യാഥാര്‍ത്ഥ്യം അറിയുന്നത് എങ്ങനെ?

ദൈവം ഒരു പ്രായോഗിക ദൈവമാണ്; അവന്‍റെ എല്ലാ പ്രവൃത്തികളും പ്രായോഗികമാണ്, അവന്‍ സംസാരിക്കുന്ന എല്ലാ വചനങ്ങളും പ്രായോഗികമാണ്, അവന്‍ വെളിപ്പെടുത്തുന്ന എല്ലാ സത്യങ്ങളും പ്രായോഗികമാണ്. അവന്‍റെ വചനങ്ങളല്ലാത്ത എല്ലാക്കാര്യങ്ങളും ശൂന്യവും നിലനില്ക്കാത്തതും ബലഹീനവുമാണ്. ഇന്ന്, ജനങ്ങളെ ദൈവത്തിന്‍റെ വചനങ്ങളിലേക്ക് വഴിനടത്തുന്നതിന് പരിശുദ്ധാത്മാവുണ്ട്. ജനങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്കു പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, അവര്‍ യാഥാര്‍ത്ഥ്യത്തെ അന്വേഷിക്കുകയും യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയും വേണം. തുടർന്ന് അവര്‍ യാഥാര്‍ത്ഥ്യത്തെ അനുഭവിച്ചറിയുകയും യാഥാര്‍ത്ഥ്യം പ്രയോഗത്തിലാക്കുകയും വേണം. ജനങ്ങള്‍ എത്രയധികമായി യാഥാര്‍ത്ഥ്യം അറിയുന്നുവോ, അത്രയധികമായി അവര്‍ക്ക് മറ്റുള്ളവരുടെ വാക്കുകള്‍ യഥാര്‍ത്ഥമാണോ എന്ന് വിവേചിച്ചറിയാനാവും; ജനങ്ങള്‍ എത്ര കൂടുതലായി യാഥാര്‍ത്ഥ്യം അറിയുന്നുവോ, അത്ര കുറവായിരിക്കും അവർക്കുള്ള സങ്കല്പങ്ങൾ; ജനങ്ങള്‍ എത്രയധികമായി യാഥാര്‍ത്ഥ്യം അനുഭവിക്കുന്നുവോ, എത്രയധികമായി യാഥാര്‍ത്ഥ്യത്തിന്‍റെ ദൈവത്തിന്‍റെ പ്രവൃത്തികളെ അറിയുന്നുവോ, അവരുടെ ദൂഷിച്ചതും സാത്താന്യവുമായ പ്രകൃതങ്ങളില്‍ നിന്ന് മോചനം പ്രാപിക്കുന്നത് അവര്‍ക്ക് അത്രയധികമായി എളുപ്പമായിത്തീരുന്നു; ജനങ്ങള്‍ക്ക് എത്രയധികമായി യാഥാര്‍ത്ഥ്യം ഉണ്ടായിരിക്കുന്നുവോ, അവര്‍ എത്രയധികമായി ദൈവത്തെ അറിയുന്നുവോ അത്രയധികമായി അവർ ജഡത്തെ വെറുക്കുകയും സത്യത്തെ സ്നേഹിക്കുകയും ചെയ്യുന്നു; ജനങ്ങള്‍ എത്രയധികമായി യാഥാര്‍ത്ഥ്യം അറിയുന്നുവോ അവര്‍ അത്രയധികമായി ദൈവം ആവശ്യപ്പെടുന്ന നിലവാരങ്ങളോട് അടുത്തുവരുന്നു. യാഥാര്‍ത്ഥ്യം സ്വന്തമാക്കുന്നതിലൂടെ, യാഥാര്‍ത്ഥ്യം അറിയുന്നതിലൂടെ, യാഥാര്‍ത്ഥ്യം അനുഭവിക്കുന്നതിലൂടെ ദൈവത്തിന്‍റെ യഥാര്‍ത്ഥ പ്രവൃത്തികള്‍ മനസ്സിലാക്കിയിട്ടുള്ള ആളുകളാണ് ദൈവം വീണ്ടെടുത്തവർ. നിങ്ങള്‍ ഒരു പ്രായോഗിക മാര്‍ഗ്ഗത്തില്‍ എത്രയധികമായി ദൈവത്തോട് സഹകരിക്കുകയും നിങ്ങളുടെ ശരീരത്തെ അച്ചടക്കമുള്ളതാക്കുകയും ചെയ്യുന്നുവോ, അത്രയധികമായി നിങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെ ആര്‍ജ്ജിക്കും; അത്രയധികമായി യാഥാര്‍ത്ഥ്യം സമ്പാദിക്കും; അത്രയധികമായി ദൈവത്താൽ പ്രബുദ്ധമാക്കപ്പെടും; അങ്ങനെ അത്രയധികമായി ദൈവത്തിന്‍റെ യഥാര്‍ത്ഥ പ്രവൃത്തികളെ കുറിച്ചുള്ള നിങ്ങളുടെ അറിവ് വർധിക്കും. പരിശുദ്ധാത്മാവിന്‍റെ നിലവിലുള്ള വെളിച്ചത്തില്‍ ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍, പ്രയോഗത്തിൽ വരുത്തുന്നതിനായി നിലവിലുള്ള വഴി നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമാകുന്നതാണ്, അങ്ങനെ മതപരമായ സങ്കല്പങ്ങളില്‍നിന്നും ഗതകാല ശീലങ്ങളില്‍നിന്നും സ്വയം വേര്‍പെടുത്താന്‍ നിങ്ങള്‍ക്ക് കൂടുതലായി സാധിക്കും. ഇന്ന് യാഥാര്‍ത്ഥ്യത്തിനാണ് ഊന്നല്‍: ജനങ്ങള്‍ക്ക് എത്രയധികമായി യാഥാര്‍ത്ഥ്യമുണ്ടോ, അത്രയധികമായിരിക്കും സത്യത്തെ കുറിച്ചുള്ള അവരുടെ അറിവും ദൈവഹിതത്തെ കുറിച്ചുള്ള അവരുടെ ഗ്രാഹ്യവും. യാഥാര്‍ത്ഥ്യത്തിന് എല്ലാ നിയമങ്ങളെയും പ്രമാണങ്ങളെയും അതിജീവിക്കാനാവും, അതിന് എല്ലാ സിദ്ധാന്തങ്ങളെയും വൈദഗ്ധ്യത്തെയും അതിജീവിക്കാനാവും. ജനങ്ങള്‍ എത്രയധികമായി യാഥാര്‍ത്ഥ്യത്തില്‍ ശ്രദ്ധയൂന്നുന്നുവോ വാസ്തവത്തിൽ അത്രയധികമായി അവര്‍ ദൈത്തെ സ്നേഹിക്കുകയും അവന്‍റെ വചനങ്ങള്‍ക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ ശ്രദ്ധയൂന്നുകയാണെങ്കില്‍, നിങ്ങളുടെ ജീവിത തത്വശാസ്ത്രവും മതസങ്കല്പങ്ങളും പ്രകൃതിദത്ത സ്വഭാവവും ദൈവത്തിന്‍റെ പ്രവൃത്തിയെ തുടര്‍ന്ന് സ്വാഭാവികമായി മാഞ്ഞുപോകും. യാഥാര്‍ത്ഥ്യത്തെ അന്വേഷിക്കാതിരിക്കുകയും യാഥാര്‍ത്ഥ്യത്തെ കുറിച്ച് അറിവില്ലാതിരിക്കുകയും ചെയ്യുന്നവര്‍ പ്രകൃത്യതീതമായതിനെ തേടാന്‍ സാദ്ധ്യതയുണ്ട്, അവര്‍ എളുപ്പം വഞ്ചിതരാകുകയും ചെയ്യും. പരിശുദ്ധാത്മാവിന് ഇത്തരം ആളുകളില്‍ പ്രവര്‍ത്തിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല, അതിനാല്‍ അവര്‍ക്ക് ശൂന്യതയും തങ്ങളുടെ ജീവിതം സംബന്ധിച്ച് നിരർത്ഥകതയും തോന്നുന്നു.

നിങ്ങള്‍ വാസ്തവമായി പരിശീലിക്കുകയും വാസ്തവമായി അന്വേഷിക്കുകയും വാസ്തവമായി പ്രാര്‍ത്ഥിക്കുകയും സത്യത്തെ അന്വേഷിക്കുന്നതിനായി കഷ്ടം സഹിക്കാന്‍ സന്നദ്ധമാവുകയും ചെയ്താല്‍ മാത്രമേ പരിശുദ്ധാത്മാവിന് നിങ്ങളില്‍ പ്രവര്‍ത്തിക്കാനാവൂ. സത്യത്തെ അന്വേഷിക്കാത്തവര്‍ക്ക് നിയമങ്ങളും പ്രമാണങ്ങളും ശൂന്യമായ സിദ്ധാന്തവും മാത്രമേ ഉണ്ടാവൂ. സത്യം ഇല്ലാത്തവര്‍ക്ക് സ്വാഭാവികമായും ദൈവത്തെ കുറിച്ച് പല സങ്കല്പങ്ങളുമുണ്ടാവും. ഇങ്ങനെയുള്ള ആളുകള്‍, തങ്ങള്‍ക്ക് മൂന്നാം സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യാനാവുന്നതിനായി, ദൈവം തങ്ങളുടെ ജഡശരീരത്തെ ആത്മീയ ശരീരമായി മാറ്റുന്നതിനു മാത്രമാണ് കാത്തിരിക്കുന്നത്. ഈ ആളുകള്‍ എത്രയോ വിഡ്ഢികളാണ്! ഇത്തരം കാര്യങ്ങള്‍ പറയുന്നവര്‍ക്ക് ദൈവത്തെ കുറിച്ചോ യാഥാര്‍ത്ഥ്യത്തെ കുറിച്ചോ ഒരു അറിവുമില്ല; ഇത്തരക്കാര്‍ക്ക് ദൈവവുമായി സഹകരിക്കാന്‍ സാധിക്കില്ല, അവര്‍ക്ക് നിഷ്ക്രിയമായി കാത്തിരിക്കാന്‍ മാത്രമേ കഴിയൂ. ജനങ്ങള്‍ക്ക് സത്യം മനസ്സിലാക്കാനും സത്യത്തെ വ്യക്തമായി കാണാനും സാധിക്കണമെങ്കില്‍, കൂടുതലായി അവർ സത്യത്തിലേക്ക് പ്രവേശിച്ച് അതനുസരിച്ച് ജീവിക്കണമെങ്കില്‍ അവര്‍ വാസ്തവമായി പരിശീലിക്കുകയും വാസ്തവമായി തിരയുകയും വാസ്തവമായി വിശക്കുകയും ദാഹിക്കുകയും ചെയ്യണം. നിങ്ങള്‍ വിശക്കുകയും ദാഹിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ ദൈവവുമായി വാസ്തവമായി സഹകരിക്കുമ്പോള്‍, ദൈവത്തിന്‍റെ ആത്മാവ് നിശ്ചയമായും നിങ്ങളെ സ്പര്‍ശിക്കുകയും നിങ്ങളുടെയുള്ളില്‍ പ്രവര്‍ത്തിക്കുകയും നിങ്ങള്‍ക്ക് കൂടുതല്‍ പ്രബുദ്ധതയും യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള കൂടുതല്‍ അറിവും തരുകയും നിങ്ങളുടെ ജീവിതത്തിൽ വലിയ സഹായമാവുകയും ചെയ്യും.

ജനങ്ങള്‍ക്ക് ദൈവത്തെ അറിയണമെങ്കില്‍, അവര്‍ ആദ്യം ദൈവം ഒരു പ്രായോഗിക ദൈവമാണ് എന്ന് അറിയണം. അവര്‍ ദൈവത്തിന്‍റെ പ്രവൃത്തികളും ജഡത്തിലുള്ള ദൈവത്തിന്‍റെ പ്രായോഗിക പ്രത്യക്ഷതയും ദൈവത്തിന്‍റെ പ്രായോഗിക പ്രവൃത്തിയും അറിയണം. ദൈവത്തിന്‍റെ എല്ലാ പ്രവൃത്തിയും പ്രായോഗികമാണ് എന്ന് അറിഞ്ഞതിനുശേഷം മാത്രമേ നിങ്ങള്‍ക്ക് വാസ്തവമായും ദൈവവുമായി സഹകരിക്കാനാവൂ. ഈ മാര്‍ഗ്ഗത്തിലൂടെ മാത്രമേ ജീവിതത്തില്‍ നിങ്ങള്‍ക്ക് മേൽഗതി കൈവരിക്കാനാവൂ. യാഥാര്‍ത്ഥ്യത്തെ കുറിച്ച് അറിവില്ലാത്തവര്‍ക്കാർക്കും ദൈവത്തിന്‍റെ വചനങ്ങള്‍ അനുഭവിക്കുന്നതിന് ഒരു മാര്‍ഗ്ഗവുമില്ല. അവര്‍ സ്വന്തം സങ്കല്പങ്ങളില്‍ അകപ്പെട്ടുപോകുകയും സ്വന്തം ഭാവനയില്‍ ജീവിക്കുകയും ചെയ്യുന്നു. അതിനാല്‍ അവര്‍ക്ക് ദൈവത്തിന്‍റെ വചനങ്ങളെ കുറിച്ച് ഒന്നുമറിയില്ല. യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള നിങ്ങളുടെ അറിവ് എത്രയധികം കൂടുതൽ ആയിരിക്കുന്നുവോ നിങ്ങള്‍ക്കു ദൈവത്തോടുള്ള അടുപ്പവും അവനുമായുള്ള ദൃഢബന്ധവും അത്രയധികം കൂടുതലായിരിക്കും; നിങ്ങള്‍ എത്രയധികമായി അവ്യക്തതയും അമൂർത്തതയും അനുശാസനവും തിരയുന്നുവോ അത്രയധികമായി നിങ്ങള്‍ ദൈവത്തില്‍നിന്ന് അകന്നുപോകുകയും അപ്പോൾ ദൈവവചനങ്ങള്‍ അനുഭവിച്ചറിയുന്നത് അത്രയധികമായി കഠിനവും പ്രയാസവുമാണെന്നും പ്രവേനത്തിന് നിങ്ങൾ അപ്രാപ്തനാണെന്നും തോന്നുകയും ചെയ്യും. ദൈവത്തിന്‍റെ വചനങ്ങളുടെ യാഥാര്‍ത്ഥ്യത്തിലേക്കും നിങ്ങളുടെ ആത്മീയ ജീവിതത്തിന്‍റെ ശരിയായ പാതയിലേക്കും പ്രവേശിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍, ആദ്യം നിങ്ങള്‍ യാഥാര്‍ത്ഥ്യം അറിയുകയും അവ്യക്തവും പ്രകൃത്യാതീതവുമായ കാര്യങ്ങളില്‍നിന്ന് വേർപെട്ടുപോരുകയും വേണം. അതായത് പരിശുദ്ധാത്മാവ് എങ്ങനെയാണ് ഉള്ളില്‍നിന്ന് നിങ്ങളെ പ്രബോധിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നതെന്ന് ആദ്യം നിങ്ങള്‍ മനസ്സിലാക്കണം. ഈ വിധത്തില്‍, മനുഷ്യരുടെ ഉള്ളില്‍ പരിശുദ്ധാത്മാവിന്‍റെ യഥാര്‍ത്ഥ പ്രവര്‍ത്തനം എന്താണെന്ന് നിങ്ങള്‍ക്ക് ശരിക്കും മനസ്സിലാക്കാന്‍ സാധിച്ചാല്‍, ദൈവത്താല്‍ പൂര്‍ണ്ണരാക്കപ്പെടുന്നതിനായി ശരിയായ പാതയില്‍ നിങ്ങൾ പ്രവേശിച്ചുകഴിഞ്ഞിരിക്കും.

ഇന്ന്, എല്ലാക്കാര്യങ്ങളും യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. ദൈവത്തിന്‍റെ പ്രവൃത്തിയാണ് ഏറ്റവും യാഥാര്‍ത്ഥ്യം; അത് മനുഷ്യര്‍ക്ക് സ്പര്‍ശിച്ചറിയാനാകും; അത് മനുഷ്യര്‍ക്ക് അനുഭവിച്ചറിയാനും കൈവരിക്കാനും സാധിക്കുന്നതാണ്. ദൈവത്തിന്‍റെ ഇപ്പോഴുള്ള പ്രവൃത്തി അറിയുന്നതില്‍നിന്ന് മനുഷ്യനെ തടയുന്ന അവ്യക്തവും പ്രകൃത്യാതീതവുമായ നിരവധി കാര്യങ്ങള്‍ മനുഷ്യരുടെ ഉള്ളിലുണ്ട്. അങ്ങനെ, അവരുടെ അനുഭവങ്ങളില്‍ അവര്‍ എപ്പോഴും വ്യതിചലിക്കുകയും കാര്യങ്ങള്‍ പ്രയാസമുള്ളതാണെന്ന് എപ്പോഴും അവർക്കു തോന്നുകയും ചെയ്യുന്നു. ഇതെല്ലാം സംഭവിക്കുന്നതിനു കാരണം അവരുടെ സങ്കല്പങ്ങളാണ്. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തന തത്ത്വങ്ങള്‍ മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നില്ല; അവര്‍ക്ക് യാഥാര്‍ത്ഥ്യം അറിയില്ല; അതിനാല്‍ പ്രവേശനത്തിനുള്ള അവരുടെ പാതയില്‍ അവര്‍ എപ്പോഴും നിഷേധാത്മക ചിന്താഗതിക്കാരാണ്. ദൈവം വെച്ചിരിക്കുന്ന വ്യവസ്ഥകൾ അവര്‍ അകലത്തില്‍നിന്ന് നോക്കുകയും അവ നിറവേറ്റാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നു; അവര്‍ ദൈവത്തിന്‍റെ വചനങ്ങള്‍ യഥാര്‍ത്ഥത്തില്‍ നല്ലതാണെന് കാണുക മാത്രം ചെയ്യുന്നു. എന്നാല്‍ പ്രവേശത്തിനുള്ള പാത അവർക്കു കണ്ടെത്താനാവുന്നില്ല. പരിശുദ്ധമാവ് പ്രവര്‍ത്തിക്കുന്നത് ഈ തത്ത്വത്തിൽ അധിഷ്ഠിതമായാണ്: ജനങ്ങളുടെ സഹകരണത്തിലൂടെ, അവര്‍ സജീവമായി പ്രാര്‍ത്ഥിക്കുന്നതിലൂടെ, തിരയുന്നതിലൂടെ, അതുപോലെ ദൈവത്തോട് കൂടുതല്‍ അടുത്തുചെല്ലുന്നതിലൂടെ ഫലം കൈവരിക്കാനും അവര്‍ക്ക് പരിശുദ്ധാത്മാവിനാല്‍ പ്രബോധിതരും പ്രകാശിതരും ആയിത്തീരാനും സാധിക്കും. പരിശുദ്ധമാത്മാവ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു, അല്ലെങ്കില്‍ മനുഷ്യന്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു എന്നതല്ല വാസ്തവം. രണ്ടും അനുപേക്ഷണീയമാണ്; ജനങ്ങള്‍ എത്രയധികമായി സഹകരിക്കുകയും എത്രയധികമായി ദൈവം വെച്ച വ്യവസ്ഥകളുടെ മാനദണ്ഡങ്ങളിൽ എത്തിച്ചേരാൻ യത്നിക്കുകയും ചെയ്യുന്നുവോ അത്രയധികമായിരിക്കും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തോടൊപ്പം ജനങ്ങളുടെ യഥാര്‍ത്ഥത്തിലുള്ള സഹകരണം കൂടി ചേർന്നാൽ മാത്രമേ ദൈവത്തിന്‍റെ വചനങ്ങളുടെ യഥാര്‍ത്ഥ അനുഭവങ്ങളും ഗണ്യമായ അറിവും സൃഷ്ടിക്കപ്പെടുകയുള്ളൂ. ക്രമേണ, ഈ മാര്‍ഗ്ഗത്തിലുള്ള അനുഭവത്തിലൂടെ ഒരു സമ്പൂര്‍ണ്ണ മനുഷ്യന്‍ ആത്യന്തികമായി സൃഷ്ടിക്കപ്പെടുന്നു. ദൈവം പ്രകൃത്യാതീത കാര്യങ്ങള്‍ ചെയ്യുന്നില്ല; മനുഷ്യരുടെ സങ്കല്പങ്ങളില്‍ ദൈവം സര്‍വ്വശക്തനാണ്, എല്ലാക്കാര്യങ്ങളും ചെയ്യുന്നത് ദൈവമാണ്—അതിന്‍റെ ഫലമായി ജനങ്ങള്‍ നിഷ്ക്രിയരായി കാത്തിരിക്കുന്നു. ദൈവവചനം വായിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യാതെ പരിശുദ്ധാത്മാവിന്‍റെ സ്പര്‍ശത്തിനായി വെറുതെ നോക്കിയിരിക്കുന്നു. എന്നിരുന്നാലും, ശരിയായ ഗ്രാഹ്യമുള്ളവർ വിശ്വസിക്കുന്നത് ഇതാണ്: ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍റെ സഹകരണത്തോളം മാത്രമേ പോകാനാവൂ, ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിന് എന്നിലുള്ള പ്രഭാവം ഞാന്‍ എങ്ങനെ സഹകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ദൈവം സംസാരിക്കുമ്പോള്‍, ദൈവത്തിന്‍റെ വചനങ്ങള്‍ അന്വേഷിക്കാനും അതു നേടിയെടുക്കാനും എനിക്ക് ചെയ്യാനാവുന്നതെല്ലാം ഞാന്‍ ചെയ്യണം; അതാണ് ഞാന്‍ കൈവരിക്കേണ്ടത്.

പത്രോസിന്‍റെയും പൗലോസിന്‍റെയും ഉദാഹരണങ്ങളില്‍, പത്രോസാണ് യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് നിങ്ങള്‍ക്ക് വ്യക്തമായി കാണാനാവും. പത്രോസ് കടന്നുപോയ കാര്യങ്ങളില്‍നിന്ന്, അദ്ദേഹത്തിന്‍റെ അനുഭവങ്ങള്‍ മുമ്പ് പരാജയപ്പെട്ടവരുടെ പാഠങ്ങളുടെ ഒരു സംക്ഷിപ്തമാണെന്നും മുന്‍കാല വിശുദ്ധരുടെ കരുത്ത് അദ്ദേഹം ഉള്‍ക്കൊണ്ടു എന്നുമാണ്. ഇതില്‍ നിന്ന് പത്രോസിന്‍റെ അനുഭവങ്ങള്‍ എത്ര യാഥാര്‍ത്ഥ്യമായിരുന്നു എന്നും ജനങ്ങള്‍ക്ക് ആ അനുഭവങ്ങൾ കൈനീട്ടി സ്പര്‍ശിക്കാനും അവ പ്രാപിക്കാനും സാധിക്കുന്നു എന്നും കാണാം. എന്നാല്‍ പൗലോസ് വ്യത്യസ്തനായിരുന്നു: അദ്ദേഹം സംസാരിച്ചതെല്ലാം—മൂന്നാം സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നത്, സിംഹാസനത്തിലേക്കുള്ള ആരോഹണം, നീതിയുടെ കിരീടം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം—അവ്യക്തവും അദൃശ്യവുമായ കാര്യങ്ങള്‍ ആയിരുന്നു. അദ്ദേഹം ശ്രദ്ധയുന്നിയത് ബാഹ്യമായ കാര്യങ്ങളിലാണ്: പദവിയിലും ജനങ്ങളോടു പ്രസംഗിക്കുന്നതിലും തന്‍റെ മൂപ്പവകാശം കാണിക്കുന്നതിലും പരിശുദ്ധാത്മ സ്പർശം ഏൽക്കുന്നതിലും മറ്റുമാണ്. അദ്ദേഹം അന്വേഷിച്ചതൊന്നും യഥാര്‍ത്ഥമായിരുന്നില്ല. അവയില്‍ മിക്കതും ഭാവനാസങ്കല്പങ്ങളായിരുന്നു. അങ്ങനെ അവയെല്ലാം പ്രകൃത്യാതീതമായിരുന്നു എന്ന് കാണാം. പരിശുദ്ധാത്മാവ് ജനങ്ങളെ എത്രമാത്രം സ്പര്‍ശിക്കുന്നു, ആളുകൾ ആസ്വദിക്കുന്ന മഹാസന്തോഷം, മൂന്നാം സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നത്, അല്ലെങ്കില്‍ അവര്‍ തങ്ങളുടെ പതിവ് പരിശീലനം ആസ്വദിക്കുന്നതിന്‍റെ വ്യാപ്തി, അവർ ദൈവവചനങ്ങള്‍ വായിക്കുന്നത് ആസ്വദിക്കുന്നതിന്‍റെ വ്യാപ്തി—ഇവയൊന്നും യാഥാര്‍ത്ഥ്യമല്ല. പരിശുദ്ധാത്മാവിന്‍റെ എല്ലാ പ്രവര്‍ത്തനവും സാധാരണവും യഥാര്‍ത്ഥവുമാണ്. നിങ്ങള്‍ ദൈവത്തിന്‍റെ വചനങ്ങള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ ഉള്ളം ശോഭനവും ദൃഢചിത്തവുമാണ്, ബാഹ്യലോകത്തിന് നിങ്ങളെ സ്വാധീനിക്കാനാവില്ല; ഉള്ളില്‍ നിങ്ങള്‍ ദൈവത്തെ സ്നേഹിക്കാന്‍ സന്നദ്ധമാണ്, ക്രിയാത്മകമായ കാര്യങ്ങളുമായി ഇടപെടാന്‍ സന്നദ്ധമാണ്. കൂടാതെ നിങ്ങള്‍ തിന്മയുടെ ലോകത്തെ വെറുക്കുകയും ചെയ്യുന്നു. ഇതാണ് ദൈവത്തിന്‍റെ ഉള്ളില്‍ ജീവിക്കുന്നതിന്‍റെ അർഥം. അത്, ആളുകള്‍ പറയുന്നത് പോലെ, മഹാസന്തോഷം അനുഭവിക്കലല്ല—അത്തരം സംസാരം പ്രായോഗികമല്ല. ഇന്ന്, എല്ലാക്കാര്യങ്ങളും യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ആരംഭിക്കേണ്ടത്. ദൈവം ചെയ്യുന്ന എല്ലാക്കാര്യങ്ങളും യാഥാര്‍ത്ഥ്യമാണ്. നിങ്ങളുടെ അനുഭവത്തില്‍ നിങ്ങള്‍ ശ്രദ്ധ കൊടുക്കേണ്ടത് ദൈവത്തെ യഥാര്‍ത്ഥത്തില്‍ അറിയുന്നതിനും ദൈവത്തിന്‍റെ പ്രവൃത്തിയുടെ കാല്‍പ്പാടുകള്‍ തിരയുന്നതിനും പരിശുദ്ധാത്മാവ് ജനങ്ങളെ സ്പര്‍ശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്ന മാർഗത്തിനുമാണ്. നിങ്ങള്‍ ദൈവത്തിന്‍റെ വചനങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും കൂടുതല്‍ യഥാര്‍ത്ഥമായ രീതിയില്‍ സഹകരിക്കുകയും കഴിഞ്ഞകാല നന്മകളില്‍നിന്ന് സ്വാംശീകരിക്കുകയും പത്രോസിനെ പോലെ മോശമായവ തിരസ്കരിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെ ചെവികള്‍കൊണ്ട് കേള്‍ക്കുകയും കണ്ണുകള്‍കൊണ്ട് കാണുകയും കൂടെക്കൂടെ പ്രാര്‍ത്ഥിക്കുകയും ഹൃദയത്തില്‍ ധ്യാനിക്കുകയും ദൈവത്തിന്‍റെ പ്രവൃത്തിയുമായി സഹകരിക്കുന്നതിന് ആവതെല്ലാം ചെയ്യുകയും ആണെങ്കിൽ ദൈവം നിശ്ചയമായും നിങ്ങളെ വഴിനടത്തും.

മുമ്പത്തേത്: ദൈവഹിതത്തിനു ചേർച്ചയിൽ എങ്ങനെ സേവിക്കാം?

അടുത്തത്: ഒരു സാധാരണ ആത്മീയ ജീവിതത്തെക്കുറിച്ച്

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക