വിളിക്കപ്പെട്ടവരോ അനേകർ, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം
ഞാൻ ഒരുപാട് പേരെ ഈ ഭൂമിയിൽ എന്‍റെ അനുയായികളാക്കാൻ തേടിയിട്ടുണ്ട്. ഈ എല്ലാ അനുയായികളിലും പുരോഹിതരായി സേവനം ചെയ്യുന്നവരുണ്ട്, നേതൃത്വം നല്കുന്നവരുണ്ട്, ദൈവത്തിന്‍റെ പുത്രന്മാരുണ്ട്, ദൈവത്തിന്‍റെ ജനമായിട്ടുള്ളവർ ഉണ്ട്, കൂടാതെ സേവനം ചെയ്യുന്നവരുണ്ട്. അവർ എന്നോടു കാണിക്കുന്ന വിശ്വസ്തതയുടെ അടിസ്ഥാനത്തിൽ ഞാൻ അവരെ തരംതിരിക്കുന്നു. എല്ലാവരെയും അവരുടെ സ്വഭാവത്തിനനുസരിച്ച് തരംതിരിച്ചു കഴിയുമ്പോൾ, അതായത് ഓരോ വ്യക്തിയുടേയും പ്രകൃതം വ്യക്തമായിക്കഴിഞ്ഞാൽ, ഞാൻ ഓരോരുത്തരേയും അവരുടെ ശരിയായ ഗണത്തിൽ പെടുത്തുകയും മനുഷ്യവർഗത്തെ രക്ഷിക്കുക എന്ന എന്‍റെ ലക്ഷ്യം നേടുന്നതിനായി ഓരോ തരത്തെയും അവരർഹിക്കുന്ന സ്ഥാനത്ത് ആക്കിവെക്കുകയും ചെയ്യും. ഞാൻ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നവരെ ഗണങ്ങളായി എന്‍റെ ഗൃഹത്തിലേക്ക് വിളിച്ച് അന്ത്യനാളുകളിലെ എന്‍റെ പ്രവൃത്തി അവർ സ്വീകരിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. അതേസമയം, അവരുടെ പ്രകൃതത്തിനനുസരിച്ച് ഞാൻ അവരെ തരംതിരിച്ച് അവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ അവർക്കോരോരുത്തർക്കും പ്രതിഫലമോ ശിക്ഷയോ നൽകുന്നു. അങ്ങനെയാണ് എന്‍റെ പ്രവർത്തന ഘട്ടങ്ങൾ.
ഞാനിന്ന് ഭൂമിയിൽ ജീവിക്കുന്നു, മനുഷ്യര്‍ക്കിടയിൽ ജീവിക്കുന്നു. ആളുകള്‍ക്ക് എന്‍റെ പ്രവര്‍ത്തനം അനുഭവപ്പെടുന്നു, എന്‍റെ അരുളപ്പാടുകൾ അവർ ശ്രദ്ധിക്കുന്നു. അതോടൊപ്പം എന്‍റെ ഓരോ അനുയായിക്കും ഞാൻ എല്ലാ സത്യങ്ങളും നല്‍കുന്നു. അവർക്ക് എന്നിൽ നിന്നും ജീവൻ ലഭിക്കാനും അങ്ങനെ അവര്‍ക്കു സഞ്ചരിക്കുവാൻ ഒരു പാത ഉണ്ടായിരിക്കാനും വേണ്ടിയാണ് അത്. കാരണം, ഞാനാണ് ജീവദായകനായ ദൈവം. എന്‍റെ പ്രവര്‍ത്തനത്തിന്‍റേതായ അനവധി വര്‍ഷങ്ങളിൽ ആളുകൾ ഒരുപാട് നേടിയിട്ടുണ്ട്, ഒരുപാട് നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും ഞാൻ പറയുന്നു, അവർ യഥാര്‍ത്ഥത്തിൽ എന്നെ വിശ്വസിക്കുന്നില്ല. കാരണം, അധരങ്ങളാൽ മാത്രം ഞാൻ ദൈവമാണെന്ന് അംഗീകരിക്കുമ്പോഴും ഞാൻ പറയുന്ന സത്യങ്ങളോട് അവർ വിയോജിക്കുന്നു. അതിലുപരി, ഞാൻ ആവശ്യപ്പെടുന്ന സത്യങ്ങൾ അവർ അനുവര്‍ത്തിക്കുന്നില്ല. എന്നുപറഞ്ഞാൽ ആളുകൾ ദൈവത്തിന്‍റെ അസ്തിത്വം മാത്രമേ അംഗീകരിക്കുന്നുള്ളൂ, സത്യത്തിന്‍റേത് അംഗീകരിക്കുന്നില്ല; ആളുകൾ ദൈവത്തിന്‍റെ അസ്തിത്വം മാത്രമേ അംഗീകരിക്കുന്നുള്ളൂ, ജീവന്‍റേത് അംഗീകരിക്കുന്നില്ല; ആളുകൾ ദൈവത്തിന്‍റെ നാമം മാത്രമേ അംഗീകരിക്കുന്നുള്ളൂ, അവന്‍റെ സത്തയെ അംഗീകരിക്കുന്നില്ല. അവരുടെ ആവേശം എന്നിൽ അവജ്ഞയുളവാക്കുന്നു, കാരണം ഇമ്പമുള്ള വാക്കുകൾ ഉപയോഗിച്ച് എന്നെ കബളിപ്പിക്കുക മാത്രമാണ് അവർ ചെയ്യുന്നത്; അവരിലാരും യഥാർഥത്തിൽ എന്നെ ആരാധിക്കുന്നില്ല. അവരുടെ വാക്കുകളിൽ സര്‍പ്പത്തിന്‍റെ പ്രലോഭനമുണ്ട്; മാത്രമല്ല, അവർ അങ്ങേയറ്റം അഹങ്കാരികളാണ്, പ്രധാനദൂതന്‍റെ ശരിയായ ഘോഷണം. കൂടുതലായി, നിങ്ങളുടെ പ്രവൃത്തികൾ അധമാവസ്ഥയിലേക്കു കൂപ്പുകുത്തിയിരിക്കുന്നു. നിങ്ങളുടെ അളവില്ലാത്ത ദുരകളും അത്യാഗ്രഹം നിറഞ്ഞ ഉദ്ദേശ്യങ്ങളും കാതുകള്‍ക്ക് അസഹ്യമാണ്. നിങ്ങളെല്ലാവരും എന്‍റെ ഭവനത്തിലെ കീടങ്ങളായി മാറിയിരിക്കുന്നു, അറപ്പോടെ ഒഴിവാക്കേണ്ട കീടങ്ങൾ. കാരണം നിങ്ങളാരും സത്യത്തെ സ്നേഹിക്കുന്നില്ല; മറിച്ച്, അനുഗ്രഹിക്കപ്പെടാനും സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെടാനും ക്രിസ്തു ഭൂമിയിൽ തന്‍റെ അധികാരം പ്രയോഗിക്കുന്ന വിശിഷ്ട ദര്‍ശനം കാണാനും ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങളുടെ അത്രയും ദുഷിച്ച, ദൈവം ആരാണെന്ന് യാതൊരു ധാരണയുമില്ലാത്ത ഒരാൾ ദൈവത്തെ അനുഗമിക്കുവാൻ എങ്ങനെ യോഗ്യനാകും എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും? മഹിമയുടെ അളവിൽ സമാനതകളില്ലാത്ത അത്തരം ദര്‍ശനങ്ങൾ കാണുവാൻ നിങ്ങൾ എങ്ങനെ യോഗ്യരാകും? ചതിയുടേയും മലിനതയുടേയും വഞ്ചനയുടേയും ഗര്‍വിന്‍റെയും വാക്കുകള്‍കൊണ്ട് നിങ്ങളുടെ അധരങ്ങൾ നിറഞ്ഞിരിക്കുന്നു. എന്‍റെ വചനം അനുഭവിച്ചിട്ട് നിങ്ങളൊരിക്കലും ആത്മാര്‍ഥതയുടെ വാക്കുകൾ എന്നോടു പറഞ്ഞിട്ടില്ല, പരിശുദ്ധമായ വാക്കുകൾ പറഞ്ഞിട്ടില്ല, വിധേയത്വത്തിന്‍റെ വാക്കുകൾ പറഞ്ഞിട്ടില്ല. എല്ലാറ്റിനുമാവസാനം എങ്ങനെയുള്ളതാണ് നിങ്ങളുടെ വിശ്വാസം? ആര്‍ത്തിയും പണവുമല്ലാതെ നിങ്ങളുടെ ഹൃദയങ്ങളിൽ ഒന്നുമില്ല, ഭൗതികമായ കാര്യങ്ങളല്ലാതെ നിങ്ങളുടെ മനസ്സുകളിൽ ഒന്നുമില്ല. എല്ലാ ദിവസവും എങ്ങനെ എന്‍റെ പക്കൽ നിന്നും എന്തെങ്കിലും കിട്ടും എന്നു നിങ്ങൾ കണക്കുകൂട്ടുന്നു. എല്ലാ ദിവസവും എന്തുമാത്രം സമ്പത്തും എന്തെല്ലാം ഭൗതികവസ്തുക്കളുമാണ് എന്നില്‍നിന്നും ലഭിച്ചിട്ടുള്ളതെന്ന് നിങ്ങൾ കണക്കുകൂട്ടുന്നു. എല്ലാ ദിവസവും നിങ്ങൾ അതിലും കൂടുതൽ അനുഗ്രഹങ്ങൾ നിങ്ങളുടെമേൽ വര്‍ഷിക്കപ്പെടുവാനായി കാത്തിരിക്കുന്നു. കാരണം, നിങ്ങൾ ആസ്വദിച്ചേക്കാവുന്ന കാര്യങ്ങൾ കൂടുതൽ അളവിലും കൂടുതൽ മേന്മയിലും നിങ്ങള്‍ക്ക് ആസ്വദിക്കുവാൻ സാധിക്കുമല്ലോ. ഓരോ നിമിഷവും നിങ്ങളുടെ ചിന്തകളിലുള്ളത് ഞാനോ എന്നില്‍നിന്നും വരുന്ന സത്യമോ അല്ല, മറിച്ച് നിങ്ങളുടെ ഭാര്യയോ ഭര്‍ത്താവോ ആണ്‍മക്കളോ പെണ്‍മക്കളോ, നിങ്ങൾ ഉണ്ണുകയോ ഉടുക്കുകയോ ചെയ്യുന്ന വസ്തുക്കളോ ആണ്. അളവിലും വ്യാപ്തിയിലും കൂടുതൽ സുഖം എങ്ങനെ നേടാം എന്നാണ് നിങ്ങൾ ചിന്തിക്കുന്നത്. വയറുപൊട്ടിപ്പോകുന്ന അത്രയും നിറച്ചിട്ടും നിങ്ങളിനിയും ഒരു ശവമായി മാറിയില്ലേ? പുറമെ ഇത്ര മനോഹരമായ വസ്ത്രം ധരിക്കുമ്പോഴും നിങ്ങളിപ്പോഴും ജീവനില്ലാത്ത, നടക്കുന്ന ഒരു ശവമല്ലേ? മുടിയിൽ വെള്ളിവരകൾ തെളിയുന്നതുവരെ വയറിനായി നിങ്ങൾ അധ്വാനിക്കുന്നു. എന്നിട്ടും നിങ്ങളിലാരും എന്‍റെ വേലയ്ക്കായി ഒരു രോമം പോലും ത്യജിക്കുന്നില്ല. നിങ്ങളുടെ സ്വന്തം ശരീരത്തിനുവേണ്ടി, ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടി, വിശ്രമമില്ലാതെ ശരീരത്തെ വലച്ചുകൊണ്ട്, തലച്ചോറിനെ ഞെരിച്ചുകൊണ്ട് നിങ്ങൾ പായുന്നു. എന്നിട്ടും നിങ്ങളിലൊരാൾ പോലും എന്‍റെ ഹിതത്തെ കുറിച്ച് എന്തെങ്കിലും ആകുലതയോ ആശങ്കയോ പ്രകടിപ്പിക്കുന്നില്ല. ഇനിയും നിങ്ങൾ എന്താണ് എന്നിൽ നിന്നും നേടുവാൻ ആഗ്രഹിക്കുന്നത്?
എന്‍റെ പ്രവൃത്തിയിൽ ഞാനൊരിക്കലും ധൃതിപ്പെടുന്നില്ല. ആളുകൾ എന്നെ എങ്ങനെ അനുഗമിക്കുന്നു എന്നു നോക്കാതെ ഓരോ ഘട്ടത്തിനും അനുസൃതമായി, എന്‍റെ പദ്ധതിയ്ക്കനുസൃതമായി, ഞാൻ എന്‍റെ പ്രവൃത്തി ചെയ്യുന്നു. അതുകൊണ്ട്, എനിക്കെതിരായ നിങ്ങളുടെ വിപ്ലവങ്ങളൊന്നും കൂസാതെ, ഞാനെന്‍റെ വേല അനവരതം തുടരുന്നു; ഞാൻ പറയേണ്ടതായ വചനങ്ങൾ പറയുന്നതിൽ ഇപ്പോഴും തുടരുന്നു. മുന്‍കൂട്ടി തീരുമാനിച്ചവരെ എന്‍റെ വാക്കുകൾ കേൾന്നതിനായി എന്‍റെ ഭവനത്തിലേക്ക് ഞാൻ വിളിക്കുന്നു. എന്‍റെ വചനങ്ങൾ അനുസരിക്കുന്നവരെ, എന്‍റെ വചനങ്ങൾക്കായി ദാഹിക്കുന്നവരെ ഞാൻ എന്‍റെ സിംഹാസനത്തിനു മുന്‍പാകെ കൊണ്ടുവരുന്നു; എന്‍റെ വാക്കുകള്‍ക്ക് പുറംതിരിക്കുന്നവരെ, എന്നെ അനുസരിക്കാത്തവരെ, എന്നെ പരസ്യമായി എതിര്‍ക്കുന്നവരെ, ഞാൻ അന്തിമ ശിക്ഷയ്ക്കായി ഒരുവശത്തേക്ക് നീക്കിനിർത്തുന്നു. ആളുകൾ ദുർമാർഗത്തിലും ദുഷ്ടനായവന്‍റെ കരങ്ങള്‍ക്കു കീഴിലും വസിക്കുന്നതുകൊണ്ട്, എന്നെ അനുഗമിക്കുന്നവരിൽ അധികം പേരൊന്നും സത്യത്തിനുവേണ്ടി അദമ്യമായി ആഗ്രഹിക്കുന്നില്ല. എന്നുപറഞ്ഞാൽ, അധികം പേരും യഥാർഥത്തിൽ എന്നെ ആരാധിക്കുന്നില്ല; അവർ സത്യത്തിനു ചേർച്ചയിൽ എന്നെ ആരാധിക്കുന്നില്ല, മറിച്ച് ദുഷ്ടതയിലൂടെയും കലാപത്തിലൂടെയും വഞ്ചന നിറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെയും എന്‍റെ വിശ്വാസം നേടുവാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് ഞാൻ പറയുന്നത്: വിളിക്കപ്പെട്ടവരോ അനേകർ, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം. വിളിക്കപ്പെട്ടവർ അങ്ങേയറ്റം ദുഷിക്കപ്പെട്ടിരിക്കുന്നു, അവരെല്ലാം ഒരേ കാലത്താണ് ജീവിക്കുന്നത്; എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവർ ഇവരിൽ ഒരു ഭാഗമേയുള്ളൂ. സത്യത്തിൽ വിശ്വസിക്കുകയും സത്യത്തെ അംഗീകരിക്കുകയും സത്യം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് അവർ. ഇവർ മൊത്തം ഉള്ളവരിൽ ചെറിയൊരു ഭാഗം മാത്രമാണ്. അവര്‍ക്കിടയിൽ നിന്നും എനിക്ക് കൂടുതൽ മഹത്വം ലഭിക്കും. ഈ വാക്കുകള്‍കൊണ്ട് അളന്നാൽ നിങ്ങള്‍ക്കു പറയുവാൻ സാധിക്കുമോ നിങ്ങൾ വിളിക്കപ്പെട്ടതാണെന്ന്? നിങ്ങളുടെ അന്ത്യം എങ്ങനെയുള്ളത് ആയിരിക്കും?
ഞാൻ പറഞ്ഞതുപോലെ, എന്നെ അനുഗമിക്കുന്നവർ അനവധിയാണ്. പക്ഷേ യഥാർഥത്തിൽ എന്നെ സ്നേഹിക്കുന്നവർ വളരെ കുറച്ചേയുള്ളൂ. ഒരുപക്ഷേ, ചിലർ ഇങ്ങനെ പറഞ്ഞേക്കാം, “ഞാൻ അങ്ങയെ സ്നേഹിച്ചിരുന്നില്ലെങ്കിൽ ഇത്ര വലിയ വില നൽകുമായിരുന്നോ? ഞാൻ അങ്ങയെ സ്നേഹിച്ചിരുന്നില്ലെങ്കിൽ ഇത്രവരെ അനുഗമിക്കുമായിരുന്നോ?” തീര്‍ച്ചയായും നിനക്കു കുറേ കാരണങ്ങളുണ്ട്. തീര്‍ച്ചയായും നിന്‍റെ സ്നേഹം വലുതാണ്. പക്ഷേ എന്താണ് നിനക്ക് എന്നോടുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനം? “സ്നേഹം” എന്നു പറയുന്നത് പരിശുദ്ധമായ, കളങ്കമില്ലാത്ത ഒരു വികാരമാണ്. അവിടെ നിങ്ങൾ സ്നേഹിക്കുവാനും അനുഭവിച്ചറിയുവാനും ചിന്തിക്കുവാനും ഹൃദയത്തെ ഉപയോഗിക്കുന്നു. സ്നേഹത്തിൽ നിബന്ധനകളില്ല, പ്രതിബന്ധങ്ങളില്ല, അകലങ്ങളില്ല. സ്നേഹത്തിൽ സംശയമില്ല, ചതിയില്ല, കൗശലമില്ല. സ്നേഹത്തിൽ കച്ചവടമില്ല, അശുദ്ധിയില്ല. സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ചതിക്കുകയില്ല, പരാതിപ്പെടില്ല, വഞ്ചിക്കില്ല, എതിര്‍ക്കില്ല, പിടിച്ചെടുക്കില്ല, എന്തെങ്കിലും നേടണമെന്നോ ഇത്ര അളവുവരെ നേടണമെന്നോ ആഗ്രഹിക്കില്ല. നീ സ്നേഹിക്കുന്നുണ്ടെങ്കിൽ സന്തോഷത്തോടെ സ്വയം സമര്‍പ്പിക്കും, സന്തോഷത്തോടെ കഷ്ടതകൾ സഹിക്കും, നീയെനിക്ക് അനുയോജ്യനായിരിക്കും, നിനക്കുള്ളതെല്ലാം നീ എനിക്കായി ത്യജിക്കും, നിന്‍റെ കുടുംബത്തെയും നിന്‍റെ ഭാവിയെയും നിന്‍റെ യൗവ്വനത്തെയും നിന്‍റെ വിവാഹജീവിതത്തെയും നീ എനിക്കായി വേണ്ടെന്നുവയ്ക്കും. ഇല്ലെങ്കിൽ നിന്‍റെ സ്നേഹം സ്നേഹമായിരിക്കില്ല, ചതിയും വഞ്ചനയും മാത്രമായിരിക്കും! എന്തുതരം സ്നേഹമാണ് നിന്‍റേത്? അത് യഥാർഥ സ്നേഹമാണോ? അതോ കപടമാണോ? എത്രത്തോളം നീ ഉപേക്ഷിച്ചിട്ടുണ്ട്? എത്രത്തോളം നീ അർപ്പിച്ചിട്ടുണ്ട്? നിന്നില്‍നിന്നും എത്രത്തോളം സ്നേഹം എനിക്കു ലഭിച്ചിട്ടുണ്ട്? നിനക്കറിയാമോ? നിങ്ങളുടെ ഹൃദയങ്ങൾ ദുഷ്ടതയും വഞ്ചനയും ചതിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. അങ്ങനെയുള്ളപ്പോൾ, നിങ്ങളുടെ സ്നേഹത്തിൽ എത്ര അളവോളം അശുദ്ധമാണ്? എനിക്കുവേണ്ടി ആവശ്യത്തിനുള്ള ത്യാഗങ്ങൾ ചെയ്തുകഴിഞ്ഞുവെന്ന് നിങ്ങൾ കരുതുന്നു; നിങ്ങള്‍ക്ക് എന്നോടുള്ള സ്നേഹം ഇപ്പോള്‍ത്തന്നെ ആവശ്യത്തിനുണ്ട് എന്നു നിങ്ങൾ കരുതുന്നു. എങ്കില്‍പ്പിന്നെ, നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും എപ്പോഴും എതിര്‍പ്പിന്‍റെയും ചതിയുടെയും ആയിരിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങൾ എന്നെ അനുഗമിക്കുന്നു, എന്നാൽ എന്‍റെ വാക്കുകൾ അംഗീകരിക്കുന്നില്ല. അതിനെ സ്നേഹമായി കണക്കാക്കാമോ? നിങ്ങൾ എന്നെ അനുഗമിക്കുന്നു, എന്നാൽ എന്നെ തള്ളിക്കളയുന്നു. ഇതിനെ സ്നേഹമായി കണക്കാക്കാമോ? നിങ്ങൾ എന്നെ അനുഗമിക്കുന്നു, എന്നാൽ എന്നെ അവിശ്വസിക്കുന്നു. ഇതിനെ സ്നേഹമായി കണക്കാക്കാമോ? നിങ്ങൾ എന്നെ അനുഗമിക്കുന്നു, എന്നാൽ എന്‍റെ അസ്തിത്വത്തെ അംഗീകരിക്കാൻ സാധിക്കുന്നില്ല. ഇതിനെ സ്നേഹമായി കണക്കാക്കാമോ? നിങ്ങൾ എന്നെ അനുഗമിക്കുന്നു, എന്നാൽ ഞാൻ അര്‍ഹിക്കുന്ന ആദരവ് എനിക്കു നല്‍കുന്നില്ല. മാത്രമോ, കാര്യങ്ങൾ ഓരോ ഘട്ടത്തിലും നിങ്ങൾ എനിക്കു ദുഷ്കരമാക്കുന്നു. ഇതിനെ സ്നേഹമായി കണക്കാക്കാമോ? നിങ്ങൾ എന്നെ അനുഗമിക്കുന്നു. പക്ഷേ സകലത്തിലും എന്നെ പറ്റിക്കുവാനും ചതിക്കുവാനും ശ്രമിക്കുന്നു. ഇതിനെ സ്നേഹമായി കണക്കാക്കാമോ? നിങ്ങൾ എന്നെ സേവിക്കുന്നു, എന്നാൽ എന്നെ ഭയക്കുന്നില്ല. ഇതിനെ സ്നേഹമായി കണക്കാക്കാമോ? നിങ്ങൾ എല്ലാ തരത്തിലും എല്ലാ കാര്യങ്ങളിലും എന്നെ എതിര്‍ക്കുന്നു. ഇതെല്ലാം സ്നേഹമായി കണക്കാക്കാമോ? നിങ്ങൾ വളരെയധികം സമർപ്പിച്ചിട്ടുണ്ട്, സത്യമാണ്. പക്ഷേ, നിങ്ങളിൽ നിന്നും ഞാൻ ആവശ്യപ്പെടുന്നത് നിങ്ങൾ ഒരിയ്ക്കലും പ്രവര്‍ത്തിച്ചിട്ടില്ല. ഇതിനെ സ്നേഹമായി കണക്കാക്കാമോ? സൂക്ഷ്മമായി പരിശോധിക്കുമ്പോൾ കാണുന്നത് നിങ്ങള്‍ക്കുള്ളിൽ എന്നോട് സ്നേഹത്തിന്‍റെ ഒരു തരിമ്പുപോലും ഇല്ല എന്നാണ്. ഇത്രയധികം വര്‍ഷങ്ങളിലെ പ്രവര്‍ത്തനത്തിനുശേഷം, ഇത്രയധികം വാക്കുകൾ ഞാൻ പറഞ്ഞതിനുശേഷം, യഥാർഥത്തിൽ എത്രത്തോളമാണ് നിങ്ങളുടെ നേട്ടം? ശ്രദ്ധാപൂർവമായ ഒരു തിരിഞ്ഞുനോട്ടം ഇതാവശ്യപ്പെടുന്നില്ലേ? ഞാൻ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു: ഞാൻ എന്‍റെ അരികിലേക്ക് വിളിക്കുന്നവർ ഒരിയ്ക്കലും തെറ്റിൽ വീഴാത്തവർ അല്ല; മറിച്ച്, ഞാൻ തിരഞ്ഞെടുക്കുന്നവർ എന്നെ യഥാർഥത്തിൽ സ്നേഹിക്കുന്നവരാണ്. അതുകൊണ്ട്, വാക്കുകളിലും പ്രവൃത്തികളിലും നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കണം. നിങ്ങളുടെ ഉദ്ദേശ്യങ്ങളെയും ചിന്തകളെയും പരിശോധിച്ചു അവ അതിര്‍വരമ്പുകൾ ലംഘിക്കുന്നില്ല എന്ന് ഉറപ്പാക്കണം. അന്ത്യനാളുകളുടെ സമയത്ത് നിങ്ങളുടെ സ്നേഹം എനിക്കു സമര്‍പ്പിക്കുവാൻ ആവതെല്ലാം ചെയ്യുക, അല്ലാത്തപക്ഷം എന്‍റെ ക്രോധം നിങ്ങളെ വിട്ടകലുകയില്ല!