മുഴു മനുഷ്യരാശിയുടെയും ഭാഗധേയം ദൈവം നിശ്ചയിക്കുന്നു

മനുഷ്യകുലത്തിലെ അംഗങ്ങളും ദൈവഭക്തിയുള്ള ക്രിസ്ത്യാനികളും എന്നനിലയിൽ, ദൈവനിയോഗത്തിന്‍റെ പൂർത്തീകരണത്തിനായി സ്വന്തം മനസ്സും ശരീരവും അർപ്പിക്കേണ്ടത് നമ്മുടെ ഏവരുടെയും ഉത്തരവാദിത്തവും കടമയും ആണ്. കാരണം, നമ്മുടെ സർവസ്വവും ദൈവത്തിൽനിന്നാണ് വന്നത്, ദൈവത്തിന്‍റെ പരമാധികാരത്തിന്‍റെ ഫലമായാണ് അത് നിലനിൽക്കുന്നത്. ദൈവനിയോഗത്തിനായി നമ്മുടെ മനസ്സും ശരീരവും നൽകുന്നില്ലെങ്കിൽ, മാനവരാശിയുടെ നല്ലതിനായി അവ വിനിയോഗിക്കുന്നില്ലെങ്കിൽ, ദൈവനിയോഗത്തിനായി രക്തസാക്ഷികളായവരുടെ കൂട്ടത്തിൽ നമ്മുടെ ദേഹികൾ എണ്ണപ്പെടില്ല. അതിലുപരി, നമുക്ക് സകലതും നൽകിയ ദൈവത്തിന് നാം സ്വീകാര്യരാവുകയുമില്ല.

ഈ ഭൂമിയെയും മനുഷ്യരാശിയെയും സൃഷ്ടിച്ചത് ദൈവമാണ്. പൗരാണിക യവന സംസ്കാരത്തിന്‍റെയും മാനവനാഗരികതയുടെയും ശില്പിയും അവിടുന്നാണ്. മനുഷ്യരാശിക്ക് ആശ്വാസം പകരുന്നതും അവരെ രാപ്പകൽ പരിപാലിക്കുന്നതും അവിടുന്നു മാത്രം. മനുഷ്യന്‍റെ വികാസവും പുരോഗതിയും ദൈവത്തിന്‍റെ പരമാധികാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, മനുഷ്യരാശിയുടെ ഭൂതകാലവും ഭാവിയും ദൈവം രൂപകല്പന ചെയ്തതാണെന്നതിൽ സംശയമില്ല. ദൈവം രൂപകല്പന ചെയ്യുന്നതുപോലെയാണ് ഏതൊരു രാജ്യത്തിന്‍റെയോ ജനതയുടെയോ ഉദയവും അസ്തമയവും സംഭവിക്കുന്നതെന്ന് നിങ്ങൾ ഒരു യഥാർത്ഥ ക്രിസ്ത്യാനിയാണെങ്കിൽ നിശ്ചയമായും വിശ്വസിക്കും. ഒരു രാജ്യത്തിന്‍റെയോ ജനതയുടെയോ ഭാഗധേയം എന്താകുമെന്ന് അറിയാവുന്നത് ദൈവത്തിനു മാത്രമാണ്. ഈ മനുഷ്യരാശിയുടെ ഗതി നിയന്ത്രിക്കുന്നതും അവിടുന്നുതന്നെ. മനുഷ്യരാശി ഒരു നല്ല ഭാവി ആഗ്രഹിക്കുന്നെങ്കിൽ, ഒരു രാജ്യം നല്ലൊരു നാളേക്കായി കാംക്ഷിക്കുന്നെങ്കിൽ, മനുഷ്യൻ ദൈവത്തെ വണങ്ങി അവിടുത്തെ ആരാധിക്കേണ്ടതുണ്ട്, ദൈവമുമ്പാകെ അനുതപിച്ച് പാപങ്ങൾ ഏറ്റുപറയേണ്ടതുണ്ട്. അല്ലാത്തപക്ഷം അവനു വിധിച്ചിരിക്കുന്നത് വിപത്താണ്, ഒഴിവാക്കാനാകാത്ത ഒരു മഹാദുരന്തത്തിലേക്കായിരിക്കും അവൻ ചെന്നെത്തുക.

നോഹ പെട്ടകം നിർമിച്ച കാലത്തേക്കൊന്ന് തിരിഞ്ഞുനോക്കൂ: മനുഷ്യവർഗം അങ്ങേയറ്റം അധഃപതിക്കുകയും ദൈവത്തിന്‍റെ അനുഗ്രഹത്തിൽനിന്ന് അകന്നുപോകുകയും ചെയ്തിരുന്നു. ദൈവം അവരെ മേലാൽ പരിപാലിക്കുമായിരുന്നില്ല. ദൈവത്തിന്‍റെ വാഗ്ദാനങ്ങളും അവർക്ക് അന്യമായിത്തീർന്നിരുന്നു. ദൈവത്തിൽനിന്നുള്ള പ്രകാശത്തിൽനിന്നകന്ന് അവർ അന്ധകാരത്തിൽ കഴിഞ്ഞു. അങ്ങനെ അവർ തങ്ങളുടെ പ്രകൃതപ്രകാരം വിഷയാസക്തരായി മാറി, നികൃഷ്ടമായ വഷളത്തം പ്രവർത്തിക്കാൻ അവർക്ക് ഒരു മടിയുമില്ലെന്ന അവസ്ഥയിലെത്തി. അത്തരം ആളുകൾക്ക് മേലാൽ ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ ലഭിക്കുമായിരുന്നില്ല. തിരുമുഖം ദർശിക്കാനോ തിരുവചനങ്ങൾ ശ്രവിക്കാനോ അവർ യോഗ്യരല്ലാതായി. കാരണം, അവർ ദൈവത്തെ ഉപേക്ഷിക്കുകയും അവിടുന്നു നൽകിയ സകലതും തള്ളിക്കളയുകയും അവിടുത്തെ പഠിപ്പിക്കലുകൾ മറന്നുകളയുകയും ചെയ്തിരുന്നു. അവരുടെ ഹൃദയം ദൈവത്തിൽനിന്ന് കൂടുതൽ കൂടുതൽ അകന്നുപോയി. അതുകൊണ്ടുതന്നെ അവർ സകല ന്യായബോധത്തിനും മനുഷ്യത്വത്തിനും അപ്പുറമുള്ള വഷളന്മാരായി, ഒന്നിനൊന്ന് തിന്മകൾ ചെയ്തുകൂട്ടി. അങ്ങനെ മരണത്തോട് നടന്നടുത്ത അവർ ദൈവത്തിന്‍റെ ക്രോധത്തിനും ശിക്ഷയ്ക്കും പാത്രമായി. നോഹ മാത്രമാണ് ദൈവത്തെ ആരാധിക്കുകയും തിന്മയിൽനിന്ന് അകന്നുനിൽക്കുകയും ചെയ്തത്. അതുകൊണ്ടുതന്നെ അവന് ദൈവശബ്ദം കേൾക്കാനും അവിടുത്തെ നിർദ്ദേശങ്ങൾക്കു ചെവികൊടുക്കാനും കഴിഞ്ഞു. ദൈവത്തിന്‍റെ വചനപ്രകാരം, അവൻ പെട്ടകം പണിയുകയും സകലതരം ജീവികളെയും അതിലാക്കുകയും ചെയ്തു. അങ്ങനെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോൾ ദൈവം ലോകത്തിന്മേൽ വിനാശം അഴിച്ചുവിട്ടു. നോഹയും ഏഴു കുടുംബാംഗങ്ങളും മാത്രമാണ് ആ നാശത്തെ അതിജീവിച്ചത്. കാരണം, നോഹ യഹോവയെ ആരാധിക്കുകയും തിന്മയിൽനിന്ന് അകന്നുനിൽക്കുകയും ചെയ്തു.

ഇക്കാലത്തേക്കു മടങ്ങിവരാം: നോഹയെപ്പോലെ ദൈവത്തെ ആരാധിക്കാനും ദുഷ്ടത വിട്ടകലാനും കെൽപ്പുള്ള നീതിമാന്മാർ അന്യംനിന്നുപോയിരിക്കുകയാണ്. എന്നിട്ടും ദൈവം ഈ മനുഷ്യരാശിയോട് കൃപ കാണിക്കുകയും ഈ അന്ത്യനാളിൽ അവരുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യുന്നു. തന്‍റെ പ്രത്യക്ഷതയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ ദൈവം തിരയുകയാണ്. തന്‍റെ വചങ്ങൾ കേൾക്കാൻ പ്രാപ്തരായ, ദൈവനിയോഗം മറന്നുപോയിട്ടില്ലാത്ത, സ്വന്തം ഹൃദയവും ശരീരവും തനിക്കായി സമർപ്പിക്കുന്നവരെ അവിടുന്ന് അന്വേഷിക്കുന്നു. തനിക്കു മുന്നിൽ ശിശുക്കളെപ്പോലെ അനുസരണയോടിരിക്കുകയും തന്നോട് എതിർത്തുനിൽക്കാതിരിക്കുകയും ചെയ്യുന്നവരെയാണ് അവിടുന്ന് തേടുന്നത്. നീ നിന്നെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും നിന്നെ തടയാൻ ഒരു ശക്തിയെയും ബലത്തെയും അനുവദിക്കാതിരിക്കുകയും ചെയ്താൽ ദൈവം നിന്നെ കടാക്ഷിച്ച് നിന്‍റെമേൽ അനുഗ്രഹങ്ങൾ വർഷിക്കും. നീ ഉയർന്ന പദവിയിലിരിക്കുന്ന ഒരാളോ പേരും പ്രശസ്തിയും ഉള്ള ഒരാളോ വേണ്ടുവോളം അറിവുള്ള ഒരാളോ ധാരാളം സ്വത്തുക്കളുള്ള ആളോ ഒരുപാടു പേരുടെ പിന്തുണയുള്ള വ്യക്തിയോ ആയിരുന്നിട്ടും ദൈവവിളിയും ദൈവനിയോഗവും സ്വീകരിക്കുന്നതിനും ദൈവം ആവശ്യപ്പെടുന്നത് ചെയ്യുന്നതിനുമായി ദൈവസന്നിധിയിൽ എത്താൻ ഇവയൊന്നും തടസ്സമാകുന്നില്ലെങ്കിൽ, നീ ചെയ്യുന്നതെല്ലാം ഭൂമിയിൽ ചെയ്യാവുന്ന ഏറ്റവും അർത്ഥപൂർണവും ഏറ്റവും നീതിനിഷ്ഠവുമായ മനുഷ്യധർമം ആയിരിക്കും. എന്നാൽ, പദവിക്കും സ്വന്തം ലക്ഷ്യങ്ങൾക്കുമായി ദൈവവിളി തള്ളിക്കളയുന്നെങ്കിൽ, നീ ചെയ്യുന്നതെല്ലാം ശപിക്കപ്പെട്ടതാകും, എന്തിന്, ദൈവം വെറുക്കുന്നതു പോലും ആകും. ഒരുപക്ഷേ, നീ ഒരു പ്രസിഡന്‍റോ ശാസ്ത്രജ്ഞനോ പാസ്റ്ററോ മൂപ്പനോ ആയിരിക്കാം. എന്നാൽ, എത്ര ഉയർന്ന പദവി അലങ്കരിച്ചാലും സ്വന്തം ജ്ഞാനത്തിലും കഴിവിലും ആശ്രയിച്ച് കാര്യങ്ങൾ ചെയ്താൽ നീ എന്നുമൊരു പരാജയമായിരിക്കും, ദൈവാനുഗ്രഹങ്ങൾ എന്നും നിനക്ക് അന്യമായിരിക്കും. കാരണം, നീ ചെയ്യുന്നതൊന്നും ദൈവത്തിനു സ്വീകാര്യമായിരിക്കില്ല, നിന്‍റെ പ്രവർത്തനം നീതിക്കു നിരക്കുന്നതായി അവിടുന്ന് അംഗീകരിക്കുകയോ നീ മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നതായി കണക്കാക്കുകയോ ചെയ്യില്ല. മനുഷ്യരാശിയെ ദൈവത്തിന്‍റെ സംരക്ഷണവലയത്തിൽനിന്ന് അകറ്റുന്നതിനും അവർക്ക് ദൈവാനുഗ്രഹം ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് നീ ഇതെല്ലാം ചെയ്യുന്നതെന്നും അതിനായാണ് നീ മനുഷ്യ ജ്ഞാനവും സാമർത്ഥ്യവും ഉപയോഗിക്കുന്നതെന്നും ദൈവം നിന്നെക്കുറിച്ചു പറയും. നീ മനുഷ്യരാശിയെ അന്ധകാരത്തിലേക്കും മരണത്തിലേക്കും, ദൈവമോ ദൈവാനുഗ്രഹമോ അന്യമായ അന്തമില്ലാത്ത ഒരു അസ്തിത്വത്തിന്‍റെ തുടക്കത്തിലേക്കും, വലിച്ചിഴയ്ക്കുകയാണെന്ന് അവിടുന്നു പറയും.

മനുഷ്യൻ സാമൂഹ്യശാസ്ത്രം എന്നൊന്ന് ആവിഷ്കരിച്ചതു മുതൽ ശാസ്ത്രവും അറിവുമാണ് അവന്‍റെ ചിന്തകളെ നയിക്കുന്നത്. ശാസ്ത്രവും അറിവും അങ്ങനെ മനുഷ്യരാശിയെ ഭരിക്കുന്നതിനുള്ള ഉപകരണങ്ങളായി മാറി, ദൈവത്തെ ആരാധിക്കാൻ മനുഷ്യന് ഇടമില്ലെന്ന സ്ഥിതിയായി, ദൈവത്തെ ആരാധിക്കാൻ അനുയോജ്യമായ ചുറ്റുപാടുകളും ഇല്ലാതായി. മനുഷ്യന്‍റെ ഹൃദയത്തിൽ ദൈവത്തിനുള്ള സ്ഥാനം എന്നത്തേതിലും കുറഞ്ഞിരിക്കുകയാണ്. ഹൃദയത്തിൽനിന്ന് ദൈവത്തെ പടിയിറക്കിവിട്ട മനുഷ്യന്‍റെ അന്തരംഗം അന്ധകാരമയവും ആശയറ്റതും ശൂന്യവുമാണ്. തുടർന്ന്, പല സാമൂഹ്യ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും രംഗപ്രവേശം നടത്തി അവരുടെ സാമൂഹ്യശാസ്ത്രപരമായ സിദ്ധാന്തങ്ങളും മനുഷ്യപരിണാമ സിദ്ധാന്തവും പോലെ ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന വസ്തുതയ്ക്കു വിരുദ്ധമായ മറ്റു പല സിദ്ധാന്തങ്ങളാലും മനുഷ്യന്‍റെ മനസ്സും ഹൃദയവും കീഴടക്കി. അങ്ങനെ, ദൈവമാണ് സകലതും സൃഷ്ടിച്ചതെന്നു വിശ്വസിക്കുന്നവരുടെ എണ്ണം ഒന്നിനൊന്ന് കുറയുകയും പരിണാമ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരുടെ എണ്ണം കൂടിക്കൂടിവരുകയും ചെയ്തു. പഴയനിയമകാലത്ത് ദൈവം ചെയ്ത കാര്യങ്ങളും ദൈവം അന്ന് അരുളിച്ചെയ്ത വചനങ്ങളും സംബന്ധിച്ചുള്ള വിവരണങ്ങൾ ഐതിഹ്യവും കെട്ടുകഥകളുമാണെന്നു കരുതുന്നവരുടെ എണ്ണം വർധിച്ചുവന്നിരിക്കുന്നു. ദൈവത്തിന്‍റെ പ്രതാപത്തിനും മഹത്ത്വത്തിനും അവരുടെ ഉള്ളിൽ ഒരു പ്രാധാന്യവുമില്ല; ദൈവം അസ്തിത്വത്തിലുണ്ടെന്നും സകലത്തിനും മീതെ അവിടുന്ന് അധികാരം നടത്തുന്നുവെന്നും ഉള്ള വസ്തുതയും അവർ കണ്ടില്ലെന്നു നടിക്കുന്നു. മനുഷ്യവർഗത്തിന്‍റെ അതിജീവനവും രാജ്യങ്ങളുടെയും ജനതകളുടെയും ഭാവിയും അവർക്ക് മേലാൽ പ്രധാനമല്ലാതായിരിക്കുന്നു. തീറ്റിയും കുടിയും ഉല്ലാസങ്ങൾക്കു പിന്നാലെയുള്ള പരക്കം പാച്ചിലുകളുമായി ഒരു മിഥ്യാലോകത്താണ് അവർ ജീവിക്കുന്നത്... ദൈവത്തിന്‍റെ വേല ഇന്ന് എവിടെയാണ് നടക്കുന്നതെന്നു തിരയുകയോ മനുഷ്യന്‍റെ ലക്ഷ്യസ്ഥാനം ദൈവം എങ്ങനെയാണ് നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതെന്ന് അന്വേഷിക്കുകയോ ചെയ്യുന്നവർ നന്നേ കുറവാണ്. ഈ രീതിയിൽ, മനുഷ്യൻ അറിയാതെ, മനുഷ്യനാഗരികത അവന്‍റെ അഭിലാഷങ്ങൾക്കു ചേർച്ചയിൽ വർത്തിക്കുന്നതിൽ ഒന്നിനൊന്ന് പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത്തരമൊരു ലോകത്ത് ജീവിക്കുന്ന അവർ ഇതിനോടകം മൺമറഞ്ഞുപോയവരുടെ അത്രയും പോലും സന്തുഷ്ടരല്ല എന്നു തിരിച്ചറിയുന്ന ഒരുപാട് പേരുണ്ട്. പരിഷ്കൃത രാജ്യങ്ങളെന്നു കരുതപ്പെട്ടിരുന്ന ദേശങ്ങളിലെ ആളുകൾ പോലും അത്തരം പരാതികൾ ഉയർത്താറുണ്ട്. കാരണം, മനുഷ്യനാഗരികതയെ സംരക്ഷിക്കാൻ ഭരണാധികാരികളും സാമൂഹ്യശാസ്ത്രജ്ഞരും എത്ര തലപുണ്ണാക്കിയാലും ദൈവത്തിന്‍റെ വഴിനടത്തിപ്പില്ലെങ്കിൽ ഒരു പ്രയോജനവുമില്ല. മനുഷ്യന്‍റെ ഹൃദയത്തിലെ ശൂന്യത അകറ്റാൻ ആർക്കും കഴിയില്ല, കാരണം, ആർക്കും മനുഷ്യന്‍റെ ജീവനാകാനാവില്ല, ഒരു സാമൂഹ്യ സിദ്ധാന്തത്തിനും മനുഷ്യനെ ബാധിച്ചിരിക്കുന്ന ശൂന്യതയിൽനിന്നു മോചിപ്പിക്കാൻ കഴിയില്ല. ശാസ്ത്രം, അറിവ്, സ്വാതന്ത്ര്യം, ജനാധിപത്യം, വിനോദം, ആശ്വാസം എന്നിവയൊക്കെ മനുഷ്യന് താത്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. ഇവയൊക്കെ ഉണ്ടായിരുന്നാലും മനുഷ്യൻ തീർച്ചയായും പാപം ചെയ്യുകയും സമൂഹത്തിലെ അനീതികളെക്കുറിച്ച് വിലപിക്കുകയും ചെയ്യും. പര്യവേക്ഷണം ചെയ്യാനുള്ള മനുഷ്യന്‍റെ ത്വരയെയും ആഗ്രഹത്തെയും തടയാൻ ഈ കാര്യങ്ങൾക്കു കഴിയില്ല. കാരണം, മനുഷ്യനെ ദൈവമാണ് സൃഷ്ടിച്ചത്; മാത്രമല്ല, മനുഷ്യന്‍റെ ബുദ്ധിശൂന്യമായ ത്യാഗങ്ങൾക്കും പര്യവേക്ഷണങ്ങൾക്കും അവനെ കൂടുതൽ ദുരിതത്തിലേക്കേ നയിക്കാനാകൂ, അവ ഭാവിയെയും മുന്നോട്ടുള്ള യാത്രയെയും എങ്ങനെ അഭിമുഖീകരിക്കണമെന്ന് അറിയാതെ ഭയത്തിന്‍റെ നിഴലിൽ കഴിയാൻ മാത്രമേ മനുഷ്യനെ സഹായിക്കൂ. ശാസ്ത്രത്തെയും അറിവിനെയും പോലും മനുഷ്യൻ ഭയന്നുതുടങ്ങും, ശൂന്യതാബോധം അവനെ അതിലേറെ ഭീതിപ്പെടുത്തും. ഈ ലോകത്ത് നിങ്ങൾ ജീവിക്കുന്നത് സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താകട്ടെ, മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുന്ന ഒരു രാജ്യത്താകട്ടെ മനുഷ്യരാശിയുടെ ഭാഗധേയത്തിൽനിന്നു രക്ഷപ്പെടാൻ നിങ്ങൾക്ക് ഒരുവിധത്തിലും കഴിയില്ല. നിങ്ങളൊരു ഭരണാധിപനോ ഭരണവിധേയനോ ആയിക്കൊള്ളട്ടെ, വിധി, നിഗൂഢതകൾ, മനുഷ്യരാശിയുടെ ലക്ഷ്യസ്ഥാനം എന്നിവ തിരയാനുള്ള ത്വരയിൽനിന്നു രക്ഷപ്പെടാൻ നിങ്ങൾക്ക് ഒരു കാരണവശാലും സാധിക്കില്ല. കടുത്ത ശൂന്യതാബോധത്തിൽനിന്നു മുക്തരാവാൻ അത്രപോലും സാധിക്കില്ല. മനുഷ്യരുടെ ഇടയിൽ സർവസാധാരണമായ ഈ പ്രതിഭാസങ്ങളെ സാമൂഹിക പ്രതിഭാസങ്ങൾ എന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞർ വിളിക്കുന്നത്; പക്ഷേ, അതിനൊരു പരിഹാരവുമായി മുന്നോട്ടുവരാൻ ഒരു മഹദ്‍വ്യക്തിക്കും കഴിയില്ല. എന്തു പറഞ്ഞാലും, മനുഷ്യൻ മനുഷ്യനാണ്, ദൈവത്തിന്‍റെ സ്ഥാനത്തിനും ജീവനും പകരമാകാൻ ഒരു മനുഷ്യനുമാവില്ല. എല്ലാവർക്കും സുഭിക്ഷമായ ആഹാരവും തുല്യതയും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന, നീതിനിഷ്ഠമായ ഒരു സമൂഹം ഉണ്ടായതുകൊണ്ടുമാത്രം മനുഷ്യവർഗത്തിന് എല്ലാമായില്ല. മനുഷ്യർക്കു വേണ്ടത് ദൈവത്തിൽനിന്നുള്ള രക്ഷയും അവിടുന്നു പ്രദാനം ചെയ്യുന്ന ജീവന്‍റെ കരുതലുമാണ്. ദൈവം പ്രദാനം ചെയ്യുന്ന ജീവന്‍റെ കരുതലും അവിടുത്തെ രക്ഷയും ലഭിക്കുമ്പോഴേ മനുഷ്യന്‍റെ ആവശ്യങ്ങൾ തൃപ്തിപ്പെടുകയും അന്വേഷണത്വര ശമിക്കുകയും ആത്മീയ ശൂന്യതാബോധം അസ്തമിക്കുകയും ചെയ്യൂ. ഒരു രാജ്യത്തെയോ ഒരു ജനതയിലെയോ ആളുകൾക്ക് ദൈവത്തിന്‍റെ രക്ഷയും കരുതലും സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, ആ രാജ്യമോ ജനതയോ നാശത്തിലേക്കുള്ള പാതയിലാണ്, അന്ധകാരത്തിലേക്കാണ് അവർ നടന്നടുക്കുന്നത്, ദൈവം അവരെ കണിശമായും നശിപ്പിച്ചുകളയും.

ഒരുപക്ഷേ ഇന്ന് നിന്‍റെ രാജ്യം സമ്പന്നമായിരിക്കാം. എന്നാൽ നിന്‍റെ പ്രജകളെ ദൈവത്തിൽനിന്ന് അകലാൻ നീ അനുവദിക്കുകയാണെങ്കിൽ, അതിനു ദൈവാനുഗ്രഹങ്ങൾ ഒന്നൊന്നായി നഷ്ടമാകും. നിന്‍റെ രാജ്യത്തിന്‍റെ നാഗരികത ചവിട്ടിമെതിക്കപ്പെടും. വൈകാതെ, ജനങ്ങൾ ദൈവത്തിനെതിരെ എഴുന്നേറ്റ് സ്വർഗത്തെ ശപിക്കും. അങ്ങനെ മനുഷ്യനറിയാതെ, രാജ്യത്തിന്‍റെ ഭാവി തകർന്നുതരിപ്പണമാകും. തന്‍റെ ശാപം ഏറ്റുവാങ്ങിയ രാജ്യങ്ങളെ ശിക്ഷിക്കാൻ ദൈവം ശക്തരായ രാജ്യങ്ങളെ ഉയർത്തും, ഭൂമുഖത്തുനിന്ന് അവയെ തുടച്ചുനീക്കുക പോലും ചെയ്തെന്നുവരാം. ഒരു രാജ്യത്തിന്‍റെയോ ജനതയുടെയോ ഉയർച്ചയും താഴ്ചയും ആശ്രയിച്ചിരിക്കുന്നത് അതിന്‍റെ ഭരണാധികാരികൾ ദൈവത്തെ ആരാധിക്കുന്നുണ്ടോ എന്നതിനെയും ജനത്തെ ദൈവവുമായി കൂടുതൽ അടുക്കാനും അവിടുത്തെ ആരാധിക്കാനും പ്രേരിപ്പിക്കുന്നുണ്ടോ എന്നതിനെയുമാണ്. എന്നിട്ടും, ഈ അന്ത്യനാളിൽ, ദൈവത്തെ യഥാർത്ഥത്തിൽ അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർ വിരളമായിക്കൊണ്ടിരിക്കുന്നതിനാൽ, ക്രിസ്തുമതം ഔദ്യോഗിക മതമായ രാജ്യങ്ങളോട് ദൈവം പ്രത്യേക പ്രീതി കാണിക്കുന്നു. ലോകത്തിലെ താരതമ്യേന നീതിയുള്ള പാളയം സ്ഥാപിക്കുന്നതിന് അവിടുന്ന് ആ രാജ്യങ്ങളെ ഒരുമിച്ചുകൂട്ടുന്നു. നിരീശ്വരവാദ രാജ്യങ്ങളും സത്യദൈവത്തെ ആരാധിക്കാത്തവയും ആ നീതിനിഷ്ഠ പാളയത്തിന്‍റെ എതിർചേരിയാകുന്നു. അങ്ങനെ, മനുഷ്യവർഗത്തിനിടയിൽ തന്‍റെ വേല നിർവഹിക്കാൻ ദൈവത്തിന് ഒരു ഇടം ഉണ്ടെന്നു മാത്രമല്ല, നീതിനിഷ്ഠമായ വിധത്തിൽ അധികാരം പ്രയോഗിക്കാൻ കഴിയുന്ന രാജ്യങ്ങളെ നേടുകയും തന്നെ എതിർക്കുന്ന രാജ്യങ്ങളുടെമേൽ ഉപരോധങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ അനുവദിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, ദൈവത്തെ ആരാധിക്കാൻ കൂടുതലായി ആരും മുന്നോട്ടു വരുന്നില്ല. കാരണം, മനുഷ്യൻ ദൈവത്തിൽനിന്ന് ബഹുകാതം അകന്നുപോയിരിക്കുന്നു, അവൻ ദൈവത്തെ മറന്നിട്ട് വളരെക്കാലമായി. നീതി നടപ്പാക്കുകയും അനീതിയെ ചെറുക്കുകയും ചെയ്യുന്ന രാജ്യങ്ങൾ മാത്രമാണ് ഭൂമിയിൽ അവശേഷിക്കുക. എന്നാൽ ദൈവത്തിന്‍റെ ആ ആഗ്രഹം ഇനിയും നിറവേറിയിട്ടില്ല. കാരണം ഒരു രാജ്യത്തിന്‍റെ ഭരണാധികാരിയും തന്‍റെ പ്രജകളുടെ മേൽ ഭരണം നടത്താൻ ദൈവത്തെ അനുവദിക്കില്ല, ഒരു രാഷ്ട്രീയ പാർട്ടിയും ദൈവത്തെ ആരാധിക്കാൻ തങ്ങളുടെ അണികളെ ഒരുമിച്ചുകൂട്ടില്ല; ഒരു രാജ്യവും ജനതയും ഭരണകക്ഷിയും, എന്തിന് ഒരു വ്യക്തി പോലും, സ്വന്തം ഹൃദയത്തിൽ ദൈവത്തിന് അർഹമായ സ്ഥാനം നൽകുന്നില്ല. ഈ ലോകത്ത് നീതിനിഷ്‌ഠമായ ശക്തികൾ ഉണ്ടെങ്കിലും, മനുഷ്യഹൃദയത്തിൽ ദൈവത്തിനു സ്ഥാനമില്ലാത്ത ഭരണം ദുർബലമാണ്. ദൈവാനുഗ്രഹമില്ലെങ്കിൽ, രാഷ്ട്രീയരംഗം താറുമാറാകും, ഏതു നിമിഷവും ആക്രമണത്തിന് ഇരയാകാം. കാരണം, മനുഷ്യരെ സംബന്ധിച്ചിടത്തോളം, ദൈവാനുഗ്രഹം ഇല്ലാതിരിക്കുന്നത് സൂര്യനില്ലാതെ ജീവിക്കുന്നതിനു തുല്യമാണ്. ഭരണാധികാരികൾ സ്വന്തം ജനത്തിനുവേണ്ടി എത്രമാത്രം പരിശ്രമിച്ചാലും, മനുഷ്യർ നീതിപൂർവമായ സമ്മേളനങ്ങൾ എത്രവട്ടം വിളിച്ചുകൂട്ടിയാലും, ഇവയൊന്നും വരാനിരിക്കുന്ന സംഭവവികാസങ്ങളിൽ മാറ്റം വരുത്തുകയോ മനുഷ്യരാശിയുടെ വിധി തിരുത്തുകയോ ഇല്ല. ആളുകൾക്ക് ഉണ്ണാനും ഉടുക്കാനും ഉണ്ടായിരിക്കുകയും ജനങ്ങൾ സമാധാനപരമായി ഒരുമിച്ചു ജീവിക്കുകയും ചെയ്യുന്ന രാജ്യം നല്ല രാജ്യമാണെന്നും നല്ല നേതൃത്വമുള്ള രാജ്യമാണെന്നും ആണ് ആളുകൾ കരുതുന്നത്. പക്ഷേ, ദൈവം അങ്ങനെയല്ല കരുതുന്നത്. തന്നെ ആരും ആരാധിക്കാത്ത ഒരു രാജ്യത്തെ, താൻ ഉന്മൂലനം ചെയ്യാനിരിക്കുന്ന രാജ്യമായാണ് അവിടുന്ന് കാണുന്നത്. മനുഷ്യന്‍റെ ചിന്താഗതിയും ദൈവത്തിന്‍റെ ചിന്താഗതിയും തമ്മിൽ വലിയ അന്തരമുണ്ട്. അതുകൊണ്ട്, ഒരു രാജ്യത്തിന്‍റെ നേതാവ് ദൈവത്തെ ആരാധിക്കുന്നില്ലെങ്കിൽ, ആ രാജ്യത്തിന്‍റെ ഭാവി ഒരു ദുരന്തമായിരിക്കും. അതിന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാവില്ല.

ദൈവം മനുഷ്യന്‍റെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നില്ല, എങ്കിലും ഒരു രാജ്യത്തിന്‍റെ അല്ലെങ്കിൽ ജനതയുടെ ഭാവി നിയന്ത്രിക്കുന്നത് അവിടുന്നാണ്. ഈ ലോകവും മുഴു പ്രപഞ്ചവും നിയന്ത്രിക്കുന്നത് ദൈവമാണ്. മനുഷ്യന്‍റെ ഭാവിയും ദൈവത്തിന്‍റെ പദ്ധതിയും ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടുകിടക്കുന്നു. ഒരു മനുഷ്യനും രാജ്യവും ജനതയും ദൈവത്തിന്‍റെ പരമാധികാരത്തിന്‍റെ പരിധിക്കു പുറത്തല്ല. തന്‍റെ ഭാവി എന്താകുമെന്ന് അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ മനുഷ്യൻ ദൈവസന്നിധിയിൽ വന്നേ മതിയാകൂ. തന്നെ അനുഗമിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരെ ദൈവം അഭിവൃദ്ധിയിലേക്കു നയിക്കും. എന്നാൽ തന്നോട് എതിർത്തുനിൽക്കുകയും തന്നെ തള്ളിക്കളയുകയും ചെയ്യുന്നവരെ അധഃപതനത്തിലേക്കും നയിക്കും. അവർ നാമാവശേഷമാകാൻ അവിടുന്ന് ഇടയാക്കും.

ബൈബിളിൽ പറഞ്ഞിരിക്കുന്ന, ദൈവം സോദോമിനെ നശിപ്പിച്ച സംഭവവും ലോത്തിന്‍റെ ഭാര്യ ഉപ്പുതൂണായത് എങ്ങനെയെന്നതും ഓർക്കുക. നീനെവേയിലെ ആളുകൾ സ്വന്തം പാപങ്ങളെ പ്രതി ചാക്കിലും വെണ്ണീറിലുമിരുന്ന് അനുതപിച്ചതിനെ കുറിച്ചു ചിന്തിക്കുക. 2,000 വർഷം മുമ്പ് യേശുവിനെ യഹൂദന്മാർ കുരിശിൽ തറച്ചതിനെത്തുടർന്ന് നടന്ന കാര്യങ്ങളെ കുറിച്ചും ഓർക്കുക. ഇസ്രായേലിൽനിന്നു പുറത്താക്കപ്പെട്ട യഹൂദന്മാർ ലോകമെങ്ങും വിവിധ ദേശങ്ങളിലേക്ക് പലായനം ചെയ്തു. അനേകർ കൊല്ലപ്പെട്ടു, മുഴു യഹൂദ ജനതയും അന്നുവരെ കണ്ടിട്ടില്ലാത്തതരം നാശത്തിനു വിധേയമായി. ദൈവത്തെ കുരിശിൽ തറച്ചതിലൂടെ അവർ ചെയ്തത് അതിനികൃഷ്ടമായ പാപമായിരുന്നു. അതിലൂടെ അവർ ദൈവത്തെ പ്രകോപിച്ചു. തങ്ങൾ ചെയ്തതിന് അവർ വിലയൊടുക്കേണ്ടിവന്നു, തങ്ങൾ ചെയ്തതിന്‍റെയെല്ലാം ഫലം അവർ അനുഭവിക്കുകതന്നെ ചെയ്തു. അവർ ദൈവത്തെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞു. അതുകൊണ്ടുതന്നെ അവർക്കുള്ള വിധി ഇതായിരുന്നു: ദൈവത്തിൽനിന്നുള്ള ശിക്ഷ ഏറ്റുവാങ്ങുക. ആ രാജ്യത്തിനും ജനതയ്ക്കും മേൽ വന്നുപതിച്ച ദുരന്തം അവരുടെ ഭരണാധികാരികളുടെ ചെയ്തികളുടെ കയ്പേറിയ പരിണതഫലമായിരുന്നു.

ഇന്ന്, തന്‍റെ പ്രവൃത്തി ചെയ്യാനായി ദൈവം വീണ്ടും ഈ ലോകത്തിലേക്കു വന്നിരിക്കുകയാണ്. അവിടുന്ന് തുടങ്ങുന്നത് ഏകാധിപത്യ ഭരണാധികാരികളുടെ ഈറ്റില്ലവും നിരീശ്വരവാദത്തിന്‍റെ കോട്ടക്കൊത്തളവുമായ ചൈനയിൽനിന്നാണ്. തന്‍റെ ജ്ഞാനവും ശക്തിയും ഉപയോഗിച്ച് ദൈവം ഒരു കൂട്ടം ആളുകളെ നേടിയിരിക്കുന്നു. ഇക്കാലമത്രയും ചൈനയിലെ ഭരണകക്ഷി ദൈവത്തെ എല്ലാവിധത്തിലും വേട്ടയാടുകയും അവിടുത്തോട് ക്രൂരമായി പെരുമാറുകയും ചെയ്തു. അങ്ങനെ അവന് തല ചായ്ക്കാൻ ഒരിടം, ഒരു വാസസ്ഥാനം ഇല്ലാതായി. എന്നിട്ടും താൻ ചെയ്യാൻ ഉദ്ദേശിച്ച പ്രവൃത്തി ദൈവം തുടരുന്നു: തന്‍റെ വചനങ്ങൾ കേൾപ്പിക്കുകയും സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ സർവശക്തി ആർക്കും ഗ്രഹിക്കാവുന്നതല്ല. ദൈവത്തെ ശത്രുവായി കാണുന്ന ഒരു രാജ്യമായ ചൈനയിൽ ദൈവം ഒരിക്കലും തന്‍റെ വേല നിറുത്തിയിട്ടില്ല. എന്നു തന്നെയല്ല, ദൈവത്തിന്‍റെ പ്രവർത്തനവും വചനവും അനേകർ കൈനീട്ടി സ്വീകരിച്ചിരിക്കുന്നു. കാരണം മനുഷ്യവർഗത്തിലെ ഓരോ വ്യക്തിയെയും രക്ഷിക്കാൻ ദൈവം തന്നാലാവുന്നതെല്ലാം ചെയ്യുന്നു. താൻ നിറവേറ്റാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽനിന്ന് ദൈവത്തെ തടയാൻ ഒരു രാജ്യത്തിനും അധികാരശക്തിക്കും ആവില്ല എന്നതിൽ നമുക്ക് ഉറച്ച വിശ്വാസമുണ്ട്. ദൈവത്തിന്‍റെ പ്രവർത്തനത്തിനു മാർഗതടസ്സം സൃഷ്ടിക്കുകയും തിരുവചനത്തെ എതിർക്കുകയും അവിടുത്തെ പദ്ധതിക്ക് തടയിടാനോ തുരങ്കംവെക്കാനോ ശ്രമിക്കുകയും ചെയ്യുന്നവർ ആത്യന്തികമായി ദൈവത്തിൽനിന്നുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. ദൈവത്തിന്‍റെ പ്രവൃത്തിയെ ധിക്കരിക്കുന്നവന്‍റെ സ്ഥാനം നരകത്തിലാണ്. ദൈവത്തിന്‍റെ പ്രവൃത്തിയെ ധിക്കരിക്കുന്ന ഏതൊരു രാജ്യവും നശിപ്പിക്കപ്പെടും. ദൈവത്തിന്‍റെ പ്രവൃത്തിയെ എതിർക്കാൻ മുതിരുന്ന ഏതൊരു ജനതയും ഈ ഭൂമിയിൽനിന്നു തുടച്ചുനീക്കപ്പെടും, നാമാവശേഷമാകും. എല്ലാ ജനതകളിലെയും രാജ്യങ്ങളിലെയും സകല വ്യവസായങ്ങളിലെയും ജനങ്ങളെ തിരുവചനം ശ്രവിക്കാനും അവിടുത്തെ പ്രവൃത്തി കാണാനും മനുഷ്യവർഗത്തിന്‍റെ ഭാഗധേയത്തിന് അടുത്ത ശ്രദ്ധ നൽകാനും ദൈവത്തെ അതിവിശുദ്ധനും അങ്ങേയറ്റം ബഹുമാന്യനും അത്യുന്നതനും ആയി സ്വീകരിക്കാനും മനുഷ്യർക്കിടയിലെ ഏക ആരാധനാപാത്രമായി അവിടുത്തെ വീക്ഷിക്കാനും, അബ്രാഹാമിന്‍റെ പിന്മുറക്കാർ യഹോവയുടെ വാഗ്ദാനപ്രകാരം ജീവിച്ചതുപോലെയും ദൈവം ആദിയിൽ സൃഷ്ടിച്ച ആദാമും ഹവ്വായും ഏദെൻതോട്ടത്തിൽ ജീവിച്ചതുപോലെയും, മുഴു മനുഷ്യവർഗത്തെയും ദൈവാനുഗ്രഹത്തിനു പാത്രമായി ജീവിക്കാൻ അനുവദിക്കാനും ഞാൻ ഉദ്ബോധിപ്പിക്കുകയാണ്.

ദൈവത്തിന്‍റെ പ്രവൃത്തി ഒരു കൂറ്റൻ തിരമാലപോലെ മുന്നേറുകയാണ്. ആർക്കും അവിടുത്തെ പിടിച്ചുനിറുത്താനാവില്ല, ആർക്കും അവിടുത്തെ മുന്നേറ്റത്തിനു തടയിടാൻ കഴിയില്ല. ദൈവത്തിന്‍റെ വചനങ്ങൾ ശ്രദ്ധാപൂർവം കേൾക്കുകയും അവിടുത്തെ അന്വേഷിക്കുകയും അവിടുത്തേക്കായി ദാഹിക്കുകയും ചെയ്യുന്നവർക്കു മാത്രമേ അവിടുത്തെ കാലടികൾ പിന്തുടരാനും അവിടുത്തെ വാഗ്ദാനം സ്വീകരിക്കാനും കഴിയൂ. അങ്ങനെ ചെയ്യാത്തവർ അതിദാരുണമായ ദുരന്തത്തിന് ഇരകളാകും, അർഹമായ ശിക്ഷ അവർക്ക് ഏറ്റുവാങ്ങേണ്ടിവരും.

മുമ്പത്തേത്: ദൈവത്തിന്‍റെ ആഗമനം ഒരു പുതിയ യുഗപ്പിറവിക്ക് കാരണമായി

അടുത്തത്: മനുഷ്യന്റെ രക്ഷ ദൈവത്തിന്റെ കാര്യനിർവഹണത്തിലൂടെ മാത്രം

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക