ദൈവരാജ്യയുഗം വചനത്തിന്‍റെ യുഗമാണ്

ദൈവരാജ്യയുഗത്തിൽ പുതുയുഗത്തെ ആനയിക്കുന്നതിനും തന്‍റെ വേല നിർവഹിക്കുന്ന വിധം മാറ്റുന്നതിനും യുഗത്തിന്‍റെ മൊത്തത്തിലുള്ള വേല ചെയ്യുന്നതിനുമായി ദൈവം വചനങ്ങൾ ഉപയോഗിക്കുന്നു. വചനയുഗത്തിൽ ദൈവത്തിന്‍റെ വേലയ്ക്ക് ആധാരമായ തത്ത്വമാണിത്. വ്യത്യസ്തമായ വീക്ഷണതലങ്ങളിൽ നിന്നുകൊണ്ട് സംസാരിക്കുന്നതിനും അതിലൂടെ മനുഷ്യന് ദൈവത്തെ, അതായത് ജഡത്തിൽ പ്രത്യക്ഷമാകുന്ന വചനത്തെ യഥാർഥത്തിൽ കാണുന്നതിനും അവിടുത്തെ ജ്ഞാനവും മാഹാത്മ്യവും ദർശിക്കുന്നതിനും കഴിയേണ്ടതിന് അവൻ ജഡരൂപം ധരിച്ചു. മനുഷ്യനെ ജയിച്ചടക്കുക, അവനെ പൂർണനാക്കുക, മനുഷ്യനെ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങൾ മെച്ചമായ രീതിയിൽ നേടിയെടുക്കുന്നതിനാണ് അത്തരമൊരു കാര്യം ചെയ്യുന്നത്. വചനയുഗത്തിൽ പ്രവർത്തിക്കുന്നതിന് വചനങ്ങൾ ഉപയോഗിക്കുന്നു എന്നതിന്‍റെ ശരിയായ അർഥമാണിത്. ഈ വചനങ്ങളിലൂടെ ദൈവത്തിന്‍റെ പ്രവർത്തനവും ദൈവത്തിന്‍റെ മനോഭാവവും മനുഷ്യന്‍റെ അന്തഃസത്തയും അവൻ ശരിക്കും പ്രവേശിക്കേണ്ടത് എവിടേക്കാണെന്നതും ആളുകൾ മനസ്സിലാക്കുന്നു. വചനയുഗത്തിൽ ദൈവം ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ വചനങ്ങളിലൂടെ പൂർണമായി സഫലമാകും. ഈ വചനങ്ങളിലൂടെ ആളുകൾ തുറന്നുകാട്ടപ്പെടുകയും ഇല്ലാതാക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്യുന്നു. ആളുകൾ ദൈവവചനങ്ങൾ കാണുകയും ഈ വചനങ്ങൾ കേൾക്കുകയും ഈ വചനങ്ങളുടെ അസ്തിത്വം തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. തദ്ഫലമായി അവർ ദൈവത്തിന്‍റെ അസ്തിത്വത്തിലും അവന്‍റെ അപരിമേയമായ ശക്തിയിലും ജ്ഞാനത്തിലും, ഒപ്പം, മനുഷ്യനോടുള്ള ദൈവത്തിന്‍റെ സ്നേഹത്തിലും മനുഷ്യനെ രക്ഷിക്കാനുള്ള അവന്‍റെ ആഗ്രഹത്തിലും വിശ്വസിക്കാനിടയായി. “വചനങ്ങൾ” എന്നത് ലളിതവും സാധാരണവുമായ ഒരു പദമായിരിക്കാം. എന്നാൽ, മനുഷ്യരൂപം ധരിച്ച ദൈവത്തിന്‍റെ വായിൽനിന്നു പുറപ്പെടുന്ന വചനങ്ങളാകട്ടെ, പ്രപഞ്ചത്തെ പ്രകമ്പനം കൊള്ളിക്കുന്നു, അവ ജനഹൃദയങ്ങളിൽ പരിവർത്തനം സൃഷ്ടിക്കുന്നു, അവരുടെ സങ്കല്പങ്ങളെയും പഴഞ്ചൻ മനോഭാവത്തെയും മാറ്റിമറിക്കുന്നു, ഈ ലോകത്തിന്‍റെ മുഖച്ഛായ അപ്പാടെ മാറ്റിവരയ്ക്കുന്നു. ഏതൊരു യുഗത്തിലുംവെച്ച്, ഇക്കാലത്തെ ദൈവം മാത്രമാണ് ഇത്തരത്തിൽ പ്രവർത്തിച്ചിരിക്കുന്നത്, അവൻ മാത്രമേ അപ്രകാരം സംസാരിക്കുകയും മനുഷ്യനെ രക്ഷിക്കാൻ ഈ വിധത്തിൽ കടന്നുവരുകയും ചെയ്യുന്നുള്ളൂ. ദൈവവചനങ്ങളുടെ മാർഗനിർദേശത്തിനു കീഴിൽ, അവിടുത്തെ വചനങ്ങളാൽ വഴിനടത്തപ്പെട്ടും അവയുടെ കരുതലിലും ആണ് ഇനിയങ്ങോട്ടുള്ള മനുഷ്യന്‍റെ ജീവിതം. തിരുമൊഴികളിൽനിന്ന് ശാപവും അനുഗ്രഹങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ആളുകൾ ദൈവവചനങ്ങളുടെ ലോകത്ത് ജീവിക്കുന്നു; ദൈവത്തിന്‍റെ വായിൽനിന്നു പുറപ്പെടുന്ന ന്യായവിധിയും ശാസനയും ഏറ്റുവാങ്ങിക്കൊണ്ടു ജീവിക്കുന്നവർ അതിലേറെയാണ്. ഈ വാക്കുകളും അവിടുത്തെ പ്രവർത്തനവും മനുഷ്യന്‍റെ രക്ഷയെ പ്രതിയാണ്, ദൈവേഷ്ടം പൂർത്തീകരിക്കുന്നതിനാണ്, പഴയ സൃഷ്ടിയായ ഈ ലോകത്തിന്‍റെ യഥാർഥ മുഖച്ഛായ മാറ്റുന്നതിനാണ്. വചനങ്ങൾ ഉപയോഗിച്ച് ദൈവം ലോകത്തെ സൃഷ്ടിച്ചു, പ്രപഞ്ചമെങ്ങുമുള്ളവരെ അവിടുന്ന് വചനങ്ങളിലൂടെ നയിക്കുന്നു, അവിടുന്ന് അവരെ വചനങ്ങളിലൂടെ ജയിച്ചടക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. ഒടുവിൽ അവിടുന്ന് വചനത്തിലൂടെ ഈ പഴയ ലോകത്തിന് അപ്പാടെ അന്ത്യം വരുത്തും, അങ്ങനെ തന്‍റെ കാര്യനിർവഹണ പദ്ധതി സമഗ്രമായി പൂർത്തിയാക്കും. ദൈവരാജ്യയുഗത്തിൽ ഉടനീളം, തന്‍റെ വേല ചെയ്യാനും തന്‍റെ വേലയുടെ ഫലം നേടാനും ദൈവം വചനങ്ങൾ ഉപയോഗിക്കുന്നു. അവിടുന്ന് വിസ്മയകരമായ കാര്യങ്ങൾ ചെയ്യുകയോ അത്ഭുതങ്ങൾ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല, പകരം, കേവലം വാക്കുകളിലൂടെ തന്‍റെ വേല ചെയ്യുന്നു. ഈ വാക്കുകൾ മൂലം മനുഷ്യൻ പോഷിപ്പിക്കപ്പെടുന്നു, പരിപാലിക്കപ്പെടുന്നു, അറിവും യഥാർഥ അനുഭവവും ആർജിക്കുകയും ചെയ്യുന്നു. വചനയുഗത്തിൽ മനുഷ്യൻ അനിതരസാധാരണമാംവിധം അനുഗൃഹീതനാണ്. ശാരീരിക വേദനകളൊന്നും അനുഭവിക്കാതെ ദൈവവചനങ്ങൾ സമൃദ്ധമായി ആസ്വദിക്കുകയാണവൻ; എവിടെയെന്ന് അറിയാതെ തിരയുകയോ ഒരെത്തുംപിടിയുമില്ലാതെ യാത്രചെയ്യുകയോ ചെയ്യാതെ, ഒരു കഷ്ടവും സഹിക്കാതെ അവൻ ദൈവത്തിന്‍റെ പ്രത്യക്ഷത കാണുന്നു, അവിടുത്തെ തിരുമുഖത്തുനിന്ന് ഉതിരുന്ന വചനങ്ങൾ കേൾക്കുന്നു, അവിടുന്ന് പ്രദാനം ചെയ്യുന്നവ കൈക്കൊള്ളുന്നു, അവിടുന്ന് വ്യക്തിപരമായി തന്‍റെ വേല ചെയ്യുന്നത് ദർശിക്കുന്നു. പൊയ്പ്പോയ യുഗങ്ങളിലെ ജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയാതെപോയ കാര്യങ്ങളാണവ, അവർക്ക് ഒരിക്കലും ലഭിക്കാതെപോയ അനുഗ്രഹങ്ങളാണവ.

മനുഷ്യനെ പൂർണനാക്കാൻ ദൈവം നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണ്, അവിടുന്ന് ഏതു തലത്തിൽനിന്ന് സംസാരിച്ചാലും അതെല്ലാം ജനങ്ങളെ പൂർണരാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ആത്മാവിന്‍റെ തലത്തിൽനിന്ന് പറയുന്ന വചനങ്ങൾ ആളുകൾക്ക് ഗ്രഹിക്കുക എളുപ്പമല്ല. അവ പ്രയോഗത്തിൽ വരുത്തേണ്ടത് എങ്ങനെയെന്നു കണ്ടെത്താൻ അവർക്ക് ഒരു മാർഗവുമില്ല, കാരണം, ഗ്രഹിക്കാനുള്ള അവരുടെ പ്രാപ്തി പരിമിതമാണ്. ദൈവത്തിന്‍റെ വേല പലവിധ ഫലങ്ങൾ കൈവരിക്കുന്നതാണ്, വേലയുടെ ഓരോ ഘട്ടവുമായി ബന്ധപ്പെട്ട് ദൈവത്തിന് തന്‍റേതായ ഉദ്ദേശ്യമുണ്ട്. കൂടാതെ, അവിടുന്ന് വിവിധ തലങ്ങളിൽനിന്ന് സംസാരിക്കേണ്ടത് അനിവാര്യമാണ്. കാരണം, അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ ദൈവത്തിന് മനുഷ്യനെ പൂർണനാക്കാൻ കഴിയൂ. ആത്മാവിന്‍റെ തലത്തിൽ നിന്നുകൊണ്ടു മാത്രമാണ് അവിടുന്ന് സംസാരിക്കുന്നതെങ്കിൽ ദൈവവേലയുടെ ഈ ഘട്ടം പൂർത്തീകരിക്കാൻ ഒരു മാർഗവും ഉണ്ടാകില്ല. അവിടുന്ന് ആളുകളുടെ ഈ കൂട്ടത്തെ തികവുറ്റവരാക്കാൻ ദൃഢചിത്തനാണെന്ന് അവിടുത്തെ സംസാരത്തിന്‍റെ ധ്വനിയിൽനിന്ന് നിനക്ക് മനസ്സിലാക്കാൻ കഴിയും. അങ്ങനെയിരിക്കെ, പൂർണരാകാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും സ്വീകരിക്കേണ്ട ആദ്യ പടി ഏതാണ്? എല്ലാറ്റിലും ഉപരി നിങ്ങൾ ദൈവത്തിന്‍റെ വേല തിരിച്ചറിയണം. ഇന്ന് ദൈവവേലയിൽ ഒരു പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നു; യുഗം മാറിയിരിക്കുന്നു, ഒപ്പം, ദൈവം പ്രവർത്തിക്കുന്ന രീതിയും മാറിയിരിക്കുന്നു, ദൈവം സംസാരിക്കുന്ന വിധത്തിലും മാറ്റം വന്നിരിക്കുന്നു. ഇപ്പോൾ അവന്‍റെ വേലയുടെ രീതി മാത്രമല്ല മാറിയിട്ടുള്ളത്, യുഗവും മാറിയിരിക്കുന്നു. ഇപ്പോൾ ദൈവരാജ്യയുഗമാണ്; ദൈവസ്നേഹത്തിന്‍റെ യുഗം കൂടിയാണിത്. സഹസ്രാബ്ദ രാജ്യയുഗത്തിന്‍റെ ഒരു പൂർവദർശനമാണിത്—മനുഷ്യനെ പൂർണനാക്കുന്നതിനായി അവനോട് സംസാരിക്കുന്നതിന് ദൈവം വിവിധ മാർഗങ്ങൾ അവലംബിക്കുകയും മനുഷ്യനെ പോഷിപ്പിക്കുന്നതിനായി വിവിധ തലങ്ങളിൽ നിന്നുകൊണ്ട് സംസാരിക്കുകയും ചെയ്യുന്ന വചനത്തിന്‍റെ യുഗവുമാണിത്. സഹസ്രാബ്ദ രാജ്യയുഗത്തിൽ പ്രവേശിക്കുന്നതോടെ ദൈവം മനുഷ്യനെ പൂർണനാക്കാൻ വചനങ്ങൾ ഉപയോഗിക്കാൻ തുടങ്ങും, ജീവിതത്തിന്‍റെ യാഥാർഥ്യത്തിലേക്കു പ്രവേശിക്കാൻ അവനെ അനുവദിക്കുകയും ശരിയായ പാതയിൽ അവനെ നയിക്കുകയും ചെയ്യും. ദൈവത്തിന്‍റെ പ്രവർത്തനത്തിന്‍റെ വിവിധ ഘട്ടങ്ങൾ അനുഭവിച്ചറിഞ്ഞ മനുഷ്യൻ ദൈവത്തിന്‍റെ വേല മാറ്റമില്ലാതെ നിലകൊള്ളുന്നതല്ലെന്നും അത് ഇടതടവില്ലാതെ പരിവർത്തനത്തിനു വിധേയമാകുകയാണെന്നും അതിന്‍റെ ആഴമേറുകയാണെന്നും കണ്ടിരിക്കുന്നു. ആളുകൾക്ക് കുറെക്കാലം അനുഭവവേദ്യമായ ശേഷം വേല വീണ്ടും വീണ്ടും ആവർത്തിക്കുന്നു, പലവട്ടം മാറുന്നു. എന്നിരുന്നാലും, എത്രയൊക്കെ മാറിയാലും, മനുഷ്യവർഗത്തെ രക്ഷിക്കുക എന്ന ദൈവോദ്ദേശ്യത്തിൽനിന്ന് അത് ഒരിക്കലും വ്യതിചലിക്കില്ല. പതിനായിരം വട്ടം മാറിയാലും അത് അതിന്‍റെ ആദിമോദ്ദേശ്യത്തിൽനിന്ന് വ്യതിചലിക്കില്ല. ദൈവം തന്‍റെ വേല നിർവഹിക്കുന്ന വിധത്തിൽ മാറ്റം സംഭവിച്ചാലും ഈ വേല സത്യത്തിൽനിന്നും ജീവനിൽനിന്നും വേറിട്ടതാവില്ല. വേല നിർവഹിക്കുന്ന വിധത്തിലെ മാറ്റം കേവലം, വേല ചെയ്യുന്ന രീതിയിലെ മാറ്റവും ദൈവം ഏതു വീക്ഷണകോണിൽനിന്ന് സംസാരിക്കുന്നുവോ അതിൽ വരുത്തിയ പരിവർത്തനവും മാത്രമേ ആകുന്നുള്ളൂ; ദൈവവേലയുടെ മുഖ്യ ലക്ഷ്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. ദൈവത്തിന്‍റെ സംസാര രീതിയിലും അവിടുന്ന് വേല ചെയ്യുന്ന വിധത്തിലും വരുത്തിയ മാറ്റങ്ങൾ ഒരു ഉദ്ദേശ്യ സാഫല്യത്തിനായാണ്. ശബ്ദത്തിന്‍റെ ധ്വനിയിൽ മാറ്റം വരുത്തിയാൽ അതിനർഥം വേലയുടെ ഉദ്ദേശ്യത്തിലോ അതിനു പിന്നിലെ തത്ത്വത്തിലോ മാറ്റം വരുത്തി എന്നല്ല. ആളുകൾ പ്രധാനമായും ദൈവത്തിൽ വിശ്വസിക്കുന്നത് ജീവൻ നേടേണ്ടതിനാണ്. നീ ദൈവത്തിൽ വിശ്വസിക്കുകയും, എന്നാൽ, ജീവൻ നേടാൻ ശ്രമിക്കാതിരിക്കുകയോ സത്യവും ദൈവജ്ഞാനവും പിന്തുടരാതിരിക്കുകയോ ചെയ്താൽ അത് ദൈവത്തിലുള്ള വിശ്വാസമല്ല! എന്നിട്ടും, രാജാവാകാനായി രാജ്യത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നത് യാഥാർഥ്യത്തിനു നിരക്കുന്നതാണോ? ജീവൻ അന്വേഷിക്കുന്നതിലൂടെ ദൈവത്തോടുള്ള യഥാർഥ സ്നേഹം നേടുക—ഇതു മാത്രമാണ് യാഥാർഥ്യം; സത്യം പിന്തുടരുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്യുക—ഇവയെല്ലാമാണ് യാഥാർഥ്യം. ദൈവവചനങ്ങൾ വായിക്കുകയും ആ വചനങ്ങൾ അനുഭവിച്ചറിയുകയും ചെയ്യുമ്പോൾ, യഥാർഥ അനുഭവത്തിലൂടെ നിങ്ങൾ ദൈവജ്ഞാനം ഗ്രഹിക്കും. പിന്തുടരുക എന്നതുകൊണ്ട് യഥാർഥത്തിൽ അതാണ് അർഥമാക്കുന്നത്.

ഇപ്പോൾ ദൈവരാജ്യയുഗമാണ്. നീ ഈ പുതിയ യുഗത്തിലേക്കു കടന്നുവോ എന്നത് നീ ദൈവത്തിന്‍റെ വചനങ്ങളുടെ യാഥാർഥ്യത്തിലേക്കു പ്രവേശിച്ചോ എന്നതിനെയും അവിടുത്തെ വചനങ്ങൾ നിന്‍റെ ജീവിത യാഥാർഥ്യമായി മാറിയോ എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ദൈവവചനങ്ങൾ എല്ലാവർക്കുമായി വെളിവാക്കപ്പെടുന്നു; ഒടുവിൽ സകലരും ദൈവവചനങ്ങളുടെ ലോകത്ത് ജീവിക്കുന്നതിനും ദൈവത്തിന്‍റെ വചനങ്ങൾ ഓരോ വ്യക്തിയെയും ഉള്ളിൽനിന്നു പ്രബുദ്ധരാക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നതിനും വേണ്ടിയാണത്. ഈ സമയത്ത് ദൈവവചനങ്ങൾ വായിക്കുന്നതിൽ നീ അലസത കാണിക്കുന്നെങ്കിൽ, അവന്‍റെ വചനങ്ങളിൽ ഒരു താത്പര്യവും കാണിക്കുന്നില്ലെങ്കിൽ, നിന്‍റെ നില ശരിയല്ലെന്നാണ് അതു പ്രകടമാക്കുന്നത്. വചന യുഗത്തിലേക്കു പ്രവേശിക്കാൻ നിനക്കു കഴിയുന്നില്ലെങ്കിൽ, പരിശുദ്ധാത്മാവ് നിന്നിൽ പ്രവർത്തിക്കുന്നില്ല, നീ ഈ യുഗത്തിലേക്കു പ്രവേശിച്ചിരിക്കുന്നെങ്കിൽ അവിടുന്ന് തന്‍റെ പ്രവൃത്തി ചെയ്യും. പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനം സ്വീകരിക്കുന്നതിനായി വചന യുഗത്തിന്‍റെ തുടക്കത്തിൽ നിനക്ക് എന്തു ചെയ്യാനാകും? ഈ യുഗത്തിലും നിങ്ങൾക്ക് ഇടയിലും ദൈവം ഇനി പറയുന്ന കാര്യം നിർവഹിക്കും: ഓരോ വ്യക്തിയും ദൈവവചന പ്രകാരം ജീവിതം നയിക്കുകയും സത്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ദൈവത്തെ അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്യും; സകലരും അടിസ്ഥാനമെന്നോണവും അവരുടെ യാഥാർഥ്യമായും ദൈവവചനങ്ങൾ ഉപയോഗിക്കുകയും ഹൃദയംഗമമായി ദൈവഭയമുള്ളവരായിരിക്കുകയും ചെയ്യും; ദൈവവചനങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെ മനുഷ്യൻ ദൈവത്തോടൊപ്പം രാജ്യാധികാരം പ്രയോഗിക്കും. ദൈവം പൂർത്തിയാക്കാനിരിക്കുന്ന വേലയാണിത്. ദൈവവചനങ്ങൾ വായിക്കാതെ മുന്നോട്ടുപോകാൻ നിനക്കാവുമോ? ദൈവവചനങ്ങൾ വായിക്കാതെ ഒരു ദിവസം പോലും, ഏറിയാൽ രണ്ട് ദിവസം, കഴിച്ചുകൂട്ടാൻ പറ്റാത്ത ഒരുപാടു പേരുണ്ടിന്ന്. ദിവസവും ദൈവവചനം വായിക്കാതെ അവർക്ക് പറ്റില്ല; സമയം കിട്ടുന്നില്ലെങ്കിൽ അവർക്ക് അവ ശ്രവിക്കുകയെങ്കിലും ചെയ്യണം. പരിശുദ്ധാത്മാവ് ആളുകൾക്കു നൽകുന്ന വികാരമാണത്, അവരെ അവിടുന്ന് പ്രേരിപ്പിച്ചു തുടങ്ങുന്ന വിധമാണത്. അതായത്, ആളുകൾക്ക് ദൈവവചനങ്ങളുടെ യാഥാർഥ്യത്തിലേക്കു പ്രവേശിക്കുന്നതിനായി അവിടുന്ന് വചനങ്ങളിലൂടെ അവരെ ഭരിക്കുന്നു. കേവലം ഒരു ദിവസം ദൈവവചനങ്ങൾ ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യാതിരുന്നതിനാൽ നിനക്ക് ഇരുട്ടും ദാഹവും അനുഭവപ്പെടുന്നെങ്കിൽ, അത് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ, നീ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുകയാണെന്നും അവിടുന്ന് നിന്നെ വിട്ടുപോയിട്ടില്ല എന്നുമാണ് അതു കാണിക്കുന്നത്. അങ്ങനെയെങ്കിൽ നീ ഈ പ്രവാഹത്തിലുള്ള ഒരുവനാണ്. എന്നാൽ, ഒന്നോ രണ്ടോ ദിവസം ദൈവവചനങ്ങൾ ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യാതിരുന്നിട്ടും നിനക്ക് ഒന്നും അനുഭവപ്പെടുന്നില്ലെങ്കിൽ, നിനക്ക് ഒട്ടും ദാഹിക്കുന്നില്ലെങ്കിൽ, ഒരു വികാരവും തോന്നുന്നില്ലെങ്കിൽ, പരിശുദ്ധാത്മാവ് നിന്നെ വിട്ടുപോയിരിക്കുന്നു എന്നാണ് അതു കാണിക്കുന്നത്. നിന്‍റെ ആന്തരികനിലയിൽ എന്തോ കുഴപ്പമുണ്ടെന്നാണ് അതിനർഥം; നീ വചന യുഗത്തിലേക്കു പ്രവേശിച്ചിട്ടില്ല, നീ ബഹുദൂരം പിന്നിലാണ്. ആളുകളെ ഭരിക്കാൻ ദൈവം വചനങ്ങൾ ഉപയോഗിക്കുന്നു; ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ നിനക്ക് ഉന്മേഷം തോന്നും, അങ്ങനെ ചെയ്തില്ലെങ്കിൽ, പിന്തുടരാൻ നിനക്ക് പ്രത്യേകിച്ച് ഒരു വഴി ഉണ്ടാവില്ല. ദൈവവചനങ്ങൾ ആളുകളുടെ ഭക്ഷണമായും അവരെ നയിക്കുന്ന ശക്തിയായും മാറുന്നു. “അപ്പംകൊണ്ടു മാത്രമല്ല മനുഷ്യൻ ജീവിക്കുന്നത്, പ്രത്യുത, ദൈവത്തിന്‍റെ വായിൽനിന്നു വരുന്ന എല്ലാ വചനങ്ങളുംകൊണ്ടു കൂടിയാണ്” എന്ന് ബൈബിൾ പറയുന്നു. ഇന്ന് ദൈവം ഈ വേല പൂർത്തിയാക്കും, ഇക്കാര്യം അവിടുന്ന് നിങ്ങളിൽ നിറവേറ്റും. പണ്ടൊക്കെ, ദിവസങ്ങളോളം ദൈവവചനം വായിക്കാതിരുന്നിട്ടും ആളുകൾക്ക് സാധാരണപോലെ ഭക്ഷിക്കാനും ജോലി ചെയ്യാനും കഴിഞ്ഞത് എങ്ങനെയാണ്, ഇന്ന് അങ്ങനെ അല്ലാത്തത് എന്തുകൊണ്ടാണ്? ഈ യുഗത്തിൽ സകലതും നിയന്ത്രിക്കുന്നതിന് ദൈവം മുഖ്യമായും ഉപയോഗിക്കുന്നത് വചനങ്ങളാണ്. ദൈവത്തിന്‍റെ വചനങ്ങളിലൂടെ മനുഷ്യനെ ന്യായം വിധിക്കുകയും പൂർണരാക്കുകയും ഒടുവിൽ ദൈവരാജ്യത്തിലേക്ക് എടുക്കുകയും ചെയ്യുന്നു. വിശേഷിച്ചും ദൈവരാജ്യയുഗത്തിൽ, ദൈവവചനങ്ങൾക്കു മാത്രമേ മനുഷ്യന് ജീവൻ പ്രദാനം ചെയ്യാൻ കഴിയൂ, ദൈവവചനങ്ങൾക്കു മാത്രമേ മനുഷ്യന് പ്രകാശം ചൊരിയാനും ചരിക്കാനുള്ള പാത കാട്ടാനും കഴിയൂ. ദൈവവചനങ്ങളുടെ യാഥാർഥ്യത്തിൽനിന്ന് നീ വ്യതിചലിക്കാത്തിടത്തോളം, ദൈവവചനങ്ങൾ ദിവസവും ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നെങ്കിൽ, ദൈവത്തിനു നിന്നെ പൂർണനാക്കാനാകും.

ജീവനായുള്ള അനുധാവനം ധൃതിപിടിച്ചു ചെയ്യാവുന്ന ഒന്നല്ല; ജീവിതത്തിൽ വളർച്ചയുണ്ടാകുക എന്നത് ഒന്നോ രണ്ടോ ദിവസംകൊണ്ട് സംഭവിക്കുന്നതല്ല. ദൈവത്തിന്‍റെ വേല സാധാരണഗതിയിലുള്ളതും പ്രായോഗികവുമാണ്, അത് അതിന്‍റേതായ പ്രക്രിയയിലൂടെ കടന്നുപോകുക തന്നെ വേണം. ജഡശരീരം സ്വീകരിച്ച യേശുവിന് കുരിശുമരണം വരിക്കുക എന്ന വേല പൂർത്തീകരിക്കാൻ മുപ്പത്തിമൂന്നര വർഷം വേണ്ടിവന്നു. ആ സ്ഥിതിക്ക്, മനുഷ്യനെ സ്ഫുടം ചെയ്യുകയും അവന്‍റെ ജീവനെ രൂപാന്തരപ്പെടുത്തുകയും ചെയ്യുക എന്ന ഏറ്റവും വിഷമം പിടിച്ച വേലയോ? ഒരു സാധാരണ മനുഷ്യനെ, ദൈവത്തിൻറെ ആവിഷ്കാരമാക്കി മാറ്റുക എന്നത് എളുപ്പമുള്ള കാര്യമല്ല. ചുവന്ന മഹാവ്യാളിയുടെ ദേശത്ത് ജനിച്ച ആളുകളുടെ കാര്യത്തിൽ ഇത് വിശേഷാൽ സത്യമാണ്. സ്വഭാവദാർഢ്യം കുറഞ്ഞ അവർക്കിടയിൽ ദൈവവചനങ്ങളും ദൈവവേലയും ദീർഘകാലം നിലനിൽക്കേണ്ടതുണ്ട്. അതുകൊണ്ട്, ഫലം കാണുവാൻ അക്ഷമ കാട്ടരുത്. ദൈവത്തിന്‍റെ വചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതിൽ നീ സജീവമായി ഏർപ്പെടണം. മാത്രമല്ല ദൈവവചനങ്ങളിൽ കൂടുതൽ പരിശ്രമിക്കുകയും വേണം. നീ ദൈവവചനങ്ങൾ വായിച്ചു കഴിയുമ്പോൾ അവ ശരിക്കും പ്രാവർത്തികമാക്കാൻ നിനക്കു കഴിയണം, ദൈവവചനങ്ങൾ സംബന്ധിച്ച അറിവിലും ഉൾക്കാഴ്ചയിലും വകതിരിവിലും ജ്ഞാനത്തിലും വളരണം. ഇതിലൂടെ, അറിയാതെതന്നെ നിന്നിൽ മാറ്റമുണ്ടാകും. ദൈവത്തിന്‍റെ വചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതും അവ വായിക്കുകയും അവയെക്കുറിച്ച് അറിവു നേടുന്നതും അവ അനുഭവിച്ചറിയുന്നതും അവ പ്രാവർത്തികമാക്കുന്നതും നിൻറ ആദർശമാക്കാൻ കഴിയുന്നെങ്കിൽ, അറിയാതെതന്നെ നീ പക്വത പ്രാപിക്കും. ദൈവവചനങ്ങൾ വായിച്ചാലും അവയ്ക്കു ചേർച്ചയിൽ ജീവിക്കാൻ കഴിയുന്നില്ല എന്നു പറയുന്നവരുണ്ട്. നിനക്ക് എന്താണിത്ര തിരക്ക്? നീ ഒരു നിശ്ചിത ഔന്നത്യത്തിൽ എത്തിക്കഴിഞ്ഞാൽ നിനക്ക് തിരുവചനങ്ങൾ പ്രാവർത്തികമാക്കാൻ കഴിയും. നാലോ അഞ്ചോ വയസ്സുള്ള ഒരു കുട്ടി തനിക്ക് മാതാപിതാക്കളെ പിന്തുണയ്ക്കാനോ ബഹുമാനിക്കാനോ കഴിയുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെയുണ്ടാവും? ഇപ്പോഴുള്ള നിന്‍റെ ഔന്നത്യം എത്രത്തോളമാണെന്ന് നീ മനസ്സിലാക്കിയിരിക്കണം. നിനക്ക് പ്രാവർത്തികമാക്കാൻ കഴിയുന്നത് പ്രാവർത്തികമാക്കുക, ദൈവത്തിന്‍റെ കാര്യനിർവഹണത്തിന് തടസ്സം നിൽക്കുന്നവനാകാതിരിക്കുക. ദൈവത്തിന്‍റെ വചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക, അത്രതന്നെ. ഒപ്പം, ഇന്നു മുതൽ അത് നിന്‍റെ ആദർശമാക്കി മാറ്റുക. ദൈവത്തിനു നിന്നെ തികവുറ്റവനാക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് ഓർത്ത് തത്കാലം വിചാരപ്പെടേണ്ടാ. അതിലേക്ക് ഇപ്പോൾ കൂടുതൽ കടക്കേണ്ടതില്ല. നിനക്ക് ലഭ്യമാകുന്ന മുറയ്ക്ക് ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക, ദൈവം നിന്നെ തീർച്ചയായും തികവുറ്റവനാക്കും. എന്നിരുന്നാലും, ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതിന് അതിന്‍റേതായ ഒരു തത്ത്വമുണ്ട്. അന്ധമായി അതു ചെയ്യരുത്. ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ ഒരു വശത്ത്, നീ അറിയേണ്ടതായ വചനങ്ങൾക്കായി—അതായത്, നിന്‍റെ ദർശനങ്ങളുമായി ബന്ധമുള്ളവയ്ക്കായി—തിരയുക. മറുവശത്ത്, നീ ശരിക്കും പ്രാവർത്തികമാക്കേണ്ടവയ്ക്കായി—അതായത്, നീ പ്രവേശിക്കേണ്ടവയ്ക്കായി—തിരയുക. അറിവുമായി ബന്ധപ്പെട്ടതാണ് ഒരു ഘടകം. അടുത്തത്, പ്രവേശനവുമായി ബന്ധപ്പെട്ടതും. രണ്ടും ഗ്രഹിച്ചു കഴിഞ്ഞാൽ—നീ അറിയേണ്ടതും പ്രാവർത്തികമാക്കേണ്ടതും ഗ്രഹിച്ചു കഴിഞ്ഞാൽ—ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്ന് നീ മനസ്സിലാക്കും.

ഇനിയങ്ങോട്ട്, ദൈവവചനങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾ നിന്‍റെ സംസാരത്തിന്‍റെ തത്ത്വമായിരിക്കണം. നിങ്ങൾ സാധാരണ കൂടിവരുമ്പോൾ, ദൈവവചനങ്ങളെക്കുറിച്ച് സംവദിക്കുക, ദൈവവചനങ്ങളെ നിങ്ങളുടെ ആശയവിനിമയത്തിന്‍റെ ഉള്ളടക്കമെന്നോണം എടുക്കുക, ഈ വചനങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് അറിയാവുന്നതിനെക്കുറിച്ചും നിങ്ങൾ അവ പ്രാവർത്തികമാക്കുന്ന വിധത്തെക്കുറിച്ചും പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നതിനെക്കുറിച്ചും സംസാരിക്കുക. നീ ദൈവവചനങ്ങളെക്കുറിച്ച് സംവദിക്കുന്നിടത്തോളം പരിശുദ്ധാത്മാവ് നിന്നെ പ്രകാശിപ്പിക്കും. ദൈവവചനങ്ങളുടെ ലോകം സാധ്യമാക്കുന്നതിന് മനുഷ്യന്‍റെ സഹകരണം ആവശ്യമാണ്. നീ അതിലേക്കു പ്രവേശിക്കുന്നില്ലെങ്കിൽ, ദൈവത്തിന് വേല നിർവഹിക്കാൻ മറ്റു മാർഗ്ഗമില്ല. നീ ദൈവവചനങ്ങളെക്കുറിച്ച് ഒന്നും ഉരിയാടാതെ വായ് പൂട്ടിയിരിക്കുന്നെങ്കിൽ, നിന്നെ പ്രകാശിപ്പിക്കാൻ അവിടുത്തേക്ക് യാതൊരു വഴിയുമുണ്ടാകില്ല. മറ്റു കാര്യങ്ങളിൽ ഏർപ്പെടാത്തപ്പോഴെല്ലാം ദൈവവചനങ്ങളെക്കുറിച്ച് സംസാരിക്കുക, വെറുതെ നേരമ്പോക്ക് പറഞ്ഞിരിക്കരുത്! നിന്‍റെ ജീവിതം ദൈവവചനങ്ങളാൽ നിറയാൻ ഇടവരട്ടെ—അപ്പോൾ മാത്രമേ നീ ദൈവഭക്തനായ ഒരു വിശ്വാസിയാകൂ. നിന്‍റെ ചർച്ച ഉപരിപ്ലവമാണെന്നത് പ്രശ്നമല്ല. ആഴമില്ലായ്മ ഇല്ലെങ്കിൽ ആഴവുമില്ല. ഒരു പ്രക്രിയ ഉണ്ടായിരിക്കണം. പരിശുദ്ധാത്മാവ് നിങ്ങളെ പ്രകാശിപ്പിക്കുന്നതും, ദൈവവചനങ്ങൾ കാര്യക്ഷമമായി എങ്ങനെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യാം എന്നതും നിങ്ങളുടെ പരിശീലനത്തിലൂടെ നിങ്ങൾ മനസ്സിലാക്കും. അന്വേഷണത്തിന്‍റെ കാലഘട്ടത്തിനു ശേഷം, നീ ദൈവവചനങ്ങളുടെ യാഥാർഥ്യത്തിലേക്ക് പ്രവേശിക്കും. സഹകരിക്കാൻ നീ ദൃഢനിശ്ചയമെടുത്താൽ മാത്രമേ നിനക്ക് പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനം കൈക്കൊള്ളാൻ കഴിയൂ.

ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതിന്‍റെ തത്ത്വങ്ങളിൽ ഒരെണ്ണം അറിവുമായും മറ്റൊന്ന് പ്രവേശനവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഏതു വചനങ്ങളാണ് നിങ്ങൾ അറിയേണ്ടത്? ദർശനങ്ങളുമായി ബന്ധപ്പെട്ട വചനങ്ങളാണ് നിങ്ങൾ അറിയേണ്ടത് (അതായത്, ദൈവത്തിന്‍റെ വേല ഇപ്പോൾ ഏതു യുഗത്തിൽ എത്തിയിരിക്കുന്നു, ഇപ്പോൾ ദൈവം എന്തു നേടാനാണ് ആഗ്രഹിക്കുന്നത്, മനുഷ്യാവതാരം എന്താണ് തുടങ്ങിയവ; ഇവയെല്ലാം ദർശനങ്ങളുമായി ബന്ധപ്പെട്ടവയാണ്). മനുഷ്യൻ പ്രവേശിക്കേണ്ട പാത എന്നതുകൊണ്ട് അർഥമാക്കുന്നത് എന്താണ്? മനുഷ്യൻ പ്രാവർത്തികമാക്കുകയും പ്രവേശിക്കുകയും ചെയ്യേണ്ട ദൈവവചനങ്ങളെയാണ് അതു കുറിക്കുന്നത്. ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതിന്‍റെ രണ്ടു വശങ്ങളാണ് മേൽപ്പറഞ്ഞവ. ഇപ്പോൾ മുതൽ ഈ വിധത്തിൽ ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക. ദർശനങ്ങൾ സംബന്ധിച്ച അവിടുത്തെ വചനങ്ങളുടെ വ്യക്തമായ ഒരു ഗ്രാഹ്യം നിങ്ങൾക്കുണ്ടെങ്കിൽ, സദാസമയവും വായിച്ചുകൊണ്ടിരിക്കേണ്ടതില്ല. പ്രവേശനവുമായി ബന്ധപ്പെട്ട വചനങ്ങൾ ധാരാളമായി ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതിനാണ് കൂടുതൽ പ്രാധാന്യം; ഉദാഹരണത്തിന്, നിങ്ങളുടെ ഹൃദയം എങ്ങനെ ദൈവത്തിങ്കലേക്കു തിരിക്കാം, നിങ്ങളുടെ ഹൃദയം എങ്ങനെ ദൈവമുമ്പാകെ ശാന്തമാക്കാം, ജഡത്തെ എങ്ങനെ ത്യജിക്കാം എന്നിവ. നിങ്ങൾ അനുഷ്ഠിക്കേണ്ട കാര്യങ്ങളാണിവ. ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയാതെ യഥാർഥ സംവദനം സാധ്യമല്ല. തിരുവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്ന് അറിഞ്ഞുകഴിഞ്ഞാൽ, അതിനുള്ള വിധം മനസ്സിലാക്കിയാൽ, തുറന്ന സംവദനം സാധ്യമാണ്; കൂടാതെ, ഏതൊരു വിഷയം ഉയർന്നുവന്നാലും നിങ്ങൾക്ക് അത് ചർച്ച ചെയ്യാനും യാഥാർഥ്യം മനസ്സിലാക്കാനും കഴിയും. ദൈവവചനങ്ങളെക്കുറിച്ചു സംവദിക്കുമ്പോൾ യാഥാർഥ്യം ഇല്ലെങ്കിൽ, നിങ്ങൾ അതിനുള്ള വിധം മനസ്സിലാക്കിയിട്ടില്ല. ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്ന് നിനക്ക് അറിയില്ല എന്നാണ് അതു കാണിക്കുന്നത്. ദൈവവചനങ്ങൾ വായിക്കുന്നത് മുഷിപ്പുളവാക്കുന്നതായി ചിലർക്ക് അനുഭവപ്പെട്ടേക്കാം, അത് ഒരു സാധാരണ അവസ്ഥയല്ല. ദൈവവചനങ്ങൾ വായിക്കുന്നതിൽ ഒരിക്കലും മടുപ്പു തോന്നാതിരിക്കുക, എപ്പോഴും അവയ്ക്കായി ദാഹിക്കുക, ദൈവവചനങ്ങളെ എപ്പോഴും നല്ല സംഗതിയായി കാണുക, ഇതൊക്കെയാണ് സാധാരണം. യഥാർഥമായി പ്രവേശിച്ചിട്ടുള്ള ഒരുവൻ ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്. ദൈവവചനങ്ങൾ അത്യന്തം പ്രായോഗികമാണെന്നും മനുഷ്യൻ ശരിക്കും പ്രവേശിക്കേണ്ട സംഗതിയാണതെന്നും നിനക്ക് അനുഭവപ്പെടുമ്പോൾ, തിരുവചനങ്ങൾ മനുഷ്യന് അങ്ങേയറ്റം ഉപകാരപ്രദവും പ്രയോജനകരവുമാണെന്നും മനുഷ്യജീവനായുള്ള കരുതലാണ് അവയെന്നും നിനക്ക് അനുഭവപ്പെടുമ്പോൾ—പരിശുദ്ധാത്മാവാണ് ഈ വികാരം നിന്നിൽ ജനിപ്പിക്കുന്നത്, പരിശുദ്ധാത്മാവാണ് നിന്നെ പ്രേരിപ്പിക്കുന്നത്. പരിശുദ്ധാത്മാവ് നിന്നിൽ പ്രവർത്തിക്കുന്നു എന്നും ദൈവം നിന്നെ വിട്ടുപോയിട്ടില്ല എന്നുമാണ് അത് തെളിയിക്കുന്നത്. ദൈവം എപ്പോഴും സംസാരിക്കുന്നതു കണ്ട് ചിലർക്ക് അവിടുത്തെ വചനങ്ങളിൽ മടുപ്പ് തോന്നാറുണ്ട്. തങ്ങൾ അവ വായിച്ചാലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നാണ് അവർ കരുതുന്നത്—അത് ഒരു സാധാരണ അവസ്ഥയല്ല. യാഥാർഥ്യത്തിലേക്കു പ്രവേശിക്കാൻ ദാഹിക്കുന്ന ഒരു ഹൃദയം അവർക്കില്ല. അത്തരക്കാർ പൂർണരാകാൻ ദാഹിക്കുകയോ അതിനു പ്രാധാന്യം കൊടുക്കുകയോ ചെയ്യുന്നില്ല. ദൈവവചനങ്ങൾക്കായുള്ള തൃഷ്ണ നിന്നിൽ ഇല്ലെന്ന് നീ കാണുമ്പോഴെല്ലാം അതു തെളിയിക്കുന്നത് നീ ഒരു സാധാരണ അവസ്ഥയിലല്ല എന്നാണ്. കഴിഞ്ഞ കാലത്ത്, ദൈവം നിന്നിൽനിന്ന് അകന്നുപോയോ എന്നത്, നിന്‍റെ ഉള്ളിൽ സമാധാനമുണ്ടായിരുന്നോ എന്നതിന്‍റെയും നീ ആനന്ദം അനുഭവിച്ചിരുന്നോ എന്നതിന്‍റെയും അടിസ്ഥാനത്തിൽ നിർണയിക്കാനാകുമായിരുന്നു. നീ ദൈവവചനങ്ങൾക്കായി ദാഹിക്കുന്നുണ്ടോ, തിരുവചനങ്ങൾ നിനക്ക് യാഥാർഥ്യമാണോ, നീ വിശ്വസ്തനാണോ, ദൈവത്തിനായി ചെയ്യാൻ കഴിവുള്ളതെല്ലാം നിനക്ക് ചെയ്യാൻ കഴിയുന്നുണ്ടോ എന്നതാണ് ഇന്ന് നിർണായകം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവവചനങ്ങളുടെ യാഥാർഥ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് മനുഷ്യനെ ന്യായംവിധിക്കുന്നത്. മുഴുവൻ മനുഷ്യരാശിയെയും ലക്ഷ്യംവെച്ചാണ് ദൈവം തന്‍റെ വചനങ്ങൾ അരുളിച്ചെയ്യുന്നത്. നീ അവ വായിക്കാൻ സന്നദ്ധനാണെങ്കിൽ അവിടുന്ന് നിന്നെ പ്രബുദ്ധനാക്കും. നീ ഒരുക്കമല്ലെങ്കിൽ, അവിടുന്ന് അത് ചെയ്യില്ല. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരെ ദൈവം പ്രബുദ്ധരാക്കുന്നു, അവിടുത്തെ അന്വേഷിക്കുന്നവരെയും അവിടുന്ന് പ്രബുദ്ധരാക്കുന്നു. ദൈവവചനങ്ങൾ വായിച്ചിട്ടും തങ്ങളെ ദൈവം പ്രബുദ്ധരാക്കിയില്ല എന്ന് ചിലർ പറയുന്നു. പക്ഷേ, നിങ്ങൾ എങ്ങനെയാണ് ഈ വചനങ്ങൾ വായിച്ചത്? കുതിരസവാരിക്കാരൻ പൂക്കളിലേക്ക് പാളിനോക്കുന്നതുപോലെയാണ് നീ അവിടുത്തെ വചനങ്ങൾ വായിച്ചതെങ്കിൽ, യാഥാർഥ്യത്തിന് നീ ഒരു പ്രാധാന്യവും നൽകിയിട്ടില്ലെങ്കിൽ, ദൈവം എങ്ങനെ നിന്നെ പ്രബുദ്ധനാക്കാനാണ്? ദൈവവചനങ്ങൾ നിധിയായി കരുതാത്ത ഒരുവൻ ദൈവത്താൽ എങ്ങനെ പൂർണനാക്കപ്പെടും? ദൈവവചനങ്ങൾ നീ നിധിപോലെ കണക്കാക്കുന്നില്ലെങ്കിൽ, നിന്നിൽ സത്യമില്ല, യാഥാർഥ്യവുമില്ല. നീ തിരുവചനങ്ങൾ അമൂല്യമായി കരുതുന്നെങ്കിൽ, നിനക്ക് സത്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കാനാകും, അപ്പോൾ മാത്രമേ യാഥാർഥ്യമെന്നത് നിനക്ക് കരഗതമാകൂ. അതിനാലാണ് നീ ദൈവവചനം സദാസമയവും ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യേണ്ടത്; നീ തിരക്കിലാണെങ്കിലും അല്ലെങ്കിലും, സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിലും അല്ലെങ്കിലും, മടുപ്പ് അനുഭവപ്പെടുന്നെങ്കിലും ഇല്ലെങ്കിലും അതു ചെയ്യണം. ചുരുക്കത്തിൽ പറഞ്ഞാൽ, ദൈവവചനങ്ങൾ മനുഷ്യന്‍റെ നിലനിൽപ്പിന്‍റെ അടിസ്ഥാനമാണ്. ആർക്കും അവിടുത്തെ വചനങ്ങൾ വിട്ടൊഴിയാൻ പറ്റില്ല. മൂന്നു നേരം ഭക്ഷണം കഴിക്കേണ്ടതുള്ളതുപോലെ അവർ ദൈവവചനങ്ങൾ ഭക്ഷിക്കുകതന്നെ വേണം. ദൈവത്താൽ പൂർണരാക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമാണോ? ഇന്ന് നിനക്ക് മനസ്സിലാകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, നിനക്ക് ദൈവത്തിന്‍റെ വേലയെക്കുറിച്ച് ഉൾക്കാഴ്ച ഉണ്ടെങ്കിലും ഇല്ലെങ്കിലും നീ ദൈവവചനങ്ങൾ കഴിയുന്നത്ര ഭക്ഷിക്കുകയും കുടിക്കുകയും വേണം. സജീവമായ രീതിയിലുള്ള പ്രവേശനമാണത്. ദൈവവചനങ്ങൾ വായിച്ചതിനുശേഷം, നിനക്ക് പ്രവേശിക്കാനാവുന്നവ പ്രാവർത്തികമാക്കാൻ ഉടനടി ശ്രമിക്കുക, നിനക്ക് കഴിയാത്തവ തത്കാലം മാറ്റിവയ്ക്കുക. ദൈവത്തിന്‍റെ വചനങ്ങളിൽ പലതും തുടക്കത്തിൽ നിനക്ക് മനസ്സിലായില്ലെന്നുവരും. എന്നാൽ രണ്ടോ മൂന്നോ മാസത്തിനു ശേഷം, ഒരുപക്ഷേ, ഒരു വർഷത്തിനു ശേഷം നിനക്കതിനു കഴിയും. അതെങ്ങനെ? കാരണം, ദൈവത്തിന് ഒന്നോ രണ്ടോ ദിവസംകൊണ്ട് മനുഷ്യരെ പൂർണരാക്കാനാവില്ല. മിക്കപ്പോഴും, നീ തിരുവചനങ്ങൾ വായിക്കുന്ന മാത്രയിൽ അവ നിനക്ക് മനസ്സിലായെന്നു വരില്ല. അപ്പോൾ അവ വെറും ചില എഴുത്തുകുത്തുകൾ എന്നപോലെ തോന്നിച്ചേക്കാം. ഒരു കാലംവരെ നീ അവ അനുഭവിച്ച ശേഷമാണ് അവ മനസ്സിലാക്കാൻ നിനക്കു കഴിയുക. ദൈവം ഇത്രയേറെ കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്ന സ്ഥിതിക്ക് അവിടുത്തെ വചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യാൻ നീ ആവുന്നത്ര ശ്രമിക്കണം. അപ്പോൾ, അറിയാതെതന്നെ നീ ഗ്രഹിക്കാൻ തുടങ്ങും. നീ അറിയാതെതന്നെ, പരിശുദ്ധാത്മാവ് നിന്നെ പ്രബുദ്ധനാക്കും. പരിശുദ്ധാത്മാവ് മനുഷ്യനെ പ്രബുദ്ധനാക്കുന്നത് പലപ്പോഴും മനുഷ്യന്‍റെ അറിവോടുകൂടിയല്ല. നീ ദാഹിക്കുകയും തിരയുകയും ചെയ്യുമ്പോൾ അവിടുന്ന് നിന്നെ പ്രബുദ്ധനാക്കുകയും നയിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നതിന് ആധാരമായ തത്ത്വം, നീ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്ന ദൈവവചനങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്നു. ദൈവവചനങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകാത്ത, അവിടുത്തെ വചനങ്ങളോട് എപ്പോഴും വിരക്തി കാട്ടുന്ന എല്ലാവരും—അവർ അവരുടെ വികലമായ ചിന്താഗതി അനുസരിച്ച് വിശ്വസിക്കുന്നത്, അവർ ദൈവവചനങ്ങൾ വായിക്കുകയോ വായിക്കാതിരിക്കുകയോ ചെയ്യുന്നത് വെറും ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് എന്നാണ്—യാഥാർഥ്യമെന്നത് കരഗതമായിട്ടില്ലാത്തവരാണ്. അത്തരം വ്യക്തിയിൽ പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനമോ അവിടുത്തെ പ്രബുദ്ധതയോ കാണാൻ കഴിയില്ല. അത്തരം ആളുകൾ വെറുതെ ഒഴുക്കിനൊപ്പം നീങ്ങുകയാണ്, യഥാർഥ യോഗ്യതകളില്ലാത്ത നാട്യക്കാരാണവർ, ദൃഷ്ടാന്തകഥയിലെ[a] ശ്രീമാൻ നാൻഗുവോയെപ്പോലെ.

നിന്‍റെ യാഥാർഥ്യമായി ദൈവവചനങ്ങൾ ഇല്ലെങ്കിൽ, നിനക്ക് യഥാർഥത്തിൽ അല്പംപോലും ഔന്നത്യമില്ല. പരീക്ഷണ ഘട്ടം വരുമ്പോൾ നീ തീർച്ചയായും വീണുപോകും, അതോടെ നിന്‍റെ യഥാർഥ ഔന്നത്യം വെളിവാകും. പക്ഷേ, യാഥാർഥ്യത്തിലേക്കു കടക്കാൻ നിരന്തരം ശ്രമിക്കുന്നവർ പരീക്ഷണങ്ങളെ നേരിടുമ്പോൾ ദൈവത്തിന്‍റെ ഉദ്ദേശ്യമെന്തെന്ന് മനസ്സിലാക്കും. മനസ്സാക്ഷിയുള്ള, ദൈവത്തിനായി ദാഹിക്കുന്ന ഒരുവൻ ദൈവസ്നേഹത്തിനു പകരം നൽകാൻ പ്രായോഗികമായ നടപടി സ്വീകരിക്കും. യാഥാർഥ്യം കരഗതമായിട്ടില്ലാത്തവർക്ക് നിസ്സാര കാര്യങ്ങൾക്കു മുന്നിൽപ്പോലും പിടിച്ചുനിൽക്കാനാവില്ല. യഥാർഥ ഔന്നത്യമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസമാണത്. രണ്ടു കൂട്ടരും ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തിട്ടും പരീക്ഷണങ്ങൾക്കു മുന്നിൽ ചിലർ പിടിച്ചുനിൽക്കുകയും മറ്റു ചിലർ ഓടിയൊളിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ചിലർക്ക് യഥാർഥ ഔന്നത്യമില്ല എന്നതാണ് പ്രകടമായ വ്യത്യാസം; തങ്ങളുടെ യാഥാർഥ്യമായി വർത്തിക്കുവാൻ അവർക്ക് ദൈവവചനങ്ങളില്ല; തിരുവചനങ്ങൾ അവരുടെ ഉള്ളിൽ വേരുറച്ചിട്ടില്ല. പരീക്ഷണങ്ങൾ വരേണ്ട താമസം, അവരുടെ വഴിമുട്ടിപ്പോകും. അപ്പോൾപ്പിന്നെ, പരീക്ഷണങ്ങൾക്കു മധ്യേ അചഞ്ചലരായി നിലകൊള്ളാൻ ചിലർക്കു കഴിയുന്നത് എന്തുകൊണ്ടാണ്? കാരണം, അവർക്കു സത്യത്തെക്കുറിച്ച് ഗ്രാഹ്യമുണ്ട്, അവർക്കൊരു ദർശനമുണ്ട്, അവർക്ക് ദൈവോദ്ദേശ്യവും അവിടുന്ന് ആവശ്യപ്പെടുന്നവയും അറിയാം. അതുകൊണ്ട്, പരീക്ഷണങ്ങൾക്കു മധ്യേയും അവർ അചഞ്ചലരായി നിൽക്കുന്നു. ഇതാണ് യഥാർഥ ഔന്നത്യം, ജീവിതവും. ചിലർ ദൈവവചനങ്ങൾ വായിച്ചേക്കാമെങ്കിലും അവയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കാറില്ല, അവയെ ഗൗരവമായെടുക്കാറില്ല. അവയെ ഗൗരവമായെടുക്കാത്തവർ പ്രാവർത്തികമാക്കുന്നതിനും വില കൊടുക്കില്ല. ദൈവവചനങ്ങളെ തങ്ങളുടെ യാഥാർഥ്യമാക്കാത്തവർ യഥാർഥ ഔന്നത്യമുള്ളവരല്ല, പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോൾ അവർക്ക് ഉറച്ച് നിൽക്കാനാവില്ല.

ദൈവവചനങ്ങൾ പുറപ്പെടുമ്പോൾ ഉടൻതന്നെ നീ അവ സ്വീകരിക്കണം, അവ ഭക്ഷിക്കുകയും കുടിക്കുകയും വേണം. നിനക്ക് എത്രത്തോളം മനസ്സിലാകുന്നു എന്നത് കാര്യമാക്കാതെ അവ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക, അറിയുക, തിരുവചനങ്ങൾ പാലിക്കുക, ഇതായിരിക്കണം നീ വെച്ചുപുലർത്തേണ്ട വീക്ഷണം. നിനക്ക് ഇതു ചെയ്യാൻ കഴിയണം. നിന്‍റെ ഔന്നത്യം എത്രത്തോളം വർധിക്കാം എന്നതിന് ശ്രദ്ധകൊടുക്കേണ്ടതില്ല, ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അത്രതന്നെ. മനുഷ്യൻ ഇതിനായി സഹകരിക്കേണ്ടതുണ്ട്. ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും അവ പ്രാവർത്തികമാക്കുകയും ചെയ്യുക എന്ന യാഥാർഥ്യത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനുള്ളതാണ് പ്രധാനമായും നിന്‍റെ ആത്മീയ ജീവിതം. മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നത് നിന്‍റെ ജോലിയല്ല. സഭയിൽ നേതൃത്വമെടുക്കുന്നവർക്ക് അവരുടെ സഹോദരീസഹോദരന്മാരെയെല്ലാം നയിക്കാൻ കഴിയണം, എങ്ങനെയാണ് ദൈവത്തിന്‍റെ വചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യേണ്ടതെന്ന് അവർക്ക് അതിലൂടെ അറിയാൻ കഴിയണം. സഭയിൽ നേതൃത്വമെടുക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണത്. ചെറുപ്പക്കാരായാലും പ്രായമായവരായാലും, ദൈവത്തിന്‍റെ വചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതിന് ആളുകൾ വളരെ പ്രാധാന്യം കല്പിക്കേണ്ടതുണ്ട്, തിരുവചനങ്ങൾ അവരുടെ ഹൃദയത്തിലുണ്ടായിരിക്കണം. ഈ യാഥാർഥ്യത്തിലേക്കു പ്രവേശിക്കുക എന്നാൽ ദൈവരാജ്യയുഗത്തിലേക്കു പ്രവേശിക്കുക എന്നാണ് അർഥം. ദൈവത്തിന്‍റെ വചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യാതെ തങ്ങൾക്കു ജീവിക്കാനാവില്ല എന്നാണ് ഇന്ന് അധികം പേരും കരുതുന്നത്. എത്ര നാൾ കഴിഞ്ഞാലും ദൈവവചനങ്ങൾ അവർക്ക് പുതുമയേറിയതാണ്. ഇതിനർഥം അവർ ശരിയായ പാതയിൽ ചരിക്കാൻ തുടങ്ങുന്നു എന്നാണ്. ദൈവം തന്‍റെ വേല ചെയ്യാനും മനുഷ്യനു വേണ്ടുന്നത് നൽകാനും വചനങ്ങൾ ഉപയോഗിക്കുന്നു. സകലരും ദൈവവചനങ്ങൾക്കായി വാഞ്ഛിക്കുകയും ദാഹിക്കുകയും ചെയ്യുമ്പോൾ മാനവകുലം ദൈവവചനങ്ങളുടെ ലോകത്തേക്കു പ്രവേശിക്കും.

ദൈവം ഒരുപാട് കാര്യങ്ങൾ അരുളിച്ചെയ്തിട്ടുണ്ട്. അവയിൽ എത്രമാത്രം നീ മനസ്സിലാക്കിയിട്ടുണ്ട്? നീ എത്രത്തോളം പ്രവേശിച്ചിട്ടുണ്ട്? ഒരു സഭാ നേതാവ് അവരുടെ സഹോദരീസഹോദരന്മാരെ ദൈവവചനങ്ങളുടെ യാഥാർഥ്യത്തിലേക്കു നയിക്കുന്നില്ലെങ്കിൽ, അവർ തങ്ങളുടെ കർത്തവ്യത്തിൽ വീഴ്ചവരുത്തുകയും, ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെടുകയും ചെയ്യും! നിന്‍റെ ഗ്രാഹ്യം ആഴത്തിലുള്ളതായാലും ഉപരിപ്ലവമായാലും, നിന്‍റെ ഗ്രാഹ്യത്തിന്‍റെ നില എത്രതന്നെയായാലും തിരുവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്ന് നീ അറിഞ്ഞിരിക്കണം, നീ ദൈവവചനങ്ങൾക്ക് വളരെ വലിയ ശ്രദ്ധ കൊടുക്കണം, അവ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യവും ആവശ്യകതയും നീ മനസ്സിലാക്കണം. ദൈവം ഇത്രയധികം അരുളപ്പാടുകൾ നടത്തിയിട്ടും നീ ദൈവത്തിന്‍റെ വചനങ്ങൾ ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ലെങ്കിൽ, അവ തേടുന്നതിനായി ശ്രമിക്കുകയോ അവിടുത്തെ വചനങ്ങൾ പ്രാവർത്തികമാക്കുകയോ ചെയ്യുന്നില്ലെങ്കിൽ, അതിനെ ദൈവത്തിലുള്ള വിശ്വാസം എന്നു വിളിക്കാനാവില്ല. നീ ദൈവത്തിൽ വിശ്വസിക്കുന്ന സ്ഥിതിക്ക്, നീ ദൈവത്തിന്‍റെ വചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും തിരുവചനങ്ങൾ അനുഭവിച്ചറിയുകയും അവിടുത്തെ വചനങ്ങൾക്കു ചേർച്ചയിൽ ശിഷ്ടജീവിതം നയിക്കുകയും വേണം. അതിനെ മാത്രമേ ദൈവത്തിലുള്ള വിശ്വാസം എന്നു വിളിക്കാനാവൂ! ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് വായ്കൊണ്ട് പറയുകയും അവിടുത്തെ വചനങ്ങളിൽ ഒന്നുപോലും പ്രാവർത്തികമാക്കാനോ ഒരു യാഥാർഥ്യവും കാഴ്ചവയ്ക്കാനോ കഴിയാതിരിക്കുകയും ചെയ്താൽ അതിനെ ദൈവവിശ്വാസം എന്നു വിളിക്കാനാവില്ല. പകരം, അത് “വിശപ്പടക്കാനുള്ള ഭക്ഷണം തേടൽ” ആണ്. നാമമാത്രമായ സാക്ഷ്യങ്ങളെക്കുറിച്ചും പ്രയോജനമില്ലാത്തതും ഉപരിപ്ലവവുമായ കാര്യങ്ങളെക്കുറിച്ചും മാത്രമുള്ള സംസാരം: അവയൊന്നുമല്ല ദൈവവിശ്വാസം, ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള ശരിയായ മാർഗം നീ ഗ്രഹിച്ചിട്ടില്ല എന്നു സാരം. നീ എന്തിനാണ് ദൈവവചനങ്ങൾ കഴിയുന്നത്ര ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യേണ്ടത്? ദൈവവചനം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യാതെ, സ്വർഗത്തിൽ പോകണമെന്ന ഒറ്റ ലക്ഷ്യത്തിലിരുന്നാൽ അതാണോ ദൈവവിശ്വാസം? ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവൻ എടുക്കേണ്ട ആദ്യ പടി എന്താണ്? ഏതു മാർഗത്തിലൂടെയാണ് ദൈവം മനുഷ്യനെ പൂർണനാക്കുന്നത്? ദൈവവചനം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യാതെ നിനക്ക് പൂർണനാക്കപ്പെടാൻ കഴിയുമോ? ദൈവവചനങ്ങൾ നിന്‍റെ യാഥാർഥ്യമായി വർത്തിക്കാതെ നിനക്ക് ദൈവരാജ്യത്തിലെ ഒരു വ്യക്തിയായി കണക്കാക്കപ്പെടാനാകുമോ? ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ അർഥം സത്യത്തിൽ എന്താണ്? ദൈവവിശ്വാസികൾ കുറഞ്ഞപക്ഷം പുറമേ സത്പെരുമാറ്റം കാഴ്ചവയ്ക്കുന്നവരായിരിക്കണം; ഏറ്റവും പ്രധാനം, ദൈവവചനങ്ങൾ സ്വന്തമാക്കിയിരിക്കണം എന്നതാണ്. എന്തൊക്കെയായാലും നിനക്ക് അവന്‍റെ വചനങ്ങളിൽനിന്ന് മുഖം തിരിച്ചുകളയാനാവില്ല. ദൈവത്തെ അറിയുന്നതും അവിടുത്തെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതും എല്ലാം അവന്‍റെ വചനങ്ങളിലൂടെയാണ് സാധ്യമാകുക. ഭാവിയിൽ, സകല ജനതകളും വിഭാഗങ്ങളും മതങ്ങളും മേഖലകളും ദൈവവചനങ്ങളിലൂടെ കീഴടക്കപ്പെടും. ദൈവം നേരിട്ട് സംസാരിക്കും, സകല ജനങ്ങളും ദൈവവചനങ്ങൾ കൈകളിലേന്തും, ഇതിലൂടെ മാനവരാശി പൂർണരാക്കപ്പെടും. അകത്തും പുറത്തും എങ്ങും ദൈവവചനങ്ങൾ വ്യാപിക്കും: മനുഷ്യകുലം അവരുടെ അധരങ്ങളാൽ ദൈവവചനങ്ങൾ സംസാരിക്കും, ദൈവവചനങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കും, ദൈവവചനങ്ങൾ ഉള്ളിൽ സൂക്ഷിക്കും, അകമേയും പുറമേയും ദൈവവചനങ്ങളിൽ മുഴുകിയിരിക്കും. അങ്ങനെ മാനവരാശി പൂർണരാക്കപ്പെടും. ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾ സഫലമാക്കുകയും ദൈവത്തിനായി സാക്ഷ്യം വഹിക്കാൻ കഴിയുകയും ചെയ്യുന്നവർ, അവർക്കാണ് ദൈവവചനങ്ങൾ തങ്ങളുടെ യാഥാർഥ്യമെന്നോണം കരഗതമായിട്ടുള്ളത്.

വചനത്തിന്‍റെ യുഗത്തിലേക്കുള്ള—സഹസ്രാബ്ദ രാജ്യയുഗത്തിലേക്കുള്ള—പ്രവേശനമാണ് ഇന്ന് പൂർത്തിയാക്കപ്പെടുന്നത്. ഇന്നു മുതൽ, ദൈവവചനങ്ങളെക്കുറിച്ച് സംവദിക്കുന്നത് ശീലമാക്കുക. ദൈവവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ഒപ്പം, അനുഭവിച്ചറിയുകയും ചെയ്യുന്നതിലൂടെ മാത്രമേ നിനക്ക് ദൈവവചനങ്ങൾക്കു ചേർച്ചയിൽ ശിഷ്ടജീവിതം നയിക്കാനാവൂ. പ്രായോഗിക അനുഭവങ്ങൾ കാഴ്ചവെച്ചുകൊണ്ട് നീ മറ്റുള്ളവർക്കു ബോധ്യം വരുത്തേണ്ടതുണ്ട്. ദൈവവചനങ്ങളുടെ യാഥാർഥ്യത്തിനു ചേർച്ചയിൽ നിനക്ക് ജീവിതം നയിക്കാനാകുന്നില്ലെങ്കിൽ, ആരും പ്രചോദിതരാകില്ല! ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന സകലർക്കും ദൈവവചനങ്ങൾക്കു ചേർച്ചയിൽ ജീവിതം നയിക്കാനാകും. ഈ യാഥാർഥ്യം ഉളവാക്കാനും ദൈവത്തിനായി സാക്ഷ്യം പറയാനും നിനക്കു കഴിയുന്നില്ലെങ്കിൽ, അതു കാണിക്കുന്നത് പരിശുദ്ധാത്മാവ് നിന്നിൽ പ്രവർത്തിച്ചിട്ടില്ലെന്നും നീ പൂർണനാക്കപ്പെട്ടില്ലെന്നുമാണ്. ദൈവവചനങ്ങളുടെ പ്രാധാന്യമാണ് ഇതു കാണിക്കുന്നത്. ദൈവത്തിന്‍റെ വചനങ്ങൾക്കായി ദാഹിക്കുന്ന ഒരു ഹൃദയം നിനക്കുണ്ടോ? ദൈവത്തിന്‍റെ വചനങ്ങൾക്കായി ദാഹിക്കുന്നവർ സത്യത്തിനായി ദാഹിക്കുന്നു. അത്തരക്കാർ മാത്രമേ ദൈവത്താൽ അനുഗൃഹീതരാകൂ. ഭാവിയിൽ, സകല മതങ്ങളോടും വിഭാഗങ്ങളോടുമായി ദൈവം ഇനിയും ഒട്ടനവധി വചനങ്ങൾ അരുളിച്ചെയ്യും. നിങ്ങളെ പൂർണരാക്കുന്നതിനായി ദൈവം ആദ്യം നിങ്ങൾക്കിടയിൽ സംസാരിക്കുകയും നിങ്ങളെ തന്‍റെ സ്വരം ശ്രവിക്കുമാറാക്കുകയും ചെയ്യും. അതിനുശേഷമാണ് വിജാതീയരെ കീഴടക്കുന്നതിനായി അവർക്കിടയിൽ അവിടുന്ന് സംസാരിക്കുകയും അവരെ തന്‍റെ സ്വരം ശ്രവിക്കുമാറാക്കുകയും ചെയ്യുന്നത്. അവിടുത്തെ വചനങ്ങളിലൂടെ സകലരും ആത്മാർഥമായും പരിപൂർണമായും ബോധ്യമുള്ളവരാകും. ദൈവത്തിന്‍റെ വചനങ്ങളിലൂടെയും വെളിപാടുകളിലൂടെയും മനുഷ്യന്‍റെ അഴുക്കുപുരണ്ട പ്രകൃതം ഇല്ലാതാകുന്നു, അവൻ മനുഷ്യരൂപം നേടുന്നു, അവന്‍റെ മത്സരമനോഭാവം കുറഞ്ഞുകുറഞ്ഞുവരുന്നു. വചനങ്ങൾ അധികാരത്തോടുകൂടെ മനുഷ്യനിൽ പ്രവർത്തിക്കുകയും ദൈവത്തിന്‍റെ പ്രകാശത്തിൽ മനുഷ്യനെ കീഴടക്കുകയും ചെയ്യുന്നു. വർത്തമാന യുഗത്തിൽ ദൈവം ചെയ്യുന്ന വേലയും അവിടുത്തെ വേലയിലെ വഴിത്തിരിവുകളും എല്ലാം അവിടുത്തെ വചനങ്ങളിൽ കാണാനാകും. നീ ദൈവവചനങ്ങൾ വായിക്കുന്നില്ലെങ്കിൽ നീ ഒന്നും മനസ്സിലാക്കില്ല. തിരുവചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതിലൂടെയും സഹോദരീസഹോദരന്മാർക്കൊപ്പം ചേർന്ന് സംവദിക്കുന്നതിലൂടെയും നിന്‍റെ യഥാർഥ അനുഭവങ്ങളിലൂടെയും നീ ദൈവവചനങ്ങളുടെ പൂർണമായ അറിവു സമ്പാദിക്കും. അപ്പോൾ മാത്രമേ, അവയുടെ യാഥാർഥ്യത്തിനു ചേർച്ചയിൽ നിനക്ക് ശിഷ്ടജീവിതം നയിക്കാനാകൂ.

അടിക്കുറിപ്പുകൾ:

a. “ദൃഷ്ടാന്തകഥയിലെ” എന്ന പദപ്രയോഗം മൂലപാഠത്തിൽ ഇല്ല.

മുമ്പത്തേത്: ദൈവത്തെ ഹൃദയപൂര്‍വം അനുസരിക്കുന്നവർ തീർച്ചയായും ദൈവത്താൽ വീണ്ടെടുക്കപ്പെടും

അടുത്തത്: ദൈവവചനത്താല്‍ എല്ലാം നിറവേറ്റപ്പെടുന്നു

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക