ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (3)

ദൈവം തന്റെ വേല നിര്‍വഹിക്കുമ്പോള്‍ അവന്‍ എന്തെങ്കിലും പടുത്തുയര്‍ത്തുന്നതിലോ മുന്നേറ്റങ്ങളിലോ ഏര്‍പ്പെടാന്‍ വേണ്ടിയല്ല വരുന്നത്. മറിച്ച്, തന്റെ ശുശ്രൂഷ നിറവേറ്റാനാണ്. ഓരോ തവണ അവന്‍ മനുഷ്യജന്മമെടുക്കുമ്പോഴും അത് വേലയുടെ ഒരു ഘട്ടം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും ഒരു പുതുയുഗം തുടങ്ങാന്‍ വേണ്ടിയും മാത്രമാണ്. ഇപ്പോള്‍ ദൈവരാജ്യയുഗം ആഗതമായിക്കഴിഞ്ഞു. അതുപോലെ ദൈവരാജ്യത്തിനായുള്ള പരിശീലനവും. വേലയുടെ ഈ ഘട്ടം മനുഷ്യന്റെ വേലയല്ല, ഒരളവുവരെ മനുഷ്യനെ വേലചെയ്യുന്നതിനു വേണ്ടിയുള്ളതും അല്ല; മറിച്ച് ദൈവത്തിന്റെ വേലയുടെ ഒരു ഭാഗം പൂര്‍ത്തിയാക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. അവന്‍ ചെയ്യുന്നത് മനുഷ്യന്റെ വേലയല്ല, ഭൂമി വിട്ടുപോകുന്നതിനു മുമ്പു മനുഷ്യനെ വേലചെയ്യുന്നതില്‍ നിന്നും ഒരു പ്രത്യേകഫലം നേടുവാന്‍ വേണ്ടിയുള്ളതുമല്ല; അത് അവന്റെ ശുശ്രൂഷ നിര്‍വഹിക്കുവാനും അവന്‍ ചെയ്യേണ്ടതായിട്ടുള്ള വേല പൂര്‍ത്തിയാക്കുവാനും വേണ്ടിയുള്ളതാണ്. അതായത്, ഭൂമിയില്‍ അവന്റെ വേലയ്ക്കായി ഉചിതമായ സജ്ജീകരണങ്ങളൊരുക്കുകയും അതുവഴി മഹത്ത്വപ്പെടുകയും ചെയ്യാന്‍ വേണ്ടിയുള്ളത്. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേല പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെടുന്നവരുടെ വേല പോലെയല്ല. ദൈവം ഭൂമിയില്‍ തന്റെ വേല ചെയ്യാനായി വരുമ്പോള്‍ തന്റെ ശുശ്രൂഷയുടെ നിര്‍വഹണത്തില്‍ മാത്രമാണ് അവന്റെ ശ്രദ്ധ. അവന്റെ ശുശ്രൂഷയുമായി ബന്ധമില്ലാത്ത മറ്റെല്ലാ കാര്യങ്ങളെയും സംബന്ധിച്ചിടത്തോളം, അവയെ അവഗണിക്കുന്ന അത്ര വരെ അവന്‍ അവയില്‍ ഭാഗഭാക്കാകാതെയിരിക്കുന്നു. താൻ ചെയ്യേണ്ടതായിട്ടുള്ള വേല അവൻ ചെയ്യുന്നു, മനുഷ്യന്‍ ചെയ്യേണ്ടതായിട്ടുള്ള വേല അവന്റെ പരിഗണനകളില്‍ ഏറ്റവും അവസാനത്തേതാണ്. അവന്‍ ചെയ്യുന്ന വേല അവന്‍ ആയിരിക്കുന്ന യുഗവുമായി മാത്രം, അവന്‍ നിര്‍വഹിക്കേണ്ട ശുശ്രൂഷയുമായി മാത്രം ബന്ധപ്പെട്ടതാണ്; മറ്റെല്ലാ കാര്യങ്ങളും അവന്റെ പരിഗണനയ്ക്കു പുറത്താണ് എന്നതുപോലെയാണത്. മനുഷ്യര്‍ക്കിടയില്‍ ഒരാളായി ജീവിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ അടിസ്ഥാന അറിവുകള്‍ അവന്‍ സ്വയം നേടിയെടുക്കുന്നില്ല. മറ്റുള്ളവരുമായി ഇടപഴകുന്നതിനുള്ള കൂടുതല്‍ വിദ്യകള്‍ പഠിച്ചെടുക്കുകയോ മനുഷ്യനു മനസ്സിലാകുന്ന മറ്റെന്തെങ്കിലും കാര്യങ്ങള്‍ സ്വയം ആര്‍ജ്ജിച്ചെടുക്കുകയോ ചെയ്യുന്നില്ല. മനുഷ്യന്‍ സ്വന്തമാക്കേണ്ടതായിട്ടുള്ള എല്ലാറ്റിനെയും കുറിച്ച് അവന്‍ ഒട്ടും തന്നെ ചിന്തിക്കുന്നില്ല. അവന്റെ കടമയായ വേല ചെയ്യുക മാത്രം ചെയ്യുന്നു. അതുകൊണ്ട്, മനുഷ്യന്റെ കാഴ്ചയില്‍, മനുഷ്യജന്മമെടുത്ത ദൈവം മനുഷ്യന്‍ സ്വന്തമാക്കേണ്ടതായിട്ടുള്ള പല കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുക പോലും ചെയ്യാത്ത തരത്തില്‍ പോരായ്മകളുള്ളവനാണ്, അത്തരം കാര്യങ്ങളെക്കുറിച്ച് അവനു യാതൊരു ഗ്രാഹ്യവുമില്ല. ജീവിതത്തെക്കുറിച്ചുള്ള സാമാന്യവിജ്ഞാനം, വ്യക്തിപരമായ പെരുമാറ്റത്തെയും മറ്റുള്ളവരുമായുള്ള ഇടപഴകലിനെയും നിയന്ത്രിക്കുന്ന തത്ത്വങ്ങള്‍ തുടങ്ങിയവയുമായി അവനു യാതൊരു ബന്ധവും കാണുന്നില്ല. പക്ഷേ, മനുഷ്യജന്മമെടുത്ത ദൈവത്തില്‍ അസ്വാഭാവികതയുടെ നേരിയ സൂചന പോലും നിനക്കു തിരിച്ചറിയാന്‍ സാധിക്കില്ല. എന്നുപറഞ്ഞാല്‍, അവന്റെ മനുഷ്യത്വം ഒരു സാധാരണ വ്യക്തി എന്ന നിലയിലുള്ള അവന്റെ ജീവിതത്തെയും, തെറ്റും ശരിയും വേര്‍തിരിച്ചറിയാനുള്ള കഴിവു നല്‍കിക്കൊണ്ട് അവന്റെ തലച്ചോറിന്റെ സാധാരണ യുക്തിയെയും മാത്രമേ നിലനിര്‍ത്തുന്നുള്ളൂ. എന്നിരുന്നാലും, മനുഷ്യര്‍ ‍(സൃഷ്ടിക്കപ്പെട്ടവര്‍) മാത്രം സ്വന്തമാക്കേണ്ടതായിട്ടുള്ള ഒന്നും അവനു സ്വന്തമായിട്ടില്ല. സ്വന്തം ശുശ്രൂഷ നിറവേറ്റാന്‍ വേണ്ടി മാത്രമാണ് ദൈവം മനുഷ്യജന്മമെടുക്കുന്നത്. അവന്റെ വേല ഒരു മുഴുവന്‍ യുഗത്തെയും ലക്ഷ്യംവച്ചുള്ളതാണ്. അതൊരു വ്യക്തിയെയോ സ്ഥലത്തെയോ മാത്രം ലക്ഷ്യമിട്ടുള്ളതല്ല, മറിച്ച് പ്രപഞ്ചം മുഴുവനെയും ഉദ്ദേശിച്ചുള്ളതാണ്. ഇതാണ് അവന്റെ വേലയുടെ ലക്ഷ്യവും അവന്റെ പ്രവര്‍ത്തനതത്ത്വവും. ആര്‍ക്കും ഇതു മാറ്റുവാന്‍ സാധിക്കില്ല. മനുഷ്യന് ഒരു തരത്തിലും അതിലുള്‍പ്പെടുവാനും സാധിക്കുകയില്ല. ഓരോ തവണയും ദൈവം മനുഷ്യജന്മമെടുക്കുമ്പോള്‍, അവന്‍ തന്നോടൊപ്പം ആ യുഗത്തിന്റെ വേല കൂടി കൊണ്ടുവരുന്നു. ഇരുപതോ മുപ്പതോ നാല്‍പ്പതോ അല്ലെങ്കില്‍ എഴുപതോ എണ്‍പതോ വര്‍ഷം മനുഷ്യരോടൊപ്പം ജീവിച്ച് അവര്‍ തന്നെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുന്നതിനും തന്നെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നേടുന്നതിനും കാരണമാകണമെന്നുള്ള ഒരുദ്ദേശ്യവും അവനില്ല. അതിന്റെ ആവശ്യമില്ല! അങ്ങനെ ചെയ്യുന്നതു ദൈവത്തിന്റെ സഹജമായ പ്രകൃതത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവിനെ ഒരുതരത്തിലും ആഴപ്പെടുത്തുകയില്ല. പകരം, അതവന്റെ ധാരണകള്‍ വർധിപ്പിക്കുകയും അവന്റെ ധാരണകളും ചിന്തകളും ദൃഢമാകുന്നതിനു കാരണമാകുകയുമേ ഉള്ളൂ. അതുകൊണ്ട്, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേല എന്താണെന്ന് കൃത്യമായും നിങ്ങളെല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. തീര്‍ച്ചയായും ഞാന്‍ നിങ്ങളോടു പറഞ്ഞ ഈ വചനങ്ങള്‍ മനസ്സിലാക്കാതെ പോകുക നിങ്ങള്‍ക്ക് അസാധ്യമല്ലേ: “ഒരു സാധാരണ മനുഷ്യന്റെ ജീവിതം അനുഭവിച്ചറിയാന്‍ വേണ്ടിയല്ല ഞാന്‍ ഭൂമിയിലേക്കു വന്നത്”? “ഒരു സാധാരണ മനുഷ്യന്റെ ജീവിതം ജീവിക്കുവാന്‍ വേണ്ടിയല്ല ദൈവം ഭൂമിയിലേക്കു വരുന്നത്” എന്ന വാക്കുകള്‍ നിങ്ങള്‍ മറന്നോ? ദൈവം മനുഷ്യജന്മമെടുക്കുന്നതിന്റെ ഉദ്ദേശ്യം നിങ്ങള്‍ മനസ്സിലാക്കുന്നില്ല. “സൃഷ്ടിക്കപ്പെട്ട ഒന്നിന്റെ ജീവിതം അനുഭവിച്ചറിയുക എന്ന ലക്ഷ്യവുമായി ഭൂമിയിലേക്കു വരാന്‍ ദൈവത്തിന് എങ്ങനെയാണു സാധിക്കുക?” എന്നതിന്റെ അര്‍ഥവും നിങ്ങള്‍ക്കറിയില്ല. ദൈവം ഭൂമിയിലേക്കു വരുന്നത് അവന്റെ വേല പൂര്‍ത്തിയാക്കുവാന്‍ വേണ്ടി മാത്രമാണ്. അതുകൊണ്ടു ഭൂമിയിലെ അവന്റെ വേല അല്പകാലത്തേക്കുള്ളതാണ്. സഭയെ നയിക്കാനുള്ള ഒരു വിശിഷ്ടമനുഷ്യനായി തന്റെ ജഡശരീരത്തെ വളര്‍ത്തിയെടുക്കുവാന്‍ ദൈവാത്മാവിനെ ഇടയാക്കുക എന്നെ ലക്ഷ്യവുമായല്ല അവന്‍ ഭൂമിയിലേക്കു വരുന്നത്. ദൈവം ഭൂമിയിലേക്കു വരുമ്പോള്‍ അതു വചനം ജഡരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ്; എന്നിരുന്നാലും, മനുഷ്യന്‍ അവന്റെ വേലയെപ്പറ്റി അറിയുന്നില്ല. അവര്‍ പല കാര്യങ്ങളും അവന്റെമേല്‍ നിര്‍ബന്ധപൂര്‍വം ആരോപിക്കുന്നു. പക്ഷേ “വചനം മനുഷ്യജന്മമെടുക്കുന്നതാണ്” ദൈവം, അല്ലാതെ ഇപ്പോഴത്തേക്ക് ദൈവത്തിന്റെ ധര്‍മം ഏറ്റെടുക്കുവാനായി ദൈവാത്മാവ് വളര്‍ത്തിക്കൊണ്ടുവന്ന ജഡശരീരമല്ല എന്നതു നിങ്ങളെല്ലാവരും മനസ്സിലാക്കണം. ദൈവം തന്നെയും, വളര്‍ത്തിക്കൊണ്ടുവരലിന്റെ ഫലമല്ല, മറിച്ച് മനുഷ്യജന്മമെടുത്ത വചനമാണ്. കൂടാതെ ഇന്ന്‍ ഔദ്യോഗികമായി നിങ്ങള്‍ക്കെല്ലാമിടയില്‍ അവന്‍ തന്റെ വേല നിര്‍വഹിക്കുന്നു. ദൈവത്തിന്റെ മനുഷ്യജന്മം എന്നതു വസ്തുതാപരമായ ഒരു സത്യമാണെന്നു നിങ്ങളെല്ലാവരും അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും അതു മനസ്സിലാക്കുന്നതുപോലെയാണ് നിങ്ങള്‍ പെരുമാറുന്നത്. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേല മുതല്‍ അവന്റെ മനുഷ്യാവതാരത്തിന്റെ പ്രാധാന്യവും സത്തയും വരെയുള്ള കാര്യങ്ങളൊന്നും അല്പം പോലും മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല. ചപലമായി വാക്കുകള്‍ കാണാപ്പാഠം ചൊല്ലുന്നതില്‍ മറ്റുള്ളവരെ പിന്തുടരുക മാത്രമാണു നിങ്ങള്‍ ചെയ്യുന്നത്. നീ സങ്കല്‍പ്പിക്കുന്നതുപോലെയാണു മനുഷ്യജന്മമെടുത്ത ദൈവം എന്നു നീ വിശ്വസിക്കുന്നുണ്ടോ?

യുഗത്തെ നയിക്കുവാനും പുതിയ വേല പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാനും വേണ്ടി മാത്രമാണു ദൈവം മനുഷ്യജന്മമെടുക്കുന്നത്. നിങ്ങള്‍ ഇക്കാര്യം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ഇത് മനുഷ്യന്റെ കർത്തവ്യത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്. അവ രണ്ടിനെയും ഒരേ രീതിയില്‍ പരാമര്‍ശിക്കുക സാധ്യമല്ല. വേല ചെയ്യുവാനായി മനുഷ്യനെ ഉപയോഗപ്പെടുത്തുന്നതിനു മുമ്പ് അവനെ നീണ്ട ഒരു കാലയളവു വളര്‍ത്തിക്കൊണ്ടുവരികയും പൂര്‍ണനാക്കുകയും വേണ്ടതുണ്ട്. അതിനാവശ്യമായ മനുഷ്യത്വം സവിശേഷമായും ഉന്നതനിലയിലുള്ളതാണ്. സാധാരണ മനുഷ്യത്വത്തിന്റേതായ ഒരു ബോധം നിലനിര്‍ത്തുന്നതിനു പുറമേ മറ്റുള്ളവരുമായി ബന്ധപ്പെട്ടുള്ള അവന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന പല തത്ത്വങ്ങളും നിയമങ്ങളും മനുഷ്യന്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിലുപരി, മനുഷ്യന്റെ ജ്ഞാനത്തെയും ധാര്‍മികമായ അറിവിനെയും പറ്റി ഇനിയും കൂടുതല്‍ പഠിക്കുവാന്‍ അവന്‍ തയ്യാറാകേണ്ടതുണ്ട്. ഇതാണ് മനുഷ്യന് ഉണ്ടായിരിക്കേണ്ടത്. എന്നിരുന്നാലും, മനുഷ്യജന്മമെടുത്ത ദൈവത്തെ സംബന്ധിച്ചിടത്തോളം അതങ്ങനെയല്ല. കാരണം, അവന്റെ വേല മനുഷ്യനെ പ്രതിനിധാനം ചെയ്യുന്നില്ല, അതു മനുഷ്യന്റെ വേലയുമല്ല. മറിച്ച്, അതവന്റെ സത്തയുടെ നേരിട്ടുള്ള പ്രകാശനവും അവന്‍ ചെയ്യേണ്ടതായിട്ടുള്ള വേലയുടെ നേരിട്ടുള്ള നിര്‍വഹണവുമാണ്. (സ്വാഭാവികമായും അവന്റെ വേല ഉചിതമായ സമയത്താണ് നിര്‍വഹിക്കപ്പെടുന്നത്. ആകസ്മികമായോ യാദൃച്ഛികമായോ അല്ല. കൂടാതെ അവന്റെ ശുശ്രൂഷ നിര്‍വഹിക്കുവാന്‍ സമയമാകുമ്പോഴാണ് അതു തുടങ്ങുന്നത്.) മനുഷ്യന്റെ ജീവിതത്തിലോ വേലയിലോ അവന്‍ പങ്കെടുക്കുന്നില്ല. അതായത്, അവന്റെ മനുഷ്യത്വത്തിന് ഇവയൊന്നുമില്ല (അതവന്റെ വേലയെ ബാധിക്കുന്നില്ലെങ്കിലും). അവന്‍ തന്റെ ശുശ്രൂഷ നിര്‍വഹിക്കുന്നത് അങ്ങനെ ചെയ്യുന്നതിനുള്ള അവന്റെ സമയമാകുമ്പോള്‍ മാത്രമാണ്; അവന്റെ സ്ഥിതി എന്തുതന്നെയായാലും ചെയ്യേണ്ടതായിട്ടുള്ള വേലയുമായി അവന്‍ മുന്നോട്ടു പോകുന്നു. അവനെപ്പറ്റി മനുഷ്യന് അറിയാവുന്നത് എന്തുതന്നെയായാലും അവനെക്കുറിച്ചുള്ള മനുഷ്യന്റെ അഭിപ്രായം എന്തായാലും അവ അവന്റെ വേലയെ പൂര്‍ണമായും ബാധിക്കാതെയിരിക്കുന്നു. ഉദാഹരണത്തിന്, യേശു തന്റെ വേല ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവൻ ആരാണെന്ന് ആര്‍ക്കും കൃത്യമായി അറിവുണ്ടായിരുന്നില്ല. പക്ഷേ, അവന്‍ തന്റെ വേലയുമായി മുന്നോട്ടുപോയി. ഇവയൊന്നും തന്നെ അവന്‍ ചെയ്യേണ്ടതായിട്ടുള്ള വേലയുമായി മുന്നോട്ടുപോകുന്നതില്‍ നിന്നും അവനെ തടസ്സപ്പെടുത്തിയില്ല. അതിനാല്‍, തുടക്കത്തില്‍ താനാരാണെന്ന് അവന്‍ തുറന്നു പറയുകയോ വിളംബരം ചെയ്യുകയോ ചെയ്തില്ല, ആളുകളെ അവനെ അനുഗമിക്കാന്‍ അനുവദിക്കുക മാത്രം ചെയ്തു. സ്വാഭാവികമായും ഇതു ദൈവത്തിന്റെ എളിമ മാത്രമായിരുന്നില്ല, ദൈവം ജഡത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രീതി കൂടിയായിരുന്നു. അവന് ഈ രീതിയില്‍ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. കാരണം നഗ്നനേത്രങ്ങള്‍ കൊണ്ട് അവനെ തിരിച്ചറിയുവാന്‍ യാതൊരു മാര്‍ഗവും മനുഷ്യനുണ്ടായിരുന്നില്ല. മനുഷ്യന്‍ അവനെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ക്കൂടിയും അവന്റെ വേലയില്‍ അവനെ സഹായിക്കുവാന്‍ മനുഷ്യനു കഴിയുമായിരുന്നില്ല. അതിലുപരി, മനുഷ്യന്‍ തന്റെ ജഡരൂപത്തെ അറിയുന്നതിനു വേണ്ടിയല്ല അവന്‍ മനുഷ്യനായത്. അതവന്റെ വേല ചെയ്യുന്നതിനും ശുശ്രൂഷ നിര്‍വഹിക്കുന്നതിനും വേണ്ടിയായിരുന്നു. ഈ കാരണം കൊണ്ട്, തന്റെ വ്യക്തിത്വം പരസ്യമാക്കുന്നതിന് അവന്‍ യാതൊരു പ്രാധാന്യവും നല്‍കിയില്ല. അവന്‍ ചെയ്യേണ്ടതായിരുന്ന എല്ലാ പ്രവൃത്തിയും പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ അവന്റെ മുഴുവൻ വ്യക്തിത്വവും സ്ഥാനവും സ്വാഭാവികമായും മനുഷ്യനു വ്യക്തമായി. മനുഷ്യജന്മമെടുത്ത ദൈവം നിശ്ശബ്ദനായിരിക്കുന്നു. അവനൊരിക്കലും യാതൊരു പ്രഖ്യാപനവും നടത്തുന്നില്ല. മനുഷ്യനോ മനുഷ്യന് എത്രമാത്രം തന്നെ അനുഗമിക്കുവാന്‍ സാധിക്കുന്നുണ്ട് എന്നതിനോ അവന്‍ യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല. മറിച്ച്, തന്റെ ശുശ്രൂഷ നിറവേറ്റുന്നതും താന്‍ ചെയ്യേണ്ടതായിട്ടുള്ള വേല നിര്‍വഹിക്കുന്നതുമായി മുന്നോട്ടുപോകുക മാത്രം ചെയ്യുന്നു. അവന്റെ വേലയ്ക്കു തടസ്സം നില്‍ക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. അവന്റെ വേല ഉപസംഹരിക്കുന്നതിനുള്ള സമയമാകുമ്പോള്‍ തീര്‍ച്ചയായും അത് ഉപസംഹരിക്കപ്പെടുകയും അവസാനിക്കപ്പെടുകയും ചെയ്യും; അത് അങ്ങനെയാകരുത് എന്നു കല്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അവന്‍ തന്റെ വേല പൂര്‍ത്തിയാക്കി മനുഷ്യനെ വിട്ടുപോകുമ്പോള്‍ മാത്രമേ അവന്‍ ചെയ്യുന്ന വേല, പൂര്‍ണമായും വ്യക്തമായിട്ടല്ലെങ്കില്‍ക്കൂടിയും, മനുഷ്യന്‍ മനസ്സിലാക്കുകയുള്ളൂ. അവന്‍ ആദ്യം തന്റെ വേല നിര്‍വഹിച്ചതിന്റെ ഉദ്ദേശ്യം പൂര്‍ണമായും തിരിച്ചറിയുവാന്‍ മനുഷ്യന് ഒരുപാടു സമയം വേണ്ടിവരും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ യുഗത്തിലെ വേലയെ രണ്ടായി വിഭജിച്ചിരിക്കുന്നു. ആദ്യഭാഗത്തില്‍, മനുഷ്യജന്മമെടുത്ത ദൈവം തന്നെ ചെയ്യുന്ന വേലയും മനുഷ്യജന്മമെടുത്ത ദൈവം തന്നെ പറയുന്ന വചനങ്ങളുമാണുള്ളത്. അവന്റെ മനുഷ്യജന്മത്തിന്റേതായ ശുശ്രൂഷ പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍, വേലയുടെ അടുത്ത ഭാഗം നിര്‍വഹിക്കേണ്ടതു പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെടുന്നവരാണ്. ഈ സമയത്താണു മനുഷ്യന്‍ തന്റെ കടമ നിറവേറ്റേണ്ടത്. കാരണം, ദൈവം വഴി തുറന്നിട്ടിരിക്കുന്നു. അതിലൂടെ നടക്കേണ്ടത് മനുഷ്യന്‍ തന്നെയാണ്. എന്നുപറഞ്ഞാല്‍ മനുഷ്യജന്മമെടുത്ത ദൈവം വേലയുടെ ഒരു ഭാഗം നിര്‍വഹിക്കുന്നു. അതിനുശേഷം പരിശുദ്ധാത്മാവും പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെടുന്നവരും ഈ വേല ഏറ്റെടുക്കും. അതിനാല്‍, മനുഷ്യജന്മമെടുത്ത ദൈവം ഈ ഘട്ടത്തില്‍ പ്രാഥമികമായും ഏതു വേലയാണ് ഇനി നിര്‍വഹിക്കേണ്ടതായിട്ടുള്ളത് എന്ന് മനുഷ്യന്‍ അറിഞ്ഞിരിക്കണം. കൃത്യമായും എന്താണ് മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ പ്രാധാന്യം എന്നും എന്തു വേലയാണ് അവന്‍ ചെയ്യേണ്ടതായിട്ടുള്ളത് എന്നും കൂടി മനുഷ്യൻ മനസ്സിലാക്കണം. മനുഷ്യരോട് ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ക്കനുസരിച്ച് ദൈവത്തോട് ആവശ്യങ്ങള്‍ ഉന്നയിക്കുകയുമരുത്. ഇവിടെയാണ് മനുഷ്യന്റെ തെറ്റും മനുഷ്യന്റെ ധാരണയും അതിലുപരി മനുഷ്യന്റെ അനുസരണക്കേടും സംഭവിക്കുന്നത്.

ദൈവം മനുഷ്യജന്മമെടുക്കുന്നത് തന്റെ മനുഷ്യജന്മത്തെക്കുറിച്ച് അറിയാന്‍ മനുഷ്യനെ അനുവദിക്കുക എന്ന ഉദ്ദേശ്യത്തോടെയോ, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെയും മനുഷ്യന്റെയും ശരീരങ്ങള്‍ തമ്മിലുള്ള വ്യത്യാസം അറിയുവാന്‍ മനുഷ്യനെ അനുവദിക്കാനോ അല്ല. ദൈവം മനുഷ്യജന്മമെടുക്കുന്നത് മനുഷ്യന്‍റെ വിവേചനശക്തിയെ പരിശീലിപ്പിച്ചെടുക്കാനുമല്ല. അവന്‍ അതു ചെയ്യുന്നത് മനുഷ്യജന്മമെടുത്ത ദൈവത്തെ ആരാധിക്കുവാന്‍ മനുഷ്യനെ അനുവദിക്കുകയും അതുവഴി കൂടുതല്‍ മഹത്ത്വം നേടുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഒട്ടുമല്ല. ഇക്കാര്യങ്ങളൊന്നും ദൈവം മനുഷ്യജന്മമെടുക്കുന്നതിനു പുറകിലെ യഥാര്‍ഥ ഉദ്ദേശ്യമല്ല. മനുഷ്യനെ കുറ്റം വിധിക്കുവാനോ മനഃപൂര്‍വം അവനെ തുറന്നുകാണിക്കുവാനോ അവനു കാര്യങ്ങള്‍ ദുഷ്കരമാക്കുവാനോ വേണ്ടിയുമല്ല ദൈവം മനുഷ്യജന്മമെടുക്കുന്നത്. ഇക്കാര്യങ്ങളൊന്നും ദൈവത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യമല്ല. ഓരോ തവണയും ദൈവം മനുഷ്യജന്മമെടുക്കുമ്പോള്‍ അത് ഒഴിവാക്കാനാവാത്ത വേലയുടെ ഒരു രൂപമാണ്. അവന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അത് അവന്റെ കൂടുതല്‍ മഹത്തായ വേലയ്ക്കു വേണ്ടിയും കൂടുതല്‍ മഹത്തായ കാര്യനിര്‍വഹണത്തിനു വേണ്ടിയുമാണ്. അല്ലാതെ മനുഷ്യന്‍ സങ്കല്‍പ്പിക്കുന്ന കാരണങ്ങള്‍ കൊണ്ടല്ല. ദൈവം ഭൂമിയിലേക്കു വരുന്നത് അവന്റെ വേലയുടെ ആവശ്യത്തിനനുസരിച്ചു മാത്രമാണ്, ആവശ്യമായി വരുമ്പോള്‍ മാത്രമാണ്. വെറുതെ കാഴ്ച കാണുന്നതിനല്ല, മറിച്ച്, താന്‍ നിര്‍വഹിക്കേണ്ട വേല നിര്‍വഹിക്കുന്നതിനാണ് അവന്‍ ഭൂമിയിലേക്കു വരുന്നത്. അല്ലെങ്കില്‍പ്പിന്നെ എന്തിനാണ് അവന്‍ അത്ര വലിയ ഭാരം ഏല്‍ക്കുകയും തന്റെ വേല ചെയ്യുന്നതിനായി അത്ര വലിയ വെല്ലുവിളികള്‍ ഏറ്റെടുക്കുകയും ചെയ്യുന്നത്? ദൈവം മനുഷ്യജന്മമെടുക്കുന്നത് അവനതു ചെയ്യേണ്ടതായിട്ടുള്ളപ്പോള്‍ മാത്രമാണ്, എല്ലായ്പ്പോഴും അതുല്യമായ പ്രാധാന്യത്തോടെയാണ്. തന്നെ കാണുവാനും അവരുടെ ചക്രവാളങ്ങള്‍ വിശാലമാക്കുവാനും ആളുകളെ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നെങ്കില്‍, തീര്‍ത്തുമുറപ്പായും അവനൊരിക്കലും ഇത്രയും ലാഘവത്തോടെ ആളുകള്‍ക്കിടയിലേക്കു വരുമായിരുന്നില്ല. അവന്റെ കാര്യനിര്‍വഹണത്തിനും കൂടുതല്‍ മഹത്തരമായ വേലയ്ക്കും, മനുഷ്യവര്‍ഗത്തില്‍ നിന്നു കൂടുതല്‍ കാര്യങ്ങള്‍ നേടുന്നതിനും വേണ്ടിയാണ് അവന്‍ ഭൂമിയിലേക്കു വരുന്നത്. യുഗത്തെ പ്രതിനിധാനം ചെയ്യാനും സാത്താനെ തോല്‍പ്പിക്കാനുമാണ് അവന്‍ വരുന്നത്. സാത്താനെ തോല്‍പ്പിക്കാനാകട്ടെ, അവന്‍ സ്വയം മനുഷ്യരൂപം ധരിക്കുന്നു. അതിലുമുപരി, മുഴുവന്‍ മനുഷ്യവര്‍ഗത്തിനും അവരുടെ ജീവിതം നയിക്കുന്നതിനുള്ള മാര്‍ഗദര്‍ശനം നല്‍കുന്നതിനായാണ് അവന്‍ വരുന്നത്. ഇതെല്ലാം അവന്റെ കാര്യനിര്‍വഹണവുമായി ബന്ധപ്പെട്ടതാണ്, മുഴുവന്‍ പ്രപഞ്ചത്തിന്റെയും വേലയുമായി ബന്ധപ്പെട്ടതാണ്. മനുഷ്യര്‍ തന്റെ മനുഷ്യജന്മത്തെക്കുറിച്ച് അറിയാന്‍ വേണ്ടിയും അവരുടെ കണ്ണുതുറപ്പിക്കാന്‍ വേണ്ടിയും മാത്രമാണു ദൈവം മനുഷ്യജന്മമെടുത്തതെങ്കില്‍, എന്തുകൊണ്ട് അവന്‍ എല്ലാ രാജ്യത്തേക്കും പോകുന്നില്ല? അതു വളരെ എളുപ്പമുള്ള ഒരു കാര്യമാകില്ലേ? പക്ഷേ അവന്‍ അങ്ങനെ ചെയ്തില്ല. പകരം തനിക്കു ജീവിക്കാനും ചെയ്യേണ്ടതായിട്ടുള്ള വേല ചെയ്തു തുടങ്ങുവാനും ഉചിതമായ ഒരു സ്ഥലം തിരഞ്ഞെടുത്തു. ഈ മനുഷ്യജന്മം മാത്രം വളരെയധികം പ്രാധാന്യമുള്ളതാണ്. അവന്‍ ഒരു മുഴുവന്‍ യുഗത്തെയും പ്രതിനിധാനം ചെയ്യുന്നു, ഒരു മുഴുവന്‍ യുഗത്തിന്റെ വേലയും നിര്‍വഹിക്കുന്നു; അവന്‍ മുമ്പത്തെ യുഗത്തെ പര്യവസാനിപ്പിക്കുകയും പുതിയതിന് ആരംഭം കുറിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കാര്യനിര്‍വഹണത്തെ സംബന്ധിച്ച പ്രധാനസംഗതിയാണ് ഇവയെല്ലാം. ഇതെല്ലാമാണ് ദൈവം നിറവേറ്റാനായി ഭൂമിയിലേക്കു വരുന്ന വേലയുടെ ഒരു ഘട്ടത്തിന്റെ പ്രാധാന്യവും. യേശു ഭൂമിയിലേക്കു വന്നപ്പോള്‍ അവന്‍ ചില വചനങ്ങള്‍ പറയുകയും ചില പ്രവൃത്തികള്‍ ചെയ്യുകയും മാത്രമേ ചെയ്തുള്ളൂ. മനുഷ്യന്റെ ജീവിതത്തിൽ അവന്‍ ഇടപെട്ടില്ല. തന്റെ വേല പൂര്‍ത്തിയായ ഉടനെ അവന്‍ പോകുകയും ചെയ്തു. ഇന്ന്, ഞാന്‍ സംസാരിക്കുകയും എന്റെ വാക്കുകള്‍ നിങ്ങള്‍ക്കു പകരുകയും ചെയ്യുന്നതു പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, നിങ്ങളെല്ലാം മനസ്സിലാക്കിക്കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നാലും എന്റെ വേലയുടെ ഈ ഘട്ടം പര്യവസാനിക്കും. ഭാവിയില്‍ എന്റെ വേലയുടെ ഈ ഘട്ടം തുടരുന്നതിനും ഈ വചനങ്ങള്‍ക്കനുസരിച്ച് ഭൂമിയില്‍ തുടര്‍ന്നും വേല ചെയ്യുന്നതിനും കുറച്ച് ആളുകള്‍ വേണ്ടതുണ്ട്; ആ സമയത്ത് മനുഷ്യന്റെ വേലയും മനുഷ്യന്റെ നിര്‍മിതിയും ആരംഭിക്കും. പക്ഷേ ഇപ്പോള്‍ ദൈവം വേല ചെയ്യുന്നതു തന്റെ ശുശ്രൂഷ നിര്‍വഹിക്കുന്നതിനും തന്റെ വേലയുടെ ഒരു ഘട്ടം പൂര്‍ത്തിയാക്കുന്നതിനും വേണ്ടി മാത്രമാണ്. മനുഷ്യന്‍റേതില്‍ നിന്നും വ്യത്യസ്തമായൊരു രീതിയിലാണ് ദൈവം പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍ കൂട്ടായ്മകളും ചര്‍ച്ചാവേദികളും ഇഷ്ടപ്പെടുകയും ചടങ്ങുകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു. അതേസമയം, ദൈവം ഏറ്റവുമധികം വെറുക്കുന്നതും മനുഷ്യരുടെ ഈ കൂട്ടായ്മകളും യോഗങ്ങളും തന്നെയാണ്. അനൗപചാരികമായിട്ടാണ് ദൈവം മനുഷ്യരുമായി സംവദിക്കുന്നതും മനുഷ്യരോടു സംസാരിക്കുന്നതും. തീര്‍ത്തും വിമോചിക്കപ്പെട്ടതും നിങ്ങളെ സ്വതന്ത്രരാക്കുന്നതുമായ ദൈവത്തിന്റെ വേലയാണിത്. എന്നിരുന്നാലും, നിങ്ങളോടൊപ്പം ഒത്തുകൂടുന്നതു ഞാന്‍ അത്യധികം വെറുക്കുന്നു. നിങ്ങളുടേതുപോലെ അത്രയും ചിട്ടയോടുകൂടിയ ജീവിതവുമായി യോജിച്ചുപോകുവാന്‍ എനിക്കു സാധിക്കുന്നില്ല. ചട്ടങ്ങളെ ഞാന്‍ അങ്ങേയറ്റം വെറുക്കുന്നു; അവന്റെ കണ്ണുകള്‍ നിന്റെ നേരെ തുറിച്ചുനോക്കുമ്പോള്‍ എന്തെങ്കിലും ചെയ്യാന്‍ ഭയപ്പെടുന്ന‍, സംസാരിക്കാന്‍ ഭയപ്പെടുന്ന‍, പാടാന്‍ ഭയപ്പെടുന്ന അത്രയും അവ മനുഷ്യനുമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. നിങ്ങള്‍ ഒത്തുചേരുന്ന രീതിയെ ഞാന്‍ അങ്ങേയറ്റം വെറുക്കുന്നു. നിങ്ങളുടെ വലിയ ഒത്തുചേരലുകളും ഞാന്‍ അങ്ങേയറ്റം വെറുക്കുന്നു. നിങ്ങളോടൊപ്പം ഈ രീതിയില്‍ ഒത്തുചേരുന്നതിന് ഞാന്‍ വിസമ്മതിക്കുന്നു. കാരണം ഈ രീതിയിലുള്ള ജീവിതം ഒരുവനു താന്‍ ബന്ധനസ്ഥനാണ് എന്ന തോന്നലുളവാക്കും; കൂടാതെ, നിങ്ങള്‍ക്ക് ഒരുപാട് ചടങ്ങുകളുണ്ട്, ഒരുപാട് ചട്ടങ്ങളും പാലിക്കുന്നു. നേതൃത്വം നല്‍കുവാന്‍ നിങ്ങളെ അനുവദിക്കുകയാണെങ്കില്‍ എല്ലാ ആളുകളെയും ചട്ടങ്ങളുടെ ഒരു ലോകത്തേക്കു നിങ്ങള്‍ നയിക്കും, നിങ്ങളുടെ നേതൃത്വത്തിനു കീഴില്‍ ചട്ടങ്ങളെ അവഗണിക്കുവാന്‍ ഒരുതരത്തിലും അവര്‍ക്കു സാധിക്കില്ല; പകരം മതത്തിന്റേതായ അന്തരീക്ഷം കൂടുതല്‍ തീവ്രമാകുക മാത്രമേ ചെയ്യുകയുള്ളൂ, മനുഷ്യന്റെ ആചാരങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഒത്തുകൂടുന്ന വേളകളില്‍ ചിലയാളുകള്‍ പ്രസംഗിക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. അവരൊരിക്കലും ക്ഷീണിക്കുകയില്ല. ചിലര്‍ക്കു പന്ത്രണ്ടു ദിവസം വരെ നിര്‍ത്താതെ പ്രസംഗിക്കാന്‍ കഴിയും. ഇവയെല്ലാം മനുഷ്യരുടെ വലിയ സമ്മേളനങ്ങളും യോഗങ്ങളുമാണെന്നാണ് കരുതപ്പെടുന്നത്. ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതിന്റെ, ആസ്വാദനത്തിന്റെ, ആത്മാവു സ്വതന്ത്രമാക്കപ്പെടുന്നതിന്‍റേതായ ഒരുജീവിതവുമായി ഇവയ്ക്കു ബന്ധമൊന്നുമില്ല. ഇവയെല്ലാം യോഗങ്ങളാണ്! നിങ്ങളുടെ സഹപ്രവര്‍ത്തക യോഗങ്ങള്‍, അതുപോലെ വലുതും ചെറുതുമായ സമ്മേളനങ്ങള്‍ എല്ലാം എന്നില്‍ വെറുപ്പുളവാക്കുന്നവയാണ്. എനിക്ക് അവയില്‍ യാതൊരു താത്പര്യവും തോന്നിയിട്ടില്ല. ഇതാണ് എന്റെ പ്രവര്‍ത്തനത്തിന് അടിസ്ഥാനമായ തത്ത്വം: സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ ഞാന്‍ തയ്യാറല്ല, ഒരു വലിയ പൊതുസമ്മേളനത്തില്‍ എന്തെങ്കിലും പ്രഖ്യാപനം നടത്തുവാനും ഞാന്‍ ആഗ്രഹിക്കുന്നില്ല, ഒരു പ്രത്യേകസമ്മേളനത്തിനായി ഏതാനും ദിവസം നിങ്ങളെയെല്ലാവരെയും ഒരുമിച്ചുകൂട്ടുവാന്‍ അത്രപോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ഒരു കൂട്ടായ്മയില്‍ വന്ന്‍ അച്ചടക്കത്തോടെ ഇരിക്കണമെന്നതിനോട് എനിക്കു യോജിക്കുവാന്‍ സാധിക്കുന്നില്ല. ഏതെങ്കിലുമൊരു ചടങ്ങിന്റെ ചട്ടക്കൂടിനുള്ളില്‍ നിങ്ങള്‍ ജീവിക്കുന്നതു കാണുന്നത് എനിക്കു വെറുപ്പാണ്. അതിലുപരി, നിങ്ങളുടെ അത്തരത്തിലൊരു ചടങ്ങിന്റെ ഭാഗമാകുന്നതിനും ഞാന്‍ ഒരുക്കമല്ല. നിങ്ങള്‍ എത്രമാത്രം ഇതു ചെയ്യുന്നുവോ അത്രമാത്രം വെറുപ്പുളവാക്കുന്ന ഒന്നായി ഞാനതിനെ കാണുന്നു. നിങ്ങളുടെ ഈ ചടങ്ങുകളിലും ചട്ടങ്ങളിലും എനിക്ക് അല്പം പോലും താത്പര്യമില്ല. നിങ്ങള്‍ അവ എത്രമാത്രം നന്നായി ചെയ്താലും അവയെല്ലാം വെറുപ്പുളവാക്കുന്നവയായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. അതു നിങ്ങളുടെ സജ്ജീകരണങ്ങള്‍ അനുചിതമായതുകൊണ്ടോ നിങ്ങള്‍ വളരെ തരംതാഴ്ന്നവരായതുകൊണ്ടോ അല്ല. മറിച്ച്, ഞാന്‍ നിങ്ങളുടെ ജീവിതരീതിയെ വെറുക്കുകയും അതിലുപരി എനിക്ക് അതിനോടു യോജിച്ചു പോകുവാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണത്. ഞാന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന വേല നിങ്ങള്‍ അല്പം പോലും മനസ്സിലാക്കുന്നില്ല. പണ്ട്, യേശു തന്റെ വേല ചെയ്തുകൊണ്ടിരുന്നപ്പോള്‍, ഏതെങ്കിലും സ്ഥലത്തു പ്രസംഗിച്ചുകഴിഞ്ഞാല്‍ അവന്‍ തന്റെ ശിഷ്യന്മാരെയും കൊണ്ട് നഗരത്തിനു വെളിയില്‍ പോകുകയും അതു മനസ്സിലാക്കേണ്ട രീതികളെപ്പറ്റി അവരോടു സംസാരിക്കുകയും ചെയ്യുമായിരുന്നു. അവന്‍ പലപ്പോഴും ഈ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ജനങ്ങള്‍ക്കിടയിലുള്ള അവന്റെ പ്രവൃത്തി വളരെ കുറച്ചും വല്ലപ്പോഴുമുള്ളതുമായിരുന്നു. നിങ്ങള്‍ അവനോട് ആവശ്യപ്പെടുന്ന തരത്തിലാണെങ്കില്‍ മനുഷ്യജന്മമെടുത്ത ദൈവത്തിന് ഒരു സാധാരണ മനുഷ്യജീവിതം ഉണ്ടായിരിക്കരുത്; അവന്‍ തന്റെ വേല ചെയ്യണം, അവൻ ഇരിക്കുകയാണെങ്കിലും നില്‍ക്കുകയാണെങ്കിലും നടക്കുകയാണെങ്കിലും പ്രസംഗിക്കുകയും വേണം. അവന്‍ എല്ലായ്പ്പോഴും വേല ചെയ്തുകൊണ്ടിരിക്കണം, അവന്റെ “വിപ്ലവങ്ങള്‍” അവന്‍ അവസാനിപ്പിക്കരുത്, അല്ലെങ്കിലത് അവന്റെ കര്‍ത്തവ്യങ്ങളെ അവഗണിക്കലാകും. മനുഷ്യരുടെ ഈ ആവശ്യങ്ങള്‍ മനുഷ്യന്റെ ബുദ്ധിക്കു ചേര്‍ന്നതാണോ? എവിടെയാണ് നിങ്ങളുടെ സത്യസന്ധത? നിങ്ങള്‍ ആവശ്യപ്പെടുന്നത് അല്പം കൂടുതലല്ലേ? ഞാന്‍ വേല ചെയ്യുമ്പോള്‍ നീ എന്നെ നിരൂപണം ചെയ്യേണ്ട ആവശ്യം എനിക്കുണ്ടോ? ഞാന്‍ എന്റെ ശുശ്രൂഷ നിറവേറ്റുമ്പോള്‍ നീ എനിക്കു മേല്‍നോട്ടം വഹിക്കേണ്ട ആവശ്യം എനിക്കുണ്ടോ? ഞാന്‍ എന്തു വേലയാണു ചെയ്യേണ്ടതെന്നും എപ്പോഴാണു ചെയ്യേണ്ടതെന്നും എനിക്കു നന്നായി അറിയാം; മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ട ആവശ്യമില്ല. ഞാന്‍ അധികമൊന്നും ചെയ്തിട്ടില്ല എന്ന്‍ ഒരുപക്ഷേ നിനക്കു തോന്നിയേക്കാം. പക്ഷേ അപ്പോഴേക്കും എന്റെ വേല പര്യവസാനിച്ചിട്ടുണ്ടാകും. നാലു സുവിശേഷങ്ങളിലെ യേശുവിന്റെ വചനങ്ങള്‍ ഉദാഹരണമായി എടുക്കുക: അവയും അതുപോലെ പരിമിതമായിരുന്നില്ലേ? ആ സമയത്ത് യേശു ഒരു സുനഗോഗില്‍ പ്രവേശിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവന്‍ പെട്ടെന്നു തന്റെ പ്രസംഗം അവസാനിപ്പിച്ചു വിശദീകരണമൊന്നും നല്‍കാതെ അവിടം വിടുകയും തന്റെ ശിഷ്യന്മാരെ ഒരു തോണിയിലേക്കു കൊണ്ടുപോകുകയും ചെയ്തു. കൂടിപ്പോയാൽ, സുനഗോഗിലുണ്ടായിരുന്നവര്‍ ഇതിനെപ്പറ്റി പരസ്പരം ചര്‍ച്ച ചെയ്തു. പക്ഷേ യേശുവിന് അതിലൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല. ദൈവം അവന്‍ ചെയ്യേണ്ടതായിട്ടുള്ള വേല മാത്രമേ ചെയ്യുന്നുള്ളൂ. അതിനപ്പുറമോ അതില്‍ കൂടുതലായോ ഒന്നും ചെയ്യുന്നില്ല. ഇപ്പോള്‍ കുറെ പേര്‍ക്കു ഞാന്‍ കൂടുതല്‍ പ്രസംഗിക്കുകയും സംസാരിക്കുകയും വേണം, ദിവസത്തില്‍ കുറഞ്ഞത് ഏതാനും മണിക്കൂറുകളെങ്കിലും. ദൈവം പ്രസംഗിച്ചില്ലെങ്കില്‍ ദൈവമല്ലാതായിത്തീരും എന്നാണു നിങ്ങള്‍ കരുതുന്നത്, പ്രസംഗിക്കുന്നവന്‍ മാത്രമാണു ദൈവമെന്നും. നിങ്ങളെല്ലാം അന്ധരാണ്! എല്ലാവരും നികൃഷ്ടരാണ്! യാതൊരു ബുദ്ധിയുമില്ലാത്ത വിവരംകെട്ട സാധനങ്ങളാണ് നിങ്ങളെല്ലാവരും! നിങ്ങള്‍ക്കു കുറെ ധാരണകളുണ്ട്! നിങ്ങളുടെ ആവശ്യങ്ങള്‍ അങ്ങേയറ്റമാണ്! നിങ്ങള്‍ മനുഷ്യത്വമില്ലാത്തവരാണ്! ദൈവം എന്താണെന്ന് അല്പം പോലും നിങ്ങള്‍ മനസ്സിലാക്കുന്നില്ല! എല്ലാ പ്രസംഗകരും പ്രഭാഷകരും ദൈവമാണെന്നു നിങ്ങള്‍ കരുതുന്നു; നിങ്ങള്‍ക്കു വചനങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളവരെല്ലാം നിങ്ങളുടെ പിതാവാണ്. പറയൂ, നിങ്ങള്‍ക്കെല്ലാവര്‍ക്കും, “രൂപഭദ്രമായ” ലക്ഷണങ്ങളും “അസാധാരണ” രൂപവുമുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും, ഇപ്പോഴെങ്കിലും ഒരല്പം ബോധമുണ്ടായിട്ടുണ്ടോ? ‘സ്വര്‍ഗസൂര്യന്‍’ എന്താണെന്ന് നിങ്ങള്‍ക്ക് അറിവുണ്ടോ? നിങ്ങളോരോരുത്തരും അത്യാഗ്രഹിയും അഴിമതിക്കാരനുമായ ഒരു ഉദ്യോഗസ്ഥനെപ്പോലെയാണ്. പിന്നെ നിങ്ങള്‍ക്ക് എങ്ങനെയാണ് ബോധമുണ്ടാകുക? എങ്ങനെയാണു നിങ്ങള്‍ക്ക് ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ കഴിയുക? ഞാന്‍ നിങ്ങള്‍ക്ക് വളരെയധികം കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ നിങ്ങളിൽ എത്രപേര്‍ അവയ്ക്കു വിലകല്പിച്ചിട്ടുണ്ട്? എത്രപേര്‍ അവയെല്ലാം പൂര്‍ണമായി സ്വന്തമാക്കിയിട്ടുണ്ട്? നിങ്ങള്‍ ഇന്നു നടക്കുന്ന പാത ആരാണു നിങ്ങള്‍ക്ക് തുറന്നുതന്നതെന്ന് നിങ്ങള്‍ക്കറിയില്ല. അതുകൊണ്ട്, നിങ്ങൾ എന്നോട് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു, ഈ വിഡ്ഢിത്തം നിറഞ്ഞതും വിചിത്രവുമായ ആവശ്യങ്ങള്‍ നിങ്ങള്‍ എന്റെ മുമ്പില്‍ വയ്ക്കുന്നു. നിങ്ങളുടെ മുഖം ലജ്ജകൊണ്ടു ചുവക്കുന്നില്ലേ? ഞാന്‍ ആവശ്യത്തിനു സംസാരിച്ചില്ലേ? ഞാന്‍ ആവശ്യത്തിനു കാര്യങ്ങള്‍ ചെയ്തില്ലേ? നിങ്ങളിൽ ആര്‍ക്കാണ് ആത്മാര്‍ഥമായി എന്റെ വചനങ്ങളെ നിധിപോലെ വിലപ്പെട്ടതായി കാണാന്‍ കഴിയുക? എന്റെ സാന്നിധ്യത്തിലായിരിക്കുമ്പോള്‍ നിങ്ങള്‍ എന്നെ പുകഴ്ത്തുന്നു. അല്ലാത്തപ്പോള്‍ നിങ്ങള്‍ നുണ പറയുകയും ചതിക്കുകയും ചെയ്യുന്നു! നിങ്ങളുടെ പ്രവൃത്തികള്‍ അങ്ങേയറ്റം നിന്ദ്യമാണ്. അവ എന്നില്‍ വെറുപ്പുളവാക്കുന്നു! നിങ്ങളുടെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുവാനും നിങ്ങളുടെ ചക്രവാളങ്ങള്‍ വിശാലമാക്കുവാനും വേണ്ടിയാണ് എന്നോടു സംസാരിക്കാനും വേല ചെയ്യുവാനും നിങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് എനിക്കറിയാം. അല്ലാതെ നിങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനം കൊണ്ടുവരാന്‍ വേണ്ടിയല്ല. ഞാന്‍ നിങ്ങളോട് ഒരുപാട് സംസാരിച്ചു. നിങ്ങളുടെ ജീവിതങ്ങള്‍ വളരെ മുമ്പുതന്നെ മാറേണ്ടതായിരുന്നു. പിന്നെ എന്തുകൊണ്ടാണു നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ പഴയ സ്ഥിതിയിലേക്ക് മടങ്ങിപ്പൊയ്ക്കൊണ്ടിരിക്കുന്നത്? എന്റെ വചനങ്ങള്‍ നിങ്ങളില്‍ നിന്നും കവര്‍ന്നെടുക്കപ്പെടുകയും നിങ്ങള്‍ക്ക് അവ ലഭിക്കാതിരിക്കുകയും ചെയ്തതുകൊണ്ടായിരിക്കുമോ അത്? സത്യം പറഞ്ഞാല്‍, നിങ്ങളെപ്പോലുള്ള തരം താഴ്ന്നവരോടു ഞാന്‍ കൂടുതലൊന്നും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല—അതു വെറുതെയായിരിക്കും! അത്രയധികം നിഷ്ഫലമായ വേലകള്‍ ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല! നിങ്ങള്‍ സ്വന്തം ചക്രവാളങ്ങള്‍ വിശാലമാക്കുവാനോ അല്ലെങ്കില്‍ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുവാനോ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ, ജീവന്‍ നേടുവാന്‍ ആഗ്രഹിക്കുന്നില്ല! നിങ്ങളെല്ലാം സ്വയം വഞ്ചിക്കുകയാണ്! ഞാന്‍ ചോദിക്കട്ടെ, ഞാന്‍ നിങ്ങളോടു നേരിട്ടുപറഞ്ഞ കാര്യങ്ങളില്‍ എത്രമാത്രം നിങ്ങള്‍ പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്? തന്ത്രങ്ങള്‍ കാണിച്ചു മറ്റുള്ളവരെ പറ്റിക്കുക മാത്രമാണു നിങ്ങള്‍ ചെയ്യുന്നത്! നിങ്ങളില്‍ കാണികളെപ്പോലെ വെറുതെ കണ്ടാസ്വദിക്കുന്നവരെ ഞാന്‍ വെറുക്കുന്നു. നിങ്ങളുടെ ജിജ്ഞാസ അങ്ങേയറ്റം ജുഗുപ്സാവഹമായിട്ടാണു ഞാന്‍ കാണുന്നത്. സത്യമാർഗം തേടുവാനോ സത്യത്തോടുള്ള ദാഹം കൊണ്ടോ അല്ല നിങ്ങള്‍ ഇവിടെ ആയിരിക്കുന്നതെങ്കില്‍, നിങ്ങള്‍ എന്റെ വെറുപ്പിന് പാത്രമാണ്! നിങ്ങളുടെ ജിജ്ഞാസ ശമിപ്പിക്കാന്‍ വേണ്ടി മാത്രമാണ്, അല്ലെങ്കില്‍ നിങ്ങളുടെ ഒന്നല്ലെങ്കില്‍ മറ്റൊരു അത്യാഗ്രഹം നിറഞ്ഞ ആശ നിറവേറ്റാന്‍ വേണ്ടിയാണു നിങ്ങള്‍ ഞാന്‍ പറയുന്നതു കേള്‍ക്കുന്നത് എന്നെനിക്കറിയാം. സത്യത്തിന്റെ അസ്തിത്വം തേടുന്നതിനെപ്പറ്റി, അല്ലെങ്കില്‍ ജീവനിലേക്കു പ്രവേശിക്കുന്നതിനുള്ള ശരിയായ മാര്‍ഗം തേടുന്നതിനെപ്പറ്റി നിങ്ങള്‍ക്കൊരു ചിന്തയുമില്ല; ഈ ആവശ്യങ്ങള്‍ നിങ്ങള്‍ക്കൊട്ടുമില്ല. പഠിക്കുകയും വളരെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കളിപ്പാട്ടമായി ദൈവത്തെ കണക്കാക്കുകയാണ് ആകെ നിങ്ങള്‍ ചെയ്യുന്നത്. ജീവൻ തേടുന്നതിന് നിങ്ങള്‍ക്കു വളരെ കുറഞ്ഞ താത്പര്യം മാത്രമാണുള്ളത്. പക്ഷേ ജിജ്ഞാസുക്കളായിരിക്കുന്നതിന് വളരെയധികം ആഗ്രഹമുണ്ട്! ജീവന്റെ വഴിയെക്കുറിച്ച് അത്തരമാളുകളോടു വിശദീകരിക്കുന്നത് വായുവിനോടു സംസാരിക്കുന്നതുപോലെയാണ്; ഞാൻ ഒന്നും സംസാരിക്കാതിരിക്കുകയാണ് അതിലും ഭേദം! ഞാന്‍ നിങ്ങളോടു പറയട്ടെ: ഹൃദയത്തിലെ ശൂന്യത നികത്തുക മാത്രമാണു നിങ്ങളുടെ ലക്ഷ്യമെങ്കില്‍ എന്റെ അടുത്തു വരാതിരിക്കുന്നതാണ് നിങ്ങള്‍ക്കു നല്ലത്! ജീവന്‍ നേടുന്നതിന് നിങ്ങള്‍ പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു! സ്വയം വിഡ്ഢികളാകരുത്! നിങ്ങളുടെ ജിജ്ഞാസയെ ജീവനുവേണ്ടിയുള്ള നിങ്ങളുടെ അന്വേഷണത്തിന് അടിസ്ഥാനമാക്കുകയോ നിങ്ങളോടു സംസാരിക്കാൻ എന്നോട് ആവശ്യപ്പെടുന്നതിന്റെ പിന്നിലെ യഥാർഥ കാരണമാക്കുകയോ ചെയ്യാതിരിക്കുകയായിരുന്നു നിങ്ങള്‍ക്കു നല്ലത്. ഇതെല്ലാം നിങ്ങള്‍ക്കു വളരെയധികം വൈദഗ്ധ്യമുള്ള തന്ത്രങ്ങളാണ്! ഞാന്‍ നിന്നോടു വീണ്ടും ചോദിക്കുന്നു: പ്രവേശിക്കാൻ ഞാന്‍ ആവശ്യപ്പെട്ടതിൽ എത്രമാത്രം നീ യഥാര്‍ഥത്തില്‍ പ്രവേശിച്ചിട്ടുണ്ട്? ഞാന്‍ നിന്നോടു പറഞ്ഞതെല്ലാം നീ ഗ്രഹിച്ചിട്ടുണ്ടോ? ഞാന്‍ നിന്നോടു പറഞ്ഞതെല്ലാം നീ പ്രവൃത്തിയില്‍ വരുത്തിയിട്ടുണ്ടോ?

എല്ലാ യുഗത്തിലെയും വേലയ്ക്കു തുടക്കം കുറിക്കുന്നത് ദൈവം തന്നെയാണ്. പക്ഷേ, എങ്ങനെയെല്ലാം ദൈവം പ്രവര്‍ത്തിച്ചാലും ഒരു മുന്നേറ്റത്തിനു തുടക്കം കുറിക്കുവാനോ പ്രത്യേക സമ്മേളനങ്ങള്‍ നടത്തുവാനോ നിങ്ങള്‍ക്കുവേണ്ടി ഏതെങ്കിലും തരത്തിലുള്ള സംഘടനകള്‍ സ്ഥാപിക്കുവാനോ അവന്‍ വരുന്നില്ല എന്നു നീ അറിയണം. അവന്‍ ചെയ്യേണ്ടതായിട്ടുള്ള വേല ചെയ്യുവാനായി മാത്രമാണ് അവന്‍ വരുന്നത്. അവന്റെ വേലയ്ക്ക് ഏതെങ്കിലും മനുഷ്യന്റെ നിയന്ത്രണമില്ല. അവനിഷ്ടമുള്ള ഏതു രീതിയിലും അവന്‍ തന്റെ വേല നിര്‍വഹിക്കുന്നു. മനുഷ്യന്‍ അതിനെപ്പറ്റി ചിന്തിക്കുന്നതെന്തായാലും അവന് അതിനെപ്പറ്റി അറിയാവുന്നതെന്തായാലും സ്വന്തം വേല നിര്‍വഹിക്കുന്നതിനെപ്പറ്റി മാത്രമാണ് ദൈവത്തിന്റെ ചിന്ത. ലോകസൃഷ്ടി മുതല്‍ ഇന്നുവരെ ഇപ്പോള്‍ത്തന്നെ വേലയുടെ മൂന്നു ഘട്ടങ്ങള്‍ കഴിഞ്ഞു; യഹോവ മുതല്‍ യേശുവരെ, ന്യായപ്രമാണയുഗം മുതല്‍ കൃപായുഗം വരെ, മനുഷ്യനുവേണ്ടി ഒരു പ്രത്യേക സമ്മേളനവും ദൈവം സംഘടിപ്പിച്ചിട്ടില്ല. ഒരു പ്രത്യേക ആഗോളപ്രവര്‍ത്തകസമ്മേളനം നടത്തുവാനായി അവന്‍ മനുഷ്യവര്‍ഗത്തെ മുഴുവന്‍ ഒരുമിച്ചുകൂട്ടുകയും അങ്ങനെ തന്റെ പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുകയും ചെയ്തിട്ടുമില്ല. അവന്‍ ആകെ ചെയ്യുന്നത് ഉചിതമായ ഒരു സമയത്ത്, ഉചിതമായ ഒരു സ്ഥലത്ത് ഒരു മുഴുവന്‍ യുഗത്തിന്റെയും പ്രാരംഭപ്രവൃത്തി നിര്‍വഹിക്കുകയും അങ്ങനെ യുഗം ആരംഭിക്കുകയും മനുഷ്യവര്‍ഗത്തിന് എങ്ങനെയാണ് അവരുടെ ജീവിതം ജീവിക്കേണ്ടത് എന്നതില്‍ മാര്‍ഗദര്‍ശനം നല്‍കുകയുമാണ്. പ്രത്യേക സമ്മേളനങ്ങള്‍ മനുഷ്യരുടെ കൂട്ടായ്മകളാണ്. വിശേഷദിവസങ്ങള്‍ ആഘോഷിക്കുവാന്‍ ആളുകളെ ഒരുമിച്ചുകൂട്ടുന്നത് മനുഷ്യരുടെ പ്രവൃത്തിയാണ്. ദൈവം വിശേഷദിവസങ്ങള്‍ ആചരിക്കുന്നില്ല. അതിലുപരി വെറുക്കപ്പെടേണ്ടവയായിട്ടാണ് അവന്‍ അവയെ കാണുന്നത്; അവന്‍ പ്രത്യേക സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്നില്ല. കൂടാതെ അവയെയും അവന്‍ വെറുക്കപ്പെടേണ്ടവയായി കാണുന്നു. മനുഷ്യജന്മമെടുത്ത ദൈവം ചെയ്യുന്ന വേല എന്താണെന്ന് ഇപ്പോള്‍ കൃത്യമായും നീ അറിഞ്ഞിരിക്കണം!

മുമ്പത്തേത്: ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (2)

അടുത്തത്: ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (4)

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക