ദൈവം വസിക്കുന്ന ജഡത്തിന്റെ സാരം

ദൈവം തന്റെ ആദ്യ മനുഷ്യജന്മത്തിൽ മുപ്പത്തിമൂന്നര വർഷം ഭൂമിയിൽ ജീവിച്ചു, ആ വർഷങ്ങളിൽ മൂന്നര വർഷം മാത്രമാണ് അവൻ തന്റെ ശുശ്രൂഷ നിർവഹിച്ചത്. അവൻ വേല ചെയ്ത വേളയിലും വേല ആരംഭിക്കുന്നതിനു മുമ്പും, അവന് ഒരു സാമാന്യ മനുഷ്യത്വം ഉണ്ടായിരുന്നു; മുപ്പത്തിമൂന്നരവർഷം അവൻ തന്റെ സാമാന്യ മനുഷ്യത്വത്തിൽ വസിച്ചു. അവസാനത്തെ മൂന്നര വർഷത്തിലുടനീളം, താൻ മനുഷ്യജന്മമെടുത്ത ദൈവമാണെന്ന് അവൻ വെളിപ്പെടുത്തി. അവൻ ശുശ്രൂഷ നിർവഹിക്കാൻ തുടങ്ങുന്നതിനു മുമ്പ്, സാധാരണമായ സാമാന്യ മനുഷ്യത്വത്തിൽ തന്റെ ദൈവത്വത്തിന്റെ അടയാളങ്ങളൊന്നും കാണിക്കാതെ അവൻ പ്രത്യക്ഷപ്പെട്ടു. അവൻ ഔപചാരികമായി ശുശ്രൂഷ നിർവഹിക്കാൻ തുടങ്ങിയതിനു ശേഷം മാത്രമാണ് തന്റെ ദൈവത്വം പ്രകടമാക്കിയത്. ആദ്യത്തെ ഇരുപത്തിയൊമ്പത് വർഷത്തെ അവന്റെ ജീവിതവും വേലയും അവൻ ഒരു യഥാർഥ മനുഷ്യനാണെന്നും മനുഷ്യപുത്രനാണെന്നും ജഡിക ശരീരമാണെന്നും തെളിയിച്ചു, കാരണം അവന്റെ ശുശ്രൂഷ ശരിക്കും ആരംഭിച്ചത് ഇരുപത്തിയൊമ്പതാം വയസ്സിനു ശേഷം മാത്രമാണ്. “മനുഷ്യനായി ജനിക്കൽ” എന്നത് ജഡത്തിൽ ദൈവത്തിന്റെ പ്രത്യക്ഷപ്പെടലാണ്; സൃഷ്ടിക്കപ്പെട്ട മനുഷ്യവർഗത്തിൽ ദൈവം ജഡത്തിന്റെ സ്വരൂപത്തിൽ വേല ചെയ്യുന്നു. അതിനാൽ, ദൈവത്തിന് മനുഷ്യനായി ജനിക്കണമെങ്കിൽ അവൻ ആദ്യം ജഡമാകണം, സാമാന്യ മനുഷ്യത്വമുള്ള ജഡം. ഇതാണ് ഏറ്റവും അടിസ്ഥാനപരമായ മുന്നുപാധി. വാസ്തവത്തിൽ, ദൈവത്തിന്റെ മനുഷ്യജന്മത്തിന്റെ വിവക്ഷ, ദൈവം ജഡത്തിൽ ജീവിക്കുകയും വേല ചെയ്യുകയും ചെയ്യുന്നു, ദൈവം അവന്റെ സത്തയിൽ ജഡമായിത്തീരുന്നു, ഒരു മനുഷ്യനായിത്തീരുന്നു എന്നതാണ്. ദൈവത്തിന്റെ മനുഷ്യജന്മത്തിലെ ജീവിതത്തെയും വേലയെയും രണ്ട് ഘട്ടങ്ങളായി തിരിക്കാം. ആദ്യത്തേത് അവൻ ശുശ്രൂഷ നിർവഹിക്കാൻ തുടങ്ങുന്നതിനു മുമ്പ് അവൻ നയിക്കുന്ന ജീവിതം. അവൻ സാധാരണ ഒരു മനുഷ്യ കുടുംബത്തിൽ, തികച്ചും സാമാന്യ മനുഷ്യത്വത്തിൽ, സാധാരണ മനുഷ്യന്റെ ആവശ്യങ്ങളോടുകൂടി (ഭക്ഷണം, വസ്ത്രം, നിദ്ര, പാർപ്പിടം), സാധാരണ മനുഷ്യന്റെ ബലഹീനതകളോടു കൂടി, സാമാന്യ മനുഷ്യന്റെ വികാരങ്ങളോടു കൂടി മനുഷ്യ ജീവിതത്തിന്റെ സാധാരണ മൂല്യങ്ങളും നിയമങ്ങളും അനുസരിച്ച് ജീവിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ആദ്യഘട്ടത്തിൽ അവൻ ദൈവികമല്ലാത്ത, തികച്ചും സാമാന്യ മനുഷ്യത്വത്തിൽ, സാധാരണ മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുകൊണ്ട് ജീവിക്കുന്നു. ശുശ്രൂഷ നിർവഹിക്കാൻ തുടങ്ങിയതിനുശേഷം അവൻ ജീവിക്കുന്ന ജീവിതമാണ് രണ്ടാമത്തെ ഘട്ടം. അപ്പോഴും അവൻ അമാനുഷികതയുടെ ബാഹ്യ അടയാളമൊന്നും പ്രകടിപ്പിക്കാതെ സാമാന്യ മനുഷ്യത്വത്തിൽ ഒരു സാധാരണ മനുഷ്യന്റെ പുറന്തോടിനുള്ളിൽ വസിക്കുന്നു. എന്നിട്ടും ശുശ്രൂഷയെ പ്രതി മാത്രം അവൻ ജീവിക്കുന്നു, ഈ വേളയിൽ അവന്റെ സാമാന്യ മനുഷ്യത്വം അവന്റെ ദൈവത്വത്തിന്റെ സാധാരണ വേലയെ നിലനിർത്തുന്നതിനു വേണ്ടിയാണ് പൂർണമായും നിലനിൽക്കുന്നത്, കാരണം അപ്പോഴേക്കും അവന്റെ സാമാന്യ മനുഷ്യത്വം അവന്റെ ശുശ്രൂഷ നിർവഹിക്കാൻ തക്ക വിധം പക്വത പ്രാപിച്ചിരുന്നു. അതിനാൽ, സാമാന്യ മനുഷ്യത്വത്തിൻറേതും പൂർണമായ ദൈവത്വത്തിൻറേതുമായ ഒരു ജീവിതം ആയിരിക്കവെ തന്റെ സാമാന്യ മനുഷ്യത്വത്തിൽ തന്റെ ശുശ്രൂഷ നിർവഹിക്കുന്നതിനായാണ് അവന്റെ ജീവിതത്തിന്റെ രണ്ടാം ഘട്ടം. ദൈവത്വത്തിന്റെ വേല അതിന്റെ സമഗ്രതയിൽ നിലനിർത്താൻ അവന്റെ മനുഷ്യ പ്രകൃതിക്ക് അതുവരെ കഴിയുന്നില്ല എന്നതും, അത് പക്വത പ്രാപിച്ചിരുന്നില്ല എന്നതുമാണ് ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ അവൻ തികച്ചും സാധാരണ മനുഷ്യപ്രകൃതിയിൽ ജീവിക്കുന്നതിന്റെ കാരണം; തന്റെ മനുഷ്യപ്രകൃതി പക്വത പ്രാപിച്ചതിനു ശേഷം മാത്രമേ തന്റെ ശുശ്രൂഷ വഹിക്കാൻ അവൻ പ്രാപ്തനാവുകയുള്ളൂ, താൻ ചെയ്യേണ്ട ശുശ്രൂഷ നിർവഹിച്ചു തുടങ്ങാനും അപ്പോൾ മാത്രമേ അവന് സാധിക്കൂ. ഒരു ജഡം എന്ന നിലയിൽ, അവൻ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യേണ്ടതിനാൽ, അവന്റെ ജീവിതത്തിന്റെ ആദ്യ ഘട്ടം സാമാന്യ മനുഷ്യത്വത്തിൻറേതാണ്—രണ്ടാം ഘട്ടത്തിൽ, തന്റെ വേല ഏറ്റെടുക്കാനും ശുശ്രൂഷ നിർവഹിക്കാനും അവന്റെ മനുഷ്യപ്രകൃതം പ്രാപ്തമാണെന്നതിനാൽ അവന്റെ ശുശ്രൂഷാ വേളയിൽ മനുഷ്യജന്മമെടുത്ത ദൈവം ജീവിക്കുന്നത് ഒരേ സമയം മനുഷ്യത്വത്തിൻറേതും സമ്പൂർണ ദൈവത്വത്തിൻറേതുമായ ജീവിതമാണ്. തന്റെ ജനന നിമിഷം മുതൽ, മനുഷ്യജന്മമെടുത്ത ദൈവം ആത്മാർഥമായി ശുശ്രൂഷ ആരംഭിക്കുകയും പ്രകൃത്യതീതമായ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുകയും ചെയ്തിരുന്നുവെങ്കിൽ, അവന് ഐഹികമായ സത്തയുണ്ടാകുമായിരുന്നില്ല. അതുകൊണ്ട്, അവന്റെ മനുഷ്യപ്രകൃതി അവന്റെ ഐഹിക സത്തയ്ക്കുവേണ്ടിയാണ് നിലനിൽക്കുന്നത്; മനുഷ്യപ്രകൃതി ഇല്ലാതെ ജഡം ഉണ്ടാകില്ല, മനുഷ്യപ്രകൃതി ഇല്ലാത്ത ഒരുവൻ മനുഷ്യനല്ല. ഇത്തരത്തിൽ, ദൈവത്തിന്റെ ജഡത്തിന്റെ മനുഷ്യപ്രകൃതി അവന്റെ മനുഷ്യജന്മമെടുത്ത ജഡത്തിന്റെ സ്വാഭാവിക സവിശേഷതയാണ്. “ദൈവം ജഡമായിത്തീരുമ്പോൾ അവൻ പൂർണമായും ദൈവത്വമുള്ളവനാണ്, മനുഷ്യനേയല്ല”എന്ന് പറയുന്നത് ദൈവദൂഷണമാണ്, കാരണം ഈ പ്രസ്താവന കേവലം നിലവിലില്ല, അവതരിക്കുന്നതിന്‍റെ തത്ത്വത്തെ അത് ലംഘിക്കുകയും ചെയ്യുന്നു. തന്റെ ശുശ്രൂഷ നിർവഹിക്കാൻ തുടങ്ങിയതിനു ശേഷവും അവൻ തന്റെ വേല ചെയ്യുമ്പോൾ മനുഷ്യൻറേതായ ഒരു പുറന്തോടിനുള്ളിൽ തന്റെ ദൈവത്വത്തിൽ വസിക്കുന്നു; അക്കാലത്ത്, സാധാരണ ജഡത്തിൽ വേല നിർവഹിക്കാൻ തന്റെ ദൈവത്വത്തെ അനുവദിക്കുക എന്ന ഏക ഉദ്ദേശ്യം മാത്രമാണ് അവന്റെ മനുഷ്യപ്രകൃതി നിറവേറ്റുന്നത്. അതിനാൽ അവന്റെ മനുഷ്യപ്രകൃതിയിൽ വസിക്കുന്ന ദൈവത്വമാണ് സൃഷ്ടിയുടെ കാര്യകർത്താവ്. അവന്റെ ദൈവത്വമാണ്, അവന്റെ മനുഷ്യപ്രകൃതിയല്ല വേല ചെയ്യുന്നത്, എന്നിട്ടും ഈ ദൈവത്വം അവന്റെ മനുഷ്യപ്രകൃതിക്കുള്ളിൽ മറഞ്ഞിരിക്കുന്നു; ചുരുക്കത്തിൽ, അവന്റെ പൂർണമായ ദൈവത്വമാണ് വേല ചെയ്യുന്നത്, അവന്റെ മനുഷ്യപ്രകൃതിയല്ല. എന്നാൽ, വേല നിർവഹിക്കുന്നത് അവന്റെ ജഡമാണ്. അവൻ ഒരു മനുഷ്യനാണെന്നും ദൈവം തന്നെയാണെന്നും ഒരുവന് പറയാൻ കഴിയും, കാരണം ദൈവം മനുഷ്യന്റെ പുറന്തോടും മനുഷ്യന്റെ സത്തയും മാത്രമല്ല, ദൈവത്തിന്റെ സത്തയും കൂടിയുള്ള ജഡത്തിൽ ജീവിക്കുന്ന ഒരു ദൈവമായിത്തീരുന്നു. അവൻ ദൈവത്തിന്റെ സത്തയുള്ള ഒരു മനുഷ്യനായതുകൊണ്ട് സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യർക്കും മുകളിലാണ് അവൻ, ദൈവത്തിന്റെ വേല നിർവഹിക്കാൻ കഴിയുന്ന ഏതൊരു മനുഷ്യനേക്കാൾ മുകളിൽ. അതുകൊണ്ട്, തന്നെപ്പോലെ ഒരു മനുഷ്യന്റെ പുറന്തോടുള്ള എല്ലാവർക്കും ഇടയിൽ, മനുഷ്യപ്രകൃതി കൈവശമുള്ള എല്ലാവർക്കും ഇടയിൽ, അവൻ മാത്രമാണ് മനുഷ്യജന്മമെടുത്ത ദൈവം—മറ്റുള്ളവരെല്ലാം സൃഷ്ടിക്കപ്പെട്ട മനുഷ്യരാണ്. അവർക്കെല്ലാം മനുഷ്യപ്രകൃതി ഉണ്ടെങ്കിലും, സൃഷ്ടിക്കപ്പെട്ട മനുഷ്യർക്ക് മനുഷ്യപ്രകൃതമല്ലാതെ മറ്റൊന്നുമില്ല, അതേ സമയം മനുഷ്യജന്മമെടുത്ത ദൈവം വ്യത്യസ്തനാണ്: തന്റെ ജഡത്തിൽ അവന് മനുഷ്യപ്രകൃതി മാത്രമല്ല, അതിലും പ്രധാനമായി ദൈവത്വവും ഉണ്ട്. അവന്റെ ജഡത്തിന്റെ ബാഹ്യരൂപത്തിലും അവന്റെ ദൈനംദിന ജീവിതത്തിലും അവന്റെ മനുഷ്യപ്രകൃതി കാണാൻ കഴിയും, എന്നാൽ അവന്റെ ദൈവത്വം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അവന് മനുഷ്യപ്രകൃതമുള്ളപ്പോൾ മാത്രമേ അവന്റെ ദൈവത്വം പ്രകടമാകുന്നുളളൂ എന്നതുകൊണ്ടും, അത് ആളുകൾ സങ്കല്പിക്കുന്നത്രയും അമാനുഷികമല്ലാത്തതുകൊണ്ടും, അത് കാണുക എന്നത് ആളുകൾക്ക് അങ്ങേയറ്റം ബുദ്ധിമുട്ടാണ്. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ശരിക്കുള്ള സത്ത മനസ്സിലാക്കാൻ ഇന്നും ആളുകൾക്ക് അങ്ങേയറ്റം ബുദ്ധിമുട്ടാണ്. അതിനെക്കുറിച്ച് ഞാൻ ഇത്രയേറെ സംസാരിച്ചിട്ടും, നിങ്ങളിൽ ഏറെപ്പേർക്കും ഇപ്പോഴും അതൊരു നിഗൂഢതയാണെന്ന് ഞാൻ കരുതുന്നു. വാസ്തവത്തിൽ, ഈ പ്രശ്‌നം വളരെ ലളിതമാണ്: ദൈവം ജഡമായിത്തീർന്നതിനാൽ, അവന്റെ സത്ത മനുഷ്യത്വത്തിന്റെയും ദൈവത്വത്തിന്റെയും സംയോഗമാണ്. ഈ സംയോഗത്തെ ദൈവം എന്ന് വിളിക്കുന്നു, ഭൂമിയിലെ ദൈവം.

യേശു ഭൂമിയിൽ ജീവിച്ചത് ജഡത്തിന്റെ സാധാരണ ജീവിതമായിരുന്നു. തന്റെ ജഡത്തിന്റെ സാമാന്യ മനുഷ്യത്വത്തിലാണ് അവൻ ജീവിച്ചത്. അവന്റെ ശുശ്രൂഷ ആരംഭിക്കുന്നതുവരെ, അവന്റെ അധികാരം—വേല ചെയ്യാനും അവന്റെ വചനം അരുളിചെയ്യാനും അല്ലെങ്കിൽ രോഗികളെ സുഖപ്പെടുത്താനും ദുർഭൂതങ്ങളെ പുറത്താക്കാനും അല്ലെങ്കിൽ അത്തരത്തിലുള്ള അസാധാരണമായ കാര്യങ്ങൾ ചെയ്യാനുമുള്ള അധികാരം—അധിക പങ്കും സ്വയമേവ പ്രകടമാക്കപ്പെട്ടിരുന്നില്ല. ഇരുപത്തിയൊമ്പത് വയസ്സിനു മുമ്പുള്ള അവന്റെ ജീവിതം, അതായത്, അവന്റെ ശുശ്രൂഷ നിർവഹിക്കുന്നതിനു മുമ്പുള്ള ജീവിതം, അവൻ ഒരു സാധാരണ ജഡിക ശരീരം മാത്രമായിരുന്നു എന്നതിന് മതിയായ തെളിവായിരുന്നു. ഇതു കാരണവും, അവന്റെ ശുശ്രൂഷ അവൻ തുടങ്ങിയിട്ടുണ്ടായിരുന്നില്ല എന്നതുകൊണ്ടും ആളുകൾ അവനിൽ ദൈവത്വമൊന്നും ദർശിച്ചില്ല, ഒരു സാധാരണ മനുഷ്യന് ഉള്ളതിലപ്പുറം ഒന്നും കണ്ടില്ല, ഒരു സാധാരണ മനുഷ്യൻ—അക്കാലത്ത് ചില ആളുകൾ അവൻ യോസേഫിന്റെ മകനെന്നു മാത്രം വിശ്വസിച്ചതുപോലെ. അവൻ ഒരു സാധാരണ മനുഷ്യന്റെ മകനാണെന്ന് ആളുകൾ കരുതി, അവൻ ദൈവത്തിന്റെ അവതരിച്ച ജഡമാണ് എന്ന് അറിയാൻ അവർക്ക് ഒരു വഴിയുമുണ്ടായിരുന്നില്ല; അവൻ സാമാന്യ മനുഷ്യത്വത്തിന്റെ പുറന്തോടുള്ള ക്രിസ്തുവായിരുന്നു എന്നതുകൊണ്ട് തന്റെ ശുശ്രൂഷ നിർവഹിക്കുന്ന വേളയിൽ അവൻ നിരവധി അത്ഭുതങ്ങൾ നിർവഹിച്ചപ്പോൾപ്പോലും മിക്കവരും അവൻ യോസേഫിന്റെ പുത്രനാണെന്നു തന്നെ പറഞ്ഞു. തന്റെ ആദ്യത്തെ മനുഷ്യജന്മത്തിന്റെ പ്രാധാന്യം സഫലമാക്കുന്നതിനും, ദൈവം പൂർണമായി ജഡത്തിലേക്ക് വന്നിട്ടുണ്ടെന്നും അവൻ തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യനായിത്തീർന്നു എന്നും തെളിയിക്കുന്നതിനുമാണ് അവന്റെ സാമാന്യ മനുഷ്യത്വവും അവന്റെ വേലയും നിലനിന്നത്. തന്റെ വേല തുടങ്ങുന്നതിനു മുമ്പുള്ള അവന്റെ സാമാന്യ മനുഷ്യത്വം അവൻ ഒരു സാധാരണ ജഡമാണെന്നതിന്റെ തെളിവായിരുന്നു; അതിനു ശേഷവും അവൻ വേല ചെയ്തു എന്നതും അവൻ ഒരു സാധാരണ ജഡമായിരുന്നു എന്ന് തെളിയിച്ചു, കാരണം അവൻ സാമാന്യ മനുഷ്യത്വത്തോടുകൂടി അടയാളങ്ങളും അത്ഭുതങ്ങളും നിർവഹിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ജഡത്തിൽ നിന്ന് പിശാചുക്കളെ ഉച്ചാടനം ചെയ്യുകയും ചെയ്തു. അവന്റെ ജഡം ദൈവത്തിന്റെ അധികാരം വഹിച്ചു എന്നതിനാലും ദൈവത്തിന്റെ ആത്മാവ് ധരിച്ച ജഡമായതിനാലുമാണ് അവന് അത്ഭുതങ്ങൾ പ്രവർത്തിക്കാനായത്. ദൈവത്തിന്റെ ആത്മാവ് നിമിത്തം അവൻ ഈ അധികാരത്തിന് ഉടമയായി, അവൻ ഒരു ജഡമല്ലെന്നല്ല ഇതിനർഥം. രോഗികളെ സുഖപ്പെടുത്തുന്നതും പിശാചുക്കളെ പുറത്താക്കുന്നതും അവന്റെ ശുശ്രൂഷയിൽ അവൻ ചെയ്യേണ്ടുന്ന വേലയായിരുന്നു, അത് മനുഷ്യപ്രകൃതിയിൽ മറഞ്ഞിരിക്കുന്ന അവന്റെ ദൈവത്വത്തിന്റെ പ്രകടനമായിരുന്നു, അവൻ എന്ത് അടയാളങ്ങൾ കാണിച്ചുവെങ്കിലും ശരി, തന്റെ അധികാരം എങ്ങനെ പ്രകടിപ്പിച്ചുവെങ്കിലും ശരി, അവൻ അപ്പോഴും സാമാന്യ മനുഷ്യത്വത്തിൽ ജീവിച്ചു, അവൻ ഒരു സാധാരണ ജഡവുമായിരുന്നു. ക്രൂശിൽ മരിച്ച ശേഷം ഉയിർത്തെഴുന്നേൽക്കപ്പെടുന്നതു വരെ അവൻ സാധാരണ ജഡത്തിനുള്ളിൽ വസിച്ചു. കൃപ നൽകുകയും രോഗികളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ പുറത്താക്കുകയുമെല്ലാം അവന്റെ ശുശ്രൂഷയുടെ ഭാഗമായിരുന്നു, അവയെല്ലാം അവൻ സാധാരണ ജഡത്തിൽ ചെയ്ത വേലയായിരുന്നു. അവൻ ക്രൂശിൽ പോകുന്നതിനുമുമ്പ്, അവൻ എന്തുതന്നെ പ്രവർത്തിച്ചുകൊണ്ടിരുന്നു എങ്കിലും ശരി, തന്റെ സാധാരണ മനുഷ്യ ജഡത്തിൽ നിന്ന് അവൻ ഒരിക്കലും വിട്ടുപോയില്ല. അവൻ ദൈവത്തിന്റെ തന്നെ വേല ചെയ്യുന്ന ദൈവം തന്നെയായിരുന്നു, എന്നിട്ടും അവൻ ദൈവത്തിന്റെ മനുഷ്യജന്മമെടുത്ത ജഡമായതിനാൽ, അവൻ ഭക്ഷണം കഴിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്തു, സാധാരണ മനുഷ്യന്റെ ആവശ്യങ്ങളും, സാധാരണ മനുഷ്യന്റെ യുക്തിയും സാധാരണ മനുഷ്യന്റെ മനസ്സും അവന് ഉണ്ടാവുകയും ചെയ്തു. ഇതെല്ലാം അവൻ ഒരു സാധാരണ മനുഷ്യനായിരുന്നു എന്നതിന്റെ തെളിവായിരുന്നു, അത് മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ജഡം സാമാന്യ മനുഷ്യത്വത്തോടുകൂടിയ ജഡമായിരുന്നു എന്നും അത് അമാനുഷികമായിരുന്നില്ല എന്നും തെളിയിച്ചു. ദൈവത്തിന്റെ ആദ്യ മനുഷ്യജന്മത്തിന്റെ വേല പൂർത്തിയാക്കുക എന്നതും ആദ്യ മനുഷ്യജന്മം നിർവഹിക്കേണ്ട ശുശ്രൂഷ നിറവേറ്റുക എന്നതും ആയിരുന്നു അവന്റെ ചുമതല. സാധാരണക്കാരനുംസാമാന്യനുമായ ഒരു മനുഷ്യൻ ദൈവത്തിന്റെ വേല നിർവഹിക്കുന്നു എന്നതാണ് അവന്റെ മനുഷ്യജന്മത്തിന്റെ പ്രാധാന്യം; അതായത്, ദൈവം തന്റെ ദൈവികവേല മനുഷ്യപ്രകൃതിയിൽ നിർവഹിക്കുകയും അതുവഴി സാത്താനെ തോൽപ്പിക്കുകയും ചെയ്യുന്നു. മനുഷ്യജന്മം എന്നാൽ ദൈവാത്മാവ് ഒരു ജഡമായി മാറുന്നു എന്നാണ്, അതായത് ദൈവം ജഡമായി മാറുന്നു; ജഡം ചെയ്യുന്ന വേല ആത്മാവിന്റെ വേലയാണ്, അത് ജഡത്തിൽ സാക്ഷാത്കരിക്കപ്പെടുകയും ജഡത്താൽ പ്രകടിപ്പിക്കപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്റെ ജഡത്തിനല്ലാതെ മറ്റാർക്കും മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ശുശ്രൂഷ നിറവേറ്റാൻ കഴിയില്ല; അതായത്, ദൈവത്തിന്റെ മനുഷ്യജന്മമെടുത്ത ജഡത്തിനല്ലാതെ, ഈ സാമാന്യ മനുഷ്യത്വത്തിനല്ലാതെ—മറ്റാർക്കും തന്നെ—ദൈവത്വത്തിന്റെ വേല പ്രകടിപ്പിക്കാൻ സാധിക്കില്ല. തന്റെ ആദ്യ വരവിൽ, ഇരുപത്തിയൊമ്പത് വയസ്സിനു മുമ്പ് ദൈവം സാമാന്യ മനുഷ്യത്വം പുലർത്തിയിരുന്നില്ല എങ്കിൽ—ജനിച്ചയുടനെ അവന് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിഞ്ഞുവെങ്കിൽ, സംസാരിക്കാൻ പഠിച്ച ഉടൻ തന്നെ അവന് സ്വർഗത്തിന്റെ ഭാഷ സംസാരിക്കാൻ കഴിഞ്ഞുവെങ്കിൽ, അവൻ ആദ്യമായി ഭൂമിയിലേക്ക് കാലെടുത്തുവച്ച നിമിഷം തന്നെ അവന് ലൗകികമായ എല്ലാ കാര്യങ്ങളും മനസ്സിലാക്കാനും എല്ലാ വ്യക്തികളുടേയും ചിന്തകളും ഉദ്ദേശ്യങ്ങളും തിരിച്ചറിയാനും കഴിയുമായിരുന്നു എങ്കിൽ—അത്തരമൊരു വ്യക്തിയെ ഒരു സാധാരണ മനുഷ്യൻ എന്ന് വിളിക്കാൻ കഴിയുമായിരുന്നില്ല, അത്തരം ജഡത്തെ മനുഷ്യ ജഡം എന്ന് വിളിക്കാൻ കഴിയുമായിരുന്നില്ല. ക്രിസ്തുവിന്റെ സ്ഥിതി ഇങ്ങനെയായിരുന്നു എങ്കിൽ, ദൈവത്തിന്റെ മനുഷ്യജന്മത്തിന്റെ അർഥവും സത്തയും നഷ്ടമാകുമായിരുന്നു. സാമാന്യ മനുഷ്യത്വം അവനുണ്ട് എന്നത് അവൻ ജഡത്തിൽ അവതരിച്ച ദൈവമാണെന്ന് തെളിയിക്കുന്നു; അവൻ ഒരു സാധാരണ മനുഷ്യന്റെ വളർച്ചാ പ്രക്രിയയ്ക്ക് വിധേയനാകുന്നു എന്ന വസ്തുത, അവൻ ഒരു സാധാരണ ജഡമാണെന്ന് കൂടുതൽ വ്യക്തമാക്കുന്നു; മാത്രമല്ല, അവൻ ദൈവവചനവും ദൈവാത്മാവും ജഡമായിത്തീർന്നതാണ് എന്നതിന് മതിയായ തെളിവാണ് അവന്റെ വേല. തന്റെ വേലയുടെ ആവശ്യകതകൾ നിമിത്തം ദൈവം ജഡമായിത്തീരുന്നു; മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ഘട്ടത്തിലെ വേല ജഡത്തിൽ ചെയ്യണം, അത് സാമാന്യ മനുഷ്യത്വത്തിൽ ചെയ്യണം. “വചനം ജഡമായിത്തീരുന്നു”, “വചനത്തിന്റെ ജഡത്തിലെ പ്രത്യക്ഷപ്പെടൽ” എന്നതിന്റെ മുൻവ്യവസ്ഥയാണിത്, ഇത് ദൈവത്തിന്റെ രണ്ട് മനുഷ്യജന്മങ്ങളുടേയും പിന്നിലെ യഥാർഥ കഥയാണ്. യേശു തന്റെ ജീവിതത്തിലുടനീളം അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നും, ഭൂമിയിലെ തന്റെ വേല അവസാനിക്കുന്നതു വരെ അവൻ മനുഷ്യ പ്രകൃതിയുടേതായ ഒരു അടയാളവും കാണിച്ചില്ലെന്നും, അവന് സാധാരണ മനുഷ്യന്റെ ആവശ്യങ്ങളോ ദൗർബല്യങ്ങളോ വികാരങ്ങളോ ഇല്ലായിരുന്നു എന്നും ജീവിതത്തിന്റെ അടിസ്ഥാനപരമായ അനിവാര്യതകളൊന്നും ആവശ്യമുണ്ടായിരുന്നില്ലെന്നും സാധാരണ മനുഷ്യ ചിന്തകളൊന്നും പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും ആളുകൾ വിശ്വസിച്ചേക്കാം. അവന് ഒരു അമാനുഷികമായ മനസ്സ്, അതിരുകടന്ന മനുഷ്യപ്രകൃതി ഇവ മാത്രമേയുള്ളൂവെന്ന് അവർ സങ്കൽപ്പിക്കുന്നു. അവൻ ദൈവമായതിനാൽ, സാധാരണ മനുഷ്യരെപ്പോലെ അവൻ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യരുതെന്നും ഒരു സാധാരണ മനുഷ്യന്, ഒരു യഥാർഥ മനുഷ്യന്, മാത്രമേ സാധാരണ മനുഷ്യ ചിന്തകൾ ഉണ്ടാകാനും ഒരു സാധാരണ മനുഷ്യജീവിതം നയിക്കാനും കഴിയൂ എന്നും അവർ വിശ്വസിക്കുന്നു. ഇവയെല്ലാം മനുഷ്യന്റെ ആശയങ്ങളും സങ്കല്പങ്ങളുമാണ്, ഈ സങ്കല്പങ്ങൾ ദൈവത്തിന്റെ വേലയുടെ യഥാർഥ ഉദ്ദേശ്യങ്ങൾക്ക് കടകവിരുദ്ധമാണ്. സാധാരണ മനുഷ്യചിന്ത സാധാരണ മനുഷ്യയുക്തിയെയും സാമാന്യ മനുഷ്യത്വത്തെയും നിലനിർത്തുന്നു; സാമാന്യ മനുഷ്യത്വം ജഡത്തിന്റെ സാധാരണ ധർമങ്ങൾ നിലനിർത്തുന്നു; ജഡത്തിന്റെ സാധാരണ ധർമങ്ങൾ ജഡത്തിന്റെ സാധാരണ ജീവിതം അതിന്റെ പൂർണതയിൽ സാധ്യമാക്കുന്നു. അത്തരം ജഡത്തിൽ വേല ചെയ്യുന്നതിലൂടെ മാത്രമേ ദൈവത്തിന് തന്റെ മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യം സഫലമാക്കാൻ കഴിയൂ. മനുഷ്യജന്മമെടുത്ത ദൈവത്തിന് ജഡത്തിന്റെ ഒരു പുറന്തോട് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ, സാധാരണ മനുഷ്യന്റെ മനോവിചാരങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ, ഈ ജഡത്തിന് മനുഷ്യന്റെ യുക്തി ഉണ്ടാകുമായിരുന്നില്ല, യഥാർഥമനുഷ്യപ്രകൃതി തീരെയും ഉണ്ടാകുമായിരുന്നില്ല. മനുഷ്യപ്രകൃതിയില്ലാത്ത ഇത്തരമൊരു ജഡത്തിന് മനുഷ്യജന്മമെടുത്ത ദൈവം നിർവഹിക്കേണ്ട ശുശ്രൂഷ സഫലമാക്കാൻ എങ്ങനെ സാധിക്കും? ഒരു സാധാരണ മനസ്സ് മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളെയും നിലനിർത്തുന്നു; ഒരു സാധാരണ മനസ്സില്ലാതെ ഒരാൾ മനുഷ്യനാകില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സാധാരണ ചിന്തകൾ ഇല്ലാത്ത ഒരാൾ മാനസിക രോഗിയാണ്, മനുഷ്യപ്രകൃതിയില്ലാത്ത, എന്നാൽ ദൈവത്വം മാത്രമുള്ള ഒരു ക്രിസ്തുവിനെ ദൈവത്തിന്റെ മനുഷ്യജന്മമെടുത്ത ജഡമെന്നും പറയാനാവില്ല. അതിനാൽ, ദൈവത്തിന്റെ മനുഷ്യജന്മമെടുത്ത ജഡത്തിന് എങ്ങനെ സാമാന്യ മനുഷ്യത്വം ഇല്ലാത്തതാകാൻ കഴിയും? ക്രിസ്തുവിന് മനുഷ്യപ്രകൃതിയില്ലെന്ന് പറയുന്നത് ദൈവനിന്ദയല്ലേ? സാധാരണ മനുഷ്യർ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ഒരു സാധാരണ മനുഷ്യ മനസ്സിന്റെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. അതില്ലെങ്കിൽ മനുഷ്യർ വിലക്ഷണമായി പെരുമാറും; കറുപ്പും വെളുപ്പും നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം പോലും പറയാനാകില്ല; അവർക്ക് മാനുഷികമായ ധാർമികതയും ധാർമിക തത്ത്വങ്ങളും ഉണ്ടാകില്ല. അതുപോലെ, മനുഷ്യജന്മമെടുത്ത ദൈവം ഒരു സാധാരണ മനുഷ്യനെപ്പോലെ ചിന്തിക്കുന്നില്ലെങ്കിൽ, അവൻ ഒരു യഥാർഥ ജഡമായിരിക്കില്ല, ഒരു സാധാരണ ജഡമായിരിക്കില്ല. അത്തരം ചിന്തിക്കാത്ത ജഡത്തിന് ദൈവത്വമുള്ള വേല ഏറ്റെടുക്കാനാവില്ല. സാധാരണ ജഡത്തിന്റെ പ്രവർത്തനങ്ങളിൽ സാധാരണനിലയിൽ ഏർപ്പെടാൻ അവന് കഴിയില്ല, മനുഷ്യരുമായി ഒരുമിച്ച് ഭൂമിയിൽ ജീവിക്കാൻ തീരെയും സാധിക്കില്ല. അങ്ങനെയെങ്കിൽ, ദൈവത്തിന്റെ മനുഷ്യജന്മത്തിന്റെ പ്രാധാന്യവും, ദൈവം ജഡത്തിലേക്ക് വരുന്നതിന്റെ സാരംതന്നെയും നഷ്ടപ്പെടുമായിരുന്നു. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ മനുഷ്യപ്രകൃതി നിലനിൽക്കുന്നത് ജഡത്തിൽ സാധാരണ ദൈവത്വത്തിന്റെ വേല നിലനിർത്താനാണ്; അവന്റെ സാധാരണ മനുഷ്യചിന്തനം അവന്റെ സാമാന്യ മനുഷ്യത്വത്തെയും അവന്റെ എല്ലാ സാധാരണ ഐഹിക പ്രവർത്തനങ്ങളെയും നിലനിർത്തുന്നു. ജഡത്തിൽ ദൈവത്തിന്റെ എല്ലാ വേലയും നിലനിർത്തുന്നതിനാണ് അവന്റെ സാധാരണ മനുഷ്യചിന്തനം നിലനിൽക്കുന്നതെന്ന് പറയാം. ജഡത്തിന് ഒരു സാധാരണ മനുഷ്യ മനസ്സ് ഇല്ലായിരുന്നുവെങ്കിൽ, ദൈവത്തിന് ജഡത്തിൽ വേല ചെയ്യാൻ സാധിക്കുമായിരുന്നില്ല, അവൻ ജഡത്തിൽ എന്താണോ ചെയ്യേണ്ടത് അതൊരിക്കലും നിറവേറ്റാനും സാധിക്കുമായിരുന്നില്ല. മനുഷ്യജന്മമെടുത്ത ദൈവത്തിന് ഒരു സാധാരണ മനുഷ്യമനസ്സുണ്ടെങ്കിലും, അവന്റെ വേല മനുഷ്യചിന്തയാൽ ദുഷിപ്പിക്കപ്പെടുന്നില്ല; മനസ്സോടു കൂടിയുള്ള ഒരുമനുഷ്യപ്രകൃതം നേടുക എന്ന മുന്നുപാധിയിൽ, ഒരു സാധാരണ മനസ്സോടുകൂടി മനുഷ്യപ്രകൃതത്തിലെ വേല അവൻ ഏറ്റെടുക്കുന്നു, സാധാരണ മനുഷ്യചിന്ത ഉപയോഗിച്ചു കൊണ്ടല്ല. അവന്റെ ജഡത്തിന്റെ ചിന്തകൾ എത്ര ഉന്നതമാണെങ്കിലും ശരി, അവന്റെ വേല യുക്തിയാലോ ചിന്തയാലോ മലിനമാക്കപ്പെടുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തന്റെ ജഡത്തിന്റെ മനസ്സു കൊണ്ടല്ല അവന്റെ വേല ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്, മറിച്ച് അവന്റെ മനുഷ്യപ്രകൃതത്തിലെ ദൈവിക വേലയുടെ നേരിട്ടുള്ള പ്രകാശനമാണത്. അവൻ സഫലമാക്കേണ്ട ശുശ്രൂഷയാണ് അവന്റെ എല്ലാ വേലയും, അതൊന്നും അവന്റെ മസ്തിഷ്‌കം വിഭാവനം ചെയ്യുന്നതല്ല. ഉദാഹരണത്തിന്, രോഗികളെ സുഖപ്പെടുത്തുക, ഭൂതങ്ങളെ പുറത്താക്കുക, ക്രൂശീകരണം എന്നിവ അവന്റെ മനുഷ്യ മനസ്സിന്റെ ഉത്പന്നങ്ങളായിരുന്നില്ല, മനുഷ്യമനസ്സുള്ള ഒരു മനുഷ്യനും നേടാൻ സാധിക്കുന്നതുമായിരുന്നില്ല. അതുപോലെ, മനുഷ്യജന്മമെടുത്ത ദൈവം നിർവഹിക്കേണ്ട ഒരു ശുശ്രൂഷയാണ് ഇന്നത്തെ ജയിച്ചടക്കൽ വേല, പക്ഷേ, അത് ഒരു മനുഷ്യേച്ഛയുടെ വേലയല്ല, അവന്റെ ദൈവത്വം ചെയ്യേണ്ട വേലയാണ് അത്, ഒരു ജഡിക മനുഷ്യനും ചെയ്യാൻ സാധ്യമല്ലാത്ത വേല. അതിനാൽ മനുഷ്യജന്മമെടുത്ത ദൈവത്തിന് ഒരു സാധാരണ മനുഷ്യ മനസ്സുണ്ടായിരിക്കണം, സാമാന്യ മനുഷ്യത്വം ഉണ്ടായിരിക്കണം, കാരണം അവൻ തന്റെ വേല മനുഷ്യപ്രകൃതിയിൽ ഒരു സാധാരണ മനസ്സോടെ നിർവഹിക്കണം. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേലയുടെ സത്തയാണത്, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ സാരമാണത്.

ഈ വേല നിർവഹിക്കുന്നതിനു മുമ്പ്, യേശു കേവലം തന്റെ സാമാന്യ മനുഷ്യത്വത്തിൽ ജീവിച്ചു. അവൻ ദൈവമാണെന്ന് ആർക്കും പറയാൻ കഴിഞ്ഞിരുന്നില്ല, അവൻ മനുഷ്യജന്മമെടുത്ത ദൈവമാണെന്ന് ആരും കണ്ടെത്തിയിരുന്നില്ല; തികച്ചും സാധാരണക്കാരനായി മാത്രമേ അവനെ ആളുകൾ അറിഞ്ഞിരുന്നുള്ളൂ. ദൈവം ജഡത്തിൽ അവതരിച്ചു എന്നതിന്റേയും കൃപായുഗം മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേലയുടെ യുഗമായിരുന്നു എന്നതിന്റേയും, ആത്മാവിന്റെ വേലയുടെ യുഗമായിരുന്നില്ല എന്നതിന്റേയും തെളിവായിരുന്നു അവന്റെ തികച്ചും സാധാരണമായ സാമാന്യ മനുഷ്യത്വം. ദൈവത്തിന്റെ ആത്മാവ് പൂർണമായും ജഡത്തിൽ സാക്ഷാത്കരിക്കപ്പെട്ടിരുന്നു എന്നതിന്റേയും ദൈവം മനുഷ്യജന്മമെടുത്ത യുഗത്തിൽ അവന്റെ ജഡം ആത്മാവിന്റെ എല്ലാ വേലകളും നിർവഹിച്ചു എന്നതിന്റേയും തെളിവായിരുന്നു അത്. ആത്മാവ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതും സാമാന്യ മനുഷ്യത്വവും സാമാന്യ ബോധവും മനുഷ്യ ചിന്തയും ഉള്ള ഒരു ജഡമാണ് സാമാന്യ മനുഷ്യത്വമുള്ള ക്രിസ്തു. “സാക്ഷാത്കരിക്കപ്പെടുക” എന്നാൽ ദൈവം മനുഷ്യനായിത്തീരുന്നു എന്നർഥം, ആത്മാവ് ജഡമായി മാറുന്നു; കൂടുതൽ വ്യക്തമായി പറഞ്ഞാൽ, സാമാന്യ മനുഷ്യത്വമുള്ള ഒരു ജഡത്തിൽ ദൈവം സ്വയം വസിക്കുമ്പോൾ അതിലൂടെ തന്റെ ദിവ്യവേലയെ പ്രകാശിപ്പിക്കുന്നു—ഇതാണ് സാക്ഷാത്കരിക്കപ്പെടുകയോ അല്ലെങ്കിൽ മനുഷ്യജന്മമെടുക്കുകയോ ചെയ്യുന്നതിന്റെ അർഥം. അവന്റെ ആദ്യ മനുഷ്യജന്മത്തിന്റെ വേളയിൽ രോഗികളെ സുഖപ്പെടുത്തേണ്ടതും ഭൂതങ്ങളെ ഉച്ചാടനം ചെയ്യേണ്ടതും ദൈവത്തിന് ആവശ്യമായിരുന്നു, കാരണം, വീണ്ടെടുക്കുന്നതിനു വേണ്ടിയായിരുന്നു അവന്റെ വേല. മനുഷ്യവർഗത്തെ ആകമാനം വീണ്ടെടുക്കുന്നതിനു വേണ്ടി അവൻ അനുകമ്പയുള്ളവനും ക്ഷമാശീലനും ആകേണ്ടതുണ്ടായിരുന്നു. ക്രൂശിക്കപ്പെടുന്നതിന് മുമ്പ് അവൻ ചെയ്ത വേല രോഗികളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ പുറത്താക്കുകയും ആയിരുന്നു, പാപത്തിൽ നിന്നും മാലിന്യത്തിൽ നിന്നും അവൻ മനുഷ്യനെ വിമോചിപ്പിക്കുന്നതിനെ അത് സൂചിപ്പിച്ചു. അത് കൃപായുഗമായിരുന്നതിനാൽ, രോഗികളെ സുഖപ്പെടുത്തേണ്ടതും അതിലൂടെ ആ യുഗത്തിൽ കൃപയുടെ പ്രതിനിധാനങ്ങളായിരുന്ന അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കേണ്ടതും അവന് അനിവാര്യമായിരുന്നു—കാരണം, ആളുകൾക്ക് യേശുവിലുള്ള വിശ്വാസത്തിന്റെ അടയാളങ്ങളായ സമാധാനം, ആനന്ദം, ഭൗതികമായ അനുഗ്രഹങ്ങൾ എന്നിവ പ്രതീകമായിട്ടുള്ള കൃപ നൽകുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു കൃപായുഗം. അതായത്, രോഗികളെ സുഖപ്പെടുത്തുക, ഭൂതങ്ങളെ പുറത്താക്കുക, കൃപ നൽകുക എന്നിവ കൃപായുഗത്തിൽ യേശുവിന്റെ ജഡത്തിന്റെ സഹജമായ കഴിവുകളായിരുന്നു, അവ ആത്മാവ് ജഡത്തിൽ സാക്ഷാത്കരിച്ച വേലയായിരുന്നു. എന്നാൽ, അവൻ അത്തരം വേലകൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് അവൻ ജഡത്തിൽ ജീവിക്കുകയായിരുന്നു, ജഡത്തെ മറികടന്നില്ല. അവൻ എന്തൊക്കെ രോഗശാന്തി പ്രവൃത്തികൾ നിർവഹിച്ചുവെങ്കിലും ശരി, അപ്പോഴും അവന് സാമാന്യ മനുഷ്യത്വം ഉണ്ടായിരുന്നു, അപ്പോഴും അവൻ ഒരു സാധാരണ മനുഷ്യജീവിതം നയിച്ചു. അവൻ എന്തൊക്കെ വേല നിർവഹിച്ചുവെങ്കിലും ശരി, അതെല്ലാം അവൻ ജഡത്തിൽ നിർവഹിച്ചു എന്നതുകൊണ്ടാണ് ദൈവം മനുഷ്യജന്മമെടുത്ത യുഗത്തിൽ ആത്മാവിന്റെ വേല മുഴുവൻ അവന്റെ ജഡം നിർവഹിച്ചു എന്ന് ഞാൻ പറയുന്നത്. എന്നാൽ, അവന്റെ വേല നിമിത്തം ആളുകൾ അവന്റെ ജഡത്തെ പൂർണമായും ശാരീരിക സത്തയുള്ളതായി പരിഗണിച്ചിരുന്നില്ല, കാരണം ആ ജഡത്തിന് അത്ഭുതങ്ങൾ പ്രവർത്തിക്കാനും ചില പ്രത്യേക നിമിഷങ്ങളിൽ ജഡത്തെ മറികടക്കുന്ന കാര്യങ്ങൾ ചെയ്യാനും സാധിച്ചിരുന്നു. നാല്പതു ദിവസം അവൻ പരീക്ഷിക്കപ്പെടുകയോ മലമുകളിൽ രൂപാന്തരം ചെയ്യപ്പെടുകയോ ചെയ്തതു പോലെയുള്ള ഈ സംഭവങ്ങളെല്ലാം ഉണ്ടായത് തീർച്ചയായും അവന്റെ ശുശ്രൂഷ ആരംഭിച്ചതിനുശേഷമാണ്. അതിനാൽ, ദൈവത്തിന്റെ മനുഷ്യജന്മത്തിന്റെ അർഥം യേശുവിനൊപ്പം പൂർത്തിയായിരുന്നില്ല, ഭാഗികമായി മാത്രമേ പൂർത്തീകരിക്കപ്പെട്ടിരുന്നുള്ളൂ. തന്റെ വേല ആരംഭിക്കുന്നതിനു മുമ്പ് ജഡത്തിൽ അവന്റെ ജീവിതം എല്ലാ അർഥത്തിലും തികച്ചും സാധാരണമായിരുന്നു. തന്റെ വേല ആരംഭിച്ചതിനുശേഷം തന്റെ ജഡത്തിന്റെ പുറന്തോട് മാത്രമാണ് അവൻ നിലനിർത്തിയിരുന്നത്. കാരണം, അവന്റെ വേല ദൈവത്വത്തിന്റെ പ്രകടനമായിരുന്നു, അത് ജഡത്തിന്റെ സാധാരണ ധർമങ്ങളെ അതിലംഘിച്ചു. എല്ലാത്തിനുമുപരി, ദൈവത്തിന്റെ മനുഷ്യജന്മമെടുത്ത ജഡം രക്തവും മാംസവുമായ മനുഷ്യന്മാരുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. തീർച്ചയായും, തന്റെ ദൈനംദിന ജീവിതത്തിൽ അവന് ഭക്ഷണം, വസ്ത്രം, ഉറക്കം, പാർപ്പിടം എന്നിവ ആവശ്യമായിരുന്നു, എല്ലാ സാധാരണ ആവശ്യകതകളും അവനുണ്ടായിരുന്നു, ഒരു സാധാരണ മനുഷ്യജീവിയുടെ ബോധവും ഉണ്ടായിരുന്നു, ഒരു സാധാരണ മനുഷ്യനെപ്പോലെ അവൻ ചിന്തിക്കുകയും ചെയ്തു. അവൻ ചെയ്ത വേല അമാനുഷികമായിരുന്നിട്ടും ആളുകൾ അപ്പോഴും അവനെ ഒരു സാധാരണ മനുഷ്യനായി കണക്കാക്കി. വാസ്തവത്തിൽ, അവൻ എന്തു തന്നെ ചെയ്തുവെങ്കിലും ശരി, അവൻ സാധാരണവും സാമാന്യവുമായ മനുഷ്യത്വത്തിലാണ് ജീവിച്ചത്, അവൻ തന്റെ വേല നിർവഹിച്ചിടത്തോളം, മറ്റേതൊരു സാധാരണ മനുഷ്യനേക്കാളും അവന്റെ ബോധം പ്രത്യേകിച്ചും സാധാരണവും അവന്റെ ചിന്തകൾ വിശിഷ്യാ വ്യക്തവും ആയിരുന്നു. അത്തരം ചിന്തയും ബോധവും ഉണ്ടായിരിക്കേണ്ടത് മനുഷ്യജന്മമെടുത്ത ദൈവത്തിന് അനിവാര്യമായിരുന്നു, കാരണം, വളരെയധികം സാധാരണമായ ബോധവും വളരെ വ്യക്തമായ ചിന്തകളും ഉള്ള ഒരു ജഡത്താൽ ദൈവിക വേല പ്രകടമാക്കപ്പെടേണ്ടതുണ്ടായിരുന്നു—ഈ രീതിയിൽ മാത്രമേ അവന്റെ ജഡത്തിന് ദൈവിക വേല പ്രകടിപ്പിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഭൂമിയിൽ ജീവിച്ചിരുന്ന മുപ്പത്തിമൂന്നര വർഷത്തിലുടനീളം യേശു തന്റെ സാമാന്യ മനുഷ്യത്വം നിലനിർത്തി, എന്നാൽ മൂന്നര വർഷത്തെ ശുശ്രൂഷാ വേളയിലെ അവന്റെ വേല കാരണം, അവൻ വളരെ അതീന്ദ്രിയനാണെന്നും അവൻ മുമ്പത്തേതിനേക്കാൾ കൂടുതൽ അമാനുഷികനാണെന്നും ആളുകൾ കരുതി. വാസ്തവത്തിൽ, തന്റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പും അതിനു ശേഷവും യേശുവിന്റെ സാമാന്യ മനുഷ്യത്വം മാറ്റമില്ലാതെ തുടർന്നു; അവന്റെ മനുഷ്യ പ്രകൃതി ഉടനീളം ഒരേപോലെയായിരുന്നു, എന്നാൽ, അവന്റെ ശുശ്രൂഷ ആരംഭിച്ചതിനു മുമ്പും ശേഷവുമുള്ള വ്യത്യാസം കാരണം, അവന്റെ ജഡത്തെ സംബന്ധിച്ച് രണ്ട് വ്യത്യസ്ത വീക്ഷണങ്ങൾ ഉയർന്നുവന്നു. ആളുകൾ എന്ത് വിചാരിച്ചുവെങ്കിലും ശരി, മനുഷ്യജന്മമെടുത്ത ദൈവം മുഴുവൻ സമയവും തന്റെ യഥാർഥ സാമാന്യ മനുഷ്യത്വം നിലനിർത്തി, കാരണം ദൈവം മനുഷ്യജന്മമെടുത്തതു മുതൽ, അവൻ ജഡത്തിൽ ജീവിച്ചു, സാമാന്യ മനുഷ്യത്വമുള്ള ഒരു ജഡത്തിൽ. തന്റെ ശുശ്രൂഷ അവൻ നിർവഹിക്കുന്നുണ്ടായിരുന്നുവെങ്കിലും ഇല്ലായിരുന്നുവെങ്കിലും ശരി, അവന്റെ ജഡത്തിന്റെ സാമാന്യ മനുഷ്യത്വത്തെ മായ്ക്കാനാവുമായിരുന്നില്ല, കാരണം മനുഷ്യ പ്രകൃതിയാണ് ജഡത്തിന്റെ അടിസ്ഥാന സത്ത. തന്റെ ശുശ്രൂഷ നിർവഹിച്ചതിനുമുമ്പ്, എല്ലാ സാധാരണ മനുഷ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുകൊണ്ട് യേശുവിന്റെ ജഡം പൂർണമായും സാധാരണ നിലയിൽ തുടർന്നു; ഒരംശത്തിൽ പോലും അമാനുഷികനായി അവൻ പ്രത്യക്ഷപ്പെട്ടിരുന്നില്ല, അത്ഭുതകരമായ അടയാളങ്ങളൊന്നും കാണിച്ചിരുന്നില്ല. അവന്റെ പിന്തുടരൽ കൂടുതൽ സത്യസന്ധവും മറ്റാരേക്കാളും ആത്മാർഥവുമായിരുന്നു എങ്കിലും ദൈവത്തെ ആരാധിച്ചിരുന്ന കേവലം സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു അക്കാലത്ത് അവൻ. അവന്റെ തികച്ചും സാമാന്യമായ മനുഷ്യത്വം സ്വയം പ്രകടമായത് ഇങ്ങനെയായിരുന്നു. കാരണം, തന്റെ ശുശ്രൂഷ ഏറ്റെടുക്കുന്നതിനു മുമ്പ് അവൻ ഒരു വേലയും ചെയ്തിരുന്നില്ല, അവന്റെ സ്വത്വത്തെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു, മറ്റുള്ളവരുടേതിൽ നിന്നെല്ലാം അവന്റെ ജഡം വ്യത്യസ്തമാണെന്ന് ആർക്കും പറയാൻ കഴിയുമായിരുന്നില്ല, കാരണം അവൻ ഒരു അത്ഭുത പ്രവൃത്തി പോലും ചെയ്തിരുന്നില്ല, ദൈവത്തിന്റെ വേലയുടെ ഒരു അംശം പോലും അവൻ നിർവഹിച്ചിരുന്നില്ല. എന്നിരുന്നാലും, തന്റെ ശുശ്രൂഷ നിർവഹിക്കാൻ തുടങ്ങിയതിനുശേഷം സാധാരണ മനുഷ്യ പ്രകൃതിയുടെ പുറന്തോട് അവൻ നിലനിർത്തുകയും സാധാരണ മനുഷ്യന്റെ യുക്തിയോടെ അപ്പോഴും ജീവിക്കുകയും ചെയ്തുവെങ്കിലും അവൻ ദൈവത്തിന്റെ തന്നെ വേല നിർവഹിക്കാൻ തുടങ്ങിയിരുന്നതിനാലും, ക്രിസ്തുവിന്റെ ശുശ്രൂഷ ഏറ്റെടുക്കുകയും രക്തവും മാംസവുമുള്ള മർത്ത്യന്മാർക്ക് ചെയ്യാൻ പ്രാപ്തിയില്ലാത്ത വേല നിർവഹിക്കുകയും ചെയ്തതിനാലും അവന് സാമാന്യ മനുഷ്യത്വമില്ലെന്നും പൂർണമായും സാധാരണ ജഡമല്ലെന്നും, മറിച്ച് അപൂർണമായ ജഡമാണെന്നും ആളുകൾ കരുതി. അവൻ നിർവഹിച്ച വേല നിമിത്തം സാമാന്യ മനുഷ്യത്വമില്ലാത്ത മനുഷ്യജന്മമെടുത്ത ദൈവമാണ് അവനെന്ന് ആളുകൾ പറഞ്ഞു. അത്തരം ഒരു ധാരണ തെറ്റാണ്, കാരണം ദൈവം മനുഷ്യജന്മമെടുത്തതിന്റെ പ്രാധാന്യം ആളുകൾ ഗ്രഹിച്ചില്ല. സാമാന്യ മനുഷ്യത്വമുണ്ടായിരുന്ന ഒരു ജഡത്തിൽ ആവിഷ്‌കരിക്കപ്പെട്ട ദൈവത്വത്തിന്റെ വേലയായിരുന്നു മനുഷ്യജന്മമെടുത്ത ദൈവം പ്രകടിപ്പിച്ചത് എന്ന വസ്തുതയിൽ നിന്നാണ് ഈ തെറ്റിദ്ധാരണ ഉത്ഭവിച്ചത്. ദൈവം ജഡം ധരിച്ചിരുന്നു, അവൻ ജഡത്തിനുള്ളിൽ വസിച്ചു, മനുഷ്യപ്രകൃതിയിൽ അവൻ നിർവഹിച്ച വേല അവന്റെ മനുഷ്യപ്രകൃതിയുടെ സാധാരണത്വത്തെ മറച്ചു. ഇക്കാരണത്താൽ ദൈവത്തിന് മനുഷ്യപ്രകൃതി ഉണ്ടായിരുന്നില്ല എന്നും ദൈവത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ആളുകൾ വിശ്വസിച്ചു.

തന്റെ ആദ്യ മനുഷ്യജന്മത്തിൽ ദൈവം അവതാര വേല പൂർത്തിയാക്കിയിരുന്നില്ല; അനിവാര്യമായും ജഡത്തിൽ നിർവഹിക്കേണ്ടിയിരുന്ന വേലയുടെ ആദ്യ ഘട്ടം മാത്രമാണ് ദൈവം പൂർത്തിയാക്കിയിരുന്നത്. അതുകൊണ്ട്, മനുഷ്യനായി അവതരിച്ചതിന്റെ വേല പൂർത്തിയാക്കുന്നതിന് ദൈവം വീണ്ടും ജഡത്തിലേക്ക് മടങ്ങി, ജഡത്തിന്റെ എല്ലാ സ്വാഭാവികതയും വാസ്തവികതയും ജീവിച്ചുതീർത്തുകൊണ്ട്, അതായത്, തികച്ചും സാമാന്യവും സാധാരണവുമായ ജഡത്തിൽ ദൈവവചനം പ്രകടമാക്കിക്കൊണ്ട്, അതിലൂടെ ജഡത്തിൽ അവൻ പൂർത്തിയാക്കാതെ അവശേഷിപ്പിച്ച വേല മുഴുമിപ്പിച്ചു. ചുരുക്കത്തിൽ, രണ്ടാമത്തെ മനുഷ്യജന്മമെടുത്ത ജഡം ആദ്യത്തേതു പോലെയാണ്, പക്ഷേ, അത് കൂടുതൽ യഥാർഥമാണ്, ആദ്യത്തേതിനേക്കാൾ കൂടുതൽ സാധാരണവുമാണ്. തത്ഫലമായി, രണ്ടാമത്തെ മനുഷ്യജന്മമെടുത്ത ജഡം സഹിക്കുന്ന യാതന ആദ്യത്തേതിനേക്കാൾ വലുതാണ്, എന്നാൽ ഈ യാതന ജഡത്തിലുള്ള അവന്റെ ശുശ്രൂഷയുടെ ഫലമാണ്, അത് ദുഷിപ്പിക്കപ്പെട്ട മനുഷ്യന്റെ യാതനയിൽ നിന്ന് വ്യത്യസ്തമാണ്. അത് അവന്റെ ജഡത്തിന്റെ സാധാരണത്വത്തിൽ നിന്നും യാഥാർഥ്യത്തിൽ നിന്നും കൂടി ഉടലെടുക്കുന്നു. അവൻ തന്റെ ശുശ്രൂഷ തീർത്തും സാധാരണവും യഥാർഥവുമായ ജഡത്തിൽ നിർവഹിക്കുന്നതിനാൽ, ആ ജഡം വളരെയധികം ബുദ്ധിമുട്ടുകൾ സഹിക്കണം. ഈ ജഡം എത്ര കൂടുതൽ സാധാരണവും യഥാർഥവുമാണോ, അത്രത്തോളം തന്റെ ശുശ്രൂഷയുടെ നിർവഹണത്തിൽ അവൻ ക്ലേശം അനുഭവിക്കും. ദൈവത്തിന്റെ വേല വളരെ സാധാരണമായ ഒരു ജഡത്തിൽ, പ്രകൃത്യാതീതമേ അല്ലാത്ത ഒന്നിൽ, ആണ് പ്രകടിപ്പിക്കപ്പെടുന്നത്. അവന്റെ ജഡം സാധാരണവും മനുഷ്യനെ രക്ഷിക്കേണ്ട വേല അത് വഹിക്കേണ്ടതും ആയതിനാൽ പ്രകൃത്യാതീതമായ ഒരു ജഡം അനുഭവിക്കുന്നതിനേക്കാൾ വളരെ ഉയർന്ന അളവിൽ അവൻ ക്ലേശം അനുഭവിക്കുന്നു—അവന്റെ ജഡത്തിന്റെ വാസ്തവികതയിൽ നിന്നും സാധാരണത്വത്തിൽ നിന്നുമാണ് ഈ യാതനകളത്രയും ഉണ്ടാകുന്നത്. മനുഷ്യജന്മമെടുത്ത ആ രണ്ട് ജഡങ്ങളും ശുശ്രൂഷകൾ നിർവഹിച്ചപ്പോൾ കടന്നുപോയ യാതനയിൽ നിന്നും, അവതരിച്ച ജഡത്തിന്റെ സാരം ഒരുവന് മനസ്സിലാക്കാൻ കഴിയും. ജഡം എത്രത്തോളം സാധാരണമാകുന്നുവോ, വേല ഏറ്റെടുക്കുമ്പോൾ അവൻ അത്രയധികം ക്ലേശം സഹിക്കണം. വേല ഏറ്റെടുക്കുന്ന ജഡം എത്രത്തോളം സാധാരണമാകുന്നുവോ ആളുകളുടെ സങ്കല്പങ്ങൾ അത്രത്തോളം കഠിനമാകുകയും അത്രത്തോളം കൂടുതൽ അപകടങ്ങൾ അവനുമേൽ പതിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. എന്നിട്ടും, ജഡം എത്രത്തോളം കൂടുതൽ യഥാർഥമാണോ, ഒരു സാധാരണ മനുഷ്യന്റെ ആവശ്യങ്ങളും പൂർണമായ ബോധവും ആ ജഡം എത്രത്തോളം കൈവരിക്കുന്നുവോ, ജഡത്തിൽ ദൈവത്തിന്റെ വേല ഏറ്റെടുക്കുന്നതിൽ അത്രയും കൂടുതൽ അവൻ പ്രാപ്തനാകുന്നു. യേശുവിന്റെ ജഡമാണ് ക്രൂശിൽ തറയ്ക്കപ്പെട്ടത്, പാപബലിയായി അവൻ ഉപേക്ഷിച്ച അവന്റെ ജഡം; സാമാന്യ മനുഷ്യത്വമുള്ള ഒരു ജഡത്തിലൂടെയാണ് അവൻ സാത്താനെ പരാജയപ്പെടുത്തിയതും മനുഷ്യനെ ക്രൂശിൽ നിന്ന് പൂർണമായി രക്ഷിച്ചതും. തന്റെ രണ്ടാമത്തെ മനുഷ്യജന്മത്തിൽ ഒരു സമ്പൂർണ ജഡമായിട്ടാണ് ദൈവം ജയിച്ചടക്കൽ വേല നിർവഹിക്കുന്നതും സാത്താനെ പരാജയപ്പെടുത്തുന്നതും. പൂർണമായും സാധാരണവും യഥാർഥവുമായ ഒരു ജഡത്തിനു മാത്രമേ ജയിച്ചടക്കൽ വേല അതിന്റെ സമഗ്രതയിൽ നിർവഹിക്കാനും ശക്തമായ സാക്ഷ്യം വഹിക്കാനും സാധിക്കൂ. അതായത്, പ്രകൃത്യാതീതമായ അത്ഭുതങ്ങളിലൂടെയും വെളിപ്പെടുത്തലുകളിലൂടെയുമല്ല, ജഡത്തിലുള്ള ദൈവത്തിന്റെ യാഥാർഥ്യത്തിലൂടെയും സാധാരണത്വത്തിലൂടെയുമാണ് മനുഷ്യനെ ജയിച്ചടക്കുന്ന വേല ഫലപ്രദമാക്കുന്നത്. അരുളിച്ചെയ്യലും അതുവഴി മനുഷ്യനെ ജയിച്ചടക്കി തികവുള്ളവനാക്കലുമാണ് മനുഷ്യജന്മമെടുത്ത ഈ ദൈവത്തിന്റെ ശുശ്രൂഷ; മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജഡത്തിൽ സാക്ഷാത്കരിക്കപ്പെട്ട ആത്മാവിന്റെ വേല, ജഡത്തിന്റെ കർത്തവ്യം, അരുളിച്ചെയ്യുകയും അതുവഴി മനുഷ്യനെ പൂർണമായും ജയിച്ചടക്കുകയും വെളിപ്പെടുത്തുകയും തികവുറ്റവനാക്കുകയും ഇല്ലാതാക്കുകയുമാണ്. അതിനാൽ, ജയിച്ചടക്കൽ വേലയിലാണ് ജഡത്തിലുള്ള ദൈവത്തിന്റെ വേല പൂർണമായും നിറവേറ്റപ്പെടുക. മനുഷ്യനായി ജനിക്കുന്ന വേലയുടെ തുടക്കം മാത്രമായിരുന്നു വീണ്ടെടുപ്പിന്റെ പ്രാരംഭവേല; ജയിച്ചടക്കൽ വേല നിർവഹിക്കുന്ന ജഡം മനുഷ്യജന്മമെടുക്കലിന്റെ മുഴുവൻ വേലയും പൂർത്തിയാക്കും. ലിംഗം അനുസരിച്ച് ഒന്ന് പുരുഷനും മറ്റൊന്ന് സ്ത്രീയുമാണ്, അങ്ങനെ ദൈവത്തിന്റെ മനുഷ്യജന്മമെടുക്കലിന്റെ പ്രാധാന്യം പൂർത്തീകരിക്കുന്നു, ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ സങ്കല്പങ്ങളെ ദൂരീകരിക്കുന്നു: ദൈവത്തിന് സ്ത്രീയും പുരുഷനും ആയിത്തീരാം. ചുരുക്കത്തിൽ, മനുഷ്യജന്മമെടുത്ത ദൈവം ലിംഗരഹിതനാണ്. അവൻ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചു, അവന് ലിംഗഭേദമില്ല. വേലയുടെ ഈ ഘട്ടത്തിൽ, ദൈവം അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നില്ല, അങ്ങനെ അവന്റെ വേലയുടെ ഫലങ്ങൾ വചനങ്ങളിലൂടെ കൈവരിക്കും. ഇതിന്റെ കാരണം, എല്ലാത്തിനും ഉപരിയായി, രോഗികളെ സുഖപ്പെടുത്തലും ഭൂതങ്ങളെ പുറത്താക്കലുമല്ല മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ഈ സമയത്തെ വേല എന്നതാണ്, മറിച്ച്, അരുളിച്ചെയ്യുന്നതിലൂടെ മനുഷ്യനെ ജയിച്ചടക്കലാണ്, അതായത്, വചനങ്ങൾ അരുളിച്ചെയ്യലും മനുഷ്യനെ ജയിച്ചടക്കലുമാണ് ദൈവത്തിന്റെ മനുഷ്യജന്മമെടുത്ത ജഡത്തിന്റെ സഹജമായ കഴിവ്, രോഗികളെ സുഖപ്പെടുത്തലും ഭൂതങ്ങളെ പുറത്താക്കലുമല്ല. സാമാന്യ മനുഷ്യത്വത്തിൽ അവന്റെ വേല അത്ഭുതങ്ങൾ നിർവഹിക്കലല്ല, രോഗികളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ പുറത്താക്കുകയുമല്ല, മറിച്ച്, അരുളിച്ചെയ്യലാണ്, അതിനാൽ രണ്ടാമത്തെ മനുഷ്യജന്മമെടുത്ത ജഡം മുമ്പത്തേതിനേക്കാൾ വളരെയധികം സാധാരണമായി ആളുകൾക്ക് തോന്നുന്നു. ദൈവത്തിന്റെ അവതാരം നുണയല്ലെന്ന് ആളുകൾ മനസ്സിലാക്കുന്നു; എന്നാൽ, മനുഷ്യജന്മമെടുത്ത ഈ ദൈവം യേശു എന്ന അവതാരത്തിൽ നിന്ന് വ്യത്യസ്തമാണ്, ഇരുവരും മനുഷ്യജന്മമെടുത്ത ദൈവമാണെങ്കിലും അവർ രണ്ടു പേരും പൂർണമായും ഒരേ പോലെയല്ല. യേശുവിന് സാമാന്യ മനുഷ്യത്വം ഉണ്ടായിരുന്നു, സാധാരണ മനുഷ്യ പ്രകൃതി, എന്നാൽ, നിരവധി അടയാളങ്ങളും അത്ഭുതങ്ങളും അവനോടൊപ്പം ഉണ്ടായിരുന്നു. മനുഷ്യജന്മമെടുത്ത ഈ ദൈവത്തിൽ അടയാളങ്ങളോ അത്ഭുതങ്ങളോ, രോഗികളെ സുഖപ്പെടുത്തുന്നതോ ഭൂതങ്ങളെ പുറത്താക്കുന്നതോ സമുദ്രത്തിനുമേൽ നടക്കുന്നതോ നാല്പത് ദിവസം ഉപവസിക്കുന്നതോ ഒന്നും മനുഷ്യനേത്രങ്ങൾ കാണുകയില്ല.... യേശു ചെയ്ത അതേ വേല അവൻ ചെയ്യുന്നില്ല, അതിന്റെ സാരത്തിൽ അവന്റെ ജഡം യേശുവിന്റേതിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമായതുകൊണ്ടല്ല, മറിച്ച്, രോഗികളെ സുഖപ്പെടുത്തുന്നതും ഭൂതങ്ങളെ പുറത്താക്കുന്നതും അവന്റെ ശുശ്രൂഷയല്ല എന്നതുകൊണ്ടാണത്. സ്വന്തം വേലയെ അവൻ കീറിമുറിക്കുന്നില്ല, സ്വന്തം വേലയെ അലോസരപ്പെടുത്തുന്നില്ല. തന്റെ യഥാർഥ വചനങ്ങളിലൂടെ അവൻ മനുഷ്യനെ ജയിച്ചടക്കുന്നതിനാൽ, മനുഷ്യനെ അത്ഭുതങ്ങളാൽ കീഴടക്കേണ്ട ആവശ്യമില്ല, അതിനാൽ മനുഷ്യജന്മമെടുക്കുന്നതിന്റെ വേല പൂർത്തിയാക്കുന്നതിനായാണ് ഈ ഘട്ടം. നീ ഇന്ന് കാണുന്ന മനുഷ്യജന്മമെടുത്ത ദൈവം പൂർണമായും ഒരു ജഡമാണ്, അവനിൽ അമാനുഷികത ഒന്നുമില്ല. മറ്റുള്ളവരെപ്പോലെ തന്നെ അവനും രോഗം പിടിപെടുന്നു, മറ്റുള്ളവരെപ്പോലെ തന്നെ ഭക്ഷണവും വസ്ത്രവും അവന് ആവശ്യമാണ്; അവൻ പൂർണമായും ഒരു ജഡമാണ്. മനുഷ്യജന്മമെടുത്ത ദൈവം ഈ സമയത്ത് പ്രകൃത്യാതീതമായ അടയാളങ്ങളും അത്ഭുതങ്ങളും പ്രകടിപ്പിക്കുന്നുവെങ്കിൽ, അവൻ രോഗികളെ സുഖപ്പെടുത്തുകയോ ഭൂതങ്ങളെ പുറത്താക്കുകയോ, അല്ലെങ്കിൽ ഒറ്റ വചനത്താൽ കൊല്ലുകയോ ചെയ്യുന്നുവെങ്കിൽ, ജയിച്ചടക്കുന്ന വേല എങ്ങനെ നിർവഹിക്കാനാകും? വിജാതീയ രാഷ്ട്രങ്ങൾക്കിടയിൽ എങ്ങനെ ഈ വേല വ്യാപിപ്പിക്കാൻ കഴിയും? രോഗികളെ സുഖപ്പെടുത്തുന്നതും ഭൂതങ്ങളെ പുറത്താക്കുന്നതും കൃപയുഗത്തിന്റെ വേലയായിരുന്നു, വീണ്ടെടുക്കൽ വേലയുടെ ആദ്യ ഘട്ടമായിരുന്നു അത്, ഇപ്പോൾ മനുഷ്യനെ ദൈവം ക്രൂശിൽ നിന്ന് രക്ഷിച്ചിട്ടുള്ളതിനാൽ, അവിടുന്ന് ഇനി മേലിൽ ആ വേല നിർവഹിക്കുകയില്ല. അന്ത്യനാളുകളിൽ, യേശുവിനെപ്പോലെ തന്നെ രോഗികളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ പുറത്താക്കുകയും മനുഷ്യനുവേണ്ടി ക്രൂശിലേറുകയും ചെയ്യുന്ന ഒരു “ദൈവം” പ്രത്യക്ഷപ്പെട്ടാൽ, ആ “ദൈവം” ബൈബിളിൽ ദൈവത്തിന് നൽകിയിരിക്കുന്ന വിവരണത്തിന് സമാനവും മനുഷ്യർക്ക് എളുപ്പത്തിൽ സ്വീകരിക്കാൻ സാധിക്കുന്നതും ആണെങ്കിൽപ്പോലും, അതിന്റെ സാരത്തിൽ അത് ദൈവത്തിന്റെ ആത്മാവ് ധരിക്കുന്ന ജഡമായിരിക്കില്ല, മറിച്ച് ഒരു ദുരാത്മാവ് ധരിക്കുന്ന ജഡമായിരിക്കും. കാരണം, ഇതിനകം പൂർത്തിയാക്കിയിട്ടുള്ള കാര്യങ്ങൾ ഒരിക്കലും ആവർത്തിക്കരുത് എന്നതാണ് ദൈവത്തിന്റെ വേലയുടെ തത്ത്വം. അതിനാൽ, ദൈവത്തിന്റെ രണ്ടാമത്തെ മനുഷ്യജന്മത്തിന്റെ വേല ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമാണ്. അന്ത്യനാളുകളിൽ, സാധാരണവും സാമാന്യവുമായ ജഡത്തിൽ ദൈവം ജയിച്ചടക്കൽ വേല സാക്ഷാത്കരിക്കുന്നു; അവൻ രോഗികളെ സുഖപ്പെടുത്തുന്നില്ല, മനുഷ്യനുവേണ്ടി ക്രൂശിക്കപ്പെടുകയില്ല, മറിച്ച് ജഡത്തിൽ വചനങ്ങൾ കേവലം അരുളിച്ചെയ്യുകയും ജഡത്തിൽ മനുഷ്യനെ ജയിച്ചടക്കുകയും ചെയ്യുന്നു. അത്തരം ജഡം മാത്രമാണ് ദൈവത്തിന്റെ മനുഷ്യജന്മമെടുത്ത ജഡം; അത്തരം ജഡത്തിനു മാത്രമേ ജഡത്തിൽ ദൈവത്തിന്റെ വേല പൂർത്തിയാക്കാൻ സാധിക്കൂ.

ഈ ഘട്ടത്തിൽ മനുഷ്യജന്മമെടുത്ത ദൈവം ക്ലേശങ്ങൾ സഹിച്ചുകൊണ്ടിരിക്കുകയോ അല്ലെങ്കിൽ അവന്റെ ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുകയോ ആണെങ്കിൽ അവതരിക്കുന്നതിന്റെ അർഥം പൂർത്തീകരിക്കുന്നതിനായാണ് അവൻ അങ്ങനെ ചെയ്യുന്നത്, കാരണം ഇത് ദൈവത്തിന്റെ അവസാനത്തെ മനുഷ്യജന്മമാണ്. ദൈവത്തിന് രണ്ടു തവണ മാത്രമേ മനുഷ്യജന്മമെടുക്കാൻ കഴിയൂ. മൂന്നാമതൊരു തവണ ഉണ്ടാകില്ല. ആദ്യത്തെ മനുഷ്യജന്മം പുരുഷനായിരുന്നു, രണ്ടാമത്തേത് സ്ത്രീയും, അങ്ങനെ മനുഷ്യന്റെ മനസ്സിൽ ദൈവത്തിന്റെ ജഡത്തിന്റെ പ്രതിരൂപം പൂർത്തിയാക്കപ്പെടുന്നു; അതിലുപരി, രണ്ട് മനുഷ്യജന്മങ്ങളും ജഡത്തിൽ ദൈവത്തിന്റെ വേല ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. മനുഷ്യജന്മമെടുത്ത ദൈവത്തിന് അവതരിക്കുന്നതിന്റെ അർഥം പൂർത്തിയാക്കുന്നതിനായി ആദ്യത്തെ തവണ സാമാന്യ മനുഷ്യത്വം ഉണ്ടായിരുന്നു. ഇത്തവണയും അവന് സാമാന്യ മനുഷ്യത്വമുണ്ട്, എന്നാൽ ഈ മനുഷ്യജന്മത്തിന്റെ അർഥം വ്യത്യസ്തമാണ്: അത് കൂടുതൽ ആഴമുള്ളതും അവന്റെ വേല കൂടുതൽ ഗഹനമായ പ്രാധാന്യമുള്ളതുമാണ്. അവതരിക്കുന്നതിന്റെ അർഥം പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് ദൈവം വീണ്ടും ജഡമായിത്തീർന്നിട്ടുള്ളത്. തന്റെ വേലയുടെ ഈ ഘട്ടം ദൈവം പൂർണമായും അവസാനിപ്പിച്ചു കഴിയുമ്പോൾ, അവതരിക്കുന്നതിന്റെ മുഴുവൻ അർഥവും, അതായത്, ജഡത്തിൽ ദൈവത്തിന്റെ വേല, പൂർണമാകും; ജഡത്തിൽ നിർവഹിക്കപ്പെടേണ്ടതായ വേലയൊന്നും പിന്നെ ഉണ്ടായിരിക്കുകയുമില്ല. അതായത്, തന്റെ വേല നിർവഹിക്കാൻ ദൈവം ഇനിയൊരിക്കലും ജഡത്തിലേക്ക് വരുകയില്ല. മനുഷ്യവർഗത്തെ രക്ഷിക്കാനും പൂർണരാക്കാനും വേണ്ടി മാത്രമാണ് മനുഷ്യനായി ജനിക്കുന്ന വേല ദൈവം ചെയ്യുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വേലയെ പ്രതി അല്ലാതെ ദൈവം ജഡത്തിലേക്ക് വരുന്നത് പതിവുള്ളതല്ല. വേല നിർവഹിക്കാൻ ജഡത്തിലേക്ക് വരുന്നതിലൂടെ, താൻ ഒരു ജഡമാണെന്നും ഒരു സാമാന്യ മനുഷ്യനാണെന്നും ഒരു സാധാരണ വ്യക്തിയാണെന്നും ദൈവം സാത്താന് കാണിച്ചുകൊടുക്കുന്നു—എന്നിരുന്നാലും അവന് വിജയിയായി ലോകം വാഴാൻ കഴിയും, സാത്താനെ പരാജയപ്പെടുത്താനും മനുഷ്യവർഗത്തെ വീണ്ടെടുക്കാനും മനുഷ്യവർഗത്തെ ജയിച്ചടക്കാനും കഴിയും! മനുഷ്യവർഗത്തെ ദുഷിപ്പിക്കുക എന്നതാണ് സാത്താന്റെ വേലയുടെ ലക്ഷ്യം, അതേസമയം ദൈവത്തിന്റെ ലക്ഷ്യം മനുഷ്യവർഗത്തെ രക്ഷിക്കുക എന്നതാണ്. സാത്താൻ മനുഷ്യനെ അഗാധപാതാളത്തിൽ കുടുക്കുന്നു, അതേസമയം, ദൈവം മനുഷ്യനെ അതിൽ നിന്ന് രക്ഷിക്കുന്നു. എല്ലാ മനുഷ്യരെക്കൊണ്ടും സാത്താൻ അതിനെ ആരാധിപ്പിക്കുന്നു, അതേസമയം ദൈവം അവരെ തന്റെ സാമ്രാജ്യത്തിൻ കീഴിലാക്കുന്നു, കാരണം അവൻ സൃഷ്ടിയുടെ കർത്താവാകുന്നു. ഈ വേലയെല്ലാം നേടിയിരിക്കുന്നത് ദൈവത്തിന്റെ രണ്ട് മനുഷ്യജന്മങ്ങളിലൂടെയാണ്. ചുരുക്കത്തിൽ, അവന്റെ ജഡം മനുഷ്യത്വത്തിന്റേയും ദൈവത്വത്തിന്റേയും സംയോഗവും സാമാന്യ മനുഷ്യത്വം കരഗതമായിട്ടുള്ളതും ആണ്. അതിനാൽ, ദൈവത്തിന്റെ മനഷ്യജന്മമെടുത്ത ജഡമില്ലാതെ ദൈവത്തിന് മനുഷ്യനെ രക്ഷിക്കുന്നതിന്റെ ഫലങ്ങൾ നേടാൻ സാധിക്കില്ല, അവന്റെ ജഡത്തിന്റെ സാമാന്യ മനുഷ്യത്വമില്ലാതെ ജഡത്തിൽ അവന്റെ വേലയ്ക്ക് ഈ ഫലങ്ങൾ നേടാൻ സാധിക്കില്ല. അവന് സാമാന്യ മനുഷ്യത്വം ഉണ്ടായിരിക്കണം എന്നതാണ് ദൈവത്തിന്റെ മനുഷ്യജന്മത്തിന്റെ സാരം; അപ്രകാരം അല്ലെങ്കിൽ മനുഷ്യജന്മമെടുക്കുന്നതിൽ ദൈവത്തിന്റെ യഥാർഥ ഹിതത്തിന് അത് വിരുദ്ധമാകും.

അവതരിക്കുന്നതിന്റെ അർഥം യേശുവിന്റെ വേലയിൽ പൂർത്തിയായിട്ടില്ലെന്ന് ഞാൻ പറയുന്നത് എന്തുകൊണ്ടാണ്? കാരണം വചനം പൂർണമായും ജഡമായിത്തീർന്നിട്ടില്ല. ജഡത്തിൽ ദൈവത്തിന്റെ വേലയുടെ ഒരു ഭാഗം മാത്രമാണ് യേശു നിർവഹിച്ചത്; അവൻ വീണ്ടെടുക്കൽ വേല മാത്രമേ നിർവഹിച്ചിട്ടുള്ളൂ, മനുഷ്യനെ പൂർണമായും നേടിയെടുക്കുന്ന വേല ചെയ്തിട്ടില്ല. ഇക്കാരണത്താൽ, അന്ത്യനാളുകളിൽ ദൈവം വീണ്ടും ജഡമായിത്തീർന്നു. വേലയുടെ ഈ ഘട്ടവും ഒരു സാധാരണ ജഡത്തിലാണ് നിർവഹിക്കപ്പെടുന്നത്; ഒരംശം പോലും അതിഭൗതികമല്ലാത്ത മനുഷ്യപ്രകൃതിയുള്ള തികച്ചും സാധാരണ മനുഷ്യനാണ് ഇത് നിർവഹിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം ഒരു സമ്പൂർണ മനുഷ്യനായിത്തീർന്നിരിക്കുന്നു; ദൈവത്തിന്റെ തന്നെ സ്വത്വമുള്ള ഒരു വ്യക്തി, ഒരു സമ്പൂർണ മനുഷ്യൻ, ഒരു സമ്പൂർണ ജഡം, അവനാണ് ഈ വേല നിർവഹിക്കുന്നത്. മനുഷ്യന്റെ കണ്ണുകൾ ഒട്ടും അതീന്ദ്രിയമല്ലാത്ത ഒരു ജഡിക ശരീരത്തെ മാത്രം കാണുന്നു, സ്വർഗത്തിന്റെ ഭാഷ സംസാരിക്കാൻ കഴിയുന്ന, അത്ഭുതകരമായ അടയാളങ്ങളൊന്നും കാണിക്കാത്ത, അത്ഭുതങ്ങൾ പ്രവർത്തിക്കാത്ത, വലിയ സമ്മേളന വേദികളിൽ മതത്തെക്കുറിച്ചുള്ള ആന്തരിക വസ്തുതകൾ തീരെയും തുറന്നു കാണിക്കാത്ത, തികച്ചും സാധാരണക്കാരനായ ഒരു വ്യക്തി. മനുഷ്യജന്മമെടുത്ത രണ്ടാമത്തെ ജഡത്തിന്റെ വേല ആദ്യത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ആളുകൾക്ക് തോന്നുന്നു, രണ്ടുപേർക്കും പൊതുവായി ഒന്നുംതന്നെയില്ലെന്ന് തോന്നുന്ന അത്രത്തോളം. ആദ്യത്തെ മനുഷ്യജന്മത്തിന്റെ വേലയുടേതായ ഒന്നുംതന്നെ ഇത്തവണ കാണാൻ കഴിയില്ല. രണ്ടാമത്തെ മനുഷ്യജന്മമെടുത്ത ജഡത്തിന്റെ വേല ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമാണെങ്കിലും, രണ്ടിന്റേയും ഉറവിടം ഒന്നുതന്നെയല്ലെന്ന് അത് തെളിയിക്കുന്നില്ല. അവയുടെ ഉറവിടം ഒന്നുതന്നെയാണോ എന്നത് ആ ജഡങ്ങൾ നിർവഹിക്കുന്ന വേലയുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു, അവയുടെ പുറന്തോടുകളെ ആശ്രയിച്ചല്ല. തന്റെ വേലയുടെ മൂന്ന് ഘട്ടങ്ങളിലായി ദൈവം രണ്ടു തവണ മനുഷ്യജന്മമെടുത്തു, രണ്ട് തവണയും മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേല ഒരു പുതിയ യുഗം ഉദ്ഘാടനം ചെയ്യുന്നു, ഒരു പുതിയ വേലയെ ആനയിക്കുന്നു; മനുഷ്യജന്മങ്ങൾ പരസ്പരപൂരകമാകുന്നു. രണ്ട് ജഡങ്ങളും യഥാർഥത്തിൽ ഒരേ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്ന് മനുഷ്യനേത്രങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കില്ല. ഇത് മനുഷ്യന്റെ കണ്ണിന്റെയോ മനുഷ്യ മനസ്സിന്റെയോ ശേഷിക്ക് അതീതമാണെന്ന് വളരെ വ്യക്തമാണ്. എന്നാൽ, അവരുടെ സാരാംശത്തിൽ, അവർ ഒരുപോലെയാണ്, കാരണം അവരുടെ വേല ഒരേ ആത്മാവിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഒരേ ഉറവിടത്തിൽ നിന്നാണോ മനുഷ്യജന്മമെടുത്ത രണ്ട് ജഡങ്ങളും ഉത്ഭവിച്ചത് എന്ന് അവർ ജനിച്ച യുഗവും സ്ഥലവും അല്ലെങ്കിൽ അത്തരം മറ്റ് ഘടകങ്ങളോ പരിഗണിച്ച് നിശ്ചയിക്കാനാവില്ല, അവർ പ്രകടിപ്പിച്ച ദൈവത്വത്തിന്റെ വേലയുടെ അടിസ്ഥാനത്തിൽ മാത്രമേ അതിന് സാധിക്കൂ. യേശു ചെയ്ത ഒരു വേലയും മനുഷ്യജന്മമെടുത്ത രണ്ടാമത്തെ ജഡം നിർവഹിക്കുന്നില്ല, കാരണം ദൈവത്തിന്റെ വേല, സമ്പ്രദായത്തെ പിൻപറ്റുന്നില്ല; എന്നാൽ, ഓരോ തവണയും ഒരു പുതിയ പാത തുറക്കുന്നു. ജനങ്ങളുടെ മനസ്സിൽ ആദ്യത്തെ ജഡത്തെക്കുറിച്ചുള്ള ധാരണ വർധിപ്പിക്കുക എന്നതോ ദൃഢപ്പെടുത്തുക എന്നതോ മനുഷ്യജന്മമെടുത്ത രണ്ടാമത്തെ ജഡം ലക്ഷ്യമാക്കുന്നില്ല, മറിച്ച് ആ ധാരണയെ പൂർത്തീകരിക്കാനും പരിപൂർണമാക്കാനും, ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവ് അഗാധമാക്കാനും, ആളുകളുടെ ഹൃദയങ്ങളിൽ നിലനിൽക്കുന്ന എല്ലാ നിയമങ്ങളും ലംഘിക്കാനും അവരുടെ ഹൃദയങ്ങളിൽ ഉള്ള ദൈവത്തിന്റെ വ്യാജപ്രതിരൂപങ്ങളെ തുടച്ചുമാറ്റാനുമാണ് അവൻ ലക്ഷ്യമിടുന്നത്. ദൈവത്തിന്റെ തന്നെ വേലയുടെ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിന് അവനെക്കുറിച്ച് മനുഷ്യന് പൂർണമായ ഒരറിവ് നൽകാൻ സാധിക്കില്ലെന്ന് പറയാൻ കഴിയും; ഓരോന്നും ഒരു ഭാഗം മാത്രമേ നൽകുന്നുള്ളൂ, മുഴുവനും അല്ല. തന്റെ പ്രകൃതം ദൈവം പൂർണമായി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഗ്രഹിക്കാനുള്ള മനുഷ്യന്റെ കഴിവുകൾ പരിമിതമായതുകൊണ്ട്, ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവ് ഇപ്പോഴും അപൂർണമായി ശേഷിക്കുന്നു. മനുഷ്യ ഭാഷ ഉപയോഗിച്ച് ദൈവത്തിന്റെ പ്രകൃതത്തിന്റെ സമഗ്രതയെ സ്പഷ്ടമാക്കുക അസാധ്യമാണ്; അതിലുപരി, അവന്റെ വേലയുടെ ഒരൊറ്റ ഘട്ടത്തിന് ദൈവത്തെ പൂർണമായി പ്രകടിപ്പിക്കാൻ എങ്ങനെ സാധിക്കും? തന്റെ സാമാന്യ മനുഷ്യത്വത്തിന്റെ മറവിൽ അവൻ ജഡത്തിൽ വേല ചെയ്യുന്നു, അവന്റെ ശാരീരികമായ പുറന്തോടു കൊണ്ടല്ല, മറിച്ച് അവന്റെ ദൈവത്വത്തിന്റെ പ്രകടനങ്ങളിലൂടെ മാത്രമേ ഒരുവന് ദൈവത്തെ അറിയാൻ സാധിക്കൂ. തന്റെ വിവിധങ്ങളായ വേലയിലൂടെ തന്നെ അറിയാൻ മനുഷ്യനെ അനുവദിക്കുന്നതിനായി ദൈവം ജഡത്തിൽ വരുന്നു, അവന്റെ വേലയുടെ രണ്ട് ഘട്ടങ്ങൾ ഒരുപോലെയല്ല. ഈ വിധത്തിൽ മാത്രമേ ജഡത്തിലെ ദൈവത്തിന്റെ വേലയെക്കുറിച്ച് മനുഷ്യന് പൂർണമായ അറിവുണ്ടാകൂ, അത് ഒരു ഘട്ടത്തിൽ മാത്രം ഒതുങ്ങുന്നില്ല. മനുഷ്യജന്മമെടുത്ത രണ്ട് ജഡങ്ങളുടേയും വേല വ്യത്യസ്തമാണെങ്കിലും, ജഡങ്ങളുടെ സത്തയും അവരുടെ വേലയുടെ ഉറവിടവും അഭിന്നമാണ്; വേലയുടെ രണ്ട് വ്യത്യസ്ത ഘട്ടങ്ങൾ നിർവഹിക്കുന്നതിനായി അവ നിൽനിൽക്കുന്നുവെന്നും രണ്ട് വ്യത്യസ്ത യുഗങ്ങളിൽ ആവിർഭവിച്ചു എന്നും മാത്രമേയുള്ളൂ. എന്തുതന്നെയായാലും, ദൈവത്തിന്റെ മനുഷ്യജന്മമെടുത്ത ജഡങ്ങൾ ഒരേ സത്തയും ഒരേ ഉറവിടവും പങ്കിടുന്നു—ഇത് ആർക്കും നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്.

മുമ്പത്തേത്: ദുഷിച്ച മനുഷ്യവർഗത്തിന് മനുഷ്യജന്മമെടുത്ത ദൈവത്തിലൂടെയുള്ള രക്ഷയാണ് കൂടുതൽ ആവശ്യം

അടുത്തത്: ദൈവത്തിന്റെ വേലയും മനുഷ്യന്റെ അനുഷ്ഠാനവും

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക