ദൈവത്തിന്റെ പ്രകൃതം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്

നിങ്ങൾ നേടണമെന്ന് ഞാൻ പ്രതീക്ഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. എന്നാൽ നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളിലും ഞാൻ ആവശ്യപ്പെടുന്നത് നിറവേറ്റാൻ കഴിയുന്നില്ല. അതിനാൽ വളച്ചുകെട്ടില്ലാതെ പറയുകയും എന്റെ ഹിതം നിങ്ങളോട് വിശദീകരിക്കുകയുമല്ലാതെ എനിക്ക് വേറെ മാർഗ്ഗമില്ല. നിങ്ങളുടെ വിവേചനബുദ്ധി ദരിദ്രമാണ്. അതുപോലെ തന്നെ നിങ്ങളുടെ മൂല്യനിർണ്ണയശേഷിയും ദരിദ്രമാണെന്നതുകൊണ്ട് എന്റെ പ്രകൃതത്തെക്കുറിച്ചും പൊരുളിനെക്കുറിച്ചും നിങ്ങൾ പാടേ അജ്ഞരാണെന്നു പറയാം—അതുകൊണ്ട് അവയെക്കുറിച്ച് ഞാൻ നിങ്ങളെ അറിയിക്കേണ്ടത് വളരെ അടിയന്തരമാണ്. നീ നേരത്തേതന്നെ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ശരി, നീ ഇക്കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ശരി, ഞാൻ വിശദമായിത്തന്നെ അവ നിങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പൂർണ്ണമായും നിങ്ങൾക്ക് അന്യമല്ല, എന്നിരുന്നാലും അവ ഉൾക്കൊള്ളുന്ന അർത്ഥത്തെക്കുറിച്ച് നിങ്ങൾക്കു വേണ്ടത്ര ഗ്രാഹ്യവും പരിചയവുമില്ല. നിങ്ങളിൽ പലർക്കും അവ്യക്തമായ ഒരു ഗ്രാഹ്യമേ ഉള്ളൂ, അതുപോലും ഭാഗികവും അപൂർണ്ണവുമാണ്. സത്യം കൂടുതൽ നന്നായി അനുഷ്ഠിക്കുവാൻ—എന്റെ വചനങ്ങൾ കൂടുതൽ നന്നായി അനുഷ്ഠിക്കുവാൻ—നിങ്ങളെ സഹായിക്കാൻ പ്രഥമവും പ്രധാനവുമായി നിങ്ങൾ ബോധവാന്മാരായിരിക്കേണ്ട വിഷയങ്ങൾ ഇവയാണെന്ന് ഞാൻ കരുതുന്നു. അങ്ങനെയല്ലെങ്കിൽ, നിങ്ങളുടെ വിശ്വാസം അവ്യക്തവും കപടവും മതത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ ഉള്ളതുമായി നിലനിൽക്കും. ദൈവപ്രകൃതത്തെക്കുറിച്ച് നീ മനസ്സിലാക്കുന്നില്ലെങ്കിൽ നീ അവനുവേണ്ടി ചെയ്യേണ്ട പ്രവൃത്തി ചെയ്യുന്നത് അസാധ്യമായിരിക്കും. ദൈവത്തിന്റെ സത്ത നീ അറിയുന്നില്ലെങ്കിൽ നിനക്ക് അവനോട് ഭയവും ബഹുമാനവും തോന്നുക അസാധ്യമായിത്തീരും; പകരം മനസ്സില്ലാമനസ്സോടെയുള്ള പ്രവൃത്തിയും ദ്വയാർത്ഥപ്രയോഗവും, അതിലുപരി തിരുത്താനാവാത്ത ദൈവനിന്ദയും മാത്രമേ ഉണ്ടാകൂ. ദൈവപ്രകൃതത്തെ മനസ്സിലാക്കുന്നത് വളരെ പ്രധാനമാണെങ്കിലും, ദൈവത്തിന്റെ സത്തയെ അറിയുന്നത് അവഗണിക്കാനാവാത്ത കാര്യമാണെങ്കിലും ഒരാളും ഇക്കാര്യങ്ങൾ ഇതുവരെ സമഗ്രമായി പരിശോധിക്കുകയോ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുകയോ ചെയ്തിട്ടില്ല. ഞാൻ പുറപ്പെടുവിച്ച ഭരണപരമായ ഉത്തരവുകൾ നിങ്ങളെല്ലാവരും തള്ളിക്കളഞ്ഞുവെന്നത് വ്യക്തമാണ്. ദൈവത്തിന്റെ പ്രകൃതത്തെ നിങ്ങൾ മനസ്സിലാക്കുന്നില്ല എങ്കിൽ നിങ്ങൾ അവന്റെ പ്രകൃതത്തെ അവഹേളിക്കാനുള്ള സാധ്യതയേറെയാണ്. അവന്റെ പ്രകൃതത്തെ അവഹേളിക്കുന്നത് ദൈവകോപത്തെ പ്രകോപിപ്പിക്കുന്നതിനു തുല്യമാണ്, അത്തരം സാഹചര്യത്തിൽ നിന്റെ പ്രവൃത്തികളുടെ ആത്യന്തിക ഫലം ഭരണപരമായ ഉത്തരവുകളുടെ ലംഘനമായിരിക്കും. ദൈവത്തിന്റെ സത്തയെ നീ അറിയുമ്പോൾ, അതുപോലെ നിനക്ക് അവന്റെ പ്രകൃതത്തേയും മനസ്സിലാക്കാൻ കഴിയുമെന്ന് നീ ഇപ്പോൾ തിരിച്ചറിയണം—നീ അവന്റെ പ്രകൃതത്തെ മനസ്സിലാക്കുമ്പോൾ അതുപോലെ ഭരണപരമായ ഉത്തരവുകളും നീ മനസ്സിലാക്കിയിരിക്കും. ഭരണപരമായ ഉത്തരവുകളിൽ ഉൾപ്പെട്ടിരിക്കുന്നതിലേറെയും ദൈവപ്രകൃതത്തെ സ്പർശിക്കുന്നതാണ് എന്നത് പറയേണ്ട ആവശ്യമില്ല. എന്നാൽ അവന്റെ പ്രകൃതത്തെ കുറിച്ചുള്ളതെല്ലാം ഭരണപരമായ ഉത്തരവുകളിൽ വെളിവാക്കിയിട്ടില്ല; അതുകൊണ്ട് ദൈവത്തിന്റെ പ്രകൃതത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് വിപുലമാക്കാൻ നിങ്ങൾ ഒരുപടി കൂടി മുന്നോട്ടുപോകേണ്ടതുണ്ട്.

സാധാരണ സംഭാഷണത്തിലേതു പോലെയല്ല ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ എന്റെ വചനങ്ങളെ ശ്രദ്ധയോടെ സമീപിക്കുന്നതും അതിലുപരി അവയെക്കുറിച്ച് ആഴത്തിൽ പരിചിന്തിക്കുന്നതും ഉചിതമായിരിക്കും. ഇതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് എന്തെന്നാൽ നിങ്ങൾ വളരെക്കുറച്ച് പരിശ്രമം മാത്രമേ ഞാൻ അരുളിചെയ്ത വചനങ്ങൾക്കായി അർപ്പിച്ചിട്ടുള്ളൂ. ദൈവപ്രകൃതത്തെക്കുറിച്ച് ചിന്തിക്കുന്നതിൻ നിങ്ങൾ അത്രപോലും തയ്യാറാകുന്നില്ല; ആരെങ്കിലും അതിനു ശ്രമിക്കുന്നതും വിരളമായാണ്. ഇക്കാരണത്താൽ ഞാൻ പറയുന്നു, നിങ്ങളുടെ വിശ്വാസം പൊള്ളയായ വാചകമടിക്കപ്പുറം ഒന്നുമല്ല. ഇപ്പോഴും നിങ്ങളിലൊരാൾ പോലും നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ബലഹീനതയ്ക്കായി ഗൗരവമായ ശ്രമങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. നിങ്ങൾക്കുവേണ്ടി ഞാൻ നടത്തിയ സകല പരിശ്രമങ്ങൾക്കും ശേഷവും നിങ്ങൾ എന്നെ നിരാശനാക്കി. ദൈവത്തെക്കുറിച്ച് നിങ്ങൾക്ക് ഒരു ചിന്തയുമില്ല എന്നതിലും നിങ്ങളുടെ ജീവിതം സത്യവുമായി ബന്ധമില്ലാത്തതാണ് എന്നതിലും ഒരത്ഭുതവുമില്ല. ഇത്തരം ആളുകളെ വിശുദ്ധരായി എങ്ങനെ കണക്കാക്കും? ഇത്തരമൊരു കാര്യം ദൈവത്തിന്റെ നിയമം സഹിക്കില്ല! നിങ്ങൾക്ക് ഇതിനെക്കുറിച്ച് വളരെക്കുറച്ച് അറിവേ ഉള്ളൂ എന്നതുകൊണ്ട് കൂടുതൽ സംസാരിക്കുക എന്നതല്ലാതെ എനിക്ക് വേറെ മാർഗമില്ല.

ദൈവത്തിന്റെ പ്രകൃതം എല്ലാവർക്കും വളരെ അമൂർത്തമെന്ന് തോന്നുന്ന ഒരു വിഷയമാണ്, മാത്രമല്ല, ആർക്കും അംഗീകരിക്കാൻ എളുപ്പമുള്ളതുമല്ല. കാരണം, അവന്റെ പ്രകൃതം ഒരു മനുഷ്യന്റെ വ്യക്തിത്വത്തിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ദൈവത്തിനും അവന്റേതായ ആനന്ദം, ദേഷ്യം, ദുഃഖം, സന്തോഷം തുടങ്ങിയ വികാരങ്ങളുണ്ട്. എന്നാൽ ഈ വികാരങ്ങൾ മനുഷ്യന്റേതു പോലെയല്ല. ദൈവം എന്താണോ അതാണ് അവൻ, അവനെന്തുണ്ടോ അത് തീർച്ചയായും അവന്റേതാണ്. അവന്റെ സത്തയെയും സ്വത്വത്തെയും പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങളാണ് അവൻ പ്രകടിപ്പിക്കുന്നതും വെളിവാക്കുന്നതുമെല്ലാം. അവൻ എന്താണ് എന്നതും അവന് എന്തുണ്ട് എന്നതും ഏതെങ്കിലും മനുഷ്യനാൽ മാറ്റിസ്ഥാപിക്കാനാകുന്ന കാര്യങ്ങളല്ല, അങ്ങനെ തന്നെയാണ് അവന്റെ സത്തയും സ്വത്വവും. മനുഷ്യരാശിയോട് അവനുള്ള സ്നേഹം, മനുഷ്യരാശിക്കുള്ള സാന്ത്വനം, മനുഷ്യരാശിയോടുള്ള വെറുപ്പ്, ഇതിലൊക്കെയുപരി മനുഷ്യരെക്കുറിച്ചുള്ള സമഗ്രമായ ഗ്രാഹ്യം ഇവയൊക്കെ ഉൾപ്പെട്ടതാണ് അവന്റെ പ്രകൃതം. എന്നിരുന്നാലും, മനുഷ്യന്റെ വ്യക്തിത്വം പ്രസാദാത്മകമോ ഊർജ്ജസ്വലമോ വികാരരഹിതമോ ആയിരിക്കാം. ദൈവത്തിന്റെ പ്രകൃതം സകലത്തിന്റെയും സമസ്ത ജീവജാലങ്ങളുടെയും ഭരണാധികാരിയുടേതാണ്, സകല സൃഷ്ടികളുടെയും കർത്താവിന്റേതുമാണ്. ബഹുമാനം, ശക്തി, കുലീനത, മഹത്വം, എല്ലാറ്റിനുമുപരി പരമാധികാരം എന്നിവയെ അവന്റെ പ്രകൃതം പ്രതിനിധീകരിക്കുന്നു. അവന്റെ പ്രകൃതം അധികാരത്തിന്റെ പ്രതീകമാണ്, നീതിമത്തായ എല്ലാറ്റിന്റെയും പ്രതീകമാണ്, നല്ലതും സുന്ദരവുമായ എല്ലാറ്റിന്റേയും പ്രതീകമാണത്. അതിലുപരി, അന്ധകാരത്താലോ ഏതെങ്കിലും ശത്രുസൈന്യത്താലോ പരാജയപ്പെടുത്താനോ കീഴ്പ്പെടുത്താനോ കഴിയാത്തവനാരാണോ[a] അവന്റെ പ്രതീകമാണ് അത്. അതുപോലെതന്നെ സൃഷ്ടിക്കപ്പെട്ട ഏതൊരു ജീവിയാലും അവഹേളിക്കപ്പെടാനാവാത്തത് ആരാണോ അവന്റെ പ്രതീകമാണ്, (സൃഷ്ടിക്കപ്പെട്ട ഏതെങ്കിലും ജീവികളാൽ അവഹേളിക്കപ്പെടുന്നത് അവൻ സഹിക്കുകയുമില്ല)[b]. അവന്റെ പ്രകൃതം പരമമായ ശക്തിയുടെ പ്രതീകമാണ്. ഒരു വ്യക്തിക്കോ വ്യക്തികൾക്കോ അവന്റെ വേലയ്ക്കോ പ്രകൃതത്തിനോ ഭംഗം വരുത്താൻ കഴിയില്ല. പക്ഷേ, മനുഷ്യന്റെ വ്യക്തിത്വം മൃഗങ്ങൾക്കുമേൽ മനുഷ്യനുള്ള നേരിയ മേധാവിത്വത്തിന്റെ വെറും പ്രതീകമല്ലാതെ മറ്റൊന്നുമല്ല. മനുഷ്യനു പ്രകൃത്യാ അധികാരമോ സ്വയംഭരണശേഷിയോ സ്വന്തം അവസ്ഥയിൽനിന്ന് ഉയരുന്നതിനുള്ള കഴിവോ ഇല്ല. എന്നാൽ മനുഷ്യന്റെ അന്തഃസത്ത എടുത്താൽ അവൻ എല്ലാത്തരം ആളുകൾക്കും സംഭവങ്ങൾക്കും കാര്യങ്ങൾക്കും താണുവണങ്ങുന്നവനാണ്. നീതിയുടെയും വെളിച്ചത്തിന്റേയും അസ്തിത്വവും ആഗമനവുമാണ് ദൈവത്തിന്റെ സന്തോഷത്തിനു കാരണം, അന്ധകാരവും തിന്മയും നശിപ്പിക്കപ്പെട്ടപ്പോഴാണ് അങ്ങനെ സംഭവിച്ചത്. മനുഷ്യരാശിക്ക് വെളിച്ചവും നല്ല ജീവിതവും കൊടുക്കുന്നതിൽ അവൻ ആനന്ദിക്കുന്നു; അവന്റെ ആനന്ദം നീതിപൂർവ്വമായ സന്തോഷമാണ്, അത് ക്രിയാത്മകമായ എല്ലാറ്റിന്റേയും നിലനിൽപ്പിന്റെ പ്രതീകമാണ്, അതിലുപരിയായി അത് ശുഭപ്രതീകമാണ്. ദൈവത്തിനു കോപം ഉണ്ടാകുന്നത് അനീതിയുടെ നിലനില്പും ഇടപെടലും അവന്റെ ജനതയ്ക്കുമേൽ വരുത്തുന്ന ദോഷം കാരണമാണ്, തിന്മയും അന്ധകാരവും നിലനില്ക്കുന്നതുകൊണ്ടാണ്, സത്യത്തെ പുറന്തള്ളുന്ന കാര്യങ്ങൾ നിലനില്ക്കുന്നതുകൊണ്ടാണ്, അതിലുപരി സുന്ദരവും ശ്രേഷ്ഠവുമായ കാര്യങ്ങളെ എതിർക്കുന്ന കാര്യങ്ങൾ ഉള്ളതുകൊണ്ടാണ്. നിഷേധാത്മകമായതൊന്നും നിലനില്ക്കുന്നില്ല എന്നതിന്റെയും, അതിലുപരി, അവന്റെ വിശുദ്ധിയുടേയും പ്രതീകമാണ് അവന്റെ കോപം. അവന്റെ ദുഃഖം മനുഷ്യവർഗം മൂലമാണ്, അവരിൽ അവൻ പ്രതീക്ഷകളുണ്ടായിട്ടും അവർ അന്ധകാരത്തിലേക്ക് വീണുപോയിരിക്കുന്നു. കാരണം, മനുഷ്യനിൽ ദൈവം ചെയ്യുന്ന വേല അവന്റെ പ്രതീക്ഷകൾക്കൊപ്പം എത്തുന്നില്ല. കാരണം, അവൻ സ്നേഹിക്കുന്ന മനുഷ്യർക്കെല്ലാം വെളിച്ചത്തിൽ ജീവിക്കാൻ കഴിയുന്നില്ല. നിഷ്കളങ്കരായ മനുഷ്യരോടും, സത്യസന്ധനെങ്കിലും അജ്ഞനായ മനുഷ്യനോടും, നല്ലവനെങ്കിലും സ്വന്തം കാഴ്ചപ്പാടുകളിൽ കുറവുകളുള്ള മനുഷ്യനോടും ദൈവത്തിനു ദുഃഖം തോന്നുന്നു. അവന്റെ ദുഃഖം അവന്റെ നന്മയുടേയും അവന്റെ കരുണയുടെയും പ്രതീകമാണ്, സൗന്ദര്യത്തിന്റെയും ദയയുടെയും പ്രതീകമാണത്. അവന്റെ ആനന്ദം, തീർച്ചയായും, അവന്റെ ശത്രുക്കളെ പരാജയപ്പെടുത്തുന്നതിലും മനുഷ്യന്റെ ഉദ്ദേശശുദ്ധിയുള്ള വിശ്വാസം വീണ്ടെടുക്കുന്നതിലുമാണ്. ഇതിനൊക്കെപ്പുറമെ, എല്ലാ ശത്രുശക്തികളെയും പുറത്താക്കുന്നതിലും നശിപ്പിക്കുന്നതിലും, അതിലൂടെ മനുഷ്യർക്കു നന്മനിറഞ്ഞതും സമാധാനപൂർണ്ണവുമായ ഒരു ജീവിതം ലഭ്യമാകുന്നു എന്നതിലുമാണ് ദൈവത്തിന്റെ സന്തോഷത്തിന്റെ ഉറവിടം. ദൈവത്തിന്റെ ആനന്ദം മനുഷ്യന്റെ സന്തോഷം പോലെയല്ല; മറിച്ച്, അത് നല്ല ഫലങ്ങൾ സ്വരൂപിക്കുന്നതിന്റെ അനുഭൂതിയാണ്, സന്തോഷത്തെക്കാൾ കൂടിയ വികാരമാണ്. മനുഷ്യവർഗ്ഗം ക്ലേശങ്ങളിൽനിന്ന് ഇപ്പോൾ മുതൽ മോചിതരാകുന്നതിന്റെ പ്രതീകമാണ് ദൈവത്തിന്റെ ആനന്ദം, മനുഷ്യരാശി വെളിച്ചത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നതിന്റെ പ്രതീകം കൂടിയാണത്. മറുവശത്ത്, മനുഷ്യരുടെ വികാരങ്ങളെല്ലാം ഉണ്ടാകുന്നത് അവരുടെതന്നെ താല്പര്യങ്ങർക്കു വേണ്ടിയാണ്, നീതിക്കോ വെളിച്ചത്തിനോ അല്ലെങ്കിൽ സുന്ദരമായതിനോ വേണ്ടിയല്ല, അത് ഒട്ടും സ്വർഗത്തിൽനിന്ന് ചൊരിയപ്പെടുന്ന കൃപയ്ക്ക് വേണ്ടിയുമല്ല. മനുഷ്യരാശിയുടെ വികാരങ്ങൾ സ്വാർത്ഥവും ഇരുട്ടിന്റെ ലോകത്തിന്റേതുമാണ്. അവ നിലകൊള്ളുന്നത് ദൈവഹിതത്തിനു വേണ്ടിയല്ല, അത്രപോലും ദൈവത്തിന്റെ പദ്ധതിക്കു വേണ്ടിയുമല്ല. അതുകൊണ്ട് ദൈവത്തെയും മനുഷ്യനെയും കുറിച്ച് ഒരേ വിധത്തിൽ സംസാരിക്കാനാവില്ല. ദൈവം എന്നെന്നേക്കും പരമോന്നതനും എക്കാലവും ബഹുമാന്യനുമാണ്, അതേസമയം മനുഷ്യൻ എന്നെന്നേക്കും ഹീനനും എക്കാലവും വിലകെട്ടവനുമാണ്. അതിന്റെ കാരണം ദൈവം എക്കാലവും മനുഷ്യവർഗത്തിനു വേണ്ടി ത്യാഗങ്ങൾ ചെയ്യുകയും സ്വയം സമർപ്പിക്കുകയും ചെയ്യുമ്പോൾ മനുഷ്യൻ എപ്പോഴും തനിക്കായി ഓരോന്ന് എടുക്കുകയും തനിക്കു വേണ്ടി മാത്രം പരിശ്രമിക്കുകയും ചെയ്യുന്നു എന്നതാണ്. ദൈവം മനുഷ്യരാശിയുടെ അതിജീവനത്തിനു വേണ്ടി എക്കാലവും കഠിനമായി പരിശ്രമിക്കുന്നു. എന്നാൽ മനുഷ്യൻ വെളിച്ചത്തിനു വേണ്ടിയോ നീതിക്കു വേണ്ടിയോ ഒരിക്കൽപോലും ഒന്നുംതന്നെ സംഭാവന നല്കുന്നില്ല. കുറച്ചു കാലത്തേക്ക് മനുഷ്യൻ ഒരു ശ്രമം നടത്തിയാൽ പോലും ചെറിയൊരു തിരിച്ചടി പോലും നേരിടാൻ പറ്റാത്തവിധം അത് ദുർബലമാണ്. കാരണം, മനുഷ്യന്റെ ശ്രമം എപ്പോഴും അവനവനു വേണ്ടിയാണ്, മറ്റുള്ളവർക്കു വേണ്ടിയല്ല. മനുഷ്യൻ എപ്പോഴും സ്വാർത്ഥനാണ്. അതേസമയം, ദൈവം എക്കാലവും നിസ്വാർത്ഥനും. ദൈവമാണ് നീതിനിഷ്ഠവും നന്മയുള്ളതും സുന്ദരവുമായ എല്ലാറ്റിന്റേയും ഉറവിടം, എന്നാൽ മനുഷ്യനാണ് എല്ലാ വൈകൃതവും തിന്മയും പ്രകടിപ്പിക്കുന്നവനും പിന്തുടരുന്നവനും. ദൈവം അവന്റെ സത്തയും സൗന്ദര്യവും നീതിയും ഒരിക്കലും മാറ്റുകയില്ല. എന്നാൽ നീതിയെ ഒറ്റിക്കൊടുക്കുന്നതിനും ദൈവത്തിൽനിന്ന് വളരെ ദൂരേക്കു വഴിതെറ്റിപ്പോകുന്നതിനും ഏത് സമയത്തും ഏത് സാഹചര്യത്തിലും തികച്ചും കഴിവുള്ളവനാണ് മനുഷ്യൻ.

ഞാൻ പറഞ്ഞിട്ടുള്ള ഓരോ വാചകത്തിലും ദൈവത്തിന്റെ പ്രകൃതം അടങ്ങിയിരിക്കുന്നു. നിങ്ങൾ എന്റെ വചനങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവ്വം ചിന്തിക്കുന്നത് നന്നായിരിക്കും, നിങ്ങൾക്കു തീർച്ചയായും അതുകൊണ്ട് വലിയ ഗുണമുണ്ടാകും. ദൈവത്തിന്റെ സത്ത ഗ്രഹിക്കുന്നതിന് വളരെ ബുദ്ധുമുട്ടാണ്. എന്നാൽ ദൈവത്തിന്റെ പ്രകൃതത്തെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും കുറച്ചെങ്കിലും ധാരണയുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ പ്രകൃതത്തെ അവഹേളിക്കാതെ കാര്യങ്ങൾ നിങ്ങൾ കൂടുതൽ ചെയ്യുമെന്നും അതെന്നെ കാണിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ അങ്ങനെ ചെയ്യുമ്പോഴാണ് എനിക്ക് ഉറപ്പ് ലഭിക്കുന്നത്. ഉദാഹരണത്തിന്, ദൈവത്തെ എല്ലായ്പ്പോഴും നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുക. അവന്റെ വചനങ്ങർക്ക് അനുസൃതമായി പ്രവർത്തിക്കുക. എല്ലാ കാര്യങ്ങളിലും അവന്റെ ഹിതം അന്വേഷിക്കുക. ദൈവത്തെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമായ കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് അകന്നുനില്ക്കുക. നിന്റെ ഹൃദയത്തിൽ ഭാവിയിലുണ്ടാകുന്ന ശൂന്യത നികത്താനായി ദൈവത്തിനെ നിന്റെ മനസ്സിന്റെ പിന്നാമ്പുറത്തേക്ക് തള്ളരുത്. നീ അങ്ങനെ ചെയ്താൽ അത് ദൈവത്തിന്റെ പ്രകൃതത്തെ അവഹേളിക്കലാകും. നിന്റെ ജീവിതകാലത്തിലുടനീളം നീ ദൈവനിന്ദാപരമായ കാര്യങ്ങൾ ഒരിക്കലും പറയുകയോ ജീവിതകാലത്തൊരിക്കലും ദൈവത്തിനെതിരെ പരാതിപ്പെടുകയോ ചെയ്തിട്ടില്ലെന്നും അവൻ നിന്നെ ഏല്പിച്ച എല്ലാ പ്രവൃത്തികളും നീ യഥാവിധം നിറവേറ്റിയിട്ടുണ്ടെന്നും ജീവിതത്തിലുടനീളം അവന്റെ എല്ലാ വചനങ്ങൾക്കും നീ സ്വയം സമർപ്പിച്ചിട്ടുണ്ടെന്നും കരുതുക. അങ്ങനെയെങ്കിൽ നീ ഭരണപരമായ ഉത്തരവുകൾ ലംഘിക്കുന്നത് ഒഴിവാക്കിയിട്ടുണ്ടാകും. ഉദാഹരണത്തിന്, “അവൻ ദൈവമാണെന്ന് ഞാൻ എന്തുകൊണ്ട് ചിന്തിക്കുന്നില്ല?”, “ഈ വചനങ്ങളെല്ലാം പരിശുദ്ധാത്മാവിന്റെ ചില ജ്ഞാനോദയമല്ലാതെ മറ്റൊന്നുമല്ല എന്നെനിക്ക് തോന്നുന്നു”, “എന്റെ അഭിപ്രായത്തിൽ ദൈവം ചെയ്യുന്നതെല്ലാം ശരിയായിക്കൊള്ളണമെന്നില്ല”, “ദൈവത്തിന്റെ മനുഷ്യപ്രകൃതി എന്റേതിനെക്കാൾ ശ്രേഷ്ഠമല്ലല്ലോ”, “ദൈവത്തിന്റെ വചനങ്ങൾ ഒട്ടും വിശ്വസനീയമല്ല”, നീ ഇതുപോലുള്ള അഭിപ്രായങ്ങളോ ഇതുപോലുള്ള വിമർശന പരാമർശങ്ങളോ നടത്തിയിട്ടുണ്ടെങ്കിൽ, നീ കൂടുതൽ തവണ നിന്റെ പാപങ്ങൾ ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കണമെന്ന് ഞാൻ നിന്നോട് പറയുന്നു. അല്ലാത്തപക്ഷം, ക്ഷമ ലഭിക്കാനുള്ള അവസരമേ നിനക്കുണ്ടാവില്ല, കാരണം നീ അവഹേളിച്ചത് ഒരു മനുഷ്യനെയല്ല, ദൈവത്തെയാണ്. ഒരു മനുഷ്യനെയാണ് വിധിക്കുന്നതെന്ന് നീ വിചാരിച്ചേക്കാം, എന്നാൽ ദൈവാത്മാവ് അതിനെ അങ്ങനെയല്ല കാണുന്നത്. അവന്റെ ജഡത്തോടുള്ള നിന്റെ അനാദരവ് അവനെത്തന്നെ അനാദരിക്കുന്നതിന് തുല്യമാണ്. ഇത് ഇങ്ങനെയായിരിക്കെ, നീ ദൈവപ്രകൃതത്തെ അവഹേളിച്ചിട്ടില്ലേ? ദൈവാത്മാവിനാൽ ചെയ്യപ്പെട്ട കാര്യങ്ങളെല്ലാം അവൻ ജഡത്തിൽ ചെയ്യുന്ന വേലയെ സംരക്ഷിക്കാനും ആ വേല നല്ലതുപോലെ നിവർത്തിക്കാനുമാണെന്ന് നീ ഓർക്കണം. നീ ഇത് അവഗണിച്ചാൽ, ദൈവത്തിൽ വിശ്വസിക്കുന്നതിൽ ഒരിക്കലും വിജയിക്കാൻ കഴിയാത്ത ഒരാളാണ് നീ എന്ന് ഞാൻ പറയും. കാരണം, നീ ദൈവത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. അതുകൊണ്ട്, നിന്നെ ഒരു പാഠം പഠിപ്പിക്കുന്നതിനായി അനുയോജ്യമായ ശിക്ഷ അവൻ ഉപയോഗിക്കും.

ദൈവത്തിന്റെ സത്തയെ അറിയാനിടയാവുക എന്നത് നിസ്സാര കാര്യമല്ല. അവന്റെ പ്രകൃതം നീ മനസ്സിലാക്കണം. ഈ വിധത്തിൽ ക്രമേണ നീ അറിയാതെതന്നെ ദൈവത്തിന്റെ സത്ത അറിയാനിടവരും. ഈ അറിവിലേക്ക് പ്രവേശിക്കുമ്പോൾ നീ കൂടുതൽ ഉന്നതവും സുന്ദരവുമായ ഒരു അവസ്ഥയിലേക്ക് കടക്കുന്നതായി കാണാം. ഒടുവിൽ, നിന്റെ അവജ്ഞ ഉളവാക്കുന്ന ദേഹിയെക്കുറിച്ച് നീ ലജ്ജിക്കേണ്ടിവരും, അതിലുപരി നാണക്കേടിൽനിന്ന് ഒളിക്കാനായി നിനക്ക് ഒരിടവുമില്ലെന്ന് നീ അറിയും. ആ സമയത്ത്, നിന്റെ പെരുമാറ്റത്തിൽ ദൈവപ്രകൃതത്തെ അവഹേളിക്കുന്ന കാര്യങ്ങൾ കുറഞ്ഞുകുറഞ്ഞു വരും, നിന്റെ ഹൃദയം ദൈവത്തിന്റേതിനോട് അടുത്തടുത്തുവരും, നിന്റെ ഹൃദയത്തിൽ അവനോടുള്ള സ്നേഹം ക്രമേണ വളരും. മനുഷ്യരാശി ഒരു സുന്ദരമായ അവസ്ഥയിലേക്ക് പ്രവേശിക്കുന്നതിന്റെ അടയാളമാണിത്. പക്ഷേ, ഇതുവരേയ്ക്കും നിങ്ങൾ അത് നേടിയിട്ടില്ല. നിങ്ങളെല്ലാവരും നിങ്ങളുടെ ഭാഗധേയത്തിനായി തിരക്കു കൂട്ടുമ്പോൾ ദൈവത്തിന്റെ സത്തയെക്കുറിച്ച് അറിയാനുള്ള ശ്രമത്തിൽ ആർക്കാണ് താല്പര്യമുണ്ടാവുക? ഇത് തുടരുകയാണെങ്കിൽ ഭരണപരമായ ഉത്തരവുകളെ നിങ്ങളറിയാതെ തന്നെ ലംഘിക്കും. കാരണം ദൈവപ്രകൃതത്തെക്കുറിച്ച് വളരെ തുച്ഛമായേ നിങ്ങൾ മനസ്സിലാക്കുന്നുള്ളൂ. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ദൈവപ്രകൃതത്തിനെതിരെയുള്ള ലംഘനങ്ങൾക്ക് അടിസ്ഥാനമായി വർത്തിക്കുകയല്ലേ ചെയ്യുന്നത്? ദൈവത്തിന്റെ പ്രകൃതത്തെക്കുറിച്ച് മനസ്സിലാക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് എന്റെ വേലയ്ക്കു വിപരീതമല്ല. കാരണം, നിങ്ങൾ ഭരണപരമായ ഉത്തരവുകളെ ഇടയ്ക്കിടെ ലംഘിക്കുകയാണെങ്കിൽ നിങ്ങളിൽ ആരാണ് ശിക്ഷയിൽനിന്ന് രക്ഷപ്പെടുക? അപ്പോൾ ഞാൻ ചെയ്ത കാര്യങ്ങളെല്ലാം വ്യർത്ഥമായിപ്പോകില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വഭാവത്തെ സൂക്ഷ്മപരിശോധന ചെയ്യുന്നതു കൂടാതെ നിങ്ങൾ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചു നിങ്ങൾ ശ്രദ്ധാലുക്കളായിരിക്കാൻ ഞാൻ ഇപ്പോഴും ആവശ്യപ്പെടുന്നു. ഇതാണ് നിങ്ങളിലുള്ള എന്റെ ഉന്നതമായ ആവശ്യം, ഇത് നിങ്ങളെല്ലാവരും ശ്രദ്ധാപൂർവ്വം പരിഗണിക്കുമെന്നും അതിൽ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾ എന്നെ അങ്ങേയറ്റം പ്രകോപിപ്പിക്കുന്ന ഒരു ദിനം വന്നാൽ അതിന്റെ അനന്തരഫലങ്ങൾ സഹിക്കേണ്ടത് നിങ്ങൾ മാത്രമായിരിക്കും. ശിക്ഷ ഏറ്റുവാങ്ങാനായി നിങ്ങളുടെ സ്ഥാനത്ത് മറ്റാരും ഉണ്ടാവുകയില്ല.

അടിക്കുറിപ്പുകൾ:

a. “ആയിരിക്കാൻ കഴിയാത്തതിന്റെ ഒരു പ്രതീകമാണ് ഇത്” എന്നാണ് മൂലപാഠത്തിൽ ഉള്ളത്.

b. “അതുപോലെ തന്നെ അവഹേളിക്കപ്പെടാൻ കഴിയാത്തതിന്റെ ഒരു പ്രതീകവും (അവഹേളിക്കപ്പെടുന്നതിനെ വെച്ചുപൊറുപ്പിക്കാത്തത് എന്നല്ല)” എന്നാണ് മൂലപാഠത്തിൽ ഉള്ളത്.

മുമ്പത്തേത്: അതിക്രമങ്ങള്‍ മനുഷ്യനെ നരകത്തിലേക്ക് നയിക്കും

അടുത്തത്: ഭൂമിയിലെ ദൈവത്തെ അറിയുന്നത് എങ്ങനെ?

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക