സര്‍വപ്രപഞ്ചത്തിനുമായുള്ള ദൈവവചനങ്ങള്‍:അധ്യായം 5

എന്റെ ആത്മാവിന്റെ ശബ്ദം എന്റെ മുഴുവന്‍ പ്രകൃതത്തിന്റെയും പ്രകാശനമാണ്. നിങ്ങള്‍ ഇത് മനസിലാക്കുന്നുണ്ടോ? ഈ കാര്യത്തില്‍ അവ്യക്തത പുലര്‍ത്തുന്നത് എന്നെ നേരിട്ടെതിര്‍ക്കുന്നതിന് തുല്യമാണ്. ഇതിനുള്ള പ്രാധാന്യം ശരിക്കും നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? എത്രമാത്രം അധ്വാനമാണ്, എത്രമാത്രം ഊര്‍ജമാണ് ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നതെന്ന് ശരിക്കും നിങ്ങള്‍ക്കറിയുമോ? നിങ്ങള്‍ എന്താണ് ചെയ്തതെന്നും എന്റെ മുന്‍പില്‍ എങ്ങനെയാണ് പെരുമാറിയാതെന്നും തുറന്നുകാണിക്കുവാന്‍ യഥാര്‍ഥത്തില്‍ നിങ്ങള്‍ ധൈര്യപ്പെടുന്നുണ്ടോ? എന്റെ മുഖത്തുനോക്കി എന്റെ ജനമെന്ന് സ്വയം വിശേഷിപ്പിക്കുവാന്‍ നിങ്ങള്‍ ധൈര്യപ്പെടുന്നു--നിങ്ങള്‍ക്ക് ലജ്ജയില്ല, ബോധമാകട്ടെ, ഒട്ടുമില്ല! അധികം താമസിയാതെ നിങ്ങളെപ്പോലുള്ള ആളുകള്‍ എന്റെ ഭവനത്തില്‍ നിന്നും നിഷ്കാസിതരായിത്തീരും! നിങ്ങള്‍ എനിക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്ന വിശ്വാസത്തില്‍, അനുഭവസമ്പത്തിന്റെ പേരില്‍ ഇളവുകള്‍ പ്രതീക്ഷിച്ചു നിങ്ങള്‍ എന്റെ അടുത്ത് വരേണ്ട! ഇതു മനുഷ്യര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമല്ലേ? നിന്റെ ഉദ്ദേശ്യങ്ങളിലും ലക്ഷ്യങ്ങളിലും ഒന്നും അവശേഷിച്ചിട്ടില്ലെങ്കില്‍, നിങ്ങള്‍ എപ്പോഴേ വ്യത്യസ്തമായ ഒരു പാത സ്വീകരിക്കുമായിരുന്നു. മനുഷ്യഹൃദയത്തിന് എന്തുമാത്രം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് എനിക്കറിയില്ല എന്നാണോ നിങ്ങള്‍ കരുതുന്നത്? ഈ സമയം മുതല്‍ എല്ലാ കാര്യങ്ങളിലും നിങ്ങള്‍ പ്രവര്‍ത്തനത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് പ്രവേശിക്കണം; മുന്‍പ് ചെയ്തിരുന്നതുപോലെ വൃഥാ എന്തൊക്കെയോ പുലമ്പിയതുകൊണ്ട് നിങ്ങള്‍ ഇനി രക്ഷപ്പെടാന്‍ പോകുന്നില്ല. മുന്‍പ് എന്റെ മേല്‍ക്കൂരയ്ക്ക് കീഴില്‍ നിങ്ങള്‍ സൗജന്യമായി എല്ലാം അനുഭവിച്ചു. ഇന്നു നിങ്ങള്‍ രണ്ടുകാലില്‍ ഉറച്ചു നില്ക്കുന്നു എന്നതിന് കാരണം പൂര്‍ണമായും എന്റെ വാക്കുകളുടെ മൂര്‍ച്ചയാണ്. ഞാന്‍ ലക്ഷ്യമില്ലാതെ വെറുതെ അതുമിതും പറയുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അസാധ്യം! ഉന്നതങ്ങളില്‍ നിന്ന് ഞാന്‍ എല്ലാറ്റിനെയും നോക്കിക്കാണുന്നു. ഉന്നതങ്ങളില്‍ നിന്നും എല്ലാറ്റിനും മേലെ ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്നു. ഇതേ രീതിയില്‍ ഞാന്‍ ഭൂമിക്കുമേല്‍ എന്റെ രക്ഷ ഒരുക്കിയിരിക്കുന്നു. എന്റെ രഹസ്യസങ്കേതത്തില്‍ നിന്നും മനുഷ്യന്റെ ഓരോ നീക്കവും, അവര്‍ പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും, ഞാന്‍ വീക്ഷിക്കാത്ത ഒരു നിമിഷം പോലുമില്ല. എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യര്‍ തുറന്ന പുസ്തകങ്ങളാണ്: അവരെ ഓരോരുത്തരേയും ഞാന്‍ കാണുകയും അറിയുകയും ചെയ്യുന്നു. രഹസ്യസങ്കേതം എന്റെ വാസസ്ഥലമാണ്. സ്വര്‍ഗത്തിലെ നിലവറ മുഴുവനും എന്റെ ശയ്യയും. സാത്താന്റെ ശക്തികള്‍ക്ക് എന്റെ അടുത്തെത്തുവാന്‍ സാധിക്കുകയില്ല. കാരണം എന്നില്‍ നിന്നും മഹത്വവും നീതിയും ന്യായവിധിയും വഴിഞ്ഞൊഴുകുകയാണ്. അവര്‍ണനീയമായ ഒരു നിഗൂഢത എന്റെ വചനങ്ങളില്‍ കുടികൊള്ളുന്നു. ഞാന്‍ സംസാരിക്കുമ്പോള്‍ ആദ്യമായി വെള്ളത്തിലേക്കിറക്കിവിട്ട പക്ഷികളെപ്പോലെ നിങ്ങള്‍ ആശയക്കുഴപ്പം നിറഞ്ഞവരാകുന്നു. അല്ലെങ്കില്‍ പേടിച്ചരണ്ട കുഞ്ഞുങ്ങളെപ്പോലെ ഒന്നുമറിയാത്തവരായി കാണപ്പെടുന്നു. കാരണം നിങ്ങളുടെ ആത്മാവ് അമ്പരപ്പിന്റെതായ ഒരവസ്ഥയിലേക്ക് വീണുകഴിഞ്ഞിരിക്കുന്നു. രഹസ്യസ്ഥാനമാണ് എന്റെ വാസസ്ഥലമെന്ന് എന്തുകൊണ്ടാണ് ഞാന്‍ പറയുന്നത്? എന്റെ വാക്കുകളുടെ കൂടുതല്‍ ഗഹനമായ അര്‍ഥം നിങ്ങള്‍ക്കറിയുമോ? മനുഷ്യര്‍ക്കിടയില്‍ ആര്‍ക്കാണ് എന്നെ അറിയുവാന്‍ കഴിവുള്ളത്? ആര്‍ക്കാണ് സ്വന്തം പിതാവിനെയും മാതാവിനെയും അറിയുന്നതുപോലെ എന്നെ അറിയുവാന്‍ കഴിവുള്ളത്? എന്റെ വാസസ്ഥലത്ത് വിശ്രമിച്ചുകൊണ്ട് ഞാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു: ഭൂമിയിലെ എല്ലാ മനുഷ്യരും തിരക്കിട്ടുപായുന്നു, "ലോകം മുഴുവന്‍ സഞ്ചരിക്കുന്നു". വരുന്നു, പോകുന്നു. എല്ലാം അവരുടെ ലക്ഷ്യത്തിനും ഭാവിക്കും വേണ്ടി. എന്നിരുന്നാലും ഒരാള്‍ക്കുപോലും എന്റെ രാജ്യം പടുത്തുയര്‍ത്തുവാനായി മാറ്റിവയ്ക്കാന്‍ ഊര്‍ജമില്ല. ശ്വാസമെടുക്കുന്ന അത്രപോലും അധ്വാനം മാറ്റിവയ്ക്കുവാനില്ല. ഞാന്‍ മനുഷ്യരെ സൃഷ്ടിച്ചു. പലതവണ അവരെ ദുരിതങ്ങളില്‍ നിന്നും രക്ഷിച്ചു; എന്നിരുന്നാലും, ഈ മനുഷ്യര്‍ എല്ലാവരും നന്ദി കെട്ടവരാണ്; അവരില്‍ ഒരാള്‍ക്കുപോലും എന്റെ രക്ഷയുടേതായ അനുഭവങ്ങളെല്ലാം എത്രയെന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കുകയില്ല. ലോകസൃഷ്ടിമുതല്‍ ഇന്നുവരെ കുറെ വര്‍ഷങ്ങളായി--കുറെ നൂറ്റാണ്ടുകളായി അതങ്ങനെയാണ്. ഞാന്‍ അനവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അനവധി തവണ എന്റെ ജ്ഞാനം ഞാന്‍ പ്രകാശിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, മനുഷ്യര്‍ മാനസികരോഗികളെപ്പോലെ മറവി ബാധിച്ചവരും മരവിച്ചവരുമാണ്. ചിലപ്പോള്‍ വനത്തില്‍ വിഹരിക്കുന്ന വന്യമൃഗങ്ങളെപ്പോലെയാണ് അവര്‍. എന്റെ കാര്യങ്ങള്‍ക്ക് ചെവികൊടുക്കണമെന്ന് അവര്‍ക്ക് അല്പം പോലും വിചാരമില്ല. അനവധി തവണ ഞാന്‍ മനുഷ്യര്‍ക്ക് മരണശിക്ഷ നല്‍കി അവരെ മരണത്തിനായി വിധിച്ചു. പക്ഷേ ആര്‍ക്കും എന്റെ നിര്‍വഹണപദ്ധതിയില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുകയില്ല. അതിനാല്‍, എന്റെ കരങ്ങളില്‍, മനുഷ്യര്‍ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്ന പഴയ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. എന്റെ പദ്ധതിയിലെ ഘട്ടങ്ങള്‍ നിമിത്തം, വിഘടിച്ച, ദുഷിച്ച, വൃത്തികെട്ട, നീചമായ ഒരു വലിയ കുടുംബത്തില്‍ ജനിച്ച നിങ്ങളെ ഞാന്‍ ഒരിക്കല്‍ കൂടി രക്ഷിച്ചിരിക്കുന്നു.

എന്റെ ആസൂത്രിതപദ്ധതി ഒരു നിമിഷം പോലും നിലയ്ക്കാതെ അനുസ്യൂതം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നു. ദൈവരാജ്യയുഗത്തിലേക്ക് കടന്നിരിക്കുന്നതു കൊണ്ട്, നിങ്ങളെ എന്റെ ജനമായി എന്റെ രാജ്യത്തിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നതുകൊണ്ട്, ഞാന്‍ നിങ്ങളില്‍ നിന്നും വേറെ ചില കാര്യങ്ങള്‍ ആവശ്യപ്പെടും; എന്നുപറഞ്ഞാല്‍, ഈ യുഗത്തില്‍ ഏത് ഭരണഘടന ഉപയോഗിച്ചാണോ ഞാന്‍ നിങ്ങളെ ഭരിക്കുവാന്‍ പോകുന്നത്, അത് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വിളംബരം ചെയ്യും:

നിങ്ങള്‍ എന്റെ ജനമെന്ന് വിളിക്കപ്പെടുന്നതുകൊണ്ട് നിങ്ങള്‍ക്ക് എന്റെ നാമം മഹത്വപ്പെടുത്തുവാന്‍ സാധിക്കണം. എന്നുവച്ചാല്‍, പരീക്ഷണത്തിനു നടുവില്‍ എനിക്കു സാക്ഷ്യം നല്‍കുവാന്‍ നിങ്ങള്‍ക്ക് സാധിക്കണം. ആരെങ്കിലും മുഖസ്തുതി പറഞ്ഞ് എന്നെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍, അല്ലെങ്കില്‍ എന്നില്‍ നിന്നും സത്യം മറയ്ക്കാന്‍ ശ്രമിച്ചാല്‍, അല്ലെങ്കില്‍ ഞാനറിയാതെ അന്തസിന് യോജിക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍, അത്തരം ആളുകള്‍, എന്തു ന്യായം പറഞ്ഞാലും, ആട്ടിയോടിക്കപ്പെടുകയും ഞാന്‍ നടപ്പാക്കുന്ന ശിക്ഷ കാത്തിരിക്കുവാനായി എന്റെ ഭവനത്തില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്യും. മുന്‍പ് എന്നോടു വിശ്വസ്തതയും അനുസരണയും ഇല്ലാതിരുന്നവരും, ഇന്നു വീണ്ടും പരസ്യമായി എന്നെ കുറ്റം വിധിക്കുവാന്‍ മുന്നോട്ട് വന്നിരിക്കുന്നവരും എന്റെ ഭവനത്തില്‍ നിന്നും ആട്ടിയോടിക്കപ്പെടും. എന്റെ ജനങ്ങളായിരിക്കുന്നവര്‍ എന്റെ ക്ലേശങ്ങളോട് എപ്പോഴും പരിഗണനയുള്ളവരായിരിക്കണം. അതുപോലെ എന്റെ വചനങ്ങളെ അറിയുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. ഇത്തരത്തിലുള്ള ആളുകള്‍ക്കു മാത്രമേ ഞാന്‍ ബോധജ്ഞാനം നല്‍കുകയുള്ളൂ. അവര്‍ തീര്‍ച്ചയായും എന്റെ മാര്‍ഗദര്‍ശനത്തിനും ബോധജ്ഞാനത്തിനും അനുസരിച്ചു ജീവിക്കും. അവര്‍ ഒരിക്കലും ശിക്ഷക്ക് വിധേയരാക്കപ്പെടുകയില്ല. എന്റെ ക്ലേശങ്ങളെ പരിഗണിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍, സ്വന്തം ഭാവിക്കായി പദ്ധതികള്‍ തയ്യാറാക്കുന്നവര്‍--അതായത് സ്വന്തം പ്രവൃത്തികള്‍ വഴി എന്റെ ഹൃദയത്തെ തൃപ്തിപ്പെടുത്തുവാന്‍ ശ്രമിക്കാതെ എന്നില്‍ നിന്നും ദാനങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍--ഭിക്ഷക്കാരെപ്പോലെയുള്ള ഈ ജന്തുക്കളെ ഞാന്‍ ഒരിക്കലും ഉപയോഗപ്പെടുത്തുകയില്ല. കാരണം, അവര്‍ ജനിച്ച അന്നുമുതല്‍ ഇന്നുവരെ എന്റെ ക്ലേശങ്ങളെക്കുറിച്ച് പരിഗണനയുള്ളവരാകുക എന്നതിന്റെ അര്‍ഥം എന്തെന്ന് അവര്‍ അല്‍പം പോലും അറിഞ്ഞിട്ടില്ല. സാധാരണ ബോധം പോലും ഇല്ലാത്തവരാണ് ഈ ആളുകള്‍; തലച്ചോറിന് “പോഷണം” ലഭിക്കാത്തവര്‍. കുറച്ചെന്തെങ്കിലും “പോഷണം” ലഭിക്കുവാന്‍ അവര്‍ വീട്ടില്‍ പോകേണ്ടിയിരിക്കുന്നു. എനിക്കു അത്തരം ആളുകളെക്കൊണ്ട് ഒരുപകാരവും ഇല്ല. എന്റെ ജനങ്ങളില്‍ എല്ലാവരും എന്നെ അറിയുക എന്നത് അവസാനം വരെ നിര്‍ബന്ധമായും ചെയ്യേണ്ട ഒരു കടമയായി കണക്കാക്കേണ്ടതാണ്. ഒരു നിമിഷത്തേക്കുപോലും ഒരാള്‍ മറന്നുപോകാത്ത ഭക്ഷണം കഴിക്കുക, വസ്ത്രം ധരിക്കുക, ഉറങ്ങുക എന്നീ കര്‍മങ്ങള്‍ പോലെയായിരിക്കണം അത്. അങ്ങനെയാകുമ്പോള്‍ അവസാനം എന്നെ അറിയുക എന്നത് നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കുക എന്നതുപോലെ അത്രയും പരിചിതമായിരിക്കും--തികച്ചും ആയാസരഹിതമായി, ഏറ്റവും വഴക്കമുള്ള ഒരു പ്രവൃത്തിയായി നിങ്ങള്‍ക്കത് ചെയ്യുവാന്‍ സാധിക്കും. ഞാന്‍ അരുളിചെയ്യുന്ന വചനങ്ങളെക്കുറിച്ചാണെങ്കില്‍, ഓരോന്നിനെയും അങ്ങേയറ്റം വിശ്വാസത്തോടെ സ്വീകരിക്കുകയും പൂര്‍ണമായി ഉള്‍ക്കൊള്ളുകയും വേണം. അര്‍ധമനസോടെ ചെയ്യുന്ന പ്രവൃത്തികള്‍ ഉണ്ടാകരുത്. എന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കാത്തവര്‍ എന്നെ എതിര്‍ക്കുന്നവരായി കണക്കാക്കപ്പെടും. എന്റെ വചനങ്ങള്‍ ഭക്ഷിക്കുകയോ അവയെ അറിയാന്‍ ശ്രമിക്കുകയോ ചെയ്യാത്തവര്‍ എന്നെ പരിഗണിക്കാത്തവരായി കണക്കാക്കപ്പെടും. അവര്‍ എന്റെ ഭവനത്തില്‍ നിന്നും പുറത്താക്കപ്പെടും. കാരണം, ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതുപോലെ എനിക്കു കൂടുതല്‍ എണ്ണം ആളുകളെയല്ല വേണ്ടത്; മറിച്ച് മികവാണ്. ഒരു നൂറുപേരില്‍ ഒരാള്‍ക്ക് മാത്രമാണ് എന്റെ വചനങ്ങളിലൂടെ എന്നെ അറിയുവാന്‍ സാധിക്കുക എങ്കില്‍, ഈ ഒരു വ്യക്തിക്ക് ബോധജ്ഞാനവും പ്രകാശവും നല്‍കുന്നതിനായി മറ്റുള്ളവരെയെല്ലാം പൂര്‍ണമനസോടെ ഞാന്‍ ഉപേക്ഷിക്കും. കൂടുതല്‍ എണ്ണം ആളുകളെക്കൊണ്ട് മാത്രമേ എനിക്കു സാക്ഷാത്കാരം നല്‍കുവാനും എനിക്കുവേണ്ടി ജീവിക്കുവാനും സാധിക്കുകയുള്ളൂ എന്നുപറയുന്നത് യഥാര്‍ഥത്തില്‍ ശരിയല്ല എന്ന് ഇതില്‍ നിന്നും നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. എനിക്കാവശ്യമുള്ളത് ഗോതമ്പാണ്(ഗോതമ്പുമണികള്‍ പൊടിഞ്ഞതായാലും സാരമില്ല). അല്ലാതെ കളയല്ല(അവയുടെ ധാന്യമണികള്‍ എന്തുമാത്രം പൊടിയാത്തതായാലും). അന്വേഷണത്തിനു ഒട്ടും പ്രാധാന്യം കൊടുക്കാതെ അലസമായ രീതിയില്‍ പെരുമാറുന്നവര്‍ സ്വയം ഒഴിഞ്ഞുപോകേണ്ടതാണ്; ഞാന്‍ അവരെ ഇനിയൊരിക്കലും കാണുവാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ അവര്‍ എന്റെ നാമത്തിന് അപമാനം കൊണ്ടുവന്നുകൊണ്ടേ ഇരിക്കും. ഞാന്‍ എന്റെ ജനത്തില്‍ നിന്നും എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെ സംബന്ധിച്ചാണെങ്കില്‍ ഞാന്‍ ഞാന്‍ തല്‍ക്കാലം ഈ പ്രമാണങ്ങളില്‍ എന്റെ ആവശ്യങ്ങള്‍ അവസാനിപ്പിക്കുന്നു. സാഹചര്യങ്ങള്‍ എങ്ങനെ മാറുന്നു എന്നതിനനുസരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഞാന്‍ കാത്തിരിക്കുന്നു.

മുന്‍കാലങ്ങളില്‍ വലിയൊരു ഭൂരിപക്ഷം ആളുകളും വിചാരിച്ചിരുന്നത് ഞാന്‍ ജ്ഞാനത്തിന്റെ ദൈവം ആണെന്നായിരുന്നു. മാനവരുടെ ഹൃദയം ആഴത്തില്‍ കണ്ടറിഞ്ഞ അതേ ദൈവം ഞാനാണ് എന്നായിരുന്നു. ഏതായാലും ഇത് ഉപരിപ്ലവമായ ഒരു സംഭാഷണം മാത്രമായിരുന്നു. എന്നെ സത്യത്തില്‍ മനുഷ്യര്‍ അറിഞ്ഞിരുന്നെങ്കില്‍ തെറ്റായ നിഗമനങ്ങളില്‍ അവര്‍ എത്തിച്ചേരില്ലായിരുന്നു. മറിച്ച് എന്റെ വചനങ്ങളിലൂടെ എന്നെ അറിയുവാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു. എന്റെ പ്രവൃത്തികള്‍ യഥാര്‍ഥത്തില്‍ കാണുവാന്‍ സാധിക്കുന്ന ഒരു ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരുന്നെങ്കില്‍ മാത്രമേ എന്നെ ജ്ഞാനമുള്ളവനും അത്ഭുതമുളവാക്കുന്നവനും എന്നു വിളിക്കാന്‍ അവര്‍ യോഗ്യരാകുമായിരുന്നുള്ളൂ. നിങ്ങള്‍ക്ക് എന്നെക്കുറിച്ചുള്ള അറിവ് തീര്‍ത്തും ഉപരിപ്ലവമാണ്. യുഗായുഗാന്തരം അനേകം ആളുകള്‍ എന്നെ അനവധി വര്‍ഷങ്ങളോളം സേവിച്ചിട്ടുണ്ട്. എന്റെ പ്രവൃത്തികള്‍ക്ക് സാക്ഷിയായിട്ടുണ്ട്. എന്നെക്കുറിച്ച് യഥാര്‍ഥമായും കുറച്ചൊക്കെ അറിവ് നേടിയിട്ടുണ്ട്. ഈ കാരണം കൊണ്ട് അവര്‍ക്കെപ്പോഴും എന്നോട് കീഴ്പ്പെട്ടിരിക്കുന്ന ഒരു ഹൃദയം ഉണ്ടായിരുന്നു. എന്നെ എതിര്‍ക്കണമെന്ന നേരിയ ഒരു ചിന്ത പോലും മനസില്‍ സൂക്ഷിക്കാന്‍ അവര്‍ ഭയപ്പെട്ടു. കാരണം എന്റെ പാദമുദ്രകള്‍ തേടുക അത്രയും ദുഷ്കരമായിരുന്നു. എന്റെ മാര്‍ഗദര്‍ശനം ഈ ജനങ്ങള്‍ക്ക് ലഭിച്ചില്ലായിരുന്നെങ്കില്‍, തിടുക്കത്തില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ ധൈര്യപ്പെടുമായിരുന്നില്ല. അതുകൊണ്ട്, കുറെ വര്‍ഷങ്ങളുടെ അനുഭവത്തിനുശേഷം അവര്‍ ക്രമേണ എന്നെക്കുറിച്ചുള്ള അറിവിന്റെ ഒരു ഭാഗം സാമാന്യവല്‍ക്കരിച്ചു. എന്നെ ജ്ഞാനിയെന്നും അത്ഭുതമുളവാക്കുന്നവന്‍ എന്നും ഉപദേശി എന്നും വിളിച്ചു. എന്റെ വാക്കുകള്‍ ഇരുതലമൂര്‍ച്ചയുള്ള വാള്‍ പോലെ എന്നവര്‍ പറഞ്ഞു. എന്‍റെ പ്രവൃത്തികള്‍ മഹത്തരവും അമ്പരപ്പിക്കുന്നതും അത്ഭുതകരവുമാണെന്നവര്‍ പറഞ്ഞു. ഞാന്‍ മഹത്വത്തിന്‍റെ മേലങ്കി ധരിച്ചിരിക്കുന്നുവെന്നും എന്റെ ജ്ഞാനം ആകാശവിതാനത്തിനും ഉയരത്തിലെത്തുന്നു എന്നും അവര്‍ പറയുകയും മറ്റ് ഉള്‍ക്കാഴ്ച്ചകള്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നിരുന്നാലും ഇന്ന് നിങ്ങള്‍ക്ക് എന്നെക്കുറിച്ചുള്ള അറിവ് ഞാന്‍ ഒരുക്കിയ അടിത്തറയെ മാത്രം അടിസ്ഥാനമാക്കി ഉണ്ടായതാണ്. അതുമൂലം നിങ്ങളില്‍ വലിയൊരു ഭൂരിപക്ഷം--തത്തകളെപ്പോലെ--ഞാന്‍ പറഞ്ഞ വാക്കുകള്‍ ഉരുവിടുക മാത്രമാണ് ചെയ്യുന്നത്. നിങ്ങള്‍ക്കെന്നെക്കുറിച്ചുള്ള അറിവ് എന്തുമാത്രം ആഴം കുറഞ്ഞതാണെന്ന് ഞാന്‍ കണക്കിലെടുക്കുന്നതുകൊണ്ട് മാത്രമാണ്, നിങ്ങളുടെ "വിദ്യാഭ്യാസം" അത്രയും മോശമായതു കൊണ്ടാണ്, വലിയ ശിക്ഷകളില്‍ നിന്നും നിങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. എന്നിട്ടുപോലും നിങ്ങളില്‍ വലിയൊരു ഭൂരിപക്ഷത്തിനും ഇപ്പോഴും തങ്ങളെത്തന്നെ അറിയുകയില്ല, അല്ലെങ്കില്‍ നിങ്ങളുടെ പ്രവൃത്തികള്‍ വഴി ഇതിനോടകം തന്നെ എന്റെ ഇച്ഛ നിറവേറ്റിക്കഴിഞ്ഞിരിക്കുന്നു എന്നു നിങ്ങള്‍ കരുതുന്നു. ഇതുമൂലമാണ് ന്യായവിധിയില്‍ നിന്നും രക്ഷപ്പെട്ടത് എന്നാണ് നിങ്ങള്‍ കരുതുന്നത്. അല്ലെങ്കില്‍, മനുഷ്യാവതാരം സ്വീകരിച്ചിരിക്കുന്നതിനാല്‍ എനിക്കു മനുഷ്യരുടെ ചെയ്തികള്‍ ഒട്ടും തന്നെ കാണുവാന്‍ സാധിക്കുന്നില്ല എന്നും ഈ കാരണം കൊണ്ട് നിങ്ങള്‍ ശിക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നും നിങ്ങള്‍ കരുതുന്നു; അല്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം പ്രപഞ്ചത്തിന്‍റെ വിശാലമായ ഇടങ്ങളില്‍ നിലനില്‍ക്കുന്നില്ല എന്നു നിങ്ങള്‍ കരുതുന്നതുകൊണ്ട്, ദൈവത്തെ അറിയുക എന്നതു ഹൃദയത്തില്‍ സൂക്ഷിക്കേണ്ട, പൂര്‍ത്തിയാക്കേണ്ട ഒരു കടമയായി കാണാതെ ഒഴിവുസമയത്ത് ചെയ്യാവുന്ന ഒരു ജോലിയായി അതിനെ തരംതാഴ്ത്തിയിരിക്കുന്നു. ദൈവവിശ്വാസം എന്നത് അലസമായി പാഴാക്കേണ്ട സമയം രസകരമായി ഉപയോഗിക്കുന്നതിനുള്ള ഒരു വഴിയായിട്ടാണ് നിങ്ങള്‍ കണക്കാക്കുന്നത്. നിങ്ങളുടെ യോഗ്യതയില്ലായ്മയില്‍, യുക്തിയില്ലായ്മയില്‍, ഉള്‍ക്കാഴ്ചയില്ലായ്മയില്‍ ഞാന്‍ സഹതപിച്ചിരുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും എന്റെ ശിക്ഷയ്ക്ക് നടുവില്‍ നശിച്ചുപോകുകയും നിലനില്‍പ്പ് നഷ്ടപ്പെട്ട് തുടച്ചുനീക്കപ്പെടുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും ഭൂമിയില്‍ എന്റെ പ്രവൃത്തി പൂര്‍ത്തിയാകുന്നിടത്തോളം, ഞാന്‍ മനുഷ്യവംശത്തിനോട് കരുണയുള്ളവനായിരിക്കും. ഇത് നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. നന്മയും തിന്‍മയും തമ്മില്‍ തെറ്റിപ്പോകരുത്.

ഫെബ്രുവരി 25, 1992

മുമ്പത്തേത്: സര്‍വപ്രപഞ്ചത്തിനുമായുള്ള ദൈവവചനങ്ങള്‍:അധ്യായം 4

അടുത്തത്: സര്‍വപ്രപഞ്ചത്തിനുമായുള്ള ദൈവവചനങ്ങള്‍:അധ്യായം 6

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക