ദുഷിച്ച മനുഷ്യവർഗത്തിന് മനുഷ്യജന്മമെടുത്ത ദൈവത്തിലൂടെയുള്ള രക്ഷയാണ് കൂടുതൽ ആവശ്യം

ദൈവം മനുഷ്യജന്മമെടുത്തു. അതിനു കാരണം, അവന്റെ വേല ലക്ഷ്യമിടുന്നത് സാത്താന്റെ ആത്മാവിനെയോ അരൂപമായ എന്തിനെയെങ്കിലുമോ അല്ല, മറിച്ച് ജഡശരീരമുള്ളതും സാത്താനാൽ ദുഷിക്കപ്പെട്ടവനുമായ മനുഷ്യനെയാണ് എന്നതാണ്. മനുഷ്യന്റെ ജഡം ദുഷിപ്പിക്കപ്പെട്ടതിനാലാണ് കൃത്യമായി പറഞ്ഞാൽ ദൈവം ജഡികനായ മനുഷ്യനെ തന്റെ വേലയുടെ ലക്ഷ്യവസ്തുവാക്കിയത്; കൂടാതെ, ദുഷിപ്പിനു പാത്രമാകുന്നത് മനുഷ്യനായതിനാൽ, ദൈവം തന്റെ രക്ഷാപ്രവൃത്തിയിൽ ഉടനീളം, എല്ലാ ഘട്ടങ്ങളിലും മനുഷ്യനെ തന്റെ വേലയുടെ ഏക ലക്ഷ്യവസ്തുവാക്കി. മനുഷ്യൻ നശ്വരനാണ്, ജഡവും മാംസവും ഉള്ളവൻ; അവനെ രക്ഷിക്കാൻ കേവലം ദൈവത്തിനു മാത്രമേ കഴിയൂ. അതിനാൽ, തന്റെ വേല നിർവഹിക്കുന്നതിന് ദൈവത്തിന് മനുഷ്യന്റെ അതേ ഗുണഗണങ്ങളുള്ള ജഡമായിത്തീരേണ്ടതുണ്ട്, അപ്പോഴാണ് അവന്റെ വേലയ്ക്ക് മെച്ചപ്പെട്ട ഫലങ്ങൾ കൈവരിക്കാനാകുക. മനുഷ്യൻ ജഡമായതിനാലും പാപത്തെ മറികടക്കാനോ ജഡത്തിൽനിന്നു പുറത്തുകടക്കാനോ അവനു കഴിവില്ലാത്തതിനാലും കൃത്യമായി പറഞ്ഞാൽ, തന്റെ വേല ചെയ്യുന്നതിന് ദൈവം ജഡരൂപം ധരിക്കുകതന്നെ വേണം. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ സത്തയ്ക്കും വ്യക്തിത്വത്തിനും മനുഷ്യന്റെ സത്തയിൽനിന്നും വ്യക്തിത്വത്തിൽനിന്നും ഒരുപാട് വ്യത്യാസമുണ്ടെങ്കിലും അവന്റെ രൂപം മനുഷ്യന്റേതിനു സമാനമാണ്. അവന് ഒരു സാധാരണ വ്യക്തിയുടെ രൂപമാണുള്ളത്, അവൻ ഒരു സാധാരണ വ്യക്തിയുടെ ജീവിതം നയിക്കുന്നു, അവനെ കാണുന്നവർക്ക് ഒരു സാധാരണ വ്യക്തിയിൽനിന്നു വേറിട്ട ഒന്നും വേർതിരിച്ചറിയാനാകില്ല. ഈ സാധാരണ രൂപവും സാധാരണ മനുഷ്യത്വവും തന്റെ ദൈവികമായ വേല സാധാരണ മനുഷ്യത്വത്തിൽ നിർവഹിക്കാൻ അവന് പര്യാപ്തമാണ്. അവന്റെ ജഡശരീരം അവനെ സാധാരണ മനുഷ്യത്വത്തിൽ തന്റെ വേല നിർവഹിക്കാൻ അനുവദിക്കുന്നു, മനുഷ്യനിടയിൽ തന്റെ വേല ചെയ്യാൻ അവനെ സഹായിക്കുന്നു, കൂടാതെ, മനുഷ്യർക്കിടയിൽ രക്ഷാപ്രവൃത്തി ചെയ്യാനും അവന്റെ സാധാരണ മനുഷ്യത്വം അവനെ സഹായിക്കുന്നു. അവന്റെ സാധാരണ മനുഷ്യത്വം മനുഷ്യർക്കിടയിൽ വലിയ കോളിളക്കങ്ങൾ ഉണ്ടാക്കിയെങ്കിലും അവന്റെ വേലയുടെ സാധാരണ ഫലങ്ങളെ അത്തരം കോലാഹലങ്ങൾ ബാധിച്ചിട്ടില്ല. ചുരുക്കത്തിൽ, അവന്റെ സാധാരണ ജഡത്തിന്റെ വേല മനുഷ്യന് പരമമായ പ്രയോജനം കൈവരുത്തുന്നതാണ്. മിക്ക മനുഷ്യരും അവന്റെ സാധാരണ മനുഷ്യത്വത്തെ അംഗീകരിക്കുന്നില്ലെങ്കിലും അവന്റെ വേലയ്ക്ക് അപ്പോഴും ഫലങ്ങൾ ഉളവാക്കാനാകും, ആ ഫലങ്ങൾ അവന്റെ സാധാരണ മനുഷ്യത്വം കാരണം സിദ്ധിക്കുന്നതാണ്. ഇക്കാര്യത്തിൽ സംശയമേതുമില്ല. അവന്റെ സാധാരണ മനുഷ്യത്വത്തെക്കുറിച്ച് മനുഷ്യനിടയിലുള്ള ധാരണകളെക്കാൾ പതിന്മടങ്ങോ അനേകം മടങ്ങോ കാര്യങ്ങൾ ജഡത്തിലുള്ള അവന്റെ വേലയിൽനിന്ന് മനുഷ്യൻ നേടുന്നുണ്ട്, അത്തരം ധാരണകളെല്ലാം ആത്യന്തികമായി അവന്റെ വേലയാൽ പൂർണമായും ഇല്ലാതാക്കപ്പെടും. കൂടാതെ, അവന്റെ വേല കൈവരിച്ച ഫലം, അതായത് അവനെക്കുറിച്ചുള്ള മനുഷ്യന്റെ അറിവ് അവനെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണകളെക്കാൾ വളരെയേറെയാണ്. അവൻ ജഡത്തിൽ ചെയ്യുന്ന വേല ഭാവനയിൽ കാണാനോ അളക്കാനോ ഒരു മാർഗവുമില്ല; കാരണം, അവന്റെ ജഡം മറ്റേതൊരു ജഡിക മനുഷ്യന്റെയും പോലെയല്ല, ബാഹ്യരൂപം ഒരുപോലെയാണെങ്കിലും സത്ത ഒരുപോലെയല്ല. അവന്റെ ജഡരൂപം മനുഷ്യനിടയിൽ ദൈവത്തെക്കുറിച്ച് അനേകം ധാരണകൾ ജനിപ്പിക്കുന്നു, എങ്കിലും അവന്റെ ജഡത്തിന്, മനുഷ്യൻ ഒരുപാട് അറിവു നേടുന്നതിന് ഇടയാക്കാനാകും, സമാനമായ ബാഹ്യരൂപമുള്ള ഏതൊരു വ്യക്തിയെയും ജയിച്ചടക്കാൻപോലും കഴിയും. കാരണം, അവൻ വെറുമൊരു മനുഷ്യനല്ല, പകരം, മനുഷ്യന്റെ ബാഹ്യരൂപമുള്ള ദൈവമാണ്; അവനെ ആഴമായി മനസ്സിലാക്കാനോ പൂർണമായി ഗ്രഹിക്കാനോ ആർക്കും കഴിയില്ല. അദൃശ്യവും ദുർഗ്രഹവുമായ ദൈവത്തെയാണ് ഏവരും പ്രിയപ്പെടുകയും കൈക്കൊള്ളുകയും ചെയ്യുക. ദൈവം കേവലം ഒരു ആത്മാവാണെങ്കിൽ, അതായത്, മനുഷ്യന് അദൃശ്യനാണെങ്കിൽ, ദൈവത്തിൽ വിശ്വസിക്കാൻ മനുഷ്യന് വളരെ എളുപ്പമാണ്. ആളുകൾക്ക് അവരുടെ ഭാവനകളെ കയറൂരിവിടാം, സ്വയം തൃപ്തിപ്പെടുത്തുന്നതിനും ആത്മസന്തുഷ്ടിക്കുമായി ദൈവത്തിന്റെ രൂപം എന്ന പേരിൽ അവർക്ക് ഇഷ്ടമുള്ള രൂപം തിരഞ്ഞെടുക്കാം. ഇപ്രകാരം, ആളുകൾക്ക് അവരുടെ സ്വന്തം ദൈവം അവർ എന്തു ചെയ്യാനാണോ ഏറ്റവും ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നത് അത് യാതൊരു കൂസലുമില്ലാതെ ചെയ്യാനാകും. എന്തിനധികം, തങ്ങളെക്കാൾ ദൈവത്തോടു വിശ്വസ്തരും ഭക്തരുമായ ആരുമില്ല എന്നും ബാക്കിയുള്ളവരെല്ലാം വിജാതീയരായ നായ്ക്കളാണെന്നും ദൈവത്തോടു വിശ്വസ്തരല്ലെന്നും ആളുകൾ വിശ്വസിക്കുന്നു. ദൈവവിശ്വാസം അവ്യക്തവും പ്രമാണങ്ങളിൽ അധിഷ്ഠിതവുമായ ആളുകൾ ഇതാണ് തിരയുന്നതെന്നു പറയാനാകും. അവരെല്ലാവരും തിരയുന്നത് ഏതാണ്ട് ഒന്നുതന്നെയാണ്, നേരിയ വ്യത്യാസമേയുള്ളൂ. കേവലം അവരുടെ ഭാവനകളിലുള്ള ദൈവത്തിന്റെ പ്രതിച്ഛായകൾ വ്യത്യസ്തമാണെന്നേയുള്ളൂ, പക്ഷേ, സത്ത യഥാർഥത്തിൽ ഒന്നുതന്നെയാണ്.

ദൈവത്തിലുള്ള അലക്ഷ്യമായ വിശ്വാസം മനുഷ്യനെ അസ്വസ്ഥനാക്കുന്നില്ല, തനിക്ക് ഇഷ്ടമുള്ളതുപോലെ അവൻ ദൈവത്തിൽ വിശ്വസിക്കുന്നു. ഇത് “മനുഷ്യാവകാശത്തിലും സ്വാതന്ത്ര്യത്തിലും” ഉൾപ്പെടുന്ന ഒരു കാര്യമാണുപോലും, അതിൽ ആരും കൈകടത്താൻ പാടില്ല, കാരണം, ആളുകൾ അവരുടെ സ്വന്തം ദൈവത്തിൽ വിശ്വസിക്കുന്നു, വേറെ ആരുടെയും ദൈവത്തിലല്ല. അത് അവരുടെ സ്വകാര്യസ്വത്താണ്, ഏതാണ്ട് എല്ലാവരും തന്നെ ഇത്തരം സ്വകാര്യസ്വത്ത് കൈവശം വയ്ക്കുന്നവരാണ്. ഈ സ്വത്ത് വിലപ്പെട്ട നിധിയായി ആളുകൾ കണക്കാക്കുന്നു, പക്ഷേ, ദൈവത്തെ സംബന്ധിച്ചിടത്തോളം ഇത്രയധികം താണതോ വിലകെട്ടതോ ആയ മറ്റൊന്നില്ല. കാരണം, ദൈവത്തോടുള്ള മനുഷ്യന്റെ എതിർപ്പിന് ഈ സ്വകാര്യസ്വത്തിനോളം വ്യക്തമായ തെളിവ് വേറൊന്നില്ല. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേല നിർവഹിക്കുന്നതിനു വേണ്ടിയാണ് ദൈവം ഇന്ദ്രിയഗോചരമായ, മനുഷ്യനു കാണാനും സ്പർശിക്കാനും കഴിയുന്ന ഒരു ജഡരൂപമെടുത്തത്. അവൻ നിരാകാരമായ ആത്മാവല്ല, മനുഷ്യനു കാണാനും സമ്പർക്കത്തിൽ വരാനും കഴിയുന്ന ജഡരൂപമാണ്. എന്നിരുന്നാലും മനുഷ്യൻ വിശ്വസിക്കുന്ന ദൈവങ്ങളിൽ അധികവും മാംസശരീരമോ ആകാരമോ ഇല്ലാത്ത, ഒരു രൂപത്തിന്റെ കെട്ടുപാടുകളില്ലാത്ത ഈശ്വരന്മാരാണ്. അങ്ങനെ, മനുഷ്യജന്മമെടുത്ത ദൈവം ദൈവവിശ്വാസികളായ അധികം പേരുടെയും ശത്രുവായിമാറി. സമാനമായി, ദൈവത്തിന്റെ മനുഷ്യജന്മത്തെ അംഗീകരിക്കാനാവാത്തവർ ദൈവത്തിന്റെ എതിരാളികളായിമാറി. മനുഷ്യൻ സങ്കൽപ്പങ്ങളും പേറി നടക്കുന്നതിനു കാരണം അവന്റെ ചിന്താരീതിയോ അവന്റെ മത്സരമോ അല്ല, പകരം, മനുഷ്യന്റെ ഈ സ്വകാര്യസ്വത്താണ് അതിനു കാരണം. ഈ സ്വത്തു കാരണമാണ് മിക്ക മനുഷ്യരും മരിച്ചൊടുങ്ങുന്നത്; സ്പർശിച്ചറിയാനോ നേരിൽക്കാണാനോ കഴിയാത്തതും യഥാർഥത്തിൽ, അസ്തിത്വത്തിൽ ഇല്ലാത്തതുമായ ഈ അവ്യക്ത ദൈവമാണ് മനുഷ്യന്റെ ജീവിതം നശിപ്പിക്കുന്നത്. മനുഷ്യജന്മമെടുത്ത ദൈവത്താലല്ല മനുഷ്യന്റെ ജീവിതം നശിക്കുന്നത്, സ്വർഗത്തിലെ ദൈവത്താൽ ഒട്ടുമല്ല. പിന്നെയോ, മനുഷ്യന്റെ സ്വന്തം ഭാവനാസൃഷ്ടിയായ ദൈവത്താലാണ്. ദുഷിച്ച മനുഷ്യരാശിയുടെ ആവശ്യങ്ങൾ ഒന്നുകൊണ്ടു മാത്രമാണ് മനുഷ്യജന്മമെടുത്ത ദൈവം ജഡരൂപത്തിൽ വന്നത്. മനുഷ്യന്റെ ആവശ്യത്തിനാണ് അങ്ങനെ ചെയ്തത്, ദൈവത്തിന്റേതിനല്ല; അവന്റെ ത്യാഗങ്ങളും സഹനങ്ങളും എല്ലാം മനുഷ്യരാശിക്കുവേണ്ടിയാണ്, ദൈവത്തിന്റെ സ്വന്തം പ്രയോജനത്തിനല്ല. ഇതുകൊണ്ട് ദൈവത്തിന് ഗുണമോ ദോഷമോ പ്രതിഫലമോ ഇല്ല, അവനു ലഭിക്കുന്ന ഫലങ്ങൾ ഭാവിയിൽ കൊയ്തെടുക്കേണ്ട എന്തെങ്കിലുമല്ല, അവന് യഥാർഥത്തിൽ ലഭിക്കേണ്ടതുതന്നെയാണ്. മനുഷ്യവർഗത്തിനായി അവൻ ചെയ്യുന്നതും ത്യജിക്കുന്നതുമെല്ലാം തനിക്കുതന്നെ വലിയ പ്രതിഫലങ്ങൾ നേടുന്നതിനല്ല, മനുഷ്യവർഗത്തെ പ്രതി മാത്രമാണ്. ദൈവം ജഡത്തിൽ ചെയ്യുന്ന വേലയിൽ സങ്കൽപ്പിക്കാനാവാത്ത അനേകം ബുദ്ധിമുട്ടുകൾ ഉൾപ്പെട്ടിരിക്കുന്നെങ്കിലും ആത്യന്തികമായി അതു കൈവരിക്കുന്ന ഫലങ്ങൾ ആത്മാവ് നേരിട്ടു ചെയ്യുന്ന വേലയുടേതിനെക്കാൾ വളരെ അധികമാണ്. ജഡത്തിലെ വേലയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അടങ്ങിയിട്ടുണ്ട്, കൂടാതെ, ജഡത്തിന് ആത്മാവിന്റേതുപോലുള്ള മഹത്തായ വ്യക്തിത്വം സ്വന്തമായില്ല, അവന് ആത്മാവു ചെയ്യുന്നതുപോലുള്ള അമാനുഷമായ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല, ആത്മാവിന്റെ അതേ അധികാരം കയ്യാളാൻ അത്രപോലും കഴിയില്ല. എങ്കിലും അപ്രധാനനായ ഈ ജഡരൂപം ചെയ്യുന്ന വേലയുടെ സത്ത ആത്മാവ് നേരിട്ടു ചെയ്യുന്ന വേലയെക്കാൾ വളരെ ശ്രേഷ്ഠമാണ്; ഈ ജഡരൂപംതന്നെ സകല മനുഷ്യരാശിയുടെയും ആവശ്യങ്ങൾക്കുള്ള ഉത്തരമാണ്. രക്ഷിക്കപ്പെടാനുള്ളവർക്ക് ആത്മാവിന്റെ ഉപയോഗ മൂല്യം ജഡരൂപത്തിന്റേതിനെക്കാൾ വളരെ തുച്ഛമാണ്: ആത്മാവിന്റെ വേലയ്ക്ക് പ്രപഞ്ചത്തെയാകെയും സകല പർവതങ്ങളെയും നദികളെയും തടാകങ്ങളെയും സമുദ്രങ്ങളെയും ഉൾക്കൊള്ളാനാകും, എങ്കിലും ജഡത്തിന്റെ വേല അവനുമായി സമ്പർക്കത്തിൽ വരുന്ന ഓരോ വ്യക്തിയുമായും കൂടുതൽ ഫലപ്രദമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തിനധികം, ഇന്ദ്രിയഗോചരമായ ദൈവത്തിന്റെ ജഡരൂപം മനുഷ്യനു മനസ്സിലാക്കാനും വിശ്വാസമർപ്പിക്കാനും ഏറെ കഴിയുന്നതാണ്, ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവ് കൂടുതൽ ആഴമുള്ളതാക്കാനും ദൈവത്തിന്റെ യഥാർഥ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മതിപ്പ് മനുഷ്യമനസ്സിൽ ഏറെ ആഴത്തിൽ പതിപ്പിക്കാനും അതിനു കഴിയും. ആത്മാവിന്റെ വേല നിഗൂഢമായി മറഞ്ഞിരിക്കുന്നതാണ്, മർത്ത്യർക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ളതാണ്, അവർക്ക് കാണാൻപോലും പ്രയാസമുള്ളതാണത്. അതുകൊണ്ട്, നിരർഥകമായ ഭാവനകളിൽ മാത്രമേ അവർക്ക് ആശ്രയിക്കാനാകൂ. പക്ഷേ ജഡത്തിലെ പ്രവൃത്തികളാകട്ടെ, സാധാരണവും യാഥാർഥ്യത്തിൽ അധിഷ്ഠിതവും സമ്പുഷ്ടമായ ജ്ഞാനം അടങ്ങിയതും മനുഷ്യന്റെ നഗ്നനേത്രങ്ങൾക്കു കാണാനാകുന്ന ഒരു വസ്തുതയും ആണ്; ദൈവത്തിന്റെ വേലയുടെ ജ്ഞാനം മനുഷ്യന് വ്യക്തിഗതമായി അനുഭവിക്കാനാകും, തന്റെ കാടുകയറിയ ഭാവന ഉപയോഗപ്പെടുത്തേണ്ട ഒരാവശ്യവുമില്ല. ദൈവത്തിന്റെ ജഡരൂപത്തിലെ വേലയുടെ കൃത്യതയും യഥാർഥ മൂല്യവുമാണിത്. ആത്മാവിനാകട്ടെ, മനുഷ്യനു കാണാനാകാത്തതും അവന് ഭാവനയിൽ കാണാൻ വിഷമമുള്ളതുമായ കാര്യങ്ങൾ മാത്രമേ ചെയ്യാനാകൂ; ആത്മാവ് പകരുന്ന പ്രബുദ്ധത, ആത്മാവേകുന്ന പ്രേരണ, ആത്മാവിന്റെ വഴിനടത്തിപ്പ് എന്നിവ ഉദാഹരണമാണ്. പക്ഷേ, മനസ്സ് എന്നൊന്നുള്ള മനുഷ്യന് ഇത് വ്യക്തമായ ഒരർഥവും പകർന്നുനൽകുന്നില്ല. അവ കേവലം പ്രേരണയോ വിശാലമായ ഒരർഥമോ മാത്രമേ നൽകുന്നുള്ളൂ, വചനങ്ങളിലൂടെ നിർദേശം നൽകാൻ അവയ്ക്കു കഴിയില്ല. ജഡരൂപത്തിലുള്ള ദൈവത്തിന്റെ വേല പക്ഷേ തികച്ചും വ്യത്യസ്തമാണ്: അതിൽ വചനങ്ങളുടെ കൃത്യമായ വഴിനയിക്കലുണ്ട്, അതിന് വ്യക്തമായ ഉദ്ദേശ്യമുണ്ട്, വ്യക്തവും അനിവാര്യവുമായ ലക്ഷ്യങ്ങളുമുണ്ട്. അതുകൊണ്ട് മനുഷ്യൻ വെറുതെ ഇരുട്ടിൽ തപ്പിത്തടയുകയോ തന്റെ ഭാവനാശക്തി പുറത്തെടുക്കുകയോ ചെയ്യേണ്ടതില്ല, ഊഹാപോഹങ്ങൾ നടത്തേണ്ട ആവശ്യം തീരെയില്ല. ജഡത്തിലെ വേലയുടെ വ്യക്തതയും ആത്മാവിന്റെ വേലയിൽനിന്നുള്ള ഇതിന്റെ വലിയ വ്യത്യാസവുമാണിത്. ആത്മാവിന്റെ വേല പരിമിതമായ ഒരു വ്യാപ്തിയിലേ അനുയോജ്യമാകുന്നുള്ളൂ, കൂടാതെ, ജഡത്തിന്റെ വേലയെ മാറ്റിസ്ഥാപിക്കാൻ അതിനു കഴിയില്ല. ജഡത്തിലെ വേല മനുഷ്യന് ആത്മാവിന്റെ വേലയെക്കാൾ വളരെ കൃത്യവും അവശ്യവുമായ ലക്ഷ്യങ്ങളും കൂടുതൽ യഥാർഥവും വിലപ്പെട്ടതുമായ അറിവും നൽകുന്നു. കൃത്യമായ വചനങ്ങളും പിന്തുടരാൻ വ്യക്തമായ ലക്ഷ്യങ്ങളും നൽകുന്ന, കാണാനും സ്പർശിക്കാനും കഴിയുന്ന വേലയാണ് ദുഷിച്ച മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം മൂല്യവത്തായ വേല. യാഥാർഥ്യബോധമുള്ള വേലയും തക്കസമയത്തുള്ള മാർഗനിർദേശവും മാത്രമാണ് മനുഷ്യന്റെ അഭിരുചിക്ക് യോജിച്ചത്, യഥാർഥമായ വേലയ്ക്കു മാത്രമേ മനുഷ്യനെ അവന്റെ ദുഷിച്ചതും അധഃപതിച്ചതുമായ പ്രകൃതത്തിൽനിന്ന് രക്ഷിക്കാനാകൂ. മനുഷ്യജന്മമെടുത്ത ദൈവത്തിനു മാത്രമേ ഇത് സാധ്യമാകൂ; മനുഷ്യജന്മമെടുത്ത ദൈവത്തിനു മാത്രമേ മനുഷ്യനെ അവന്റെ ദുഷിച്ചതും അധഃപതിച്ചതുമായ മുൻകാല പ്രകൃതത്തിൽനിന്ന് രക്ഷിക്കാനാകൂ. ആത്മാവ് ദൈവത്തിന്റെ സഹജമായ സത്തയാണെങ്കിലും അവന്റെ ജഡരൂപത്തിനു മാത്രമേ ഇത്തരം വേല നിർവഹിക്കാനാകൂ. ആത്മാവ് തനിച്ചാണ് വേല നിർവഹിച്ചിരുന്നതെങ്കിൽ അവന്റെ വേല ഫലപ്രദമാകുക സാധ്യമായിരുന്നില്ല—സ്പഷ്ടമായ ഒരു പരമാർഥമാണിത്. ഈ ജഡരൂപം കാരണം അധികം പേരും ദൈവത്തിന്റെ ശത്രുക്കളായെങ്കിലും, അവൻ തന്റെ വേലയ്ക്കു വിരാമമിടുമ്പോൾ, അവന് എതിരുനിൽക്കുന്നവർ അവനോടുള്ള ശത്രുത ഉപേക്ഷിക്കുമെന്നു മാത്രമല്ല, മറിച്ച്, അവന്റെ സാക്ഷികളായി മാറുകയും ചെയ്യും. അവർ അവൻ ജയിച്ചടക്കിയ സാക്ഷികളായി മാറും, അവന് അനുയോജ്യരായ, അവനിൽനിന്നു വേർപിരിക്കാനാവാത്ത സാക്ഷികൾ. താൻ ജഡത്തിൽ ചെയ്യുന്ന വേല മനുഷ്യനെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രധാനമാണെന്ന് മനുഷ്യൻ തിരിച്ചറിയാൻ അവൻ ഇടയാക്കും, മനുഷ്യന്റെ നിലനിൽപ്പിന്റെ പൊരുളിനോടുള്ള ബന്ധത്തിൽ ഈ ജഡരൂപത്തിനുള്ള പ്രാധാന്യം മനുഷ്യൻ മനസ്സിലാക്കും, മനുഷ്യ ജീവന്റെ വളർച്ചയ്ക്ക് അവനുള്ള യഥാർഥ മൂല്യം അവർ അറിയും, കൂടാതെ ഈ ജഡം, മനുഷ്യന് ഒഴിച്ചുകൂടാൻ കഴിയാത്ത ജീവന്റെ ജീവനുള്ള ഉറവയായി മാറുമെന്നും അവർ അറിയും. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ജഡത്തിന് ദൈവത്തിന്റെ വ്യക്തിത്വവും സ്ഥാനവുമായി വളരെ അന്തരമുണ്ടെങ്കിലും അവന്റെ യഥാർഥ പദവിക്ക് യോജിക്കാത്തതാണ് അതെന്ന് മനുഷ്യനു തോന്നിയേക്കാമെങ്കിലും, ദൈവത്തിന്റെ യഥാർഥ പ്രതിരൂപമോ ദൈവത്തിന്റെ യഥാർഥ വ്യക്തിത്വമോ ഇല്ലാത്ത ഈ ജഡത്തിന് ദൈവാത്മാവിനു നേരിട്ടു ചെയ്യാൻ കഴിയാത്ത വേല ചെയ്യാനാകും. അതാണ് ദൈവത്തിന്റെ മനുഷ്യജന്മത്തിന്റെ യഥാർഥ പ്രാധാന്യം, ഈ പ്രാധാന്യവും മൂല്യവുമാണ് മനുഷ്യനു വിലമതിക്കാനും അംഗീകരിക്കാനും കഴിയാത്തത്. സകല മനുഷ്യരും ദൈവത്തിന്റെ ആത്മാവിനെ ശ്രേഷ്ഠമായി വീക്ഷിക്കുകയും ദൈവത്തിന്റെ ജഡരൂപത്തെ വിലകുറച്ചു കാണുകയും ചെയ്യുന്നെങ്കിലും അവർ എങ്ങനെ വീക്ഷിച്ചാലും എന്തു കരുതിയാലും ജഡത്തിന്റെ യഥാർഥ പ്രാധാന്യവും മൂല്യവും ആത്മാവിന്റേതിനെക്കാൾ വളരെ ഉയർന്നതാണ്. തീർച്ചയായും, ഇത് ദുഷിച്ച മനുഷ്യവർഗത്തോടുള്ള ബന്ധത്തിൽ മാത്രമാണ്. സത്യം അന്വേഷിക്കുകയും ദൈവത്തിന്റെ പ്രത്യക്ഷതയ്ക്കായി കാത്തുകാത്തിരിക്കുകയും ചെയ്യുന്ന ഏവർക്കും കേവലം പ്രേരണയോ പ്രചോദനമോ നൽകാനേ ആത്മാവിന്റെ വേലയ്ക്കു കഴിയൂ; അത് വിശദീകരിക്കാൻ കഴിയാത്തതും ഭാവനാതീതവും ആയതിനാൽ ഒരുതരം ആശ്ചര്യം ഉളവാക്കാനോ മഹത്തരവും അത്യുത്കൃഷ്ടവും പ്രശംസനീയവുമാണത് എന്ന ബോധം ഉളവാക്കാനോ മാത്രമേ അതിനു കഴിയൂ, അതേസമയം, അത് സകലർക്കും അപ്രാപ്യവും നേടാനാകാത്തതുമാണ്. മനുഷ്യനും ദൈവത്തിന്റെ ആത്മാവിനും വിദൂരതയിൽനിന്നു മാത്രമേ പരസ്പരം കാണാനാകൂ, അവർക്കിടയിൽ വലിയ അകലമുള്ളതുപോലെ; അവർക്ക് ഒരിക്കലും ഒരുപോലെ ആയിരിക്കാനാകില്ല, അദൃശ്യമായ ഏതോ പിളർപ്പിനാൽ മനുഷ്യനും ദൈവവും വിഭജിക്കപ്പെട്ടതുപോലെ. വാസ്തവത്തിൽ ആത്മാവ് മനുഷ്യനു നൽകിയ ഒരു മിഥ്യാബോധമാണിത്; കാരണം, ആത്മാവും മനുഷ്യനും ഒരേ തരമല്ല, അവർ ഒരേ ലോകത്ത് ഒരിക്കലും ഒരുമിച്ച് വസിച്ചിട്ടില്ല, മനുഷ്യന്റേതായ ഒന്നും ആത്മാവിൽ കുടികൊള്ളുന്നുമില്ല. അതുകൊണ്ട് മനുഷ്യന് ആത്മാവിന്റെ ആവശ്യമില്ല, കാരണം, മനുഷ്യന് ഏറ്റവും ആവശ്യമുള്ള വേല നേരിട്ടു ചെയ്യാൻ ആത്മാവിനു സാധ്യമല്ല. ജഡരൂപത്തിന്റെ വേല, മനുഷ്യന് പിന്തുടരാൻ യഥാർഥമായ ഉദ്ദേശ്യങ്ങളും സ്പഷ്ടമായ വചനങ്ങളും നൽകുന്നതോടൊപ്പം, അവൻ യഥാർഥവും സാമാന്യനുമാണെന്നും അവൻ താഴ്മയുള്ളവനും സാധാരണക്കാരനുമാണെന്നും ഉള്ള ബോധവും പകർന്നുനൽകുന്നു. മനുഷ്യൻ അവനെ ഭയപ്പെട്ടേക്കാമെങ്കിലും മിക്കവർക്കും അവനെ എളുപ്പത്തിൽ ഉൾക്കൊള്ളാനാകും: മനുഷ്യന് അവന്റെ മുഖം ദർശിക്കാനും അവന്റെ സ്വരം ശ്രവിക്കാനും കഴിയുന്നു, മനുഷ്യന് അവനെ ദൂരെനിന്ന് നോക്കിക്കാണേണ്ടതില്ല. ഈ ജഡം മനുഷ്യന് സമീപിക്കാനാവുന്നതാണ്, വിദൂരത്തുള്ളതോ ഗ്രഹിക്കാനാവാത്തതോ അല്ല, പകരം, കാണാനും സ്പർശിക്കാനും കഴിയുന്നതാണ്. കാരണം, മനുഷ്യന്റെ അതേ ലോകത്താണ് ആ ജഡവും ഉള്ളത്.

ജഡത്തിൽ വസിക്കുന്ന സകലർക്കും അവരുടെ പ്രകൃതത്തിൽ മാറ്റം വരുത്തുന്നതിന്, പിന്തുടരാൻ കഴിയുന്ന ലക്ഷ്യങ്ങൾ ആവശ്യമാണ്; കൂടാതെ, ദൈവത്തെ അറിയുന്നതിന് ദൈവത്തിന്റെ യഥാർഥ പ്രവൃത്തികൾക്കും യഥാർഥ മുഖത്തിനും സാക്ഷ്യം വഹിക്കേണ്ടതുണ്ട്. ഇവ രണ്ടും ദൈവത്തിന്റെ മനുഷ്യജന്മമെടുത്ത ശരീരത്തിനു മാത്രമേ സാധ്യമാക്കാനാകൂ. സാമാന്യവും യഥാർഥത്തിലുള്ളതുമായ ജഡത്തിനു മാത്രമേ ഇവ രണ്ടും നിറവേറ്റാനാകൂ. ഇതിനാലാണ് മനുഷ്യജന്മമെടുക്കേണ്ടത് അനിവാര്യമായത്, ദുഷിച്ച മനുഷ്യരാശിക്കു മുഴുവനും ഇത് ആവശ്യമായതും ഇതുകൊണ്ടുതന്നെ. ആളുകൾ ദൈവത്തെ അറിയേണ്ടത് ആവശ്യമായതിനാൽ അവ്യക്തവും അമാനുഷവുമായ ദൈവങ്ങളുടെ പ്രതിരൂപങ്ങൾ അവരുടെ ഹൃദയങ്ങളിൽനിന്ന് നീക്കംചെയ്യേണ്ടത് അത്യാവശ്യമാണ്; അവർ തങ്ങളുടെ ദുഷിച്ച പ്രകൃതം ത്യജിക്കേണ്ടത് ആവശ്യമായതിനാൽ അവർ ആദ്യം തങ്ങളുടെ ദുഷിച്ച പ്രകൃതം തിരിച്ചറിയേണ്ടതുണ്ട്. മനുഷ്യ ഹൃദയങ്ങളിൽനിന്ന് അവ്യക്ത ദൈവങ്ങളുടെ പ്രതിരൂപം നീക്കംചെയ്യുക എന്ന വേല മനുഷ്യൻതന്നെ ചെയ്താൽ, അതിന്റെ ശരിയായ ഫലം കൈവരിക്കുന്നതിൽ അവൻ പരാജയപ്പെടും. മനുഷ്യ ഹൃദയങ്ങളിലുള്ള അവ്യക്ത ദൈവങ്ങളുടെ പ്രതിരൂപം വെളിച്ചത്തു കൊണ്ടുവരാനോ ഉപേക്ഷിക്കാനോ പൂർണമായി നീക്കം ചെയ്യാനോ വചനങ്ങൾക്കൊണ്ടു മാത്രം കഴിയില്ല. അങ്ങനെ ചെയ്യുന്നതിലൂടെ, ആഴത്തിൽ വേരുറച്ചിരിക്കുന്ന ഇക്കാര്യങ്ങൾ ആളുകളിൽനിന്ന് നീക്കം ചെയ്യാൻ ആത്യന്തികമായി അപ്പോഴും സാധ്യമല്ല. ഈ അവ്യക്തവും അമാനുഷവുമായ കാര്യങ്ങൾ പ്രായോഗിക ദൈവത്തിലൂടെയും ദൈവത്തിന്റെ വാസ്തവത്തിലുള്ള പ്രതിരൂപത്തിലൂടെയും മാറ്റിസ്ഥാപിക്കുകയും ക്രമേണ അവ മനസ്സിലാക്കാൻ മനുഷ്യനെ ഇടയാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഉദ്ദിഷ്ട ഫലം കൈവരിക്കാനാകൂ. കഴിഞ്ഞ കാലങ്ങളിൽ താൻ അന്വേഷിച്ചിരുന്ന ദൈവം അവ്യക്തവും അമാനുഷവുമായിരുന്നെന്ന് മനുഷ്യൻ തിരിച്ചറിയുന്നുണ്ട്. ആത്മാവിന്റെ നേരിട്ടുള്ള നേതൃത്വമോ ഒരു പ്രത്യേക വ്യക്തിയുടെ ഉപദേശങ്ങൾ അത്രപോലുമോ അല്ല, മറിച്ച് മനുഷ്യജന്മമെടുത്ത ദൈവമാണ് ഈ ഫലം ഉളവാക്കുന്നത്. മനുഷ്യജന്മമെടുത്ത ദൈവം ഔദ്യോഗികമായി വേല ചെയ്യുന്നതോടെ മനുഷ്യന്റെ സങ്കൽപ്പങ്ങൾ തുറന്നു കാട്ടപ്പെടുകയായി. കാരണം, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ സാധാരണത്വവും യാഥാർഥ്യവും മനുഷ്യന്റെ ഭാവനയിൽ വിരിഞ്ഞ അവ്യക്തവും അമാനുഷികവുമായ ദൈവത്തിന് ഘടകവിരുദ്ധമാണ്. മനുഷ്യജന്മമെടുത്ത ദൈവവുമായി തട്ടിച്ചു നോക്കുമ്പോഴേ മനുഷ്യന്റെ യഥാർഥ സങ്കൽപ്പങ്ങൾ വെളിപ്പെടുകയുള്ളൂ. മനുഷ്യജന്മമെടുത്ത ദൈവവുമായി താരതമ്യം ചെയ്തു നോക്കിയില്ലെങ്കിൽ മനുഷ്യന്റെ സങ്കൽപ്പങ്ങൾ വെളിപ്പെടുകയില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യാഥാർഥ്യം വൈപരീത്യമായി വർത്തിച്ചില്ലെങ്കിൽ അവ്യക്തമായ കാര്യങ്ങൾ വെളിപ്പെടുത്തപ്പെടില്ല. വാക്കുകൾ ഉപയോഗിച്ച് ഈ വേല ചെയ്യാൻ ആർക്കും പ്രാപ്തിയില്ല, വാക്കുകളിലൂടെ ഈ വേലയെ വ്യക്തമായി വരച്ചുകാട്ടാനും ആർക്കും പ്രാപ്തിയില്ല. സാക്ഷാൽ ദൈവത്തിനു മാത്രമേ തന്റെ സ്വന്തം വേല ചെയ്യാനാകൂ, അവനുവേണ്ടി ഈ വേല ചെയ്യാൻ ആർക്കും കഴിയില്ല. മനുഷ്യന്റെ ഭാഷ എത്ര സമ്പന്നമായിരുന്നാലും ദൈവത്തിന്റെ യാഥാർഥ്യവും സാധാരണത്വവും വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ അവൻ അപ്രാപ്തനാണ്. ദൈവം മനുഷ്യനിടയിൽ വ്യക്തിപരമായി പ്രവർത്തിക്കുകയും തന്റെ പ്രതിരൂപവും ഉണ്മയും പൂർണമായി പ്രദർശിപ്പിക്കുകയും ചെയ്താൽ മാത്രമേ മനുഷ്യനു ദൈവത്തെ കൂടുതൽ പ്രായോഗികമായി അറിയാനും കൂടുതൽ വ്യക്തമായി അവനെ കാണാനും കഴിയൂ. ജഡികനായ ഏതെങ്കിലുമൊരു മനുഷ്യന് ഈ ഫലം കൈവരിക്കാനാകില്ല. ദൈവത്തിന്റെ ആത്മാവിനും തീർച്ചയായും ഈ ഫലം കൈവരിക്കാനാകില്ല. ദൈവത്തിന് ദുഷിച്ച മനുഷ്യരാശിയെ സാത്താന്റെ സ്വാധീനത്തിൽനിന്ന് രക്ഷിക്കാനാകും, പക്ഷേ ദൈവത്തിന്റെ ആത്മാവിന് നേരിട്ട് ഈ വേല നിവർത്തിക്കുക സാധ്യമല്ല; പകരം, ദൈവത്തിന്റെ ആത്മാവു ധരിക്കുന്ന ജഡരൂപത്തിന്, അതായത്, മനുഷജന്മമെടുത്ത ദൈവത്തിന്റെ ജഡരൂപത്തിനു മാത്രമേ അതിനു കഴിയൂ. ഈ ജഡം മനുഷ്യനാണ്, അതേസമയം ദൈവവുമാണ്; സാമാന്യ മനുഷ്യത്വമുള്ള മനുഷ്യനും പൂർണ ദൈവത്വമുള്ള ദൈവവുമാണവൻ. അതുകൊണ്ട്, ഈ ജഡരൂപം ദൈവത്തിന്റെ ആത്മാവല്ലെങ്കിലും, ആത്മാവിൽനിന്നു വളരെ വ്യത്യസ്തമാണെങ്കിലും അത് മനുഷ്യനെ രക്ഷിക്കുന്ന, ആത്മാവും ജഡവുമായ, മനുഷ്യജന്മമെടുത്ത ദൈവംതന്നെയാണ്. അവനെ എന്തു വിളിച്ചാലും ആത്യന്തികമായി അത് അപ്പോഴും മനുഷ്യരാശിയെ രക്ഷിക്കുന്ന ദൈവംതന്നെയാണ്. കാരണം, ദൈവത്തിന്റെ ആത്മാവിനെ ജഡത്തിൽനിന്ന് അടർത്തിമാറ്റാനാവില്ല, കൂടാതെ, ജഡത്തിന്റെ വേല ദൈവത്തിന്റെ ആത്മാവിന്റെ വേലയുമാണ്; ഈ വേല ആത്മാവിന്റെ വ്യക്തിത്വത്തിൽ നിന്നുകൊണ്ടല്ല ജഡത്തിന്റെ വ്യക്തിത്വത്തിൽ നിന്നുകൊണ്ടാണ് ചെയ്യുന്നത് എന്നു മാത്രം. ആത്മാവ് നേരിട്ടു നിർവഹിക്കേണ്ട വേല ചെയ്യാൻ മനുഷ്യജന്മമെടുക്കേണ്ട ആവശ്യമില്ല, അതേസമയം, ജഡം നിർവഹിക്കേണ്ടതായ വേല ആത്മാവിന് നേരിട്ട് നിർവഹിക്കാനാകില്ല, മനുഷ്യജന്മമെടുത്ത ദൈവത്തിനു മാത്രമേ അതു ചെയ്യാനാകൂ. ഈ വേലയ്ക്ക് ഇതാണ് ആവശ്യം, ദുഷിച്ച മനുഷ്യരാശിക്കും ഇതാണ് ആവശ്യം. ദൈവത്തിന്റെ വേലയുടെ മൂന്നു ഘട്ടങ്ങളിൽ ഒന്നു മാത്രമാണ് ആത്മാവ് നേരിട്ടു നിർവഹിച്ചത്, ശേഷിച്ച രണ്ടു ഘട്ടങ്ങൾ മനുഷ്യജന്മമെടുത്ത ദൈവമാണ് അല്ലാതെ ആത്മാവു നേരിട്ടല്ല നിർവഹിക്കുന്നത്. ആത്മാവ് ചെയ്ത ന്യായപ്രമാണയുഗത്തിന്റെ വേലയിൽ മനുഷ്യന്റെ ദുഷിച്ച പ്രകൃതം മാറ്റിയെടുക്കുന്നത് ഉൾപ്പെട്ടിരുന്നില്ല, മനുഷ്യന് ദൈവത്തെക്കുറിച്ചുള്ള അറിവുമായും അതിനു ബന്ധമില്ലായിരുന്നു. പക്ഷേ, കൃപായുഗത്തിലെയും ദൈവരാജ്യയുഗത്തിലെയും വേലയിൽ മനുഷ്യന്റെ ദുഷിച്ച പ്രകൃതവും ദൈവത്തെ സംബന്ധിച്ച അവന്റെ അറിവും ഉൾപ്പെട്ടിരിക്കുന്നു, രക്ഷാപ്രവൃത്തിയുടെ പ്രധാനവും നിർണായകവുമായ ഒരു ഭാഗവുമാണത്. അതുകൊണ്ട്, ദുഷിച്ച മനുഷ്യവർഗത്തിന് മനുഷ്യജന്മമെടുത്ത ദൈവത്തിലൂടെയുള്ള രക്ഷയാണ് കൂടുതൽ ആവശ്യം, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ നേരിട്ടുള്ള വേലയാണ് അവർക്ക് കൂടുതൽ ആവശ്യം. മനുഷ്യന്, തനിക്കായി ഇടയവേല ചെയ്യുന്നതിനും തന്നെ പിന്തുണയ്ക്കുന്നതിനും തനിക്കു വെള്ളവും ഭക്ഷണവും നൽകുന്നതിനും തന്നെ ന്യായംവിധിക്കുന്നതിനും ശാസിക്കുന്നതിനും മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ആവശ്യമുണ്ട്. കൂടാതെ, മനുഷ്യന് മനുഷ്യജന്മമെടുത്ത ദൈവത്തിൽനിന്ന് കൂടുതൽ കൃപയും കൂടുതലായ വീണ്ടെടുപ്പും ആവശ്യമാണ്. ജഡശരീരം ധരിച്ച ദൈവത്തിനു മാത്രമേ മനുഷ്യന്റെ വിശ്വസ്തനും മനുഷ്യന്റെ ഇടയനും എപ്പോൾ വേണമെങ്കിലും മനുഷ്യനു സഹായഹസ്തം നീട്ടുന്നവനും ആയിരിക്കാനാകൂ. ഇതെല്ലാമാണ് ഇന്നത്തെയും കഴിഞ്ഞകാലത്തെയും അവതാരത്തിന്റെ ആവശ്യകത.

മനുഷ്യൻ സാത്താനാൽ ദുഷിപ്പിക്കപ്പെട്ടിരിക്കുകയാണ്, കൂടാതെ, ദൈവത്തിന്റെ സകല സൃഷ്ടികളിലും ശ്രേഷ്ഠനാണവൻ, അതുകൊണ്ട് മനുഷ്യന് ദൈവത്തിൽനിന്നുള്ള രക്ഷ ആവശ്യമാണ്. ദൈവത്തിന്റെ രക്ഷ ലക്ഷ്യമിടുന്നത് മനുഷ്യനെയാണ് സാത്താനെയല്ല. മനുഷ്യന്റെ ജഡവും അവന്റെ ആത്മാവുമാണ് രക്ഷിക്കപ്പെടേണ്ടത്, പിശാചല്ല. ദൈവം നിർമൂലമാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് സാത്താനെയാണ്, മനുഷ്യനാകട്ടെ ദൈവത്തിന്റെ രക്ഷയുടെ ലക്ഷ്യവസ്തുവും; മനുഷ്യന്റെ ജഡത്തെ സാത്താൻ ദുഷിപ്പിച്ചതിനാൽ ആദ്യം രക്ഷിക്കപ്പെടേണ്ടത് മനുഷ്യന്റെ ജഡശരീരമാണ്. മനുഷ്യന്റെ ജഡശരീരം അങ്ങേയറ്റം ദുഷിക്കപ്പെട്ടിരിക്കുന്നു, അത് ദൈവത്തെ എതിർക്കുന്ന ഒന്നായി മാറിയിരിക്കുന്നു, അത് ദൈവത്തിന്റെ അസ്തിത്വത്തെ പരസ്യമായി എതിർക്കുകയും നിരാകരിക്കുകയും ചെയ്യുന്ന അളവോളം പോലും പോയിരിക്കുന്നു. ദുഷിച്ച ഈ ജഡം തീർത്തും വഴങ്ങാത്തതാണ്; ജഡത്തിന്റെ ദുഷിച്ച പ്രകൃതത്തോളം കൈകാര്യം ചെയ്യാനോ പരിവർത്തനം വരുത്താനോ ബുദ്ധിമുട്ടുള്ള മറ്റൊന്നില്ല. കുഴപ്പങ്ങൾ സൃഷ്ടിക്കാൻ സാത്താൻ മനുഷ്യന്റെ ജഡത്തിലേക്കു വരുന്നു, ദൈവത്തിന്റെ വേലയെ ശല്യപ്പെടുത്തുന്നതിനും ദൈവത്തിന്റെ പദ്ധതിയെ ദുർബലമാക്കുന്നതിനും അത് മനുഷ്യന്റെ ജഡത്തെ ഉപയോഗിക്കുന്നു, അങ്ങനെ മനുഷ്യൻ സാത്താനായിത്തീർന്നു, ദൈവത്തിന്റെ ശത്രുവുമായിത്തീർന്നു. മനുഷ്യൻ രക്ഷിക്കപ്പെടണമെങ്കിൽ അവനെ ആദ്യം ജയിച്ചടക്കേണ്ടതുണ്ട്. ഇതു കാരണമാണ് ദൈവം വെല്ലുവിളി ഏറ്റെടുത്ത് താൻ ലക്ഷ്യമിട്ടിരിക്കുന്ന വേല ചെയ്യുന്നതിനും സാത്താനോടു യുദ്ധം ചെയ്യുന്നതിനും ജഡത്തിൽ വരുന്നത്. ദുഷിക്കപ്പെട്ട മനുഷ്യന്റെ രക്ഷയും തനിക്കെതിരെ മത്സരിക്കുന്ന സാത്താന്റെ പരാജയവും ഉന്മൂലനാശവുമാണ് അവന്റെ ലക്ഷ്യം. മനുഷ്യനെ ജയിച്ചടക്കുന്ന തന്റെ വേലയിലൂടെ അവൻ സത്താനെ പരാജയപ്പെടുത്തുന്നു, അതേസമയം അവൻ ദുഷിച്ച മനുഷ്യരാശിയെ രക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ, ഒരേസമയം രണ്ടു ലക്ഷ്യങ്ങൾ കൈവരിക്കുന്ന വേലയാണിത്. മനുഷ്യനുമായി മെച്ചപ്പെട്ട വിധത്തിൽ ഇടപെടുന്നതിനും മനുഷ്യനെ കൂടുതൽ നന്നായി ജയിച്ചടക്കുന്നതിനും അവൻ ജഡത്തിൽ പ്രവർത്തിക്കുകയും ജഡത്തിൽ സംസാരിക്കുകയും ജഡത്തിൽ എല്ലാ വേലകളും ഏറ്റെടുക്കുകയും ചെയ്യുന്നു. ദൈവം അവസാനമായി ജഡരൂപം സ്വീകരിക്കുന്ന സമയത്ത് അന്ത്യനാളുകളിലെ അവന്റെ വേല ജഡത്തിൽ അവസാനിക്കും. അവൻ സകല മനുഷ്യരെയും ഗണം ഗണമായി തരം തിരിക്കുകയും തന്റെ കാര്യനിർവഹണ പദ്ധതി മുഴുവൻ പൂർത്തിയാക്കുകയും ജഡത്തിലെ തന്റെ വേലയത്രയും ഉപസംഹരിക്കുകയും ചെയ്യും. ഭൂമിയിലെ അവന്റെ മുഴുവൻ വേലയും പൂർത്തിയായിക്കഴിഞ്ഞാൽ അവൻ പൂർണമായി ജേതാവായി മാറും. ജഡത്തിൽ പ്രവർത്തിക്കുമ്പോൾ ദൈവം മനുഷ്യവർഗത്തെ പൂർണമായി ജയിച്ചടക്കുകയും പൂർണമായി വീണ്ടെടുക്കുകയും ചെയ്തിരിക്കും. അവന്റെ കാര്യനിർവഹണം മുഴുവൻ പൂർത്തിയായിട്ടുണ്ടാകുമെന്നല്ലേ ഇതിനർഥം? ദൈവം ജഡത്തിലെ തന്റെ വേല ഉപസംഹരിക്കുമ്പോൾ അവൻ സാത്താനെ പൂർണമായി പരാജയപ്പെടുത്തുകയും വിജയശ്രീലാളിതനാകുകയും ചെയ്തിരിക്കും എന്നതിനാൽ, മനുഷ്യനെ ദുഷിപ്പിക്കാൻ സാത്താന് പിന്നീട് ഒരവസരം ലഭിക്കില്ല. ദൈവത്തിന്റെ ആദ്യ മനുഷ്യാവതാരത്തിന്റെ വേല വീണ്ടെടുപ്പും മനുഷ്യവർഗത്തിന്റെ പാപങ്ങൾ മോചിക്കലുമായിരുന്നു. ഇപ്പോഴത്തെ വേല, മനുഷ്യരാശിയെ ജയിച്ചടക്കുന്നതും പൂർണമായി വീണ്ടെടുക്കുന്നതുമാണ്, അങ്ങനെ, സാത്താന് അതിന്റെ വേല ചെയ്യാൻ ഒരു മാർഗവും അവശേഷിക്കില്ലെന്നു മാത്രമല്ല സാത്താൻ പൂർണമായി പരാജയപ്പെടുകയും ചെയ്തിരിക്കും, ഒപ്പം ദൈവം പൂർണമായി ജയശാലിയായിട്ടുണ്ടാകും. ജഡത്തിന്റെ വേലയാണിത്, ദൈവംതന്നെ നിർവഹിക്കുന്ന വേല. ദൈവത്തിന്റെ വേലയുടെ മൂന്നു ഘട്ടങ്ങളിൽ ആദ്യത്തെ വേല ചെയ്തത് ആത്മാവ് നേരിട്ടായിരുന്നു, ജഡരൂപമായിരുന്നില്ല. എന്നാൽ, ദൈവത്തിന്റെ വേലയുടെ മൂന്നു ഘട്ടങ്ങളിൽ അവസാനത്തെ വേല ചെയ്യുന്നത് മനുഷ്യജന്മമെടുത്ത ദൈവമാണ്, ആത്മാവ് നേരിട്ടല്ല. ഇടയ്ക്കുള്ള ഘട്ടത്തിൽ വീണ്ടെടുപ്പിന്റെ വേല ചെയ്തതും ജഡരൂപത്തിൽ വന്ന ദൈവമായിരുന്നു. കാര്യനിർവഹണ വേലയിലുടനീളം സർവപ്രധാനമായ വേല സാത്താന്റെ സ്വാധീനത്തിൽനിന്ന് മനുഷ്യനെ രക്ഷിക്കുന്നതാണ്. ദുഷിച്ച മനുഷ്യനെ പൂർണമായി ജയിച്ചടക്കുകയും, അങ്ങനെ, ദൈവത്തോട് ആദിയിലുണ്ടായിരുന്ന ഭക്ത്യാദരങ്ങൾ ജയിച്ചടക്കപ്പെട്ട മനുഷ്യന്റെ ഹൃദയത്തിൽ പുനഃസ്ഥാപിക്കുകയും അവനെ ഒരു സാധാരണ ജീവിതം, അതായത്, ഒരു ദൈവസൃഷ്ടിയുടെ സാധാരണ ജീവിതം നേടിയെടുക്കാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ് മുഖ്യ വേല. ഈ വേല നിർണായകമാണ്, കാര്യനിർവഹണ വേലയുടെ കാതലാണിത്. രക്ഷാപ്രവൃത്തിയുടെ മൂന്നു ഘട്ടങ്ങളിൽ ആദ്യത്തേതായ ന്യായപ്രമാണയുഗത്തിന്റെ വേല കാര്യനിർവഹണ വേലയുടെ കാതലായ ഭാഗത്തിൽനിന്ന് അകലെയായിരുന്നു; രക്ഷാപ്രവൃത്തിയുടെ നേരിയ ലാഞ്ഛന മാത്രമേ അതിനുണ്ടായിരുന്നുള്ളൂ, സാത്താന്റെ സാമ്രാജ്യത്തിൽനിന്ന് മനുഷ്യനെ രക്ഷിക്കുന്ന വേലയുടെ തുടക്കമായിരുന്നില്ല അത്. വേലയുടെ ആദ്യഘട്ടം നേരിട്ട് ആത്മാവാണ് നിർവഹിച്ചത്; കാരണം, ന്യായപ്രമാണത്തിനു കീഴിൽ മനുഷ്യനു കേവലം ന്യായപ്രമാണം അനുസരിക്കാനേ അറിയുമായിരുന്നുള്ളൂ, മനുഷ്യന് കൂടുതൽ സത്യം അറിയുമായിരുന്നില്ല. കൂടാതെ, ന്യായപ്രമാണയുഗത്തിലെ വേലയിൽ മനുഷ്യന്റെ പ്രകൃതത്തിൽ മാറ്റമുണ്ടാക്കുകയെന്നത് ഉൾപ്പെട്ടിരുന്നില്ല എന്നതും സാത്താന്റെ സാമ്രാജ്യത്തിൽനിന്ന് മനുഷ്യനെ രക്ഷിക്കുന്ന വേലയുമായി അതിന് അത്രപോലും ബന്ധമില്ലായിരുന്നു എന്നതും ഇതിനു കാരണമാണ്. അതിനാൽ, മനുഷ്യന്റെ ദുഷിച്ച പ്രകൃതവുമായി ബന്ധമില്ലാത്ത, വേലയുടെ അത്യന്തം ലളിതമായ ഈ ഘട്ടം ദൈവത്തിന്റെ ആത്മാവ് പൂർത്തിയാക്കി. വേലയുടെ ഈ ഘട്ടത്തിന് കാര്യനിർവഹണത്തിന്റെ കാതലായ ഭാഗവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല, കൂടാതെ, മനുഷ്യനെ രക്ഷിക്കുന്ന ഔദ്യോഗിക വേലയുമായി അതിന് അത്ര വലിയ ബന്ധവും ഉണ്ടായിരുന്നില്ല. അതിനാൽ ദൈവം നേരിട്ടു തന്റെ വേല ചെയ്യുന്നതിന് മുനുഷ്യജന്മമെടുക്കേണ്ട ആവശ്യമുണ്ടായില്ല. ആത്മാവ് ചെയ്യുന്ന വേല അന്തർലീനവും അഗോചരവുമാണ്, അത് അങ്ങേയറ്റം ഭയപ്പെടുത്തുന്നതും മനുഷ്യന് അടുക്കാനാവാത്തതുമാണ്; രക്ഷാപ്രവൃത്തി നേരിട്ടു ചെയ്യാനോ മനുഷ്യന് നേരിട്ട് ജീവൻ നൽകാനോ ആത്മാവ് അനുയോജ്യമല്ല. ആത്മാവിന്റെ വേലയെ മനുഷ്യനുമായി അടുത്തു ബന്ധപ്പെട്ട ഒന്നാക്കി മാറ്റുക എന്ന സമീപനമാണ് മനുഷ്യന് ഏറ്റവും അനുയോജ്യം. അതായത്, ദൈവം തന്റെ വേല ചെയ്യുന്നതിന് സാമാന്യനായ ഒരു സാധാരണ വ്യക്തിയായി മാറുക എന്നതാണ് മനുഷ്യന് ഏറ്റവും അനുയോജ്യമായത്. ആത്മാവിന്റെ വേല ഏറ്റെടുക്കാൻ ദൈവം മനുഷ്യജന്മമെടുക്കേണ്ടത് ഇത് ആവശ്യമാക്കിത്തീർക്കുന്നു, മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവം വേല ചെയ്യുന്നതിന് ഇതിൽപ്പരം അനുയോജ്യമായ മറ്റൊരു വിധമില്ല. വേലയുടെ ഈ മൂന്നു ഘട്ടങ്ങളിൽ രണ്ടു ഘട്ടം നിർവഹിക്കുന്നത് ജഡരൂപമാണ്, ഈ രണ്ടു ഘട്ടങ്ങളാണ് കാര്യനിർവഹണ വേലയുടെ മുഖ്യ ഘട്ടങ്ങൾ. രണ്ട് മനുഷ്യാവതാരങ്ങളും പരസ്പര പൂരകങ്ങളാണ്, തികച്ചും പരിപൂരകങ്ങളാണവ. ദൈവത്തിന്റെ മനുഷ്യജന്മമെടുക്കലിന്റെ ആദ്യഘട്ടം രണ്ടാം ഘട്ടത്തിന് അടിത്തറയൊരുക്കി; ദൈവത്തിന്റെ രണ്ട് അവതാരങ്ങളും ചേർന്ന് ഒന്നായിത്തീരുന്നു എന്നു പറയാം, അവ പരസ്പരം പൊരുത്തമില്ലാത്തവയല്ല. ദൈവത്തിന്റെ വേലയുടെ ഈ രണ്ടു ഘട്ടങ്ങളും ദൈവം തന്റെ മനുഷ്യാവതാരത്തിലാണ് നിർവഹിക്കുന്നത്; കാരണം, മുഴുവൻ കാര്യനിർവഹണ വേലയോടുള്ള ബന്ധത്തിൽ അവ വളരെ പ്രധാനമാണ്. ഏതാണ്ട് ഇങ്ങനെ പറയാം, ദൈവത്തിന്റെ രണ്ട് അവതാരങ്ങളുടെ വേല ഇല്ലായിരുന്നെങ്കിൽ മുഴുവൻ കാര്യനിർവഹണ വേലയും പതിയെപ്പതിയെ നിശ്ചലമാകുമായിരുന്നു, മനുഷ്യരാശിയെ രക്ഷിക്കുന്ന വേല വെറും പാഴ്‌വാക്കാകുമായിരുന്നു. ഈ വേല പ്രാധാന്യമുള്ളതാണോ അല്ലയോ എന്നത് മനുഷ്യവർഗത്തിന്റെ ആവശ്യങ്ങൾ, മനുഷ്യവർഗത്തിന്റെ ദുഷിപ്പ് എന്ന യാഥാർഥ്യം, സാത്താന്റെ അനുസരണക്കേടും വേലയ്ക്ക് അതു വരുത്തുന്ന തടസ്സങ്ങളും എത്ര രൂക്ഷമാണ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരു ജോലി ചെയ്യാൻ യോജിച്ചത് ആരാണ് എന്നു നിർണയിക്കുന്നത് ജോലിക്കാരൻ നിർവഹിക്കുന്ന ജോലിയുടെ സ്വഭാവവും ജോലിയുടെ പ്രാധാന്യവും അടിസ്ഥാനമാക്കിയാണ്. ഈ വേലയുടെ പ്രാധാന്യത്തിന്റെ കാര്യത്തിൽ, ഏതു രീതിയിലുള്ള വേലയാണ്—ദൈവത്തിന്റെ ആത്മാവ് നേരിട്ടു നിർവഹിക്കുന്ന വേലയാണോ മനുഷ്യജന്മമെടുത്ത ദൈവം ചെയ്യുന്ന വേലയാണോ അതോ മനുഷ്യനിലൂടെ ചെയ്യുന്ന വേലയാണോ—സ്വീകരിക്കേണ്ടത് എന്നു നോക്കുമ്പോൾ, ഒന്നാമതായി തള്ളിക്കളയുന്നത് മനുഷ്യനിലൂടെ ചെയ്യുന്ന വേലയാണ്; വേലയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാകുമ്പോൾ, ആത്മാവിന്റെ വേലയുടെ സ്വഭാവവും ജഡത്തിന്റേതും ഒത്തുനോക്കിയാൽ ഒടുവിൽ, ജഡരൂപം നിർവഹിക്കുന്ന വേലയാണ് ആത്മാവ് നേരിട്ടു ചെയ്യുന്ന വേലയെക്കാൾ മനുഷ്യനു ഗുണകരമെന്നും അത് കൂടുതൽ പ്രയോജനങ്ങൾ കൈവരുത്തുമെന്നും ഉള്ള തീരുമാനത്തിലെത്തും. വേല ആത്മാവാണോ ജഡമാണോ നിർവഹിക്കേണ്ടത് എന്നു തീരുമാനിച്ചപ്പോൾ ദൈവം ചിന്തിച്ചതാണിങ്ങനെ. വേലയുടെ ഓരോ ഘട്ടത്തിനും ഓരോ പ്രാധാന്യവും അടിസ്ഥാനവുമുണ്ട്. അവ അടിസ്ഥാനരഹിതമായ ഭാവനകളല്ല, ഏകപക്ഷീയമായി നടപ്പാക്കുന്നുമില്ല; അവയ്ക്കു പിന്നിൽ വിശേഷമായ ജ്ഞാനമുണ്ട്. ദൈവത്തിന്റെ സകല വേലയുടെയും പിന്നിലെ വസ്തുതയാണിത്. വിശേഷിച്ചും, മനുഷ്യനിടയിൽ വ്യക്തിപരമായി പ്രവർത്തിക്കാൻ മനുഷ്യജന്മമെടുത്ത ദൈവം മഹത്തായ വേല ചെയ്യുന്നതുപോലെയുള്ള കാര്യമാകുമ്പോൾ ദൈവത്തിന്റെ ആസൂത്രണം അതിൽ കൂടുതലായി ഉണ്ടാകും. അതുകൊണ്ട്, ദൈവത്തിന്റെ ജ്ഞാനവും അവന്റെ മുഴുവൻ സത്തയും അവന്റെ വേലയിലെ ഓരോ പ്രവൃത്തിയിലും ചിന്തയിലും ആശയത്തിലും പ്രതിഫലിക്കുന്നു; ഇതാണ് ദൈവത്തിന്റെ കൂടുതൽ മൂർത്തവും ചിട്ടയോടുകൂടിയതുമായ സത്ത. നിഗൂഢമായ ഈ ചിന്തകളും ആശയങ്ങളും ഭാവനയിൽ കാണാൻ മനുഷ്യനു ബുദ്ധിമുട്ടാണ്, വിശ്വസിക്കാൻ മനുഷ്യനു ബുദ്ധിമുട്ടാണ്, അതിനും പുറമെ, മനസ്സിലാക്കാനും അവനു ബുദ്ധിമുട്ടാണ്. പൊതുവായ തത്ത്വത്തിനു ചേർച്ചയിലാണ് മനുഷ്യൻ ചെയ്യുന്ന വേല നിർവഹിക്കപ്പെടുന്നത്, അത് മനുഷ്യന് അങ്ങേയറ്റം തൃപ്തികരവുമാണ്. എന്നിരുന്നാലും, ദൈവത്തിന്റെ വേലയുമായി താരതമ്യം ചെയ്യുമ്പോൾ, അതിന് വളരെ വലിയ അസമാനതയുണ്ട്. ദൈവത്തിന്റെ പ്രവൃത്തികൾ മഹത്തരവും ദൈവത്തിന്റെ വേല വിപുലമായ തോതിൽ നടക്കുന്നതും ആണെങ്കിലും അവയ്ക്കു പിന്നിൽ മനുഷ്യനു ഭാവനയിൽ കാണാനാകാത്തത്ര സൂക്ഷ്മവും കണിശവുമായ അനേകം ആസൂത്രണങ്ങളും ക്രമീകരണങ്ങളും ഉണ്ട്. അവന്റെ വേലയുടെ ഓരോ ഘട്ടവും തത്ത്വാധിഷ്ഠിതമായി നിർവഹിക്കപ്പെടുന്നു എന്നു മാത്രമല്ല, ഓരോ ഘട്ടത്തിലും മനുഷ്യഭാഷകൊണ്ട് വർണിക്കാനാവാത്ത അനേകം കാര്യങ്ങളും അടങ്ങിയിരിക്കുന്നു, ഈ കാര്യങ്ങളാകട്ടെ, മനുഷ്യന് അദൃശ്യമാണ്. അത് ആത്മാവിന്റെ വേലയായിരുന്നാലും മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേലയായിരുന്നാലും അവയിൽ ഓരോന്നിലും അവന്റെ വേലയുടെ ആസൂത്രണങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. അവൻ അടിസ്ഥാനരഹിതമായി വേല ചെയ്യുന്നില്ല, അപ്രധാനമായ വേലയും അവൻ ചെയ്യുന്നില്ല. ആത്മാവ് നേരിട്ട് പ്രവർത്തിക്കുമ്പോൾ അത് അവന്റെ ലക്ഷ്യങ്ങൾക്കു ചേർച്ചയിലാണ്; വേല ചെയ്യാനായി അവൻ മനുഷ്യനാകുമ്പോൾ (അതായത്, അവൻ തന്റെ ബാഹ്യാവരണത്തിൽ രൂപമാറ്റം വരുത്തുമ്പോൾ) എല്ലാറ്റിനുമുപരി അത് അവന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിലാണ്. അല്ലെങ്കിൽപ്പിന്നെ എന്തിനാണ് അവൻ മടികൂടാതെ തന്റെ സ്വത്വം മാറ്റുന്നത്? പിന്നെ എന്തിനാണ് അവൻ നിന്ദ്യനായി കണക്കാക്കപ്പെടാനും ഉപദ്രവിക്കപ്പെടാനും മടിക്കാത്ത ഒരു വ്യക്തിയാകുന്നത്?

വേലയുടെ കാര്യം പറയുകയാണെങ്കിൽ, ജഡരൂപത്തിൽ അവൻ ചെയ്യുന്ന വേലയ്ക്കാണ് ഏറ്റവും പ്രാധാന്യമുള്ളത്, ആത്യന്തികമായി വേലയ്ക്ക് പരിസമാപ്തികുറിക്കുന്നത് മനുഷ്യജന്മമെടുത്ത ദൈവമാണ്, പരിശുദ്ധാത്മാവല്ല. ദൈവം ഏതോ അവിചാരിതമായ സമയത്ത് ഭൂമിയിലേക്കു വരുകയും മനുഷ്യനു പ്രത്യക്ഷനാകുകയും ചെയ്യുമെന്നും മുഴുവൻ മനുഷ്യരാശിയെയും അവൻ വ്യക്തിപരമായി വിധിക്കുകയും ഒന്നൊഴിയാതെ സകലരെയും ഒന്നൊന്നായി പരീക്ഷിക്കുകയും ചെയ്യുമെന്നും ആണ് ചിലർ വിശ്വസിക്കുന്നത്. ഇപ്രകാരം ചിന്തിക്കുന്നവർക്ക് മനുഷ്യാവതാരം ചെയ്യുന്ന ഈ ഘട്ടത്തിലെ വേലയെക്കുറിച്ച് അറിയില്ല. മനുഷ്യരെ ഓരോരുത്തരെയായി ദൈവം വിധിക്കുന്നില്ല, അവൻ മനുഷ്യരെ ഓരോരുത്തരെയായി പരീക്ഷിക്കുന്നുമില്ല; അങ്ങനെ ചെയ്യുന്നത് ന്യായവിധിയുടെ വേലയായിരിക്കില്ല. സകല മനുഷ്യരുടെയും ദുഷിപ്പ് ഒരുപോലെയല്ലേ? സകല മനുഷ്യരുടെയും സത്ത ഒരുപോലെയല്ലേ? ന്യായംവിധിക്കപ്പെടേണ്ടത് മനുഷ്യരാശിയുടെ ദുഷിച്ച സത്ത, അതായത്, സാത്താനാൽ ദുഷിപ്പിക്കപ്പെട്ട മനുഷ്യസത്തയും മനുഷ്യന്റെ സകല പാപങ്ങളുമാണ്. മനുഷ്യന്റെ നിസ്സാരവും അപ്രധാനവുമായ പിശകുകളെ ദൈവം ന്യായംവിധിക്കുന്നില്ല. ന്യായവിധിയുടെ വേല പ്രാതിനിധ്യപരമാണ്, ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിക്കു വേണ്ടി അത് നിർവഹിക്കപ്പെടുന്നില്ല. പകരം, മുഴുവൻ മനുഷ്യരാശിയുടെയും ന്യായവിധിയെ പ്രതിനിധീകരിക്കുന്നതിനായി ഒരു കൂട്ടം ആളുകളെ ന്യായംവിധിക്കുന്ന വേലയാണത്. ഒരു കൂട്ടം ആളുകളിൽ വ്യക്തിപരമായി തന്റെ വേല നിർവഹിക്കുന്നതിലൂടെ, മനുഷ്യജന്മമെടുത്ത ദൈവം മുഴുവൻ മനുഷ്യരാശിയുടെയും വേലയെ പ്രതിനിധീകരിക്കുന്നതിന് തന്റെ വേലയെ ഉപയോഗിക്കുന്നു; അതിനുശേഷം അത് ക്രമേണ വ്യാപിക്കുന്നതാണ്. ന്യായവിധിയുടെ വേലയും ഇങ്ങനെയാണ്. ദൈവം ഒരു പ്രത്യേക തരം വ്യക്തിയെയോ ഒരു പ്രത്യേക കൂട്ടത്തെയോ വിധിക്കുന്നില്ല; പകരം, മുഴുവൻ മനുഷ്യവർഗത്തിന്റെയും അനീതിയെയാണ് അവൻ വിധിക്കുന്നത്—ഉദാഹരണത്തിന്, ദൈവത്തോടുള്ള മനുഷ്യന്റെ എതിർപ്പ്, അല്ലെങ്കിൽ അവനോടുള്ള മനുഷ്യന്റെ അനാദരവ്, അല്ലെങ്കിൽ ദൈവത്തിന്റെ വേലയിൽ മനുഷ്യന്റെ തടസ്സം സൃഷ്ടിക്കൽ എന്നിവയെ. ദൈവത്തോടുള്ള മനുഷ്യന്റെ എതിർപ്പിന്റെ സത്തയെയാണ് ന്യായംവിധിക്കുന്നത്; ഈ വേലയാകട്ടെ, അന്ത്യനാളുകളിലെ ജയിച്ചടക്കൽ വേലയാണ്. മനുഷ്യൻ സാക്ഷ്യം വഹിച്ച, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേലയും വചനവും ആണ് പോയകാലങ്ങളിൽ മനുഷ്യൻ വിഭാവന ചെയ്തിരുന്ന വെണ്മയുള്ള വലിയ സിംഹാസനത്തിനു മുമ്പാകെ നടക്കുന്ന അന്ത്യനാളുകളിലെ ന്യായവിധിയുടെ വേല. ശരിക്കും, മനുഷ്യജന്മമെടുത്ത ദൈവം ഇപ്പോൾ ചെയ്യുന്ന വേലയാണ് വെണ്മയുള്ള വലിയ സിംഹാസനത്തിനു മുമ്പാകെയുള്ള ന്യായവിധി. മനുഷ്യജന്മമെടുത്ത ഇന്നത്തെ ദൈവമാണ് അന്ത്യനാളുകളിൽ മുഴുവൻ മനുഷ്യരാശിയെയും വിധിക്കുന്ന ദൈവം. ഈ ജഡരൂപവും അവന്റെ വേലയും അവന്റെ വചനവും അവന്റെ മുഴുവൻ പ്രകൃതവും ചേർന്നതാണ് അവന്റെ ആകെത്തുക. അവന്റെ വേലയുടെ വ്യാപ്തി പരിമിതമാണെങ്കിലും അത് മുഴുവൻ പ്രപഞ്ചത്തെയും നേരിട്ട് ഉൾക്കൊള്ളുന്നില്ലെങ്കിലും ന്യായവിധിയുടെ വേലയുടെ സത്ത മുഴുവൻ മനുഷ്യരാശിയുടെയും നേരിട്ടുള്ള ന്യായവിധിയാണ്—ചൈനയിലെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്രതി മാത്രമല്ല, ഒരു ചെറിയ കൂട്ടം ആളുകളെപ്രതിയുമല്ല. ജഡരൂപത്തിൽ ദൈവം പ്രവർത്തിക്കുന്ന സമയത്ത് മുഴു പ്രപഞ്ചത്തെയും ഉൾക്കൊള്ളിച്ചുകൊണ്ട് വ്യാപകമായിട്ടല്ല ഈ വേല ചെയ്യുന്നതെങ്കിലും അത് മുഴുവൻ പ്രപഞ്ചത്തിന്റെയും വേലയെ പ്രതിനിധാനം ചെയ്യുന്നു; തന്റെ ജഡത്തിന്റെ വേലയുടെ പരിധിയിൽപ്പെട്ട വേല അവൻ അവസാനിപ്പിച്ചു കഴിഞ്ഞാൽ, ഉടനടി അവൻ ഈ വേല മുഴുവൻ പ്രപഞ്ചത്തിലേക്കും വ്യാപിപ്പിക്കും; യേശുവിന്റെ ഉയിർത്തെഴുന്നേല്പിനും സ്വർഗാരോഹണത്തിനും ശേഷം അവന്റെ സുവിശേഷം പ്രപഞ്ചമാകെ വ്യാപിച്ചതുപോലെയാണത്. ആത്മാവിന്റെ വേലയാണെങ്കിലും ജഡത്തിന്റെ വേലയാണെങ്കിലും ഇത് പരിമിതമായ ഒരു വ്യാപ്തിയിൽ നിർവഹിക്കപ്പെടുന്ന വേലയാണ്, എന്നാൽ, മുഴുവൻ പ്രപഞ്ചത്തിന്റെയും വേലയെ ഇതു പ്രതിനിധീകരിക്കുന്നു. അന്ത്യനാളുകളിൽ, തന്റെ അവതാര സ്വത്വത്തിൽ പ്രത്യക്ഷനായിക്കൊണ്ട് ദൈവം തന്റെ വേല നിർവഹിക്കുന്നു; കൂടാതെ, ജഡരൂപത്തിലുള്ള ദൈവമാണ് വെണ്മയുള്ള വലിയ സിംഹാസനത്തിനു മുമ്പാകെ മനുഷ്യനെ ന്യായംവിധിക്കുന്ന ദൈവം. അവൻ ആത്മാവോ ജഡമോ ആയിക്കൊള്ളട്ടെ, ന്യായവിധിയുടെ വേല ചെയ്യുന്നതാരാണോ അവനാണ് അന്ത്യനാളുകളിൽ മനുഷ്യവർഗത്തെ ന്യായംവിധിക്കുന്ന ദൈവം. അവന്റെ വേലയെ ആധാരമാക്കിയാണ് ഇത് നിർവചിക്കപ്പെടുന്നത്, അല്ലാതെ, അവന്റെ ബാഹ്യരൂപമോ മറ്റു ചില ഘടകങ്ങളോ അനുസരിച്ചല്ല ഇത് നിർവചിക്കപ്പെടുന്നത്. ഈ വാക്കുകളെക്കുറിച്ച് മനുഷ്യൻ ധാരണകൾ വെച്ചുപുലർത്തുന്നുണ്ടെങ്കിലും മനുഷ്യാവതാരമെടുത്ത ദൈവം ന്യായംവിധിക്കുകയും സകല മനുഷ്യരെയും ജയിച്ചടക്കുകയും ചെയ്യുന്നു എന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല. മനുഷ്യൻ അതിനെക്കുറിച്ച് ചിന്തിക്കുന്നത് എന്തുമാകട്ടെ, വസ്തുതകൾ എന്തായാലും വസ്തുതകളാണ്. “വേല ചെയ്യുന്നത് ദൈവമാണ്, പക്ഷേ, ഈ ജഡം ദൈവമല്ല” എന്ന് ആർക്കും പറയാനാവില്ല. അത് അസംബന്ധമാണ്, കാരണം, ഈ വേല ചെയ്യാൻ ജഡരൂപത്തിലെ ദൈവത്തിനല്ലാതെ ആർക്കും കഴിയില്ല. ഈ വേല ഇതിനകം പൂർത്തിയായതിനാൽ, ഈ വേലയെത്തുടർന്ന് മനുഷ്യനെ ന്യായംവിധിക്കുന്ന ദൈവത്തിന്റെ വേല രണ്ടാമതൊരു വട്ടം പ്രത്യക്ഷമാകേണ്ടതില്ല; രണ്ടാം വട്ടം മനുഷ്യജന്മമെടുത്ത ദൈവം മുഴുവൻ കാര്യനിർവഹണത്തിന്റെ വേലയും ഇതിനകം പൂർത്തിയാക്കിയിരിക്കുന്നു, ഇനി, ദൈവത്തിന്റെ വേലയുടെ നാലാമതൊരു ഘട്ടമില്ല. ജഡരൂപത്തിലുള്ളവനും ദുഷിപ്പിക്കപ്പെട്ടവനുമായ മനുഷ്യനെയാണ് വിധിക്കുന്നത് എന്നതിനാലും സാത്താന്റെ ആത്മാവിനെയല്ല നേരിട്ട് വിധിക്കുന്നത് എന്നതിനാലും ന്യായവിധിയുടെ വേല ആത്മീയ മണ്ഡലത്തിലല്ല പകരം മനുഷ്യനിടയിലാണ് നടക്കുന്നത്. മനുഷ്യജഡത്തിന്റെ ദുഷിപ്പിനെ വിധിക്കുന്ന വേല ചെയ്യാൻ ജഡശരീരമെടുത്ത ദൈവത്തെക്കാൾ അനുയോജ്യനും യോഗ്യനുമായ മറ്റാരുമില്ല. ദൈവത്തിന്റെ ആത്മാവ് നേരിട്ട് ന്യായവിധി നടത്തിയിരുന്നെങ്കിൽ, അത് സകലതും ഉൾക്കൊള്ളുന്ന ഒന്നായിരിക്കുമായിരുന്നില്ല. കൂടാതെ, അത്തരം വേല അംഗീകരിക്കാൻ മനുഷ്യനു ബുദ്ധിമുട്ടാകുമായിരുന്നു, കാരണം, മനുഷ്യനു മുഖാമുഖമായി വരാൻ ആത്മാവിനു കഴിയില്ല. ഇതുകൊണ്ടുതന്നെ, ഫലങ്ങൾ ഉടനടി ഉണ്ടാകുമായിരുന്നില്ല. മാത്രമല്ല, ദൈവത്തിന്റെ പ്രകോപിപ്പിക്കാനാവാത്ത പ്രകൃതം കൂടുതൽ വ്യക്തമായി ദർശിക്കാൻ മനുഷ്യന് അത്രപോലും കഴിയുമായിരുന്നില്ല. ജഡരൂപത്തിലുള്ള ദൈവം മനുഷ്യന്റെ ദുഷിപ്പിനെ ന്യായംവിധിച്ചെങ്കിൽ മാത്രമേ സാത്താനെ പൂർണമായി പരാജയപ്പെടുത്താനാകൂ. മനുഷ്യനെപ്പോലെയുള്ളവനും സാമാന്യ മനുഷ്യത്വമുള്ളവനും ആയതിനാൽ, ജഡരൂപം ധരിച്ച ദൈവത്തിന് മനുഷ്യന്റെ അനീതിയെ നേരിട്ട് ന്യായംവിധിക്കാനാകും; ഇത് അവന്റെ സഹജമായ പരിശുദ്ധിയുടെ അടയാളമാണ്, അവന്റെ അസാധാരണത്വത്തിന്റെയും. മനുഷ്യനെ ന്യായംവിധിക്കാൻ യോഗ്യനായിരിക്കുന്നതും അതിനുള്ള സ്ഥാനത്തായിരിക്കുന്നതും ദൈവം മാത്രമാണ്. കാരണം, അവനിൽ സത്യവും നീതിയുമുണ്ട്. അതുകൊണ്ട് മനുഷ്യനെ ന്യായംവിധിക്കാൻ അവനു സാധിക്കും. സത്യവും നീതിയുമില്ലാത്തവർ മറ്റുള്ളവരെ വിധിക്കാൻ യോഗ്യരല്ല. ഈ വേല നിർവഹിക്കുന്നത് ദൈവത്തിന്റെ ആത്മാവാണെങ്കിൽ, അത് സാത്താനു മേലുള്ള വിജയത്തെ അർഥമാക്കില്ല. ആത്മാവ് സഹജമായി മർത്ത്യരെക്കാൾ ഉയർന്നതാണ്, ദൈവാത്മാവ് സഹജമായി പരിശുദ്ധമാണ്, ജഡത്തെ ജയിച്ചടക്കിയതാണ്. ആത്മാവ് നേരിട്ട് ഈ വേല ചെയ്തിരുന്നെങ്കിൽ അവന് മനുഷ്യന്റെ സകല അനുസരണക്കേടും ന്യായംവിധിക്കാനും മനുഷ്യന്റെ സകല അനീതിയും വെളിപ്പെടുത്താനും കഴിയുമായിരുന്നില്ല. ദൈവത്തെ സംബന്ധിച്ച മനുഷ്യന്റെ സങ്കൽപ്പങ്ങളെ അധികരിച്ചും കൂടിയാണ് ന്യായവിധിയുടെ വേല നിർവഹിക്കുന്നത് എന്നതിനാലും ആത്മാവിനെക്കുറിച്ച് മനുഷ്യന് ഒരിക്കലും ഒരു സങ്കൽപ്പവും ഉണ്ടായിരുന്നില്ല എന്നതിനാലും, മനുഷ്യന്റെ അനീതി മെച്ചമായി വെളിപ്പെടുത്താൻ ആത്മാവിനു കഴിയില്ല, അത്തരം അനീതി പൂർണമായി വെളിപ്പെടുത്താൻ അത്രപോലും കഴിയില്ല. മനുഷ്യജന്മമെടുത്ത ദൈവം അവനെ അറിയാത്ത സകലരുടെയും ശത്രുവാണ്. മനുഷ്യന്റെ സങ്കൽപ്പങ്ങളെയും അവനോടുള്ള എതിർപ്പിനെയും ന്യായംവിധിക്കുന്നതിലൂടെ അവൻ മനുഷ്യവർഗത്തിന്റെ സകല അനുസരണക്കേടും വെളിപ്പെടുത്തുന്നു. ജഡത്തിലെ അവന്റെ വേലയുടെ ഫലങ്ങൾ ആത്മാവിന്റെ വേലയുടേതിനെക്കാൾ സ്പഷ്ടമാണ്. അതുകൊണ്ടുതന്നെ, സകല മനുഷ്യരുടെയും ന്യായവിധി ആത്മാവ് നേരിട്ടു നിർവഹിക്കുന്നില്ല, പകരം അത് മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേലയാണ്. ജഡരൂപത്തിലുള്ള ദൈവത്തെ മനുഷ്യനു കാണാനും തൊട്ടുനോക്കാനും കഴിയും, കൂടാതെ, ജഡരൂപത്തിലുള്ള ദൈവത്തിന് മനുഷ്യനെ പൂർണമായി ജയിച്ചടക്കാനാകും. ജഡരൂപത്തിലുള്ള ദൈവവുമായുള്ള ബന്ധത്തിൽ മനുഷ്യൻ എതിർത്തുനിൽക്കലിനു പകരം അനുസരണത്തിലേക്കും ഉപദ്രവിക്കുന്നതിനു പകരം അംഗീകരിക്കുന്നതിലേക്കും സങ്കൽപ്പങ്ങൾക്കു പകരം അറിവിലേക്കും തിരസ്കാരത്തിനു പകരം സ്നേഹത്തിലേക്കും പുരോഗമിച്ചു—മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേലയുടെ ഫലങ്ങളാണിവ. അവന്റെ ന്യായവിധി സ്വീകരിക്കുന്നതിലൂടെ മാത്രമേ മനുഷ്യൻ രക്ഷിക്കപ്പെടുകയുള്ളൂ, അവന്റെ വായിലെ വാക്കുകളിലൂടെ മാത്രമേ ക്രമേണ മനുഷ്യൻ അവനെ അറിയുകയുള്ളൂ, അവനെ എതിർക്കുന്ന വേളയിൽ മനുഷ്യനെ അവൻ ജയിച്ചടക്കും, അവന്റെ ശാസനം സ്വീകരിക്കുമ്പോൾ മനുഷ്യൻ അവനിൽനിന്ന് ജീവന്റെ കരുതൽ സ്വീകരിക്കാനിടയാകും. ഈ വേലയെല്ലാം ജഡരൂപത്തിലുള്ള ദൈവത്തിന്റെ വേലയാണ്, ആത്മാവെന്ന സ്വത്വത്തിൽ നിന്നുകൊണ്ട് ദൈവം ചെയ്യുന്ന വേലയല്ല. മനുഷ്യജന്മമെടുത്ത ദൈവം നിർവഹിക്കുന്ന വേലയാണ് സർവശ്രേഷ്ഠവും അതിഗഹനവുമായ വേല; കൂടാതെ, ദൈവത്തിന്റെ വേലയുടെ മൂന്നു ഘട്ടങ്ങളിൽ നിർണായകമായ ഭാഗം രണ്ടു ഘട്ടങ്ങളിലെ മനുഷ്യാവതാരത്തിന്റെ വേലയാണ്. മനുഷ്യന്റെ അങ്ങേയറ്റത്തെ ദുഷിപ്പ് മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേലയ്ക്ക് വലിയ ഒരു തടസ്സമാണ്. വിശേഷിച്ചും, അന്ത്യനാളുകളിലെ ആളുകളിൽ ചെയ്യുന്ന വേല അങ്ങേയറ്റം ദുഷ്കരമാണ്, പരിസ്ഥിതി പ്രതികൂലമാണ്, സകല തരം വ്യക്തികളുടെയും കഴിവാകട്ടെ തീർത്തും മോശവും. എങ്കിലും, ഈ വേലയുടെ അവസാനത്തിൽ, ഒരു പിഴവും കൂടാതെ അത് ഉചിതമായ ഫലം കൈവരിക്കുകതന്നെ ചെയ്യും; ഇതാണ് ജഡത്തിന്റെ വേലയുടെ ഫലം, ഈ ഫലമാകട്ടെ, ആത്മാവിന്റെ വേലയുടേതിനെക്കാൾ ബോധ്യംവരുത്തുന്നതാണ്. ദൈവത്തിന്റെ വേലയുടെ മൂന്നു ഘട്ടങ്ങൾ ജഡത്തിൽ പര്യവസാനിക്കും, മനുഷ്യജന്മമെടുത്ത ദൈവമാണ് അവ പര്യവസാനിപ്പിക്കേണ്ടത്. അതീവ പ്രാധാന്യമുള്ളതും തികച്ചും നിർണായകവുമായ വേല ജഡത്തിലാണ് നിർവഹിക്കുന്നത്, മനുഷ്യന്റെ രക്ഷ ജഡരൂപത്തിലുള്ള ദൈവം നേരിട്ടു നിർവഹിക്കേണ്ടതുണ്ട്. ജഡരൂപത്തിലുള്ള ദൈവം മനുഷ്യനുമായി ബന്ധമില്ലാത്തവനാണെന്ന് മനുഷ്യവർഗത്തിനാകെ തോന്നുന്നെങ്കിലും, വാസ്തവത്തിൽ ഈ ജഡരൂപം, മനുഷ്യരാശിയുടെ മുഴുവൻ ഭാഗധേയവും നിലനിൽപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു.

ദൈവത്തിന്റെ വേലയുടെ ഓരോ ഘട്ടവും സകല മനുഷ്യവർഗത്തെയും പ്രതിയാണ് നടപ്പാക്കപ്പെടുന്നത്, മനുഷ്യവർഗത്തെയാകെ ഉദ്ദേശിച്ചുള്ളതാണവ. അത് ജഡത്തിലുള്ള അവന്റെ വേലയാണെങ്കിലും അത് അപ്പോഴും സകല മനുഷ്യരാശിയെയും ഉദ്ദേശിച്ചുള്ളതാണ്; അവൻ സകല മനുഷ്യരുടെയും ദൈവമാണ്, സൃഷ്ടിക്കപ്പെട്ടതും സൃഷ്ടിക്കപ്പെടാത്തതുമായ സകലത്തിന്റെയും ദൈവമാണവൻ. ജഡത്തിലെ അവന്റെ വേല പരിമിതമായ വ്യാപ്തിയിൽ ചെയ്യുന്നതാണെങ്കിലും, അവന്റെ വേലയുടെ ലക്ഷ്യവസ്തു പരിമിതമാണെങ്കിലും തന്റെ വേല നിർവഹിക്കാൻ ഓരോ തവണ മനുഷ്യജന്മമെടുക്കുമ്പോഴും തന്റെ വേലയ്ക്കായി അവൻ അങ്ങേയറ്റം പ്രാതിനിധ്യപരമായ ഒരു ലക്ഷ്യവസ്തു തിരഞ്ഞെടുക്കുന്നു; വേല നിർവഹിക്കുന്നതിനായി അവൻ ലളിതവും ശ്രദ്ധേയരല്ലാത്തതുമായ ഒരു കൂട്ടം ആളുകളെ തിരഞ്ഞെടുക്കുന്നില്ല, പകരം ജഡത്തിൽ അവൻ ചെയ്യുന്ന വേലയുടെ പ്രതിനിധികളാകാൻ പ്രാപ്തിയുള്ള ഒരു കൂട്ടം ആളുകളെ അവന്റെ വേലയുടെ ലക്ഷ്യവസ്തുവായി തിരഞ്ഞെടുക്കുന്നു. ജഡത്തിലെ അവന്റെ വേലയുടെ വ്യാപ്തി പരിമിതമായതിനാലാണ് ഈ കൂട്ടത്തെ തിരഞ്ഞെടുത്തത്; അവന്റെ ജഡാവതാരത്തിനായി പ്രത്യേകമായി സജ്ജമാക്കുകയും ജഡത്തിലെ അവന്റെ വേലയ്ക്കായി വിശേഷാൽ തിരഞ്ഞെടുക്കുകയും ചെയ്തതാണിവരെ. തന്റെ വേലയ്ക്കായി ദൈവം ലക്ഷ്യവസ്തു തിരഞ്ഞെടുക്കുന്നത് അടിസ്ഥാനരഹിതമായല്ല, മറിച്ച് തത്ത്വാധിഷ്ഠിതമായാണ് അത് ചെയ്യുന്നത്: വേലയുടെ ലക്ഷ്യവസ്തു, ജഡശരീരം ധരിച്ച ദൈവത്തിന്റെ വേലയ്ക്കു ഗുണംചെയ്യുന്നതും മനുഷ്യവർഗത്തെ മുഴുവൻ പ്രതിനിധീകരിക്കാൻ കെൽപ്പുള്ളതും ആയിരിക്കണം. ഉദാഹരണത്തിന്, യേശുവിൽനിന്നുള്ള വ്യക്തിപരമായ വീണ്ടെടുപ്പു സ്വീകരിക്കുന്നതിൽ മനുഷ്യവർഗത്തെ മുഴുവൻ പ്രതിനിധീകരിക്കാൻ യെഹൂദന്മാർക്കു കഴിഞ്ഞു, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വ്യക്തിപരമായ ജയിച്ചടക്കലിനു വിധേയരാകുന്നതിൽ മനുഷ്യവർഗത്തെ മുഴുവൻ പ്രതിനിധീകരിക്കാൻ ചൈനക്കാർക്കു കഴിയുന്നു. മുഴുവൻ മനുഷ്യവർഗത്തെയും യെഹൂദന്മാർ പ്രതിനിധീകരിച്ചതിന് ഒരു അടിസ്ഥാനമുണ്ടായിരുന്നു, ദൈവത്തിന്റെ വ്യക്തിപരമായ ജയിച്ചടക്കലിനു വിധേയരാകുന്നതിൽ ചൈനയിലെ ജനങ്ങൾ മനുഷ്യവർഗത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നതിനും ഒരു അടിസ്ഥാനമുണ്ട്. യെഹൂദന്മാർക്കിടയിൽ നടന്ന വീണ്ടെടുപ്പിന്റെ വേലയെക്കാൾ വീണ്ടെടുപ്പിന്റെ പ്രാധാന്യം വെളിവാക്കുന്ന മറ്റൊന്നില്ല; ചൈനക്കാർക്കിടയിൽ നടക്കുന്ന ജയിച്ചടക്കൽ വേലയെക്കാൾ, ജയിച്ചടക്കൽ വേലയുടെ സമഗ്രതയും വിജയവും വെളിവാക്കുന്ന മറ്റൊന്നില്ല. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേലയും വചനവും ഒരു ചെറിയ കൂട്ടം ആളുകളെ മാത്രം ലക്ഷ്യംവച്ചുള്ളതാണെന്നു തോന്നിപ്പിച്ചേക്കാമെങ്കിലും വാസ്തവത്തിൽ ഈ ചെറിയ കൂട്ടത്തിനിടയിൽ അവൻ ചെയ്യുന്ന വേല സമസ്ത പ്രപഞ്ചത്തിന്റെയും വേലയാണ്, അവന്റെ വചനമോ മുഴുവൻ മനുഷ്യരാശിയെയും ഉദ്ദേശിച്ചുള്ളതും. ജഡത്തിലെ അവന്റെ വേല പൂർത്തിയായിക്കഴിയുമ്പോൾ, അവന്റെ അനുഗാമികൾ അവൻ അവർക്കിടയിൽ ചെയ്ത വേല വ്യാപിപ്പിക്കാൻ തുടങ്ങും. ജഡരൂപത്തിലെ അവന്റെ വേലയുടെ ഏറ്റവും വലിയ ഗുണം എന്താണെന്നുവച്ചാൽ, കൃത്യമായ വചനങ്ങളും ഉദ്ബോധനങ്ങളും മനുഷ്യവർഗത്തിനായുള്ള അവന്റെ പ്രത്യേക ഹിതവും അവന് തന്നെ അനുഗമിക്കുന്നവരെ അറിയിക്കാനും അങ്ങനെ പിന്നീട് അവന്റെ അനുഗാമികൾക്ക് കൂടുതൽ കൃത്യമായും കൂടുതൽ പ്രത്യക്ഷമായും ജഡത്തിലെ അവന്റെ സകല വേലയും മുഴുവൻ മനുഷ്യരാശിയെയും സംബന്ധിച്ച അവന്റെ ഹിതവും ഈ മാർഗം സ്വീകരിക്കുന്നവരിലേക്കു കൈമാറാനും കഴിയും എന്നതാണ്. ജഡശരീരം ധരിച്ച ദൈവത്തിന്റെ മനുഷ്യവർഗത്തിനിടയിലെ വേല മാത്രമേ, ദൈവം മനുഷ്യനോടൊപ്പം ആയിരിക്കുകയും മനുഷ്യർക്കൊപ്പം ജീവിക്കുകയും ചെയ്യുക എന്ന വസ്തുത യഥാർഥത്തിൽ നിറവേറ്റുന്നുള്ളൂ. ഈ വേല മാത്രമേ, ദൈവത്തിന്റെ മുഖം ദർശിക്കാനും ദൈവത്തിന്റെ വേലയ്ക്കു സാക്ഷ്യം വഹിക്കാനും ദൈവത്തിന്റെ വ്യക്തിപരമായ വചനം ശ്രവിക്കാനുമുള്ള മനുഷ്യന്റെ ആഗ്രഹം സഫലമാക്കുന്നുള്ളൂ. യഹോവയുടെ പുറം മാത്രം മനുഷ്യനു പ്രത്യക്ഷമായ യുഗത്തിന് മനുഷ്യജന്മമെടുത്ത ദൈവം വിരാമമിടുന്നു, കൂടാതെ, ഒരു അവ്യക്ത ദൈവത്തിലുള്ള മനുഷ്യവർഗത്തിന്റെ വിശ്വാസത്തിന്റെ യുഗവും അവൻ പര്യവസാനിപ്പിക്കുന്നു. വിശേഷിച്ചും, അവസാനം മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേല സകല മനുഷ്യവർഗത്തെയും കൂടുതൽ യഥാർഥവും കൂടുതൽ പ്രായോഗികവും കൂടുതൽ മനോഹരവുമായ ഒരു യുഗത്തിലേക്കു നയിക്കുന്നു. അവൻ ന്യായപ്രമാണത്തിന്റെയും പ്രബോധനത്തിന്റെയും യുഗം അവസാനിപ്പിക്കുക മാത്രമല്ല, അതിലും പ്രധാനമായി, യഥാർഥവും സാധാരണവുമായ, നീതിമാനും പരിശുദ്ധനുമായ, കാര്യനിർവഹണ പദ്ധതിയുടെ വേല വെളിപ്പെടുത്തുന്ന, മനുഷ്യവർഗത്തിന്റെ നിഗൂഢതകളും ലക്ഷ്യസ്ഥാനവും പ്രകടമാക്കുന്ന, മനുഷ്യരാശിയെ സൃഷ്ടിക്കുകയും കാര്യനിർവഹണ വേല അവസാനിപ്പിക്കുകയും ചെയ്യുന്ന, ആയിരക്കണക്കിനു വർഷങ്ങളായി മറഞ്ഞിരുന്ന ഒരു ദൈവത്തെ മനുഷ്യവർഗത്തിനു വെളിപ്പെടുത്തുന്നു. അവ്യക്തതയുടെ യുഗത്തിന് അവൻ പൂർണമായി അന്ത്യം കുറിക്കുന്നു, മനുഷ്യരാശി മുഴുവൻ ദൈവത്തിന്റെ മുഖം അന്വേഷിക്കാൻ ആഗ്രഹിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്ത യുഗം അവൻ അവസാനിപ്പിക്കുന്നു, മനുഷ്യരാശി മുഴുവൻ സാത്താനെ സേവിച്ച യുഗത്തിന് അവൻ ഒടുക്കം വരുത്തുന്നു, മനുഷ്യരാശിയെ മുഴുവൻ തികച്ചും പുതിയൊരു കാലഘട്ടത്തിലേക്ക് അവൻ വഴിനയിക്കുന്നു. ദൈവത്തിന്റെ ആത്മാവിനു പകരം ദൈവം ജഡരൂപത്തിൽ ചെയ്യുന്ന വേലയുടെ ഫലമാണിത്. ദൈവം തന്റെ ജഡരൂപത്തിൽ പ്രവർത്തിക്കുമ്പോൾ, അവനെ അനുഗമിക്കുന്നവർ മേലാൽ, അസ്തിത്വത്തിലുണ്ടെന്നു കരുതുകയും എന്നാൽ അസ്തിത്വത്തിലില്ലാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങൾ അന്വേഷിക്കുകയോ അവയ്ക്കായി തപ്പിത്തടയുകയോ ചെയ്യില്ല, കൂടാതെ, അവ്യക്തനായ ദൈവത്തിന്റെ ഹിതം ഊഹിക്കുന്നതും അവർ നിർത്തുന്നു. ദൈവം ജഡത്തിലെ തന്റെ വേല വ്യാപിപ്പിക്കുമ്പോൾ, അവനെ അനുഗമിക്കുന്നവർ അവൻ ജഡത്തിൽ ചെയ്തിരിക്കുന്ന വേല എല്ലാ മതങ്ങളിലേക്കും മതവിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും, കൂടാതെ, അവന്റെ എല്ലാ വചനങ്ങളും സകല മനുഷ്യവർഗത്തിന്റെയും കാതുകളിലെത്തിക്കും. അവന്റെ സുവിശേഷം സ്വീകരിക്കുന്നവർ കേൾക്കുന്നതെല്ലാം അവന്റെ വേലയെ സംബന്ധിക്കുന്ന വസ്തുതകളായിരിക്കും; മനുഷ്യൻ നേരിട്ടു കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളാണവ, അവ വസ്തുതകളാണ്, കേട്ടുകേൾവിയല്ല. അവൻ വേല വ്യാപിപ്പിക്കുന്നതിനുള്ള തെളിവാണ് ഈ വസ്തുതകൾ, കൂടാതെ, തന്റെ വേല വ്യാപിപ്പിക്കുന്നതിന് അവൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമാണവ. വസ്തുതകളുടെ അഭാവത്തിൽ, അവന്റെ സുവിശേഷം സകല രാജ്യങ്ങളിലേക്കും എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിക്കില്ല; വസ്തുതകളില്ലാതെ, മനുഷ്യന്റെ ഭാവനകൾ കൊണ്ടുമാത്രം അവന് പ്രപഞ്ചത്തെ മുഴുവൻ ജയിച്ചടക്കുന്ന വേല ഒരിക്കലും ചെയ്യാൻ കഴിയില്ല. മനുഷ്യന് തൊട്ടറിയാൻ കഴിയാത്തതും അദൃശ്യവുമാണ് ആത്മാവ്; കൂടാതെ, മനുഷ്യനു വേണ്ടിയുള്ള ദൈവത്തിന്റെ വേലയുടെ കൂടുതലായ എന്തെങ്കിലും തെളിവോ വസ്തുതകളോ അവശേഷിപ്പിക്കാനുള്ള കഴിവ് ആത്മാവിന്റെ വേലയ്ക്കില്ല. മനുഷ്യൻ ഒരിക്കലും ദൈവത്തിന്റെ യഥാർഥ മുഖം കാണില്ല, അസ്തിത്വത്തിലില്ലാത്ത ഒരു അവ്യക്ത ദൈവത്തിൽ അവൻ എപ്പോഴും വിശ്വസിക്കും. മനുഷ്യൻ ഒരിക്കലും ദൈവത്തിന്റെ മുഖം കാണില്ല, ദൈവം വ്യക്തിപരമായി സംസാരിക്കുന്ന വാക്കുകൾ മനുഷ്യൻ കേൾക്കുകയുമില്ല. മനുഷ്യഭാവനകൾ നിരർഥകമാണ്, അവയ്ക്ക് ദൈവത്തിന്റെ യഥാർഥ മുഖത്തെ മാറ്റിസ്ഥാപിക്കാനാകില്ല; ദൈവത്തിന്റെ സഹജമായ പ്രകൃതവും സാക്ഷാലുള്ള ദൈവത്തിന്റെ വേലയും മനുഷ്യന് മറ്റൊരാളുടേതുമായി വച്ചുമാറാനാവില്ല. മനുഷ്യർക്കിടയിൽ വ്യക്തിപരമായി വേല ചെയ്യുന്ന മനുഷ്യജന്മമെടുത്ത ദൈവത്തിനു മാത്രമേ സ്വർഗത്തിലെ അദൃശ്യ ദൈവത്തെയും അവന്റെ വേലയെയും ഭൂമിയിലേക്കു കൊണ്ടുവരാൻ കഴിയൂ. ദൈവത്തിന് മനുഷ്യനു മുന്നിൽ പ്രത്യക്ഷനാകാൻ ഇതാണ് അത്യുത്തമമായ മാർഗം, ഇതിലൂടെ മനുഷ്യൻ ദൈവത്തെ കാണുകയും ദൈവത്തിന്റെ യഥാർഥ മുഖം തിരിച്ചറിയുകയും ചെയ്യുന്നു; മനുഷ്യജന്മമെടുക്കാത്ത ഒരു ദൈവത്തിന് ഇതു കൈവരിക്കുക സാധ്യമല്ല. ഈ ഘട്ടം വരെ തന്റെ വേല നിർവഹിച്ചതിനാൽ, ദൈവത്തിന്റെ പ്രവൃത്തി ഇതിനകം തന്നെ മികച്ച ഫലം കൈവരിച്ചിട്ടുണ്ട്, മാത്രമല്ല അത് പൂർണ വിജയവുമാണ്. ജഡത്തിൽ ദൈവം വ്യക്തിപരമായി ചെയ്ത വേല അവന്റെ മുഴുവൻ കാര്യനിർവഹണത്തിന്റെയും തൊണ്ണൂറു ശതമാനം വേല ഇതിനകം പൂർത്തിയാക്കിയിരിക്കുന്നു. ഈ ജഡം അവന്റെ എല്ലാ വേലയ്ക്കും നല്ലൊരു തുടക്കവും അവന്റെ എല്ലാ വേലയുടെയും ഒരു സംക്ഷിപ്തരൂപവും നൽകിയിട്ടുണ്ട്, കൂടാതെ അവന്റെ എല്ലാ വേലയും പ്രചരിപ്പിക്കുകയും ഈ എല്ലാ വേലയുടെയും സമഗ്രമായൊരു അവസാനവട്ട പൂർണമാക്കൽ നടത്തുകയും ചെയ്തു. ഭാവിയിൽ, ദൈവത്തിന്റെ വേലയുടെ നാലാം ഘട്ടം നടപ്പാക്കാനായി മറ്റൊരു മനുഷ്യജന്മമെടുത്ത ദൈവം ഉണ്ടാവില്ല, ദൈവത്തിന്റെ മൂന്നാം അവതാരത്തിന്റെ അത്ഭുതപ്രവൃത്തികൾ ഒരിക്കലും ഉണ്ടാവില്ല.

ജഡത്തിൽ ദൈവം ചെയ്യുന്ന വേലയുടെ ഓരോ ഘട്ടവും, മുഴുവൻ യുഗത്തിലെയും അവന്റെ വേലയെ പ്രതിനിധാനം ചെയ്യുന്നു, മനുഷ്യൻ ചെയ്യുന്ന വേലയുടെ കാര്യത്തിലെന്നപോലെ അത് കേവലം ഒരു പ്രത്യേക കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നില്ല. അതുകൊണ്ട്, അവന്റെ ഒടുവിലത്തെ അവതാരത്തിന്റെ വേലയുടെ അന്ത്യം, അവന്റെ വേല പൂർണമായി അവസാനിച്ചുവെന്ന് അർഥമാക്കുന്നില്ല. കാരണം, ജഡത്തിൽ അവൻ ചെയ്യുന്ന വേല മുഴുവൻ യുഗത്തെയും പ്രതിനിധാനം ചെയ്യുന്നു, അത് അവൻ ജഡത്തിൽ വേല ചെയ്യുന്ന കാലഘട്ടത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത്. എന്നുവച്ചാൽ, ജഡരൂപത്തിലായിരിക്കുന്ന സമയത്ത് മുഴുവൻ യുഗത്തിലെയും തന്റെ വേല അവൻ പൂർത്തീകരിക്കുന്നു, തുടർന്ന് അത് എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിക്കുന്നു. മനുഷ്യജന്മമെടുത്ത ദൈവം തന്റെ ശുശ്രൂഷ പൂർത്തിയാക്കിയ ശേഷം തന്റെ ഭാവി പ്രവർത്തനം തന്നെ അനുഗമിക്കുന്നവരെ ഏൽപ്പിക്കും. ഇപ്രകാരം, മുഴുവൻ യുഗത്തിലെയും അവന്റെ വേല ഇടമുറിയാതെ നിർവഹിക്കപ്പെടും. അവതാരത്തിന്റെ മുഴുവൻ യുഗത്തിലെയും വേല പ്രപഞ്ചമാകെ വ്യാപിച്ചു കഴിഞ്ഞാൽ മാത്രമേ അത് പൂർണമായതായി കണക്കാക്കൂ. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേല ഒരു നവയുഗത്തിന് തുടക്കം കുറിക്കുന്നു, അവനാൽ ഉപയോഗിക്കപ്പെടുന്നവരാണ് അവന്റെ വേല തുടർന്നുകൊണ്ടുപോകുന്നത്. മനുഷ്യൻ നിർവഹിക്കുന്ന വേലയത്രയും ജഡരൂപത്തിലുള്ള ദൈവത്തിന്റെ ശുശ്രൂഷയ്ക്കുള്ളിൽ പെടുന്നതാണ്, അതിന് ഈ പരിധിക്കപ്പുറം പോകാനുള്ള കഴിവില്ല. മനുഷ്യജന്മമെടുത്ത ദൈവം തന്റെ വേല നിർവഹിക്കാൻ വന്നിരുന്നില്ലെങ്കിൽ, മനുഷ്യന് പഴയ യുഗം അവസാനിപ്പിക്കാൻ കഴിയുമായിരുന്നില്ല, ഒരു നവയുഗത്തെ ആനയിക്കാനും കഴിയുമായിരുന്നില്ല. മനുഷ്യൻ ചെയ്യുന്ന വേല കേവലം മനുഷ്യനെന്ന നിലയിൽ അവനു ചെയ്യാൻ കഴിയുന്ന അവന്റെ കടമയുടെ പരിധിക്കുള്ളിൽ വരുന്നതാണ്, അത് ദൈവത്തിന്റെ വേലയെ പ്രതിനിധീകരിക്കുന്നില്ല. അവതരിച്ച ദൈവത്തിനു മാത്രമേ വന്ന് താൻ ചെയ്യേണ്ട വേല പൂർത്തീകരിക്കാനാകൂ, അവനല്ലാതെ മറ്റാർക്കും അവനുവേണ്ടി ഈ വേല ചെയ്യാനാകില്ല. തീർച്ചയായും, ഞാൻ സംസാരിക്കുന്നത് അവതാരത്തിന്റെ വേലയെക്കുറിച്ചാണ്. അവതരിച്ച ഈ ദൈവം ആദ്യം, മനുഷ്യന്റെ സങ്കൽപ്പങ്ങളിൽ ഒതുങ്ങാത്ത വേലയുടെ ഒരു ചുവട് വയ്ക്കുന്നു, അതിനു ശേഷം, മനുഷ്യന്റെ സങ്കൽപ്പങ്ങളിൽ ഒതുങ്ങാത്ത കൂടുതൽ വേല ചെയ്യുന്നു. മനുഷ്യനെ ജയിച്ചടക്കുകയാണ് ഈ വേലയുടെ ലക്ഷ്യം. ഒരു വശത്ത്, ദൈവത്തിന്റെ അവതാരംതന്നെ മനുഷ്യന്റെ സങ്കൽപ്പങ്ങളുമായി പൊരുത്തപ്പെടുന്നില്ല, അതും പോരാഞ്ഞ്, മനുഷ്യന്റെ സങ്കൽപ്പങ്ങളുമായി പൊരുത്തപ്പെടാത്ത ഒരുപാട് കാര്യങ്ങൾ അവൻ ചെയ്യുന്നു, അതിനാൽ മനുഷ്യൻ അവനെക്കുറിച്ച് കൂടുതൽ വിമർശനാത്മക വീക്ഷണങ്ങൾ രൂപപ്പെടുത്തുന്നു. തന്നെക്കുറിച്ച് നൂറായിരം ധാരണകൾ വച്ചുപുലർത്തുന്ന ആളുകൾക്കിടയിൽ അവൻ തന്റെ ജയിച്ചടക്കൽ വേല നടത്തുന്നു. അവർ അവനോട് എങ്ങനെ പെരുമാറിയാലും അവന്റെ ശുശ്രൂഷ പൂർത്തീകരിച്ചു കഴിയുന്നതോടെ സകല ആളുകളും അവന്റെ ആധിപത്യത്തിനു കീഴ്പെട്ടിരിക്കും. ഈ വേലയുടെ വസ്തുത ചൈനക്കാർക്കിടയിൽ പ്രതിഫലിച്ചു കാണുന്നുവെന്നു മാത്രമല്ല, മുഴുമാനവരാശിയെയും എങ്ങനെ ജയിച്ചടക്കും എന്നതിന്റെ വർണനകൂടിയാണത്. ഈ ആളുകളിൽ കൈവരിക്കുന്ന ഫലങ്ങൾ മുഴുവൻ മനുഷ്യരാശിയുടെയും മേൽ കൈവരിക്കാനിരിക്കുന്ന ഫലത്തിന്റെ ഒരു മുന്നോടിയാണ്. ഈ ആളുകളിൽ കൈവരിക്കുന്ന ഫലങ്ങളെക്കാൾ വളരെ അധികമായിരിക്കും അവൻ ഭാവിയിൽ ചെയ്യുന്ന വേലയുടെ ഫലങ്ങൾ. ദൈവം ജഡത്തിൽ ചെയ്യുന്ന വേലയിൽ വലിയ കൊട്ടിഘോഷിക്കലുകളൊന്നുമില്ല, എന്നാൽ അത് അവ്യക്തതയിൽ മുങ്ങിപ്പോകുന്നുമില്ല. ഒന്നും ഒന്നും രണ്ടാണെന്നതുപോലെ, വസ്തുതാപരവും പരമാർഥവുമായ വേലയാണിത്. ഇത് ആരിൽനിന്നും മറഞ്ഞിരിക്കുന്നില്ല, അത് ആരെയും വഞ്ചിക്കുന്നുമില്ല. ആളുകൾ കാണുന്നത് യഥാർഥവും കൃത്രിമമല്ലാത്തതുമായ കാര്യങ്ങളാണ്, മനുഷ്യൻ നേടുന്നതോ, യഥാർഥ സത്യവും അറിവും. വേല അവസാനിക്കുമ്പോഴേക്കും മനുഷ്യന് അവനെക്കുറിച്ച് ഒരു പുതിയ തിരിച്ചറിവ് ലഭിച്ചിരിക്കും, വാസ്തവമായി പിന്തുടരുന്നവർക്ക് പിന്നെ അവനെക്കുറിച്ച് സങ്കൽപ്പങ്ങളൊന്നും ഉണ്ടായിരിക്കില്ല. ഇത് കേവലം ചൈനക്കാരുടെ മേലുള്ള അവന്റെ വേലയുടെ ഫലമല്ല, മറിച്ച്, മുഴുവൻ മനുഷ്യരാശിയെയും ജയിച്ചടക്കുന്ന അവന്റെ വേലയുടെ ഫലത്തെയും ഇത് പ്രതിനിധീകരിക്കുന്നു; കാരണം, മുഴുവൻ മനുഷ്യരാശിയെയും ജയിച്ചടക്കുന്ന വേലയ്ക്ക് ഈ ജഡത്തെക്കാളും ഈ ജഡത്തിന്റെ വേലയെക്കാളും ഈ ജഡവുമായി ബന്ധപ്പെട്ട സകലതിനെക്കാളും ഉപകാരപ്രദമായ മറ്റൊന്നില്ല. അവ അവന്റെ ഇന്നത്തെ വേലയ്ക്ക് ഉപകാരപ്രദമാണ്, ഭാവിയിലെ അവന്റെ വേലയ്ക്കും ഗുണകരമാണ്. ഈ ജഡം മനുഷ്യവർഗത്തെ മുഴുവൻ ജയിച്ചടക്കും, മനുഷ്യവർഗത്തെ മുഴുവൻ വീണ്ടെടുക്കുകയും ചെയ്യും. ദൈവത്തെ കാണാനും ദൈവത്തെ അനുസരിക്കാനും ദൈവത്തെ അറിയാനും മനുഷ്യരാശിയെ മുഴുവൻ ഇടയാക്കുന്ന ഇതിലും മികച്ചൊരു വേലയില്ല. മനുഷ്യൻ ചെയ്യുന്ന വേല പരിമിതമായ ഒരു സാധ്യതയെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ, ദൈവം തന്റെ വേല ചെയ്യുമ്പോഴാകട്ടെ, അവൻ ഏതെങ്കിലും ഒരു വ്യക്തിയോടു മാത്രമായി സംസാരിക്കില്ല, പകരം, സകല മനുഷ്യവർഗത്തോടും തന്റെ വചനങ്ങൾ സ്വീകരിക്കുന്നവരോടും സംസാരിക്കുന്നു. അന്ത്യം എന്ന് അവൻ പ്രഖ്യാപിക്കുന്നത് സകല മനുഷ്യരുടെയും അന്ത്യമാണ്, കേവലം ഏതെങ്കിലും ഒരു വ്യക്തിയുടെ അന്ത്യമല്ല. അവൻ ആരോടും പ്രത്യേക പ്രതിപത്തി കാണിക്കുകയോ ആരെയും ബലിയാടാക്കുകയോ ചെയ്യുന്നില്ല. കൂടാതെ, സകല മാനവജാതിക്കും വേണ്ടി അവൻ പ്രവർത്തിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, മനുഷ്യജന്മമെടുത്ത ഈ ദൈവം മനുഷ്യവർഗത്തെ മുഴുവൻ ഇതിനോടകം തരം തിരിക്കുകയും മനുഷ്യവർഗത്തെ മുഴുവൻ ഇതിനോടകം ന്യായംവിധിക്കുകയും മുഴുവൻ മനുഷ്യവർഗത്തിനും അനുയോജ്യമായ ലക്ഷ്യസ്ഥാനം ഒരുക്കുകയും ചെയ്തിരിക്കുന്നു. ദൈവം ചൈനയിൽ മാത്രമേ തന്റെ വേല നിർവഹിക്കുന്നുള്ളുവെങ്കിലും വാസ്തവത്തിൽ, അവൻ ഇതിനോടകം മുഴുവൻ പ്രപഞ്ചത്തിന്റെയും വേല തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ്. പടിപടിയായി തന്റെ മൊഴികൾ അരുളുന്നതിനും ക്രമീകരണങ്ങൾ ചെയ്യുന്നതിനും തന്റെ വേല മനുഷ്യരാശിയിലേക്കു മുഴുവൻ വ്യാപിച്ചുകഴിയുന്നതുവരെ കാത്തിരിക്കാൻ അവനു സാധ്യമല്ല. അതു വളരെ താമസിച്ചുപോകില്ലേ? ഇപ്പോൾ, ഭാവിയിലെ വേല മുൻകൂറായി നിറവേറ്റാൻ അവൻ പൂർണമായി പര്യാപ്തനാണ്. കാരണം, വേല നിർവഹിക്കുന്നത് ജഡരൂപം ധരിച്ച ദൈവമാണ്; പരിമിതമായ ഒരു പരിധിയിൽ നിന്നുകൊണ്ട് അവൻ പരിധിയില്ലാത്ത വേല ചെയ്യുന്നു, പിന്നീടവൻ മനുഷ്യൻ നിർവഹിക്കേണ്ടതായ കടമ മനുഷ്യൻ ചെയ്യാനിടയാക്കും; ഇതാണ് അവന്റെ പ്രവർത്തന തത്ത്വം. നിശ്ചിത സമയത്തേക്കു മാത്രമേ അവന് മനുഷ്യനോടൊപ്പം ജീവിക്കാനാകൂ, യുഗത്തിന്റെ മുഴുവൻ വേലയും പര്യവസാനിക്കുന്നതു വരെ മനുഷ്യനോടൊപ്പം തുടരാൻ അവനു കഴിയില്ല. അവൻ ദൈവമായതിനാലാണ്, അവൻ തന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് മുൻകൂട്ടി പ്രവചിക്കുന്നത്. പിന്നീട് അവൻ മാനവരാശിയെ മുഴുവൻ തന്റെ വചനങ്ങളാൽ തരം തിരിക്കുകയും അവന്റെ വചനങ്ങളുടെ അടിസ്ഥാനത്തിൽ മാനവരാശി അവന്റെ പടിപടിയായ വേലയിലേക്കു പ്രവേശിക്കുകയും ചെയ്യും. ആർക്കും ഒഴിഞ്ഞുമാറാനാവില്ല, എല്ലാവരും ഇതിനു ചേർച്ചയിൽ പ്രവർത്തിക്കുകതന്നെ വേണം. അതുകൊണ്ട്, ഭാവിയിൽ യുഗത്തെ നയിക്കുന്നത് അവന്റെ വചനങ്ങളായിരിക്കും, ആത്മാവായിരിക്കില്ല.

ജഡരൂപം ധരിച്ച ദൈവത്തിന്റെ വേല ജഡത്തിൽത്തന്നെ നിർവഹിക്കേണ്ടതുണ്ട്. അത് ദൈവാത്മാവ് നേരിട്ടു നിർവഹിച്ചിരുന്നെങ്കിൽ യാതൊരു ഫലവും കൈവരിക്കുമായിരുന്നില്ല. അത് ആത്മാവ് നിർവഹിച്ചിരുന്നെങ്കിൽത്തന്നെ ആ വേലയ്ക്ക് അത്ര വലിയ പ്രാധാന്യം കാണുമായിരുന്നില്ല, ആത്യന്തികമായി, ബോധ്യംവരുത്തുന്നതും ആകുമായിരുന്നില്ല. സ്രഷ്ടാവിന്റെ വേലയ്ക്ക് പ്രാധാന്യമുണ്ടോയെന്നും അത് എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അത് എന്തിനുവേണ്ടിയാണ് ചെയ്യുന്നതെന്നും ദൈവത്തിന്റെ വേല അധികാരത്താലും ജ്ഞാനത്താലും പൂർണമാണോയെന്നും അതിന് അങ്ങേയറ്റം മൂല്യവും പ്രാധാന്യവും ഉണ്ടോയെന്നും അറിയാൻ സകല സൃഷ്ടികളും കൊതിക്കുന്നു. അവൻ ചെയ്യുന്ന വേല മനുഷ്യരാശിയുടെ മുഴുവൻ രക്ഷയ്ക്കും സാത്താനെ പരാജയപ്പെടുത്തുന്നതിനും സകലതിനുമിടയിൽ തനിക്കുതന്നെ സാക്ഷ്യം വഹിക്കുന്നതിനും വേണ്ടിയുള്ളതാണ്. അതിനാൽ, അവൻ ചെയ്യുന്ന വേല വളരെ പ്രാധാന്യമുള്ളതായിരിക്കണം. മനുഷ്യന്റെ ജഡശരീരം സാത്താനാൽ ദുഷിപ്പിക്കപ്പെട്ടിരിക്കുകയാണ്, അത് തികച്ചും അന്ധമാക്കപ്പെട്ടതും ആഴത്തിൽ ഹാനിവരുത്തപ്പെട്ടതുമാണ്. ദൈവം എന്തുകൊണ്ടാണ് വ്യക്തിപരമായി ജഡത്തിൽ പ്രവർത്തിക്കുന്നത് എന്നതിന്റെ ഏറ്റവും അടിസ്ഥാനപരമായ കാരണം, അവൻ രക്ഷിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് ജഡശരീരമുള്ള മനുഷ്യനെയാണ് എന്നതാണ്, ദൈവത്തിന്റെ വേലയെ തടസ്സപ്പെടുത്താൻ സാത്താനും മനുഷ്യന്റെ ജഡശരീരത്തെ ഉപയോഗിക്കുന്നു എന്നതും കാരണമാണ്. സാത്താനുമായുള്ള യുദ്ധം യഥാർഥത്തിൽ മനുഷ്യനെ ജയിച്ചടക്കുന്ന വേലയാണ്, അതേസമയം ദൈവം രക്ഷിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നതും മനുഷ്യനെയാണ്. അതുകൊണ്ടുതന്നെ, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേല അനിവാര്യമാണ്. സാത്താൻ മനുഷ്യന്റെ ജഡത്തെ ദുഷിപ്പിച്ചു, മനുഷ്യനോ, സാത്താന്റെ മൂർത്തരൂപവും ദൈവം പരാജയപ്പെടുത്തേണ്ട വസ്തുവുമായിമാറി. അതുകൊണ്ടാണ് സാത്താനുമായി യുദ്ധം ചെയ്യുകയും മനുഷ്യരെ രക്ഷിക്കുകയും ചെയ്യുന്ന വേല ഭൂമിയിൽ നടക്കുന്നത്, സാത്താനുമായി യുദ്ധം ചെയ്യുന്നതിന് ദൈവം മനുഷ്യനായി വരുകയും വേണം. തികച്ചും വാസ്തവികമായ വേലയാണിത്. ദൈവം ജഡത്തിൽ പ്രവർത്തിക്കുമ്പോൾ യഥാർഥത്തിൽ അവൻ ജഡത്തിൽ സാത്താനുമായി അങ്കംവെട്ടുകയാണ്. അവൻ ജഡത്തിൽ വേല നിർവഹിക്കുമ്പോൾ അവൻ ആത്മീയ മണ്ഡലത്തിൽ തന്റെ വേല ചെയ്യുകയാണ്, ഒപ്പം, ആത്മീയ മണ്ഡലത്തിലെ തന്റെ മുഴുവൻ വേലയും ഭൂമിയിൽ യാഥാർഥ്യമാക്കുകയാണ്. ജയിച്ചടക്കുന്നത് മനുഷ്യനെയാണ്, അവനോട് അനുസരണക്കേടു കാട്ടുന്ന മനുഷ്യനെ; പരാജയപ്പെടുത്തുന്നത് സാത്താന്റെ മൂർത്തരൂപത്തെയാണ് (തീർച്ചയായും, ഇതും മനുഷ്യൻതന്നെ), അവനുമായി ശത്രുതയിലായിരിക്കുന്നവരെ; ആത്യന്തികമായി രക്ഷിക്കുന്നതും മനുഷ്യനെയാണ്. അതുകൊണ്ട് ദൈവം ഒരു സൃഷ്ടിയുടെ ബാഹ്യാവരണമുള്ള മനുഷ്യരൂപം വരിക്കേണ്ടത് കൂടുതൽ അനിവാര്യമാണ്; അപ്പോൾ അവന് സാത്താനുമായി യഥാർഥ യുദ്ധത്തിൽ ഏർപ്പെടാനും തന്നോട് അനുസരണക്കേടു കാണിക്കുന്നവനും തന്റെ അതേ ബാഹ്യാവരണം ഉള്ളവനുമായ മനുഷ്യനെ ജയിച്ചടക്കാനും തന്റെ അതേ ബാഹ്യാവരണം ഉള്ളവനും സാത്താനാൽ ഹാനിവരുത്തപ്പെട്ടവനുമായ മനുഷ്യനെ രക്ഷിക്കാനും അവനു കഴിയും. അവന്റെ ശത്രു മനുഷ്യനാണ്, ജയിച്ചടക്കാൻ അവൻ ലക്ഷ്യമിട്ടിരിക്കുന്ന വസ്തു മനുഷ്യനാണ്, രക്ഷിക്കാൻ അവൻ ലക്ഷ്യമിട്ടിരിക്കുന്നതും തന്റെ സൃഷ്ടിയായ മനുഷ്യനെയാണ്. അതുകൊണ്ട് അവൻ മനുഷ്യനായിത്തീരേണ്ടത് അത്യാവശ്യമാണ്, അതിലൂടെ അവന്റെ വേല കൂടുതൽ എളുപ്പമായിത്തീരുന്നു. സാത്താനെ അടിയറ പറയിക്കാനും മനുഷ്യരാശിയെ ജയിച്ചടക്കാനും അതിലുപരി, മനുഷ്യരാശിയെ രക്ഷിക്കാനും അവനു കഴിയുന്നു. ഈ ജഡം സാമാന്യവും യഥാർഥവുമാണെങ്കിലും അവൻ ഒരു സാധാരണ ജഡമല്ല: മനുഷ്യൻ മാത്രമായ ജഡമല്ല അവൻ, പകരം, മനുഷ്യത്വവും ദിവ്യത്വവും ചേർന്ന ജഡമാണ്. അവനും മനുഷ്യനും തമ്മിലുള്ള അന്തരമാണത്, ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ അടയാളവുമാണത്. ഇത്തരമൊരു ജഡത്തിനേ അവൻ ഉദ്ദേശിക്കുന്ന വേല ചെയ്യാനും ജഡരൂപം ധരിച്ച ദൈവത്തിന്റെ ശുശ്രൂഷ നിർവഹിക്കാനും മനുഷ്യനിടയിൽ പൂർണമായി തന്റെ വേല പൂർത്തീകരിക്കാനും കഴിയൂ. അത് അങ്ങനെ അല്ലായിരുന്നെങ്കിൽ, മനുഷ്യർക്കിടയിലെ അവന്റെ വേല എല്ലായ്പ്പോഴും അർഥശൂന്യവും പിഴവുപറ്റിയതും ആയിരിക്കുമായിരുന്നു. ദൈവത്തിന് സാത്താന്റെ ആത്മാവിനോട് യുദ്ധം ചെയ്യാനും വിജശ്രീലാളിതനാകാനും കഴിയുമെങ്കിലും ദുഷിച്ച മനുഷ്യന്റെ പഴയ പ്രകൃതം ഒരിക്കലും മാറ്റിയെടുക്കാൻ കഴിയില്ല; കൂടാതെ, ദൈവത്തോട് അനുസരണക്കേടു കാണിക്കുകയും അവനെ എതിർക്കുകയും ചെയ്യുന്നവർക്ക് ഒരിക്കലും അവന്റെ ആധിപത്യത്തിനു വിധേയരാകാൻ കഴിയില്ല, അതായത്, അവന് ഒരിക്കലും മനുഷ്യരാശിയെ കീഴടക്കാൻ കഴിയില്ല, മനുഷ്യരാശിയെ മുഴുവൻ നേടാനും ഒരിക്കലും കഴിയില്ല. ഭൂമിയിലെ അവന്റെ വേല നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, അവന്റെ കാര്യനിർവഹണം പൂർത്തീകരിക്കാൻ കഴിയില്ലെന്നു മാത്രമല്ല, മനുഷ്യരാശിക്കു മുഴുവൻ വിശ്രമത്തിലേക്കു പ്രവേശിക്കാനും കഴിയില്ല. ദൈവത്തിന് തന്റെ സകല സൃഷ്ടികൾക്കുമൊപ്പം വിശ്രമത്തിലേക്കു പ്രവേശിക്കാൻ കഴിയുന്നില്ലെങ്കിൽ, അത്തരം കാര്യനിർവഹണ വേല ഒരിക്കലും ഫലപ്രദമാകില്ല, തദ്ഫലമായി, ദൈവത്തിന്റെ മഹത്ത്വം ഇല്ലാതാകും. അവന്റെ ജഡത്തിന് അധികാരമേതുമില്ലെങ്കിലും അവൻ ചെയ്യുന്ന വേല ഫലം കൈവരിക്കുകതന്നെ ചെയ്തിരിക്കും. ഇത് അവന്റെ വേലയുടെ അനിവാര്യമായ ദിശയാണ്. അവന്റെ ജഡത്തിന് അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും, സാക്ഷാൽ ദൈവത്തിന്റെ വേല ചെയ്യാൻ അവനു കഴിയുന്നിടത്തോളം അവൻ ദൈവംതന്നെയാണ്. ഈ ജഡം എത്ര സാമാന്യവും സാധാരണവും ആയിക്കൊള്ളട്ടെ, താൻ ചെയ്യേണ്ടതായ വേല ചെയ്യാൻ അവനു കഴിയും; കാരണം, ഈ ജഡം ദൈവമാണ്, വെറുമൊരു മനുഷ്യനല്ല. മനുഷ്യനു സാധ്യമല്ലാത്ത വേല ചെയ്യാൻ ഈ ജഡത്തിനു കഴിയുന്നതിനു കാരണം അവന്റെ ആന്തരിക സത്ത ഏതെങ്കിലും മനുഷ്യന്റേതുപോലെയല്ല എന്നതാണ്; അവന് മനുഷ്യനെ രക്ഷിക്കാനാകുന്നതിനു കാരണം അവന്റെ വ്യക്തിത്വം ഏതൊരു മനുഷ്യന്റേതിൽനിന്നും വ്യത്യസ്തമാണ് എന്നതാണ്. ഈ ജഡം മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം അത്യധികം പ്രാധാന്യമുള്ളതാണ്; ഇതിനു കാരണം, അവൻ മനുഷ്യനും അതിലധികം ദൈവവുമാണ് എന്നതും, ജഡശരീരമുള്ള ഒരു സാധാരണ മനുഷ്യനും ചെയ്യാനാകാത്ത വേല ചെയ്യാൻ അവനു സാധിക്കും എന്നതും തന്നോടൊപ്പം ഭൂമിയിൽ ജീവിക്കുന്ന ദുഷിച്ച മനുഷ്യനെ രക്ഷിക്കാൻ അവനു കഴിയും എന്നതുമാണ്. കാഴ്ചയ്ക്കു മനുഷ്യനെപ്പോലെയാണെങ്കിലും ശ്രേഷ്ഠനായ മറ്റേതൊരു വ്യക്തിയെക്കാളും മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളവനാണ് മനുഷ്യജന്മമെടുത്ത ദൈവം; കാരണം, ദൈവാത്മാവിനു ചെയ്യാനാകാത്ത വേല ചെയ്യാൻ അവനാകും, സാക്ഷാൽ ദൈവത്തിനു സാക്ഷ്യം വഹിക്കാൻ ദൈവാത്മാവിനെക്കാൾ പ്രാപ്തനായതും മനുഷ്യനെ പൂർണമായി വീണ്ടെടുക്കാൻ ദൈവാത്മാവിനെക്കാൾ പ്രാപ്തനായതും അവനാണ്. തദ്ഫലമായി, ഈ ജഡം സാമാന്യവും സാധാരണവും ആണെങ്കിലും മനുഷ്യരാശിക്കായി അവൻ നൽകുന്ന സംഭാവനയും മനുഷ്യരാശിയുടെ നിലനില്പുമായി ബന്ധപ്പെട്ട് അവനുള്ള പ്രാധാന്യവും അവനെ അത്യധികം വിലപ്പെട്ടവനാക്കിമാറ്റുന്നു, ഈ ജഡത്തിന്റെ യഥാർഥ മൂല്യവും പ്രാധാന്യവും ഒരു മനുഷ്യനും അളന്നു തിട്ടപ്പെടുത്താവുന്നതല്ല. ഈ ജഡത്തിന് നേരിട്ട് സാത്താനെ നശിപ്പിക്കാനാവില്ലെങ്കിലും, അവന് തന്റെ വേലയിലൂടെ മാനവജാതിയെ ജയിച്ചടക്കാനും സാത്താനെ പരാജയപ്പെടുത്താനും സാത്താനെ പൂർണമായും തന്റെ ആധിപത്യത്തിനു കീഴിലാക്കാനും കഴിയും. ദൈവം മനുഷ്യജന്മമെടുത്തതിനാലാണ് അവന് സാത്താനെ പരാജയപ്പെടുത്താനും മനുഷ്യരാശിയെ രക്ഷിക്കാനും കഴിയുന്നത്. അവൻ നേരിട്ട് സാത്താനെ നശിപ്പിക്കുന്നില്ല, പകരം, സാത്താനാൽ ദുഷിപ്പിക്കപ്പെട്ട മനുഷ്യനെ ജയിച്ചടക്കുന്ന വേല ചെയ്യാനാണ് അവൻ മനുഷ്യജന്മമെടുക്കുന്നത്. ഇപ്രകാരം, തന്റെ സൃഷ്ടികൾക്കിടയിൽ തനിക്കുതന്നെ സാക്ഷ്യം വഹിക്കാൻ അവൻ കൂടുതൽ പ്രാപ്തനാണ്, ദുഷിച്ച മനുഷ്യനെ രക്ഷിക്കാനും അവൻ ഏറെ പ്രാപ്തനാണ്. മനുഷ്യജന്മമെടുത്ത ദൈവം സാത്താനെ പരാജയപ്പെടുത്തുന്നത് ദൈവത്തിന്റെ ആത്മാവ് സാത്താനെ നേരിട്ടു നശിപ്പിക്കുന്നതിനെക്കാൾ മികച്ച സാക്ഷ്യമാണ് നൽകുന്നത്, ഏറെ ബോധ്യംവരുത്തുന്നതുമാണത്. സ്രഷ്ടാവിനെ അറിയുന്നതിനു മനുഷ്യനെ സഹായിക്കാൻ ജഡരൂപം സ്വീകരിച്ച ദൈവത്തിന് ഏറെ നന്നായി കഴിയും, തന്റെ സൃഷ്ടികൾക്കിടയിൽ കൂടുതൽ മെച്ചമായി തനിക്കുതന്നെ സാക്ഷ്യം വഹിക്കാനും അവനു കഴിയും.

മുമ്പത്തേത്: ദൈവവേലയുടെ മൂന്നു ഘട്ടങ്ങൾ അറിയുക, അതുവഴി ദൈവത്തെയും

അടുത്തത്: ദൈവം വസിക്കുന്ന ജഡത്തിന്റെ സാരം

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക