സര്‍വപ്രപഞ്ചത്തിനുമായുള്ള ദൈവവചനങ്ങള്‍:അധ്യായം 4

എന്നെ സേവിക്കുന്ന എല്ലാ ആളുകളും ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കി ചിന്തിക്കണം: നിങ്ങള്‍ക്ക് എന്നോടുണ്ടായിരുന്ന സ്നേഹം അശുദ്ധിയാല്‍ കളങ്കപ്പെട്ടിരുന്നോ? നിങ്ങള്‍ക്ക് എന്നോടുണ്ടായിരുന്ന വിശ്വസ്തത നിര്‍മലവും പൂര്‍ണഹൃദയത്തോടെയുള്ളതും ആയിരുന്നോ? എന്നെക്കുറിച്ചുണ്ടായിരുന്ന നിങ്ങളുടെ അറിവ് സത്യമായിരുന്നോ? നിങ്ങളുടെ ഹൃദയങ്ങളില്‍ എന്തുമാത്രം സ്ഥാനം എനിക്കുണ്ടായിരുന്നു? ഞാന്‍ നിങ്ങളുടെ ഹൃദയങ്ങളെ പൂര്‍ണമായും നിറച്ചോ? എന്‍റെ വചനങ്ങള്‍ നിങ്ങളില്‍ എന്തുമാത്രം നേട്ടമാണ് ഉണ്ടാക്കിയത്? ഞാന്‍ ഒരു വിഡ്ഢിയാണെന്ന് കരുതരുത്! ഈ കാര്യങ്ങള്‍ എനിക്കു വളരെ വ്യക്തമാണ്! ഇന്ന്‍ എന്‍റെ രക്ഷയുടെ ശബ്ദം അരുളിച്ചെയ്യപ്പെടുമ്പോള്‍, എന്നോടുള്ള നിങ്ങളുടെ സ്നേഹം അല്പം കൂടിയിട്ടുണ്ടോ? നിങ്ങള്‍ക്കെന്നോടുള്ള വിശ്വസ്തത ഭാഗികമായി നിര്‍മലമായി മാറിയോ? എന്നെക്കുറിച്ചുള്ള നിങ്ങളുടെ വിജ്ഞാനം വര്‍ധിച്ചോ? ഭൂതകാലത്തില്‍ അര്‍പ്പിക്കപ്പെട്ട സ്തുതികള്‍ നിങ്ങളുടെ ഇന്നത്തെ വിജ്ഞാനത്തിന് ശക്തമായ ഒരു അടിത്തറയൊരുക്കിയോ? നിങ്ങളില്‍ എത്ര ഭാഗമാണ് എന്‍റെ ആത്മാവിനാല്‍ നിറയപ്പെട്ടിട്ടുള്ളത്? നിങ്ങളുടെ ഉള്ളില്‍ എന്‍റെ രൂപത്തിന് എന്തുമാത്രം സ്ഥാനമുണ്ട്? എന്‍റെ അരുളപ്പാടുകള്‍ നിങ്ങളുടെ ഉള്ളില്‍ സ്പര്‍ശിച്ചുവോ? നിങ്ങളുടെ അപമാനം മറയ്ക്കുവാന്‍ ഒരിടവുമില്ല എന്നു യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? നിങ്ങള്‍ക്ക് എന്‍റെ ജനമായിരിക്കാന്‍ യോഗ്യതയില്ല എന്നു സത്യമായും നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഈ ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ പക്കല്‍ ഉത്തരമില്ലെങ്കില്‍ അതു സൂചിപ്പിക്കുന്നത് നിങ്ങള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് എന്നാണ്, നിങ്ങള്‍ എണ്ണം തികയ്ക്കാന്‍ മാത്രമുള്ളവരാണ് എന്നാണ്. ഞാന്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് തീര്‍ച്ചയായും നിങ്ങള്‍ ഒഴിവാക്കപ്പെടുകയും രണ്ടാമതും അഗാധ പാതാളത്തിലേക്ക് എറിയപ്പെടുകയും ചെയ്യും. ഈ വാക്കുകള്‍ എന്‍റെ മുന്നറിയിപ്പാണ്. ഇതിനെ നിസ്സാരമായി എടുക്കുന്നവര്‍ ആരായാലും അവര്‍ എന്‍റെ വിധിയുടെ പ്രഹരമേല്‍ക്കും. നിശ്ചയിക്കപ്പെട്ട സമയത്ത് ദുരന്തം അവരെ തേടിയെത്തുകയും ചെയ്യും. ഇതങ്ങനെയല്ലേ? ഇത് വ്യക്തമാക്കാന്‍ ഞാന്‍ ഇനിയും ഉദാഹരണങ്ങള്‍ നല്‍കണോ? നിങ്ങള്‍ക്ക് ഒരു മാതൃക നൽകുവാന്‍ ഞാന്‍ കൂടുതല്‍ സ്പഷ്ടമായി സംസാരിക്കണോ? സൃഷ്ടിയുടെ സമയം മുതല്‍ ഇന്നുവരെ അനവധി ആളുകള്‍ എന്‍റെ വചനങ്ങള്‍ ധിക്കരിക്കുകയും അതുമൂലം പുറന്തള്ളപ്പെടുകയും എന്‍റെ വീണ്ടെടുക്കല്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്; ആത്യന്തികമായി അവരുടെ ശരീരങ്ങള്‍ നശിക്കുകയും അവരുടെ ആത്മാക്കള്‍ പാതാളത്തിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. ഇന്നുവരെ അവര്‍ ഭീകരമായ ശിക്ഷകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അനവധി ആളുകള്‍ എന്‍റെ വചനങ്ങളെ പിന്തുടര്‍ന്നെങ്കിലും, ഞാൻ പകർന്ന ബോധജ്ഞാനത്തിനും പ്രകാശത്തിനും എതിരായി അവര്‍ പ്രവര്‍ത്തിച്ചു. അതിനാല്‍ ഞാന്‍ അവരെ തൊഴിച്ചെറിയുകയും അവര്‍ സാത്താന്റെ ആധിപത്യത്തിനു കീഴില്‍ നിപതിക്കുകയും എന്നെ എതിര്‍ക്കുന്നവരുടെ ഒപ്പം ചേരുകയും ചെയ്തു. (ഇന്ന് എന്നെ നേരിട്ടെതിര്‍ക്കുന്ന എല്ലാവരും എന്‍റെ വചനങ്ങളുടെ ഉപരിപ്ലവതകള്‍ മാത്രം അനുസരിക്കുന്നവരും എന്‍റെ വചനങ്ങളുടെ സത്ത അനുസരിക്കാത്തവരുമാണ്.) ഇന്നലെ ഞാന്‍ പറഞ്ഞ വചനങ്ങള്‍ വെറുതെ കേള്‍ക്കുക മാത്രം ചെയ്തവരും ഉണ്ടായിരുന്നു. അവര്‍ ഭൂതകാലത്തിന്‍റെ “പതിരുകള്‍” മുറുകെപ്പിടിച്ചിരിക്കുന്നവരും ഇന്നിന്‍റെ “കതിരുകള്‍ക്ക്” വിലവയ്ക്കാത്തവരുമായിരുന്നു. ഈ ആളുകള്‍ സാത്താനാല്‍ തടവിലാക്കപ്പെടുക മാത്രമല്ല, അവര്‍ എന്നെന്നേക്കുമായി പാപികളായിത്തീരുകയും എന്‍റെ ശത്രുക്കളായിത്തീരുകയും ചെയ്തിരിക്കുന്നു. അവർ എന്നെ നേരിട്ട് എതിർക്കുന്നു. അത്തരം ആളുകള്‍ എന്‍റെ ക്രോധത്തിന്‍റെ പാരമ്യത്തില്‍ എന്‍റെ ന്യായവിധിക്ക് വിധേയരായിത്തീരുന്നു. ഇന്നും അവര്‍ അന്ധരാണ്. ഇന്നും അവര്‍ ഇരുണ്ട തടവറകള്‍ക്കുള്ളിലാണ് (എന്നുവച്ചാല്‍, അത്തരം ആളുകള്‍ സാത്താനാല്‍ നയിക്കപ്പെടുന്ന ജീര്‍ണിച്ച, മരവിച്ച ശവങ്ങളാണ്; ഞാന്‍ അവരുടെ കണ്ണുകള്‍ മൂടിയിരിക്കുന്നതുകൊണ്ട് അവര്‍ അന്ധരാണെന്ന് ഞാന്‍ പറയുന്നു). നിങ്ങള്‍ക്ക് മനസ്സിലാകുവാന്‍ ഒരു ഉദാഹരണം നല്‍കുന്നത് നന്നായിരിക്കും, അപ്പോള്‍ നിങ്ങള്‍ക്ക് അതുനോക്കി പഠിക്കു വാന്‍ സാധിക്കും:

പൗലൊസിനെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ അവന്റെ ചരിത്രത്തെപ്പറ്റി ഓര്‍ക്കും. അവനെപ്പറ്റിയുള്ള അവാസ്തവവും അയഥാര്‍ഥവുമായ ചില കഥകളെപ്പറ്റിയും ഓര്‍ക്കും. ചെറുപ്രായം മുതല്‍ക്കുതന്നെ അവന്‍ മാതാപിതാക്കളാല്‍ പരിശീലിപ്പിക്കപ്പെട്ടു. അവന്‍ എന്‍റെ ജീവന്‍ സ്വീകരിച്ചു. ഞാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിന്റെ ഫലമായി എനിക്കാവശ്യമായ ആത്മശേഷി അവനുണ്ടായിരുന്നു. പത്തൊന്‍പതാമത്തെ വയസ്സില്‍ അവന്‍ ജീവിതത്തെക്കുറിച്ചുള്ള അനവധി പുസ്തകങ്ങള്‍ വായിച്ചു; ഇത്തരത്തില്‍, അതെങ്ങനെ എന്നതിനെപ്പറ്റി കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞാന്‍ പോകേണ്ട ആവശ്യമില്ല. അവന്‍റെ ആത്മശേഷിയും എന്നില്‍ നിന്നുള്ള ബോധജ്ഞാനവും പ്രകാശവും മൂലം, അവന് ആത്മീയകാര്യങ്ങളെപ്പറ്റി ഉള്‍ക്കാഴ്ചയോടെ സംസാരിക്കുവാന്‍ സാധിച്ചു എന്നുമാത്രമല്ല, എന്‍റെ ഉദ്ദേശ്യങ്ങള്‍ മനസ്സിലാക്കുവാനും സാധിച്ചു. തീര്‍ച്ചയായും, ആന്തരികവും ബാഹ്യവുമായ ഘടകങ്ങളുടെ കൂടിച്ചേരലിനെ ഇത് തള്ളിക്കളയുന്നില്ല. എന്നിരുന്നാലും അവന്‍റെ കഴിവുകള്‍ കാരണം അവന്‍ പലപ്പോഴും വിടുവായനും പൊങ്ങച്ചക്കാരനുമായി എന്നതാണ് അവന്‍റെ ഒരു ന്യൂനത. ഇതിന്‍റെ ഫലമായി, ഭാഗികമായി പ്രധാനദൈവദൂതനെ നേരിട്ടു പ്രതിഫലിപ്പിച്ച അവന്‍റെ അനുസരണക്കേട് നിമിത്തം, ഞാന്‍ ആദ്യമായി മനുഷ്യരൂപം പൂണ്ടപ്പോള്‍ എന്നെ എതിര്‍ക്കുവാന്‍ അവന്‍ എല്ലാ ശ്രമവും നടത്തി. എന്‍റെ വചനത്തെ അറിയാത്തവരില്‍ ഒരാളായിരുന്നു അവന്‍. അവന്‍റെ ഹൃദയത്തില്‍ എനിക്കുള്ള സ്ഥാനം എപ്പോഴേ അപ്രത്യക്ഷമായിരുന്നു. അത്തരം ആളുകള്‍ എന്‍റെ ദൈവികതയെ നേരിട്ടെതിര്‍ക്കുന്നു. ഞാന്‍ അവരെ പ്രഹരിച്ചു വീഴ്ത്തുന്നു. ഏറ്റവും ഒടുവില്‍ മാത്രമേ അവര്‍ തലകുനിക്കുകയും സ്വന്തം പാപങ്ങള്‍ ഏറ്റുപറയുകയും ചെയ്യുന്നുള്ളൂ. അതിനാല്‍ ഞാന്‍ അവന്‍റെ ശക്തമായ വശങ്ങള്‍ ഉപയോഗിച്ചതിനുശേഷം—എന്നു പറഞ്ഞാല്‍, ഒരു സമയംവരെ അവന്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചശേഷം—അവന്‍ ഒരിക്കല്‍ക്കൂടി അവന്‍റെ പഴയ രീതികളിലേക്ക് വീണുപോയി. അവന്‍ എന്‍റെ വചനങ്ങളെ നേരിട്ടെതിര്‍ത്തില്ലെങ്കിലും ഞാൻ നൽകിയ ആന്തരികമാര്‍ഗദര്‍ശനത്തെയും ബോധജ്ഞാനത്തെയും അവന്‍ അനുസരിച്ചില്ല. അങ്ങനെ മുമ്പ് അവന്‍ ചെയ്തതെല്ലാം നിരര്‍ഥകമായി മാറി; മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അവന്‍ പറഞ്ഞ മഹത്ത്വത്തിന്‍റെ കിരീടം ശൂന്യമായ വാക്കുകളായി, അവന്‍റെ സ്വന്തം ഭാവനയുടെ ഉല്‍പ്പന്നമായി മാറി. കാരണം, ഇന്നും അവന്‍ എന്‍റെ ബന്ധനങ്ങളുടെ തടങ്കലില്‍ എന്‍റെ ന്യായവിധിക്ക് വിധേയനായിക്കൊണ്ടിരിക്കുന്നു.

മുകളിലെ ഉദാഹരണത്തില്‍ നിന്നും, ആരെല്ലാം എന്നെ എതിര്‍ക്കുന്നുവോ (എന്‍റെ മനുഷ്യാവതാരത്തെ മാത്രമല്ല, അതിലും പ്രധാനമായി, എന്‍റെ വചനങ്ങളെയും എന്‍റെ ആത്മാവിനെയും—എന്നു പറഞ്ഞാല്‍ എന്‍റെ ദൈവികതയെ) അവര്‍ തങ്ങളുടെ ശരീരങ്ങളില്‍ത്തന്നെ എന്‍റെ ന്യായവിധി ഏറ്റുവാങ്ങുന്നു എന്നു കാണാം. എന്‍റെ ആത്മാവ് നിന്നെ ഉപേക്ഷിക്കുമ്പോള്‍, നീ താഴോട്ട് നിപതിക്കുകയും നേരെ പാതാളത്തിലേക്കിറങ്ങുകയും ചെയ്യുന്നു. നിന്‍റെ ഭൗതികശരീരം ഭൂമിയില്‍ ഉണ്ടെങ്കിലും നീ മാനസികരോഗം ബാധിച്ച ഒരാളെപ്പോലെയാണ്: നിനക്ക് യുക്തി നഷ്ടപ്പെട്ടിരിക്കുന്നു. താമസമില്ലാതെ നിന്‍റെ ശരീരത്തെ ഇല്ലാതാക്കണം എന്ന്‍ എന്നോടപേക്ഷിക്കുവാന്‍ തക്കവണ്ണം ഒരു ശവമായി മാറിയതായി നിനക്ക് തോന്നുന്നു. ആത്മാവിനാല്‍ സ്വന്തമാക്കപ്പെട്ട നിങ്ങളില്‍ മിക്കവര്‍ക്കും ഈ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കും. അതിനാല്‍ത്തന്നെ ഞാന്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല. മുമ്പ്, ഞാന്‍ സാധാരണ മാനവികതയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍, മിക്ക ആളുകളും എന്‍റെ ക്രോധത്തിനും മഹത്ത്വത്തിനും എതിരെ സ്വയം അളന്നിരുന്നു. എന്‍റെ ജ്ഞാനത്തെയും പ്രകൃതത്തെയും കുറിച്ച് അപ്പോഴേക്കും അവര്‍ കുറച്ചെല്ലാം അറിഞ്ഞിരുന്നു. ഇന്ന്‍, ഇന്ന് ഞാന്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് നേരിട്ട് എന്‍റെ ദൈവികതയിലാണ്. ഇപ്പോഴും എന്‍റെ ക്രോധവും ന്യായവിധിയും അവരുടെ കണ്ണുകള്‍ കൊണ്ട് നേരിട്ട് കാണുവാന്‍ പോകുന്ന ചില ആളുകളുണ്ട്; അതിലുപരി, ന്യായവിധിയുടെ യുഗത്തിന്‍റെ രണ്ടാം ഘട്ടത്തിലെ പ്രധാന പ്രവൃത്തി, മനുഷ്യാവതാരത്തിലുള്ള എന്‍റെ പ്രവൃത്തികളെ എന്‍റെ എല്ലാ ജനങ്ങളെയും നേരിട്ടറിയിക്കുകയും നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ പ്രകൃതം നേരിട്ട് കാണിച്ചുതരികയുമാണ്. എന്നിരുന്നാലും ഞാന്‍ മനുഷ്യരൂപത്തിലായതുകൊണ്ട് നിങ്ങളുടെ ബലഹീനതകളെ പരിഗണിക്കുന്നുണ്ട്. നിങ്ങള്‍ സ്വന്തം ജീവനെയും ആത്മാവിനെയും ശരീരത്തെയും കളിപ്പാട്ടങ്ങളായി കാണില്ലെന്നും, ചിന്തിക്കാതെ അവ സാത്താന് സമര്‍പ്പിക്കില്ല എന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ക്ക് ഉള്ളതിനെയെല്ലാം വിലമതിക്കുകയും അതിനെ ഒരു കളിയായി കാണാതിരിക്കുകയുമാണ് നല്ലത്. കാരണം, അത്തരം കാര്യങ്ങള്‍ നിങ്ങളുടെ വിധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്‍റെ വാക്കുകളുടെ യഥാര്‍ഥ അര്‍ഥം മനസ്സിലാക്കുവാന്‍ ശരിക്കും നിങ്ങള്‍ക്കു സാധിക്കുന്നുണ്ടോ? എന്‍റെ യഥാര്‍ഥ വികാരങ്ങളെ പരിഗണിക്കുവാന്‍ നിങ്ങള്‍ ശരിക്കും പ്രാപ്തരാണോ?

സ്വര്‍ഗത്തിലേതിനു സമാനമായ എന്‍റെ അനുഗ്രഹങ്ങള്‍ ഭൂമിയില്‍ അനുഭവിക്കുവാന്‍ നിങ്ങളെല്ലാവരും തയ്യാറാണോ? എന്നെക്കുറിച്ച് നീ മനസ്സിലാക്കിയവ, എന്‍റെ വചനങ്ങളുടെ ആസ്വാദനം, എന്നെക്കുറിച്ചുള്ള അറിവ് ഇവയെല്ലാം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതും അര്‍ഥവത്തായതുമായ കാര്യങ്ങളായി കാണുവാന്‍ നിങ്ങള്‍ തയ്യാറാണോ? സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തയില്ലാതെ എനിക്കു പൂര്‍ണമായി സ്വയം സമര്‍പ്പിക്കുവാന്‍ യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ? ഞാന്‍ നിങ്ങളെ മരണത്തിനു വിധേയരാക്കുന്നത്, ഒരു കുഞ്ഞാടിനെയെന്ന പോലെ ഞാന്‍ നിങ്ങളെ നയിക്കുന്നത് അനുവദിക്കുവാന്‍ യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ? ഇത്തരം കാര്യങ്ങള്‍ നേടുവാന്‍ കഴിവുള്ള ആരെങ്കിലും നിങ്ങള്‍ക്കിടയില്‍ ഉണ്ടോ? ഞാന്‍ സ്വീകരിക്കുന്നവരും എന്‍റെ വാഗ്ദാനങ്ങള്‍ സ്വീകരിക്കുന്നവരുമാണ് എന്‍റെ അനുഗ്രഹങ്ങള്‍ നേടുന്നവര്‍ എന്നാകുമോ? ഈ വാക്കുകളിൽനിന്ന് നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലായോ? ഞാന്‍ നിങ്ങളെ പരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ എന്‍റെ കരുണയില്‍ പൂര്‍ണമായി ആശ്രയിക്കുവാന്‍ സാധിക്കുമോ? ഈ പരീക്ഷണങ്ങള്‍ക്കു നടുവില്‍ നിങ്ങള്‍ എന്‍റെ ഉദ്ദേശ്യങ്ങള്‍ തേടുകയും എന്‍റെ ഹൃദയം അറിയുകയും ചെയ്യുമോ? നിങ്ങള്‍ക്ക് ഹൃദയസ്പര്‍ശിയായ അനവധി വാക്കുകള്‍ പറയുവാനോ ആവേശമുണര്‍ത്തുന്ന അനവധി കഥകള്‍ പറയുവാനോ സാധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല; മറിച്ച്, എനിക്കു മികച്ച സാക്ഷ്യം വഹിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കണമെന്നും, പൂര്‍ണമായും ആഴത്തിലും നിങ്ങള്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കണമെന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ നേരിട്ട് സംസാരിച്ചിരുന്നില്ലെങ്കില്‍ നിനക്കു ചുറ്റുമുള്ളതെല്ലാം ഉപേക്ഷിച്ച്, ഞാന്‍ നിന്നെ ഉപയോഗിക്കുന്നതിന് സ്വയം അനുവദിക്കുവാന്‍ നിനക്കു സാധിക്കുമായിരുന്നോ? ഞാൻ ആവശ്യപ്പെടുന്ന യാഥാർഥ്യമല്ലേ ഇത്? ആര്‍ക്കാണ് എന്‍റെ വാക്കുകളുടെ അര്‍ഥം മനസ്സിലാക്കുവാന്‍ സാധിക്കുക? എന്നിരുന്നാലും സംശയങ്ങളാൽ തളര്‍ത്തപ്പെടാതിരിക്കുവാനും, പ്രവേശനത്തില്‍ പരപ്രേരണ കൂടാതെ മുന്‍കൈ എടുക്കുവാനും എന്‍റെ വചനങ്ങളുടെ സത്ത ഗ്രഹിക്കുവാനും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. ഇത് എന്‍റെ വചനങ്ങളെ തെറ്റായി മനസ്സിലാക്കുന്നതില്‍ നിന്നും, എന്‍റെ അര്‍ഥത്തെക്കുറിച്ച് അവ്യക്തതയുണ്ടാകുന്നതില്‍ നിന്നും എന്‍റെ ഭരണപരമായ ആജ്ഞകള്‍ ലംഘിക്കുന്നതില്‍ നിന്നും നിങ്ങളെ തടയും. എന്‍റെ വചനങ്ങളില്‍ നിന്നും നിങ്ങളെക്കുറിച്ചുള്ള എന്‍റെ ഉദ്ദേശ്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്വന്തം ലക്ഷ്യങ്ങളെക്കുറിച്ച് ഇനി ചിന്തിക്കേണ്ടാ. എല്ലാ കാര്യങ്ങളിലും ദൈവത്തിന്‍റെ പദ്ധതികള്‍ക്കായി സ്വയം സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചതുപോലെ എന്‍റെ മുമ്പില്‍ പെരുമാറുക. എന്‍റെ ഭവനത്തില്‍ വസിക്കുന്നവര്‍ എല്ലാം തന്നെ അവര്‍ക്ക് കഴിയുന്ന അത്രയും ചെയ്യണം; എന്‍റെ പ്രവൃത്തിയുടെ അവസാനഘട്ടത്തിനായി നീ നിൻറെ ഏറ്റവും മികച്ചതു സമര്‍പ്പിക്കണം. അത്തരം കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തുവാന്‍ യഥാര്‍ഥത്തില്‍ നീ തയ്യാറാണോ?

ഫെബ്രുവരി 23, 1992

മുമ്പത്തേത്: ആരംഭത്തിലെ ക്രിസ്തുവിന്‍റെ അരുളപ്പാടുകള്‍:അധ്യായം 103

അടുത്തത്: സര്‍വപ്രപഞ്ചത്തിനുമായുള്ള ദൈവവചനങ്ങള്‍:അധ്യായം 5

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക