പദവിനാമങ്ങളും സ്വത്വവും
ദൈവത്താൽ ഉപയോഗിക്കപ്പെടുന്നതിന് യോഗ്യത നീ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവത്തിന്റെ പ്രവൃത്തി നീ അറിയണം. അവൻ മുമ്പു ചെയ്ത പ്രവൃത്തി നീ അറിയണം (പഴയനിയമത്തിലും പുതിയനിയമത്തിലും), അതിലുപരി അവന്റെ ഇന്നത്തെ പ്രവൃത്തി നീ അറിയണം; എന്നു പറഞ്ഞാൽ, 6000 വർഷങ്ങൾക്കു മേലെയായി നിർവഹിക്കപ്പെട്ടിട്ടുള്ള ദൈവവേലയുടെ മൂന്നു ഘട്ടങ്ങൾ നീ അറിഞ്ഞിരിക്കണം. ദൈവവചനം പ്രചരിപ്പിക്കാൻ നിന്നോട് ആവശ്യപ്പെടുന്നെങ്കിൽ, ദൈവത്തിന്റെ പ്രവൃത്തി അറിയാതെ നിനക്കതു ചെയ്യാൻ കഴിയില്ല. ബൈബിളിനെയും പഴയനിയമത്തെയും യേശുവിന്റെ അക്കാലത്തുള്ള പ്രവൃത്തിയെയും വാക്കുകളെയും കുറിച്ച് നിങ്ങളുടെ ദൈവം എന്തൊക്കെയാണു പറഞ്ഞിരിക്കുന്നതെന്നും ചിലർ നിങ്ങളോടു ചോദിച്ചേക്കാം. ബൈബിളിൽ അടങ്ങിയിരിക്കുന്ന കഥയെ കുറിച്ചു പറയാൻ നിനക്കു കഴിയുന്നില്ലെങ്കിൽ അവർക്കു ബോദ്ധ്യപ്പെടുകയില്ല. അക്കാലത്ത്, യേശു തന്റെ ശിഷ്യരോടു പഴയനിയമത്തെ കുറിച്ചു ധാരാളമായി സംസാരിച്ചു. അവർ വായിച്ചതെല്ലാം പഴയനിയമത്തിൽ നിന്നായിരുന്നു; യേശു ക്രൂശിക്കപ്പെട്ടു പല ദശകങ്ങൾ കഴിഞ്ഞു മാത്രമാണു പുതിയ നിയമം എഴുതപ്പെട്ടത്. സുവിശേഷം പ്രചരിപ്പിക്കുന്നതിനു മുഖ്യമായും ബൈബിളിന്റെ ആന്തരിക സത്യവും ദൈവത്തിന്റെ പ്രവൃത്തിയും, അതായത് ഇസ്രായേലിൽ യഹോവ ചെയ്ത പ്രവൃത്തിയും, നിങ്ങൾ ഗ്രഹിക്കണം. കൂടാതെ യേശു ചെയ്ത പ്രവൃത്തിയും നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരും ഏറ്റവും ആകുലരായിരിക്കുന്ന വിഷയങ്ങളാണ് ഇവ. പ്രവൃത്തിയുടെ ആ രണ്ടു ഘട്ടങ്ങളുടെയും ആന്തരിക കഥകളാണ് അവർ കേട്ടിട്ടിട്ടില്ലാത്തത്. സുവിശേഷം പ്രചരിപ്പിക്കുമ്പോൾ, പരിശുദ്ധാത്മാവിന്റെ ഇന്നത്തെ പ്രവൃത്തിയെ കുറിച്ചുള്ള സംസാരം ആദ്യം മാറ്റിവയ്ക്കുക. പ്രവൃത്തിയുടെ ഈ ഘട്ടം അവർക്കു മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറത്താണ്. കാരണം, എല്ലാത്തിലും വച്ച് ഏറ്റവും ഉന്നതമായതാണു നിങ്ങൾ തേടുന്നത്—ദൈവത്തെ കുറിച്ചുള്ള ജ്ഞാനവും പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെ കുറിച്ചുള്ള ജ്ഞാനവും—ഈ രണ്ടു കാര്യങ്ങളെക്കാൾ സമുന്നതമായ മറ്റൊന്നില്ല. ഉന്നതമായതിനെ കുറിച്ചാണു നിങ്ങൾ ആദ്യം സംസാരിക്കുന്നതെങ്കിൽ അവർക്കതു ഗ്രഹിക്കുക ബുദ്ധിമുട്ടായിരിക്കും. കാരണം പരിശുദ്ധാത്മാവിന്റെ അത്തരം പ്രവൃത്തി ആരും അനുഭവിച്ചിട്ടുള്ളതല്ല; അതിനു പൂർവമാതൃകയില്ല, മനുഷ്യന് അതുൾക്കൊള്ളാൻ എളുപ്പവുമല്ല. പരിശുദ്ധാത്മാവിന്റെ വല്ലപ്പോഴുമുള്ള പ്രവൃത്തിയുടെ കൂടെ, ഭൂതകാലത്തിൽ നിന്നുള്ള പഴയ കാര്യങ്ങളാണ് അവരുടെ അനുഭവങ്ങൾ. പരിശുദ്ധാത്മാവിന്റെ ഇന്നത്തെ പ്രവൃത്തിയോ ദൈവത്തിന്റെ ഇന്നത്തെ ഹിതമോ അല്ല അവർ അനുഭവിക്കുന്നത്. പുതിയ പ്രകാശമോ പുതിയ കാര്യങ്ങളോ ഇല്ലാതെ പഴയ രീതികൾക്കനുസരിച്ചാണ് അവരിപ്പോഴും പ്രവർത്തിക്കുന്നത്.
യേശുവിന്റെ യുഗത്തിൽ, യേശുവിലാണു പരിശുദ്ധാത്മാവു പ്രധാനമായും തന്റെ പ്രവൃത്തി ചെയ്തത്. അതേസമയം, പുരോഹിത മേലങ്കികൾ ധരിച്ച്, ദേവാലയത്തിൽ യഹോവയെ സേവിച്ചവർ അത് അചഞ്ചലമായ വിശ്വസ്തതയോടെയാണ് ചെയ്തത്. അവർക്കു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയും ലഭിച്ചിരുന്നു. പക്ഷേ ദൈവത്തിന്റെ നിലവിലുള്ള ഹിതം ഗ്രഹിക്കുവാൻ അവർക്കു സാധിച്ചില്ല, അവർ പഴയ രീതികൾക്കനുസരിച്ചു യഹോവയോടു വിശ്വസ്തരായി നിലകൊണ്ടു. പുതിയ മാർഗദർശനം അവർക്കില്ലായിരുന്നു. യേശു വന്നു, പുതിയ പ്രവൃത്തി കൊണ്ടുവരികയും ചെയ്തു. എങ്കിലും ദേവാലയത്തിൽ സേവിച്ചിരുന്നവർക്ക് പുതിയ മാർഗദർശനം ലഭിച്ചില്ല, പുതിയ പ്രവൃത്തിയും അവർക്കു ലഭിച്ചില്ല. ദേവാലയത്തിൽ സേവിക്കുമ്പോൾ പഴയ ആചാരങ്ങൾ പാലിക്കാൻ മാത്രമാണ് അവർക്കു കഴിഞ്ഞത്, ദേവാലയം വിടാതെ പുതിയ എന്തെങ്കിലും പ്രവേശനം നേടാൻ അവർ തീർത്തും അപ്രാപ്തരായിരുന്നു. യേശുവാണു പുതിയ പ്രവൃത്തി കൊണ്ടുവന്നത്, തന്റെ പ്രവൃത്തി ചെയ്യുവാൻ യേശു ദേവാലയത്തിലേക്കു പോയില്ല. ദേവാലയത്തിനു പുറത്തു മാത്രമാണു അവൻ തന്റെ പ്രവൃത്തി ചെയ്തത്. കാരണം, ദൈവത്തിന്റെ പ്രവൃത്തിയുടെ വ്യാപ്തി വളരെ മുമ്പേ മാറിയിട്ടുണ്ടായിരുന്നു. അവൻ ദേവാലയത്തിനുള്ളിൽ പ്രവർത്തിച്ചില്ല, മനുഷ്യൻ അവിടെ ദൈവത്തെ സേവിച്ചപ്പോൾ നിലവിലിരുന്ന കാര്യങ്ങളെ അതേപടി നിലനിറുത്താൻ മാത്രമേ അതു സഹായിച്ചുള്ളൂ. പുതിയ എന്തെങ്കിലും പ്രവൃത്തി കൊണ്ടുവരാൻ അതിനു സാധിച്ചില്ല. അതുപോലെ മതവിശ്വാസികൾ ഇന്നും ബൈബിളിനെ ആരാധിക്കുന്നു. അവരിലേക്കു നീ സുവിശേഷം എത്തിച്ചാൽ ബൈബിൾ വചനങ്ങളുടെ നിസ്സാരമായ വിശദാംശങ്ങൾ നിങ്ങൾക്ക് മുമ്പാകെ നിരത്തും. അവർ ധാരാളം തെളിവുകൾ കണ്ടെത്തുകയും നിന്നെ സ്തബ്ധനാക്കുകയും നിന്റെ വാക്കു മുട്ടിക്കുകയും ചെയ്യും; നിങ്ങൾക്കുമേൽ ഒരു പേരു ചാർത്തുകയും നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾ വിഡ്ഢിയാണെന്നു കരുതുകയും ചെയ്യും. അവർ പറയും, “നിനക്കു ദൈവവചനമായ ബൈബിൾ അറിയുക പോലുമറിയില്ല. അപ്പോൾ നീ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നു നിനക്കെങ്ങനെ പറയാൻ കഴിയും?” പിന്നെ അവർ നിന്നെ പുച്ഛത്തോടെ നോക്കിക്കൊണ്ട് ഇങ്ങനെ പറയും, “നിങ്ങൾ വിശ്വസിക്കുന്നതു ദൈവത്തിലായതുകൊണ്ട്, പഴയനിയമത്തെയും പുതിയനിയമത്തെയും കുറിച്ച് എല്ലാം അവൻ നിങ്ങളോടു പറയാത്തത് എന്തുകൊണ്ട്? അവൻ തന്റെ മഹത്ത്വം ഇസ്രായേലിൽ നിന്നു കിഴക്കോട്ടു കൊണ്ടുവന്നിരിക്കുന്നതുകൊണ്ട് ഇസ്രായേലിൽ ചെയ്ത പ്രവൃത്തി അവന് അറിയാത്തത് എന്തുകൊണ്ട്? യേശുവിന്റെ പ്രവൃത്തി അവന് അറിയാത്തത് എന്തുകൊണ്ട്? നിങ്ങൾക്ക് അറിയില്ലെങ്കിൽ നിങ്ങളോട് അതു പറഞ്ഞിട്ടില്ല എന്നാണതു തെളിയിക്കുന്നത്; അവൻ യേശുവിന്റെ രണ്ടാം മനുഷ്യജന്മം ആയതിനാൽ അവന് ഇക്കാര്യങ്ങളെല്ലാം അറിയാതിരിക്കാൻ കഴിയുന്നതെങ്ങനെ? യഹോവ ചെയ്തിട്ടുള്ള പ്രവൃത്തി യേശുവിന് അറിയാം; അവന് അറിയാതിരിക്കാൻ കഴിയുന്നതെങ്ങനെ?” സമയം വരുമ്പോൾ ഇത്തരം ചോദ്യങ്ങൾ അവരെല്ലാം നിന്നോടു ചോദിക്കും. അവരുടെ തലമണ്ടകൾ അത്തരം കാര്യങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു; ചോദിക്കാതിരിക്കാൻ അവർക്കെങ്ങനെ കഴിയും? നിങ്ങളിൽ ഈ ധാരയിൽ ആയിരിക്കുന്നവർ ബൈബിളിൽ ശ്രദ്ധയൂന്നുന്നില്ല, കാരണം ദൈവം ഇന്നു ചെയ്യുന്ന പടിപടിയായുള്ള പ്രവൃത്തി അറിഞ്ഞിട്ടുള്ളവരാണ് നിങ്ങൾ, പടിപടിയായ ഈ പ്രവൃത്തി സ്വന്തം കണ്ണാൽ കണ്ടിട്ടുള്ളവരാണു നിങ്ങൾ. പ്രവൃത്തിയുടെ മൂന്നു ഘട്ടങ്ങളും നിങ്ങൾ വ്യക്തമായി കണ്ടിരിക്കുന്നു, അതിനാൽ നിങ്ങൾക്കു ബൈബിൾ താഴെ വെച്ചിട്ട് അതു പഠിക്കുന്നതു നിറുത്തേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ അവർക്കതു പഠിക്കാതിരിക്കാൻ കഴിയുന്നില്ല, കാരണം, പടിപടിയായുള്ള ഈ പ്രവൃത്തിയെ കുറിച്ച് അവർക്കു യാതൊരറിവുമില്ല. ചില ആളുകൾ ചോദിക്കും, “മനുഷ്യജന്മമെടുത്ത ദൈവം ചെയ്തിട്ടുള്ള പ്രവൃത്തിയും മുൻകാലത്തെ പ്രവാചകന്മാരും അപ്പസ്തോലന്മാരും ചെയ്തിട്ടുള്ളവയും തമ്മിലുള്ള വ്യത്യാസമെന്ത്? ദാവീദിനെയും കർത്താവ് എന്നു വിളിക്കുകയുണ്ടായി, യേശുവിനെയും അങ്ങനെതന്നെ വിളിച്ചു; അവർ ചെയ്ത പ്രവൃത്തി വ്യത്യസ്തമായിരുന്നെങ്കിലും ഒരു പേര് തന്നെയാണ് അവരെ വിളിച്ചത്. എന്നോടു പറയൂ, അവരുടെ സ്വത്വങ്ങൾ സമാനല്ലാതിരുന്നത് എന്തുകൊണ്ട്? യോഹന്നാൻ സാക്ഷ്യം വഹിച്ചത് ഒരു ദർശനമായിരുന്നു, പരിശുദ്ധാത്മാവിൽ നിന്നു തന്നെ വന്ന ഒന്ന്, പരിശുദ്ധാത്മാവു പറയാനുദ്ദേശിച്ച വാക്കുകൾ പറയാൻ അവനു സാധിച്ചു; യോഹന്നാന്റെ സ്വത്വം യേശുവിന്റേതിൽ നിന്നു വ്യത്യസ്തമായിരുന്നത് എന്തുകൊണ്ടാണ്?” യേശു സംസാരിച്ച വചനങ്ങൾ ദൈവത്തെ പൂർണമായി പ്രതിനിധീകരിക്കാൻ കഴിയുന്നവയായിരുന്നു, അവ ദൈവത്തിന്റെ പ്രവൃത്തിയെ പൂർണമായി പ്രതിനിധീകരിച്ചു. യോഹന്നാൻ കണ്ടത് ഒരു ദർശനമായിരുന്നു, ദൈവത്തിന്റെ പ്രവൃത്തിയെ പൂർണമായി പ്രതിനിധീകരിക്കാൻ അവൻ അപ്രാപ്തനായിരുന്നു. യോഹന്നാനും പത്രോസും പൗലോസും, യേശുവിനെ പോലെ അനവധി വചനങ്ങൾ സംസാരിച്ചിട്ടും, അവർക്കു യേശുവിന്റെ അതേ സ്വത്വം ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ്? അവർ ചെയ്ത പ്രവൃത്തി വ്യത്യസ്തമായിരുന്നതുകൊണ്ടാണു മുഖ്യമായും അത്. യേശു ദൈവാത്മാവിനെയാണു പ്രതിനിധീകരിച്ചത്, നേരിട്ടു പ്രവർത്തിക്കുന്ന ദൈവാത്മാവായിരുന്നു. അവൻ ചെയ്തതു പുതുയുഗത്തിന്റെ പ്രവൃത്തിയാണ്, മുമ്പു മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തി. അവൻ പുതിയൊരു മാർഗം തുറന്നു, അവൻ യഹോവയെ പ്രതിനിധീകരിച്ചു, അവൻ ദൈവത്തെതന്നെ പ്രതിനിധീകരിച്ചു. പത്രോസും പൗലോസും ദാവീദുമാകട്ടെ, അവർ എങ്ങനെയൊക്കെ വിളിക്കപ്പെട്ടിരുന്നാലും, ദൈവത്തിന്റെ ഒരു ജീവിയുടെ സ്വത്വത്തെ മാത്രമാണു അവർ പ്രതിനിധീകരിച്ചത്, യേശുവിനാലോ യഹോവയാലോ അയക്കപ്പെട്ടവരായിരുന്നു അവർ. അതിനാൽ, എത്രമാത്രം പ്രവൃത്തി അവർ ചെയ്തുവെന്നാലും, എത്ര വലിയ അത്ഭുതങ്ങൾ അവർ പ്രവർത്തിച്ചുവെന്നാലും, അപ്പോഴും അവർ ദൈവത്തിന്റെ സൃഷ്ടികൾ മാത്രമായിരുന്നൂ, ദൈവാത്മാവിനെ പ്രതിനിധീകരിക്കാൻ അപ്രാപ്തരായിരുന്നു. അവർ ദൈവത്തിന്റെ നാമത്തിൽ പ്രവർത്തിച്ചു, അല്ലെങ്കിൽ ദൈവത്താൽ അയക്കപ്പെട്ടതിനു ശേഷം പ്രവർത്തിച്ചു; തന്നെയുമല്ല, അവർ യേശുവോ യഹോവയോ ആരംഭിച്ച യുഗങ്ങളിലാണ് പ്രവർത്തിച്ചത്. മറ്റു യാതൊരു പ്രവൃത്തിയും അവർ ചെയ്തില്ല. എന്തൊക്കെയായിരുന്നാലും, അവർ ദൈവത്തിന്റെ സൃഷ്ടികൾ മാത്രമായിരുന്നു. പഴയനിയമത്തിൽ നിരവധി പ്രവാചകന്മാർ പ്രവചനങ്ങൾ നടത്തുകയോ പ്രവചനഗ്രന്ഥങ്ങൾ എഴുതുകയോ ചെയ്തു. തങ്ങൾ ദൈവമാണെന്ന് ആരും പറഞ്ഞില്ല, പക്ഷേ യേശു പ്രവർത്തിക്കാൻ തുടങ്ങിയ ഉടനെ അവൻ ദൈവമാണെന്ന സാക്ഷ്യം പരിശുദ്ധാത്മാവ് വഹിച്ചു. അത് എന്തുകൊണ്ടാണ്? ഈ ഘട്ടത്തിൽ നീ അത് അറിയേണ്ടതാണ്! മുമ്പ് അപ്പസ്തോലന്മാരും പ്രവാചകന്മാരും വിവിധ ലേഖനങ്ങൾ എഴുതുകയും നിരവധി പ്രവചനങ്ങൾ നടത്തുകയും ചെയ്തിരുന്നു. പിന്നീട്, ആളുകൾ അവയിൽ നിന്നു ചിലതു തിരഞ്ഞെടുത്ത് ബൈബിളിൽ ചേർത്തു. ചിലതു നഷ്ടപ്പെട്ടു. അവർ സംസാരിച്ച സകലതും പരിശുദ്ധാത്മാവിൽ നിന്നു വന്നു എന്നു പറയുന്ന ചില ആളുകൾ ഉള്ളതിനാൽ ചോദിക്കട്ടെ, എന്തുകൊണ്ടാണ് അവയിൽ ചിലതു നല്ലതായും ചിലതു മോശമായും പരിഗണിക്കപ്പെടുന്നത്? ചിലതു തിരഞ്ഞെടുത്തതും ചിലതു തിരഞ്ഞെടുക്കാതിരുന്നതും എന്തുകൊണ്ട്? അവ നിശ്ചയമായും പരിശുദ്ധാത്മാവു സംസാരിച്ച വചനങ്ങളായിരുന്നുവെങ്കിൽ ആളുകൾ അവ തിരഞ്ഞെടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ? യേശു പറഞ്ഞ വചനങ്ങളുടെ വിവരണങ്ങളും അവൻ ചെയ്ത പ്രവൃത്തികളും നാലു സുവിശേഷങ്ങളിൽ ഓരോന്നിലും വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്? അവ രേഖപ്പെടുത്തിയവരുടെ വീഴ്ചയല്ലേ ഇത്? ചിലയാളുകൾ ചോദിക്കും, “പൗലോസും പുതിയ നിയമത്തിന്റെ മറ്റ് എഴുത്തുകാരും എഴുതിയ ലേഖനങ്ങളും അവർ ചെയ്ത പ്രവൃത്തിയും ഭാഗികമായി മനുഷ്യന്റെ ഇച്ഛയിൽനിന്ന് ഉണ്ടാകുകയും അവ മനുഷ്യന്റെ സങ്കല്പങ്ങളാൽ മലിനപ്പെടുകയും ചെയ്ത സ്ഥിതിക്ക്, നീ (ദൈവം) ഇന്നു സംസാരിക്കുന്ന വചനങ്ങളിൽ മാനുഷിക അശുദ്ധി നിലനിൽക്കുന്നില്ലേ? യഥാർത്ഥത്തിൽ മനുഷ്യ സങ്കല്പങ്ങൾ ഒന്നുപോലും അടങ്ങിയിട്ടില്ലാത്തതാണോ അവ?” ദൈവം ചെയ്യുന്ന പ്രവൃത്തിയുടെ ഈ ഘട്ടം പൗലോസും അനേകം അപ്പസ്തോലന്മാരും പ്രവാചകന്മാരും ചെയ്തിട്ടുള്ളതിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. സ്വത്വത്തിലെ വ്യത്യാസം മാത്രമല്ല, പക്ഷേ, മുഖ്യമായും, നിറവേറ്റപ്പെടുന്ന പ്രവൃത്തിയിലെ വ്യത്യാസമുണ്ട്. പൗലോസിനു പ്രഹരമേറ്റ് കർത്താവിനു മുമ്പിൽ വീണശേഷം അവൻ പരിശുദ്ധാത്മാവിനാൽ വേദിയിലേക്ക് നയിക്കപ്പെടുകയും അയക്കപ്പെട്ട ഒരുവനായി മാറുകയും ചെയ്തു. അതുകൊണ്ട്, അവൻ സഭകൾക്കു കത്തുകളെഴുതി, ഈ കത്തുകളെല്ലാം യേശുവിന്റെ പ്രബോധനങ്ങളെ അധികരിച്ചുള്ളവ ആയിരുന്നു. കർത്താവായ യേശുവിന്റെ നാമത്തിൽ പ്രവർത്തിക്കുന്നതിനു കർത്താവ് പൗലോസിനെ അയച്ചു. എന്നാൽ, ദൈവം നേരിട്ടു വന്നപ്പോൾ അവൻ ഏതെങ്കിലും പേരിലല്ല പ്രവർത്തിച്ചത്, തന്റെ പ്രവൃത്തിയിൽ പ്രതിനിധീകരിച്ചതു ദൈവാത്മാവിനെ തന്നെയാണ്, മറ്റാരെയുമല്ല. തന്റെ പ്രവൃത്തി നേരിട്ടു ചെയ്യാൻ ദൈവം വന്നു: മനുഷ്യനല്ല അവനെ പരിപൂർണനാക്കിയത്, ഏതെങ്കിലും മനുഷ്യന്റെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിലല്ല അവന്റെ ജോലി നിറവേറപ്പെട്ടത്. തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പറഞ്ഞുകൊണ്ടല്ല ഈ ഘട്ടത്തിൽ ദൈവം നയിക്കുന്നത്, പകരം, തനിക്ക് ഉള്ളതിന് അനുസരിച്ചു തന്റെ പ്രവൃത്തി നേരിട്ടു ചെയ്യുന്നു. ഉദാഹരണത്തിന്, സേവകരുടെ പരീക്ഷണം, ശാസനയുടെ സമയം, മരണ പരീക്ഷണം, സ്നേഹവാനായ ദൈവത്തിന്റെ സമയം... മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തതാണ് ഈ പ്രവൃത്തിയെല്ലാം, മനുഷ്യന്റെ അനുഭവങ്ങളെക്കാൾ വർത്തമാന യുഗത്തിന്റെ പ്രവൃത്തിയാണിത്. ഞാൻ സംസാരിച്ചിട്ടുള്ള വചനങ്ങളിൽ മനുഷ്യന്റെ അനുഭവങ്ങൾ ഏവയാണ്? അവയെല്ലാം പരിശുദ്ധാത്മാവിൽനിന്നു നേരിട്ടു വരുന്നതല്ലേ, അവ പരിശുദ്ധാത്മാവിൽനിന്നു വരുന്നതല്ലേ? നിന്റെ നിപുണത നല്ലത് അല്ലാത്തതുകൊണ്ട് സത്യത്തെ വ്യക്തമായി കാണാൻ നിനക്കു കഴിയുന്നില്ലെന്നു മാത്രം! വഴി കാട്ടാനുള്ളതാണു ഞാൻ പറയുന്ന ജീവന്റെ പ്രായോഗിക മാർഗം. മുമ്പ് ആരും പറഞ്ഞിട്ടില്ലാത്തതാണിത്, ആരും ഈ വഴി അനുഭവിച്ചിട്ടില്ല, ആരും ഈ യാഥാർത്ഥ്യം അറിഞ്ഞിട്ടില്ല. ഈ വചനങ്ങൾ ഞാൻ പറയുന്നതിനു മുമ്പ് മറ്റാരും ഒരിക്കലും അവ പറഞ്ഞിട്ടുണ്ടായിരുന്നില്ല. അത്തരം അനുഭവങ്ങളെ കുറിച്ച് ആരും ഒരിക്കലും പറഞ്ഞിട്ടുണ്ടായിരുന്നില്ല; അത്തരം വിശദാംശങ്ങൾ അവർ പറഞ്ഞിട്ടുണ്ടായിരുന്നില്ല; അതിനു പുറമെ, ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നതിന് അത്തരം അവസ്ഥകൾ ആരും ഒരിക്കലും ചൂണ്ടിക്കാട്ടിയിരുന്നില്ല. ഞാനിന്നു നയിക്കുന്ന മാർഗം ആരും ഒരിക്കലും കാണിച്ചിട്ടുണ്ടായിരുന്നില്ല, മനുഷ്യനാണ് അതു കാണിച്ചതെങ്കിൽ അത് ഒരു പുതിയ മാർഗം ആകുമായിരുന്നില്ല. ഉദാഹരണത്തിനു പൗലോസിനെയും പത്രോസിനെയും എടുക്കുക. യേശു മാർഗം കാണിക്കുന്നതിനു മുമ്പ് അവർക്കു വ്യക്തിപരമായ സ്വന്തം അനുഭവങ്ങൾ ഉണ്ടായിരുന്നില്ല. യേശു മാർഗം കാണിച്ചതിനു ശേഷം മാത്രമാണ് യേശു പറഞ്ഞ വചനങ്ങളും അവൻ കാണിച്ച മാർഗവും അവർ അനുഭവിച്ചത്; ഇതിൽ നിന്ന് അവർക്ക് നിരവധി അനുഭവങ്ങൾ ഉണ്ടാകുകയും അവർ കത്തുകൾ എഴുതുകയും ചെയ്തു. അതുകൊണ്ട്, മനുഷ്യന്റെ അനുഭവങ്ങൾ ദൈവത്തിന്റെ പ്രവൃത്തിക്കു സമാനമല്ല, ദൈവത്തിന്റെ പ്രവൃത്തി മനുഷ്യന്റെ സങ്കല്പങ്ങളും അനുഭവങ്ങളും കൊണ്ടു വിശദീകരിക്കപ്പെടുന്ന അറിവിനു സമാനമല്ല. ഇന്നു ഞാനൊരു പുതിയ മാർഗമാണു കാണിക്കുന്നതെന്നും പുതിയ പ്രവൃത്തിയാണു ചെയ്യുന്നതെന്നും എന്റെ പ്രവൃത്തിയും അരുളപ്പാടുകളും യോഹന്നാന്റേതിൽ നിന്നും മറ്റെല്ലാ പ്രവാചകന്മാരുടേതിൽ നിന്നും വ്യത്യസ്തമാണെന്നും ഞാൻ വീണ്ടും വീണ്ടും പറഞ്ഞിട്ടുണ്ട്. ആദ്യം അനുഭവങ്ങൾ നേടുകയും പിന്നെ നിങ്ങളോട് അവയെ കുറിച്ചു പറയുകയുമല്ല ഒരിക്കലും ഞാൻ ചെയ്യുന്നത്—വാസ്തവം അതല്ല. അങ്ങനെ ആയിരുന്നെങ്കിൽ വളരെ മുമ്പേ അതു നിങ്ങളെ വൈകിപ്പിക്കുമായിരുന്നില്ലേ? മുൻകാലത്ത് അനേകർ സംസാരിച്ച അറിവും ശ്രേഷ്ഠമായിരുന്നു, പക്ഷേ ആത്മീയ വ്യക്തിത്വങ്ങൾ എന്നു വിളിക്കപ്പെട്ടവരിൽ അധിഷ്ഠിതമായി മാത്രം സംസാരിച്ചിട്ടുള്ളവയായിരുന്നു അവരുടെ എല്ലാ വാക്കുകളും. അവർ മാർഗം കാണിച്ചില്ല, പക്ഷേ അവരുടെ അനുഭവങ്ങളിൽ നിന്നു വന്നു, അവർ കണ്ടിട്ടുള്ളവയിൽ നിന്നു വന്നു, അവരുടെ അറിവിൽ നിന്നു വന്നു. ചിലത് അവരുടെ സങ്കൽപ്പങ്ങളിൽ നിന്ന് ആയിരുന്നു, ചിലത് അവർ സംഗ്രഹിച്ചിട്ടുള്ള അനുഭവം ഉൾക്കൊള്ളുന്നതായിരുന്നു. ഇന്ന് എന്റെ പ്രവൃത്തിയുടെ സ്വഭാവം അവരുടേതിൽനിന്നു തികച്ചും വ്യത്യസ്തമാണ്. മറ്റുള്ളവരാൽ നയിക്കപ്പെടുന്ന അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. മറ്റുള്ളവരാൽ പരിപൂർണനാക്കപ്പെടുന്നത് ഞാൻ സ്വീകരിച്ചിട്ടുമില്ല. അതിനു പുറമെ ഞാൻ പറഞ്ഞിരിക്കുന്നതും പങ്കു വച്ചിരിക്കുന്നതും മറ്റ് ആരുടേയും പോലെയല്ല, മറ്റാരും ഒരിക്കലും പറഞ്ഞിരിക്കുന്നതുമല്ല. ഇന്ന്, നിങ്ങൾ ആരു തന്നെയായാലും, ഞാൻ സംസാരിച്ച വചനങ്ങളുടെ അടിസ്ഥാനത്തിലാണു നിങ്ങളുടെ പ്രവൃത്തി ചെയ്യപ്പെടുന്നത്. ഈ അരുളപ്പാടുകളും പ്രവൃത്തിയുമില്ലാതെ ഈ കാര്യങ്ങൾ (സേവകരുടെ പരീക്ഷണം, ശാസനയുടെ സമയം....) അനുഭവിക്കാൻ ആരാകും പ്രാപ്തനായിരിക്കുക, അത്തരം അറിവിനെ കുറിച്ചു പറയാൻ ആർക്കാണു കഴിവുണ്ടായിരിക്കുക? ഇതു കാണാൻ നിങ്ങൾ ശരിക്കും അപ്രാപ്തനാണോ? പ്രവൃത്തിയുടെ ഘട്ടമേതായിരുന്നാലും, എന്റെ വാക്കുകൾ പറയപ്പെടുന്ന ഉടൻ, നിങ്ങൾ എന്റെ വാക്കുകൾക്കനുസരിച്ച് സംവദിക്കാനും അവയ്ക്കനുസരിച്ചു പ്രവർത്തിക്കാനും തുടങ്ങുന്നു, നിങ്ങളിലാരും ചിന്തിച്ചിട്ടുള്ള ഒരു മാർഗമല്ല അത്. ഇത്രയും ദൂരം വന്നിട്ട്, ഇത്രയും വ്യക്തവും ലളിതവുമായ ചോദ്യം കാണുന്നതിനു നീ അപ്രാപ്തനാണോ? ആരെങ്കിലും ചിന്തിച്ചുണ്ടാക്കിയ ഒരു മാർഗമല്ല അത്, ഏതെങ്കിലും ആത്മീയ വ്യക്തിത്വത്തിൽ അധിഷ്ഠിതവുമല്ല. അതൊരു പുതിയ മാർഗമാണ്, യേശു തന്നെയും ഒരിക്കൽ പറഞ്ഞിട്ടുള്ളവയിൽ അനേകം വചനങ്ങൾ ഇനി ബാധകമല്ല. ഒരു പുതുയുഗം തുറക്കുന്ന പ്രവൃത്തിയെ കുറിച്ചാണു ഞാൻ പറയുന്നത്, സ്വതന്ത്രമായി നിൽക്കുന്ന ഒരു പ്രവൃത്തിയാണത്; ഞാൻ ചെയ്യുന്ന പ്രവൃത്തിയും ഞാൻ സംസാരിക്കുന്ന വചനങ്ങളും എല്ലാം പുതിയതാണ്. ഇതല്ലേ ഇന്നത്തെ പുതിയ പ്രവൃത്തി? യേശുവിന്റെ പ്രവൃത്തിയും ഇതുപോലെ ആയിരുന്നു. അവന്റെ പ്രവൃത്തി ദേവാലയത്തിലെ ആളുകളുടേതിൽനിന്നു വ്യത്യസ്തമായിരുന്നു, അതുപോലെ പരീശന്മാരുടെ പ്രവൃത്തിയിൽനിന്നും അതു വ്യത്യസ്തമായിരുന്നു, ഇസ്രായേലിലെ സർവജനങ്ങളും ചെയ്തതിനോടും അതിനു യാതൊരു സാമ്യവുമില്ലായിരുന്നു. അതിനു സാക്ഷികളായതിനു ശേഷം ജനങ്ങൾക്ക് അവരുടെ മനസ്സുകളെ ഉറപ്പിക്കാനായില്ല: “അതു ശരിക്കും ദൈവം ചെയ്തതാണോ?” യേശു യഹോവയുടെ നിയമം മുറുകെ പിടിച്ചില്ല; മനുഷ്യനെ പഠിപ്പിക്കാൻ യേശു വന്നപ്പോൾ അവൻ പറഞ്ഞതെല്ലാം പുതിയതായിരുന്നു, പഴയനിയമ കാലത്തെ പുരാതന വിശുദ്ധരും പ്രവാചകന്മാരും പറഞ്ഞവയിൽ നിന്നു വ്യത്യസ്തമായിരുന്നു. ഇതുമൂലം, ആളുകൾ അനിശ്ചിതത്വത്തിൽ തുടർന്നു. ഇടപെടാൻ ഏറ്റവും ദുഷ്കരമാക്കി മനുഷ്യനെ മാറ്റുന്നത് ഇതാണ്. പ്രവൃത്തിയുടെ ഈ പുതിയ ഘട്ടം സ്വീകരിക്കുന്നതിനു മുമ്പ്, അനുഷ്ഠിക്കുകയും ആ ആത്മീയ വ്യക്തിത്വങ്ങളുടേതായ അടിസ്ഥാനത്തിന്മേൽ പ്രവേശിക്കുകയും ചെയ്യുക ആയിരുന്നു നിങ്ങളിൽ ഭൂരിപക്ഷവും നടന്ന പാത. പക്ഷേ, ഇന്നു ഞാൻ ചെയ്യുന്ന പ്രവൃത്തി വളരെയധികം വ്യത്യസ്തമാണ്, അതുകൊണ്ട് അതു ശരിയോ തെറ്റോ എന്നു നിശ്ചയിക്കാൻ നിങ്ങൾക്കു കഴിയുന്നില്ല. നിങ്ങൾ മുമ്പു നടന്നത് ഏതു പാതയിലാണെന്നു ഞാൻ നോക്കുന്നില്ല. ആരുടെ “ആഹാരം” ആണു നീ കഴിച്ചത് എന്നതിലോ ആരെയാണു നീ “പിതാവ്” ആയി എടുത്തത് എന്നതിലോ ഞാൻ തത്പരനല്ല. ഞാൻ വന്ന് മനുഷ്യരെ നയിക്കുന്നതിനു പുതിയ പ്രവൃത്തി കൊണ്ടുവന്നിരിക്കുന്നതിനാൽ എന്നെ അനുഗമിക്കുന്നവരെല്ലാവരും ഞാൻ പറയുന്നതനുസരിച്ചു പ്രവർത്തിക്കണം. നീ വരുന്ന “കുടുംബം” എത്ര ശക്തമായിരുന്നാലും, നീ എന്നെ അനുഗമിക്കണം, നിന്റെ മുൻ ആചാരങ്ങൾക്കനുസരിച്ചു പ്രവർത്തിക്കരുത്, നിന്റെ “വളർത്തുപിതാവ്” സ്ഥാനമൊഴിയണം, നിന്റെ ന്യായമായ ഓഹരി തേടുന്നതിനു നീ നിന്റെ ദൈവത്തിനു മുമ്പിൽ വരണം. നീ മുഴുവനായും എന്റെ കരങ്ങളിലാണ്, നിന്റെ വളർത്തുപിതാവിന് ഒരുപാട് അന്ധമായ വിശ്വാസം നീ അർപ്പിക്കരുത്; അവനു നിന്നെ പൂർണമായി നിയന്ത്രിക്കാൻ കഴിയില്ല. ഇന്നത്തെ പ്രവൃത്തി ഒറ്റയ്ക്കു നിൽക്കുന്നു. ഞാനിന്നു പറയുന്നതെല്ലാം വ്യക്തമായും ഭൂതകാലത്തിൽ നിന്നുള്ള ഒരു അടിസ്ഥാനത്തിന്മേൽ അധിഷ്ഠിതമല്ല; അതൊരു പുതിയ തുടക്കമാണ്, അതു മനുഷ്യന്റെ കരത്താൽ സൃഷ്ടിക്കപ്പെട്ടതാണ് എന്നാണു നീ പറയുന്നതെങ്കിൽ രക്ഷപ്പെടുത്താൻ കഴിയുന്നതിനുമപ്പുറം അത്രയേറെ അന്ധനായ ഒരാളാണു നീ!
യെശയ്യാ, യെഹ്സ്കേൽ, മോശ, ദാവീദ്, അബ്രഹാം, ദാനിയേൽ എന്നിവരൊക്കെ ഇസ്രായേലിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയിലെ നേതാക്കളോ പ്രവാചകന്മാരോ ആയിരുന്നു. എന്തുകൊണ്ട് അവരെ ദൈവം എന്നു വിളിച്ചില്ല? പരിശുദ്ധാത്മാവ് എന്തുകൊണ്ട് അവർക്കു സാക്ഷ്യം വഹിച്ചില്ല? യേശു തന്റെ പ്രവൃത്തി ആരംഭിക്കുകയും തന്റെ വചനങ്ങൾ പറയാൻ തുടങ്ങുകയും ചെയ്തയുടനെ പരിശുദ്ധാത്മാവ് അവനു സാക്ഷ്യം വഹിച്ചത് എന്തുകൊണ്ട്? മറ്റുള്ളവർക്കു പരിശുദ്ധാത്മാവു സാക്ഷ്യം വഹിക്കാതിരുന്നത് എന്തുകൊണ്ട്? ജഡത്തിലെ മനുഷ്യരായിരുന്ന അവരെല്ലാവരും “കർത്താവ്” എന്നു വിളിക്കപ്പെട്ടു. അവരെ എന്തൊക്കെതന്നെ വിളിച്ചാലും അവരുടെ അസ്തിത്വത്തെയും സത്തയെയും ആണ് അവരുടെ പ്രവൃത്തി പ്രതിനിധീകരിക്കുന്നത്, അവരുടെ അസ്തിത്വവും സത്തയും അവരുടെ സ്വത്വത്തെ പ്രതിനിധീകരിക്കുന്നു. അവരുടെ സത്ത അവരുടെ പദവിനാമങ്ങളോടു ബന്ധപ്പെട്ടതല്ല; അവർ പ്രകടിപ്പിച്ച കാര്യങ്ങളും ജീവിച്ചു തീർത്ത സംഗതികളുമാണ് അതിനെ പ്രതിനിധീകരിക്കുന്നത്. പഴയനിയമത്തിൽ കർത്താവെന്നു വിളിക്കപ്പെടുന്നതിൽ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല. ഒരു വ്യക്തിയെ ഏതു വിധത്തിലും വിളിക്കാമായിരുന്നു, പക്ഷേ അവന്റെ സത്തയും സഹജമായ സ്വത്വവും മാറ്റമില്ലാത്തവ ആയിരുന്നു. ആ കള്ളക്രിസ്തുമാർക്കും കള്ളപ്രവാചകന്മാർക്കും വഞ്ചകന്മാർക്കും ഇടയിൽ “ദൈവം” എന്നു വിളിക്കപ്പെട്ടവരും ഇല്ലേ? എന്തുകൊണ്ട് അവർ ദൈവമല്ല? കാരണം, ദൈവത്തിന്റെ പ്രവൃത്തി ചെയ്യാൻ അവർ അപ്രാപ്തരാണ്. അടിസ്ഥാനപരമായി അവർ മനുഷ്യരാണ്, ആളുകളെ വഞ്ചിക്കുന്നവരാണ്, ദൈവമല്ല. അതുകൊണ്ട്, അവർക്കു ദൈവത്തിന്റെ സ്വത്വമില്ല. പന്ത്രണ്ടു ഗോത്രങ്ങൾക്കിടയിൽ ദാവീദും കർത്താവ് എന്നു വിളിക്കപ്പെട്ടില്ലേ? യേശുവും കർത്താവെന്നു വിളിക്കപ്പെട്ടു; എന്തുകൊണ്ടാണു യേശു മാത്രം മനുഷ്യജന്മമെടുത്ത ദൈവമെന്നു വിളിക്കപ്പെട്ടത്? യിരെമ്യാവും മനുഷ്യപുത്രനെന്നു വിളിക്കപ്പെട്ടില്ലേ? യേശുവും മനുഷ്യപുത്രനെന്ന് അറിയപ്പെട്ടില്ലേ? എന്തുകൊണ്ടാണു യേശു ദൈവത്തിനായി കുരിശിൽ തറയ്ക്കപ്പെട്ടത്? അവന്റെ സത്ത വ്യത്യസ്തമായതുകൊണ്ടല്ലേ അത്? അവൻ ചെയ്ത പ്രവൃത്തി വ്യത്യസ്തമായിരുന്നതുകൊണ്ടല്ലേ അത്? ഒരു സ്ഥാനപ്പേരിൽ കാര്യമുണ്ടോ? യേശുവും മനുഷ്യപുത്രനെന്നു വിളിക്കപ്പെട്ടെങ്കിലും അവനായിരുന്നു ദൈവത്തിന്റെ ആദ്യത്തെ മനുഷ്യജന്മം, അധികാരമേറ്റെടുക്കാനും വീണ്ടെടുപ്പിന്റെ പ്രവൃത്തി നിർവഹിക്കാനുമാണ് അവൻ വന്നത്. മനുഷ്യപുത്രനെന്നു വിളിക്കപ്പെട്ട മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായിരുന്നു യേശുവിന്റെ സ്വത്വവും സത്തയുമെന്ന് ഇതു തെളിയിക്കുന്നു. പരിശുദ്ധാത്മാവിനാൽ ഉപയോഗിക്കപ്പെട്ടവരെല്ലാം പറഞ്ഞ വചനങ്ങൾ പരിശുദ്ധാത്മാവിൽനിന്നു വന്നവയാണ് എന്നു പറയാൻ ഇന്നു നിങ്ങളിലെത്ര പേർ ധൈര്യപ്പെടും? അത്തരം കാര്യങ്ങൾ പറയാൻ ആരെങ്കിലും ധൈര്യപ്പെടമോ? അത്തരം കാര്യങ്ങൾ നീ പറയുകയാണെങ്കിൽ, എസ്രായുടെ പ്രവചന ഗ്രന്ഥം നിരാകരിക്കപ്പെട്ടത് എന്തുകൊണ്ടാണ്? പുരാതന വിശുദ്ധരുടെയും പ്രവാചകന്മാരുടെയും ഗ്രന്ഥങ്ങളോട് അതേപോലെ തന്നെ പ്രവർത്തിച്ചത് എന്തുകൊണ്ട്? അവയെല്ലാം പരിശുദ്ധാത്മാവിൽനിന്നു വന്നുവെങ്കിൽ പിന്നെ അത്തരം ചപലമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങൾ എന്തുകൊണ്ടു ധൈര്യപ്പെട്ടു? പരിശുദ്ധാത്മാവിന്റെ പ്രവൃത്തി തിരഞ്ഞെടുക്കാൻ യോഗ്യത നേടിയവനാണോ നീ? ഇസ്രായേലിൽ നിന്നുള്ള നിരവധി കഥകളും നിരാകരിക്കപ്പെട്ടു. ഭൂതകാലത്തിലെ ഈ എഴുത്തുകളെല്ലാം പരിശുദ്ധാത്മാവിൽ നിന്നു വന്നുവെന്നു നീ വിശ്വസിക്കുന്നുവെങ്കിൽ, പിന്നെ എന്തുകൊണ്ട് അവയിൽ ചില ഗ്രന്ഥങ്ങൾ നിരാകരിക്കപ്പെട്ടു? അവയെല്ലാം പരിശുദ്ധാത്മാവിൽ നിന്നു വന്നുവെങ്കിൽ അവയെല്ലം സൂക്ഷിക്കപ്പെടേണ്ടതും സഭകളിലെ സഹോദരീസോദരന്മാർക്കു വായിക്കാനായി അയച്ചുകൊടുക്കേണ്ടതും ആയിരുന്നു. മനുഷ്യഹിതമനുസരിച്ചു അവയെ തിരഞ്ഞെടുക്കുകയോ നിരാകരിക്കുകയോ ചെയ്യരുതായിരുന്നു; അതു ചെയ്യുന്നതു തെറ്റാണ്. പൗലോസിന്റെയും യോഹന്നാന്റെയും അനുഭവങ്ങൾ അവരുടെ വ്യക്തിപരമായ ഉൾക്കാഴ്ചകളുമായി കലർന്നിരുന്നു എന്നു പറയുന്നതിനർത്ഥം അവരുടെ അനുഭവങ്ങളും അറിവും സാത്താനിൽനിന്നു വന്നു എന്നല്ല, മറിച്ച് അവരുടെ വ്യക്തിപരമായ അനുഭവങ്ങളിലും ഉൾക്കാഴ്ചകളിലും നിന്നു വന്ന കാര്യങ്ങൾ അവർക്കുണ്ടായിരുന്നു എന്നു മാത്രമാണ്. അക്കാലത്തെ അവരുടെ യഥാർത്ഥ അനുഭവങ്ങളുടെ പശ്ചാത്തലത്തിന് അനുസരിച്ചുള്ളതായിരുന്നു അവരുടെ അറിവ്, അവയെല്ലാം പരിശുദ്ധാത്മാവിൽ നിന്നു വന്നു എന്ന് ആത്മവിശ്വാസത്തോടെ പറയാൻ ആർക്കു സാധിക്കുമായിരുന്നു? നാലു സുവിശേഷങ്ങളും പരിശുദ്ധാത്മാവിൽ നിന്നു വന്നുവെങ്കിൽ മത്തായിയും മർക്കോസും ലൂക്കോസും യോഹന്നാനും യേശുവിന്റെ പ്രവൃത്തിയെ കുറിച്ചു ചില കാര്യങ്ങൾ വ്യത്യസ്തമായി പറഞ്ഞത് എന്തുകൊണ്ട്? നിങ്ങൾ ഇതു വിശ്വസിക്കുന്നില്ലെങ്കിൽ, പത്രോസ് കർത്താവിനെ മുന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതിന്റെ വിവരണങ്ങൾ ബൈബിളിൽ നോക്കുക: അവയെല്ലാം വ്യത്യസ്തമാണ്, അവയോരോന്നിനും അവയുടെതായ സവിശേഷതകളുണ്ട്. അജ്ഞരായ നിരവധി പേർ പറയുന്നു, “അവതരിച്ച ദൈവം മനുഷ്യനും കൂടിയാണ്, അതുകൊണ്ട് അവൻ പറയുന്ന വചനങ്ങളെല്ലാം പരിശുദ്ധാത്മാവിൽ നിന്നു വരുന്നതാകാൻ കഴിയുമോ? പൗലോസിന്റെയും യോഹന്നാന്റെയും വാക്കുകൾ മനുഷ്യഹിതം കലർന്നതാണെങ്കിൽ അവൻ സംസാരിക്കുന്ന വചനങ്ങളും ശരിക്കും മനുഷ്യഹിതം കലർന്നതാകില്ലേ?” അങ്ങനെ പറയുന്ന ആളുകൾ അന്ധരും അജ്ഞരുമാണ്! നാലു സുവിശേഷങ്ങൾ ശ്രദ്ധാപൂർവം വായിക്കുക; യേശു ചെയ്ത കാര്യങ്ങളെ കുറിച്ച് അവർ രേഖപ്പെടുത്തിയ വിവരങ്ങളും അവൻ സംസാരിച്ച വചനങ്ങളും വായിക്കുക. ഓരോ വിവരണവും തികച്ചും വ്യത്യസ്തമാണ്, ഓരോന്നിനും അതതിന്റേതായ വീക്ഷണതലവുമുണ്ട്. ഈ പുസ്തകങ്ങളുടെ രചയിതാക്കൾ എഴുതിയ കാര്യങ്ങൾ പരിശുദ്ധാത്മാവിൽ നിന്നു വന്നതാണെങ്കിൽ, അവയെല്ലാം സമാനവും പൊരുത്തമുള്ളതും ആയിരിക്കേണ്ടിയിരുന്നു. പിന്നെ എന്തുകൊണ്ടു പൊരുത്തക്കേടുകൾ ഉണ്ടായി? ഇതു കാണാൻ കഴിയാത്ത വിധത്തിൽ, അങ്ങേയറ്റം വിഡ്ഢിയല്ലേ മനുഷ്യൻ? ദൈവത്തിനു സാക്ഷ്യം വഹിക്കാൻ നിന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ, എന്തു തരം സാക്ഷ്യമാണു നിനക്കു നൽകാൻ കഴിയുക? ദൈവത്തെ അറിയുന്ന അത്തരമൊരു മാർഗം അവനു സാക്ഷ്യം വഹിക്കാനാകുമോ? “യോഹന്നാന്റെയും ലൂക്കോസിന്റെയും ലിഖിതങ്ങൾ മനുഷ്യഹിതം കലർന്നതാണെങ്കിൽ പിന്നെ, നിങ്ങളുടെ ദൈവം അരുളിച്ചെയ്ത വചനങ്ങളും മനുഷ്യഹിതം കലർന്നതായിരിക്കില്ലേ?” എന്നു മറ്റുള്ളവർ നിന്നോടു ചോദിക്കുകയാണെങ്കിൽ, വ്യക്തമായ ഒരുത്തരം കൊടുക്കാൻ നിനക്കു കഴിയുമോ? ലൂക്കോസും മത്തായിയും യേശുവിന്റെ വചനങ്ങൾ കേൾക്കുകയും യേശുവിന്റെ പ്രവൃത്തി കാണുകയും ചെയ്തതിനു ശേഷം, അവർ സ്വന്തം അറിവിൽ നിന്നു സംസാരിച്ചു. യേശു ചെയ്ത പ്രവൃത്തിയുടെ ചില വസ്തുതകളെ സവിസ്തരം ഓർമിപ്പിക്കുന്ന രീതിയിലായിരുന്നു അത്. അവരുടെ അറിവ്, പൂർണമായും പരിശുദ്ധാത്മാവു വെളിപ്പെടുത്തിയതാണെന്നു നിനക്കു പറയാൻ കഴിയുമോ? അവരെക്കാൾ ഉന്നതമായ അറിവുള്ള നിരവധി ആത്മീയ വ്യക്തിത്വങ്ങൾ ബൈബിളിനു പുറത്തുണ്ടായിരുന്നു. അവരുടെ വചനങ്ങൾ പിൻതലമുറകൾ എന്തുകൊണ്ടാണ് ഏറ്റെടുക്കാതിരുന്നത്? അവരും പരിശുദ്ധാത്മാവിനാൽ ഉപയോഗിക്കപ്പെട്ടവർ ആയിരുന്നില്ലേ? ഇന്നത്തെ പ്രവൃത്തിയിൽ, യേശുവിന്റെ പ്രവൃത്തിയുടെ അടിസ്ഥാനത്തിന്മേൽ അധിഷ്ഠിതമായ എന്റെ സ്വന്തം ഉൾക്കാഴ്ചകളെ കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, യേശുവിന്റെ പ്രവൃത്തിയെ പശ്ചാത്തലമാക്കിയുള്ള എന്റെ സ്വന്തം അറിവിനെ കുറിച്ചുമല്ല ഞാൻ സംസാരിക്കുന്നത് എന്നറിയുക. അക്കാലത്ത് യേശു എന്തു പ്രവൃത്തിയാണു ചെയ്തത്? ഇന്നു ഞാൻ എന്തു പ്രവൃത്തിയാണു ചെയ്യുന്നത്? ഞാൻ ചെയ്യുന്നതിനും പറയുന്നതിനും പൂർവമാതൃകകളില്ല. ഞാൻ ഇന്നു നടക്കുന്ന മാർഗം മുമ്പു ഒരിക്കലും നടന്നിട്ടുള്ളതല്ല, കഴിഞ്ഞ യുഗങ്ങളിലെയും തലമുറകളിലെയും ആളുകൾ ഒരിക്കലും നടന്നിട്ടുള്ളതല്ല ആ പാത. ഇന്ന്, അത് തുറന്നിരിക്കുന്നു, ഇത് ആത്മാവിന്റെ പ്രവൃത്തിയല്ലേ? അതു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയായിരുന്നെങ്കിൽ കൂടിയും ഭൂതകാലത്തെ നേതാക്കളെല്ലാവരും അവരുടെ പ്രവൃത്തി ചെയ്തതു മറ്റുള്ളവരാകുന്ന അടിസ്ഥാനത്തിന്മേൽ ആയിരുന്നു; എന്നിരുന്നാലും, ദൈവത്തിന്റെ സ്വന്തം പ്രവൃത്തി വ്യത്യസ്തമാണ്. യേശുവിന്റെ പ്രവൃത്തിയുടെ ഘട്ടം സമാനമായിരുന്നു: അവൻ പുതിയൊരു മാർഗം തുറന്നു. അവൻ വന്നപ്പോൾ അവൻ സ്വർഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു, മനുഷ്യൻ പശ്ചാത്തപിക്കുകയും തെറ്റുകൾ ഏറ്റുപറയുകയും വേണമെന്ന് അവൻ പറഞ്ഞു. യേശു അവന്റെ പ്രവൃത്തി പൂർത്തീകരിച്ചശേഷം പത്രോസും പൗലോസും മറ്റുള്ളവരും യേശുവിന്റെ പ്രവൃത്തി നിർവഹിക്കുവാൻ തുടങ്ങി. യേശു കുരിശിൽ തറയ്ക്കപ്പെടുകയും സ്വർഗാരോഹണം നടത്തുകയും ചെയ്തശേഷം, കുരിശിന്റെ മാർഗം പ്രചരിപ്പിക്കുന്നതിനു പരിശുദ്ധാത്മാവിനാൽ അവർ അയയ്ക്കപ്പെട്ടു. പൗലോസിന്റെ വചനങ്ങൾ ശ്രേഷ്ഠമായിരുന്നെങ്കിലും അവയെല്ലാം ക്ഷമയും സ്നേഹവും സഹനവും തലമൂടലും സ്നാപനവും പോലെയോ അല്ലെങ്കിൽ പിൻപറ്റേണ്ട മറ്റു ഉപദേശങ്ങൾ പോലെയോ യേശു പറഞ്ഞിട്ടുള്ള വചനങ്ങളാൽ നിർമിതമായ അടിത്തറയിൽ അധിഷ്ഠിതമായിരുന്നു. ഇവയെല്ലാം പറയപ്പെട്ടത് യേശുവിന്റെ വചനങ്ങളാകുന്ന അടിത്തറയിന്മേലായിരുന്നു. പുതിയൊരു മാർഗം തുറക്കാൻ അവർ അപ്രാപ്തരായിരുന്നു, കാരണം അവരെല്ലാവരും ദൈവം ഉപയോഗിച്ച മനുഷ്യരായിരുന്നു.
യേശുവിന്റെ അക്കാലത്തെ അരുളപ്പാടുകളും വേലയും വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് ആയിരുന്നില്ല. അവൻ തന്റെ വേല നിർവഹിച്ചത് പഴയനിയമത്തിലെ പ്രമാണത്തിന്റെ വേലയ്ക്ക് അനുസരിച്ചും ആയിരുന്നില്ല. കൃപായുഗത്തിൽ ചെയ്യേണ്ട വേലയ്ക്ക് അനുസരിച്ചാണ് അതു നിർവഹിക്കപ്പെട്ടത്. അവൻ കൊണ്ടുവന്ന വേലയ്ക്കനുസരിച്ച്, അവന്റെ സ്വന്തം പദ്ധതിക്കനുസരിച്ച്, അവന്റെ ശുശ്രൂഷയ്ക്കനുസരിച്ച് അവൻ അദ്ധ്വാനിച്ചു; പഴയനിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ചല്ല അവൻ വേല ചെയ്തത്. അവൻ ചെയ്തതു യാതൊന്നും പഴയനിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ചല്ലയ പ്രവാചകന്മാരുടെ വചനങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കാനല്ല അവൻ വന്നത്. പുരാതന പ്രവാചകന്മാരുടെ പ്രവചനങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയല്ല ദൈവത്തിന്റെ പ്രവൃത്തിയുടെ ഓരോ ഘട്ടവും പ്രകടമായും നിറവേറ്റപ്പെട്ടത്. വിശ്വാസപ്രമാണങ്ങൾ പാലിക്കാനോ പുരാതന പ്രവാചകന്മാരുടെ പ്രവചനങ്ങൾ മനഃപൂർവം നിറവേറ്റുന്നതിനു വേണ്ടിയോ അല്ല അവൻ വന്നത്. എങ്കിലും അവന്റെ പ്രവചനങ്ങൾ പുരാതന പ്രവാചകന്മാരുടെ പ്രവചനങ്ങൾക്കും ഭംഗം വരുത്തിയില്ല. അവൻ മുമ്പു ചെയ്തിട്ടുള്ള വേലയെ അവരും അലോസരപ്പെടുത്തിയില്ല. ഏതെങ്കിലും വിശ്വാസപ്രമാണങ്ങൾ പാലിക്കുക ആയിരുന്നില്ല അവന്റെ പ്രവൃത്തിയുടെ മുഖ്യ സവിശേഷത, മറിച്ച് അവൻ ചെയ്യേണ്ട പ്രവൃത്തി ചെയ്യുന്നു എന്നതായിരുന്നു. അവൻ ഒരു പ്രവാചകനോ ഋഷിയോ ആയിരുന്നില്ല. മറിച്ച്, പ്രവർത്തി ചെയ്യുന്ന ഒരുവൻ ആയിരുന്നു. താൻ ചെയ്യേണ്ട പ്രവൃത്തി ചെയ്യാനാണു അവൻ വാസ്തവത്തിൽ വന്നത്. തന്റെ പുതുയുഗം സമാരംഭിക്കാനും തന്റെ പുതു വേല നിർവഹിക്കാനുമാണ് അവൻ വന്നത്. യേശു തന്റെ വേല ചെയ്യാൻ വന്നപ്പോൾ തീർച്ചയായും അവൻ പഴയനിയമത്തിലെ പുരാതന പ്രവാചകന്മാർ പറഞ്ഞ നിരവധി വചനങ്ങളും നിറവേറ്റി. അങ്ങനെ ഇന്നത്തെ വേലയും പഴയനിയമത്തിലെ പുരാതന പ്രവാചകന്മാരുടെ പ്രവചനങ്ങൾ നിറവേറ്റുന്നുണ്ട്. ഞാൻ ആ “പഴകി നരച്ച കണക്കുപുസ്തക”ത്തിനു പ്രാധാന്യം കൽപ്പിക്കുന്നില്ല, അത്ര തന്നെ. കാരണം, ഞാൻ ചെയ്യേണ്ട കൂടുതൽ വേലയുണ്ട്, ഞാൻ നിങ്ങളോടു പറയേണ്ട കൂടുതൽ വചനങ്ങളുണ്ട്. ബൈബിളിൽ നിന്നുള്ള ഭാഗങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ വളരെയേറെ പ്രാധാന്യമുള്ളതാണ് ഈ വേലയും ഈ വചനങ്ങളും. കാരണം, നിങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം വേലയ്ക്ക് വലിയ പ്രാധാന്യമോ മൂല്യമോ ഇല്ല, നിങ്ങളെ സഹായിക്കാനോ നിങ്ങളിൽ പരിവർത്തനം വരുത്താനോ അതിനു കഴിയില്ല. ഞാൻ പുതിയ വേല ചെയ്യാനാഗ്രഹിക്കുന്നതു ബൈബിളിൽ നിന്നുള്ള ഏതെങ്കിലും ഭാഗം നിറവേറ്റുന്നതിനല്ല. ബൈബിളിലെ പുരാതന പ്രവാചകന്മാരുടെ വചനങ്ങൾ നിറവേറ്റാൻ മാത്രമാണ് ദൈവം ഭൂമിയിലേക്കു വന്നതെങ്കിൽ പിന്നെ ആരാണു വലുത്, അവതരിച്ച ദൈവമോ ആ പുരാതന പ്രവാചകന്മാരോ? ദൈവത്തിന്റെ നിയന്ത്രണം പ്രവാചകന്മാർക്കാണോ, അതോ, പ്രവാചകന്മാരുടെ നിയന്ത്രണം ദൈവത്തിനാണോ? ഈ വചനങ്ങളെ നീ എങ്ങനെ വിശദീകരിക്കും?
ആരംഭത്തിൽ, യേശു തന്റെ ശുശ്രൂഷ ഔദ്യോഗികമായി ഇനിയും ആരംഭിക്കേണ്ടതായിട്ടിരിക്കെ, തന്നെ അനുഗമിച്ച ശിഷ്യരെ പോലെ, അവനും ചിലപ്പോൾ യോഗങ്ങളിൽ സംബന്ധിച്ചു, സ്തുതിഗിതങ്ങൾ പാടി, സ്തോത്രം നൽകി, ദേവാലയത്തിൽ പഴയനിയമം വായിച്ചു. സ്നാപനമേറ്റശേഷം വെള്ളത്തിൽനിന്ന് പൊങ്ങിവന്നപ്പോൾ പരിശുദ്ധാത്മാവ് ഔദ്യോഗികമായി അവന്റെമേൽ വന്നിറങ്ങുകയും അവന്റെ സ്വത്വവും അവൻ ഏറ്റെടുക്കാൻ പോകുന്ന ശുശ്രൂഷയും വെളിപ്പെടുത്തിക്കൊണ്ടു പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു. ഇതിനു മുമ്പ്, മറിയമൊഴികെ, ആരും അവൻ ആരാണെന്ന് അറിഞ്ഞില്ല, യോഹന്നാൻ പോലും. സ്നാപനമേൽക്കുമ്പോൾ യേശുവിന് 29 വയസ്സായിരുന്നു. സ്നാപനം പൂർത്തിയായശേഷം സ്വർഗം തുറക്കപ്പെടുകയും ഒരു ശബ്ദം കേൾക്കുകയും ചെയ്തു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” യേശു സ്നാപനമേറ്റു കഴിഞ്ഞപ്പോൾ, പരിശുദ്ധാത്മാവ് ഈ വിധത്തിൽ അവനു സാക്ഷ്യം വഹിക്കാൻ തുടങ്ങി. 29-ാമത്തെ വയസ്സിൽ സ്നാപനമേൽക്കുന്നതിനു മുമ്പു ഒരു സാധാരണ വ്യക്തിയുടെ ജീവിതമാണ് അവൻ നയിച്ചത്. ഭക്ഷിക്കേണ്ടപ്പോൾ ഭക്ഷിക്കുന്നു, ഉറങ്ങേണ്ടപ്പോൾ ഉറങ്ങുന്നു, സാധാരണ രീതിയിൽ വസ്ത്രം ധരിക്കുന്നു. അവനെ സംബന്ധിക്കുന്ന യാതൊന്നും മറ്റുള്ളവരുടേതിൽ നിന്നു വ്യത്യസ്തമായിരുന്നില്ല, തീർച്ചയായും മനുഷ്യന്റെ ജഡിക നേത്രങ്ങൾക്കു മാത്രം. ചിലപ്പോൾ അവനും ബലഹീനനായിരുന്നു, ചിലപ്പോൾ അവനും കാര്യങ്ങൾ വിവേചിച്ചറിയാൻ കഴിഞ്ഞിരുന്നില്ല, ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്നതു പോലെ: അവന്റെ ബുദ്ധിശക്തി പ്രായത്തോടൊപ്പം വളർന്നു. സാധാരണവും സാമാന്യവുമായ മനുഷ്യസ്വഭാവമാണ് അവനുണ്ടായിരുന്നത് എന്നും ഒരു സാധാരണ വ്യക്തിയായിട്ടാണ് അവൻ വളർന്നിട്ടുള്ളത് എന്നും അവനെക്കുറിച്ചു സവിശേഷമായി യാതൊന്നും ഉണ്ടായിരുന്നില്ലെന്നും ഈ വാക്കുകൾ വ്യക്തമായും നമുക്കു കാട്ടിത്തരുന്നു. എങ്കിലും അവൻ ദൈവത്തിന്റെ കരുതലിനും സംരക്ഷണത്തിനും കീഴിലായിരുന്നു. സ്നാപനമേറ്റശേഷം അവൻ പ്രലോഭിപ്പിക്കപ്പെടാൻ തുടങ്ങി. അതിനുശേഷം അവൻ തന്റെ ശുശ്രൂഷ നിർവഹിക്കാനും പ്രവർത്തിക്കാനും ആരംഭിക്കുകയും ശക്തിയും ജ്ഞാനവും അധികാരവും അവനു ലഭിക്കുകയും ചെയ്തു. സ്നാപനത്തിനു മുമ്പു പരിശുദ്ധാത്മാവ് അവനിൽ പ്രവർത്തിച്ചില്ല എന്നോ അവനുള്ളിൽ ഉണ്ടായിരുന്നില്ലെന്നോ അല്ല പറയുന്നത്. സ്നാപനത്തിനു മുമ്പേ പരിശുദ്ധാത്മാവ് അവനുള്ളിൽ വസിച്ചു, പക്ഷേ ഔദ്യോഗികമായി പ്രവർത്തിക്കാൻ തുടങ്ങിയിരുന്നില്ല. കാരണം ദൈവം അവന്റെ വേല ചെയ്യുമ്പോൾ അതിനു പരിധികളുണ്ട്. കൂടാതെ, സാധാരണ മനുഷ്യർക്കു സാധാരണ വളർച്ചാപ്രക്രിയ ആണ് ഉള്ളതും. പരിശുദ്ധാത്മാവ് എപ്പോഴും അവനുള്ളിൽ വസിച്ചിട്ടുണ്ട്. യേശു ജനിച്ചപ്പോൾ അവൻ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനായിരുന്നു. ഒരു പ്രഭാതനക്ഷത്രം പ്രത്യക്ഷപ്പെട്ടു; അവന്റെ ജനനത്തിനു മുമ്പ് ഒരു മാലാഖ യോസേഫിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും മറിയം ഒരു ആൺകുഞ്ഞിനെ പ്രസവിക്കുമെന്നും പരിശുദ്ധാത്മാവിനാലാണ് ആ കുഞ്ഞിനെ ഗർഭം ധരിച്ചതെന്നും പറയുകയും ചെയ്തു. യേശു സ്നാപനം ചെയ്യപ്പെട്ടതിനു ശേഷം പരിശുദ്ധാത്മാവ് തന്റെ വേല തുടങ്ങി, പക്ഷേ, പരിശുദ്ധാത്മാവ് യേശുവിനുമേൽ അപ്പോൾ ഇറങ്ങി വന്നതേയുള്ളൂവെന്ന് ഇത് അർത്ഥമാക്കുന്നില്ല. പരിശുദ്ധാത്മാവ് അവന്റെമേൽ പ്രാവിനെ പോലെ ഇറങ്ങി വന്നുവെന്നു പറയുന്നത് അവന്റെ ശുശ്രൂഷയുടെ ഔദ്യോഗിക തുടക്കത്തെ സൂചിപ്പിക്കുവാനാണ്. ദൈവത്തിന്റെ ആത്മാവ് മുമ്പുതന്നെ അവന്റെ ഉള്ളിലുണ്ടായിരുന്നു. പക്ഷേ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നില്ല. കാരണം, അതിനുള്ള സമയം ആയിരുന്നില്ല. പരിശുദ്ധാത്മാവ് തിടുക്കത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയില്ല. സ്നാപനത്തിലൂടെ പരിശുദ്ധാത്മാവ് അവനു സാക്ഷ്യം വഹിച്ചു. അവൻ ജലത്തിൽനിന്നു പൊങ്ങിവന്നപ്പോൾ പരിശുദ്ധാത്മാവ് അവനിൽ ഔദ്യോഗികമായി പ്രവർത്തിക്കാൻ തുടങ്ങി. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ജഡം അവന്റെ ശുശ്രൂഷ നിറവേറ്റാൻ തുടങ്ങിയെന്നും വീണ്ടെടുപ്പു വേല ആരംഭിച്ചുവെന്നും ആയിരുന്നു ഇതിനർത്ഥം. അതായത്, കൃപായുഗം ഔദ്യോഗികമായി ആരംഭിച്ചുവെന്ന് അർത്ഥം. അതുകൊണ്ട്, ദൈവം എന്തു വേല ചെയ്താലും ആ വേലയ്ക്ക് ഒരു സമയമുണ്ട്. അവൻ ഏതു വേല ചെയ്താലും അത് അങ്ങനെയാണ്. സ്നാപനത്തിനുശേഷം യേശുവിൽ പ്രത്യേകമായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല, അവൻ അപ്പോഴും തന്റെ തുടക്കത്തിലെ ജഡത്തിലായിരുന്നു. അവൻ തന്റെ വേല തുടങ്ങിയെന്നും തന്റെ സ്വത്വം വെളിപ്പെടുത്തിയെന്നും പൂർണമായ അധികാരവും ശക്തിയും അവനു ലഭിച്ചുവെന്നും മാത്രം. ഈ നിലയിൽ അവൻ മുമ്പത്തേതിൽനിന്നു വ്യത്യസ്തനായിരുന്നു. അവന്റെ സ്വത്വം വ്യത്യസ്തമായിരുന്നു, അവന്റെ പദവിയിൽ പ്രധാനപ്പെട്ട മാറ്റമുണ്ടായെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്; ഇതു പരിശുദ്ധാത്മാവിന്റെ സാക്ഷ്യമാണ്, മനുഷ്യൻ ചെയ്ത വേലയല്ല. അത്തരമൊരു വിധത്തിൽ യേശുവിനു പരിശുദ്ധാത്മാവു സാക്ഷ്യം വഹിച്ചയുടൻ, കുറച്ചു മാത്രമേ തങ്ങൾ അറിയാനിടയായിട്ടുള്ളു എന്നു തുടക്കത്തിൽ മനുഷ്യരറിഞ്ഞില്ല. പരിശുദ്ധാത്മാവു തനിക്കു സാക്ഷ്യം വഹിക്കുന്നതിനു മുമ്പ്, എന്നാൽ ദൈവത്തിന്റെതന്നെ സാക്ഷ്യത്തിനു മുമ്പ്, യേശു വലിയ വേല ചെയ്തിരുന്നു എങ്കിൽ പോലും, അവന്റെ വേല എത്ര വലുതായിരുന്നാലും ആളുകളൊരിക്കലും അവന്റെ സ്വത്വം അറിഞ്ഞിരുന്നില്ല. കാരണം, മനുഷ്യനേത്രങ്ങൾക്ക് അതു കാണുവാൻ പ്രാപ്തിയുണ്ടാകുമായിരുന്നില്ല. പരിശുദ്ധാത്മാവിന്റെ സാക്ഷ്യം ഇല്ലാതെ, ആർക്കും അവനെ മനുഷ്യജന്മമെടുത്ത ദൈവമായി തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. പരിശുദ്ധാത്മാവ് അവനു സാക്ഷ്യം വഹിച്ചശേഷം, യാതൊരു വ്യത്യാസവും കൂടാതെ അതേ വിധത്തിൽ യേശു പ്രവർത്തനം തുടർന്നിരുന്നെങ്കിൽ, അതിന് ആ ഫലം ഉണ്ടാകുമായിരുന്നില്ല, പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും ഇതിൽ പ്രധാനമായും പ്രകടമാക്കപ്പെട്ടു. പരിശുദ്ധാത്മാവു സാക്ഷ്യം വഹിച്ചശേഷം, അവൻ ദൈവമാണെന്ന്, അവനുള്ളിൽ ദൈവത്തിന്റെ ആത്മാവ് ഉണ്ടായിരുന്നുവെന്ന് നിനക്കു വ്യക്തമായി കാണാൻ കഴിയുന്നതിനായി പരിശുദ്ധാത്മാവിനു തന്നെത്തന്നെ കാണിക്കേണ്ടതുണ്ടായിരുന്നു; ദൈവത്തിന്റെ സാക്ഷ്യം തെറ്റായിരുന്നില്ല, അവന്റെ സാക്ഷ്യം ശരിയായിരുന്നുവെന്ന് ഇതിനു തെളിയിക്കാൻ കഴിയും. പരിശുദ്ധാത്മാവിന്റെ സാക്ഷ്യത്തിനു മുമ്പും ശേഷവും അവന്റെ വേല സമാനമായിരുന്നുവെങ്കിൽ പിന്നെ മനുഷ്യനായുള്ള അവന്റെ ശുശ്രൂഷയും പരിശുദ്ധാത്മാവിന്റെ വേലയും തെളിച്ചു കാണിക്കപ്പെടുമായിരുന്നില്ല, അപ്രകാരം, പരിശുദ്ധാത്മാവിന്റെ വേല തിരിച്ചറിയാൻ മനുഷ്യൻ അപ്രാപ്തനാകുമായിരുന്നു. കാരണം പ്രകടമായ വ്യത്യാസം ഒന്നും കാണുമായിരുന്നില്ല. സാക്ഷ്യം വഹിച്ചശേഷം പരിശുദ്ധാത്മാവിന് ഈ സാക്ഷ്യം ഉയർത്തിപ്പിടിക്കേണ്ടതുണ്ടായിരുന്നു. അപ്രകാരം, യേശുവിലുള്ള തന്റെ ജ്ഞാനവും അധികാരവും പ്രകടിപ്പിക്കേണ്ടതുണ്ടായിരുന്നു. കഴിഞ്ഞ കാലങ്ങളിൽനിന്നു വ്യത്യസ്തമായിരുന്നു അത്. തീർച്ചയായും ഇതു സ്നാപനത്തിന്റെ ഫലമായിരുന്നില്ല—സ്നാപനം വെറുമൊരു ചടങ്ങായിരുന്നു—അവന്റെ ശുശ്രൂഷ നിർവഹിക്കാൻ സമയമായി എന്നു കാണിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു സ്നാപനം എന്നേയുള്ളൂ. ദൈവത്തിന്റെ മഹാശക്തിയും പരിശുദ്ധാത്മാവിന്റെ സാക്ഷ്യവും വ്യക്തമാക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു അത്തരം വേല. അന്ത്യം വരേയ്ക്കും ഈ സാക്ഷ്യത്തിന്റെ ഉത്തരവാദിത്വം പരിശുദ്ധാത്മാവ് ഏറ്റെടുക്കുമായിരുന്നു. തന്റെ ശുശ്രൂഷ നിർവഹിക്കാൻ ആരംഭിക്കുന്നതിനു മുമ്പ് യേശുവും സുവിശേഷപ്രസംഗങ്ങൾ ശ്രവിക്കുകയും വിവിധ സ്ഥലങ്ങളിൽ പ്രസംഗിക്കുകയും സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തു. ഏതെങ്കിലും മഹത്തായ വേല അവൻ ചെയ്തില്ല, കാരണം തന്റെ ശുശ്രൂഷ ആരംഭിക്കാനുള്ള സമയം ആയിരുന്നില്ല. ദൈവം സ്വയം ജഡത്തിൽ മറഞ്ഞിരുന്നു എന്നതുകൊണ്ടും സമയം പാകമാകുന്നതുവരെ യാതൊരു ജോലിയും ചെയ്തില്ല എന്നതുകൊണ്ടും കൂടിയാണിത്. സ്നാപനത്തിനു മുമ്പ് അവൻ വേല ചെയ്യാതിരുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്: ഒന്ന്, വേല ചെയ്യുന്നതിനു പരിശുദ്ധാത്മാവ് അവന്റെമേൽ ഔദ്യോഗികമായി വന്നിറങ്ങിയില്ല (അത്തരം വേല ചെയ്യാനുള്ള ശക്തിയും അധികാരവും പരിശുദ്ധാത്മാവ് യേശുവിനുമേൽ ചൊരിഞ്ഞില്ല എന്നാണ് അതിന്റെ അർഥം), തന്റെ സ്വത്വം അറിയാമായിരുന്നു എങ്കിൽപോലും, അവൻ പിൽക്കാലത്തു ചെയ്യാനുദ്ദേശിച്ചിരുന്ന വേല അവനു ചെയ്യാൻ കഴിയുമായിരുന്നില്ല. തന്റെ സ്നാപനം വരെ അവനു കാത്തിരിക്കേണ്ടിയും വരുമായിരുന്നു. ദൈവത്തിന്റെ സമയമായിരുന്നു അത്. അതു ലംഘിക്കാൻ ആരും പ്രാപ്തരായിരുന്നില്ല, യേശു പോലും; യേശുവിനുതന്നെ അവന്റെ സ്വന്തം പ്രവൃത്തിയെ തടസ്സപ്പെടുത്താൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഇതായിരുന്നു ദൈവത്തിന്റെ എളിമ, ദൈവത്തിന്റെ വേലയുടെ നിയമവും; ദൈവത്തിന്റെ ആത്മാവു വേല ചെയ്തില്ലെങ്കിൽ ആർക്കും അവന്റെ വേല ചെയ്യാൻ കഴിയുമായിരുന്നില്ല. രണ്ടാമതായി, സ്നാപനം ചെയ്യപ്പെടുന്നതിനു മുമ്പ് അവൻ വളരെ സാധാരണക്കാരനായ, സാമാന്യനായ ഒരു മനുഷ്യനായിരുന്നു; സാധാരണക്കാരിൽനിന്ന് വ്യത്യസ്തനായിരുന്നിരുന്നില്ല. എപ്രകാരമാണു മനുഷ്യജന്മമെടുത്ത ദൈവം അമാനുഷികനല്ലായിരുന്നത് എന്നതിന്റെ ഒരു വശമാണിത്. അവതരിച്ച ദൈവം ദൈവാത്മാവിന്റെ ക്രമീകരണങ്ങളെ ലംഘിച്ചില്ല; ക്രമീകൃതമായ വിധത്തിലും വളരെ സാധാരണമായ വിധത്തിലും അവൻ വേല ചെയ്തു. സ്നാപനശേഷം മാത്രമാണ് അവന്റെ വേലയ്ക്ക് അധികാരവും ശക്തിയും ഉണ്ടായത്. അവൻ മനുഷ്യജന്മമെടുത്ത ദൈവമായിരുന്നെങ്കിലും അമാനുഷിക പ്രവൃത്തികളൊന്നും നിർവഹിച്ചില്ല, മറ്റു സാധാരണ മനുഷ്യരുടെ അതേ രീതിയിൽ അവൻ വളർന്നു. യേശു തന്റെ സ്വന്തം സ്വത്വം അറിഞ്ഞിരുന്നുവെങ്കിൽ, തന്റെ സ്നാപനത്തിനു മുമ്പേ നാട്ടിലെങ്ങും വലിയ വേല ചെയ്തിരുന്നുവെങ്കിൽ, സാധാരണ മനുഷ്യരിൽനിന്നു വ്യത്യസ്തനായിരുന്നുവെങ്കിൽ, സ്വയം അസാധാരണക്കാരനായി കാണിച്ചിരുന്നുവെങ്കിൽ, യോഹന്നാനു തന്റെ വേല ചെയ്യുക അസാദ്ധ്യമാകുമായിരുന്നുവെന്നു മാത്രമല്ല, തന്റെ വേലയുടെ അടുത്ത പടി ആരംഭിക്കാൻ ദൈവത്തിനു വഴിയുണ്ടാകുമായിരുന്നുമില്ല. അതുകൊണ്ടു ദൈവം ചെയ്തതു തെറ്റായിപ്പോയെന്ന് ഇതു തെളിയിക്കുകയും ദൈവാത്മാവും ദൈവത്തിന്റെ മനുഷ്യജന്മമെടുത്ത ജഡവും ഒരേ സ്രോതസ്സിൽ നിന്നല്ല വന്നതെന്നു മനുഷ്യർക്ക് തോന്നുകയും ചെയ്യുമായിരുന്നു. അതുകൊണ്ട്, ബൈബിളിൽ രേഖപ്പെടുത്തിയ യേശുവിന്റെ വേല അവൻ സ്നാപനം ഏറ്റശേഷം നിർവഹിച്ച വേലയാണ്, മൂന്നുവർഷക്കാലത്തെ വേല. സ്നാപനം ഏൽക്കുന്നതിനു മുമ്പ് അവൻ ചെയ്ത കാര്യങ്ങൾ ബൈബിൾ രേഖപ്പെടുത്തുന്നില്ല. കാരണം, സ്നാപനമേൽക്കുന്നതിനു മുമ്പ് അവൻ ഈ വേല ചെയ്തില്ല. അവൻ വെറും സാധാരണ മനുഷ്യനായിരുന്നു, സാധാരണ മനുഷ്യനെയാണു പ്രതിനിധീകരിച്ചത്; യേശു തന്റെ ശുശ്രൂഷ നിർവഹിക്കാൻ തുടങ്ങിയതിനു മുമ്പ്, സാധാരണ മനുഷ്യരിൽ നിന്ന് അവനു യാതൊരു വ്യത്യാസവുമുണ്ടായിരുന്നില്ല, മറ്റുള്ളവർക്ക് അവനിൽ യാതൊരു വ്യത്യാസവും കാണാൻ കഴിഞ്ഞുമില്ല. ദൈവത്തിന്റെ വേലയുടെ ഒരു ഘട്ടം പൂർത്തിയാക്കാനാണു താൻ വന്നിട്ടുള്ളതെന്നു യേശു അറിഞ്ഞത് അവനു 29 വയസ്സു പൂർത്തിയായശേഷം മാത്രമാണ്; മുമ്പ് അവനു തന്നെ അതറിയുമായിരുന്നില്ല, കാരണം ദൈവം ചെയ്ത വേല അമാനുഷികമായിരുന്നില്ല. പന്ത്രണ്ടാം വയസ്സിൽ സിനഗോഗിൽ അവൻ ഒരു യോഗത്തിൽ സംബന്ധിച്ചപ്പോൾ മറിയം അവനെ അന്വേഷിക്കുകയായിരുന്നു. മറ്റ് ഏതൊരു കുട്ടിയും പറയുമായിരുന്നതുപോലെ അവൻ ഒരു വാചകം മാത്രം പറഞ്ഞു: “അമ്മേ! എന്റെ പിതാവിന്റെ ഹിതം ഞാൻ എല്ലാറ്റിനും ഉപരിയായി വയ്ക്കേണ്ടതാണെന്നു അമ്മയ്ക്കറിയില്ലേ?” തീർച്ചയായും, അവൻ പരിശുദ്ധാത്മാവിനാൽ ഉരുവായതിനാൽ ഏതെങ്കിലും വിധത്തിൽ അവൻ പ്രത്യേകത ഉള്ളവൻ ആകുമായിരുന്നില്ലേ? പക്ഷേ, അവൻ അമാനുഷികനാണെന്നല്ല അവന്റെ പ്രത്യേകത അർത്ഥമാക്കുന്നത്. മറിച്ച്, മറ്റേതൊരു കൊച്ചു കുട്ടിയേക്കാളും അധികമായി അവൻ ദൈവത്തെ സ്നേഹിച്ചെന്നു മാത്രമാണ്. പ്രത്യക്ഷത്തിൽ അവൻ മനുഷ്യനായിരുന്നുവെങ്കിലും അവന്റെ സത്ത അപ്പോഴും സവിശേഷവും മറ്റുള്ളവരിൽ നിന്നു വ്യത്യസ്തവുമായിരുന്നു. എന്നിരുന്നാലും, സ്നാപനത്തിനു ശേഷം മാത്രമാണ് തന്നിൽ പരിശുദ്ധാത്മാവു പ്രവർത്തിക്കുന്നത് അവൻ ശരിക്കും മനസ്സിലാക്കിയതും താൻ ദൈവം തന്നെയാണെന്നു തിരിച്ചറിഞ്ഞതും. 33 വയസ്സെത്തിയപ്പോൾ മാത്രമാണു ക്രൂശാരോഹണത്തിന്റെ വേല തന്നിലൂടെ നിർവഹിക്കുവാൻ പരിശുദ്ധാത്മാവ് ഉദ്ദേശിച്ചുവെന്ന് അവൻ ശരിക്കും മനസ്സിലാക്കിയത്. 32-ാമത്തെ വയസ്സിൽ ചില ആന്തരിക സത്യങ്ങൾ അവൻ മനസ്സിലാക്കിയിരുന്നു. മത്തായിയുടെ സുവിശേഷത്തിൽ എഴുതപ്പെട്ടിട്ടുള്ളതുപോലെ ആയിരുന്നു അത്: “അവിടുന്ന് ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു” എന്നു ശിമോൻ പത്രോസ് പറഞ്ഞു. ... താൻ യെരൂശലേമിലേക്കു പോകേണ്ടതാണെന്നും യെഹൂദപ്രമാണികളിൽനിന്നും പുരോഹിത മുഖ്യന്മാരിൽനിന്നും മതപണ്ഡിതന്മാരിൽനിന്നും വളരെയധികം പീഡനങ്ങൾ സഹിക്കുകയും വധിക്കപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേല്‌ക്കുകയും ചെയ്യേണ്ടതാണെന്നും അന്നുമുതൽ യേശു വ്യക്തമാക്കുവാൻ തുടങ്ങി.” എന്തു വേലയാണു താൻ ചെയ്യേണ്ടതെന്നു ഒരു നിശ്ചിത സമയത്തല്ലാതെ മുൻകൂട്ടി അവൻ അറിഞ്ഞിരുന്നില്ല. ജനിച്ചയുടനെ അവനതു പൂർണമായി അറിഞ്ഞിരുന്നില്ല; പരിശുദ്ധാത്മാവ് അവനിൽ ക്രമേണ പ്രവർത്തിച്ചു, ആ വേലയ്ക്ക് ഒരു നടപടിക്രമം ഉണ്ടായിരുന്നു. താൻ ദൈവവും ക്രിസ്തുവും മനുഷ്യജന്മമെടുത്ത മനുഷ്യപുത്രനും അതുപോലെ ക്രൂശാരോഹണത്തിന്റെ വേല നിറവേറ്റേണ്ടവനുമാണെന്ന് തുടക്കത്തിലേ അവൻ അറിഞ്ഞിരുന്നുവെങ്കിൽ, പിന്നെ എന്തുകൊണ്ട് അവൻ മുമ്പേ വേല ചെയ്തില്ല? തന്റെ ശുശ്രൂഷയെ കുറിച്ചു ശിഷ്യരോടു പറഞ്ഞശേഷം മാത്രം യേശുവിനു ദുഃഖം തോന്നിയതും അതിനായി തീക്ഷ്ണതയോടെ പ്രാർത്ഥിച്ചതും എന്തുകൊണ്ട്? യോഹന്നാൻ അവനു വഴിയൊരുക്കിയതും അവനു മനസ്സിലാക്കാതിരുന്ന നിരവധി കാര്യങ്ങൾ മനസ്സിലാകാനിടയാകുന്നതിനു മുമ്പു അവനെ സ്നാപനം ചെയ്യിച്ചതും എന്തുകൊണ്ട്? ജഡത്തിൽ മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേലയായിരുന്നു അതെന്നാണ് ഇതു തെളിയിക്കുന്നത്. അതുകൊണ്ട്, അവന് ഇതു മനസ്സിലാകാനും കൈവരിക്കാനും ഒരു നടപടിക്രമം ഉണ്ടായിരുന്നു. കാരണം ദൈവത്തിന്റെ മനുഷ്യജന്മമെടുത്ത ജഡമായിരുന്നു അവൻ. പരിശുദ്ധാത്മാവ് നേരിട്ടു ചെയ്തതിൽ നിന്നു വ്യത്യസ്തമായിരുന്നു അവന്റെ വേല.
ദൈവത്തിന്റെ വേലയുടെ എല്ലാ ചുവടും ഒരൊറ്റ പ്രവാഹത്തെ പിന്തുടരുന്നു. അതുകൊണ്ട്, ലോകസ്ഥാപനം മുതൽ ഇന്നുവരെ ആറായിരം വർഷത്തെ ദൈവത്തിന്റെ കാര്യനിർവഹണ പദ്ധതിയിൽ ഓരോ ചുവടിനോടും അതിനടുത്ത ചുവട് വളരെ അടുത്ത് സംഭവിക്കുന്നു. പാതയൊരുക്കാൻ ആരുമില്ലെങ്കിൽ പിന്നാലെ വരാനും ആരുമുണ്ടാവുകയില്ല; പിന്നാലെ വരാൻ ആളുകളുള്ളതുകൊണ്ട്, പാതയൊരുക്കാനും ആളുകളുണ്ട്. ഈ വിധത്തിൽ, പടിപടിയായി വേല നിർവഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഒരു ചുവടിനു പുറകെ മറ്റൊന്ന്, പാത ഒരുക്കാൻ ആരെങ്കിലുമില്ലാതെ വേല തുടങ്ങുക അസാദ്ധ്യമാകും. അപ്പോൾ ദൈവത്തിനു തന്റെ വേല മുന്നോട്ടു കൊണ്ടുപോകാൻ മാർഗമൊന്നും കാണുകയില്ല. ഒരു ചുവടും മറ്റൊന്നിനു വിരുദ്ധമല്ല, ഒരോന്നും മറ്റൊന്നിനെ അതിന്റെ ക്രമത്തിൽ പിന്തുടർന്ന് ഒരു പ്രവാഹമാകുന്നു; ഒരേ ആത്മാവിനാലാണ് ഇതെല്ലാം ചെയ്യപ്പെടുന്നത്. ആരെങ്കിലും പാത ഒരുക്കുകയോ മറ്റൊരാളിന്റെ വേല നിർവഹിക്കുകയോ ചെയ്യുന്നുവെന്നിരുന്നാലും ഇത് അവരുടെ സ്വത്വത്തെ നിശ്ചയിക്കുന്നില്ല. ഇതു ശരിയല്ലേ? യോഹന്നാൻ പാത ഒരുക്കി, യേശു അവന്റെ വേല നിർവഹിച്ചു. അതുകൊണ്ട് യേശുവിന്റെ സ്വത്വം യോഹന്നാന്റേതിൽനിന്നു താഴെയാണെന്ന് ഇതു തെളിയിക്കുന്നുണ്ടോ? യഹോവ യേശുവിനു മുമ്പേ തന്റെ വേല നിർവഹിച്ചു, അതുകൊണ്ട്, യഹോവ യേശുവിനെക്കാൾ വലിയവനാണെന്നു നിനക്കു പറയാൻ കഴിയുമോ? അവർ പാതയൊരുക്കിയോ മറ്റുള്ളവരുടെ വേല നിർവഹിച്ചുവോ എന്നതല്ല പ്രധാനം; അവരുടെ വേലയുടെ സത്തയും അതു പ്രതിനിധീകരിക്കുന്ന സ്വത്വവുമാണു ഏറ്റവും പ്രധാനം, ശരിയല്ലേ? മനുഷ്യർക്കിടയിൽ പ്രവർത്തിക്കാൻ ദൈവം ഉദ്ദേശിച്ചതുകൊണ്ട് പാതയൊരുക്കുന്ന വേല ചെയ്യാൻ കഴിയുന്നവരെ അവന് ഉപയോഗിക്കേണ്ടിയിരുന്നു. പ്രസംഗിക്കാൻ ആരംഭിച്ചയുടൻ യോഹന്നാൻ പറഞ്ഞു, “ദൈവത്തിനുവേണ്ടി വഴിയൊരുക്കുക; അവിടുത്തെ പാതകൾ നേരേയാക്കുക.” “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നതിനാൽ അനുതപിച്ചു ദൈവത്തിലേക്കു തിരിയുക.” തുടക്കം മുതലേ അവൻ ഇപ്രകാരം സംസാരിച്ചു. ഈ വചനങ്ങൾ പറയുവാൻ അവനു കഴിഞ്ഞത് എന്തുകൊണ്ടാണ്? ഈ വചനങ്ങൾ പറയപ്പെട്ട ക്രമത്തിന്റെ അടിസ്ഥാനത്തിൽ, യോഹന്നാനാണ് സ്വർഗരാജ്യത്തിന്റെ സുവിശേഷം ആദ്യം പറഞ്ഞത്, തുടർന്ന് യേശു അതേക്കുറിച്ചു സംസാരിച്ചു. മനുഷ്യന്റെ ആശയങ്ങൾക്കനുസരിച്ച്, യോഹന്നാനാണു പുതിയ പാത തുറന്നത്, അതുകൊണ്ട് തീർച്ചയായും യോഹന്നാനാണ് യേശുവിനെക്കാൾ വലിയവൻ ആയിരുന്നത്. പക്ഷേ താൻ ക്രിസ്തുവാണെന്ന് യോഹന്നാൻ പറഞ്ഞില്ല, അവൻ ദൈവത്തിന്റെ പ്രിയപുത്രനാണെന്ന സാക്ഷ്യം ദൈവം വഹിച്ചുമില്ല. മറിച്ച്, കർത്താവിനു പാത ഒരുക്കാനും വഴി തുറക്കാനും അവനെ ഉപയോഗിക്കുക മാത്രം ചെയ്തു. അവൻ യേശുവിനു പാത ഒരുക്കി, പക്ഷേ യേശുവിനു വേണ്ടി വേല ചെയ്യാൻ കഴിഞ്ഞില്ല. മനുഷ്യന്റെ എല്ലാ വേലയും പരിശുദ്ധാത്മാവിനെ ഉപയോഗിച്ചാണ് നിർവഹിച്ചത്.
പഴയനിയമ യുഗത്തിൽ യഹോവയാണു വഴി നയിച്ചത്, യഹോവയുടെ വേല മുഴു പഴയനിയമ യുഗത്തെയും ഇസ്രായേലിൽ ചെയ്ത മുഴുവൻ പ്രവർത്തനത്തെയും പ്രതിനിധീകരിച്ചു. മോശ ഭൂമിയിൽ ഈ വേലയെ ഉയർത്തിപ്പിടിക്കുക മാത്രം ചെയ്തു. അവന്റെ കഠിനാദ്ധ്വാനങ്ങൾ മനുഷ്യൻ നൽകിയ സഹകരണമായി പരിഗണിക്കപ്പെടുന്നു. ആ സമയത്തു യഹോവയാണു മോശയെ വിളിച്ചു സംസാരിച്ചത്. ഇസ്രായേലിലെ ജനങ്ങൾക്കിടയിൽ അവൻ മോശയെ എഴുന്നേൽപ്പിക്കുകയും മരുഭൂമിയിലേക്കും തുടർന്ന് കാനാനിലേക്കും അവരെ നയിക്കാൻ അവനെ പ്രാപ്തനാക്കുകയും ചെയ്തു. അതു മോശയുടെ സ്വന്തം വേല ആയിരുനനില്ല, മറിച്ചു യഹോവ നേരിട്ടു നിർദേശിച്ചതായിരുന്നു. അതുകൊണ്ടു മോശയെ ദൈവമെന്നു വിളിക്കാൻ കഴിയില്ല. മോശ നിയമം രേഖപ്പെടുത്തിയെങ്കിലും ആ നിയമം യഹോവ നേരിട്ട് കൽപ്പിച്ചതാണ്. അതു വെളിപ്പെടുത്തുവാൻ അവൻ മോശയെ ഉപയോഗപ്പെടുത്തി എന്നു മാത്രമേയുള്ളൂ. യേശുവും കൽപ്പനകൾ നൽകി. അവൻ പഴയനിയമ ചട്ടങ്ങൾ അസാധുവാക്കുകയും പുതുയുഗത്തിനു വേണ്ടിയുള്ള കൽപനകൾ പുറപ്പെടുവിക്കുകയും ചെയ്തു. യേശു ദൈവം ആയിരിക്കുന്നത് എന്തുകൊണ്ട്? കാരണം, അവിടെ ഒരു വ്യത്യാസമുണ്ട്. ആ സമയത്ത് മോശ ചെയ്ത വേല ആ യുഗത്തെ പ്രതിനിധീകരിക്കുകയോ പുതിയ പാത തുറക്കുകയോ ചെയ്തില്ല; അവൻ യഹോവയാൽ മുന്നോട്ടു നയിക്കപ്പെട്ടവൻ, ദൈവത്താൽ ഉപയോഗിക്കപ്പെട്ടവൻ മാത്രമായിരുന്നു. യേശു വന്നപ്പോൾ പാതയൊരുക്കുന്ന വേല യോഹന്നാൻ നിർവഹിക്കുകയും സ്വർഗരാജ്യ സുവിശേഷം പ്രചരിപ്പിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു (പരിശുദ്ധാത്മാവാണ് അത് ആരംഭിച്ചത്). യേശു വന്നപ്പോൾ അവൻ സ്വന്തം വേല നേരിട്ടു ചെയ്തു. പക്ഷേ അവന്റെ വേലയും മോശയുടെ വേലയും തമ്മിൽ വലിയൊരു വ്യത്യാസമുണ്ടായിരുന്നു. യെശയ്യാവും നിരവധി പ്രവചനങ്ങൾ നടത്തി, എന്നിട്ടും എന്തുകൊണ്ട് അവൻ ദൈവം ആയില്ല? വളരെയധികം പ്രവചനങ്ങളൊന്നും യേശു നടത്തിയിട്ടില്ലെങ്കിലും, അവൻ എന്തുകൊണ്ടു ദൈവമായി? അക്കാലത്തെ യേശുവിന്റെ വേലയെല്ലാം പരിശുദ്ധാത്മാവിൽ നിന്നു വന്നവയാണെന്നു പറയാൻ ആരും ധൈര്യപ്പെട്ടില്ല, മനുഷ്യേച്ഛയിൽ നിന്നാണ് അവയെല്ലാം വന്നതെന്നോ അവ പൂർണമായും ദൈവത്തിന്റെ തന്നെ വേലയായിരുന്നുവെന്നോ പറയാനും അവർ ധൈര്യപ്പെട്ടില്ല. അത്തരം കാര്യങ്ങൾ അപഗ്രഥിക്കാൻ മനുഷ്യനു മാർഗമുണ്ടായിരുന്നില്ല. യെശയ്യാവ് അത്തരം വേല ചെയ്തു, അത്തരം പ്രവചനങ്ങൾ നടത്തി, അവയെല്ലാം പരിശുദ്ധാത്മാവിൽനിന്നു വന്നു എന്നു പറയാൻ കഴിയുന്നതാണ്; അവ യെശയ്യായിൽനിന്നു തന്നെ നേരിട്ടു വന്നതല്ല, മറിച്ച് യഹോവയുടെ വെളിപ്പെടുത്തലുകൾ ആയിരുന്നു. യേശു വലിയൊരളവിലുള്ള വേല ചെയ്തില്ല, ധാരാളം വചനങ്ങൾ അരുളിച്ചെയ്തില്ല, നിരവധി പ്രവചനങ്ങൾ നടത്തിയുമില്ല. അവന്റെ പ്രബോധനം സവിശേഷമായ വിധത്തിൽ മഹത്തരമായി മനുഷ്യനു തോന്നിയില്ല. എങ്കിലും അവൻ ദൈവം തന്നെയായിരുന്നു, മനുഷ്യന് ഇതു വിശദീകരിക്കാനാവില്ല. യോഹന്നാനിലോ യെശയ്യാവിലോ ദാവീദിലോ ആരും ഒരിക്കലും വിശ്വസിച്ചില്ല, ആരും അവരെ ദൈവമെന്നോ ദൈവമായ ദാവീദെന്നോ ദൈവമായ യോഹന്നാനെന്നോ വിളിച്ചില്ല; ആരും ഒരിക്കലും അത്തരത്തിൽ സംസാരിച്ചിരുന്നില്ല, യേശുവിനെ മാത്രമാണ് എപ്പോഴും ക്രിസ്തുവെന്നു വിളിച്ചത്. ദൈവത്തിന്റെ സാക്ഷ്യത്തിനും അവൻ ഏറ്റെടുത്ത വേലയ്ക്കും അവൻ നിറവേറ്റിയ ശുശ്രൂഷയ്ക്കും അനുസരിച്ചാണ് ഈ വർഗീകരണം നടത്തിയിരിക്കുന്നത്. ബൈബിളിലെ വലിയ മനുഷ്യരെ സംബന്ധിച്ച്—അബ്രാഹം, ദാവീദ്, യോശുവ, ദാനീയേൽ, യെശയ്യാവ്, യോഹന്നാൻ, യേശു—അവർ ചെയ്ത വേലയിലൂടെ ആരാണു ദൈവമെന്നും ഏതുതരം മനുഷ്യരാണു പ്രവാചകന്മാരെന്നും ആരൊക്കെയാണു അപ്പസ്തോലന്മാരെന്നും നിനക്കു പറയാൻ കഴിയും. ആരെയാണു ദൈവം ഉപയോഗിച്ചതെന്നും ആരായിരുന്നു ദൈവമെന്നും വേർതിരിച്ചറിയുന്നതും നിശ്ചയിക്കുന്നതും അവർ ചെയ്ത വേലയുടെ തരവും സത്തയുമാണ്. ഈ വ്യത്യാസം പറയാൻ നിനക്കു കഴിയുന്നില്ലെങ്കിൽ ദൈവത്തിൽ വിശ്വസിക്കുന്നതുകൊണ്ട് എന്താണർത്ഥമാക്കുന്നത് എന്നു നിനക്കറിയില്ലെന്ന് ഇതു തെളിയിക്കുന്നു. യേശു ദൈവമായിരിക്കുന്നത് അവൻ ധാരാളം വചനങ്ങൾ അരുളിച്ചെയ്തതുകൊണ്ടും ധാരാളം വേല ചെയ്തതുകൊണ്ടുമാണ്, വിശേഷിച്ചും അവന്റെ അനേകം അത്ഭുത പ്രവൃത്തികൾ. അതുപോലെ യോഹന്നാനും ധാരാളം വേല ചെയ്തു. ധാരാളം വചനങ്ങൾ സംസാരിച്ചു, മോശയും അപ്രകാരം ചെയ്തു; അവർ എന്തുകൊണ്ടു ദൈവമെന്നു വിളിക്കപ്പെടുന്നില്ല? ആദാമിനെ ദൈവം നേരിട്ടു സൃഷ്ടിച്ചതാണ്; അവൻ എന്തുകൊണ്ടു ദൈവമെന്നു വിളിക്കപ്പെട്ടില്ല, പകരം വെറുമൊരു സൃഷ്ടിയെന്നു വിളിക്കപ്പെട്ടു? “ഇന്നു ദൈവം ധാരാളം വേല ചെയ്തിരിക്കുന്നു, ധാരാളം വചനങ്ങൾ അരുളിച്ചെയ്തിരിക്കുന്നു; അവൻ ദൈവം തന്നെയാണ്. പിന്നെ, മോശയും ധാരാളം വചനങ്ങൾ പറഞ്ഞതിനാൽ അവനും ദൈവം തന്നെ ആയിരിക്കണം!” എന്ന് ആരെങ്കിലും നിന്നോടു പറഞ്ഞാൽ, നീ തിരിച്ചു ചോദിക്കണം, “ആ സമയത്തു ദൈവം യോഹന്നാനല്ല, മറിച്ച് യേശുവിനു ദൈവം തന്നെയാണെന്ന സാക്ഷ്യം വഹിച്ചു? യോഹന്നാൻ യേശുവിനു മുമ്പു വന്നില്ലേ? വലിയ വേല ഏതായിരുന്നു, യോഹന്നാന്റെയോ യേശുവിന്റെയോ? യോഹന്നാന്റെ വേലയാണു മനുഷ്യനു യേശുവിന്റേതിനെക്കാൾ വലുതായി കാണപ്പെടുന്നത്. എങ്കിലും പരിശുദ്ധാത്മാവ് എന്തുകൊണ്ട് യേശുവിനു സാക്ഷ്യം വഹിച്ചു, യോഹന്നാനു സാക്ഷ്യം വഹിച്ചില്ല?” ഇതേ കാര്യമാണ് ഇന്നും സംഭവിക്കുന്നത്! ആ സമയത്ത്, ഇസ്രായേൽ ജനതയെ മോശ നയിച്ചപ്പോൾ, മേഘങ്ങൾക്കിടയിൽ നിന്നു യഹോവ അവനോടു സംസാരിച്ചു. മോശ നേരിട്ടു സംസാരിച്ചില്ല, പകരം യഹോവയാൽ നേരിട്ടു നയിക്കപ്പെടുകയാണ് ചെയ്തത്. പഴയനിയമത്തിലെ ഇസ്രായേലിന്റെ വേലയായിരുന്നു ഇത്. മോശയുടെ ഉള്ളിൽ ആത്മാവോ ദൈവത്തിന്റെ സ്വത്വമോ ഉണ്ടായിരുന്നില്ല. അവന് ആ വേല ചെയ്യാൻ കഴിഞ്ഞില്ല, അതുകൊണ്ട് അവൻ ചെയ്ത വേലയും യേശു ചെയ്ത വേലയും തമ്മിൽ വലിയൊരു വ്യത്യാസമുണ്ട്. അവർ ചെയ്ത വേല വ്യത്യസ്തമായിരുന്നു എന്നതാണ് കാരണം! ആരെങ്കിലും ദൈവത്താൽ ഉപയോഗിക്കപ്പെടുന്നുണ്ടോ, പ്രവാചകനോ അപ്പസ്തോലനോ ദൈവം തന്നെയോ ആണോ എന്നു വിവേചിച്ചറിയേണ്ടത് അവന്റെ വേലയുടെ പ്രകൃതം നോക്കിയാണ്, ഇതു നിന്റെ സംശയങ്ങളെ ദുരീകരിക്കും. കുഞ്ഞാടിനു മാത്രമേ ഏഴു മുദ്രകൾ തുറക്കാൻ കഴിയുകയുള്ളൂവെന്നു ബൈബിളിൽ എഴുതിയിട്ടുണ്ട്. യുഗങ്ങളിലുടനീളം, മഹാ വ്യക്തിത്വങ്ങൾക്കിടയിൽ തിരുവെഴുത്തുകളെ വിശദീകരിച്ചവർ ധാരാളമുണ്ടായിരുന്നിട്ടുണ്ട്. അതുകൊണ്ട്, അവരെല്ലാം കുഞ്ഞാടാണെന്നു നിനക്കു പറയാൻ കഴിയുമോ? അവരുടെ വിശദീകരണങ്ങളെല്ലാം ദൈവത്തിൽ നിന്നു വരുന്നുവെന്നു നിനക്കു പറയാൻ കഴിയുമോ? അവർ വിശദീകരിക്കുന്നവർ മാത്രമാണ്; അവർക്കു കുഞ്ഞാടിന്റെ സ്വത്വമില്ല. ഏഴു മുദ്രകൾ തുറക്കുന്നതിനു യോഗ്യരാകാൻ അവർക്കെങ്ങനെ കഴിയും? “കുഞ്ഞാടിനു മാത്രമേ ഏഴു മുദ്രകൾ തുറക്കാൻ കഴിയൂ” എന്നതു സത്യമാണ്, പക്ഷേ ഏഴു മുദ്രകൾ തുറക്കാൻ വേണ്ടി മാത്രമല്ല അവൻ വരുന്നത്; ഈ വേലയ്ക്ക് യാതൊരു അവശ്യവുമില്ല, അതു ആകസ്മികമായി ചെയ്തതാണ്. തന്റെ സ്വന്തം വേലയെ കുറിച്ച് അവനു പരിപൂർണമായ വ്യക്തത ഉണ്ട്; അവൻ തിരുവെഴുത്തുകളെ വ്യാഖ്യാനിച്ചുകൊണ്ടു ധാരാളം സമയം ചിലവഴിക്കേണ്ട ആവശ്യമുണ്ടോ? “തിരുവെഴുത്തുകളെ വ്യാഖ്യാനിക്കുന്ന കുഞ്ഞാടിന്റെ യുഗം” ആറായിരം വർഷത്തെ വേലയോടു നിർബന്ധമായി കൂട്ടിച്ചേർക്കേണ്ടതുണ്ടോ? പുതിയ വേല ചെയ്യാനാണ് അവൻ വരുന്നത്, പക്ഷേ കഴിഞ്ഞ കാലങ്ങളിലെ വേലയെ കുറിച്ചുള്ള ചില വെളിപാടുകൾ നൽകിക്കൊണ്ട് അവൻ പ്രവർത്തനത്തിന്റെ ആറായിരം വർഷത്തെ സത്യത്തെ കുറിച്ച് ആളുകളെ ഗ്രാഹ്യമുള്ളവൻ ആക്കുന്നു. ബൈബിളിൽ നിന്നുള്ള ഒരുപാടു ഭാഗങ്ങൾ വിശദീകരിക്കേണ്ട ആവശ്യമില്ല; ഇന്നത്തെ വേലയാണു നിർണായകം, അതാണു പ്രധാനം. സവിശേഷമായും ഏഴു മുദ്രകൾ പൊട്ടിക്കാൻ വേണ്ടിയല്ല ദൈവം വരുന്നത്, മറിച്ചു വീണ്ടെടുപ്പിന്റെ വേല ചെയ്യാനാണെന്നു നീ അറിയണം.
അന്ത്യനാളുകളിൽ യേശു ഇറങ്ങിവരും എന്നു മാത്രമേ നിനക്കറിയൂ, പക്ഷേ, കൃത്യമായും എപ്രകാരമാണു അവൻ ഇറങ്ങിവരിക? ഇപ്പോൾ മാത്രം വീണ്ടെടുക്കപ്പെട്ടിരിക്കുന്ന, മാറ്റം വരികയോ ദൈവത്താൽ പരിപൂർണനാക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത നിങ്ങളെ പോലൊരു പാപിക്ക്, നിനക്കു ദൈവത്തിന്റെ ഹൃദയത്തെ അനുഗമിക്കാനാകുമോ? നിന്നെ സംബന്ധിച്ച് നീ ഇപ്പോഴും പഴയ സ്വത്വമാണ്, യേശുവിനാൽ നീ രക്ഷിക്കപ്പെട്ടുവെന്നും ദൈവത്താലുള്ള രക്ഷമൂലം നീ ഒരു പാപിയായി എണ്ണപ്പെടുന്നില്ലെന്നും ഉള്ളതു ശരിയാണ്. എന്നാൽ, നീ പാപപൂർണനല്ലെന്നോ അശുദ്ധനല്ലെന്നോ ഇതു തെളിയിക്കുന്നില്ല. മാറ്റം വന്നിട്ടില്ലെങ്കിൽ നിനക്കെങ്ങനെ വിശുദ്ധിയുള്ളവനാകാൻ കഴിയും? ഉള്ളിൽ, അശുദ്ധിയും സ്വാർത്ഥതയും അധമത്വവും നിന്നെ ഞെരുക്കുന്നു, എന്നിട്ടും യേശുവിനൊപ്പം ഇറങ്ങിവരാൻ നീ ആഗ്രഹിക്കുന്നു—അതിനും മാത്രം ഭാഗ്യവാനായിരിക്കണം നീ! ദൈവത്തിലുള്ള വിശ്വാസത്തിൽ ഒരു ചുവടു നിനക്കു നഷ്ടമായിരിക്കുന്നു: നീ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു എന്നേയുള്ളൂ, നീ മാറിയിട്ടില്ല. നിനക്കു ദൈവത്തിന്റെ ഹൃദയത്തെ അനുഗമിക്കുന്നതിന്, നിന്നെ മാറ്റുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ജോലി ദൈവം നേരിട്ടു ചെയ്യണം; നീ വീണ്ടെടുക്കപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിൽ വിശുദ്ധി പ്രാപിക്കാൻ നീ അപ്രാപ്തനായിരിക്കും. ഈ വിധത്തിൽ, ദൈവത്തിന്റെ നല്ല അനുഗ്രഹങ്ങൾ പങ്കുപറ്റാൻ നീ യോഗ്യനായിരിക്കുകയില്ല. കാരണം, മനുഷ്യനെ കൈകാര്യം ചെയ്യുന്ന ദൈവവേലയുടെ ഒരു പടി നിനക്കു നഷ്ടപ്പെട്ടിരിക്കുന്നു. മാറ്റുകയും പരിപൂർണനാക്കുകയും ചെയ്യുന്നതിന്റെ നിർണായക പടിയാണ് അത്. ഇപ്പോൾ വീണ്ടെടുക്കപ്പെട്ടിരിക്കുന്ന ഒരു പാപിയായ നീ അതുകൊണ്ടു ദൈവത്തിന്റെ അനന്തരാവകാശം നേരിട്ടു അവകാശമാക്കാൻ അപ്രാപ്തനാണ്.
വേലയുടെ ഈ പുതിയ ഘട്ടം ആരംഭിക്കാതെ, സുവിശേഷകരും പ്രഘോഷകരും വ്യാഖ്യാതാക്കളും മഹാ ആത്മീയ മനുഷ്യരെന്നു വിളിക്കപ്പെടുന്നവരുമായ നിങ്ങൾ എത്ര ദൂരം പോകുമെന്ന് ആർക്കറിയാം! വേലയുടെ ഈ പുതിയ ഘട്ടം ആരംഭിക്കാതെ, നിങ്ങൾ സംസാരിക്കുന്നതെല്ലാം കാലഹരണപ്പെട്ടതാകും! അതു സിംഹാസനത്തിൽ കയറുന്നതിനെ കുറിച്ചോ രാജാവാകുന്നതിന്റെ ഔന്നത്യം ഒരുക്കുന്നതിനെ കുറിച്ചോ ആണ്; അഹത്തെ നിഷേധിക്കുന്നതിനെ കുറിച്ചോ ശരീരത്തിനു വഴങ്ങുന്നതിനെ കുറിച്ചോ ആണ്; ക്ഷമയുള്ളവരാകുന്നതിനെ കുറിച്ചോ എല്ലാ കാര്യങ്ങളിലും നിന്നു പാഠങ്ങൾ പഠിക്കുന്നതിനെ കുറിച്ചോ ആണ്; താഴ്മയെ കുറിച്ചോ സ്നേഹത്തെ കുറിച്ചോ ആണ്. പഴയ അതേ ഈണത്തിൽതന്നെ പാടലല്ലേ അത്? ഒരേ കാര്യത്തെ മറ്റൊരു പേരു വിളിക്കുന്ന സംഗതി മാത്രമാണിത്! ഒന്നുകിൽ തല മൂടുന്നതും അപ്പം മുറിക്കുന്നതും അല്ലെങ്കിൽ കൈ വിരിച്ചു പ്രാർത്ഥിക്കുന്നതും രോഗിയെ സുഖപ്പെടുത്തുന്നതും ഭൂതങ്ങളെ പുറത്താക്കുന്നതും. എന്തെങ്കിലും പുതിയ വേല ഉണ്ടായിരിക്കുമോ? വളർച്ചയുടെ എന്തെങ്കിലും സാദ്ധ്യത അവിടെയുണ്ടാകുമോ? ഈ വിധത്തിൽ നീ മുന്നോട്ടു നയിച്ചാൽ, നീ പ്രമാണങ്ങളെ അന്ധമായി അനുഗമിക്കുകയോ ആചാരങ്ങൾ പാലിക്കുകയോ ആയിരിക്കും നീ ചെയ്യുക. നിങ്ങളുടെ വേല വളരെയേറെ ഉന്നതമാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. എന്നാൽ, പുരാതന കാലങ്ങളിലെ “പഴയ മനുഷ്യർ” പഠിപ്പിച്ചതും കൈമാറിയതുമാണവയെല്ലാമെന്നു നിങ്ങൾക്കറിയില്ലേ? ആ പഴയ മനുഷ്യരുടെ അന്ത്യ വചനങ്ങളല്ലേ നിങ്ങൾ പറയുന്നതും ചെയ്യുന്നതും? മരിക്കുന്നതിനു മുമ്പ് ആ പഴയ മനുഷ്യർ ഭരമേൽപിച്ചതല്ലേ ഇത്? മുൻ തലമുറകളിലെ അപ്പസ്തോലന്മാരുടെയും പ്രവാചകന്മാരുടെയും പ്രവൃത്തികളെ, എന്തിന് എല്ലാ കാര്യങ്ങളെയും, കവിഞ്ഞുപോകുന്നതാണ് നിങ്ങളുടെ പ്രവൃത്തികളെന്നു നിങ്ങൾ വിചാരിക്കുന്നില്ലേ? വേലയുടെ ഈ ഘട്ടത്തിന്റെ ആരംഭം, ഒരു രാജാവായി മാറാനും സിംഹാസനത്തിലേറാനുമുള്ള വിറ്റ്നസ് ലീയുടെ ഉദ്യമത്തോടുള്ള നിങ്ങളുടെ ഭക്ത്യാദരവിന് ഒരു അന്ത്യം കുറിച്ചു. വേലയുടെ ഈ ഘട്ടത്തിൽ കൈകടത്തി അതു വഷളാക്കാൻ നിങ്ങൾക്കു കഴിയാത്ത വിധത്തിൽ നിങ്ങളുടെ അഹങ്കാരത്തെയും പൊങ്ങച്ചത്തെയും അതു തടഞ്ഞു. വേലയുടെ ഈ ഘട്ടമില്ലെങ്കിൽ, വീണ്ടെടുക്കാൻ കഴിയാത്ത അത്രയും ആഴത്തിലേയ്ക്കു നിങ്ങൾ ആണ്ടുപോകുമായിരുന്നു. പഴയത് അത്രയധികം നിങ്ങളിലുണ്ട്! ഭാഗ്യവശാൽ ഇന്നത്തെ വേല നിങ്ങളെ മടക്കികൊണ്ടുവന്നു; അല്ലാത്തപക്ഷം നിങ്ങൾ ഏതു ദിശയിൽ പോകുമായിരുന്നുവെന്ന് ആർക്കറിയാം! ദൈവം എപ്പോഴും പുതിയവനാണ്, ഒരിക്കലും പഴഞ്ചനല്ല. ആയതിനാൽ നിനക്ക് എന്തുകൊണ്ടു പുതിയ കാര്യങ്ങൾ തേടിക്കൂടാ? എപ്പോഴും നീ പഴയ കാര്യങ്ങളോട് ഒട്ടിനിൽക്കുന്നത് എന്തുകൊണ്ടാണ്? അതുകൊണ്ട്, പരിശുദ്ധാത്മാവിന്റെ ഇന്നത്തെ പ്രവർത്തനം അറിയുന്നത് ഒരു പരമപ്രധാന കാര്യമാണ്!