മനുഷ്യന്റെ രക്ഷ ദൈവത്തിന്റെ കാര്യനിർവഹണത്തിലൂടെ മാത്രം

എല്ലാ മനുഷ്യരുടെയും കണ്ണുകളിൽ ദൈവത്തിന്റെ കാര്യനിർവഹണം വളരെ അപരിചിതമായ ഒന്നാണ്. കാരണം അവന്റെ കാര്യനിർവഹണം തങ്ങളിൽനിന്ന് തീർത്തും വേറിട്ടതായി ആളുകൾ കരുതുന്നു. ദൈവത്തിന്റെ കാര്യനിർവഹണം അവന്റെ മാത്രം പ്രവൃത്തിയാണെന്നും അത് അവനെ മാത്രം ബാധിക്കുന്നതാണെന്നും ആളുകൾ ചിന്തിക്കുന്നു. അതിനാൽ മനുഷ്യരാശി അവന്റെ കാര്യനിർവഹണത്തോട് ഉദാസീനരാണ്. അങ്ങനെ, മനുഷ്യരാശിയുടെ രക്ഷ അവ്യക്തവും അസ്പഷ്ടവും, പിന്നെ പൊള്ളയായ വാചകക്കസർത്തും മാത്രമാകുന്നു. രക്ഷ നേടുന്നതിനും മനോഹരമായ ലക്ഷ്യസ്ഥാനത്തിൽ പ്രവേശിക്കുന്നതിനും മനുഷ്യൻ ദൈവത്തെ പിന്തുടരുന്നുണ്ടെങ്കിലും, ദൈവം എങ്ങനെയാണ് തന്റെ പ്രവർത്തനം നടത്തുന്നത് എന്ന കാര്യത്തിൽ മനുഷ്യന് ഒരു താത്പര്യവുമില്ല. ദൈവം തയ്യാറാക്കിയ പദ്ധതികളോ രക്ഷിക്കപ്പെടുന്നതിൽ താൻ വഹിക്കേണ്ട പങ്കോ അവൻ ശ്രദ്ധിക്കുന്നില്ല. ഇതു ശരിക്കും പരിതാപകരമാണ്. മനുഷ്യന്റെ രക്ഷയെ ദൈവത്തിന്റെ കാര്യനിർവഹണത്തിൽ നിന്നോ അവന്റെ പദ്ധതിയിൽ നിന്നോ വേറിട്ടുനിറുത്താൻ കഴിയില്ല. എന്നാൽ ദൈവത്തിന്റെ കാര്യനിർവഹണത്തെക്കുറിച്ച് മനുഷ്യൻ ഒന്നുംതന്നെ ചിന്തിക്കുന്നില്ല, അങ്ങനെ അവനിൽനിന്ന് എന്നത്തെക്കാളും അകലുകയും ചെയ്യുന്നു. സൃഷ്ടി എന്താണ്, ദൈവവിശ്വാസം എന്താണ്, ദൈവത്തെ ആരാധിക്കേണ്ടത് എങ്ങനെയാണ്, എന്നു തുടങ്ങി രക്ഷയുമായി അടുത്തു ബന്ധമുള്ള വിഷയങ്ങളെ കുറിച്ച് തികച്ചും അജ്ഞരായ കൂടുതൽ കൂടുതൽ ആളുകൾ അവനെ പിന്തുടരുന്നവരുടെ അണികളിൽ ചേരാൻ ഇതു കാരണമായിട്ടുണ്ട്. അതിനാൽ, ദൈവത്തെ പിന്തുടരുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുക എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് അവനെ പിന്തുടരുന്നവർ വ്യക്തമായി മനസ്സിലാക്കുന്നതിന് നമ്മൾ ഇപ്പോൾ ദൈവത്തിന്റെ കാര്യനിർവഹണത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. അനുഗ്രഹങ്ങൾ നേടുന്നതിനോ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനോ മറ്റുള്ളവർക്കിടയിൽ ശോഭിച്ചു നിൽക്കുന്നതിനോ മാത്രമായി ദൈവത്തെ പിന്തുടരുന്നതിനു പകരം, സഞ്ചരിക്കേണ്ട പാത കൂടുതൽ കൃത്യമായി തിരഞ്ഞെടുക്കാൻ ഓരോരുത്തരെയും അതു സഹായിക്കും.

ദൈവത്തിന്റെ കാര്യനിർവഹണം ഗഹനമാണെങ്കിലും അത് മനുഷ്യഗ്രാഹ്യത്തിന് അതീതമല്ല. ദൈവത്തിന്റെ എല്ലാ പ്രവർത്തനങ്ങളും മനുഷ്യരാശിയെ രക്ഷിക്കാനുള്ള അവന്റെ കാര്യനിർവഹണവുമായി ബന്ധപ്പെട്ടിരിക്കുന്നതും മനുഷ്യകുലത്തിന്റെ ജീവനെയും ജീവിതത്തെയും ലക്ഷ്യസ്ഥാനത്തെയും ബാധിക്കുന്നതുമാണ് എന്നതാണ് ഇതിനു കാരണം. ദൈവം മനുഷ്യർക്കിടയിലും അവരുടെമേലും ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെ പ്രായോഗികവും അർത്ഥവത്തുമാണെന്നു പറയാൻ കഴിയും. അതു കാണാനും അനുഭവിക്കാനും മനുഷ്യനും കഴിയും, അത് ഒട്ടും അമൂർത്തമായ ഒന്നല്ല. ദൈവത്തിന്റെ പ്രവർത്തനങ്ങൾ എല്ലാം സ്വീകരിക്കാൻ മനുഷ്യനു ശേഷിയില്ലെങ്കിൽ, പിന്നെ എന്താണ് അവന്റെ പ്രവർത്തനത്തിന്റെ പ്രസക്തി? അത്തരം കാര്യനിർവഹണത്തിന് എങ്ങനെ മനുഷ്യന്റെ രക്ഷയിലേക്കു നയിക്കാൻ കഴിയും? ദൈവത്തെ പിന്തുടരുന്ന പലരും എങ്ങനെ അനുഗ്രങ്ങൾ നേടാം എന്നും എങ്ങനെ ദുരന്തങ്ങൾ ഒഴിവാക്കാം എന്നും മാത്രമാണ് നോക്കുന്നത്. ദൈവത്തിന്റെ പ്രവർത്തനവും കാര്യനിർവഹണവും പരാമർശിക്കപ്പെടുന്ന മാത്രയിൽ അവർ നിശ്ശബ്ദരായി സകല താത്പര്യവും നഷ്ടപ്പെട്ടവരായി മാറുന്നു. അത്തരം വിരസമായ വിഷയങ്ങൾ മനസിലാക്കുന്നത് അവരുടെ ജീവിതം വളരാനോ ഏതെങ്കിലും വിധത്തിൽ പ്രയോജനം കിട്ടാനോ ഉപകാരപ്പെട്ടില്ല എന്നവർ ചിന്തിക്കുന്നു. തത്ഫലമായി, ദൈവത്തിന്റെ കാര്യനിർവഹണത്തെക്കുറിച്ച് കേട്ടാലും അവർ ശ്രദ്ധ കൊടുക്കുന്നില്ല. സ്വീകരിക്കേണ്ട അമൂല്യമായ ഒന്നായി അവർ അതിനെ കാണുന്നില്ല, തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി അവർ അതിനെ കൈക്കൊള്ളുന്നുമില്ല. അങ്ങനെയുള്ളവർക്ക് ദൈവത്തെ പിന്തുടരുന്നതിന് ലളിതമായ ഒരു ലക്ഷ്യം മാത്രമാണുള്ളത്—അനുഗ്രങ്ങൾ പ്രാപിക്കുക. ഈ ലക്ഷ്യം നേരിട്ട് ഉൾപ്പെടാത്ത ഒന്നിലും ശ്രദ്ധ കൊടുക്കാൻ അവർ മെനക്കെടില്ല. അവരെ സംബന്ധിച്ച്, അനുഗ്രങ്ങൾ നേടാൻ ദൈവത്തിൽ വിശ്വസിക്കുന്നതിനെക്കാൾ യുക്തിസഹമായ മറ്റൊരു ലക്ഷ്യമില്ല, അവരുടെ വിശ്വാസത്തിന്റെ മൂല്യം തന്നെ അതാണ്. ഈ ലക്ഷ്യത്തിന് ഉതകാത്ത എന്തെങ്കിലുമുണ്ടെങ്കിൽ, അവർ തീർത്തും അതിനാൽ പ്രചോദിതരാകാതെ നിലകൊള്ളുന്നു. ഇന്ന് ദൈവത്തിൽ വിശ്വസിക്കുന്ന മിക്കവരുടെയും കാര്യം ഇങ്ങനെയാണ്. അവരുടെ ചിന്താഗതിയും ലക്ഷ്യവും ന്യായമായി തോന്നാം, കാരണം ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ അവർ ദൈവത്തിനു വേണ്ടി ചെലവാക്കുകയും ദൈവത്തിനു സ്വയം സമർപ്പിക്കുകയും തങ്ങളുടെ കടമകൾ നിറവേറ്റുകയും ചെയ്യുന്നു. അവർ തങ്ങളുടെ യൗവനം ത്യജിക്കുകയും കുടുംബത്തെയും തൊഴിലിനെയും കൈവെടിയുകയും എന്തിന്, ഗാർഹിക തിരക്കുകളിൽനിന്ന് വർഷങ്ങളോളം അകന്നുനിൽക്കുക പോലും ചെയ്യുന്നു. തങ്ങളുടെ പരമമായ ലക്ഷ്യത്തിനു വേണ്ടി അവർ സ്വന്തം താത്പര്യങ്ങളിലും ജീവിതവീക്ഷണത്തിലും, തങ്ങൾ തേടുന്ന ദിശയിൽ പോലും, മാറ്റം വരുത്തുന്നു; എന്നാലും ദൈവത്തിലുള്ള വിശ്വാസമെന്ന ലക്ഷ്യം മാറ്റാൻ അവർക്കു കഴിയില്ല. സ്വന്തം ആദർശങ്ങളുടെ നടത്തിപ്പിനായി അവർ ഓടിനടക്കും; പാത എത്ര നീണ്ടതായാലും അതിൽ എത്ര കഷ്ടങ്ങളും പ്രതിബന്ധങ്ങളും ഉണ്ടെങ്കിലും, അവർ ദൃഢചിത്തരായും മരണഭയമില്ലാത്തവരായും തുടരും. ഈ മാർഗത്തിൽ ആത്മാർപ്പണത്തോടെ തുടരാൻ അവരെ പ്രേരിപ്പിക്കുന്ന ശക്തി എന്താണ്? അവരുടെ മനസ്സാക്ഷിയാണോ? അവരുടെ മഹത്തായ, കുലീനമായ വ്യക്തിത്വമാണോ? അവസാനം വരേക്കും തിന്മയുടെ ശക്തികളോടു പോരടിക്കുന്നതിനുള്ള അവരുടെ ദൃഢനിശ്ചയമാണോ? പ്രതിഫലം കാംക്ഷിക്കാതെ ദൈവത്തിനു സാക്ഷ്യം വഹിക്കാനുള്ള അവരുടെ വിശ്വാസമാണോ? ദൈവഹിതം ചെയ്യാനായി എല്ലാം പരിത്യജിക്കാൻ അവരെ സന്നദ്ധരാക്കുന്ന വിശ്വസ്തത ആണോ? അതോ, അതിരുകവിഞ്ഞ വ്യക്തിപരമായ ആവശ്യങ്ങൾ എപ്പോഴും ഒഴിവാക്കുന്നതിനുള്ള ഭക്തിയുടെ ആത്മാവാണോ? ദൈവത്തിന്റെ കാര്യനിർവഹണ പ്രവർത്തനം ഒരിക്കലും മനസ്സിലാക്കിയിട്ടില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഇനിയും വളരെയധികം നൽകുക എന്നത്, ലളിതമായി പറഞ്ഞാൽ, ഒരു അദ്ഭുതമാണ്! ഈ ആളുകൾ എത്രമാത്രം നൽകി എന്ന് ഇപ്പോൾ നമുക്ക് ചർച്ച ചെയ്യണ്ടതില്ല. എന്നിരുന്നാലും അവരുടെ പെരുമാറ്റത്തെ കുറിച്ച് നാം വിലയിരുത്തേണ്ടതുണ്ട്. തങ്ങൾക്ക് ഏറ്റവും വേണ്ട നേട്ടങ്ങൾക്കു പുറമേ, ദൈവത്തെ ഒരിക്കലും മനസ്സിലാകാത്ത ആളുകൾ അവനുവേണ്ടി ഇത്രയധികം നൽകുന്നതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാകുമോ? മുമ്പ് തിരിച്ചറിയപ്പെടാതിരുന്ന ഒരു പ്രശ്നം നമ്മൾ ഇതിൽ കാണുന്നു: ദൈവവുമായുള്ള മനുഷ്യന്റെ ബന്ധം നഗ്നമായ സ്വാർത്ഥ താത്പര്യത്തിന്‍റേതു മാത്രമാണ്. അനുഗ്രഹദാതാവും സ്വീകർത്താവും തമ്മിലുള്ള ബന്ധമാണത്. ലളിതമായി പറഞ്ഞാൽ, മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ബന്ധം പോലെയുള്ള ഒന്ന്. മുതലാളി കൊടുക്കുന്ന പ്രതിഫലത്തിനു വേണ്ടി മാത്രമാണ് തൊഴിലാളി ജോലി ചെയ്യുന്നത്. അത്തരമൊരു ബന്ധത്തിൽ മമത ഇല്ല, കൊടുക്കൽ വാങ്ങലുകളേ ഉള്ളൂ. സ്നേഹിക്കലോ സ്നേഹിക്കപ്പെടലോ ഇല്ല, ധർമ്മവും ദയയും മാത്രമേയുള്ളൂ. ഉള്ളത് പരസ്പര ധാരണയല്ല, അടിച്ചമർത്തപ്പെട്ട രോഷവും വഞ്ചനയും മാത്രമാണ്. ആത്മബന്ധമില്ല, മറികടക്കാനാവാത്ത അകലം മാത്രം. ഇപ്പോൾ കാര്യങ്ങൾ ഇത്രയുമായ സ്ഥിതിക്ക്, ആർക്കാണ് അതിന്റെ ഗതി തിരിച്ചുവിടാൻ കഴിയുക? ഈ ബന്ധം എത്രമാത്രം വഷളായിക്കഴിഞ്ഞെന്നു ശരിയായി മനസ്സിലാക്കാൻ എത്ര ആളുകൾക്കു ശേഷിയുണ്ട്? അനുഗ്രഹിക്കപ്പെടുന്നതിന്റെ ആഹ്ലാദത്തിൽ ആളുകൾ സ്വയം മുങ്ങിത്താഴുമ്പോൾ ദൈവവുമായി അത്തരത്തിലൊരു ബന്ധം എത്രമാത്രം അപമാനകരവും അനാകർഷകവുമാണെന്നു സങ്കല്പിക്കാൻ ആർക്കും കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

മനുഷ്യരാശിക്ക് ദൈവത്തിലുള്ള വിശ്വാസം സംബന്ധിച്ച് ഏറ്റവും ദുഃഖകരമായ കാര്യം എന്തെന്നാൽ, മനുഷ്യൻ ദൈവവേലയ്ക്കിടയിൽ സ്വന്തം കാര്യനിർവഹണം നടത്തുകയും, എന്നിട്ടും, ദൈവത്തിന്റെ കാര്യനിർവഹണത്തിനു ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ്. മനുഷ്യന്റെ ഏറ്റവും വലിയ പരാജയം, ദൈവത്തിനു വിധേയപ്പെടാനും അവനെ ആരാധിക്കാനും ശ്രമിക്കുന്നതിനിടയിൽ, മനുഷ്യൻ തനിക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനം നിർമ്മിക്കുകയും ഏറ്റവും വലിയ അനുഗ്രഹവും മികച്ച ലക്ഷ്യസ്ഥാനവും എങ്ങനെ നേടാമെന്ന് ആസൂത്രണം ചെയ്യുകയും ചെയ്യുന്നു എന്നതാണ്. എത്ര ശോചനീയരും നിന്ദ്യരും ദയനീയരുമാണു തങ്ങളെന്ന് മനസ്സിലാക്കിയാലും, എത്ര പേർ തങ്ങളുടെ ആദർശങ്ങളും പ്രതീക്ഷകളും സത്വരം ഉപേക്ഷിക്കാൻ തയ്യാറാകും? സ്വന്തം ചുവടുകൾ നിശ്ചലമാക്കിയിട്ട് അവനവനെക്കുറിച്ചു മാത്രം ചിന്തിക്കുന്നതു നിർത്തിവയ്ക്കാൻ ആർക്കൊക്കെ കഴിയും? തന്റെ കാര്യനിർവഹണം പൂർത്തിയാക്കാൻ അടുത്ത് സഹകരിക്കുന്നവരെയാണ് ദൈവത്തിനു വേണ്ടത്. തന്റെ കാര്യനിർവഹണത്തിനായി മുഴുവൻ മനസ്സും ശരീരവും തനിക്ക് അർപ്പിക്കുന്നവരെയാണ് അവനു വേണ്ടത്. ദിവസവും കൈകൾ നീട്ടി അവനോടു യാചിക്കുന്നവരെ അവന് ആവശ്യമില്ല, അല്പം മാത്രം നല്കിയശേഷം പ്രതിഫലത്തിനായി കാത്തിരിക്കുന്നവരെയും അവന് ആവശ്യമില്ല. തുച്ഛമായ സംഭാവന നൽകിയിട്ട് പ്രശംസകളിൽ അഭിരമിക്കുന്നവരോട് ദൈവത്തിനു പുച്ഛമാണ്. ദൈവത്തിന്റെ കാര്യനിർവഹണത്തോടു നീരസപ്പെടുകയും സ്വർഗത്തിൽ പോകുന്നതിനെക്കുറിച്ചും അനുഗ്രഹങ്ങൾ നേടുന്നതിനെക്കുറിച്ചും മാത്രം സംസാരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന കഠിനഹൃദയരെ ദൈവം വെറുക്കുന്നു. മനുഷ്യകുലത്തെ രക്ഷിക്കാൻ ചെയ്ത പ്രവൃത്തിയിൽ നിന്നു കിട്ടിയ അവസരം മുതലെടുക്കുന്നവരോട് അവന് അതിലും വലിയ അറപ്പാണ്. തന്റെ കാര്യനിർവഹണത്തിലൂടെ ദൈവം എന്തു നിറവേറ്റാനും എന്ത് ആർജിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് ഈ ആളുകൾ ഒരിക്കലും ശ്രദ്ധിച്ചിട്ടേയില്ല എന്നതാണ് അതിനു കാരണം. ദൈവത്തിന്റെ പ്രവർത്തനത്തിലൂടെ കിട്ടിയ അവസരം എങ്ങനെ അനുഗ്രങ്ങൾ നേടാനായി ഉപയോഗപ്പെടുത്താം എന്നതു മാത്രമാണ് അവരുടെ ചിന്ത. സ്വന്തം നേട്ടങ്ങളിലും ഭാഗധേയത്തിലും വ്യാപൃതരായിരിക്കുന്നതിനാൽ ദൈവത്തിന്റെ ഹൃദയത്തെക്കുറിച്ച് അവർക്ക് ചിന്തയില്ല. ദൈവത്തിന്റെ കാര്യനിർവഹണത്തോടു നീരസം പുലർത്തുകയും ദൈവം മനുഷ്യകുലത്തെ രക്ഷിക്കുന്ന വിധത്തിലും അവന്റെ ഹിതത്തിലും തെല്ലും താത്പര്യം കാട്ടാതിരിക്കുകയും ചെയ്യുന്നവർ ദൈവത്തിന്റെ കാര്യനിർവഹണ പ്രവർത്തനവുമായി ബന്ധമില്ലാത്ത ഒരു മാർഗത്തിൽ തങ്ങളെത്തന്നെ പ്രീതിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. അവരുടെ പെരുമാറ്റത്തെ ദൈവം ഓർക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല, അനുഭാവത്തോടെ പരിഗണിക്കുകയുമില്ല.

പ്രപഞ്ചത്തിന്റെയും നഭോമണ്ഡലത്തിന്റെയും വിശാലതയിൽ അസംഖ്യം ജീവജാലങ്ങൾ ജീവിക്കുകയും പ്രത്യുത്പാദനം നടത്തുകയും ജീവന്റെ ചാക്രിക നിയമം പിന്തുടരുകയും ഏകസ്ഥിര നിയമത്തോടു പറ്റിനിൽക്കുകയും ചെയ്യുന്നു. മരിക്കുന്നവർ ജീവിതന്റെ കഥകൾ തങ്ങടൊപ്പം കൊണ്ടുപോകുന്നു. ജീവിച്ചിരിക്കുന്നവർ നശിച്ചുപോയവരുടെ അതേ ദുരന്തചരിത്രം ആവർത്തിക്കുന്നു. അതിനാൽ മനുഷ്യരാശിക്ക് സ്വയം ഇങ്ങനെ ചോദിക്കാതിരിക്കാൻ കഴിയില്ല: നമ്മൾ എന്തിനാണ് ജീവിക്കുന്നത്? നമുക്ക് മരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ആരാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നത്? മാനവകുലത്തെ ആരാണ് സൃഷ്ടിച്ചത്? പ്രകൃതി മാതാവാണോ യഥാർത്ഥത്തിൽ മനുഷ്യകുലത്തെ സൃഷ്ടിച്ചത്? സ്വന്തം ഭാഗധേയം മനുഷ്യകുലത്തിന്റെ നിയന്ത്രണത്തിൽ തന്നെയാണോ? ... മാനവരാശി ആയിരക്കണക്കിനു വർഷങ്ങളായി അവിരാമം ചോദിച്ചിട്ടുള്ള ചോദ്യങ്ങളാണിവ. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഈ ചോദ്യങ്ങൾ എത്രയധികം മനുഷ്യന്റെ തലയ്ക്കു പിടിച്ചോ, അവനിൽ ശാസ്ത്രത്തോടുള്ള ദാഹം അത്രയധികം വർദ്ധിച്ചു. ജഡത്തിന്റെ ഹ്രസ്വമായ സംതൃപ്തിയും താത്കാലിക ആസ്വാദനവും പ്രദാനം ചെയ്യാൻ ശാസ്ത്രത്തിനു കഴിയുന്നു. പക്ഷേ, ഏകാന്തതയിൽനിന്നും ഒറ്റപ്പെടലിൽനിന്നും ആത്മാവിന്റെ ആഴത്തിലെ മറയില്ലാത്ത ഭീതിയിൽനിന്നും നിസ്സഹായതയിൽനിന്നും മനുഷ്യനെ മോചിപ്പിക്കാൻ അത് ഒട്ടും പര്യാപ്തമല്ല. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്നതും തന്റെ ബുദ്ധിയാൽ മനസ്സിലാക്കാവുന്നതുമായ ശാസ്ത്രവിജ്ഞാനത്തെ മനുഷ്യകുലം ഹൃദയത്തെ മരവിപ്പിക്കാനായി ഉപയോഗിക്കുന്നു. എന്നിരുന്നാലും അത്തരം ശാസ്ത്രവിജ്ഞാനം മനുഷ്യരാശിയെ നിഗൂഢതകൾ തേടിപ്പോകുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നില്ല. പ്രപഞ്ചത്തിന്റെയും സകല വസ്തുക്കളുടെയും പരമാധികാരി ആരാണെന്ന് മനുഷ്യരാശിക്ക് അറിയുകയേയില്ല, അതുപോലെ മനുഷ്യരാശിയുടെ ഉദ്ഭവത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും അവർക്ക് അറിവില്ല. മാനവകുലം അനിവാര്യമായും കേവലം ഈ ചട്ടത്തിനു നടുവിൽ ജീവിക്കുന്നു. ആർക്കും അതിൽനിന്നു രക്ഷപ്പെടാൻ കഴിയില്ല, ആർക്കും അതു മാറ്റാനും കഴിയില്ല. കാരണം സകല വസ്തുക്കളിലും സ്വർഗങ്ങളിലും എല്ലാറ്റിന്റെയും മേൽ പരമാധികാരിയായി അനന്തകാലങ്ങളോളം ഒരുവൻ മാത്രമേയുള്ളൂ. അവനെ മനുഷ്യൻ ഒരിക്കലും കണ്ടിട്ടില്ല, ഒരിക്കലും അറിഞ്ഞിട്ടില്ല. അവന്റെ അസ്തിത്വത്തിൽ ഒരിക്കലും വിശ്വസിച്ചിട്ടില്ല. എന്നാൽ, മാനവകുലത്തിന്റെ മുൻഗാമികൾക്ക് ശ്വാസം കൊടുത്തതും മാനവകുലത്തിനു ജീവൻ പകർന്നതും അവനാണ്. മനുഷ്യകുലത്തിനായി കരുതുന്നതും അവരെ പോഷിപ്പിക്കുന്നതും അങ്ങനെ അവരുടെ അസ്തിത്വം ഉറപ്പാക്കുന്നതും അവനാണ്; ഈ ദിവസം വരെ മനുഷ്യകുലത്തെ വഴിനടത്തിയതും അവനാണ്. അതിലുപരി, മനുഷ്യകുലം അതിജീവനത്തിനായി ആശ്രയിക്കുന്നത് അവനെയാണ്, അവനെ മാത്രമാണ്. സകല വസ്തുക്കളുടെമേലും അവനു പരമാധികാരമുണ്ട്, പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളെയും ഭരിക്കുന്നതും അവനാണ്. നാലു ഋതുക്കളെയും അവൻ നിയന്ത്രിക്കുന്നു, കാറ്റിനും ശൈത്യത്തിനും മഞ്ഞിനും മഴയ്ക്കും കാരണം അവനാണ്. അവൻ മനുഷ്യകുലത്തിന് വെയിൽ കൊടുക്കുകയും രാത്രിയെ ആനയിക്കുകയും ചെയ്യുന്നു. സ്വർഗവും ഭൂമിയും സ്ഥാപിച്ചതും മനുഷ്യനു പർവതങ്ങളും തടാകങ്ങളും നദികളും അവയിലെ സകല ജീവജാലങ്ങളും നൽകിയതും അവനാണ്. അവന്റെ പ്രവൃത്തികൾ എവിടെയും കാണാം, അവന്റെ ശക്തി എല്ലായിടത്തുമുണ്ട്, അവന്റെ ജ്ഞാനം എങ്ങുമുണ്ട്, അതുപോലെ അവന്റെ പരമാധികാരം സർവവ്യാപകമാണ്. ഈ നിയമങ്ങളും ചട്ടങ്ങളും ഓരോന്നും അവന്റെ പ്രവൃത്തികളുടെ മൂർത്തരൂപമാണ്. അവ ഓരോന്നും അവന്റെ ജ്ഞാനവും അധികാരവും വെളിപ്പെടുത്തുന്നു. അവന്റെ പരമാധികാരത്തിൽ നിന്ന് മാറിനിൽക്കാൻ ആർക്കു സാധിക്കും? അവന്റെ പരികല്പനകളിൽ നിന്നു വിട്ടുനിൽക്കാൻ ആർക്കു കഴിയും? അവന്റെ സൂക്ഷ്മ ദൃഷ്ടിക്കു കീഴിലാണ് സകല വസ്തുക്കളും നിലനിൽക്കുന്നത്. അതിലുപരി അവന്റെ പരമാധികാരത്തിനു കീഴിലാണ് സകല വസ്തുക്കളും ജീവിക്കുന്നത്. അവന്റെ പ്രവൃത്തികളും അവന്റെ ശക്തിയും കാരണം മനുഷ്യകുലത്തിന് അതിന്റെ അസ്തിത്വവും സകല വസ്തുക്കൾക്കും മേലുള്ള പരമാധികാരവും അംഗീകരിക്കുകയല്ലാതെ നിർവാഹമില്ല. അവനല്ലാതെ മറ്റൊന്നിനും പ്രപഞ്ചത്തെ നിയന്ത്രിക്കാനാവില്ല. ഈ മനുഷ്യകുലത്തിന് വേണ്ട കാര്യങ്ങൾ സനാതനമായി നല്കാനുമാവില്ല. ദൈവത്തിന്റെ പ്രവൃത്തികൾ തിരിച്ചറിയാൻ നിനക്കു കഴിഞ്ഞാലും ഇല്ലെങ്കിലും, ദൈവത്തിന്റെ അസ്തിത്വത്തിൽ നീ വിശ്വസിച്ചാലും ഇല്ലെങ്കിലും, നിന്റെ വിധി നിർണയിക്കുന്നത് ദൈവമാണെന്ന കാര്യത്തിൽ സംശയം വേണ്ട; സകലത്തിന്മേലും എക്കാലവും ദൈവത്തിനായിരിക്കും പരമാധികാരം എന്നതിലും സംശയിക്കേണ്ട. മനുഷ്യൻ തിരിച്ചറിയുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചല്ല അവന്റെ അസ്തിത്വവും അധികാരവും ഉറപ്പിക്കപ്പെടുന്നത്. മനുഷ്യന്റെ ഭൂതവും വർത്തമാനവും ഭാവിയും അവനു മാത്രമാണ് അറിയാവുന്നത്, മനുഷ്യകുലത്തിന്റെ ഭാഗധേയം അവനു മാത്രമാണ് നിർണയിക്കാൻ കഴിയുന്നത്. നിനക്ക് ഈ വസ്തുത അംഗീകരിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും മനുഷ്യകുലം വൈകാതെ ഇതിനെല്ലാം ദൃക്സാക്ഷികളാകും, ദൈവം സത്വരം നടപ്പാക്കാൻ പോകുന്ന ഒരു വസ്തുതയാണ് അത്. മനുഷ്യകുലം ദൈവത്തിന്റെ ദൃഷ്ടിക്കു കീഴിൽ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കാര്യനിർവഹണത്തിനു വേണ്ടി മനുഷ്യൻ ജീവിക്കുന്നു, അന്ത്യനിദ്രയിൽ അവന്റെ കണ്ണുകൾ അടയുന്നതും ഇതേ കാര്യനിർവഹണത്തിനു വേണ്ടിത്തന്നെയാണ്. മനുഷ്യൻ വീണ്ടും വീണ്ടും വന്നും പോയുമിരിക്കും. ഇതെല്ലാം ദൈവത്തിന്റെ പരമാധികാരത്തിന്റെയും അവന്റെ പരികല്പനയുടെയും ഭാഗമാണ്, അതിന് അപവാദങ്ങളില്ല. ദൈവത്തിന്റെ കാര്യനിർവഹണം ഒരിക്കലും അവസാനിച്ചിട്ടില്ല; അതു നിരന്തരം തുടരുന്നു. മനുഷ്യവർഗം തന്റെ അസ്തിത്വം സംബന്ധിച്ച് അവബോധം പുലർത്താനും തന്റെ പരമാധികാരത്തിൽ വിശ്വസിക്കാനും തന്റെ പ്രവൃത്തികൾ കാണാനും തന്റെ രാജ്യത്തിലേക്കു മടങ്ങാനും അവൻ ഇടയാക്കും. ആയിരക്കണക്കിന് വർഷങ്ങളായി അവൻ കൈകാര്യം ചെയ്തുപോരുന്ന പദ്ധതിയും പ്രവർത്തനവും ഇതാണ്.

പ്രപഞ്ചസൃഷ്ടിയിൽ തുടങ്ങിയതാണ് ദൈവത്തിന്റെ കാര്യനിർവഹണ പ്രവൃത്തി. മനുഷ്യനാണ് ഈ പ്രവർത്തനത്തിന്റെ കേന്ദ്രസ്ഥാനത്ത്. ദൈവം സകലവും സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യനു വേണ്ടിയാണെന്നു പറയാൻ കഴിയും. കേവലം നിമിഷങ്ങൾ കൊണ്ടോ മാത്രകൾ കൊണ്ടോ ഇമചിമ്മുന നേരം കൊണ്ടോ ഏതാനും സംവത്സരങ്ങൾ കൊണ്ടോ പൂർത്തിയാക്കാൻ കഴിയുന്നതല്ല ദൈവത്തിന്റെ കാര്യനിർവഹണ പ്രവൃത്തി, അതിന് ആയിരക്കണക്കിന് വർഷങ്ങൾ വേണ്ടിവരുന്നു. അതിനാൽ മനുഷ്യകുലത്തിന്റെ അതിജീവനത്തിനായി സൂര്യൻ, ചന്ദ്രൻ, ജീവജാലങ്ങൾ, ഭക്ഷണം, ആവാസയോഗ്യമായ പരിസ്ഥിതി എന്നിങ്ങനെ കൂടുതൽ വസ്തുക്കൾ സൃഷ്ടിക്കേണ്ടി വന്നു. ഇതായിരുന്നു ദൈവത്തിന്റെ കാര്യനിർവഹണത്തിന്റെ തുടക്കം.

അതിനുശേഷം ദൈവം മനുഷ്യനെ സാത്താനു കൈമാറി, മനുഷ്യൻ സാത്താന്റെ അധീനതയിൽ ജീവിച്ചു. അത് ക്രമേണ ആദിയുഗത്തിലെ ദൈവത്തിന്റെ പ്രവർത്തനത്തിലേക്കു വഴിനയിച്ചു: ന്യായപ്രമാണയുഗത്തിന്റെ കഥ… ന്യായപ്രമാണയുഗത്തിലെ ആയിരക്കണക്കിനു വർഷങ്ങളിൽ മനുഷ്യകുലം ന്യായപ്രമാണയുഗത്തിലെ മാർഗനിർദേശങ്ങളെ അതിപരിചയം കൊണ്ട് ശരിയായി മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. ക്രമേണ മനുഷ്യൻ ദൈവത്തിന്റെ കരുതൽ കൈവിട്ടു. അതിനാൽ, ദൈവനിയമം പാലിക്കുമ്പോൾതന്നെ അവർ വിഗ്രഹങ്ങളെ ആരാധിക്കുകയും തിന്മ പ്രവർത്തിക്കുകയും ചെയ്തു. അവർക്ക് യഹോവയുടെ സംരക്ഷണം ഇല്ലായിരുന്നു, അവർ കേവലം ആലയത്തിലെ അൾത്താരകൾക്കു മുന്നിൽ ജീവിച്ചു. ‍യഥാർത്ഥത്തിൽ വളരെ മുമ്പേതന്നെ ദൈവത്തിന്റെ പ്രവർത്തനം അവരെ കൈവിട്ടുകഴിഞ്ഞിരുന്നു. ഇസ്രായേല്യർ അപ്പോഴും ദൈവനിയമത്തെ മുറുകെപ്പിടിക്കുകയും യഹോവയുടെ നാമം ഉച്ചരിക്കുകയും തങ്ങൾ മാത്രമാണ് യഹോവയുടെ ജനതയെന്നും യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ടവരെന്നും അഭിമാനത്തോടെ വിശ്വസിക്കുകയും ചെയ്തിരുന്നെങ്കിലും, ദൈവമഹിമ അവരെ അതിനകംതന്നെ വിട്ടകന്നിരുന്നു…

ദൈവത്തിന്റെ പ്രവർത്തനത്തിനിടയിൽ അവൻ എപ്പോഴും മെല്ലെ ഒരു സ്ഥലം വിട്ട് മറ്റൊരു സ്ഥലത്ത് പുതിയ പ്രവൃത്തി ആരംഭിച്ചിരിക്കും. സ്തബ്ധരായിപ്പോകുന്ന ആളുകൾക്ക് ഇത് അദ്ഭുതകരമായി തോന്നും. ആളുകൾ എപ്പോഴും പഴയ കാര്യങ്ങൾക്കു മൂല്യം കല്പിക്കുകയും പുതിയതും അപരിചതവുമായ കാര്യങ്ങളോടു ശത്രുത പുലർത്തുകയും അവയെ ഒരു ശല്യമായി കാണുകയുമാണു ചെയ്യാറ്. അതിനാൽ, ദൈവം പുതിയതായി എന്തു പ്രവൃത്തി ചെയ്താലും, അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ, ഏറ്റവും അവസാനം അത് അറിയുന്നത് മനുഷ്യനായിരിക്കും.

എപ്പോഴുമെന്നതുപോലെ, ന്യായപ്രമാണയുഗത്തിലെ പ്രവർത്തനത്തിനു ശേഷം യഹോവ രണ്ടാം ഘട്ടത്തിലെ തന്റെ പുതിയ പ്രവർത്തനം തുടങ്ങി: പത്തോ ഇരുപതോ വർഷത്തേക്ക് ജഡരൂപം ധരിച്ച് വിശ്വാസികൾക്കിടയിൽ പ്രഘോഷണം നടത്തുകയും അവന്റെ പ്രവൃത്തികൾ നിർവഹിക്കുകയും ചെയ്തു. എന്നിട്ടും അത് ഒരാൾ പോലും അറിഞ്ഞില്ല. കർത്താവായ ക്രിസ്തു ക്രൂശിതനായ ശേഷം ഉയിർത്തെഴുന്നേറ്റപ്പോൾ ചുരുക്കം പേർ മാത്രമാണ് അവൻ ജഡമായിത്തീർന്ന ദൈവമായിരുന്നു എന്ന് അംഗീകരിച്ചത്. പൗലോസ് എന്നൊരുവൻ പ്രത്യക്ഷനായി ദൈവവുമായി കൊടിയ ശത്രുതയിൽ ഏർപ്പെട്ടത് ഒരു പ്രശ്നമായി. പ്രഹരമേറ്റു വീഴുകയും അപ്പസ്തോലനായി മാറുകയു ചെയ്തിട്ടും പൗലോസ് തന്റെ പഴയ പ്രകൃതം മാറ്റിയില്ല. അവൻ തുടർന്നും ദൈവത്തിനു വിരുദ്ധമായ പാതയിൽ തന്നെ നടന്നു. തന്റെ പ്രവർത്തനകാലത്ത് പൗലോസ് നിരവധി ലേഖനങ്ങൾ എഴുതി; നിർഭാഗ്യവശാൽ പിൻതലമുറകൾ അവന്റെ ലേഖനങ്ങളെ ദൈവവചനങ്ങളായി കൈക്കൊണ്ടു; അവയെ പുതിയ നിയമത്തിൽ ഉൾപ്പെടുത്തുകയും ദൈവവചനമായി തെറ്റിദ്ധരിക്കുകയും ചെയ്തു. തിരുവെഴുത്തിന്റെ ആവിർഭാവത്തിനു ശേഷം ഇതൊരു വലിയ മാനക്കേട് തന്നെയായി! മനുഷ്യന്റെ അപാര വിഡ്ഢിത്തം കാരണമല്ലേ ഇങ്ങനെയൊരു പിഴവ് സംഭവിച്ചത്? കൃപായുഗത്തിലെ ദൈവത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച രേഖകളിൽ അവന്റെ പ്രവർത്തനവും വചനങ്ങളും എന്നനിലയിൽ കരുതാൻ മനുഷ്യന്റെ ലേഖനങ്ങളും ആത്മീയ രചനകളും ഉണ്ടാകാനേ പാടില്ലായിരുന്നു എന്ന് അവർ തീരെ അറിഞ്ഞിരുന്നില്ല. ഇത് മറ്റൊരു വിഷയമാണ്, നമുക്ക് യഥാർത്ഥ വിഷയത്തിലേക്ക് തിരികെ വരാം. ദൈവത്തിന്റെ രണ്ടാം ഘട്ടം പ്രവർത്തനം പൂർത്തിയായതോടെ, കുരിശുമരണത്തിനു ശേഷം, മനുഷ്യനെ പാപത്തിൽനിന്നു മോചിപ്പിക്കാനുള്ള പ്രവർത്തനം (മനുഷ്യനെ സാത്താന്റെ കരങ്ങളിൽനിന്നു വീണ്ടെടുക്കുന്ന പ്രവർത്തനം) ഫലപ്രാപ്തിയിലെത്തി. അങ്ങനെ, ആ നിമിഷം മുതൽ മനുഷ്യകുലത്തിന് പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ രക്ഷകനായി കർത്താവായ യേശുവിനെ സ്വീകരിച്ചാൽ മാത്രം മതിയായിരുന്നു. ലളിതമായി പറഞ്ഞാൽ, മനുഷ്യനു മോചനം നേടുന്നതിനും ദൈവസന്നിധിയിൽ എത്തുന്നതിനും അവന്റെ പാപങ്ങൾ പിന്നെ വിലങ്ങുതടിയായില്ല. മേലാൽ പാപങ്ങൾ സാത്താനു മനുഷ്യന്റെമേൽ കുറ്റാരോപണങ്ങൾ നടത്താനുള്ള ഉപകരണങ്ങൾ അല്ലാതായി മാറി. ദൈവംതന്നെ യഥാർത്ഥ പ്രവർത്തനം നടത്തിയതും പാപഭരിതമായ ജഡത്തിന്റെ സാദൃശ്യവും പൂർവസ്വാദും ആയതും ദൈവംതന്നെ പാപബലി ആയതും ആയിരുന്നു അതിനു കാരണം. അങ്ങനെ മനുഷ്യൻ കുരിശിൽനിന്ന് ഇറങ്ങി, ദൈവത്തിന്റെ ജഡത്തിലൂടെ—പാപഭാരമുള്ള ജഡത്തിന്റെ സാദൃശ്യത്തിലൂടെ—വീണ്ടെടുക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തു. അങ്ങനെ, സാത്താന്റെ പിടിയിൽ അകപ്പെട്ടശേഷം, മനുഷ്യൻ ദൈവസന്നിധിയിൽ തന്റെ രക്ഷ സ്വായത്തമാക്കുന്നതിലേക്ക് ഒരു പടി കൂടി അടുത്തു. തീർച്ചയായും ന്യായപ്രമാണയുഗത്തിലെ ദൈവത്തിന്റെ കാര്യനിർവഹണത്തെക്കാൾ അഗാധവും കൂടുതൽ വികസിതവുമായിരുന്നു ഈ ഘട്ടത്തിലെ പ്രവർത്തനം.

ദൈവത്തിന്റെ കാര്യനിർവഹണം ഇങ്ങനെയാണ്: ദൈവം എന്തെന്ന് അറിയാത്ത, സ്രഷ്ടാവ് എന്തെന്ന് അറിയാത്ത, ദൈവത്തെ ആരാധിക്കേണ്ടത് എങ്ങനെ എന്ന് അറിയാത്ത, അല്ലെങ്കിൽ ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിക്കേണ്ടത് എന്തിനെന്ന് അറിയാത്ത മനുഷ്യകുലത്തെ സാത്താനു കൈമാറുകയും അവരെ ദുഷിപ്പിക്കാൻ സാത്താനെ അനുവദിക്കുകയും ചെയ്യുക. എന്നിട്ട് ദൈവം ഘട്ടംഘട്ടമായി മനുഷ്യനെ സാത്താന്റെ കരങ്ങളിൽനിന്ന് വീണ്ടെടുക്കും. മനുഷ്യൻ പൂർണ്ണമായി ദൈവത്തെ ആരാധിക്കുകയും സാത്താനെ തിരസ്കരിക്കുകയും ചെയ്യുന്നതുവരെ അതു തുടരും. ഇതാണ് ദൈവത്തിന്റെ കാര്യനിർവഹണം. ഇതൊരു കെട്ടുകഥയായി, കുഴപ്പിക്കുന്ന ഒന്നായി തോന്നാം. പിന്നിട്ട ആയിരക്കണക്കിനു വർഷങ്ങളിൽ മനുഷ്യനു സംഭവിച്ചത് എത്രമാത്രമാണെന്ന് ഒരു രൂപവുമില്ലാത്തതുകൊണ്ടാണ് ആളുകൾക്ക് ഇതൊരു കെട്ടുകഥയായി തോന്നുന്നത്. പ്രപഞ്ചത്തിലും നഭോമണ്ഡലത്തിലും എത്രമാത്രം കഥകൾ നടന്നിരിക്കുന്നുവെന്നും അവർക്കു അറിവില്ല. അതിലുപരി, ഭൗതിക ലോകത്തിനുപ്പുറത്ത് നശ്വരമായ കണ്ണുകളാൽ കാണാൻ കഴിയാത്തതും ഏറെ ആശ്ചര്യജനകവും ഭീതിദവുമായ ലോകത്തെ വിവേചിച്ചറിയാൻ അവർക്കു കഴിയാത്തതുകൊണ്ടുകൂടിയാണ് അത്. അതു മനുഷ്യന് ദുർഗ്രഹമായി തോന്നും, കാരണം മാനവകുലത്തിനു ദൈവം നൽകുന്ന രക്ഷയെയോ അവന്റെ കാര്യനിർവഹണ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെയോ കുറിച്ച് മനുഷ്യൻ ഒന്നും മനസ്സിലാക്കിയിട്ടില്ല. ആത്യന്തികമായി മനുഷ്യരാശി എങ്ങനെയായിരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് അവർ ഗ്രഹിക്കുന്നുമില്ല. ആദാമിനും ഹവ്വയ്ക്കും സംഭവിച്ചതുപോലെ, സാത്താനാൽ ഒട്ടും ദുഷിപ്പിക്കപ്പെടാതിരിക്കുന്നതാണോ അത്? അല്ല! ദൈവത്തെ ആരാധിക്കുകയും അവനു സമർപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളെ നേടുക എന്നതാണ് ദൈവത്തിന്റെ കാര്യനിർവഹണത്തിന്റെ ഉദ്ദേശ്യം. ഇവരെ സാത്താൻ ദുഷിപ്പിച്ചിട്ടുണ്ടെങ്കിൽ പോലും സാത്താനെ അവർ തങ്ങളുടെ പിതാവായി കാണുന്നില്ല; അവർ സാത്താന്റെ ബീഭത്സ മുഖം തിരിച്ചറിഞ്ഞ് തിരസ്കരിക്കുന്നു. കൂടാതെ അവർ ദൈവത്തിന്റെ സന്നിധിയിൽ വന്ന് അവന്റെ ന്യായവിധിയും ശിക്ഷയും സ്വീകരിക്കുന്നു. എന്താണ് വിരൂപമെന്നും വിശുദ്ധമായതിൽ നിന്ന് അത് എങ്ങനെ ഭിന്നമായിരിക്കുന്നുവെന്നും അവർ അറിയുന്നു. അതുപോലെ ദൈവത്തിന്റെ മഹത്ത്വവും സാത്താന്റെ തിന്മയും തിരിച്ചറിയുന്നു. ഇതുപോലൊരു മനുഷ്യകുലം പിന്നെ ഒരിക്കലും സാത്താനുവേണ്ടി പ്രവർത്തിക്കില്ല, അവനെ ആരാധിക്കില്ല, അല്ലെങ്കിൽ അവനെ പ്രതിഷ്ഠിക്കില്ല. കാരണം അവർ ദൈവത്താൽ വീണ്ടെടുക്കപ്പെട്ട ‍ഒരു കൂട്ടം ആളുകളാണ്. ഇതാണ് മനുഷ്യരാശിയുടെമേൽ കാര്യനിർവഹണം നടത്തുകയെന്ന ദൈവത്തിന്റെ പ്രവർത്തനത്തിന്റെ പ്രാധാന്യം. ഈ സമയത്തെ ദൈവത്തിന്റെ കാര്യനിർവഹണ പ്രവൃത്തിയുടെ നേരത്ത് മനുഷ്യകുലം ഒരേസമയം സാത്താന്റെ ദുഷിപ്പിന്റെയും ദൈവം നൽകുന്ന രക്ഷയുടെയും പാത്രങ്ങളാണ്. ദൈവവും സാത്താനും പോരടിക്കുന്നത് മനുഷ്യൻ എന്ന ഉത്പന്നത്തിനു വേണ്ടിയാണ്. തന്റെ പ്രവൃത്തി ചെയ്യുമ്പോൾ ദൈവം ക്രമേണ മനുഷ്യനെ സാത്താന്റെ കരങ്ങളിൽനിന്നു വീണ്ടെടുക്കുകയാണ്, അങ്ങനെ മനുഷ്യൻ മുമ്പെന്നത്തെക്കാളും ദൈവത്തോട് അടുക്കുന്നു...

അതിനുശേഷം ദൈവരാജ്യയുഗം വന്നു. അത് കൂടുതൽ പ്രായോഗികമായ പ്രവർത്തനത്തിന്റെ ഘട്ടമാണ്. എന്നാൽ, മനുഷ്യനു സ്വീകരിക്കാൻ ഏറ്റവും ക്ലേശകരമായതും. കാരണം മനുഷ്യൻ ദൈവത്തോട് കൂടുതൽ അടുക്കുന്തോറും ദൈവത്തിന്റെ വടി മനുഷ്യനോടും കൂടുതൽ അടുക്കും, ദൈവത്തിന്റെ മുഖം കൂടുതൽ വ്യക്തമായി മനുഷ്യനു വെളിപ്പെടും. മനുഷ്യരാശിയുടെ വീണ്ടെടുപ്പിനു ശേഷം മനുഷ്യൻ ഔപചാരികമായി ദൈവത്തിന്റെ കുടുംബത്തിലേക്കു മടങ്ങുന്നു. ഇപ്പോഴാണ് ആസ്വാദനത്തിനുള്ള സമയമെന്ന് മനുഷ്യൻ ചിന്തിച്ചു. എന്നാൽ, ആരും പ്രതീക്ഷിച്ചിരിക്കാൻ ഇടയില്ലാത്തതു പോലെ ദൈവത്തിന്റെ നേരിട്ടുള്ള ആക്രമണത്തിന് അവൻ വിധേയനാകുകയാണ്: ദൈവത്തിന്റെ ജനം ‘ആസ്വദിക്കേണ്ട’ ഒരു സ്നാനമാണിത്. അങ്ങനെയൊരു നടത്തിപ്പിൽ ആളുകൾക്ക് ഇങ്ങനെ ചിന്തിക്കാതിരിക്കാനാവില്ല, “വർഷങ്ങളായി വഴി തെറ്റിയ, തിരിച്ചുവാങ്ങാനായി ദൈവം വലിയ വില നൽകിയ ഒരു കുഞ്ഞാടാണ് ഞാൻ. പിന്നെ എന്തിനാണ് ദൈവം ഈ രീതിയിൽ എന്നോട് ഇടപെടുന്നത്? എന്നെ പരിഹസിക്കാനും തുറന്നു കാട്ടാനുമുള്ള ദൈവത്തിന്റെ മാർഗ്ഗമാണോ ഇത്? ...” വർഷങ്ങൾ പിന്നിടവേ ശുദ്ധീകരണവും കഠിനശിക്ഷയും നേരിട്ട് മനുഷ്യൻ പാകപ്പെട്ടിരിക്കുന്നു. ഗതകാലത്തിന്റെ “മഹത്ത്വ”വും “കാല്പനികത”യും മനുഷ്യനു നഷ്ടപ്പെട്ടെങ്കിലും, അറിയാതെതന്നെ അവൻ മനുഷ്യന്റെ പെരുമാറ്റ തത്ത്വങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. മാനവകുലത്തെ രക്ഷിക്കാൻ ദൈവം ചെലവഴിച്ച വാർഷങ്ങളുടെ ആത്മാർപ്പണവും മനുഷ്യനു മനസ്സിലായിരിക്കുന്നു. മനുഷ്യന് മെല്ലെ സ്വന്തം കിരാത പ്രകൃതത്തോട് അറപ്പ് തോന്നിത്തുടങ്ങുന്നു. തന്റെ മൃഗീയതയെയും ദൈവത്തോടുണ്ടായ തെറ്റിദ്ധാരണകളെയും ദൈവത്തിനു മുന്നിൽ വെച്ച ന്യായരഹിതമായ ആവശ്യങ്ങളെയും അവൻ വെറുത്തു തുടങ്ങുന്നു. കാലഗതിയെ വിപരീത ദിശയിലാക്കാൻ കഴിയില്ലല്ലോ. ഗതകാല സംഭവങ്ങൾ മനുഷ്യന്റെ ഖേദകരമായ ഓർമകളായി മാറുന്നു, ദൈവത്തിന്റെ വചനവും സ്നേഹവും മനുഷ്യന്റെ പുതിയ ജീവിതത്തിൽ ചാലകശക്തികളായി മാറുന്നു. മനുഷ്യന്റെ മുറിവുകൾ നാൾതോറും ഉണങ്ങുന്നു, അവന്റെ ശക്തി തിരിച്ചുവരുന്നു, അവൻ എഴുന്നേറ്റുനിന്ന് സർവശക്തന്റെ മുഖത്തേക്കു നോക്കുന്നു… അവൻ എപ്പോഴും തന്റെ അടുത്തുണ്ടായിരുന്നു എന്നും അവന്റെ മന്ദഹാസവും അവന്റെ മനോഹരമായ പെരുമാറ്റവും ഇപ്പോഴും ഏറെ ആവേശം പകരുന്നതാണെന്നും തിരിച്ചറിയുന്നു. താൻ സൃഷ്ടിച്ച മനുഷ്യരോട് അവന്റെ ഹൃദയത്തിൽ ഇപ്പോഴും കരുതലുണ്ട്, അവന്റെ കരങ്ങൾ ഇപ്പോഴും ആദിയിലേതുപോലെ ഊഷ്മളവും കരുത്തുറ്റതുമാണ്. മനുഷ്യൻ ഏദൻ തോട്ടത്തിൽ തിരിച്ചെത്തിയതു പോലെയാണത്. എന്നാൽ, ഇക്കുറി അവൻ സർപ്പത്തിന്റെ പ്രലോഭനത്തിൽ വീഴുന്നില്ല, യഹോവയുടെ തിരുമുഖത്തുനിന്ന് പിന്തിരിയുന്നുമില്ല. മനുഷ്യൻ ദൈവത്തിനു മുന്നിൽ മുട്ടുകുത്തി ദൈവത്തിന്റെ സുസ്മേര വദനത്തിലേക്കു നോക്കി, അവന് ഏറ്റവും അമൂല്യമായ ബലി അർപ്പിക്കുന്നു—ഓ! എന്റെ കർത്താവേ, എന്റെ ദൈവമേ!

ദൈവത്തിന്റെ സ്നേഹവും സഹാനുഭൂതിയും അവന്റെ കാര്യനിർവഹണ പ്രവർത്തനത്തിന്റെ ഓരോ വിശദാംശത്തിലേക്കും വ്യാപിക്കുന്നു. ദൈവഹിതം ആളുകൾ മനസ്സിലാക്കിയിട്ടുണ്ടോ എന്നതു കണക്കിലെടുക്കാതെ അവൻ നേടാൻ ഇറങ്ങിത്തിരിച്ച പ്രവർത്തനം ഇപ്പോഴും അക്ഷീണം ചെയ്തുകൊണ്ടേയിരിക്കുന്നു. ദൈവത്തിന്റെ കാര്യനിർവണഹത്തെക്കുറിച്ച് ആളുകൾ എത്രമാത്രം മനസ്സിലാക്കുന്നു എന്നതു നോക്കാതെ, ദൈവത്തിന്റെ പ്രവർത്തനങ്ങളിലൂടെ മനുഷ്യനു കൈവരുന്ന നന്മകളും നേട്ടങ്ങളും എല്ലാവർക്കും വിലമതിക്കാനാകും. ഒരുപക്ഷേ, ഈ ദിവസം, ദൈവം പ്രദാനം ചെയ്ത സ്നേഹമോ ജീവനോ നീ അനുഭവിച്ചിരിക്കില്ല. എന്നാൽ, നീ ദൈവത്തെ ഉപേക്ഷിക്കാതിരിക്കുകയും സത്യത്തിൽ നടക്കാനുള്ള ദൃഢനിശ്ചയം കൈവെടിയാതിരിക്കുകയും ചെയ്യുന്ന കാലത്തോളം ദൈവത്തിന്റെ പുഞ്ചിരി നിനക്കു മുന്നിൽ വെളിപ്പെടുന്ന ഒരു ദിവസം വരും. കാരണം ദൈവത്തിന്റെ കാര്യനിർവഹണ പ്രവർത്തനത്തിന്റെ ലക്ഷ്യം സാത്താന്റെ അധീനതയിലുള്ള ആളുകളെ വീണ്ടെടുക്കുകയാണ്, സാത്താനാൽ ദുഷിക്കപ്പെട്ട് ദൈവത്തെ എതിർക്കുന്നവരെ ഉപേക്ഷിക്കുകയല്ല.

സെപ്റ്റംബർ 23, 2005

മുമ്പത്തേത്: മുഴു മനുഷ്യരാശിയുടെയും ഭാഗധേയം ദൈവം നിശ്ചയിക്കുന്നു

അടുത്തത്: ദൈവത്തെ അറിയുക എന്നത് ദൈവത്തെ ഭയക്കുകയും തിന്മയെ ഒഴിവാക്കുകയും ചെയ്യുന്നതിനുള്ള മാർഗം

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക