വളരെ ഗൗരവമുള്ള ഒരു പ്രശ്നം: വഞ്ചന (1)

വളരെ വേഗം എന്റെ വേല പൂർത്തിയാകും, ഒരുമിച്ച് ചെലവിട്ട ഒരുപാട് വർഷങ്ങൾ താങ്ങാനാവാത്ത ഓർമയായിത്തീർന്നിരിക്കുന്നു. ഞാൻ എന്റെ വചനങ്ങൾ നിരന്തരം ആവർത്തിക്കുകയും നിരന്തരം എന്റെ പുതിയ വേലയുടെ ചുരുളഴിക്കുകയും ചെയ്തിട്ടുണ്ട്. തീർച്ചയായും, ഞാൻ ചെയ്യുന്ന ഓരോ വേലയുടെയും അനിവാര്യ ഘടകമാണ് എന്റെ ഉപദേശം. എന്റെ ഉപദേശം കൂടാതെ, നിങ്ങൾ എല്ലാവരും വഴിതെറ്റിപ്പോവുകയും സ്വയം നഷ്ടപ്പെടുക പോലും ചെയ്യും. എന്റെ വേല അവസാനിക്കാറായിരിക്കുന്നു, അതിന്റെ അവസാന ഘട്ടത്തിലാണ്. ഉപദേശം നൽകുന്ന വേല നിർവഹിക്കാൻ ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു, അതായത്, നിങ്ങൾക്ക് കേൾക്കാനായി ഉപദേശത്തിന്റെ വചനങ്ങൾ നൽകാൻ. എന്റെ പരിശ്രമം പാഴായിപ്പോകാതെ ശ്രദ്ധിക്കാൻ നിങ്ങൾക്ക് കഴിയണമെന്നും അതിലുപരിയായി, ഞാൻ കാണിച്ച ശ്രദ്ധാപൂർവമായ കരുതൽ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയണമെന്നും ഒരു മനുഷ്യൻ എന്ന നിലയിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനമായി എന്റെ വചനങ്ങളെ പരിഗണിക്കണമെന്നും മാത്രം ഞാൻ പ്രതീക്ഷിക്കുന്നു. അവ നിങ്ങൾ ശ്രവിക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വചനങ്ങളാണെങ്കിലും അല്ലെങ്കിലും, അവ സ്വീകരിക്കുന്നത് നിങ്ങൾ ആസ്വദിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, അല്ലെങ്കിൽ അസ്വസ്ഥതയോടെ മാത്രമേ അവയെ സ്വീകരിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുള്ളൂ എങ്കിലും നിങ്ങൾ അവയെ ഗൗരവമായി പരിഗണിക്കണം. അല്ലാത്തപക്ഷം, നിങ്ങളുടെ ഗൗരവമില്ലാത്തതും ഉദാസീനവുമായ പ്രകൃതങ്ങളും പെരുമാറ്റങ്ങളും എന്നെ ഗുരുതരമായി അസ്വസ്ഥനാക്കുകയും തീർച്ചയായും എന്നിൽ വെറുപ്പുളവാക്കുകയും ചെയ്യും. നിങ്ങൾക്കെല്ലാവർക്കും എന്റെ വചനങ്ങൾ വീണ്ടും വീണ്ടും—ആയിരക്കണക്കിന് തവണ—വായിക്കാൻ കഴിയുമെന്നും നിങ്ങൾ അവ മനഃപാഠമാക്കുമെന്നു പോലും ഞാൻ വളരെയേറെ പ്രതീക്ഷിക്കുന്നു. ഈ വിധത്തിൽ മാത്രമേ നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകൾ തകർക്കാതിരിക്കാൻ നിങ്ങൾക്ക് കഴിയൂ. എന്നിരുന്നാലും, നിങ്ങളാരും ഇപ്പോൾ ഇതുപോലെ ജീവിക്കുന്നില്ല. നേരെമറിച്ച്, നിങ്ങൾ എല്ലാവരും ഒരു ദുഷിച്ച ജീവിതത്തിൽ മുങ്ങിക്കിടക്കുകയാണ്, മതിവരുവോളം തിന്നുകയും കുടിക്കുകയും ചെയ്യുന്ന ഒരു ജീവിതം, സ്വന്തം ഹൃദയത്തെയും ആത്മാവിനെയും സമ്പന്നമാക്കാൻ നിങ്ങളാരും എന്റെ വചനങ്ങൾ ഉപയോഗിക്കുന്നില്ല. ഇക്കാരണത്താൽ, മനുഷ്യവർഗത്തിന്റെ ശരിക്കുള്ള മുഖത്തെക്കുറിച്ച് ഞാൻ ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്: എപ്പോൾ വേണമെങ്കിലും എന്നെ വഞ്ചിക്കാൻ മനുഷ്യന് കഴിയും, എന്റെ വചനങ്ങളോട് പൂർണമായും വിശ്വസ്തനാകാൻ ആർക്കും കഴിയില്ല.

“സാത്താൻ വളരെയേറെ ദുഷിപ്പിച്ചു കഴിഞ്ഞതിനാൽ മനുഷ്യന് ഇപ്പോൾ മനുഷ്യന്റെ രൂപം ഇല്ല.” ഭൂരിപക്ഷം ആളുകളും ഇപ്പോൾ ഈ വാക്യം ഒരു പരിധി വരെ മനസ്സിലാക്കുന്നുണ്ട്. ഞാൻ പരാമർശിച്ച ഈ “മനസ്സിലാക്കൽ” എന്നത് യഥാർഥ അറിവിനു വിരുദ്ധമായി ഒരുതരം ഉപരിപ്ലവമായ അംഗീകരിക്കൽ മാത്രമായതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്. കൃത്യമായി സ്വയം വിലയിരുത്താനോ സ്വയം വിശകലനം ചെയ്യാനോ നിങ്ങളിൽ ആർക്കും കഴിയാത്തതിനാൽ, എന്റെ വാക്കുകളെക്കുറിച്ച് നിങ്ങൾ സന്ദിഗ്ധതയിൽ തുടരുന്നു. എന്നാൽ ഇപ്പോൾ, നിങ്ങളുടെ ഉള്ളിൽ നിലനിൽക്കുന്ന ഏറ്റവും ഗുരുതരമായ ഒരു പ്രശ്‌നം വിശദീകരിക്കാൻ ഞാൻ വസ്തുതകൾ ഉപയോഗിക്കുന്നു. ആ പ്രശ്‌നം വഞ്ചനയാണ്. “വഞ്ചന” എന്ന വാക്ക് നിങ്ങൾക്കെല്ലാം പരിചിതമാണ്, കാരണം മിക്കവരും മറ്റൊരാളെ വഞ്ചിക്കുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ട്, ഭർത്താവ് ഭാര്യയെ വഞ്ചിക്കുന്നു, ഭാര്യ ഭർത്താവിനെ വഞ്ചിക്കുന്നു, മകൻ പിതാവിനെ വഞ്ചിക്കുന്നു, മകൾ അമ്മയെ വഞ്ചിക്കുന്നു, അടിമ തന്റെ യജമാനനെ വഞ്ചിക്കുന്നു, സുഹൃത്തുക്കൾ പരസ്പരം വഞ്ചിക്കുന്നു, ബന്ധുക്കൾ പരസ്പരം വഞ്ചിക്കുന്നു, വില്പനക്കാർ വാങ്ങുന്നവരെ വഞ്ചിക്കുന്നു എന്നിങ്ങനെ. ഈ ഉദാഹരണങ്ങളിലെല്ലാം വഞ്ചനയുടെ സത്ത അടങ്ങിയിരിക്കുന്നു. ചുരുക്കത്തിൽ, വഞ്ചന എന്നത് ഒരു വാഗ്ദാനം ലംഘിക്കുന്ന, ധാർമിക തത്ത്വങ്ങൾ ലംഘിക്കുന്ന, അല്ലെങ്കിൽ മനുഷ്യന്റെ ധാർമികതയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന, മനുഷ്യത്വത്തിന്റെ നഷ്ടം പ്രകടമാക്കുന്ന ഒരു തരം പെരുമാറ്റമാണ്. പൊതുവായി പറഞ്ഞാൽ, മറ്റൊരു വ്യക്തിയെ വഞ്ചിക്കുന്നതിനായി നീ എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് നീ ഓർക്കുന്നുണ്ടെങ്കിലും ശരി, അല്ലെങ്കിൽ മുമ്പ് പലതവണ നീ മറ്റുള്ളവരെ വഞ്ചിച്ചിട്ടുണ്ടെങ്കിലും ശരി, ഈ ലോകത്ത് ജനിച്ച ഒരു മനുഷ്യനെന്ന നിലയിൽ, സത്യത്തെ വഞ്ചിക്കുന്നതായ ഒരു കാര്യം നീ ചെയ്തിട്ടുണ്ടായിരിക്കും. നിന്റെ മാതാപിതാക്കളെയോ സുഹൃത്തുക്കളെയോ വഞ്ചിക്കാൻ നീ പ്രാപ്തനാണ് എന്നതിനാൽ, മറ്റുള്ളവരെ വഞ്ചിക്കാനും നീ പ്രാപ്തനാണ്, അതിലുപരി, എന്നെ വഞ്ചിക്കാനും ഞാൻ വെറുക്കുന്ന കാര്യങ്ങൾ ചെയ്യാനും നീ പ്രാപ്തനാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വഞ്ചന എന്നത് കേവലം ഉപരിപ്ലവമായ അധാർമിക പെരുമാറ്റമല്ല, മറിച്ച് സത്യവുമായി പൊരുത്തപ്പെടാത്ത ഒന്നാണ്. എന്നോടുള്ള മനുഷ്യവർഗത്തിന്റെ എതിർപ്പിന്റെയും അനുസരണക്കേടിന്റെയും കൃത്യമായ ഉറവിടം ഇതാണ്. അതുകൊണ്ടാണ് ഞാൻ ഇനിപ്പറയുന്ന പ്രസ്താവനയിൽ ഇത് സംഗ്രഹിച്ചിട്ടുള്ളത്: വഞ്ചന മനുഷ്യന്റെ പ്രകൃതമാണ്, ഓരോ വ്യക്തിയുടെയും ഞാനുമായുള്ള യോജിപ്പിന്റെ വലിയ ശത്രുവുമാണ് ഈ പ്രകൃതം.

എന്നെ പൂർണമായും അനുസരിക്കാൻ കഴിയാത്ത പെരുമാറ്റം വഞ്ചനയാണ്. എന്നോട് വിശ്വസ്തത പുലർത്താൻ കഴിയാത്ത പെരുമാറ്റം വഞ്ചനയാണ്. എന്നെ കബളിപ്പിക്കുന്നതും എന്നെ ചതിക്കാൻ നുണകൾ ഉപയോഗിക്കുന്നതും വഞ്ചനയാണ്. ഒരുപാട് സങ്കൽപ്പങ്ങൾ പുലർത്തുന്നതും അവ എല്ലായിടത്തും പ്രചരിപ്പിക്കുന്നതും വഞ്ചനയാണ്. എന്റെ സാക്ഷ്യങ്ങളും താത്പര്യങ്ങളും ഉയർത്തിപ്പിടിക്കാൻ കഴിയാതിരിക്കുന്നത് വഞ്ചനയാണ്. ഹൃദയത്തിൽ എന്നിൽനിന്ന് അകലെയായിരിക്കുമ്പോഴും കപടമായ പുഞ്ചിരി നൽകുന്നത് വഞ്ചനയാണ്. ഇവയെല്ലാം നിങ്ങൾക്ക് എല്ലായ്‌പ്പോഴും ചെയ്യാൻ പ്രാപ്തിയുള്ള വഞ്ചനാ പ്രവൃത്തികളാണ്, അവ നിങ്ങൾക്കിടയിൽ സാധാരണവുമാണ്. നിങ്ങളിലാരും ഇത് ഒരു പ്രശ്നമായി കരുതുന്നില്ല, പക്ഷേ ഞാൻ അതല്ല കരുതുന്നത്. ഒരു വ്യക്തി എന്നെ വഞ്ചിക്കുന്നത് ഒരു നിസ്സാര കാര്യമായി കണക്കാക്കാൻ എനിക്ക് കഴിയില്ല, തീർച്ചയായും എനിക്ക് അത് അവഗണിക്കാനും കഴിയില്ല. ഇപ്പോൾ, നിങ്ങളുടെ ഇടയിൽ ഞാൻ വേലയിൽ ഏർപ്പെട്ടിരിക്കുമ്പോൾ നിങ്ങൾ ഈ രീതിയിൽ പെരുമാറുന്നു—നിങ്ങളെ നിരീക്ഷിക്കാൻ ആരുമില്ലാത്ത ദിവസം വന്നാൽ രാജാക്കന്മാരായി സ്വയം പ്രഖ്യാപിച്ച കൊള്ളക്കാരെപ്പോലെ ആവുകയില്ലേ നിങ്ങൾ? അത് സംഭവിക്കുകയും ഒരു മഹാദുരന്തത്തിന് നിങ്ങൾ ഹേതുവാകുകയും ചെയ്യുമ്പോൾ, നിങ്ങൾക്കു പിന്നാലെ അതൊക്കെ പരിഹരിക്കാൻ അവിടെ ആരുണ്ടാവും? ചില വഞ്ചനകൾ വെറും യാദൃച്ഛികമായ സംഭവങ്ങളാണെന്നും നിങ്ങളുടെ സ്ഥായിയായ സ്വഭാവമല്ലെന്നും, നിങ്ങളുടെ അഭിമാനം മുറിപ്പെടുന്ന രീതിയിൽ അത്ര തീവ്രതയോടെ ചർച്ച ചെയ്യേണ്ട കാര്യമല്ലെന്നും നിങ്ങൾ കരുതുന്നു. നിങ്ങൾ ശരിക്കും അങ്ങനെ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് ബോധമില്ല. അങ്ങനെ ചിന്തിക്കുക എന്നത് മത്സരത്തിന്റെ ഒരു ദൃഷ്ടാന്തവും മാതൃകയും ആകുക എന്നതാണ്. മനുഷ്യന്റെ പ്രകൃതം അവന്റെ ജീവിതമാണ്; അതിജീവിക്കുന്നതിനായി അവൻ ആശ്രയിക്കുന്ന ഒരു തത്ത്വമാണത്, അവന് അത് മാറ്റാൻ കഴിയില്ല. ഇതുതന്നെയാണ് വഞ്ചനയുടെ പ്രകൃതവും—ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ വഞ്ചിക്കാനായി നിനക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ, അത് നിന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും നിനക്ക് ജന്മനാ ഉള്ള പ്രകൃതമാണെന്നും ഇത് തെളിയിക്കുന്നു. ഇത് ആർക്കും നിഷേധിക്കാനാവാത്ത കാര്യമാണ്. ഉദാഹരണത്തിന്, മറ്റുള്ളവരിൽ നിന്ന് മോഷ്ടിക്കുന്നത് ഒരു വ്യക്തി ആസ്വദിക്കുന്നുവെങ്കിൽ, ഈ “മോഷ്ടിക്കുന്നതിന്റെ ആനന്ദം” അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്, അവർ ചിലപ്പോൾ മോഷ്ടിക്കുകയും ചിലപ്പോൾ മോഷ്ടിക്കാതിരിക്കുകയും ചെയ്യുമെങ്കിലും. അവർ മോഷ്ടിച്ചാലും ഇല്ലെങ്കിലും, അവരുടെ മോഷണം ഒരുതരം പെരുമാറ്റം മാത്രമാണെന്ന് തെളിയിക്കാൻ ഇതിന് കഴിയില്ല. മറിച്ച്, മോഷണം അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് അത് തെളിയിക്കുന്നു—അതായത് അവരുടെ പ്രകൃതം. ചിലർ ചോദിക്കും: അത് അവരുടെ പ്രകൃതമാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് നല്ല വസ്തുക്കൾ കാണുമ്പോൾ ചിലപ്പോൾ അവർ മോഷ്ടിക്കാത്തത്? ഉത്തരം വളരെ ലളിതമാണ്. അവർ മോഷ്ടിക്കാത്തതിന് നിരവധി കാരണങ്ങളുണ്ട്. ജാഗരൂകമായി കാക്കുന്ന കണ്ണുകൾക്കു കീഴിൽ നിന്ന് തട്ടിയെടുക്കാൻ കഴിയാത്തത്ര അത് വലുതായതുകൊണ്ടോ അല്ലെങ്കിൽ മോഷ്ടിക്കാൻ യോജ്യമായ സമയം ഇല്ലാത്തതുകൊണ്ടോ അല്ലെങ്കിൽ കനത്ത കാവലിൽ ഉള്ള ഏതെങ്കിലും വളരെ വിലയേറിയ വസ്തു ആയതുകൊണ്ടോ അല്ലെങ്കിൽ ഒരുപക്ഷേ, അവർക്ക് അതിൽ പ്രത്യേക താത്പര്യം ഇല്ലാത്തതുകൊണ്ടോ ആ വസ്തുകൊണ്ട് എന്ത് പ്രയോജനമുണ്ടാകാമെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടോ ഒക്കെ അവർ ചില വസ്തുക്കൾ മോഷ്ടിച്ചേക്കില്ല. ഇവയെല്ലാം സാധ്യതയുള്ള കാരണങ്ങളാണ്. എന്തായാലും ശരി, അവർ എന്തെങ്കിലും മോഷ്ടിച്ചാലും ഇല്ലെങ്കിലും ശരി, നൈമിഷികമായ ഒരു താത്കാലിക ചിന്തയായി മാത്രമേ അത് നിലനിൽക്കുന്നുള്ളൂ എന്ന് തെളിയിക്കാൻ അതിന് കഴിയില്ല. നേരെമറിച്ച്, അത് അവരുടെ പ്രകൃതത്തിന്റെ നേരെയാക്കാൻ പ്രയാസമുള്ള ഒരു ഭാഗമാണ്. അത്തരമൊരു വ്യക്തി ഒരു തവണ മാത്രം മോഷ്ടിക്കുന്നതിൽ സംതൃപ്തനല്ല; നല്ലതെന്തെങ്കിലും കാണാൻ ഇടവരുമ്പോഴൊക്കെ, അല്ലെങ്കിൽ അനുയോജ്യമായ സാഹചര്യം ഉണ്ടാകുമ്പോഴൊക്കെ മറ്റുള്ളവരുടെ സ്വത്തുക്കൾ സ്വന്തമാക്കാനുള്ള അത്തരം ചിന്തകൾ അവരിൽ ഉണ്ടാകുന്നു. അതുകൊണ്ടാണ് ഈ ചിന്ത വല്ലപ്പോഴുമൊക്കെ ഉണ്ടാകുന്ന ഒന്നല്ല, മറിച്ച് ഈ വ്യക്തിയുടെ സ്വന്തം പ്രകൃതത്തിലുള്ളതാണ് എന്ന് ഞാൻ പറയുന്നത്.

അവരവരുടെ ശരിക്കുമുള്ള മുഖത്തെ സ്വന്തം വാക്കുകളും പ്രവൃത്തികളും ആർക്കും ഉപയോഗിക്കാം. ശരിക്കുമുള്ള ഈ മുഖം, തീർച്ചയായും അവരുടെ പ്രകൃതമാണ്. നീ വക്രമായ ശൈലിയിൽ സംസാരിക്കുന്ന ഒരാളാണെങ്കിൽ, നിനക്ക് ഒരു വക്രപ്രകൃതമുണ്ട്. നിന്റെ പ്രകൃതം തന്ത്രപരമാണെങ്കിൽ, നീ കൗശലത്തോടെ പ്രവർത്തിക്കുന്നു, മറ്റുള്ളവരെ നീ വളരെ എളുപ്പത്തിൽ കബളിപ്പിക്കുന്നു. നിന്റെ പ്രകൃതം കുടിലമാണെങ്കിൽ, നിന്റെ വാക്കുകൾ കേൾക്കാൻ സുഖകരമായിരിക്കാം, പക്ഷേ നിന്റെ കുടിലതന്ത്രങ്ങളെ മറയ്ക്കാൻ നിന്റെ പ്രവൃത്തികൾക്ക് സാധിക്കില്ല. നിന്റെ പ്രകൃതം അലസമാണെങ്കിൽ നിന്റെ ഉദാസീനതയുടെയും അലസതയുടെയും ഉത്തരവാദിത്തം ഒഴിവാക്കുന്നതിനു വേണ്ടി ആയിരിക്കും നീ പറയുന്നതെല്ലാം, നിന്റെ പ്രവൃത്തികളെല്ലാം മന്ദവും ഉദാസീനവും സത്യത്തെ ഒളിപ്പിക്കുന്നതിൽ അവ തികച്ചും സമർഥവുമായിരിക്കും. നിന്റെ പ്രകൃതം സഹാനുഭൂതിയുള്ളതാണ് എങ്കിൽ, നിന്റെ വാക്കുകൾ വിവേകപൂർണമായിരിക്കും, നിന്റെ പ്രവർത്തനങ്ങളും സത്യവുമായി നന്നായി പൊരുത്തപ്പെടും. നിന്റെ പ്രകൃതം വിശ്വസ്തമാണെങ്കിൽ, നിന്റെ വാക്കുകൾ തീർച്ചയായും ആത്മാർഥവും നീ പ്രവർത്തിക്കുന്ന രീതി സന്തുലിതവും വിവേകപൂർണവും നിന്റെ യജമാനനെ അസ്വസ്ഥനാക്കാത്തതുമാണ്. നിന്റെ പ്രകൃതം അത്യാശ നിറഞ്ഞതോ അല്ലെങ്കിൽ പണത്തോട് അത്യാഗ്രഹമുള്ളതോ ആണെങ്കിൽ, നിന്റെ ഹൃദയം പലപ്പോഴും ഇക്കാര്യങ്ങൾ കൊണ്ട് നിറയും, ആളുകൾ എളുപ്പം മറക്കാത്തതും ആളുകളെ വെറുപ്പിക്കുന്നതുമായ അധാർമികവും വഴിപിഴച്ചതുമായ പ്രവർത്തനങ്ങൾ നീ ബുദ്ധിഹീനമായി ചെയ്യും. ഞാൻ പറഞ്ഞതുപോലെ, നിനക്ക് വഞ്ചനയുടെ ഒരു പ്രകൃതമുണ്ടെങ്കിൽ, അതിൽ നിന്ന് എളുപ്പത്തിൽ സ്വയം ഒഴിഞ്ഞുമാറാൻ നിനക്ക് സാധിക്കില്ല. മറ്റുള്ളവരോട് നീ അന്യായം ചെയ്തിട്ടില്ലെങ്കിൽ, വഞ്ചനയുടെ പ്രകൃതം നിന്നിലില്ലാത്ത ഭാഗ്യവാനാണ് നീ എന്ന് കരുതരുത്. നീ ചിന്തിക്കുന്നത് അതാണെങ്കിൽ നീ ശരിക്കും വെറുപ്പുളവാക്കുന്നവനാണ്. എന്റെ എല്ലാ വചനങ്ങളും, ഞാൻ അരുളിച്ചെയ്യുന്ന ഓരോ സമയത്തും, ഒരു വ്യക്തിയെയോ അല്ലെങ്കിൽ ഒരു തരം വ്യക്തിയെയോ മാത്രമല്ല എല്ലാ ആളുകളെയും ലക്ഷ്യം വച്ചുള്ളതാണ്. ഒരു കാര്യത്തിൽ നീ എന്നെ വഞ്ചിച്ചിട്ടില്ല എന്നതിനാൽ മറ്റൊരു വിഷയത്തിൽ നിനക്ക് എന്നെ വഞ്ചിക്കാൻ കഴിയില്ലെന്ന് അത് തെളിയിക്കുന്നില്ല. ദാമ്പത്യത്തിൽ തിരിച്ചടികൾ ഉണ്ടാകുമ്പോൾ ചില ആളുകൾക്ക് സത്യം തേടുന്നതിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നു. എന്നോട് വിശ്വസ്തത പുലർത്താനുള്ള ബാധ്യത കുടുംബം തകരുന്ന സമയത്ത് ചിലർ ഉപേക്ഷിക്കുന്നു. ഒരു നിമിഷത്തിന്റെ ആനന്ദവും ആവേശവും തേടുന്നതിനായി ചില ആളുകൾ എന്നെ ഉപേക്ഷിക്കുന്നു. വെളിച്ചത്തിൽ ജീവിക്കുന്നതിനെക്കാളും പരിശുദ്ധാത്മാവിന്റെ വേലയിൽ ആനന്ദം നേടുന്നതിനെക്കാളും ഇരുണ്ട മലയിടുക്കിലേക്ക് വീഴാൻ ചില ആളുകൾ ആഗ്രഹിക്കുന്നു. സമ്പത്തിനോടുള്ള അഭിനിവേശത്തെ തൃപ്തിപ്പെടുത്തുന്നതിനായി ചില ആളുകൾ സുഹൃത്തുക്കളുടെ ഉപദേശം അവഗണിക്കുന്നു, മാത്രമല്ല സ്വന്തം തെറ്റ് അംഗീകരിക്കുന്നതിനും സ്വന്തം വഴി മാറ്റാനും അവർക്ക് ഇപ്പോഴും സാധിക്കുന്നുമില്ല. എന്റെ സംരക്ഷണം സ്വീകരിക്കുന്നതിനായി ചില ആളുകൾ എന്റെ നാമത്തിൻ കീഴിൽ താത്കാലികമായി ജീവിക്കുന്നു, അതേസമയം മറ്റു ചിലർ നിർബന്ധത്തിനു വഴങ്ങി വളരെക്കുറച്ചു മാത്രം എനിക്കുവേണ്ടി സമർപ്പിക്കുന്നു, കാരണം അവർ ജീവിതത്തെ അള്ളിപ്പിടിക്കുകയും മരണത്തെ ഭയപ്പെടുകയും ചെയ്യുന്നു. ഇവയും മറ്റ് അധാർമികവും അതിലുപരി അന്തസ്സില്ലാത്തതുമായ പ്രവൃത്തികളും സ്വന്തം ഹൃദയങ്ങളുടെ ആഴത്തിൽ ആളുകൾ ഏറെക്കാലമായി എന്നെ വഞ്ചിക്കാൻ ഉപയോഗിച്ച പെരുമാറ്റങ്ങളല്ലേ? എന്നെ വഞ്ചിക്കാൻ ആളുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നില്ലെന്ന് തീർച്ചയായും എനിക്കറിയാം; അവരുടെ വഞ്ചന അവരുടെ പ്രകൃതത്തിന്റെ സ്വാഭാവിക വെളിപ്പെടുത്തലാണ്. എന്നെ വഞ്ചിക്കാൻ ആരും ആഗ്രഹിക്കുന്നില്ല, എന്നെ വഞ്ചിക്കുന്നതിനായി എന്തെങ്കിലും ചെയ്തതുകൊണ്ട് ആരും സന്തുഷ്ടരാകുന്നുമില്ല. നേരെമറിച്ച്, അവർ ഭയന്ന് വിറയ്ക്കുന്നു, അല്ലേ? അതിനാൽ, ഈ വഞ്ചനകൾക്ക് എങ്ങനെ പ്രായശ്ചിത്തം ചെയ്യാമെന്നും നിലവിലെ സ്ഥിതി എങ്ങനെ മാറ്റാം എന്നും നിങ്ങൾ ചിന്തിക്കുന്നുണ്ടോ?

മുമ്പത്തേത്: ഭൂമിയിലെ ദൈവത്തെ അറിയുന്നത് എങ്ങനെ?

അടുത്തത്: വളരെ ഗൗരവമുള്ള ഒരു പ്രശ്നം: വഞ്ചന (2)

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക