ദൈവത്തിന്‍റെ പ്രവൃത്തി മനുഷ്യൻ സങ്കൽപ്പിക്കുന്നതുപോലെ അത്ര ലളിതമാണോ?

ദൈവവിശ്വാസികൾ എന്നനിലയിൽ, അന്ത്യനാളുകളിലെ ദൈവത്തിന്‍റെ വേലയും അവൻ ഇന്നു നിങ്ങളിൽ ചെയ്യുന്ന അവന്‍റെ പദ്ധതിയുടെ പ്രവർത്തനവും കൈക്കൊള്ളുകവഴി നിങ്ങൾ എങ്ങനെയാണ് പരമമായ ഉയർച്ചയും രക്ഷയും ശരിക്കും നേടിയിരിക്കുന്നതെന്ന് നിങ്ങൾ ഓരോരുത്തരും വിലമതിക്കണം. പ്രപഞ്ചത്തിലുടനീളമുള്ള തന്‍റെ പ്രവർത്തനത്തിന്‍റെ കേന്ദ്രബിന്ദുവായി ദൈവം ഈ ജനവിഭാഗത്തെ മാറ്റിയിരിക്കുന്നു. തന്‍റെ ഹൃദയരക്തം മുഴുവൻ നിങ്ങൾക്കായി അവൻ ബലിയർപ്പിച്ചിരിക്കുന്നു; പ്രപഞ്ചത്തിലുടനീളം ആത്മാവിന്‍റെ സകല പ്രവൃത്തികളും അവൻ വീണ്ടെടുത്ത് നിങ്ങൾക്ക് നൽകിയിരിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ ഭാഗ്യവാന്മാരാണെന്ന് ഞാൻ പറയുന്നത്. മാത്രമോ, തന്‍റെ മഹത്ത്വം അവന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനതയായ ഇസ്രായേലിൽനിന്ന് അവൻ നിങ്ങളിലേക്കു മാറ്റിയിരിക്കുന്നു; അവൻ ഈ വിഭാഗത്തിലൂടെ തന്‍റെ പദ്ധതിയുടെ ഉദ്ദേശ്യം പരിപൂർണമായി വെളിപ്പെടുത്തും. അതിനാൽ, നിങ്ങളാണ് ദൈവത്തിന്‍റെ അവകാശം ലഭിക്കാൻ പോകുന്നവർ, അതിലുപരി നിങ്ങളാണ് ദൈവമഹത്ത്വത്തിന്‍റെ അവകാശികൾ. ഒരുപക്ഷേ നിങ്ങൾ എല്ലാവരും ഈ വാക്കുകൾ ഓര്‍ക്കുന്നുണ്ടാകും: “അതുകൊണ്ട് ഞങ്ങൾ സഹിക്കുന്ന ലഘുവും താത്ക്കാലികവുമായ ക്ലേശം, അതിബൃഹത്തും അനശ്വരവുമായ മഹത്ത്വത്തിനുവേണ്ടി ഞങ്ങളെ സജ്ജരാക്കുന്നു. ക്ഷണനേരത്തേക്കുള്ള ഇപ്പോഴത്തെ ക്ലേശങ്ങൾ നിസ്സാരമാണ്.” നിങ്ങളെല്ലാവരും ഈ വാക്കുകൾ മുമ്പ് കേട്ടിട്ടുണ്ടെങ്കിലും അവയുടെ യഥാർത്ഥ അർത്ഥം നിങ്ങളിൽ ആർക്കും മനസ്സിലായിരുന്നില്ല. ഇന്ന്, അവയുടെ സാക്ഷാലുള്ള പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾക്ക് ആഴത്തിൽ അറിയാം. ദൈവം ഈ വാക്കുകൾ അന്ത്യനാളുകളിൽ നിവർത്തിക്കും, ചുവന്ന മഹാവ്യാളി ചുരുണ്ടുകിടക്കുന്ന ദേശത്ത് അതിനാല്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടവരിൽ അവയ്ക്കു നിവൃത്തി കൈവരും. ചുവന്ന മഹാവ്യാളി ദൈവത്തെ ഉപദ്രവിക്കുന്നു, അതു ദൈവത്തിന്‍റെ ശത്രുവാണ്; അതിനാൽ, ഈ ദേശത്ത് ദൈവത്തിൽ വിശ്വസിക്കുന്നവർ അങ്ങനെ അപമാനത്തിനും അടിച്ചമർത്തലിനും വിധേയരാകുന്നു; അതിന്‍റെ ഫലമായി ദൈവത്തിന്‍റെ വചനങ്ങൾ നിങ്ങളിൽ, ഈ വിഭാഗം ആളുകളിൽ, നിവൃത്തിയേറുന്നു. ദൈവത്തെ എതിർക്കുന്ന ഒരു ദേശത്ത് അത് ആരംഭിച്ചതിനാൽ, സകല ദൈവപ്രവൃത്തികൾക്കും വളരെയധികം പ്രതിബന്ധങ്ങൾ നേരിടുന്നു; അവന്‍റെ പല വചനങ്ങളും നിവർത്തിക്കാൻ സമയം വേണ്ടിവരുന്നു; അങ്ങനെ, ദൈവവചനത്തിന്‍റെ ഫലമായി ആളുകൾ സ്ഫുടം ചെയ്യപ്പെടുന്നു, അത് യാതനയുടെ ഭാഗം തന്നെയാണ്. ചുവന്ന മഹാവ്യാളിയുടെ ദേശത്ത് തന്‍റെ വേല നിർവഹിക്കുന്നത് ദൈവത്തിന് അങ്ങേയറ്റം ദുഷ്കരമാണ്—എന്നാൽ ഈ ദുഷ്കരമായ അവസ്ഥയിലൂടെയാണ് ദൈവം തന്‍റെ വേലയുടെ ഒരു ഘട്ടം ചെയ്യുന്നത്; അതായത്, അവൻ തൻറെ ജ്ഞാനവും അത്ഭുതപ്രവൃത്തികളും വെളിവാക്കുകയും ഈ അവസരം ഉപയോഗിച്ച് ഈ വിഭാഗം ആളുകളെ തികഞ്ഞവരാക്കുകയും ചെയ്യുന്നു. ആളുകളുടെ യാതനയിലൂടെയാണ്, അവരുടെ സ്വഭാവശ്രേഷ്ഠതയിലൂടെയാണ്, ഈ അശുദ്ധ ദേശത്തെ ആളുകളുടെ സാത്താന്യമായ സകല സ്വഭാവവിശേഷതകളിലൂടെയുമാണ് ദൈവം ശുദ്ധീകരണത്തിന്‍റെയും ജയിച്ചടക്കലിന്‍റെയും പ്രവൃത്തി ചെയ്യുന്നത്; അതിൽനിന്ന് അവനു മഹത്ത്വം ലഭിക്കാനാണ്, അവന്‍റെ പ്രവൃത്തികൾക്ക് സാക്ഷ്യം വഹിക്കുന്നവരെ അവനു നേടാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ വിഭാഗം ആളുകൾക്കായി ദൈവം ചെയ്ത എല്ലാ ത്യാഗങ്ങളുടെയും മുഴുവന്‍ പ്രാധാന്യവും ഇതാണ്. അതായത്, തന്നെ എതിർക്കുന്നവരിലൂടെയാണ് ദൈവം ജയിച്ചടക്കൽ നടത്തുന്നത്, അങ്ങനെ മാത്രമേ ദൈവത്തിന്‍റെ മഹാശക്തി പ്രകടമാകുകയുള്ളൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അശുദ്ധ ദേശത്തുള്ളവർക്കു മാത്രമേ ദൈവമഹത്ത്വം അവകാശമായി ലഭിക്കാനുള്ള അർഹതയുള്ളൂ; ഇതിനു മാത്രമേ ദൈവത്തിന്‍റെ മഹത്തായ ശക്തിയെ ഉയർത്തിക്കാട്ടാൻ കഴിയൂ. അതുകൊണ്ടാണ് അശുദ്ധ ദേശത്തുനിന്നും ആ അശുദ്ധ ദേശത്ത് വസിക്കുന്നവരിൽ നിന്നുമാണ് ദൈവമഹത്ത്വം നേടുന്നതെന്ന് ഞാൻ പറയുന്നത്. അതാണ് ദൈവഹിതം. യേശുവിന്‍റെ പ്രവർത്തന ഘട്ടവും അങ്ങനെതന്നെ ആയിരുന്നു: അവനെ ദ്രോഹിച്ച പരീശന്മാരുടെ ഇടയിൽ മാത്രമേ അവനു മഹത്ത്വപ്പെടാൻ കഴിയുമായിരുന്നുള്ളൂ; പരീശന്മാരുടെ പീഡനവും യൂദായുടെ ഒറ്റിക്കൊടുക്കലും ഇല്ലായിരുന്നെങ്കിൽ, യേശു പരിഹാസത്തിനോ ദൂഷണത്തിനോ ഇരയാവുകയോ ക്രൂശിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല, അതിലൂടെ മഹത്ത്വം നേടുമായിരുന്നില്ല. ദൈവം ഓരോ കാലഘട്ടത്തിലും പ്രവർത്തിക്കുന്നിടത്താണ്, അവന്‍ ശരീരത്തോടെ പ്രവര്‍ത്തിക്കുന്നിടത്താണ് ദൈവം മഹത്ത്വം പ്രാപിക്കുന്നതും അവൻ നേടാൻ ഉദ്ദേശിക്കുന്നവരെ നേടുന്നതും. ഇതാണ് ദൈവവേലയുടെ പദ്ധതി, ഇതാണ് അവന്‍റെ കാര്യനിർവഹണം.

ആയിരക്കണക്കിന് വർഷങ്ങളിലെ ദൈവത്തിന്‍റെ പദ്ധതിയിൽ, വേലയുടെ രണ്ട് ഭാഗങ്ങൾ ചെയ്യപ്പെടുന്നത് അവതാരമായാണ്: ആദ്യം ക്രൂശുമരണം എന്ന പ്രവൃത്തിയാണ്; അതിലൂടെ അവൻ മഹത്ത്വീകരിക്കപ്പെടുന്നു; മറ്റൊന്ന് അന്ത്യനാളുകളിലെ ജയിച്ചടക്കലിന്‍റെയും പൂർണമാക്കപ്പെടലിന്‍റെയും പ്രവൃത്തി, അതിലൂടെ അവൻ മഹത്ത്വീകരിക്കപ്പെടുന്നു. ഇതാണ് ദൈവത്തിന്‍റെ കാര്യനിർവഹണം. അതിനാൽ, ദൈവത്തിന്‍റെ വേലയെ അല്ലെങ്കിൽ നിങ്ങൾക്കായുള്ള ദൈവത്തിന്‍റെ നിയോഗത്തെ ലളിതമായ ഒരു കാര്യമായി കാണരുത്. നിങ്ങൾ എല്ലാവരും ദൈവത്തിന്‍റെ അത്യധികമായ, നിത്യമായ മഹത്ത്വത്തിന്‍റെ ഘനത്തിന് അവകാശികളാണ്, അത് ദൈവം പ്രത്യേകമായി നിശ്ചയിച്ചതാണ്. അവന്‍റെ മഹത്ത്വത്തിന്‍റെ രണ്ട് ഭാഗങ്ങളിൽ ഒന്ന് നിങ്ങളിൽ പ്രകടമായിരിക്കുന്നു; ദൈവമഹത്ത്വത്തിന്‍റെ ഒരു ഭാഗം മുഴുവനായും നിങ്ങളുടെ അവകാശമായി ദൈവം നിങ്ങളില്‍ ചൊരിഞ്ഞിരിക്കുന്നു. ദൈവം നിങ്ങളെ ഉയർത്തുന്നത് ഇങ്ങനെയാണ്, മാത്രമല്ല വളരെ മുമ്പുതന്നെ അവൻ മുൻകൂട്ടി നിശ്ചയിച്ച പദ്ധതി കൂടിയാണിത്. ചുവന്ന മഹാവ്യാളി വസിക്കുന്ന ദേശത്ത് ദൈവം ചെയ്ത വേലയുടെ മഹത്ത്വം കണക്കിലെടുക്കുമ്പോൾ, ആ വേല മറ്റെവിടേക്കെങ്കിലും മാറ്റിയിരുന്നെങ്കിൽ, അത് വളരെ മുമ്പേതന്നെ വലിയ ഫലം നൽകുകയും മനുഷ്യൻ അതു സത്വരം സ്വീകരിക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല, ദൈവത്തിൽ വിശ്വസിക്കുന്ന പാശ്ചാത്യ മതപുരോഹിതന്മാർക്ക് ഈ പ്രവൃത്തി അംഗീകരിക്കുക വളരെ എളുപ്പമായിരിക്കുമായിരുന്നു, കാരണം യേശുവിന്‍റെ പ്രവർത്തന ഘട്ടം ഒരു ദൃഷ്ടാന്തമായി അവര്‍ക്കു മുന്നിലുണ്ട്. അതുകൊണ്ടാണ് മഹത്ത്വീകരണ വേലയുടെ ഈ ഘട്ടം മറ്റെവിടെയെങ്കിലും കൈവരിക്കാൻ ദൈവത്തിന് കഴിയാത്തത്; ആളുകൾ പിന്തുണയ്ക്കുകയും ജനതകൾ അംഗീകരിക്കുകയും ചെയ്യുമ്പോൾ, അതിനു ഫലമുണ്ടാവില്ല. വ്യക്തമായും ഈ ദേശത്ത് പ്രവർത്തനത്തിന്‍റെ ഈ ഘട്ടം നിലനിൽക്കുന്നു എന്നതിന്‍റെ അസാധാരണമായ പ്രാധാന്യമാണിത്. നിങ്ങളിൽ ഒരാൾക്കു പോലും നിയമത്തിന്‍റെ പരിരക്ഷ ഇല്ല, പകരം നിയമം നിങ്ങളെ ശിക്ഷിക്കുകയാണ്. ആളുകൾ‌ നിങ്ങളെ മനസ്സിലാക്കുന്നില്ല എന്നതാണ് അതിലും വലിയ പ്രശ്‌നം: നിങ്ങളുടെ ബന്ധുക്കളോ മാതാപിതാക്കളോ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ആകട്ടെ, ആരും നിങ്ങളെ മനസ്സിലാക്കുന്നില്ല. ദൈവം നിങ്ങളെ “ഉപേക്ഷിച്ചുകളയുമ്പോൾ” നിങ്ങൾക്ക് ഭൂമിയിൽ തുടർന്നു ജീവിക്കുക അസാധ്യമാണ്; അപ്പോൾപ്പോലും ആളുകൾക്ക് ദൈവത്തിൽനിന്ന് അകന്നു നിൽക്കാൻ കഴിയില്ല, ആളുകളുടെമേൽ ദൈവം ജയം പ്രാപിച്ചതിന്‍റെ പ്രാധാന്യമാണ് അത്, ദൈവത്തിന്‍റെ മഹത്ത്വമാണ് അത്. ഈ ദിവസം നിങ്ങൾക്ക് അവകാശമായി ലഭിച്ചത് അപ്പോസ്തലന്മാർക്കും യുഗങ്ങളിൽ ഉടനീളമുള്ള പ്രവാചകന്മാർക്കും ലഭിച്ചതിനെ കവിയുന്നതാണ്, എന്തിന്, മോശയ്ക്കും പത്രോസിനും ലഭിച്ചതിനെ പോലും കവിയുന്നതാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ട് അനുഗ്രഹം നേടാൻ കഴിയില്ല; വലിയ ത്യാഗത്തിലൂടെ അവ നേടിയെടുക്കണം. അതായത്, വിശുദ്ധീകരണത്തിനു വിധേയമായ ഒരു സ്നേഹം നിങ്ങൾക്ക് ഉണ്ടായിരിക്കണം; ശക്തമായ വിശ്വാസം നിങ്ങൾക്ക് ഉണ്ടായിരിക്കണം; നിങ്ങൾ നേടാൻ ദൈവം ആഗ്രഹിക്കുന്ന അനേകം സത്യങ്ങൾ നിങ്ങൾക്ക് ഉണ്ടായിരിക്കണം; മാത്രമല്ല, ഭീതിയില്ലാതെ, ഒഴികഴിവില്ലാതെ നിങ്ങൾ നീതിയിലേക്കു തിരിയുകയും ദൈവത്തോടുള്ള നിരന്തരവും അചഞ്ചലവുമായ സ്നേഹം നിങ്ങള്‍ക്ക് ഉണ്ടായിരിക്കുകയും വേണം. നിങ്ങൾക്ക് ദൃഢനിശ്ചയം വേണം, നിങ്ങളുടെ ജീവിതമനോഭാവത്തിൽ മാറ്റങ്ങൾ സംഭവിക്കണം, നിങ്ങളുടെ ദൂഷണം സൗഖ്യമാക്കപ്പെടണം, ദൈവത്തിന്‍റെ എല്ലാ ആസൂത്രണങ്ങളും പരാതിയില്ലാതെ സ്വീകരിക്കണം, മരണപര്യന്തം നിങ്ങൾ അനുസരണം കാണിക്കണം. ഇതാണ് നിങ്ങൾ നേടേണ്ടത്, ഇതാണ് ദൈവത്തിന്‍റെ വേലയുടെ ആത്യന്തിക ലക്ഷ്യം, ഈ വിഭാഗം ജനങ്ങളോട് ദൈവം ആവശ്യപ്പെടുന്നത് ഇതാണ്. നിങ്ങൾക്ക് തരുന്നതിനാൽ, അവൻ തീർച്ചയായും നിങ്ങളോട് തിരിച്ചു ചോദിക്കും, തീർച്ചയായും നിങ്ങളോട് ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കും. അതിനാൽ, ദൈവം ചെയ്യുന്ന എല്ലാ പ്രവൃത്തികൾക്കും കാരണമുണ്ട്; ദൈവം വളരെ കർക്കശമായും കൃത്യതയോടെയും വീണ്ടും വീണ്ടും പ്രവർത്തിക്കുന്നത് എന്തുകൊണ്ടെന്ന് ഇത് പ്രകടമാക്കുന്നു. ഇക്കാരണത്താലാണ് നിങ്ങൾ ദൈവത്തിലുള്ള വിശ്വാസംകൊണ്ടു നിറയേണ്ടത്. ചുരുക്കത്തിൽ, ദൈവത്തിന്‍റെ സകല പ്രവൃത്തികളും നിങ്ങളെ പ്രതിയാണ്, അവന്‍റെ അവകാശം സ്വീകരിക്കാൻ നിങ്ങൾ യോഗ്യരാകേണ്ടതിനാണ്. ഇതു ദൈവത്തിന്‍റെതന്നെ മഹത്ത്വത്തിനു വേണ്ടിയല്ല, പിന്നെയോ നിങ്ങളുടെ രക്ഷയ്ക്കു വേണ്ടിയാണ്, അശുദ്ധ ദേശത്ത് ആഴത്തിൽ ദ്രോഹിക്കപ്പെട്ട ഈ വിഭാഗം ആളുകളെ തികവിലേക്കു കൊണ്ടുവരുന്നതിനു വേണ്ടിയാണ്. നിങ്ങൾ ദൈവഹിതം ഗ്രഹിക്കണം. അതുകൊണ്ട്, ഉൾക്കാഴ്ചയോ വിവേകമോ ഇല്ലാത്ത അജ്ഞരായ അനേകം ആളുകളെ ഞാൻ ഉദ്‌ബോധിപ്പിക്കുന്നു: ദൈവത്തെ പരീക്ഷിക്കരുത്, മേലാൽ എതിർക്കരുത്. ഒരു മനുഷ്യനും സഹിച്ചിട്ടില്ലാത്ത യാതനകൾ ദൈവം ഇതിനകം അനുഭവിച്ചുകഴിഞ്ഞു, പണ്ടേതന്നെ മനുഷ്യന് പകരക്കാരനായി അതിലും വലിയ അപമാനം സഹിച്ചു. നിങ്ങൾക്ക് മറ്റെന്താണ് ഉപേക്ഷിക്കാൻ കഴിയാത്തത്? ദൈവേഷ്ടത്തെക്കാൾ പ്രധാനമായിരിക്കാൻ മറ്റെന്തിനാണ് കഴിയുക? ദൈവസ്നേഹത്തെക്കാൾ ഉന്നതമായിരിക്കാൻ മറ്റെന്തിനാണ് കഴിയുക? ഈ അശുദ്ധ ദേശത്ത് തന്‍റെ വേല നിർവഹിക്കുക ദൈവത്തിനു വളരെ പ്രയാസമാണ്; അതും പോരാഞ്ഞിട്ട്, മനുഷ്യൻ അറിവോടെയും മനഃപൂർവമായും ലംഘനത്തിൽ ഏർപ്പെട്ടാൽ, ദൈവത്തിന്‍റെ പ്രവൃത്തി നീണ്ടുപോകേണ്ടതായി വരും. ചുരുക്കത്തിൽ, അങ്ങനെ സംഭവിക്കുന്നതുകൊണ്ട് ആർക്കും ഗുണമില്ല, ആർക്കും ഒരു പ്രയോജനവുമില്ല. ദൈവം സമയബന്ധിതനല്ല; അവന്‍റെ പ്രവൃത്തിയും അവന്‍റെ മഹത്ത്വവുമാണ് ഒന്നാമത് വരുന്നത്. അതിനാൽ, എത്ര സമയമെടുത്താലും അവൻ തന്‍റെ വേല എന്തു വില കൊടുത്തും നടപ്പാക്കും. ഇതാണ് ദൈവത്തിന്‍റെ രീതി: അവന്‍റെ പ്രവൃത്തി പൂർത്തിയാകുന്നതുവരെ അവൻ വിശ്രമിക്കുകയില്ല. അവന്‍റെ മഹത്ത്വത്തിന്‍റെ രണ്ടാം ഭാഗം നേടുമ്പോൾ മാത്രമേ അവന്‍റെ പ്രവൃത്തി അവസാനിക്കുകയുള്ളൂ. മുഴു പ്രപഞ്ചത്തിലും തന്‍റെ മഹത്ത്വീകരണത്തിന്‍റെ രണ്ടാം ഭാഗം ദൈവം പൂർത്തിയാക്കാത്തപക്ഷം അവന്‍റെ ദിവസം ഒരിക്കലും വരികയില്ല, അവന്‍റെ തിരഞ്ഞെടുത്ത ജനതയ്ക്കു മേല്‍ ഒരിക്കലും അവന്‍റെ വേല അവസാനിക്കുകയില്ല, അവന്‍റെ മഹത്ത്വം ഇസ്രായേലിന്മേൽ ഒരിക്കലും വന്നിറങ്ങില്ല, അവന്‍റെ പദ്ധതി ഒരിക്കലും നടപ്പാകുകയുമില്ല. നിങ്ങൾക്ക് ദൈവേഷ്ടം കാണാൻ കഴിയണം, സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും അതുപോലെ സകല വസ്തുക്കളുടെയും സൃഷ്ടി പോലെ അത്ര ലളിതമല്ല ദൈവത്തിന്‍റെ പ്രവൃത്തിയെന്ന് മനസ്സിലാക്കണം. കാരണം, ദുഷിച്ചവരെ, അങ്ങേയറ്റം മരവിച്ചുപോയവരെ പരിവർത്തനം ചെയ്യുക എന്നതാണ്, സൃഷ്ടിക്കപ്പെട്ടവരെങ്കിലും സാത്താന്റെ സംസ്കരണപ്രക്രിയക്കു വിധേയരായവരെ ശുദ്ധീകരിക്കുക എന്നതാണ് ഇന്നത്തെ പ്രവൃത്തി. ഇത് ആദാമിന്‍റെയോ ഹവ്വായുടെയോ സൃഷ്ടിയല്ല, പ്രകാശത്തിന്‍റെ സൃഷ്ടിയോ സമസ്ത സസ്യ, ജന്തുജാലങ്ങളുടെ സൃഷ്ടിയോ അല്ല. ദൈവം സാത്താൻ ദുഷിപ്പിച്ച കാര്യങ്ങളെ ശുദ്ധീകരിച്ച് പുതിയതാക്കി വീണ്ടെടുക്കുന്നു; അവ അവന്‍റേതായി മാറുന്നു, അവ അവന്‍റെ മഹത്ത്വമായിത്തീരുന്നു. ഇത് മനുഷ്യൻ വിചാരിക്കുന്നതുപോലെ അല്ല; സ്വര്‍ഗ്ഗത്തെയും ഭൂമിയെയും അവയിലുള്ള സകലത്തെയും സൃഷ്ടിച്ചതുപോലെ, അല്ലെങ്കിൽ അഗാധ കൂപത്തിലേക്കു സാത്താനെ ശപിച്ചാക്കുന്ന പ്രവൃത്തി പോലെ അത്ര ലളിതമല്ല; മറിച്ച്, അത് മനുഷ്യനെ രൂപാന്തരപ്പെടുത്തുന്ന പ്രവൃത്തിയാണ്, ദൈവത്തിന്‍റേതല്ലാത്ത നിഷേധാത്മക കാര്യങ്ങളെ അവന്‍റേതായ ക്രിയാത്മകമായ കാര്യങ്ങളാക്കി മാറ്റുന്ന പ്രവൃത്തിയാണ്. ദൈവത്തിന്‍റെ വേലയുടെ ഈ ഘട്ടത്തിനു പിന്നിലെ സത്യം ഇതാണ്. നിങ്ങൾ ഇത് മനസ്സിലാക്കുകയും കാര്യങ്ങൾ അമിതമായി ലളിതവല്‌ക്കരിക്കുന്നത് ഒഴിവാക്കുകയും വേണം. ദൈവത്തിന്‍റെ പ്രവൃത്തി സാധാരണ ഏതൊരു പ്രവൃത്തിയും പോലെയല്ല. അതിന്‍റെ അത്ഭുതവും ജ്ഞാനവും മനുഷ്യമനസ്സിന് അതീതമാണ്. വേലയുടെ ഈ ഘട്ടത്തിൽ ദൈവം സകലവും സൃഷ്ടിക്കുന്നില്ല, അവന്‍ അവയെ നശിപ്പിക്കുന്നുമില്ല. പകരം, താൻ സൃഷ്ടിച്ച സകലത്തെയും അവൻ പരിവർത്തനം ചെയ്യുന്നു, സാത്താൻ അശുദ്ധമാക്കിയ സകലത്തെയും ശുദ്ധീകരിക്കുന്നു. അങ്ങനെ ദൈവം വലിയൊരു സംരംഭം തുടങ്ങിവയ്ക്കുന്നു, അതാണ് ദൈവത്തിന്‍റെ വേലയുടെ പൂര്‍ണ്ണമായ പ്രസക്തി. ഈ വാക്കുകളിൽ നിങ്ങൾ കാണുന്ന ദൈവത്തിന്‍റെ പ്രവൃത്തി അത്ര ലളിതമാണോ?

മുമ്പത്തേത്: ദൈവത്തിന്റെ ഇന്നത്തെ പ്രവൃത്തി അറിയുക

അടുത്തത്: ദൈവത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് നീ സത്യത്തിനുവേണ്ടി ജീവിക്കണം

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക