സര്‍വപ്രപഞ്ചത്തിനുമായുള്ള ദൈവവചനങ്ങള്‍:അധ്യായം 6

ആത്മാവിനെ സംബന്ധിച്ച വിഷയങ്ങളില്‍ ഉള്‍ക്കാഴ്ചയുള്ളവരാകുക. എന്‍റെ വചനങ്ങള്‍ക്ക് ശ്രദ്ധ നല്‍കുക. എന്‍റെ ആത്മാവിനെയും എന്‍റെ സത്തയെയും, എന്‍റെ വചനത്തെയും എന്‍റെ സത്തയെയും വേര്‍പ്പെടുത്താനാവാത്ത വിധം ഒന്നായിരിക്കുന്നതായി കാണുക. അപ്പോള്‍ ആളുകള്‍ക്ക് എന്‍റെ സാന്നിധ്യത്തില്‍ എന്നെ തൃപ്തിപ്പെടുത്തുവാന്‍ സാധിക്കും. എല്ലായിടത്തും ഞാന്‍ പോയിട്ടുണ്ട്, പ്രപഞ്ചത്തിന്‍റെ അതിവിശാലതയിലാകെ ഞാന്‍ തിരഞ്ഞിട്ടുണ്ട്. മനുഷ്യര്‍ക്കിടയിലെ മാധുര്യവും കയ്പും രുചിച്ചുകൊണ്ട് ഞാന്‍ എല്ലാ ജനങ്ങള്‍ക്കുമിടയില്‍ നടന്നിട്ടുണ്ട്—എന്നിട്ടും മനുഷ്യന്‍ എന്നെ ശരിക്കും അറിഞ്ഞിട്ടില്ല, എന്‍റെ യാത്രകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും എന്‍റെ വാക്കുകള്‍ക്ക് ചെവി കൊടുത്തിട്ടില്ല. ഞാന്‍ നിശബ്ദനായിരുന്നതുകൊണ്ടും അമാനുഷമായ യാതൊരു പ്രവൃത്തിയും ചെയ്യാതിരുന്നതുകൊണ്ടും യഥാര്‍ഥത്തില്‍ എന്നെയാരും ശ്രദ്ധിച്ചില്ല. ഇന്ന് മുന്‍പത്തെപ്പോലെയല്ല: സൃഷ്ടിയുടെ സമയം മുതല്‍ ഇന്നുവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ ഞാന്‍ ചെയ്യും. കഴിഞ്ഞ യുഗങ്ങളിലൊന്നും ഒരിക്കലും കേട്ടിട്ടില്ലാത്ത വാക്കുകള്‍ ഞാന്‍ പറയും. എല്ലാ ആളുകളും ജഡശരീരത്തിലുള്ള എന്നെ അറിയണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇവ എന്‍റെ നിര്‍വഹണപദ്ധതിയുടെ ഘട്ടങ്ങളാണ്. പക്ഷേ മനുഷ്യന് ഇതേപ്പറ്റി നേരിയ സൂചനപോലും ഇല്ല. ഞാന്‍ വ്യക്തമായിട്ടാണ് സംസാരിച്ചതെങ്കിലും മനുഷ്യര്‍ ആശയക്കുഴപ്പത്തിലാണ്; അവരെ സഹായിക്കുക എളുപ്പമല്ല. ഇത് മനുഷ്യന്‍റെ അധമാവസ്ഥയല്ലേ? ഇതല്ലേ കൃത്യമായും ഞാന്‍ പരിഹാരം കാണുവാന്‍ ആഗ്രഹിക്കുന്ന കാര്യം? വര്‍ഷങ്ങളോളം ഞാന്‍ മനുഷ്യരില്‍ യാതൊരു പ്രവൃത്തിയും ചെയ്തില്ല; വര്‍ഷങ്ങളോളം എന്‍റെ മനുഷ്യാവതാരത്തോട് നേരിട്ട് ഇടപെട്ടിട്ടും, ആരും എന്‍റെ ദൈവികതയില്‍നിന്ന് നേരിട്ട് പുറപ്പെട്ട സ്വരം കേട്ടില്ല. ഇങ്ങനെ, ആളുകൾ അനിവാര്യമായും എന്നെക്കുറിച്ച് അറിവില്ലാത്തവരാണ്. എന്നിരുന്നാലും, കഴിഞ്ഞ യുഗങ്ങളിലൊന്നും അവര്‍ക്ക് എന്നോടുള്ള സ്നേഹത്തെ ഇത് ബാധിച്ചിട്ടില്ല. പക്ഷേ, ഇന്ന് ഞാന്‍ നിങ്ങളില്‍ അത്ഭുതകരമായ ഒരു പ്രവൃത്തി ചെയ്തിരിക്കുന്നു, അഗ്രാഹ്യമായതും അളവില്ലാത്തതുമായ ഒരു പ്രവൃത്തി. കൂടാതെ, ഞാന്‍ അനവധി വചനങ്ങള്‍ അരുളിച്ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇത്തരം സാഹചര്യങ്ങളിലും എന്‍റെ സാന്നിധ്യത്തില്‍ എന്നെ നേരിട്ടെതിര്‍ക്കുന്ന അനേകർ ഇപ്പോഴുമുണ്ട്. ഞാന്‍ ചില ഉദാഹരണങ്ങള്‍ നല്‍കാം.

എന്‍റെ ഹിതം മനസ്സിലാക്കുവാനും ജീവിതത്തിന്‍റെ അര്‍ഥം മനസിലാക്കുവാനും ശ്രമിച്ചുകൊണ്ട് ദിവസവും നിങ്ങള്‍ അവ്യക്തനായ ഒരു ദൈവത്തോട് പ്രാര്‍ഥിക്കുന്നു. എന്നിട്ടും എന്‍റെ വചനങ്ങളെ നിങ്ങള്‍ വ്യത്യസ്തമായാണ് നോക്കിക്കാണുന്നത്; എന്‍റെ വചനങ്ങളും ആത്മാവും ഒന്നുതന്നെയാണെന്ന് നിങ്ങള്‍ കരുതുന്നെങ്കിലും, എന്‍റെ സത്തയെ അവഗണിക്കുന്നു. അത്തരം വചനങ്ങള്‍ ഉച്ചരിക്കാന്‍ അടിസ്ഥാനപരമായി കഴിവില്ലാത്ത ഒരു വ്യക്തിയാണ് ഞാനെന്നും അവ എന്‍റെ ആത്മാവിനാല്‍ നിര്‍ദേശിക്കപ്പെടുന്നവ ആണെന്നുമാണ് നിങ്ങളുടെ വിശ്വാസം. ഇത്തരം സാഹചര്യങ്ങളില്‍ എന്താണ് നിങ്ങളുടെ അറിവ്? ഒരു പരിധിവരെ നിങ്ങള്‍ എന്‍റെ വചനങ്ങളില്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും ഞാന്‍ അണിഞ്ഞിരിക്കുന്ന ശരീരത്തെക്കുറിച്ച് പല അളവിലുള്ള അബദ്ധധാരണകളും നിങ്ങള്‍ വച്ചുപുലര്‍ത്തുന്നു. എല്ലാ ദിവസവും ഇതേപ്പറ്റി പഠിക്കുവാനായി നിങ്ങള്‍ സമയം ചെലവിടുന്നു. "എന്തുകൊണ്ടാണ് അവൻ ഈ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നത്? അവ ശരിക്കും ദൈവത്തില്‍ നിന്നാണോ വരുന്നത്? അസാധ്യം! അവൻ എന്നില്‍ നിന്നും വളരെ വ്യത്യസ്തനല്ല—അതുപോലെ അവൻ ഒരു സാധാരണ വ്യക്തിയാണ്.” അത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് വിശദീകരിക്കുക?

നിങ്ങളില്‍ ആര്‍ക്കാണ് മുകളില്‍ പറഞ്ഞവ ഇല്ലാത്തത്? നിങ്ങളില്‍ ആരാണ് അത്തരം കാര്യങ്ങളില്‍ മുഴുകാത്തത്? ഒരിക്കലും വിട്ടുകളയുവാന്‍ തയ്യാറല്ലാത്ത സ്വകാര്യസ്വത്തിന്‍റെ ഭാഗങ്ങള്‍പോലെ ഈ കാര്യങ്ങളെ മുറുകെ പിടിച്ചിരിക്കുകയാണ് നിങ്ങള്‍. എങ്കിലും ലക്ഷ്യാധിഷ്ഠിത ശ്രമങ്ങൾ വളരെ കുറച്ചേ നിങ്ങള്‍ നടത്തുന്നുള്ളൂ. പകരം, ഞാന്‍ അത് സ്വയം ചെയ്യാനായി നിങ്ങള്‍ കാക്കുന്നു. സത്യം പറഞ്ഞാല്‍, എന്നെ തേടാത്ത ഒരാള്‍ പോലും എളുപ്പത്തില്‍ എന്നെ അറിയുന്നില്ല. ഞാന്‍ നിങ്ങളെ പഠിപ്പിക്കുന്ന ബാലിശമായ വാക്കുകളല്ല ഇവ. കാരണം, നിങ്ങള്‍ക്ക് മനസ്സിലാകുവാന്‍ വേണ്ടി മറ്റൊരു ഉദാഹരണം മറ്റൊരു കാഴ്ചപ്പാടില്‍നിന്നും എനിക്കു നല്കുവാന്‍ സാധിക്കും.

പത്രോസിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴേ ആളുകള്‍ക്ക് അവനെക്കുറിച്ച് പറയുവാനുള്ള നല്ലകാര്യങ്ങള്‍ക്ക് അവസാനമില്ല. അവര്‍ ഉടനെ അവന്‍ ദൈവത്തെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതും സാത്താനെ സേവിച്ചുകൊണ്ട് ദൈവത്തെ പരീക്ഷിച്ചതും അവസാനം അവന്‍ ദൈവത്തിനായി തലകീഴായ കുരിശുമരണം വരിച്ചതുമെല്ലാം ഓര്‍ക്കും. പത്രോസ് എങ്ങനെയാണ് എന്നെ അറിഞ്ഞതെന്നും അവന്‍റെ അന്ത്യം എങ്ങനെയായിരുന്നുവെന്നും നിങ്ങള്‍ക്ക് വിശദീകരിച്ചു തരുവാനാണ് ഞാന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. പത്രോസ് നല്ല സ്വഭാവദാർഢ്യം ഉള്ളയാളായിരുന്നു. എന്നാല്‍ അവന്‍റെ സാഹചര്യങ്ങള്‍ പൗലൊസിന്‍റേതിന് സമാനമായിരുന്നില്ല: അവന്‍റെ മാതാപിതാക്കള്‍ എന്നെ പീഡിപ്പിച്ചു, സാത്താൻ ബാധിച്ച ദുഷ്ടാത്മാക്കളായിരുന്നു അവര്‍. അതിനാല്‍ അവര്‍ ദൈവത്തെപ്പറ്റി പത്രോസിനെ ഒന്നും പഠിപ്പിച്ചില്ല. പത്രോസ് ബുദ്ധിമാനും കഴിവുള്ളവനും ചെറുപ്രായത്തിലേ മാതാപിതാക്കൾക്കു പ്രിയങ്കരനും ആയിരുന്നു. എന്നിരുന്നാലും, മുതിര്‍ന്നപ്പോള്‍ അവന്‍ അവര്‍ക്ക് ശത്രുവായി. കാരണം അവന്‍ എന്നെക്കുറിച്ചുള്ള അറിവ് നിരന്തരം തേടിക്കൊണ്ടിരുന്നു. ക്രമേണ അവന്‍ അവരെ ഉപേക്ഷിച്ചു. സർവോപരി അതിനു കാരണം, സ്വര്‍ഗവും ഭൂമിയും സകല വസ്തുക്കളും സർവശക്തന്‍റെ കരങ്ങളിലാണെന്നും എല്ലാ നല്ല കാര്യങ്ങളും സാത്താന്‍റെ കരസ്പർശം ഏൽക്കാതെ ദൈവത്തില്‍ നിന്നും നേരിട്ട് വരുന്നതാണെന്നും അവന്‍ വിശ്വസിച്ചു എന്നതാണ്. മാതാപിതാക്കളുടെ എതിര്‍ചിന്താഗതി അവന് എന്‍റെ സ്നേഹത്തിനെയും കരുണയെയും സംബന്ധിച്ച് കൂടുതലായ അറിവ് നല്കുകയും അവനില്‍ എന്നെ തേടുവാനുള്ള ആഗ്രഹം വര്‍ധിപ്പിക്കുകയും ചെയ്തു. എന്‍റെ വചനങ്ങള്‍ ഭക്ഷിക്കുന്നതിലും പാനം ചെയ്യുന്നതിലും അവന്‍ ശ്രദ്ധിച്ചു. അതിലുപരി, എന്‍റെ ഹിതം മനസിലാക്കുന്നതിന് അവന്‍ ശ്രമിക്കുകയും ഹൃദയം എപ്പോഴും ജാഗ്രതയോടെ സൂക്ഷിക്കുകയും ചെയ്തു. ഇതിന്‍റെ ഫലമായി അവന്‍ ആത്മാവില്‍ എപ്പോഴും സൂക്ഷ്മബോധമുള്ളവൻ ആയിരുന്നു . അതിനാല്‍ത്തന്നെ, എല്ലാ പ്രവൃത്തികളിലും അവന്‍ എന്‍റെ ഹൃദയത്തെ പിന്തുടര്‍ന്നു. മുന്നേറാനുള്ള പ്രചോദനത്തിനായി അവന്‍ സ്ഥിരമായി മുന്‍കാലങ്ങളിലെ ആളുകളുടെ പരാജയങ്ങള്‍ക്കു ശ്രദ്ധ കൊടുത്തു. പരാജയത്തിന്‍റെ കെണിയില്‍പ്പെടുന്നതിനെ അവന്‍ വളരെയേറെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടുകൂടിയാണ് അവന്‍ പല യുഗങ്ങളില്‍ ദൈവത്തെ സ്നേഹിച്ച എല്ലാവരുടെയും വിശ്വാസവും സ്നേഹവും സ്വാംശീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത്തരത്തില്‍—മോശം കാര്യങ്ങളിൽ മാത്രമല്ല, അതിലും പ്രധാനമായി, നല്ല കാര്യങ്ങളിലും—എന്‍റെ സന്നിധിയില്‍ അവന്‍റെ വിജ്ഞാനം മറ്റാരെക്കാളും മഹത്തരമാകുന്ന അത്രയും അവൻ വളർന്നു. അതുകൊണ്ട്, സ്വന്തമായുണ്ടായിരുന്ന എല്ലാം അവന്‍ എങ്ങനെയാണ് എന്‍റെ കരങ്ങളില്‍ സമര്‍പ്പിച്ചതെന്നും ഭക്ഷണം, വസ്ത്രം, ഉറക്കം, താമസസ്ഥലം എന്നിവയെപ്പറ്റിയുള്ള തീരുമാനങ്ങള്‍ പോലും അവന്‍ എങ്ങനെയാണ് എനിക്കടിയറവു വെച്ചതെന്നും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. പകരമായി, എല്ലാ കാര്യങ്ങളിലും എന്നെ പ്രീതിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ എന്‍റെ സമ്പത്തെല്ലാം അവന്‍ അനുഭവിച്ചു. ഞാനവനെ എണ്ണമില്ലാത്ത പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കി. ഈ പരീക്ഷണങ്ങള്‍ സ്വഭാവികമായും അവനെ അര്‍ധപ്രാണനാക്കി. പക്ഷേ, ഈ നൂറുകണക്കിനു പരീക്ഷണങ്ങള്‍ക്കിടയിലും ഒരിക്കല്‍പോലും അവന് എന്നിലുള്ള വിശ്വസം നഷ്ടപ്പെടുകയോ എന്നില്‍ നിരാശനാവുകയോ ചെയ്തില്ല. ഞാനവനെ ഉപേക്ഷിച്ചു എന്നു പറഞ്ഞപ്പോള്‍ പോലും അവന്‍ ഹതാശനായില്ല. മറിച്ച്, മുന്‍പുണ്ടായിരുന്ന പതിവുപ്രവൃത്തികളുടെ പ്രമാണങ്ങള്‍ക്കനുസരിച്ച് പ്രായോഗികമായ രീതിയില്‍ തുടര്‍ന്നും എന്നെ സ്നേഹിച്ചു. അവന്‍ എന്നെ സ്നേഹിച്ചാലും ഞാന്‍ അവനെ പ്രശംസിക്കുകയില്ല എന്നും അവസാനം ഞാന്‍ അവനെ സാത്താന്റെ കൈകളില്‍ ഏല്‍പ്പിക്കുമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ ശരീരത്തെ ബാധിക്കാത്ത, വാക്കുകള്‍ കൊണ്ടുള്ള ഇത്തരം പരീക്ഷകള്‍ക്കു നടുവിലും അവന്‍ എന്നോട് പ്രാര്‍ഥിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു, "ദൈവമേ, സ്വര്‍ഗത്തിലും ഭൂമിയിലും എല്ലാ വസ്തുക്കളിലും സര്‍വശക്തനായ നിന്റെ കരങ്ങളിലല്ലാത്ത ഒരു മനുഷ്യനോ ജീവിയോ മറ്റെന്തെങ്കിലുമോ ഉണ്ടോ? നീ എന്നോട് കരുണയുള്ളവൻ ആയിരിക്കുമ്പോള്‍ എന്‍റെ ഹൃദയം നിന്‍റെ കരുണയില്‍ അത്യധികം ആഹ്ലാദിക്കുന്നു. നീയെന്നെ വിധിക്കുമ്പോള്‍, ഞാന്‍ യോഗ്യനല്ലെങ്കിലും, നിന്‍റെ പ്രവൃത്തികളുടെ ഗഹനതയെപ്പറ്റി കൂടുതല്‍ ബോധ്യം എനിക്കുണ്ടാകുന്നു. കാരണം അധികാരവും ജ്ഞാനവും നിന്നിൽ നിറഞ്ഞിരിക്കുന്നു. എന്‍റെ ശരീരം ക്ലേശങ്ങള്‍ സഹിക്കുന്നുണ്ടെങ്കിലും എന്‍റെ ആത്മാവ് ആശ്വാസം കണ്ടെത്തുന്നു. നിന്‍റെ ജ്ഞാനത്തെയും പ്രവൃത്തികളെയും ഞാന്‍ സ്തുതിക്കാതിരിക്കുന്നതെങ്ങനെ? അങ്ങയെ അറിഞ്ഞതിനുശേഷം ഞാന്‍ മരിച്ചാലും, അത് ആഹ്ലാദത്തോടെയും സന്തോഷത്തോടെയും ആകാതിരിക്കുന്നതെങ്ങനെ? സര്‍വശക്തനേ! ഞാന്‍ അവിടുത്തെ ദര്‍ശിക്കരുതെന്ന് യഥാര്‍ഥമായും നീ ആഗ്രഹിക്കുന്നുണ്ടോ? നിന്‍റെ വിധി ഏറ്റുവാങ്ങാന്‍ ശരിക്കും ഞാന്‍ അയോഗ്യനാണോ? എന്നില്‍ നീ കാണുവാന്‍ ആഗ്രഹിക്കാത്ത എന്തോ ഉണ്ട് എന്നതാണോ അതിനു കാരണം?" അത്തരം പരീക്ഷണങ്ങളില്‍, പത്രോസിന് എന്‍റെ ഹിതം കൃത്യമായി മനസിലാക്കുവാന്‍ സാധിച്ചില്ല എങ്കിലും, ഞാന്‍ അവനെ ഉപയോഗപ്പെടുത്തുന്നതില്‍ അവന് അഭിമാനവും ബഹുമതിയും അനുഭവപ്പെട്ടിരുന്നു എന്നുള്ളതും (മനുഷ്യര്‍ എന്‍റെ മഹത്വവും ക്രോധവും ദര്‍ശിക്കേണ്ടതിനായി അവന്‍ എന്‍റെ ന്യായവിധി സ്വീകരിച്ചുവെങ്കിലും) ഈ പരീക്ഷണങ്ങള്‍ അവനെ തളര്‍ത്തിയില്ല എന്നതും വ്യക്തമായിരുന്നു. അവന് എന്നോടുണ്ടായിരുന്ന വിശ്വസ്തത നിമിത്തവും ഞാൻ അവന്‍റെമേൽ ചൊരിഞ്ഞ അനുഗ്രഹം നിമിത്തവും ആയിരക്കണക്കിനു വര്‍ഷങ്ങളായി അവന്‍ മനുഷ്യന് ഒരു അനുകരണപാത്രവും മാതൃകയുമായിരിക്കുന്നു. ഇതല്ലേ കൃത്യമായും നിങ്ങള്‍ അനുകരിക്കേണ്ടത്? ഞാന്‍ പത്രോസിനെപ്പറ്റി ഇത്രയധികം പറഞ്ഞത് എന്തിനാണെന്ന് കൂലങ്കഷമായി ചിന്തിക്കുക. ഈ തത്ത്വങ്ങൾ അനുസരിച്ചായിരിക്കണം നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.

കുറച്ചാളുകള്‍ക്കേ എന്നെ അറിയൂ എങ്കിലും ഞാന്‍ മനുഷ്യന്‍റെമേല്‍ എന്‍റെ ക്രോധം ചൊരിയുന്നില്ല. കാരണം ആളുകള്‍ വളരെയധികം പരിമിതികള്‍ ഉള്ളവരാണ്. ഞാന്‍ ആവശ്യപ്പെടുന്ന നിലവാരത്തിലെത്തുക അവരെ സംബന്ധിച്ചിടത്തോളം അത്യന്തം കഠിനമാണ്. ഇങ്ങനെ, മനുഷ്യനോട് ഞാന്‍ ഇന്നുവരെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ സഹിഷ്ണുത കാണിച്ചിരിക്കുന്നു. എന്നിരുന്നാലും എന്‍റെ സഹിഷ്ണുതയെ നിങ്ങള്‍ നിസ്സാരമായി കാണില്ല എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. പത്രോസിലൂടെ നിങ്ങള്‍ എന്നെ അറിയുകയും എന്നെ തേടുകയും വേണം. അവന്‍റെ അനുഭവങ്ങളിലൂടെ മുന്‍പെങ്ങും ഇല്ലാത്തവിധം നിങ്ങള്‍ പ്രബുദ്ധരാകുകയും മനുഷ്യന്‍ ഇതുവരെ എത്തിച്ചേരാത്ത തലങ്ങളിലേക്ക് ഉയരുകയും വേണം. മുഴു പ്രപഞ്ചത്തിലും ആകാശവിതാനത്തിലും, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും എടുത്താല്‍, ഭൂമിയിലും സ്വര്‍ഗത്തിലുമുള്ള എല്ലാം എന്‍റെ അവസാനഘട്ട പ്രവൃത്തിക്കായി അവയുടെ എല്ലാ അധ്വാനവും നല്കുന്നു. തീര്‍ച്ചയായും, സാത്താന്റെ ശക്തികളുടെ ആജ്ഞകളാല്‍ നിയന്ത്രിക്കപ്പെടുന്ന കാഴ്ചക്കാരാകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലല്ലോ? മനുഷ്യരുടെ ഹൃദയങ്ങളിൽ എന്നെപ്പറ്റിയുള്ള അറിവ് കാർന്നുതിന്നുകൊണ്ട്, അവസാന മരണപ്പിടച്ചിലില്‍ പല്ലു ഞെരിച്ച്, കൂര്‍ത്ത നഖങ്ങള്‍ കാട്ടി സാത്താന്‍ എപ്പോഴും അവിടെത്തന്നെയുണ്ട്. ഈ സമയത്ത് അതിന്‍റെ കുതന്ത്രങ്ങള്‍ക്ക് ഇരയാകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എന്‍റെ പ്രവൃത്തി അവസാനം പൂര്‍ത്തിയാകുന്ന ഈ സമയത്ത് നിങ്ങളുടെ ജീവിതം നശിപ്പിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഞാന്‍ എന്‍റെ സഹിഷ്ണുത ഒന്നുകൂടി പ്രകടിപ്പിക്കുവാനാണോ നിങ്ങള്‍ കാത്തിരിക്കുന്നത്? എന്നെക്കുറിച്ചുള്ള അറിവ് തേടുന്നത് പ്രധാനമാണ്. എന്നാല്‍ പ്രവൃത്തിയില്‍ ശ്രദ്ധിക്കുന്നതും വളരെ അനിവാര്യമാണ്. എന്‍റെ വചനങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് നേരിട്ട് വെളിപ്പെടുത്തുകയാണ്. നിങ്ങള്‍ക്ക് എന്‍റെ മാര്‍ഗദര്‍ശനം പിന്തുടരാന്‍ സാധിക്കുമെന്നും നിങ്ങള്‍ക്കിപ്പോള്‍ സ്വന്തം പദ്ധതികളും സ്വപ്നങ്ങളുമൊന്നും ഇല്ല എന്നും ഞാന്‍ കരുതുന്നു.

ഫെബ്രുവരി 27, 1992

മുമ്പത്തേത്: സര്‍വപ്രപഞ്ചത്തിനുമായുള്ള ദൈവവചനങ്ങള്‍:അധ്യായം 5

അടുത്തത്: സര്‍വപ്രപഞ്ചത്തിനുമായുള്ള ദൈവവചനങ്ങള്‍:അധ്യായം 8

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക