ദൈവത്തിന്റെ ഇന്നത്തെ പ്രവൃത്തി അറിയുക

ദൈവത്തിന്റെ ഇക്കാലത്തെ പ്രവൃത്തിയെ അറിയുക എന്നാല്‍, പ്രധാനമായും, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ അന്ത്യനാളുകളിലെ പ്രധാന ശുശ്രൂഷ എന്താണെന്നും അവൻ ഭൂമിയിൽ എന്തു ചെയ്യാനായി വന്നിരിക്കുന്നു എന്നും അറിയുകയാണ്. തിരിച്ചുപോകും മുമ്പ് ഒരു അനുകരണീയ മാതൃക ആയിരിക്കാനാണ്‌ (അവസാന നാളുകളില്‍) ദൈവം ഭൂമിയിൽ വന്നിട്ടുള്ളത് എന്ന് ഞാൻ എന്റെ വചനങ്ങളില്‍ മുമ്പ് പരാമർശിച്ചിട്ടുണ്ട്. ദൈവം എങ്ങനെയാണ്‌ ഈ മാതൃകയാവുന്നത്? വചനപ്രഘോഷണത്തിലൂടെയും ദേശത്തുടനീളം പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതിലൂടെയും അവനതു ചെയ്യുന്നു. ദൈവം അവസാന നാളുകളില്‍ ചെയ്യുന്ന പ്രവൃത്തിയാണിത്; അവൻ സംസാരിക്കുന്നത് ഭൂമിയെ വചനലോകമാക്കി മാറ്റി, അവന്റെ വചനങ്ങളിലൂടെ ഓരോ വ്യക്തിക്കും കരുതലും പ്രബോധനവും ലഭിക്കാനാണ്, അങ്ങനെ മനുഷ്യന്റെ ആത്മാവ് ഉണരുവാനും ദർശനങ്ങളെക്കുറിച്ച് വ്യക്തത നേടുവാനുമാണ്. അന്ത്യനാളുകളിൽ, ദൈവം മനുഷ്യജന്മമെടുത്തു ഭൂമിയില്‍ വന്നത് പ്രധാനമായും ദൈവവചനം ഘോഷിക്കാനാണ്. യേശു വന്നപ്പോൾ, അവന്‍ സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രചരിപ്പിച്ചു, ക്രൂശീകരണത്തിലൂടെ വീണ്ടെടുക്കലും നിർവഹിച്ചു. അവൻ ന്യായപ്രമാണയുഗം അവസാനിപ്പിക്കുകയും പഴയതെല്ലാം ഇല്ലാതാക്കുകയും ചെയ്തു. യേശുവിന്റെ വരവ് ന്യായപ്രമാണയുഗം അവസാനിപ്പിക്കുകയും കൃപായുഗത്തെ ആനയിക്കുകയും ചെയ്തു. അന്ത്യനാളുകളിലെ മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വരവോടെ കൃപായുഗത്തിന് അവസാനമായി. അവന്‍ വന്നിരിക്കുന്നത് പ്രധാനമായും അവന്റെ വചനം ഘോഷിക്കാനും ദൈവവചനത്താൽ മനുഷ്യനെ പരിപൂർണ്ണനാക്കാനും അവനെ പ്രകാശപൂരിതനും പ്രബുദ്ധനുമാക്കാനും അവന്റെ ഹൃദയത്തിനുള്ളിലെ അവ്യക്തമായ ദൈവത്തിന്റെ സ്ഥാനം നീക്കം ചെയ്യാനുമത്രേ. യേശു വന്നപ്പോൾ ചെയ്ത ജോലിയുടെ ഘട്ടമല്ല ഇത്. യേശു വന്നപ്പോൾ അവൻ പല അത്ഭുതങ്ങളും ചെയ്തു, രോഗികളെ സുഖപ്പെടുത്തി, ഭൂതങ്ങളെ പുറത്താക്കി, ക്രൂശീകരണത്തിലൂടെ വീണ്ടെടുപ്പ് നടത്തി. അനന്തരഫലമായി, ആളുകളുടെ സങ്കൽപ്പങ്ങളിൽ, ദൈവം ഇങ്ങനെയായിരിക്കണമെന്ന് അവർ വിശ്വസിക്കുന്നു. കാരണം, യേശു വന്നപ്പോൾ, അവ്യക്ത ദൈവത്തിന്റെ സ്വരൂപം മനുഷ്യന്റെ ഹൃദയത്തിൽനിന്ന് നീക്കുകയെന്ന പ്രവൃത്തി അവൻ ചെയ്തില്ല; അവൻ വന്നപ്പോൾ അവന്‍ ക്രൂശിക്കപ്പെട്ടു, രോഗികളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ പുറത്താക്കുകയും സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തു. ഒരര്‍ത്ഥത്തില്‍, അവസാന നാളുകളിൽ മനുഷ്യജന്മമെടുത്ത ദൈവം മനുഷ്യന്റെ സങ്കൽപ്പങ്ങളിൽ അവ്യക്തമായ ദൈവം വഹിച്ചിരുന്ന സ്ഥാനത്തെ നീക്കം ചെയ്യുന്നുണ്ട്. മനുഷ്യന്റെ ഹൃദയത്തിലെ അവ്യക്ത ദൈവത്തിന്റെ ബിംബം ഇല്ലാതിരിക്കുന്നതിനു വേണ്ടിയാണ് അത്. അവന്റെ യഥാർത്ഥ വചനങ്ങളിലൂടെയും യഥാർത്ഥ പ്രവൃത്തിയിലൂടെയും എല്ലാ ദേശങ്ങളിലൂടെയുമുള്ള അവന്റെ സഞ്ചാരത്തിലൂടെയും മനുഷ്യർക്കിടയിൽ അവൻ ചെയ്യുന്ന അസാധാരണവും യഥാർത്ഥവുമായ പ്രവർത്തനത്തിലൂടെയും ദൈവത്തെ കുറിച്ചുള്ള യാഥാർത്ഥ്യം മനുഷ്യന്‍ അറിയുക എന്നത് അവന്‍ സാദ്ധ്യമാക്കുകയും മനുഷ്യന്റെ ഹൃദയത്തിൽനിന്നും അവ്യക്ത ദൈവത്തിന്റെ സ്ഥാനം നീക്കുകയും ചെയ്യുന്നു. മറ്റൊരര്‍ത്ഥത്തില്‍, മനുഷ്യനെ സമ്പൂർണ്ണനാക്കുന്നതിനും എല്ലാക്കാര്യങ്ങളും നിറവേറ്റുന്നതിനുമായി ദൈവം മനുഷ്യാവതാരത്തിന്റെ വചനം ഉപയോഗിക്കുന്നു. അവസാന നാളുകളിൽ ദൈവം നിർവഹിക്കുവാന്‍ പോകുന്ന പ്രവൃത്തിയാണിത്.

നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:

1. ദൈവത്തിന്റെ പ്രവൃത്തി അമാനുഷികമല്ല, അതിനെക്കുറിച്ച് നിങ്ങൾ സങ്കൽപ്പങ്ങൾ വെച്ചുപുലർത്തരുത്.

2. മനുഷ്യജന്മമെടുത്ത ദൈവം ഇത്തവണ ചെയ്യാനെത്തിയിട്ടുള്ള പ്രധാന വേല നിങ്ങൾ മനസ്സിലാക്കണം.

അവന്‍ വന്നത് രോഗികളെ സുഖപ്പെടുത്തുവാനോ ഭൂതങ്ങളെ പുറത്താക്കുവാനോ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനോ അല്ല. അവന്‍ വന്നത് പശ്ചാത്താപത്തിന്റെ സുവിശേഷം പ്രചരിപ്പിക്കുവാനല്ല, മനുഷ്യന് വീണ്ടെടുപ്പ് നല്‍കുവാനുമല്ല. ഇതിനു കാരണം, ഈ വേല യേശു ചെയ്തു കഴിഞ്ഞിരിക്കുന്നു, ദൈവം ഒരേ വേല വീണ്ടും ചെയ്യാറില്ല. ഇന്ന്, കൃപായുഗം അവസാനിപ്പിക്കുവാനും ആ യുഗത്തിലെ എല്ലാ ആചാരങ്ങളും അവസാനിപ്പിക്കാനുമാണ് ദൈവം വന്നിട്ടുള്ളത്. പ്രധാനമായും താൻ യഥാർഥമാണ് എന്ന് കാണിക്കുവാനാണ് പ്രായോഗിക ദൈവം വന്നിട്ടുള്ളത്. യേശു വന്നപ്പോള്‍ കുറച്ചു മാത്രമേ സംസാരിച്ചുള്ളൂ; പ്രധാനമായി അവന്‍ ദിവ്യാത്ഭുതങ്ങള്‍ കാണിക്കുകയും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. അല്ലെങ്കില്‍ അവന്‍ യഥാര്‍ത്ഥത്തില്‍ ദൈവമാണെന്നും എന്നാല്‍ വികാരങ്ങൾക്ക് അടിമപ്പെടുന്ന ഒരു ദൈവമല്ലെന്നും ആളുകളെ ബോദ്ധ്യപ്പെടുത്താനായി പ്രവചനങ്ങള്‍ നടത്തുകയും ചെയ്തു. ആത്യന്തികമായി അവന്‍ ക്രൂശുമരണം എന്ന ദൗത്യം പൂർത്തിയാക്കി. ഇന്നത്തെ ദൈവം അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നില്ല, രോഗികളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്നില്ല. യേശു വന്നപ്പോള്‍, അവന്‍ ചെയ്ത വേല ദൈവത്തിന്റെ ഒരു വശത്തെ പ്രതിനിധീകരിച്ചു, എന്നാല്‍ ഇത്തവണ ദൈവം വന്നിരിക്കുന്നത് ഇനി ചെയ്യേണ്ടുന്ന വേലയുടെ ഭാഗം ചെയ്യുവാനാണ്. കാരണം ദൈവം ഒരേ പ്രവൃത്തി വീണ്ടും വീണ്ടും ചെയ്യാറില്ല; അവന്‍ എപ്പോഴും പുതുമയുടെ ദൈവമാണ്, പഴമയുടെ ദൈവമല്ല, നിങ്ങള്‍ ഇപ്പോള്‍ കാണുന്നതെല്ലാം തന്നെ പ്രായോഗിക ദൈവത്തിന്റെ വചനങ്ങളും വേലയുമാണ്.

അന്ത്യനാളുകളില്‍ മനുഷ്യജന്മമെടുത്ത ദൈവം വന്നിരിക്കുന്നത് പ്രധാനമായും അവന്റെ വചനം അരുളിച്ചെയ്യാനും മനുഷ്യന്റെ ജീവിതത്തിനു ആവശ്യമായതെല്ലാം വിശദീകരിക്കാനും മനുഷ്യന്‍ കടന്നുചെല്ലേണ്ടത് എന്തിലേക്കാണെന്ന് ശ്രദ്ധയില്‍ പെടുത്താനും ദൈവത്തിന്റെ പ്രവൃത്തികള്‍ മനുഷ്യനെ കാണിക്കാനും ദൈവത്തിന്റെ ജ്ഞാനവും സര്‍വശക്തിത്വവും വിസ്മയത്വവും മനുഷ്യനു കാട്ടിക്കൊടുക്കാനുമാണ്. ദൈവത്തിന്റെ പലവിധത്തിലുള്ള അരുളപ്പാടുകളിലൂടെ, ദൈവത്തിന്റെ പരമാധികാരം, ദൈവത്തിന്റെ മഹിമ, അവന്റെ വിനയം, നിഗൂഢത എന്നിവയും മനുഷ്യന്‍ നോക്കിക്കാണുന്നു. ദൈവം പരമാധികാരിയാണെന്നും അതേസമയം വിനയമുള്ളവനും മറഞ്ഞിരിക്കുന്നവനും ഏറ്റവും എളിയവനാകാന്‍ കഴിയുന്നവനും ആണെന്ന് മനുഷ്യന്‍ തിരിച്ചറിയുന്നു. അവന്റെ ചില വചനങ്ങള്‍ സംസാരിക്കപ്പെടുന്നത് ആത്മാവിന്റെ വീക്ഷണത്തില്‍ നിന്ന് നേരിട്ടാണ്, ചിലത് മനുഷ്യന്റെ വീക്ഷണത്തില്‍ നിന്ന് നേരിട്ട്, മറ്റു ചിലതാകട്ടെ മൂന്നാമതൊരാളുടെ വീക്ഷണത്തില്‍ നിന്നുള്ളതാണ്. ഇതില്‍നിന്ന് കാണാവുന്നത്‌ ദൈവത്തിന്റെ പ്രവർത്തനരീതി വളരെയധികം വിഭിന്നമാണ് എന്നും അത് കാണാന്‍ അവന്‍ മനുഷ്യനെ അനുവദിക്കുന്നത് വചനങ്ങളിലൂടെയാണ് എന്നുമാണ്. അന്ത്യനാളുകളിലെ ദൈവത്തിന്റെ പ്രവൃത്തി സാധാരണവും യഥാര്‍ത്ഥവുമാണ്. അതിനാല്‍ അന്ത്യനാളുകളിലെ ജനവിഭാഗം ഏറ്റവും വലിയ പരീക്ഷകൾക്ക് വിധേയരാകുന്നു. ദൈവത്തിന്റെ സാധാരണത്വവും യാഥാര്‍ത്ഥ്യവും കാരണം സകലരും ഇത്തരം പരീക്ഷകളിലൂടെയാണ് കടന്നുവന്നിട്ടുള്ളത്; മനുഷ്യന്‍ ദൈവത്താലുള്ള പരീക്ഷകളിലേക്കു താണുപോകുന്നത് ദൈവത്തിന്റെ സാധാരണത്വവും യാഥാര്‍ത്ഥ്യവും കാരണമാണ്. യേശുവിന്റെ യുഗത്തില്‍ സങ്കൽപ്പങ്ങളും പരീക്ഷകളും ഇല്ലായിരുന്നു. കാരണം, യേശു ചെയ്ത പ്രവൃത്തികള്‍ മിക്കവാറും മനുഷ്യന്റെ സങ്കൽപ്പങ്ങളുമായി യോജിച്ചിരുന്നതിനാല്‍ ജനം അവനെ പിന്തുടര്‍ന്നിരുന്നു, അവനെക്കുറിച്ച് അവര്‍ക്ക് സങ്കൽപ്പങ്ങൾ വെച്ചുപുലർത്തിയിരുന്നില്ല. മനുഷ്യന്‍ അഭിമുഖീകരിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പരീക്ഷകളാണ് ഇന്നത്തേത്. മഹാപീഡയില്‍ നിന്നും ഈ ജനം മോചിപ്പിക്കപ്പെട്ടു എന്ന് പറയുമ്പോള്‍ പരാമര്‍ശിക്കപ്പെടുന്നത് ഈ പീഡയാണ്. ഇന്ന് ദൈവം വചനം അരുളിച്ചെയ്യുന്നത് ഈ ജനത്തില്‍ വിശ്വാസം, സ്നേഹം, അനുസരണം, കഷ്ടതയുടെ സഹനം എന്നിവ ഉളവാക്കുവാനാണ്. അന്ത്യനാളുകളിലെ മനുഷ്യജന്മമെടുത്ത ദൈവം അരുളിച്ചെയ്യുന്ന വചനങ്ങൾ മനുഷ്യപ്രകൃതത്തിന്റെ അന്തഃസത്ത, മനുഷ്യന്റെ പെരുമാറ്റം, മനുഷ്യന്‍ ഇന്ന് എന്തിലേക്കാണോ പ്രവേശിക്കേണ്ടത് അത് എന്നിവയ്ക്കു ചേർച്ചയിലാണ്. അവന്റെ വചനം യഥാര്‍ത്ഥവും സാധാരണവുമാണ്: അവന്‍ നാളെയെക്കുറിച്ചു പറയുന്നില്ല, ഇന്നലെയിലേക്കു തിരിഞ്ഞ് നോക്കുന്നുമില്ല; ഇന്ന് എന്തിലേക്കു പ്രവേശിക്കണം, എന്തു പ്രവര്‍ത്തിക്കണം, എന്തു മനസ്സിലാക്കണം എന്ന് മാത്രമേ അവന്‍ പറയുന്നുള്ളൂ. ഇന്നത്തെ കാലത്ത് അടയാളങ്ങളും അത്ഭുതങ്ങളും പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ള ഒരാള്‍ എഴുന്നേൽക്കുകയും പിശാചുക്കളെ പുറത്താക്കുകയും രോഗികളെ സുഖപ്പെടുത്തുകയും അനേകം ദിവ്യാത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍, ഈ വ്യക്തി താനാണ് വന്നിരിക്കുന്ന യേശു എന്ന് ഉറപ്പിച്ചു പറയുകയാണെങ്കില്‍, ഇത് യേശുവിനെ അനുകരിക്കുന്ന ദുഷ്ടാത്മാക്കള്‍ സൃഷ്ടിച്ച ഒരു കള്ളനാണയമാണ്. ദൈവം ഒരേ വേല വീണ്ടും ചെയ്യുകയില്ല എന്ന കാര്യം ഓർമിക്കുക. യേശുവിന്റെ വേലയുടെ ഘട്ടം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു, വേലയുടെ ആ ഘട്ടം ദൈവം വീണ്ടും ഏറ്റെടുക്കുകയില്ല. ദൈവത്തിന്റെ പ്രവൃത്തി മനുഷ്യന്റെ സങ്കൽപ്പങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ഉദാഹരണത്തിന്, പഴയനിയമം ഒരു മിശിഹായുടെ വരവിനെ കുറിച്ച് പ്രവചിച്ചിരുന്നു. ഈ പ്രവചനത്തിന്റെ ഫലമായിരുന്നു യേശുവിന്റെ വരവ്. ഇത് സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി മറ്റൊരു മിശിഹ വീണ്ടും വരുന്നത് തെറ്റാകും. യേശു ഇതിനോടകം വന്നുകഴിഞ്ഞു, ഇക്കാലത്ത് യേശു വീണ്ടും വരികയാണെങ്കിൽ അതു തെറ്റായിരിക്കും. ഓരോ കാലഘട്ടത്തിനും ഓരോ പേരുണ്ട്, ഓരോ പേരിലും ആ കാലഘട്ടത്തിന്റെ ഒരു സ്വഭാവം അടങ്ങിയിട്ടുണ്ട്. മനുഷ്യന്റെ സങ്കൽപ്പമനുസരിച്ച്, ദൈവം എല്ലായ്പ്പോഴും അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുകയും എപ്പോഴും രോഗികളെ സുഖപ്പെടുത്തുകയും പിശാചുക്കളെ പുറത്താക്കുകയും എല്ലായ്പ്പോഴും യേശുവിനെപ്പോലെതന്നെ ആയിരിക്കുകയും വേണം. എന്നാല്‍ ഇത്തവണ ദൈവം തീരെ അങ്ങനെയല്ല. അന്ത്യനാളുകളിലും ദൈവം അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍—അവന്‍ യേശു ചെയ്തതുപോലെ തന്നെ ചെയ്യുകയാണെങ്കില്‍—ദൈവം ഒരേ വേലതന്നെ വീണ്ടും ചെയ്യുകയാവും, അപ്പോൾ യേശുവിന്റെ വേലയ്ക്കു പ്രാധാന്യമോ മൂല്യമോ ഉണ്ടാവുകയില്ല. അങ്ങനെ, ഓരോ കാലഘട്ടത്തിലും ദൈവം ഓരോരോ പ്രവൃത്തി നടപ്പാക്കുന്നു. അവന്റെ പ്രവൃത്തിയുടെ ഒരു ഘട്ടം ഒരിക്കൽ പൂര്‍ത്തിയാകുമ്പോള്‍, ദുഷ്ടാത്മാക്കള്‍ അത് ഉടന്‍ അനുകരിക്കും. സാത്താന്‍ ദൈവം ചെയ്യുന്നതുപോലെ ചെയ്യാൻ തുടങ്ങിയാൽ, ദൈവം മറ്റൊരു രീതിയിലേക്ക് തന്റെ പ്രവർത്തനം മാറ്റും. ദൈവം ഒരിക്കല്‍ അവന്റെ വേലയുടെ ഘട്ടം മുഴുമിച്ചുകഴിഞ്ഞാല്‍, ദുഷ്ടാത്മാക്കള്‍ അതിനെ അനുകരിക്കും. ഇത് നിങ്ങള്‍ വ്യക്തമായി അറിയണം. എന്തുകൊണ്ടാണ് ഇന്നത്തെ ദൈവത്തിന്റെ വേല യേശുവിന്റെ വേലയിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത്? എന്തുകൊണ്ടാണ് ദൈവം ഇന്ന് അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കാതിരിക്കുന്നതും ഭൂതങ്ങളെ പുറത്താക്കാതിരിക്കുന്നതും രോഗികളെ സുഖപ്പെടുത്താതിരിക്കുന്നതും? യേശുവിന്റെ വേല ന്യായപ്രമാണയുഗത്തില്‍ ചെയ്തിരുന്ന അതേ വേലതന്നെ ആയിരുന്നെങ്കില്‍, യേശുവിന് കൃപായുഗത്തിലെ ദൈവത്തെ പ്രതിനിധീകരിക്കാൻ കഴിയുമായിരുന്നോ? ക്രൂശുമരണം എന്ന വേല അവനു പൂർത്തീകരിക്കാൻ കഴിയുമായിരുന്നോ? ന്യായപ്രമാണയുഗത്തിലെന്നപോലെ യേശു ദൈവാലയത്തിൽ പ്രവേശിച്ചു ശബത്ത് അനുഷ്ടിച്ചിരുന്നുവെങ്കില്‍, അവനെ ആരും പീഡിപ്പിക്കുമായിരുന്നില്ല, എല്ലാവരും അവനെ സ്വീകരിച്ചേനേ. അങ്ങനെയെങ്കില്‍ അവന്‍ ക്രൂശിക്കപ്പെടുമായിരുന്നോ? വീണ്ടെടുപ്പിന്റെ വേല മുഴുമിപ്പിക്കാൻ അവനു കഴിയുമായിരുന്നോ? യേശു ചെയ്തതുപോലെ അന്ത്യനാളുകളിലെ മനുഷ്യജന്മമെടുത്ത ദൈവവും അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ചിരുന്നെങ്കിൽ അതുകൊണ്ട് എന്തു ഗുണമുണ്ടാകുമായിരുന്നു? അന്ത്യനാളുകളില്‍, ദൈവം തന്റെ പ്രവൃത്തിയുടെ മറ്റൊരു അംശം, അവന്റെ കാര്യനിര്‍വഹണ പദ്ധതിയുടെ ഒരു ഭാഗത്തെ സൂചിപ്പിക്കുന്ന ഒന്ന്, ചെയ്‌താല്‍ മാത്രമേ മനുഷ്യന് ദൈവത്തെക്കുറിച്ച് ആഴത്തിലുള്ള ജ്ഞാനം ലഭിക്കൂ. അപ്പോള്‍ മാത്രമേ ദൈവത്തിന്റെ കാര്യനിര്‍വഹണ പദ്ധതി പൂര്‍ത്തിയാകൂ.

അന്ത്യനാളുകളില്‍, പ്രധാനമായും തന്റെ വനചനങ്ങൾ അരുളിച്ചെയ്യാനായിട്ടാണ് ദൈവം വന്നിട്ടുള്ളത്. അവന്‍ സംസാരിക്കുന്നത് പരിശുദ്ധാത്മാവിന്റെ വീക്ഷണത്തില്‍ നിന്നും മനുഷ്യന്റെ വീക്ഷണത്തില്‍ നിന്നും മൂന്നാമതൊരാളുടെ വീക്ഷണത്തില്‍ നിന്നുമാണ്. അവന്‍ സംസാരിക്കുന്നത് പലവിധത്തിലാണ്, ഓരോ കാലഘട്ടത്തിലും ഓരോ രീതിയില്‍. അവന്‍ സംസാരരീതി ഉപയോഗിച്ചാണ് മനുഷ്യന്റെ സങ്കൽപ്പങ്ങൾ മാറ്റുന്നതും മനുഷ്യഹൃദയത്തില്‍ നിന്നും അവ്യക്ത ദൈവത്തിന്റെ സങ്കല്പം നീക്കം ചെയ്യുന്നതും. ഇതാണ് ദൈവം ചെയ്യുന്ന പ്രധാന പ്രവൃത്തി. രോഗികളെ സുഖപ്പെടുത്താനും ഭൂതങ്ങളെ പുറത്താക്കാനും ദിവ്യാത്ഭുതങ്ങള്‍ കാണിക്കാനും മനുഷ്യനുമേല്‍ ഭൗതികാനുഗ്രഹങ്ങള്‍ ചൊരിയാനുമാണ് ദൈവം വന്നത് എന്ന് മനുഷ്യന്‍ വിശ്വസിക്കുന്നത് കാരണം, മനുഷ്യന്റെ അത്തരം ധാരണകള്‍ ദുരീകരിക്കാനായി ദൈവം പ്രവൃത്തിയുടെ ഈ ഘട്ടം—ശിക്ഷയുടെയും ന്യായവിധിയുടെയും പ്രവൃത്തി—നിര്‍വഹിക്കുന്നു. ഇത് മനുഷ്യന്‍ ദൈവത്തിന്റെ യാഥാര്‍ത്ഥ്യവും സാധാരണത്വവും അറിയാനും യേശുവിന്റെ പ്രതിരൂപം അവന്റെ ഹൃദയത്തില്‍ നിന്നും മാറ്റാനും ദൈവത്തിന്റെ പുതിയ പ്രതിരൂപം പകരം വയ്ക്കാനുമാണ്. മനുഷ്യന്റെ ഉള്ളിലെ ദൈവത്തിന്റെ പ്രതിരൂപം പഴകിയാലുടൻ അതൊരു ബിംബമാകുന്നു. യേശു വന്ന് വേലയുടെ ആ ഘട്ടം നിര്‍വഹിച്ചപ്പോള്‍, അവന്‍ ദൈവമെന്ന സമ്പൂര്‍ണ്ണതയെ പ്രതിനിധീകരിച്ചിരുന്നില്ല. അവന്‍ ചില അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുകയും ചില വചനങ്ങള്‍ പ്രഘോഷിക്കുകയും ഒടുവിൽ ക്രൂശുമരണം വരിക്കുകയും ചെയ്തു. അവന്‍ ദൈവത്തിന്റെ ഒരു വശത്തെയാണ് പ്രതിനിധീകരിച്ചത്. അവനു ദൈവത്തെ മുഴുവനായും പ്രതിനിധീകരിക്കാന്‍ ആയില്ല. മറിച്ച്, ദൈവത്തിന്റെ വേലയുടെ ഒരു ഭാഗം ചെയ്തുകൊണ്ട് അവന്‍ ദൈവത്തെ പ്രതിനിധീകരിച്ചു. അതിനു കാരണം മഹത്വവും വിസ്മയവും അളക്കാനാവാത്ത ആഴങ്ങളും ഉള്ളവനാണ് ദൈവം എന്നതാണ്. കൂടാതെ, ഓരോ യുഗത്തിലും ദൈവം തന്റെ വേലയുടെ ഒരു ഭാഗം മാത്രമേ ചെയ്യുകയുള്ളൂ എന്നതുമാണ്. ഈ യുഗത്തില്‍ ദൈവം ചെയ്തിട്ടുള്ള വേല പ്രധാനമായും മനുഷ്യന്റെ ജീവനു വേണ്ടിയുള്ള വചനങ്ങള്‍ നൽകുക എന്നതാണ്; മനുഷ്യന്റെ മലിനമായ മനോഭാവവും മനുഷ്യപ്രകൃതത്തിന്റെ സത്തയും വെളിവാക്കുക എന്നതാണ്; കൂടാതെ മതപരമായ സങ്കൽപ്പങ്ങൾ, ജന്മിത്ത ചിന്തകള്‍, കാലഹരണപ്പെട്ട ചിന്തകൾ, അതുപോലെ മനുഷ്യന്റെ ജ്ഞാനം, സംസ്കാരം എന്നിവ വെളിവാക്കുക എന്നതാണ്. ഇവയെല്ലാം ദൈവവചനത്താൽ വെളിവാക്കപ്പെട്ട് ശുദ്ധീകരിക്കപ്പെടണം. അന്ത്യനാളുകളില്‍, മനുഷ്യനെ പരിപൂര്‍ണ്ണനാക്കാനായി ദൈവം അടയാളങ്ങളും അത്ഭുതങ്ങളുമല്ല, പിന്നെയോ തന്റെ വചനങ്ങളാണ് ഉപയോഗിക്കുന്നത്. അവന്‍ ദൈവവചനം ഉപയോഗിച്ച് മനുഷ്യനെ തുറന്നുകാട്ടുകയും വിധിക്കുകയും ശിക്ഷിക്കുകയും പൂര്‍ണ്ണനാക്കുകയും ചെയ്യുന്നു. ദൈവവചനത്തില്‍ മനുഷ്യന്‍ ദൈവത്തിന്റെ ജ്ഞാനവും ലാവണ്യവും കാണുന്നതിനാണ് ഇത്. അതുവഴി മനുഷ്യൻ ദൈവത്തിന്റെ മനോഭാവം മനസ്സിലാക്കുകയും ദൈവവചനത്തിലൂടെ ദൈവത്തിന്റെ പ്രവൃത്തികള്‍ ദര്‍ശിക്കുകയും ചെയ്യുന്നു. ന്യായപ്രമാണയുഗത്തില്‍ യഹോവ അവന്റെ വചനത്താൽ മോശയെ ഈജിപ്തിന് പുറത്തേക്ക് നയിക്കുകയും ഇസ്രായേല്യർക്കു ചില അരുളപ്പാടുകൾ നൽകുകയും ചെയ്തു; ആ സമയത്ത് ദൈവത്തിന്റെ പ്രവൃത്തികളുടെ ഒരു ഭാഗം വെളിപ്പെട്ടു. പക്ഷേ മനുഷ്യന്റെ കഴിവ് പരിമിതമായതിനാലും അവന്റെ ജ്ഞാനം മുഴുവനാക്കാന്‍ ഒന്നുകൊണ്ടും സാദ്ധ്യമല്ലാത്തതിനാലും ദൈവം സംസാരവും പ്രവൃത്തിയും തുടര്‍ന്നുപോന്നു. കൃപായുഗത്തില്‍ ദൈവത്തിന്റെ പ്രവൃത്തികളുടെ ഒരു ഭാഗം മനുഷ്യന്‍ പിന്നെയും കണ്ടു. യേശുവിനു അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും ഭൂതങ്ങളെ പുറത്താക്കുവാനും കഴിഞ്ഞു. അവന്‍ കുരിശിലേറ്റപ്പെടുകയും മൂന്നു ദിവസം കഴിഞ്ഞു ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ജഡരൂപത്തിൽ മനുഷ്യന് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിലുപരി മനുഷ്യനു ദൈവത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ദൈവം എന്തു വെളിപ്പെടുത്തുന്നുവോ അത്രയുമേ മനുഷ്യൻ അറിയുന്നുള്ളൂ. ദൈവം മനുഷ്യനെ കൂടുതലൊന്നും അറിയിക്കുന്നില്ലെങ്കില്‍, മനുഷ്യന്‍ ദൈവത്തിനു കല്‍പ്പിക്കുന്ന പരിമിതിയുടെ വ്യാപ്തി ഇതായിരിക്കും. അതുകൊണ്ട്, മനുഷ്യനു ദൈവത്തെപ്പറ്റിയുള്ള അറിവ് ആഴത്തിലാക്കുവാനും അങ്ങനെ ക്രമേണ അവന്‍ ദൈവത്തിന്റെ സത്ത അറിയുവാനും ദൈവം തന്റെ പ്രവൃത്തി തുടരുന്നു. അന്ത്യനാളുകളില്‍ ദൈവം മനുഷ്യനെ പരിപൂര്‍ണ്ണനാക്കാന്‍ തന്റെ വചനം ഉപയോഗിക്കുന്നു. നിന്റെ ദുഷിച്ച മനോഭാവത്തെ ദൈവവചനം വെളിപ്പെടുത്തുന്നു. നിന്റെ മതസങ്കൽപ്പങ്ങളുടെ സ്ഥാനത്ത് ദൈവത്തെ കുറിച്ചുള്ള യാഥാര്‍ഥ്യം വന്നെത്തുന്നു. അന്ത്യനാളുകളില്‍ മനുഷ്യജന്മമെടുക്കുന്ന ദൈവം ഈ വചനം മുഴുമിപ്പിക്കാനാണ് വന്നിട്ടുള്ളത്, “വചനം ജ്ഞാനമായിത്തീരുന്നു, വചനം ജഡത്തിലേക്കു വരുന്നു, വചനം ജഡത്തിൽ പ്രത്യക്ഷമാകുന്നു.” ഇതേപ്പറ്റി നിങ്ങള്‍ക്ക് വ്യക്തമായ ജ്ഞാനമില്ലെങ്കില്‍, ഉറച്ചുനില്‍ക്കാന്‍ പ്രയാസമാണ്. അന്ത്യനാളുകളില്‍, ജഡത്തിൽ വചനം പ്രത്യക്ഷപ്പെടുന്ന വേലയുടെ ഒരു ഘട്ടമാണ് ദൈവം പ്രധാനമായും നിവർത്തിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. ഇത് ദൈവത്തിന്റെ കാര്യനിര്‍വഹണ പദ്ധതിയുടെ ഒരു ഭാഗമാണ്. അതുകൊണ്ട് നിങ്ങളുടെ അറിവ് വ്യക്തമായിരിക്കണം; ദൈവം പ്രവർത്തിക്കുന്നത് ഏതു വിധത്തിലാണെങ്കിലും, ദൈവത്തിന് അതിർവരമ്പ് തീർക്കാൻ മനുഷ്യനെ ദൈവം അനുവദിക്കാറില്ല. അന്ത്യനാളുകളില്‍ ദൈവം ഈ വേല ചെയ്തില്ലെങ്കില്‍, ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവു മുന്നോട്ടു പോവുകയില്ല. നീ ആകെ അറിയുന്നത് ദൈവത്തെ കുരിശിലേറ്റാന്‍ കഴിയുമെന്നും ദൈവത്തിന് സോദോമിനെ നശിപ്പിക്കാൻ കഴിയുമെന്നും യേശുവിന് മരിച്ചവരിൽനിന്ന് ഉയിര്‍ത്തെഴുന്നേറ്റ് പത്രോസിനു പ്രത്യക്ഷനാകാൻ കഴിയുമെന്നും ഒക്കെയാണ്... എന്നാൽ, ദൈവവചനത്തിനു എല്ലാം നിവർത്തിക്കാനും മനുഷ്യനെ ജയിച്ചടക്കാനും കഴിയുമെന്ന് നീ ഒരിക്കലും പറയുകയില്ല. ദൈവവചനം അനുഭവിക്കുന്നതില്‍ക്കൂടി മാത്രമേ അത്തരം ജ്ഞാനത്തെപ്പറ്റി നിങ്ങൾക്കു സംസാരിക്കാനാകൂ. ദൈവത്തിന്റെ വേല നീ എത്രയധികം അനുഭവിക്കുന്നുവോ, അവനെക്കുറിച്ചുള്ള നിന്റെ ജ്ഞാനം അത്രയധികം സമ്പൂര്‍ണ്ണമാകും. അപ്പോള്‍ മാത്രമേ നീ നിന്റെ സങ്കൽപ്പങ്ങളിലേക്കു ദൈവത്തെ പരിമിതപ്പെടുത്തുന്നത് നിര്‍ത്തുകയുള്ളൂ. മനുഷ്യന്‍ ദൈവത്തെ അറിയുന്നത് അവന്റെ വേല അനുഭവിച്ചുകൊണ്ടാണ്; ദൈവത്തെ അറിയാന്‍ ശരിയായ വേറെ വഴിയില്ല. ഇന്ന്, അടയാളങ്ങളും അത്ഭുതങ്ങളും കാണാനും മഹാദുരന്തങ്ങള്‍ ഉണ്ടാകാനുമായി കാത്തിരിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യാത്ത പലരുമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നതു ദൈവത്തിലാണോ, അതോ മഹാദുരന്തങ്ങളിലാണോ? മഹാദുരന്തങ്ങള്‍ വന്നെത്തുമ്പോഴേക്കും ഒരുപാട് വൈകും. ദൈവം മഹാദുരന്തങ്ങളെ ഇങ്ങോട്ട് അയയ്ക്കുന്നില്ലെങ്കിൽ, അവന്‍ ദൈവമല്ല എന്നുണ്ടോ? നീ വിശ്വസിക്കുന്നത് അടയാളങ്ങളിലും അത്ഭുതങ്ങളിലുമാണോ അതോ ദൈവത്തില്‍ത്തന്നെയാണോ? മറ്റുള്ളവര്‍ യേശുവിനെ പരിഹസിച്ചപ്പോൾ അവന്‍ അടയാളങ്ങളും അത്ഭുതങ്ങളും പ്രദര്‍ശിപ്പിച്ചില്ല, അതുകൊണ്ട് അവന്‍ ദൈവമല്ല എന്നുണ്ടോ? നീ വിശ്വസിക്കുന്നത് അടയാളങ്ങളിലും അത്ഭുതങ്ങളിലുമാണോ, അതോ ദൈവത്തിന്റെ സത്തയിലോ? ദൈവവിശ്വാസത്തെക്കുറിച്ചുള്ള മനുഷ്യന്റെ വീക്ഷണങ്ങൾ തെറ്റാണ്! ന്യായപ്രമാണയുഗത്തില്‍ യഹോവ പല വചനവും അരുളിച്ചെയ്തെങ്കിലും അവയിൽ ചിലത് ഇനിയും നിവൃത്തിയേറാനുണ്ട്. അതുകൊണ്ട് യഹോവ ദൈവമല്ല എന്ന് നിനക്ക് പറയാന്‍ കഴിയുമോ?

അന്ത്യനാളുകളില്‍, ‘വചനം ജഡമായിത്തീരുന്നു’ എന്നതിലെ വസ്തുതയാണ് ദൈവം പ്രധാനമായും നിറവേറ്റുന്നത് എന്ന കാര്യം നിങ്ങൾക്കെല്ലാവർക്കും വ്യക്തമായിരിക്കണം. ഭൂമിയിലെ അവന്റെ യഥാര്‍ത്ഥ വേലയിലൂടെ, മനുഷ്യന് അവനെ അറിയാനും അവനുമായി ഇടപഴകാനും അവന്റെ യഥാര്‍ത്ഥ വേല കണ്ടറിയുവാനും അവന്‍ വഴിയുണ്ടാക്കുന്നു. അവനു അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കാൻ കഴിയുമെന്നും എന്നാല്‍ ചില നേരങ്ങളില്‍ അവനതു കഴിയില്ല എന്നും മനുഷ്യനു വ്യക്തമായി കാണുവാന്‍ അവന്‍ ഇടയാക്കുന്നു; ഇത് യുഗത്തെ ആശ്രയിച്ചിരിക്കും. ഇതില്‍നിന്ന് നിനക്ക് കാണാവുന്നത്‌, അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കാൻ ദൈവത്തിനു കഴിവില്ല എന്നല്ല, പകരം അവന്‍ ചെയ്യേണ്ടുന്ന ജോലിക്കും യുഗത്തിനും അനുസരിച്ച് അവന്റെ വേലയുടെ രീതി മാറ്റുന്നു എന്നാണ്. വേലയുടെ ഇപ്പോഴത്തെ ഘട്ടത്തില്‍, അവന്‍ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കാറില്ല; യേശുവിന്റെ യുഗത്തില്‍ അവന്‍ അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ചു എന്നതിനു കാരണം ആ യുഗത്തില്‍ അവന്റെ വേല വ്യത്യസ്തമായിരുന്നു എന്നതാണ്. ദൈവം ഇന്ന് ചെയ്യുന്നത് ആ വേലയല്ല. ചില ആളുകള്‍ കരുതുന്നത്, അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കാന്‍ അവനു കഴിവില്ല എന്നാണ്, അല്ലെങ്കില്‍ അവര്‍ കരുതുന്നത് അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ചില്ലെങ്കിൽ അവന്‍ ദൈവമല്ല എന്നാണ്. അതു മിഥ്യാധാരണയല്ലേ? ദൈവത്തിനു അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുവാന്‍ സാധിക്കുമെങ്കിലും അവന്‍ ഇപ്പോള്‍ പ്രവൃത്തിക്കുന്നത് വേറൊരു യുഗത്തിലായതിനാൽ അവന്‍ അപ്രകാരം ചെയ്യുന്നില്ല. ഇത് മറ്റൊരു യുഗവും ദൈവത്തിന്റെ വേലയുടെ മറ്റൊരു ഘട്ടവും ആയതിനാല്‍, ദൈവം വ്യക്തമാക്കുന്ന പ്രവൃത്തികളും വ്യത്യസ്തമാണ്. മനുഷ്യന് ദൈവത്തിലുള്ള വിശ്വാസം, അടയാളങ്ങളിലും അത്ഭുതങ്ങളിലും ഉള്ള വിശ്വാസമല്ല, ദിവ്യാത്ഭുതങ്ങളിലുള്ള വിശ്വാസവുമല്ല, മറിച്ച് പുതിയ യുഗത്തിലെ അവന്റെ യഥാര്‍ത്ഥ വേലയിലുള്ള വിശ്വാസമാണ്. മനുഷ്യൻ ദൈവത്തെ അറിയുന്നത് ദൈവം തന്റെ പ്രവൃത്തി ചെയ്യുന്ന രീതിയിലൂടെയാണ്. ഈ അറിവ് മനുഷ്യനില്‍ ദൈവവിശാസം, എന്നുവെച്ചാല്‍, ദൈവത്തിന്റെ വേലയിലും പ്രവൃത്തിയിലും ഉള്ള വിശ്വാസം ഉണ്ടാക്കുന്നു. വേലയുടെ ഈ ഘട്ടത്തില്‍ ദൈവം പ്രധാനമായും സംസാരിക്കുകയാണ് ചെയ്യുന്നത്. അടയാളങ്ങളും അത്ഭുതങ്ങളും കാണുന്നതിനായി കാത്തിരിക്കേണ്ട, നീ അങ്ങനെയൊന്നും കാണുകയില്ല! ഇതിനു കാരണം നീ ജനിച്ചത്‌ കൃപായുഗത്തിലല്ല എന്നതാണ്. അക്കാലത്ത് ജനിച്ചിരുന്നെങ്കിൽ, നീ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടേനേ. പക്ഷെ, നീ ജനിച്ചത്‌ അന്ത്യനാളുകളിലാണ്. അതുകൊണ്ട് നിനക്ക് ദൈവത്തിന്റെ സാധാരണത്വവും യാഥാർഥ്യവും മാത്രമേ കാണുവാന്‍ കഴിയൂ. അന്ത്യനാളുകളില്‍ അതിമാനുഷനായ യേശുവിനെ കാണുമെന്നു കരുതരുത്. മനുഷ്യജന്മമെടുത്ത പ്രായോഗിക ദൈവത്തെ മാത്രമേ നിനക്ക് കാണുവാന്‍ കഴിയൂ. അവന്‍ ഒരു സാധാരണ മനുഷ്യനില്‍ നിന്നും വ്യത്യസ്തനല്ല. ഓരോ യുഗത്തിലും ദൈവം വ്യത്യസ്തമായ പ്രവൃത്തികൾ കാട്ടുന്നു. ഓരോ യുഗത്തിലും, അവന്‍ ദൈവത്തിന്റെ പ്രവൃത്തികളുടെ ഒരു ഭാഗം വെളിപ്പെടുത്തുന്നു. ഓരോ യുഗത്തിലെയും പ്രവൃത്തി ദൈവത്തിന്റെ പ്രകൃതത്തിന്റെ ഒരു ഭാഗത്തെയും ദൈവത്തിന്റെ വേലയുടെ ഒരു ഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നു. അവന്‍ വ്യക്തമാക്കുന്ന പ്രവൃത്തികൾ അവന്‍ വേല ചെയ്യുന്ന യുഗത്തിനനുസരിച്ചു വ്യത്യസ്തമായിരിക്കും. പക്ഷേ, അവയെല്ലാം മനുഷ്യനു ദൈവത്തെക്കുറിച്ചു കൂടുതല്‍ ആഴത്തിലുള്ള അറിവും കൂടുതല്‍ സത്യവും യാഥാർഥവുമായ വിശ്വാസവും നൽകുന്നു. മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് ദൈവത്തിന്റെ എല്ലാ പ്രവൃത്തികളും കാരണമാണ്. എന്തുകൊണ്ടെന്നാൽ ദൈവം മഹാനാണ്, അത്ഭുതവാനാണ്, സർവശക്തനാണ്, മനുഷ്യഗ്രാഹ്യത്തിന് അതീതനാണ്. നീ ദൈവത്തില്‍ വിശ്വസിക്കുന്നത് അവന്‍ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്നത് കൊണ്ടാണെങ്കില്‍ നിന്റെ വീക്ഷണം തെറ്റാണ്. ചിലര്‍ നിന്നോട് പറഞ്ഞേക്കാം, ‘ദുഷ്ടാത്മാക്കള്‍ക്കും അത്തരം കാര്യങ്ങൾ ചെയ്യാന്‍ കഴിയില്ലേ?’ ഇത് ദൈവത്തിന്റെ പ്രതിരൂപത്തെ സാത്താന്റെ പ്രതിരൂപവുമായി കൂട്ടിക്കലര്‍ത്തുന്നതു പോലെയല്ലേ? ദൈവത്തിന്റെ പലവിധങ്ങളായുള്ള പ്രവൃത്തികളും അവന്‍ ചെയ്യുന്ന വേലയുടെ തോതും അവന്‍ വചനം അരുളിച്ചെയ്യുന്ന പല രീതികളും നിമിത്തമാണ് ഇന്ന് മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുന്നത്. ദൈവം മനുഷ്യനെ ജയിച്ചടക്കി അവനെ പൂര്‍ണ്ണനാക്കുന്നതിന് തന്റെ അരുളപ്പാടുകൾ ഉപയോഗിക്കുന്നു. മനുഷ്യന്‍ ദൈവത്തെ വിശ്വസിക്കുന്നത് അവന്റെ വിവിധങ്ങളായ പ്രവൃത്തികള്‍ കൊണ്ടാണ്, അല്ലാതെ അവനു അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കാനാവുന്നത് കൊണ്ടല്ല; മനുഷ്യനു ദൈവത്തെ അറിയാന്‍ കഴിയുന്നത്‌ അവന്റെ പ്രവൃത്തികള്‍ക്ക്‌ സാക്ഷിയാവുന്നതിലൂടെ മാത്രമാണ്. ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവൃത്തികൾ അറിയുന്നതിലൂടെ, അവന്‍ എങ്ങനെ വേല ചെയ്യുന്നു, എത്ര വിവേകമുള്ള രീതികൾ അവൻ ഉപയോഗിക്കുന്നു, അവനെങ്ങനെ സംസാരിക്കുന്നു, അവനെങ്ങനെ മനുഷ്യനെ പൂര്‍ണ്ണനാക്കുന്നു - ഈ വശങ്ങളൊക്കെ അറിയുന്നതിനാൽ മാത്രമേ ദൈവത്തിന്റെ യാഥാര്‍ഥ്യത്തെപ്പറ്റി നിനക്ക് ഗ്രാഹ്യം നേടാനും അവന്റെ പ്രകൃതത്തെ മനസ്സിലാക്കാനും കഴിയൂ; അങ്ങനെ മാത്രമേ അവന്‍ ഇഷ്ടപ്പെടുന്നതെന്ത്, വെറുക്കുന്നതെന്ത്‌, അവന്‍ മനുഷ്യനുമേല്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നൊക്കെ അറിയാനാകൂ. ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കുന്നതിലൂടെ സകാരാത്മകവും നിഷേധാത്മകവുമായ കാര്യങ്ങൾ തിരിച്ചറിയാന്‍ നിങ്ങൾക്കും കഴിയും. ദൈവത്തിനെ അറിയുന്നതിലൂടെ നിന്റെ ജീവിതത്തില്‍ പുരോഗതിയുണ്ടാകും. ചുരുക്കത്തില്‍, നീ ദൈവത്തിന്റെ വേലയെപ്പറ്റി അറിവ് നേടണം, ദൈവത്തില്‍ വിശ്വസിക്കുന്നതു സംബന്ധിച്ച നിന്റെ കാഴ്ചപ്പാട് തിരുത്തുകയും വേണം.

മുമ്പത്തേത്: പ്രായോഗികദൈവം ദൈവം തന്നെ എന്നു നീ അറിയണം

അടുത്തത്: ദൈവത്തിന്‍റെ പ്രവൃത്തി മനുഷ്യൻ സങ്കൽപ്പിക്കുന്നതുപോലെ അത്ര ലളിതമാണോ?

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക