ഭൂമിയിലെ ദൈവത്തെ അറിയുന്നത് എങ്ങനെ?

നിങ്ങൾ എല്ലാവരും ദൈവത്തിന്റെ അനുഗ്രഹങ്ങൾ ലഭിക്കാനും ദൈവപ്രീതി സമ്പാദിക്കാനും ആഗ്രഹിക്കുന്നു; ദൈവത്തിൽ വിശ്വസിച്ചു തുടങ്ങുമ്പോൾ എല്ലാവരും അത്തരം കാര്യങ്ങൾക്കായി ആശിക്കുന്നു. കാരണം എല്ലാവരും ഉന്നത നേട്ടങ്ങൾ കൈവരിക്കാനുള്ള തിരിക്കിലാണ്, മറ്റുള്ളവർക്കു പിന്നിലായിപ്പോകാൻ ആരും ആഗ്രഹിക്കുന്നില്ല. ആളുകൾ അങ്ങനെയാണ്. കൃത്യമായും ഇക്കാരണത്താൽ നിങ്ങളിൽ പലരും സ്വർഗസ്ഥനായ ദൈവത്തിൽനിന്നു കാര്യസാധ്യത്തിനു ശ്രമിക്കുന്നു, എന്നാൽ സത്യത്തിൽ, നിങ്ങൾക്ക് ദൈവത്തോടുള്ള കൂറും നിഷ്കപടതയും നിങ്ങൾക്ക് നിങ്ങളോടു തന്നെയുള്ള കൂറിനെക്കാളും നിഷ്കപടതയെക്കാളും വളരെ കുറവാണ്. ഞാൻ എന്തിന് ഇതു പറയുന്നു? കാരണം ദൈവത്തോടു നിങ്ങൾക്കുള്ള കൂറ് ഞാൻ അംഗീകരിക്കുന്നില്ല. മാത്രമല്ല, നിങ്ങളുടെ ഹൃദയങ്ങളിലെ ദൈവസാന്നിദ്ധ്യത്തെ ഞാൻ നിരാകരിക്കുകയും ചെയ്യുന്നു. അതായത്, നിങ്ങൾ ആരാധിക്കുന്ന ദൈവം, നിങ്ങൾ അത്യധികം മതിക്കുന്ന അവ്യക്ത ദൈവം നിലനിൽക്കുന്നതേയില്ല. നിങ്ങൾ സത്യദൈവത്തിൽ നിന്ന് വളരെ അകലെയായതുകൊണ്ടാണ് ഇത്രയും ഉറപ്പോടെ എനിക്ക് ഇതു പറയാൻ കഴിയുന്നത്. നിങ്ങളുടെ ഹൃദയങ്ങളിലെ വിഗ്രഹമാണ് നിങ്ങളുടെ കൂറിനു കാരണം; അതേസമയം, എന്റെ അഭിപ്രായത്തിൽ, നിങ്ങൾ വലുതായോ ചെറുതായോ കാണാത്ത ദൈവത്തെ നിങ്ങൾ കേവലം വാക്കുകളാൽ അംഗീകരിക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്ന് അകലെയാണെന്നു ഞാൻ പറയുമ്പോൾ, നിങ്ങൾ സത്യദൈവത്തിൽനിന്ന് ദൂരെയാണെന്നാണ് ഞാൻ അർത്ഥമാക്കുന്നത്. അതേസമയം, അവ്യക്ത ദൈവം കൈയെത്തും ദൂരത്തായി തോന്നുന്നു. “വലിയവനല്ല” എന്നു ഞാൻ പറയുമ്പോൾ, ഇന്ന് നിങ്ങൾ വിശ്വസിക്കുന്ന ദൈവം വലിയ കഴിവുകളില്ലാത്ത വ്യക്തിയായും അധികം ഔന്നത്യമില്ലാത്ത വ്യക്തിയായും കാണപ്പെടുന്നത് എങ്ങനെ എന്നതിനെയാണ് സൂചിപ്പിക്കുന്നത്. പിന്നെ ഞാൻ, “ചെറിയവനല്ല” എന്ന് പറയുമ്പോൾ അതിനർത്ഥം, ഈ വ്യക്തിക്ക് കാറ്റിനെ വിളിച്ചുവരുത്താനോ മഴയ്ക്ക് ഉത്തരവുകൾ നൽകാനോ കഴിയില്ലെങ്കിലും, ആളുകളിൽ തീർത്തും ആശ്ചര്യവും ആശയക്കുഴപ്പവും സൃഷ്ടിച്ചുകൊണ്ട് ആകാശത്തെയും ഭൂമിയെയും ഇളക്കിമറിക്കുന്ന പ്രവൃത്തി ചെയ്യാൻ ദൈവത്തിന്റെ ആത്മാവിനോട് അപേക്ഷിക്കാനാകും എന്നാണ്. പുറമേയ്ക്ക് നിങ്ങൾ ഭൂമിയിലെ ഈ ക്രിസ്തുവിനോട് ഏറെ അനുസരണമുള്ളവരായി കാണപ്പെടുന്നെങ്കിലും, യഥാർത്ഥത്തിൽ നിങ്ങൾക്ക് അവനിൽ വിശ്വാസമില്ല, നിങ്ങൾ അവനെ സ്നേഹിക്കുന്നുമില്ല. അതുകൊണ്ടാണ് പറയുന്നത്, നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നത് നിങ്ങളുടെതന്നെ വികാരങ്ങളാകുന്ന അവ്യക്ത ദൈവത്തിലാണ്. നിങ്ങൾ യഥാർത്ഥത്തിൽ സ്നേഹിക്കുന്നത് നിങ്ങൾ രാപകൽ കൊതിക്കുന്നെങ്കിലും ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലാത്ത ദൈവത്തെയാണ്. ഈ ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസം അല്പമാത്രമാണ്, നിങ്ങളുടെ സ്നേഹം നിശ്ശൂന്യവും. വിശ്വാസം എന്നാൽ ബോധ്യവും ആശ്രയവുമാണ്; സ്നേഹം എന്നാൽ ഒരാളുടെ ഹൃദയത്തിലെ വിട്ടുപിരിയാത്ത ആരാധനയും ആദരവുമാണ്. എന്നാൽ ഇന്നത്തെ ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസവും അവനോടുള്ള സ്നേഹവും ഇതിനെക്കാളൊക്കെ വളരെ കുറവാണ്. വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ, നിങ്ങൾക്ക് അവിനിൽ എങ്ങനെയാണ് വിശ്വാസം ഉണ്ടാകുന്നത്? സ്നേഹത്തിന്റെ കാര്യം വരുമ്പോൾ, ഏതു വിധത്തിൽ നിങ്ങൾ അവനെ സ്നേഹിക്കും? അവന്റെ പ്രകൃതത്തെക്കുറിച്ച് നിങ്ങൾ യാതൊന്നും മനസ്സിലാക്കിയിട്ടില്ല, അവന്റെ സത്ത എന്തെന്നും നിങ്ങൾ അറിഞ്ഞിട്ടില്ല, പിന്നെ എങ്ങനെയാണ് നിങ്ങൾ അവനിൽ വിശ്വസിക്കുക? നിങ്ങൾക്ക് അവനിലുള്ള വിശ്വാസത്തിന്റെ യാഥാർത്ഥ്യം എവിടെ? നിങ്ങൾ എങ്ങനെയാണ് അവനെ സ്നേഹിക്കുന്നത്? നിങ്ങൾക്ക് അവനോടുള്ള സ്നേഹത്തിന്റെ യാഥാർത്ഥ്യം എവിടെ?

ഈ ദിവസംവരെ ഒരുപാടു പേർ മടി കൂടാതെ എന്നെ പിന്തുടർന്നിട്ടുണ്ട്. അതുപോലെ നിങ്ങളും കഴിഞ്ഞ കുറേ വർഷങ്ങളായി വലഞ്ഞുപോയോ? നിങ്ങൾ ഓരോരുത്തരുടെയും സഹജ വാസനകളും ശീലങ്ങളും ഞാൻ സ്ഫടികതുല്യമായ വ്യക്തതയോടെ ഗ്രഹിച്ചിട്ടുണ്ട്; നിങ്ങൾ ഓരോരുത്തരോടും സംവദിക്കുന്നത് അത്യധികം ക്ലേശകരവുമായിരുന്നു. കഷ്ടം എന്തെന്നാൽ, നിങ്ങളെക്കുറിച്ച് ഞാൻ ഒരുപാട് മനസ്സിലാക്കിയെങ്കിലും നിങ്ങൾ എന്നെക്കുറിച്ച് ഒന്നുമേ മനസ്സിലാക്കിയിട്ടില്ല എന്നതാണ്. ഒരു നിമിഷത്തെ ആശയക്കുഴപ്പത്തിൽ നിങ്ങൾ ആരുടെയോ കൗശലത്തിൽ വീണുപോയെന്ന് ആളുകൾ പറയുന്നതിൽ അത്ഭുതമില്ല. തീർച്ചയായും എന്റെ സ്വഭാവത്തെപ്പറ്റി നിങ്ങൾ ഒന്നും മനസ്സിലാക്കുന്നില്ല, എന്റെ മനസ്സിൽ എന്താണെന്നും നിങ്ങൾക്ക് അളക്കാനാവുന്നില്ല. എന്നെക്കുറിച്ചുള്ള നിങ്ങളുടെ തെറ്റിദ്ധാരണകൾ ഇന്നു വിപുലമായിക്കൊണ്ടിരിക്കുകയാണ്, നിങ്ങൾക്ക് എന്നിലുള്ള വിശ്വാസം ആശയക്കുഴപ്പം പിടിച്ച വിശ്വാസമാണ്. നിങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ട് എന്നു പറയുന്നതിനു പകരം, നിങ്ങളെല്ലാവരും എന്നിൽനിന്നും കാര്യസാധ്യത്തിനായി ശ്രമിക്കുന്നു എന്നും എനിക്ക് മുഖസ്തുതി പാടുന്നു എന്നും പറയുകയാണ് ഉചിതം. നിങ്ങൾക്കുള്ള പ്രേരണകൾ വളരെ ലളിതമാണ്: എനിക്ക് പ്രതിഫലം തരുന്ന ആരെയും ഞാൻ പിന്തുടരും, വൻ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ എന്നെ അനുവദിക്കുന്ന ആരിലും ഞാൻ വിശ്വസിക്കുകയും ചെയ്യും, അവൻ യഥാർത്ഥ ദൈവമായാലും അല്ലെങ്കിലും. ഇതൊന്നും എനിക്കൊരു വിഷയമേയല്ല. ഇങ്ങനെ ചിന്തിക്കുന്ന ഒരുപാടു പേർ നിങ്ങൾക്കിടയിലുണ്ട്, ഈ അവസ്ഥ വളരെ ഗൗരവമേറിയതാണ്. ക്രിസ്തുവിന്റെ അന്തഃസത്ത അറിഞ്ഞ് അവനിൽ വിശ്വാസം പുലർത്തുന്ന എത്ര പേർ നിങ്ങൾക്കിടയിൽ ഉണ്ടെന്ന് ഒരു ദിവസം പരിശോധന നടത്തിയാൽ നിങ്ങളിൽ ഒരാൾക്കു പോലും എന്നെ തൃപ്തിപ്പെടുത്താനാവില്ല എന്നു ഞാൻ ഭയക്കുന്നു. അതിനാൽ നിങ്ങൾ ഓരോരുത്തരും ഈ ചോദ്യം ഒന്നു പരിഗണിക്കുന്നതിൽ തെറ്റില്ല: നിങ്ങൾ വിശ്വസിക്കുന്ന ദൈവം എന്നിൽനിന്ന് വളരെ വ്യത്യസ്തനാണെന്നിരിക്കെ, നിങ്ങളുടെ ദൈവവിശ്വാസത്തിന്റെ അന്തഃസത്ത എന്താണ്? ദൈവം എന്നു നിങ്ങൾ വിളിക്കുന്നതിനെ നിങ്ങൾ എത്രയധികം വിശ്വസിക്കുന്നുവോ, അത്രയധികം നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുന്നു. അപ്പോൾ എന്താണ് ഈ പ്രശ്നത്തിന്റെ സത്ത? നിങ്ങളിൽ ഒരാളും ഇങ്ങനെയൊരു ചോദ്യം ഒരിക്കലും പരിഗണിച്ചിട്ടുണ്ടാകില്ല എന്ന് ഉറപ്പാണ്, എങ്കിലും, ഇതിന്റെ ഗൗരവം നിങ്ങൾക്കു മനസ്സിലായിട്ടുണ്ടോ? ഈ വിധത്തിൽ വിശ്വാസിക്കുന്നതിൽ തുടരുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

ഇന്നു നിങ്ങൾ പല പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നു, നിങ്ങളിൽ ഒരാളും പ്രശ്നപരിഹാരത്തിൽ വിദഗ്ധരുമല്ല. ഈ അവസ്ഥ തുടർന്നാൽ, നഷ്ടം നേരിടുന്നത് നിങ്ങൾക്കു മാത്രമായിരിക്കും. പ്രശ്നങ്ങൾ തിരിച്ചറിയാൻ ഞാൻ നിങ്ങളെ സഹായിക്കാം, പക്ഷേ, അവ പരിഹരിക്കേണ്ടതു നിങ്ങളുടെ ചുമതലയാണ്.

മറ്റുള്ളവരെ സംശയമില്ലാത്തവരിൽ ഞാൻ സന്തോഷം കണ്ടെത്തുന്നു, സത്യം സത്വരം സ്വീകരിക്കുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നു; ഈ രണ്ടു തരം ആളുകൾക്ക് ഞാൻ നല്ല കരുതൽ നൽകുന്നു, കാരണം എന്റെ കണ്ണിൽ അവർ സത്യസന്ധരണ്. നീ കുടിലത നിറഞ്ഞവനാണെങ്കിൽ, നീ ജാഗരൂകനും സകലരെയും സകലതിനെയും സംശയിക്കുന്നവുമായിരിക്കും. അങ്ങനെ നിനക്ക് എന്നിലുള്ള ഭക്തി സംശയമെന്ന അടിത്തറയിൽ കെട്ടിപ്പൊക്കിയത് ആയിരിക്കും. അത്തരം വിശ്വാസത്തെ ഞാൻ അംഗീകരിക്കുന്നില്ല. യഥാർത്ഥ വിശ്വാസം ഇല്ലാത്ത നിന്നിൽ യഥാർത്ഥ സ്നേഹവും ഇല്ല. നീ ദൈവത്തെ സംശയിക്കാനും അവനെക്കുറിച്ച് ബോധപൂർവം ഊഹാപോഹങ്ങൾ ചമയ്ക്കാനും സാധ്യതയുണ്ടെങ്കിൽ, നിസ്സംശയമായും നീ എല്ലാ ആളുകളിലും വെച്ച് ഏറ്റവും വലിയ വഞ്ചകനാണ്. അക്ഷന്തവ്യ പാപിയായ, നിന്ദ്യ സ്വഭാവമുള്ള, ന്യായബോധവും യുക്തിയുമില്ലാത്ത, നീതിബോധമില്ലാത്ത, ദുഷിച്ച തന്ത്രങ്ങൾക്കു വഴിപ്പെടുന്ന, ചതിയനും സൂത്രശാലിയുമായ, തിന്മയിലും അന്ധകാരത്തിലും സന്തോഷിക്കുന്ന മനുഷ്യനെപ്പോലെയായിരിക്കും ദൈവമെന്ന് നീ ഊഹിക്കുന്നു. ദൈവത്തെക്കുറിച്ച് തരിമ്പും അറിവില്ലാത്തതുകൊണ്ട് ആകില്ലേ മനുഷ്യർക്ക് അത്തരം ചിന്തകൾ ഉണ്ടാകുന്നത്? അത്തരം വിശ്വാസം പാപത്തിൽ കുറഞ്ഞ ഒന്നുമല്ല! എന്നെ പ്രീതിപ്പെടുത്തുന്നവർ സ്തുതിപാഠകരും പാദസേവകരുമാണെന്നും അത്തരത്തിലുള്ള കഴിവില്ലാത്തവർ ദൈവഭവനത്തിൽ അസ്വീകാര്യരായി അവർക്ക് അവിടത്തെ സ്ഥാനം നഷ്ടപ്പെടുമെന്നും കരുതുന്നവർ പോലുമുണ്ട്. ഇക്കണ്ട വർഷങ്ങൾകൊണ്ട് നിങ്ങൾ ആർജിച്ച ജ്ഞാനം ഇത്രമാത്രമേ ഉള്ളോ? ഇതാണോ നിങ്ങൾ നേടിയത്? എന്നെക്കുറിച്ച് നിങ്ങൾക്കുള്ള ജ്ഞാനം ഈ മിഥ്യാധാരണകളിൽ അവസാനിക്കുന്നില്ല; ദൈവത്തിന്റെ ആത്മാവിനെതിരായ നിങ്ങളുടെ ദൂഷണവും സ്വർഗത്തെ കുറിച്ചുള്ള ദുരാരോപണവും അതിലേറെ ദുഷിച്ചതാണ്. അതുകൊണ്ടാണ്, നിങ്ങളുടേതു പോലുള്ള വിശ്വാസം നിങ്ങളെ എന്നിൽനിന്നു കൂടുതൽ അകറ്റാനും എന്നെ കൂടുതലായി എതിർക്കാനും മാത്രമേ കാരണമാകൂ എന്ന് ഞാൻ പറയുന്നത്. പല വർഷങ്ങളിലെ പ്രവർത്തനത്തിലൂടെ നിങ്ങൾ പല സത്യങ്ങളും കണ്ടു. എന്നാൽ, എന്റെ കാതുകൾ കേട്ടത് എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളിൽ എത്ര പേർ സത്യം സ്വീകരിക്കാൻ തയ്യാറാണ്? തങ്ങൾ സത്യത്തിന്റെ വില നൽകാൻ സന്നദ്ധരാണെന്ന് നിങ്ങൾ എല്ലാവരും വിശ്വസിക്കുന്നു, എന്നാൽ, നിങ്ങളിൽ എത്ര പേർ സത്യത്തിനു വേണ്ടി യഥാർത്ഥത്തിൽ കഷ്ടതകൾ സഹിച്ചിട്ടുണ്ട്? നിങ്ങളുടെ ഹൃദയങ്ങളിൽ അനീതിയല്ലാതെ മറ്റൊന്നുമില്ല. ആരു തന്നെയായാലും എല്ലാവരും ഒരേപോലെ വഞ്ചകരും കൗശലക്കാരുമാണെന്ന് നിങ്ങളെക്കൊണ്ട് ചിന്തിപ്പിക്കുന്നത് അതാണ്; തത്ഫലമായി, മനുഷ്യജന്മം എടുത്ത ദൈവവും, ഒരു സാധാരണ വ്യക്തിയെപ്പോലെ, ദയയുള്ള ഹൃദയമോ കരുണാർദ്രമായ സ്നേഹമോ ഇല്ലാത്തവനാണെന്നും നിങ്ങൾ വിശ്വസിക്കുന്നു. അതിലുപരി, സ്വർഗസ്ഥനായ ദൈവത്തിൽ മാത്രമാണ് കുലീന സ്വഭാവവും ദയാപൂർണവും കരുണാർദ്രവുമായ പ്രകൃതവും കുടികൊള്ളുന്നതെന്നു നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെയൊരു വിശുദ്ധൻ എവിടെയും ഇല്ലെന്നും അന്ധകാരവും തിന്മയും മാത്രമാണ് ഭൂമിയെ ഭരിക്കുന്നതെന്നും നല്ലതിനും സുന്ദരമായതിനും വേണ്ടിയുള്ള തീവ്രഭിലാഷം ആളുകൾ ഭരമേല്പിക്കുന്ന, അവർതന്നെ കെട്ടിച്ചമച്ച, ഒരു ഐതിഹാസിക രൂപമാണ് ദൈവമെന്നും നിങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ മനസ്സുകളിൽ, സ്വർഗസ്ഥനായ ദൈവം ആദരണീയനും നീതിമാനും മഹത്വമുള്ളവനും ആരാധനയ്ക്കും ആദരവിനും അർഹനുമാണ്; അതേസമയം, ഭൂമിയിലെ ഈ ദൈവം സ്വർഗസ്ഥനായ ദൈവത്തിന്റെ ഒരു പകരക്കാരൻ മാത്രമാണ്, ഒരു ഉപകരണമാണ്. ഈ ദൈവം സ്വർഗസ്ഥനായ ദൈവത്തിനു തുല്യനല്ലെന്നും അവനെ കുറിച്ച് പറയാനാവുന്നതു പോലെ ഈ ദൈവത്തെ കുറിച്ച് പറയാനാവില്ലെന്നും നിങ്ങൾ കരുതുന്നു. ദൈവത്തിന്റെ മഹത്വത്തിന്റെയും ആദരവിന്റെയും കാര്യം വരുമ്പോൾ, അതെല്ലാം സ്വർഗസ്ഥനായ ദൈവത്തിനുള്ളതാകുന്നു. എന്നാൽ, മനുഷ്യന്റെ പ്രകൃതത്തിന്റെയും ദുഷിപ്പിന്റെയും കാര്യം വരുമ്പോൾ അതെല്ലാം ഭൂമിയിലെ ദൈവത്തിനു പങ്കുള്ള ഘടകങ്ങളുമാകുന്നു. സ്വർഗസ്ഥനായ ദൈവം ശാശ്വതമായ ഔന്നത്യമുള്ളവനും ഭൂമിയിലെ ദൈവം എക്കാലവും അപ്രധാനിയും ദുർബലനും അയോഗ്യനുമാകുന്നു. സ്വർഗസ്ഥനായ ദൈവം വികാരങ്ങൾക്കല്ല, നീതിക്കു മാത്രം വഴിപ്പെടുന്നു. അതേസമയം ഭൂമിയിലെ ദൈവത്തിനു സ്വാർത്ഥ ലക്ഷ്യങ്ങൾ മാത്രമാണുള്ളത്, അവനു ന്യായബോധവും യുക്തിയുമില്ല. സ്വർഗസ്ഥനായ ദൈവത്തിന് തരിമ്പും കൗശലമില്ല, എക്കാലത്തും വിശ്വസ്തനുമാണ്. ഭൂമിയിലെ ദൈവത്തിനാകട്ടെ എപ്പോഴും ആത്മാർത്ഥതയില്ലാത്ത ഒരു വശമുണ്ട്. സ്വർഗസ്ഥനായ ദൈവം മനുഷ്യനെ അതിവാത്സല്യത്തോടെ സ്നേഹിക്കുന്നു, ഭൂമിയിലെ ദൈവമാകട്ടെ മനുഷ്യന് ആവശ്യത്തിനു കരുതലേകുന്നില്ല, അവനെ പാടേ അവഗണിക്കുക പോലും ചെയ്യുന്നു. പിഴവുറ്റ ഈ അറിവാണ് ഏത്രയോ നാളായി നിങ്ങളുടെ ഹൃദയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതും ഭാവിയിൽ അനന്തമായി നിലനിൽക്കാൻ സാധ്യതയുള്ളതും. നീതിബോധമില്ലാത്തവരുടെ വീക്ഷണത്തിലൂടെ നിങ്ങൾ ക്രിസ്തുവിന്റെ എല്ലാ പ്രവൃത്തികളെയും അളക്കുകയും അവന്റെ പ്രവർത്തനങ്ങളെയും അതുപോലെ അവന്റെ വ്യക്തിത്വത്തെയും സത്തയെയും കുബുദ്ധിയുടെ കാഴ്ചപ്പാടിൽ വിലയിരുത്തുകയും ചെയ്യുന്നു. നിങ്ങൾക്കു മുമ്പ് വന്നവർ ഒരിക്കലും ചെയ്തിട്ടില്ലാത്ത ഗുരുതരമായ ഒരു തെറ്റ് നിങ്ങൾ ചെയ്തിരിക്കുന്നു. അതായത്, നിങ്ങൾ ശിരസ്സിൽ കിരീടം ധരിച്ച ഉന്നതനായ സ്വർഗീയ ദൈവത്തെ മാത്രം സേവിക്കുന്നു. നിങ്ങളെ സംബന്ധിച്ചിടത്തോളം അദൃശ്യനാണ് എന്നു പറയുന്ന അളവോളം അത്ര നിസ്സാരനായി നിങ്ങൾ കാണുന്ന ദൈവത്തെ ഒരിക്കലും ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല. ഇതു നിങ്ങളുടെ പാപമല്ലേ? ദൈവത്തിന്റെ സ്വഭാവത്തിനെതിരായ നിങ്ങളുടെ അതിക്രമത്തിന്റെ മികച്ച ഉദാഹരണമല്ലേ? നിങ്ങൾ സ്വർഗസ്ഥനായ ദൈവത്തെ ആരാധിക്കുന്നു. നിങ്ങൾ ഉന്നതമായ പ്രതിച്ഛായകളെ ആദരിക്കുകയും വിശിഷ്ടരായവരുടെ വാചാലതയുടെ പേരിൽ ബഹുമാനിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കരങ്ങളെ സമ്പത്തുകൊണ്ട് നിറയ്ക്കുന്ന ദൈവത്താൽ നിങ്ങൾ സന്തോഷപൂർവം നിയന്ത്രിക്കപ്പെടുന്നു, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരാൻ കഴിയുന്ന ദൈവത്തിനായി നിങ്ങൾ കൊതിക്കുന്നു. നിങ്ങൾ ആരാധിക്കാത്ത ഒരേയൊരുവൻ ഉന്നതനല്ലാത്ത ഈ ദൈവമാണ്; ഉയർന്ന പരിഗണന നൽകാൻ ഒരു മനുഷ്യനും കഴിയാത്ത ഈ ദൈവവുമായുള്ള സംസർഗ്ഗമാണ് നിങ്ങൾ വെറുക്കുന്ന ഒരേയൊരു കാര്യം. നിങ്ങൾക്ക് ഒരിക്കലും ഒരു ചില്ലിക്കാശു പോലും തന്നിട്ടില്ലാത്ത ഈ ദൈവത്തെ സേവിക്കുക എന്നതാണ് നിങ്ങൾ മനസ്സൊരുക്കം കാട്ടാത്ത ഒരേയൊരു കാര്യം. നിങ്ങളിൽ തനിക്കായി വാഞ്ഛ ഉളവാക്കാൻ കഴിയാത്ത ഒരേയൊരാളും പ്രിയങ്കരനല്ലാത്ത ഈ ദൈവമാണ്. ഇങ്ങനെയുള്ള ദൈവത്തിന് നിങ്ങളുടെ ചക്രവാളങ്ങളെ വിശാലമാക്കാൻ നിങ്ങളെ പ്രാപ്തരാക്കാനാവില്ല, നിധി കണ്ടെത്തിയതു പോലെയുള്ള തോന്നൽ നിങ്ങളിൽ ഉളവാക്കാൻ കഴിയില്ല, നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചുതരാനും കഴിയില്ല. പിന്നെ എന്തിനു നീ അവനെ പിന്തുടരണം? ഇത്തരം ചോദ്യങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നീ ചെയ്യുന്നത് ഈ ക്രിസ്തുവിനു മാത്രമല്ല അവഹേളനമാകുക; അതിലും പ്രധാനമായി സ്വർഗസ്ഥനായ ദൈവത്തിനും അവഹേളനമാണ്. നിങ്ങളുടെ ദൈവവിശ്വാസത്തിന്റെ ഉദ്ദേശ്യം അതാണെന്നു ഞാൻ കരുതുന്നില്ല.

ദൈവം നിങ്ങളിൽ ആനന്ദിക്കാൻ നിങ്ങൾ കൊതിക്കുന്നു. എന്നാൽ, നിങ്ങൾ ദൈവത്തിൽ നിന്ന് അകലെയാണ്. എന്താണിവിടത്തെ വിഷയം? നിങ്ങൾ അവന്റെ വചനങ്ങളെ മാത്രം സ്വീകരിക്കുന്നു, അവന്റെ ശിക്ഷണത്തെയോ പരിശീലനത്തെയോ സ്വീകരിക്കുന്നില്ല. അവനിൽ സമ്പൂർണ വിശ്വാസം ഉണ്ടാകുമാറ് അവന്റെ ഒരു ക്രമീകരണത്തെയും നിങ്ങൾ സ്വീകരിക്കുന്നില്ല. പിന്നെ എന്താണ് ഇവിടത്തെ വിഷയം? അന്തിമ വിശകലനത്തിൽ, നിങ്ങളുടെ ഭക്തി പൊള്ളയായ ഒരു മുട്ടത്തോടാണ്, ഒരു കോഴിക്കുഞ്ഞിനെ ഒരിക്കലും വിരിയിക്കാനാവാത്ത ഒന്ന്. നിങ്ങളുടെ വിശ്വാസം നിങ്ങൾക്കു സത്യത്തെയോ ജീവനെയോ പ്രദാനം ചെയ്തിട്ടില്ല. മറിച്ച് പോറ്റലിന്റെയും പ്രതീക്ഷയുടെയും മിഥ്യാബോധമാണു നൽകിയത്. ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള നിങ്ങളുടെ ലക്ഷ്യം ഈ പോറ്റലിന്റെയും പ്രതീക്ഷയുടെയും ബോധമാണ്, അല്ലാതെ സത്യവും ജീവനുമല്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ മാർഗം പാദസേവയിലൂടെയും ലജ്ജയില്ലായ്മയിലൂടെയും ദൈവത്താൽ കാര്യം സാധിക്കുന്നതിനു മാത്രമായിരുന്നു. ഒരുതരത്തിലും അതു യഥാർത്ഥ വിശ്വാസമായി കണക്കാക്കാവുന്നതല്ല. ഇത്തരം വിശ്വാസത്തിൽനിന്ന് എങ്ങനെയാണ് ഒരു കോഴിക്കുഞ്ഞ് വിരിഞ്ഞിറങ്ങുക? മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഇത്തരം വിശ്വാസത്തിന് എന്താണ് നേടാൻ കഴിയുക? നിങ്ങളുടെ ദൈവവിശ്വാസത്തിന്റെ ഉദ്ദേശ്യം നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ദൈവത്തെ ഉപയോഗിക്കുക എന്നതാണ്. ദൈവത്തിന്റെ സ്വഭാവത്തിനെതിരായ നിങ്ങളുടെ അതിക്രമം സംബന്ധിച്ച മറ്റൊരു വസ്തുതയല്ലേ ഇത്? നിങ്ങൾ സ്വർഗത്തിലെ ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുകയും ഭൂമിയിലെ ദൈവത്തിന്റെ അസ്തിത്വം നിരാകരിക്കുകയു ചെയ്യുന്നു. എന്നിട്ടും എനിക്കു നിങ്ങളുടെ കാഴ്ചപ്പാട് മനസ്സിലാകുന്നില്ല; കാലുകൾ നിലത്തുറപ്പിച്ച് ഭൂമിയിലെ ദൈവത്തെ സേവിക്കുന്നവരെ മാത്രമാണ് ഞാൻ പ്രശംസിക്കുക. അല്ലാതെ, ഒരിക്കലും ഭൂമിയിലുള്ള ക്രിസ്തുവിനെ അംഗീകരിക്കാത്തവരെയല്ല. അങ്ങനെയുള്ള ആളുകൾ സ്വർഗസ്ഥനായ ദൈവത്തോട് എത്ര കൂറ് പുലർത്തിയാലും, ഒടുവിൽ, ദുഷ്ടരെ ശിക്ഷിക്കുന്ന എന്റെ കരങ്ങളിൽനിന്ന് രക്ഷപ്പെടില്ല. ഇവർ ദുഷ്ടരാണ്, ദൈവത്തെ എതിർക്കുന്നവരും ഒരിക്കലും സന്തോഷത്തോടെ ക്രിസ്തുവിനെ അനുസരിക്കാത്തവരും ഇവരാണ്. തീർച്ചയായും അവരുടെ കൂട്ടത്തിൽ ക്രിസ്തുവിനെ അറിയാത്തവരും അവനെ അംഗീകരിക്കാത്തവരും ഉണ്ട്. സ്വർഗസ്ഥനായ ദൈവത്തോട് കൂറു പുലർത്തുന്നിടത്തോളം നിനക്ക് തോന്നിയതുപോലെ ക്രിസ്തുവിനോടു പ്രവർത്തിക്കാം എന്നു കരുതുന്നുണ്ടോ? തെറ്റ്! ക്രിസ്തുവിനെ കുറിച്ചുള്ള നിന്റെ അജ്ഞത സ്വർഗസ്ഥനായ ദൈവത്തെ കുറിച്ചുള്ള അജ്ഞത തന്നെയാണ്. സ്വർഗസ്ഥനായ ദൈവത്തോട് നിനക്ക് എത്ര കൂറുണ്ടെങ്കിലും, അതെല്ലാം വീൺവാക്കും പ്രഹസനവുമാണ്. കാരണം ഭൂമിയിലെ ദൈവം മനുഷ്യന് സത്യവും അഗാധ ജ്ഞാനവും ലഭിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു എന്നു മാത്രമല്ല, മനുഷ്യനെ കുറ്റം വിധിക്കുന്നതിലും പിന്നീട് ദുഷ്ടന്മാരെ ശിക്ഷിക്കുന്നതിനുള്ള വസ്തുതകൾ സമാഹരിക്കുന്നതിലും വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു. ഇവിടെ പ്രയോജനകരവും ദോഷകരവുമായ ഫലങ്ങൾ നിനക്കു മനസ്സിലായോ? അവ നീ അനുഭവച്ചിട്ടുണ്ടോ? നിങ്ങൾ വൈകാതെ ഒരു ദിവസം ഈ സത്യം മനസ്സിലാക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു: ദൈവത്തെ അറിയാൻ നിങ്ങൾ സ്വർഗസ്ഥനായ ദൈവത്തെ മാത്രം അറിഞ്ഞാൽ പോരാ, അതിലും പ്രധാനമായി, ഭൂമിയിലെ ദൈവത്തെയും അറിയണം. നിങ്ങളുടെ മുൻഗണനകളെ ആശയക്കുഴപ്പത്തിലാക്കുകയോ പ്രധാനമായതിനെ മറികടക്കാൻ പ്രാധാന്യം കുറഞ്ഞതിനെ അനുവദിക്കുകയോ ചെയ്യരുത്. ഈ മാർഗത്തിൽ മാത്രമേ നിനക്ക് ദൈവവുമായി ഒരു നല്ല ബന്ധം വാസ്തവത്തിൽ കെട്ടിപ്പടുക്കാൻ സാധിക്കൂ, ദൈവത്തോട് കൂടുതൽ അടുക്കാൻ സാധിക്കൂ, നിന്റെ ഹൃദയത്തെ ദൈവത്തോട് അടുപ്പിക്കാൻ സാധിക്കൂ. നിരവധി വർഷങ്ങളായി നിങ്ങൾ വിശ്വാസിയായിരിക്കുകയും ദീർഘകാലമായി എന്നോടുള്ള സംസർഗ്ഗത്തിൽ ആയിരിക്കുകയും ചെയ്തിട്ടും എന്നിൽനിന്ന് അകലെ ആയിരിക്കുന്നെങ്കിൽ, ഞാൻ പറയും, നീ പലപ്പോഴും ദൈവത്തിന്റെ സ്വഭാവത്തെ പ്രകോപിപ്പിച്ചിരിക്കുന്നു, നിന്റെ അന്ത്യം കണക്കാക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും. പല വർഷങ്ങളിൽ എന്നോടു സംസർഗ്ഗം പുലർത്തിയിട്ടും നിന്നെ മനുഷ്യത്വവും സത്യവുമുള്ള വ്യക്തിയാക്കി മാറ്റുന്നതിൽ പരാജയപ്പെടുക മാത്രമാണ് ഉണ്ടായതെങ്കിൽ, അതിലുപരി, നിന്റെ ദുഷിച്ച വഴികളെ കൂടുതൽ രൂഢമൂലമാക്കുകയാണ് ചെയ്തതെങ്കിൽ, നിന്റെ അഹങ്കാരം പഴ‍യതിന്റെ ഇരട്ടിയാകുക മാത്രമല്ല, എന്നെക്കുറിച്ചുള്ള നിന്റെ തെറ്റിദ്ധാരണകൾ പെരുകി നീ എന്നെ നിന്റെ കൊച്ചു ചങ്ങാതിയായി കണക്കാക്കാൻ ഇടയായെങ്കിൽ ഞാൻ പറയുന്നു നിന്റെ രോഗം ഇപ്പോൾ തൊലിപ്പുറത്തുള്ളതല്ല, അസ്ഥികളിലേക്കുതന്നെ അത് ആഴ്ന്നിറങ്ങിയിരിക്കുന്നു. നിനക്ക് ഇനി ആകെ ചെയ്യാനുള്ളത് നിന്റെ ശവമടക്കിനുള്ള ഒരുക്കത്തിനായി കാത്തിരിക്കുക മാത്രമാണ്. പിന്നെ നിന്റെ ദൈവമായിരിക്കാൻ നീ എന്നോടു യാചിക്കേണ്ടതില്ല, കാരണം നീ മരണം അർഹിക്കുന്ന പാപം, അക്ഷന്തവ്യ പാപം ചെയ്തിരിക്കുന്നു. നിന്നോട് എനിക്കു ദയ തോന്നിയാലും സ്വർഗസ്ഥ ദൈവം നിന്റെ ജീവനെടുക്കാൻ ശഠിക്കും. കാരണം ദൈവത്തിന്റെ സ്വഭാവത്തിനെതിരായ നിന്റെ അതിക്രമം ഒരു സാധാരണ പ്രശ്നമല്ല, അതീവ ഗുരുതരമായ ഒന്നാണ്. സമയമടുക്കുമ്പോൾ, നിന്നോടു മുൻകൂട്ടി പറയാത്തതിന് എന്നെ പഴിക്കരുത്. സകലതിന്റെയും സാരം ഇതാണ്: നീ ഭൂമിയിലെ ദൈവമായ ക്രിസ്തുവിനോട്, ഒരു സാധരണ വ്യക്തിയോടെന്ന പോലെ, സഹവസിക്കുമ്പോൾ, അതായത്, ഈ ദൈവം കേവലമൊരു വ്യക്തിയല്ലാതെ മറ്റൊന്നുമല്ല എന്നു നീ വിശ്വസിക്കുമ്പോൾ, അപ്പോഴാണ് നീ നശിച്ചുപോകുക. ഇതാണ് നിങ്ങൾ ഏവർക്കുമുള്ള എന്റെ ഒരേയൊരു താക്കീത്.

മുമ്പത്തേത്: ദൈവത്തിന്റെ പ്രകൃതം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്

അടുത്തത്: വളരെ ഗൗരവമുള്ള ഒരു പ്രശ്നം: വഞ്ചന (1)

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക