ദൈവത്തെ ഹൃദയപൂര്‍വം അനുസരിക്കുന്നവർ തീർച്ചയായും ദൈവത്താൽ വീണ്ടെടുക്കപ്പെടും

പരിശുദ്ധാത്മാവിന്റെ പ്രവൃത്തികള്‍ക്ക് അനുദിനം മാറ്റമുണ്ടാകുന്നുണ്ട്. ഓരോ ചുവടുവയ്പ്പിലും അതു കൂടുതല്‍ ഔന്നത്യം നേടുന്നു, നാളെയുടെ വെളിപാടുകള്‍ ഇന്നത്തെതിനേക്കാൾ മികച്ചതാവുകയും വീണ്ടും ചവിട്ടുപടികള്‍ തോറും കയറി ഉയരങ്ങളിലേക്ക് തന്നെ പോവുകയും ചെയ്യുന്നു. ദൈവം മനുഷ്യനെ പരിപൂർണ്ണനാക്കുന്ന പ്രവൃത്തി ഇത്തരത്തിലുള്ളതാണ്. ഇതിനൊപ്പമെത്താന്‍ ആളുകൾക്ക് കഴിയുന്നില്ലെങ്കിൽ, എപ്പോൾ വേണമെങ്കിലും അവര്‍ പുറത്താക്കപ്പെടാം. അവര്‍ക്ക് അനുസരണത്തിലുള്ള ഒരു ഹൃദയം ഇല്ലെങ്കില്‍, അവർക്ക് അന്ത്യം വരെ പിന്തുടരാനാവില്ല. പഴയ യുഗം അവസാനിച്ചിരിക്കുന്നു; ഇതൊരു പുതിയ യുഗമാണ്. ഒരു പുതിയ യുഗത്തിൽ, പുതിയ വേല ചെയ്യണം. പ്രത്യേകിച്ചും മനുഷ്യന്‍ പൂർണനാക്കപ്പെടുന്ന അന്തിമയുഗത്തില്‍, ദൈവം ഇനിയും പുതിയ പ്രവൃത്തികള്‍ ചെയ്യും, കുറച്ചുകൂടി വേഗത്തിൽ; അതിനാൽ ഹൃദയത്തിൽ അനുസരണമില്ലാതെ മനുഷ്യനു ദൈവത്തിന്റെ കാൽച്ചുവടുകൾ പിന്തുടരാൻ പ്രയാസമാണ്. ദൈവം ഒരു നിയമവും പാലിക്കുന്നില്ല, അവന്‍റെ വേലയുടെ ഒരു ഘട്ടവും മാറ്റമില്ലാത്തതായി അവൻ കണക്കാക്കുന്നുമില്ല. പകരം, അവൻ ചെയ്യുന്ന ജോലി എപ്പോഴും പുതിയതും ഔന്നത്യമേറിയതുമാണ്. ഓരോ ഘട്ടത്തിലും അവന്റെ പ്രവൃത്തി കൂടുതൽ കൂടുതൽ പ്രായോഗികമാവുകയും കൂടുതലായി മനുഷ്യന്റെ യഥാർത്ഥ ആവശ്യങ്ങൾക്കനുസൃതമായിത്തീരുകയും ചെയ്യുന്നു. അത്തരം പ്രവൃത്തികൾ‌ അനുഭവിച്ചതിനുശേഷം മാത്രമേ മനുഷ്യര്‍ക്ക്‌ അവരുടെ സഹജഗുണത്തിന്റെ അന്തിമപരിവർത്തനം നേടാൻ‌ കഴിയൂ. ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ അറിവ് എക്കാലത്തെയും ഉയർന്ന തലങ്ങളിൽ എത്തിച്ചേരുന്നു; അതുപോലെതന്നെ ദൈവത്തിന്റെ പ്രവൃത്തിയും എക്കാലത്തെയും ഉയർന്ന തലങ്ങളിൽ എത്തുന്നുണ്ട്. അങ്ങനെ മാത്രമേ മനുഷ്യനെ പരിപൂർണ്ണനാക്കാനും അവന് ദൈവത്തിന്‍റെ ഉപയോഗത്തിന് അനുയോജ്യനാകാനും കഴിയൂ. ഒരു വശത്ത് മനുഷ്യന്റെ ധാരണകളെ എതിർക്കുന്നതിനും അവയെ എതിര്‍ദിശയില്‍ ആക്കുന്നതിനും മറുവശത്ത് മനുഷ്യനെ ഉയർന്നതും കൂടുതൽ യാഥാർത്ഥ്യബോധമുള്ളതുമായ അവസ്ഥയിലേക്ക്, ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന മണ്ഡലത്തിലേക്ക് നയിക്കുന്നതിനും ഈ വിധത്തിൽ ദൈവം പ്രവർത്തിക്കുന്നു, ഒടുവില്‍ അവിടുത്തെ ഇഷ്ടം നടക്കാനാണിത്.

അനുസരണക്കേടുള്ള, ബോധപൂര്‍വം എതിർപ്പു കാണിക്കുന്ന എല്ലാവരും ദൈവത്തിന്റെ പ്രവൃത്തി അതിവേഗവും ശക്തവുമായി മുന്നേറുന്ന ഈ ഘട്ടത്തിൽ പുറത്താക്കപ്പെടും; മനസ്സോടെ അനുസരിക്കുകയും സന്തോഷത്തോടെ എളിമ കാണിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ വഴിയുടെ അവസാനം വരെ മുന്നേറാൻ കഴിയൂ. ഇത്തരത്തിലുള്ള ജോലിയിൽ നിങ്ങൾ എല്ലാവരും സമര്‍പ്പണം എങ്ങനെയെന്നും നിങ്ങളുടെ ധാരണകള്‍ എങ്ങനെ മാറ്റിവെക്കണമെന്നും പഠിക്കണം. നീ എടുക്കുന്ന ഓരോ ചുവടിലും നീ ജാഗ്രത പാലിക്കണം. നീ അശ്രദ്ധനാവുകയാണെങ്കില്‍, തീർച്ചയായും നീ പരിശുദ്ധാത്മാവിനാൽ തള്ളിക്കളയപ്പെടുന്ന ഒരാളായിത്തീരും, ദൈവത്തിന്റെ വേലയെ തടസ്സപ്പെടുത്തുന്നവനായിത്തീരും. ദൈവപ്രവൃത്തിയുടെ ഈ ഘട്ടത്തിനു വിധേയമാകുന്നതിനു മുമ്പ്, മനുഷ്യന്റെ പഴയ ശാസനങ്ങളും നിയമങ്ങളും എണ്ണമറ്റവയായിരുന്നതിനാല്‍ അവനു നിയന്ത്രണമറ്റുപോയി; തൽഫലമായി, അവൻ അഹങ്കരിക്കുകയും സ്വയം മറക്കുകയും ചെയ്തു. ദൈവത്തിന്റെ പുതിയ പ്രവൃത്തി സ്വീകരിക്കുന്നതിൽ മനുഷ്യന്‍റെ തടസ്സങ്ങളാണിവ; അവ ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവിന്റെ ശത്രുക്കളാണ്. മനുഷ്യഹൃദയത്തിൽ അനുസരണമോ സത്യത്തിനായുള്ള തീവ്രാഭിലാഷമോ ഇല്ലാതെയിരിക്കുന്നത് അപകടകരമാണ്. നിന്‍റെ സമര്‍പ്പണം കേവലമായ വേലയ്ക്കും വാക്കുകള്‍ക്കും മാത്രമെങ്കില്‍, കൂടുതൽ ആഴത്തിലുള്ള ഒന്നും സ്വീകരിക്കാൻ നിനക്ക് കഴിവില്ല എങ്കിൽ, നീ പഴഞ്ചന്‍ രീതികളോട് ചേര്‍ന്ന് നില്‍ക്കുന്ന, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് ഒപ്പമെത്താന്‍ സാധിക്കാത്ത ഒരാളാണ്. ദൈവം ചെയ്യുന്ന പ്രവൃത്തികൾ കാലാകാലങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. നീ ഒരു ഘട്ടത്തിൽ ദൈവവേലയോട് വളരെയധികം അനുസരണമുള്ളവനായിരിക്കുകയും എന്നാൽ അടുത്ത ഘട്ടത്തിൽ അവന്റെ വേലയോടുള്ള അനുസരണം മോശമാവുകയോ അല്ലെങ്കിൽ അനുസരണം സാധിക്കാതെയിരിക്കുകയോ ആണെങ്കില്‍, ദൈവം നിന്നെ ഉപേക്ഷിക്കും.

ദൈവം ഈ ചുവടു വയ്ക്കുമ്പോള്‍ നീ ഒപ്പമുണ്ടെങ്കില്‍, അവന്‍ അടുത്ത പടവ് കയറുമ്പോള്‍ നീ ഒപ്പം തുടരണം. എങ്കിൽ മാത്രമേ നീ പരിശുദ്ധാത്മാവിനെ അനുസരിക്കുന്നവനായിരിക്കുകയുള്ളൂ. നീ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ, നിന്‍റെ അനുസരണത്തിൽ നീ ഇളക്കമില്ലാതെ നില്‍ക്കണം. നിനക്ക് ഇഷ്ടമുള്ളപ്പോൾ അനുസരിക്കാനും അല്ലാത്തപ്പോള്‍ അനുസരിക്കാതിരിക്കാനും സാധിക്കുകയില്ല. ഇത്തരത്തിലുള്ള അനുസരണത്തെ ദൈവം ശ്ലാഘിക്കുകയില്ല. ഞാൻ‌ സഖ്യം ചെയ്യുന്ന പുതിയ ജോലികളുടെ ഒപ്പം നില്‍ക്കാന്‍ നിനക്ക് കഴിയുന്നില്ല എങ്കില്‍, നീ ഇപ്പോഴും എന്റെ പഴയ വാക്കുകള്‍ കൈവിടുന്നില്ലെങ്കില്‍, നിന്‍റെ ജീവിതത്തിൽ‌ എങ്ങനെ പുരോഗതി കൈവരിക്കാനാകും? അവന്റെ വാക്കുകളിലൂടെ നിനക്ക് നൽകുക എന്നതാണ് ദൈവത്തിന്റെ പ്രവൃത്തി. നീ അവന്റെ വാക്കുകൾ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ, പരിശുദ്ധാത്മാവ് നിന്നില്‍ തീർച്ചയായും പ്രവർത്തിക്കും. ഞാൻ എങ്ങനെ പറയുന്നുവോ, കൃത്യമായി അതുപോലെയാണ് പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത്; ഞാൻ പറഞ്ഞതുപോലെ ചെയ്യുക, പരിശുദ്ധാത്മാവ് നിന്നില്‍ ഉടനടി പ്രവർത്തിക്കും. നിനക്കായി ഞാന്‍ ഒരു പുതിയ വെളിച്ചം പുറപ്പെടുവിക്കുന്നു, നിന്നെ വർത്തമാനകാല വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു, നീ ഈ വെളിച്ചത്തിലേക്ക് നടക്കുമ്പോൾ പരിശുദ്ധാത്മാവ് ഉടനടി നിന്നില്‍ പ്രവർത്തിക്കും. “ നീ പറയുന്നത് ഞാൻ നടപ്പിലാക്കുകയില്ല” എന്ന് പറയുന്ന മര്‍ക്കടമുഷ്ടിക്കാരായ ചിലരുണ്ട്. അങ്ങനെയാണെങ്കില്‍, നീയിപ്പോള്‍ നിന്‍റെ അവസാനത്തില്‍ എത്തിയിട്ടുണ്ടെന്ന് ഞാൻ നിന്നോട് പറയുന്നു; നിന്‍റെ സത്ത വറ്റിപ്പോയിരിക്കുന്നു, നിന്നില്‍ ജീവന്‍ ബാക്കിയില്ല. അതിനാൽ, നിന്‍റെ പ്രകൃതത്തിന്‍റെ മാറ്റം നീ അനുഭവിക്കുമ്പോള്‍ ഇപ്പോഴത്തെ വെളിച്ചത്തോട് ഒപ്പം നില്‍ക്കുന്നതിനെക്കാളും നിർണായകമായി മറ്റൊന്നുമില്ല. ദൈവം ഉപയോഗപ്പെടുത്തുന്ന ചില ആളുകളിൽ മാത്രമല്ല അതിനപ്പുറം സഭയിലും പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നുണ്ട് അവന്‍ ആരിലും പ്രവർത്തിക്കുന്നുണ്ടാകാം. ഇപ്പോള്‍ അവൻ നിന്നില്‍ പ്രവർത്തിക്കുന്നുണ്ടാകാം, നീ ആ പ്രവര്‍ത്തനം അനുഭവിച്ച് അറിയുകയും ചെയ്യും. അടുത്ത കാലയളവിൽ അവൻ മറ്റൊരാളിൽ പ്രവർത്തിച്ചേക്കാം, അങ്ങനെയെങ്കില്‍ അവരെ അനുഗമിക്കുവാന്‍ നീ തിടുക്കപ്പെടണം; ഇപ്പോഴത്തെ വെളിച്ചത്തെ നീ എത്രത്തോളം സൂക്ഷ്മമായി പിന്തുടരുന്നുവോ അത്രത്തോളം നിന്‍റെ ജീവിതത്തിനു വളരാന്‍ കഴിയും. ഒരാൾ ഏതുതരം വ്യക്തിയാണെങ്കിലും, പരിശുദ്ധാത്മാവ് അവരിൽ പ്രവർത്തിക്കുന്നുവെങ്കിൽ, നീ അവരെ പിന്തുടരണം. നിന്‍റെ അനുഭവങ്ങളിലൂടെ അവരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുക, അപ്പോള്‍ നിനക്ക് ഇതിലും ഉയർന്ന കാര്യങ്ങള്‍ ലഭ്യമാകും. അങ്ങനെ ചെയ്യുന്നതിലൂടെ, നിനക്ക് കൂടുതൽ വേഗത്തിൽ പുരോഗതിയുണ്ടാകും. മനുഷ്യന് ഉല്‍കൃഷ്ടതയുടെ പാതയും ജീവന്‍ വളരുന്നതിനുള്ള ഉപാധിയുമാണിത്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തോടുള്ള നിന്‍റെ അനുസരണത്തിലൂടെയാണ് പൂർണത പ്രാപിക്കാനുള്ള പാതയിലെത്തുന്നത്. നിന്നെ പരിപൂർണനാക്കാൻ ദൈവം ഏതുതരം വ്യക്തിയിലൂടെ പ്രവർത്തിക്കുമെന്നോ, ഏതു വ്യക്തി, സംഭവം, അല്ലെങ്കിൽ വസ്തു എന്നിവയിലൂടെ കാര്യങ്ങൾ നേടാനോ കാണാനോ അവൻ നിങ്ങളെ അനുവദിക്കുമെന്നോ നിനക്കറിയില്ല. ഈ ശരിയായ പാതയിലേക്ക്‌ കാലെടുത്തുവയ്‌ക്കാൻ‌ നിനക്കു കഴിയുമെങ്കിൽ‌, നിന്നെ ദൈവം സമ്പൂര്‍ണനാക്കാന്‍ വലിയ സാദ്ധ്യതയുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഇത് നിനക്ക് കഴിയുന്നില്ലെങ്കിൽ‌, നിന്‍റെ ഭാവി പ്രതീക്ഷയറ്റതും പ്രകാശരഹിതവുമാണെന്ന് ഇത് കാണിക്കുന്നു. നീ ശരിയായ പാതയിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ എല്ലാ കാര്യങ്ങളിലും നിനക്ക് വെളിപാട് ലഭിക്കും. പരിശുദ്ധാത്മാവ് മറ്റുള്ളവരോട് വെളിപ്പെടുത്തുന്നതെന്തായാലും, നീ അവരുടെ അറിവിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ സ്വന്തമായി അനുഭവിച്ചറിയുകയാണെങ്കിൽ, ഈ അനുഭവം നിന്‍റെ ജീവിതത്തിന്റെ ഭാഗമായിത്തീരും, നിനക്ക് ഈ അനുഭവത്തിൽ നിന്നും മറ്റുള്ളവര്‍ക്ക് പകരുവാനും കഴിയും. അര്‍ത്ഥമില്ലാത്ത ആവര്‍ത്തനത്തിലൂടെ മറ്റുള്ളവര്‍ക്ക് വെളിപാട് പകരുന്നവര്‍ അനുഭവങ്ങള്‍ ഇല്ലാത്തവരാണ്; നിന്‍റെ യഥാർത്ഥ അനുഭവത്തെക്കുറിച്ചും അറിവിനെക്കുറിച്ചും സംസാരിക്കാൻ തുടങ്ങുന്നതിനുമുമ്പ് മറ്റുള്ളവരുടെ പ്രബുദ്ധതയിലൂടെയും പ്രബോധനത്തിലൂടെയും ഒരു പ്രവര്‍ത്തനമാര്‍ഗം കണ്ടെത്താൻ നീ പഠിക്കണം. ഇത് നിന്‍റെ സ്വന്തം ജീവിതത്തിനു തന്നെ കൂടുതൽ ഗുണം ചെയ്യും. ദൈവത്തിൽനിന്നു വരുന്നതെല്ലാം അനുസരിക്കുന്നതിലൂടെ നീ ഇങ്ങനെ അനുഭവങ്ങള്‍ ഉണ്ടാക്കണം. നിന്‍റെ ജീവിതം വളരുന്നതിനായി, നീ എല്ലാ കാര്യങ്ങളിലും ദൈവഹിതം തേടുകയും എല്ലാ കാര്യങ്ങളിലും പാഠങ്ങൾ പഠിക്കുകയും വേണം. അത്തരം പ്രവൃത്തികളാണ് അതിവേഗ പുരോഗതി നൽകുന്നത്.

നിന്‍റെ പ്രായോഗികാനുഭവങ്ങളിലൂടെ പരിശുദ്ധാത്മാവ് നിനക്ക് വെളിച്ചം നല്‍കുകയും നിന്‍റെ വിശ്വാസത്തിലൂടെ നിന്നെ പൂർണനാക്കുകയും ചെയ്യുന്നു. പൂർണനാകാൻ യഥാർത്ഥത്തിൽ നീ തയ്യാറാണോ? ദൈവത്താൽ പരിപൂർണനാകാൻ നീ യഥാർത്ഥത്തിൽ സന്നദ്ധനാണെങ്കിൽ, നിന്‍റെ ശരീരത്തെ ഉപേക്ഷിക്കാന്‍ നിനക്ക് ധൈര്യമുണ്ടാകും, ദൈവവചനങ്ങൾ നടപ്പിലാക്കാന്‍ നിനക്ക് കഴിയും, നീ നിഷ്ക്രിയനോ ദുർബലനോ ആയിരിക്കില്ല. ദൈവത്തിൽ നിന്നും വരുന്നതെല്ലാം അനുസരിക്കാൻ നിനക്ക് കഴിയും, മാത്രമല്ല നിന്‍റെ എല്ലാ പ്രവൃത്തികളും, അത് പരസ്യമായാലും സ്വകാര്യമായാലും, ദൈവത്തിന് മുന്നില്‍ സമര്‍പ്പണത്തിന് യോഗ്യമായിരിക്കും. നീ സത്യസന്ധനായ ഒരു വ്യക്തിയാണെങ്കിൽ, എല്ലാ കാര്യങ്ങളിലും സത്യം നടപ്പിലാക്കുകയാണെങ്കില്‍ നീ പൂര്‍ണനാക്കപ്പെടും. മറ്റു വ്യക്തികളുടെമുന്നിൽ ഒരു തരത്തിലും അവരുടെ പിന്നില്‍ മറ്റൊരു തരത്തിലും പ്രവർത്തിക്കുന്ന വഞ്ചകരായ ആളുകൾ പൂർണരാകാൻ സമ്മതമുള്ളവരല്ല. അവരെല്ലാം വിനാശത്തിന്റെയും നിത്യനരകത്തിന്റെയും സന്തതികളാണ്; അവര്‍ ദൈവത്തിന്‍റെ സ്വന്തമല്ല, സാത്താന്റേതാണ്. അവർ ദൈവം തിരഞ്ഞെടുക്കുന്ന തരം ആളുകളല്ല! നിന്‍റെ പ്രവൃത്തികളും പെരുമാറ്റവും ദൈവസന്നിധിയിൽ സമര്‍പ്പിക്കുവാനോ ദൈവാത്മാവിന്‍റെ മുന്നില്‍ മതിപ്പുളവാക്കാനോ യോഗ്യതയുള്ളതല്ലെങ്കില്‍, നിനക്ക് എന്തോ കുഴപ്പമുണ്ടെന്നതിന്റെ തെളിവാണിത്. നീ ദൈവത്തിന്റെ ന്യായവിധിയും ശിക്ഷയും അംഗീകരിക്കുകയും നിന്‍റെ മനോഭാവത്തിന്‍റെ പരിവര്‍ത്തനത്തില്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്താൽ മാത്രമേ നിനക്ക് പൂർണതയിലേക്കുള്ള പാതയിലേക്ക് ചുവടുവെക്കാൻ കഴിയൂ. ദൈവത്താൽ പരിപൂർണനാകാനും ദൈവഹിതം നിറവേറ്റാനും നീ യഥാർഥത്തിൽ സന്നദ്ധനാണെങ്കിൽ, പരാതിയായി ഒരു വാക്ക് പോലും പറയാതെ, ദൈവത്തിന്റെ പ്രവൃത്തിയെ വിലയിരുത്താനോ വിധിക്കാനോ തുനിയാതെ നീ ദൈവത്തിന്റെ എല്ലാ പ്രവൃത്തികളും അനുസരിക്കണം. ദൈവത്താല്‍ പൂര്‍ണനാക്കപ്പെടുന്നതിന് ഏറ്റവും കുറഞ്ഞതായി വേണ്ടുന്നത് ഇവയാണ്. ദൈവത്താൽ പരിപൂർണരാക്കപ്പെടാന്‍ ആഗ്രഹിക്കുന്നവർക്കുള്ള അനിവാര്യമായ നിബന്ധന ഇതാണ്: എല്ലാ കാര്യങ്ങളിലും ദൈവത്തെ സ്നേഹിക്കുന്ന ഒരു ഹൃദയത്തോടെ പ്രവർത്തിക്കുക. ദൈവത്തെ സ്നേഹിക്കുന്ന ഹൃദയത്തോടെ പ്രവർത്തിക്കുകയെന്നാൽ എന്താണ് അർത്ഥമാക്കുന്നത്? നിന്‍റെ എല്ലാ പ്രവൃത്തികളും പെരുമാറ്റവും ദൈവമുമ്പാകെ സമര്‍പ്പിക്കാമെന്നാണ് ഇതിനർത്ഥം. അതുപോലെ നിന്‍റെ ഉദ്ദേശ്യങ്ങള്‍ നീതിപൂര്‍വമായതിനാല്‍, നിന്‍റെ പ്രവൃത്തികള്‍ ശരി ആയാലും തെറ്റായാലും നീ അത് ദൈവത്തെ അല്ലെങ്കിൽ സഹോദരങ്ങളെ കാണിക്കാൻ ഭയപ്പെടുന്നില്ല, നീ ദൈവത്തിന്റെ മുമ്പാകെ സത്യം ചെയ്യാനും ധൈര്യപ്പെടുന്നു. നിന്‍റെ എല്ലാ ഉദ്ദേശ്യങ്ങളും ചിന്തകളും ആശയങ്ങളും അവന്റെ പരിശോധനയ്ക്കായി നീ ദൈവസന്നിധിയിൽ സമര്‍പ്പിക്കണം; ഇത്തരത്തില്‍ നീ ശീലിക്കുകയും ഈ മാര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്‌താല്‍, നിന്‍റെ ജീവിതത്തിലെ പുരോഗതി വേഗത്തിലായിരിക്കും.

നീ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ, ദൈവത്തിന്റെ എല്ലാ വാക്കുകളിലും അവന്റെ എല്ലാ പ്രവൃത്തികളിലും നീ വിശ്വാസം അർപ്പിക്കണം. അതായത്, നീ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ അവനെ അനുസരിക്കണം. നിനക്ക് ഇത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നീ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല. വർഷങ്ങളോളം നീ ദൈവത്തിൽ വിശ്വസിച്ചിട്ടും ഒരിക്കലും അവനെ അനുസരിക്കുകയോ അവന്‍റെ വചനങ്ങൾ പൂർണ്ണമായും സ്വീകരിക്കുകയോ ചെയ്യാതെ, പകരം ദൈവം നിനക്ക് വഴങ്ങണമെന്നും നിന്‍റെ ധാരണകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെടുകയാണെങ്കില്‍ നീ എല്ലാവരിലും വച്ച് ഏറ്റവും നിഷേധിയും അവിശ്വാസിയും ആകുന്നു. മനുഷ്യന്റെ സങ്കൽപ്പങ്ങളുമായി പൊരുത്തപ്പെടാത്ത ദൈവത്തിന്റെ പ്രവൃത്തിയും വാക്കുകളും അനുസരിക്കാൻ അത്തരം ആളുകൾക്ക് എങ്ങനെ കഴിയും? ദൈവത്തെ മന:പൂർവം ധിക്കരിക്കുകയും എതിർക്കുകയും ചെയ്യുന്നവരാണ് എല്ലാവരിലും വച്ച് ഏറ്റവും നിഷേധികളായുള്ളവര്‍. അവർ ദൈവത്തിന്റെ ശത്രുക്കളാണ്, അന്തിക്രിസ്തുക്കൾ. അവര്‍ എല്ലായ്പ്പോഴും ദൈവത്തിന്റെ പുതിയ വേലയോട് ശത്രുതാമനോഭാവം കാട്ടുന്നു; അവർക്ക് ഒരിക്കലും കീഴ്പെടുവാനുള്ള നേരിയ പ്രവണത പോലുമുണ്ടായിട്ടില്ല, അവര്‍ ഒരിക്കലും സന്തോഷത്തോടെ സ്വയം സമര്‍പ്പിക്കുകയോ വിനയാന്വിതരാവുകയോ ചെയ്തിട്ടില്ല. അവർ മറ്റുള്ളവരുടെ മുമ്പാകെ സ്വയം മഹത്വവല്‍ക്കരിക്കുന്നു, ഒരിക്കലും ആർക്കും കീഴ്പെടുന്നുമില്ല. ദൈവമുമ്പാകെ, വചനം ഉപദേശിക്കുന്നതില്‍ ഏറ്റവും മികച്ചവരായും മറ്റുള്ളവരിൽ പ്രവർത്തിക്കുന്നതിൽ ഏറ്റവും കഴിവുള്ളവരായും തങ്ങളെത്തന്നെ അവർ കരുതുന്നു. തങ്ങളുടെ കൈവശമുള്ള “നിധികൾ” അവർ ഒരിക്കലും ഉപേക്ഷിക്കുകയില്ല, മറിച്ച് ആരാധനയ്‌ക്കും ഉപദേശത്തിനുമുള്ള കുലധനമായി അവയെ കണക്കാക്കുന്നു, അവരെ അമിതമായി ആരാധിക്കുന്ന വിഡ്ഢികളെ ഉപദേശിക്കുവാന്‍ ഇവ ഉപയോഗിക്കുന്നു. തീര്‍ച്ചയായും ഇതുപോലുള്ള കുറച്ചു പേര്‍ സഭയിലുണ്ട്. അവർ “അജയ്യരായ യോദ്ധാക്കളാണ്” എന്ന് പറയാം, തലമുറതലമുറയായി ഇവര്‍ ദൈവാലയത്തിൽ താമസിക്കുന്നു. വചനം (പ്രമാണം) പ്രസംഗിക്കുന്നത് തങ്ങളുടെ പരമോന്നത കടമയാണ് എന്നാണവര്‍ കരുതുന്നത്. തലമുറകളായി, ഒരിക്കലും മുടക്കം വരുത്താതെ അവർ തങ്ങളുടെ “പവിത്രവും അലംഘനീയവുമായ” കടമ ഉശിരോടെ നടപ്പാക്കുന്നു. അവരെ തൊടാൻ ആരും ധൈര്യപ്പെടുന്നില്ല; ഒരു വ്യക്തി പോലും ഇവരെ പരസ്യമായി കുറ്റപ്പെടുത്താന്‍ ധൈര്യപ്പെടുന്നില്ല. അവർ ദൈവത്തിന്റെ ആലയത്തിൽ “രാജാക്കന്മാരായി” മാറുന്നു, എല്ലാക്കാലത്തും യാതൊരു നിയന്ത്രണവുമില്ലാതെ മറ്റാളുകളെ ക്രൂരമായി അടക്കിഭരിക്കുന്നു. ഈ പിശാചുക്കളുടെ കൂട്ടം എന്റെ വേലയെ നശിപ്പിക്കാനായി കൈകോര്‍ക്കാന്‍ ശ്രമിക്കുന്നു; ഈ ജീവനുള്ള പിശാചുക്കളെ എന്റെ കൺമുമ്പിൽ വാഴാന്‍ ഞാൻ എങ്ങനെ അനുവദിക്കും? പകുതി അനുസരണമുള്ളവർക്ക് പോലും അവസാനം വരെ തുടരാനാവില്ല, പിന്നെയാണ് അവരുടെ ഹൃദയത്തിൽ തീരെയും അനുസരണമില്ലാത്ത ഈ സ്വേച്ഛാധിപതികൾ! ദൈവത്തിന്റെ പ്രവൃത്തി മനുഷ്യന് എളുപ്പത്തിൽ നേടാനാവില്ല. അവരുടെ എല്ലാ ശക്തിയും ഉപയോഗിച്ചാലും ആളുകൾക്ക് അതിന്റെ ഒരു ചെറിയ ഭാഗം മാത്രമേ നേടാനാകൂ, ആത്യന്തികമായി അത് അവരെ പൂർണരാക്കപ്പെടാൻ അനുവദിക്കുന്നു. അങ്ങനെയെങ്കിൽ, ദൈവത്തിന്റെ വേല നശിപ്പിക്കാൻ ശ്രമിക്കുന്ന, പ്രധാന ദൂതന്റെ മക്കളുടെ കാര്യമോ? ദൈവത്താൽ വീണ്ടെടുക്കപ്പെടുമെന്ന പ്രതീക്ഷ അവര്‍ക്ക് അതിലും കുറവല്ലേ? കീഴടക്കി ജയിക്കുന്ന വേല ചെയ്യുന്നതിലെ എന്റെ ഉദ്ദേശ്യം കീഴടക്കാന്‍ വേണ്ടി മാത്രം കീഴടക്കുകയല്ല, മറിച്ച് നീതിയും അനീതിയും വെളിപ്പെടുത്തുന്നതിനും മനുഷ്യനെ ശിക്ഷിക്കുന്നതിനായുള്ള തെളിവ് നേടുന്നതിനും ദുഷ്ടന്മാരെ ശിക്ഷിക്കുന്നതിനും , കൂടാതെ മനസ്സോടെ അനുസരിക്കുന്നവരെ പരിപൂർണ്ണരാക്കുന്നതിനും വേണ്ടി കീഴടക്കുക എന്നതാണ്. ഒടുവില്‍, എല്ലാവരും സ്വഭാവമനുസരിച്ച് വേർതിരിക്കപ്പെടും; ചിന്തകളും ആശയങ്ങളും അനുസരണത്താല്‍ നിറഞ്ഞവര്‍ ആയിരിക്കും പരിപൂര്‍ണരാക്കപ്പെടുന്നവര്‍. ആത്യന്തികമായി നിറവേറ്റപ്പെടാന്‍ പോകുന്ന ജോലിയാണിത്. അതേസമയം, എല്ലാ പ്രവൃത്തികളും നിഷേധത്തോടെ ചെയ്യുന്നവര്‍ശിക്ഷിക്കപ്പെടുകയും നിത്യ ശാപത്തിന്റെ ഉപാധിയായ അഗ്നിയില്‍ എരിയുവാന്‍ അയക്കപ്പെടുകയും ചെയ്യും. ആ സമയം വരുമ്പോൾ, പഴയ യുഗങ്ങളിലെ “ മഹാന്മാരും അജയ്യരുമായ പോരാളികള്‍” ഏറ്റവും നീചരും അകറ്റിനിര്‍ത്തപ്പെട്ടവരുമായി, “ദുർബലരും ഷണ്ഡന്‍മാരുമായ ഭീരുക്കളായി” മാറും. ദൈവത്തിന്റെ നീതിയുടെ എല്ലാ വശങ്ങളെയും മനുഷ്യന് അവഹേളിക്കാനാകാത്ത അവന്റെ പ്രകൃതത്തെയും ചിത്രീകരിക്കാൻ ഇതിന് മാത്രമേ കഴിയൂ, ഇതിനു മാത്രമേ എന്റെ ഹൃദയത്തിലെ വിദ്വേഷം ശമിപ്പിക്കാൻ കഴിയൂ. ഇത് പൂർണ്ണമായും ന്യായമാണെന്ന് നീ സമ്മതിക്കുന്നില്ലേ?

പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അനുഭവിക്കുന്ന എല്ലാവർക്കുമോ ഈ പ്രവൃത്തിപഥത്തിലുള്ളവര്‍ക്കോ ജീവൻ നേടാൻ കഴിയുകയില്ല. ജീവന്‍ എന്നത് എല്ലാ മനുഷ്യരും പങ്കിടുന്ന ഒരു പൊതു സ്വത്തല്ല, പ്രകൃതത്തിലെ മാറ്റങ്ങളും എല്ലാവർക്കും എളുപ്പത്തിൽ നേടാനാവില്ല. ദൈവത്തിന്റെ വേലയ്‌ക്ക് കീഴ്‌പെടൽ നിഷ്കപടവും യഥാർത്ഥവുമായിരിക്കണം, അത് ജീവിച്ചു തീര്‍ക്കേണ്ടുന്ന ഒന്നാകുന്നു. ഉപരിപ്ലവമായ സമർപ്പണം കൊണ്ട് മാത്രം ദൈവത്തിന്റെ പ്രശംസ നേടാന്‍ കഴിയുകയില്ല; മാത്രമല്ല ഒരാളുടെ പ്രകൃതത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കാതെ ദൈവവചനത്തിന്റെ ഉപരിപ്ലവമായ തലങ്ങള്‍ മാത്രം അനുസരിക്കുക എന്നത് ദൈവത്തിന്‍റെ ഹിതാനുസാരം പ്രവര്‍ത്തിക്കുകയല്ല. ദൈവത്തോടുള്ള അനുസരണവും ദൈവത്തിന്റെ വേലയ്‌ക്ക് കീഴ്‌പെടലും ഒന്നുതന്നെയാണ്. ദൈവത്തിനു മാത്രം കീഴ്പെടുകയും എന്നാല്‍ അവന്റെ വേലയോട് അനുസരണം ഇല്ലാതിരിക്കയും ചെയ്യുന്നവരെ അനുസരണമുള്ളവരായി കണക്കാക്കാനാവില്ല; യഥാർത്ഥത്തിൽ കീഴ്പെടാതെ കാര്യം കാണാന്‍ മുഖസ്തുതി പറഞ്ഞ് കൂടെക്കൂടുന്നവരുടെ കാര്യം പറയുകയും വേണ്ട. യഥാർത്ഥത്തിൽ ദൈവത്തിനു കീഴ്‌പെടുന്നവർക്കെല്ലാം ആ വേലയിൽ നിന്ന് നേട്ടമുണ്ടാക്കാനും ദൈവത്തിന്റെ പ്രകൃതത്തെയും പ്രവർത്തനത്തെയും കുറിച്ച് മനസ്സിലാക്കാനും കഴിയും. അത്തരക്കാർ മാത്രമാണ് ആത്മാര്‍ത്ഥമായി ദൈവത്തിന് കീഴ്പെടുന്നത്. അത്തരം ആളുകൾ‌ക്ക് പുതിയ വേലയില്‍‌ നിന്നും പുതിയ അറിവ് നേടാനും പുതിയ മാറ്റങ്ങൾക്ക് വിധേയരാകാനും കഴിയും. ഇത്തരക്കാരെ മാത്രമേ ദൈവം ശ്ലാഘിക്കുകയുള്ളൂ, ഈ ആളുകളെ മാത്രമേ പരിപൂർണ്ണരാക്കുകയുള്ളൂ, ഇവരുടെ മാത്രം മനോഭാവമേ മാറിയിട്ടുള്ളൂ താനും. സന്തോഷത്തോടെ ദൈവത്തിനും അവന്റെ വചനത്തിനും പ്രവൃത്തിക്കും കീഴടങ്ങുന്നവരെയാണ് ദൈവം ശ്ലാഘിക്കുന്നത് . അത്തരക്കാർ മാത്രമേ നേരിനൊപ്പം നില്‍ക്കുന്നുള്ളൂ, അത്തരക്കാർക്കു മാത്രമേ ദൈവത്തെ ആത്മാർത്ഥമായി വേണമെന്നുള്ളൂ, അവര്‍ മാത്രമേ ആത്മാർത്ഥമായി ദൈവത്തെ അന്വേഷിക്കുന്നുള്ളൂ. ദൈവത്തിലുള്ള അവരുടെ വിശ്വാസത്തെക്കുറിച്ച് വായകൊണ്ട് സംസാരിക്കുകയും എന്നാൽ യഥാർത്ഥത്തിൽ അവനെ ശപിക്കുകയും ചെയ്യുന്നവര്‍ സ്വയം മുഖംമൂടി ഇടുന്നവരും പാമ്പിന്റെ വിഷം വഹിക്കുന്നവരുമാണ്; അവരത്രേ ഏറ്റവും വലിയ ചതിയന്മാര്‍. താമസിയാതെ, ഈ തെമ്മാടികളുടെ ഹീനമായ മുഖംമൂടികൾ പറിച്ചെറിയപ്പെടും. ഇതല്ലേ ഇന്ന് ചെയ്യപ്പെടുന്ന ജോലി? ദുഷ്ടന്മാർ എപ്പോഴും ദുഷ്ടന്മാരായിരിക്കും, ശിക്ഷയുടെ ദിവസത്തിൽ നിന്ന് അവര്‍ ഒരിക്കലും രക്ഷപ്പെടുകയില്ല. നല്ല മനുഷ്യർ എല്ലായ്പ്പോഴും നല്ലവരായിരിക്കും. ദൈവത്തിന്റെ പ്രവൃത്തി അവസാനിക്കുമ്പോൾ ഇവരെല്ലാം വെളിപ്പെടും. ദുഷ്ടന്മാരിൽ ഒരാളെയും നീതിമാനായി കണക്കാക്കുകയില്ല, നീതിമാന്മാരിൽ ഒരാളെയും ദുഷ്ടനായും കണക്കാക്കില്ല. ഏതെങ്കിലും മനുഷ്യനെതിരെ തെറ്റായ ആരോപണം ഉന്നയിക്കപ്പെടാന്‍ ഞാൻ അനുവദിക്കുമോ?

നിങ്ങളുടെ ജീവിതം മുന്നോട്ടു പോകുമ്പോള്‍, നിങ്ങൾക്ക് എല്ലായ്പ്പോഴും പുതിയ പ്രവേശനവും പുതിയതും ഉന്നതവുമായ ഉൾക്കാഴ്ചയും ഉണ്ടായിരിക്കണം അത് ഓരോ ചുവടുവയ്പ്പിലും ആഴത്തിൽ വളരുകയും വേണം. എല്ലാ മനുഷ്യരും പ്രവേശിക്കേണ്ടത് ഇതിലേക്കാണ്. ധ്യാനമാര്‍ഗേന ദൈവവുമായി ബന്ധപ്പെട്ടും ധര്‍മ്മപ്രഭാഷണങ്ങൾ കേട്ടും ദൈവവചനം വായിച്ചും അല്ലെങ്കിൽ ചില കാര്യങ്ങൾ കൈകാര്യം ചെയ്തും നീ പുതിയ ഉൾക്കാഴ്ചയും പുതിയ പ്രബുദ്ധതയും നേടും, പഴയ നിയമങ്ങളോ പഴയ കാലമോ അനുസരിച്ച് ജീവിക്കുകയില്ല; നീ എപ്പോഴും പുതിയതായ ആ വെളിച്ചത്തിൽ ജീവിക്കും, ദൈവവചനത്തിൽ നിന്ന് വ്യതിചലിക്കുകയുമില്ല. ഇതിനെയാണ് ശരിയായ പാതയിലൂടെ യാത്ര ആരംഭിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉപരിപ്ലവമായ തലത്തില്‍ മാത്രം അവനവന്‍റെ പഴയ പ്രവൃത്തികള്‍ക്ക്‌ അനന്തരഫലം അനുഭവിക്കുന്നതുകൊണ്ടായില്ല; ദൈവവചനം ദിനംപ്രതി ഇനിയും ഉയർന്ന ഒരു മണ്ഡലത്തിലേക്ക് പ്രവേശിക്കുകയാണ്, എല്ലാ ദിവസവും പുതിയ കാര്യങ്ങൾ പ്രത്യക്ഷമാകുന്നു, മനുഷ്യനും അതുപോലെ എല്ലാ ദിവസവും ഒരു പുതിയ വാതില്‍ തുറക്കണം. ദൈവം ഉരിയാടുമ്പോള്‍, അവന്‍ പറഞ്ഞതെല്ലാം അവൻ ഫലപ്രാപ്തിയിലെത്തിക്കുന്നു, നിനക്ക് ഒപ്പമെത്താന്‍ കഴിയുന്നില്ല എങ്കില്‍ നീ പുറകിലായിപ്പോകും. നിന്‍റെ പ്രാര്‍ഥന കൂടുതല്‍ ആഴത്തിലാകണം; ദൈവവചനം ഭക്ഷിക്കുന്നതും കുടിക്കുന്നതും ഇടയ്ക്കിടെ മാത്രം ആകരുത്. നിനക്ക് ലഭിക്കുന്ന പ്രബുദ്ധതയും പ്രകാശവും വർദ്ധിപ്പിക്കുക, നിന്‍റെ സങ്കൽപങ്ങളും ഭാവനകളും ക്രമേണ പിന്‍വാങ്ങിയേ തീരൂ. നിന്റെ തീര്‍പ്പുകളെ നീ ശക്തിപ്പെടുത്തണം; നീ എന്തു നേരിട്ടാലും, അതിനെക്കുറിച്ച് നിനക്ക് സ്വന്തം ചിന്തകളും സ്വന്തം വീക്ഷണങ്ങളും ഉണ്ടായിരിക്കണം. പൊരുളായിത്തന്നെ ചില കാര്യങ്ങൾ മനസിലാക്കുന്നതിലൂടെ നീ ബാഹ്യമായ കാര്യങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നേടുകയും ഏത് പ്രശ്നത്തിന്റെയും കാതൽ മനസ്സിലാക്കുകയും വേണം. ഇവയാല്‍‌ നീ സജ്ജനല്ലെങ്കിൽ‌, നിന‌ക്ക് എങ്ങനെ സഭയെ നയിക്കാൻ‌ കഴിയും? യാതൊരു യാഥാർത്ഥ്യവുമില്ലാതെ, ഒരു പ്രവര്‍ത്തനമാര്‍ഗമില്ലാതെ ബാഹ്യാര്‍ത്ഥത്തെയും പ്രമാണങ്ങളെയും കുറിച്ച് മാത്രമേ നീ സംസാരിക്കുകയുള്ളൂവെങ്കിൽ, നിനക്ക് ചുരുങ്ങിയ സമയത്തേക്ക് മാത്രമേ അങ്ങനെ കഴിച്ചുകൂട്ടാനാകൂ. പുതിയ വിശ്വാസികളോട് സംസാരിക്കുമ്പോൾ ഇത് നേരിയ തോതിൽ സ്വീകാര്യമായേക്കാം; എന്നാൽ അല്‍പകാലത്തിനുശേഷം, പുതിയ വിശ്വാസികള്‍ കുറച്ചെങ്കിലും യഥാര്‍ത്ഥ അനുഭവം നേടുമ്പോള്‍, നിനക്ക് അത് തുടര്‍ന്ന് നല്‍കാന്‍ ആവില്ല. നീ അപ്പോൾ എങ്ങനെയാണ് ദൈവത്തിന്‍റെ ഉപയോഗത്തിന് അനുയോജ്യനാകുക? പുതിയ ജ്ഞാനോദയമില്ലാതെ നിനക്ക് പ്രവർത്തിക്കാൻ കഴിയില്ല. പുതിയ ജ്ഞാനോദയമില്ലാത്തവർ അനുഭവങ്ങള്‍ എങ്ങനെ ആര്‍ജ്ജിക്കണം എന്ന് അറിയാത്തവരാണ്, അത്തരം ആളുകൾ ഒരിക്കലും പുതിയ അറിവോ പുതിയ അനുഭവമോ നേടുന്നില്ല. കൂടാതെ, ജീവൻ നൽകുന്ന കാര്യത്തിൽ, അവർക്ക് ഒരിക്കലും അവരുടെ ധര്‍മ്മം നിർവ്വഹിക്കാനോ ദൈവത്തിന്‍റെ ഉപയോഗത്തിന് അനുയോജ്യരാകാനോ കഴിയില്ല. ഇത്തരത്തിലുള്ള വ്യക്തി ഒന്നിനും കൊള്ളാത്തവനാണ്, വെറും അലസന്‍. സത്യത്തിൽ, ഇത്തരം ആളുകൾക്ക് അവരുടെ ജോലിയിലെ ധര്‍മം നിർവഹിക്കാൻ ഒട്ടും കഴിവില്ല, അവരെല്ലാം ഒന്നിനും കൊള്ളാത്തവരാണ്. അവരുടെ ധര്‍മം നിർവഹിക്കുന്നതിൽ അവർ പരാജയപ്പെടുന്നു എന്ന് മാത്രമല്ല, അവർ യഥാർത്ഥത്തിൽ സഭയുടെ മേല്‍ അനാവശ്യമായ സമ്മർദ്ദം സൃഷ്ടിക്കുന്നു. ഞാൻ ഈ “ബഹുമാനപ്പെട്ട വൃദ്ധന്മാരോട്” ഉദ്‌ബോധിപ്പിക്കുന്നത് എത്രയും പെട്ടെന്ന് സഭ വിട്ടിറങ്ങാനാണ്. അപ്പോള്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ ഇനി കാണേണ്ടി വരില്ലല്ലോ. ഇത്തരക്കാർക്ക് പുതിയ വേലയെക്കുറിച്ച് ഒരു ഗ്രാഹ്യവുമില്ല, ഒപ്പം അവര്‍ അന്തമില്ലാത്ത ധാരണകളാല്‍ നിറഞ്ഞിരിക്കുകയുമാണ്. അവർ സഭയിൽ യാതൊരു വേഷവും നിര്‍വഹിക്കുന്നില്ല; മറിച്ച്, അവർ എല്ലായിടത്തും കുഴപ്പമുണ്ടാക്കുകയും നിഷേധാത്മകത പ്രചരിപ്പിക്കുകയും ചെയ്യുന്നു, അവര്‍ സഭയിൽ എല്ലാത്തരം അധര്‍മ്മങ്ങളിലുംകലഹങ്ങളിലും ഏർപ്പെടുക വരെ ചെയ്യുന്നുണ്ട്. അപ്രകാരം ഇവര്‍ വിവേചനമില്ലാത്തവരെ ആശയക്കുഴപ്പത്തിലേക്കും സംഭ്രമത്തിലേക്കും തള്ളിവിടുന്നു. നിങ്ങള്‍ കാരണം സഭ നശിക്കാതിരിക്കാന്‍, ഈ ജീവനുള്ള പിശാചുക്കള്‍, ഈ ദുരാത്മാക്കൾ എത്രയും വേഗം സഭ വിട്ടുപോകണം. ഇന്നത്തെ പ്രവൃത്തിയെ നീ ഭയപ്പെടണമെന്നില്ല, പക്ഷേ നാളത്തെ ധര്‍മാനുസാരിയായ ശിക്ഷയെ നീ ഭയപ്പെടുന്നില്ലേ? അന്യന്റെ ചിലവില്‍ തിന്നുകുടിച്ചു നടക്കുന്ന ധാരാളം ആളുകൾ സഭയിൽ ഉണ്ട്, കൂടാതെ ദൈവത്തിന്റെ സ്വാഭാവികജോലിയെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ധാരാളം ചെന്നായ്ക്കളുമുണ്ട്. ഇവയെല്ലാം പിശാചുക്കളുടെ രാജാവ് അയച്ച പിശാചുക്കളാണ്, അറിവില്ലാത്തആട്ടിൻകുട്ടികളെ വിഴുങ്ങാൻ ശ്രമിക്കുന്ന ദുഷ്ട ചെന്നായ്ക്കളാണ്. ഇപ്പറഞ്ഞ ആളുകൾ പുറത്താക്കപ്പെടുന്നില്ല എങ്കില്‍, അവർ സഭയിലെ പരാന്നഭോജികളായി മാറും, വഴിപാടുകൾ തിന്നുന്ന പുഴുക്കൾ. താമസിയാതെ, നിന്ദ്യരും അജ്ഞരും ഹീനരും അറപ്പ് തോന്നിക്കുന്നതുമായ ഈ കൃമികള്‍ ശിക്ഷിക്കപ്പെടുന്ന ഒരു ദിവസം വരും!

മുമ്പത്തേത്: ദൈവഹൃദയത്തെ പിൻചെല്ലുന്നവരെ ദൈവം പരിപൂർണ്ണരാക്കുന്നു

അടുത്തത്: ദൈവരാജ്യയുഗം വചനത്തിന്‍റെ യുഗമാണ്

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക