ക്രിസ്തു സത്യത്താൽ ന്യായവിധിയുടെ വേല നിർവഹിക്കുന്നു
അന്ത്യനാളുകളിൽ ചെയ്യേണ്ടുന്ന വേല എല്ലാവരെയും അവരവരുടെ ഇനമനുസരിച്ച് വേർതിരിക്കുകയും, ദൈവത്തിന്റെ കാര്യനിർവഹണ പദ്ധതിയെ ഉപസംഹരിക്കുകയുമാണ്; എന്തെന്നാൽ, സമയം ആസന്നമായിരിക്കുന്നു, ദൈവത്തിന്റെ ദിനം ആഗതമായിരിക്കുന്നു. തന്റെ രാജ്യത്തിൽ പ്രവേശിക്കുന്നവരെല്ലാവരെയും—അന്ത്യം വരെ അവനോട് വിശ്വസ്തരായിരിക്കുന്നവർ—അവൻ ദൈവത്തിന്റെ സ്വന്തം യുഗത്തിലേക്ക് ആനയിക്കും. എന്നിരുന്നാലും, ദൈവത്തിന്റെ സ്വന്തം യുഗം ആഗതമാകുന്നതിനു മുമ്പ് ദൈവത്തിന്റെ പ്രവൃത്തി മനുഷ്യന്റെ ചെയ്തികളെ വീക്ഷിക്കുകയോ, അഥവാ അവന്റെ ജീവിതത്തെ പരിശോധിക്കുകയോ അല്ല, പ്രത്യുത മനുഷ്യന്റെ അനുസരണക്കേടിനെ വിധിക്കുക എന്നതാണ്; എന്തെന്നാൽ, തന്റെ സിംഹാസനത്തിനു മുമ്പാകെ വരുന്നവരെയെല്ലാം ദൈവം ശുദ്ധീകരിക്കും. ഇന്നുവരെ ദൈവത്തിന്റെ കാൽപ്പാടുകൾ പിന്തുടർന്നവരത്രേ ദൈവസിംഹാസനത്തിന്റെ മുമ്പിൽ വരുന്നവർ; അങ്ങനെയിരിക്കെ, ദൈവത്തിന്റെ വേല അതിന്റെ അന്ത്യഘട്ടത്തിൽ സ്വീകരിക്കുന്ന ഓരോരോ വ്യക്തിയും ദൈവത്തിന്റെ ശുദ്ധീകരണത്തിന് പാത്രമാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിന്റെ വേല അതിന്റെ അന്ത്യഘട്ടത്തിൽ സ്വീകരിക്കുന്ന എല്ലാവരും ദൈവത്തിന്റെ ന്യായവിധിക്ക് പാത്രമാകും.
പൂർവ്വകാലങ്ങളിൽ ദൈവഭവനത്തിൽ ആരംഭിച്ച ന്യായവിധിയിൽ, “വിധി”യെന്ന വാക്ക് സൂചിപ്പിക്കുന്നത് അന്ത്യനാളുകളിൽ അവിടുത്തെ സിംഹാസനത്തിനു മുമ്പിൽ വരുന്നവരുടെമേൽ ദൈവം ഇന്നു വിധിക്കുന്ന ന്യായവിധിയെപ്പറ്റിയാണ്. ഒരുപക്ഷേ, ചിലരുടെ അലൗകിക ചിന്തയിലുള്ള ഭാവനകൾ ഇപ്രകാരമാകാം: അന്ത്യദിനങ്ങൾ വന്നുകഴിയുമ്പോൾ, ദൈവം സ്വർഗത്തിൽ ഒരു വലിയ മേശ സ്ഥാപിച്ച്, അതിന്മേൽ ഒരു വെള്ള മേശവിരിയുമിട്ട്, പിന്നെ ഒരു മഹാസിംഹാസനത്തിൽ ഇരിക്കും; എല്ലാ മനുഷ്യരും നിലത്ത് മുട്ടിന്മേൽ നിൽക്കും; അവിടുന്ന് ഓരോരുത്തരുടെയും പാപങ്ങൾ വെളിപ്പെടുത്തി, അതിനനുസൃതമായി അവർ സ്വർഗത്തിലേക്ക് ആരോഹണം ചെയ്യിക്കണോ, അതോ തീയാളുന്ന ഗന്ധകപ്പൊയ്കയിലേക്ക് അയയ്ക്കണോ എന്ന് തീരുമാനിക്കും. മനുഷ്യ ഭാവനകൾ എന്തുതന്നെയാകട്ടെ, അതിനൊന്നും ദൈവത്തിന്റെ പ്രവൃത്തിയെ മാറ്റിമറിക്കാൻ സാധിക്കില്ല. മനുഷ്യന്റെ സങ്കൽപ്പങ്ങൾ അവന്റെ ചിന്താസൃഷ്ടികൾ മാത്രമത്രേ; അവ മനുഷ്യന്റെ മസ്തിഷ്കത്തിൽനിന്ന് പുറപ്പെടുന്നു, അവൻ കണ്ടതും കേട്ടതുമായ കാര്യങ്ങളിൽനിന്ന് സംഗ്രഹിച്ചതും സംയോജിപ്പിച്ചതുമാണവ. അതിനാൽ ഞാൻ പറയട്ടെ: മനുഷ്യൻ നിരൂപിച്ച ചിത്രങ്ങൾ എത്രതന്നെ മിഴിവുറ്റതാകട്ടെ, എന്നാൽ അവ കേവലം ചിത്രീകരണമായിത്തന്നെയിരിക്കുന്നു; ദൈവത്തിന്റെ പ്രവർത്തന പദ്ധതിക്ക് അവ ഒരിക്കലും പകരമാവില്ല. സാത്താൻ എന്തായാലും മനുഷ്യനെ ദുഷിപ്പിച്ചു, പിന്നെ ദൈവത്തിന്റെ വിചാരങ്ങളെ അവന് എങ്ങനെ അളക്കാനാവും? ദൈവത്തിന്റെ ന്യായവിധി നിർവഹണം അതിവിശിഷ്ടമായ ഒരു കാര്യമാണെന്നാണ് മനുഷ്യന്റെ ധാരണ. അവൻ വിശ്വസിക്കുന്നത് ഇപ്രകാരമാണ്: ന്യായവിധിയുടെ വേല ദൈവം സ്വയം നിർവഹിക്കുന്നതിനാൽ, ഈ കൃത്യം അതിഗംഭീരമായ തോതിലായിരിക്കും; മനുഷ്യർക്ക് അത് മനസ്സിലാക്കാൻ കഴിയില്ല, എന്നാൽ ആകാശത്തിലുടനീളം അത് മാറ്റൊലികൊള്ളുകയും ഭൂമിയെ കുലുക്കുകയും ചെയ്യും; അല്ലാത്തപക്ഷം, അത് ദൈവത്തിന്റെ ന്യായവിധി നിർവഹണം ആകുന്നത് എങ്ങനെ? അവൻ ഇങ്ങനെയും വിശ്വസിക്കുന്നു: ഇത് ന്യായവിധി നിർവഹണമായതുകൊണ്ട്, ദൈവം പ്രവർത്തിക്കുമ്പോൾ അവൻ വിശേഷിച്ച് കാർക്കശ്യക്കാരനും പ്രതാപവാനുമായിരിക്കും; വിധിക്കപ്പെടുന്നവർ അലറിക്കരഞ്ഞുകൊണ്ട് കരുണയ്ക്കായി മുട്ടിന്മേൽ യാചിച്ചുകൊണ്ടിരിക്കുകയുമാവും. ഇത്തരം ദൃശ്യങ്ങൾ അങ്ങേയറ്റം കൗതുകകരവും ഉള്ളിൽത്തട്ടി ഉത്തേജിപ്പിക്കുന്നവയുമാകാം.... ദൈവത്തിന്റെ ന്യായവിധി നിർവഹണം അത്ഭുതകരമായിരിക്കുമെന്ന് എല്ലാവരും കരുതുന്നു. എന്നാൽ, ദൈവം മനുഷ്യരുടെ ഇടയിൽ തന്റെ വിധി നിർവഹണം പണ്ടേ തുടങ്ങിക്കഴിഞ്ഞിരിക്കുന്ന സന്ദർഭത്തിൽ, നീ ആലസ്യത്തിന്റെ ഉറക്കത്തിൽ പൂണ്ടുകിടക്കുകയാണെന്ന് നീ അറിയുന്നുണ്ടോ? അതുപോലെ, ദൈവത്തിന്റെ ന്യായവിധി നിർവഹണം ഔപചാരികമായി ആരംഭിച്ചുകഴിഞ്ഞുവെന്നു നീ കരുതുന്ന വേളയിൽ, ദൈവം ആകാശവും ഭൂമിയും പുതുതായി നിർമ്മിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് നിനക്കറിയാമോ? ആ സന്ദർഭത്തിൽ, ഒരുപക്ഷേ നീ ജീവിതത്തിന്റെ അർത്ഥമെന്തെന്ന് മനസ്സിലാക്കിക്കഴിഞ്ഞിട്ടേ ഉണ്ടാവുകയുള്ളു; എന്നാൽ, ദൈവത്തിന്റെ ദാക്ഷിണ്യമില്ലാത്ത ശിക്ഷാപദ്ധതി അപ്പോഴും ഗാഢനിദ്രയിലുള്ള നിന്നെ നരകത്തിൽ എത്തിച്ചിരിക്കും. ദൈവത്തിന്റെ ന്യായവിധി നിർവഹണം അവസാനിച്ചിരിക്കുന്നുവെന്ന് അപ്പോൾ മാത്രം നീ പൊടുന്നനെ മനസ്സിലാക്കും.
ജുഗുപ്‌സാവഹവും വെറുപ്പുളവാക്കുന്നതുമായ ഈ വിഷയങ്ങളെപ്പറ്റി സംസാരിച്ച് നമ്മുടെ വിലപ്പെട്ട സമയം നമ്മൾ നഷ്ടമാക്കേണ്ടതില്ല. പകരം, ന്യായ വിധിയിൽ എന്ത് അടങ്ങിയിരിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. “വിധി” എന്ന വാക്കു കേൾക്കുമ്പോൾത്തന്നെ യഹോവ പലയിടങ്ങളിൽവെച്ച് പറഞ്ഞ വചനങ്ങളും, യേശു പരീശന്മാരോട് ഉരുവിട്ട ശകാരവാക്കുകളുമായിരിക്കും നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുക. ഈ വാക്കുകൾ എത്രത്തോളം കാഠിന്യമേറിയവയാണെങ്കിലും, അവ മനുഷ്യന്റെമേലുള്ള ദൈവത്തിന്റെ ന്യായവിധി ആയിരുന്നില്ല; വ്യത്യസ്ത പരിസ്ഥിതികളിൽ, അതായത്, വ്യത്യസ്ത സന്ദർഭങ്ങളിൽ ദൈവം അരുളിയ വചനങ്ങൾ മാത്രമായിരുന്നു. അന്ത്യനാളുകളിൽ മനുഷ്യരെ വിധിക്കുമ്പോൾ ക്രിസ്തു ഉരുവിടുന്ന വചനങ്ങൾ പോലെയല്ല ഈ വചനങ്ങൾ. അന്ത്യദിനങ്ങളിൽ, മനുഷ്യനെ പഠിപ്പിക്കാനും മനുഷ്യന്റെ സത്തയെ വെളിപ്പെടുത്താനും മനുഷ്യന്റെ വാക്കുകളെയും പ്രവർത്തികളെയും വിശ്ലേഷിക്കാനും ക്രിസ്തു നാനാവിധ സത്യങ്ങൾ ഉപയോഗിക്കുന്നു. ഈ വചനങ്ങളിൽ നാനാവിധ സത്യങ്ങൾ അടങ്ങിയിരിക്കുന്നു—മനുഷ്യന്റെ കർത്തവ്യം, മനുഷ്യൻ ദൈവത്തെ എങ്ങനെ അനുസരിക്കണം, മനുഷ്യൻ എപ്രകാരം ദൈവത്തോട് വിശ്വസ്തനായിരിക്കണം, മനുഷ്യൻ എങ്ങനെ സാമാന്യ മനുഷ്യാവസ്ഥയിൽ ജീവിതം നയിക്കണം, അതോടൊപ്പം ദൈവത്തിന്റെ ജ്ഞാനം, പ്രകൃതം എന്നിങ്ങനെ. ഈ വാക്കുകളെല്ലാം മനുഷ്യന്റെ സത്തയെയും അവന്റെ ദുഷിച്ച പ്രകൃതത്തെയുമാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. പ്രത്യേകിച്ച്, മനുഷ്യൻ എങ്ങനെ ദൈവത്തെ ത്യജിക്കുന്നുവെന്ന് തുറന്നുകാട്ടുന്ന വചനങ്ങൾ സൂചിപ്പിക്കുന്നത് മനുഷ്യൻ എപ്രകാരം സാത്താന്റെ ഒരു മൂർത്തീഭാവവും ദൈവത്തിനെതിരായുള്ള ശത്രുശക്തിയുമാണെന്നാണ്. ദൈവം തന്റെ ന്യായവിധി നിർവഹണം ഏറ്റെടുക്കുമ്പോൾ ചുരുങ്ങിയ വാക്കുകളിൽ മനുഷ്യന്റെ സ്വഭാവത്തെപ്പറ്റി വെറുതേ സ്പഷ്ടമാക്കുകയല്ല ചെയ്യുന്നത്; അവൻ ദീർഘകാലാടിസ്ഥാനത്തിൽ വെളിപ്പെടുത്തുകയും ഇടപെടുകയും വെട്ടിയൊരുക്കുകയും ചെയ്യുന്നു. ഈ വെളിപ്പെടുത്തലിന്റെയും ഇടപെടലിന്റെയും വെട്ടിയൊരുക്കലിന്റെയും രീതികൾക്ക് ബദലായി സാധാരണ വാക്കുകളല്ല, പകരം മനുഷ്യനിൽ ലവലേശമില്ലാത്ത സത്യം മാത്രമേ ഉപയുക്തമാവുകയുള്ളൂ. ഇത്തരം രീതികളെ മാത്രമേ വിധിയെന്ന് വിളിക്കാൻ കഴിയൂ; ഇവ്വിധമുള്ള ന്യായവിധി വഴി മാത്രമേ മനുഷ്യനെ കീഴടക്കാനും, പൂർണ്ണമായി ദൈവത്തിനു കീഴ്‌വഴങ്ങുന്നതിന് അവനെ ബോധ്യപ്പെടുത്താനും, അതിലുപരി, യഥാർത്ഥ ദൈവികജ്ഞാനം സമ്പാദിക്കാനും കഴിയൂ. ദൈവത്തിന്റെ യഥാർത്ഥ മുഖത്തെപ്പറ്റിയും മനുഷ്യന്റെ മാത്സര്യബുദ്ധിയെപ്പറ്റിയുമുള്ള സത്യമായ ധാരണയാണ് ന്യായവിധി നിർവഹണത്തിലൂടെ സാധ്യമാകുന്നത്. ന്യായവിധി നിർവഹണം മനുഷ്യന് ദൈവഹിതവും ദൈവവേലയുടെ ലക്ഷ്യവും, അവനു മനസ്സിലാക്കാൻ കഴിയാത്ത നിഗൂഢതകളും നന്നായി മനസ്സിലാക്കാൻ അവസരം ഒരുക്കിക്കൊടുക്കുന്നു. അതുവഴിയായി, മനുഷ്യന് തന്റെ ദുഷിച്ച സത്തയേയും, ജീർണതയുടെ മൂലകാരണത്തെയും തിരിച്ചറിയാനും, ഒപ്പം, മനുഷ്യന്റെ വൈരൂപ്യത്തെ കണ്ടെത്താനും സാധിക്കും. ഈ മാറ്റങ്ങളെല്ലാം കൊണ്ടുവരുന്നത് ന്യായവിധി നിർവഹണം തന്നെ; എന്തെന്നാൽ, ഈ കാര്യത്തിന്റെ അന്തഃസത്ത വാസ്തവത്തിൽ, ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും മുമ്പിൽ സത്യം, മാർഗം, ദൈവികജീവൻ എന്നിവ തുറന്നുകൊടുക്കുന്ന പ്രവൃത്തി തന്നെയാണ്. ഈ വേല ദൈവം നടപ്പാക്കുന്ന ന്യായവിധി നിർവഹണ പ്രവൃത്തി തന്നെയാണ്. നീ ഈ സത്യങ്ങളെ പ്രധാനമായി കരുതുന്നില്ലെങ്കിൽ, അവയെ ഒഴിവാക്കുന്നതിനെപ്പറ്റിയല്ലാതെ മറ്റൊന്നും ചിന്തിക്കുന്നില്ലെങ്കിൽ, അഥവാ അവ ഉൾപ്പെടാത്ത പുതിയ മാർഗമെന്തെങ്കിലും കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെങ്കിൽ, നീ ഒരു മഹാപാപിയാണെന്ന് ഞാൻ പറയും. നിനക്ക് ദൈവത്തിൽ വിശ്വാസമുണ്ടെങ്കിലും, നീ സത്യത്തെയോ ദൈവഹിതത്തെയോ തേടാതിരിക്കുകയും, നിന്നെ കൂടുതലായി ദൈവത്തിന്റെ അടുക്കലേക്കു നയിക്കുന്ന മാർഗത്തെ സ്നേഹിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ, നീ ന്യായവിധിയിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നവനും ദൈവത്തിന്റെ അതിശുഭ്ര സിംഹാസനത്തിൽനിന്ന് ഓടിയകലുന്ന വഞ്ചകനും കളിപ്പാവയുമാണെന്ന് ഞാൻ പറയും. തന്റെ കൺമുമ്പിൽനിന്ന് രക്ഷപ്പെടുന്ന നിഷേധിയായ ഒരുവനെപ്പോലും ദൈവം വെറുതേ വിടില്ല. അത്തരം ആളുകൾക്ക് കൂടുതൽ കഠിനമായ ശിക്ഷ ലഭിക്കും. ശുദ്ധീകരിക്കപ്പെട്ട ശേഷം, ദൈവത്തിന്റെ മുമ്പാകെ വിധിക്കപ്പെടാൻ വരുന്നവർ എന്നെന്നേക്കുമായി ദൈവരാജ്യത്തിൽ വസിക്കും. തീർച്ചയായും ഭാവിയെ സംബന്ധിക്കുന്ന കാര്യമാണ് ഇത്.
ന്യായവിധി നിർവഹണം ദൈവത്തിന്റെ സ്വന്തം വേലയാണ്, അതുകൊണ്ട് സ്വാഭാവികമായും ദൈവം സ്വയം അതു നടപ്പാക്കേണ്ടതുണ്ട്; അവനു പകരം മനുഷ്യന് അത് ചെയ്യാൻ പറ്റില്ല. ന്യായവിധി മനുഷ്യവർഗത്തെ സത്യം ഉപയോഗിച്ച് കീഴടക്കുന്നതായതിനാൽ, ദൈവം വീണ്ടും മനുഷ്യരൂപമെടുത്ത് മനുഷ്യരുടെ മധ്യത്തിൽ ഇതു നിർവഹിക്കുന്ന പ്രശ്നമേയില്ല. അതായത്, അന്ത്യനാളുകളിൽ ക്രിസ്തു സത്യത്തെ ഉപയോഗിച്ച് ലോകമാസകലമുള്ള ജനങ്ങളെ പഠിപ്പിക്കുകയും, എല്ലാ സത്യങ്ങളും അവർക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. ഇതാണ് ദൈവത്തിന്റെ ന്യായവിധി നിർവഹണം. ദൈവത്തിന്റെ രണ്ടാമത്തെ മനുഷ്യജന്മത്തെപ്പിറ്റി പലർക്കും അസുഖകരമായ തോന്നലുകളുണ്ട്; എന്തെന്നാൽ, ന്യായവിധി നിർവഹിക്കുന്നതിനുവേണ്ടി ദൈവം വീണ്ടും ജഡമാകുമെന്നു വിശ്വസിക്കാൻ ആളുകൾക്കു പ്രയാസമാണ്. എന്നിരുന്നാലും എനിക്കു നിങ്ങളോടു പറയേണ്ടി വരും, ദൈവത്തിന്റെ വേല മിക്കപ്പോഴും മനുഷ്യന്‍റെ പ്രതീക്ഷകൾക്കും വളരെ അപ്പുറത്തായിരിക്കും; മനുഷ്യ മനസ്സുകൾക്ക് അത് അംഗീകരിക്കാൻ പ്രയാസവുമായിരിക്കും. എന്തുകൊണ്ടെന്നാൽ, മനുഷ്യർ ഭൂമിയിൽ പുഴുക്കളെപ്പോലെയാണ്, എന്നാൽ ദൈവം പ്രപഞ്ചമാകെ നിറഞ്ഞുനിൽക്കുന്ന പരമപുരുഷനുമാണ്; മനുഷ്യന്റെ മനസ്സ് പുഴുക്കൾ മാത്രം വളരുന്ന ഒരു അഴുക്കുവെള്ളക്കുണ്ട് പോലെയണ്; അതേസമയം, ദൈവത്തിന്റെ ആലോചനയാൽ നയിക്കപ്പെടുന്ന ഓരോ പ്രവർത്തന ഘട്ടവും ദൈവജ്ഞാനത്തിന്റെ സത്താണ്. മനുഷ്യർ എല്ലായ്‌പ്പോഴും ദൈവത്തോട് മത്സരിക്കാൻ തുനിയുന്നു, അതിനെക്കുറിച്ച് ഞാൻ പറയട്ടെ, ആര് ഒടുവിൽ അടിയറവു പറയുമെന്നുള്ള കാര്യം വളരെ വ്യക്തമാണ്. നിങ്ങളെല്ലാവരെയും ഞാൻ ഉപദേശിക്കുന്നു, നിങ്ങൾ സ്വയം സ്വർണ്ണത്തേക്കാൾ വിലയേറിയവരായി കരുതരുത്. ദൈവത്തിന്റെ ന്യായവിധി മറ്റുള്ളവർക്ക് സ്വീകരിക്കാൻ കഴിയുന്നെങ്കിൽ, നിനക്കെന്തുകൊണ്ട് സ്വീകാര്യമല്ല? നീ മറ്റുള്ളവരെക്കാൾ എത്ര ഉയർന്നാണ് നിൽക്കുന്നത്? മറ്റുള്ളവർക്ക് സത്യത്തിന്റെ മുമ്പാകെ തലകുനിക്കാൻ പറ്റുന്നുണ്ടെങ്കിൽ, നിനക്കും എന്തുകൊണ്ട് ആയിക്കൂടാ? ദൈവവേലയ്ക്ക് തടയാനാവാത്ത ഒരു ആവേഗമുണ്ട്. നീ ചെയ്ത “സംഭാവന”യെപ്രതി ദൈവം ന്യായവിധി നിർവഹണം ആവർത്തിക്കുകയില്ല; അപ്പോൾ, ഇത്ര നല്ല അവസരം പാഴാക്കിയതോർത്ത് നീ ഖേദത്തിൽ മുങ്ങിപ്പോകും. നിനക്ക് എന്റെ വാക്കുകളിൽ വിശ്വാസമില്ലെങ്കിൽ, ആകാശത്തിലെ ആ മഹാ ശുഭ്ര സിംഹാസനം നിന്റെമേൽ വിധി പറയാൻ കാത്തിരിക്കുക! നീ അറിയേണ്ട ഒരു കാര്യമിതാണ്: ഇസ്രായേല്യർ എല്ലാവരും യേശുവിനെ തിരസ്കരിക്കുകയും തള്ളിപ്പറയുകയും ചെയ്തു; എന്നിരുന്നാലും, യേശു മനുഷ്യവർഗത്തെ വീണ്ടെടുത്തുവെന്നുള്ള വസ്തുത പ്രപഞ്ചത്തിലെല്ലായിടത്തും, ഭൂമിയുടെ അതിരുകൾവരെയും എത്തിക്കഴിഞ്ഞു. ദൈവം പണ്ടേ ഉരുവാക്കിയ ഒരു യാഥാർഥ്യമല്ലേ ഇത്? യേശു നിന്നെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുന്നതിനാണ് നീ ഇപ്പോഴും കാത്തിരിക്കുന്നതെങ്കിൽ, നീ മർക്കടമുഷ്ടിയായ ഒരു കഷണം ചത്ത മരത്തടിയാണെന്ന്[a] ഞാൻ നിന്നോട് പറയുന്നു. നിന്നെപ്പോലെ സത്യത്തിനോട് വിശ്വസ്തതയില്ലാത്തവനും, അനുഗ്രഹങ്ങളെ മാത്രം തേടുന്നവനുമായ ഒരു കപട വിശ്വാസിയെ യേശു അംഗീകരിക്കുകയില്ല. നേരെമറിച്ച്, പതിനായിരക്കണക്കിന് വർഷം ഗന്ധകപ്പൊയ്കയിൽ ചുട്ടുപൊള്ളുന്നതിന് നിന്നെ അവിടേക്ക് വലിച്ചെറിയാൻ അവിടുന്ന് മടിക്കുകയില്ല.
ന്യായവിധി എന്താണെന്നും സത്യം എന്താണെന്നും ഇപ്പോൾ നിനക്ക് മനസ്സിലായോ? മനസ്സിലായെങ്കിൽ, വിധിക്കപ്പെടുന്നതിനായി അനുസരണാപൂർവം സ്വയം സമർപ്പിക്കാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു. അല്ലാത്തപക്ഷം ദൈവം നിങ്ങളെ പ്രശംസിക്കുന്നതിനോ അവന്‍റെ രാജ്യത്തിലേക്ക് നിന്നെ ആനയിക്കുന്നതിനോ ഒരിക്കലും അവസരമുണ്ടാവില്ല. ന്യായവിധി അംഗീകരിക്കുക മാത്രം ചെയ്ത്, ഒരിക്കലും സ്വയം ശുദ്ധീകരിക്കാൻ കഴിയാത്തവരെ, അതായത്, ന്യായവിധി നിർവഹണത്തിന്റെ മദ്ധ്യേ പലായനം ചെയ്യുന്നവരെ, ദൈവം എന്നേക്കുമായി വെറുക്കുകയും തിരസ്‌കരിക്കുകയും ചെയ്യും. അവരുടെ പാപങ്ങൾ പരീശന്മാരുടെ പാപങ്ങളേക്കാൾ നിരവധിയും ഗുരുതരവുമാണ്, എന്തെന്നാൽ അവർ ദൈവത്തെ വഞ്ചിക്കുകയും ദൈവത്തിനെതിരായി മത്സരിക്കുകയും ചെയ്തിരിക്കുന്നു. ശുശ്രൂഷ ചെയ്യാൻ പോലും അർഹതയില്ലാത്ത ഇത്തരം മനുഷ്യർക്ക് കൂടുതൽ കഠിനമായ ശിക്ഷ ലഭിക്കും—അത് അനന്തമായ ശിക്ഷയാണുതാനും. ഒരിക്കൽ തന്നോട് വാക്കുകളാൽ വിശ്വസ്തത കാണിച്ചിട്ട്, പിന്നീട് തന്നെ വഞ്ചിച്ച ഒരു ചതിയനെയും ദൈവം വെറുതേ വിടില്ല. ഇത്തരം ആളുകൾക്ക് പ്രതിഫലമായി ശരീരത്തിന്റെയും ആത്മാവിന്റെയും ശിക്ഷ ലഭിക്കും. ദൈവത്തിന്റെ നീതിനിഷ്ഠമായ സ്വഭാവത്തിന്റെ കൃത്യമായ ഒരു പ്രകാശനമല്ലേ ഇത്? ഇതല്ലേ മനുഷ്യനെ വിധിക്കുന്നതിലും അവനെ അനാവരണം ചെയ്യുന്നതിലുമുള്ള ദൈവത്തിന്റെ ഉദ്ദേശ്യം? നാനാവിധമായ ദുഷ്കൃത്യങ്ങൾ ചെയ്യുന്നവരെ ന്യായവിധി വേളയിൽ ദൈവം ദുരാത്മാക്കളാൽ നിറഞ്ഞ ഒരു സ്ഥലത്തേക്ക് പറഞ്ഞയയ്ക്കും; അവിടെ അവരുടെ മാംസള ശരീരങ്ങളെ ഈ ദുരാത്മാക്കളുടെ ഇഷ്ടാനുസരണം നശിപ്പിക്കാൻ വിട്ടുകൊടുക്കും; അത്തരം ആൾക്കാരുടെ ശരീരങ്ങളിൽനിന്ന് ശവങ്ങളുടെ ദുർഗന്ധം ഉയരും. അതത്രേ അവർക്ക് ഉചിതമായ പ്രതികാരം. അവിശ്വസ്തരായ ആ കപട വിശ്വാസികളുടെയും കപട അപ്പോസ്തോലരുടെയും കപട സേവകരുടെയും ഓരോരോ പാപങ്ങളെയും ദൈവം അവരവരുടെ രേഖാപുസ്തകങ്ങളിൽ കുറിച്ചുവെക്കുന്നു; പിന്നീട്, ഉചിതമായ സമയം വരുമ്പോൾ, അവിടുന്ന് അവരെ അശുദ്ധാത്മാക്കളുടെ ഇടയിലേക്ക് എറിഞ്ഞുകൊടുക്കുകയും, ഈ അശുദ്ധാത്മാക്കളെ ഇഷ്ടാനുസരണം അവരുടെ ശരീരങ്ങളെ മുഴുവനായി മലിനപ്പെടുത്തുവാൻ അനുവദിക്കുകയും ചെയ്യും; അതേത്തുടർന്ന് അവർ മേലാൽ ഒരിക്കലും ജഡരൂപമെടുക്കാനോ വെളിച്ചം കാണാനോ കഴിവില്ലാത്തവരുമായിത്തീരും. കുറച്ചുകാലത്തേക്കു മാത്രം ശുശ്രൂഷ ചെയ്യുമെങ്കിലും, അവസാനം വരെ വിശ്വസ്തരായിരിക്കാൻ കഴിയാത്ത ആ കപടനാട്യക്കാരെ ദൈവം ദുഷ്ടന്മാരുടെ ഗണത്തിൽ ചേർക്കും; അതുവഴിയായി അവർ ദുർജനങ്ങളുടെ ഉപദേശപ്രകാരം ചരിക്കുകയും, അവരുടെ ക്രമരഹിതമായ സംഘത്തിൽ ചേരുകയും ചെയ്യും; ഒടുവിൽ ദൈവം അവരെ ഉന്മൂലനം ചെയ്യും. ഒരിക്കലും ക്രിസ്തുവിനോട് വിശ്വസ്തത പുലർത്താത്തവരെയും തങ്ങളുടെ കഴിവിനൊത്ത് യാതൊന്നും സംഭാവന ചെയ്യാതിരുന്നവരെയും ദൈവം പരിഗണിക്കാതെ അവരെ തിരസ്കരിച്ച് പുറന്തള്ളും; അനന്തരം, യുഗസംക്രമണവേളയിൽ അവിടുന്ന് അവരെയെല്ലാം സംഹരിക്കും. അവർ മേലാൽ ഭൂമിയിൽ നിലനിൽക്കുകയോ, അതിലുപരി ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുകയോ ചെയ്യില്ല. ദൈവത്തോട് ഒരിക്കലും ആത്മാർത്ഥത കാണിക്കാത്തവരും, എന്നാൽ, സന്ദർഭവശാൽ അവിടുത്തോട് നാമമാത്രമായി ഇടപെടാൻ നിർബന്ധിതരാകുകയും ചെയ്യുന്നവർ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യുന്നവരുടെ ഗണത്തിൽ എണ്ണപ്പെടും. അവരിൽ ചെറിയൊരു സംഖ്യ മാത്രമേ അവശേഷിക്കുകയുള്ളു; അതേസമയം ബഹുഭൂരിഭാഗം, ശുശ്രൂഷ ചെയ്യാൻ പോലും യോഗ്യരല്ലാത്തവരോടൊപ്പം നശിച്ചു പോകും. ആത്യന്തികമായി, ദൈവത്തിന്റെ മനസ്സിനോട് സാദൃശ്യമുള്ളവരെയും ജനങ്ങളെയും ദൈവപുത്രന്മാരെയും, പുരോഹിതന്മാരാകാൻ ദൈവം മുൻകൂട്ടി നിശ്ചയിച്ചവരെയും അവൻ തന്റെ രാജ്യത്തിലേക്ക് ആനയിക്കും. അവർ ദൈവവേലയുടെ സത്തായിരിക്കും. ദൈവം നിർണയിച്ച വിഭാഗങ്ങളിൽ ഒന്നിലും ഉൾപ്പെടുത്താൻ കഴിയാത്തവരെല്ലാം അവിശ്വാസികളായി എണ്ണപ്പെടും—അവരുടെ ഭാവി നിങ്ങൾക്ക് തീർച്ചയായും ഊഹിക്കാവുന്നതാണല്ലോ. ഞാൻ പറയേണ്ടതെല്ലാം ഇതിനകം നിങ്ങളോട് പറഞ്ഞുകഴിഞ്ഞു; നിങ്ങൾ തിരഞ്ഞെടുക്കേണ്ട വഴി നിങ്ങളുടെ മാത്രം ഇഷ്ടമാണ്. നിങ്ങൾ മനസ്സിലാക്കേണ്ടത് ഇത്രമാത്രം: ദൈവവേല ഒരിക്കലും അവന്‍റെ വേഗത്തിനൊത്ത് സഞ്ചരിക്കാൻ കഴിയാത്തവർക്കുവേണ്ടി കാത്തിരിക്കില്ല; ദൈവത്തിന്റെ നീതിനിഷ്ഠമായ സ്വഭാവം ഒരുത്തരോടും കരുണ കാണിക്കുകയുമില്ല.
അടിക്കുറിപ്പ്:
a. ഒരു കഷണം ചത്ത മരത്തടി: “സഹായത്തിനപ്പുറം” എന്നർത്ഥമുള്ള ഒരു ചൈനീസ് ശൈലീപ്രയോഗം.