ദൈവവേലയുടെ മൂന്നു ഘട്ടങ്ങൾ അറിയുക, അതുവഴി ദൈവത്തെയും

മനുഷ്യവർഗത്തെ നിയന്ത്രിക്കുന്ന വേല മൂന്നു ഘട്ടങ്ങളായി വേർതിരിച്ചിരിക്കുന്നു. അതിന്റെ അർഥം മനുഷ്യരെ രക്ഷിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രവർത്തനത്തെ മൂന്നു ഘട്ടങ്ങളായി വേർതിരിച്ചിരിക്കുന്നു എന്നാണ്. ഈ മൂന്നു ഘട്ടങ്ങളിൽ ഉൾപ്പെടുന്നത് ലോകസൃഷ്ടികർമം അല്ല, പിന്നെയോ ന്യായപ്രമാണയുഗം, കൃപായുഗം, ദൈവരാജ്യയുഗം എന്നീ മൂന്നു ഘട്ടങ്ങളാണ്. മനുഷ്യവർഗത്തെ മുഴുവനും ഉണ്ടാക്കുന്ന പ്രവൃത്തിയായിരുന്നു ലോകസൃഷ്ടികർമം. അത് മനുഷ്യരെ രക്ഷിക്കുകയെന്ന പ്രവൃത്തി ആയിരുന്നില്ല, മനുഷ്യരെ രക്ഷിക്കുന്ന പ്രവൃത്തിയോട് അതിനൊരു ബന്ധവുമില്ല. എന്തെന്നാൽ ലോകത്തെ സൃഷ്ടിച്ചപ്പോൾ സാത്താൻ മനുഷ്യരെ ദുഷിപ്പിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മനുഷ്യരെ രക്ഷിക്കുകയെന്ന പ്രവൃത്തി ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. സാത്താൻ മനുഷ്യരെ ദുഷിപ്പിച്ചപ്പോൾ മാത്രമാണ് രക്ഷാപ്രവൃത്തി ആരംഭിച്ചത്, അതിനാൽ മനുഷ്യവർഗത്തെ നിയന്ത്രിക്കുന്ന ജോലിയും മനുഷ്യൻ ദുഷിപ്പിക്കപ്പെട്ട ശേഷമാണ് തുടങ്ങിയത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനുഷ്യരെ രക്ഷിക്കുന്ന പ്രവൃത്തിയിൽനിന്നാണ് ദൈവം മനുഷ്യനെ നിയന്ത്രിക്കാൻ തുടങ്ങിയത്; അത് ലോകസൃഷ്ടി എന്ന കർമത്തിൽനിന്ന് ഉടലെടുത്തതല്ല. മനുഷ്യർ ഒരു ദുഷിച്ച സ്വഭാവം സ്വായത്തമാക്കിയതിനു ശേഷം മാത്രമാണ് അവരെ നിയന്ത്രിക്കുക എന്ന വേല നിലവിൽ വന്നത്; അതിനാൽ മനുഷ്യരെ നിയന്ത്രിക്കുന്ന വേലയ്ക്ക് മൂന്നു ഭാഗങ്ങളുണ്ട്, നാല് ഘട്ടങ്ങളോ നാല് യുഗങ്ങളോ അല്ല. ദൈവത്തിന്റെ മനുഷ്യനിയന്ത്രണത്തെ സൂചിപ്പിക്കാനുള്ള ശരിയായ മാർഗം ഇതു മാത്രമാണ്. അന്തിമയുഗം സമാപിക്കുമ്പോൾ മനുഷ്യവർഗത്തെ നിയന്ത്രിക്കുന്ന ജോലി പൂർണമായി അവസാനിച്ചിരിക്കും. മനുഷ്യരെ നിയന്ത്രിക്കുന്ന വേല സമാപിക്കുന്നു എന്നു പറഞ്ഞാൽ, മനുഷ്യകുലത്തെ മുഴുവനും രക്ഷിക്കുന്ന ജോലി അതിനകം സമ്പൂർണമായിട്ടുണ്ടാവുമെന്നും മനുഷ്യരെല്ലാം അവരുടെ യാത്രയുടെ അന്ത്യത്തിലെത്തിയിട്ടുമുണ്ടാവുമെന്നും ആണ് അർഥം. എല്ലാ മനുഷ്യരെയും രക്ഷിക്കുന്ന പ്രവൃത്തിയില്ലെങ്കിൽ, മനുഷ്യരെ നിയന്ത്രിക്കുന്ന വേലയോ അതിന്റെ മൂന്നു ഘട്ടങ്ങളോ ഉണ്ടാകുമായിരുന്നില്ല. കൃത്യമായി പറഞ്ഞാൽ, മനുഷ്യരുടെ ദുർന്നടപ്പു നിമിത്തവും മനുഷ്യവർഗത്തിന് അടിയന്തിരമായി രക്ഷ ആവശ്യമായിരുന്നതുകൊണ്ടുമാണ് യഹോവ സൃഷ്ടികർമം അവസാനിപ്പിച്ചിട്ട് ന്യായപ്രമാണയുഗത്തിന്റെ ജോലി ആരംഭിച്ചത്. അപ്പോൾ മാത്രമാണ് മനുഷ്യരെ നിയന്ത്രിക്കുന്ന വേല തുടങ്ങിയത്, അതായത് അപ്പോൾ മാത്രമാണ് മനുഷ്യരെ രക്ഷിക്കുകയെന്ന വേല ആരംഭിച്ചത്. “മനുഷ്യരെ നിയന്ത്രിക്കൽ” എന്നതിന്റെ അർഥം ഭൂമിയിൽ പുതുതായി സൃഷ്ടിക്കപ്പെട്ട മാനവജാതിയുടെ (അതായത്, ഇതുവരെ ദുഷിപ്പിക്കപ്പെടാത്ത മനുഷ്യരുടെ) ജീവിതത്തെ നയിക്കുക എന്നല്ല. പ്രത്യുത സാത്താൻ ദുഷിപ്പിച്ച മനുഷ്യവർഗത്തെ രക്ഷിക്കുക എന്നതാണ്. എന്നു പറഞ്ഞാൽ, ഈ ദുഷിച്ചുപോയ മാനവരാശിയെ രൂപാന്തരപ്പെടുത്തുക എന്നാണ് അർഥം. “മനുഷ്യരെ നിയന്ത്രിക്കുക” എന്നു പറയുന്നതിന്റെ അർഥം ഇതാണ്. മനുഷ്യരെ രക്ഷിക്കുന്ന പ്രവർത്തനത്തിൽ ലോകത്തെ സൃഷ്ടിക്കുന്ന വേല ഉൾപ്പെടുന്നില്ല, അതുകൊണ്ട് മനുഷ്യരെ നിയന്ത്രിക്കുന്ന വേലയിലും ലോകത്തെ സൃഷ്ടിക്കുന്ന പ്രവൃത്തി ഉൾപ്പെടുന്നില്ല; പകരം ലോകസൃഷ്ടിയിൽനിന്ന് വിഭിന്നമായ മൂന്നു പ്രവർത്തനഘട്ടങ്ങൾ മാത്രമാണ് അതിൽ അടങ്ങിയിരിക്കുന്നത്. മനുഷ്യരെ നിയന്ത്രിക്കുന്ന വേല എന്താണെന്നു മനസ്സിലാക്കാൻ മൂന്നു പ്രവർത്തനഘട്ടങ്ങളുടെ ചരിത്രത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്—ഇതാണ് രക്ഷിക്കപ്പെടുന്നതിനായി ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത്. ദൈവസൃഷ്ടികളെന്ന നിലയിൽ, ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെന്ന് നീ അംഗീകരിക്കണം. മനുഷ്യന്റെ ദുഷിപ്പിന്റെ സ്രോതസ്സ് നീ തിരിച്ചറിയണം; കൂടാതെ, മാനവരക്ഷയുടെ പ്രക്രിയയെപ്പറ്റിയും. ദൈവപ്രീതി ലഭിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി നിങ്ങൾക്ക് സിദ്ധാന്തങ്ങളനുസരിച്ച് പ്രവർത്തിക്കാൻ മാത്രമേ അറിയുകയുള്ളുവെങ്കിൽ, ദൈവം മനുഷ്യരെ രക്ഷിക്കുന്നതെങ്ങനെയെന്ന് അല്ലെങ്കിൽ മനുഷ്യൻ ദുഷിക്കപ്പെട്ടതിന്റെ മൂലകാരണം എന്താണെന്ന് നിങ്ങൾക്ക് തെല്ലും അറിയില്ലെങ്കിൽ അൽപ്പംപോലും ഊഹമില്ലെങ്കിൽ, ദൈവസൃഷ്ടിയെന്ന നിലയിൽ നിങ്ങൾക്കുള്ള കുറവു തന്നെയാണ് അത്. ദൈവത്തിന്റെ കാര്യനിർവഹണ വേലയുടെ വിശാലത കൂടുതലായി അറിയാതിരിക്കെ, പ്രാവർത്തികമാക്കാൻ കഴിയുന്ന സത്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നതുകൊണ്ടു മാത്രം നീ തൃപ്തിപ്പെട്ടുകൂടാ. അങ്ങനെ ആയിരിക്കുന്നപക്ഷം നീ പ്രമാണങ്ങളെ മാത്രം നോക്കുന്ന ഒരുവനായിരിക്കും. മൂന്നു പ്രവർത്തനഘട്ടങ്ങൾ ദൈവം മനുഷ്യനെ നിയന്ത്രിക്കുന്നതിനെപ്പറ്റിയും സർവപ്രപഞ്ചത്തിനുമായുള്ള സുവിശേഷത്തിന്റെ വരവിനെക്കുറിച്ചും മനുഷ്യർക്കിടയിലെ ഏറ്റവും വലിയ രഹസ്യത്തെക്കുറിച്ചും ഒക്കെയുള്ള ഉൾപ്പൊരുളുകളാണ്; സുവിശേഷം പ്രചരിപ്പിക്കുന്നതിനുള്ള അടിസ്ഥാനവും അവയാണ്. രഹസ്യങ്ങളിലും ദർശനങ്ങളിലും ഏറ്റവും മഹത്തായവയെപ്പറ്റി യാതൊരറിവും ഇല്ലാതെ, നിന്റെ ജീവിതത്തോടു ബന്ധപ്പെട്ട ലളിതമായ യാഥാർഥ്യങ്ങളെ മനസ്സിലാക്കുന്നതിൽ മാത്രം നീ ശ്രദ്ധ കേന്ദ്രീകരിച്ചാൽ, നിന്റെ ജീവിതം കാണാൻ കൊള്ളാമെന്നല്ലാതെ മറ്റൊന്നിനും ഉപകരിക്കാത്ത കേടുവന്ന ഒരുൽപ്പന്നമായിരിക്കില്ലേ?

മനുഷ്യൻ അനുഷ്‌ഠാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ദൈവത്തിന്റെ വേലയെയും മനുഷ്യന്റെ ജ്ഞാനത്തെയും രണ്ടാം സ്ഥാനത്തേക്കു തള്ളുകയും ചെയ്യുന്നുവെങ്കിൽ, അത് കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ അവഗണിച്ചുകൊണ്ട് ചെറിയ വിശദാംശംങ്ങളിൽ മനസ്സൂന്നുന്നതിനു തുല്യമല്ലേ? നീ അറിയേണ്ടതു നീ അറിഞ്ഞിരിക്കുകതന്നെ വേണം; നീ അനുഷ്ഠിക്കേണ്ടതു നീ അനുഷ്ഠിക്കുകതന്നെ വേണം. അപ്പോൾ മാത്രമേ നീ സത്യത്തെ പിന്തുടരാനറിയുന്ന ഒരുവനായിരിക്കുകയുള്ളൂ. നീ സുവിശേഷം പ്രചരിപ്പിക്കാനുള്ള ദിനം വരുമ്പോൾ, ദൈവം മഹാനും നീതിമാനും ആണെന്നും അവൻ പരമോന്നതനായ ദൈവമാണെന്നും എത്ര മഹാനായ മനുഷ്യനെപ്പോലും അവനോട് തുലനം ചെയ്യാൻ കഴിയാത്ത ദൈവമാണെന്നും തനിക്കുപരി മറ്റൊരുവനില്ലാത്ത ദൈവമാണ് അവനെന്നും മാത്രമേ നിനക്ക് പറയാൻ കഴിയുന്നുള്ളുവെങ്കിൽ..., ഇത്തരം അപ്രസക്തവും ഉപരിപ്ലവവുമായ വാക്കുകൾ മാത്രം പറയാൻ കഴിയുകയും, അതേസമയം, ഏറ്റവും പ്രാധാന്യമുള്ളതും കഴമ്പുള്ളതുമായ വചനങ്ങൾ പറയാൻ നീ തീർത്തും കഴിയാത്തവനുമാണെങ്കിൽ; ദൈവത്തെയും ദൈവത്തിന്റെ വേലയെയും കുറിച്ചുള്ള അറിവിനെപ്പറ്റി പറയുവാൻ നിന്റെ പക്കൽ ഒന്നുമില്ലെങ്കിൽ, അതും പോരാഞ്ഞിട്ട്, സത്യത്തെപ്പറ്റി വിശദീകരിക്കാനോ മനുഷ്യനിലുള്ള കുറവുകളെ നികത്താനോ നിനക്കാവില്ലെങ്കിൽ, നിന്നെപ്പോലൊരുവൻ സ്വന്തം കർത്തവ്യം നന്നായി നിർവഹിക്കാൻ കഴിവില്ലാത്തവനാണ്. ദൈവത്തിനു സാക്ഷ്യം വഹിക്കുന്നതും ദൈവരാജ്യസുവിശേഷം പ്രചരിപ്പിക്കുന്നതും നിസ്സാര കാര്യമല്ല. ആദ്യമായി, സത്യവും മനസ്സിലാക്കേണ്ടുന്ന ദർശനങ്ങളും നിന്നിൽ സജ്ജമായിരിക്കണം. ദർശനങ്ങളെയും ദൈവവേലയുടെ വിഭിന്ന വശങ്ങളുടെ യാഥാർഥ്യത്തെയും കുറിച്ച് നിനക്കു ശരിയായ ബോധ്യമുണ്ടാകുമ്പോൾ, ദൈവവേലയെ നീ നിന്റെ ഹൃദയത്തിലറിയുകയും ദൈവം ചെയ്യുന്നത് നീതിനിഷ്ഠമായ ന്യായവിധിയോ മാനവശുദ്ധീകരണമോ ആകട്ടെ, അടിസ്ഥാനമായി ഏറ്റവും മഹത്തായ ദർശനം നീ സ്വന്തമാക്കുകയും അനുഷ്ഠിക്കുവാനായി ശരിയായ സത്യം നീ കൈവശമാക്കുകയും ചെയ്യുമ്പോൾ ദൈവത്തെ അന്ത്യംവരെ പിൻചെല്ലാൻ നിനക്കു സാധിക്കും. നീ ഒരു കാര്യം അറിഞ്ഞിരിക്കണം: ദൈവം ചെയ്യുന്നത് എന്തു വേലയാണെങ്കിലും ശരി, അവന്റെ വേലയുടെ ലക്ഷ്യം മാറുന്നില്ല. അവന്റെ വേലയുടെ കാതൽ മാറുന്നില്ല, മനുഷ്യനെ സംബന്ധിച്ച അവന്റെ ഹിതത്തിനും മാറ്റം വരുന്നില്ല. അവന്റെ വാക്കുകൾ എത്രതന്നെ രൂക്ഷമായിക്കൊള്ളട്ടെ, പരിസ്ഥിതി എത്രതന്നെ പ്രതികൂലമാകട്ടെ, അവന്റെ വേലയുടെ തത്ത്വങ്ങൾക്കു മാറ്റമില്ല. മനുഷ്യനെ രക്ഷിക്കാനുള്ള അവന്റെ നിശ്ചയവും മാറില്ല. അത് മനുഷ്യന്റെ അന്ത്യത്തെയോ ലക്ഷ്യസ്ഥാനത്തെയോ വെളിപ്പെടുത്തുന്ന വെളിപാടിന്റെ വേലയോ അവസാനഘട്ടത്തിലെ വേലയോ ദൈവത്തിന്റെ സമ്പൂർണ കാര്യനിർവഹണ പദ്ധതിയെ അവസാനത്തിലേക്കു കൊണ്ടുവരുന്ന പ്രവൃത്തിയോ അല്ലാതിരിക്കുന്നപക്ഷം, അത് ദൈവം മനുഷ്യനെ മെനഞ്ഞെടുക്കുന്ന വേളയിൽ ആയിരിക്കുന്നപക്ഷം, അവന്റെ വേലയുടെ കാതൽ മാറില്ല. അവന്റെ വേലയുടെ കാതൽ എല്ലായ്‌പ്പോഴും മാനവരക്ഷ തന്നെ ആയിരിക്കും; നിങ്ങളുടെ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം ഇതായിരിക്കണം. പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങളുടെയും ലക്ഷ്യം മുഴുവൻ മനുഷ്യവർഗത്തിന്റെയും രക്ഷയാണ്—അതായത്, സാത്താന്റെ അധീശശക്തിയിൽ നിന്നുള്ള മനുഷ്യന്റെ പൂർണമായ രക്ഷ. വേലയുടെ മൂന്നു ഘട്ടങ്ങളിൽ ഓരോന്നിനും വെവ്വേറെ ഉദ്ദേശ്യവും പ്രാധാന്യവും ഉണ്ടെന്നിരിക്കിലും, ഓരോന്നും മനുഷ്യരെ രക്ഷിക്കുന്ന പ്രവൃത്തിയുടെ ഭാഗമാണ്; ഓരോന്നും മനുഷ്യവർഗത്തിന്റെ ആവശ്യാനുസരണം നിർവഹിക്കപ്പെടുന്ന വ്യത്യസ്ത രക്ഷാപ്രവൃത്തിയാണ്. വേലയുടെ മൂന്നു ഘട്ടങ്ങളുടെ ലക്ഷ്യത്തെപ്പറ്റി നീ ബോധവാനാകുമ്പോൾ, ആ വേലയുടെ ഓരോ ഘട്ടത്തിന്റെയും പ്രാധാന്യം എപ്രകാരം വിലമതിക്കണമെന്ന് നിനക്കു ബോധമുണ്ടാവുകയും, ദൈവേഷ്ടം നിറവേറ്റുന്നതിനായി എങ്ങനെ പ്രവർത്തിക്കണമെന്ന് നീ തിരിച്ചറിയുകയും ചെയ്യും. ഈ സ്ഥാനത്തു നിനക്കെത്താൻ കഴിഞ്ഞാൽ അത്, അതായത് സകല ദർശനങ്ങളിലും ഏറ്റവും മഹത്തായത്, നിന്റെ ദൈവവിശ്വാസത്തിന്റെ അടിത്തറയാകും. അനുഷ്ഠിക്കുന്നതിനുള്ള എളുപ്പ വഴികൾ അല്ലെങ്കിൽ ആഴമായ സത്യങ്ങൾ മാത്രം നീ അന്വേഷിച്ചാൽ പോരാ, ദർശനങ്ങളെ അനുഷ്ഠാനവുമായി ചേർത്തുവെക്കുക കൂടി ചെയ്യണം. അങ്ങനെ പ്രയോഗത്തിൽ വരുത്താവുന്ന സത്യങ്ങളോടൊപ്പം ദർശനാധിഷ്ഠിതമായ ജ്ഞാനവും ഉണ്ടായിരിക്കും. അപ്പോൾ മാത്രമേ നീ സത്യത്തെ പൂർണമായി പിന്തുടരുന്ന ഒരുവനാവുകയുള്ളൂ.

പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങളാണ് ദൈവത്തിന്റെ സമ്പൂർണ കാര്യനിർവഹണത്തിന്റെ ഹൃദയഭാഗം; അതിൽ ദൈവത്തിന്റെ സ്വഭാവവും അവൻ എന്തായിരിക്കുന്നു എന്നതും പ്രകടമാണ്. ദൈവവേലയുടെ മൂന്നു ഘട്ടങ്ങളെപ്പറ്റി അറിവില്ലാത്തവർക്ക് ദൈവം തന്റെ സ്വഭാവം എപ്രകാരം പ്രകടിപ്പിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിവില്ല; അവർക്ക് ദൈവവേലയെ കുറിച്ചുള്ള ജ്ഞാനവും ഇല്ല. അവൻ മനുഷ്യകുലത്തെ രക്ഷിക്കുന്ന പല വഴികളെക്കുറിച്ചും സകല മനുഷ്യർക്കും വേണ്ടിയുള്ള അവന്റെ ഹിതത്തെക്കുറിച്ചും അവർ ഇന്നും അജ്ഞരാണ്. പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങൾ മനുഷ്യരെ രക്ഷിക്കുകയെന്ന വേലയുടെ തികഞ്ഞ പ്രകടനമാണ്. പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങളെപ്പറ്റി അറിവില്ലാത്തവർ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ തത്ത്വങ്ങളെയും നാനാവിധ രീതികളെയും പറ്റി അജ്ഞരായിരിക്കും; ഒരു പ്രവർത്തനഘട്ടത്തിൽനിന്നു ബാക്കിവന്ന സിദ്ധാന്തങ്ങളോട് കർശനമായി ഒട്ടിനിൽക്കുന്നവർ ദൈവത്തെ സിദ്ധാന്തത്തിൽ തളച്ചിടുന്നവരും ദൈവവിശ്വാസം അവ്യക്തവും അസ്ഥിരവും ആയിട്ടുള്ളവരുമാണ്. ഇത്തരം ആളുകൾക്ക് ദൈവരക്ഷ ഒരിക്കലും ലഭിക്കില്ല. ദൈവവേലയുടെ മൂന്നു ഘട്ടങ്ങൾക്കു മാത്രമേ ദൈവസ്വഭാവം അതിന്റെ പൂർണരൂപത്തിൽ മുഴുവനായി പ്രകടിപ്പിക്കാനും മനുഷ്യരെ ഒന്നടങ്കം രക്ഷിക്കാനുള്ള ദൈവത്തിന്റെ നിശ്ചയത്തെയും മാനവരക്ഷയുടെ സമ്പൂർണ പ്രക്രിയയെയും പൂർണമായി പ്രകടിപ്പിക്കാനും കഴിയൂ. അവൻ സാത്താനെ പരാജിതനാക്കി മനുഷ്യരാശിയെ നേടിയെടുത്തുവെന്നതിനുള്ള തെളിവാണ് ഇത്; ഇത് ദൈവം കൈവരിച്ച വിജയത്തിന്റെ തെളിവാണ്, ദൈവത്തിന്റെ സമ്പൂർണ സ്വഭാവത്തിന്റെ പ്രകടനവും. ദൈവവേലയുടെ മൂന്നു ഘട്ടങ്ങളിൽ ഒരു ഘട്ടം മാത്രം മനസ്സിലാക്കുന്നവർ ദൈവസ്വഭാവത്തിന്റെ ഒരംശം മാത്രമേ അറിയുന്നുള്ളൂ. മനുഷ്യന്റെ സങ്കൽപ്പങ്ങളിൽ ഈ ഒരൊറ്റ പ്രവർത്തനഘട്ടം സിദ്ധാന്തമായിത്തീരുക എളുപ്പമാണ്; മനുഷ്യൻ ദൈവത്തെപ്പറ്റി നിശ്ചിത നിയമങ്ങൾ സ്ഥാപിക്കാനും ദൈവസ്വഭാവത്തിന്റെ ഈ ഒരൊറ്റ ഘടകത്തെ ദൈവത്തിന്റെ സമ്പൂർണ സ്വഭാവത്തെ വർണിക്കാൻ ഉപയോഗിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, മനുഷ്യന്റെ ആന്തരികഭാവന മിക്കവാറും സമ്മിശ്രമാണ്, അതിനാൽ ദൈവത്തിന്റെ സ്വഭാവവും സ്വത്വവും ജ്ഞാനവും, അതോടൊപ്പം ദൈവവേലയുടെ തത്ത്വങ്ങളും, മനുഷ്യൻ പരിമിതമായ മാനദണ്ഡങ്ങൾക്കുള്ളിൽ കർശനമായി ഒതുക്കിനിർത്തുന്നു; ദൈവം ഒരിക്കൽ ഇങ്ങനെയായിരുന്നെങ്കിൽ അവൻ എന്നെന്നേക്കും അങ്ങനെതന്നെ ഇരിക്കുമെന്നും ഒരിക്കലും മാറുകയില്ലെന്നും വിശ്വസിക്കുന്നു. പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങൾ അറിയുകയും വിലമതിക്കുകയും ചെയ്യുന്നവർക്കു മാത്രമേ ദൈവത്തെ പൂർണമായി, ശരിയായി അറിയാൻ കഴിയൂ. ഏറ്റവും കുറഞ്ഞപക്ഷം, അവർ ദൈവത്തെ ഇസ്രായേല്യരുടെയോ യെഹൂദന്മാരുടെയോ ദൈവമായി വിശേഷിപ്പിക്കുകയില്ല; മനുഷ്യനുവേണ്ടി എന്നേക്കും കുരിശിൽ തറക്കപ്പെട്ടിരിക്കുന്നവനായും അവർ ദൈവത്തെ കാണുകയില്ല. ഒരുവൻ ദൈവത്തെ അവന്റെ വേലയുടെ ഒരു ഘട്ടത്തിൽനിന്നു മാത്രമാണ് അറിയുന്നതെങ്കിൽ അവരുടെ ജ്ഞാനം അങ്ങേയറ്റം ചെറുതാണ്, അത് സമുദ്രത്തിലെ ഒരുതുള്ളി വെള്ളത്തിനു സമമാണ്. അല്ലാത്തപക്ഷം പൂർവകാല മതസംരക്ഷകരിൽ പലരും എന്തിനുവേണ്ടി ദൈവത്തെ ജീവനോടെ കുരിശിൽ തറയ്ക്കുമായിരുന്നു? അത് മനുഷ്യൻ ദൈവത്തെ നിശ്ചിത മാനദണ്ഡങ്ങൾക്കുള്ളിൽ പരിമിതനാക്കുന്നതുകൊണ്ടല്ലേ? ധാരാളം ആളുകൾ ദൈവത്തെ എതിർക്കുകയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിന്റെ കാരണം അവർ ദൈവത്തിന്റെ വൈവിധ്യമാർന്നതും വ്യത്യസ്തവുമായ വേലയെ അറിയാത്തതിനാലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ അളക്കാനുതകുന്ന ജ്ഞാനത്തിന്റെയും സിദ്ധാന്തത്തിന്റെയും തുച്ഛമായ അറിവ് മാത്രമേ ഉള്ളൂ എന്നതിനാലുമല്ലേ? ഇത്തരം ആളുകളുടെ അനുഭവങ്ങൾ ഉപരിപ്ലവമാണെങ്കിലും അവർ ധിക്കാരികളും ജഡികസ്വഭാവക്കാരുമാണ്; അവർ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ പുച്ഛത്തോടെ വീക്ഷിക്കുകയും പരിശുദ്ധാത്മാവിന്റെ ശിക്ഷണത്തെ അവഗണിക്കുകയും ചെയ്യുന്നു; മാത്രമല്ല, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ “സ്ഥിരീകരി”ക്കാൻ അവർ തങ്ങളുടെ ബാലിശമായ പഴഞ്ചൻ വാദങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നു. അവർ ശരിക്കും അഭിനയിക്കുകയാണ്, സ്വന്തം അറിവിനെയും പാണ്ഡിത്യത്തെയും കുറിച്ച് പൂർണമായി ബോധവാന്മാരാണവർ; അവർ ലോകമാസകലം യാത്ര ചെയ്യാൻ കഴിയുന്നവരാണെന്ന് ഉറപ്പിച്ചിരിക്കുന്നവരാണ്. ഇത്തരം മനുഷ്യരെയല്ലേ പരിശുദ്ധാത്മാവ് വെറുത്തു തള്ളിക്കളയുന്നത്? നവയുഗം അവരെ ഉന്മൂലനം ചെയ്യില്ലേ? ദൈവസന്നിധിയിൽ വന്ന് അവനെ പരസ്യമായി എതിർക്കുന്നവർ അറിവില്ലാത്തവരും അല്പജ്ഞാനികളും തങ്ങൾ സമർഥരാണെന്നു കാണിക്കാൻ കേവലം ശ്രമിക്കുന്ന ചെറിയ മനുഷ്യരുമല്ലേ? ബൈബിളിനെക്കുറിച്ച് അല്പജ്ഞാനികളായ അവർ “ബുദ്ധിജീവി”കളുടെ ലോകത്തിൽ വിരാജിക്കാൻ ശ്രമിക്കുന്നു; ആളുകളെ പഠിപ്പിക്കാൻ ഉപരിപ്ലവമായ വെറുമൊരു സിദ്ധാന്തം കൈമുതലായുള്ള അവർ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയും അവരുടെ സ്വന്തം ചിന്താപ്രക്രിയയെ ചുറ്റിപ്പറ്റി വ്യാപരിക്കാൻ ഇടയാക്കുന്നതിനു പരിശ്രമിക്കുകയും ചെയ്യുന്നു. ഹ്രസ്വദൃഷ്ടി ബാധിച്ച അവർ ദൈവത്തിന്റെ ആറായിരം വർഷത്തെ വേലയെ ഒരൊറ്റ നോട്ടത്തിൽ കാണാൻ ശ്രമിക്കുന്നു. ഈ ആളുകൾക്ക് പറയത്തക്ക യാതൊരു വിവേകവുമില്ല! വാസ്തവത്തിൽ, മനുഷ്യർക്ക് ദൈവജ്ഞാനം കൂടുന്തോറും ദൈവവേലയെ വിധിക്കാൻ അവർ അമാന്തിക്കും. മാത്രമല്ല, അവർ ദൈവത്തിന്റെ വേല സംബന്ധിച്ച് തങ്ങൾക്കുള്ള അറിവിനെപ്പറ്റി കുറച്ചു മാത്രം ഇന്ന് സംസാരിക്കുന്നു. എന്നാൽ വിലയിരുത്തലുകളിൽ അവർ എടുത്തു ചാട്ടക്കാരല്ല. മനുഷ്യർ എത്ര കുറച്ച് ദൈവത്തെ അറിയുന്നുവോ, അത്ര കൂടുതൽ അവർ അഹങ്കാരികളും അമിതമായ ആത്മവിശ്വാസമുള്ളവരും ആകുന്നു; അത്ര വീറോടെ അവർ ദൈവസ്വത്വം പ്രഘോഷിക്കുന്നു—എന്നാൽ, യഥാർഥമായ തെളിവൊന്നും നിരത്താതെ അവർ സിദ്ധാന്തത്തെപ്പറ്റി മാത്രം സംസാരിക്കുന്നു. ഇത്തരം ആളുകളെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ ഒരു കളിയായി കാണുന്നവർ നിസ്സാരമനസ്കരാണ്! പരിശുദ്ധാത്മാവിന്റെ പുതിയ പ്രവൃത്തിയെ അഭിമുഖീകരിക്കുമ്പോൾ ജാഗ്രതയില്ലാത്തവർ, വിടുവായന്മാർ, വിധിക്കാൻ വെമ്പുന്നവർ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ ന്യായയുക്തതയെ തള്ളിപ്പറയാനുള്ള സഹജവാസനയെ കടിഞ്ഞാണൂരി വിടുന്നവർ, അതിനെ നിന്ദിക്കുന്നവർ അതിനെരിതായി ദൈവദൂഷണം പറയുന്നവർ—ഇങ്ങനെ അനാദരവുള്ളവർ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെപ്പറ്റി അറിവില്ലാത്തവരല്ലേ? കൂടാതെ, അവർ അങ്ങേയറ്റം ധിക്കാരികളും സ്വതവേ അഹങ്കാരികളും കീഴടങ്ങാത്തവരും അല്ലേ? ഇത്തരം ആളുകൾ പരിശുദ്ധാത്മാവിന്റെ പുതിയ പ്രവർത്തനത്തെ അംഗീകരിക്കുന്ന ഒരു ദിവസം വന്നുചേർന്നാലും ദൈവം അവരെ വെച്ചുപൊറുപ്പിക്കുകയില്ല. ദൈവത്തിനായി വേല ചെയ്യുന്നവരെ അവർ അവജ്ഞയോടെ കാണുന്നു എന്നു മാത്രമല്ല, അവർ സാക്ഷാൽ ദൈവത്തിനെതിരെ ദൂഷണവും പറയുന്നു. ഇത്തരം ബുദ്ധിശൂന്യരോട് ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ദൈവം ക്ഷമിക്കില്ല, അവർ നരകത്തിൽ എന്നേക്കുമായി നശിക്കും! ഇത്തരം അനാദരവുള്ള, ജഡികാസക്തരായ മനുഷ്യർ ദൈവത്തിൽ വിശ്വസിക്കുന്നവരായി നടിക്കുകയാണ്; ആളുകൾ എത്രയേറെ ഇവ്വിധമായിരിക്കുന്നുവോ, അവർ ദൈവത്തിന്റെ ഭരണപരമായ ഉത്തരവുകളെ അത്രയേറെ ലംഘിക്കാനുള്ള സാധ്യതയേറുന്നു. സ്വതഃസിദ്ധമായി അനിയന്ത്രിതരായ എല്ലാ ധിക്കാരികളും ഒരിക്കലും ആരെയും അനുസരിച്ചിട്ടില്ലാത്തവരുമൊക്കെ ഈ പാതയിലല്ലേ നടക്കുന്നത്? എന്നും പുതുമയോടിരിക്കുന്ന, ഒരിക്കലും പഴഞ്ചനാകാത്ത ദൈവത്തെ അവർ ദിനംതോറും എതിർക്കുകയല്ലേ? ദൈവവേലയുടെ മൂന്നു ഘട്ടങ്ങൾക്കുള്ള പ്രാധാന്യം അറിയേണ്ടത് എന്തിനെന്ന് ഇന്നു നിങ്ങൾ മനസ്സിലാക്കണം. ഞാൻ നിങ്ങളോടു പറയുന്ന വചനങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദമാണ്, അവ വ്യർഥ സല്ലാപമല്ല. കുതിരപ്പുറത്ത് കുതിച്ചുപായുന്നതിനിടെ പുഷ്‌പങ്ങളെ കൗതുകപൂർവ്വം കണ്ടാനന്ദിക്കുന്നതുപോലെ നിങ്ങൾ അവ വായിക്കുകയാണെങ്കിൽ ഞാൻ ചെയ്‌ത കഠിനാധ്വാനം വൃഥാവാകില്ലേ? നിങ്ങൾ ഓരോരുത്തരും സ്വന്തം പ്രകൃതം അറിഞ്ഞിരിക്കണം. തർക്കിക്കുന്നതിൽ നിങ്ങളിൽ മിക്കവരും സമർഥരാണ്; സൈദ്ധാന്തിക ചോദ്യങ്ങളുടെ ഉത്തരങ്ങൾ നിങ്ങളുടെ നാവിൽനിന്ന് സുലഭമായി ഉതിരുന്നു, പക്ഷേ സത്താപരമായ ചോദ്യങ്ങൾക്ക് ഉത്തരമായി നിങ്ങൾക്കൊന്നും പറയാനില്ല. ഇന്നും നിങ്ങൾ നിങ്ങളുടെ പഴയ പ്രകൃതം മാറ്റാൻ കഴിയാതെ നിസ്സാര കാര്യങ്ങളെ കുറിച്ചുള്ള സംഭാഷണത്തിൽ മുഴുകുന്നു; നിങ്ങളിൽ മിക്കവരും പിന്തുടരുന്ന പാതയ്ക്കു മാറ്റം വരുത്തിക്കൊണ്ട് ഉദാത്തമായ സത്യത്തെ നേടുവാൻ താത്പര്യപ്പെടാതെ നിങ്ങളുടെ ജീവിതം മനസ്സില്ലാമനസ്സോടെ ജീവിക്കുന്നു. ഇങ്ങനെയുള്ള ആളുകൾക്ക് ദൈവത്തെ അന്ത്യം വരെ പിൻചെല്ലാൻ എങ്ങനെ കഴിയും? നിങ്ങൾ അവസാനംവരെ ഇങ്ങനെതന്നെ പോയാലും അതുകൊണ്ട് നിങ്ങൾക്കെന്തു പ്രയോജനമാണുണ്ടാവുക? വൈകിപ്പോകുന്നതിനു മുമ്പ് നിങ്ങളുടെ ആശയങ്ങൾക്കു മാറ്റം വരുത്തുന്നതായിരിക്കും നല്ലത്—ഒന്നുകിൽ ആത്മാർഥമായി യാത്ര തുടരുക, അല്ലെങ്കിൽ നേരത്തെ യാത്ര അവസാനിപ്പിക്കുക. സമയം പിന്നിടവേ നീ ഒരു പരാന്നജീവിയായി മാറും—ഇത്ര തരംതാണ, മാന്യതയില്ലാത്ത ഒരു കഥാപാത്രമാകാൻ നിങ്ങൾ തയ്യാറാണോ?

ദൈവത്തിന്റെ സമ്പൂർണ വേലയുടെ ഒരു രേഖയാണ് പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങൾ; മനുഷ്യരെ രക്ഷിക്കുകയെന്ന ദൈവവേലയുടെ രേഖകളാണ് അവ, സാങ്കൽപ്പികമല്ല. ദൈവത്തിന്റെ സമഗ്രമായ പ്രകൃതത്തെക്കുറിച്ചുള്ള ജ്ഞാനം സമ്പാദിക്കാൻ നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ ദൈവം നടപ്പാക്കുന്ന വേലയുടെ മൂന്നു ഘട്ടങ്ങൾ അറിയണം; മാത്രമല്ല, ഒരു ഘട്ടം പോലും വിട്ടുകളയരുത്. ദൈവത്തെ അറിയാൻ ആഗ്രഹിക്കുന്നവർ ഏറ്റവും കുറഞ്ഞപക്ഷം നിർവഹിക്കേണ്ട കാര്യം ഇതാണ്. ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ അറിവ് മനുഷ്യന് സ്വയം കെട്ടിച്ചമയ്ക്കാൻ കഴിയില്ല. ഇത് മനുഷ്യന് സ്വയം സങ്കൽപ്പിക്കാൻ കഴിയുന്ന ഒന്നല്ല; അത് ഒരു വ്യക്തിക്കു മാത്രമായി പരിശുദ്ധാത്മാവ് നൽകുന്ന പ്രത്യേക ആനുകൂല്യത്തിന്റെ ഫലവുമല്ല. പ്രത്യുത, അത് മനുഷ്യൻ ദൈവവേലയെ അനുഭവിച്ചതിനുശേഷം ഉൽപ്പന്നമാകുന്ന അറിവാണ്; ദൈവത്തിന്റെ വേലയുടെ വസ്തുതകളെ അനുഭവിച്ചതിനുശേഷം മാത്രം ലഭിക്കുന്ന ദൈവത്തെക്കുറിച്ചുള്ള അറിവാണിത്. ഇത്തരം അറിവ് ഒരു വിഭ്രാന്തിയുടെ പുറത്ത് നേടാവുന്നതല്ല; അത് പഠിപ്പിച്ചു മനസ്സിലാക്കാവുന്നതുമല്ല. അത് വ്യക്തിപരമായ അനുഭവത്തോട് പൂർണമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യരെ രക്ഷിക്കുന്ന ദൈവത്തിന്റെ വേലയാണ് ഈ മൂന്നു പ്രവർത്തനഘട്ടങ്ങളുടെയും കാതൽ; എന്നാൽ മനുഷ്യരെ രക്ഷിക്കുകയെന്ന വേലയ്ക്കുള്ളിൽ അനേകം പ്രവർത്തനരീതികളും ദൈവസ്വഭാവം പ്രകടമാകുന്ന അനേകം വിധങ്ങളുമുണ്ട്. മനുഷ്യന് തിരിച്ചറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണിത്, മനുഷ്യന് മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യവും ഇതുതന്നെ. യുഗങ്ങൾ തമ്മിലുള്ള വേർപെടുത്തൽ, ദൈവത്തിന്റെ വേലയിലുള്ള മാറ്റങ്ങൾ, പ്രവർത്തന സ്ഥലത്തിലുള്ള മാറ്റങ്ങൾ, പ്രവർത്തനത്തിന്റെ ഗുണഭോക്താവിനെ സംബന്ധിച്ചുള്ള മാറ്റങ്ങൾ, ഇത്യാദി—ഇവയെല്ലാം പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച്, പരിശുദ്ധാത്മാവിന്റെ പ്രവർത്തനശൈലിയിലുള്ള വ്യത്യാസവും ദൈവസ്വഭാവം, രൂപം, നാമം, വ്യക്തിത്വം തുടങ്ങിയവയിലുള്ള വ്യതിയാനങ്ങളുമെല്ലാം വേലയുടെ മൂന്നു ഘട്ടങ്ങളുടെ ഭാഗം തന്നെയാണ്. പ്രവർത്തനത്തിന്റെ ഒരു ഘട്ടം ഒരു ഭാഗത്തെ മാത്രം പ്രതിനിധീകരിക്കുന്നു, അത് ഒരു നിശ്ചിത പരിധിക്കുള്ളിൽ ചുരുങ്ങുന്നു. അതിൽ യുഗങ്ങളുടെ വേർതിരിവോ ദൈവത്തിന്റെ വേലയിലുള്ള മാറ്റങ്ങളോ മറ്റുള്ള വശങ്ങളോ ഉൾപ്പെടുന്നില്ല. ഇത് സുസ്പഷ്ടമായ ഒരു വസ്തുതയാണ്. പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങൾ മനുഷ്യവർഗത്തെ രക്ഷിക്കാനുള്ള ദൈവത്തിന്റെ വേലയുടെആകെത്തുകയാണ്. മനുഷ്യരെ രക്ഷിക്കുകയെന്ന വേലയിൽ ദൈവത്തിന്റെ വേലയെയും ദൈവസ്വഭാവത്തെയും മനുഷ്യൻ അറിയണം; ഈ വസ്തുതയില്ലെങ്കിൽ ദൈവത്തെക്കുറിച്ചുള്ള നിന്റെ അറിവ് വെറും പൊള്ളയായ വാക്കുകൾ മാത്രമാണ്; പറച്ചിലിൽ മാത്രം പ്രവൃത്തിയിലില്ല, അത്രതന്നെ. ഇത്തരത്തിലുള്ള ജ്ഞാനം മനുഷ്യനെ ബോദ്ധ്യപ്പെടുത്തുകയോ കീഴടക്കുകയോ ചെയ്യില്ല; അത് യാഥാർഥ്യത്തിനു വിരുദ്ധമാകുന്നു, അത് സത്യവുമല്ല. അത് വളരെ സമൃദ്ധവും കേൾക്കാൻ ഇമ്പമുള്ളതുമായിരിക്കാം, പക്ഷേ അത് ദൈവത്തിന്റെ സഹജസ്വഭാവത്തിനു വിരുദ്ധമാണെങ്കിൽ ദൈവം നിന്നെവെറുതെവിടില്ല. അവൻ നിന്റെ ജ്ഞാനത്തെ ശ്ലാഘിക്കുകയില്ലെന്നു മാത്രമല്ല, അവനെതിരായി ദൈവദൂഷണം പറഞ്ഞ ഒരു പാപിയെന്ന നിലയിൽ നിന്നോട് പ്രതികാരം ചെയ്യുകയും ചെയ്യും. ദൈവജ്ഞാനത്തിന്റെ വചനങ്ങൾ നിസ്സാരമായി ഉച്ചരിക്കാൻ പാടില്ല. നീ വാക്സാമർഥ്യമുള്ളവനോ വാക്കുകൾകൊണ്ട് അമ്മാനമാടുന്നവനോ ആണെങ്കിലും, നിന്റെ വാചക കസറത്തുകൊണ്ട് നിനക്ക് കറുപ്പിനെ വെളുപ്പാക്കാനും വെളുപ്പിനെ കറുപ്പാക്കാനും കഴിയുമെങ്കിലും ദൈവജ്ഞാനത്തെക്കുറിച്ചു സംസാരിക്കേണ്ടിവരുമ്പോൾ നിന്റെ അറിവിന്റെ ആഴം വറ്റിപ്പോകുന്നു. നിനക്ക് തിടുക്കത്തിൽ വിധിക്കാനോ അലക്ഷ്യമായി പ്രശംസിക്കാനോ അശ്രദ്ധയോടെ അപകീർത്തിപ്പെടുത്താനോ ഉള്ളവനല്ല ദൈവം. നീ ആരെ വേണമെങ്കിലും പ്രശംസിക്കുന്നു, എന്നാൽ ദൈവത്തിന്റെ മഹത്തായ നന്മയെയും കൃപയെയും വിശേഷിപ്പിക്കാനുള്ള വാക്കുകൾക്കായി നീ പാടുപെടുന്നു—ഇതാണ് ഓരോ പരാജിതനും തിരിച്ചറിയാനിടയാകുന്നത്. ദൈവത്തെപ്പറ്റി വർണിക്കാൻ കഴിവുള്ള ധാരാളം ഭാഷാപണ്ഡിതന്മാർ ഉണ്ടെങ്കിലും അവർ വിവരിക്കുന്നതിന്റെ കൃത്യത ദൈവത്തിന്റെ സ്വന്തമായവരും, ചുരുങ്ങിയ പദാവലി കൈവശമുള്ളവരെങ്കിലും, ധന്യമായ അനുഭവസമ്പത്ത് കൈമുതലായിട്ടുള്ളവരും ഉച്ചരിക്കുന്ന സത്യത്തിന്റെ നൂറിലൊരംശം മാത്രമേയുള്ളൂ. ഇതിലൂടെ നമുക്ക് കാണാൻ കഴിയുന്നത് ദൈവത്തെക്കുറിച്ചുള്ള അറിവ് കൃത്യതയിലും യാഥാർഥ്യത്തിലും ആണ് അധിഷ്ഠിതമായിരിക്കുന്നതെന്നും, അത് വാക്കുകൾ സമർഥമായി പ്രയോഗിക്കുന്നതിലോ നല്ലൊരു പദസമ്പത്ത് ഉണ്ടായിരിക്കുന്നതിലോ അല്ലെന്നും, മനുഷ്യരുടെ ജ്ഞാനവും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനവും തമ്മിൽതരിമ്പും ബന്ധമില്ലെന്നുമാണ്. ദൈവത്തെ അറിയുന്നതിനുള്ള പാഠം മനുഷ്യരുടെ മറ്റേതൊരു പ്രകൃതിശാസ്ത്രത്തെക്കാളും ഉന്നതമാണ്. ദൈവത്തെ അറിയാൻ പ്രയത്‌നിക്കുന്ന വളരെ കുറച്ചു പേർക്കു മാത്രം നേടാൻ കഴിയുന്ന ഒരു പാഠമാണത്, പ്രതിഭാശാലിയായ ഏതൊരുവനും അനായാസം നേടാൻ പറ്റുന്നതല്ല. അതുകൊണ്ട് ദൈവത്തെ അറിയുന്നതും സത്യത്തെ പിന്തുടരുന്നതും വെറുമൊരു കുഞ്ഞിന് നേടിയെടുക്കാനാകുന്ന വസ്തുക്കൾപോലെയാണെന്ന് നിങ്ങൾ കരുതരുത്. ഒരുപക്ഷേ നീ നിന്റെ കുടുംബജീവിതത്തിലോ തൊഴിലിലോ വിവാഹജീവിതത്തിലോ ഒക്കെ തികച്ചും വിജയിച്ചിട്ടുണ്ടാവാം, എങ്കിലും സത്യത്തിന്റെയും ദൈവത്തെ അറിയുക എന്ന പാഠത്തിന്റെയും കാര്യം വരുമ്പോൾ നിനക്ക് നിന്നെപ്പറ്റി ഒന്നും പറയാനില്ല, നീ ഒന്നും നേടിയിട്ടുമില്ല. സത്യം പ്രവർത്തികമാക്കുന്നത് നിങ്ങൾക്ക് അതികഠിനമായ കാര്യമാണെന്നും ദൈവത്തെ അറിയുകയെന്നത് അതിലേറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പറഞ്ഞാൽ തെറ്റില്ല. ഇത് നിങ്ങളുടെ വൈഷമ്യമാണ്, മനുഷ്യവർഗം ഒന്നടങ്കം അഭിമുഖീകരിക്കുന്ന ഒരു വൈഷമ്യവുമാണ്. ദൈവത്തെ അറിയുന്ന പ്രക്രിയയിൽ എന്തെങ്കിലും നേട്ടങ്ങൾ കൈവരിച്ചവരുടെ ഇടയിൽ ഒരു നിലവാരത്തിലെത്തിയവർ ആരും തന്നെയില്ല. ദൈവത്തെ അറിയുക എന്നതിന്റെ അർഥം എന്താണെന്നോ ദൈവത്തെ അറിയേണ്ടതിന്റെ ആവശ്യകത എന്താണെന്നോ ദൈവത്തെ അറിയുന്നതിനായി ഒരുവൻ ഏതളവുവരെ കൈവരിക്കണമെന്നോ മനുഷ്യനറിയില്ല. ഇതാണ് മനുഷ്യനെ ഏറ്റവും കുഴയ്ക്കുന്ന കാര്യവും സംശയലേശമെന്യേ മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ പ്രഹേളികയും—ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും കഴിവില്ല, ഈ ചോദ്യത്തിന് ഉത്തരം പറയാൻ ആരും തയ്യാറുമല്ല, എന്തെന്നാൽ ഇന്നോളം മനുഷ്യരിൽ ഒരുവൻപോലും ഈ വേലയുടെ പഠനത്തിൽ ലവലേശം വിജയിച്ചിട്ടില്ല. ഒരുപക്ഷേ വേലയുടെ മൂന്നു ഘട്ടങ്ങളെക്കുറിച്ചുള്ള പ്രഹേളികയുടെ അർഥം മനുഷ്യർ അറിയാനിടയാകുമ്പോൾ, തുടർച്ചയായി, ദൈവത്തെ അറിയുന്ന പ്രതിഭാശാലികളുടെ ഒരു സമൂഹം പ്രത്യക്ഷപ്പെടും. അതങ്ങനെതന്നെ ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; മാത്രമല്ല, ഞാൻ ഈ വേല നടപ്പാക്കുന്നതിന്റെ പ്രക്രിയയിലാണ്, ആസന്നഭാവിയിൽ കൂടുതലായി ഇത്തരം പ്രതിഭാശാലികൾ പ്രത്യക്ഷപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ പ്രവർത്തനത്തിന്റെ ഈ മൂന്നു ഘട്ടങ്ങളെക്കുറിച്ചുള്ള വസ്തുതയ്ക്ക് സാക്ഷ്യം വഹിക്കുന്നവരായിത്തീരും; തീർച്ചയായും ഈ മൂന്നു പ്രവർത്തനഘട്ടങ്ങൾക്കു സാക്ഷ്യം വഹിക്കുന്നവരിൽ അവർ മുമ്പന്മാരുമായിരിക്കും. ദൈവത്തിന്റെ വേല സമാപ്തമാകുന്ന ദിവസം ഇത്തരം പ്രതിഭാശാലികൾ ആഗതരാകാതിരിക്കുകയോ മനുഷ്യജന്മമെടുത്ത ദൈവത്താൽ പൂർണരാക്കപ്പെടാൻ വ്യക്തിപരമായി മുമ്പോട്ടുവരുന്നവർ ഒന്നോ രണ്ടോ പേർ മാത്രമായി ചുരുങ്ങുകയോ ചെയ്താൽ അതിൽപ്പരം വേദനാജനകവും ശോചനീയവുമായ മറ്റൊരു കാര്യം ഉണ്ടാവുകയില്ല. പക്ഷേ, അങ്ങനെയൊരു മോശത്തിൽ മോശമായ അവസ്ഥ ഉണ്ടാവണമെന്നില്ല. എന്തുമായിക്കൊള്ളട്ടെ, ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് ഈ അനുഗ്രഹം ലഭിക്കുമെന്നു തന്നെയാണ് എന്റെ ദൃഢമായ വിശ്വാസം. യുഗാരംഭം മുതൽ ഇന്നുവരെ ഇതുപോലൊരു പ്രവർത്തനം ഉണ്ടായിട്ടില്ല; ഇത്തരമൊരു സംരംഭം മാനവവികാസത്തിന്റെ ചരിത്രത്തിൽ ഇന്നോളം ഉടലെടുത്തിട്ടില്ല. ദൈവത്തെ അറിയുന്ന മുമ്പന്മാരിൽ ഒരുവനാകാൻ യഥാർഥത്തിൽ നിനക്കു കഴിയുമെങ്കിൽ അത് സകല ജീവികൾക്കുമിടയിലെ പരമോന്നത ബഹുമതി ആയിരിക്കില്ലേ? മനുഷ്യവർഗത്തിൽപ്പെട്ട മറ്റേതെങ്കിലും സൃഷ്ടിയെ ദൈവം ഇതിലേറെ പ്രശംസിക്കുമോ? ഇത്തരം വേല വിജയിപ്പിക്കാൻ എളുപ്പമല്ല, എന്നാലും ആത്യന്തികമായി പ്രതിഫലം കൊയ്യുകതന്നെ ചെയ്യും. ലിംഗ-ദേശഭേദമെന്യേ ദൈവജ്ഞാനം കൈവരിക്കാൻ കഴിവുള്ളവരെല്ലാം ഒടുവിൽ ദൈവത്തിന്റെ ഏറ്റവും മഹത്തായ ബഹുമതി നേടും. ദൈവാധികാരം കൈവശമാക്കുന്നവർ അവർ മാത്രമായിരിക്കും. ഇന്നത്തെ വേല ഇതാണ്; ഇതുതന്നെയാണ് ഭാവിയിലെ വേലയും; ആറായിരം വർഷങ്ങൾക്കുള്ളിൽ പൂർത്തീകരിക്കേണ്ട അന്തിമവും പരമോന്നതവുമായ വേല ഇതുതന്നെ; ഓരോ മനുഷ്യവിഭാഗത്തെയും വെളിപ്പെടുത്തുന്ന ഒരു പ്രവർത്തനരീതിയുമാണിത്. ദൈവത്തെ അറിയാൻ മനുഷ്യനെ ഇടയാക്കുന്ന പ്രവൃത്തികൊണ്ട് മനുഷ്യന്റെ വ്യത്യസ്ത ശ്രേണികൾ പ്രകടമാകുന്നു: ദൈവത്തെ അറിയുന്നവർ ദൈവാനുഗ്രഹങ്ങൾ ലഭിക്കാനും അവന്റെ വാഗ്‌ദാനങ്ങൾ സ്വീകരിക്കാനും അർഹരാണ്; എന്നാൽ ദൈവത്തെ അറിയാത്തവർ ദൈവാനുഗ്രഹങ്ങൾ ലഭിക്കാനോ അവന്റെ വാഗ്‌ദാനങ്ങൾ സ്വീകരിക്കാനോ അർഹതയില്ലാത്തവരാണ്. ദൈവത്തെ അറിയുന്നവർ ദൈവത്തിനു വേണ്ടപ്പെട്ടവരും, ദൈവത്തെ അറിയാത്തവർ ദൈവത്തിനു വേണ്ടപ്പെട്ടവരെന്നു വിളിക്കാൻ പറ്റാത്തവരുമാണ്; ദൈവത്തിനു വേണ്ടപ്പെട്ടവർക്ക് ദൈവത്തിന്റെ ഏതൊരനുഗ്രഹവും പ്രാപിക്കാം, പക്ഷേ ദൈവത്തിനു വേണ്ടപ്പെട്ടവരല്ലാത്തവർ അവന്റെ ഒരു പ്രവൃത്തിക്കും യോഗ്യതയുള്ളവരല്ല. അത് കഷ്ടങ്ങൾ, ശുദ്ധീകരണം, ന്യായവിധി, ഇത്യാദി എന്തുതന്നെ ആയാലും, അവയെല്ലാം മനുഷ്യൻ ഒടുവിൽ ദൈവത്തെക്കുറിച്ചുള്ള അറിവ് സമ്പാദിക്കുന്നതിനു വേണ്ടിയും അങ്ങനെ അവൻ ദൈവത്തിനു കീഴ്‌വഴങ്ങുന്നതിനു വേണ്ടിയുമാണ്. ആത്യന്തികമായി കൈവരിക്കുന്നത് ഈ ഒരൊറ്റ ഫലപ്രാപ്തിയാണ്. പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങളിൽ ഒന്നും മറഞ്ഞിരിക്കുന്നവയല്ല; അത് മനുഷ്യന്റെ ദൈവജ്ഞാനത്തിന് ഗുണകരമാണ്, ദൈവത്തെപ്പറ്റി കൂടുതൽ സമ്പൂർണവും സമഗ്രവുമായ അറിവു നേടാൻ അത് മനുഷ്യനെ സഹായിക്കുകയും ചെയ്യും. ഈ പ്രവർത്തനങ്ങളെല്ലാം മനുഷ്യന് ഉപകാരപ്രദമാണ്.

ദൈവത്തിന്റെ സ്വന്തം വേല മനുഷ്യൻ അറിഞ്ഞിരിക്കേണ്ട ദർശനം തന്നെയാണ്, എന്തെന്നാൽ ദൈവത്തിന്റെ വേല മനുഷ്യനു നേടിയെടുക്കാൻ പറ്റില്ല, മനുഷ്യന്റെ കൈവശമില്ലതാനും. പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങൾ ദൈവത്തിന്റെ സമ്പൂർണ കാര്യനിർവഹണമാണ്; അതിൽപ്പരം മനുഷ്യൻ അറിയേണ്ടുന്ന മഹാദർശനം വേറെയില്ല. ശക്തിമത്തായ ഈ ദർശനം മനുഷ്യൻ അറിയുന്നില്ലെങ്കിൽ ദൈവത്തെ അറിയാനും ദൈവഹിതം മനസ്സിലാക്കാനും എളുപ്പമല്ല; മാത്രമല്ല, മനുഷ്യൻ നടക്കുന്ന വഴികൾ കൂടുതൽ ദുർഘടമാവുകയും ചെയ്യും. ദർശനങ്ങൾ ഇല്ലായിരുന്നെങ്കിൽ മനുഷ്യന് ഇത്ര ദൂരം വരാൻ സാധിക്കുമായിരുന്നില്ല. ദർശനങ്ങളാണ് മനുഷ്യനെ ഇന്നുവരെ സംരക്ഷിച്ചതും ഏറ്റവും വലിയ സുരക്ഷ അവനു നൽകിയതും. ഭാവിയിൽ നിങ്ങളുടെ ജ്ഞാനം ആഴപ്പെടണം; അവന്റെ സമ്പൂർണ ഹിതവും പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങളിൽ ഉൾപ്പെട്ട അവന്റെ ജ്ഞാനപൂർവമായ വേലയുടെ കാതലും നിങ്ങൾ അറിയണം. ഇതുമാത്രമാണ് നിങ്ങളുടെ യഥാർഥ ഔന്നത്യം. പ്രവർത്തനത്തിന്റെ അന്തിമഘട്ടം ഒറ്റയ്ക്ക് വേറിട്ടു നിൽക്കാതെ രണ്ട് പൂർവഘട്ടങ്ങളോടു ചേർന്ന് സമ്പൂർണ പദ്ധതിയുടെ ഒരു ഭാഗമായിരിക്കുന്നു; മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങളിൽ ഏതെങ്കിലും ഒരെണ്ണം മാത്രം നടപ്പാക്കിയാൽ മനുഷ്യരെ രക്ഷിക്കുകയെന്ന വേല മുഴുവനായി പൂർത്തീകരിക്കുക അസാധ്യമായിരിക്കും. പ്രവർത്തനത്തിന്റെ അന്ത്യഘട്ടം മനുഷ്യനെ പൂർണമായി രക്ഷിക്കാൻ പര്യാപ്തമാണെങ്കിലും, അതിന്റെ അർഥം ഈയൊരു ഘട്ടം മാത്രം നടപ്പാക്കിയാൽ മതിയെന്നല്ല, രണ്ട് പൂർവഘട്ടങ്ങൾ മനുഷ്യനെ സാത്താന്റെ സ്വാധീനത്തിൽ നിന്ന് രക്ഷിക്കാൻ ആവശ്യമില്ലെന്നുമല്ല. മൂന്നു ഘട്ടങ്ങളിൽ ഏതെങ്കിലും ഒരു ഘട്ടം മനുഷ്യരെല്ലാവരും അറിഞ്ഞിരിക്കേണ്ട ഏക ദർശനമായി ഉയർത്തിപ്പിടിക്കാൻ പറ്റില്ല, എന്തെന്നാൽ മനുഷ്യരെ രക്ഷിക്കുകയെന്ന വേലയുടെ പൂർണത പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങളിൽ അടങ്ങുന്നു, അവയിൽ ഏതെങ്കിലും ഒന്നിലല്ല. മനുഷ്യരെ രക്ഷിക്കുകയെന്ന വേല പൂർത്തീകരിക്കപ്പെടാതിരിക്കുന്ന കാലത്തോളം ദൈവത്തിന്റെ കാര്യനിർവഹണത്തിന് ഒരു പൂർണവിരാമത്തിൽ എത്തിച്ചേരാൻ കഴിയില്ല. ദൈവത്തിന്റെ സത്ത, അവന്റെ പ്രകൃതം, അവന്റെ ജ്ഞാനം എന്നിവ രക്ഷാകരപ്രവൃത്തിയിലാണ് പൂർണരൂപത്തിൽ പ്രകടമാകുന്നത്. ആരംഭത്തിൽത്തന്നെ അവ മനുഷ്യനു വെളിപ്പെടുത്തിക്കൊടുത്തിട്ടില്ല, എന്നാൽ രക്ഷാകരപ്രവൃത്തിയിൽ ക്രമേണ പ്രകടമാക്കപ്പെട്ടിരിക്കുന്നു. മനുഷ്യരെ രക്ഷിക്കുകയെന്ന വേലയുടെ ഓരോ ഘട്ടവും ദൈവസ്വഭാവത്തിന്റെ ഒരംശവും അവന്റെ സത്തയുടെ ഒരംശവും മാത്രം പ്രകടമാക്കുന്നു; പ്രവർത്തനത്തിന്റെ എല്ലാ ഘട്ടങ്ങൾക്കും ദൈവത്തിന്റെ സമഗ്രമായ സത്തയെ നേരിട്ടും പൂർണമായും പ്രകടിപ്പിക്കാൻ കഴിയില്ല. അങ്ങനെയിരിക്കെ, പ്രവർത്തനത്തിന്റെ മൂന്നു ഘട്ടങ്ങളും പൂർത്തിയായാൽ മാത്രമേ മനുഷ്യരെ രക്ഷിക്കുകയെന്ന വേല പൂർണമായി ഉപസംഹരിക്കാൻ കഴിയൂ. അതുകൊണ്ട് ദൈവത്തിന്റെ സമ്പൂർണതയെപ്പറ്റിയുള്ള മനുഷ്യന്റെ ജ്ഞാനം ദൈവത്തിന്റെ വേലയുടെ മൂന്നു ഘട്ടങ്ങളിൽനിന്ന് വേർതിരിക്കാനാവാത്തതാണ്. ഒരു ഘട്ടത്തിൽനിന്ന് മനുഷ്യൻ കൈവരിക്കുന്നത് ദൈവത്തിന്റെ പ്രവർത്തനത്തിന്റെ ഒരൊറ്റ ഭാഗത്തിൽ പ്രകടിപ്പിക്കപ്പെട്ട ദൈവസ്വഭാവം മാത്രമാണ്. അതിന്, മുമ്പോ പിമ്പോ ഉള്ള ഘട്ടങ്ങളിൽ പ്രകടിപ്പിക്കപ്പെട്ട സ്വഭാവത്തെയോ സത്തയെയോ പ്രതിനിധീകരിക്കാനാവില്ല. അതിന്റെ കാരണമിതാണ്: മനുഷ്യവർഗത്തെ രക്ഷിക്കുന്ന പ്രവർത്തനം ഒറ്റയടിക്ക് ഒരു കാലഘട്ടത്തിലോ ഒരു സ്ഥലത്തോ പൂർത്തീകരിക്കാനാവില്ല, പ്രത്യുത, വിവിധ കാലങ്ങളിലും വിവിധ സ്ഥലങ്ങളിലും ഉണ്ടാവുന്ന മാനവവികാസത്തിന്റെ അളവിനനുസൃതമായി അത് ക്രമേണ ആഴപ്പെടുന്നു. അത് ഘട്ടം ഘട്ടമായി നടത്തപ്പെടുന്ന പ്രവർത്തനമാണ്, ഒരൊറ്റ ഘട്ടത്തിൽ പൂർത്തിയാകുന്നതല്ല. അതുകൊണ്ട് ദൈവത്തിന്റെ മുഴുവൻ ജ്ഞാനവും ഏക ഘട്ടത്തിലല്ലാതെ മൂന്നു ഘട്ടങ്ങളിൽ ഘനീഭവിച്ചിരിക്കുന്നു. അവന്റെ പൂർണ സത്തയും സമ്പൂർണ ജ്ഞാനവും ഈ മൂന്നു ഘട്ടങ്ങളിൽ വിന്യസിച്ചിരിക്കുന്നു; ഓരോ ഘട്ടത്തിലും അവന്റെ സത്ത അടങ്ങിയിരിക്കുന്നു, ഓരോ ഘട്ടവും അവന്റെ വേലയുടെ ജ്ഞാനത്തിന്റെ രേഖയാകുന്നു. ഈ മൂന്നു ഘട്ടങ്ങളിൽ പ്രകടിപ്പിക്കപ്പെട്ട സമ്പൂർണ ദൈവസ്വഭാവം മനുഷ്യൻ അറിയേണ്ടതാണ്. ദൈവസത്തയുടേതെല്ലാം സകല മനുഷ്യർക്കും ഏറ്റവും പ്രാധാന്യമുള്ളതാണ്; മനുഷ്യർ ദൈവത്തെ ആരാധിക്കുമ്പോൾ അവർക്ക് ഈ ജ്ഞാനമില്ലെങ്കിൽ അവർ ബുദ്ധനെ ആരാധിക്കുന്നവരിൽനിന്ന് ഒട്ടും വ്യത്യസ്തരല്ല. മനുഷ്യരുടെ മദ്ധ്യേ ദൈവത്തിന്റെ വേല മറയ്ക്കപ്പെട്ടിട്ടില്ല, ദൈവത്തെ ആരാധിക്കുന്നവരെല്ലാം അത് അറിഞ്ഞിരിക്കണം. ദൈവം മനുഷ്യരെ രക്ഷിക്കുകയെന്ന വേലയുടെ മൂന്നു ഘട്ടങ്ങളും മനുഷ്യരുടെ ഇടയിൽ നടപ്പിലാക്കിയിരിക്കുന്നതിനാൽ, ഈ മൂന്നു പ്രവർത്തനഘട്ടങ്ങളിലും,അവനുള്ളതും അവനാകുന്നതുംവെളിപ്പെടുത്തുമ്പോൾ മനുഷ്യൻ അത് അറിഞ്ഞിരിക്കണം. മനുഷ്യൻ ചെയ്യേണ്ടതിതാണ്. മനുഷ്യനു നേടിയെടുക്കാൻ കഴിയാത്തതും അവൻ അറിയരുതാത്തതുമാണ് ദൈവം മനുഷ്യനിൽനിന്നു മറച്ചുവെക്കുന്നത്. അതേസമയം, മനുഷ്യൻ അറിഞ്ഞിരിക്കേണ്ടതും മനുഷ്യൻ സ്വന്തമാക്കേണ്ടതുമാണ് ദൈവം മനുഷ്യനു കാണിച്ചുകൊടുക്കുന്നത്. വേലയുടെ മൂന്നു ഘട്ടങ്ങളിൽ ഓരോന്നും പൂർവഘട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്; അത് മനുഷ്യരെ രക്ഷിക്കുന്ന വേലയിൽനിന്ന് വേറിട്ട് സ്വതന്ത്രമായിട്ടല്ല നടപ്പാക്കുന്നത്. വേല നടപ്പിലാക്കുന്ന കാലത്തിലും പ്രവർത്തനത്തിന്റെ തരത്തിലും കാര്യമായ വ്യത്യാസങ്ങളുണ്ടെങ്കിലും അതിന്റെ കാതൽ ഇപ്പോഴും മാനവരക്ഷ തന്നെയാണ്; വേലയുടെ ഓരോ ഘട്ടവും മുമ്പുള്ളതിനെക്കാൾ ആഴമുള്ളതാണ്. വേലയുടെ ഓരോ ഘട്ടവും, നിർത്തലാക്കപ്പെടാത്ത പൂർവഘട്ടത്തിന്റെ അടിസ്ഥാനത്തിൽനിന്നു തുടരുന്നു. ഇപ്രകാരം,എന്നും പുതുമയോടിരിക്കുന്ന, ഒരിക്കലും പഴഞ്ചനാകാത്ത തന്റെ വേലയിൽ ദൈവം നിരന്തരമായി മുമ്പൊരിക്കലും മനുഷ്യനു പ്രകടമാക്കപ്പെടാത്ത ദൈവസ്വഭാവത്തിന്റെ വശങ്ങളെ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു; അവന്റെ പുതിയ വേലയും അവന്റെ പുതുസത്തയും അവർക്ക് എല്ലായ്‌പ്പോഴും വെളിപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു; യാഥാസ്ഥിതികരായ മതസംരക്ഷകർ അതിനെ ചെറുക്കാൻ കിണഞ്ഞു പരിശ്രമിക്കുകയും പരസ്യമായി അതിനെ എതിർക്കുകയും ചെയ്യുന്നുണ്ടെങ്കിലും ദൈവം എപ്പോഴും അവൻ ചെയ്യാൻ ഉദ്ദേശിക്കുന്ന പുതിയ വേല നടപ്പാക്കുന്നു. അവന്റെ വേല എല്ലായ്‌പ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അതെപ്പോഴും മനുഷ്യന്റെ എതിർപ്പിനെ നേരിട്ടുകൊണ്ടിരിക്കുന്നു. അങ്ങനെതന്നെ അവന്റെ പ്രകൃതവും എല്ലായ്‌പ്പോഴും മാറിക്കൊണ്ടിരിക്കുന്നു, അതോടൊപ്പം അവന്റെ പ്രവർത്തനം സ്വീകരിക്കുന്നവരും അതിന്റെ യുഗവും മാറിക്കൊണ്ടിരിക്കുന്നു. എന്നുതന്നെയല്ല, മുമ്പൊരിക്കലും ചെയ്യാത്ത വേല അവൻ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു; മുമ്പു ചെയ്‌ത വേലയ്ക്കു വിരുദ്ധമാണെന്നും അതിനെതിരെ പ്രവർത്തിക്കുന്നതാണെന്നും മനുഷ്യനു തോന്നുന്ന വേലകൾ പോലും അവൻ നടപ്പിലാക്കുന്നു. മനുഷ്യന് ഒരുതരത്തിലുള്ള വേലയോ ഒരുതരത്തിലുള്ള അനുഷ്ഠാനമോ മാത്രമേ അംഗീകരിക്കാൻ കഴിയൂ; അതിനു വിരുദ്ധമായതോ അതിനെക്കാൾ ഉന്നതമായതോ ആയിരിക്കുന്ന വേലയും അനുഷ്ഠാനരീതിയും അംഗീകരിക്കാൻ മനുഷ്യനു പ്രയാസമാണ്. പക്ഷേ പരിശുദ്ധാത്മാവ് എപ്പോഴും പുതിയ വേല ചെയ്‌തുകൊണ്ടിരിക്കുന്നു, അതിനാൽ ദൈവത്തിന്റെ പുതിയ വേലയെ എതിർക്കാൻ മതപണ്ഡിതന്മാരുടെ സമൂഹങ്ങൾ ഒന്നിനു പുറകെ ഒന്നായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവർ പണ്ഡിതന്മാരാകാൻ ഒരൊറ്റ കാരണമേയുള്ളൂ: ദൈവം എപ്രകാരമാണ്എന്നും പുതുമയോടിരിക്കുന്നതെന്നും ഒരിക്കലും പഴഞ്ചനാകാത്തതെന്നും മനുഷ്യന് അറിയില്ല, ദൈവത്തിന്റെ വേലയുടെ തത്ത്വങ്ങളെപ്പറ്റിയും അവന് അറിവില്ല; മാത്രമല്ല, ദൈവം മനുഷ്യനെ രക്ഷിക്കുന്ന വിവിധ മാർഗങ്ങളെപ്പറ്റിയും അവന് അറിവില്ല. അതിനാൽ അത് പരിശുദ്ധാത്മാവിൽനിന്നു വരുന്ന വേലയാണോ, ദൈവത്തിന്റെ സ്വന്തം വേലയാണോ എന്നറിയാൻ അവർ തീർത്തും അസമർഥരാണ്. പലരും മുറുകെപ്പിടിക്കുന്ന ഒരു മനോഭാവം ഇതാണ്: ഏതെങ്കിലുമൊരു കാര്യം മുമ്പുണ്ടായിരുന്ന വചനങ്ങളുമായി യോജിക്കുന്നതാണെങ്കിൽ അവരതു സ്വീകരിക്കും; മുമ്പത്തെ വേലയുമായി അന്തരമുണ്ടെങ്കിൽ അവർ അതിനെ എതിർക്കുകയും തിരസ്‌കരിക്കുകയും ചെയ്യും. ഇന്ന് നിങ്ങളെല്ലാവരും ഇത്തരം തത്ത്വങ്ങളല്ലേ പിന്തുടരുന്നത്? മനുഷ്യരെ രക്ഷിക്കുകയെന്ന വേലയുടെ മൂന്നു ഘട്ടങ്ങൾക്ക് നിങ്ങളുടെ മേൽ കാര്യമായ സ്വാധീനം ചെലുത്താനായിട്ടില്ല; മറ്റു ചിലർ വിശ്വസിക്കുന്നത് വേലയുടെ രണ്ടു പൂർവഘട്ടങ്ങൾ അവർ അറിയേണ്ട ആവശ്യമില്ലാത്ത വെറുമൊരു ഭാരമാണെന്നാണ്. വേലയുടെ മൂന്നു ഘട്ടങ്ങളിൽ രണ്ടു പൂർവഘട്ടങ്ങൾ ജനങ്ങളെ ശ്വാസംമുട്ടിക്കാതിരിക്കുന്നതിനായി ഈ ഘട്ടങ്ങൾ ജനങ്ങളോട് പ്രഖ്യാപിക്കരുതെന്നും, എത്രയും വേഗം പിൻവലിക്കണമെന്നുമാണ് അവർ വിചാരിക്കുന്നത്. മിക്കവരും വിശ്വസിക്കുന്നത് വേലയുടെ രണ്ടു പൂർവഘട്ടങ്ങളെ വെളിപ്പെടുത്തുന്നത് ഒരു കടന്നകൈ ആണെന്നും, അത് ദൈവത്തെ അറിയുന്നതിന് പ്രയോജനപ്പെടുകയില്ലെന്നുമാണ്—നിങ്ങളും അങ്ങനെതന്നെയാണ് കരുതുന്നത്. ഇപ്രകാരം പെരുമാറുന്നത് ശരിയാണെന്ന് ഇന്ന് നിങ്ങളെല്ലാവരും വിശ്വസിക്കുന്നു; എന്നാൽ എന്റെ വേലയുടെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കുന്ന ഒരു ദിനം വരും: പ്രാധാന്യമില്ലാത്ത ഒരു വേലയും ഞാൻ ചെയ്യുന്നില്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കുക. വേലയുടെ മൂന്നു ഘട്ടങ്ങൾ ഞാൻ നിങ്ങളോടു പ്രഖ്യാപിക്കുന്നതിനാൽ അവ നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും; വേലയുടെ ഈ മൂന്നു ഘട്ടങ്ങൾ ദൈവത്തിന്റെ സമ്പൂർണ കാര്യനിർവഹണത്തിന്റെ ഹൃദയഭാഗമായതിനാൽ അവ പ്രപഞ്ചമൊട്ടാകെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കണം. ഒരു ദിവസം നിങ്ങളെല്ലാവരും ഈ വേലയുടെ പ്രാധാന്യം തിരിച്ചറിയും. നിങ്ങൾ ദൈവത്തിന്റെ വേലയെ എതിർക്കുകയോ ഇന്നത്തെ വേലയെ അളക്കാൻ നിങ്ങളുടെ സ്വന്തം സങ്കൽപ്പങ്ങളെ ഉപയോഗിക്കുകയോ ചെയ്യുന്നതിന്റെ കാരണം ദൈവത്തിന്റെ വേലയുടെ തത്ത്വങ്ങൾ നിങ്ങൾക്കറിയാത്തതും പരിശുദ്ധാത്മാവിന്റെ വേലയെ നിങ്ങൾ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാത്തതുമാണ്. നിങ്ങളുടെ സങ്കൽപ്പങ്ങളും സഹജമായ ധിക്കാരവുമാണ് നിങ്ങൾ ദൈവത്തെ എതിർക്കാനും പരിശുദ്ധാത്മാവിന്റെ വേല തടസ്സപ്പെടുത്താനുമുള്ള മൂലകാരണം. അത് ദൈവത്തിന്റെ വേല തെറ്റായതുകൊണ്ടല്ല, പ്രത്യുത നിങ്ങൾ സ്വതവേ അങ്ങേയറ്റം അനുസരണശീലമില്ലാത്തവരായതിനാലാണ്. ദൈവവിശ്വാസം കണ്ടെത്തിയശേഷം ചിലർക്ക് മനുഷ്യൻ എവിടെനിന്നു വന്നെന്ന് ഉറപ്പിച്ചു പറയാൻപോലും കഴിയുന്നില്ല, എന്നാലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെക്കുറിച്ച് അതിന്റെ ഏറ്റക്കുറച്ചിലുകളെ വിലയിരുത്തിക്കൊണ്ട് പരസ്യപ്രസംഗങ്ങൾ നടത്താൻ അവർ ചങ്കൂറ്റം കാണിക്കുന്നു. പരിശുദ്ധാത്മാവിന്റെ പുതിയ വേല കൈവശമുള്ള അപ്പോസ്തോലന്മാരെപ്പറ്റി കമന്റടിച്ച്,അനുചിതമായ പരാമർശങ്ങൾ നടത്തി അവർ അപ്പോസ്തോലന്മാരെ ആക്ഷേപിക്കുന്നു. അവരുടെ മാനുഷികത വളരെ താഴ്ന്നതാണ്, അവർക്ക് ലവലേശം വിവരമില്ല. ഇത്തരം ആളുകളെ പരിശുദ്ധാത്മപ്രവർത്തനത്താൽ തിരസ്കരിക്കുന്ന, അവർ നരകാഗ്നിയിൽ എരിയുന്ന ദിവസം വരാതിരിക്കുമോ? ദൈവത്തിന്റെ വേല അവർ അറിയുന്നില്ല, പകരം അവന്റെ വേലയെ വിമർശിക്കുകയും എങ്ങനെ പ്രവർത്തിക്കണമെന്ന് ദൈവത്തെ പഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള അവിവേകികൾക്ക് എങ്ങനെയാണ് ദൈവത്തെ അറിയാൻ കഴിയുക? അന്വേഷിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന പ്രക്രിയയിലാണ് മനുഷ്യൻ ദൈവത്തെ അറിയാനിടയാകുന്നത്;പെട്ടെന്നൊരു തോന്നലിന്റെ പുറത്ത് വിമർശിക്കുന്നതിലൂടെ പരിശുദ്ധാത്മാവിന്റെ പ്രബുദ്ധത ലഭിക്കുന്നതു വഴിയായിട്ടല്ല മനുഷ്യൻ ദൈവത്തെ അറിയാനിടയാകുന്നത്. മനുഷ്യരുടെ ദൈവജ്ഞാനം എത്രത്തോളം കൃത്യതയുള്ളതാകുന്നോ, അത്രമാത്രം അവർ അവനെ എതിർക്കുന്നതും കുറയും. മറിച്ച്, മനുഷ്യർ ദൈവത്തെ എത്ര കുറച്ച് അറിയുന്നുവോ, അത്രയേറെ അവർ അവനെ എതിർക്കാനുള്ള സാധ്യതയുമുണ്ട്. നിന്റെ സങ്കൽപ്പങ്ങൾ, നിന്റെ പഴയ പ്രകൃതം, നിന്റെ മാനുഷികസ്വഭാവം, ധാർമിക വീക്ഷണം ഇവയൊക്കെയാണ് നീ ദൈവത്തെ ചെറുക്കാൻ ഉപയോഗിക്കുന്ന “മൂലധനം”; നീ എത്രയേറെ അധഃപതിച്ചവനും തരംതാഴ്ന്നവനും അധമനും ആകുന്നുവോ, അത്രയധികമായി നീ ദൈവത്തിന്റെ ശത്രുവാകുന്നു. ശക്തമായ സങ്കൽപ്പങ്ങളുടെ ഉടമകളും സ്വയം നീതിമാനാണെന്ന ഭാവമുള്ളവരും ഇതിലേറെയായി മനുഷ്യജന്മമെടുത്ത ദൈവത്തോട് ശത്രുതയിലാണ്; ഇത്തരത്തിലുള്ളവരാണ് ക്രിസ്തുവൈരികൾ. നിന്റെ സങ്കൽപ്പങ്ങളെ നീ തിരുത്തിയില്ലെങ്കിൽ അവ എപ്പോഴും ദൈവത്തിന് എതിരായിരിക്കും; നീ ദൈവത്തോട് ഒരിക്കലും പൊരുത്തമുള്ളവനാകില്ല, അവനിൽനിന്ന് എല്ലായ്‌പ്പോഴും വേർപെട്ടിരിക്കുകയും ചെയ്യും.

പഴയ സങ്കൽപ്പങ്ങളെ ഉപേക്ഷിച്ചാൽ മാത്രമേ പുതിയ ജ്ഞാനം നേടാൻ കഴിയൂ, എങ്കിലും പഴയ ജ്ഞാനം പഴയ സങ്കൽപ്പങ്ങൾക്കു സമമാകണമെന്നില്ല. “സങ്കൽപ്പങ്ങൾ” എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് യാഥാർഥ്യത്തിനു വിരുദ്ധമായ, മനുഷ്യൻ വിഭാവനം ചെയ്യുന്ന കാര്യങ്ങളാണ്. പഴയ ജ്ഞാനം പൂർവയുഗത്തിൽ കാലഹരണപ്പെട്ട് പുതിയ വേലയിലേക്കു പ്രവേശിക്കാൻ മനുഷ്യനെ തടഞ്ഞിട്ടുണ്ടെങ്കിൽ ആ ജ്ഞാനവും ഒരു സങ്കൽപ്പം തന്നെയാകുന്നു. ഇത്തരം ജ്ഞാനത്തോട് ശരിയായ ഒരു സമീപനം എടുക്കാനും, പഴയതും പുതിയതും സംയോജിപ്പിച്ച് വിവിധ ദൃഷ്ടികോണുകളിൽനിന്ന് ദൈവത്തെ അറിയാനും മനുഷ്യന് സാധിക്കുമെങ്കിൽ, പഴയ ജ്ഞാനം മനുഷ്യന് ഒരു സഹായം ആവുകയും നവയുഗത്തിലേക്ക് പ്രവേശിക്കാനുള്ള അടിസ്ഥാനമായിത്തീരുകയും ചെയ്യും. ദൈവത്തെ അറിയുന്നതിനുള്ള പാഠത്തിൽ നീ അനവധി തത്ത്വങ്ങളിൽ വൈദഗ്ധ്യമാർജിക്കണമെന്ന നിബന്ധനയുണ്ട്: ദൈവജ്ഞാനത്തിന്റെ പാതയിൽ എപ്രകാരം പ്രവേശിക്കണമെന്നും ദൈവത്തെ അറിയാൻ നീ ഏതൊക്കെ സത്യങ്ങൾ മനസ്സിലാക്കണമെന്നും ദൈവത്തിന്റെ പുതിയ വേലയുടെ ക്രമീകരണങ്ങൾക്കെല്ലാം നീ കീഴ്‌വഴങ്ങാനായി നിന്റെ സങ്കൽപ്പങ്ങളെയും പൂർവസ്വഭാവത്തെയും എങ്ങനെ ഉപേക്ഷിക്കണമെന്നുമൊക്കെ. ദൈവത്തെ അറിയുന്നതിനുള്ള പാഠത്തിലേക്കു പ്രവേശിക്കാനുള്ള അടിസ്ഥാനമായി ഈ തത്ത്വങ്ങളെ നീ ഉപയോഗിച്ചാൽ നിന്റെ ജ്ഞാനം കൂടുതൽക്കൂടുതൽ ആഴമേറിയതാകും. വേലയുടെ മൂന്നു ഘട്ടങ്ങളെപ്പറ്റി—അതായത്, ദൈവത്തിന്റെ സമ്പൂർണ കാര്യനിർവഹണ പദ്ധതിയെപ്പറ്റി—നിനക്ക് വ്യക്തമായ അറിവുണ്ടെങ്കിൽ, ദൈവത്തിന്റെ വേലയുടെ രണ്ടു പൂർവഘട്ടങ്ങളെ നിലവിലുള്ള ഘട്ടവുമായി മുഴുവനായും പരസ്പരബന്ധത്തിൽ കൂട്ടിയിണക്കി, അത് ഒരേ ദൈവം ചെയ്ത വേലയാണെന്ന് നിനക്ക് കാണാൻ കഴിയുമെങ്കിൽ, നിനക്ക് അദ്വിതീയമായി കെട്ടുറപ്പുള്ള ഒരടിസ്ഥാനമുണ്ടാകും. ഒരേ ദൈവമാണ് വേലയുടെ മൂന്നു ഘട്ടങ്ങളും നിർവഹിച്ചത്; ഇതാണ് ഏറ്റവും വലിയ ദർശനം, ഇതുതന്നെ ദൈവത്തെ അറിയുന്നതിലേക്കുള്ള ഏകവഴിയും. ദൈവത്തിനു മാത്രമേ വേലയുടെ മൂന്നു ഘട്ടങ്ങളും നടപ്പാക്കാൻ കഴിയുമായിരുന്നുള്ളൂ, അവനു പകരമായി ഒരു മനുഷ്യനും അത്തരം വേല ചെയ്യാൻ സാധിക്കില്ല—അതായത്, ദൈവത്തിനു മാത്രമേ അവന്റെ സ്വന്തം വേല ആരംഭം മുതൽ ഇന്നുവരെ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ദൈവത്തിന്റെ വേലയുടെ മൂന്നു ഘട്ടങ്ങൾ വ്യത്യസ്ത യുഗങ്ങളിലും സ്ഥലങ്ങളിലുമാണ് നടപ്പാക്കിയതെങ്കിലും ഓരോന്നിന്റെയും വേല ഭിന്നമാണെന്നിരിക്കിലും അതെല്ലാം ഒരേ ദൈവം ചെയ്ത വേല തന്നെയാണ്. എല്ലാ ദർശനങ്ങളിലും വെച്ച് മനുഷ്യൻ അറിഞ്ഞിരിക്കേണ്ട മഹത്തായ ദർശനം ഇതാണ്; അത് മനുഷ്യന് പൂർണമായി ഗ്രഹിക്കാൻ കഴിഞ്ഞാൽ അവന് ദൃഢമായി നിൽക്കാൻ കഴിയും. ഇന്ന് വിഭിന്ന മതങ്ങളും മതവിഭാഗങ്ങളും നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നം അവർക്ക് പരിശുദ്ധാത്മ പ്രവർത്തനം അറിയില്ലെന്നതും, പരിശുദ്ധാത്മാവിന്റെ വേലയും പരിശുദ്ധാത്മാവിന്റേതല്ലാത്ത വേലയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ലെന്നതുമാണ്. ഇക്കാരണത്താൽ കഴിഞ്ഞ രണ്ട് ഘട്ടങ്ങളെപ്പോലെ ഈ ഘട്ടവും ദൈവമായ യഹോവ ചെയ്യുന്നതാണോ എന്ന് അവർക്ക് പറയാനാവില്ല. ജനങ്ങൾ ദൈവത്തെ പിന്തുടരുന്നുണ്ടെങ്കിലും മിക്കവർക്കും അത് ശരിയായ വഴിയാണോ എന്ന് പറയാൻ സാധിക്കുന്നില്ല. ഈ വഴിയാണോ ദൈവംതന്നെ വ്യക്തിപരമായി നടത്തുന്ന വഴിയെന്നു ചിന്തിച്ചും, ദൈവത്തിന്റെ മനുഷ്യജന്മം വാസ്തവമാണോയെന്നു സംശയിച്ചും മനുഷ്യൻ ആകുലപ്പെടുന്നു; മിക്കവർക്കും ഇത്തരം കാര്യങ്ങൾ എപ്രകാരം വേർതിരിച്ചറിയണമെന്ന് യാതൊരു ഊഹവുമില്ല. ദൈവത്തെ പിന്തുടരുന്നവർക്ക് വഴി തിട്ടപ്പെടുത്താൻ കഴിയുന്നില്ല, അതുകൊണ്ട് ഉച്ചരിക്കപ്പെടുന്ന സന്ദേശങ്ങൾ ഈ ജനങ്ങൾക്കിടയിൽ ഭാഗികമായ ഫലം മാത്രമേ ഉളവാക്കുന്നുള്ളൂ, അത് പൂർണമായി ഫലപ്രദമാകാൻ നിവൃത്തിയില്ല; അതിനാൽ ഇത്തരം ജനങ്ങളുടെ ജീവനിലേക്കുള്ള പ്രവേശനത്തെ ഇത് ബാധിക്കുന്നു. വേലയുടെ മൂന്നു ഘട്ടങ്ങളിലും, അവ വ്യത്യസ്ത കാലങ്ങളിലും വ്യത്യസ്ത സ്ഥലങ്ങളിലും വ്യത്യസ്ത ജനങ്ങളിലും ദൈവം സ്വയം നടപ്പാക്കിയ വേലയായി മനുഷ്യന് കാണാൻ കഴിഞ്ഞാൽ; വേല വ്യത്യസ്തമാണെങ്കിലും അതെല്ലാം ഒരേ ദൈവമാണ് ചെയ്തതെന്നും, അത് ദൈവം ചെയ്ത വേലയായതിനാൽ അത് ശരിയായതും തെറ്റുകളില്ലാത്തതുമാണെന്നും, അത് മനുഷ്യന്റെ സങ്കൽപ്പങ്ങൾക്കു വിരുദ്ധമാണെങ്കിലും ഒരേ ദൈവത്തിന്റെ വേലയാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും മനുഷ്യന് കാണാൻ കഴിയുമെങ്കിൽ—അത് ഒരേ ദൈവത്തിന്റെ വേലയാണെന്ന് നിശ്ചയമായി മനുഷ്യന് പറയാൻ കഴിയുമെങ്കിൽ, മനുഷ്യന്റെ സങ്കൽപ്പങ്ങൾ പരാമർശയോഗ്യമല്ലാത്ത നിസ്സാര വസ്തുവായി ചുരുങ്ങും. മനുഷ്യന്റെ ദർശനങ്ങൾ അസ്പഷ്ടമായതിനാലും, മനുഷ്യൻ യഹോവയെ ദൈവമായിട്ടും യേശുവിനെ കർത്താവായിട്ടും മാത്രം അറിയുന്നതിനാലും, ഇന്നത്തെ മനുഷ്യജന്മമെടുത്ത ദൈവത്തെപ്പറ്റി സംശയാലുക്കളായിരിക്കുന്നതിനാലും, പലരും യഹോവയുടെയും യേശുവിന്റെയും വേലയോട് കൂറുള്ളവരായിരിക്കുന്നു; ഇന്നത്തെ വേലയെപ്പറ്റിയുള്ള സങ്കൽപ്പങ്ങൾ അവരെ അസഹ്യപ്പെടുത്തുന്നു; മിക്കവരും എല്ലായ്‌പ്പോഴും സംശയാലുക്കളായിരിക്കുന്നു, അവർ ഇന്നത്തെ വേലയെ കാര്യമായി എടുക്കുന്നില്ല. അദൃശ്യമായിരുന്ന വേലയുടെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളെക്കുറിച്ച് മനുഷ്യന് ആശയങ്ങളൊന്നുമില്ല. എന്തുകൊണ്ടെന്നാൽ, കഴിഞ്ഞ രണ്ട് പ്രവർത്തനഘട്ടങ്ങളുടെ യാഥാർഥ്യം മനുഷ്യൻ മനസ്സിലാക്കുന്നില്ല; അവർ അവ വ്യക്തിപരമായി കണ്ടിട്ടുമില്ല. ഈ പ്രവർത്തനഘട്ടങ്ങൾ അദൃശ്യമായതിനാലാണ് മനുഷ്യൻ ഇഷ്ടാനുസരണം ഭാവന ചെയ്യുന്നത്; അവൻ എന്തുതന്നെ വിഭാവനം ചെയ്താലും അവന്റെ ഭാവനകളെ സാധൂകരിക്കാൻ വസ്തുതകളൊന്നുമില്ല, അവയെ തിരുത്താൻ ഒരുവനുമില്ലതാനും. ജാഗ്രതയെ കാറ്റിൽപ്പറത്തി, ഭാവനാശക്തിയെ സ്വതന്ത്രമായിപായാൻ അനുവദിച്ച്, മനുഷ്യൻ തന്റെ സഹജവാസനയെ കടിഞ്ഞാണൂരി വിടുന്നു; എന്തെന്നാൽ, അവന്റെ ഭാവനകളെ സ്ഥിരീകരിക്കാൻ വസ്തുതകളൊന്നുമില്ല, അതുകൊണ്ട് അവയെ സംബന്ധിച്ച തെളിവുണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യന്റെ ഭാവനകൾ “വസ്തുത”കളായി മാറുന്നു. ഇപ്രകാരം മനുഷ്യൻ അവന്റെ മനസ്സിൽ സ്വയം സങ്കൽപ്പിച്ച ദൈവത്തിൽ വിശ്വസിക്കുന്നു, യഥാർഥ ദൈവത്തെ അന്വേഷിക്കുന്നില്ല. ഒരുവന് ഒരുതരം വിശ്വാസമുണ്ടെങ്കിൽ നൂറുപേരുടെ ഇടയിൽ നൂറുതരം വിശ്വാസമുണ്ടാകും. മനുഷ്യൻ ദൈവവേലയുടെ യാഥാർഥ്യം കണ്ടിട്ടില്ലാത്തതിനാലും അത് ചെവികൊണ്ട് കേട്ടിട്ടുണ്ടെങ്കിലും കണ്ണുകൾകൊണ്ട് ദർശിച്ചിട്ടില്ലാത്തതിനാലുമാണ് ഇത്തരം വിശ്വാസങ്ങൾക്ക് ഉടമയായത്. മനുഷ്യൻ ഐതിഹ്യങ്ങളും കഥകളും കേട്ടിട്ടുണ്ട്—എന്നാൽ ദൈവത്തിന്റെ വേലയുടെ വസ്തുതകളെപ്പറ്റിയുള്ള ജ്ഞാനം അവൻ വിരളമായേ ശ്രവിച്ചിട്ടുള്ളൂ. അങ്ങനെയാണ് ഒരു വർഷത്തോളം മാത്രം വിശ്വാസികളായിരുന്നവർ അവരുടെ സ്വന്തം സങ്കൽപ്പങ്ങൾ വഴിയായി ദൈവത്തിൽ വിശ്വസിക്കാനിടയാകുന്നത്. ജീവിതകാലം മുഴുവനും ദൈവത്തിൽ വിശ്വസിച്ചവരെ സംബന്ധിച്ചും ഇത് ശരിയാണ്. വസ്തുതകളെ കാണാൻ കഴിയാത്തവർക്ക് ഒരിക്കലും ദൈവത്തെപ്പറ്റി സങ്കൽപ്പങ്ങളടങ്ങിയ വിശ്വാസത്തിൽനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. തന്റെ പഴയ സങ്കൽപ്പങ്ങളുടെ ബന്ധനത്തിൽനിന്ന് സ്വയം മുക്തനായെന്നും പുതിയ പ്രദേശത്തേക്ക് കടന്നെന്നും മനുഷ്യൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ യഥാർഥ മുഖം കാണാൻ കഴിയാത്തവരുടെ ജ്ഞാനം വെറും സങ്കൽപ്പങ്ങളും കേട്ടുകേൾവിയുമാണെന്ന് മനുഷ്യൻ അറിയുന്നില്ലേ? തന്റെ സങ്കൽപ്പങ്ങൾ ശരിയാണെന്നും അവയിൽ തെറ്റില്ലെന്നും മനുഷ്യൻ കരുതുന്നു, ഈ ആശയങ്ങൾ ദൈവത്തിൽനിന്ന് വരുന്നതാണെന്നും അവൻ കരുതുന്നു. ഇന്ന് ദൈവത്തിന്റെ വേലയ്ക്ക് മനുഷ്യൻ സാക്ഷിയാകുമ്പോൾ അനേക സംവത്സരങ്ങളായി കെട്ടിപ്പടുത്ത സങ്കൽപ്പങ്ങളെ അവൻ അഴിച്ചുവിടുന്നു. കഴിഞ്ഞ കാലത്തെ ഭാവനകളും ആശയങ്ങളും ഈ ഘട്ടത്തിലെ വേലയ്ക്ക് ഒരു പ്രതിബന്ധമായിരിക്കുന്നു; ഇത്തരം സങ്കൽപ്പങ്ങളെ ഉപേക്ഷിക്കാനും ഇങ്ങനെയുള്ള ആശയങ്ങളെ ഖണ്ഡിക്കാനും മനുഷ്യന് പ്രയാസമായിരിക്കുന്നു. ഇന്നുവരെ ദൈവത്തെ പിന്തുടർന്ന പലരുടെയും, പടിപടിയായിട്ടുള്ള ഈ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ കൂടുതൽകടുത്തതായിത്തീർന്നിരിക്കുന്നു; ഈ ആളുകൾ ക്രമേണ, മനുഷ്യജന്മമെടുത്ത ദൈവത്തോട് കടുത്ത ശത്രുത വളർത്തിയെടുത്തിരിക്കുന്നു. ഈ വിദ്വേഷത്തിന്റെ സ്രോതസ്സ് മനുഷ്യന്റെ സങ്കൽപ്പങ്ങളും ഭാവനകളുമാണ്. മനുഷ്യന്റെ സങ്കൽപ്പങ്ങളും ഭാവനകളും ഇന്നത്തെ വേലയ്ക്ക്—മനുഷ്യന്റെ സങ്കൽപ്പങ്ങൾക്കു വിരുദ്ധമായ വേലയ്ക്ക്—ശത്രുവായിത്തീർന്നിരിക്കുന്നു. ഇങ്ങനെ സംഭവിച്ചതിന്റെ യഥാർഥ കാരണങ്ങൾ ഇവയാണ്: വസ്തുതകൾ മനുഷ്യനെ അവന്റെ ഭാവനാശക്തിയെ കടിഞ്ഞാണൂരി വിടാൻ അനുവദിക്കുന്നില്ല; കൂടാതെ, മനുഷ്യന് അവയെ എളുപ്പത്തിൽ ഖണ്ഡിക്കാൻ കഴിയില്ല; മനുഷ്യന്റെ സങ്കൽപ്പങ്ങളും ഭാവനകളും വസ്തുതകളുടെ യാഥാർഥ്യത്തെ അംഗീകരിക്കുന്നില്ല; മാത്രമല്ല, വസ്തുതകളുടെ കൃത്യതയെപ്പറ്റിയും സത്യാത്മകതയെപ്പറ്റിയും ചിന്തിക്കാതെ, മനുഷ്യൻവേറൊന്നും ചിന്തിക്കാതെ അവന്റെ സങ്കൽപ്പങ്ങളെ അഴിച്ചുവിടുകയും സ്വന്തം ഭാവനയെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഇത് ദൈവത്തിന്റെ വേലയുടെ പിഴവല്ല, പകരം മനുഷ്യന്റെ സങ്കൽപ്പങ്ങളുടെ പിഴവാണ് എന്നു മാത്രമേ പറയാൻ കഴിയൂ. മനുഷ്യന് തന്നിഷ്ടംപോലെ എന്തും ഭാവന ചെയ്യാം, എന്നാൽ അവൻ ഇച്ഛാനുസരണം ദൈവത്തിന്റെ വേലയുടെ ഏതെങ്കിലുമൊരു ഘട്ടത്തെപ്പറ്റിയോ അതിന്റെ ഒരംശത്തെപ്പറ്റിയോ തർക്കിക്കാൻ പാടില്ല; ദൈവത്തിന്റെ വേലയുടെ യാഥാർഥ്യം മനുഷ്യനാൽ അലംഘനീയമാണ്. നീ നിന്റെ ഭാവനാശക്തിയെ സ്വതന്ത്രമായി വിട്ടേക്കാം, അല്ലെങ്കിൽ യഹോവയുടെയും യേശുവിന്റെയും വേലയെപ്പറ്റി മികച്ച കഥകൾ സമാഹരിക്കുകയും ചെയ്‌തേക്കാം, പക്ഷേ യഹോവയുടെയും യേശുവിന്റെയും വേലയുടെ ഓരോ ഘട്ടത്തെയും കുറിച്ചുള്ള വസ്തുതകൾ നീ ഖണ്ഡിക്കാൻ പാടില്ല; ഇതൊരു തത്ത്വമാണ്, ഭരണപരമായ ഒരു ഉത്തരവുമാണ്; ഇക്കാര്യങ്ങളുടെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കണം. വേലയുടെ ഈ ഘട്ടം മനുഷ്യന്റെ സങ്കൽപ്പങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും, എന്നാൽ വേലയുടെ രണ്ട് പൂർവഘട്ടങ്ങളുടെ കാര്യത്തിൽ ഇങ്ങനെയല്ലെന്നും മനുഷ്യൻ വിശ്വസിക്കുന്നു. വേലയുടെ രണ്ട് പൂർവഘട്ടങ്ങൾ തീർച്ചയായും ഇന്നത്തെ വേലപോലെ അല്ലെന്നും തന്റെ ഭാവനയിൽ മനുഷ്യൻ വിശ്വസിക്കുന്നു—പക്ഷേ ദൈവത്തിന്റെ വേലയുടെ തത്ത്വങ്ങൾ എല്ലാം ഒന്നാണെന്നും അവന്റെ വേല എപ്പോഴും പ്രയോഗികമാണെന്നും യുഗഭേദമെന്യേ, ദൈവത്തിന്റെ വേലയുടെ വസ്തുതയെ ചെറുക്കുകയും എതിർക്കുകയും ചെയ്യുന്നവരുടെ ഒരു പ്രവാഹം എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും എന്നുമൊക്കെ നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ന് ഈ പ്രവർത്തനഘട്ടത്തെ ചെറുക്കുകയും എതിർക്കുകയും ചെയ്യുന്നവർ നിസ്സംശയം കഴിഞ്ഞ കാലത്തും ദൈവത്തെ എതിർത്തിട്ടുണ്ടാവും, എന്തെന്നാൽ ഇത്തരം ആളുകൾ എപ്പോഴും ദൈവശത്രുക്കളായിരിക്കും. ദൈവത്തിന്റെ വേലയുടെ വസ്തുത അറിയുന്നവർ വേലയുടെ മൂന്നു ഘട്ടങ്ങളെയും ഒരേ ദൈവത്തിന്റെ വേലയായി കാണുകയും അവരുടെ സങ്കൽപ്പങ്ങളെ ഉപേക്ഷിക്കുകയും ചെയ്യും. ഇവർ ദൈവത്തെ അറിയുന്നവരാണ്, ഇത്തരം ആളുകൾ യഥാർഥത്തിൽ ദൈവത്തെ പിന്തുടരുന്നവരാണ്. ദൈവത്തിന്റെ സമ്പൂർണ കാര്യനിർവഹണം അവസാനിക്കാറാകുമ്പോൾ ദൈവം എല്ലാ വസ്തുക്കളെയും ഇനമനുസരിച്ച് വേർതിരിക്കും. സ്രഷ്ടാവിന്റെ കൈകളാണ് മനുഷ്യനെ ഉണ്ടാക്കിയത്; ഒടുവിൽ അവന് മനുഷ്യനെ തന്റെ ആധിപത്യത്തിലേക്ക് പൂർണമായി തിരിച്ചുകൊണ്ടുവരണം; ഇതാണ് വേലയുടെ മൂന്നു ഘട്ടങ്ങളുടെ പരിസമാപ്തി. അന്ത്യനാളുകളിലെ വേലയുടെ ഘട്ടവും മുമ്പ് ഇസ്രായേലിലും യെഹൂദ്യയിലും നടന്ന ഘട്ടങ്ങളും സർവപ്രപഞ്ചത്തിലുമുള്ള ദൈവത്തിന്റെ കാര്യനിർവഹണ പദ്ധതിയാണ്. ആർക്കും ഇതു നിഷേധിക്കാനാവില്ല, ഇത് ദൈവത്തിന്റെ വേലയുടെ വസ്തുതയാണ്. ഈ വേലയെ മനുഷ്യർ കാര്യമായി അനുഭവിക്കുകയോ ദർശിക്കുകയോ ചെയ്തിട്ടില്ലെങ്കിലും വസ്തുതകൾ വസ്തുതകൾതന്നെയാകുന്നു, അത് ഒരു മനുഷ്യനും നിഷേധിക്കാനാവില്ല. പ്രപഞ്ചത്തിലെ ഓരോ ദേശത്തും ജീവിക്കുന്ന ദൈവവിശ്വാസികളെല്ലാം വേലയുടെ മൂന്നു ഘട്ടങ്ങളെ അംഗീകരിക്കും. നീ വേലയുടെ ഒരു പ്രത്യേക ഘട്ടം മാത്രമേ അറിയുന്നുള്ളൂ, എന്നാൽ വേലയുടെ മറ്റു രണ്ട് ഘട്ടങ്ങളെ മനസ്സിലാക്കുന്നില്ല, കഴിഞ്ഞകാലങ്ങളിലെ ദൈവവേലയെ മനസ്സിലാക്കുന്നില്ല എന്നൊക്കെയാണെങ്കിൽ നീ ദൈവത്തിന്റെ സമ്പൂർണ കാര്യനിർവഹണ പദ്ധതിയുടെ യാഥാർഥ്യത്തെപ്പറ്റി സംസാരിക്കാൻ അസമർഥനാണ്; നിന്റെ ദൈവജ്ഞാനം ഏകപക്ഷീയമാണ്; കാരണം, നിന്റെ ദൈവവിശ്വാസത്തിൽ നീ അവനെ അറിയുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല; അതുകൊണ്ട് നീ ദൈവത്തിനു സാക്ഷ്യം വഹിക്കാൻ യോഗ്യനുമല്ല. ഈവക കാര്യങ്ങളെപ്പറ്റിയുള്ള നിന്റെ നിലവിലുള്ള അറിവ് ആഴമുള്ളതോ ഉപരിപ്ലവമോ എന്തുമായിക്കൊള്ളട്ടെ, ഒടുവിൽ നിങ്ങൾക്ക് ജ്ഞാനമുണ്ടായിരിക്കണം, നിങ്ങൾ പൂർണബോധ്യമുള്ളവരായിരിക്കണം; അപ്പോൾ എല്ലാ ജനങ്ങളും ദൈവത്തിന്റെ വേലയുടെ പരിപൂർണത ദർശിക്കുകയും ദൈവാധിപത്യത്തിന് കീഴ്‌വഴങ്ങുകയും ചെയ്യും. ഈ വേലയുടെ അന്ത്യത്തിൽ, എല്ലാ മതങ്ങളും ഒന്നായിത്തീരും, എല്ലാ സൃഷ്ടികളും സ്രഷ്ടാവിന്റെ ആധിപത്യത്തിൻ കീഴിൽ തിരിച്ചുവരും, എല്ലാ ജീവികളും ഏകസത്യദൈവത്തെ ആരാധിക്കും, ഒരിക്കലും മടങ്ങിവരാത്ത വിധം എല്ലാ ദുഷ്‌മതങ്ങളും ഇല്ലാതാവുകയും ചെയ്യും.

വേലയുടെ മൂന്നു ഘട്ടങ്ങളെപ്പറ്റി തുടർച്ചയായി സൂചിപ്പിക്കുന്നതെന്തിനാണ്? വേലയുടെ മൂന്നു ഘട്ടങ്ങളിൽയുഗങ്ങളിലെ മാറ്റം, സാമൂഹിക വികസനം, പ്രകൃതിയുടെ മാറുന്ന മുഖം എന്നിവയിലെല്ലാം പരിവർത്തനങ്ങളുണ്ടാകുന്നു. മനുഷ്യവർഗം കാലത്തിനൊത്ത് സ്വയം വികസിക്കാതെ ദൈവത്തിന്റെ വേലയ്ക്കനുസൃതമായി മാറുന്നു. ദൈവത്തിന്റെ വേലയുടെ മൂന്നു ഘട്ടങ്ങളെപ്പറ്റി പരാമർശിക്കുന്നതിന്റെ ഉദ്ദേശ്യം എല്ലാ ജീവികളെയും എല്ലാ മതങ്ങൾക്കും സഭാവിഭാഗങ്ങൾക്കും കീഴിലുള്ള എല്ലാവരെയും ഒരു ദൈവത്തിന്റെ ആധിപത്യത്തിൻ കീഴിൽ കൊണ്ടുവരുക എന്നതാണ്. നീ ഏതു മതത്തിൻ കീഴിൽ ആയിരുന്നാലും ഒടുവിൽ നിങ്ങളെല്ലാവരും ദൈവാധിപത്യത്തിൻ കീഴിൽ സമർപ്പിതരാകും. ഈ വേല നടപ്പാക്കാൻ സാക്ഷാൽ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളൂ; ഒരു മതാധ്യക്ഷനും അത് ചെയ്യാനാവില്ല. ലോകത്തിൽ അനവധി പ്രധാന മതങ്ങളുണ്ട്, ഓരോന്നിനും അതിന്റെ തലവനോ നേതാവോ ഉണ്ട്, അവരുടെ അനുയായികൾ ലോകമാസകലം പല രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ചെറുതായാലും വലുതായാലും ഓരോ രാജ്യത്തിനകത്തും വിഭിന്ന മതങ്ങളുണ്ട്. എന്നിരുന്നാലും, ലോകമാസകലം അനേകം മതങ്ങളുണ്ടെന്നിരിക്കിലും പ്രപഞ്ചത്തിലുള്ള എല്ലാ മനുഷ്യരും ആത്യന്തികമായി ഒരു ദൈവത്തിന്റെ മാർഗനിർദ്ദേശത്തിൻ കീഴിൽ നിലനിൽക്കുന്നു; അവരുടെ അസ്തിത്വത്തെ നയിക്കുന്നത് മതാധ്യക്ഷന്മാരോ മതനേതാക്കളോ അല്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഏതെങ്കിലുമൊരു പ്രത്യേക മതാധ്യക്ഷനോ നേതാവോ അല്ല മനുഷ്യവർഗത്തെ നയിക്കുന്നത്; പകരം മനുഷ്യവർഗത്തെ മുഴുവനും നയിക്കുന്നത് ആകാശങ്ങളും ഭൂമിയും സർവചരാചരങ്ങളും സൃഷ്ടിച്ച, മനുഷ്യവർഗത്തെയും സൃഷ്ടിച്ച സ്രഷ്ടാവാണ്—ഇതൊരു വസ്തുതയാണ്. ലോകത്തിൽ അനേകം പ്രധാന മതങ്ങളുണ്ടെന്നിരിക്കിലും, അവയെല്ലാം എത്ര മഹത്തരമാണെങ്കിലും, അവയെല്ലാം സ്രഷ്ടാവിന്റെ ആധിപത്യത്തിൻ കീഴിൽ നിലനിൽക്കുന്നു; അവയിലൊന്നിനുപോലും ഈ ആധിപത്യത്തിന്റെ പരിധിയെ കവച്ചുവെക്കാൻ കഴിയില്ല. മനുഷ്യവർഗത്തിന്റെ വികാസം, സാമൂഹിക വികസനം, പ്രകൃതിശാസ്ത്രങ്ങളുടെ വികസനം—ഇവയിലോരോന്നും സ്രഷ്ടാവിന്റെ ക്രമീകരണങ്ങളിൽനിന്ന് വേർതിരിക്കാനാവാത്തതാണ്; ഈ വേല ഏതെങ്കിലും മതാധ്യക്ഷന് ചെയ്യാൻ പറ്റുന്നതല്ല. മതാധ്യക്ഷന്മാർ ഒരു പ്രത്യേക മതത്തിന്റെ നേതാവ് മാത്രമാണ്, അവർക്ക് ദൈവത്തെ പ്രതിനിധീകരിക്കാനാവില്ല; ആകാശങ്ങളും ഭൂമിയും സർവചരാചരങ്ങളും സൃഷ്ടിച്ചവനെയും അവർക്ക് പ്രതിനിധീകരിക്കാനാവില്ല. മതാധ്യക്ഷന്മാർക്ക് മതത്തിനുള്ളിലെ എല്ലാവരെയും നയിക്കാനാകും, പക്ഷേ ആകാശങ്ങൾക്കു കീഴിലുള്ള എല്ലാ സൃഷ്ടികളെയും നിയന്ത്രിക്കാൻ കഴിയില്ല—ഇത് സാർവത്രികമായി അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. മതാധ്യക്ഷന്മാർ നേതാക്കന്മാർ മാത്രമാണ്, അവർക്ക് ദൈവത്തോട് (സ്രഷ്ടാവിനോട്) സമാനമായി നിൽക്കാനാവില്ല. എല്ലാ വസ്തുക്കളും സ്രഷ്ടാവിന്റെ കരങ്ങളിലാണ്, ഒടുവിൽ അവയെല്ലാം സ്രഷ്ടാവിന്റെ കരങ്ങളിലേക്കുതന്നെ മടങ്ങും. ദൈവമാണ് ആദ്യമായി മനുഷ്യവർഗത്തെ സൃഷ്ടിച്ചത്; തന്റെ മതം എന്തായിരുന്നാലും ഓരോ വ്യക്തിയും ദൈവാധിപത്യത്തിൻ കീഴിൽ തിരിച്ചെത്തും—ഇത് അനിവാര്യമാണ്. ദൈവം മാത്രമാണ്എല്ലാറ്റിനെക്കാളും അത്യുന്നതൻ; എല്ലാസൃഷ്ടികൾക്കുമിടയിൽ പരമോന്നതനായ ഭരണാധികാരിയും അവന്റെ ആധിപത്യത്തിൻ കീഴിലേക്ക് തിരിച്ചെത്തണം. ഒരു മനുഷ്യന്റെ അന്തസ്സ് എത്ര ഉയർന്നതായാലും അവന് മനുഷ്യവർഗത്തെ ഒരു ഉചിതമായ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയില്ല; എല്ലാ വസ്തുക്കളെയും ഇനത്തിനനുസൃതമായി വർഗീകരിക്കാനും ആർക്കും കഴിയില്ല. യഹോവതന്നെ മനുഷ്യവർഗത്തെ സൃഷ്ടിക്കുകയും ഇനമനുസരിച്ച് വർഗീകരിക്കുകയും ചെയ്തു; അവസാന കാലം ആസന്നമാകുമ്പോൾ എല്ലാ വസ്തുക്കളെയും ഇനമനുസരിച്ച് വർഗീകരിച്ചുകൊണ്ട് അവൻ പിന്നെയും സ്വന്തം വേല സ്വയം ചെയ്യും—ഈ വേല ദൈവത്തിനല്ലാതെ മറ്റാർക്കും ചെയ്യാനാവില്ല. ആരംഭം മുതൽ ഇന്നുവരെ നടപ്പാക്കപ്പെട്ട വേലയുടെ മൂന്നു ഘട്ടങ്ങളും ദൈവം തന്നെ സ്വയം നടപ്പാക്കിയതാണ്, ഒരേയൊരു ദൈവം നടപ്പാക്കിയത്. മൂന്നു പ്രവർത്തനഘട്ടങ്ങളുടെ വസ്തുത ദൈവം എല്ലാ മനുഷ്യരുടെയും നേതൃത്വം വഹിക്കുന്നുണ്ടെന്ന വസ്തുത തന്നെയാണ്—ആർക്കും നിഷേധിക്കാനാവാത്ത ഒരു വസ്തുത. വേലയുടെ മൂന്നു ഘട്ടങ്ങൾ അവസാനിക്കുമ്പോൾ എല്ലാ വസ്തുക്കളും ഇനമനുസരിച്ച് വർഗീകരിക്കപ്പെടുകയും ദൈവാധിപത്യത്തിൻ കീഴിൽ തിരിച്ചെത്തുകയും ചെയ്യും, എന്തെന്നാൽ സർവപ്രപഞ്ചത്തിലും ഈയൊരു ദൈവം മാത്രമേയുള്ളൂ, മറ്റു മതങ്ങളൊന്നുമേയില്ലതാനും. ലോകത്തെ സൃഷ്ടിക്കാൻ കെല്പില്ലാത്തവൻ അതിനെ അവസാനിപ്പിക്കാനും കഴിവില്ലാത്തവനായിരിക്കും; മറിച്ച്, ലോകത്തെ സൃഷ്ടിച്ചവൻ തീർച്ചയായും അതിനെ അവസാനിപ്പിക്കും. അതിനാൽ, ഒരുവന് യുഗാന്ത്യം നടപ്പാക്കാൻ കഴിവില്ലാതെ, മനുഷ്യമനസ്സിനെ പോഷിപ്പിക്കാൻ മാത്രം കഴിവുള്ളവനാണെങ്കിൽ തീർച്ചയായും അവൻ ദൈവമായിരിക്കില്ല, തീർച്ചയായും മനുഷ്യരുടെ കർത്താവുമായിരിക്കില്ല. ഇത്ര മഹത്തായ വേല ചെയ്യാൻ അവൻ അസമർഥനായിരിക്കും; ഇത്തരം വേല നടപ്പാക്കാൻ കഴിവുള്ളവൻ ഒരുവനേയുള്ളൂ, ഈ വേല ചെയ്യാൻ കഴിവില്ലാത്തവരെല്ലാം തീർച്ചയായും ശത്രുക്കളാണ്, ദൈവമല്ല. എല്ലാ ദുഷ്‌മതങ്ങളും ദൈവത്തോട് പൊരുത്തമില്ലാത്തവയാണ്; ദൈവത്തോട് പൊരുത്തമില്ലാത്തതിനാൽ അവ ദൈവത്തിന്റെ ശത്രുക്കളാണ്. ഈ ഏകസത്യദൈവമാണ് എല്ലാ വേലകളും ചെയ്യുന്നത്, ഈ ഏകദൈവമാണ് സർവപ്രപഞ്ചത്തെയും നിയന്ത്രിക്കുന്നത്. അവൻ ഇസ്രായേലിലോ ചൈനയിലോ വേല ചെയ്യട്ടെ, ആത്മാവിനാലോ ജഡത്താലോ വേല നിർവഹിക്കട്ടെ, എന്തായിരുന്നാലും എല്ലാം ദൈവംതന്നെയാണ് ചെയ്യുന്നത്; മറ്റാർക്കും അത് ചെയ്യാനാവില്ല. അവൻ സകല മനുഷ്യരുടെയും ദൈവമായതുകൊണ്ടു മാത്രമാണ് യാതൊരു വ്യവസ്ഥകളാലും പരിമിതനാകാതെ അവൻ സ്വതന്ത്രമായി വേല ചെയ്യുന്നത്—ഇതാണ് ദർശനങ്ങളിൽ ഏറ്റവും മഹത്തായ ദർശനം. ഒരു ദൈവസൃഷ്ടിയെന്ന നിലയിൽ, ഒരു ദൈവസൃഷ്ടിയുടെ കടമ നീ നിർവഹിക്കാനും ദൈവഹിതം തിരിച്ചറിയാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നീ ദൈവത്തിന്റെ വേല മനസ്സിലാക്കണം, ദൈവസൃഷ്ടികളെപ്രതിയുള്ള ദൈവേഷ്ടം മനസ്സിലാക്കണം, അവന്റെ കാര്യനിർവഹണ പദ്ധതി മനസ്സിലാക്കണം, അവൻ ചെയ്യുന്ന വേലകളുടെ പ്രാധാന്യമൊട്ടാകെ മനസ്സിലാക്കണം. ഇത് മനസ്സിലാക്കാത്തവർ ദൈവസൃഷ്ടികളാകാൻ യോഗ്യതയുള്ളവരല്ല! ഒരു ദൈവസൃഷ്ടിയെന്ന നിലയിൽ, നീ എവിടെനിന്ന് വന്നുവെന്ന് നിനക്കറിയില്ലെങ്കിൽ, മാനവചരിത്രവും ദൈവം ചെയ്ത എല്ലാ വേലകളും നീ മനസ്സിലാക്കുന്നില്ലെങ്കിൽ, കൂടാതെ, മനുഷ്യൻ ഇന്നുവരെ എപ്രകാരം പുരോഗമിച്ചുവെന്നും മനുഷ്യരെ ഒന്നടങ്കം ആരാണ് നിയന്ത്രിക്കുന്നതെന്നും മനസ്സിലാക്കുന്നില്ലെങ്കിൽ, നിന്റെ കടമ നിർവഹിക്കുന്നതിൽ നീ അസമർഥനാണ്. ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ച നാൾമുതൽ ഇന്നോളം ദൈവം മനുഷ്യവർഗത്തെ നയിച്ചു, ഒരിക്കലും അവനെ ഉപേക്ഷിച്ചില്ല. പരിശുദ്ധാത്മാവ് തന്റെ പ്രവർത്തനം ഒരിക്കലും നിർത്തിവെക്കുന്നില്ല, ഒരിക്കലും മനുഷ്യവർഗത്തെ നയിക്കാതിരുന്നിട്ടില്ല, ഒരിക്കലും മനുഷ്യരെ വിട്ടകന്നുപോയിട്ടുമില്ല. പക്ഷേ ഒരു ദൈവമുണ്ടെന്ന് മനുഷ്യർ മനസ്സിലാക്കുന്നില്ല, ദൈവത്തെ അറിയില്ലെന്ന കാര്യം പറയുകയും വേണ്ടാ. ദൈവസൃഷ്ടികൾക്കെല്ലാം ഇതിൽപ്പരം അപമാനകരമായി എന്തുണ്ട്? ദൈവം വ്യക്തിപരമായി മനുഷ്യനെ നയിക്കുന്നു, പക്ഷേ മനുഷ്യൻ ദൈവത്തിന്റെ വേല മനസ്സിലാക്കുന്നില്ല. നീ ഒരു ദൈവസൃഷ്ടിയാണ്, എന്നാൽ നിനക്ക് സ്വന്തം ചരിത്രമറിയില്ല, നിന്റെ യാത്രയിൽ നിന്നെ നയിച്ചതാരെന്ന് നിനക്കറിയില്ല; ദൈവം ചെയ്ത പ്രവൃത്തികളെപ്പറ്റി നീ അജ്ഞനാണ്, അതുകൊണ്ട് നിനക്ക് ദൈവത്തെ അറിയാനാകുന്നില്ല. ഇപ്പോൾ നിനക്കറിയില്ലെങ്കിൽ നീ ഒരിക്കലും ദൈവത്തിന് സാക്ഷ്യം വഹിക്കാൻ യോഗ്യനാവില്ല. ഇന്ന് സ്രഷ്ടാവ് വ്യക്തിപരമായി ഒരിക്കൽക്കൂടി എല്ലാ ജനങ്ങളെയും നയിക്കുകയും അവന്റെ ജ്ഞാനം, സർവശക്തി, രക്ഷ, മഹത്ത്വം എന്നിവ എല്ലാ ജനങ്ങളും ദർശിക്കാനിടയാക്കുകയും ചെയ്യുന്നു. എന്നാൽ, നീ ഇപ്പോഴും തിരിച്ചറിയുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല—അതുകൊണ്ട് രക്ഷ നേടാത്തവൻ നീ ആയിരിക്കില്ലേ? സാത്താനോട് ചേർന്നവർ ദൈവവചനങ്ങൾ മനസ്സിലാക്കുന്നില്ല, അതേസമയം ദൈവത്തോട് ചേർന്നവർക്ക് ദൈവസ്വരം ശ്രവിക്കാൻ കഴിയും. ഞാൻ പറയുന്ന വാക്കുകൾ തിരിച്ചറിയുന്നവരും മനസ്സിലാക്കുന്നവരുമായ എല്ലാവരും രക്ഷ നേടുന്നവരും ദൈവത്തിന് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കും; ഞാൻ പറയുന്ന വാക്കുകൾ മനസ്സിലാക്കാത്തവർക്ക് ദൈവത്തിന് സാക്ഷ്യം വഹിക്കാനാവില്ല, അവരായിരിക്കും ഉന്മൂലനം ചെയ്യപ്പെടുന്നവർ. ദൈവഹിതം തിരിച്ചറിയാത്തവരും ദൈവത്തിന്റെ വേലയെപ്പറ്റി ബോധ്യപ്പെടാത്തവരും ദൈവജ്ഞാനം നേടാൻ അസമർഥരാണ്, അത്തരം ആളുകൾ ദൈവത്തിന് സാക്ഷ്യം വഹിക്കുകയില്ല. ദൈവത്തിന് സാക്ഷ്യം വഹിക്കാൻ നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നീ ദൈവത്തെ അറിയണം; ദൈവജ്ഞാനം ദൈവത്തിന്റെ വേലയിലൂടെയാണ് കൈവരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ദൈവത്തെ അറിയാൻ നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നീ ദൈവത്തിന്റെ വേല അറിയണം: ദൈവത്തിന്റെ വേല അറിയുന്നത് അത്യധികം പ്രാധാന്യമുള്ളതാണ്. വേലയുടെ മൂന്നു ഘട്ടങ്ങൾ സമാപ്തമാകുമ്പോൾ ദൈവത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ ഒരു സമൂഹം—ദൈവത്തെ അറിയുന്നവരുടെ ഒരു കൂട്ടം—രൂപീകരിക്കപ്പെടും. ഇവരെല്ലാവരും ദൈവത്തെ അറിയുന്നവരും സത്യം പ്രാവർത്തികമാക്കാൻ കഴിയുന്നവരും ആയിരിക്കും. അവർ മാനവികതയ്ക്കും ബോധത്തിനും ഉടമകളായിരിക്കും; അവരെല്ലാവരും മനുഷ്യരെ രക്ഷിക്കുകയെന്ന ദൈവത്തിന്റെ വേലയുടെ മൂന്നു ഘട്ടങ്ങളും അറിയുന്നവരായിരിക്കും. അവസാനം നടപ്പാക്കുന്ന വേല ഇതായിരിക്കും; ഈ ആളുകൾ ആറായിരം വർഷത്തെ കാര്യനിർവഹണ പദ്ധതിയുടെ സത്തായിരിക്കും, അവർ സാത്താന്റെ അന്തിമ തോൽവിയുടെ ശക്തമായ സാക്ഷ്യവുമായിരിക്കും. ദൈവത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുന്നവർക്ക് ദൈവത്തിന്റെ വാഗ്‌ദാനവും അനുഗ്രഹവും സ്വീകരിക്കാനാകും; അവരായിരിക്കും അന്ത്യം വരെ നിലനിൽക്കുന്ന കൂട്ടം, ദൈവത്തിന്റെ അധികാരം കൈവശമുള്ളവരും ദൈവത്തിന് സാക്ഷ്യം വഹിക്കുന്നവരുമായ കൂട്ടം. ഒരുപക്ഷേ നിങ്ങളിൽപ്പെട്ട എല്ലാവർക്കും ഈ കൂട്ടത്തിൽ ഒരംഗമാകാൻ കഴിഞ്ഞേക്കും, അഥവാ ഒരുപക്ഷേ പാതിപ്പേർ, അല്ലെങ്കിൽ ചുരുക്കം ചിലർ—അത് നിങ്ങളുടെ സന്നദ്ധതയെയും പരിശ്രമത്തെയും ആശ്രയിച്ചിരിക്കും.

മുമ്പത്തേത്: ദൈവത്തിന്റെ പ്രവൃത്തിയും മനുഷ്യന്റെ പ്രവൃത്തിയും

അടുത്തത്: ദുഷിച്ച മനുഷ്യവർഗത്തിന് മനുഷ്യജന്മമെടുത്ത ദൈവത്തിലൂടെയുള്ള രക്ഷയാണ് കൂടുതൽ ആവശ്യം

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക