ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (4)

ബൈബിളിന്റെയും അതിന്റെ രൂപീകരണത്തിന്റെയും പിറകിലുള്ള കഥ നിങ്ങള്‍ അറിഞ്ഞിരിക്കണം. ദൈവത്തിന്റെ പുതിയ വേല അംഗീകരിക്കാത്തവര്‍ക്കുള്ളതല്ല ഈ അറിവ്. അവര്‍ക്കറിയില്ല. സത്താപരമായ ഇക്കാര്യങ്ങളെപ്പറ്റി വ്യക്തമായി നീ അവരോടു പറയുകയാണെങ്കില്‍ നിന്നോട് അവര്‍ ബൈബിളിനെപ്പറ്റി കടുംപിടുത്തം കാണിക്കില്ല. പ്രവചിക്കപ്പെട്ടതിനെപ്പറ്റി അവര്‍ നിരന്തരം ചൂഴ്ന്നു പരിശോധിച്ചുകൊണ്ടിരിക്കുകയാണ്: ഈ പ്രവചനം പൂര്‍ത്തിയായോ? ആ പ്രവചനം പൂര്‍ത്തിയായോ? അവര്‍ സുവിശേഷത്തെ അംഗീകരിക്കുന്നത് ബൈബിളിന്റെ അടിസ്ഥാനത്തിലാണ്. അവര്‍ സുവിശേഷം പ്രസംഗിക്കുന്നതും ബൈബിളിനനുസരിച്ചാണ്. ദൈവത്തിലുള്ള അവരുടെ വിശ്വാസം ബൈബിളിലെ വചനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്; ബൈബിളില്ലെങ്കില്‍ അവര്‍ ദൈവത്തില്‍ വിശ്വസിക്കില്ല. ബൈബിളിനെ നിസ്സാരമായ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിക്കൊണ്ട് ഈ രീതിയിലാണ് അവര്‍ ജീവിക്കുന്നത്. അവര്‍ ഒരിക്കല്‍ക്കൂടി ബൈബിളിൽ സൂക്ഷ്മപഠനം നടത്തിക്കൊണ്ട് നിന്റെ അരികില്‍ വന്നു വിശദീകരണങ്ങള്‍ ചോദിച്ചാല്‍ നീ പറയണം, “ആദ്യമേ തന്നെ, നമ്മള്‍ ഓരോ പ്രസ്താവനയും ശരിയാണോയെന്നു പരിശോധിക്കേണ്ടതില്ല. പകരം, പരിശുദ്ധാത്മാവ് എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്നു നമുക്കു നോക്കാം. നമ്മള്‍ നടക്കുന്ന പാതയെ സത്യവുമായി താരതമ്യം ചെയ്ത് ഈ പാത ശരിക്കും പരിശുദ്ധാത്മാവിന്റെ വേലയാണോ എന്നു നമുക്കു പരിശോധിക്കാം. അത്തരമൊരു പാത ശരിയാണോ എന്നറിയാന്‍ നമുക്കു പരിശുദ്ധാത്മാവിന്റെ വേല ഉപയോഗിക്കാം. ഈ പ്രസ്താവന അല്ലെങ്കില്‍ ആ പ്രസ്താവന പ്രവചിക്കപ്പെട്ടതുപോലെ പൂര്‍ത്തിയായോ എന്നതിനെക്കുറിച്ചാണെങ്കില്‍, നമ്മള്‍ മനുഷ്യര്‍ അതില്‍ തലയിടേണ്ട ആവശ്യമില്ല. പകരം പരിശുദ്ധാത്മാവിന്റെ വേലയെക്കുറിച്ചും ദൈവം ചെയ്യുന്ന ഏറ്റവും പുതിയ വേലയെക്കുറിച്ചും സംസാരിക്കുന്നതാണു നമുക്കു നല്ലത്.” ബൈബിളിലെ പ്രവചനങ്ങള്‍ എന്നു പറയുന്നത് ആ സമയത്ത് പ്രവാചകന്മാര്‍ വഴി പകര്‍ന്ന ദൈവത്തിന്റെ വചനങ്ങളും ദൈവത്താല്‍ ഉപയോഗിക്കപ്പെട്ട മനുഷ്യര്‍ പ്രചോദനം ലഭിച്ച് എഴുതിയ വചനങ്ങളുമാണ്. ദൈവത്തിനു മാത്രമേ ആ വചനങ്ങള്‍ വിശദീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. പരിശുദ്ധാത്മാവിനു മാത്രമേ ആ വചനങ്ങളുടെ അര്‍ഥം വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂ. ഏഴു മുദ്രകള്‍ പൊട്ടിച്ചു ഗ്രന്ഥച്ചുരുൾ തുറക്കുവാന്‍ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളൂ. നീ പറയുന്നു: “നീ ദൈവമല്ല. ഞാനും ദൈവമല്ല. അതിനാല്‍ ദൈവത്തിന്റെ വചനങ്ങളെ ലാഘവത്തോടെ വിശദീകരിക്കാന്‍ ആരാണു ധൈര്യപ്പെടുക? ആ വചനങ്ങള്‍ വിശദീകരിക്കാന്‍ നീ ധൈര്യപ്പെടുന്നുണ്ടോ? പ്രവാചകന്മാരായ യിരെമ്യായും യോഹന്നാനും ഏലിയായും വന്നാലും, അവര്‍ ഈ വചനങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനു ധൈര്യപ്പെടില്ല. കാരണം, അവര്‍ കുഞ്ഞാടല്ല. കുഞ്ഞാടിനു മാത്രമേ ഏഴു മുദ്രകളും പൊട്ടിച്ച് ഗ്രന്ഥം തുറക്കുവാന്‍ സാധിക്കുകയുള്ളൂ. മറ്റാര്‍ക്കും അവന്റെ വചനങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കില്ല. ഞാന്‍ ദൈവത്തിന്റെ നാമം അപഹരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ദൈവത്തിന്റെ വചനങ്ങള്‍ വിശദീകരിക്കാന്‍ അത്ര പോലും ശ്രമിക്കുന്നുമില്ല. എനിക്കു ദൈവത്തെ അനുസരിക്കുന്ന ഒരാളാകുവാന്‍ മാത്രമേ കഴിയുകയുള്ളൂ. നീ ദൈവമാണോ? ദൈവത്തിന്റെ സൃഷ്ടികളിലാരും ഗ്രന്ഥം തുറക്കുവാനോ ആ വചനങ്ങള്‍ വിശദീകരിക്കുവാനോ ധൈര്യപ്പെടുന്നില്ല. അതിനാല്‍ ഞാനും അവയെ വിശദീകരിക്കാന്‍ ധൈര്യപ്പെടുന്നില്ല. നീ അവ വിശദീകരിക്കാന്‍ ശ്രമിക്കാതിരിക്കുന്നതാണു നല്ലത്. ആരും അവ വിശദീകരിക്കാന്‍ ശ്രമിക്കരുത്. നമുക്കു പരിശുദ്ധാത്മാവിന്റെ വേലയെപ്പറ്റി സംസാരിക്കാം; അത്രത്തോളം മനുഷ്യനു ചെയ്യാന്‍ കഴിയും. യഹോവയുടെയും യേശുവിന്റെയും വേലയെക്കുറിച്ചു കുറച്ചെനിക്കറിയാം. പക്ഷേ എനിക്കത്തരം വേലയുടെ വ്യക്തിപരമായ അനുഭവമില്ലാത്തതുകൊണ്ട് എനിക്കവയെപ്പറ്റി ഒരു കുറഞ്ഞ പരിധി വരെയേ സംസാരിക്കുവാന്‍ സാധിക്കുകയുള്ളൂ. യെശയ്യാ അല്ലെങ്കില്‍ യേശു അവരുടെ കാലത്തു പറഞ്ഞ വചനങ്ങളുടെ അര്‍ഥത്തെക്കുറിച്ചാണെങ്കില്‍, ഞാന്‍ വിശദീകരണം നല്‍കുകയില്ല. ഞാന്‍ ബൈബിള്‍ പഠിക്കുന്നില്ല. മറിച്ച്, ഞാന്‍ ദൈവത്തിന്റെ ഇപ്പോഴത്തെ വേല പിന്തുടരുന്നു. നീ യഥാര്‍ഥത്തില്‍ ബൈബിളിനെ ചെറിയ ഗ്രന്ഥമായിട്ടാണു കാണുന്നത്. പക്ഷേ, കുഞ്ഞാടിനു മാത്രം തുറക്കാന്‍ സാധിക്കുന്ന ഒന്നല്ലേ അത്? കുഞ്ഞാടിനെക്കൂടാതെ മറ്റാര്‍ക്കാണ് അതു തുറക്കാന്‍ സാധിക്കുക? നീ കുഞ്ഞാടല്ല, അത്രപോലും ദൈവമാണെന്ന് അവകാശപ്പെടാന്‍ ഞാനും ധൈര്യപ്പെടുന്നില്ല. അതുകൊണ്ട്, നമുക്കു ബൈബിള്‍ വിശകലനം ചെയ്യുകയോ അതിനെ നിസ്സാരമായ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുകയോ വേണ്ടാ. അതിലും വളരെ നല്ലത് പരിശുദ്ധാത്മാവു ചെയ്യുന്ന വേലയെപ്പറ്റി, അതായത് ദൈവം തന്നെ ചെയ്യുന്ന ഇപ്പോഴത്തെ വേലയെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ്. എന്തു തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണു ദൈവം പ്രവര്‍ത്തിക്കുന്നതെന്നും അവന്റെ വേലയുടെ സത്ത എന്താണെന്നും നമുക്കു നോക്കാം. അവ ഉപയോഗിച്ച് നമ്മളിന്നു നടക്കുന്ന പാത ശരിയാണോ എന്നു പരിശോധിച്ചറിയാം. ഈ രീതിയില്‍ നമുക്കത് ഉറപ്പുവരുത്താം.” പ്രത്യേകിച്ചും മതവിശ്വാസത്തിന്റെ ലോകത്തുള്ളവരോട് നിങ്ങള്‍ സുവിശേഷം പ്രസംഗിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ ബൈബിള്‍ മനസ്സിലാക്കുകയും അതിന്റെ ഉള്‍ക്കഥയെക്കുറിച്ച് ആധികാരികമായ അറിഞ്ഞിരിക്കുകയും വേണം. അല്ലെങ്കില്‍ ഒരു തരത്തിലും നിനക്കു സുവിശേഷം പ്രസംഗിക്കാന്‍ സാധിക്കില്ല. ഒരിക്കല്‍ കൂടുതല്‍ വലിയ ചിത്രം നിനക്കു വ്യക്തമാകുകയും ബൈബിളിലെ മൃതവചനങ്ങളെ നിസ്സാരമായ രീതിയില്‍ അപഗ്രഥിക്കുന്നതു നീ അവസാനിപ്പിക്കുകയും, പകരം ദൈവത്തിന്റെ വേലയെക്കുറിച്ചും ജീവിതസത്യത്തെക്കുറിച്ചും മാത്രം സംസാരിക്കുകയും ചെയ്താല്‍, സത്യസന്ധമായ ഹൃദയത്തോടെ തേടുന്നവരെ നേടാന്‍ നിനക്കു സാധിക്കും.

യഹോവയുടെ വേല, അവന്‍ സ്ഥാപിച്ച നിയമങ്ങള്‍, ജീവിതം നയിക്കുവാന്‍ മനുഷ്യര്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് അവന്‍ അടിസ്ഥാനപ്പെടുത്തിയ തത്ത്വങ്ങള്‍, ന്യായപ്രമാണയുഗത്തില്‍ അവന്‍ ചെയ്ത വേലയുടെ ഉള്ളടക്കം, അവന്‍ നിയമങ്ങള്‍ സ്ഥാപിക്കുന്നതിന്റെ പ്രാധാന്യം, അവന്റെ വേലയ്ക്കു കൃപായുഗത്തിലുള്ള പ്രാധാന്യം, ഈ അവസാനഘട്ടത്തില്‍ ദൈവം എന്തു വേലയാണു ചെയ്യുന്നത് എന്നത്: ഇവയെല്ലാമാണു നിങ്ങള്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍. ആദ്യഘട്ടം ന്യായപ്രമാണയുഗത്തിലെ വേലയാണ്. രണ്ടാമത്തേതു കൃപായുഗത്തിലെ വേലയും മൂന്നാമത്തേത് അന്ത്യനാളുകളിലെ വേലയുമാണ്. ദൈവത്തിന്റെ വേലയുടെ ഈ ഘട്ടങ്ങളെക്കുറിച്ച് നിങ്ങള്‍ക്കു വ്യക്തത ഉണ്ടായിരിക്കണം. തുടക്കം മുതല്‍ അവസാനം വരെ മൂന്നു ഘട്ടങ്ങളാണ് ആകെയുള്ളത്. എന്താണ് വേലയുടെ ഓരോ ഘട്ടത്തിന്റെയും സത്ത? ആറായിരം വര്‍ഷത്തെ കാര്യനിര്‍വഹണ പദ്ധതിയിലെ വേലയില്‍ എത്ര ഘട്ടങ്ങളാണു നടപ്പിലാക്കപ്പെടുന്നത്? എങ്ങനെയാണ് ഈ ഘട്ടങ്ങള്‍ നടപ്പിലാക്കപ്പെടുന്നത്? എന്തുകൊണ്ടാണ് ഓരോന്നും അതിന്റേതായ പ്രത്യേകരീതിയില്‍ നടപ്പിലാക്കപ്പെടുന്നത്? ഇതെല്ലാം സുപ്രധാന ചോദ്യങ്ങളാണ്. ഓരോ യുഗത്തിലെയും വേലയ്ക്കു പ്രാധിനിധ്യപരമായ മൂല്യമുണ്ട്. എന്തു വേലയാണു യഹോവ നിര്‍വഹിച്ചത്? എന്തുകൊണ്ടാണ് അവന്‍ അത് ഒരു പ്രത്യേകരീതിയില്‍ ചെയ്തത്? എന്തുകൊണ്ടാണ് അവന്‍ യഹോവ എന്നു വിളിക്കപ്പെട്ടത്? വീണ്ടും, കൃപായുഗത്തില്‍ എന്തു വേലയാണു യേശു ചെയ്തത്? ഏതു രീതിയിലാണ് അവനതു ചെയ്തത്? വേലയുടെ ഓരോ ഘട്ടവും ഓരോ യുഗവും ദൈവത്തിന്റെ പ്രകൃതത്തിന്റെ ഏതെല്ലാം വശങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്? ന്യായപ്രമാണയുഗത്തില്‍ അവന്റെ പ്രകൃതത്തിന്റെ ഏതു വശങ്ങളാണു പ്രകടമായത്? കൃപായുഗത്തില്‍ ഏതു വശങ്ങളാണ് പ്രകടമായത്? അന്ത്യയുഗത്തിലോ? ഇവയാണു നിങ്ങള്‍ക്കു വ്യക്തമായിരിക്കേണ്ട സുപ്രധാനചോദ്യങ്ങള്‍. ആറായിരം വര്‍ഷത്തെ കാര്യനിര്‍വഹണ പദ്ധതിയുടെ ഗതിയില്‍ ദൈവത്തിന്റെ പ്രകൃതം മുഴുവനായും വെളിവാക്കപ്പെടുന്നു. അതു കൃപായുഗത്തില്‍ മാത്രമല്ല വെളിവാക്കപ്പെടുന്നത്. ന്യായപ്രമാണയുഗത്തില്‍ മാത്രവുമല്ല. അന്ത്യനാളുകളുടെ ഈ കാലഘട്ടത്തില്‍ മാത്രവുമല്ല. അന്ത്യനാളുകളില്‍ നടപ്പിലാക്കുന്ന വേല ന്യായവിധി, ക്രോധം, ശാസനം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അന്ത്യനാളുകളില്‍ നടപ്പിലാക്കുന്ന വേലയ്ക്കു ന്യായപ്രമാണയുഗത്തിലെയോ കൃപായുഗത്തിലെയോ വേലയ്ക്കു പകരമാകാനാകില്ല. എന്നിരുന്നാലും, മൂന്നുഘട്ടങ്ങളും പരസ്പരം ബന്ധിക്കപ്പെട്ട് ഒരൊറ്റ സംഗതിയാകുന്നു. അവയെല്ലാം ഒരൊറ്റ ദൈവത്തിന്റെ വേലയാണ്. സ്വാഭാവികമായും ഈ വേലയുടെ നിര്‍വഹണത്തെ വ്യത്യസ്തയുഗങ്ങളായി വിഭജിച്ചിരിക്കുന്നു. അന്ത്യനാളുകളില്‍ ചെയ്യുന്ന വേല എല്ലാറ്റിനെയും ഒരു പരിസമാപ്തിയിലെത്തിക്കുന്നു; ന്യായപ്രമാണയുഗത്തില്‍ ചെയ്ത വേല ആരംഭത്തിന്റെ വേലയായിരുന്നു; കൃപായുഗത്തില്‍ ചെയ്ത വേല വീണ്ടെടുക്കല്‍ വേലയും. ഈ ആറായിരം വര്‍ഷത്തെ മുഴുവന്‍ കാര്യനിര്‍വഹണ പദ്ധതിയിലെ വേലയുടെ ദര്‍ശനങ്ങളെക്കുറിച്ചാണെങ്കില്‍ ആര്‍ക്കും ഉള്‍ക്കാഴ്ചയോ ഗ്രാഹ്യമോ നേടാന്‍ സാധിക്കുന്നില്ല. ഈ ദര്‍ശനങ്ങള്‍ കടങ്കഥകളായി അവശേഷിക്കുന്നു. അന്ത്യനാളുകളില്‍ ദൈവരാജ്യയുഗത്തിന് തുടക്കം കുറിക്കുവാനായി വചനത്തിന്റെ വേല മാത്രമാണു നിര്‍വഹിക്കപ്പെടുന്നത്. പക്ഷേ അത് എല്ലാ യുഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നതല്ല. അന്ത്യനാളുകള്‍ അന്ത്യനാളുകളാണ്, അത് ദൈവരാജ്യയുഗമാണ്; അവ കൃപായുഗത്തെയോ ന്യായപ്രമാണയുഗത്തെയോ പ്രതിനിധാനം ചെയ്യുന്നുമില്ല. അന്ത്യനാളുകളിലാണ് ആറായിരം വര്‍ഷത്തെ കാര്യനിര്‍വഹണ പദ്ധതിയിലെ എല്ലാ വേലയും നിങ്ങള്‍ക്കു വെളിവാക്കുന്നത് എന്നുമാത്രം. ഇതാണ് രഹസ്യത്തെ അനാവരണം ചെയ്യല്‍. ഇത്തരത്തിലുള്ള രഹസ്യം ഒരു മനുഷ്യനാലും അനാവരണം ചെയ്യപ്പെടാന്‍ സാധിക്കാത്ത ഒന്നാണ്. മനുഷ്യനു ബൈബിളിനെപ്പറ്റിയുള്ള ഗ്രാഹ്യം എത്ര വലുതായാലും അതു വചനങ്ങളെക്കാള്‍ കൂടുതല്‍ ഒന്നുമല്ല. കാരണം മനുഷ്യന്‍ ബൈബിളിന്റെ സത്ത മനസ്സിലാക്കുന്നില്ല. ബൈബിള്‍ വായിക്കുന്നതിലൂടെ മനുഷ്യന്‍ ചില സത്യങ്ങള്‍ മനസ്സിലാക്കിയേക്കാമെങ്കിലും, ചില വചനങ്ങള്‍ വിശദീകരിച്ചേക്കാമെങ്കിലും അല്ലെങ്കില്‍ ചില സുപ്രസിദ്ധ വാക്യങ്ങളെയും അധ്യായങ്ങളെയും അവന്റെ നിസ്സാരമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയേക്കാമെങ്കിലും അവന് ഒരിക്കലും ആ വചനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അര്‍ഥം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കില്ല. കാരണം മനുഷ്യന്‍ കാണുന്നതു മൃതമായ വാക്കുകള്‍ മാത്രമാണ്, യഹോവയുടെയും യേശുവിന്‍റെയും വേലയിലെ രംഗങ്ങളല്ല. മനുഷ്യന് ഒരുതരത്തിലും ഈ വേലയുടെ രഹസ്യം വെളിച്ചത്തുകൊണ്ടുവരാന്‍ കഴിയുകയില്ല. അതിനാല്‍ ആറായിരം വര്‍ഷത്തെ കാര്യനിര്‍വഹണ പദ്ധതിയുടെ രഹസ്യമാണ് ഏറ്റവും വലിയ, അത്യധികം നിഗൂഢമായ, മനുഷ്യനു തീര്‍ത്തും അഗോചരമായ രഹസ്യം. ദൈവം സ്വയം മനുഷ്യനു വിശദീകരിക്കുകയും വെളിവാക്കുകയും ചെയ്യുന്നില്ലെങ്കില്‍ ദൈവത്തിന്റെ ഹിതം ആര്‍ക്കും നേരിട്ടു മനസ്സിലാക്കുവാന്‍ സാധിക്കില്ല. അല്ലെങ്കില്‍ ഇക്കാര്യങ്ങള്‍ എന്നേക്കും മനുഷ്യനു കടങ്കഥകളായി അവശേഷിക്കും. മുദ്ര വയ്ക്കപ്പെട്ട രഹസ്യങ്ങളായി അവ എന്നേക്കും അവശേഷിക്കും. മതലോകത്തിലുള്ളവരെ പരിഗണിക്കേണ്ടാ; നിങ്ങളോട് ഇന്നിതു പറഞ്ഞിരുന്നില്ലെങ്കില്‍ നിങ്ങളും ഇതു ഗ്രഹിക്കുമായിരുന്നില്ല. ഈ ആറായിരം വര്‍ഷത്തെ വേല പ്രവാചകന്മാരുടെ എല്ലാ പ്രവചനങ്ങളെക്കാളും നിഗൂഢമാണ്. സൃഷ്ടി മുതല്‍ ഇന്നുവരെയുള്ള ഏറ്റവും വലിയ നിഗൂഢതയാണത്. യുഗങ്ങളിലുടനീളമുള്ള പ്രവാചകര്‍ക്കിടയില്‍ ആര്‍ക്കും ഒരിക്കലും ഇതു മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. കാരണം ഈ രഹസ്യം അന്ത്യയുഗത്തില്‍ മാത്രമാണു വെളിവാക്കപ്പെടുന്നത്. മുമ്പൊരിക്കലും ഈ രഹസ്യം വെളിവാക്കപ്പെട്ടിട്ടില്ല. നിങ്ങള്‍ക്ക് ഈ രഹസ്യം ഗ്രഹിക്കാന്‍ സാധിക്കുമെങ്കില്‍, അതിനെ അതിന്റെ പൂര്‍ണതയോടെ സ്വീകരിക്കാന്‍ സാധിക്കുമെങ്കില്‍, എല്ലാ മതവിശ്വാസികളായ വ്യക്തികളും ഈ രഹസ്യത്താല്‍ കീഴടക്കപ്പെടും. ഇതു മാത്രമാണ് ദര്‍ശനങ്ങളില്‍ ഏറ്റവും മഹത്തരമായത്. ഇതാണ് മനുഷ്യന്‍ ഏറ്റവും തീവ്രതയോടെ മനസ്സിലാക്കുവാന്‍ അഭിലഷിക്കുന്നത്. പക്ഷേ, അവന് ഏറ്റവും അവ്യക്തമായതും ഇതുതന്നെയാണ്. നിങ്ങള്‍ കൃപായുഗത്തിലായിരുന്നപ്പോള്‍ യേശു ചെയ്തിരുന്ന വേലയോ യഹോവ ചെയ്തിരുന്ന വേലയോ എന്തിനെ സംബന്ധിച്ചുള്ളതായിരുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിരുന്നില്ല. എന്തുകൊണ്ടാണ് യഹോവ നിയമങ്ങള്‍ സ്ഥാപിച്ചതെന്ന്, എന്തുകൊണ്ടാണ് നിയമങ്ങൾ പാലിക്കണമെന്നു ജനസാമാന്യത്തോട് ആവശ്യപ്പെട്ടതെന്ന്, അല്ലെങ്കില്‍ എന്തുകൊണ്ടാണ് ദേവാലയം പണിയേണ്ടിയിരുന്നതെന്ന് ആളുകള്‍ക്കു മനസ്സിലായില്ല. എന്തുകൊണ്ടാണ് ഇസ്രായേല്യരെ ഈജിപ്തിൽ നിന്നു മരുഭൂമിയിലേക്കും അവിടെ നിന്നു കനാന്‍ ദേശത്തേക്കും നയിച്ചതെന്ന് അത്രപോലും ആളുകള്‍ക്കു മനസ്സിലായില്ല. ഇന്നേ ദിവസം വരെ ഇക്കാര്യങ്ങള്‍ വെളിവാക്കപ്പെട്ടിട്ടില്ല.

അന്ത്യനാളുകളിലെ വേല മൂന്നു ഘട്ടങ്ങളിൽ അവസാനത്തേതാണ്. ഇത് മറ്റൊരു പുതിയ യുഗത്തിന്റെ വേലയാണ്, ഇത് കാര്യനിര്‍വഹണ വേല മുഴുവനെയും പ്രതിനിധാനം ചെയ്യുന്നില്ല. ആറായിരം വര്‍ഷത്തെ കാര്യനിര്‍വഹണ പദ്ധതിയെ വേലയുടെ മൂന്നു ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. ഒരു ഘട്ടത്തിനു മാത്രമായി മൂന്നു യുഗങ്ങളിലെയും വേലയെ പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കില്ല; മറിച്ച്, മുഴുവന്‍ വേലയുടെയും ഒരു ഭാഗത്തെ മാത്രമേ പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. യഹോവ എന്ന നാമത്തിനു ദൈവത്തിന്റെ മുഴുവന്‍ പ്രകൃതത്തെയും പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കില്ല. അവന്‍ തന്റെ വേല ന്യായപ്രമാണയുഗത്തിലാണ് പൂര്‍ത്തിയാക്കിയത് എന്നതുകൊണ്ട് നിയമത്തിനു കീഴില്‍ മാത്രമേ ദൈവത്തിനു ദൈവമാകാന്‍ സാധിക്കൂ എന്ന് അതിനര്‍ഥമില്ല. യഹോവ മനുഷ്യനുവേണ്ടി നിയമങ്ങള്‍ സ്ഥാപിക്കുകയും അവനു കല്പനകള്‍ നൽകുകയും ചെയ്തു, മനുഷ്യനോടു ദേവാലയവും യാഗപീഠങ്ങളും നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ ചെയ്ത വേല ന്യായപ്രമാണയുഗത്തെ മാത്രമേ പ്രതിനിധാനം ചെയ്യുന്നുള്ളൂ. ദൈവം, മനുഷ്യനോടു ന്യായപ്രമാണം പാലിക്കാന്‍ ആവശ്യപ്പെടുന്ന ദൈവം മാത്രമാണെന്നോ ദേവാലയത്തിലെ ദൈവമാണെന്നോ യാഗപീഠത്തിനു മുമ്പിലെ ദൈവമാണെന്നോ അല്ല അവന്‍ ചെയ്ത ഈ വേല അര്‍ഥമാക്കുന്നത്. ഇതു പറയുന്നത് അസത്യമാകും. ന്യായപ്രമാണത്തിനു കീഴില്‍ ചെയ്യുന്ന വേലയ്ക്ക് ഒരു യുഗത്തെ മാത്രമേ പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍, ന്യായപ്രമാണയുഗത്തില്‍ മാത്രമേ ദൈവം വേല ചെയ്തിരുന്നുള്ളൂ എങ്കില്‍, മനുഷ്യന്‍ ദൈവത്തെ ഇനിപ്പറയുന്ന നിര്‍വചനത്തില്‍ ഒതുക്കുമായിരുന്നു, “ദൈവം ദേവാലയത്തിലെ ദൈവമാണ്; ദൈവത്തെ സേവിക്കാന്‍ നമ്മള്‍ പുരോഹിതവസ്ത്രങ്ങള്‍ ധരിക്കുകയും ദേവാലയത്തില്‍ പ്രവേശിക്കുകയും വേണം.” കൃപായുഗത്തിലെ വേല ഒരിക്കലും നിര്‍വഹിക്കപ്പെട്ടിരുന്നില്ല എങ്കില്‍, ന്യായപ്രമാണയുഗം ഇന്നുവരെ തുടര്‍ന്നിരുന്നു എങ്കില്‍ ദൈവം കരുണാമയനും സ്നേഹനിര്‍ഭരനുമാണെന്ന് മനുഷ്യന്‍ അറിയുമായിരുന്നില്ല. ന്യായപ്രമാണയുഗത്തിലെ വേല ചെയ്യപ്പെട്ടിട്ടില്ലായിരുന്നു എങ്കില്‍, കൃപായുഗത്തിലെ വേല മാത്രമേ ചെയ്യപ്പെട്ടിരുന്നുള്ളൂ എങ്കില്‍, മനുഷ്യനെ വീണ്ടെടുക്കാനും മനുഷ്യരുടെ പാപങ്ങള്‍ ക്ഷമിക്കുവാനുമേ ദൈവത്തിനു കഴിയൂ എന്നു മാത്രമേ എല്ലാ മനുഷ്യരും അറിയുമായിരുന്നുള്ളൂ. അവന്‍ പരിശുദ്ധനും നിഷ്കളങ്കനുമാണ് എന്നും മനുഷ്യനുവേണ്ടി അവനു തന്നെത്തന്നെ ബലി അർപ്പിക്കുവാനും ക്രൂശിക്കപ്പെടാനും സാധിക്കും എന്നും മാത്രമേ മനുഷ്യന്‍ അറിയുമായിരുന്നുള്ളൂ. ഇക്കാര്യങ്ങള്‍ മാത്രമേ മനുഷ്യന്‍ അറിയുമായിരുന്നുള്ളൂ, മറ്റൊന്നിനെക്കുറിച്ചും അവന് ഒരു ഗ്രാഹ്യവും ഉണ്ടാകുമായിരുന്നില്ല. ഓരോ യുഗവും, അതിനാല്‍, ദൈവത്തിന്റെ പ്രകൃതത്തിന്റെ ഒരു വശത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. ന്യായപ്രമാണയുഗത്തില്‍ ദൈവത്തിന്റെ പ്രകൃതത്തിന്റെ ഏതെല്ലാം വശങ്ങളാണ് പ്രതിനിധാനം ചെയ്യപ്പെടുന്നത്, കൃപായുഗത്തില്‍ ഏതെല്ലാം വശങ്ങളാണ്, ഇപ്പോഴത്തെ ഈ ഘട്ടത്തില്‍ ഏതെല്ലാം വശങ്ങളാണ് എന്നിവ സംബന്ധിച്ചാണെങ്കില്‍: ഈ മൂന്നു ഘട്ടങ്ങളും ഒന്നുചേര്‍ന്ന് ഒരൊറ്റ ഒന്നായി മാറുമ്പോള്‍ മാത്രമേ അവയ്ക്കു ദൈവത്തിന്റെ പ്രകൃതത്തിന്റെ പൂര്‍ണത വെളിവാക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യൻ ഈ മൂന്നു ഘട്ടങ്ങളെക്കുറിച്ചും അറിഞ്ഞാൽ മാത്രമേ അവന് അത് പൂർണമായി ഗ്രഹിക്കാനാകൂ. ഈ മൂന്നു ഘട്ടങ്ങളില്‍ ഒന്നിനെയും ഒഴിവാക്കാന്‍ സാധിക്കില്ല. വേലയുടെ ഈ മൂന്നു ഘട്ടങ്ങളെക്കുറിച്ചും അറിഞ്ഞതിനു ശേഷം മാത്രമേ ദൈവത്തിന്റെ പ്രകൃതത്തെ അതിന്റെ പൂര്‍ണതയോടുകൂടി നീ കാണുകയുള്ളൂ. ദൈവം ന്യായപ്രമാണയുഗത്തിലെ തന്റെ വേല പൂര്‍ത്തിയാക്കി എന്നതുകൊണ്ട് ന്യായപ്രമാണത്തിന്‍ കീഴില്‍ മാത്രമേ അവന്‍ ദൈവമാകുന്നുള്ളൂ എന്ന് അര്‍ഥമില്ല. അവന്‍ തന്റെ വീണ്ടെടുക്കല്‍ വേല പൂര്‍ത്തിയാക്കി എന്നതുകൊണ്ട് ദൈവം എന്നേക്കും മനുഷ്യനെ വീണ്ടെടുക്കും എന്ന് അതിനര്‍ഥമില്ല. ഇതെല്ലാം മനുഷ്യര്‍ എത്തിച്ചേരുന്ന നിഗമനങ്ങളാണ്. കൃപായുഗം അവസാനിച്ചതുകൊണ്ട് കുരിശിന്‍റേതു മാത്രമാണു ദൈവമെന്നും കുരിശിനു മാത്രമേ ദൈവത്തിന്റെ രക്ഷയെ പ്രതിനിധാനം ചെയ്യാന്‍ കഴിയൂ എന്നും നിനക്കു പറയാന്‍ സാധിക്കില്ല. അങ്ങനെ ചെയ്യുന്നത് ദൈവത്തെ നിര്‍വചിക്കലാകും. ഇപ്പോഴത്തെ ഘട്ടത്തില്‍, ദൈവം പ്രധാനമായും വചനത്തിന്റെ വേലയാണു ചെയ്യുന്നത്. പക്ഷേ അപ്പോള്‍ ദൈവം മനുഷ്യനോട് ഒരിക്കലും കരുണ കാണിച്ചിട്ടില്ല എന്നും ശാസനയും ന്യായവിധിയും മാത്രമേ മനുഷ്യനു നല്‍കിയുള്ളൂ എന്നും നിനക്കു പറയാന്‍ സാധിക്കില്ല. അന്ത്യനാളുകളിലെ വേല യഹോവയുടെയും യേശുവിന്റെയും വേലയെയും മനുഷ്യര്‍ക്കു മനസ്സിലാകാതിരുന്ന എല്ലാ രഹസ്യങ്ങളെയും വെളിവാക്കുന്നു. മനുഷ്യവര്‍ഗത്തിന്റെ ലക്ഷ്യസ്ഥാനവും ഒടുക്കവും മനുഷ്യര്‍ക്കിടയിലുള്ള എല്ലാ രക്ഷാവേലയുടെയും ഒടുക്കവും വെളിവാക്കുവാന്‍ വേണ്ടിയാണത്. അന്ത്യനാളുകളിലെ വേലയുടെ ഈ ഘട്ടം എല്ലാറ്റിനെയും ഒരവസാനത്തിലേക്കു കൊണ്ടുവരുന്നു. മനുഷ്യനു മനസ്സിലാകാത്ത എല്ലാ രഹസ്യങ്ങളുടെയും ആഴങ്ങളിലെക്കിറങ്ങിച്ചെന്ന് അവയെപ്പറ്റി അവന്റെ ഹൃദയത്തില്‍ പൂര്‍ണവും വ്യക്തവുമായ ഗ്രാഹ്യം ഉണ്ടാക്കുവാന്‍ മനുഷ്യനെ അനുവദിക്കുന്നതിന് ഈ രഹസ്യങ്ങളെല്ലാം വെളിവാക്കപ്പെടേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ മനുഷ്യവര്‍ഗത്തെ അവരുടെ തരത്തിനനുസരിച്ചു വേര്‍തിരിക്കാന്‍ സാധിക്കുകയുള്ളൂ. ആറായിരം വര്‍ഷത്തെ കാര്യനിര്‍വഹണ പദ്ധതി പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ മനുഷ്യന്‍ ദൈവത്തിന്റെ പ്രകൃതം അതിന്റെ പൂര്‍ണതയില്‍ മനസ്സിലാക്കുകയുള്ളൂ. കാരണം അപ്പോഴേക്കും അവന്റെ കാര്യനിര്‍വഹണം അവസാനിച്ചിട്ടുണ്ടാകും. ഇപ്പോള്‍ നിങ്ങള്‍ അന്ത്യയുഗത്തിലെ ദൈവത്തിന്റെ വേല അനുഭവിച്ചറിഞ്ഞിട്ടുള്ളതിനാല്‍, എന്താണ് ദൈവത്തിന്റെ പ്രകൃതം? വചനങ്ങള്‍ പറയുക മാത്രം ചെയ്യുന്ന, മറ്റൊന്നും ചെയ്യാത്ത ദൈവമാണ് ദൈവം എന്നു പറയാന്‍ നീ ധൈര്യപ്പെടുന്നുണ്ടോ? അത്തരമൊരു നിഗമനത്തിലെത്താന്‍ നീ ധൈര്യപ്പെടുകയില്ല. രഹസ്യങ്ങള്‍ വെളിവാക്കുന്ന ദൈവമാണു ദൈവം എന്നും കുഞ്ഞാടും ഏഴു മുദ്രകള്‍ പൊട്ടിക്കുന്നവനുമാണു ദൈവം എന്നും ചിലര്‍ പറയും. പക്ഷേ അത്തരമൊരു നിഗമനത്തിലെത്താന്‍ ആരും ധൈര്യപ്പെടുന്നില്ല. ദൈവം മനുഷ്യാവതാരമാണ് എന്നു വേറെ ചിലര്‍ പറഞ്ഞേക്കാം. പക്ഷേ അതും ശരിയല്ല. മനുഷ്യാവതാരമെടുത്ത ദൈവം വചനങ്ങള്‍ അരുളുക മാത്രമേ ചെയ്യുന്നുള്ളൂ, അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുന്നില്ല എന്നു പിന്നെയും ചിലര്‍ പറയും. പക്ഷേ ഈ രീതിയില്‍ സംസാരിക്കാന്‍ അത്രപോലും നീ ധൈര്യപ്പെടുകയില്ല. കാരണം യേശു മനുഷ്യനാകുകയും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്തു. അതുകൊണ്ട് ഇത്ര ലാഘവത്തോടെ ദൈവത്തെ നിര്‍വചിക്കാന്‍ നീ ധൈര്യപ്പെടുകയില്ല. ആറായിരം വര്‍ഷത്തെ കാര്യനിര്‍വഹണ പദ്ധതിയിൽ ഉടനീളം നിര്‍വഹിക്കപ്പെട്ട എല്ലാ വേലകളും ഇപ്പോള്‍ മാത്രമാണു പരിസമാപ്തിയിലെത്തിയിരിക്കുന്നത്. ഈ വേലകളെല്ലാം മനുഷ്യനു വെളിപ്പെടുകയും മനുഷ്യവര്‍ഗത്തിനു മധ്യത്തില്‍ നിര്‍വഹിക്കപ്പെടുകയും ചെയ്തതിനുശേഷം മാത്രമേ മനുഷ്യര്‍ ദൈവത്തിന്റെ മുഴുവന്‍ പ്രകൃതവും അവനുള്ളതും അവനാകുന്നതും എന്താണെന്നും അറിയുകയുള്ളൂ. ഈ ഘട്ടത്തിലെ വേല മുഴുവനായും പൂര്‍ത്തിയായിക്കഴിയുമ്പോള്‍ മനുഷ്യനു മനസ്സിലാകാതിരുന്ന എല്ലാ രഹസ്യങ്ങളും വെളിവായിക്കഴിഞ്ഞിട്ടുണ്ടാകും. മുമ്പു മനസ്സിലാകാതിരുന്ന എല്ലാ സത്യങ്ങളും വ്യക്തമായിക്കഴിഞ്ഞിട്ടുണ്ടാകും. മനുഷ്യവംശത്തിന്റെ ഭാവിമാര്‍ഗവും ലക്ഷ്യസ്ഥാനവും അവരോടു പറയപ്പെട്ടുകഴിഞ്ഞിട്ടുമുണ്ടാകും. ഇതാണ് ഇപ്പോഴത്തെ ഘട്ടത്തില്‍ ചെയ്യേണ്ടതായിട്ടുള്ള മുഴുവന്‍ വേലയും. മനുഷ്യന്‍ ഇന്നു നടക്കുന്ന പാതയും, കുരിശിന്റെ പാതയും സഹനത്തിന്റെ പാതയുമാണെങ്കിലും മനുഷ്യൻ ഇന്നു പ്രവര്‍ത്തിക്കുന്നതും ഭക്ഷിക്കുന്നതും കുടിക്കുന്നതും ആസ്വദിക്കുന്നതുമെല്ലാം ന്യായപ്രമാണത്തിന്‍ കീഴിലും കൃപായുഗത്തിലും മനുഷ്യനു ലഭിച്ചിരുന്നവയില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. ഇന്നു മനുഷ്യനില്‍ നിന്ന് ആവശ്യപ്പെടുന്നത് മുമ്പു മനുഷ്യനില്‍ നിന്ന് ആവശ്യപ്പെട്ടതു പോലെയുള്ളതല്ല; ന്യായപ്രമാണയുഗത്തില്‍ മനുഷ്യനില്‍ നിന്ന് ആവശ്യപ്പെട്ടതു പോലെയുള്ളവ ഒട്ടുമല്ല. അങ്ങനെയെങ്കിൽ, ദൈവം ഇസ്രായേലില്‍ തന്റെ വേല ചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്താണ് ന്യായപ്രമാണത്തിൻ കീഴില്‍ മനുഷ്യനില്‍ നിന്ന് ആവശ്യപ്പെട്ടത്? ശബത്ത് ആചരിക്കണമെന്നും യഹോവയുടെ നിയമങ്ങള്‍ അനുസരിക്കണമെന്നും മാത്രം. ആരും ശബത്തു ദിവസം ജോലി ചെയ്യുകയോ യഹോവയുടെ നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്യരുതായിരുന്നു. പക്ഷേ ഇപ്പോള്‍ അതങ്ങനെയല്ല. ശബത്തു ദിവസം മനുഷ്യന്‍ ജോലി ചെയ്യുകയും കൂടിവരുകയും സാധാരണപോലെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു, അവന്റെ മേല്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. കൃപായുഗത്തിലുള്ളവരെ സ്നാപനപ്പെടുത്തേണ്ടതുണ്ടായിരുന്നു. കൂടാതെ അവരോട് ഉപവസിക്കുവാനും അപ്പം നുറുക്കുവാനും വീഞ്ഞു കുടിക്കുവാനും തല മൂടുവാനും മറ്റുള്ളവരുടെ കാലു കഴുകുവാനും ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ നിയമങ്ങള്‍ ഇല്ലാതാക്കിയിരിക്കുന്നു. പക്ഷേ, ഇപ്പോള്‍ ദൈവത്തിന്റെ വേല കൂടുതല്‍ ആഴത്തില്‍ വളരുകയും മനുഷ്യന്‍റെ പ്രവേശനം കൂടുതല്‍ ഉയരത്തിലെത്തുകയും ചെയ്യുന്നതിനാല്‍ കൂടുതല്‍ വലിയ ആവശ്യങ്ങളാണ് മനുഷ്യര്‍ക്കു മുമ്പിൽ വച്ചിരിക്കുന്നത്. മുമ്പ്, യേശു മനുഷ്യര്‍ക്കുമേല്‍ കൈകള്‍ വയ്ക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. പക്ഷേ ഇപ്പോള്‍, എല്ലാം പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് കൈകള്‍ വയ്ക്കുന്നതുകൊണ്ട് എന്താണു പ്രയോജനം? വചനങ്ങള്‍ കൊണ്ടു മാത്രം ഫലങ്ങളുണ്ടാക്കുവാന്‍ സാധിക്കും. മുമ്പ് മനുഷ്യര്‍ക്കുമേല്‍ അവന്‍ കൈകള്‍ വച്ചപ്പോള്‍, അതു മനുഷ്യനെ അനുഗ്രഹിക്കുന്നതിനും അവനു രോഗങ്ങളില്‍ നിന്നു സൗഖ്യം നല്‍കുന്നതിനും വേണ്ടിയായിരുന്നു. ഇങ്ങനെയായിരുന്നു പരിശുദ്ധാത്മാവ് ആ സമയത്തു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍, പ്രവര്‍ത്തിക്കുവാനും ഫലങ്ങള്‍ ഉളവാക്കുവാനും പരിശുദ്ധാത്മാവു വചനങ്ങളാണ് ഉപയോഗിക്കുന്നത്. അവന്റെ വചനങ്ങള്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തന്നിരിക്കുന്നു. ഇനി, നിങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതുപോലെ നിങ്ങള്‍ അവ പ്രവൃത്തിയില്‍ വരുത്തണം. അവന്റെ വചനങ്ങള്‍ അവന്റെ ഹിതമാണ്; അവന്‍ ചെയ്യാൻ ആഗ്രഹിക്കുന്ന വേലയാണ് അവ. അവന്റെ വചനങ്ങളിലൂടെ നിനക്ക് അവന്റെ ഹിതവും അവന്‍ നിന്നോടു നേടാന്‍ ആവശ്യപ്പെടുന്നതും മനസ്സിലാക്കുകയും കൈവെപ്പിന്റെയൊന്നും ആവശ്യമില്ലാതെ അവന്റെ വചനങ്ങള്‍ നേരിട്ടു പ്രവൃത്തിയില്‍ വരുത്തുകയും ചെയ്യാം. ചിലര്‍ പറഞ്ഞേക്കാം, “എന്റെ മേല്‍ നിന്റെ കൈകള്‍ വയ്ക്കൂ! നിന്റെ അനുഗ്രഹം ലഭിക്കുവാനും നിന്നില്‍ ഭാഗഭാക്കാകാനും എന്റെ മേല്‍ നിന്റെ കൈകള്‍ വയ്ക്കൂ.” ഇതെല്ലാം ഭൂതകാലത്തില്‍ നിന്നുള്ള പഴകിയ, ഇപ്പോള്‍ കാലഹരണപ്പെട്ട പ്രവൃത്തികളാണ്. കാരണം യുഗം മാറിയിരിക്കുന്നു. യുഗത്തിനനുസരിച്ചാണു പരിശുദ്ധാത്മാവു പ്രവര്‍ത്തിക്കുന്നത്. ആകസ്മികമായോ നിശ്ചിതമായ നിയമങ്ങള്‍ക്കനുസരിച്ചോ അല്ല. യുഗം മാറിയിരിക്കുന്നു. പുതിയ യുഗം അതിനോടൊപ്പം തീര്‍ച്ചയായും പുതിയ വേലയും കൊണ്ടുവരുന്നു. ഇത് വേലയുടെ ഓരോ ഘട്ടത്തെ സംബന്ധിച്ചും ശരിയാണ്. അതുകൊണ്ട് അവന്റെ വേല ഒരിക്കലും ആവര്‍ത്തിക്കപ്പെടുന്നില്ല. കൃപായുഗത്തില്‍ യേശു രോഗം സുഖപ്പെടുത്തുക, ഭൂതങ്ങളെ പുറത്താക്കുക, മനുഷ്യനു വേണ്ടി പ്രാര്‍ഥിക്കാന്‍ അവനു മേൽ കൈകള്‍ വയ്ക്കുക, അവനെ അനുഗ്രഹിക്കുക തുടങ്ങിയ വേല ആവശ്യത്തിനു ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അതു വീണ്ടും ചെയ്യുക എന്നത് ഇപ്പോഴത്തെ കാലത്ത് അര്‍ഥരഹിതമാണ്. ആ സമയത്ത് പരിശുദ്ധാത്മാവ് അങ്ങനെയാണു പ്രവര്‍ത്തിച്ചിരുന്നത്. കാരണം അതു കൃപായുഗമായിരുന്നു, മനുഷ്യന് ആസ്വദിക്കാന്‍ ആവശ്യത്തിനു കൃപയുണ്ടായിരുന്നു. ഒരു തരത്തിലുള്ള വിലയൊടുക്കാനും അവനോട് ആവശ്യപ്പെട്ടില്ല, വിശ്വാസമുണ്ടായിരുന്നിടത്തോളം അവനു കൃപ സ്വീകരിക്കാമായിരുന്നു. എല്ലാവരും വളരെ കാരുണ്യപൂര്‍വമാണു പരിഗണിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ യുഗം മാറിയിരിക്കുന്നു. ദൈവത്തിന്റെ വേല കൂടുതല്‍ പുരോഗമിച്ചിരിക്കുന്നു. ശാസനത്തിലൂടെയും ന്യായവിധിയിലൂടെയുമാണ് മനുഷ്യനിലെ മത്സരത്തെയും അവന്റെ ഉള്ളിലെ അശുദ്ധമായ കാര്യങ്ങളെയും നീക്കി ശുദ്ധീകരിക്കുന്നത്. ആ ഘട്ടം വീണ്ടെടുപ്പിന്റെ ഘട്ടമായിരുന്നതിനാല്‍ മനുഷ്യന് ആസ്വദിക്കാന്‍ ആവശ്യത്തിനു കൃപ നല്‍കിക്കൊണ്ട് ദൈവം അങ്ങനെ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമായിരുന്നു; അതുവഴി മനുഷ്യന്‍ പാപത്തില്‍ നിന്നു വീണ്ടെടുക്കപ്പെടുകയും കൃപയിലൂടെ അവന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും ചെയ്യുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ ഘട്ടം, ശാസനത്തിലൂടെയും ന്യായവിധിയിലൂടെയും വാക്കുകള്‍ കൊണ്ടുള്ള പ്രഹരത്തിലൂടെയും അതുപോലെ ശിക്ഷണത്തിലൂടെയും വാക്കുകള്‍ വെളിപ്പെടുത്തുന്നതിലൂടെയും മനുഷ്യനുള്ളിലെ അനീതിയെ വെളിവാക്കുന്നതിനും അങ്ങനെ അതിനുശേഷം മനുഷ്യര്‍ രക്ഷിക്കപ്പെടുന്നതിനും വേണ്ടിയുള്ളതാണ്. ഈ വേല വീണ്ടെടുപ്പിനെക്കാള്‍ ആഴത്തിലുള്ളതാണ്. കൃപായുഗത്തിലെ കൃപ മനുഷ്യന്റെ ആസ്വാദനത്തിന് ആവശ്യമായ അത്രയും ഉണ്ടായിരുന്നു. പക്ഷേ മനുഷ്യന്‍ ഈ കൃപ ഇതിനകം ആസ്വദിച്ചു കഴിഞ്ഞിരിക്കുന്നതുകൊണ്ട്, ഇനിയുമത് ആസ്വദിക്കുകയില്ല. ഈ വേല അതിന്റെ സമയത്തെ ഇപ്പോള്‍ത്തന്നെ അധികരിച്ചിരിക്കുന്നു, ഇനിയും അതു ചെയ്തുകൊണ്ടിരിക്കേണ്ട ആവശ്യമില്ല. ഇപ്പോള്‍ മനുഷ്യന്‍ വചനത്തിന്റെ ന്യായവിധിയിലൂടെയാണ് രക്ഷിക്കപ്പെടേണ്ടത്. മനുഷ്യന്‍ വിധിക്കപ്പെടുകയും ശാസിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞാല്‍ അതുവഴി അവന്റെ പ്രകൃതം മാറുകയാണ്. ഇതെല്ലാം ഞാന്‍ പറഞ്ഞിട്ടുള്ള വചനങ്ങള്‍ കാരണമല്ലേ? വേലയുടെ ഓരോ ഘട്ടവും മുഴുവന്‍ മനുഷ്യവംശത്തിന്റെയും പുരോഗതിക്കനുസരിച്ചും യുഗത്തിനൊപ്പവുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വേലയെല്ലാം പ്രാധാന്യമുള്ളതാണ്. അവയെല്ലാം അന്തിമമായ രക്ഷയ്ക്കുവേണ്ടി നിര്‍വഹിക്കപ്പെടുന്നതാണ്. അതുവഴി മനുഷ്യവര്‍ഗത്തിന് ഭാവിയില്‍ ഒരു നല്ല ലക്ഷ്യസ്ഥാനം ഉണ്ടാകുന്നതിനും മനുഷ്യര്‍ അവരുടെ തരത്തിനനുസരിച്ച് വേര്‍തിരിക്കപ്പെടുന്നതിനും വേണ്ടിയാണത്.

അന്ത്യനാളുകളിലെ വേല വചനങ്ങള്‍ അരുളുക എന്നതാണ്. വചനങ്ങള്‍ വഴി വലിയ മാറ്റങ്ങള്‍ മനുഷ്യനില്‍ ഉളവാക്കാന്‍ സാധിക്കും. ഈ വചനങ്ങള്‍ സ്വീകരിക്കുക വഴി ഈ ആളുകളില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളയിട്ടുള്ള മാറ്റങ്ങള്‍ കൃപായുഗത്തില്‍ ആളുകള്‍ അടയാളങ്ങളും അത്ഭുതങ്ങളും സ്വീകരിച്ചപ്പോള്‍ അവരിലുണ്ടായ മാറ്റങ്ങളെക്കാള്‍ വളരെ വലുതാണ്. കാരണം, കൃപായുഗത്തില്‍ കൈവെപ്പും പ്രാര്‍ഥനയും വഴി മനുഷ്യരില്‍ നിന്നു ഭൂതങ്ങളെ പുറത്താക്കിയെങ്കിലും മനുഷ്യനുള്ളിലെ ദുഷിച്ച സ്വഭാവങ്ങള്‍ അപ്പോഴും നിലനിന്നു. മനുഷ്യന്റെ രോഗം സുഖപ്പെടുകയും പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും ചെയ്തു. പക്ഷേ, എങ്ങനെയാണ് മനുഷ്യനുള്ളിലെ ദുഷിച്ച സാത്താന്യ സ്വഭാവങ്ങള്‍ നീങ്ങി അവന്‍ ശുദ്ധീകരിക്കപ്പെടുക എന്നതിനെ സംബന്ധിച്ചാണെങ്കില്‍, ആ വേല അപ്പോഴും ചെയ്യപ്പെട്ടിരുന്നില്ല. മനുഷ്യന്‍ അവന്റെ വിശ്വാസത്തെപ്രതി രക്ഷിക്കപ്പെടുകയും അവന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും മാത്രമേ ചെയ്തിരുന്നുള്ളൂ. പക്ഷേ, മനുഷ്യന്റെ പാപപൂര്‍ണമായ സ്വഭാവം ഉന്മൂലനം ചെയ്യപ്പെട്ടിരുന്നില്ല. അതവനില്‍ അപ്പോഴും നിലനിന്നു. മനുഷ്യജന്മമെടുത്ത ദൈവം മുഖേന മനുഷ്യന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടു. പക്ഷേ, അതിനുശേഷം മനുഷ്യനില്‍ പാപം ഉണ്ടായിരുന്നില്ല എന്നല്ല അതിനര്‍ഥം. പാപയാഗം വഴി മനുഷ്യന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുമായിരുന്നു. പക്ഷേ എങ്ങനെ മനുഷ്യനെ ഇനിയൊരിക്കലും പാപം ചെയ്യാതാക്കാന്‍ സാധിക്കും, എങ്ങനെ അവന്റെ പാപപൂര്‍ണമായ സ്വഭാവം പൂര്‍ണമായും ഉന്മൂലനം ചെയ്യാനും അവനെ രൂപാന്തരപ്പെടുത്തുവാനും സാധിക്കും എന്നിവയെല്ലാം സംബന്ധിച്ചാണെങ്കില്‍, അവന് ഈ പ്രശ്നം പരിഹരിക്കുവാന്‍ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. മനുഷ്യന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടു. ഇതിനു കാരണം ദൈവത്തിന്റെ കുരിശുമരണത്തിന്റെ വേലയാണ്. പക്ഷേ, മനുഷ്യന്‍ അവന്റെ പഴയ ദുഷിച്ച സാത്താന്യ സ്വഭാവത്തിനുള്ളില്‍ ജീവിക്കുന്നതു തുടര്‍ന്നു. അങ്ങനെയായതിനാല്‍ മനുഷ്യന്‍ പൂര്‍ണമായും അവന്റെ സാത്താന്യ സ്വഭാവത്തില്‍ നിന്നു രക്ഷിക്കപ്പെടണം. അതുവഴി അവന്റെ പാപപൂര്‍ണമായ സ്വഭാവം ഇനിയൊരിക്കലും വളര്‍ന്നുവരാത്ത രീതിയില്‍ പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെടാന്‍ സാധിക്കുകയും അങ്ങനെ മനുഷ്യന്റെ സ്വഭാവം രൂപാന്തരപ്പെടുന്നതു സാധ്യമാകുകയും ചെയ്യും. ഇതിനു മനുഷ്യന്‍ ജീവിതത്തില്‍ വളര്‍ച്ചയുടെ പാത ഗ്രഹിക്കുന്നതും ജീവന്റെ വഴി ഗ്രഹിക്കുന്നതും അവന്റെ സ്വഭാവം മാറ്റുന്നതിനുള്ള വഴി ഗ്രഹിക്കുന്നതും ആവശ്യമായി വരും. കൂടാതെ, മനുഷ്യന്‍ ഈ പാതയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടതും ആവശ്യമായി വരും. അതുവഴി അവന്റെ പ്രകൃതം ക്രമേണ മാറുകയും അവന്‍ പ്രകാശത്തിന്റെ ശോഭയ്ക്കു കീഴില്‍ ജീവിക്കുകയും, അങ്ങനെ അവന്‍ ചെയ്യുന്നതെല്ലാം ദൈവഹിതത്തിന് അനുസൃതമാകുകയും, അങ്ങനെ അവന്‍ തന്റെ ദുഷിച്ച സാത്താന്യ സ്വഭാവം ഉപേക്ഷിക്കുകയും, അങ്ങനെ സാത്താന്റെ ഇരുണ്ട സ്വാധീനത്തില്‍ നിന്നു മോചനം നേടുകയും പാപത്തില്‍ നിന്നു പൂര്‍ണമായും മുക്തി നേടുകയും ചെയ്യും. അപ്പോള്‍ മാത്രമേ മനുഷ്യന്‍ പൂര്‍ണമായ രക്ഷ നേടുകയുള്ളൂ. യേശു തന്റെ വേല ചെയ്തുകൊണ്ടിരുന്ന വേളയില്‍, മനുഷ്യന് അവനെക്കുറിച്ചുണ്ടായിരുന്ന അറിവ് അപ്പോഴും അവ്യക്തവും മങ്ങിയതുമായിരുന്നു. മനുഷ്യന്‍ എപ്പോഴും അവന്‍ ദാവീദിന്റെ പുത്രനാണെന്നു വിശ്വസിച്ചു. അവന്‍ ഒരു വലിയ പ്രവാചകനാണെന്ന്, മനുഷ്യനെ പാപങ്ങളില്‍ നിന്നു വീണ്ടെടുത്ത കാരുണ്യവാനായ കര്‍ത്താവാണെന്ന് ഉദ്ഘോഷിച്ചു. ചിലര്‍, അവരുടെ വിശ്വാസത്തിന്റെ ബലം കൊണ്ട് അവന്റെ വസ്ത്രാഞ്ചലത്തിൽ തൊടുക മാത്രം ചെയ്യുക വഴി സുഖമാക്കപ്പെട്ടു. അന്ധർക്കു കാഴ്ച ലഭിച്ചു. മരിച്ചവര്‍ പോലും ജീവിതത്തിലേക്കു തിരികെ വന്നു. എന്നിരുന്നാലും, മനുഷ്യനു തന്റെയുള്ളില്‍ ആഴത്തില്‍ വേരോടിയിരുന്ന ദുഷിച്ച സാത്താന്യ സ്വഭാവത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനെ എങ്ങനെയാണ് ഉപേക്ഷിക്കേണ്ടതെന്നും അവന്‍ അറിഞ്ഞില്ല. ജഡത്തിന്റേതായ സമാധാനവും സന്തോഷവും, ഒരാളുടെ വിശ്വാസം കുടുംബത്തിനു മുഴുവന്‍ അനുഗ്രഹം കൊണ്ടുവരിക, രോഗം സുഖപ്പെടുക എന്നിങ്ങനെയുള്ള ധാരാളം കൃപ മനുഷ്യനു ലഭിച്ചു. ബാക്കിയുള്ളത് മനുഷ്യന്റെ നല്ല പ്രവൃത്തികളും ദൈവിക ഭാവവുമായിരുന്നു; ഒരുവന് ഇവയെ അടിസ്ഥാനമാക്കി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അവന്‍ യോഗ്യനായ ഒരു വിശ്വാസിയായി കണക്കാക്കപ്പെട്ടു. ഇത്തരത്തിലുള്ള വിശ്വാസികള്‍ക്കു മാത്രമേ മരണശേഷം സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ, അതിനര്‍ഥം അവര്‍ രക്ഷിക്കപ്പെട്ടു എന്നായിരുന്നു. പക്ഷേ ഈ ആളുകള്‍ അവരുടെ ജീവിതകാലത്ത് ജീവന്റെ മാർഗം ഒട്ടും തന്നെ മനസ്സിലാക്കിയില്ല. അവര്‍ ആകെ ചെയ്തിരുന്നത് അവരുടെ സ്വഭാവം മാറ്റുവാന്‍ ഒരു മാര്‍ഗവുമില്ലാതെ നിരന്തരമായ ഒരു ചാക്രികതയില്‍ പാപങ്ങള്‍ ചെയ്യുകയും അതിനുശേഷം അവരുടെ പാപങ്ങള്‍ ഏറ്റുപറയുകയുമായിരുന്നു: അങ്ങനെയായിരുന്നു കൃപായുഗത്തില്‍ മനുഷ്യന്റെ അവസ്ഥ. മനുഷ്യനു പൂര്‍ണമായ രക്ഷ ലഭിച്ചിട്ടുണ്ടോ? ഇല്ല! അതിനാല്‍, വേലയുടെ ആ ഘട്ടം അവസാനിച്ചതിനു ശേഷവും ന്യായവിധിയുടെയും ശാസനത്തിന്റെയും വേല അവശേഷിച്ചു. ഈ ഘട്ടം വചനം വഴി മനുഷ്യനെ ശുദ്ധീകരിക്കുന്നതിനും അങ്ങനെ അവനു പിന്തുടരാന്‍ ഒരു പാത നല്‍കുന്നതിനും വേണ്ടിയുള്ളതാണ്. ഭൂതങ്ങളെ പുറത്താക്കുന്നത് ഈ ഘട്ടത്തിലും തുടരുകയാണെങ്കില്‍ അതു ഫലവത്താകുകയോ അര്‍ഥപൂര്‍ണമാകുകയോ ഇല്ല. കാരണം മനുഷ്യന്റെ പാപപൂര്‍ണമായ പ്രകൃതത്തെ ഉന്മൂലനം ചെയ്യുന്നതില്‍ അതു പരാജയപ്പെടുകയും തന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നിടത്ത് മനുഷ്യന്‍ ഒരു നിശ്ചലാവസ്ഥയിലെത്തിച്ചേരുകയും ചെയ്യും. പാപയാഗം വഴി മനുഷ്യന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. കാരണം കുരിശുമരണത്തിന്റെ വേല ഇതിനകം അവസാനിക്കുകയും ദൈവം സാത്താനെ ജയിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ, മനുഷ്യന്റെ ദുഷിച്ച പ്രകൃതം ഇപ്പോഴും അവന്റെ ഉള്ളിലുണ്ട്, അവനിപ്പോഴും പാപം ചെയ്യുകയും ദൈവത്തെ എതിര്‍ക്കുകയും ചെയ്യാം, കൂടാതെ, ദൈവം മനുഷ്യവര്‍ഗത്തെ വീണ്ടെടുത്തിട്ടുമില്ല. അതിനാല്‍, വേലയുടെ ഈ ഘട്ടത്തില്‍ മനുഷ്യന്റെ ദുഷിച്ച പ്രകൃതം വെളിവാക്കാനായി ദൈവം വചനം ഉപയോഗിക്കുന്നു. അതുമൂലം മനുഷ്യന് ശരിയായ പാതയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കാൻ കഴിയും. ഈ ഘട്ടം മുമ്പത്തെ ഘട്ടത്തെക്കാള്‍ കൂടുതല്‍ അര്‍ഥപൂര്‍ണമാണ്. അതുപോലെ കൂടുതല്‍ ഫലവത്തുമാണ്. കാരണം, ഇപ്പോള്‍ വചനമാണ് മനുഷ്യജീവന്‍ നേരിട്ടു പ്രദാനം ചെയ്യുന്നതും മനുഷ്യന്റെ സ്വഭാവം പൂര്‍ണമായി നവീകരിക്കുക എന്നതു സാധ്യമാക്കുന്നതും. ഇതു വേലയുടെ വളരെയധികം സമഗ്രമായ ഒരു ഘട്ടമാണ്. അതിനാല്‍, അന്ത്യനാളുകളിലെ അവതാരം ദൈവത്തിന്റെ മനുഷ്യജന്മത്തിന്റെ വേലയുടെ പ്രാധാന്യത്തെ നിവര്‍ത്തിക്കുകയും മനുഷ്യന്റെ രക്ഷയ്ക്കു വേണ്ടിയുള്ള ദൈവത്തിന്റെ കാര്യനിര്‍വഹണ പദ്ധതി മുഴുവനായും പര്യവസാനിപ്പിക്കുകയും ചെയ്തു.

ദൈവം മനുഷ്യനെ രക്ഷിക്കുന്നത് നേരിട്ട് ആത്മാവിന്റെ രീതിയും ആത്മാവിന്റെ വ്യക്തിത്വവും ഉപയോഗിച്ചല്ല. കാരണം അവന്റെ ആത്മാവിനെ മനുഷ്യര്‍ക്കു സ്പര്‍ശിക്കുവാനോ കാണുവാനോ സാധിക്കില്ല. മനുഷ്യന് അതിനടുത്തെത്തുവാനും സാധിക്കില്ല. ആത്മാവിന്റെ രീതി ഉപയോഗിച്ച് മനുഷ്യനെ നേരിട്ടു രക്ഷിക്കുവാന്‍ അവന്‍ ശ്രമിച്ചാല്‍, മനുഷ്യന് അവന്റെ രക്ഷ സ്വീകരിക്കുക അസാധ്യമായിരിക്കും. ദൈവം ഒരു സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ബാഹ്യരൂപം ധരിച്ചില്ലെങ്കില്‍ ഈ രക്ഷ സ്വീകരിക്കുവാന്‍ മനുഷ്യന് ഒരു വഴിയും ഉണ്ടാകില്ല. കാരണം മനുഷ്യന് അവനെ സമീപിക്കാന്‍ മാര്‍ഗമൊന്നുമില്ല, യഹോവയുടെ മേഘത്തിനടുത്തേക്ക് ആര്‍ക്കും പോകാന്‍ സാധിക്കാതിരുന്നതു പോലെതന്നെ. സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യനാകുന്നതിലൂടെ മാത്രമേ, അതായത്, അവന്‍ ആകുവാന്‍ പോകുന്ന ജഡശരീരത്തില്‍ അവന്റെ വചനം നിക്ഷേപിക്കുന്നതിലൂടെ മാത്രമേ, തന്നെ അനുഗമിക്കുന്ന എല്ലാവരിലും അവനു നേരിട്ട് വചനത്തെ വേല ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ മനുഷ്യന് അവന്റെ വചനം നേരിട്ടു കാണുവാനും കേള്‍ക്കുവാനും അതിലുപരി അവന്റെ വചനത്തിന്റെ സ്വന്തമാക്കലിലേക്കു പ്രവേശിക്കുവാനും ഇതുവഴി പൂര്‍ണമായി രക്ഷിക്കപ്പെടുവാനും സാധിക്കുകയുള്ളൂ. ദൈവം മനുഷ്യനായില്ലായിരുന്നെങ്കില്‍ മാംസവും രക്തവുമുള്ള ആര്‍ക്കും ഇത്ര മഹത്തരമായ രക്ഷ സ്വീകരിക്കുവാന്‍ സാധിക്കുമായിരുന്നില്ല, ഒരാള്‍ പോലും രക്ഷിക്കപ്പെടുകയുമില്ല. ദൈവാത്മാവു നേരിട്ട് മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മനുഷ്യവര്‍ഗം മുഴുവന്‍ തകര്‍ക്കപ്പെടുമായിരുന്നു. അല്ലെങ്കില്‍, ദൈവവുമായി ബന്ധപ്പെടാന്‍ യാതൊരു വഴിയുമില്ലാതെ പൂര്‍ണമായും സാത്താന്റെ ബന്ധനത്തിന്‍ കീഴിലാകുമായിരുന്നു. ദൈവം ആദ്യം മനുഷ്യജന്മമെടുത്തത് മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കുവാന്‍, യേശുവിന്റെ ജഡശരീരം വഴി അവനെ വീണ്ടെടുക്കുവാന്‍ വേണ്ടിയായിരുന്നു. അതായത് കുരിശില്‍ നിന്നും അവന്‍ മനുഷ്യനെ രക്ഷിച്ചു. പക്ഷേ, ദുഷിച്ച സാത്താന്യ സ്വഭാവം അപ്പോഴും മനുഷ്യനുള്ളില്‍ നിലനിന്നു. രണ്ടാമത്തെ മനുഷ്യജന്മം ഒരു പാപയാഗമാകാനല്ല, മറിച്ച് പാപത്തില്‍ നിന്നും വീണ്ടെടുക്കപ്പെട്ടവരെ പൂര്‍ണമായും രക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതു ചെയ്യുന്നത് ക്ഷമ ലഭിച്ചവര്‍ അവരുടെ പാപങ്ങളില്‍ നിന്നു വിമോചിപ്പിക്കപ്പെടുവാനും പൂര്‍ണമായി ശുദ്ധരാക്കപ്പെടുവാനും, പരിവര്‍ത്തനം വന്ന ഒരു സ്വഭാവം നേടുക വഴി സാത്താന്റെ ഇരുണ്ട സ്വാധീനത്തില്‍ നിന്നു മോചിക്കപ്പെടുവാനും ദൈവത്തിന്റെ സിംഹാസനത്തിങ്കലേക്കു മടങ്ങിവരുവാനും വേണ്ടിയാണ്. ഇങ്ങനെ മാത്രമേ മനുഷ്യനെ പൂര്‍ണമായും ശുദ്ധനാക്കുവാന്‍ സാധിക്കുകയുള്ളൂ. ന്യായപ്രമാണയുഗം അവസാനിച്ചതിനു ശേഷം കൃപായുഗം ആരംഭിച്ചതോടൊപ്പം ദൈവം രക്ഷയുടെ വേലയും ആരംഭിച്ചു. മനുഷ്യരെ അവരുടെ മത്സരത്തിന് വിധിക്കുകയും ശാസിക്കുകയും ചെയ്ത് മനുഷ്യവര്‍ഗത്തെ അവന്‍ പൂര്‍ണമായും ശുദ്ധീകരിക്കുന്ന അന്ത്യനാളുകള്‍ വരെ അതു തുടരുന്നു. അപ്പോള്‍ മാത്രമേ ദൈവം തന്റെ രക്ഷയുടെ വേല അവസാനിപ്പിച്ച് വിശ്രമത്തിലേക്കു പ്രവേശിക്കുകയുള്ളൂ. അതിനാല്‍, വേലയുടെ മൂന്നു ഘട്ടങ്ങളില്‍ രണ്ടു തവണ മാത്രമേ മനുഷ്യര്‍ക്കിടയില്‍ തന്റെ വേല നേരിട്ടു നിര്‍വഹിക്കാന്‍ ദൈവം മനുഷ്യജന്മമെടുത്തിട്ടുള്ളൂ. കാരണം മൂന്നു ഘട്ടങ്ങളില്‍ ഒന്നു മാത്രമേ മനുഷ്യരെ അവരുടെ ജീവിതം നയിക്കുന്നതിന് മാര്‍ഗദര്‍ശനം നല്‍കുന്നതായിട്ടുള്ളൂ. മറ്റു രണ്ടിലും രക്ഷയുടെ വേലയാണുള്ളത്. മനുഷ്യജന്മമെടുക്കുന്നതിലൂടെ മാത്രമേ ദൈവത്തിനു മനുഷ്യരോടൊപ്പം ജീവിക്കുവാനും ലോകത്തിന്റെ ക്ലേശങ്ങള്‍ അനുഭവിക്കുവാനും ഒരു സാധാരണ ജഡശരീരത്തില്‍ ജീവിക്കുവാനും സാധിക്കുകയുള്ളൂ. ഇങ്ങനെ മാത്രമേ സൃഷ്ടിക്കപ്പെട്ടവര്‍ എന്ന നിലയില്‍ മനുഷ്യര്‍ക്കാവശ്യമായ പ്രായോഗികമാര്‍ഗം അവര്‍ക്കു പ്രദാനം ചെയ്യാന്‍ അവനു സാധിക്കുകയുള്ളൂ. ദൈവത്തിന്റെ മനുഷ്യജന്മത്തിലൂടെയാണ് മനുഷ്യന്‍ ദൈവത്തില്‍ നിന്നു പരിപൂര്‍ണമായ രക്ഷ നേടുന്നത്. അല്ലാതെ അവന്റെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമായി അതു നേരിട്ടു സ്വര്‍ഗത്തില്‍ നിന്നു ലഭിക്കുന്നതല്ല. കാരണം, മനുഷ്യന്‍ ജഡമായതുകൊണ്ട് അവനു ദൈവത്തിന്റെ ആത്മാവിനെ കാണുവാന്‍ യാതൊരു മാര്‍ഗവുമില്ല. അത്രപോലും ദൈവത്തിന്റെ ആത്മാവിനെ അവനു സമീപിക്കുവാനും സാധിക്കില്ല. ആകെ മനുഷ്യനു സമ്പര്‍ക്കത്തില്‍ വരാന്‍ സാധിക്കുന്നത് മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ജഡശരീരവുമായിട്ടാണ്. ഇതുവഴി മാത്രമേ മനുഷ്യന് എല്ലാ മാര്‍ഗങ്ങളും എല്ലാ സത്യങ്ങളും ഗ്രഹിക്കുവാനും പൂര്‍ണമായ രക്ഷ സ്വീകരിക്കുവാനും സാധിക്കുന്നുള്ളൂ. മനുഷ്യന്റെ പാപങ്ങള്‍ കഴുകിക്കളയുവാനും അവനെ പൂര്‍ണമായി ശുദ്ധനാക്കുവാനും രണ്ടാമത്തെ മനുഷ്യജന്മം മതിയാകും. അതിനാല്‍, രണ്ടാമത്തെ മനുഷ്യജന്മത്തോടെ ദൈവത്തിന്റെ ജഡത്തിലുള്ള വേല മുഴുവനായും അവസാനിപ്പിക്കുകയും ദൈവത്തിന്റെ മനുഷ്യജന്മത്തിന്റെ പ്രാധാന്യം പൂര്‍ണമാക്കുകയും ചെയ്യും. അതിനുശേഷം, ജഡത്തിലുള്ള ദൈവത്തിന്റെ വേല പൂര്‍ണമായും ഒരു പരിസമാപ്തിയില്‍ എത്തിയിട്ടുണ്ടാകും. രണ്ടാമത്തെ മനുഷ്യജന്മത്തിനു ശേഷം മൂന്നാമതൊരിക്കല്‍ കൂടി തന്റെ വേലയ്ക്കുവേണ്ടി അവന്‍ മനുഷ്യജന്മമെടുക്കുകയില്ല. കാരണം, അവന്റെ കാര്യനിര്‍വഹണം മുഴുവനായും ഒരു പരിസമാപ്തിയില്‍ എത്തിയിരിക്കും. അന്ത്യനാളുകളിലെ മനുഷ്യജന്മം അവന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ മുഴുവനായും നേടിയിരിക്കും. അന്ത്യനാളുകളില്‍ മനുഷ്യവര്‍ഗം മുഴുവനും അവരുടെ തരത്തിനനുസരിച്ചു വേര്‍തിരിക്കപ്പെട്ടിരിക്കും. അവന്‍ പിന്നെയൊരിക്കലും രക്ഷയുടെ വേല ചെയ്യുകയില്ല. ഒരു വേല ചെയ്യുവാന്‍ വേണ്ടിയും അവന്‍ വീണ്ടും മനുഷ്യജന്മമെടുക്കുകയുമില്ല. അന്ത്യനാളുകളിലെ വേലയില്‍ വചനം അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും പ്രകടനത്തെക്കാള്‍ ശക്തമാണ്. വചനത്തിന്റെ അധികാരം അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും അധികാരത്തെ കവച്ചുവയ്ക്കുന്നു. മനുഷ്യന്റെ ഹൃദയത്തില്‍ ആഴത്തില്‍ മൂടപ്പെട്ടുകിടക്കുന്ന എല്ലാ ദുഷിച്ച സ്വഭാവങ്ങളെയും വചനം വെളിവാക്കുന്നു. നിനക്കു സ്വയം അവയെ തിരിച്ചറിയാന്‍ ഒരു മാര്‍ഗവുമില്ല. വചനം വഴി അവ നിനക്കു മുമ്പില്‍ അനാവൃതമാകുമ്പോള്‍ സ്വാഭാവികമായും നീ അവയെ കണ്ടെത്തും; നിനക്കവയെ നിഷേധിക്കാന്‍ സാധിക്കുകയില്ല. നിനക്ക് അത് അത്യധികം ബോധ്യപ്പെടുകയും ചെയ്യും. ഇതു വചനത്തിന്റെ അധികാരമല്ലേ? ഇതാണ് വചനത്തിന്റെ ഇന്നത്തെ വേല കൊണ്ടു നേടിയ ഫലം. അതിനാല്‍, രോഗങ്ങള്‍ സുഖമാക്കുന്നതിലൂടെയും ഭൂതങ്ങളെ പുറത്താക്കുന്നതിലൂടെയുമല്ല മനുഷ്യനെ അവന്റെ പാപങ്ങളില്‍ നിന്നു പൂര്‍ണമായി മോചിപ്പിക്കാന്‍ സാധിക്കുക. അടയാളങ്ങളും അത്ഭുതങ്ങളും പ്രകടമാക്കുന്നതിലൂടെ അവനെ മുഴുവനായും പൂര്‍ണനാക്കുവാനും സാധിക്കുകയില്ല. രോഗം സുഖപ്പെടുത്തുവാനും ഭൂതങ്ങളെ പുറത്താക്കുവാനുമുള്ള അധികാരം മനുഷ്യനു കൃപ മാത്രമേ നല്‍കുന്നുള്ളൂ. പക്ഷേ മനുഷ്യന്റെ ജഡശരീരം അപ്പോഴും സാത്താനു സ്വന്തമായിരിക്കുകയും ദുഷിച്ച സാത്താന്യ സ്വഭാവം അപ്പോഴും മനുഷ്യനുള്ളില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ശുദ്ധമാക്കപ്പെടാത്തവ അപ്പോഴും പാപവും അശുദ്ധിയുമായി ബന്ധപ്പെട്ടതാണ്. വചനത്തിലൂടെ ശുദ്ധനാക്കപ്പെട്ടതിനു ശേഷം മാത്രമേ മനുഷ്യനു ദൈവത്താല്‍ വീണ്ടെടുക്കപ്പെടാനും പവിത്രീകരിക്കപ്പെടുവാനും സാധിക്കുകയുള്ളൂ. മനുഷ്യനില്‍ നിന്നു ഭൂതങ്ങള്‍ പുറത്താക്കപ്പെടുകയും അവന്‍ വീണ്ടെടുക്കപ്പെടുകയും ചെയ്തപ്പോള്‍ അത് അര്‍ഥമാക്കിയത് അവന്‍ സാത്താന്റെ കരങ്ങളില്‍ നിന്നു വിടുവിക്കപ്പെടുകയും ദൈവത്തിങ്കലേക്കു മടങ്ങുകയും ചെയ്തു എന്നു മാത്രമാണ്. എന്നിരുന്നാലും, ദൈവത്താല്‍ ശുദ്ധീകരിക്കപ്പെടാതെയും അല്ലെങ്കില്‍ പരിവര്‍ത്തനം ചെയ്യപ്പെടാതെയും അവന്‍ ദുഷിച്ച മനുഷ്യനായി തുടരുന്നു. മനുഷ്യനുള്ളില്‍ അപ്പോഴും അഴുക്കും എതിര്‍പ്പും മത്സരവും നിലനില്‍ക്കുന്നു; മനുഷ്യന്‍ ദൈവത്തിന്റെ വീണ്ടെടുപ്പിലൂടെ അവനിലേക്കു മടങ്ങിയെത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്, പക്ഷേ അവനു ദൈവത്തെപ്പറ്റി അല്പം പോലും അറിവില്ല. ഇപ്പോഴും ദൈവത്തെ എതിര്‍ക്കുവാനും വഞ്ചിക്കുവാനും അവന്‍ പ്രാപ്തനാണ്. മനുഷ്യന്‍ വീണ്ടെടുക്കപ്പെടുന്നതിനു മുമ്പ്, സാത്താന്റെ പല വിഷങ്ങളും അവനില്‍ നടപ്പെട്ടിരുന്നു കഴിഞ്ഞിരുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ സാത്താനാല്‍ ദുഷിക്കപ്പെട്ടതിനു ശേഷം, അവന്റെയുള്ളില്‍ ദൈവത്തെ എതിര്‍ക്കുന്ന സ്ഥാപിതമായ ഒരു പ്രകൃതം ഉണ്ടായിവന്നിട്ടുണ്ട്. അതിനാല്‍, മനുഷ്യന്‍ വീണ്ടെടുക്കപ്പെടുമ്പോള്‍, അത് ഒരു വലിയ വിലകൊടുത്തു മനുഷ്യനെ വാങ്ങുന്ന ഒരു വീണ്ടെടുപ്പല്ലാതെ മറ്റൊന്നുമല്ല. പക്ഷേ, അവന്റെ ഉള്ളിലുള്ള വിഷസ്വഭാവം ഇല്ലാതായിട്ടില്ല. അത്രയും അശുദ്ധനാക്കപ്പെട്ട മനുഷ്യന്‍ ദൈവത്തെ സേവിക്കാന്‍ യോഗ്യനാകുന്നതിനു മുമ്പ് ഒരു മാറ്റത്തിലൂടെ കടന്നുപോകണം. ന്യായവിധിയുടെയും ശാസനത്തിന്റെയും ഈ വേല വഴി, മനുഷ്യന്‍ അവന്റെ ഉള്ളിലെ അഴുക്കു നിറഞ്ഞതും ദുഷിച്ചതുമായ സത്തയെ മുഴുവനായും അറിയുകയും മുഴുവനായി മാറുവാനും ശുദ്ധനാകുവാനും അവനു സാധിക്കുകയും ചെയ്യും. ഇങ്ങനെ മാത്രമേ ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പില്‍ മടങ്ങിവരാന്‍ മനുഷ്യന്‍ യോഗ്യത നേടുന്നുള്ളൂ. ഇന്നു ചെയ്യുന്ന എല്ലാ പ്രവൃത്തിയും മനുഷ്യന്‍ ശുദ്ധനാക്കപ്പെടുവാനും പരിവര്‍ത്തനത്തിനു വിധേയനാകുവാനും വേണ്ടിയുള്ളതാണ്; വചനം വഴിയുള്ള ന്യായവിധിയിലൂടെയും ശാസനത്തിലൂടെയും അതുപോലെ ശുദ്ധീകരണത്തിലൂടെയും മനുഷ്യന് അവന്റെ ദുഷിപ്പിനെ കഴുകിക്കളയുവാനും ശുദ്ധീകരിക്കപ്പെടുവാനും സാധിക്കും. വേലയുടെ ഈ ഘട്ടത്തെ രക്ഷയുടേതായി കണക്കാക്കുന്നതിനെക്കാള്‍ ഇതൊരു ശുദ്ധീകരണത്തിന്റെ വേലയാണ് എന്നു പറയുന്നതായിരിക്കും കൂടുതല്‍ ഉചിതം. സത്യത്തില്‍ ഈ ഘട്ടം ജയിച്ചടക്കലിന്‍റേതാണ്, അതുപോലെ രക്ഷയുടെ വേലയിലെ രണ്ടാമത്തെ ഘട്ടമാണ്. വചനത്താലുള്ള ന്യായവിധിയിലൂടെയും ശാസനത്തിലൂടെയുമാണ് ദൈവത്താല്‍ വീണ്ടെടുക്കപ്പെടുന്നതിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്നത്. ശുദ്ധീകരിക്കാനും വിധിക്കാനും വെളിവാക്കുവാനും വചനം ഉപയോഗിക്കുന്നതിലൂടെയാണ് മനുഷ്യന്റെ ഹൃദയത്തിലെ എല്ലാ അശുദ്ധികളും ധാരണകളും ഉദ്ദേശ്യങ്ങളും വ്യക്തിപരമായ സ്വപ്നങ്ങളും പൂര്‍ണമായും വെളിവാക്കപ്പെടുന്നത്. മനുഷ്യന്‍ വീണ്ടെടുക്കപ്പെടുന്നതിനെയും അവന്റെ പാപങ്ങള്‍ ക്ഷമിക്കുന്നതിനെയുമെല്ലാം, ദൈവം മനുഷ്യന്റെ അതിക്രമങ്ങളെ ഓര്‍ക്കാതിരിക്കുന്നതും അവന്റെ അതിക്രമങ്ങള്‍ക്ക് അനുസൃതമായി അവനോടു പെരുമാറാതിരിക്കുന്നതുമായി മാത്രമേ കണക്കാക്കുവാനാകൂ. എന്നിരുന്നാലും, ഒരു ജഡശരീരത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ പാപത്തില്‍ നിന്നു മോചിക്കപ്പെടാതിരിക്കുമ്പോള്‍ അന്തമില്ലാതെ അവന്റെ സാത്താന്യ സ്വഭാവം വെളിവാക്കിക്കൊണ്ട് പാപം ചെയ്യുന്നതു തുടരാന്‍ മാത്രമേ അവനു സാധിക്കുകയുള്ളൂ. ഇതാണു മനുഷ്യന്‍ നയിക്കുന്ന ജീവിതം, പാപം ചെയ്യുന്നതിന്റെയും ക്ഷമിക്കപ്പെടുന്നതിന്റെയും അവസാനമില്ലാത്ത ചാക്രികത. മനുഷ്യവര്‍ഗത്തില്‍ ഭൂരിഭാഗവും പകല്‍ പാപം ചെയ്യുന്നത് വൈകുന്നേരം ഏറ്റുപറയാന്‍ വേണ്ടിയാണ്. ഇങ്ങനെ, പാപയാഗം എന്നേക്കും മനുഷ്യനു ഫലപ്രദമാണെങ്കിലും അതിനു മനുഷ്യനെ പാപത്തില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കുകയില്ല. രക്ഷയുടെ വേലയുടെ പകുതി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. കാരണം മനുഷ്യനിപ്പോഴും ഒരു ദുഷിച്ച പ്രകൃതമുണ്ട്. ഉദാഹരണത്തിന്, മോവാബിന്റെ പിന്തുടര്‍ച്ചക്കാരാണു തങ്ങള്‍ എന്ന്‍ ആളുകള്‍ മനസ്സിലാക്കിയപ്പോള്‍ അവര്‍ പരാതി പറയുകയും ജീവനെ തേടുന്നതു നിര്‍ത്തുകയും തീര്‍ത്തും നിഷേധാത്മക മനോഭാവമുള്ളവരായിത്തീരുകയും ചെയ്തു. മനുഷ്യര്‍ക്ക് ഇപ്പോഴും ദൈവത്തിന്റെ ആധിപത്യത്തിനു പൂര്‍ണമായും കീഴ്‌വഴങ്ങാന്‍ സാധിക്കുന്നില്ല എന്നല്ലേ ഇതു കാണിക്കുന്നത്? ഇത് കൃത്യമായും അവരുടെ ദുഷിച്ച സാത്താന്യ സ്വഭാവമല്ലേ? നീ ശാസനത്തിനു വിധേയനാകാതിരുന്നപ്പോള്‍, നിന്റെ കൈകള്‍ മറ്റുള്ളവരുടേതിനെക്കാള്‍, യേശുവിന്റേതിനെക്കാള്‍ പോലും ഉയരത്തില്‍ പൊങ്ങിയിരുന്നു. നീ ഈ വലിയ ശബ്ദത്തില്‍ വിളിച്ചുപറഞ്ഞു: “ദൈവത്തിന്റെ പ്രിയപുത്രനാകുക! ദൈവത്തിന്റെ വിശ്വസ്തനാകുക! സാത്താനു മുമ്പില്‍ തലകുനിക്കുന്നതിനെക്കാള്‍ മരണം നമ്മള്‍ തിരഞ്ഞെടുക്കും! പഴയ സാത്താനെതിരെ കലാപം നടത്തൂ! തീനിറമുള്ള മഹാസര്‍പ്പത്തിനെതിരെ കലാപം നടത്തൂ! തീനിറമുള്ള മഹാസര്‍പ്പം അധികാരത്തില്‍ നിന്നും ദയനീയമായി നിലംപതിക്കട്ടെ! ദൈവം നമ്മെ തികവുള്ളവരാക്കട്ടെ!” നിന്റെ വിളിച്ചുപറയലുകള്‍ മറ്റുള്ളവരുടേതിനെക്കാള്‍ ഉറക്കെയായിരുന്നു. പക്ഷേ, പിന്നെ ശാസനത്തിന്റെ സമയമെത്തി, ഒരിക്കല്‍ക്കൂടി മനുഷ്യരുടെ ദുഷിച്ച പ്രകൃതം വെളിവാക്കപ്പെട്ടു. അപ്പോള്‍ അവരുടെ വിളിച്ചുപറയലുകള്‍ നിലച്ചു, നിശ്ചയദാര്‍ഢ്യം തകര്‍ന്നു. ഇതാണു മനുഷ്യന്റെ ജീര്‍ണത; പാപത്തെക്കാള്‍ ആഴപ്പെട്ടിരിക്കുന്ന അത് സാത്താൻ നട്ടതും മനുഷ്യനില്‍ ആഴത്തില്‍ വേരോടിയിട്ടുള്ളതുമാണ്. മനുഷ്യന് അവന്റെ പാപങ്ങളെക്കുറിച്ച് അവബോധമുണ്ടാകുക എന്നത് എളുപ്പമല്ല: ആഴത്തില്‍ വേരോടിയ തന്റെ സ്വന്തം സ്വഭാവത്തെ തിരിച്ചറിയാന്‍ അവനൊരു മാര്‍ഗവുമില്ല. ഈ ഫലം നേടുന്നതിനായി അവന്‍ വചനത്താലുള്ള ന്യായവിധിയെ ആശ്രയിക്കണം. അങ്ങനെ മാത്രമേ മനുഷ്യന് ആ ഘട്ടം മുതൽ ക്രമേണ മാറ്റംവരുത്തുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്‍ മുമ്പ് ഇങ്ങനെ ബഹളം വച്ചത് അവന്റെ യഥാര്‍ഥ ദുഷിച്ച പ്രകൃതത്തെപ്പറ്റി അവനു ഗ്രാഹ്യമില്ലാതിരുന്നതുകൊണ്ടാണ്. ഇവയാണു മനുഷ്യനുള്ളില്‍ നിലനില്‍ക്കുന്ന അശുദ്ധികള്‍. ന്യായവിധിയുടെയും ശാസനത്തിന്റെയും അത്രയും നീണ്ട കാലയളവിലുടനീളം മനുഷ്യന്‍ സംഘര്‍ഷത്തിന്റേതായ ഒരു അന്തരീക്ഷത്തിലാണ് ജീവിച്ചത്. ഇതെല്ലാം വചനം വഴിയല്ലേ നേടിയത്? സേവകരുടെ പരീക്ഷയ്ക്കു മുമ്പു നിങ്ങളും വലിയ ശബ്ദത്തില്‍ വിളിച്ചുപറഞ്ഞില്ലേ? “ദൈവരാജ്യത്തിലേക്കു പ്രവേശിക്കുക! ഈ നാമത്തെ അംഗീകരിക്കുന്ന എല്ലാവരും ദൈവരാജ്യത്തിലേക്കു പ്രവേശിക്കും! എല്ലാവരും ദൈവത്തിന്റെ പങ്കുപറ്റും!” സേവകരുടെ പരീക്ഷ വന്നപ്പോള്‍ നീ ഉറക്കെ വിളിച്ചുപറഞ്ഞില്ല. തുടക്കത്തില്‍ എല്ലാവരും ഇങ്ങനെ വിളിച്ചുപറഞ്ഞു, “ദൈവമേ! നീ എന്നെ എവിടെ വച്ചാലും നിന്നാൽ നയിക്കപ്പെടുന്നതിനായി ഞാന്‍ കീഴ്‌വഴങ്ങും.” “ആരാണ് എന്റെ പൗലൊസ് ആകുക?” എന്ന ദൈവത്തിന്റെ വചനങ്ങള്‍ വായിച്ചപ്പോള്‍ ആളുകള്‍ പറഞ്ഞു, “ഞാന്‍ സന്നദ്ധനാണ്!” പിന്നെ അവര്‍ ഈ വചനങ്ങള്‍ കണ്ടു, “ഇയ്യോബിന്റെ വിശ്വാസമോ?” അവര്‍ പറഞ്ഞു, “ഇയ്യോബിന്റെ വിശ്വാസം ഏറ്റെടുക്കാന്‍ ഞാന്‍ സന്നദ്ധനാണ്. ദൈവമേ, ദയവായി എന്നെ പരീക്ഷണത്തിനു വിധേയനാക്കൂ!” സേവകരുടെ പരീക്ഷ വന്നപ്പോള്‍ അവര്‍ പെട്ടെന്നുതന്നെ കുഴഞ്ഞുവീഴുകയും വീണ്ടും എഴുന്നേറ്റു നില്‍ക്കാന്‍ അവര്‍ക്കു സാധിക്കാതെ വരികയും ചെയ്തു. അതിനു ശേഷം അവരുടെ മനസ്സിലെ അശുദ്ധികള്‍ ക്രമേണ കുറച്ചുകുറച്ചായി കുറഞ്ഞുവന്നു. വചനത്തിലൂടെയല്ലേ ഇതു സാധ്യമായത്? അതുകൊണ്ട് ഇന്നു നിങ്ങള്‍ അനുഭവിച്ചത് വചനത്തിലൂടെ നേടിയ ഫലങ്ങളാണ്. അവ യേശു അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുക വഴി നേടിയ ഫലങ്ങളെക്കാള്‍ വലുതാണ്. നീ കാണുന്ന ദൈവത്തിന്റെ മഹത്ത്വവും നീ കാണുന്ന ദൈവത്തിന്റെ അധികാരവും കുരിശുമരണം വഴി മാത്രമല്ല, രോഗം സുഖപ്പെടുത്തുന്നതും ഭൂതങ്ങളെ പുറത്താക്കുന്നതും വഴി മാത്രമല്ല ദൃശ്യമാകുന്നത്. അതിനെക്കാളെല്ലാം ഉപരിയായി അവന്റെ വചനത്തിന്റെ ന്യായവിധി വഴിയാണ്. ഇതു നിനക്കു കാണിച്ചു തരുന്നത് ദൈവത്തിന്റെ അധികാരവും ശക്തിയും എന്നത് അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നതും രോഗം സുഖപ്പെടുത്തുന്നതും ഭൂതങ്ങളെ പുറത്താക്കുന്നതും മാത്രമല്ല, മറിച്ച് ദൈവവചനത്തിന്റെ ന്യായവിധിക്ക് ദൈവത്തിന്റെ അധികാരത്തെ കുറെക്കൂടി നന്നായി പ്രതിനിധാനം ചെയ്യുവാനും അവന്റെ സര്‍വശക്തിത്വം കുറെക്കൂടി നന്നായി വെളിപ്പെടുത്താനും സാധിക്കും എന്നതാണ്.

മനുഷ്യന്‍ ഇപ്പോള്‍ നേടിയിരിക്കുന്നവ—അവന്റെ ഇപ്പോഴത്തെ ഔന്നത്യം, അറിവ്, സ്നേഹം, വിശ്വസ്തത, അനുസരണ, ഉള്‍ക്കാഴ്ച എന്നിവയെല്ലാം—വചനത്തിന്റെ ന്യായവിധി വഴി നേടിയ ഫലങ്ങളാണ്. നിനക്കു വിശ്വസ്തനായിരിക്കാന്‍ സാധിക്കുന്നതും ഇന്നുവരെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചതും വചനം വഴിയാണ്. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേല തീര്‍ച്ചയായും അസാധാരണമാണെന്നും അതില്‍ മനുഷ്യനു നേടാന്‍ സാധിക്കാത്തവ ധാരാളമുണ്ടെന്നും അവ രഹസ്യങ്ങളും അത്ഭുതങ്ങളുമാണെന്നും മനുഷ്യന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. അതിനാല്‍, അനേകര്‍ കീഴ്‌വഴങ്ങിയിരിക്കുന്നു. ചിലര്‍ ജനിച്ച ദിവസം മുതല്‍ ഒരു മനുഷ്യനും കീഴ്‌വഴങ്ങിയിട്ടില്ല. പക്ഷേ ഈ ദിവസം ദൈവത്തിന്റെ വചനങ്ങള്‍ കാണുമ്പോള്‍ തങ്ങള്‍ അതു ചെയ്തു എന്നതുപോലും ശ്രദ്ധിക്കാതെ അവര്‍ പൂര്‍ണമായും കീഴ്‌വഴങ്ങുന്നു. അവര്‍ സൂക്ഷ്മപരിശോധന നടത്താനോ മറ്റെന്തെങ്കിലും പറയുവാനോ ശ്രമിക്കുന്നില്ല. മനുഷ്യര്‍ വചനത്തിനു കീഴില്‍ വീണിരിക്കുന്നു, അവര്‍ വചനത്തിന്റെ ന്യായവിധിക്കു കീഴില്‍ സാഷ്ടാംഗം വീണുകിടക്കുന്നു. ദൈവത്തിന്റെ ആത്മാവു മനുഷ്യരോടു നേരിട്ടു സംസാരിച്ചാല്‍ മനുഷ്യവര്‍ഗം മുഴുവനായി വെളിപാടിന്റെ വചനങ്ങള്‍ ഇല്ലാതെ താഴെ വീണുകൊണ്ട് ആ ശബ്ദത്തിനു കീഴ്‌വഴങ്ങും; ഏതാണ്ട് ദമാസ്കസിലേക്കുള്ള വഴിയില്‍ പ്രകാശത്തില്‍ പൗലൊസ് താഴെ വീണതുപോലെത്തന്നെ. ദൈവം ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നതു തുടര്‍ന്നാല്‍ മനുഷ്യന് ഒരിക്കലും വചനത്തിന്റെ ന്യായവിധി വഴി സ്വന്തം ജീര്‍ണത അറിയുവാനും അങ്ങനെ രക്ഷ നേടുവാനും സാധിക്കുകയില്ല. മനുഷ്യജന്മം എടുക്കുന്നതിലൂടെ മാത്രമേ ദൈവത്തിനു നേരിട്ട് അവന്റെ വചനങ്ങള്‍ ഓരോ മനുഷ്യന്റെ ചെവിയിലേക്കും എത്തിക്കുവാന്‍ സാധിക്കുകയുള്ളൂ. അതുവഴി ചെവിയുള്ള എല്ലാവരും അവന്റെ വചനങ്ങള്‍ കേള്‍ക്കുകയും അവന്റെ വചനത്താലുള്ള ന്യായവിധിയുടെ വേല സ്വീകരിക്കുകയും ചെയ്യും. ആത്മാവു പ്രത്യക്ഷനായി മനുഷ്യനെ ഭയപ്പെടുത്തി, കീഴ്‌വഴങ്ങാന്‍ നിര്‍ബന്ധിക്കുന്നതിനു പകരം ഇതു മാത്രമാണ് അവന്റെ വചനം നേടുന്ന ഫലം. ഈ പ്രായോഗികവും എന്നാല്‍ അസാധാരണവുമായ വേലയിലൂടെ മാത്രമാണ് വര്‍ഷങ്ങളായി മനുഷ്യന്റെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന അവന്റെ പഴയ സ്വഭാവം പൂര്‍ണമായും വെളിച്ചത്തു കൊണ്ടുവരാനും അതിനെ അവന്‍ തിരിച്ചറിഞ്ഞ് മാറ്റുവാനും സാധിക്കുക. ഈ കാര്യങ്ങളെല്ലാം മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ പ്രായോഗിക വേലയാണ്. ഇതില്‍ പ്രായോഗികമായ രീതിയില്‍ സംസാരിച്ചും ന്യായവിധി നടപ്പാക്കിയും അവന്‍ വചനത്താല്‍ മനുഷ്യനു മേല്‍ ന്യായവിധിയുടെ ഫലങ്ങള്‍ നേടുന്നു. ഇതാണ് മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ അധികാരവും ദൈവത്തിന്റെ മനുഷ്യജന്മത്തിന്റെ പ്രാധാന്യവും. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ അധികാരം വെളിവാക്കുവാനും വചനത്തിന്റെ വേല വഴി നേടിയ ഫലങ്ങള്‍ വെളിവാക്കുവാനും ആത്മാവു ജഡത്തില്‍ ആഗതനായി എന്നും മനുഷ്യനെ വചനത്താല്‍ ന്യായം വിധിച്ചുകൊണ്ട് അവന്റെ അധികാരം പ്രകടിപ്പിക്കുന്നു എന്നും വെളിവാക്കാനും വേണ്ടിയാണ് ഇതു ചെയ്യുന്നത്. അവന്റെ മനുഷ്യജന്മം സാധാരണവും സാമാന്യവുമായ ഒരു മനുഷ്യത്വത്തിന്റെ ബാഹ്യരൂപം ആണെങ്കിലും അവന്റെ വചനങ്ങള്‍ ഉളവാക്കുന്ന ഫലങ്ങളാണ് അവന്‍ അധികാരത്താല്‍ നിറഞ്ഞവനാണെന്നും അവന്‍ ദൈവം തന്നെയാണെന്നും അവന്റെ വചനങ്ങള്‍ സാക്ഷാൽ ദൈവത്തിന്റെ പ്രകടനമാണെന്നും മനുഷ്യനു കാണിച്ചുകൊടുക്കുന്നത്. ഇതുവഴി അവന്‍ ദൈവം തന്നെയാണെന്നും അവന്‍ മനുഷ്യജന്മമെടുത്ത സാക്ഷാൽ ദൈവമാണെന്നും ആരും അവനെ പ്രകോപിപ്പിക്കരുതെന്നും വചനത്തിലൂടെയുള്ള അവന്റെ ന്യായവിധിയെ മറികടക്കാൻ ആർക്കും കഴിയില്ലെന്നും അവന്റെ അധികാരത്തെ വെല്ലാൻ ഒരു അന്ധകാരശക്തിക്കും കഴിയില്ലെന്നും മുഴുവന്‍ മനുഷ്യര്‍ക്കും കാണിച്ചുകൊടുക്കുന്നു. അവന്‍ മനുഷ്യജന്മമെടുത്ത വചനമായതു മൂലം, അവന്റെ അധികാരം മൂലം, വചനത്താലുള്ള അവന്റെ ന്യായവിധി മൂലം മനുഷ്യന്‍ പൂര്‍ണമായും അവനു കീഴ്‌വഴങ്ങുന്നു. അവന്റെ മനുഷ്യജന്മം കൊണ്ടുവന്ന വേലയാണ് അവനുള്ള അധികാരം. ദൈവം മനുഷ്യജന്മമെടുക്കുന്നത് ജഡരൂപത്തിനും അധികാരം കയ്യാളാം എന്നതുകൊണ്ടും മനുഷ്യര്‍ക്കിടയില്‍ പ്രായോഗികമായ രീതിയില്‍, മനുഷ്യനു കാണുവാനും തൊട്ടറിയുവാനും സാധിക്കുന്ന രീതിയില്‍, തന്റെ വേല നിര്‍വഹിക്കാന്‍ അവനു സാധിക്കും എന്നതുകൊണ്ടുമാണ്. ഈ വേല എല്ലാ അധികാരവും സ്വന്തമായ ദൈവത്തിന്റെ ആത്മാവു നേരിട്ടു ചെയ്യുന്ന വേലയെക്കാള്‍ വളരെയധികം യഥാര്‍ഥമാണ്. അതിന്റെ ഫലങ്ങളും പ്രകടമാണ്. അതിനു കാരണം ദൈവത്തിന്റെ മനുഷ്യജന്മത്തിനു പ്രായോഗികമായ രീതിയില്‍ സംസാരിക്കുവാനും പ്രവര്‍ത്തിക്കുവാനും സാധിക്കും എന്നതാണ്. അവന്റെ ബാഹ്യമായ മനുഷ്യരൂപത്തിന് അധികാരമൊന്നുമില്ല, മനുഷ്യന് അതിനെ സമീപിക്കുവാനും സാധിക്കും. അതേസമയം അവന്റെ സത്തയ്ക്ക് അധികാരമുണ്ട്, പക്ഷേ, ഈ അധികാരം ആര്‍ക്കും ദൃശ്യമല്ല. അവന്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന് അവന്റെ അധികാരം തിരിച്ചറിയാന്‍ സാധിക്കുന്നില്ല; ഇത് അവന്റെ വേല ഒരു പ്രായോഗികമായ രീതിയില്‍ ചെയ്യുന്നതിന് അവനെ സഹായിക്കുന്നു. ഈ പ്രായോഗിക പ്രവൃത്തികള്‍ക്കെല്ലാം ഫലമുളവാക്കാന്‍ സാധിക്കും. അവന് അധികാരമുണ്ടെന്ന് ഒരു മനുഷ്യനും തിരിച്ചറിയുന്നില്ലെങ്കിലും, അല്ലെങ്കില്‍ അവനെ പ്രകോപിപ്പിക്കരുതെന്നു മനസ്സിലാക്കുന്നില്ലെങ്കിലും അല്ലെങ്കില്‍ അവന്റെ ക്രോധം കാണുന്നില്ലെങ്കിലും അവന്റെ മൂടിവയ്ക്കപ്പെട്ട അധികാരത്തിലൂടെ, അവന്റെ ഗൂഢമായ ക്രോധത്തിലൂടെ, അവന്‍ പരസ്യമായി സംസാരിക്കുന്ന വചനങ്ങളിലൂടെ ഉദ്ദേശിച്ച ഫലങ്ങള്‍ അവന്‍ നേടുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അവന്റെ സ്വരത്തിന്റെ ഭാവത്തിലൂടെ, അവന്റെ സംസാരത്തിലെ കാര്‍ക്കശ്യത്തിലൂടെ, അവന്റെ വാക്കുകളിലെ എല്ലാ ജ്ഞാനത്തിലൂടെയും മനുഷ്യനു പൂര്‍ണമായും ബോധ്യം വരുന്നു. ഈ തരത്തില്‍, മനുഷ്യന്‍ പ്രത്യക്ഷത്തില്‍ അധികാരമൊന്നുമില്ലാത്ത മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വചനത്തിനു കീഴ്‌വഴങ്ങുകയും അങ്ങനെ മനുഷ്യനെ രക്ഷിക്കുക എന്ന ദൈവത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ഇതാണ് അവന്റെ മനുഷ്യാവതാരത്തിന്റെ പ്രാധാന്യത്തിന്റേതായ മറ്റൊരു വശം: കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ സംസാരിക്കുകയും അവന്റെ വചനങ്ങളിലെ യാഥാര്‍ഥ്യത്തെ മനുഷ്യനുമേല്‍ ഒരു സ്വാധീനമുണ്ടാക്കാന്‍ അനുവദിക്കുകയും അതുവഴി മനുഷ്യന്‍ ദൈവവചനത്തിന്റെ ശക്തിക്കു സാക്ഷ്യം വഹിക്കുമാറാകുകയും ചെയ്യുക. അതുകൊണ്ട്, മനുഷ്യജന്മം വഴിയല്ല ഈ വേല ചെയ്തിരുന്നത് എങ്കില്‍ അത് അല്പം പോലും ഫലമുളവാക്കുമായിരുന്നില്ല, അതുവഴി പാപികളെ മുഴുവനായി രക്ഷിക്കുവാനും സാധിക്കുമായിരുന്നില്ല. ദൈവം മനുഷ്യജന്മമെടുത്തില്ലായിരുന്നെങ്കില്‍ മനുഷ്യന് കാണാനും അനുഭവിച്ചറിയാനും സാധിക്കാത്ത ആത്മാവായി അവന്‍ അവശേഷിക്കുമായിരുന്നു. മനുഷ്യന്‍ ജഡത്തിന്റെ അസ്തിത്വമായതിനാല്‍ അവനും ദൈവവും രണ്ടു വ്യത്യസ്ത ലോകങ്ങളിലുള്ളവരാണ്, രണ്ടു വ്യത്യസ്ത പ്രകൃതമാണ്. ദൈവത്തിന്റെ ആത്മാവു ജഡികനായ മനുഷ്യനുമായി പൊരുത്തപ്പെടുന്നതല്ല. അതിനാല്‍ അവര്‍ക്കിടയില്‍ ബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ മാര്‍ഗമൊന്നുമില്ല. മനുഷ്യന് ആത്മാവായി മാറാന്‍ സാധിക്കില്ല എന്നതും പ്രത്യേകിച്ചു പറയേണ്ടതില്ല. ഇങ്ങനെയായതിനാല്‍, ദൈവത്തിന്റെ ആത്മാവിന് അവന്റെ യഥാര്‍ഥ വേല ചെയ്യുവാന്‍ ഒരു സൃഷ്ടിക്കപ്പെട്ട അസ്തിത്വമാകേണ്ടതുണ്ട്. ദൈവത്തിന് ഏറ്റവും ഉന്നതമായ ഇടത്തിലേക്ക് ഉയരുവാനും ഒരു മനുഷ്യജീവിയായി സ്വയം താഴ്ന്നു മനുഷ്യര്‍ക്കിടയില്‍ വേലചെയ്ത് അവര്‍ക്കിടയില്‍ ജീവിക്കുവാനും സാധിക്കും. പക്ഷേ മനുഷ്യന് ഏറ്റവും ഉന്നതമായ ഇടത്തിലേക്ക് ഉയരുവാനും ഒരു ആത്മാവാകുവാനും സാധിക്കുകയില്ല. അത്ര പോലും ഏറ്റവും താഴത്തേക്കു താഴുവാനും അവന് സാധിക്കുകയില്ല. ഇതുകൊണ്ടാണ് തന്റെ വേല ചെയ്യുവാന്‍ ദൈവത്തിനു മനുഷ്യനാകേണ്ടിവരുന്നത്. ഇതേ തരത്തില്‍, ആദ്യത്തെ മനുഷ്യജന്മത്തില്‍, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ജഡരൂപത്തിനു മാത്രമേ തന്റെ കുരിശുമരണം വഴി മനുഷ്യരെ വീണ്ടെടുക്കാന്‍ സാധിച്ചുള്ളൂ. അതേസമയം ദൈവത്തിന്റെ ആത്മാവിന് മനുഷ്യനുള്ള പാപയാഗമായി ക്രൂശിക്കപ്പെടാന്‍ യാതൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. മനുഷ്യനുള്ള പാപയാഗമാകുവാന്‍ വേണ്ടി ദൈവത്തിനു നേരിട്ടു മനുഷ്യനാകുവാന്‍ സാധിച്ചു. പക്ഷേ ദൈവം അവനായി തയ്യാറാക്കിയിരുന്ന പാപയാഗം സ്വീകരിക്കാനായി നേരിട്ടു സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുവാന്‍ മനുഷ്യനു സാധിക്കുമായിരുന്നില്ല. ഇങ്ങനെയായതുകൊണ്ട്, ആകെ ചെയ്യുവാന്‍ സാധിക്കുക ദൈവത്തോടു കുറച്ചു തവണ സ്വര്‍ഗത്തിലേക്കും ഭൂമിയിലേക്കും മാറി മാറി സഞ്ചരിക്കുവാന്‍ അഭ്യർഥിക്കുകയാണ്, അല്ലാതെ ഈ രക്ഷ സ്വീകരിക്കുവാന്‍ മനുഷ്യന്‍ സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുകയല്ല; കാരണം, മനുഷ്യന്‍ വീണുപോയി. അതിലുപരി മനുഷ്യന് സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുവാൻ സാധിക്കുമായിരുന്നില്ല. പാപയാഗം നേടുവാൻ അവന് അത്രപോലും സാധിക്കുമായിരുന്നില്ല. അതിനാല്‍, യേശു മനുഷ്യര്‍ക്കിടയില്‍ വരേണ്ടതും മനുഷ്യനാല്‍ നിവര്‍ത്തിക്കുവാന്‍ സാധിക്കാത്ത വേല നേരിട്ടു ചെയ്യേണ്ടതും ആവശ്യമായിരുന്നു. ഓരോ തവണയും ദൈവം മനുഷ്യനാകുന്നത് അതു തീര്‍ത്തും ആവശ്യമായി വരുമ്പോഴാണ്. ഏതെങ്കിലും ഘട്ടങ്ങള്‍ ദൈവത്തിന്റെ ആത്മാവിനു നേരിട്ടു നിര്‍വഹിക്കുവാന്‍ സാധിക്കുമായിരുന്നെങ്കില്‍ മനുഷ്യജന്മമെടുക്കുന്നതിന്റെ അപമാനത്തിന് അവന്‍ വിധേയനാകുമായിരുന്നില്ല.

വേലയുടെ ഈ അന്ത്യഘട്ടത്തില്‍, വചനത്തിലൂടെയാണ് ഫലങ്ങള്‍ നേടുന്നത്. വചനത്തിലൂടെ മനുഷ്യന്‍ പല രഹസ്യങ്ങളും കഴിഞ്ഞ തലമുറകളിലൂടെ ദൈവം ചെയ്ത വേലകളും മനസ്സിലാക്കുന്നു; വചനത്തിലൂടെ മനുഷ്യന്‍ പരിശുദ്ധാത്മാവിനാല്‍ പ്രബുദ്ധനാക്കപ്പെടുന്നു; വചനത്തിലൂടെ മനുഷ്യന്‍ മുന്‍തലമുറകള്‍ക്കൊന്നും ഒരിക്കലും വെളിപ്പെടാത്ത രഹസ്യങ്ങളും അതുപോലെ കഴിഞ്ഞകാല പ്രവാചകന്മാരുടെയും അപ്പോസ്തോലന്മാരുടെയും പ്രവൃത്തികളും അവരുടെ പ്രവര്‍ത്തനത്തിന്റെ തത്ത്വങ്ങളും മനസ്സിലാക്കുന്നു; വചനത്തിലൂടെ മനുഷ്യന്‍ സാക്ഷാൽ ദൈവത്തിന്റെ സ്വഭാവവും അതുപോലെ മനുഷ്യന്റെ ധിക്കാരവും എതിര്‍പ്പും മനസ്സിലാക്കുകയും അവന്റെ സ്വന്തം സത്തയെ അറിയുകയും ചെയ്യുന്നു. വേലയുടെ ഈ ഘട്ടങ്ങളിലൂടെയും അരുൾചെയ്യപ്പെട്ട എല്ലാ വചനങ്ങളിലൂടെയും മനുഷ്യന്‍ ആത്മാവിന്റെ വേലയും മനുഷ്യജന്മമെടുത്ത ദൈവം ചെയ്യുന്ന വേലയും അതിലുപരി ദൈവത്തിന്റെ മുഴുവന്‍ പ്രകൃതവും അറിയുന്നു. ദൈവത്തിന്റെ ആറായിരം വര്‍ഷത്തെ കാര്യനിര്‍വഹണ വേലയെപ്പറ്റിയുള്ള നിന്റെ അറിവും വചനത്തിലൂടെ നേടിയതാണ്. മുമ്പു നിനക്കുണ്ടായിരുന്ന ധാരണകളെപ്പറ്റിയുള്ള അറിവും അവയെ ഉപേക്ഷിക്കുന്നതിലുള്ള നിന്റെ വിജയവും നീ നേടിയതും വചനത്തിലൂടെയല്ലേ? മുമ്പത്തെ ഘട്ടത്തില്‍, യേശു അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചു. പക്ഷേ ഈ ഘട്ടത്തില്‍ അടയാളങ്ങളും അത്ഭുതങ്ങളുമൊന്നുമില്ല. എന്തുകൊണ്ടാണു ദൈവം അടയാളങ്ങളും അത്ഭുതങ്ങളും വെളിവാക്കാത്തത് എന്നതിനെപ്പറ്റിയുള്ള നിന്റെ ഗ്രാഹ്യവും വചനത്തിലൂടെയല്ലേ നേടിയത്? അതിനാല്‍, ഈ ഘട്ടത്തില്‍ അരുൾചെയ്യുന്ന വചനങ്ങള്‍ കഴിഞ്ഞ തലമുറകളില്‍ അപ്പോസ്തോലന്മാരും പ്രവാചകരും ചെയ്ത വേലയെ കവച്ചുവയ്ക്കുന്നതാണ്. പ്രവാചകരുടെ പ്രവചനങ്ങള്‍ക്കുപോലും ഈ ഒരു ഫലം നേടുവാന്‍ സാധിക്കുമായിരുന്നില്ല. പ്രവാചകര്‍ പ്രവചനങ്ങള്‍ മാത്രമേ നടത്തിയുള്ളൂ, ഭാവിയില്‍ എന്തു സംഭവിക്കും എന്നതിനെപ്പറ്റി മാത്രമേ പറഞ്ഞുള്ളൂ. പക്ഷേ ആ സമയത്ത് ദൈവം ചെയ്യാനാഗ്രഹിക്കുന്ന വേലയെപ്പറ്റി പറഞ്ഞില്ല. മനുഷ്യവര്‍ഗത്തിന് അവരുടെ ജീവിതത്തില്‍ മാര്‍ഗദര്‍ശനം നല്‍കാനോ മനുഷ്യവര്‍ഗത്തിനു സത്യങ്ങള്‍ പ്രദാനം ചെയ്യുവാനോ അവര്‍ക്കു രഹസ്യങ്ങള്‍ വെളിവാക്കുവാനോ അത്രപോലും അവര്‍ക്കു ജീവന്‍ പ്രദാനം ചെയ്യുവാനോ വേണ്ടി അവര്‍ സംസാരിച്ചില്ല. ഈ ഘട്ടത്തില്‍ അരുൾചെയ്ത വചനങ്ങളെപ്പറ്റിയാണെങ്കില്‍, അവയില്‍ പ്രവചനവും സത്യവുമുണ്ട്, പക്ഷേ ഈ വചനങ്ങള്‍ പ്രധാനമായും മനുഷ്യനു ജീവന്‍ പ്രദാനം ചെയ്യുവാന്‍ വേണ്ടിയാണ് ഉപകാരപ്പെടുന്നത്. ഇപ്പോഴത്തെ വചനങ്ങള്‍ പ്രവാചകരുടെ പ്രവചനങ്ങള്‍ പോലെയല്ല. ഇത് മനുഷ്യന്‍റെ ജീവനുവേണ്ടിയുള്ള, അവന്റെ ജീവിത പ്രകൃതം മാറുവാന്‍ വേണ്ടിയുള്ള വേലയുടെ ഒരു ഘട്ടമാണ്, പ്രവചനങ്ങള്‍ നടത്താന്‍ വേണ്ടിയുള്ളതല്ല. ആദ്യത്തെ ഘട്ടം യഹോവയുടെ വേലയായിരുന്നു: അവന്റെ വേല മനുഷ്യനു ഭൂമിയില്‍ ദൈവത്തെ ആരാധിക്കുവാന്‍ ഒരു മാര്‍ഗം ഒരുക്കുക എന്നതായിരുന്നു. ഭൂമിയിലെ വേലയ്ക്ക് ഒരു തുടക്കസ്ഥലം കണ്ടുപിടിക്കുവാനുള്ള പ്രാരംഭവേലയായിരുന്നു അത്. ആ സമയത്ത്, യഹോവ ഇസ്രായേല്യരെ ശബത്ത് ആചരിക്കുവാനും മാതാപിതാക്കളെ ബഹുമാനിക്കുവാനും പരസ്പരം സമാധാനത്തില്‍ വര്‍ത്തിക്കുവാനും പഠിപ്പിച്ചു. കാരണം, അക്കാലത്തെ മനുഷ്യര്‍ എന്താണു മനുഷ്യനെ മനുഷ്യനാക്കുന്നതെന്നു മനസ്സിലാക്കിയില്ല. എങ്ങനെയാണ് ഭൂമിയില്‍ വസിക്കേണ്ടതെന്നും അവര്‍ മനസ്സിലാക്കിയില്ല. വേലയുടെ ആദ്യഘട്ടത്തില്‍ അവൻ മനുഷ്യവര്‍ഗത്തിന് ജീവിതം നയിക്കുന്നതിനായി മാര്‍ഗദര്‍ശനം നല്‍കേണ്ടത് ആവശ്യമായിരുന്നു. യഹോവ അവരോടു പറഞ്ഞതെല്ലാം മനുഷ്യവര്‍ഗത്തിന് മുമ്പ് അറിവുണ്ടായിരുന്നതോ അവര്‍ക്കു സ്വന്തമായിരുന്നതോ അല്ല. ആ സമയത്ത്, പ്രവചനങ്ങള്‍ നടത്തുവാനായി ദൈവം അനേകം പ്രവാചകരെ ഉയര്‍ത്തിക്കൊണ്ടുവന്നു. അവരെല്ലാം പ്രവചനങ്ങള്‍ നടത്തിയത് യഹോവയുടെ മാര്‍ഗദര്‍ശനത്തിന്‍ കീഴിലായിരുന്നു. ഇതു ദൈവത്തിന്റെ വേലയിലെ വെറും ഒരിനം മാത്രമായിരുന്നു. ആദ്യഘട്ടത്തില്‍, ദൈവം മനുഷ്യജന്മമെടുത്തില്ല. അതുകൊണ്ട് അവന്‍ എല്ലാ ഗോത്രങ്ങളെയും ജനതകളെയും പ്രവാചകര്‍ വഴി ഉദ്ബോധിപ്പിച്ചു. യേശു അവന്റെ സമയത്തു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്നത്തേതുപോലെ സംസാരിച്ചിരുന്നില്ല. അന്ത്യനാളുകളിലെ വചനത്തിന്റെ വേലയുടെ ഈ ഘട്ടം കഴിഞ്ഞ യുഗങ്ങളിലും തലമുറകളിലുമൊന്നും നിര്‍വഹിക്കപ്പെട്ടിട്ടില്ല. യെശയ്യാ, ദാനിയേല്‍, യോഹന്നാന്‍ എന്നിവര്‍ ധാരാളം പ്രവചനങ്ങള്‍ നടത്തിയെങ്കിലും അവരുടെ പ്രവചനങ്ങള്‍ ഇപ്പോള്‍ അരുൾചെയ്യുന്ന വചനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. അവരുടേതു വെറും പ്രവചനങ്ങളായിരുന്നു. പക്ഷേ ഇപ്പോള്‍ അരുൾചെയ്യുന്ന വചനങ്ങള്‍ അങ്ങനെയല്ല. ഇപ്പോള്‍ ഞാന്‍ പറയുന്ന എല്ലാറ്റിനെയും പ്രവചനങ്ങളാക്കി മാറ്റിയാല്‍ നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുമോ? ഞാന്‍ പോയതിനു ശേഷമുള്ള കാര്യങ്ങളെക്കുറിച്ചാണു ഞാന്‍ സംസാരിച്ചിട്ടുള്ളതെങ്കില്‍ എങ്ങനെയാണ് നിനക്കു ഗ്രാഹ്യം നേടാനാകുക? വചനത്തിന്റെ വേല ഒരിക്കലും യേശുവിന്റെ സമയത്തോ ന്യായപ്രമാണയുഗത്തിലോ നിര്‍വഹിക്കപ്പെട്ടിട്ടില്ല. ഒരുപക്ഷേ ചിലര്‍ പറയും, “യഹോവയും അവന്റെ വേലയുടെ സമയത്തു വചനങ്ങള്‍ അരുൾചെയ്തിട്ടില്ലേ? യേശുവും അവന്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് രോഗം സുഖപ്പെടുത്തുന്നതിനും ഭൂതങ്ങളെ പുറത്താക്കുന്നതിനും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുന്നതിനും പുറമെ വചനങ്ങളും അരുൾചെയ്തിട്ടില്ലേ?” വചനങ്ങള്‍ എങ്ങനെയാണു അരുൾചെയ്യുന്നത് എന്നതില്‍ വ്യത്യാസങ്ങളുണ്ട്. എന്തായിരുന്നു യഹോവ അരുള്‍ചെയ്ത വചനങ്ങളുടെ സാരം? മനുഷ്യവര്‍ഗത്തിനു ഭൂമിയില്‍ അവരുടെ ജീവിതം നയിക്കാന്‍ മാര്‍ഗദര്‍ശനം നല്‍കുക മാത്രമായിരുന്നു അവന്‍. അത് ജീവന്റെ ആത്മീയകാര്യങ്ങളെ സ്പര്‍ശിച്ചില്ല. യഹോവ സംസാരിച്ചപ്പോള്‍ അത് എല്ലായിടത്തെയും ആളുകളെ ഉദ്ബോധിപ്പിക്കുവാൻ വേണ്ടിയായിരുന്നു എന്ന്‍ എന്തുകൊണ്ടാണു പറയുന്നത്? “ഉദ്ബോധിപ്പിക്കുക” എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത് തുറന്നു പറയുക, നേരിട്ട് ആജ്ഞാപിക്കുക എന്നതാണ്. അവന്‍ മനുഷ്യനു ജീവന്‍ നല്‍കിയില്ല; മറിച്ച് അവന്‍ മനുഷ്യരെ കൈപിടിച്ചു നയിക്കുകയും എങ്ങനെയാണു തന്നെ ബഹുമാനിക്കേണ്ടതെന്ന് ഉപമകളുടെ അധികം സഹായമൊന്നുമില്ലാതെ അവരെ പഠിപ്പിക്കുകയും ചെയ്തു. ഇസ്രായേലില്‍ യഹോവ ചെയ്ത പ്രവൃത്തി മനുഷ്യനെ കൈകാര്യം ചെയ്യാൻ വേണ്ടിയുള്ളതോ അവനു ശിക്ഷണം നല്‍കാന്‍ വേണ്ടിയുള്ളതോ ന്യായവിധിയോ ശാസനമോ നല്‍കാന്‍ വേണ്ടിയുള്ളതോ ആയിരുന്നില്ല. മനുഷ്യനെ നയിക്കാന്‍ വേണ്ടിയുള്ളതായിരുന്നു അത്. മരുഭൂമിയില്‍ മന്ന ശേഖരിക്കണമെന്നു തന്റെ ജനത്തോടു പറയുവാന്‍ യഹോവ മോശയോടു കല്പിച്ചു. എല്ലാ പ്രഭാതത്തിലും സൂര്യനുദിക്കുന്നതിനു മുമ്പായി അന്നേ ദിവസം അവര്‍ക്കു കഴിക്കുവാന്‍ ആവശ്യമായ അത്ര മാത്രം മന്ന അവര്‍ ശേഖരിക്കേണ്ടതുണ്ടായിരുന്നു. മന്ന അടുത്ത ദിവസം വരെ സൂക്ഷിക്കരുതായിരുന്നു, അതിൽ പൂപ്പൽ വരുമായിരുന്നു. അവന്‍ ജനങ്ങളെ പഠിപ്പിക്കുകയോ അവരുടെ സ്വഭാവങ്ങള്‍ വെളിവാക്കുകയോ ചെയ്തില്ല. അവരുടെ ആശയങ്ങളും ചിന്തകളും പരസ്യമാക്കുകയും ചെയ്തില്ല. അവന്‍ ആളുകളെ മാറ്റിയില്ല. മറിച്ച് ജീവിതം നയിക്കുന്നതില്‍ അവര്‍ക്കു മാര്‍ഗദര്‍ശനം നല്‍കി. അക്കാലത്തെ ആളുകള്‍ ഒന്നും ഗ്രഹിക്കാത്ത, ചില അടിസ്ഥാനചലനങ്ങള്‍ മാത്രം സാധ്യമായ കുഞ്ഞുങ്ങളെപ്പോലെയായിരുന്നു. അതുകൊണ്ടു യഹോവ ജനസാമാന്യത്തെ നയിക്കുവാനായി നിയമങ്ങള്‍ അനുശാസിക്കുക മാത്രം ചെയ്തു.

സുവിശേഷം പ്രചരിപ്പിക്കുവാന്‍, അങ്ങനെ ആത്മാര്‍ഥഹൃദയത്തോടെ തേടുന്ന എല്ലാവരും ഈ ദിവസം ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി അറിവു നേടുകയും അങ്ങനെ പൂര്‍ണമായും ബോധ്യം വരികയും ചെയ്യുവാന്‍, ഓരോ ഘട്ടത്തിലും നിര്‍വഹിക്കപ്പെടുന്ന വേലയുടെ ഉള്‍ക്കഥയെപ്പറ്റി, സത്തയെപ്പറ്റി, പ്രാധാന്യത്തെപ്പറ്റി വ്യക്തമായ ഗ്രാഹ്യം നീ നേടണം. അങ്ങനെ ചെയ്യുമ്പോള്‍, നിന്റെ സംവാദം ശ്രദ്ധിക്കുന്നതിലൂടെ മറ്റുള്ളവര്‍ യഹോവയുടെ വേലയും യേശുവിന്റെ വേലയും, അതിലുപരി ഇന്നത്തെ ദൈവത്തിന്റെ എല്ലാ വേലയും അതുപോലെ വേലയുടെ മൂന്നു ഘട്ടങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും വ്യത്യാസങ്ങളും മനസ്സിലാക്കും. അങ്ങനെ ചെയ്യുക വഴി, അവർ ശ്രദ്ധിച്ചു കഴിഞ്ഞതിനു ശേഷം മൂന്നു ഘട്ടങ്ങള്‍ പരസ്പരം തടസ്സപ്പെടുത്തുന്നില്ലെന്നും പകരം അവയെല്ലാം ഒരേ ആത്മാവിന്റെ വേലയാണെന്നും മറ്റുള്ളവര്‍ കാണും. അവര്‍ വ്യത്യസ്തയുഗങ്ങളിലാണ് വേല ചെയ്യുന്നതെങ്കിലും അവർ ചെയ്യുന്ന വേലയുടെ ഉള്ളടക്കം വ്യത്യസ്തമാണെങ്കിലും അവര്‍ പറയുന്ന വചനങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവരുടെ പ്രവര്‍ത്തനത്തിന് അടിസ്ഥാനമായ തത്ത്വങ്ങള്‍ ഒന്നുതന്നെയാണ്. ഈ കാര്യങ്ങള്‍ ദൈവത്തെ അനുഗമിക്കുന്ന എല്ലാ ആളുകളും മനസ്സിലാക്കേണ്ട ഏറ്റവും മഹത്തായ ദര്‍ശനങ്ങളാണ്.

മുമ്പത്തേത്: ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (3)

അടുത്തത്: രണ്ട് അവതാരങ്ങളും കൂടി മനുഷ്യാവതാരത്തിന്റെ പ്രാധാന്യം പൂർത്തിയാക്കുന്നു

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക