ദൈവഹിതത്തിനു ചേർച്ചയിൽ എങ്ങനെ സേവിക്കാം?
ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവൻ ശരിക്കും എങ്ങനെയാണ് അവിടുത്തെ സേവിക്കേണ്ടത്? ദൈവത്തെ സേവിക്കുന്നവർ എന്തെല്ലാം നിബന്ധനകൾ പാലിക്കുകയും എന്തെല്ലാം സത്യങ്ങൾ മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്? സേവനപാതയിൽ നിങ്ങൾക്കു തെറ്റിപ്പോകാനിടയുള്ള ഇടങ്ങൾ ഏവയാണ്? ഇവയ്ക്കെല്ലാമുള്ള ഉത്തരങ്ങള്‍ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്ന വിധത്തെയും പരിശുദ്ധാത്മാവ് നയിക്കുന്ന പാതയിൽ നിങ്ങൾ നടക്കുകയും സകലത്തിലും ദൈവത്തിന്‍റെ ക്രമീകരണങ്ങൾക്കു കീഴ്പ്പെടുകയും ചെയ്യുന്ന വിധത്തെയും ബാധിക്കുന്നു, അതുവഴി നിങ്ങളിലുള്ള ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഓരോ ഘട്ടവും മനസ്സിലാക്കാൻ അവ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു. ആ തലത്തിൽ എത്തുമ്പോൾ, ദൈവത്തിൽ വിശ്വസിക്കുക എന്നാൽ എന്താണെന്നും ശരിയായ വിധത്തിൽ ദൈവത്തിൽ എങ്ങനെ വിശ്വസിക്കാമെന്നും ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ എന്താണ് ചെയ്യേണ്ടതെന്നും നിങ്ങൾ തിരിച്ചറിയും. ദൈവത്തിന്‍റെ പ്രവർത്തനങ്ങൾക്ക് പരിപൂർണമായി, നിശ്ശേഷം കീഴ്പ്പെടാന്‍ ഇതു നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ഒരു പരാതിയും ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്‍റെ പ്രവർത്തനങ്ങളെ നിങ്ങൾ വിധിക്കുകയോ വിശകലനം ചെയ്യുകയോ എന്തിന്, അവയെ കീറിമുറിച്ച് പരിശോധിക്കുകയോ ചെയ്യില്ല. അങ്ങനെ, നിങ്ങളെല്ലാം മരണത്തോളം ദൈവത്തോട് അനുസരണമുള്ളവരായിരിക്കാൻ പ്രാപ്തരാകുകയും അതുവഴി അവനാൽ നയിക്കപ്പെടാനും അനുസരണമുള്ള ഒരാടിനെപ്പോലെ അവനു മുന്നിൽ അറുക്കപ്പെടുന്നതിന് നിന്നുകൊടുക്കാനും നിങ്ങൾക്കു കഴിയും. അങ്ങനെ നിങ്ങൾക്കെല്ലാം 1990-കളിലെ പത്രോസുമാർ ആകാനും ക്രൂശിൽ കിടക്കുമ്പോഴും പരാതിയുടെ ലാഞ്ചന പോലും ഇല്ലാതെ ദൈവത്തെ അങ്ങേയറ്റം സ്നേഹിക്കാനും കഴിയും. അപ്പോള്‍ മാത്രമേ, നിങ്ങൾക്കെല്ലാം 1990-കളിലെ പത്രോസുമാരെ പോലെ ജീവിക്കുവാന്‍ സാധിക്കുകയുള്ളൂ.
നിശ്ചയദാർഢ്യമുള്ള ആർക്കും ദൈവത്തെ സേവിക്കാനാകും. പക്ഷേ, ദൈവേഷ്ടത്തിന് അങ്ങേയറ്റം ശ്രദ്ധ കൊടുക്കുകയും ദൈവേഷ്ടം ഗ്രഹിക്കുകയും ചെയ്യുന്നവർ മാത്രമേ അവിടുത്തെ സേവിക്കാൻ യോഗ്യരും അർഹരും ആകുന്നുള്ളൂ. നിങ്ങൾക്കിടയിൽ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്: ദൈവത്തിനുവേണ്ടി ഉത്സാഹത്തോടെ സുവിശേഷം പ്രചരിപ്പിക്കുകയും അവനു വേണ്ടി നിരത്തിലിറങ്ങുകയും തങ്ങളെത്തന്നെ ഉഴിഞ്ഞുവെച്ച് ദൈവത്തിനായി പലതും ത്യജിക്കുകയും ചെയ്യുന്നിടത്തോളം കാലം അതാണ് ദൈവസേവനം എന്നാണ് അനേകരും വിശ്വസിക്കുന്നത്. കുറെക്കൂടി മതവിശ്വാസികളായവർ കരുതുന്നത് ദൈവസേവനം എന്നാൽ കൈയിൽ ബൈബിളും പിടിച്ചുകൊണ്ട് ഓടിനടക്കുന്നതും സ്വർഗരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രചരിപ്പിക്കുന്നതും ആളുകളെ മാനസാന്തരപ്പെടുവാനും പാപം ഏറ്റുപറയുവാനും പ്രേരിപ്പിച്ചു രക്ഷിക്കുന്നതും ആണെന്നാണ്. സെമിനാരിയിലെ ഉന്നതവിദ്യാഭ്യാസത്തിനും പരിശീലനത്തിനും ശേഷം മടങ്ങിവന്ന് പള്ളികളില്‍ പ്രസംഗിക്കുന്നതും ബൈബിൾ വായനകളിലൂടെ ജനങ്ങളെ പഠിപ്പിക്കുന്നതുമാണ് ദൈവത്തെ സേവിക്കുന്നതില്‍ ഉൾപ്പെട്ടിരിക്കുന്നതെന്നു കരുതുന്ന നിരവധി മതമേലധികാരികളുമുണ്ട്. ഇതും കൂടാതെ, ദരിദ്രനാടുകളിലുള്ള ചിലർ വിശ്വസിക്കുന്നത് ദൈവത്തെ സേവിക്കുക എന്നാൽ രോഗികളെ സുഖപ്പെടുത്തുന്നതും തങ്ങളുടെ സഹോദരീസഹോദരന്മാരുടെ ഇടയിൽനിന്ന് ഭൂതങ്ങളെ പുറത്താക്കുന്നതോ അവർക്കായി പ്രാര്‍ത്ഥിക്കുന്നതോ അവർക്കായി സേവനം ചെയ്യുന്നതോ ആണെന്നുമാണ്. ദൈവത്തിന്‍റെ വചനങ്ങൾ ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും ദിവസവും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതും എല്ലായിടത്തെയും പള്ളികൾ സന്ദർശിച്ച് അവിടത്തെ ജോലികൾ ചെയ്യുന്നതുമാണ് ദൈവത്തെ സേവിക്കുക എന്നാല്‍ എന്നു വിശ്വസിക്കുന്ന അനവധി ആളുകള്‍ നിങ്ങൾക്കിടയിലുണ്ട്. ദൈവത്തെ സേവിക്കുകയെന്നാല്‍ വിവാഹം കഴിക്കുകയോ കുടുംബം പുലര്‍ത്തുകയോ ചെയ്യാതെ തങ്ങളെ മുഴുവനായി ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് എന്നു കരുതുന്ന മറ്റു സഹോദരീസഹോദരന്‍മാരുണ്ട്. എങ്കിലും, ദൈവത്തെ സേവിക്കുക എന്നാൽ യഥാർഥത്തിൽ എന്താണെന്ന് അറിയാവുന്നവർ വിരളമാണ്. ആകാശത്തിലെ നക്ഷത്രങ്ങളുടെ എണ്ണത്തോളം ആളുകള്‍ ദൈവത്തെ സേവിക്കുന്നുണ്ടെങ്കിലും അവിടുത്തെ നേരിട്ട് സേവിക്കാൻ കഴിയുന്നവരും ദൈവേഷ്ടത്തിനു ചേർച്ചയിൽ സേവിക്കാൻ കഴിയുന്നവരും തുലോം തുച്ഛമാണ്. ഞാൻ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്? “ദൈവസേവനം” എന്ന പദപ്രയോഗത്തിന്‍റെ പൊരുൾ നിങ്ങൾക്ക് മനസ്സിലാകാത്തതിനാലും ദൈവഹിതത്തിനു ചേർച്ചയിൽ അവിടുത്തെ എങ്ങനെ സേവിക്കണം എന്ന് നിങ്ങൾക്ക് ശരിക്കും അറിയില്ലാത്തതിനാലും ആണ് ഞാനിത് പറയുന്നത്. ഏതു തരത്തിലുള്ള ദൈവസേവനമാണ് ദൈവഹിതത്തിനു ചേർച്ചയിലുള്ളതെന്ന് ആളുകൾ അറിഞ്ഞിരിക്കേണ്ടത് അടിയന്തിരമാണ്.
ദൈവേഷ്ടത്തിനു ചേർച്ചയിൽ സേവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എങ്ങനെയുള്ള ആളുകളിലാണ് ദൈവം പ്രസാദിക്കുന്നതെന്നും എങ്ങനെയുള്ള ആളുകളെയാണ് ദൈവം വെറുക്കുന്നതെന്നും എങ്ങനെയുള്ളവരെയാണ് അവിടുന്ന് പൂർണരാക്കുന്നതെന്നും എങ്ങനെയുള്ളവരാണ് ദൈവത്തെ സേവിക്കാൻ യോഗ്യരെന്നും നിങ്ങൾ ആദ്യം മനസ്സിലാക്കണം. കുറഞ്ഞപക്ഷം ഈ അറിവെങ്കിലും നിങ്ങൾക്ക് ഉണ്ടായിരിക്കണം. കൂടാതെ, ദൈവത്തിന്‍റെ പ്രവൃത്തികളുടെ ലക്ഷ്യങ്ങൾ എന്താണെന്നും ദൈവം ഇക്കാലത്ത് ചെയ്യേണ്ടതായ പ്രവൃത്തി എന്താണെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. ഇതു തിരിച്ചറിഞ്ഞതിനു ശേഷം, ദൈവവചനങ്ങളുടെ വഴികാട്ടലിലൂടെ നിങ്ങൾക്ക് ആദ്യം പ്രവേശനം ലഭിക്കണം, അതേ, ആദ്യംതന്നെ നിങ്ങൾക്ക് ദൈവനിയോഗം ലഭിക്കണം. ഒരിക്കൽ നിങ്ങൾക്ക് ദൈവവചനം യഥാർഥമായി അനുഭവവേദ്യമായാൽ, നിങ്ങൾ ദൈവത്തിന്‍റെ പ്രവർത്തനം ശരിക്കും മനസ്സിലാക്കിക്കഴിഞ്ഞാൽ, നിങ്ങൾ ദൈവത്തെ സേവിക്കാൻ യോഗ്യനാകും. നിങ്ങൾ ദൈവത്തെ സേവിക്കുമ്പോഴാണ് ദൈവം നിങ്ങളുടെ ആത്മീയ കണ്ണുകൾ തുറക്കുകയും അവിടുത്തെ പ്രവൃത്തിയെക്കുറിച്ച് കൂടുതലായ ഗ്രാഹ്യം നേടാനും അത് കൂടുതൽ വ്യക്തതയോടെ കാണാനും നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നത്. ഈ യാഥാർഥ്യത്തിലേക്കു പ്രവേശിക്കുമ്പോൾ നിന്‍റെ അനുഭവങ്ങൾ കൂടുതൽ ഗഹനവും യഥാർത്ഥവുമാകും. അത്തരം അനുഭവം ലഭിച്ചിട്ടുള്ള നിങ്ങളെല്ലാവർക്കും പള്ളികൾതോറും പോകാനും നിങ്ങളുടെ സഹോദരീസഹോദരന്മാർക്ക് വിഹിതങ്ങൾ നൽകാനും അങ്ങനെ പരസ്പര കഴിവുകളിൽനിന്ന് പ്രയോജനം അനുഭവിച്ച് സ്വന്തം കുറവുകൾ നികത്താനും ആത്മാവിൽ കൂടുതല്‍ സമ്പുഷ്ടമായ ജ്ഞാനം ആർജിക്കാനും കഴിയും. ഈ ഫലം നേടിക്കഴിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് ദൈവഹിതത്തിനു ചേർച്ചയിൽ സേവിക്കാനും നിങ്ങളുടെ സേവന പാതയിൽ ദൈവത്താൽ പൂർണരാക്കപ്പെടാനും കഴിയുകയുള്ളൂ.
ദൈവത്തെ സേവിക്കുന്നവർ അവിടുത്തെ ആത്മമിത്രങ്ങളായിരിക്കണം, അവർ ദൈവത്തിനു പ്രിയങ്കരരായിരിക്കണം, ഒപ്പം, ദൈവത്തോട് അങ്ങേയറ്റം വിശ്വസ്തത പുലർത്താൻ കഴിവുള്ളവരായിരിക്കണം. വ്യക്തിജീവിതത്തിലാകട്ടെ പൊതുജീവിതത്തിലാകട്ടെ, ദൈവമുമ്പാകെ ദൈവികസന്തോഷം അനുഭവിക്കാൻ നിങ്ങൾക്കു കഴിയുന്നു, ദൈവമുമ്പാകെ അചഞ്ചലരായിരിക്കാൻ കഴിയുന്നു. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറിയാലും നിങ്ങൾ ഒരിക്കലും ചരിക്കേണ്ട പാതയില്‍നിന്നും വ്യതിചലിക്കുന്നില്ല, ദൈവത്തിന്‍റേതായ ഭാരത്തിന് എല്ലാ ശ്രദ്ധയും നല്‍കുന്നു. ഇങ്ങനെയുള്ള ആളുകൾ മാത്രമാണ് ദൈവത്തിന്‍റെ ആത്മമിത്രങ്ങളായിരിക്കുക. ദൈവത്തിന്‍റെ ആത്മമിത്രങ്ങൾക്ക് അവിടുത്തെ നേരിട്ട് സേവിക്കുവാന്‍ സാധിക്കുന്നതിന്‍റെ കാരണം അവർക്ക് ദൈവത്തിന്‍റെ ശ്രേഷ്ഠമായ നിയോഗവും അവിടുത്തെ ഭാരവും ലഭിച്ചിട്ടുണ്ട് എന്നതാണ്. അവര്‍ക്ക് ദൈവത്തിന്‍റെ ഹൃദയം സ്വന്തം ഹൃദയമാക്കുവാനും ദൈവത്തിന്‍റെ ഭാരം സ്വന്തം ഭാരമാക്കുവാനും സാധിയ്ക്കുന്നു എന്നതാണ്. തങ്ങളുടെ ഭാവിനേട്ടങ്ങളെ അവര്‍ പരിഗണിക്കുന്നില്ല എന്നതാണ്. എന്തിന്, ഭാവി ഇരുളടഞ്ഞതായിരിക്കുമ്പോഴും തിരിച്ച് ഒന്നും പ്രതീക്ഷിക്കാനില്ലാത്തപ്പോഴും സ്നേഹം നിറഞ്ഞ ഹൃദയത്തോടെ അവർ എന്നും ദൈവത്തിൽ വിശ്വസിക്കും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു വ്യക്തി ദൈവത്തിന്‍റെ ആത്മമിത്രമായിരിക്കും. ദൈവത്തിന്‍റെ ആത്മമിത്രങ്ങൾ അവിടുത്തെ മനസ്സാക്ഷി സൂക്ഷിപ്പുകാരുമാണ്. അവർക്കു മാത്രമേ, ദൈവത്തിന്‍റെ അസ്വസ്ഥതയും അവിടുത്തെ ചിന്തകളും മനസ്സിലാക്കാനാകൂ. അവരുടെ ജഡികശരീരം വേദന നിറഞ്ഞതും ദുർബലവും ആണെങ്കിലും വേദന സഹിക്കുവാനും ദൈവത്തെ സംതൃപ്തനാക്കാനായി തങ്ങൾക്കു പ്രിയപ്പെട്ടവ വേണ്ടെന്നു വയ്ക്കുവാനും അവര്‍ക്കു കഴിയുന്നു. അത്തരക്കാർക്ക് ദൈവം കൂടുതൽ ഭാരങ്ങള്‍ കൊടുക്കുന്നു, ദൈവം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇത്തരം ആളുകളുടെ സാക്ഷ്യങ്ങളിൽ തെളിവാകുന്നു. അതുകൊണ്ട് അവർ ദൈവത്തിനു പ്രിയപ്പെട്ടവരാണ്. ദൈവത്തിന്‍റെ മനസ്സിനിണങ്ങിയ സേവകരാണവർ. അത്തരം ആളുകൾക്കു മാത്രമേ ദൈവത്തോടൊപ്പം ഭരിക്കാനാകൂ. ശരിക്കും നീ ദൈവത്തിന്‍റെ ആത്മമിത്രമാകുമ്പോഴാണ് കൃത്യമായും നീ അവിടുത്തോടൊപ്പം ഭരിക്കുവാന്‍ തുടങ്ങുക.
ദൈവം തന്നെ നിയോഗിച്ച ദൗത്യം, അതായത് മുഴു മാനവരാശിയെയും വീണ്ടെടുക്കുക എന്ന ദൗത്യം, പൂർത്തിയാക്കാൻ യേശുവിനു കഴിഞ്ഞു. തനിക്കായിത്തന്നെ ഒന്നും ആസൂത്രണം ചെയ്യുകയോ ക്രമീകരിക്കുകയോ ചെയ്യാതെ മുഴുശ്രദ്ധയും ദൈവഹിതത്തിനു നൽകിയതുകൊണ്ടാണ് യേശുവിന് അതിനു കഴിഞ്ഞത്. അതുകൊണ്ടുതന്നെയാണ് അവൻ ദൈവത്തിന്‍റെ—ദൈവംതന്നെയായ—ഏറ്റവും അടുത്ത ആത്മമിത്രമായത്, ഇക്കാര്യം നിങ്ങൾക്കെല്ലാം നല്ലവണ്ണം അറിയാവുന്നതാണ്. (യഥാർഥത്തിൽ, അവൻ ദൈവംതന്നെയായിരുന്നു, ദൈവം അതിന് സാക്ഷ്യം നൽകിയതുമാണ്. ഞാൻ ഈ വസ്തുത ഇവിടെ പറയുന്നത് യേശുവിന്‍റെ ഉദാഹരണത്തിലൂടെ വിഷയം വ്യക്തമാക്കാനാണ്.) ദൈവത്തിന്‍റെ കാര്യനിർവഹണ പദ്ധതിക്ക് ജീവിതത്തിൽ മുഖ്യസ്ഥാനം നൽകാൻ യേശുവിനു കഴിഞ്ഞു. അവൻ എപ്പോഴും സ്വർഗീയ പിതാവിനോട് പ്രാർഥിക്കുകയും അവിടുത്തെ ഹിതം തേടുകയും ചെയ്തു. അവൻ ഇങ്ങനെ പ്രാർഥിച്ചു: “പിതാവായ ദൈവമേ! അങ്ങയുടെ ഇഷ്ടം എന്താണോ അത് നിറവേറ്റേണമേ, എന്‍റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചല്ല, അങ്ങയുടെ പദ്ധതിയ്ക്കനുസരിച്ച് പ്രവർത്തിക്കേണമേ. മനുഷ്യൻ ദുർബലനായിരിക്കാം, പക്ഷേ അങ്ങ് എന്തിനാണ് അവനെക്കുറിച്ച് വിചാരപ്പെടുന്നത്? അങ്ങയുടെ കൈകളിൽ ഒരു ഉറുമ്പിനെപ്പോലെയുള്ള മനുഷ്യന് അങ്ങ് ഇത്രമാത്രം ഗൗനിക്കാൻ തക്ക യോഗ്യതയുണ്ടോ? അങ്ങയുടെ ഹിതം നിറവേറ്റണം എന്നൊരു ചിന്തയേ എന്‍റെ ഹൃദയത്തിലുള്ളൂ. തിരുവിഷ്ടപ്രകാരം അങ്ങ് എന്നിൽ പ്രവർത്തിക്കണമെന്നാണ് എന്‍റെ ആഗ്രഹം.” യരുശലേമിലേക്കുള്ള മാർഗമധ്യേ യേശു കടുത്ത വേദനയിലായിരുന്നു, ഹൃദയത്തിൽ ഒരു കത്തി കുത്തിയിറക്കിയതു പോലുള്ള വേദന. എന്നിട്ടും തന്‍റെ വാക്കു മാറ്റാൻ അൽപ്പംപോലും അവൻ ആഗ്രഹിച്ചില്ല. ക്രൂശിക്കപ്പെടുന്നിടത്തേക്ക് നീങ്ങാൻ അവനെ പ്രേരിപ്പിക്കുന്ന കരുത്തുറ്റ ഒരു ശക്തി എപ്പോഴും അവനോടൊപ്പമുണ്ടായിരുന്നു. ഒടുവിൽ, അവൻ ക്രൂശിൽ തറയ്ക്കപ്പെട്ടു, പാപികളായ മനുഷ്യർക്കു തുല്യനായി, മനുഷ്യരെ വീണ്ടെടുക്കാനുള്ള ദൗത്യം പൂർത്തീകരിച്ചു. മരണത്തിന്‍റെയും ഹേഡീസിന്‍റെയും വിലങ്ങുകൾ അവൻ പൊട്ടിച്ചെറിഞ്ഞു. മരണവും നരകവും ഹേഡീസും അവനു മുന്നിൽ നിഷ്പ്രഭമായി, അവ അവനു മുന്നിൽ പരാജയമടഞ്ഞു. മുപ്പത്തിമൂന്നു വർഷത്തെ ജീവിതത്തിൽ ഉടനീളം അപ്പോഴത്തെ ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിന് യോജിച്ചവിധം ദൈവഹിതത്തിനു ചേർച്ചയിൽ ജീവിക്കാൻ അവൻ പരമാവധി ശ്രദ്ധിച്ചു. ഒരിക്കലും, വ്യക്തിപരമായി തനിക്കുണ്ടാകാവുന്ന ലാഭനഷ്ടങ്ങൾ കണക്കിലെടുക്കാതെ, എപ്പോഴും പിതാവായ ദൈവത്തിന്‍റെ ഹിതത്തെക്കുറിച്ച് അവൻ ചിന്തിച്ചു. അതുകൊണ്ടാണ് അവന്‍റെ സ്നാനത്തെത്തുടർന്ന് ദൈവം ഇങ്ങനെ പറഞ്ഞത്: “ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” ദൈവേഷ്ടത്തിനു ചേർച്ചയിൽ തിരുമുമ്പാകെ സേവിച്ചതിനാൽ മുഴു മനുഷ്യവർഗത്തെയും വീണ്ടെടുക്കുക എന്ന ഭാരിച്ച ദൗത്യം ദൈവം അവന്‍റെ ചുമലിൽ അർപ്പിച്ചു, അതു നിറവേറ്റാൻ അവനെ പ്രാപ്തനാക്കി. സുപ്രധാനമായ ഈ കർത്തവ്യം നിറവേറ്റാൻ അവൻ യോഗ്യനും അർഹനുമായിരുന്നു. ജീവിതത്തിൽ ഉടനീളം ദൈവത്തിനായി അവൻ അങ്ങേയറ്റം കഷ്ടം സഹിച്ചു, പലവട്ടം സാത്താനാൽ പരീക്ഷിക്കപ്പെട്ടു. അപ്പോഴൊന്നും അവൻ നിരുത്സാഹിതനായില്ല. ദൈവം അവനെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തതുകൊണ്ടാണ് അത്തരമൊരു ബൃഹത്തായ ദൗത്യം അവനെ ഏൽപ്പിച്ചത്. അതുകൊണ്ടാണ് ദൈവം വ്യക്തിഗതമായി ഇങ്ങനെ പറഞ്ഞത്: “ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” ആ കാലത്ത് യേശുവിനു മാത്രമേ ആ നിയോഗം നിറവേറ്റാൻ കഴിയുമായിരുന്നുള്ളൂ. കൃപായുഗത്തിൽ മനുഷ്യവർഗത്തെ മുഴുവന്‍ വീണ്ടെടുക്കുക എന്ന ദൈവത്തിന്‍റെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന്‍റെ പ്രായോഗികമായ ഒരു വശമായിരുന്നു അത്.
യേശുവിനെപ്പോലെ, ദൈവത്തിന്‍റെ ചുമടിന് പൂർണ ശ്രദ്ധ നൽകാനും നിങ്ങളുടെ ജഡികശരീരത്തിനു നേരെ പുറംതിരിയാനും നിങ്ങൾക്കു കഴിയുന്നെങ്കിൽ, ദൈവം തന്‍റെ സുപ്രധാനമായ ദൗത്യങ്ങൾ നിങ്ങളെ ഏൽപ്പിക്കും. അങ്ങനെ ദൈവത്തെ സേവിക്കാൻ ആവശ്യമായ വ്യവസ്ഥകളിൽ നിങ്ങൾ എത്തിച്ചേരും. അത്തരമൊരു സാഹചര്യത്തില്‍ മാത്രമേ ദൈവേഷ്ടം പ്രവര്‍ത്തിക്കുകയാണെന്നും അവിടുത്തെ നിയോഗം പൂര്‍ത്തിയാക്കുകയാണെന്നും നിങ്ങൾക്ക് ധൈര്യമായി പറയാനാകൂ. അപ്പോൾ മാത്രമേ, ഞാൻ ശരിക്കും ദൈവത്തെ സേവിക്കുന്നു എന്ന് നിങ്ങൾക്ക് ഉറപ്പിച്ചു പറയാനാകൂ. യേശുവിന്‍റെ മാതൃകയുമായി തട്ടിച്ചുനോക്കുമ്പോൾ, ദൈവത്തിന്‍റെ ആത്മമിത്രമാണ് ഞാൻ എന്ന് നീ ഉറപ്പിച്ചു പറയാൻ ധൈര്യപ്പെടുന്നുണ്ടോ? ദൈവേഷ്ടം ചെയ്യുന്നുവെന്ന് പറയാൻ നീ ധൈര്യപ്പെടുന്നുണ്ടോ? ഞാൻ യഥാർഥത്തിൽ ദൈവത്തെ സേവിക്കുന്നു എന്ന് പറയാൻ നീ ധൈര്യപ്പെടുന്നുണ്ടോ? ദൈവത്തെ സേവിക്കേണ്ടത് എങ്ങനെയെന്ന് ഇന്നു നിനക്ക് അറിയില്ല എന്നിരിക്കെ ദൈവത്തിന്‍റെ ആത്മമിത്രമാണെന്ന് പറയാൻ നീ ധൈര്യപ്പെടുന്നുണ്ടോ? അങ്ങനെയെങ്കില്‍ ദൈവത്തെ സേവിക്കുന്നു എന്നു പറയുന്നതിലൂടെ നീ ദൈവദൂഷണം പറയുകയല്ലേ ചെയ്യുന്നത്? ഒന്നു ചിന്തിച്ചു നോക്കൂ: നീ ദൈവത്തെയാണോ സേവിക്കുന്നത്, അതോ നിന്നെത്തന്നെയോ? സാത്താനെ സേവിക്കുകയും അതേസമയം ദൈവത്തെ സേവിക്കുന്നെന്ന് ധാർഷ്ട്യത്തോടെ പറയുകയും ചെയ്യുന്നതിലൂടെ നീ ദൈവദൂഷണം പറയുകയല്ലേ ചെയ്യുന്നത്? രഹസ്യമായി പദവികൾ മോഹിക്കുന്ന ഒരുപാടു പേരുണ്ട്. ജഡികശരീരത്തിന് ഒരു മോചനമില്ലെന്ന് സദാ ഭയപ്പെട്ട് അവര്‍ ഭക്ഷണം വാരിവലിച്ചു തിന്നുകയും ഉറങ്ങുവാന്‍ ഇഷ്ടപ്പെടുകയും ജഡികശരീരത്തിന് എല്ലാ ശ്രദ്ധയും നല്‍കുകയും ചെയ്യുന്നു. പള്ളിയിൽ തങ്ങളുടെ ശരിക്കുമുള്ള കർത്തവ്യം നിർവഹിക്കുന്നതിനു പകരം അവർ അതിൽനിന്ന് ലാഭമുണ്ടാക്കാനാണ് നോക്കുന്നത്. അതുമല്ലെങ്കിൽ, എന്‍റെ വചനങ്ങൾ ഉപയോഗിച്ച് അവർ അവരുടെ സഹോദരീ സഹോദരന്മാരെ ഉപദേശിക്കുന്നു, അധികാരത്തിന്‍റെ സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് മറ്റുള്ളവരെ ഭരിക്കുന്നു. തങ്ങള്‍ ദൈവേഷ്ടമാണ് ചെയ്യുന്നതെന്ന് ഈ ആളുകള്‍ എപ്പോഴും പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. ദൈവത്തിന് ഏറെ വേണ്ടപ്പെട്ടവരാണെന്നും എപ്പോഴും പറയുന്നു. അസംബന്ധമല്ലേ അത്? നിന്‍റേത് സദ്ദുദ്ദേശ്യമാണെങ്കിലും ദൈവേഷ്ടത്തിനു ചേർന്നവിധം സേവിക്കാൻ നിനക്കാകുന്നില്ലെങ്കിൽ നീ വിഡ്ഢിയാണ് എന്നു പറയാം. പക്ഷേ, നിന്‍റെ ഉള്ളിലിരുപ്പ് ശരിയല്ലാതിരിക്കുമ്പോഴും ദൈവത്തെ സേവിക്കുന്ന ഒരാളാണ് ഞാന്‍ എന്നു നീ പറയുകയാണെങ്കില്‍ ദൈവത്തെ എതിര്‍ക്കുന്ന ഒരാളാണ് നീ. നീ ദൈവത്താല്‍ ശിക്ഷിക്കപ്പെടണം. അത്തരക്കാരോട് എനിക്ക് ഒരു സഹതാപവുമില്ല! ദൈവഭവനത്തിൽനിന്നു മുതലെടുക്കാനാണ് അവർ ശ്രമിക്കുന്നത്, എപ്പോഴും ജഡിക സുഖസൗകര്യങ്ങൾക്കായി അതിമോഹിക്കുകയാണവർ. ദൈവതാത്പര്യങ്ങൾക്ക് ഒരു പരിഗണനയും അവര്‍ നൽകുന്നില്ല. എപ്പോഴും തങ്ങൾക്കു നല്ലത് എന്താണ് എന്നതിലാണ് അവരുടെ ശ്രദ്ധ, ദൈവേഷ്ടത്തിന് അവർ ഒട്ടും ചെവികൊടുക്കാറില്ല. തങ്ങള്‍ ചെയ്യുന്ന ഒന്നിലും ദൈവാത്മാവിന്‍റെ സൂക്ഷ്മമായ പരിശോധന അവര്‍ ഇഷ്ടപ്പെടുന്നില്ല. സ്വന്തം സഹോദരീസഹോദരന്മാരെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന അവർക്ക് രണ്ടു മുഖങ്ങളുണ്ട്. മുന്തിരിത്തോട്ടത്തിൽ കടന്ന് മുന്തിരിപ്പഴങ്ങൾ മോഷ്ടിക്കുകയും തോട്ടമാകെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന കുറുക്കനെപ്പോലെയാണ് അവർ. അത്തരക്കാർക്ക് ദൈവത്തിന്‍റെ പ്രിയങ്കരരായിരിക്കാൻ കഴിയുമോ? നിനക്ക് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ യോഗ്യതയുണ്ടോ? സ്വന്തം ജീവിതത്തിനു വേണ്ടിയോ സഭയ്ക്കു വേണ്ടിയോ ഒരു ഭാരവും വഹിക്കാത്ത നീ ദൈവനിയോഗം സ്വീകരിക്കാൻ യോഗ്യനാണോ? നിങ്ങളെപ്പോലെയുള്ള ഒരാളെ വിശ്വസിക്കാൻ ആരാണ് ധൈര്യപ്പെടുക? ഇത്തരത്തിലാണ് നിങ്ങൾ സേവിക്കുന്നതെങ്കിൽ ദൈവത്തിന് എങ്ങനെയാണ് നിങ്ങളെ വിശ്വസിച്ച് വലിയൊരു ഉത്തരവാദിത്വം ഏൽപ്പിക്കാനാകുക? അത് ജോലിയിൽ കാലതാമസം വരുത്തില്ലേ?
ദൈവേഷ്ടത്തിനു ചേർച്ചയിൽ സേവിക്കണമെങ്കിൽ പാലിച്ചിരിക്കേണ്ട വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് നിങ്ങൾ അറിയുന്നതിനാണ് ഞാൻ ഇതു പറയുന്നത്. നിങ്ങൾ നിങ്ങളുടെ ഹൃദയം ദൈവത്തിനു നൽകുന്നില്ലെങ്കിൽ, യേശുവിനെപ്പോലെ ദൈവേഷ്ടത്തിന് പൂർണ പരിഗണന കൊടുക്കുന്നില്ലെങ്കിൽ, ദൈവത്തിനു നിങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്നു മാത്രമല്ല, ദൈവത്തിന്‍റെ ന്യായവിധിക്കു നിങ്ങൾ പാത്രമായി മാറുകയും ചെയ്യും. ഒരുപക്ഷേ ഇന്ന് ദൈവസേവനത്തിൽ ഏർപ്പെട്ടിരിക്കെ ദൈവത്തെ കബളിപ്പിക്കുക എന്ന ഉദ്ദേശ്യമായിരിക്കാം എപ്പോഴും നിങ്ങളുടെ ഉള്ളിൽ, നാമമാത്രമായിട്ടാകാം നിങ്ങൾ അവനെ സേവിക്കുന്നത്. ചുരുക്കത്തിൽ, മറ്റെന്തെല്ലാമായാലും ദൈവത്തെ വഞ്ചിച്ചാൽ നീ നിഷ്കരുണമായ ന്യായവിധിക്ക് വിധേയനാകും. ദൈവത്തെ സേവിക്കുന്നതിനുള്ള ശരിയായ മാർഗത്തിലേക്ക് ഇപ്പോൾ കാലെടുത്തുവെച്ച നിങ്ങൾ, അതിനെ പ്രയോജനപ്പെടുത്തിക്കൊണ്ട് അനന്യമായ വിശ്വസ്തതയോടെ ദൈവത്തിനു ഹൃദയം അർപ്പിക്കേണ്ടതുണ്ട്. ദൈവത്തിന്‍റെ മുമ്പാകെ ആയിരുന്നും മറ്റു മനുഷ്യരുടെ മുമ്പാകെ ആയിരുന്നാലും നിന്‍റെ ഹൃദയം എപ്പോഴും ദൈവത്തിലേക്കു തിരിഞ്ഞിരിക്കണം, യേശു സ്നേഹിച്ചതുപോലെ ദൈവത്തെ സ്നേഹിക്കാൻ നീ ദൃഢനിശ്ചയം ചെയ്തിരിക്കണം. അപ്പോള്‍ ദൈവം നിന്നെ പൂർണനാക്കും. അങ്ങനെ നീ ദൈവത്തിന്‍റെ മനസ്സിനിണങ്ങിയ ഒരു ദൈവസേവകനായി മാറും. ദൈവത്താൽ പൂർണനാക്കപ്പെടാൻ നീ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിന്‍റെ സേവനം ദൈവേഷ്ടത്തിനു ചേർച്ചയിലായിരിക്കണമെങ്കിൽ, ദൈവത്തിലുള്ള വിശ്വാസത്തെക്കുറിച്ചുള്ള മുൻധാരണകൾ പാടേ മാറ്റേണ്ടതുണ്ട്, നീ മുമ്പു ദൈവത്തെ സേവിച്ചിരുന്ന രീതി വിട്ടുകളയേണ്ടതുണ്ട്. അപ്പോൾ, നീ കൂടുതൽ മെച്ചമായി ദൈവത്താൽ പൂർണനാക്കപ്പെടും. അപ്പോള്‍ ദൈവം നിന്നെ കൈവിടില്ല. മാത്രമല്ല, പത്രോസിനെപ്പോലെ ദൈവത്തെ സ്നേഹിക്കുന്നവരുടെ മുന്നണിയിൽ നീയും ഉണ്ടായിരിക്കും. എന്നാൽ മാനസാന്തരപ്പെടാൻ കൂട്ടാക്കുന്നില്ലെങ്കിൽ, യൂദായുടെ അതേ ഗതിയായിരിക്കും നിനക്കും വരുക. ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇതു മനസ്സിലാക്കേണ്ടതാണ്.