അധ്യായം 27

മനുഷ്യന്‍റെ പെരുമാറ്റം ഒരിക്കലും എന്‍റെ മനസ്സിനെ സ്പര്‍ശിച്ചിട്ടില്ല. അത് അമൂല്യമെന്ന് ഒരിക്കലും എനിക്കു തോന്നിയിട്ടുമില്ല. മനുഷ്യന്‍റെ കണ്ണുകളില്‍ ഞാന്‍ എപ്പോഴും അവനോടു കാര്‍ക്കശ്യമുള്ളവനാണ്, എപ്പോഴും അവന്‍റെ മേല്‍ അധികാരം പ്രയോഗിക്കുന്നവനാണ്. മനുഷ്യന്‍റെ എല്ലാ പ്രവൃത്തികളിലും, എനിക്കുവേണ്ടി ചെയ്യുന്നവ വളരെ വിരളമാണ്, എന്‍റെ ദൃഷ്ടിക്കു മുമ്പില്‍ നിലനില്‍ക്കുന്നവയും അതി വിരളമാണ്. ആത്യന്തികമായി, മനുഷ്യന്‍റേതായിട്ടുള്ള എല്ലാം ഒരു മൃദുമന്ത്രണത്തിന്‍റെ സ്വരം പോലുമില്ലാതെ എന്‍റെ മുമ്പില്‍ മറിഞ്ഞുവീഴുന്നു. അതിനുശേഷം മാത്രമേ ഞാനെന്‍റെ പ്രവൃത്തികള്‍ വെളിവാക്കുന്നുള്ളൂ, അങ്ങനെ അവരുടെ സ്വന്തം പരാജയത്തിലൂടെ എന്നെ അറിയുവാന്‍ എല്ലാവരെയും ഞാന്‍ ഇടയാക്കുന്നു. മനുഷ്യന്‍റെ പ്രകൃതം മാറാതെ നില്ക്കുന്നു. അവരുടെ ഹൃദയത്തില്‍ ഉള്ളത് എന്‍റെ ഹിതത്തിനു ചേര്‍ന്നതല്ല—എനിക്കാവശ്യമുള്ളത് അതല്ല. ഞാന്‍ ഏറ്റവുമധികം വെറുക്കുന്നത് മനുഷ്യന്‍റെ ദുര്‍വാശിയും കുറ്റവാസനയുമാണ്. പക്ഷേ, എന്നെ അറിയുന്നതില്‍ പരാജയപ്പെട്ടുകൊണ്ടേ ഇരിക്കുന്നതിനും എന്നെ എപ്പോഴും ഒരകലത്തില്‍ നിര്‍ത്തുന്നതിനും എനിക്കു മുന്നിൽ ഒരിക്കലും എന്‍റെ ഹിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുന്നതിനും, മറിച്ച് ഞാന്‍ കാണാതെ എന്നെ എതിര്‍ക്കുന്നതിനും മനുഷ്യരെ പ്രേരിപ്പിക്കുന്ന ശക്തി ഏതാണ്? അതവരുടെ വിശ്വസ്തതയാണോ? അതവര്‍ക്ക് എന്നോടുള്ള സ്നേഹമാണോ? പശ്ചാത്തപിച്ച് വീണ്ടും ജനിക്കുവാന്‍ അവര്‍ക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്? അഴുക്കില്ലാത്ത ഒരു സ്ഥലത്തിനു പകരം മനുഷ്യന്‍ എപ്പോഴും ചെളിക്കുണ്ടില്‍ താമസിക്കാന്‍ തയ്യാറാകുന്നത് എന്തുകൊണ്ടാണ്? ഞാന്‍ അവരോടു മോശമായി പെരുമാറിയതുകൊണ്ടായിരിക്കുമോ? ഞാന്‍ അവരെ തെറ്റായ ദിശ ചൂണ്ടിക്കാണിച്ചതുകൊണ്ടായിരിക്കുമോ? ഞാന്‍ അവരെ നരകത്തിലേക്ക് നയിക്കുന്നതുകൊണ്ടായിരിക്കുമോ? എല്ലാവരും "നരകത്തില്‍" ജീവിക്കാന്‍ തയ്യാറാണ്. പ്രകാശം വരുമ്പോള്‍ അവരുടെ കണ്ണുകള്‍ ഉടനടി അന്ധമാകുന്നു. കാരണം, അവരില്‍ ഉള്ളതെല്ലാം നരകത്തില്‍ നിന്നും വരുന്നതാണ്. എന്നിരുന്നാലും മനുഷ്യര്‍ ഇതറിയുന്നില്ല. അവര്‍ ഈ "നരകീയ അനുഗ്രഹങ്ങള്‍" ആസ്വദിക്കുന്നു. അവയെ നിധിയെന്നപോലെ അവര്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുകപോലും ചെയ്യുന്നു. ഞാന്‍ ഈ നിധികള്‍ തട്ടിപ്പറിക്കുമെന്നും അവരെ “നിലനില്‍പ്പിന്‍റെ വേരില്ലാത്തവരാക്കുമെന്നും” അവര്‍ അതിയായി ഭയപ്പെടുന്നു. മനുഷ്യര്‍ എന്നെ ഭയക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ഭൂമിയില്‍ വരുമ്പോള്‍ എന്നോടടുക്കുന്നതിനെ വെറുത്ത് അവര്‍ എന്നില്‍ നിന്നും വളരെ അകന്നുനില്‍ക്കുന്നത്. കാരണം അവര്‍ “തങ്ങളുടെ മേല്‍ പ്രശ്നങ്ങള്‍ വിളിച്ചുവരുത്താന്‍” തയ്യാറല്ല. പകരം “ഭൂമിയില്‍ സന്തോഷം” ആസ്വദിക്കുവാന്‍ വേണ്ടി അവര്‍ കുടുംബത്തില്‍ സമാധാനം നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു. പക്ഷേ മനുഷ്യരെ അവർക്ക് ഇഷ്ടമുള്ളതുപോലെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കാന്‍ എനിക്കു സാധിക്കില്ല. കാരണം, കൃത്യമായും മനുഷ്യന്‍റെ കുടുംബം തകര്‍ക്കുവാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ഞാന്‍ എത്തുന്ന നിമിഷം മുതല്‍ സമാധാനം അവരുടെ കുടുംബങ്ങളെ വിട്ടുപോകുന്നു. ഞാന്‍ എല്ലാ രാജ്യങ്ങളെയും അടിച്ചു ചിതറിക്കുവാന്‍ ആഗ്രഹിക്കുന്നു, അപ്പോള്‍പ്പിന്നെ മനുഷ്യന്‍റെ കുടുംബത്തിന്‍റെ കാര്യം പറയാനുണ്ടോ? ആര്‍ക്കാണ് എന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുക? അനുഗ്രഹങ്ങള്‍ നേടുന്നവര്‍ അവരുടെ സമ്മതമില്ലായ്മകൊണ്ട് രക്ഷപ്പെടും എന്നായിരിക്കുമോ? ശാസനം സ്വീകരിക്കേണ്ടിവന്നവര്‍ അവരുടെ ഭയംകൊണ്ട് എന്‍റെ സഹതാപം നേടും എന്നായിരിക്കുമോ? എന്‍റെ വചനങ്ങളിലെല്ലാം മനുഷ്യര്‍ എന്‍റെ ഹിതവും എന്‍റെ പ്രവൃത്തികളും കണ്ടിട്ടുണ്ട്. പക്ഷേ സ്വന്തം ചിന്തകളുടെ കെട്ടുപാടില്‍ നിന്നും എപ്പോഴെങ്കിലും രക്ഷനേടുവാന്‍ ആര്‍ക്കു സാധിക്കും? എന്‍റെ വചനങ്ങള്‍ക്കുള്ളില്‍ നിന്നോ പുറത്തുനിന്നോ ഒരു രക്ഷാമാര്‍ഗം കണ്ടെത്താന്‍ ആര്‍ക്കു സാധിക്കും?

മനുഷ്യന്‍ എന്‍റെ ഊഷ്മളത അനുഭവിച്ചിട്ടുണ്ട്. മനുഷ്യന്‍ അത്യാവേശത്തോടെ എന്നെ സേവിച്ചിട്ടുണ്ട്. എന്‍റെ സാന്നിധ്യത്തില്‍ എനിക്കുവേണ്ടി എല്ലാം ചെയ്തുകൊണ്ട് അത്യാവേശത്തോടെ എനിക്കു മുമ്പില്‍ സ്വയം സമര്‍പ്പിച്ചിട്ടുമുണ്ട്. എന്നിരുന്നാലും ഇന്നത്തെ ആളുകള്‍ക്ക് ഇത് അപ്രാപ്യമാണ്. ഒരു വിശപ്പുള്ള ചെന്നായ അവരെ പിടികൂടിയതുപോലെ ആത്മാവില്‍ നിലവിളിക്കുകയല്ലാതെ അവര്‍ മറ്റൊന്നും ചെയ്യുന്നില്ല. എന്നെ വിളിച്ച് നിരന്തരം കരഞ്ഞുകൊണ്ട് എന്നെ നിസ്സഹായതയോടെ നോക്കുവാന്‍ മാത്രമേ അവര്‍ക്ക് സാധിക്കുന്നുള്ളൂ. എന്നാല്‍ ആത്യന്തികമായി അവരുടെ ദുരവസ്ഥയില്‍ നിന്നും രക്ഷനേടാന്‍ അവര്‍ പ്രാപ്തിയില്ലാത്തവരാണ്. പണ്ടത്തെ ആളുകള്‍ എങ്ങനെയാണ് എനിക്കു മുന്നിൽ സത്യം ചെയ്തിരുന്നതെന്ന് ഞാന്‍ ഓര്‍ക്കുന്നു, എന്‍റെ ദയയ്ക്ക് അവരുടെ സ്നേഹംകൊണ്ട് പകരം നൽകുമെന്ന് എൻറെ സന്നിധിയിൽ അവർ സ്വര്‍ഗത്തിന്മേലും ഭൂമിമേലും ആണയിട്ടു. അവര്‍ ദുഃഖിതരായി എന്‍റെ മുമ്പില്‍ കരഞ്ഞു. അവരുടെ കരച്ചിലിന്‍റെ സ്വരം ഹൃദയഭേദകമായിരുന്നു, കേട്ടുനില്‍ക്കാന്‍ സാധിക്കാത്തതായിരുന്നു. അവരുടെ നിശ്ചയദാര്‍ഢ്യത്തെയോര്‍ത്ത് ഞാന്‍ പലപ്പോഴും അവര്‍ക്ക് സഹായം നല്‍കുമായിരുന്നു. ഒരുപാടു തവണ സ്വയം സമര്‍പ്പിക്കുവാനായി മനുഷ്യര്‍ എന്‍റെ മുമ്പില്‍ വന്നു. അവരുടെ മനോഹരമായ പെരുമാറ്റം മറക്കുക എളുപ്പമല്ല. ഒരുപാടു തവണ അവരുടെ വിശ്വസ്തതയില്‍ ചാഞ്ചല്യമില്ലാതെ, പ്രശംസനീയമായ ആത്മാര്‍ഥതയോടെ അവരെന്നെ സ്നേഹിച്ചിട്ടുണ്ട്. ഒരുപാടു തവണ സ്വന്തം ജീവന്‍തന്നെ ബലികഴിക്കുന്ന തരത്തില്‍ അവരെന്നെ സ്നേഹിച്ചിട്ടുണ്ട്, അവരെക്കാള്‍ അധികമായി അവരെന്നെ സ്നേഹിച്ചിട്ടുണ്ട്—അവരുടെ ആത്മാര്‍ഥത കണ്ട് ഞാനവരുടെ സ്നേഹം സ്വീകരിച്ചു. ഒരുപാടു തവണ, എന്‍റെ സന്നിധിയിൽ അവര്‍ സ്വയം സമര്‍പ്പിച്ചു, എനിക്കായി മരണമുഖത്ത് ചങ്കുറപ്പോടെ നിന്നു. ഞാന്‍ അവരുടെ പുരികങ്ങളിലെ ആകുലതയുടെ ചുളിവുകള്‍ നിവര്‍ത്തി, അവരുടെ മുഖഭാവങ്ങളെ ശ്രദ്ധാപൂര്‍വം മനസ്സിലാക്കി. വിലപ്പെട്ട നിധിപോലെ ഞാനവരെ സ്നേഹിച്ച അനവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അനവധി തവണ ഞാന്‍ അവരെ സ്വന്തം ശത്രുവിനെ എന്നപോലെ വെറുത്തിട്ടുമുണ്ട്. എന്നിരുന്നാലും എന്‍റെ മനസ്സിലുള്ളത് മനുഷ്യന്‍റെ ഗ്രാഹ്യത്തിനും അപ്പുറത്താണ്. മനുഷ്യര്‍ ദുഃഖിതരായിരിക്കുമ്പോള്‍ ഞാനവരെ സാന്ത്വനിപ്പിക്കുവാന്‍ വരുന്നു. അവര്‍ ബലഹീനരായിരിക്കുമ്പോള്‍ ഞാന്‍ അവരെ സഹായിക്കുവാന്‍ വരുന്നു. അവര്‍ക്ക് വഴിതെറ്റുമ്പോള്‍ ഞാന്‍ വഴി കാണിക്കുന്നു. അവര്‍ കരയുമ്പോള്‍ ഞാനവരുടെ കണ്ണുനീര്‍ തുടയ്ക്കുന്നു. എന്നാല്‍ ഞാന്‍ ദുഃഖിതനായിരിക്കുമ്പോള്‍ ആര്‍ക്കാണ് അവരുടെ ഹൃദയങ്ങള്‍കൊണ്ട് എന്നെ സാന്ത്വനിപ്പിക്കുവാന്‍ സാധിക്കുക? ഞാന്‍ വളരെയധികം ആകുലചിത്തനായിരിക്കുമ്പോള്‍ ആരാണ് എന്‍റെ വികാരങ്ങളെ പരിഗണിക്കുന്നത്? ഞാന്‍ ദുഃഖിതനായിരിക്കുമ്പോള്‍ ആരാണ് എന്‍റെ ഹൃദയത്തിലെ മുറിവുകളില്‍ മരുന്നുവയ്ക്കുന്നത്?എനിക്ക് ആരെയെങ്കിലും ആവശ്യമുള്ളപ്പോള്‍ ആരാണ് എന്നോടു സഹകരിക്കുവാന്‍ സന്നദ്ധനാകുന്നത്? ആളുകള്‍ക്ക് എന്നോടു മുമ്പുണ്ടായിരുന്ന മനോഭാവം ഇപ്പോള്‍ മാറി, ഇനിയൊരിക്കലും പഴയതുപോലെയായിരിക്കില്ല എന്നായിരിക്കുമോ? എന്തുകൊണ്ടാണ് അതിന്‍റേതായ ഒന്നും അവരുടെ ഓര്‍മകളില്‍ അവശേഷിക്കാത്തത്? എങ്ങനെയാണ് ആളുകള്‍ ഇക്കാര്യങ്ങളെല്ലാം വിസ്മരിച്ചത്? ഇതിനെല്ലാം കാരണം ശത്രു മനുഷ്യവര്‍ഗത്തെ ദുഷിപ്പിച്ചതല്ലേ?

മാലാഖമാര്‍ എന്നെ പ്രകീര്‍ത്തിച്ച് സംഗീതമുതിര്‍ക്കുമ്പോള്‍ അത് എന്നില്‍ മനുഷ്യനോടുള്ള സഹതാപമുണര്‍ത്താതിരിക്കുന്നില്ല. എന്‍റെ ഹൃദയം ഉടനെ ദുഃഖത്താല്‍ നിറയുന്നു. ഈ വേദനാജനകമായ വികാരത്തില്‍ നിന്നും സ്വയം മോചിപ്പിക്കുക അസാധ്യം. മനുഷ്യനില്‍ നിന്നും വേര്‍പിരിയുകയും വീണ്ടും ഒത്തുചേരുകയും ചെയ്യുന്നതിന്‍റെ സന്തോഷങ്ങള്‍ക്കും സന്താപങ്ങള്‍ക്കുമിടയില്‍ ഞങ്ങള്‍ക്ക് പരസ്പരം വികാരങ്ങള്‍ പങ്കുവയ്ക്കുവാന്‍ സാധിക്കുന്നില്ല. മുകളില്‍ സ്വര്‍ഗത്തിലും താഴെ ഭൂമിയിലുമായി വേര്‍പ്പെട്ടിരിക്കുന്നതിനാല്‍ മനുഷ്യനും എനിക്കും സന്ധിക്കുവാന്‍ സാധിക്കുന്ന അവസരങ്ങള്‍ വളരെ വിരളമാണ്. മുമ്പത്തെ അനുഭൂതികളുടെ ഗൃഹാതുരത്വത്തില്‍ നിന്നും വേർപെടുവാന്‍ ആര്‍ക്കാണ് സാധിക്കുക? ആര്‍ക്കാണ് ഭൂതകാലത്തെപ്പറ്റി ചിന്തിക്കാതിരിക്കുവാന്‍ സാധിക്കുക? ആരാണ് മുമ്പത്തെ അനുഭവങ്ങള്‍ക്ക് തുടര്‍ച്ച പ്രതീക്ഷിക്കാത്തത്? ആരാണ് എന്‍റെ തിരിച്ചുവരവ് ആഗ്രഹിക്കാത്തത്? മനുഷ്യനുമായി ഞാന്‍ വീണ്ടും കൂടിച്ചേരുന്നത് ആരാണ് ആഗ്രഹിക്കാത്തത്? എന്‍റെ ഹൃദയം വളരെ അസ്വസ്ഥമായിരിക്കുന്നു, മനുഷ്യൻറെ ആത്മാവാകട്ടെ വല്ലാത്ത ആശങ്കയിലാണ്. ആത്മാവില്‍ ഒരുപോലെയെങ്കിലും ഞങ്ങള്‍ക്ക് പലപ്പോഴും ഒരുമിച്ചായിരിക്കാന്‍ സാധിക്കുന്നില്ല. പലപ്പോഴും പരസ്പരം കാണുവാന്‍ സാധിക്കുന്നില്ല. അങ്ങനെ എല്ലാ മനുഷ്യരുടെയും ജീവിതം ദുഃഖം നിറഞ്ഞതും ചൈതന്യമറ്റതുമായിത്തീരുന്നു. കാരണം, മനുഷ്യന്‍ എല്ലായ്പ്പോഴും എനിക്കുവേണ്ടി ആഗ്രഹിച്ചിട്ടുണ്ട്. സ്വര്‍ഗത്തില്‍ നിന്നും താഴെവീണ വസ്തുക്കളാണവര്‍ എന്നതുപോലെയാണത്. അവര്‍ ഭൂമിയില്‍ എന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നു. ഭൂമിയിൽനിന്നും എന്‍റെ നേരെ കണ്ണുകളുയര്‍ത്തുന്നു. പക്ഷേ ആര്‍ത്തിപൂണ്ടുനില്‍ക്കുന്ന ചെന്നായുടെ വായില്‍ നിന്നും എങ്ങനെയാണ് അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുക? അതിൻറെ ഭീഷണികളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും എങ്ങനെയാണവര്‍ക്ക് സ്വയം മോചിപ്പിക്കാനാകുക? എന്‍റെ പദ്ധതിയുടെ സജ്ജീകരണത്തിനു ചേർച്ചയിൽ സ്വയം ത്യജിക്കാതിരിക്കുവാന്‍ മനുഷ്യനെങ്ങനെയാണ് സാധിക്കുക? അവര്‍ ഉറക്കെ യാചിക്കുമ്പോള്‍ ഞാനവരില്‍ നിന്നും മുഖം തിരിക്കുന്നു. എനിക്കിനിയും കണ്ടിരിക്കുവാന്‍ സാധിക്കില്ല; പക്ഷേ എനിക്കവരുടെ കണ്ണീരില്‍ മുങ്ങിയ നിലവിളികള്‍ എങ്ങനെ കേള്‍ക്കാതിരിക്കുവാന്‍ സാധിക്കും? ഞാന്‍ മനുഷ്യലോകത്തെ അനീതികള്‍ തിരുത്തും. എന്‍റെ ജനത്തെ വീണ്ടും ഉപദ്രവിക്കുന്നതില്‍ നിന്നും സാത്താനെ തടഞ്ഞ്, എന്‍റെ ശത്രുക്കളെ വീണ്ടും അവര്‍ക്ക് തോന്നിയപോലെയെല്ലാം ചെയ്യുന്നതില്‍ നിന്നും തടസ്സപ്പെടുത്തി ഞാന്‍ ലോകമാകെ എന്‍റെ സ്വന്തം കരങ്ങള്‍കൊണ്ട് എന്‍റെ പ്രവൃത്തി ചെയ്യും. ഞാന്‍ ഭൂമിയില്‍ രാജാവാകും. എന്‍റെ സിംഹാസനം അവിടേക്കു മാറ്റി എന്‍റെ എല്ലാ ശത്രുക്കളെയും, നിലത്തുവീണു തങ്ങളുടെ കുറ്റകൃത്യങ്ങള്‍ എന്‍റെ മുമ്പില്‍ ഏറ്റുപറയുമാറാക്കും. എന്‍റെ ദുഃഖത്തില്‍ എന്‍റെ കോപവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഞാന്‍ മുഴുവന്‍ പ്രപഞ്ചത്തെയും ചവിട്ടിമെതിക്കും. ആരെയും ഞാന്‍ വെറുതെ വിടില്ല. എന്‍റെ ശത്രുക്കളുടെ മനസ്സില്‍ ഞാന്‍ ഭയമുളവാക്കും. ഞാന്‍ മുഴുവന്‍ ഭൂമിയെയും തകര്‍ത്തു തരിപ്പണമാക്കും. എന്‍റെ ശത്രുക്കളെ അതിലേക്കു തള്ളിയിടും. പിന്നെ ഒരിക്കലും അവര്‍ മനുഷ്യവര്‍ഗത്തെ ദുഷിപ്പിക്കില്ല. എന്‍റെ പദ്ധതി തീരുമാനിച്ചുറപ്പിച്ചുകഴിഞ്ഞു. ആരും, അവര്‍ ആരുതന്നെയായാലും, അതില്‍ മാറ്റം വരുത്തരുത്. ഞാന്‍ മഹത്ത്വത്തോടെ പ്രപഞ്ചത്തിനു മുകളില്‍ നടക്കുമ്പോള്‍ മനുഷ്യവര്‍ഗം മുഴുവനും നവീകരിക്കപ്പെടും. എല്ലാം പുനരുജ്ജീവിക്കപ്പെടും. മനുഷ്യന്‍ പിന്നെയൊരിക്കലും കരയില്ല. സഹായത്തിനായി എന്നെ വിളിച്ചു കേഴില്ല. അപ്പോള്‍ എന്‍റെ ഹൃദയം ആഹ്ലാദിക്കും. മനുഷ്യര്‍ ആഘോഷത്തോടെ എന്നിലേക്ക് മടങ്ങിവരും. മുഴുവന്‍ പ്രപഞ്ചവും മുകളില്‍ നിന്നു താഴെവരെ, ആഘോഷത്താല്‍ ഇളകിമറിയും ...

ഇന്ന്, ലോകത്തിലെ രാജ്യങ്ങളില്‍ ഞാന്‍ പൂര്‍ത്തിയാക്കുവാന്‍ നിശ്ചയിച്ചിട്ടുള്ള പ്രവൃത്തി ഞാന്‍ ചെയ്യുകയാണ്. എന്‍റെ പദ്ധതിയിലുള്ള എല്ലാ പ്രവൃത്തിയും ചെയ്തുകൊണ്ട് ഞാന്‍ മനുഷ്യര്‍ക്കിടയിലൂടെ നീങ്ങുന്നു. എല്ലാ മനുഷ്യരും വിവിധ രാജ്യങ്ങളെ എന്‍റെ ഇച്ഛക്കനുസരിച്ച് വിഭജിക്കുന്നു. ഭൂമിയിലെ മനുഷ്യരുടെ ശ്രദ്ധ അവരുടെ സ്വന്തം ലക്ഷ്യസ്ഥാനത്താണ്. കാരണം ആ ദിവസം അടുത്തുവരികയും മാലാഖമാര്‍ കാഹളം മുഴക്കുകയും ചെയ്യുന്നു. ഇനി താമസമുണ്ടാകില്ല. എല്ലാ സൃഷ്ടികളും ആഘോഷത്തിമിര്‍പ്പില്‍ നൃത്തം ചെയ്യുവാന്‍ തുടങ്ങും. ആര്‍ക്കാണ് അവര്‍ ആഗ്രഹിക്കുന്നതു പോലെ എന്‍റെ ദിവസം നീട്ടിവയ്ക്കാന്‍ സാധിക്കുക? ഒരു ഭൂവാസിക്കോ? അല്ലെങ്കില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കോ? മാലാഖമാര്‍ക്കോ? ഞാന്‍ ഇസ്രായേല്‍ ജനങ്ങളുടെ മോചനത്തിന് ആരംഭം കുറിക്കുന്ന അരുളപ്പാടുകള്‍ പുറപ്പെടുവിക്കുമ്പോള്‍ എന്‍റെ ദിനം മനുഷ്യരുടെ മേല്‍ വന്നുപതിക്കുന്നു. ഓരോ മനുഷ്യനും ഇസ്രായേലിന്‍റെ തിരിച്ചുവരവിനെ ഭയപ്പെടുന്നു. ഇസ്രായേല്‍ തിരിച്ചുവരുമ്പോള്‍ അതെന്‍റെ മഹത്ത്വത്തിന്‍റെ ദിനമായിരിക്കും. അതുപോലെ എല്ലാം മാറുകയും നവീകരിക്കപ്പെടുകയും ചെയ്യുന്ന ദിനം കൂടിയായിരിക്കും അത്. നീതിപൂര്‍ണവും ആസന്നവുമായ വിധി മുഴുവന്‍ പ്രപഞ്ചത്തെയും സമീപിക്കുമ്പോള്‍ എല്ലാ മനുഷ്യരും ഭീരുക്കളും ഭയം നിറഞ്ഞവരും ആയി മാറുന്നു. കാരണം മനുഷ്യന്‍റെ ലോകത്ത് നീതി എന്നത് കേട്ടുകേള്‍വിയില്ലാത്ത ഒന്നാണ്. നീതിസൂര്യന്‍ ഉദയം ചെയ്യുമ്പോള്‍ കിഴക്ക് പ്രകാശമാനമാകും. പിന്നെ അത് പ്രപഞ്ചം മുഴുവനെയും പ്രകാശിപ്പിക്കും. എല്ലാവരിലും അത് എത്തിച്ചേരും. മനുഷ്യന് യഥാര്‍ഥത്തില്‍ എന്‍റെ നീതി നടപ്പിലാക്കുവാന്‍ സാധിക്കുമെങ്കില്‍ പിന്നെ ഭയപ്പെടാന്‍ എന്താണുള്ളത്? എന്‍റെ ജനങ്ങളെല്ലാം എന്‍റെ ദിനത്തിനായി കാത്തിരിക്കുന്നു. അവരെല്ലാവരും എന്‍റെ ദിവസത്തിന്‍റെ വരവിനായി തീവ്രമായി ആഗ്രഹിക്കുന്നു. മുഴുവന്‍ മനുഷ്യവര്‍ഗത്തിനോടും ഞാന്‍ പ്രതികാരം ചെയ്യുന്നതിനായും നീതിസൂര്യന്‍ എന്ന നിലയില്‍ ഞാന്‍ മനുഷ്യരുടെ ലക്ഷ്യസ്ഥാനം സജ്ജീകരിക്കുന്നതിനും വേണ്ടി അവര്‍ കാത്തിരിക്കുന്നു. മുഴുവന്‍ പ്രപഞ്ചത്തിനും മുകളില്‍ എന്‍റെ രാജ്യം രൂപം കൊള്ളുന്നു. എന്‍റെ സിംഹാസനം കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയങ്ങളെ അടക്കിഭരിക്കുന്നു. മാലാഖമാരുടെ സഹായത്തോടെ എന്‍റെ മഹത്തായ നേട്ടം വേഗം ഫലത്തില്‍ കൊണ്ടുവരും. എന്‍റെ എല്ലാ പുത്രന്മാരും എന്‍റെ ജനങ്ങളും, ഇനിയൊരിക്കലും പിരിയാത്തവിധം ഞാനവരെ വീണ്ടും സന്ധിക്കുന്നതിനായി അതിയായി ആഗ്രഹിച്ച് എന്‍റെ തിരിച്ചുവരവിനായി അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു. ഞാന്‍ അവരോടോത്ത് ചേരുന്നതിന്‍റെ സന്തോഷപൂര്‍ണ്ണമായ ആഘോഷത്തില്‍ പരസ്പരം ഓടിയടുക്കാതിരിക്കാന്‍ എന്‍റെ രാജ്യത്തെ അനവധിയായ ജനങ്ങള്‍ക്ക് എങ്ങനെയാണ് സാധിക്കാതിരിക്കുക? ഇത് ഒരു വിലയും ഒടുക്കേണ്ടാത്ത ഒരു പുനസ്സംഗമം ആകുമോ? സകല മനുഷ്യരുടെയും ദൃഷ്ടിയില്‍ ഞാന്‍ ബഹുമാന്യനാണ്. എല്ലാവരുടെ വാക്കുകളിലും ഞാന്‍ പ്രശംസിക്കപ്പെടുന്നു. ഞാന്‍ തിരിച്ചുവരുമ്പോള്‍, ഏറ്റവും പ്രധാനമായി എല്ലാ ശത്രുശക്തികളെയും ഞാന്‍ കീഴടക്കും. സമയം ആഗതമായിരിക്കുന്നു! ഞാനെന്‍റെ പ്രവര്‍ത്തനം തുടങ്ങിവയ്ക്കും. ഞാന്‍ മനുഷ്യര്‍ക്കിടയില്‍ രാജാവായി വാഴും! ഞാന്‍ തിരിച്ചുവരാറായിരിക്കുന്നു! ഞാന്‍ പുറപ്പെടാന്‍ തയ്യാറായിരിക്കുന്നു! ഇതാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഞാന്‍ മുഴുവന്‍ മനുഷ്യരെയും എന്‍റെ ദിവസത്തിന്‍റെ ആഗമനം ദര്‍ശിക്കുവാന്‍ അനുവദിക്കും. അവരെല്ലാവരും എന്‍റെ ദിവസത്തിന്‍റെ ആഗമനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യും!

ഏപ്രില്‍ 2, 1992

മുമ്പത്തേത്: അധ്യായം 26

അടുത്തത്: അധ്യായം 28

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക