ത്രിത്വം നിലവിലുണ്ടോ?

യേശു മനുഷ്യജന്മമെടുത്തു എന്ന വസ്തുതയെത്തുടർന്ന് മനുഷ്യൻ ഇതു വിശ്വസിച്ചു: സ്വർഗത്തിൽ പിതാവിനെ കൂടാതെ പുത്രനും ആത്മാവുപോലും ഉണ്ട്. മനുഷ്യൻ വച്ചുപുലർത്തിപ്പോരുന്ന സങ്കൽപ്പമനുസരിച്ച് സ്വർഗത്തിൽ ഇങ്ങനെയുള്ളൊരു ദൈവമുണ്ട്: പിതാവും പുത്രനും പരിശുദ്ധാത്മാവും കൂടിയ ഒരു ത്രിയേക ദൈവം. മുഴുവൻ മനുഷ്യരാശിയും ഇത്തരം ധാരണകൾ വച്ചുപുലർത്തുന്നു: ദൈവം ഏകദൈവമാണ്, പക്ഷേ, മൂന്നു ഭാഗങ്ങളുണ്ട്; ആഴത്തിൽ വേരുറച്ചിരിക്കുന്ന ആ പരമ്പരാഗത ധാരണകൾ പ്രകാരം അതിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും അടങ്ങിയിരിക്കുന്നു. ആ മൂന്നു ഭാഗവും കൂടിയ ഒന്നാണ് മുഴു ദൈവം. പരിശുദ്ധ പിതാവിനെ കൂടാതെ ദൈവം പൂർണമാകില്ല. സമാനമായി, പുത്രനോ പരിശുദ്ധാത്മാവോ ഇല്ലാതെ ദൈവം പൂർണമാകില്ല. അവരുടെ സങ്കൽപ്പം അനുസരിച്ച്, പിതാവ് തനിച്ചോ പുത്രൻ തനിച്ചോ ദൈവമാകില്ല എന്ന് അവർ വിശ്വസിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും കൂടിച്ചേർന്നാൽ മാത്രമേ ദൈവമാകൂ. ഇന്ന് സകല മതവിശ്വാസികളും എന്തിന്, നിങ്ങളിൽപ്പെട്ട ഓരോ അനുഗാമിയും ഈ വിശ്വാസം വച്ചുപുലർത്തുന്നു. എന്നിരുന്നാലും ഈ വിശ്വാസം ശരിയാണോ എന്നു വിശദീകരിക്കാൻ ആർക്കും കഴിയുന്നില്ല. കാരണം, പരമോന്നത ദൈവത്തെക്കുറിച്ച് നിങ്ങൾ എപ്പോഴും ആശയക്കുഴപ്പത്തിന്റെ മൂടൽമഞ്ഞിലാണ്. ഇവ സങ്കൽപ്പങ്ങളാണെങ്കിലും ഇവ ശരിയാണോ തെറ്റാണോ എന്ന് നിങ്ങൾക്ക് അറിയില്ല; കാരണം, മതധാരണകൾ നിങ്ങളെ അത്രയധികം ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു. ഈ പരമ്പരാഗത മതസങ്കൽപ്പങ്ങൾ നിങ്ങൾ ആഴത്തിൽ കൈക്കൊണ്ടിരിക്കുന്നു, ഈ വിഷം നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലേക്കു പടർന്നിരിക്കുന്നു. അതുകൊണ്ട് ഇക്കാര്യത്തിൽ നിങ്ങൾ ഈ ഹാനികരമായ സ്വാധീനത്തിന് അങ്ങേയറ്റം വഴിപ്പെട്ടിരിക്കുന്നു; കാരണം, ത്രിത്വദൈവം എന്നൊന്നില്ല. അതായത്, പിതാവും പുത്രനും പരിശുദ്ധാത്മാവും കൂടിയ ത്രിത്വം നിലവിലില്ല. ഇവയെല്ലാം പരമ്പരാഗത മനുഷ്യസങ്കൽപ്പങ്ങളും മനുഷ്യന്റെ മിഥ്യാധാരണകളുമാണ്. അനേക നൂറ്റാണ്ടുകളിൽ ഉടനീളം മനുഷ്യൻ ഈ ത്രിത്വത്തിൽ വിശ്വസിച്ചുപോന്നു, മനുഷ്യമനസ്സിൽ വാർത്തെടുത്ത സങ്കൽപ്പസൃഷ്ടിയാണത്, മനുഷ്യൻ കെട്ടിച്ചമച്ച, മനുഷ്യൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒന്ന്. ഇക്കണ്ട വർഷങ്ങളിലെല്ലാം ത്രിത്വത്തിന്റെ “ശരിയായ അർഥം” വിശദീകരിച്ച അനേകം ബൈബിൾ വ്യാഖ്യാതാക്കൾ ഉണ്ടായിരുന്നിട്ടുണ്ട്. എന്നാൽ, ഒരേ സത്തയുടെ ഭാഗമായ മൂന്നു വ്യക്തികൾ ചേർന്ന ത്രിത്വദൈവത്തെക്കുറിച്ചുള്ള അത്തരം വിശദീകരണങ്ങൾ അവ്യക്തവും അസ്പഷ്ടവുമാണ്, മാത്രമല്ല, “ഉണ്ടാക്കിയെടുത്ത” ദൈവത്തെ കുറിച്ചുള്ള ആശയക്കുഴപ്പം ആളുകളെയെല്ലാം ബാധിക്കുകയും ചെയ്തിരിക്കുന്നു. ഒരു മഹാനും സമഗ്രമായ ഒരു വിശദീകരണം നൽകാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. മിക്ക വിശദീകരണങ്ങളും യുക്തിചിന്തയിലും കടലാസ്സിലും ഒതുങ്ങുന്നു, പക്ഷേ, അതിന്റെ അർഥം തെളിമയോടെ പൂർണമായി മനസ്സിലാക്കിയിട്ടുള്ള ഒരാൾ പോലുമില്ല. കാരണം, മനുഷ്യൻ മനസ്സിൽ താലോലിക്കുന്ന ത്രിത്വമെന്ന ഈ മഹാസംഗതി നിലവിലില്ല. കാരണം, ദൈവത്തിന്റെ യഥാർഥ മുഖരൂപം ആരും കണ്ടിട്ടില്ല; ഒരു സന്ദർശനം നടത്താനായി ദൈവത്തിന്റെ വാസസ്ഥലത്തേക്ക് കയറിപ്പോകാനോ അവന്റെ സങ്കേതത്തിൽ എന്തെല്ലാം വസ്തുക്കൾ ഉണ്ടെന്നു നിരീക്ഷിക്കാനോ “ദൈവഭവനത്തിൽ” എത്ര പതിനായിരം അല്ലെങ്കിൽ എത്ര ദശലക്ഷം തലമുറകൾ ഉണ്ടെന്ന് കൃത്യമായി നിർണയിക്കാനോ ദൈവത്തിന്റെ സഹജമായ ഘടനയിൽ എത്ര ഭാഗങ്ങളുണ്ടെന്ന് പരിശോധിക്കാനോ ആർക്കും ഭാഗ്യമുണ്ടായിട്ടില്ല. മുഖ്യമായും പരിശോധിക്കേണ്ടത് ഇതാണ്: പിതാവിന്റെയും പുത്രന്റെയും ഒപ്പം പരിശുദ്ധാത്മാവിന്റെയും പ്രായം, ഓരോരുത്തരുടെയും വ്യതിരിക്തമായ രൂപം, കൃത്യമായി അവർ വേർപെടുന്നതും അവർ ഒന്നായിത്തീരുന്നതും എങ്ങനെയാണ് എന്നിവ. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇക്കാലമത്രയും ഒരൊറ്റ മനുഷ്യനും ഈ കാര്യങ്ങളുടെ നിജസ്ഥിതി നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. അവയെല്ലാം വെറും ഊഹങ്ങളാണ്; കാരണം, ഒരൊറ്റ വ്യക്തിപോലും ഒരു സന്ദർശനത്തിനായി ഒരിക്കലും സ്വർഗത്തിലേക്ക് കയറിപ്പോയിട്ട് സകല മനുഷ്യർക്കും വേണ്ടി ഒരു ‘പരിശോധനാ റിപ്പോർട്ടുമായി’ മടങ്ങിയെത്തി ത്രിത്വത്തെക്കുറിച്ച് അറിയാൻ ആകാംക്ഷയുള്ള തീവ്രഭക്തരായ എല്ലാ മതവിശ്വാസികളെയും കാര്യത്തിന്റെ നിജസ്ഥിതി അറിയിച്ചിട്ടില്ല. അത്തരം സങ്കൽപ്പങ്ങൾ വച്ചുപുലർത്തുന്നതിന് മനുഷ്യനെ കുറ്റപ്പെടുത്താനാവില്ല എന്നതു ശരിതന്നെ. കാരണം, പിതാവായ യഹോവ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, പുത്രനായ യേശുവിനെ എന്തുകൊണ്ടാണ് ഒപ്പം കൂട്ടാഞ്ഞത്? ആദിയിൽ എല്ലാം യഹോവയുടെ നാമത്തിൽ നടന്നിരുന്നെങ്കിൽ നന്നായിരുന്നേനേ. കുറ്റം ചാർത്തണമെങ്കിൽ, സൃഷ്ടിയുടെ സമയത്ത് പുത്രനെയും പരിശുദ്ധാത്മാവിനെയും തനിക്കു മുന്നിൽ വിളിച്ചുവരുത്താതെ ഒറ്റയ്ക്ക് തന്റെ വേല നിർവഹിച്ച യഹോവയാം ദൈവത്തിന്‍റെ ക്ഷണികമായ വീഴ്ചയുടെമേൽ ചാർത്തണം. അവരെല്ലാം ഒരേസമയം വേല നിർവഹിച്ചിരുന്നെങ്കിൽ അവർ ഒന്നാകുമായിരുന്നില്ലേ? ഏറ്റവും ആദ്യം മുതൽ അവസാനം വരെ യഹോവ എന്ന നാമം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ, കൃപായുഗം മുതൽ യേശു എന്ന പേര് ഇല്ലായിരുന്നെങ്കിൽ, അല്ലെങ്കിൽ അപ്പോഴും അവൻ യഹോവ എന്ന് അറിയപ്പെട്ടിരുന്നെങ്കിൽ, മനുഷ്യരുണ്ടാക്കിയ ഈ വേർതിരിവ് സഹിക്കുന്നത് ദൈവത്തിന് ഒഴിവാക്കാമായിരുന്നില്ലേ? നിശ്ചയമായും, ഇതിനെല്ലാം യഹോവയെ കുറ്റപ്പെടുത്താനാവില്ല; കുറ്റം ചാർത്തണമെങ്കിൽ അത് പരിശുദ്ധാത്മാവിന്റെ മേലാകട്ടെ; ആയിരക്കണക്കിനു വർഷങ്ങളായി യഹോവ, യേശു, എന്തിന്, പരിശുദ്ധാത്മാവ് എന്നീ പേരുകളിൽ തന്‍റെ വേല ചെയ്തുപോന്നതും അതിലൂടെ മനുഷ്യരെ കുഴയ്ക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും, ദൈവം ആരാണെന്ന് കൃത്യമായി അറിയാൻ കഴിയാത്ത അവസ്ഥയിൽ മനുഷ്യനെ ആക്കിയതും അവനാണല്ലോ. പരിശുദ്ധാത്മാവ് സ്വയം രൂപമോ ആകൃതിയോ ഇല്ലാതെ, എന്തിന്, യേശു എന്നതുപോലെ ഒരു പേരില്ലാതെ പ്രവർത്തിക്കുകയും മനുഷ്യന് അവനെ സ്പർശിക്കാനോ കാണാനോ കഴിയാതിരിക്കുകയും മനുഷ്യൻ കേവലം ഇടിനാദം മാത്രം കേൾക്കുകയും ചെയ്തിരുന്നെങ്കിൽ, മനുഷ്യരാശിക്ക് ഇത്തരം വേല കൂടുതൽ പ്രയോജനപ്പെടുമായിരുന്നില്ലേ? അതുകൊണ്ട്, ഇപ്പോൾ എന്തു ചെയ്യാൻ പറ്റും? മനുഷ്യ സങ്കൽപ്പങ്ങൾ, ഇന്നത്തെ ദൈവത്തിനു സഹിക്കാവുന്നതിലും അപ്പുറം പർവതത്തോളം ഉയരത്തിലും കടലോളം പരപ്പിലും കുന്നിച്ചിരിക്കുന്നു, അവനെ തികച്ചും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. മുമ്പ് യഹോവയും യേശുവും അവർക്കിടയിൽ പരിശുദ്ധാത്മാവും മാത്രം ആയിരുന്നപ്പോൾത്തന്നെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മനുഷ്യൻ; ഇപ്പോഴിതാ ദൈവത്തിന്റെ മറ്റൊരു ഭാഗമാണന്ന് പോലും പറയുന്ന സർവശക്തനുമുണ്ട്. അവൻ ആരാണെന്ന്, ഇക്കണ്ട വർഷങ്ങളത്രയും ത്രിത്വത്തിലെ ആരുമായാണ് അവൻ കൂടിച്ചേർന്നിരുന്നതെന്ന്, അഥവാ ആരിലാണ് മറഞ്ഞിരുന്നതെന്ന് ആർക്കാണ് അറിയാവുന്നത്? മനുഷ്യന് ഇത് എങ്ങനെ ഉൾക്കൊള്ളാനാകും? ത്രിത്വദൈവത്തെക്കുറിച്ചു വിശദീകരിക്കാൻതന്നെ ഒരു മനുഷ്യായുസ്സ് വേണ്ടിവരുന്ന സ്ഥിതിക്ക് ഇപ്പോഴിതാ, “നാലു വ്യക്തികൾ ചേർന്ന ഒരു ദൈവം.” ഇത് എങ്ങനെ വിശദീകരിക്കും? നിനക്കത് വിശദീകരിക്കാമോ? സഹോദരങ്ങളേ, ഇത്തരം ഒരു ദൈവത്തിൽ നിങ്ങൾ ഇത്ര കാലം വിശ്വസിച്ചത് എങ്ങനെയാണ്? നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു. ത്രിത്വദൈവംതന്നെ താങ്ങാവുന്നതിലും അപ്പുറമായിരുന്നു; നാലു വ്യക്തികൾ ചേർന്ന ഒരു ദൈവത്തിൽ അചഞ്ചലമായ വിശ്വാസം പുലർത്തിപ്പോരാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു? പുറത്തുപോകാൻ നിങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നെങ്കിലും നിങ്ങൾ വഴങ്ങുന്നില്ല. അവിശ്വസനീയം! നിങ്ങൾ ശരിക്കും ഒരു സംഭവമാണ്! ഒരു വ്യക്തിക്ക് സത്യത്തിൽ, നാലു ദൈവങ്ങളിൽ വിശ്വസിക്കാനാകുന്ന അളവോളം പോകാനും അതിൽനിന്ന് ഒന്നും മനസ്സിലാക്കാതെ ഇരിക്കാനും സാധിക്കുന്നല്ലോ; ഇതൊരു അത്ഭുതമാണെന്ന് നിങ്ങൾക്കു തോന്നുന്നില്ലേ? അത്തരമൊരു മഹാത്ഭുതം പ്രവർത്തിക്കാൻ നിങ്ങൾക്കു കഴിയുമെന്നു പറയാൻ എനിക്ക് കഴിഞ്ഞില്ല! ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം, സത്യത്തിൽ പ്രപഞ്ചത്തിലെങ്ങും ത്രിത്വദൈവം നിലനിൽക്കുന്നില്ല. ദൈവത്തിന് പിതാവോ പുത്രനോ ഇല്ല, പിതാവും പുത്രനും സംയുക്തമായി പരിശുദ്ധാത്മാവിനെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു എന്ന ആശയമാകട്ടെ തീരെയും ശരിയല്ല. ഇതെല്ലാം അങ്ങയറ്റം അബദ്ധജഡിലമായ ധാരണയാണ്, അങ്ങനെയൊന്ന് ഈ ലോകത്ത് ഇല്ലേയില്ല! എന്നിരുന്നാലും ഇങ്ങനെയൊരു മിഥ്യാധാരണയ്ക്കും അതിന്റേതായ ഉത്ഭവമുണ്ട്, അത് തികച്ചും അടിസ്ഥാനരഹിതമല്ല; കാരണം, എന്തും എളുപ്പം വിശ്വസിക്കുന്ന മനസ്സോ യുക്തിരഹിതമായ ചിന്തകളോ അല്ല നിങ്ങളുടേത്. പകരം, ഏതെങ്കിലുമൊരു സാത്താനു പോലും കീഴടക്കാൻ കഴിയാത്തത്ര, തികച്ചും ഔചിത്യവും സാമർഥ്യവും ഉള്ളതാണവ. ഈ ചിന്തകളെല്ലാം അബദ്ധജഡിലവും നിലവിലില്ലാത്തതും ആണെന്നതാണ് കഷ്ടം! നിങ്ങൾ ശരിക്കുള്ള സത്യം കണ്ടിട്ടേയില്ല; നിങ്ങൾ വെറും ഊഹാപോഹങ്ങളും ഭാവനാസൃഷ്ടികളും നടത്തുകയും തുടർന്ന് അവയെല്ലാം കെട്ടിച്ചമച്ച് കഥകളാക്കുകയും ചെയ്യുന്നു; തന്ത്രപൂർവം മറ്റുള്ളവരുടെ വിശ്വാസം നേടുന്നതിനും വിവേചനശക്തിയോ യുക്തിബോധമോ ഇല്ലാത്ത പരമവിഡ്ഢികളായവരുടെ മേൽ ആധിപത്യം നേടുന്നതിനും അങ്ങനെ അവർ നിങ്ങളുടെ മഹത്തായതും പുകഴ്പെറ്റതുമായ “വിദഗ്ധ ഉപദേശങ്ങ”ളിൽ വിശ്വസിക്കുന്നതിനും വേണ്ടിയാണത്. സത്യമാണോ ഇത്? മനുഷ്യനു ലഭിക്കേണ്ട ജീവമാർഗമാണോ ഇത്? ഇതെല്ലാം അസംബന്ധമാണ്! ഒരൊറ്റ വാക്കുപോലും ഉചിതമല്ല! ഇക്കണ്ട വർഷങ്ങളിലെല്ലാം ദൈവത്തെ നിങ്ങൾ ഇപ്രകാരം വിഭാഗിച്ചു, ഓരോ തലമുറയും വീണ്ടും കഷണം കഷണമായി മുറിച്ചു, അത് ഒരു ദൈവത്തെ പരസ്യമായി മൂന്നു ദൈവമാക്കുന്ന ഘട്ടത്തോളം എത്തി. വന്നുവന്ന് ദൈവത്തെ ഒന്നായി കൂട്ടിവിളക്കാൻ മനുഷ്യന് കഴിയില്ലെന്ന അവസ്ഥയായി; കാരണം, നിങ്ങൾ അവനെ അത്രകണ്ട് വെട്ടിമുറിച്ചിരിക്കുന്നു! അധികം വൈകുന്നതിനു മുമ്പ്, സത്വരം ഞാൻ വേല തുടങ്ങിയില്ലായിരുന്നുവെങ്കിൽ, നിങ്ങൾ എത്ര കാലം ഇങ്ങനെ നിർലജ്ജം തുടരുമായിരുന്നെന്ന് പറയുക പ്രയാസമാണ്! ദൈവത്തെ ഇങ്ങനെ വിഭജിച്ചുകൊണ്ടിരുന്നാൽ അവന് എങ്ങനെ നിങ്ങളുടെ ദൈവമായി തുടരാനാകും? അപ്പോഴും നിങ്ങൾ ദൈവത്തെ തിരിച്ചറിയുമോ? അപ്പോഴും നിങ്ങൾ അവനെ നിങ്ങളുടെ പിതാവായി അംഗീകരിച്ച് അവനിലേക്കു മടങ്ങുമോ? ഞാൻ വരാൻ അല്പം വൈകിയിരുന്നെങ്കിൽ, നിങ്ങൾ മിക്കവാറും “പിതാവിനെയും പുത്രനെയും”, അതായത് യഹോവയെയും യേശുവിനെയും, ഇസ്രായേലിലേക്കു മടക്കി അയയ്ക്കുകയും, നിങ്ങൾതന്നെ ദൈവത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുകയും ചെയ്യുമായിരുന്നു. ഭാഗ്യവശാൽ, ഇത് ഇപ്പോൾ അന്ത്യനാളുകളാണ്. ഒടുവിൽ, ഞാൻ കാത്തുകാത്തിരുന്ന ഈ ദിനം ആഗതമായിരിക്കുന്നു; ഞാൻ എന്റെ സ്വന്തം കൈയാൽ വേലയുടെ ഈ ഘട്ടം നിർവഹിച്ചശേഷം മാത്രമാണ് നിങ്ങൾ ദൈവത്തെ വിഭജിക്കുന്നത് നിർത്താനായത്. അതല്ലായിരുന്നെങ്കിൽ, നിങ്ങളുടെ അവസ്ഥ വഷളാകുകയും നിങ്ങൾ നിങ്ങൾക്കിടയിലെ സാത്താന്മാരെയെല്ലാം ആരാധിക്കാനായി മേശപ്പുറത്തു വയ്ക്കുകയും ചെയ്യുമായിരുന്നു. നിങ്ങളുടെ തന്ത്രമാണത്! നിങ്ങൾ ദൈവത്തെ വിഭജിക്കുന്ന വിധമാണത്! ഇപ്പോഴും നിങ്ങൾ അത് തുടരുമോ? ഞാൻ ഒന്നു ചോദിക്കട്ടെ: എത്ര ദൈവങ്ങളുണ്ട്? ഏതു ദൈവമാണ് നിങ്ങൾക്ക് രക്ഷ കൈവരുത്തുക? നിങ്ങൾ എപ്പോഴും പ്രാർഥിക്കുന്നത് ആദ്യത്തെ ദൈവത്തോടാണോ, രണ്ടാമത്തെ ദൈവത്തോടോ, അതോ മൂന്നാമത്തേതിനോടോ? അവരിൽ ആരിലാണ് നിങ്ങൾ എപ്പോഴും വിശ്വസിക്കുന്നത്? പിതാവിലോ? പുത്രനിലോ? അതോ ആത്മാവിലോ? നീ ആരിലാണ് വിശ്വസിക്കുന്നതെന്ന് എന്നോട് പറയൂ. ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് നിങ്ങൾ കൂടെക്കൂടെ പറയുന്നുണ്ടെങ്കിലും സ്വന്തം മസ്തിഷ്കത്തിലാണ് നിങ്ങൾ യഥാർഥത്തിൽ വിശ്വസിക്കുന്നത്! ദൈവം നിങ്ങളുടെ ഹൃദങ്ങളിൽ ഇല്ലേയില്ല! എന്നാൽ, നിങ്ങളുടെ മനസ്സിലാകട്ടെ അത്തരം എണ്ണമറ്റ “ത്രിത്വങ്ങൾ” കുടികൊള്ളുന്നു! എന്താ, ശരിയല്ലേ?

ത്രിത്വം എന്ന ആശയത്തെ ആധാരമാക്കി വേലയുടെ മൂന്നു ഘട്ടങ്ങളെ വിലയിരുത്തിയാൽ, ഓരോരുത്തരും ചെയ്യുന്ന വേല ഒന്നല്ലാത്ത സ്ഥിതിക്ക് മൂന്നു ദൈവങ്ങൾ ഉണ്ടായിരിക്കണം. ത്രിത്വം ശരിക്കും ഉണ്ടെന്ന് നിങ്ങൾക്കിടയിലെ ആരെങ്കിലും പറയുകയാണെങ്കിൽ, മൂന്നു വ്യക്തികൾ ചേർന്ന ഈ ഏക ദൈവം ശരിക്കും പറഞ്ഞാൽ എന്താണെന്ന് വിശദീകരിക്കൂ. പരിശുദ്ധ പിതാവ് എന്താണ്? പുത്രൻ എന്താണ്? പരിശുദ്ധാത്മാവ് എന്താണ്? യഹോവയാണോ പരിശുദ്ധ പിതാവ്? യേശുവാണോ പുത്രൻ? അപ്പോൾ പരിശുദ്ധാത്മാവിനെക്കുറിച്ച് എന്തു പറയും? പിതാവ് ഒരു ആത്മാവല്ലേ? പുത്രന്റെ സത്തയും ഒരു ആത്മാവല്ലേ? യേശുവിന്റെ വേല പരിശുദ്ധാത്മാവിന്റെ വേലയായിരുന്നില്ലേ? യേശുവിന്റെ വേലപോലെ യഹോവയുടെ അന്നത്തെ വേലയും ഒരു ആത്മാവിലൂടെയല്ലേ നിർവഹിക്കപ്പെട്ടത്? ദൈവത്തിന് എത്ര ആത്മാക്കൾ ഉണ്ടാകും? നിന്‍റെവിശദീകരണം അനുസരിച്ച് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികൾ ഒന്നാണ്; അത് അങ്ങനെയാണെങ്കിൽ, മൂന്ന് ആത്മാക്കൾ ഉണ്ട്; എന്നാൽ, മൂന്ന് ആത്മാക്കൾ ഉണ്ടായിരിക്കുക എന്നതിന് അർഥം മൂന്നു ദൈവങ്ങൾ ഉണ്ടെന്നാണ്. ഇതിനർഥം ഏകസത്യദൈവം ഇല്ല എന്നാണ്; ഇത്തരമൊരു ദൈവത്തിന് അപ്പോഴും ദൈവത്തിന്റെ സഹജമായ സത്ത ഉണ്ടാവുന്നത് എങ്ങനെയാണ്? ഒരു ദൈവം മാത്രമേ ഉള്ളുവെന്ന് നീ സമ്മതിക്കുകയാണെങ്കിൽ, അവന് എങ്ങനെയാണ് ഒരു പുത്രനുണ്ടായിരിക്കാനും പിതാവായിരിക്കാനും കഴിയുക? ഇവയെല്ലാം നിന്റെ വെറും സങ്കൽപ്പങ്ങളല്ലേ? ഒരേയൊരു ദൈവമേയുള്ളൂ, ഈ ദൈവത്തിൽ ഒരു വ്യക്തിയേ അടങ്ങിയിട്ടുള്ളൂ, ദൈവാത്മാവും ഒന്നു മാത്രം; “ഒരു പരിശുദ്ധാത്മാവും ഒരു ദൈവവുമേ ഉള്ളൂ” എന്ന് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതിനു ചേർച്ചയിലാണത്. നീ പറയുന്ന പിതാവും പുത്രനും ഉണ്ടെങ്കിലും ഇല്ലെങ്കിലും ദൈവം ഒന്നേയുള്ളൂ; കൂടാതെ, നിങ്ങൾ വിശ്വസിക്കുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവും, പരിശുദ്ധാത്മാവിന്റെ സത്തയാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവം ആത്മാവാണ്, പക്ഷേ, അവന് മനുഷ്യജന്മമെടുക്കാനും മനുഷ്യർക്കിടയിൽ ജീവിക്കാനും സകലതിനും മുകളിൽ ആയിരിക്കാനും സാധിക്കും. എല്ലാം ഉൾക്കൊള്ളുന്നതും സർവവ്യാപിയുമാണ് അവന്റെ ആത്മാവ്. അവന് ഒരേ സമയം ജഡരൂപത്തിലായിരിക്കാനും പ്രപഞ്ചത്തിലും അതിനു മേലെയും ആയിരിക്കാനും കഴിയും. ദൈവം മാത്രമാണ് ഏകസത്യദൈവമെന്ന് സകല ആളുകളും പറയുന്നതിനാൽ ഒരേയൊരു ദൈവമേ ഉള്ളൂ, ആർക്കും തോന്നിയതുപോലെ വിഭജിക്കാനാവാത്തവൻ! ദൈവം ഏക ആത്മാവാണ്, ഒരു വ്യക്തി മാത്രം; അതാണ് ദൈവത്തിന്റെ ആത്മാവ്. നീ പറയുന്നതുപോലെ അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ആണെങ്കിൽ, അവർ മൂന്നു ദൈവങ്ങളല്ലേ? പരിശുദ്ധാത്മാവ് ഒരു സംഗതി, പുത്രൻ മറ്റൊന്ന്, പിതാവ് വേറൊന്ന്. വ്യക്തികളെന്ന നിലയിൽ അവർ വേറിട്ടവരാണ്, അവരുടെ സത്തയും വ്യത്യസ്തമാണ്; അപ്പോൾപ്പിന്നെ അവർക്ക് എങ്ങനെ ഒരൊറ്റ ദൈവത്തിന്റെ ഭാഗമായിരിക്കാൻ കഴിയും? പരിശുദ്ധാത്മാവ് ഒരു ആത്മാവാണ്; മനുഷ്യനു മനസ്സിലാക്കാൻ എളുപ്പമാണത്. അത് അങ്ങനെയാണെങ്കിൽ, പിതാവ് അതിലുമേറെ ഒരു ആത്മാവാണ്. അവൻ ഒരിക്കലും ഭൂമിയിലേക്ക് ഇറങ്ങിവന്നിട്ടില്ല, ഒരിക്കലും മനുഷ്യജന്മമെടുത്തിട്ടുമില്ല. മനുഷ്യഹൃദയങ്ങളിൽ അവൻ യഹോവയായ ദൈവമാണ്, അവൻ തീർച്ചയായും ആത്മാവുമാണ്. അപ്പോൾ, അവനും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധമെന്താണ്? പിതാവും പുത്രനും തമ്മിലുള്ള ബന്ധമാണോ അത്? അതോ പരിശുദ്ധാത്മാവും പിതാവിന്റെ ആത്മാവും തമ്മിലുള്ള ബന്ധമാണോ? ഓരോ ആത്മാവിന്റെയും സത്ത ഒന്നുതന്നെയാണോ? അതോ പരിശുദ്ധാത്മാവ് പിതാവിന്റെ ഒരു ഉപകരണമാണോ? ഇത് എങ്ങനെ വിശദീകരിക്കാം? ഇനി, പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധമെന്താണ്? രണ്ട് ആത്മാക്കൾക്ക് ഇടയിലുള്ള ബന്ധമാണോ, അതോ ഒരു മനുഷ്യനും ആത്മാവും തമ്മിലുള്ള ബന്ധമാണോ? വിശദീകരിക്കാൻ കഴിയാത്ത വിഷയങ്ങളാണ് ഇവയെല്ലാം! ഇവരെല്ലാം ഒരേ ആത്മാവാണെങ്കിൽ, മൂന്നു വ്യക്തികളുടെ കാര്യം ഉദിക്കുന്നേയില്ല; കാരണം, അവർ ഒരേ ആത്മാവുള്ളവരാണ്. അവർ വ്യതിരിക്ത വ്യക്തികളാണെങ്കിൽ അവരുടെ ആത്മാക്കൾ ശക്തിയിൽ വ്യത്യസ്തമായിരിക്കണം, അവർക്ക് ഒരൊറ്റ ആത്മാവായിരിക്കാൻ പറ്റില്ലതന്നെ. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ഈ ആശയം ശുദ്ധ അസംബന്ധമാണ്! ഇത് ദൈവത്തെ വിഭജിക്കുകയും വ്യത്യസ്ത സ്ഥാനവും ആത്മാവും ഉള്ള മൂന്നു വ്യക്തികളായി അവനെ ഭാഗിക്കുകയും ചെയ്യുന്നു; അപ്പോൾപ്പിന്നെ അവന് എങ്ങനെ ഒരു ആത്മാവും ഒരു ദൈവവും ആയിരിക്കാനാകും? എന്നോട് ഇതു പറയൂ, സ്വർഗങ്ങളും ഭൂമിയും അവയിലെ സകലതും സൃഷ്ടിച്ചത് പിതാവാണോ പുത്രനാണോ അതോ പരിശുദ്ധാത്മാവാണോ? അവർ ഒരുമിച്ചാണ് ഇതെല്ലാം സൃഷ്ടിച്ചതെന്ന് ചിലർ പറയുന്നു. അപ്പോൾ, മനുഷ്യരാശിയെ വീണ്ടെടുത്തത് ആരാണ്? പരിശുദ്ധാത്മാവോ പുത്രനോ അതോ പിതാവോ? പുത്രനാണ് മനുഷ്യരാശിയെ വീണ്ടെടുത്തതെന്ന് ചിലർ പറയുന്നു. അപ്പോൾ, സത്തയിൽ പുത്രൻ ആരാണ്? അവൻ ദൈവാത്മാവിന്റെ മനുഷ്യാവതാരമല്ലേ? സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യന്റെ കാഴ്ചപ്പാടിൽനിന്നുകൊണ്ട് ഈ മനുഷ്യാവതാരം സ്വർഗസ്ഥനായ ദൈവത്തെ പിതാവെന്ന് പേർവിളിച്ചു. പരിശുദ്ധാത്മാവിനാലാണ് യേശു ജനിച്ചതെന്ന് നിനക്കറിയില്ലേ? അവനിൽ പരിശുദ്ധാത്മാവുണ്ട്; നീ എന്തു പറഞ്ഞാലും അവൻ സ്വർഗത്തിൽ ദൈവവുമായി ഐക്യരൂപത്തിലാണ്; കാരണം, അവൻ ദൈവാത്മാവിന്റെ അവതാരമാണ്. പുത്രനെക്കുറിച്ചുള്ള ഈ ആശയം തികച്ചും അസത്യമാണ്. വേലയത്രയും ചെയ്യുന്നത് ഏക ആത്മാവാണ്; ദൈവംതന്നെയാണ്, അതായത് ദൈവത്തിന്റെ ആത്മാവാണ് അവന്റെ വേല ചെയ്യുന്നത്. ആരാണ് ദൈവത്തിന്റെ ആത്മാവ്? അത് പരിശുദ്ധാത്മാവല്ലേ? പരിശുദ്ധാത്മാവല്ലേ യേശുവിൽ പ്രവർത്തിക്കുന്നത്? പരിശുദ്ധാത്മാവ് (അതായത്, ദൈവത്തിന്റെ ആത്മാവ്) വേല നിർവഹിച്ചിരുന്നില്ലെങ്കിൽ, അവന്റെ വേല ദൈവംതന്നെയായവനെ പ്രതിനിധീകരിക്കുമായിരുന്നോ? സ്വർഗസ്ഥനായ ദൈവത്തെ യേശു പ്രാർഥനയിൽ പിതാവെന്ന് പേർവിളിച്ചപ്പോൾ, അത് സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യന്റെ വീക്ഷണകോണിൽനിന്നു മാത്രമായിരുന്നു, ദൈവത്തിന്റെ ആത്മാവ് സാമാന്യവും സാധാരണവുമായ ജഡരൂപം ധരിച്ചതിനാലും ഒരു സൃഷ്ടവ്യക്തിയുടെ ബാഹ്യരൂപം ഉണ്ടായിരുന്നതിനാലും മാത്രമായിരുന്നു. അവന്റെ ഉള്ളിൽ ദൈവത്തിന്റെ ആത്മാവ് ഉണ്ടായിരുന്നെങ്കിലും അവന്റെ ബാഹ്യരൂപം അപ്പോഴും സാമാന്യനായ ഒരു മനുഷ്യന്റേതായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവൻ സകല മനുഷ്യരും യേശുതന്നെയും പറഞ്ഞ “മനുഷ്യപുത്രനായി.” അവനെ മനുഷ്യപുത്രൻ എന്നു വിളിച്ചിരിക്കുന്നതിനാൽ ഒരു സാമാന്യ കുടുംബത്തിൽ സാധാരണക്കാർക്കു പിറന്ന വ്യക്തിയാണ് അവൻ (പുരുഷനായാലും സ്ത്രീയായാലും, പുറമേ മനുഷ്യരൂപമുള്ള ഒരാൾ). അതുകൊണ്ട് യേശു സ്വർഗസ്ഥനായ ദൈവത്തെ പിതാവെന്നു വിളിച്ചത്, നിങ്ങൾ ആദ്യം അവനെ പിതാവെന്നു വിളിച്ചതുപോലെയാണ്; സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യന്റെ വീക്ഷണകോണിൽനിന്നാണ് അവൻ അതു ചെയ്തത്. മനഃപാഠമാക്കാൻ യേശു പഠിപ്പിച്ച കർത്തൃപ്രാർഥന ഇപ്പോഴും നിങ്ങൾക്ക് ഓർമയുണ്ടോ? “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ...” സ്വർഗസ്ഥനായ ദൈവത്തെ പിതാവെന്ന പേർ വിളിക്കാൻ അവൻ സകല മനുഷ്യരോടും ആവശ്യപ്പെട്ടു. യേശുവും അവനെ പിതാവെന്നു വിളിച്ചതിനാൽ, നിങ്ങൾക്കെല്ലാം സമം നിൽക്കുന്ന ഒരുവനെന്ന കാഴ്ചപ്പാടിലാണ് അവൻ അങ്ങനെ ചെയ്തത്. സ്വർഗസ്ഥനായ ദൈവത്തെ നിങ്ങൾ പിതാവെന്ന നാമത്തിൽ വിളിക്കുന്നതിനാൽ, അതു കാണിക്കുന്നത് നിങ്ങൾക്കു സമനായും ഭൂമിയിലെ ദൈവം തിരഞ്ഞെടുത്ത ഒരു മനുഷ്യനായും (അതായത്, ദൈവപുത്രൻ) യേശു തന്നെത്തന്നെ കണ്ടു എന്നാണ്. നിങ്ങൾ ദൈവത്തെ പിതാവെന്നു വിളിക്കുന്നെങ്കിൽ, അതു നിങ്ങൾ സൃഷ്ടിയായതിനാലല്ലേ? ഭൂമിയിൽ യേശുവിന്റെ അധികാരം എത്ര വലുതായിരുന്നെങ്കിലും ക്രൂശുമരണത്തിനു മുമ്പ് അവൻ പരിശുദ്ധാത്മാവിനാൽ (അതായത്, ദൈവം) നയിക്കപ്പെടുന്ന കേവലം മനുഷ്യപുത്രനും ഭൂമിയിലെ ഒരു സൃഷ്ടിയും ആയിരുന്നു, കാരണം, അവൻ അതുവരെയും തന്റെ വേല പൂർത്തീകരിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട്, സ്വർഗസ്ഥനായ ദൈവത്തെ പിതാവെന്നു വിളിച്ചത് അവന്റെ താഴ്മയും അനുസരണയും കൊണ്ടു മാത്രമാണ്. പക്ഷേ, ദൈവത്തെ (അതായത്, സ്വർഗത്തിലെ ആത്മാവിനെ) ആ വിധത്തിൽ സംബോധന ചെയ്യുന്നത് അവൻ സ്വർഗത്തിലെ ദൈവാത്മാവിന്റെ പുത്രനാണെന്ന് തെളിയിക്കുന്നില്ല. പകരം, അവന്റെ വീക്ഷണകോൺ വ്യത്യസ്തമായിരുന്നതിനാൽ മാത്രമായിരുന്നു അത്, അവൻ വേറിട്ട ഒരു വ്യക്തിയായിരുന്നതിനാലല്ല. വ്യതിരിക്ത വ്യക്തികൾ നിലനിൽക്കുന്നു എന്നത് തെറ്റിദ്ധാരണയാണ്! ക്രൂശുമരണത്തിനു മുമ്പ് ജഡത്തിന്റെ പരിമിതികളാൽ ബന്ധിക്കപ്പെട്ട ഒരു മനുഷ്യപുത്രനായിരുന്നു യേശു, കൂടാതെ, അവന് ആത്മാവിന്റെ അധികാരം പൂർണമായി ഉണ്ടായിരുന്നുമില്ല. അതുകൊണ്ടാണ് ഒരു സൃഷ്ടവ്യക്തിയുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് അവന് പിതാവായ ദൈവത്തിന്റെ ഹിതം അന്വേഷിക്കാൻ മാത്രം കഴിഞ്ഞത്. ഇത് അവൻ ഗത്ശമേനയിൽ, “ഞാൻ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ” എന്നു മൂന്നു തവണ പ്രാർഥിച്ചതു പോലെയാണ്. കുരിശിലേറ്റുന്നതിനു മുമ്പ് അവൻ പക്ഷേ യെഹൂദന്മാരുടെ രാജാവായിരുന്നു; അവൻ ക്രിസ്തുവും മനുഷ്യപുത്രനും ആയിരുന്നു, മഹത്ത്വമുള്ള ശരീരം ആയിരുന്നില്ല. അതുകൊണ്ടാണ് ഒരു സൃഷ്ടവ്യക്തിയുടെ കാഴ്ചപ്പാടിൽനിന്നുകൊണ്ട് അവൻ ദൈവത്തെ പിതാവെന്നു വിളിച്ചത്. എന്നുവെച്ച്, ദൈവത്തെ പിതാവെന്നു വിളിക്കുന്ന എല്ലാവരും പുത്രനാണെന്ന് നിനക്ക് പറയാനാവില്ല. അങ്ങനെയായിരുന്നെങ്കിൽ, യേശു നിങ്ങളെ കർത്തൃപ്രാർഥന പഠിപ്പിച്ചതിനുശേഷം നിങ്ങളെല്ലാം പുത്രനാകുമായിരുന്നില്ലേ? ഇപ്പോഴും നിങ്ങൾക്കു ബോധ്യമായിട്ടില്ലെങ്കിൽ, എന്നോടു പറയൂ, നിങ്ങൾ ആരെയാണ് പിതാവെന്നു വിളിക്കുന്നത്? നിങ്ങൾ യേശുവിനെയാണ് പരാമർശിക്കുന്നതെങ്കിൽ നിങ്ങളുടെ അഭിപ്രായത്തിൽ യേശുവിന്റെ പിതാവ് ആരാണ്? യേശു മടങ്ങിപ്പോയതിനു ശേഷം, പിതാവും പുത്രനും എന്ന ഈ ആശയം ഇല്ലാതായി. യേശു ജഡരൂപമെടുത്ത വർഷങ്ങളിൽ മാത്രമേ ഈ ആശയം ഉചിതമായിരുന്നുള്ളൂ. മറ്റെല്ലാ സാഹചര്യങ്ങളിലും, നിങ്ങൾ ദൈവത്തെ പിതാവെന്നു വിളിക്കുമ്പോൾ, സൃഷ്ടികർത്താവും സൃഷ്ടിയും തമ്മിലുള്ള ബന്ധമാണത്. പിതാവും പുത്രനും പരിശുദ്ധാത്മാവും കൂടിയ ത്രിത്വത്തെക്കുറിച്ചുള്ള ഈ ആശയം ഒരു കാലത്തും നിലനിൽക്കില്ല; ഇത് യുഗങ്ങളിലുടനീളം അപൂർവമായി കാണപ്പെട്ട ഒരു മിഥ്യാധാരണയാണ്, അത് നിലവിലില്ല!

ഇത് ഉത്പത്തിപുസ്തകത്തിലെ ദൈവത്തിന്റെ ഈ വാക്കുകൾ പലരുടെയും മനസ്സിലേക്കു കൊണ്ടുവന്നേക്കാം: “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‍ടിക്കാം.” “നമുക്ക്” “നമ്മുടെ” ഛായയിൽ മനുഷ്യനെ സൃഷ്ടിക്കാം എന്ന് ദൈവം പറയുന്നതുകൊണ്ട് “നമുക്ക്” എന്നത് സൂചിപ്പിക്കുന്നത് രണ്ടോ അതിൽ അധികമോ പേരെയാണ്; അവൻ “നമുക്ക്” എന്നു പറഞ്ഞതിനാൽ, കേവലം ഒരു ദൈവമല്ല ഉള്ളത്. ഇപ്രകാരം, മനുഷ്യൻ അമൂർത്തമായ, വ്യതിരിക്തരായ വ്യക്തികളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അങ്ങനെ, ഈ വാക്കുകളിൽനിന്ന് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ആശയം ഉടലെടുത്തു. അങ്ങനെയെങ്കിൽ, പിതാവ് എങ്ങനെയുള്ളവനാണ്? പുത്രൻ എങ്ങനെയുള്ളവനാണ്? പരിശുദ്ധാത്മാവ് എങ്ങനെയുള്ളവനാണ്? മൂന്നും കൂടിയ ഒന്നിന്റെ സാദൃശ്യത്തിലായിരിക്കുമോ ഇന്നത്തെ മനുഷ്യരാശിയെ സൃഷ്ടിച്ചത്? അപ്പോൾ, മനുഷ്യന്റെ രൂപം പിതാവിന്റേതുപോലെയാണോ പുത്രന്റേതുപോലെയാണോ അതോ പരിശുദ്ധാത്മാവിന്റേതുപോലെയാണോ? ദൈവത്തിലെ ഏതു വ്യക്തിത്വത്തിന്റെ സാദൃശ്യത്തിലാണ് മനുഷ്യൻ? മനുഷ്യന്റെ ഈ ആശയം തീർത്തും തെറ്റും അസംബന്ധവുമാണ്! അതിന് കേവലം ഒരു ദൈവത്തെ പല ദൈവങ്ങളായി പിരിക്കാനേ കഴിയൂ. ലോകസൃഷ്ടിയെത്തുടർന്ന് മനുഷ്യരാശിയുടെയും സൃഷ്ടിക്കു ശേഷമാണ് മോശ ഉത്പത്തിപുസ്തകം എഴുതിയത്. ആദിയിൽ, ലോകാരംഭത്തിൽ, മോശ അസ്തിത്വത്തിൽ ഉണ്ടായിരുന്നില്ല. വളരെ കാലത്തിനു ശേഷമാണ് മോശ ബൈബിൾ എഴുതിയതെന്നിരിക്കെ, സ്വർഗസ്ഥനായ ദൈവം എന്താണ് പറഞ്ഞതെന്ന് അവൻ എങ്ങനെ അറിയാനാണ്? ദൈവം ലോകത്തെ സൃഷ്ടിച്ചത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് അവന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. ബൈബിളിന്റെ പഴയനിയമത്തിൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും കുറിച്ചുള്ള പരാമർശമേതുമില്ല; പകരം, ഇസ്രായേലിൽ തന്റെ വേല നിറവേറ്റുന്ന ഏകസത്യദൈവമായ യഹോവയെക്കുറിച്ചു മാത്രമേയുള്ളൂ. യുഗം മാറുന്നതനുസരിച്ച് അവൻ പല നാമങ്ങളിൽ അറിയപ്പെടുന്നു; പക്ഷേ, ആ ഓരോ നാമവും വേറിട്ട വ്യക്തികളെയാണ് കുറിക്കുന്നതെന്ന് അത് തെളിയിക്കുന്നില്ല. അത് അങ്ങനെയായിരുന്നെങ്കിൽ, ദൈവത്തിൽ എണ്ണിയാലൊടുങ്ങാത്ത ആളുകൾ ഉണ്ടാകുമായിരുന്നില്ലേ? പഴയനിയമത്തിൽ എഴുതിയിരിക്കുന്നത് യഹോവയുടെ വേലയെക്കുറിച്ചാണ്, ന്യായപ്രമാണയുഗത്തിൽ പ്രാരംഭമായി ദൈവം സ്വയം ചെയ്ത വേലയുടെ ഒരു ഘട്ടത്തെക്കുറിച്ച്. അത് ദൈവത്തിന്റെ വേലയായിരുന്നു, അവൻ പറഞ്ഞതുപോലെയായിരുന്നു അത്, അവൻ കൽപ്പിച്ചതുപോലെ അവ നിലകൊണ്ടു. വേല നിർവഹിക്കാൻ വന്ന പിതാവാണ് താനെന്ന് യഹോവ ഒരിക്കൽപ്പോലും പറഞ്ഞില്ല, മനുഷ്യവർഗത്തെ വീണ്ടെടുക്കാനായി പുത്രൻ വരുന്നതിനെക്കുറിച്ചും അവൻ ഒരിക്കലും പ്രവചിച്ചില്ല. യേശുവിന്റെ സമയമായപ്പോൾ, മനുഷ്യരാശിയെ മുഴുവൻ വീണ്ടെടുക്കാൻ ദൈവം മനുഷ്യജന്മമെടുത്തു എന്നു മാത്രമാണ് പറഞ്ഞത്, പുത്രനാണ് വന്നത് എന്നല്ല. യുഗങ്ങൾ ഒരുപോലെ അല്ലാത്തതിനാലും ദൈവംതന്നെ ചെയ്യുന്ന വേല വേറിട്ടതായതിനാലും അവന് തന്റെ വേല വ്യത്യസ്ത മണ്ഡലങ്ങളിൽ ചെയ്യേണ്ടതുണ്ട്. ഈ വിധത്തിൽ, അവൻ പ്രതിനിധാനം ചെയ്യുന്ന വ്യക്തിത്വവും വ്യത്യാസപ്പെട്ടിരിക്കും. യേശുവിന്റെ പിതാവാണ് യഹോവ എന്നാണ് മനുഷ്യൻ വിശ്വസിക്കുന്നത്. പക്ഷേ, യേശു യഥാർഥത്തിൽ ഇത് അംഗീകരിച്ചിട്ടില്ല. അവൻ പറഞ്ഞു: “ഞങ്ങൾ ഒരിക്കലും പിതാവും പുത്രനുമായി വേർതിരിക്കപ്പെട്ടിട്ടില്ല; ഞാനും സ്വർഗസ്ഥനായ പിതാവും ഒന്നാകുന്നു. പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു; മനുഷ്യൻ പുത്രനെ കാണുമ്പോൾ അവർ സ്വർഗസ്ഥനായ പിതാവിനെ കാണുന്നു.” പറഞ്ഞുവരുന്നത് ഇതാണ്, പിതാവായാലും പുത്രനായാലും അവർ ഒരേ ആത്മാവാണ്, വ്യത്യസ്ത വ്യക്തികളായി വിഭജിക്കപ്പെട്ടിട്ടില്ല. മനുഷ്യൻ വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ, വ്യത്യസ്ത വ്യക്തികൾ എന്ന ആശയവും പിതാവും പുത്രനും ആത്മാവും തമ്മിലുള്ള ബന്ധവും കാരണം കാര്യങ്ങൾ സങ്കീർണമാകുന്നു. മനുഷ്യൻ വ്യത്യസ്ത വ്യക്തികളെക്കുറിച്ച് സംസാരിക്കുമ്പോൾ അത് ദൈവത്തെ ഭൗതികവത്കരിക്കുകയല്ലേ? മനുഷ്യൻ ആ വ്യക്തികൾക്ക് ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ എന്നിങ്ങനെ സ്ഥാനം നിർണയിക്കുകപോലും ചെയ്യുന്നു; ഇവയെല്ലാം മനുഷ്യന്റെ വെറും ഭാവനകളാണ്, പരാമർശയോഗ്യം അല്ലാത്തതും തികച്ചും അയഥാർഥമായതും! “എത്ര ദൈവങ്ങളുണ്ട്?” എന്നു നീ അവനോട് ചോദിക്കുകയാണെങ്കിൽ, ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്ന ത്രിത്വമാണ്: ഏകസത്യദൈവമാണ് എന്ന് അവൻ പറയും. “പിതാവ് ആരാണ്?” എന്ന് നീ വീണ്ടും ചോദിച്ചാൽ, “സ്വർഗത്തിലെ ആത്മാവാണ് പിതാവ്; സകലതിന്റെയും ചുമതല അവനാണ്, സ്വർഗത്തിലെ അധികാരിയും അവൻതന്നെ” എന്നവൻ പറയും. “അങ്ങനെയെങ്കിൽ, യഹോവയാണോ ആത്മാവ്?” എന്നതിന് അവൻ “അതെ!” എന്ന് ഉത്തരം പറയും. “പുത്രൻ ആരാണ്?” എന്ന നിന്റെ അടുത്ത ചോദ്യത്തിന് യേശുവാണ് പുത്രൻ എന്ന് അവൻ ഉത്തരം നൽകും, തീർച്ച. “അപ്പോൾ യേശുവിന്റെ കഥ എന്താണ്? അവൻ എവിടെനിന്നാണ് വന്നത്?” അവൻ ഇങ്ങനെ പറയും: “മറിയം പരിശുദ്ധാത്മാവിനാൽ ഗർഭംധരിച്ച് യേശുവിനെ പ്രസവിച്ചു.” അങ്ങനെയെങ്കിൽ, അവന്റെ സത്ത ആത്മാവിന്റേതുതന്നെയല്ലേ? അവന്റെ വേലയും പരിശുദ്ധാത്മാവിനെ പ്രതിനിധാനം ചെയ്യുന്നതല്ലേ? യഹോവ ആത്മാവാണ്, അതുപോലെതന്നെ യേശുവിന്റെ സത്തയും. ഇപ്പോൾ ഈ അന്ത്യനാളുകളിൽ, ആത്മാവാണ് പ്രവർത്തിക്കുന്നതെന്നു പ്രത്യേകം പറയേണ്ടതില്ല; അവർക്ക് എങ്ങനെ വ്യതിരിക്തരായ വ്യക്തികളായിരിക്കാൻ കഴിയും? ദൈവത്തിന്റെ ആത്മാവ് വ്യത്യസ്ത കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ട് ആത്മാവിന്റെ ജോലി ചെയ്യുന്നു, അത്രയല്ലേ ഉള്ളൂ? അതിനാൽ, വ്യക്തികൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. യേശു പരിശുദ്ധാത്മാവിനാലാണ് ഉരുവായത്, കൃത്യമായുംഅവന്റെ വേല പരിശുദ്ധാത്മാവിന്റെ വേലയായിരുന്നു. യഹോവ, താൻ നിറവേറ്റിയ വേലയുടെ ആദ്യഘട്ടത്തിൽ മനുഷ്യജന്മമെടുക്കുകയോ മനുഷ്യനു പ്രത്യക്ഷനാകുകയോ ചെയ്തില്ല. അതുകൊണ്ട് മനുഷ്യൻ ഒരിക്കലും അവന്റെ രൂപം കണ്ടിട്ടില്ല. അവൻ എത്ര വലിയവനും എത്ര ഉയരമുള്ളവനും ആയിരുന്നാലും അവൻ അപ്പോഴും ആത്മാവായിരുന്നു, ആദിയിൽ മനുഷ്യനെ സൃഷ്ടിച്ച ദൈവംതന്നെയായവൻ. അതായത്, അവൻ ദൈവത്തിന്റെ ആത്മാവായിരുന്നു. അവൻ മേഘങ്ങൾക്കിടയിലൂടെ മനുഷ്യനോട് സംസാരിച്ചപ്പോൾ അവൻ കേവലം ഒരു ആത്മാവായിരുന്നു. ആരും അവന്റെ രൂപം ദർശിച്ചില്ല. കൃപായുഗത്തിൽ ദൈവത്തിന്റെ ആത്മാവ് ജഡത്തിൽ വരുകയും യെഹൂദ്യയിൽ മനുഷ്യജന്മമെടുക്കുകയും ചെയ്തപ്പോൾ മാത്രമാണ് മനുഷ്യർ ഒരു യെഹൂദന്റെ ഛായയിൽ ആദ്യമായി മനുഷ്യാവതാരത്തിന്റെ പ്രതിരൂപം കണ്ടത്. യഹോവയുടെ വികാരം മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും അവൻ പരിശുദ്ധാത്മാവിനാൽ ഉരുവായവനാണ്, അതായത്, യഹോവയുടെതന്നെ ആത്മാവിനാൽ; കൂടാതെ അപ്പോഴും, ദൈവത്തിന്റെ ആത്മാവിന്റെ മൂർത്തരൂപമെന്ന നിലയിൽതന്നെയാണ് യേശു ജനിച്ചത്. പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ യേശുവിന്റെ മേൽ ഇറങ്ങിവരുന്നതാണ് മനുഷ്യൻ ആദ്യം കണ്ടത്; അത് യേശുവിനു മാത്രമുള്ള ആത്മാവായിരുന്നില്ല, മറിച്ച്, പരിശുദ്ധാത്മാവായിരുന്നു. അപ്പോൾ, യേശുവിന്റെ ആത്മാവിനെ പരിശുദ്ധാത്മാവിൽനിന്നു വേർപെടുത്താനാകുമോ? യേശു, യേശുവായിരിക്കുകയും, അതായത് പുത്രനായിരിക്കുകയും, പരിശുദ്ധാത്മാവ്, പരിശുദ്ധാത്മാവായിരിക്കുകയും ചെയ്താൽ, അവർക്ക് എങ്ങനെ ഒന്നാകാനാകും? അങ്ങനെയായിരുന്നെങ്കിൽ, വേല ചെയ്യാനേ കഴിയുമായിരുന്നില്ല. യേശുവിലെ ആത്മാവും സ്വർഗത്തിലെ ആത്മാവും യഹോവയുടെ ആത്മാവും എല്ലാം ഒന്നാണ്. അതിനെ പരിശുദ്ധാത്മാവ്, ദൈവത്തിന്റെ ആത്മാവ്, ഏഴിരട്ടി ബലപ്പെട്ട ആത്മാവ്, എല്ലാം ഉൾക്കൊള്ളുന്ന ആത്മാവ് എന്നു വിളിക്കാം. ദൈവത്തിന്റെ ആത്മാവിന് ഒരുപാട് കാര്യങ്ങൾ നിർവഹിക്കാനാകും. അവന് ലോകത്തെ സൃഷ്ടിക്കാനും ഭൂമിയിൽ പ്രളയം വരുത്തി അതിനെ നശിപ്പിക്കാനും സാധിക്കും; മനുഷ്യരാശിയെ മുഴുവൻ വീണ്ടെടുക്കാൻ അവനു കഴിയും. കൂടാതെ, മനുഷ്യരാശിയെ മുഴുവൻ ജയിച്ചടക്കാനും നശിപ്പിക്കാനും അവനു കഴിയും. ദൈവംതന്നെയാണ് ഈ വേലയത്രയും ചെയ്യുന്നത്; അവനു പകരം ദൈവത്തിലെ മറ്റേതെങ്കിലും വ്യക്തിക്ക് ചെയ്യാവുന്നതല്ല അവ. അവന്റെ ആത്മാവിനെ യഹോവ എന്നും യേശു എന്നും, എന്തിന്, സർവശക്തൻ എന്നും പേർ വിളിക്കാം. അവൻ കർത്താവും ക്രിസ്തുവുമാണ്. അവന് മനുഷ്യപുത്രനാകാനും കഴിയും. അവൻ സ്വർഗങ്ങളിലുമുണ്ട്, ഭൂമിയിലുമുണ്ട്; അവൻ അങ്ങ് പ്രപഞ്ചങ്ങൾക്കു മേലെയും പുരുഷാരത്തിനിടയിലുമുണ്ട്. ആകാശങ്ങളുടെയും ഭൂമിയുടെയും ഏക അധിപനാണവൻ! സൃഷ്ടിയുടെ സമയം മുതൽ ഇന്നു വരെ ദൈവത്തിന്റെ ആത്മാവാണ് ഈ വേല ചെയ്തത്. സ്വർഗങ്ങളിലെ വേലയായാലും ജഡരൂപത്തിലേതായാലും സകലതും അവന്റെ സ്വന്തം ആത്മാവാണ് ചെയ്യുന്നത്. സ്വർഗത്തിലായാലും ഭൂമിയിലായാലും സകല സൃഷ്ടികളും സർവശക്തിയുമുള്ള അവന്റെ കൈവെള്ളയിലാണ്; ഇതെല്ലാം ദൈവത്തിന്റെതന്നെ വേലയാണ്, അവനു പകരം മറ്റാർക്കും അത് ചെയ്യാനാവില്ല. സ്വർഗങ്ങളിൽ അവൻ ആത്മാവാണ്, എന്നാൽ ദൈവവുമാണ്; മനുഷ്യർക്കിടയിൽ അവൻ ജഡരൂപത്തിലാണ്, എന്നാൽ, ദൈവംതന്നെയായി തുടരുകയും ചെയ്യുന്നു. നൂറായിരം പേരിൽ അവൻ അറിയപ്പെട്ടാലും അവൻ അപ്പോഴും അവൻതന്നെയാണ്, മുഴുവൻ വേലയും അവന്റെ ആത്മാവിന്റെ നേരിട്ടുള്ള പ്രകടനമാണ്. അവന്റെ ക്രൂശീകരണത്തിലൂടെയുള്ള സകല മനുഷ്യരുടെയും വീണ്ടെടുപ്പ് അവന്റെ ആത്മാവിന്റെ നേരിട്ടുള്ള വേലയായിരുന്നു; അന്ത്യനാളുകളിൽ സകല ജനതകളോടും സകല ദേശങ്ങളോടുമുള്ള പ്രഖ്യാപനവും അങ്ങനെതന്നെ. എല്ലാ സമയത്തും ദൈവത്തെ സർവശക്തൻ എന്നും ഏകസത്യദൈവം എന്നും മാത്രമേ വിളിക്കാനാകൂ, അതായത് എല്ലാം ഉൾക്കൊള്ളുന്ന ദൈവംതന്നെയായവൻ. വ്യതിരിക്തരായ വ്യക്തികൾ അസ്തിത്വത്തിലില്ല; പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ആശയം അത്രപോലുമില്ല. സ്വർഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവമേ ഉള്ളൂ!

ആറായിരം വർഷം നീണ്ടുനിൽക്കുന്നതാണ് ദൈവത്തിന്റെ കാര്യനിർവഹണ പദ്ധതി, അതിനെ അവന്റെ വേലയിലെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു യുഗങ്ങളായി തിരിച്ചിരിക്കുന്നു: ഒന്നാമത്തെ യുഗം പഴയനിയമത്തിന്റെ ന്യായപ്രമാണയുഗം; രണ്ടാമത്തേത് കൃപായുഗം; മൂന്നാമത്തേത് അന്ത്യനാളുകളുടേതാണ്—ദൈവരാജ്യയുഗം. ഓരോ യുഗത്തിലും വ്യതിരിക്തമായ ഓരോ വ്യക്തിത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്. വേലയിലെ വ്യത്യാസം, അതായത്, വേലയുടെ ആവശ്യകതകൾ ഒന്നുകൊണ്ടു മാത്രമാണത്. ന്യായപ്രമാണയുഗത്തിലെ വേലയുടെ ഒന്നാം ഘട്ടം ഇസ്രായേലിലാണ് നടന്നത്. വീണ്ടെടുപ്പിന്റെ വേല അവസാനിപ്പിക്കുന്ന രണ്ടാം ഘട്ടം യെഹൂദ്യയിലാണ് നടന്നത്. വീണ്ടെടുപ്പിന്റെ വേലയ്ക്കായി യേശു പരിശുദ്ധാത്മാവിനാൽ ഉരുവായി, ഏകപുത്രനായി. വേലയുടെ ആവശ്യകതകൾ അനുസരിച്ചായിരുന്നു ഇവയെല്ലാം. അന്ത്യനാളുകളിൽ വിജാതീയ ജനതകൾക്കിടയിലേക്ക് തന്റെ വേല വ്യാപിപ്പിക്കാനും അവിടത്തെ ജനങ്ങളെ ജയിച്ചടക്കാനും, അതുവഴി തന്‍റെ നാമം അവർക്കിടയിൽ മഹത്ത്വപ്പെടുത്താനും ദൈവം ആഗ്രഹിക്കുന്നു. സകല സത്യവും ഗ്രഹിക്കുന്നതിനും അതിലേക്കു പ്രവേശിക്കുന്നതിനും മനുഷ്യനെ നയിക്കാൻ അവൻ ആഗ്രഹിക്കുന്നു. ഒരേ ആത്മാവാണ് ഈ വേലയെല്ലാം ചെയ്യുന്നത്. വ്യത്യസ്ത കാഴ്ചപ്പാടിൽനിന്നായിരിക്കാം അവൻ ഇങ്ങനെ ചെയ്യുന്നതെങ്കിലും വേലയുടെ സ്വഭാവവും തത്ത്വങ്ങളും ഒന്നുതന്നെയാണ്. അവർ നിർവഹിക്കുന്ന വേലയുടെ തത്ത്വങ്ങളും സ്വഭാവവും നീ നിരീക്ഷിച്ചു കഴിഞ്ഞാൽ, അതെല്ലാം ഒരേ ആത്മാവാണ് ചെയ്യുന്നതെന്ന് നിനക്കു മനസ്സിലാകും. അപ്പോഴും ചിലർ പറയും: “പിതാവ് പിതാവാണ്; പുത്രൻ പുത്രനാണ്; പരിശുദ്ധാത്മാവ് പരിശുദ്ധാത്മാവും, ഒടുക്കം, അവർ ഒന്നായിത്തീരും.” അപ്പോൾ, നീ എങ്ങനെയാണ് അവരെ ഒന്നാക്കുന്നത്? പിതാവിനെയും പരിശുദ്ധാത്മാവിനെയും എങ്ങനെ ഒന്നാക്കാൻ പറ്റും? സ്വാഭാവികമായി അവർ രണ്ടാണെങ്കിൽ, അവരെ എങ്ങനെയെല്ലാം ഒന്നിച്ചു ചേർത്താലും അവർ രണ്ടു ഭാഗങ്ങളായിത്തന്നെ തുടരില്ലേ? അവരെ ഒന്നാക്കുന്ന കാര്യം നീ പറയുമ്പോൾ, വെറുതെ രണ്ടു വ്യത്യസ്ത ഭാഗങ്ങൾ ഒരൊറ്റ സംഗതിയായി കൂട്ടിച്ചേർക്കലാണോ അത്? ഒന്നിക്കുന്നതിനു മുമ്പ് അവർ രണ്ടു ഭാഗങ്ങളായിരുന്നില്ലേ? ഓരോ ആത്മാവിനും വ്യതിരിക്തമായ സത്തയുണ്ട്, രണ്ട് ആത്മാക്കൾക്ക് ഒന്നായി മാറാനാകില്ല. ആത്മാവ് എന്നു പറയുന്നത് ഒരു ഭൗതിക വസ്തുവല്ല, ഭൗതിക ലോകത്തുള്ള മറ്റൊന്നിനെയും പോലെയല്ല അത്. മനുഷ്യൻ കാണുന്നതുപോലെയാണെങ്കിൽ, പിതാവ് ഒരു ആത്മാവ്, പുത്രൻ മറ്റൊന്ന്, പരിശുദ്ധാത്മാവ് വേറൊന്ന്, എന്നിട്ട് ഈ മൂന്ന് ആത്മാവും മൂന്നു ഗ്ലാസ്സിലെ വെള്ളം ഒരൊറ്റ ഗ്ലാസ്സിൽ കൂടിക്കലരുന്നതുപോലെ ഒന്നായിത്തീരും. അപ്പോൾ ഇതല്ലേ മൂന്നുപേർ ചേർന്ന ഒരാൾ? തികച്ചും തെറ്റായ ഒരു വിശദീകരണമാണിത്! ദൈവത്തെ വിഭജിക്കലല്ലേ ഇത്? പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും എങ്ങനെ ഒന്നാക്കാനാകും? വ്യത്യസ്ത സ്വഭാവങ്ങളുള്ള മൂന്നു ഭാഗങ്ങളല്ലേ അവർ? “യേശു തന്റെ പ്രിയപുത്രനാണെന്ന് ദൈവം വ്യക്തമായി പറഞ്ഞതല്ലേ?” എന്നു പറയുന്നവരുമുണ്ട്. ദൈവം ആരിലാണോ പ്രസാദിച്ചത്, ദൈവത്തിന്റെ ആ പ്രിയപുത്രനാണ് യേശു—ഇത് തീർച്ചയായും ദൈവം തന്നെ പറഞ്ഞതാണ്. അത് ദൈവം തനിക്കുതന്നെ സാക്ഷ്യം വഹിച്ചതാണ്; വേറൊരു കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണെന്നു മാത്രം. അതായത്, സ്വർഗത്തിലുള്ള ആത്മാവ് സ്വന്തം ജഡരൂപത്തിന് സാക്ഷ്യം വഹിക്കുന്നു. യേശു അവന്റെ മനുഷ്യജന്മമാണ്, സ്വർഗത്തിലെ അവന്റെ പുത്രനല്ല. നിനക്ക് മനസ്സിലാകുന്നുണ്ടോ? “ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു” എന്ന യേശുവിന്റെ വാക്കുകൾ അവർ ഒരേ ആത്മാവാണെന്ന് സൂചിപ്പിക്കുന്നില്ലേ? മനുഷ്യാവതാരം കാരണമല്ലേ അവർ സ്വർഗത്തിലും ഭൂമിയിലുമായി വേർപെട്ടത്? വാസ്തവത്തിൽ, അവർ അപ്പോഴും ഒന്നാണ്; എന്തായാലും, ദൈവം തനിക്കു തന്നെ സാക്ഷ്യം വഹിക്കുന്നതാണത്. യുഗങ്ങളിലെ മാറ്റവും വേലയുടെ ആവശ്യകതകളും അവന്റെ കാര്യനിർവഹണ പദ്ധതിയുടെ വ്യത്യസ്ത ഘട്ടങ്ങളും നിമിത്തം മനുഷ്യൻ അവനെ വിളിക്കുന്ന പേരും മാറുന്നു. അവൻ വേലയുടെ ആദ്യഘട്ടം നിർവഹിക്കാൻ വന്നപ്പോൾ അവനെ യഹോവ, ഇസ്രായേല്യരുടെ ഇടയൻ എന്നു മാത്രമേ വിളിക്കാനാകുമായിരുന്നുള്ളൂ. രണ്ടാം ഘട്ടത്തിൽ, മനുഷ്യജന്മമെടുത്ത ദൈവത്തെ കർത്താവ് എന്നും ക്രിസ്തു എന്നും മാത്രമേ വിളിക്കാനാകുമായിരുന്നുള്ളൂ. പക്ഷേ, ആ സമയത്ത് സ്വർഗത്തിലെ ആത്മാവ് അവൻ ദൈവത്തിന്റെ പ്രിയപുത്രനാണെന്നു മാത്രമേ പ്രസ്താവിച്ചുള്ളൂ, അവൻ ദൈവത്തിന്റെ ഏകപുത്രനാണെന്ന കാര്യം പരാമർശിക്കുകയേ ചെയ്തില്ല. അങ്ങനെയൊന്ന് സംഭവിച്ചതേയില്ല. ദൈവത്തിന് എങ്ങനെ ഒരു ഏക സന്താനം ഉണ്ടായിരിക്കാനാകും? അങ്ങനെയാണെങ്കിൽ ദൈവം മനുഷ്യനാകുമായിരുന്നില്ലേ? അവൻ മനുഷ്യജന്മമെടുത്തതിനാലാണ് അവനെ ദൈവത്തിന്റെ പ്രിയപുത്രൻ എന്നു വിളിച്ചത്, ഇതിലൂടെ പിതാവും പുത്രനും തമ്മിലുള്ള ബന്ധം ഉടലെടുത്തു. അത് കേവലം സ്വർഗവും ഭൂമിയും തമ്മിലുള്ള വേർതിരിവ് കൊണ്ടായിരുന്നു. യേശു പ്രാർഥിച്ചത് ജഡരൂപത്തിന്റെ വീക്ഷണകോണിൽനിന്നുകൊണ്ടാണ്. തികച്ചും സാമാന്യ മനുഷ്യത്വമുള്ള ജഡശരീരം ധരിച്ചതിനാൽ ജഡത്തിന്റെ കാഴ്ചപ്പാടിൽനിന്നുകൊണ്ടാണ് അവൻ ഇങ്ങനെ പറഞ്ഞത്: “എന്റെ ബാഹ്യരൂപം ഒരു സൃഷ്ടിയുടേതാണ്. ഈ ഭൂമിയിലേക്കു വരാൻ ഞാൻ ഒരു ജഡശരീരം ധരിച്ചതിനാൽ ഞാൻ ഇന്ന് സ്വർഗത്തിൽനിന്ന് ഒരുപാട് ഒരുപാട് ദൂരത്തിലാണ്.” ഇക്കാരണത്താൽ, ജഡത്തിന്റെ വീക്ഷണകോണിൽനിന്നുകൊണ്ട് പിതാവായ ദൈവത്തോടു പ്രാർഥിക്കാൻ മാത്രമേ അവനു കഴിയുമായിരുന്നുള്ളൂ. അവന്റെ കടമയായിരുന്നു അത്, മനുഷ്യജന്മമെടുത്ത ദൈവാത്മാവിനെ സജ്ജമാക്കേണ്ടതും അപ്രകാരമായിരുന്നു. ജഡത്തിന്റെ വീക്ഷണകോണിൽനിന്നുകൊണ്ട് പിതാവിനോട് പ്രാർഥിച്ചു എന്ന ഒറ്റ കാരണത്താൽ, അവൻ ദൈവമായിരുന്നില്ലെന്നു പറയാനാവില്ല. അവനെ ദൈവത്തിന്റെ പ്രിയപുത്രൻ എന്നു വിളിച്ചെങ്കിലും അപ്പോഴും അവൻ ദൈവംതന്നെയായിരുന്നു; കാരണം, അവൻ ആത്മാവിന്റെ അവതാരം തന്നെയായിരുന്നു, ഒപ്പം, അവന്റെ സത്ത അപ്പോഴും ആത്മാവായിരുന്നു. അവൻ ദൈവംതന്നെയായിരുന്നെങ്കിൽ അവൻ എന്തിനാണ് പ്രാർഥിച്ചതെന്ന് ആളുകൾ ചിന്തിക്കുന്നു. അവൻ മനുഷ്യജന്മമെടുത്ത ദൈവമായിരുന്നു, ജഡത്തിനുള്ളിൽ വസിക്കുന്ന ദൈവമായിരുന്നു, സ്വർഗത്തിലെ ആത്മാവായിരുന്നില്ല എന്നതാണ് ഇതിനു കാരണം. മനുഷ്യന്റെ കാഴ്ചയിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും എല്ലാം ദൈവമാണ്. മൂന്നും കൂടിയ ഒരാളെ മാത്രമേ ഏകസത്യദൈവമായി കണക്കാക്കാനാകൂ, ഇപ്രകാരം, അവന്റെ ശക്തി അസാധാരണമാംവിധം അപാരമാണ്. ഇപ്രകാരംതന്നെയാണ് അവൻ ഏഴിരട്ടി ബലപ്പെട്ട ആത്മാവായിരിക്കുന്നത് എന്നു പറയുന്നവരുമുണ്ട്. പുത്രൻ തന്റെ വരവിനു ശേഷം പ്രാർഥിച്ചപ്പോൾ, ആത്മാവിനോടാണ് അവൻ പ്രാർഥിച്ചത്. വാസ്തവത്തിൽ, ഒരു സൃഷ്ടവ്യക്തിയുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് അവൻ പ്രാർഥിക്കുകയായിരുന്നു. ജഡം എല്ലാം തികഞ്ഞതല്ലാത്തതിനാൽ അവനും തികവുറ്റവനായിരുന്നില്ല, ജഡരൂപത്തിൽ വന്നപ്പോൾ അവന് പല ദൗര്‍ബല്യങ്ങളും ഉണ്ടായിരുന്നു, ജഡത്തിലെ തന്റെ വേല നിറവേറ്റവേ അവൻ വളരെയധികം അസ്വസ്ഥനായി. അവൻ തന്റെ ക്രൂശുമരണത്തിനു മുമ്പായി പിതാവായ ദൈവത്തോട് മൂന്നുവട്ടം പ്രാർഥിച്ചതും അതിനു മുമ്പും പലവട്ടം പ്രാർഥിച്ചതും അതുകൊണ്ടാണ്. അവൻ ശിഷ്യന്മാർക്കിടയിൽ പ്രാർഥിച്ചു; മലമുകളിൽപ്പോയി അവൻ തനിയെ പ്രാർഥിച്ചു; മീൻപിടിക്കുന്ന വഞ്ചിയിൽ കയറിപ്പോയി അവൻ പ്രാർഥിച്ചു; പുരുഷാരത്തിനു നടുവിൽ അവൻ പ്രാർഥിച്ചു; അപ്പം നുറുക്കവെ അവൻ പ്രാർഥിച്ചു; മറ്റുള്ളവരെ അനുഗ്രഹിക്കവെ അവൻ പ്രാർഥിച്ചു. എന്തുകൊണ്ടാണ് അവൻ അങ്ങനെ ചെയ്തത്? ആത്മാവിനോടാണ് അവൻ പ്രാർഥിച്ചത്. ജഡരൂപത്തിന്റെ കാഴ്ചപ്പാടിൽനിന്നുകൊണ്ട് ആത്മാവിനോട്, സ്വർഗത്തിലെ ദൈവത്തോട് പ്രാർഥിക്കുകയായിരുന്നു അവൻ. അതുകൊണ്ട്, മനുഷ്യന്റെ വീക്ഷണത്തിൽ വേലയുടെ ആ ഘട്ടത്തിൽ യേശു പുത്രനായി. പക്ഷേ, ഇപ്പോഴത്തെ ഘട്ടത്തിൽ അവൻ പ്രാർഥിക്കുന്നില്ല. എന്തുകൊണ്ടാണത്? അവൻ ആനയിക്കുന്നത് വചനത്തിന്റെ വേലയും വചനത്തിന്റെ ന്യായവിധിയും ശാസനയുമാണ് എന്നതാണ് കാരണം. അവന് പ്രാർഥനകളുടെ ആവശ്യമില്ല, സംസാരിക്കുക എന്നതാണ് അവന്റെ ശുശ്രൂഷ. അവനെ കുരിശിലേറ്റുന്നില്ല, അധികാരത്തിലിരിക്കുന്നവരുടെ കൈകളിലും മനുഷ്യൻ അവനെ ഏൽപ്പിക്കുന്നില്ല. അവൻ തന്റെ വേല നിറവേറ്റുന്നു, അത്രമാത്രം. യേശു പ്രാർഥിച്ചപ്പോൾ, അവൻ പിതാവായ ദൈവത്തോട് സ്വർഗരാജ്യത്തിന്റെ വരവിനായും പിതാവിന്റെ ഹിതം നിറവേറാനായും വരാനിരുന്ന വേലയ്ക്കുമായി പ്രാർഥിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ സ്വർഗരാജ്യം ഇതിനോടകം ആഗമതമായിരിക്കുന്നു, അതിനാൽ അവൻ ഇനിയും പ്രാർഥിക്കേണ്ടതുണ്ടോ? യുഗത്തിന് അന്ത്യംകുറിക്കുക എന്നതാണ് അവന്റെ വേല. ഇനിമേൽ പുതിയ യുഗങ്ങളേതുമില്ല. അതുകൊണ്ട്, അടുത്ത ഘട്ടത്തിനായി പ്രാർഥിക്കേണ്ട ആവശ്യമുണ്ടോ? അതിന്റെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു!

മനുഷ്യന്റെ വിശദീകരണങ്ങളിൽ വൈരുദ്ധ്യങ്ങൾ ഏറെയാണ്. തീർച്ചയായും അവയെല്ലാം മനുഷ്യന്റെ സങ്കൽപ്പങ്ങളാണ്; ഒന്നും പരിശോധിക്കാതെ നിങ്ങൾ അവയെല്ലാം ശരിയാണെന്നു വിശ്വസിക്കും. ദൈവം ത്രിത്വമാണെന്നുള്ള ആശയം കേവലം മനുഷ്യന്റെ സങ്കൽപ്പമാണെന്ന് നിങ്ങൾക്ക് അറിയാമോ? മനുഷ്യന്റെ ഒരു അറിവും പൂർണവും സമഗ്രവുമല്ല. കലർപ്പുകൾ ഒരുപാടുണ്ട്, മനുഷ്യന് ഒരുപാട് ആശയങ്ങളുമുണ്ട്; ഒരു സൃഷ്ടജീവിക്ക് ദൈവത്തിന്റെ വേലയെ അങ്ങനെയങ്ങ് വിശദീകരിക്കാനാവില്ല എന്ന് ഇതു വ്യക്തമാക്കുന്നു. മനുഷ്യന്റെ മനസ്സിൽ അനേകം കാര്യങ്ങളുണ്ട്, യുക്തിയിൽനിന്നും ചിന്തകളിൽനിന്നും ഉരുത്തിരിയുന്നതും സത്യത്തോട് യോജിപ്പിലല്ലാത്തതും ആണ് അവയെല്ലാം. ദൈവത്തിന്റെ വേലയെ പൂർണമായി ഖണ്ഡിക്കാൻ നിന്റെ യുക്തിക്കാകുമോ? യഹോവയുടെ സകല വേലയെയും കുറിച്ച് ഉൾക്കാഴ്ച നേടാൻ നിനക്കാകുമോ? ഒരു മനുഷ്യനായ നിനക്ക് അവയെല്ലാം ശരിയാംവണ്ണം മനസ്സിലാക്കാനാകുമോ, മറിച്ച്, നിത്യത മുതൽ നിത്യത വരെ കാണാൻ പ്രാപ്തിയുള്ളത് സ്വയം ദൈവത്തിനല്ലേ? അനാദികാലം മുതൽ അനന്തകാലം വരെ കാണാൻ കഴിയുന്നത് നിനക്കാണോ, അതോ ദൈവത്തിനാണോ അതിനു കഴിയുന്നത്? നീ എന്തു പറയുന്നു? ദൈവത്തെ വിശദീകരിക്കാൻ നീ എപ്രകാരം യോഗ്യനാണ്? നിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനം എന്താണ്? നീ ദൈവമാണോ? ദൈവംതന്നെയാണ് സ്വർഗങ്ങളും ഭൂമിയും അതിലുള്ള സകലതും സൃഷ്ടിച്ചത്. നീയല്ല അതു ചെയ്തതെന്നിരിക്കെ നീ എന്തിനാണ് തെറ്റായ വിശദീകരണങ്ങൾ നൽകുന്നത്? ഇപ്പോഴും നീ ത്രിത്വത്തിൽ വിശ്വസിക്കുകയാണോ? ഇപ്രകാരം ചെയ്യുന്നത് വളരെ കഷ്ടം പിടിച്ച കാര്യമായി നിനക്കു തോന്നുന്നില്ലേ? ഒരു ദൈവത്തിൽ വിശ്വസിക്കുന്നതാണ് മൂന്നു പേരിൽ വിശ്വസിക്കുന്നതിനെക്കാൾ നിനക്കു നന്ന്. അധിക ഭാരം പേറാതിരിക്കുന്നതാണ് ഉത്തമം, എന്തുകൊണ്ടെന്നാൽ, കർത്താവിന്റെ ഭാരം ലഘുവാണ്.

മുമ്പത്തേത്: രണ്ട് അവതാരങ്ങളും കൂടി മനുഷ്യാവതാരത്തിന്റെ പ്രാധാന്യം പൂർത്തിയാക്കുന്നു

അടുത്തത്: ജയിച്ചടക്കൽ വേലയുടെ ആന്തരിക സത്യം (1)

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക