാവിനെ പ്രതിനിധീകരിക്കുകയാണ്. അതേസമയം, കർശനമായി പിന്തുടരുകയും അനുസരിക്കുകയും പരിവർത്തനം ചെയ്യുകയും സാക്ഷ്യം പറയുകയുമാണ് നിങ്ങളുടെ കർത്തവ്യം. എന്നെ എന്തിനു വിശ്വസിക്കണം എന്നാണ് നിങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടത്; നിങ്ങൾ ഓരോരുത്തരും മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്. പ്രപഞ്ചം സൃഷ്ടിച്ച നിമിഷം മുതൽ എന്‍റെ പിതാവ് അവിടുത്തെ യശസ്സിനായി നിങ്ങളെ ഓരോരുത്തരെയും എനിക്കുവേണ്ടി മൂൻകൂറായി നിയോഗിച്ചിരിക്കുന്നു. എന്‍റെ പ്രവർത്തനത്തിനും അവിടുത്തെ യശസ്സിനുമായാണ് അവിടുന്ന് നിങ്ങളെ മുൻകൂറായി നിയോഗിച്ചത്. നിങ്ങൾ എന്നിൽ വിശ്വസിക്കുന്നത് എന്‍റെ പിതാവ് കാരണമാണ്; എന്‍റെ പിതാവ് മുൻകൂറായി നിയോഗിച്ചതിനാലാണ് നിങ്ങൾ എന്നെ പിന്തുടരുന്നത്. ഇതിൽ ഒന്നും നിങ്ങളുടെ തിരഞ്ഞെടുപ്പല്ല. എന്നോടു സാക്ഷ്യം പറയാൻ എന്‍റെ പിതാവ് എനിക്കു തന്നിരിക്കുന്നത് നിങ്ങളെയാണ് എന്നു നിങ്ങൾ മനസ്സിലാക്കണം എന്നതാണ് ഇതിലേറെ പ്രധാനം. അവിടുന്ന് നിങ്ങളെ എനിക്കു പ്രദാനം ചെയ്തിരിക്കുന്നതിനാൽ ഞാൻ നിർദേശിക്കുന്ന മാർഗങ്ങളും ഞാൻ പഠിപ്പിക്കുന്ന വഴികളും വചനങ്ങളും നിങ്ങൾ പിന്തുടരേണ്ടിയിരിക്കുന്നു. കാരണം, എന്‍റെ മാർഗം പിന്തുടരുക എന്നത് നിങ്ങളുടെ കർത്തവ്യമാണ്. നിങ്ങൾക്ക് എന്നിലുള്ള വിശ്വാസത്തിന്‍റെ യഥാർത്ഥ ഉദ്ദേശ്യം അതാണ്. അതിനാൽ ഞാനിതു നിങ്ങളോടു പറയുന്നു: എന്‍റെ മാർഗം പിന്തുടരാൻ എന്‍റെ പിതാവ് എനിക്കു പ്രദാനം ചെയ്ത ആളുകൾ മാത്രമാണു നിങ്ങൾ. നിങ്ങൾ എന്നിൽ മാത്രം വിശ്വസിച്ചാലും നിങ്ങൾ എന്നിൽപ്പെട്ടവരല്ല. കാരണം, നിങ്ങൾ ഇസ്രായേല്യരുടെ കുടുംബമല്ല, മറിച്ച് പുരാതന സർപ്പത്തിന്‍റെ വർഗത്തിൽപ്പെട്ടവരാണ്. എനിക്കു വേണ്ടി സാക്ഷ്യം വഹിക്കാൻ മാത്രമാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്, എന്നാൽ, നിങ്ങൾ ഇന്ന് എന്‍റെ വഴിയേ നടക്കുകയും വേണം. ഇതെല്ലാം ഭാവി സാക്ഷ്യത്തിന്‍റെ ആവശ്യത്തിനു വേണ്ടിയാണ്. എന്നെ ശ്രദ്ധിക്കുന്ന ജനങ്ങളായി മാത്രമാണ് നിങ്ങൾ വർത്തിക്കുന്നതെങ്കിൽ, നിങ്ങൾക്കു വിലയുണ്ടാകില്ല, നിങ്ങളെ എന്‍റെ പിതാവ് എന്നിൽ ഭരമേല്പിച്ചതിന്‍റെ പ്രസക്തിയും നഷ്ടമാകും. ഞാൻ നിങ്ങളോട് നിർബന്ധിച്ചു പറയുന്നത് എന്തെന്നാൽ: നിങ്ങൾ എന്‍റെ മാർഗത്തിൽ ചരിക്കുക.

മുമ്പത്തേത്: അനുഗ്രഹങ്ങളെക്കുറിച്ച് നിങ്ങൾ എന്തു മനസ്സിലാക്കി?

അടുത്തത്: ഒരു യഥാര്‍ത്ഥ വ്യക്തിയെന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത്

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക