നിങ്ങള്‍ ഒരു യഥാര്‍ത്ഥ ദൈവവിശ്വാസിയാണോ?

ഒന്നോ രണ്ടോ വര്‍ഷത്തിലേറെയായി നിങ്ങള്‍ ദൈവത്തിലുള്ള വിശ്വാസമെന്ന പാതയില്‍ നടന്നിട്ടുണ്ടാവും, ഒരുപക്ഷേ ഈ വര്‍ഷങ്ങളില്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ വളരെയധികം ക്ലേശങ്ങള്‍ സഹിച്ചിട്ടുണ്ടാവും; അല്ലെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് അധികം ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്നിട്ടില്ലായിരിക്കാം, പകരം വളരെ കൃപ ലഭിച്ചിട്ടുണ്ടാവാം. ഒരുപക്ഷേ നിങ്ങള്‍ ക്ലേശങ്ങളോ കൃപയോ അനുഭവിക്കാതെ, വിശേഷതകളൊന്നുമില്ലാത്ത ഒരു ജീവിതമാവാം നയിച്ചത്. അതെങ്ങനെയായാലും, നിങ്ങള്‍ ദൈവത്തിന്‍റെ ഒരു അനുയായി തന്നെയാണ്, അതുകൊണ്ട് ദൈവത്തെ അനുഗമിക്കുക എന്ന വിഷയത്തെക്കുറിച്ച് നമുക്ക് കൂട്ടായ്മ ആചരിക്കാം. എന്നിരുന്നാലും, ഈ വാക്കുകള്‍ വായിക്കുന്ന എല്ലാവരെയും എനിക്ക് ഓര്‍മ്മിപ്പിക്കുവാനുള്ളത് ദൈവവചനം ദൈവത്തെ അംഗീകരിക്കുകയും അനുഗമിക്കുകയും ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ്, അല്ലാതെ അവനെ അംഗീകരിക്കുന്നുവോ ഇല്ലയോ എന്നു കണക്കാക്കാതെ സകലരെയും ഉദ്ദേശിച്ചുള്ളതല്ല. ദൈവം ജനതതികളോടാണ്, ലോകത്തിലെ സകല മനുഷ്യരോടുമാണ് സംസാരിക്കുന്നതെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, ദൈവത്തിന്‍റെ വചനത്തിന് നിങ്ങളുടെമേല്‍ ഒരു ഫലവും ഉണ്ടായിരിക്കുകയില്ല. അതിനാൽ, ഈ വാക്കുകളെല്ലാം നിങ്ങള്‍ ഹൃദയത്തില്‍ ഓര്‍ക്കുകയും എപ്പോഴും നിങ്ങളെത്തന്നെ അവയില്‍ ഉൾപ്പെടുത്തുകയും വേണം. എങ്ങനെയായാലും, നമ്മുടെ ഭവനത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് നമുക്ക് സംസാരിക്കാം.

ദൈവത്തിലുള്ള വിശ്വാസം എന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം ഇപ്പോള്‍ നിങ്ങളെല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ഞാന്‍ മുമ്പു പറഞ്ഞ ദൈവത്തിലുള്ള വിശ്വാസം എന്നതിന്‍റെ അര്‍ത്ഥം നിങ്ങളുടെ ക്രിയാത്മക പ്രവേശവുമായി ബന്ധപ്പെട്ടതാണ്. ഇന്നത്തെ ദിവസം വ്യത്യസ്തമാണ്: ഇന്ന്, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തിന്‍റെ സത്തയെ വിശകലനം ചെയ്യുവാന്‍ ഞാനാഗ്രഹിക്കുന്നു. തീര്‍ച്ചയായും, ഇത് നിങ്ങളെ ഒരു നിഷേധാത്മക വീക്ഷണത്തില്‍ നിന്ന് വഴി മാറ്റിനടത്തുന്നു; ഞാനതു ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ യഥാര്‍ത്ഥ മുഖം അറിയുകയില്ല, നിങ്ങളുടെ ഭക്തിയെയും വിശ്വസ്തതയെയും കുറിച്ച് എക്കാലവും വീമ്പു പറഞ്ഞുകൊണ്ടിരിക്കും. നിങ്ങളുടെ ഹൃദയങ്ങളുടെ ആഴങ്ങളിലുള്ള വൈരൂപ്യം ഞാന്‍ തുറന്നു കാട്ടിയില്ലെങ്കില്‍, നിങ്ങളോരോരുത്തരും സ്വന്തം ശിരസ്സിന്മേല്‍ ഓരോ കിരീടം വെച്ചുകൊണ്ട് എല്ലാ മഹത്വവും തങ്ങള്‍ക്കുതന്നെ നൽകുമെന്നു പറയുന്നതാണ് ഉചിതം. നിങ്ങളുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമുള്ള സ്വഭാവം നിങ്ങളുടെ തന്നെ മനസ്സാക്ഷിയെ ഒറ്റുകൊടുക്കുന്നതിലേക്കും ക്രിസ്തുവിനെതിരെ മറുതലിക്കുകയും അവനെ ചെറുക്കുകയും ചെയ്യുന്നതിലേക്കും നിങ്ങളെ നയിക്കുകയും അതിലൂടെ നിങ്ങളുടെ ഉദ്ദേശ്യങ്ങളെയും ഉപായങ്ങളെയും അത്യാഗ്രഹങ്ങളെയും ആര്‍ത്തിപൂണ്ട കണ്ണുകളെയും വെളിച്ചത്തു കൊണ്ടുവരികയും ചെയ്യും. എന്നിട്ടും നിങ്ങള്‍ ക്രിസ്തുവിന്‍റെ വേലയിലുള്ള നിങ്ങളുടെ ആജീവനാന്ത അഭിനിവേശത്തെക്കുറിച്ച് ജല്പനം ചെയ്യുന്നത് തുടരുകയും ക്രിസ്തു ദീര്‍ഘകാലം മുമ്പ് പറഞ്ഞ സത്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതാണ് നിങ്ങളുടെ “വിശ്വാസം”—നിങ്ങളുടെ “കലര്‍പ്പില്ലാത്ത വിശ്വാസം.” ഞാന്‍ മനുഷ്യനെ എക്കാലത്തും കര്‍ശനമായ ഒരു മാനദണ്ഡത്തിലാണ് നിര്‍ത്തിയിട്ടുള്ളത്. നിങ്ങളുടെ വിശ്വസ്തത ഉദ്ദേശ്യങ്ങളോടെയും നിബന്ധനകളോടെയും ഉള്ളതാണെങ്കില്‍, എനിക്ക് നിങ്ങളുടെ ഇപ്പറയുന്ന വിശ്വസ്തത ഇല്ലാത്തതാണ് നല്ലത്. കാരണം തങ്ങളുടെ ഉദ്ദേശ്യങ്ങള്‍കൊണ്ട് എന്നെ വഞ്ചിക്കുകയും ഉപാധികൾകൊണ്ട് എന്നെ അപഹരിക്കുകയും ചെയ്യുന്നവരെ ഞാന്‍ വെറുക്കുന്നു. മനുഷ്യന്‍ എന്നോട് പൂര്‍ണ്ണമായി വിശ്വസ്തനായിരിക്കുകയും വിശ്വാസം എന്ന ഒറ്റ വാക്കിനു വേണ്ടിയും അത് തെളിയിക്കുന്നതിനു വേണ്ടിയും എല്ലാം ചെയ്യുകയും വേണം എന്നു മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നെ സന്തോഷിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനായുള്ള നിങ്ങളുടെ മുഖസ്തുതികളെ ഞാന്‍ വെറുക്കുന്നു; കാരണം ഞാന്‍ നിങ്ങളോട് എല്ലായ്പ്പോഴും ആത്മാര്‍ത്ഥമായാണ് പെരുമാറിയിട്ടുള്ളത്, അതിനാൽ എന്നോടുള്ള യഥാര്‍ത്ഥ വിശ്വാസത്തോടെ നിങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വിശ്വാസത്തിന്‍റെ കാര്യം വരുമ്പോള്‍, തങ്ങള്‍ക്ക് വിശ്വാസമുള്ളതുകൊണ്ടാണ് തങ്ങള്‍ ദൈവത്തെ അനുഗമിക്കുന്നത് എന്നും അത് ഇല്ലായിരുന്നെങ്കിൽ ഇത്തരം കഷ്ടതകള്‍ സഹിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ലെന്നും അനേകര്‍ ചിന്തിച്ചേക്കാം. അതുകൊണ്ട് ഞാന്‍ നിങ്ങളോടു ചോദിക്കുന്നു: ദൈവത്തിന്‍റെ അസ്തിത്വത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങളെന്തുകൊണ്ടാണ് അവനെ ആദരിക്കാത്തത്? ദൈവത്തിന്‍റെ അസ്തിത്വത്തിൽ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഹൃദയത്തിൽ അവനെക്കുറിച്ച് നേരിയ ഭയം പോലും ഇല്ലാത്തത് എന്തുകൊണ്ടാണ്? ക്രിസ്തു ദൈവത്തിന്‍റെ അവതാരമാണെന്ന് നിങ്ങള്‍ അംഗീകരിക്കുന്നു, എങ്കില്‍ നിങ്ങളെന്തുകൊണ്ടാണ് അവനെ നിന്ദിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങളവനോട് ആദരവില്ലാതെ പെരുമാറുന്നത്? നിങ്ങളെന്തുകൊണ്ടാണ് അവനെ പരസ്യമായി വിധിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങള്‍ എല്ലായ്പ്പോഴും അവന്‍റെ നീക്കങ്ങളെ സംശയത്തോടെ ഒളിഞ്ഞുനോക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങള്‍ അവന്‍റെ ക്രമീകരണങ്ങള്‍ക്ക് കീഴ്പ്പെടാത്തത്? എന്തുകൊണ്ടാണ് നിങ്ങള്‍ അവന്‍റെ വചനത്തിനനുസൃതമായി പ്രവര്‍ത്തിക്കാത്തത്? എന്തുകൊണ്ടാണ് നിങ്ങള്‍ അവന്‍റെ നേര്‍ച്ചദ്രവ്യങ്ങള്‍ അവനില്‍നിന്നും പിടിച്ചു പറിക്കാനും മോഷ്ടിക്കാനും ശ്രമിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങള്‍ ക്രിസ്തുവിന്‍റെ സ്ഥാനത്തുനിന്നു സംസാരിക്കുന്നത്? അവന്‍റെ പ്രവൃത്തിയും വചനവും ശരിയാണോ എന്ന് നിങ്ങള്‍ വിധിക്കുന്നത് എന്തുകൊണ്ടാണ്? അവന്‍റെ പിന്നില്‍നിന്ന് അവനെതിരെ ദൈവദൂഷണം പറയുവാന്‍ നിങ്ങള്‍ ധൈര്യപ്പെടുന്നത് എന്തുകൊണ്ടാണ്? ഇവയും മറ്റും ചേര്‍ന്നതാണോ നിങ്ങളുടെ വിശ്വാസം?

നിങ്ങളുടെ വാക്കുകളിലും പെരുമാറ്റത്തിലും ക്രിസ്തുവിലുള്ള നിങ്ങളുടെ അവിശ്വാസത്തിന്‍റെ പ്രകടമായ ഘടകങ്ങളുണ്ട്. നിങ്ങള്‍ ചെയ്യുന്ന എല്ലാത്തിന്‍റെയും പ്രേരണകളിലും ഉദ്ദേശ്യങ്ങളിലും അവിശ്വാസം നിറഞ്ഞുനില്ക്കുന്നു. നിങ്ങളുടെ ഭാവം പോലും ക്രിസ്തുവിലുള്ള അവിശ്വാസം അടങ്ങിയിരിക്കുന്നു. നിമിഷാനുനിമിഷം നിങ്ങളോരോരുത്തരും അവിശ്വാസത്തിന്‍റെ ഘടകങ്ങളെ മനസ്സില്‍ സൂക്ഷിക്കുന്നുവെന്ന് പറയാം. ഇതിനര്‍ത്ഥം, ഓരോ നിമിഷത്തിലും നിങ്ങള്‍ ക്രിസ്തുവിനെ ഒറ്റുകൊടുക്കുന്ന അപകടാവസ്ഥയിലാണ്, കാരണം നിങ്ങളുടെ ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തില്‍ നിറഞ്ഞിരിക്കുന്നത് ജഡാവതാരമെടുത്ത ദൈവത്തിലുള്ള അവിശ്വാസമാണ്. അതുകൊണ്ട് ഞാന്‍ പറയുന്നത്, ദൈവവിശ്വാസമെന്ന പാതയില്‍ നിങ്ങളവശേഷിപ്പിക്കുന്ന കാല്പാടുകള്‍ യഥാര്‍ത്ഥമല്ല; ദൈവവിശ്വാസമെന്ന പാതയില്‍ നിങ്ങള്‍ നടക്കുമ്പോള്‍, നിങ്ങള്‍ പാദങ്ങള്‍ നിലത്ത് ദൃഢമായി ഊന്നുന്നില്ല—നിങ്ങള്‍ ചടങ്ങ് നിവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങള്‍ ഒരിക്കലും ക്രിസ്തുവിന്‍റെ വചനം പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ല, അതുകൊണ്ട് അത് ഉടനടി പ്രയോഗത്തില്‍ വരുത്തുവാന്‍ അപ്രാപ്തരാണ്. നിങ്ങള്‍ക്ക് ക്രിസ്തുവിൽ വിശ്വാസമില്ലാത്തതിന്‍റെ കാരണം ഇതാണ്. അവനെപ്പറ്റി എല്ലായ്പ്പോഴും മനോഗതങ്ങള്‍ ഉള്ളതാണ് നിങ്ങള്‍ക്ക് അവനില്‍ വിശ്വാസമില്ലാത്തതിന്‍റെ മറ്റൊരു കാരണം. ക്രിസ്തുവിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി സദാ സന്ദേഹമുള്ളത്, ക്രിസ്തുവിന്‍റെ വചനം ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുവാന്‍ അനുവദിക്കുന്നത്, ക്രിസ്തു ചെയ്ത എന്തു പ്രവൃത്തിയെക്കുറിച്ചും ഒരു അഭിപ്രായമുള്ളത്, ക്രിസ്തുവിന്‍റെ ഈ പ്രവൃത്തിയെ ശരിയാംവണ്ണം മനസ്സിലാക്കുവാന്‍ സാധിക്കാത്തത്, നിങ്ങള്‍ക്ക് എന്തെല്ലാം വിശദീകരണങ്ങള്‍ ലഭിച്ചാലും നിങ്ങളുടെ ധാരണകളെ മാറ്റിവയ്ക്കുവാന്‍ പ്രയാസപ്പെടുന്നത്—ഇങ്ങനെയുള്ളതെല്ലാം നിങ്ങളുടെ ഹൃദയങ്ങള്‍ക്കുള്ളില്‍ കെട്ടുപിണഞ്ഞ് കിടക്കുന്ന അവിശ്വാസത്തിന്‍റെ ഘടകങ്ങളാണ്. നിങ്ങള്‍ ക്രിസ്തുവിന്‍റെ പ്രവൃത്തിയെ പിന്തുടരുകയും ഒരിക്കലും പിന്നിലാവാതിരിക്കുകയും ചെയ്താലും, നിങ്ങളുടെ ഹൃദയങ്ങളില്‍ ആവശ്യത്തിലുമേറെ മത്സരചിന്താഗതി സമ്മിശ്രമായിരിക്കുന്നു. ഈ മത്സരചിന്ത നിങ്ങളുടെ ദൈവിശ്വാസത്തിലുള്ള ഒരു മാലിന്യമാണ്. ഒരുപക്ഷേ ഇതാണ് വാസ്തവം എന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ലായിരിക്കാം, പക്ഷേ ഇതിനുള്ളില്‍ നിന്ന് നിങ്ങളുടെ ഉദ്ദേശ്യങ്ങളെ നിങ്ങള്‍ക്ക് തിരിച്ചറിയുവാന്‍ നിങ്ങള്‍ പ്രാപ്തരല്ലെങ്കില്‍, നിങ്ങള്‍ ഉറപ്പായും നശിച്ചുപോകുന്നവരിൽ ഒരാളാണ്; കാരണം ദൈവത്തെ കുറിച്ച് സന്ദേഹമുള്ളവരെയല്ല, അവനില്‍ യഥാര്‍ത്ഥമായി വിശ്വസിക്കുന്നവരെ മാത്രമേ അവൻ പൂര്‍ണ്ണരാക്കുന്നുള്ളൂ, അവന്‍ ദൈവമാണെന്ന് ഒരിക്കലും വിശ്വസിക്കാതെ വൈമനസ്യത്തോടെ അവനെ പിന്തുടര്‍ന്നവരെ പൂർണരാക്കുന്നില്ല.

ചിലയാളുകള്‍ സത്യത്തില്‍ ആഹ്ലാദിക്കുന്നില്ല, ന്യായവിധിയില്‍ അത്രപോലും ഇല്ല. പകരം, പണത്തിലും പ്രതാപത്തിലും അവര്‍ ആഹ്ലാദിക്കുന്നു; അത്തരം മനുഷ്യര്‍ അധികാരാന്വേഷികള്‍ എന്നു വിളിക്കപ്പെടുന്നു. ലോകത്തില്‍ സ്വാധീനമുള്ള വിഭാഗങ്ങളെ മാത്രം അവര്‍ തേടുന്നു, സെമിനാരികളില്‍ നിന്നു വരുന്ന പാസ്റ്റര്‍മാരെയും ഉപദേഷ്ടാക്കളെയും മാത്രം അവര്‍ തിരയുന്നു. സത്യത്തിന്‍റെ പാത അവര്‍ സ്വീകരിച്ചിരിക്കുന്നുവെങ്കിലും, അവര്‍ പകുതി മാത്രമേ വിശ്വസിക്കുന്നുള്ളൂ; ഹൃദയങ്ങളും മനസ്സുകളും സമ്പൂര്‍ണ്ണമായി നല്‍കുവാന്‍ അവര്‍ പ്രാപ്തിയില്ലാത്തവരാണ്, തങ്ങൾ ദേവസേവനത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് അവരുടെ അധരങ്ങള്‍ സംസാരിക്കുന്നു, എന്നാല്‍ അവരുടെ കണ്ണുകള്‍ ശ്രേഷ്ഠരായ പാസ്റ്റര്‍മാരിലും ഉപദേഷ്ടാക്കളിലും കേന്ദ്രീകരിച്ചിരിക്കുന്നു, ക്രിസ്തുവിനെ അവര്‍ രണ്ടാമതൊന്ന് നോക്കുന്നുകൂടിയില്ല. അവരുടെ ഹൃദയങ്ങള്‍ പ്രശസ്തിയിലും ധനത്തിലും മഹത്വത്തിലും ഉറപ്പിക്കപ്പെട്ടിരിക്കുന്നു. അത്തരം ചെറിയ ഒരു വ്യക്തിക്ക് ഇത്രയധികം പേരെ കീഴടക്കുവാന്‍ സാധിക്കുമെന്നത്, അത്ര ശ്രദ്ധേയനല്ലാത്ത ഒരാള്‍ക്ക് മനുഷ്യനെ പൂര്‍ണ്ണനാക്കാന്‍ സാധിക്കുമെന്നത് അസാധ്യമാണെന്ന് അവര്‍ ചിന്തിക്കുന്നു. പൊടിയിലും ചാണകക്കൂനയിലും നിന്നുള്ള ആരുമല്ലാത്ത ഇവരെ ദൈവം തിരഞ്ഞെടുക്കുക സാധ്യമല്ലെന്ന് അവര്‍ വിചാരിക്കുന്നു. അത്തരം ആളുകള്‍ ദൈവത്തിന്‍റെ രക്ഷാപാത്രങ്ങൾ ആയിരുന്നുവെങ്കില്‍, സ്വര്‍ഗ്ഗവും ഭൂമിയും കീഴ്മേല്‍ മറിഞ്ഞേനേ എന്നും സകലരും കഥയില്ലാതെ ചിരിച്ചേനേ എന്നും അവര്‍ വിശ്വസിക്കുന്നു. അത്തരം ആരുമല്ലാത്തവരെ തികവുള്ളവർ ആക്കാനായി ദൈവം തിരഞ്ഞെടുത്തുവെങ്കില്‍, ആ ശ്രേഷ്ഠരായ മനുഷ്യര്‍ ദൈവംതന്നെ ആകുമെന്നും അവര്‍ വിശ്വസിക്കുന്നു. അവരുടെ കാഴ്ചപ്പാടുകള്‍ അവിശ്വാസത്താല്‍ കളങ്കപ്പെട്ടതാണ്; വിശ്വസിക്കാതിരിക്കുന്നതിലുപരി, അവര്‍ വെറും അപഹാസ്യരായ ജന്തുക്കളാണ്. കാരണം അവര്‍ അന്തസ്സിനും പ്രശസ്തിക്കും അധികാരത്തിനും മാത്രം മൂല്യം കല്പിക്കുന്നവരും വലിയ കൂട്ടങ്ങളെയും വിഭാഗങ്ങളെയും മാത്രം വിലമതിക്കുന്നവരുമാണ്. ക്രിസ്തുവിനാല്‍ നയിക്കപ്പെടുന്നവരോട് അവര്‍ക്ക് ലവലേശം ആദരിവില്ല; അവര്‍ ക്രിസ്തുവിനും സത്യത്തിനും ജീവനും നേരേ പുറംതിരിച്ചുകളഞ്ഞിരിക്കുന്ന വെറും വിശ്വാസവഞ്ചകരാണ്.

നിങ്ങള്‍ ആദരിക്കുന്നത് ക്രിസ്തുവിന്‍റെ താഴ്മയെയല്ല, പ്രമുഖ പദവിയുള്ള ആ കള്ള ഇടയന്മാരെയാണ്. ക്രിസ്തുവിന്‍റെ സ്നേഹത്തെയോ ജ്ഞാനത്തെയോ അല്ല നിങ്ങള്‍ വിലമതിക്കുന്നത്, ലോകത്തിന്‍റെ മാലിന്യത്തില്‍ പുളയ്ക്കുന്ന ദുര്‍മ്മാര്‍ഗ്ഗികളെയാണ്. തന്‍റെ തല ചായ്ക്കാന്‍ ഇടമില്ലാത്ത ക്രിസ്തുവിന്‍റെ വേദന നോക്കി നിങ്ങള്‍ പൊട്ടിച്ചിരിക്കുന്നു, എന്നാല്‍ കാഴ്ചദ്രവ്യങ്ങള്‍ക്കു വേണ്ടി വേട്ടടായുന്നവരും വിഷയാസക്തിയില്‍ ജീവിക്കുന്നവരുമായ ആ മാംസപിണ്ഡങ്ങളെ നിങ്ങള്‍ പ്രശംസിക്കുന്നു. ക്രിസ്തുവിനോടു ചേര്‍ന്ന് കഷ്ടം സഹിക്കുവാന്‍ നിങ്ങള്‍ തയ്യാറല്ല, പക്ഷേ അവര്‍ നിങ്ങള്‍ക്ക് മാംസവും വാക്കുകളും നിയന്ത്രണങ്ങളും മാത്രമാണ് നല്കുന്നതെങ്കിലും വീണ്ടുവിചാരമില്ലാത്ത ആ അന്തിക്രിസ്തുക്കളുടെ കൈയ്യിലേക്ക് നിങ്ങള്‍ സന്തോഷത്തോടെ സ്വയം ഏൽപ്പിച്ചുകൊടുക്കുന്നു. ഇപ്പോള്‍ പോലും, നിങ്ങളുടെ ഹൃദയം തിരിയുന്നത് അവരുടെ നേരെയും അവരുടെ കീര്‍ത്തിക്കു നേരെയും അവരുടെ പദവിക്കു നേരെയും അവരുടെ സ്വാധീനത്തിനു നേരെയുമാണ്. എന്നിട്ടും ക്രിസ്തുവിന്‍റെ വേല ഉൾക്കൊള്ളാൻ പ്രയാസമുള്ളതായി നിങ്ങള്‍ കാണുകയും അത് കൈക്കൊള്ളാൻ തയ്യാറാവാതിരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിനെ അംഗീകരിക്കുവാനുള്ള വിശ്വാസം നിങ്ങള്‍ക്കില്ലെന്ന് ഞാന്‍ പറയുന്നത് അതുകൊണ്ടാണ്. ഈ ദിവസം വരെ നിങ്ങള്‍ അവനെ അനുഗമിച്ചതിന്‍റെ ഏക കാരണം നിങ്ങള്‍ക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു എന്നതാണ്. ഉന്നതമായ പ്രതിബിംബങ്ങളുടെ ഒരു നിര നിങ്ങളുടെ ഹൃദയത്തില്‍ എന്നേക്കുമായി ഉയര്‍ന്നുനില്ക്കുന്നു; നിങ്ങള്‍ക്ക് അവരുടെ എല്ലാ വാക്കും പ്രവൃത്തിയുമോ, അവരുടെ സ്വാധീനശക്തിയുള്ള വാക്കുകളും കരങ്ങളുമോ മറക്കാനാവില്ല. അവരാണ് നിങ്ങളുടെ ഹൃദയങ്ങളില്‍ എന്നേക്കും പരമോന്നതരും എന്നേക്കും ആരാധ്യരും. ഇന്നിന്‍റെ ക്രിസ്തുവിന് ഇത് ഇങ്ങനെയല്ല. നിങ്ങളുടെ ഹൃദയങ്ങളില്‍ അവന്‍ എന്നേക്കും അഗണ്യനും എന്നേക്കും ബഹുമാനത്തിന് അനർഹനുമാണ്. കാരണം അവന്‍ വളരെ അതിസാധാരണനും ഒട്ടും സ്വാധീനമില്ലാത്തവനും തീരെ ഔന്നിത്യം ഇല്ലാത്തവനും ആണ്.

എങ്ങനെയായാലും, സത്യത്തെ വിലമതിക്കാത്ത എല്ലാവരും അവിശ്വാസികളും സത്യത്തെ ഒറ്റുകൊടുക്കുന്നവരുമാണെന്ന് ഞാന്‍ പറയുന്നു. അത്തരം മനുഷ്യർക്ക് ഒരിക്കലും ക്രിസ്തുവിന്‍റെ അംഗീകാരം ലഭിക്കുകയില്ല. നിങ്ങളുടെയുള്ളില്‍ എത്രമാത്രം അവിശ്വാസം ഉണ്ടെന്നും നിങ്ങള്‍ എത്രമാത്രം ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നുവെന്നും ഇപ്പോള്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചോ? ഞാന്‍ നിങ്ങളോട് ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: നിങ്ങള്‍ സത്യത്തിന്‍റെ പാത തിരഞ്ഞെടുത്തിരിക്കുന്നതിനാല്‍, നിങ്ങള്‍ പൂര്‍ണ്ണമനസ്സോടെ സ്വയം സമര്‍പ്പിക്കണം; ചഞ്ചലപ്പെടുന്നവരോ അര്‍ദ്ധമനസ്കരോ ആവരുത്. ദൈവം ലോകത്തിനോ ഏതെങ്കിലും ഒരു വ്യക്തിക്കോ സ്വന്തമല്ലെന്നും അവനെ യഥാര്‍ത്ഥമായി വിശ്വസിക്കുന്ന എല്ലാവര്‍ക്കും അവനെ ആരാധിക്കുന്ന എല്ലാവര്‍ക്കും അവനു വേണ്ടി സമര്‍പ്പിക്കപ്പെട്ടവരും അവനോട് വിശ്വസ്തരായിരിക്കുന്നവരുമായ എല്ലാവര്‍ക്കും ഉള്ളതാണെന്നും നിങ്ങള്‍ മനസ്സിലാക്കണം.

ഇന്ന് വളരെയധികം അവിശ്വാസം നിങ്ങളുടെയുള്ളില്‍ അവശേഷിക്കുന്നു. നിങ്ങളിലേക്കു തന്നെ ഉറ്റുനോക്കുക, തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ ഉത്തരം കണ്ടെത്തും. യഥാര്‍ത്ഥ ഉത്തരം നിങ്ങള്‍ കണ്ടെത്തുമ്പോള്‍, നിങ്ങള്‍ ഒരു ദൈവവിശ്വാസിയല്ലെന്നും മറിച്ച് അവനെ വഞ്ചിക്കുകയും ദുഷിക്കുകയും ഒറ്റുകൊടുക്കുകയും ചെയ്യുന്നവനും അവനോട് അവിശ്വസ്തത കാണിക്കുന്നവനും ആണെന്നും നിങ്ങള്‍ സമ്മതിക്കും. ക്രിസ്തു മനുഷ്യനല്ലെന്നും ദൈവമാണെന്നും അപ്പോള്‍ നിങ്ങള്‍ തിരിച്ചറിയും. ആ ദിവസം ആഗതമാവുമ്പോള്‍, നിങ്ങള്‍ ക്രിസ്തുവിനെ ബഹുമാനിക്കുകയും ഭയക്കുകയും യഥാര്‍ത്ഥമായി സ്നേഹിക്കുകയും ചെയ്യും. ഇപ്പോള്‍, നിങ്ങളുടെ ഹൃദയത്തിന്‍റെ മുപ്പതു ശതമാനം മാത്രമേ വിശ്വാസത്താല്‍ നിറഞ്ഞിട്ടുള്ളൂ, ബാക്കി എഴുപതു ശതമാനവും സംശയത്താലാണ് നിറഞ്ഞിരിക്കുന്നത്. ക്രിസ്തു ചെയ്യുന്നതും പറയുന്നതുമായ എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് അവനെക്കുറിച്ച് ധാരണകളും അഭിപ്രായങ്ങളും നല്കുവാൻ പര്യാപ്തമാണ്, അവനിലുള്ള നിങ്ങളുടെ പൂര്‍ണ്ണമായ അവിശ്വാസത്തില്‍നിന്ന് ഉയർന്നുവരുന്ന ധാരണകളും അഭിപ്രായങ്ങളുമാണ് അവ. സ്വര്‍ഗ്ഗത്തിലുള്ള കാണപ്പെടാത്ത ദൈവത്തെ മാത്രമേ നിങ്ങള്‍ ആദരിക്കുകയും ഭയപ്പെടുകയും ചെയ്യുന്നുള്ളൂ, ഭൂമിയിലെ ജീവിക്കുന്ന ക്രിസ്തുവിനോട് യാതൊരു ആദരവുമില്ല. ഇതും നിങ്ങളുടെ അവിശ്വാസമല്ലേ? മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ച ദൈവത്തിനു വേണ്ടി മാത്രം നിങ്ങള്‍ കാംക്ഷിക്കുന്നു, എന്നാല്‍ ഇന്നിന്‍റെ ക്രിസ്തുവിലേക്ക് മുഖമുയര്‍ത്തുന്നില്ല. ഇതെല്ലാം നിങ്ങളുടെ ഹൃദയങ്ങളില്‍ എന്നെന്നേക്കുമായി ഇടകലര്‍ന്നിരിക്കുന്ന “വിശ്വാസം” ആണ്, ഇന്നിന്‍റെ ക്രിസ്തുവില്‍ വിശ്വാസമില്ലാത്ത വിശ്വാസം. ഞാന്‍ ഒരു തരത്തിലും നിങ്ങളെ വിലകുറച്ചു കാണുകയല്ല, കാരണം നിങ്ങളുടെ ഉള്ളില്‍ ആവശ്യത്തിലേറെ അവിശ്വാസമുണ്ട്, നിങ്ങളില്‍ അശുദ്ധമായ വളരെയേറെ സംഗതികള്‍ പരിച്ഛേദം ചെയ്യേണ്ടതായുണ്ട്. നിങ്ങള്‍ക്ക് വിശ്വാസമേ ഇല്ലെന്നതിന്‍റെ ഒരു അടയാളമാണ് ഈ അശുദ്ധികള്‍; നിങ്ങള്‍ ക്രിസ്തുവിനെ ഉപേക്ഷിച്ചുകളഞ്ഞതിന്‍റെ ഒരു അടയാളമാണ് അവ, അവ നിങ്ങളെ ക്രിസ്തുവിന്‍റെ ഒരു ഒറ്റുകാരനായി മുദ്രകുത്തുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ അറിവിനെ മറയ്ക്കുന്ന ഒരു തിരശ്ശീലയും ക്രിസ്തുവിനാല്‍ നിങ്ങള്‍ വീണ്ടെടുക്കപ്പെടുന്നതിനുള്ള ഒരു തടസ്സവും ക്രിസ്തുവുമായുള്ള നിങ്ങളുടെ അനുരൂപതയ്ക്കുള്ള ഒരു പ്രതിബന്ധവും ക്രിസ്തു നിങ്ങളെ അംഗീകരിക്കുന്നില്ല എന്നതിന്‍റെ തെളിവുമാണ് അവ. ഇപ്പോഴാണ് നിങ്ങളുടെ ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളെയും പരിശോധിക്കുന്നതിനുള്ള സമയം! അങ്ങനെ ചെയ്യുന്നത് ചിന്തനീയമായ എല്ലാ വിധത്തിലും നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കും!

മുമ്പത്തേത്: വിളിക്കപ്പെട്ടവരോ അനേകർ, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം

അടുത്തത്: ക്രിസ്തു സത്യത്താൽ ന്യായവിധിയുടെ വേല നിർവഹിക്കുന്നു

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക