രണ്ട് അവതാരങ്ങളും കൂടി മനുഷ്യാവതാരത്തിന്റെ പ്രാധാന്യം പൂർത്തിയാക്കുന്നു

ദൈവം ചെയ്യുന്ന വേലയുടെ ഓരോ ഘട്ടത്തിനും അതിന്റേതായ പ്രായോഗിക പ്രാധാന്യമുണ്ട്. അന്ന്, യേശു വന്നപ്പോൾ, അവൻ പുരുഷനായിരുന്നു, ദൈവം ഇത്തവണ വരുമ്പോൾ അവൻ സ്ത്രീയാണ്. ഇതിൽ നിന്ന്, ദൈവം തന്റെ വേലയ്ക്കായി ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചുവെന്ന് നിനക്ക് കാണാൻ കഴിയും, കൂടാതെ അവന് ലിംഗഭേദം ഇല്ല. അവന്റെ ആത്മാവ് വരുമ്പോൾ, അവൻ ആഗ്രഹിക്കുന്ന ഏത് അവതാരവും എടുക്കാന്‍ അവനു കഴിയും, ആ അവതാരത്തിന് അവനെ പ്രതിനിധീകരിക്കാനും കഴിയും; അത് പുരുഷനായാലും സ്ത്രീയായാലും അവന്റെ മനുഷ്യാവതാരമാണെങ്കില്‍ അതിന് ദൈവത്തെ പ്രതിനിധീകരിക്കാൻ കഴിയും. യേശുവിന്റെ വരവ് ഒരു സ്ത്രീ ആയിട്ടായിരുന്നുവെങ്കില്‍, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പരിശുദ്ധാത്മാവിനാൽ ഗർഭത്തില്‍ ഉരുവായത് ആണ്‍കുഞ്ഞിനു പകരം ഒരു പെണ്‍കുഞ്ഞായിരുന്നുവെങ്കില്‍ പോലും, വേലയുടെ ആ ഘട്ടം അതുപോലെ തന്നെ പൂർത്തിയാകുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ, വേലയുടെ ഇന്നത്തെ ഘട്ടം പകരം ഒരു പുരുഷനായിരുന്നു പൂർത്തിയാക്കേണ്ടിയിരുന്നത്, എന്നാലും ജോലികൾ എല്ലാം പൂർത്തിയാക്കപ്പെടുക തന്നെ ചെയ്യും. ഓരോ ഘട്ടത്തിലെയും വേല ഒരുപോലെ പ്രാധാന്യമർഹിക്കുന്നു; വേലയുടെ ഒരു ഘട്ടവും ആവർത്തിക്കപ്പെടുന്നില്ല, ഒന്നു മറ്റൊന്നിനു വിരുദ്ധമാവുന്നില്ല. യേശു തന്റെ വേല ചെയ്യുമ്പോൾ അവന്‍ ഏകപുത്രൻ എന്നു വിളിക്കപ്പെട്ടു, “പുത്രൻ” എന്നത് പുല്ലിംഗത്തെ സൂചിപ്പിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള ഈ ഘട്ടത്തിൽ ഏകപുത്രനെ പരാമർശിക്കാത്തത് എന്തുകൊണ്ടാണ്? കാരണം, വേലയുടെ ആവശ്യകതകൾ യേശുവിന്റേതില്‍ നിന്നും ഒരു ലിംഗഭേദം ആവശ്യമാക്കിയിട്ടുണ്ട്. ദൈവത്തിന് ലിംഗ വ്യത്യാസമില്ല. അവൻ ആഗ്രഹിക്കുന്നതു പോലെ അവൻ അവന്റെ വേല ചെയ്യുന്നു, അവന്റെ വേല ചെയ്യുന്നതിൽ അവൻ ഒരു നിയന്ത്രണത്തിനും വിധേയനല്ല, മാത്രമല്ല തികച്ചും സ്വതന്ത്രനുമാണ്. എന്നാലും വേലയുടെ ഓരോ ഘട്ടത്തിനും അതിന്റേതായ പ്രായോഗിക പ്രാധാന്യമുണ്ട്. ദൈവം രണ്ടുതവണ മനുഷ്യാവതാരമെടുത്തു, അന്ത്യനാളുകളിലെ അവന്റെ അവതാരം ഒടുവിലത്തേതാണെന്നു സ്വയം വ്യക്തമാണ്. അവന്റെ എല്ലാ പ്രവൃത്തികളും വെളിവാക്കാനാണ് അവൻ വന്നിരിക്കുന്നത്. ഈ ഘട്ടത്തിൽ മനുഷ്യനു സാക്ഷ്യം വഹിക്കാനായി വ്യക്തിപരമായി പ്രവർത്തിക്കാന്‍ അവൻ അവതാരമെടുത്തില്ലെങ്കില്‍, ദൈവം പുരുഷന്‍ മാത്രമാണ്, ഒരിക്കലും സ്ത്രീയല്ല എന്ന ധാരണ മനുഷ്യൻ എന്നെന്നേക്കും മുറുകെപ്പിടിക്കും. ഇതിനു മുമ്പ്, എല്ലാ മനുഷ്യരും വിശ്വസിച്ചത് ദൈവമായിരിക്കാന്‍ പുരുഷനു മാത്രമേ കഴിയൂ എന്നും സ്ത്രീയെ ദൈവം എന്ന് വിളിക്കാനാവില്ല എന്നുമാണ്, കാരണം എല്ലാ മനുഷ്യരും പുരുഷന്മാരെ സ്ത്രീകളുടെ മേൽ അധികാരമുള്ളവരായി കണക്കാക്കിയിരുന്നു. ഒരു സ്ത്രീക്കും അധികാരം ഏറ്റെടുക്കാനാവില്ലെന്ന് അവർ വിശ്വസിച്ചു, പുരുഷന്മാർക്കു മാത്രമേ അതിനു കഴിയൂ എന്നും. എന്തിനധികം, പുരുഷൻ സ്ത്രീയുടെ തലവനാണെന്നും സ്ത്രീ പുരുഷനെ അനുസരിക്കണമെന്നും അവനെ മറികടക്കാൻ കഴിയില്ലെന്നും പോലും അവർ പറഞ്ഞു. മുൻകാലങ്ങളിൽ, പുരുഷൻ സ്ത്രീയുടെ തലവനാണെന്ന് പറഞ്ഞപ്പോൾ, ഇത് സർപ്പത്താൽ വഞ്ചിക്കപ്പെട്ട ആദാമിനെയും ഹവ്വായെയും ഉദ്ദേശിച്ചായിരുന്നു—തുടക്കത്തിൽ യഹോവ സൃഷ്ടിച്ചതുപോലെയുള്ള പുരുഷനെയും സ്ത്രീയെയും ഉദ്ദേശിച്ചായിരുന്നില്ല. തീർച്ചയായും, ഒരു സ്ത്രീ തന്റെ ഭർത്താവിനെ അനുസരിക്കുകയും സ്നേഹിക്കുകയും വേണം, ഒരു ഭർത്താവ് തന്റെ കുടുംബത്തെ പോറ്റാനും സംരക്ഷിക്കാനും പഠിക്കണം. ഭൂമിയിലെ ജീവിതത്തിൽ മനുഷ്യർ അനുസരിക്കേണ്ടതായി യഹോവ മുന്നോട്ടുവച്ച ന്യായങ്ങളും ഉത്തരവുകളുമാണ് ഇവ. യഹോവ സ്ത്രീയോടു പറഞ്ഞു: “എങ്കിലും നിന്റെ അഭിലാഷം ഭർത്താവിലായിരിക്കും; അവൻ നിന്നെ ഭരിക്കും.” മനുഷ്യർ (അതായത്, പുരുഷനും സ്ത്രീയും) യഹോവയുടെ ആധിപത്യത്തിനു കീഴിൽ സാധാരണ ജീവിതം നയിക്കാനും മനുഷ്യരാശിയുടെ ജീവിതത്തിന് ഒരു ഘടനയുണ്ടാകാനും അവരുടെ ശരിയായ ക്രമത്തിൽ നിന്ന് അകന്നുപോകാതിരിക്കാനും മാത്രമാണ് അവിടുന്ന് അങ്ങനെ പറഞ്ഞത്. അതിനാൽ, പുരുഷനും സ്ത്രീയും എങ്ങനെ പ്രവർത്തിക്കണം എന്നതിന് യഹോവ ഉചിതമായ നിയമങ്ങള്‍ ഉണ്ടാക്കി, ഇത് ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാ സൃഷ്ടികളെയും ഉദ്ദേശിച്ച് മാത്രമാണ്, ദൈവത്തിന്റെ മനുഷ്യാവതാരവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ദൈവം എങ്ങനെയാണ് അവന്‍ സൃഷ്ടിച്ച ജീവികളെപ്പോലെ ആകുന്നത്? അവന്റെ വചനം അവന്റെ സൃഷ്ടിയായ മനുഷ്യവർഗത്തെ ഉദ്ദേശിച്ചു മാത്രമാണ്; മനുഷ്യവർഗത്തിന് സാധാരണ ജീവിതം നയിക്കാനാണ് അവൻ പുരുഷനും സ്ത്രീക്കും നിയമങ്ങള്‍ സ്ഥാപിച്ചത്. തുടക്കത്തിൽ, യഹോവ മനുഷ്യരാശിയെ സൃഷ്ടിച്ചപ്പോൾ, ആണും പെണ്ണുമായി രണ്ടുതരം മനുഷ്യരെ സൃഷ്ടിച്ചു; അതുകൊണ്ടുതന്നെ അവന്റെ മനുഷ്യാവതാരങ്ങളെ ആണും പെണ്ണും എന്ന് വേര്‍തിരിച്ചിട്ടുണ്ട്. ആദാമിനോടും ഹവ്വായോടും പറഞ്ഞ വാക്കുകളെ അടിസ്ഥാനമാക്കിയല്ല അവൻ തന്റെ വേല തീരുമാനിച്ചത്. ആദിയിൽ മനുഷ്യരാശിയെ സൃഷ്ടിച്ച സമയത്ത് അവൻ ചിന്തിച്ചുറപ്പിച്ചതിന് അനുസൃതമായാണ് രണ്ടു കാലങ്ങളിലെയും അവന്റെ മനുഷ്യജന്മങ്ങൾ നിർണയിക്കപ്പെട്ടത്; അതായത്, ദുഷിപ്പിക്കപ്പെടുന്നതിനു മുമ്പുള്ള ആണിനെയും പെണ്ണിനെയും അടിസ്ഥാനമാക്കിയാണ് തന്റെ രണ്ട് അവതാരങ്ങളുടെ വേലയും അവൻ പൂർത്തിയാക്കിയത്. സർപ്പത്താൽ വഞ്ചിക്കപ്പെട്ട ആദാമിനോടും ഹവ്വായോടും യഹോവ പറഞ്ഞ വാക്കുകൾ എടുത്ത് മനുഷ്യവർഗം ദൈവത്തിന്റെ അവതാരത്തിന്റെ വേലയിൽ പ്രയോഗിച്ചാൽ, യേശുവും ഭാര്യയെ യഥാവിധി സ്നേഹിക്കേണ്ടതായിരുന്നില്ലേ? അങ്ങനെ ചെയ്‌താല്‍, ദൈവം അപ്പോഴും ദൈവമായിരിക്കുമായിരുന്നോ? അങ്ങനെയായിരുന്നെങ്കില്‍, അപ്പോഴും അവനു തന്റെ വേല പൂർത്തിയാക്കാൻ കഴിയുമായിരുന്നോ? ദൈവത്തിന്റെ മനുഷ്യാവതാരം സ്ത്രീയാകുന്നത് തെറ്റാണെങ്കിൽ, സ്ത്രീയെ സൃഷ്ടിച്ചത് ദൈവം ചെയ്ത ഏറ്റവും വലിയ പിശകായിരിക്കില്ലേ? ദൈവം സ്ത്രീയായി അവതാരമെടുക്കുന്നത് തെറ്റാണെന്ന് ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കിൽ, വിവാഹം കഴിക്കാത്തതും അതിനാൽ ഭാര്യയെ സ്നേഹിക്കാൻ കഴിയാത്തതുമായ യേശു, ഇന്നത്തെ അവതാരത്തെപ്പോലെ തന്നെ തെറ്റുകാരനല്ലേ? ദൈവം മനുഷ്യാവതാരമെടുത്തതിന്റെ ഇക്കാലത്തെ സത്യം അളക്കാൻ നീ യഹോവ ഹവ്വായോടു പറഞ്ഞ വാക്കുകൾ ഉപയോഗിക്കുന്നതിനാൽ, കൃപായുഗത്തിൽ മനുഷ്യാവതാരമെടുത്ത കർത്താവായ യേശുവിനെ വിധിക്കാൻ ആദാമിനോടുള്ള യഹോവയുടെ വാക്കുകൾ നീ ഉപയോഗിക്കണം. ഇവ രണ്ടും ഒന്നുതന്നെയല്ലേ? സർപ്പത്താൽ വഞ്ചിക്കപ്പെടാത്ത പുരുഷനാല്‍ നീ കർത്താവായ യേശുവിനെ വിലയിരുത്തുകയാണെങ്കില്‍, സർപ്പത്താൽ വഞ്ചിക്കപ്പെട്ട സ്ത്രീക്കനുസരിച്ച് ഇന്നത്തെ അവതാരത്തിന്റെ സത്യം നീ വിധിക്കരുത്. ഇത് അന്യായമായിരിക്കും! ഈ വിധത്തിൽ ദൈവത്തെ അളക്കുന്നത് നിനക്ക് യുക്തിയില്ലെന്ന് തെളിയിക്കുന്നു. യഹോവ രണ്ടുതവണ മനുഷ്യാവതാരമെടുത്തപ്പോള്‍, അവന്റെ മനുഷ്യാവതാരത്തിന്റെ ലിംഗം സർപ്പത്താൽ വഞ്ചിക്കപ്പെടാത്ത പുരുഷനും സ്ത്രീയുമായി ബന്ധപ്പെട്ടിരിക്കുന്നു; സർപ്പത്താൽ വഞ്ചിക്കപ്പെടാത്ത പുരുഷനും സ്ത്രീക്കും അനുസൃതമായിട്ടാണ് അവൻ രണ്ടുതവണ മനുഷ്യാവതാരമെടുത്തത്. യേശുവിന്റെ പുരുഷത്വം സർപ്പത്താൽ വഞ്ചിക്കപ്പെട്ട ആദാമിന്റേതുപോലെയാണെന്ന് കരുതരുത്. രണ്ടും തികച്ചും ബന്ധമില്ലാത്തവയാണ്, അവർ രണ്ട് വ്യത്യസ്ത സ്വഭാവമുള്ള പുരുഷന്മാരാണ്. യേശുവിന്റെ പുരുഷത്വം അവൻ എല്ലാ സ്ത്രീകളുടെയും മേൽ അധികാരമുള്ളവനാണെന്ന് തെളിയിക്കുന്നു, എന്നാൽ എല്ലാ പുരുഷന്മാരുടെയും മേൽ അധികാരമുള്ളവനല്ല എന്നാണോ? അവൻ എല്ലാ യെഹൂദന്മാരുടെയും (പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ) രാജാവല്ലേ? അവൻ ദൈവം തന്നെയാണ്, സ്ത്രീയുടെ മേല്‍ അധികാരമുള്ളവന്‍ മാത്രമല്ല, പുരുഷന്റെ മേലും അധികാരമുള്ളവനാണ്. അവൻ എല്ലാ സൃഷ്ടികളുടെയും കർത്താവും എല്ലാ സൃഷ്ടികളുടെയും മേല്‍ അധികാരമുള്ളവനുമാണ്. യേശുവിന്റെ പുരുഷത്വം സ്ത്രീയുടെ മേൽ അധികാരമുള്ളവന്റെ പ്രതീകമായി നിർണയിക്കാൻ നിനക്ക് എങ്ങനെ കഴിയും? ഇത് ദൈവദൂഷണമാവില്ലേ? ദുഷിപ്പിക്കപ്പെടാത്ത പുരുഷനാണ് യേശു. അവൻ ദൈവമാണ്; അവൻ ക്രിസ്തുവാണ്; അവൻ കർത്താവാണ്. ആദാമിനെപ്പോലെയുള്ള ഒരു ദുഷിച്ച പുരുഷനായിരിക്കാൻ അവന് എങ്ങനെ കഴിയും? ദൈവത്തിന്റെ പരിശുദ്ധമായ ആത്മാവ് കൈക്കൊണ്ട മനുഷ്യാവതാരമാണ് യേശു. അവൻ ആദാമിന്റെ പുരുഷത്വം പേറുന്ന ഒരു ദൈവമാണെന്ന് നിനക്ക് എങ്ങനെ പറയാൻ കഴിയും? അങ്ങനെയാണെങ്കിൽ, ദൈവത്തിന്റെ എല്ലാ പ്രവൃത്തികളും തെറ്റായിരിക്കില്ലേ? സർപ്പത്താൽ വഞ്ചിക്കപ്പെട്ട ആദാമിന്റെ പുരുഷത്വം യേശുവില്‍ കൂട്ടിച്ചേര്‍ക്കുവാന്‍ യഹോവയ്ക്ക് കഴിയുമായിരുന്നോ? മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേലയുടെ മറ്റൊരു ഉദാഹരണമല്ലേ, യേശുവിൽ നിന്ന് ലിംഗഭേദമുള്ള, എന്നാൽ പ്രകൃതത്തിൽ അവനെപ്പോലെയുള്ള ഇപ്പോഴത്തെ മനുഷ്യാവതാരം? സർപ്പത്താൽ ആദ്യമായി വഞ്ചിക്കപ്പെട്ടത് സ്ത്രീയായതിനാൽ, ദൈവത്തിന് സ്ത്രീയായി അവതാരമെടുക്കുവാന്‍ കഴിയില്ലെന്നു പറയാൻ നീ ഇപ്പോഴും ധൈര്യപ്പെടുന്നുണ്ടോ? സ്ത്രീ ഏറ്റവും മലിനയും മനുഷ്യരാശിയുടെ ദുഷിപ്പിന്റെ ഉറവിടവും ആയതിനാൽ, ദൈവത്തിന് സ്ത്രീയായി മനുഷ്യജന്മമെടുക്കാന്‍ സാധിക്കുകയേയില്ല എന്നു പറയാൻ നീ ഇപ്പോഴും ധൈര്യപ്പെടുന്നുണ്ടോ? “സ്ത്രീ എല്ലായ്പ്പോഴും പുരുഷനെ അനുസരിക്കും, ഒരിക്കലും ദൈവത്തിന്റെ സാക്ഷാത്കാരമാകുകയോ അവനെ നേരിട്ട് പ്രതിനിധീകരിക്കുകയോ ചെയ്യില്ല” എന്ന് വീണ്ടും വീണ്ടും പറയാൻ നീ ധൈര്യപ്പെടുന്നുണ്ടോ? മുമ്പ് നിനക്ക് മനസ്സിലായില്ലായിരുന്നു, പക്ഷേ ഇപ്പോൾ‌ നിനക്ക് ദൈവത്തിന്റെ വേലയെ, പ്രത്യേകിച്ച് ദൈവത്തിന്റെ മനുഷ്യജന്മത്തെ, തുടർന്നും നിന്ദിക്കാൻ‌ കഴിയുമോ? ഇത് നിനക്ക് വ്യക്തമല്ലെങ്കിൽ, നിന്റെ വിഡ്ഢിത്തവും അജ്ഞതയും പരസ്യമാവുകയും നിന്റെ വൈരൂപ്യം വെളിപ്പെടുകയും ചെയ്യാതിരിക്കാൻ നിന്റെ നാവിനെ നിയന്ത്രിക്കുന്നതാണ് നല്ലത്. നീ എല്ലാം മനസ്സിലാക്കുന്നുവെന്ന് കരുതരുത്. എന്റെ കാര്യനിര്‍വഹണ പദ്ധതിയുടെ ആയിരത്തിലൊന്ന് പോലും മനസ്സിലാക്കാൻ നീ കണ്ടതും അനുഭവിച്ചതും പര്യാപ്തമല്ലെന്ന് ഞാൻ നിന്നോട് പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് നീ ഇത്ര ധിക്കാരത്തോടെ പ്രവര്‍ത്തിക്കുന്നത്? നിനക്കുള്ള ആ ചെറിയ കഴിവും തുലോം തുച്ഛമായ അറിവും യേശുവിന്റെ വേലയുടെ ഒരു നിമിഷത്തില്‍ പോലും ഉപയോഗിക്കാൻ പര്യാപ്തമല്ല! നിനക്ക് യഥാർഥത്തിൽ എത്രകണ്ട് അനുഭവം ഉണ്ട്? നിന്റെ ജീവിതകാലത്ത് നീ കണ്ടതും കേട്ടതും സങ്കൽപ്പിച്ചതും ഒരു നിമിഷത്തിൽ ഞാൻ ചെയ്യുന്ന ജോലിയെക്കാൾ കുറവാണ്! നീ ചുഴിഞ്ഞ് കുറ്റം കണ്ടുപിടിക്കാതിരിക്കുകയാണ് നല്ലത്. നിനക്ക് വേണ്ടുന്നത്രയും അഹങ്കാരമാകാം, പക്ഷേ നീ ഒരു ജീവിയല്ലാതെ മറ്റൊന്നുമല്ല, ഒരു ഉറുമ്പിന് പോലും തുല്യമല്ല! നിന്റെ വയറിനുള്ളിൽ നീ സൂക്ഷിക്കുന്നതെല്ലാം ഉറുമ്പിന്റെ വയറ്റിലുള്ളതിനെക്കാൾ കുറവാണ്! നിനക്ക് കുറച്ച് അനുഭവവും മൂപ്പും ഉള്ളതുകൊണ്ട്, സംയമനമില്ലാതെ അംഗവിക്ഷേപങ്ങളോടെ വലിയ വര്‍ത്തമാനം പറയാന്‍ നിനക്ക് അവകാശമുണ്ട്‌ എന്ന് കരുതരുത്. നിന്റെ അനുഭവവും മൂപ്പുമെല്ലാം ഞാൻ അരുളിച്ചെയ്ത വചനങ്ങളിൽ നിന്നും വന്നതല്ലേ? നിന്റെ സ്വന്തം അധ്വാനത്തിനും കഷ്ടപ്പാടിനും പകരമായിട്ടായിരുന്നു അവയെന്ന് നീ വിശ്വസിക്കുന്നുണ്ടോ? ഇന്ന്, ഞാന്‍ മനുഷ്യജന്മമെടുത്തിരിക്കുന്നു എന്ന് നീ കാണുന്നു, ഇത് കാരണം മാത്രം നിന്നില്‍ ആശയങ്ങളുടെ അതിബാഹുല്യവും അതില്‍ നിന്നുള്ള അസംഖ്യം ധാരണകളുമുണ്ടാവുന്നു. എന്റെ മനുഷ്യാവതാരമില്ലായിരുന്നെങ്കില്‍, നിനക്ക് അസാധാരണമായ കഴിവുകൾ ഉണ്ടായിരുന്നെങ്കിൽ പോലും, നിനക്ക് ഇത്രയധികം ആശയങ്ങൾ ഉണ്ടാകുമായിരുന്നില്ല; ഇവയിൽ നിന്നല്ലേ നിന്റെ ധാരണകളും ഉണ്ടാകുന്നത്? ആ ആദ്യത്തെ തവണ യേശു മനുഷ്യജന്മമെടുത്തില്ലായിരുന്നുവെങ്കില്‍, മനുഷ്യാവതാരത്തെക്കുറിച്ച് നീ അറിയുകയെങ്കിലും ചെയ്യുമായിരുന്നോ? രണ്ടാമത്തെ അവതാരത്തെ വിധിക്കുവാനുള്ള ധിക്കാരം നിനക്കുണ്ടായത് ആദ്യത്തെ അവതാരം നിനക്ക് അറിവ് നൽകിയതുകൊണ്ടല്ലേ? അനുസരണയുള്ള ഒരു അനുയായി ആകുന്നതിനു പകരം, നീ എന്തിനാണ് അതിനെ പഠനവിധേയമാക്കുന്നത്? ഈ പ്രവാഹത്തില്‍ പ്രവേശിച്ച്, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ മുമ്പാകെ വരുമ്പോൾ, അവനെക്കുറിച്ച് ഗവേഷണം ചെയ്യാൻ അവൻ നിന്നെ അനുവദിക്കുമോ? നിനക്ക് നിന്റെ സ്വന്തം കുടുംബ ചരിത്രത്തെക്കുറിച്ച് ഗവേഷണം ചെയ്യാം, എന്നാൽ നീ ദൈവത്തിന്റെ “കുടുംബ ചരിത്ര”ത്തെക്കുറിച്ച് ഗവേഷണം ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, അത്തരമൊരു പഠനം നടത്താൻ ഇന്നത്തെ ദൈവം നിന്നെ അനുവദിക്കുമോ? നിനക്ക് കാഴ്ചയില്ലെന്നുണ്ടോ? നീ സ്വയം അവഹേളിക്കുകയല്ലേ ചെയ്യുന്നത്?

യേശുവിന്റെ വേല മാത്രമാണ് നടന്നിട്ടുള്ളതെങ്കില്‍, അതിനു പരിപൂരകമായി അന്ത്യനാളുകളിലെ ഈ ഘട്ടത്തിലെ വേല നടന്നിരുന്നില്ല എങ്കില്‍, യേശു മാത്രമാണ് ദൈവപുത്രൻ, അതായത് ദൈവത്തിന് ഒരു പുത്രൻ മാത്രമേയുള്ളൂ എന്നും അക്കാലത്തിനു ശേഷം മറ്റൊരു പേരില്‍ വരുന്ന ആരും ദൈവപുത്രനോ, എന്തിന് ദൈവം തന്നെയോ ആവില്ല എന്നുമുള്ള ധാരണയിൽ മനുഷ്യൻ എന്നെന്നേക്കും ഉറച്ചുനിൽക്കും. പാപബലിയായി അര്‍പ്പിക്കുന്ന അല്ലെങ്കിൽ ദൈവത്തിനുവേണ്ടി അധികാരം ഏറ്റെടുക്കുകയും മനുഷ്യരാശിയെ മുഴുവൻ വീണ്ടെടുക്കുകയും ചെയ്യുന്ന ഏതൊരാളും ഏകദൈവപുത്രനാണെന്ന ധാരണ മനുഷ്യനുണ്ട്. വരുന്നവൻ പുരുഷനായിരിക്കുന്നിടത്തോളം കാലം അവനെ ഏകദൈവപുത്രനും ദൈവത്തിന്റെ പ്രതിനിധിയുമായി കണക്കാക്കാമെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്. യേശു യഹോവയുടെ പുത്രനാണെന്ന്, ഏകദൈവപുത്രനാണെന്ന് പറയുന്നവരുണ്ട്. അത്തരം ധാരണകള്‍ അതിരുകവിഞ്ഞതല്ലേ? അവസാനകാലത്തിൽ വേലയുടെ ഈ ഘട്ടം നടന്നില്ലെങ്കിൽ, ദൈവത്തെ സംബന്ധിച്ച് മനുഷ്യരാശി മുഴുവനും ഒരു ഇരുണ്ട നിഴലിന്റെ മറവിലാകും. ഇങ്ങനെയാണെങ്കിൽ, പുരുഷൻ സ്വയം സ്ത്രീയെക്കാൾ ഉന്നതനാണെന്ന് കരുതും, സ്ത്രീകൾക്ക് ഒരിക്കലും തല ഉയർത്തിപ്പിടിക്കാൻ കഴിയില്ല, പിന്നെ ഒരു സ്ത്രീയെ പോലും രക്ഷിക്കാനാവില്ല. ദൈവം പുരുഷനാണെന്ന് ആളുകൾ എപ്പോഴും വിശ്വസിക്കുന്നു, മാത്രമല്ല, അവൻ എപ്പോഴും സ്ത്രീയെ പുച്ഛിക്കുകയും അവള്‍ക്ക് രക്ഷ നൽകാതിരിക്കുകയും ചെയ്യുന്നുവെന്നും. ഇങ്ങനെയാണെങ്കിൽ, യഹോവയാൽ സൃഷ്ടിക്കപ്പെട്ടവരും, ദുഷിപ്പിക്കപ്പെട്ടവരുമായ എല്ലാ സ്ത്രീകൾക്കും ഒരിക്കലും രക്ഷിക്കപ്പെടാനുള്ള അവസരം ലഭിക്കില്ലെന്നത് ശരിയല്ലേ? അപ്പോൾ യഹോവ സ്ത്രീയെ സൃഷ്ടിച്ചതില്‍, അതായത് ഹവ്വായെ സൃഷ്ടിച്ചതിൽ അർത്ഥമില്ലായിരുന്നു എന്നാണോ? സ്ത്രീ നിത്യമായി നശിക്കുകയില്ലേ? ഇക്കാരണത്താൽ, സ്ത്രീയെ മാത്രമല്ല, മുഴുവൻ മനുഷ്യരാശിയെയും രക്ഷിക്കുന്നതിനായി അന്ത്യനാളുകളിലെ വേലയുടെ ഘട്ടം ഏറ്റെടുക്കേണ്ടതുണ്ട്. ദൈവം സ്ത്രീയായി അവതരിക്കുകയാണെങ്കിൽ, അത് സ്ത്രീയെ രക്ഷിക്കാനായി മാത്രമാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, ആ വ്യക്തി തീർച്ചയായും ഒരു വിഡ്ഢിയായിരിക്കും!

ഇന്നത്തെ വേല കൃപായുഗത്തിന്റെ പ്രവർത്തനങ്ങളെ മുന്നോട്ട് നയിച്ചിരിക്കുന്നു; അതായത്, ആറായിരം വർഷത്തെ കാര്യനിര്‍വഹണ പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് നീങ്ങിയിരിക്കുന്നു. കൃപായുഗം അവസാനിച്ചുവെങ്കിലും, ദൈവത്തിന്റെ വേലയിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. വേലയുടെ ഈ ഘട്ടം കൃപായുഗവും ന്യായപ്രമാണയുഗവും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഞാൻ വീണ്ടും വീണ്ടും പറയുന്നത് എന്തുകൊണ്ടാണ്? കാരണം, ഇന്നത്തെ വേല കൃപായുഗത്തിൽ ചെയ്ത വേലയുടെ തുടർച്ചയാണ്, കൂടാതെ ന്യായപ്രമാണയുഗത്തിൽ ചെയ്തതിനും മേലുള്ള മുന്നേറ്റവുമാണ്. മൂന്ന് ഘട്ടങ്ങളും പരസ്പരം വളരെ മുറുകെ ബന്ധപ്പെട്ടിരിക്കുന്നു, ശൃംഖലയിലെ ഓരോ കണ്ണിയും അടുത്തതുമായി സൂക്ഷ്മമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വേലയുടെ ഘട്ടം യേശു ചെയ്തതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഞാൻ എന്തുകൊണ്ടാണ് പറയുന്നത്? ഈ ഘട്ടം യേശു ചെയ്ത വേലയിൽ അധിഷ്ഠിതമല്ലെന്ന് കരുതുക, ഈ ഘട്ടത്തിൽ മറ്റൊരു കുരിശിലേറ്റൽ നടക്കേണ്ടിവരും, മുമ്പത്തെ ഘട്ടത്തിലെ വീണ്ടെടുക്കൽ ജോലികൾ വീണ്ടും ചെയ്യേണ്ടിവരും. ഇത് അർത്ഥശൂന്യമായിരിക്കും. അതിനാൽ ജോലി പൂർണമായും പൂർത്തിയായി എന്നല്ല, കാലം മുന്നോട്ട് നീങ്ങിയിരിക്കുന്നു, വേലയുടെ നില മുമ്പത്തേതിനെക്കാൾ ഉയർത്തുകയും ചെയ്തിരിക്കുന്നു. ന്യായപ്രമാണയുഗത്തിന്റെ അടിത്തറയിലും യേശുവിന്റെ പ്രവർത്തനമെന്ന പാറമേലുമാണ് ഈ വേലയുടെ അടിസ്ഥാനം നിർമിച്ചിരിക്കുന്നത് എന്നു പറയാം. ദൈവത്തിന്റെ പ്രവൃത്തി, ഘട്ടം ഘട്ടമായി നിർമിച്ചതാണ്; ഈ ഘട്ടം ഒരു പുതിയ തുടക്കവുമല്ല. ജോലിയുടെ മൂന്ന് ഘട്ടങ്ങളുടെ സംയോജനം മാത്രമേ ആറായിരം വർഷത്തെ കാര്യനിര്‍വഹണ പദ്ധതിയായി കണക്കാക്കൂ. കൃപായുഗത്തിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഘട്ടത്തിലെ പ്രവർത്തനങ്ങൾ നടക്കുന്നത്. വേലയുടെ ഈ രണ്ട് ഘട്ടങ്ങളും തമ്മിൽ ബന്ധമില്ലായിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് ഈ ഘട്ടത്തിൽ ക്രൂശീകരണം ആവർത്തിക്കാത്തത്? എന്തുകൊണ്ടാണ് ഞാൻ മനുഷ്യന്റെ പാപങ്ങൾ ചുമക്കാതെ, അതിനു പകരം മനുഷ്യനെ നേരിട്ട് വിധിക്കാനും ശാസിക്കാനും വരുന്നത്? ക്രൂശീകരണത്തെ തുടർന്ന് ഞാൻ മനുഷ്യനെ വിധിക്കാനും ശാസിക്കാനുമുള്ള വേല ചെയ്തില്ലെങ്കിൽ, ഇപ്പോഴത്തെ എന്റെ വരവ് പരിശുദ്ധാത്മാവ് മുഖാന്തരം അല്ലെങ്കിൽ, മനുഷ്യനെ വിധിക്കാനും ശിക്ഷിക്കാനും എനിക്ക് യോഗ്യതയില്ല. ഞാനും യേശുവും ഒന്നുതന്നെ ആയതുകൊണ്ടാണ്‌ മനുഷ്യനെ ശാസിക്കാനും വിധിക്കാനും ഞാൻ നേരിട്ട് വരുന്നത്. ഈ ഘട്ടത്തിലെ വേല പൂർണമായും മുൻ‌ ഘട്ടത്തിലെ വേലയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രവൃത്തിക്കു മാത്രം മനുഷ്യനെ പടിപടിയായി രക്ഷയിലേക്കു കൊണ്ടുവരാൻ കഴിയുന്നത്‌. യേശുവും ഞാനും ഒരേ ആത്മാവിൽ നിന്നാണ് വരുന്നത്. ഞങ്ങളുടെ മനുഷ്യാവതാരങ്ങളില്‍ ഞങ്ങള്‍ ബന്ധമില്ലാത്തവരാണെങ്കിലും ഞങ്ങളുടെ ആത്മാക്കൾ ഒന്നാണ്; ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ ഉള്ളടക്കവും ഞങ്ങള്‍ ഏറ്റെടുക്കുന്ന ജോലിയും ഒരുപോലെയല്ലെങ്കിലും, ഞങ്ങൾ സത്തയില്‍ ഒരുപോലെയാണ്; ഞങ്ങളുടെ മനുഷ്യാവതാരങ്ങള്‍ വ്യത്യസ്ത രൂപങ്ങൾ സ്വീകരിക്കുന്നു, പക്ഷേ ഇത് യുഗത്തില്‍ വന്ന മാറ്റവും ഞങ്ങളുടെ വേലയുടെ വ്യത്യസ്ത ആവശ്യകതകളും മൂലമാണ്; ഞങ്ങളുടെ ശുശ്രൂഷകൾ ഒരുപോലെയല്ല, അതിനാൽ ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ജോലിയും മനുഷ്യനോടു ഞങ്ങള്‍ വെളിപ്പെടുത്തുന്ന പ്രകൃതവും വ്യത്യസ്തമാണ്. അതുകൊണ്ടാണ് മനുഷ്യൻ ഇന്ന് കാണുന്നതും മനസ്സിലാക്കുന്നതും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത്, അത് യുഗത്തിലെ മാറ്റം മൂലമാണ്. ജഡശരീരത്തിൽ അവർ ഒരേ ലിംഗത്തിൽപ്പെട്ടവരല്ലെങ്കിലും അവരുടെ രൂപം വ്യത്യസ്തമാണെങ്കിലും അവർ ഒരേ കുടുംബത്തിലോ എന്തിന്, ഒരേ കാലത്തോ അല്ല ജനിച്ചതെങ്കിലും, അവരുടെ ആത്മാക്കൾ ഒന്നാണ്. അവരുടെ മനുഷ്യജന്മങ്ങള്‍ രക്തബന്ധമോ ശാരീരികമായ ബന്ധുത്വമോ പങ്കിടുന്നില്ല എങ്കിലും, അവർ രണ്ടു വ്യത്യസ്ത കാലഘട്ടത്തിലെ ദൈവത്തിന്റെ മനുഷ്യാവതാരങ്ങളാണ് എന്നത് നിഷേധിക്കാനാവില്ല. അവർ ഒരേ വംശപരമ്പരയിലല്ലെങ്കിലും പൊതുവായ ഒരു മനുഷ്യഭാഷ പങ്കിടുന്നില്ലെങ്കിലും (ഒരാൾ യെഹൂദന്മാരുടെ ഭാഷ സംസാരിച്ച പുരുഷനും മറ്റൊരാൾ ചൈനീസ് മാത്രം സംസാരിക്കുന്ന സ്ത്രീയും) അവര്‍ ദൈവത്തിന്റെ മനുഷ്യാവതാരങ്ങള്‍ ആണെന്നുള്ളത്‌ നിഷേധിക്കാനാവാത്ത സത്യമാണ്. ഈ കാരണങ്ങളാലാണ് അവർ ഓരോരുത്തരും ചെയ്യേണ്ട വേലകൾ ചെയ്യാൻ വ്യത്യസ്ത രാജ്യങ്ങളിൽ താമസിച്ചിരുന്നത്, അതും വ്യത്യസ്ത കാലഘട്ടങ്ങളില്‍. അവർ ഒരേ ആത്മാവാണ്, ഒരേ സത്തയുള്ളവരാണ്, എങ്കിലും, അവരുടെ മനുഷ്യാവതാരങ്ങളുടെ ബാഹ്യകവചങ്ങളില്‍ കേവലസമാനതകളില്ല. അവർ പങ്കിടുന്നത് ഒരേ മാനവികതയാണ്, എന്നാൽ അവരുടെ മനുഷ്യാവതാരത്തിന്റെ ബാഹ്യരൂപവും അവരുടെ ജനന സാഹചര്യങ്ങളും കണക്കിലെടുത്താല്‍, അവര്‍ ഒരുപോലെയല്ല. ഇക്കാര്യങ്ങള്‍ അവരുടെ ഇരുവരുടെയും വേലയെയോ മനുഷ്യന് അവരെപ്പറ്റിയുള്ള അറിവിനെയോ യാതൊരു തരത്തിലും ബാധിക്കുന്നില്ല, കാരണം, അന്തിമ വിശകലനത്തിൽ, അവർ ഒരേ ആത്മാവാണ്, ആർക്കും അവരെ വേർതിരിക്കാനാവില്ല. അവര്‍ രക്തബന്ധമുള്ളവര്‍ അല്ലെങ്കിലും, അവരുടെ മുഴുവൻ ഉണ്മയും അവരുടെ ആത്മാക്കളുടെ ചുമതലയിലാണ്, അവ വ്യത്യസ്ത കാലഘട്ടങ്ങളിൽ അവരെ വ്യത്യസ്ത വേലകള്‍ പറഞ്ഞേല്‍പ്പിക്കുകയും, അവരെ വ്യത്യസ്ത വംശപരമ്പരകളിലേക്ക് വിന്യസിക്കുകയും ചെയ്യുന്നു. യഹോവയുടെ ആത്മാവ് യേശുവിന്റെ ആത്മാവിന്റെ പിതാവല്ല, യേശുവിന്റെ ആത്മാവ് യഹോവയുടെ ആത്മാവിന്റെ പുത്രനല്ല: അവർ ഒന്നാണ്, ഒരേ ആത്മാവാണ്. അതുപോലെ, ഇന്നത്തെ മനുഷ്യജന്മമെടുത്ത ദൈവവും യേശുവും രക്തബന്ധമുള്ളവരല്ല, എന്നാൽ അവർ ഒന്നാണ്, കാരണം അവരുടെ ആത്മാക്കൾ ഒന്നാണ്. കരുണയുടെയും ആര്‍ദ്രസ്നേഹത്തിന്റെയും എന്നുവേണ്ടാ, മനുഷ്യന്റെ നീതിപൂർവകമായ ന്യായവിധിയുടെയും ശാസനത്തിന്റെയും, മനുഷ്യനെ ശപിക്കുന്നതിന്റെയുമായ പ്രവൃത്തി ദൈവത്തിന് ചെയ്യാൻ കഴിയും; ഒടുവിലായി, ലോകത്തെ നശിപ്പിക്കാനും ദുഷ്ടന്മാരെ ശിക്ഷിക്കാനും അവനു കഴിയും. ഇതെല്ലാം അവൻ തന്നെ ചെയ്യുന്നില്ലേ? ഇത് ദൈവത്തിന്റെ സർവശക്തിത്വമല്ലേ? മനുഷ്യനുവേണ്ടി നിയമങ്ങൾ പ്രഖ്യാപിക്കാനും കല്പനകൾ പുറപ്പെടുവിക്കാനും അവനു കഴിഞ്ഞു, കൂടാതെ, ആദ്യകാല ഇസ്രായേല്യരെ ഭൂമിയിൽ അവരുടെ ജീവിതം നയിക്കുന്നതിനായി വഴികാട്ടാനും ആലയവും യാഗപീഠങ്ങളും പണിയാന്‍ അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുവാനും എല്ലാ ഇസ്രായേല്യരെയും അവന്റെ അധീശത്വത്തില്‍ നിലനിര്‍ത്താനും അവനു സാധിച്ചു. അവന്റെ അധികാരം നിമിത്തം അവൻ ഇസ്രായേൽ ജനത്തോടൊപ്പം രണ്ടായിരം വർഷം ഭൂമിയിൽ ജീവിച്ചു. ഇസ്രായേല്യർ അവനോടു മത്സരിക്കാന്‍ തുനിഞ്ഞില്ല; എല്ലാവരും യഹോവയെ ബഹുമാനിക്കുകയും അവന്റെ കല്പനകൾ പാലിക്കുകയും ചെയ്തു. അവന്റെ അധികാരത്താലും സർവശക്തിത്വത്താലും ചെയ്ത വേലയാണിത്. എന്നിട്ട്, കൃപായുഗത്തിൽ, പാപികളായ മുഴുവൻ മനുഷ്യരെയും (ഇസ്രായേല്യരെ മാത്രമല്ല) വീണ്ടെടുക്കാൻ യേശു വന്നു. അവൻ മനുഷ്യനോട് കരുണയും സ്നേഹാനുകമ്പയും കാണിച്ചു. കൃപായുഗത്തിൽ മനുഷ്യൻ കണ്ട യേശു സ്നേഹാനുകമ്പകള്‍ നിറഞ്ഞവനും മനുഷ്യനോട് എപ്പോഴും സ്നേഹം കാണിക്കുന്നവനുമായിരുന്നു, കാരണം മനുഷ്യനെ പാപത്തിൽ നിന്ന് രക്ഷിക്കാനാണ് അവൻ വന്നത്. അവന്റെ ക്രൂശീകരണം മനുഷ്യരാശിയെ പാപത്തിൽ നിന്ന് പൂർണമായും വീണ്ടെടുക്കുന്നതുവരെ മനുഷ്യരുടെ പാപങ്ങൾ ക്ഷമിക്കാൻ അവനു കഴിഞ്ഞു. ഈ കാലയളവിൽ, ദൈവം മനുഷ്യന്റെ മുമ്പിൽ കരുണയോടും സ്നേഹാനുകമ്പയോടും കൂടെ പ്രത്യക്ഷപ്പെട്ടു; അതായത്, മനുഷ്യര്‍ക്ക്‌ എന്നെന്നേക്കുമായി മാപ്പ് കിട്ടാനായി, അവൻ മനുഷ്യനുവേണ്ടിയുള്ള പാപബലി ആയിത്തീർന്നു, അവന്‍ മനുഷ്യരുടെ പാപങ്ങൾക്കായി ക്രൂശിക്കപ്പെട്ടു. അവൻ കരുണയും അനുകമ്പയും ക്ഷമയും സ്നേഹവുമുള്ളവനായിരുന്നു. കൃപായുഗത്തിൽ യേശുവിനെ അനുഗമിച്ച എല്ലാവരും അതുപോലെ എല്ലാ കാര്യങ്ങളിലും ക്ഷമയും സ്നേഹവും പ്രകടമാക്കാന്‍ ശ്രമിച്ചു. അവർ ദീർഘക്ഷമയുള്ളവരായിരുന്നു, പ്രഹരമോ ശാപവര്‍ഷമോ കല്ലേറോ അനുഭവിക്കേണ്ടിവന്നപ്പോഴും അവര്‍ തിരിച്ച് എതിര്‍ത്തില്ല. എന്നാൽ അവസാന ഘട്ടത്തിൽ അത് മേലിൽ അങ്ങനെയാകില്ല. യേശുവിന്റെയും യഹോവയുടെയും പ്രവൃത്തി, അവര്‍ ഒരേ ആത്മാവിന്റെ ഭാഗമായിരുന്നെങ്കിലും, പൂർണമായും ഒന്നായിരുന്നില്ല. യഹോവയുടെ പ്രവൃത്തികൊണ്ട് ആ യുഗത്തിനു അവസാനമായില്ല. മറിച്ച് അതു യുഗത്തെ നയിക്കുകയും ഭൂമിയിലെ മനുഷ്യരാശിയുടെ ജീവന്‍ സാധ്യമാക്കുകയും ചെയ്തു. കൂടാതെ, ഇന്നത്തെ വേല എന്തെന്നാല്‍, അങ്ങേയറ്റം ദുഷിച്ച വിജാതീയ രാജ്യങ്ങളിലുള്ളവരെ കീഴടക്കുക, കൂടാതെ ചൈനയിൽ ദൈവം തിരഞ്ഞെടുത്ത ആളുകളെ മാത്രമല്ല, മുഴുവൻ പ്രപഞ്ചത്തെയും എല്ലാ മനുഷ്യരെയും നയിക്കുക എന്നിവയാണ്. ഈ വേല ചൈനയിൽ മാത്രമാണ് നടക്കുന്നതെന്ന് നിനക്ക് തോന്നാം, പക്ഷേ വാസ്തവത്തിൽ ഇത് ഇതിനകം വിദേശത്തേക്ക് വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു. ചൈനയ്ക്ക് പുറത്തുള്ള ആളുകൾ വീണ്ടും വീണ്ടും ശരിയായ പാത അന്വേഷിക്കുന്നത് എന്തുകൊണ്ടാണ്? ആത്മാവ് ഇതിനകം, പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നതിനാലാണ് ഇത്; കൂടാതെ ഇന്ന് കേള്‍ക്കുന്ന വചനങ്ങൾ പ്രപഞ്ചത്തിൽ ഉടനീളമുള്ള ആളുകളിലേക്ക് നയിക്കപ്പെടുന്നുണ്ട്. ഇതോടെ, പകുതിപ്പണി ഇതിനകം തുടങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ സൃഷ്ടി മുതൽ ഇന്നുവരെ, ദൈവാത്മാവ് ഈ മഹത്തായ വേല നടപ്പിലാക്കിയിട്ടുണ്ട്, മാത്രമല്ല വിവിധ യുഗങ്ങളിലും വിവിധ രാജ്യങ്ങളിലും വ്യത്യസ്ത വേലകൾ ചെയ്തിട്ടുമുണ്ട്. ഓരോ യുഗത്തിലുമുള്ള ആളുകൾ അവന്റെ വ്യത്യസ്തമായ സ്വഭാവം കാണുന്നു, അത് അവൻ ചെയ്യുന്ന വ്യത്യസ്ത പ്രവൃത്തികളിലൂടെ സ്വാഭാവികമായും വെളിപ്പെടുന്നു. അവൻ ദൈവമാണ്, കരുണയും സ്നേഹാനുകമ്പയും നിറഞ്ഞവനാണ്; അവൻ മനുഷ്യന്റെ പാപബലിയും മനുഷ്യന്റെ ഇടയനുമാണ്; എന്നാല്‍ അവൻ മനുഷ്യന്റെ ന്യായവിധി, ശാസനം, ശാപം എന്നിവയുമാണ്. രണ്ടായിരം വർഷക്കാലം ഭൂമിയിൽ മനുഷ്യജീവിതത്തിന് വഴികാട്ടിയാകുവാന്‍ അവനു കഴിഞ്ഞു, മാത്രമല്ല ദുഷിപ്പിക്കപ്പെട്ട മനുഷ്യരാശിയെ പാപത്തിൽ നിന്ന് വീണ്ടെടുക്കാനും അവനു കഴിഞ്ഞു. ഇന്ന്, അവനെ അറിയാത്ത മനുഷ്യരാശിയെപ്പോലും കീഴടക്കാനും അവന്റെ ആധിപത്യത്തിനു കീഴില്‍ അവര്‍ പ്രണമിക്കാന്‍ ഇടവരുത്താനും അങ്ങനെ എല്ലാവരെയും അവനു മുന്നില്‍ പൂര്‍ണമായി കീഴ്പ്പെടാൻ ഇടയാക്കാനും അവനു കഴിയുന്നുണ്ട്. അവൻ കരുണയും സ്നേഹവുമുള്ള ഒരു ദൈവം മാത്രമല്ല, ജ്ഞാനത്തിന്റെയും അത്ഭുതങ്ങളുടെയും ഒരു ദൈവം മാത്രമല്ല, ഒരു വിശുദ്ധ ദൈവം മാത്രമല്ല, മനുഷ്യനെ വിധിക്കുന്ന ഒരു ദൈവം കൂടിയാണെന്ന് കാണിക്കുവാന്‍, അവസാനം, പ്രപഞ്ചത്തിലുടനീളമുള്ള ആളുകൾക്കിടയില്‍ മലിനവും അനീതി നിറഞ്ഞതും ആയതെല്ലാം അവൻ എരിയിച്ചുകളയും. മനുഷ്യവർഗത്തിലെ ദുഷ്ടന്മാർക്ക്, അവൻ കത്തുന്നവനും ന്യായവിധിയും ശിക്ഷയും ആകുന്നു; പൂര്‍ണരാക്കപ്പെടേണ്ടവര്‍ക്ക് അവന്‍ പീഡയും സ്ഫുടം ചെയ്യലും പരീക്ഷയുമാണ്, ഒപ്പം സാന്ത്വനവും സംരക്ഷണവും വചനങ്ങൾ, കൈകാര്യം ചെയ്യല്‍, വെട്ടി ഒതുക്കല്‍ എന്നിവയ്ക്കുള്ള വ്യവസ്ഥയുമാണ്. ഒഴിവാക്കപ്പെടുന്നവര്‍ക്ക് അവന്‍ ശിക്ഷയും പകരംവീട്ടലുമാണ്. എന്നോട് പറയുക, ദൈവം സർവശക്തനല്ലേ? നീ സങ്കല്‍പ്പിക്കുന്നതുപോലെ, ക്രൂശീകരണത്തിനു മാത്രമല്ല, ഒന്നൊഴിയാതെ എല്ലാ ജോലികൾക്കും അവൻ പ്രാപ്തനാണ്. നീ ദൈവത്തെ കുറച്ചുകാണുന്നു! അവനു ചെയ്യാൻ കഴിയുന്നത് അവന്റെ ക്രൂശീകരണത്തിലൂടെ മുഴുവൻ മനുഷ്യരെയും വീണ്ടെടുക്കുക മാത്രമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതിനുശേഷം, ജീവവൃക്ഷത്തിൽ നിന്നുള്ള ഫലം തിന്നാനും ജീവനദിയില്‍ നിന്ന് കുടിക്കാനും നീ സ്വർഗത്തിലേക്ക് അവനെ അനുഗമിക്കുമോ? … അതത്ര ലളിതമായിരിക്കുമോ? എന്നോട് പറയൂ, നീ എന്താണ് നേടിയത്? നിനക്ക് യേശുവിന്റെ ജീവിതം ഉണ്ടോ? നിന്നെ തീർച്ചയായും അവന്‍ വീണ്ടെടുത്തിട്ടുണ്ട്, എന്നാൽ ക്രൂശീകരണം യേശുവിന്റെ തന്നെ പ്രവൃത്തിയായിരുന്നു. ഒരു മനുഷ്യനെന്ന നിലയിൽ നീ എന്ത് കടമയാണ് നിറവേറ്റിയത്? നിനക്ക് ബാഹ്യമായ ഭക്തി മാത്രമേയുള്ളൂ, എന്നാൽ നീ അവന്റെ വഴി മനസ്സിലാക്കുന്നില്ല. അങ്ങനെയാണോ നീ അവനെ വെളിപ്പെടുത്തുന്നത്? നീ ദൈവജീവിതം പ്രാപിക്കുകയോ അവന്റെ നീതിപൂർവകമായ സ്വഭാവം പൂർണമായി കാണുകയോ ചെയ്തിട്ടില്ലെങ്കിൽ, നിനക്ക് ജീവൻ ഉള്ളതായി അവകാശപ്പെടാൻ കഴിയില്ല, മാത്രമല്ല നീ സ്വർഗരാജ്യത്തിന്റെ കവാടത്തിലൂടെ കടന്നുപോകാനും യോഗ്യനല്ല.

ദൈവം ഒരു ആത്മാവ് മാത്രമല്ല, അവന് മനുഷ്യജന്മമെടുക്കാനും കഴിയും. മാത്രമല്ല, അവൻ മഹത്ത്വത്തിന്റെ ഒരു ശരീരമാണ്. യേശുവിനെ നീ കണ്ടിട്ടില്ലെങ്കിലും ഇസ്രായേല്യർ അവനെ ദര്‍ശിച്ചു—അതായത് അക്കാലത്തെ യെഹൂദന്മാർ. അവൻ ആദ്യം ജഡശരീരത്തിലായിരുന്നു, എന്നാൽ ക്രൂശിക്കപ്പെട്ടതിനുശേഷം അവൻ മഹത്ത്വത്തിന്റെ ശരീരമായി. അവൻ സർവവ്യാപിയായ ആത്മാവാണ്, എല്ലാ സ്ഥലത്തും പ്രവർത്തിക്കാൻ അവനു കഴിയും. അവന് യഹോവയോ യേശുവോ മിശിഹായോ ആകാം; ഒടുവില്‍, അവന് സർവശക്തനായ ദൈവമാകാനും കഴിയും. അവൻ നീതിയും ന്യായവിധിയും ശാസനയും ആകുന്നു; അവൻ ശാപവും കോപവും ആകുന്നു; എന്നാൽ അതേസമയം അവൻ കരുണയും സ്നേഹാനുകമ്പയും ഉള്ളവനാകുന്നു. അവന്‍ ചെയ്ത എല്ലാ ജോലികളും അവനെ പ്രതിനിധീകരിക്കാൻ പ്രാപ്തമാണ്. ഏതുതരം ദൈവമാണ് അവന്‍ എന്നാണു നീ പറയുന്നത്? നിനക്ക് വിശദീകരിക്കാൻ കഴിയില്ല. നിനക്ക് ശരിക്കും വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, നീ ദൈവത്തെക്കുറിച്ചുള്ള നിഗമനങ്ങളിൽ എത്തരുത്. ഒരു ഘട്ടത്തിൽ അവന്‍ വീണ്ടെടുപ്പിന്റെ വേല ചെയ്തതുകൊണ്ട് ദൈവം എന്നേക്കും കരുണയുടെയും സ്നേഹാനുകമ്പയുടെയും ദൈവമാണെന്ന നിഗമനത്തിലെത്തരുത്. അവൻ കരുണയും സ്‌നേഹവുമുള്ള ഒരു ദൈവം മാത്രമാണെന്ന് നിനക്ക് ഉറപ്പുണ്ടോ? അവൻ കേവലം കരുണയും സ്നേഹവുമുള്ള ഒരു ദൈവമാണെങ്കിൽ, അവസാന നാളുകളിൽ അവൻ എന്തുകൊണ്ടായിരിക്കും ആ യുഗം അവസാനിപ്പിക്കുന്നത്? എന്തുകൊണ്ടാണ് അവൻ ഇത്രയധികം ദുരന്തങ്ങൾ അയയ്ക്കുന്നത്? ആളുകളുടെ സങ്കൽപ്പങ്ങളും ചിന്തകളും അനുസരിച്ച്, ദൈവം അവസാനം വരെ കരുണയും സ്നേഹവും ഉള്ളവനായിരിക്കണം, അങ്ങനെ മനുഷ്യരാശിയുടെ അവസാനത്തെ അംഗത്തെ വരെയും രക്ഷിക്കാൻ കഴിയും. പക്ഷേ എന്തുകൊണ്ടാണ് ദൈവം, തന്നെ ശത്രുവായി കണക്കാക്കുന്ന ഈ ദുഷ്ട മനുഷ്യരാശിയെ നശിപ്പിക്കാൻ അന്ത്യനാളുകളിൽ ഭൂകമ്പം, മഹാമാരി, ക്ഷാമം തുടങ്ങിയ മഹാദുരന്തങ്ങൾ അയയ്ക്കുന്നത്? എന്തുകൊണ്ടാണ് ഈ ദുരന്തങ്ങൾ സഹിക്കുവാന്‍ അവിടുന്ന് മനുഷ്യനെ അനുവദിക്കുന്നത്? അവൻ ഏതുതരം ദൈവമാണെന്ന കാര്യം നിങ്ങളിൽ ആരും പറയാൻ ധൈര്യപ്പെടുന്നില്ല, ആർക്കും വിശദീകരിക്കാൻ കഴിയില്ല. അവൻ ആത്മാവാണെന്ന് നിനക്ക് ഉറപ്പുണ്ടോ? അവൻ യേശുവിന്റെ അവതാരമല്ലാതെ മറ്റാരുമല്ല എന്നു പറയാൻ നീ ധൈര്യപ്പെടുന്നുണ്ടോ? മനുഷ്യനുവേണ്ടി എന്നെന്നേക്കുമായി ക്രൂശിക്കപ്പെടുന്ന ഒരു ദൈവമാണ് അവൻ എന്ന് പറയാൻ നീ ധൈര്യപ്പെടുന്നുണ്ടോ?

മുമ്പത്തേത്: ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (4)

അടുത്തത്: ത്രിത്വം നിലവിലുണ്ടോ?

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക