ദൈവത്തെ അറിയുക എന്നത് ദൈവത്തെ ഭയക്കുകയും തിന്മയെ ഒഴിവാക്കുകയും ചെയ്യുന്നതിനുള്ള മാർഗം

ജീവിതത്തിലുടനീളം നിങ്ങൾ എപ്രകാരം ദൈവത്തിൽ വിശ്വസിച്ചു എന്ന് നിങ്ങൾ ഓരോരുത്തരും വീണ്ടും പരിശോധിക്കണം, അങ്ങനെ ദൈവത്തെ പിന്തുടരുന്ന പ്രക്രിയയിൽ നിങ്ങൾ ശരിക്കും ദൈവത്തെ ഗ്രഹിച്ചിട്ടുണ്ടോ, മനസ്സിലാക്കിയിട്ടുണ്ടോ, അറിഞ്ഞിട്ടുണ്ടോ എന്നും, പലതരം മനുഷ്യരോട് ദൈവം എന്ത് മനോഭാവമാണ് പുലർത്തുന്നത്, നിന്നിൽ ദൈവം നടത്തുന്ന വേല നീ ശരിക്കും അറിയുന്നുണ്ടോ, നിന്റെ ഓരോ പ്രവൃത്തിയേയും ദൈവം എങ്ങനെ നിർവചിക്കുന്നു എന്ന് നീ ശരിക്കും ഗ്രഹിക്കുന്നുണ്ടോ എന്നും മനസ്സിലാക്കാൻ കഴിയും. നിന്നോടൊപ്പം നിന്ന്, നിന്റെ പുരോഗതിയുടെ ദിശ നിയന്ത്രിക്കുന്ന, നിന്റെ നിയതി നിശ്ചയിക്കുന്ന, നിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന ഈ ദൈവം—എല്ലാറ്റിനുമൊടുവിൽ ഈ ദൈവത്തെ നീ എത്രമാത്രം ഗ്രഹിക്കുന്നുണ്ട്. ഈ ദൈവത്തെക്കുറിച്ച് യഥാർഥത്തിൽ നിനക്ക് എത്രത്തോളം അറിയാം? ഓരോ ദിവസവും അവൻ നിന്നിൽ നടത്തുന്ന വേല എന്താണെന്ന് നിനക്കറിയാമോ? അവന്റെ ഓരോ പ്രവൃത്തിയിലും അവൻ അടിസ്ഥാനമാക്കുന്ന തത്ത്വങ്ങളും ഉദ്ദേശ്യങ്ങളും നിനക്കറിയാമോ? അവൻ എങ്ങനെയാണ് നിന്നെ നയിക്കുന്നതെന്ന് നിനക്കറിയാമോ? അവൻ ഏതു മാർഗങ്ങളിലൂടെയാണ് നിന്നെ പോറ്റുന്നതെന്ന് നിനക്കറിയാമോ? അവൻ നിന്നെ നയിക്കുന്ന രീതികൾ ഏതൊക്കെയാണെന്ന് നിനക്ക് അറിയാമോ? നിന്നിൽ നിന്ന് അവൻ നേടാൻ ആഗ്രഹിക്കുന്നതെന്തെന്നും നിന്നിൽ അവൻ നിറവേറ്റാൻ ആഗ്രഹിക്കുന്നതെന്തെന്നും നിനക്ക് അറിയാമോ? വിവിധങ്ങളായ നിന്റെ പെരുമാറ്റരീതികളോടുള്ള അവന്റെ മനോഭാവം എന്താണെന്ന് നിനക്കറിയാമോ? നീ അവന് പ്രിയപ്പെട്ടവനാണോ എന്ന് നിനക്കറിയാമോ? അവന്റെ സന്തോഷം, ക്രോധം, ദുഃഖം, ആനന്ദം എന്നിവയുടെ ഉറവിടവും അവയ്ക്കു പുറകിലുള്ള ചിന്തകളും ആശയങ്ങളും അവന്റെ സത്തയും നിനക്കറിയാമോ? നീ വിശ്വസിക്കുന്ന ഈ ദൈവം ഏത് തരത്തിലുള്ള ദൈവമാണെന്ന് ആത്യന്തികമായി നിനക്കറിയാമോ? ഇവയും ഇതുപോലുള്ള മറ്റ് ചോദ്യങ്ങളും നീ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തതോ ഗ്രഹിച്ചിട്ടില്ലാത്തതോ ആയ കാര്യങ്ങളാണോ? ദൈവത്തിലുള്ള വിശ്വാസം പിന്തുടരുമ്പോൾ ദൈവവചനങ്ങളുടെ ശരിയായ മൂല്യനിർണയത്തിലൂടെയും അനുഭവത്തിലൂടെയും അവനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീ ദൂരീകരിച്ചിട്ടുണ്ടോ? ദൈവത്തിന്റെ ശിക്ഷണവും ശിക്ഷിച്ചു നന്നാക്കലും സ്വീകരിച്ചതിനു ശേഷം നീ നിർവ്യാജമായ അനുസരണയും കരുതലും നേടിയിട്ടുണ്ടോ? ദൈവത്തിന്റെ ശാസനത്തിനും ന്യായവിധിക്കും ഇടയിൽ നീ മനുഷ്യന്റെ ധിക്കാരവും സാത്താന്യപ്രകൃതവും അറിയാൻ ഇടവരുകയും ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ച് അല്പമെങ്കിലും ധാരണ നേടുകയും ചെയ്തിട്ടുണ്ടോ? ദൈവ വചനങ്ങളുടെ മാർഗനിർദ്ദേശത്തിനും പ്രബുദ്ധതയ്ക്കും കീഴിൽ നീ ജീവിതത്തെക്കുറിച്ച് ഒരു പുതിയ വീക്ഷണം പുലർത്താൻ തുടങ്ങിയിട്ടുണ്ടോ? ദൈവം അയച്ച പരീക്ഷകൾക്കു നടുവിൽ മനുഷ്യന്റെ അപരാധങ്ങളോടുള്ള ദൈവത്തിന്റെ അസഹിഷ്ണുതയും, ഒപ്പം നിന്നിൽ നിന്ന് അവൻ ആവശ്യപ്പെടുന്ന കാര്യങ്ങളെന്തെന്നും നിന്നെ അവൻ എങ്ങനെ രക്ഷിക്കുന്നുവെന്നും നീ അറിഞ്ഞിട്ടുണ്ടോ? ദൈവത്തെ തെറ്റിദ്ധരിക്കുകയെന്നാൽ എന്താണെന്ന് നിനക്കറിയില്ലെങ്കിൽ, അല്ലെങ്കിൽ ഈ തെറ്റിദ്ധാരണ എങ്ങനെ ദൂരീകരിക്കുമെന്ന് അറിയില്ലെങ്കിൽ, നീ ഒരിക്കലും ദൈവവുമായുള്ള യഥാർഥ സംസർഗത്തിൽ പ്രവേശിച്ചിട്ടില്ലെന്നും ദൈവത്തെ മനസ്സിലാക്കിയിട്ടില്ലെന്നും പറയാൻ കഴിയും; കുറഞ്ഞ പക്ഷം, നീ ദൈവത്തെ മനസ്സിലാക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് പറയാൻ കഴിയും. ദൈവത്തിന്റെ ശിക്ഷണവും ശിക്ഷിച്ചുനന്നാക്കലും എന്താണെന്ന് നിനക്കറിയില്ലെങ്കിൽ, അനുസരണയും കരുതലുമെന്താണെന്ന് നിനക്ക് തീർച്ചയായും അറിയില്ല, അല്ലെങ്കിൽ കുറഞ്ഞത് നീ ദൈവത്തെ ഒരിക്കലും ശരിക്കും അനുസരിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല. ദൈവത്തിന്റെ ശാസനമോ ന്യായവിധിയോ നീ അനുഭവിച്ചിട്ടില്ലെങ്കിൽ, അവന്റെ വിശുദ്ധി എന്തെന്ന് നിനക്ക് തീർച്ചയായും അറിയാനാവില്ല, മനുഷ്യന്റെ ധിക്കാരമെന്താണെന്ന് നിനക്ക് തീരെയും വ്യക്തതയുണ്ടാവില്ല. ജീവിതത്തെക്കുറിച്ച് നിനക്ക് ശരിക്കും കൃത്യമായ കാഴ്ചപ്പാടോ, കൃത്യമായ ജീവിതലക്ഷ്യമോ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലെങ്കിൽ, എന്നാൽ, മുന്നോട്ടു നീങ്ങുന്നതിനുപോലും അധൈര്യപ്പെടുന്നിടത്തോളം നിന്റെ ജീവിതത്തിന്റെ ഭാവിമാർഗത്തെക്കുറിച്ച് നീ അന്ധാളിപ്പിലും അനിശ്ചിതത്ത്വത്തിലും ആണെങ്കിൽ, നീ ഒരിക്കലും ദൈവത്തിന്റെ പ്രബുദ്ധതയും മാർഗനിർദ്ദേശവും സ്വീകരിച്ചിട്ടില്ലെന്ന് ഉറപ്പാണ്; ദൈവവചനങ്ങൾ കൊണ്ട് ഒരിക്കലും നീ സത്യത്തിൽ കുറവ് തീർക്കപ്പെടുകയോ വീണ്ടും നിറയ്ക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും പറയാൻ കഴിയും. ദൈവത്തിന്റെ പരീക്ഷകളിലൂടെ നീ ഇതുവരെ കടന്നുപോയിട്ടില്ലെങ്കിൽ, മനുഷ്യന്റെ കുറ്റങ്ങളോടുള്ള ദൈവത്തിന്റെ അസഹിഷ്ണുത എന്താണെന്ന് നിനക്ക് തീർച്ചയായും അറിയില്ലെന്ന് വളരെ വ്യക്തമാണ്, ദൈവം നിന്നിൽ നിന്ന് ആത്യന്തികമായി എന്താണ് ആവശ്യപ്പെടുന്നതെന്നും നിനക്കറിയാനാവില്ല, മനുഷ്യനെ കൈകാര്യം ചെയ്യുകയും രക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ വേലയെന്തെന്ന് ആത്യന്തികമായി നിനക്ക് തീരെയും മനസ്സിലാവില്ല. ഒരു വ്യക്തി എത്ര വർഷമായി ദൈവത്തിൽ വിശ്വസിച്ചിട്ടുണ്ടെങ്കിലും ശരി, ദൈവത്തിന്റെ വചനങ്ങളിൽ അവർ ഒരിക്കലും ഒന്നും അനുഭവിക്കുകയോ ഉൾക്കൊള്ളുകയോ ചെയ്തിട്ടില്ലെങ്കിൽ, അവർ വിമോചനത്തിലേക്കുള്ള പാതയിലൂടെയല്ല സഞ്ചരിക്കുന്നതെന്ന് ഉറപ്പാണ്, ദൈവത്തിലുള്ള അവരുടെ വിശ്വാസം തീർച്ചയായും യഥാർഥ ഉള്ളടക്കമില്ലാത്തതും ദൈവത്തെക്കുറിച്ചുള്ള അവരുടെ അറിവ് നിശ്ചയമായും വട്ടപ്പൂജ്യവുമാണ്, ദൈവത്തെ ബഹുമാനിക്കുകയെന്നാൽ എന്താണെന്ന് അവർക്ക് ഒരു ധാരണയുമില്ലെന്നത് സുവ്യക്തവുമാണ്.

ദൈവത്തിന്റെ കൈവശമുള്ളവയും സത്തയും, ദൈവത്തിന്റെ സാരം, ദൈവത്തിന്റെ പ്രകൃതം—എല്ലാം അവന്റെ വചനങ്ങളിൽ ദൈവം മനുഷ്യവർഗത്തിനായി വെളിപ്പെടുത്തിയുണ്ട്. ദൈവത്തിന്റെ വചനങ്ങൾ അനുഭവിക്കുമ്പോൾ, അവ അനുഷ്ഠാനത്തിൽ വരുത്തുന്ന പ്രക്രിയയിൽ ദൈവം അരുളിചെയ്യുന്ന വചനങ്ങളുടെ ഉദ്ദേശ്യവും ദൈവവചനങ്ങളുടെ ഉറവിടവും പശ്ചാത്തലവും മനസ്സിലാക്കുന്നതിനും ദൈവത്തിന്റെ വചനങ്ങളുടെ ഉദ്ദിഷ്ടഫലം മനസ്സിലാക്കുന്നതിനും വിലമതിക്കുന്നതിനും മനുഷ്യന് ഇടവരും. മനുഷ്യരെ സംബന്ധിച്ചിടത്തോളം, സത്യവും സചേതനത്വവും നേടുന്നതിനും, ദൈവത്തിന്റെ ഹിതങ്ങൾ ഗ്രഹിക്കുന്നതിനും, സ്വന്തം പ്രകൃതത്തിൽ മാറ്റമുള്ളവനായിത്തീരുന്നതിനും, ദൈവത്തിന്റെ പരമാധികാരവും ക്രമീകരണങ്ങളും അനുസരിക്കുന്നതിനു കഴിവുള്ളവനായിത്തീരുന്നതിനും മനുഷ്യൻ അനുഭവിക്കേണ്ടതും ഗ്രഹിക്കേണ്ടതും നേടേണ്ടതുമായ കാര്യങ്ങളാണ് ഇവയെല്ലാം. മനുഷ്യൻ ഇക്കാര്യങ്ങളെല്ലാം അനുഭവിക്കുകയും ഗ്രഹിക്കുകയും നേടുകയും ചെയ്യുന്ന സമയത്ത്, അവൻ ക്രമേണ ദൈവത്തെക്കുറിച്ചുള്ള ഒരു ധാരണ നേടിയിട്ടുണ്ടായിരിക്കും, ഈ സമയത്ത് മനുഷ്യൻ ദൈവത്തെക്കുറിച്ച് വ്യത്യസ്തമായ തോതിലുള്ള അറിവും നേടിയിട്ടുണ്ടായിരിക്കും. ഈ ഗ്രാഹ്യവും അറിവും മനുഷ്യൻ സങ്കല്പിച്ചെടുത്തതോ ക്രമപ്പെടുത്തിയതോ ആയ ഒന്നിൽ നിന്നും വന്നതല്ല, പകരം, തന്റെ ഉള്ളിൽ മനുഷ്യൻ എന്ത് വിലമതിക്കുന്നു, അനുഭവിക്കുന്നു, തോന്നുന്നു, സ്ഥിരീകരിക്കുന്നു എന്നതിൽ നിന്നുള്ളതാണ്. ഇക്കാര്യങ്ങൾ വിലമതിച്ചതിനും അനുഭവിച്ചതിനും സ്ഥിരീകരിച്ചതിനും ശേഷം മാത്രമേ ദൈവത്തെക്കുറിച്ചുള്ള അവന്റെ അറിവിന് ഉള്ളടക്കം ഉണ്ടാകുന്നുള്ളു; മനുഷ്യൻ ഈ വേളയിൽ നേടുന്ന അറിവ് മാത്രമേ യഥാർഥവും വാസ്തവികവും കണിശവും ആകുന്നുള്ളൂ, ഈ പ്രക്രിയ—അവന്റെ വചനങ്ങൾ വിലമതിക്കുന്നതിലൂടെയും അനുഭവിക്കുന്നതിലൂടെയും സ്ഥീരീകരിക്കുന്നതിലൂടെയും ദൈവത്തെക്കുറിച്ച് കളങ്കമില്ലാത്ത ഗ്രാഹ്യവും ജ്ഞാനവും നേടുന്നത്—മനുഷ്യനും ദൈവത്തിനുമിടയിലെ യഥാർഥ സംസർഗ്ഗമല്ലാതെ മറ്റൊന്നുമല്ല. ഇത്തരം സംസർഗത്തിനിടയിൽ ദൈവത്തിന്റെ ഹിതങ്ങൾ ശരിക്കും മനസ്സിലാക്കാനും ഗ്രഹിക്കാനും മനുഷ്യന് ഇടവരുന്നു, ദൈവത്തിന്റെ സ്വത്തുക്കളും സത്തയും ശരിക്കും അറിയാനും ഗ്രഹിക്കാനും ഇടവരുന്നു, ദൈവത്തിന്റെ സാരം ഗ്രഹിക്കാനും അറിയാനും ഇടവരുന്നു, ക്രമേണ ദൈവത്തിന്റെ പ്രകൃതം ഗ്രഹിക്കാനും അറിയാനും ഇടവരുന്നു, സകല സൃഷ്ടികൾക്കും മുകളിൽ ദൈവത്തിന്റെ ആധിപത്യം എന്ന വസ്തുതയെക്കുറിച്ച് ശരിക്കുമുള്ള തീർച്ചയിലും കൃത്യമായ നിർവചനത്തിലും എത്തിച്ചേരുന്നു, ഒപ്പം, ദൈവത്തിന്റെ സത്തയെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും ജ്ഞാനവും ആധികാരികമായ ഒരു തിരിച്ചറിവും നേടുന്നു. ഇത്തരത്തിലുള്ള സംസർഗത്തിനിടയിൽ, ദൈവത്തെക്കുറിച്ചുള്ള തന്റെ ധാരണകൾ മനുഷ്യൻ പടിപടിയായി മാറ്റുന്നു, മേലാൽ ശൂന്യതയിൽ നിന്ന് ദൈവത്തെ സങ്കല്പിക്കുന്നില്ല, ദൈവത്തെക്കുറിച്ചുള്ള തന്റെ സംശയങ്ങളെ കയറൂരി വിടുന്നില്ല, ദൈവത്തെ തെറ്റിദ്ധരിക്കുകയോ കുറ്റം വിധിക്കുകയോ ന്യായവിധി പുറപ്പെടുവിക്കുകയോ സംശയിക്കുകയോ ചെയ്യുന്നില്ല. അത്തരത്തിൽ മനുഷ്യന് ദൈവവുമായി കുറഞ്ഞ തർക്കങ്ങളേ ഉണ്ടായിരിക്കുകയുള്ളൂ, മനുഷ്യന് ദൈവവുമായി കുറഞ്ഞ സംഘർഷങ്ങളേ ഉണ്ടായിരിക്കുകയുള്ളൂ, മനുഷ്യൻ ദൈവത്തെ നിഷേധിക്കുന്ന സന്ദർഭങ്ങൾ കുറവായിരിക്കും. നേരേമറിച്ച്, ദൈവത്തോടുള്ള മനുഷ്യന്റെ കരുതലും അനുസരണയും വളരെ വലുതാകും, ദൈവത്തോടുള്ള മനുഷ്യന്റെ ബഹുമാനം കൂടുതൽ യഥാർഥവും ആഴമേറിയതുമായിത്തീരും. ഇത്തരം സംസർഗത്തിനിടയിൽ, സത്യത്തിന്റെ കരുതലും ജീവന്റെ ജ്ഞാനസ്‌നാനവും മനുഷ്യൻ നേടും, അതേസമയം, ദൈവത്തെക്കുറിച്ച് ശരിയായ ജ്ഞാനവും സമ്പാദിക്കും. ഇത്തരം സംസർഗത്തിനിടയിൽ മനുഷ്യൻ അവന്റെ പ്രകൃതത്തിൽ മാറ്റപ്പെടുകയും, വിമോചനം സ്വീകരിക്കുകയും മാത്രമല്ല, ഒരു സൃഷ്ടജീവിക്ക് ദൈവത്തോടുള്ള ശരിയായ ബഹുമാനവും ആരാധനയും സ്വന്തമാക്കുകയും ചെയ്യും. ഇത്തരം ഒരു സംസർഗാനന്തരം ദൈവത്തിലുള്ള മനുഷ്യന്റെ വിശ്വാസം മേലിൽ ശൂന്യമായൊരു കടലാസോ അല്ലെങ്കിൽ അധരസേവയാൽ നൽകപ്പെട്ട ഒരു വാഗ്ദാനമോ ഒരുതരം അന്ധമായ പിന്തുടരലോ വിഗ്രഹവത്കരണമോ ആകില്ല; ഇത്തരത്തിലുള്ള സംസർഗത്തിലൂടെ മാത്രമേ മനുഷ്യന്റെ ജീവിതം പക്വതയിലേക്ക് അനുദിനം വളരുകയുള്ളൂ, അപ്പോൾ മാത്രമേ മനുഷ്യന്റെ പ്രകൃതം ക്രമേണ പരിണമിക്കുന്നതായിത്തീരുകയുള്ളൂ, ദൈവത്തിലുള്ള അവന്റെ വിശ്വാസം പടിപടിയായി അവ്യക്തവും തീർച്ചയില്ലാത്തതുമായ ഒരു വിശ്വാസത്തിൽ നിന്നു നിർവ്യാജമായ അനുസരണയിലേക്കും കരുതലിലേക്കും യഥാർഥ ബഹുമാനത്തിലേക്കും മാറുകയുള്ളൂ, ദൈവത്തെ പിന്തുടരുന്ന ഈ പ്രക്രിയയിൽ മനുഷ്യൻ ഒരു നിഷ്‌ക്രിയമായ നിലപാടിൽ നിന്ന് സജീവമായ ഒന്നിലേക്കും നിഷേധാത്മകമായ ഒന്നിൽ നിന്ന് സകാരാത്മകമായ ഒന്നിലേക്കും ക്രമേണ പുരോഗമിക്കും; ഇത്തരത്തിലൊരു സംസർഗത്തിലൂടെ മാത്രമേ മനുഷ്യൻ ദൈവത്തെക്കുറിച്ചുള്ള ശരിയായ ഗ്രാഹ്യത്തിലേക്കും ധാരണയിലേക്കും ദൈവത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനത്തിലേക്കും എത്തുകയുള്ളൂ. വലിയൊരു വിഭാഗം ആളുകളും ദൈവവുമായുള്ള ശരിയായ സംസർഗത്തിലേക്ക് ഒരിക്കലും പ്രവേശിച്ചിട്ടില്ലാത്തതിനാൽ, ദൈവത്തെക്കുറിച്ചുള്ള അവരുടെ അറിവ് സിദ്ധാന്തത്തിന്റെ തലത്തിൽ അവസാനിക്കുന്നു, അക്ഷരങ്ങളുടേയും പ്രമാണങ്ങളുടേയും തലത്തിൽ. അതായത്, വലിയൊരു വിഭാഗം ആളുകൾ, അവർ എത്ര വർഷം ദൈവത്തിൽ വിശ്വസിച്ചിട്ടുണ്ടെങ്കിലും ശരി, ദൈവത്തെ അറിയുന്ന കാര്യത്തിൽ അവർ ഇപ്പോഴും തുടങ്ങിയ സ്ഥലത്തുതന്നെ നിൽക്കുകയാണ്, പരമ്പരാഗതമായ ഉപാസനാരൂപങ്ങളുടെയും, അവയോടു ചേർന്നുവരുന്ന മധ്യകാല അന്ധവിശ്വാസങ്ങളുടെയും കാല്പനികമായ വാസനകളുടെയും ആദ്യഘട്ടത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവ് തുടങ്ങിയേടത്തുതന്നെ കുടുങ്ങിക്കിടക്കുകയെന്നാൽ അതിന്റെ അർത്ഥം പ്രായോഗികമായി അത് നിലവിലില്ല എന്നാണ്. ദൈവത്തിന്റെ നിലയെക്കുറിച്ചും സ്വത്വത്തെക്കുറിച്ചുമുള്ള മനുഷ്യന്റെ പ്രാമാണീകരണത്തിനു പുറമേ, ദൈവത്തിലുള്ള മനുഷ്യന്റെ വിശ്വാസം ഇപ്പോഴും അവ്യക്തമായ ഒരു അനിശ്ചിതത്വത്തിന്റെ അവസ്ഥയിലാണ്. ഇങ്ങനെയാണെന്നിരിക്കെ, ദൈവത്തോട് ശരിയായ ബഹുമാനം എത്രമാത്രം മനുഷ്യന് പുലർത്താൻ സാധിക്കും?

ദൈവത്തിന്റെ അസ്തിത്വത്തിൽ നീ എത്ര ഉറച്ച് വിശ്വസിക്കുന്നുവെങ്കിലും ശരി, അതിന് ദൈവത്തെക്കുറിച്ചുള്ള നിന്റെ ജ്ഞാനത്തിനോ ദൈവത്തോടുള്ള നിന്റെ ബഹുമാനത്തിനോ പകരമാകാൻ സാധിക്കില്ല. അവന്റെ കൃപയും അവന്റെ അനുഗ്രഹങ്ങളും നീ എത്രത്തോളം ആസ്വദിച്ചിട്ടുണ്ടെങ്കിലും ശരി, അതിന് ദൈവത്തെക്കുറിച്ചുള്ള നിന്റെ ജ്ഞാനത്തിന് പകരമാകാൻ സാധിക്കില്ല. അവനുവേണ്ടി നിന്റേതെല്ലാം ഉഴിഞ്ഞുവെക്കാനും, അവനുവേണ്ടി നിന്റേതെല്ലാം ചെലവഴിക്കാനും നീ എത്രതന്നെ തയ്യാറുള്ളവനാണെങ്കിലും, അതിന് ദൈവത്തെക്കുറിച്ചുള്ള നിന്റെ ജ്ഞാനത്തിന് പകരമാകാൻ സാധിക്കില്ല. ഒരുപക്ഷേ, ദൈവം അരുളിചെയ്ത വചനങ്ങളുമായി നീ അത്രയധികം നിത്യപരിചിതനായിക്കഴിഞ്ഞിട്ടുണ്ടാകാം, അല്ലെങ്കിൽ നിനക്ക് അവ മനഃപാഠവും ഇടമുറിയാതെ ചൊല്ലാൻ കഴിയുന്നതുമാവും, എന്നാൽ, ദൈവത്തെക്കുറിച്ചുള്ള നിന്റെ ജ്ഞാനത്തിന് പകരമാകാൻ അതിന് സാധിക്കില്ല. ദൈവത്തെ പിന്തുടരുന്നതിന് മനുഷ്യൻ എത്ര ഉത്സുകനാണെങ്കിലും ശരി, അവന് ദൈവവുമായി നിർവ്യാജമായ സംസർഗമുണ്ടായിട്ടില്ലെങ്കിൽ, അല്ലെങ്കിൽ ദൈവവചനങ്ങളുടെ യഥാർഥ അനുഭവം ഉണ്ടായിട്ടില്ലെങ്കിൽ, അപ്പോൾ ദൈവത്തെക്കുറിച്ചുള്ള അവന്റെ ജ്ഞാനം നിരർഥകമായ ശൂന്യതയിലാണ് ഉറച്ചുപോയിരിക്കുന്നത്, അതല്ലെങ്കിൽ അന്തമില്ലാത്ത ദിവാസ്വപ്നങ്ങളിൽ; കാരണം, കടന്നുപോകുന്ന ദൈവവുമായി നീ ‘തോളുരുമ്മി’യിട്ടുണ്ടാകാം, അല്ലെങ്കിൽ അവനെ മുഖാമുഖം കണ്ടിട്ടുണ്ടാകാം, എന്നാലും ദൈവത്തെക്കുറിച്ചുള്ള നിന്റെ ജ്ഞാനം അപ്പോഴും വെറും പൂജ്യമായിരിക്കും, നിന്റെ ദൈവത്തോടുള്ള ബഹുമാനം പൊള്ളയായ ഒരു സൂചകപദമോ അല്ലെങ്കിൽ ആദർശവത്കരിക്കപ്പെട്ട ഒരു സങ്കല്പത്തിലോ അധികം ഒന്നുമാകില്ല.

ദിവസംതോറും വായിക്കുന്നതിനായി പല ആളുകളും ദൈവത്തിന്റെ വചനങ്ങൾ കൂട്ടിവെയ്ക്കുന്നു, അവയിലെ ശ്രേഷ്ഠമായ വാക്യങ്ങൾ അവരുടെ ഏറ്റവും വിലപ്പെട്ട സ്വത്തെന്ന പോലെ ശ്രദ്ധാപൂർവം ഓർമിച്ചുവെയ്ക്കുന്നിടത്തോളം; അതിലുപരി, ദൈവത്തിന്റെ വചനങ്ങൾ മറ്റുള്ളവർക്ക് നൽകുകയും വചനങ്ങൾ കൊണ്ട് അവരെ സഹായിക്കുകയും ചെയ്തുകൊണ്ട് അവ എല്ലായിടത്തും പ്രസംഗിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് ദൈവത്തിന് സാക്ഷ്യം വഹിക്കലാണെന്നും, ദൈവവചനങ്ങൾക്ക് സാക്ഷ്യം വഹിക്കലാണെന്നും, ഇങ്ങനെ ചെയ്യുന്നത് ദൈവത്തിന്റെ സത്യമാർഗത്തെ പിന്തുടരലാണെന്നും അവർ കരുതുന്നു; ഇങ്ങനെ ചെയ്യുന്നത് ദൈവവചനങ്ങൾക്കനുസരിച്ച് ജീവിക്കലാണെന്നും, ഇങ്ങനെ ചെയ്യുന്നത് തങ്ങളുടെ യഥാർഥ ജീവിതങ്ങളിലേക്ക് ദൈവവചനങ്ങളെ കൊണ്ടുവരലാണെന്നും, ഇത് ചെയ്യുന്നതുകൊണ്ട് ദൈവത്തിന്റെ പ്രശംസയും വിമോചനവും പൂർണതയും നേടാൻ പ്രാപ്തരാകുമെന്നും അവർ കരുതുന്നു. ദൈവവചനങ്ങൾ പ്രസംഗിക്കുമ്പോൾ പോലും അവർ അനുഷ്ഠാനത്തിൽ ദൈവത്തിന്റെ വചനങ്ങൾ പാലിക്കുന്നതിനോ ദൈവവചനങ്ങളിലൂടെ വെളിവാക്കപ്പെട്ടതിനോട് സ്വയം നീതിപുലർത്തുന്നതിനോ തയ്യാറാവുന്നില്ല. പകരം, സൂത്രപ്പണികളിലൂടെ മറ്റുള്ളവരുടെ സ്‌നേഹവും പ്രശംസയും നേടിയെടുക്കുന്നതിനും, സ്വന്തം രീതിയിൽ കാര്യനിർവഹണത്തിൽ പ്രവേശിക്കുന്നതിനും, ദൈവത്തിന്റെ മാഹാത്മ്യത്തെ കൈയ്യടക്കുന്നതിനും മോഷ്ടിക്കുന്നതിനും അവർ ദൈവവചനങ്ങളെ ഉപയോഗിക്കുന്നു. ദൈവവചനങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അവസരത്തെ ചൂഷണം ചെയ്യാമെന്നും അങ്ങനെ ദൈവത്തിന്റെ വേലയും അവന്റെ പ്രശംസയും നേടിയെടുക്കാമെന്നും അവർ വൃഥാ മോഹിക്കുന്നു. എത്ര വർഷങ്ങൾ കടന്നുപോയി, എന്നാലും ദൈവവചനങ്ങൾ പ്രസംഗിക്കുന്ന പ്രക്രിയയിൽ ഈ ആളുകൾ ദൈവത്തിന്റെ പ്രശംസ നേടാൻ പ്രാപ്തരല്ലെന്നു മാത്രമല്ല, ദൈവവചനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പ്രക്രിയയിൽ പിന്തുടരേണ്ട സത്യമാർഗം കണ്ടെത്താൻ അവർ അപ്രാപ്തരാണെന്ന് മാത്രമല്ല, മറ്റുള്ളവർക്ക് ദൈവവചനങ്ങൾ നൽകി സഹായിക്കുന്ന പ്രക്രിയയിൽ അവർ സ്വയം സഹായിക്കുകയോ സ്വയം നൽകുകയോ ചെയ്തിട്ടില്ലെന്നു മാത്രമല്ല, ദൈവത്തെ അറിയുന്നതിനോ ദൈവത്തോടുള്ള ആത്മാർഥമായ ആദരം സ്വയം ഉണർത്തുന്നതിനോ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്ന പ്രക്രിയയിൽ അവർ പ്രാപ്തരല്ലെന്നു മാത്രമല്ല: മറിച്ച്, ദൈവത്തെക്കുറിച്ചുള്ള അവരുടെ തെറ്റിദ്ധാരണകൾ കൂടുതൽ ആഴത്തിൽ വളരുകയും, ദൈവത്തോടുള്ള അവരുടെ അവിശ്വാസം കൂടുതൽ ഗുരുതരമാവുകയും, അവനെക്കുറിച്ചുള്ള അവരുടെ ഭാവനകൾ കൂടുതൽ അതിശയോക്തി നിറഞ്ഞതാകുകയും ചെയ്യുന്നു. ദൈവത്തിന്റെ വചനങ്ങൾ സംബന്ധിച്ചുള്ള സ്വന്തം സിദ്ധാന്തങ്ങളാൽ കുറവുതീർക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യർ പൂർണമായും അവരുടേതായ മണ്ഡലത്തിൽ സ്വസ്ഥരായി കാണപ്പെടുന്നതുപോലെയും, അവരുടെ നൈപുണ്യങ്ങൾ അനായാസ ചാതുര്യത്തോടെ പ്രയോഗിക്കുന്നതുപോലെയും ജീവിതത്തിൽ അവരുടെ ലക്ഷ്യവും ദൗത്യവും കണ്ടെത്തിയതുപോലെയും അവർ രക്ഷിക്കപ്പെടുകയും പുതിയൊരു ജീവിതം നേടുകയും ചെയ്തതുപോലെയും, ദൈവവചനങ്ങളുടെ പാരായണം മണിമണിപോലെ അവരുടെ നാവിൽ നിന്ന് ഉതിരുന്നതുകൊണ്ട് അവർ സത്യം നേടുകയും ദൈവത്തിന്റെ ഹിതങ്ങൾ ഗ്രഹിക്കുകയും ദൈവത്തെ അറിയുന്നതിനുള്ള മാർഗം കണ്ടെത്തുകയും ചെയ്തതുപോലെയും, ദൈവം വചനങ്ങൾ പ്രസംഗിക്കുന്ന പ്രക്രിയയിൽ അവർ പലപ്പോഴും ദൈവത്തെ മുഖാമുഖം കണ്ടിട്ടുള്ളതുപോലെയും കാണപ്പെടുന്നു. അവർ പലപ്പോഴും ‘മനസ്സുലഞ്ഞ്’ പൊട്ടിക്കരയുന്നു, പലപ്പോഴും ദൈവവചനങ്ങളിലെ ‘ദൈവത്താൽ’ നയിക്കപ്പെടുന്നു. അവന്റെ അചഞ്ചലമായ പരിഗണനയിലും ദയാപൂർവമായ ഹിതത്തിലും അവർ നിരന്തരം മുറുകെപ്പിടിക്കുന്നതായും, അതേസമയം, ദൈവത്താലുള്ള മനുഷ്യന്റെ വിമോചനത്തേയും അവന്റെ കാര്യനിർവഹണത്തേയും ഗ്രഹിച്ചതായും അവന്റെ സാരത്തെ മനസ്സിലാക്കിയതായും അവന്റെ നീതിനിഷ്ഠമായ പ്രകൃതത്തെ മനസ്സിലാക്കിയതായും കാണപ്പെടുന്നു. ഈ അടിത്തറിയിൽ ഊന്നിക്കൊണ്ട് അവർ ദൈവത്തിന്റെ അസ്തിത്വത്തിൽ കൂടുതൽ ഉറച്ചു വിശ്വസിക്കുന്നതായും അവന്റെ ഉന്നതമായ നിലയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയതായും അവന്റെ ഗാംഭീര്യവും വൈശിഷ്ട്യവും കൂടുതൽ ആഴത്തിൽ അനുഭവിക്കുന്നതായും കാണപ്പെടുന്നു. ദൈവവചനങ്ങളെക്കുറിച്ചുള്ള ഉപരിപ്ലവമായ അറിവിൽ മുഴുകിയിരിക്കുന്നതിനാൽ അവരുടെ വിശ്വാസം വളർന്നതായും ക്ലേശങ്ങൾ സഹിക്കുന്നതിനുള്ള അവരുടെ നിശ്ചയം കൂടുതൽ ശക്തിപ്പെട്ടതായുംദൈവത്തെക്കുറിച്ചുള്ള അവരുടെ ജ്ഞാനത്തിന് ആഴമേറിയതായും കാണപ്പെടും. ദൈവത്തിന്റെ വചനങ്ങൾ യഥാർഥത്തിൽ അനുഭവിക്കുന്നതുവരെ ദൈവത്തെക്കുറിച്ചുള്ള അവരുടെ എല്ലാ അറിവുകളും അവനെക്കുറിച്ചുള്ള അവരുടെ ആശയങ്ങളും സ്വന്തം ആത്യാശാഭരിതമായ ഭാവനകളിൽ നിന്നും അനുമാനങ്ങളിൽ നിന്നും ഉത്ഭവിക്കുന്നതാണെന്ന് അവർ ഒട്ടുംതന്നെ അറിയുന്നില്ല. അവരുടെ വിശ്വാസം ദൈവത്തിൽ നിന്നുള്ള ഒരു തരം പരീക്ഷയിലും പിടിച്ചുനിൽക്കില്ല, അവരുടെ ആത്മീയതയെന്നും ഔന്നത്യമെന്നും പറയപ്പെടുന്നത് ദൈവത്തിന്റെ പരീക്ഷയിലോ പരിശോധനയിലോ കേവലം പിടിച്ചുനിൽക്കില്ല, അവരുടെ ദൃഢനിശ്ചയമെന്നത് മണലിൽ പടുത്ത ഒരു കോട്ട മാത്രമാണ്, ദൈവത്തെക്കുറിച്ചുള്ള അവരുടെ ജ്ഞാനം എന്ന് വിളിക്കപ്പെടുന്നത് അവരുടെ ഒരു ഭാവനാവിലാസമല്ലാതെ മറ്റൊന്നുമല്ല. യഥാർഥത്തിൽ ഈ ആളുകൾ, ദൈവത്തിന്റെ വചനങ്ങളിൽ ഒരുപാട് ശ്രമം വ്യയം ചെയ്തതുപോലെ കാണപ്പെടുന്നവർ, ഒരിക്കൽപ്പോലും യഥാർഥ വിശ്വാസം എന്തെന്നും യഥാർഥ അനുസരണ എന്തെന്നും യഥാർഥ കരുതൽ എന്തെന്നും, അല്ലെങ്കിൽ, ദൈവത്തെക്കുറിച്ചുള്ള യഥാർഥ ജ്ഞാനം എന്തെന്നും തിരിച്ചറിഞ്ഞിട്ടില്ല. അവർ സിദ്ധാന്തം, ഭാവന, അറിവ്, അനുഗ്രഹം, പാരമ്പര്യം, അന്ധവിശ്വാസം എന്നിവയും മാനവികതയുടെ ധാർമികത പോലും, എടുത്ത് ദൈവത്തെ വിശ്വസിക്കുന്നതിനും അവനെ പിന്തുടരുന്നതിനുമുള്ള ‘മൂലധനവും’ ‘ആയുധശേഖരവും’ ആക്കി മാറ്റുന്നു, ദൈവത്തിലുള്ള അവരുടെ വിശ്വാസത്തിൻറേയും അവരുടെ പിന്തുടരലിൻറേയും അടിത്തറകൾ പോലുമാക്കുന്നു. അതേസമയം, അവർ ഈ മൂലധനവും ആയുധശേഖരങ്ങളും എടുക്കുകയും അവയെ തങ്ങൾക്ക് ദൈവത്തെ അറിയുന്നതിനുള്ള, ദൈവത്തിന്റെ പരിശോധനകളേയും പരീക്ഷകളേയും ശിക്ഷണത്തേയും ന്യായവിധിയേയും കൈകാര്യം ചെയ്യുന്നതിനും അഭിമുഖീകരിക്കുന്നതിനുമുള്ള മാന്ത്രിക രക്ഷായന്ത്രങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ഒടുവിൽ, മതപരമായ അർഥതലങ്ങളിലും, മധ്യകാല അന്ധവിശ്വാസത്തിലും, കാല്പനികവും വിചിത്രവും നിഗൂഢവുമായതിലുമൊക്കെ ആണ്ടുകിടക്കുന്ന ഒന്നല്ലാതെ മറ്റൊന്നുമല്ല അവർ അപ്പോഴും സ്വരൂപിക്കുക. ദൈവത്തെ അറിയുന്നതിനും നിർവചിക്കുന്നതിനുമുള്ള അവരുടെ ഈ മാർഗം മുകളിലുള്ള സ്വർഗത്തിലോ അല്ലെങ്കിൽ ആകാശത്തിലെ ആ വൃദ്ധനിലോ മാത്രം വിശ്വസിക്കുന്നവരുടെ അതേ മൂശയിൽ വാർത്തെടുക്കപ്പെട്ടതാണ്, എന്നാൽ, ദൈവത്തിന്റെ ഉണ്മ, അവന്റെ സാരം, അവന്റെ പ്രകൃതം, അവന്റെ സ്വത്തുക്കളും സത്തയും തുടങ്ങിയവ എല്ലാ കാര്യങ്ങളും—യഥാർഥ ദൈവവുമായി ബന്ധമുള്ളതെല്ലാം—ഗ്രഹിക്കുന്നതിൽ മനുഷ്യരുടെ അറിവ് പരാജയപ്പെട്ടതാണ്, അവയിൽ നിന്ന് അവരുടെ അറിവ് പൂർണമായും വിച്ഛേദിക്കപ്പെടതാണ്, ഉത്തര-ദക്ഷിണ ധ്രുവങ്ങളോളം അകന്നതാണ്. ഈ വിധത്തിൽ, ഈ ആളുകൾ ദൈവവചങ്ങളുടെ കരുതലിനും പോഷണത്തിനും കീഴിലാണ് ജീവിക്കുന്നതെങ്കിലും, ശരിക്കും ദൈവഭയത്തിൻറേയും തിന്മയെ ഒഴിവാക്കുന്നതിൻറേയും മാർഗത്തിലൂടെ സഞ്ചരിക്കുന്നതിന് അവർ അപ്രാപ്തരാണ്. അവർ ദൈവവുമായി ഒരിക്കലും പരിചിതരായിത്തീർന്നിട്ടില്ല, അവനുമായി നിർവ്യാജമായ സംസർഗമോ സമ്പർക്കമോ ഉണ്ടായിട്ടില്ലാത്തതാണ് ഇതിന്റെ യഥാർഥ കാരണം. അതുകൊണ്ട് ദൈവവുമായി ഒരു പരസ്പരധാരണയിൽ എത്തിച്ചേരുന്നതോ ഉള്ളിൽ നിർവ്യാജമായ വിശ്വാസമോ പിന്തുടരലോ, അല്ലെങ്കിൽ ദൈവത്തോടുള്ള ആരാധനയോ ഉണർത്തുന്നതോ അവർക്ക് അസാധ്യമാണ്. ദൈവവചനങ്ങളെ മനുഷ്യർ അങ്ങനെ പരിഗണിക്കണം, ദൈവത്തെ മനുഷ്യർ അങ്ങനെ പരിഗണിക്കണം-ഈ കാഴ്ചപ്പാടും മനോഭാവവും കാരണം സ്വന്തം ഉദ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ കൈയ്യോടെ മടങ്ങാൻ മനുഷ്യർ വിധിക്കപ്പെട്ടു, ദൈവത്തെ ഭയക്കുകയും തിന്മയെ ഒഴിവാക്കുകയും ചെയ്യുന്ന മാർഗത്തിലൂടെ അനന്തകാലം സഞ്ചരിക്കാൻ പ്രാപ്തിയില്ലാത്തവരാകാൻ അവർ വിധിക്കപ്പെട്ടു. അവർ ഉന്നം വെക്കുന്ന ലക്ഷ്യവും അവർ പോകുന്ന ദിശയും അവർ അനന്തകാലം ദൈവത്തിന്റെ ശത്രുക്കളാണെന്നും അനന്തകാലം അവർക്ക് വിമോചനം സ്വീകരിക്കാൻ സാധിക്കില്ലെന്നും സൂചിപ്പിക്കുന്നു.

വർഷങ്ങളോളം ദൈവത്തെ പിന്തുടരുകയും വർഷങ്ങളോളം അവന്റെ വചനത്തിന്റെ കരുതൽ ആസ്വദിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ കാര്യത്തിൽ ദൈവത്തെക്കുറിച്ചുള്ള അവരുടെ നിർവചനം അടിസ്ഥാനപരമായി വിഗ്രഹങ്ങൾക്കു മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്ന ഒരുവൻറേതിന് സമമാണെങ്കിൽ, ആ വ്യക്തി ദൈവവചനത്തിന്റെ യാഥാർഥ്യം നേടിയിട്ടില്ല എന്നാണ് അത് സൂചിപ്പിക്കുന്നത്. കാരണം, അവർ ദൈവവചനങ്ങളുടെ യാഥാർഥ്യത്തിലേക്ക് പ്രവേശിച്ചിട്ടില്ല, ഇക്കാരണത്താൽ യാഥാർഥ്യം, സത്യം, ഹിതങ്ങൾ, മനുഷ്യരാശിയുടെ മേലുള്ള ആവശ്യങ്ങൾ, ദൈവവചനത്തിൽ ഉൾക്കൊള്ളുന്ന സകലതും, ഇവയ്ക്കൊന്നിനും ആ വ്യക്തിയുമായി ഒരു ബന്ധവുമില്ല. അതായത്, ദൈവവചനങ്ങളുടെ ഉപരിപ്ലവമായ അർഥത്തിന്മേൽ അത്തരമൊരു വ്യക്തി എത്ര കഠിനാധ്വാനം ചെയ്താലും ശരി, അതെല്ലാം നിരർഥകമാണ്: കാരണം, അവർ പിന്തുടരുന്നത് കേവലം വാക്കുകളെയാണ്, അവർ നേടുന്നതും സ്വാഭാവികമായും വെറും വാക്കുകളായിരിക്കും. ദൈവം അരുളിചെയ്യുന്ന വചനങ്ങൾ പുറമേക്ക്, ഋജുവോ അഗാധമോ ആകട്ടെ, മനുഷ്യൻ സചേതനത്വത്തിലേക്ക് പ്രവേശിക്കുമ്പോൾ അവയെല്ലാം ഒഴിച്ചുകൂടാനാവാത്ത സത്യങ്ങളാണ്; ആത്മാവിലും ജഡത്തിലും അതിജീവിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന ജീവജലത്തിന്റെ ഉറവകളാണവ. മനുഷ്യന് ജീവനോടെയിരിക്കാൻ ആവശ്യമായത് അവ നൽകുന്നു; അവന്റെ ദൈനംദിന ജീവിതം നയിക്കാനുള്ള തത്ത്വങ്ങളും വിശ്വാസവും; വിമോചനം നേടുന്നതിനായി അവൻ കടന്നുപോകേണ്ട പാത, ലക്ഷ്യം, ദിശ; ദൈവത്തിനു മുമ്പാകെ സൃഷ്ടജീവികളിൽ ഒരാളായി അവൻ കൈവശമാക്കേണ്ട സകല സത്യവും; മനുഷ്യൻ ദൈവത്തെ എങ്ങനെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള സകല സത്യവും. മനുഷ്യന്റെ അതിജീവനം ഉറപ്പാക്കുന്ന ഈടാണ് അവ, മനുഷ്യന്റെ അന്നന്നത്തെ അപ്പമാണ്, മാത്രമല്ല, അവയാണ് മനുഷ്യനെ ശക്തനാക്കാനും എഴുന്നേറ്റുനിൽക്കാനും പ്രാപ്തമാക്കുന്ന ശക്തമായ പിന്തുണയും. സാമാന്യ മനുഷ്യത്വത്തിലെ സത്യത്തിന്റെ ഉണ്മയാൽ അവ സമ്പന്നമാണ്, കാരണം സൃഷ്ടിക്കപ്പെട്ട മനുഷ്യരാശിയാണ് അത് ജീവിച്ചുതീർക്കുന്നത്, മനുഷ്യവർഗത്തെ ദുഷിപ്പിൽ നിന്ന് മുക്തമാക്കുകയും സാത്താന്റെ കെണികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന സത്യത്താൽ അവ സമ്പന്നമാണ്, അക്ഷീണമായ അനുശാസനത്താലും, ഉദ്ബോധനത്താലും, പ്രോത്സാഹനത്താലും, സൃഷ്ടമനുഷ്യന് സ്രഷ്ടാവിനാൽ നൽകപ്പെടുന്ന സാന്ത്വനത്താലും സമ്പന്നമാണ്. സകാരാത്മകമായതെല്ലാം മനസ്സിലാക്കാൻ വേണ്ടി മനുഷ്യരെ നയിക്കുകയും പ്രബുദ്ധരാക്കുകയും ചെയ്യുന്ന ദീപസ്തംഭമാണ് അവ, മനുഷ്യർ ജീവിച്ചുതീർക്കുകയും നീതിനിഷ്ഠവും നല്ലതുമായ എല്ലാം കൈവരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുനൽകുന്ന ഈടാണ് അത്, എല്ലാ ആളുകളെയും സംഭവങ്ങളെയും വസ്തുക്കളെയും അളക്കുന്ന മാനദണ്ഡവും മനുഷ്യരെ വിമോചനത്തിലേക്കും വെളിച്ചത്തിന്റെ പാതയിലേക്കും നയിക്കുന്ന ദിശാസൂചകവുമാണത്. ദൈവവചനങ്ങളുടെ പ്രായോഗികാനുഭവത്തിലൂടെ മാത്രമേ സത്യവും ജീവിതവും മനുഷ്യന് നൽകപ്പെടൂ; സാമാന്യമനുഷ്യത്വം എന്താണെന്നും അർഥവത്തായ ജീവിതം എന്താണെന്നും യഥാർഥ സൃഷ്ടജീവി എന്താണെന്നും ദൈവത്തോടുള്ള യഥാർഥ അനുസരണം എന്താണെന്നും മനസ്സിലാക്കാൻ ഇതിലൂടെ മാത്രമേ മനുഷ്യന് സാധിക്കൂ; ദൈവത്തെ എങ്ങനെ പരിപാലിക്കണമെന്നും ഒരു സൃഷ്ടജീവിയുടെ കടമ എങ്ങനെ നിറവേറ്റണമെന്നും, ഒരു യഥാർഥ മനുഷ്യന്റെ സാദൃശ്യം എങ്ങനെ കൈവരിക്കണമെന്നും ഇതിലൂടെ മാത്രമേ മനുഷ്യന് മനസ്സിലാക്കാൻ സാധിക്കൂ; നിർവ്യാജമായ വിശ്വാസവും നിർവ്യാജമായ ആരാധനയും കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് മനുഷ്യന് മനസ്സിലാക്കാൻ ഇതിലൂടെ മാത്രമേ സാധിക്കൂ; ആകാശത്തിന്റെയും ഭൂമിയുടെയും സകലത്തിന്റെയും അധിപതി ആരാണെന്ന് മനസ്സിലാക്കാൻ ഇതിലൂടെ മാത്രമേ മനുഷ്യന് ഇട വരുകയുള്ളൂ. എല്ലാ സൃഷ്ടികളുടെയും യജമാനനായവൻ ഭരണം നടത്തുകയും നയിക്കുകയും സൃഷ്ടിയെ പരിപാലിക്കുകയും ചെയ്യുന്ന മാർഗങ്ങൾ മനസ്സിലാക്കാനും ഗ്രഹിക്കാനും ഇതിലൂടെ മാത്രമേ മനുഷ്യന് ഇട വരുകയുള്ളൂ; എല്ലാ സൃഷ്ടിയുടെയും യജമാനനായവൻ നിലനിൽക്കുകയും പ്രകടമാകുകയും വേല ചെയ്യുകയും ചെയ്യുന്ന മാർഗങ്ങൾ മനസിലാക്കാനും ഗ്രഹിക്കാനും ഇതിലൂടെ മാത്രമേ മനുഷ്യന് ഇട വരുകയുള്ളൂ. ദൈവവചനങ്ങളുടെ യഥാർഥ അനുഭവത്തിൽ നിന്ന് വേർപെട്ട മനുഷ്യന് ദൈവത്തിന്റെ വചനങ്ങളെയും സത്യത്തെയും കുറിച്ച് ശരിയായ അറിവോ ഉൾക്കാഴ്ചയോ ഇല്ല. അത്തരമൊരു മനുഷ്യൻ ജീവനുള്ള ഒരു ശവം മാത്രമാണ്, തികഞ്ഞ ഒരു പുറന്തോട്, സ്രഷ്ടാവുമായി ബന്ധപ്പെട്ട ഒരു അറിവിനും അവനുമായി ഒരു ബന്ധവുമില്ല. ദൈവത്തിന്റെ ദൃഷ്ടിയിൽ, അത്തരമൊരു മനുഷ്യൻ ഒരിക്കലും അവനിൽ വിശ്വസിക്കുകയോ അവനെ പിന്തുടരുകയോ ചെയ്തിട്ടില്ല, അതിനാൽ ദൈവം അവനെ തന്റെ വിശ്വാസിയായോ അനുയായിയായോ അംഗീകരിക്കുന്നില്ല, ഒരു യഥാർഥ സൃഷ്ടജീവി എന്ന നിലയിൽ അവനെ തീരെയും പരിഗണിക്കുന്നില്ല.

സ്രഷ്ടാവ് ആരാണെന്നും മനുഷ്യന്റെ സൃഷ്ടി എന്തിനുവേണ്ടിയാണെന്നും ഒരു സൃഷ്ടജീവിയുടെ ഉത്തരവാദിത്വങ്ങൾ എങ്ങനെ നിർവഹിക്കാമെന്നും എല്ലാ സൃഷ്ടിയുടെയും കർത്താവിനെ എങ്ങനെ ആരാധിക്കണമെന്നും ഒരു യഥാർഥ സൃഷ്ടജീവി അറിഞ്ഞിരിക്കണം. ഒപ്പം, സ്രഷ്ടാവിന്റെ ഹിതങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും മനസിലാക്കുകയും ഗ്രഹിക്കുകയും അറിയുകയും പരിപാലിക്കുകയും, സ്രഷ്ടാവിന്റെ മാർഗത്തിന് അനുസൃതമായി പ്രവർത്തിക്കുകയും വേണം—ദൈവത്തെ ഭയക്കുകയും തിന്മയെ ഒഴിവാക്കുകയും ചെയ്യുക.

ദൈവത്തെ ഭയക്കുക എന്നാൽ എന്താണ്? ഒരാൾക്ക് എങ്ങനെ തിന്മയെ ഒഴിവാക്കാനാകും?

“ദൈവത്തെ ഭയക്കുക” എന്നാൽ പേരില്ലാത്ത ഭയവും ഭീകരതയും എന്ന് അർഥമാക്കുന്നില്ല, ഒഴിഞ്ഞുമാറുകയോ അകലം പാലിക്കുകയോ അല്ല, വിഗ്രഹാരാധനയോ അന്ധവിശ്വാസമോ അല്ല. മറിച്ച്, അത് ആരാധന, ബഹുമാനം, വിശ്വാസം, മനസ്സിലാക്കൽ, കരുതൽ, അനുസരണം, സമർപ്പണം, സ്‌നേഹം, അതുപോലെ തന്നെ നിരുപാധികവും ആവലാതികളില്ലാത്തതുമായ ഉപാസന, പ്രത്യർപ്പണം, സമർപ്പണം എന്നിവയാണ്. ദൈവത്തെക്കുറിച്ചുള്ള യഥാർഥമായ അറിവില്ലെങ്കിൽ, മനുഷ്യർക്ക് യഥാർഥ പ്രശംസ, യഥാർഥ വിശ്വാസം, യഥാർഥ ധാരണ, അല്ലെങ്കിൽ യഥാർഥ കരുതലോ അനുസരണയോ ഉണ്ടായിരിക്കില്ല, മറിച്ച് ഭയവും അസ്വസ്ഥതയും, സംശയം, തെറ്റിദ്ധാരണ, ഒഴിഞ്ഞുമാറൽ, ഒഴിവാക്കൽ എന്നിവയും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ; ദൈവത്തെക്കുറിച്ചുള്ള യഥാർഥ അറിവില്ലാതെ മനുഷ്യർക്ക് യഥാർഥ സമർപ്പണവും പ്രത്യർപ്പണവും ഉണ്ടാകില്ല; ദൈവത്തെക്കുറിച്ചുള്ള യഥാർഥ അറിവില്ലാതെ മനുഷ്യർക്ക് യഥാർഥ ആരാധനയും സമർപ്പണവും ഉണ്ടാകില്ല, അന്ധമായ വിഗ്രഹവത്കരണവും അന്ധവിശ്വാസവും മാത്രമേ ഉണ്ടാകൂ; ദൈവത്തെക്കുറിച്ചുള്ള യഥാർഥ അറിവില്ലാതെ മനുഷ്യർക്ക് ദൈവത്തിന്റെ സത്യമാർഗത്തിന് അനുസൃതമായി പ്രവർത്തിക്കാനോ, അല്ലെങ്കിൽ ദൈവത്തെ ഭയക്കാനോ, തിന്മയെ ഒഴിവാക്കാനോ കഴിയില്ല. നേരെമറിച്ച്, മനുഷ്യൻ ഇടപെടുന്ന ഓരോ പ്രവർത്തനത്തിലും പെരുമാറ്റത്തിലും ധിക്കാരവും അനാദരവും ദൈവത്തെക്കുറിച്ചുള്ള ദുഷിച്ച ആരോപണങ്ങളും അപകീർത്തികരമായ വിധിപ്രസ്താവങ്ങളും ദൈവവചനങ്ങളുടെ ശരിയായ അർത്ഥത്തിനും സത്യത്തിനും വിരുദ്ധമായ ദുഷ്‌ചെയ്തികളും നിറയും.

മനുഷ്യർക്ക് ദൈവത്തിൽ യഥാർഥ വിശ്വാസമുണ്ടായിക്കഴിഞ്ഞാൽ, അവനെ അനുഗമിക്കുന്നതിലും അവനെ ആശ്രയിക്കുന്നതിലും അവർ ആത്മാർഥതയുള്ളവരാകും; ദൈവത്തിൽ യഥാർഥ വിശ്വാസവും ആശ്രിതത്വവും ഉണ്ടെങ്കിൽ മാത്രമേ മനുഷ്യർക്ക് യഥാർഥ ഗ്രാഹ്യവും ധാരണയും ഉണ്ടാകൂ; ദൈവത്തെക്കുറിച്ചുള്ള യഥാർഥ ധാരണയ്‌ക്കൊപ്പം അവനോടുള്ള യഥാർഥ കരുതലും ഉണ്ടാകുന്നു. ദൈവത്തെക്കുറിച്ചുള്ള ആത്മാർഥമായ കരുതലിലൂടെ മാത്രമേ മനുഷ്യർക്ക് യഥാർഥ അനുസരണ ഉണ്ടാകൂ; ദൈവത്തോടുള്ള ആത്മാർഥമായ അനുസരണയിലൂടെ മാത്രമേ മനുഷ്യർക്ക് യഥാർഥ സമർപ്പണം ഉണ്ടാകൂ; ദൈവത്തോടുള്ള യഥാർഥ സമർപ്പണത്തിലൂടെ മാത്രമേ നിരുപാധികവും ആവലാതികളില്ലാത്തതുമായ പ്രത്യർപ്പണം മനുഷ്യർക്ക് ഉണ്ടാകൂ; യഥാർഥ വിശ്വാസവും ആശ്രിതത്വവും, യഥാർഥ ഗ്രാഹ്യവും കരുതലും, യഥാർഥ അനുസരണ, ആത്മാർഥമായ സമർപ്പണവും പ്രത്യർപ്പണവും എന്നിവയിലൂടെ മാത്രമേ മനുഷ്യർക്ക് ശരിക്കും ദൈവത്തിന്റെ പ്രകൃതത്തെയും സത്തയെയും അറിയാനും സ്രഷ്ടാവിന്റെ സ്വത്വം അറിയാനും സാധിക്കൂ; സ്രഷ്ടാവിനെ യഥാർഥത്തിൽ അറിഞ്ഞാൽ മാത്രമേ യഥാർഥ ആരാധനയും വിധേയത്വവും സ്വയം ഉണർത്താൻ മനുഷ്യർക്ക് കഴിയൂ; സ്രഷ്ടാവിനോടുള്ള യഥാർഥ ആരാധനയും വിധേയത്വവും ഉള്ളപ്പോൾ മാത്രമേ മനുഷ്യർക്ക് അവരുടെ ദുഷിച്ച വഴികൾ മാറ്റാൻ, അതായത് തിന്മയെ ഒഴിവാക്കാൻ, യഥാർഥത്തിൽ കഴിയുകയുള്ളൂ.

ഇത് “ദൈവത്തെ ഭയക്കുകയും തിന്മയെ ഒഴിവാക്കുകയും” ചെയ്യുന്നതിന്റെ മുഴുവൻ പ്രക്രിയയും ഉൾക്കൊള്ളുന്നു, ദൈവത്തെ ഭയക്കുകയും തിന്മയെ ഒഴിവാക്കുകയും ചെയ്യുന്നതിന്റെ സമഗ്രമായ ഉള്ളടക്കം കൂടിയാണിത്. ദൈവത്തെ ഭയക്കുകയും തിന്മയെ ഒഴിവാക്കുകയും ചെയ്യുന്നതിനു വേണ്ടി സഞ്ചരിക്കേണ്ട പാത ഇതാണ്.

“ദൈവത്തെ ഭയക്കുന്നതും തിന്മയെ ഒഴിവാക്കുന്നതും” ദൈവത്തെ അറിയുന്നതും അനേകം ചരടുകളാൽ അഭേദ്യമാം വിധം ബന്ധിക്കപ്പെട്ടിരിക്കുന്നു, അവയ്ക്കിടയിലുള്ള ബന്ധം സ്വയം വ്യക്തമാണ്. തിന്മയെ ഒഴിവാക്കുന്നത് സാധ്യമാക്കാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം അയാൾക്ക് യഥാർഥ ദൈവഭയം ഉണ്ടായിരിക്കണം; ഒരാൾ യഥാർഥ ദൈവഭയം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം അയാൾക്ക് ദൈവത്തെക്കുറിച്ച് യഥാർഥ അറിവ് ഉണ്ടായിരിക്കണം; ദൈവത്തെക്കുറിച്ച് അറിവ് നേടാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം ദൈവവചനങ്ങൾ അനുഭവിക്കുകയും ദൈവവചനങ്ങളുടെ യാഥാർഥ്യത്തിലേക്ക് പ്രവേശിക്കുകയും, ദൈവത്തിന്റെ ശിക്ഷിച്ചു നന്നാക്കലും ശിക്ഷണവും, ദൈവത്തിന്റെ ശാസനവും ന്യായവിധിയും അനുഭവിക്കുകയും വേണം; ദൈവവചനങ്ങൾ അനുഭവിക്കാൻ ഒരുവൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾ ആദ്യം ദൈവവചനങ്ങളുമായി മുഖാമുഖം വരണം, ദൈവവുമായി മുഖാമുഖം വരണം, ആളുകൾ, സംഭവങ്ങൾ, വസ്തുക്കൾ എന്നിവയുൾപ്പെടുന്ന എല്ലാത്തരം സാഹചര്യങ്ങളുടേയും രൂപത്തിൽ ദൈവവചനം അനുഭവിക്കാനുള്ള അവസരങ്ങൾ നൽകാൻ ദൈവത്തോട് അഭ്യർഥിക്കണം; ദൈവത്തോടും ദൈവവചനങ്ങളോടും മുഖാമുഖം വരാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ, ലളിതവും സത്യസന്ധവുമായ ഒരു ഹൃദയം, സത്യത്തെ അംഗീകരിക്കാനുള്ള സന്നദ്ധത, കഷ്ടപ്പാടുകൾ സഹിക്കാനുള്ള ഇച്ഛാശക്തി, തിന്മയെ ഒഴിവാക്കാനുള്ള തീരുമാനവും ധൈര്യവും, ഒരു യഥാർഥ സൃഷ്ടജീവിയായിത്തീരുന്നതിനുള്ള ആഗ്രഹവും ആദ്യം അയാൾക്കുണ്ടാകണം.... ഈ രീതിയിൽ, പടിപടിയായി മുന്നോട്ട് പോകുമ്പോൾ, നീ ദൈവത്തോട് മുമ്പെന്നത്തേക്കാൾ കൂടുതൽ അടുക്കും, നിന്റെ ഹൃദയം മുമ്പെന്നത്തേക്കാൾ കൂടുതൽ ശുദ്ധമാകും, ഒപ്പം നിന്റെ ജീവിതവും ജീവിച്ചിരിക്കുന്നതിന്റെ മൂല്യവും, അതിനോടൊപ്പം ദൈവത്തെക്കുറിച്ചുള്ള അറിവും കൂടുതൽ അർഥവത്തും കൂടുതൽ തിളക്കമുള്ളതും ആയിത്തീരും. സ്രഷ്ടാവ് ഇനിയൊരു കടങ്കഥയല്ലെന്നും സ്രഷ്ടാവ് നിന്നിൽ നിന്ന് ഒരിക്കലും മറഞ്ഞിട്ടില്ലെന്നും സ്രഷ്ടാവ് നിന്നിൽ നിന്നു മുഖം മറച്ചുവെച്ചിട്ടില്ലെന്നും സ്രഷ്ടാവ് നിന്നിൽ നിന്ന് ഒട്ടും അകലെയല്ലെന്നും, നിന്റെ ചിന്തകളിൽ നീ നിരന്തരം തീക്ഷ്ണമായി കൊതിക്കുന്ന ഒരുവനല്ല സ്രഷ്ടാവെന്നും, മറിച്ച് നിന്റെ വികാരങ്ങളുമായി നിനക്ക് എത്തിച്ചേരാനാകാത്തതാണ് അവനെന്നും, നിന്റെ നിയതിയെ നിയന്ത്രിച്ചുകൊണ്ടും നിന്റെ ജീവിതത്തിന്റെ കുറവുതീർത്തുകൊണ്ടും നിന്റെ ഇടത്തും വലത്തും അവൻ ശരിക്കും കാവൽ നിൽക്കുന്നുവെന്നും ഒരു ദിവസം നീ മനസ്സിലാക്കും. അവൻ വിദൂര ചക്രവാളത്തിലല്ല, ഉയരെ മേഘങ്ങളിൽ അവൻ സ്വയം മറഞ്ഞിരിക്കുന്നുമില്ല. നിൻറേതായതെല്ലാം നിയന്ത്രിച്ചുകൊണ്ട് അവൻ നിന്റെ അടുത്തുതന്നെയുണ്ട്, അവനാണ് നിനക്കുള്ളതെല്ലാം, അവൻ മാത്രമേ നിൻറേതായുള്ളൂ. ഹൃദയത്തിൽ നിന്ന് സ്‌നേഹിക്കാനും അവനോട് പറ്റിച്ചേർന്നിരിക്കാനും അവനെ ചേർത്തുപിടിക്കാനും അവനെ ആരാധിക്കാനും അവനെ നഷ്ടപ്പെടുമെന്ന് ഭയപ്പെടാനും, ഇനി മേലിൽ അവനെ ത്യജിക്കാനോ അവനോട് അനുരണക്കേട് കാണിക്കാനോ ഒഴിവാക്കാനോ അകറ്റിനിർത്താനോ തയ്യാറാകാതിരിക്കാനും അത്തരം ദൈവം നിന്നെ അനുവദിക്കുന്നു. അവനെ പരിപാലിക്കുകയും അവനെ അനുസരിക്കുകയും അവൻ നിനക്ക് നൽകുന്നതിനെല്ലാം പ്രത്യർപ്പണം ചെയ്യുകയും അവന്റെ ആധിപത്യത്തിന് കീഴ്‌വഴങ്ങുകയും മാത്രമേ നീ ചെയ്യേണ്ടതുള്ളൂ. അവനാൽ നയിക്കപ്പെടുന്നതോ നൽകപ്പെടുന്നതോ നിരീക്ഷിക്കപ്പെടുന്നതോ കൈവശം വെക്കപ്പെടുന്നതോ ഇനി മേലിൽ നീ നിരസിക്കില്ല, അവൻ നിന്നോട് കല്പിക്കുന്നതും നിയോഗിക്കുന്നതും ഇനി മേലിൽ നീ നിരസിക്കുകയില്ല. അവനെ പിന്തുടരുകയും അവനൊപ്പം നടക്കുകയും മാത്രമേ നീ ചെയ്യേണ്ടതുള്ളൂ, നിന്റെ ഒരേയൊരു ജീവിതമായി, നിന്റെ ഒരേയൊരു കർത്താവായി, നിന്റെ ഒരേയൊരു ദൈവമായി അവനെ സ്വീകരിക്കുക മാത്രമേ നീ ചെയ്യേണ്ടതുള്ളൂ.

ഓഗസ്റ്റ് 18, 2014

മുമ്പത്തേത്: മനുഷ്യന്റെ രക്ഷ ദൈവത്തിന്റെ കാര്യനിർവഹണത്തിലൂടെ മാത്രം

അടുത്തത്: അനന്യനായ ദൈവം II

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക