അധ്യായം 19
എന്റെ വചനങ്ങള്‍ സ്വന്തം നിലനില്‍പ്പിന്റെ അടിസ്ഥാനമായി കണക്കാക്കുക—ഇതാണ് മനുഷ്യരുടെ കടമ. എന്റെ വചനങ്ങളുടെ ഓരോ ഭാഗത്തിലും മനുഷ്യര്‍ തങ്ങളുടെ സ്വന്തം പങ്ക് സ്ഥാപിക്കണം;അങ്ങനെ ചെയ്യാതിരിക്കുക എന്നാല്‍ അവരുടെ സ്വന്തം നാശം തേടുക, അവജ്ഞ സമ്പാദിക്കുക എന്നതായിരിക്കും. മനുഷ്യര്‍ എന്നെ അറിയുന്നില്ല. ഇക്കാരണത്താല്‍, പകരമായി നല്‍കാന്‍ അവരുടെ സ്വന്തം ജീവിതങ്ങളുമായി എന്നെ സമീപിക്കാതെ, തങ്ങളുടെ കയ്യിലെ പാഴ്വസ്തുക്കളുമായി എനിക്കു മുമ്പില്‍ പ്രകടനം നടത്തി എന്നെ തൃപ്തിപ്പെടുത്തുവാന്‍ ശ്രമിക്കുക മാത്രമാണവര്‍ ചെയ്യുന്നത്. എന്നിരുന്നാലും,കാര്യങ്ങളുടെ സ്ഥിതിയില്‍ ഒട്ടും സംതൃപ്തനാകാതെ ഞാന്‍ മനുഷ്യരോട് ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് തുടരുന്നു. മനുഷ്യരുടെ സംഭാവനകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ അവകാശബോധത്തോടെയുള്ള ആവശ്യപ്പെടലുകളെ ഞാന്‍ വെറുക്കുന്നു. എല്ലാ മനുഷ്യരുടെയും ഹൃദയം അത്യാഗ്രഹം കൊണ്ടു നിറഞ്ഞിരിക്കുന്നു;മനുഷ്യഹൃദയം പിശാചിന്റെ അടിമത്തത്തിൻ കീഴിലാണെന്നതുപോലെയാണത്. ആര്‍ക്കും അതില്‍നിന്നും മോചനം നേടി സ്വന്തം ഹൃദയം എനിക്കു സമര്‍പ്പിക്കുവാന്‍ സാധിക്കില്ല. ഞാന്‍ സംസാരിക്കുമ്പോള്‍ അത്യധികം ശ്രദ്ധയോടെ ജനങ്ങള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു;ഞാന്‍ നിശ്ശബ്ദനാകുമ്പോള്‍ അവര്‍ വീണ്ടും തങ്ങളുടെ സ്വന്തം "വ്യാപാരങ്ങളില്‍" മുഴുകുവാന്‍ തുടങ്ങുന്നു, എന്റെ വാക്കുകള്‍ ശ്രവിക്കുന്നത് അവര്‍ പൂര്‍ണമായും നിറുത്തുന്നു. എന്റെ വചനങ്ങള്‍ അവരുടെ "വ്യാപാരങ്ങള്‍ക്ക്" ഒരു അനുബന്ധം മാത്രമാണ് എന്നതുപോലെയാണത്. ഞാന്‍ മനുഷ്യര്‍ക്ക് ഒരിക്കലും ഇളവു നല്‍കിയിട്ടില്ല. എന്നിരുന്നാലും, ഞാന്‍ മനുഷ്യരോടു ക്ഷമയും സഹിഷ്ണുതയും ഉള്ളവനായിരുന്നു. അതുകൊണ്ട്,എന്റെ അലിവിന്റെ ഫലമായി,മനുഷ്യരെല്ലാവരും തങ്ങളെക്കുറിച്ചുതന്നെ കണക്കിലേറെ ഭാവിക്കുന്നു. സ്വയം അറിയുവാനും സ്വയം വിലയിരുത്തുവാനും അവര്‍ക്ക് സാധിക്കുന്നില്ല;അവര്‍ എന്നെ വഞ്ചിക്കുവാനായി എന്റെ ക്ഷമയെ മുതലെടുക്കുക മാത്രം ചെയ്യുന്നു. അവരില്‍ ഒരാള്‍ പോലും ഒരിക്കലും എന്നെ ആത്മാര്‍ഥമായി പരിഗണിച്ചിട്ടില്ല. ഒരുവന്‍ പോലും യഥാര്‍ഥത്തില്‍ എന്നെ വിലപ്പെട്ടതായി കരുതിയിട്ടില്ല,ഹൃദയത്തിനു പ്രിയപ്പെട്ടതായി കരുതിയിട്ടില്ല;അവരുടെ അലസമായ നിമിഷങ്ങളില്‍ മാത്രമേ എനിക്ക് ഉദാസീനമായ ഒരു പരിഗണനയെങ്കിലും അവര്‍ നല്‍കുന്നുള്ളൂ. ഞാന്‍ മനുഷ്യര്‍ക്കായി ഇതിനകം ചെയ്ത അധ്വാനത്തിന് കയ്യും കണക്കുമില്ല;അതിനു പുറമേ,അഭൂതപൂര്‍വമായ രീതികളില്‍ ഞാന്‍ മനുഷ്യനുമേല്‍ പ്രവര്‍ത്തിച്ചു. അതും കൂടാതെ,എനിക്ക് എന്താണ് ഉള്ളത് എന്നതില്‍ നിന്നും, ഞാന്‍ എന്താണ് എന്നുള്ളതില്‍ നിന്നും, അവര്‍ കുറച്ചു ജ്ഞാനം നേടുകയും കുറച്ചു മാറ്റത്തിന് വിധേയമാകുകയും ചെയ്യുവാന്‍ വേണ്ടി ഞാനവര്‍ക്ക് ഒരു അധിക ഭാരം നല്‍കിയിട്ടുണ്ട്. വെറും "ഉപഭോക്താക്കൾ" ആയിരിക്കുവാന്‍ ഞാന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നില്ല;സാത്താനെ തോല്‍പ്പിക്കുന്ന "ഉത്പാദകര്‍" കൂടിയാകാനാണ് ഞാനവരോട് ആവശ്യപ്പെടുന്നത്. മനുഷ്യരോട് എന്തെങ്കിലും ചെയ്യുവാന്‍ ഞാന്‍ ആവശ്യപ്പെടില്ലായിരിക്കാം. എന്നിരുന്നാലും,ഞാന്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ക്ക് നിലവാരമുണ്ട്. കാരണം ഞാന്‍ ചെയ്യുന്നവയ്ക്ക് ഒരു ഉദ്ദേശ്യമുണ്ട്. അതുപോലെ,എന്റെ പ്രവൃത്തികള്‍ക്ക് ഒരു അടിസ്ഥാനമുണ്ട്: ആളുകള്‍ കരുതുന്നതുപോലെ ഞാന്‍ അടുക്കും ചിട്ടയുമില്ലാതെ എന്തെങ്കിലും ചെയ്യുകയല്ല. ആകാശത്തെയും ഭൂമിയെയും അനേകം സൃഷ്ടവസ്തുക്കളെയും എനിക്കു തോന്നുന്നതുപോലെ പരുവപ്പെടുത്തുന്നുമില്ല. എന്റെ പ്രവൃത്തിയില്‍ മനുഷ്യര്‍ എന്തെങ്കിലും കാണുകയും അതില്‍നിന്ന് എന്തെങ്കിലും നേടുകയും വേണം. അവരുടെ യൗവനത്തിൻറെ വസന്തം അവര്‍ പാഴാക്കിക്കളയരുത്. അവരുടെ സ്വന്തം ജീവിതങ്ങളെ അശ്രദ്ധമായി പൊടിപിടിക്കുവാന്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ എന്നപോലെ കരുതുകയുമരുത്. മറിച്ച്,ഞാന്‍ കാരണം അവര്‍ക്ക് സാത്താനിലേക്ക് തിരിച്ചുപോകുവാനാകില്ല,ഞാന്‍ കാരണം അവര്‍ക്ക് സാത്താനോട് എതിരിടാനാവും എന്നൊരു അവസ്ഥ എത്തുന്നതുവരെ അവര്‍ക്കെപ്പോഴും സ്വയം കര്‍ശനമായ കരുതല്‍ ഉണ്ടായിരിക്കുകയും എന്റെ ദാനങ്ങളില്‍ നിന്നും അവരുടെ സ്വന്തം ആസ്വാദനത്തിനുള്ളവ എടുക്കുകയും വേണം. ഞാന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നവ വളരെ ലളിതമല്ലേ?
കിഴക്കുഭാഗത്ത് വെളിച്ചത്തിന്റെ ഒരു നേരിയ തിളക്കം കാണുവാന്‍ തുടങ്ങുമ്പോള്‍ പ്രപഞ്ചത്തിലുള്ള എല്ലാ മനുഷ്യരും അതിനൊരല്‍പ്പം കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. ഗാഢനിദ്രവിട്ട് മനുഷ്യര്‍ ഈ പൗരസ്ത്യ പ്രകാശത്തിന്റെ ഉറവിടം തേടിയിറങ്ങുന്നു. അവരുടെ പരിമിതമായ കഴിവു മൂലം,ആര്‍ക്കും ഇതുവരെ പ്രകാശം പുറപ്പെടുന്ന ഇടം കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. പ്രപഞ്ചത്തിലുള്ള എല്ലാം പൂർണമായി പ്രകാശിപ്പിക്കപ്പെട്ടു കഴിയുമ്പോള്‍, മനുഷ്യന്‍ ഉറക്കത്തില്‍നിന്നും സ്വപ്നത്തില്‍നിന്നും എഴുന്നേല്‍ക്കുന്നു. അപ്പോള്‍ മാത്രമേ എന്റെ ദിവസം പതിയെ അവരുടെമേല്‍ ഇറങ്ങിവന്നിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കുകയുള്ളൂ. പ്രകാശത്തിന്റെ വരവിനെ എല്ലാ മനുഷ്യരും ആഘോഷിക്കുന്നു. അതുകൊണ്ട് അവര്‍ പിന്നെയും ഉറക്കത്തിലാഴുകയോ മയക്കത്തിലായിരിക്കുകയോ ചെയ്യുന്നില്ല. എന്റെ പ്രകാശത്തിന്റെ പ്രഭയില്‍ മുഴുവന്‍ മനുഷ്യരും മനസ്സിലും കാഴ്ചയിലും വ്യക്തതയുള്ളവരായി മാറുന്നു; എല്ലാവരും പെട്ടെന്നുതന്നെ, ജീവിക്കുന്നതിന്റെ ആഹ്ലാദത്തിലേക്ക് ഉണര്‍ന്നെണീക്കുന്നു. മൂടല്‍മഞ്ഞിന്റെ ആവരണത്തിനടിയില്‍ ഞാന്‍ ലോകത്തെ നോക്കുന്നു. എല്ലാ മൃഗങ്ങളും വിശ്രമിക്കുകയാണ്;നേരിയ പ്രകാശം വന്നതുകൊണ്ട്,ഒരു പുതിയ ജീവിതം വരാനിരിക്കുന്നു എന്ന് അവയെല്ലാം തിരിച്ചറിയുന്നു. ഈ കാരണം കൊണ്ട് മൃഗങ്ങളും ഭക്ഷണം തേടി അവയുടെ മാളങ്ങളില്‍നിന്നും പുറത്തുവരികയാണ്. സസ്യങ്ങളും തീര്‍ച്ചയായും വ്യത്യസ്തമല്ല. പ്രകാശത്തിന്റെ പ്രഭയില്‍ അവയുടെ ഹരിതവര്‍ണമാര്‍ന്ന ഇലകള്‍ ഉജ്ജ്വലമായി തിളങ്ങുന്നു. ഞാന്‍ ഭൂമിയിലായിരിക്കുന്ന സമയത്ത് എനിക്കുവേണ്ടി അവയുടെ ഭാഗത്തുനിന്നും വേണ്ടതു ചെയ്യാന്‍ കാത്തിരിക്കുന്നു. എല്ലാ മനുഷ്യരും പ്രകാശത്തിന്റെ വരവിനായി കാത്തിരിക്കുന്നു. എന്നിരുന്നാലും അവര്‍ അതിന്റെ കടന്നുവരവിനെ ഭയപ്പെടുന്നു. അവരുടെ വൈരൂപ്യത്തെ ഇനിയും മറയ്ക്കുവാന്‍ സാധിക്കുകയില്ല എന്ന് അവര്‍ അതിയായി ആശങ്കപ്പെടുന്നു. കാരണം മനുഷ്യര്‍ തീര്‍ത്തും നഗ്നരാണ്. സ്വയം മറയ്ക്കുവാന്‍ അവര്‍ക്കൊന്നുമില്ല. അങ്ങനെ പ്രകാശത്തിന്റെ കടന്നുവരവിന്റെ ഫലമായി ഒട്ടനവധിപേര്‍ ഭയചകിതരായിരിക്കുന്നു. അതിന്റെ വരവുമൂലം അവര്‍ നടുക്കത്തിന്റെ ഒരവസ്ഥയിലാണ്. അനവധിയാളുകള്‍ വെളിച്ചത്തിന്റെ വരവു കണ്ട് അതിരില്ലാത്ത പശ്ചാത്താപത്തില്‍ ആണ്ടുപോയിരിക്കുന്നു. സ്വന്തം അശുദ്ധി അവരില്‍ വെറുപ്പുളവാക്കുന്നു. എന്നിരുന്നാലും, വസ്തുതകള്‍ക്ക് മാറ്റം വരുത്തുവാന്‍ അവര്‍ക്ക് കഴിവില്ലാത്തതിനാല്‍ ഞാന്‍ വിധി പ്രസ്താവിക്കുന്നതും കാത്തിരിക്കുകയല്ലാതെ അവര്‍ക്കൊന്നും ചെയ്യുവാന്‍ സാധിക്കുന്നില്ല. അന്ധകാരത്തിലെ സഹനത്താല്‍ ശുദ്ധീകരിക്കപ്പെട്ട അനവധിയാളുകള്‍ പ്രകാശം കാണുമ്പോള്‍, അതിന്റെ ഗഹനമായ അര്‍ഥത്താല്‍ പെട്ടെന്നു നടുങ്ങി, പ്രകാശം വീണ്ടും നഷ്ടപ്പെടുമോ എന്ന് വളരെയധികം ഭയപ്പെട്ട് അതിനെ നെഞ്ചോടു ചേര്‍ക്കുന്നു. അനവധിയാളുകള്‍ പ്രകാശത്തിന്റെ പെട്ടെന്നുള്ള കടന്നുവരവിനാല്‍ ഒട്ടും ബാധിക്കപ്പെടാതെ അവരുടെ നിത്യേനയുള്ള ജോലികളുമായി തുടര്‍ന്നുപോകുന്നു. കാരണം അനേക വര്‍ഷങ്ങളായി അവര്‍ അന്ധരായിരുന്നു. അതുകൊണ്ട് പ്രകാശം വന്ന കാര്യം അവര്‍ ശ്രദ്ധിച്ചില്ല എന്നു മാത്രമല്ല,അത് അവരില്‍ ഒരു വികാരവും ഉണര്‍ത്തിയതുമില്ല. മനുഷ്യഹൃദയങ്ങളില്‍ ഞാന്‍ ഉയര്‍ന്നവനോ താഴ്ന്നവനോ അല്ല. അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ ഉണ്ടോ ഇല്ലയോ എന്നത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല;ഞാന്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യരുടെ ജീവിതം കൂടുതല്‍ ഏകാന്തമായിപ്പോകുമായിരുന്നു എന്നും ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ അവരുടെ ജീവിതം കൂടുതല്‍ ആഹ്ലാദകരമാകുമായിരുന്നു എന്നൊന്നും ഇല്ലാത്തതുപോലെ. കാരണം മനുഷ്യര്‍ എന്നെ വിലമതിക്കുന്നില്ല. ഞാനവരില്‍ ഒരു സന്തോഷവും ഉണ്ടാക്കുന്നില്ല. എന്നിരുന്നാലും മനുഷ്യര്‍ എനിക്കൊരല്‍പ്പം കൂടുതല്‍ ആരാധന അര്‍പ്പിക്കുമ്പോഴേക്കും ഞാനവരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തും. ഈ കാരണത്താല്‍, മനുഷ്യര്‍ ഈ നിയമം മനസ്സിലാക്കിയാല്‍ മാത്രമേ എനിക്കുവേണ്ടി പൂര്‍ണമായി സമര്‍പ്പിക്കുവാനും എന്റെ പക്കലുള്ളവ ചോദിക്കുവാനും ഉള്ള ഭാഗ്യം അവര്‍ക്ക് ലഭിക്കുന്നുള്ളൂ. തീര്‍ച്ചയായും അവര്‍ക്ക് എന്നോടുള്ള സ്നേഹം അവരുടെ സ്വന്തം താത്പര്യങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണോ?തീര്‍ച്ചയായും അവര്‍ക്ക് എന്നിലുള്ള വിശ്വാസം ഞാനവര്‍ക്കു നല്‍കുന്ന കാര്യങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണോ?എന്റെ പ്രകാശം കണ്ടിട്ടില്ലെങ്കില്‍ അവരുടെ വിശ്വാസം വഴി മനുഷ്യര്‍ക്ക് എന്നെ ആത്മാര്‍ഥമായി സ്നേഹിക്കുവാന്‍ സാധിക്കുകയില്ല എന്നാകുമോ?തീര്‍ച്ചയായും അവരുടെ ശക്തിയും ചൈതന്യവും ഇന്നത്തെ അവസ്ഥകളാല്‍ പരിമിതപ്പെട്ടതല്ല എന്നുണ്ടോ?മനുഷ്യന് എന്നെ സ്നേഹിക്കുവാന്‍ ധൈര്യം വേണം എന്നായിരിക്കുമോ?
എന്റെ അസ്തിത്വത്തിന്റെ ഫലമായി, അനേകം സൃഷ്ടവസ്തുക്കള്‍ അവ വസിക്കുന്ന ഇടങ്ങളില്‍ എനിക്ക് അനുസരണയോടെ കീഴ്പ്പെടുന്നു. എന്റെ ശിക്ഷണത്തിന്റെ അഭാവത്തില്‍ അവര്‍ ദുര്‍ന്നടപ്പില്‍ ഏര്‍പ്പെടുന്നില്ല. അതിനാല്‍ കരയിലെ രാജ്യങ്ങള്‍ക്കിടയില്‍ പര്‍വതങ്ങള്‍ അതിര്‍ത്തികളാകുകയും,സമുദ്രങ്ങള്‍ വ്യത്യസ്ത കരകളിലെ മനുഷ്യരെ തമ്മില്‍ അകറ്റിനിര്‍ത്തുന്ന തടസ്സങ്ങളാകുകയും ചെയ്യുന്നു. ഭൂമിക്ക് മുകളിലെ ഇടങ്ങളില്‍ മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഒഴുകുന്ന ഒന്നായി വായു മാറുന്നു. എന്റെ ഇച്ഛയ്ക്കനുസരിച്ചുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു മനുഷ്യര്‍ക്കു മാത്രമേ കഴിവില്ലാത്തതുള്ളൂ. അതിനാലാണ് ഞാന്‍ പറയുന്നത്,സൃഷ്ടികളിലെല്ലാറ്റിലും വച്ച് മനുഷ്യര്‍ മാത്രമാണ് അനുസരണയില്ലാത്തവര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നത്. മനുഷ്യര്‍ ഒരിക്കലും എനിക്കായി സ്വയം സമര്‍പ്പിച്ചിട്ടില്ല. ഈ കാരണംകൊണ്ട്,ഞാന്‍ എപ്പോഴും മനുഷ്യരെ കർശനമായ അച്ചടക്കത്തിന്‍കീഴിലാണ് സൂക്ഷിച്ചിട്ടുള്ളത്. മനുഷ്യരാശിക്കു മധ്യേ,എന്റെ മഹത്ത്വം പ്രപഞ്ചം മുഴുവന്‍ വ്യാപിക്കുക എന്നത് സംഭവിക്കുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും മനുഷ്യര്‍ക്കു മുമ്പില്‍ എന്റെ മഹത്ത്വം മുഴുവന്‍ വെളിവാക്കും. കാരണം,സ്വന്തം അശുദ്ധിയാല്‍ എന്റെ മഹത്ത്വം ദര്‍ശിക്കുവാന്‍ മനുഷ്യര്‍ അനര്‍ഹരായിത്തീര്‍ന്നിരിക്കുന്നു. അനേകായിരം വര്‍ഷങ്ങളോളം ഞാന്‍ പുറത്തു വരാതെ മറഞ്ഞിരുന്നു. ഈ കാരണം കൊണ്ട് എന്റെ മഹത്ത്വം അവര്‍ക്കു മുമ്പില്‍ ഒരിക്കലും പ്രകടമായില്ല. അവര്‍ എപ്പോഴും പാപത്തിന്റെ പടുകുഴിയിലേക്ക് വീണുകൊണ്ടിരുന്നു. ഞാന്‍ മനുഷ്യരുടെ നീതികേട് ക്ഷമിച്ചിരിക്കുന്നു. പക്ഷേ എങ്ങനെ സ്വയം സൂക്ഷിക്കണമെന്ന് അവര്‍ക്കറിയില്ല. പകരം അവര്‍ പാപത്തിനെപ്പോഴും വഴിപ്പെടുന്നു, അവരെ മുറിവേല്‍പ്പിക്കുവാന്‍ അവര്‍ പാപത്തെ അനുവദിക്കുന്നു. ഇത് മനുഷ്യരുടെ ആത്മാഭിമാനമില്ലായ്മയും ആത്മപ്രീതിയില്ലായ്മയുമല്ലേ കാണിക്കുന്നത്?മനുഷ്യരുടെ മധ്യേ,ആര്‍ക്കെങ്കിലും യഥാര്‍ഥത്തില്‍ സ്നേഹിക്കുവാന്‍ സാധിക്കുമോ?മനുഷ്യന്റെ ഭക്തിക്ക് എത്ര ഔണ്‍സ് ഭാരമുണ്ടാകും?മനുഷ്യരുടെ സത്യസന്ധത എന്നു പറയുന്നതിലേക്ക് കൃത്രിമമായ സംഗതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടില്ലേ?അവരുടെ ആരാധന പൂര്‍ണമായും കലര്‍പ്പല്ലേ?വിഭജിക്കപ്പെടാത്ത സ്നേഹമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. മനുഷ്യര്‍ എന്നെ അറിയുന്നില്ല. എന്നെ അറിയുവാന്‍ ശ്രമിച്ചാല്‍ തന്നെയും അവരുടെ യഥാർഥവും ആത്മാര്‍ഥവുമായ ഹൃദയം അവർ എനിക്ക് നല്‍കുന്നില്ല. മനുഷ്യര്‍ എനിക്കു നല്‍കാന്‍ തയ്യാറല്ലാത്തതു ഞാന്‍ പിടിച്ചുവാങ്ങുന്നില്ല. അവര്‍ എനിക്ക് ആരാധനയര്‍പ്പിക്കുന്നെങ്കില്‍ ഞാന്‍ വിഷമമൊന്നും കൂടാതെ അത് സ്വീകരിക്കും. എന്നാൽ, അവര്‍ എന്നില്‍ വിശ്വാസമര്‍പ്പിക്കുന്നില്ലെങ്കില്‍, തങ്ങളുടെ ഒരംശമെങ്കിലും എനിക്കര്‍പ്പിക്കുവാന്‍ തയ്യാറല്ലെങ്കില്‍, അതിന്റെ പേരില്‍ കൂടുതല്‍ പരിഭവിക്കാതെ ഞാന്‍ മറ്റേതെങ്കിലും തരത്തില്‍ അവരെ ഉപേക്ഷിക്കുകയും അവര്‍ക്ക് അര്‍ഹിക്കുന്ന ഒരിടം നല്‍കുകയും ചെയ്യും. ആകാശത്തു പായുന്ന മിന്നല്‍പ്പിണര്‍ മനുഷ്യനെ അടിച്ചുവീഴ്ത്തും. ഉയര്‍ന്ന മലനിരകള്‍ മറിഞ്ഞുവീണ് അവരെ മൂടും. വിശന്നുവലഞ്ഞ വന്യജീവികള്‍ അവരെ ഭക്ഷിക്കും. സമുദ്രങ്ങള്‍ ഉയര്‍ന്നുപൊങ്ങി അവരുടെ തലയ്ക്കു മീതെ വന്ന് അവരെ മൂടും. മനുഷ്യസഹോദരങ്ങള്‍ പരസ്പരം പോരടിച്ച് കൊന്നുതള്ളുമ്പോള്‍ എല്ലാ മനുഷ്യരും അവര്‍ക്കിടയില്‍ ഉയരുന്ന ദുരന്തങ്ങളില്‍ അവരുടെ സ്വന്തം നാശം തേടും.
മനുഷ്യരുടെ ഇടയില്‍ ദൈവരാജ്യം വികസിക്കുന്നു. അത് മനുഷ്യര്‍ക്കിടയില്‍ രൂപം കൊള്ളുന്നു. അത് മനുഷ്യര്‍ക്കിടയില്‍ ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. എന്റെ രാജ്യത്തെ നശിപ്പിക്കുവാന്‍ പ്രാപ്തിയുള്ള ഒരു ശക്തിയുമില്ല. ദൈവരാജ്യത്ത് ഇന്നുള്ള എന്റെ ജനങ്ങളില്‍, നിങ്ങളിലാരാണ് മനുഷ്യര്‍ക്കിടയില്‍ ഒരു മനുഷ്യനല്ലാത്തത്?നിങ്ങളിലാരാണ് മനുഷ്യന്റെ അവസ്ഥയ്ക്ക് പുറത്തുള്ളത്?എന്റെ പുതിയ ആരംഭസ്ഥാനം ജനങ്ങളോട് പ്രഖ്യാപിച്ചു കഴിയുമ്പോള്‍, എങ്ങനെയായിരിക്കും മനുഷ്യര്‍ പ്രതികരിക്കുക?മനുഷ്യരുടെ അവസ്ഥ നീ നിന്റെ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടിട്ടുണ്ട്. തീര്‍ച്ചയായും നീ എന്നേക്കും ഈ ലോകത്തില്‍ നിലനില്‍ക്കാം എന്ന പ്രതീക്ഷയൊന്നും വച്ചുപുലര്‍ത്തുന്നില്ലല്ലോ?ഞാനിപ്പോള്‍ എന്റെ ജനങ്ങള്‍ക്കിടയില്‍ നടക്കുന്നു. ഞാന്‍ അവര്‍ക്കിടയില്‍ വസിക്കുന്നു. ഇന്ന് എന്നോട് ആത്മാര്‍ഥമായ സ്നേഹമുള്ളവര്‍—അത്തരം ആളുകള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. എനിക്ക് സ്വയം കീഴ്പ്പെടുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവരാണ്, അവര്‍ തീര്‍ച്ചയായും എന്റെ രാജ്യത്തില്‍ വസിക്കും. എന്നെ അറിയുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവരാണ്,തീര്‍ച്ചയായും എന്റെ രാജ്യത്തില്‍ അവര്‍ക്ക് അധികാ再രം ലഭിക്കും. എന്നെ അന്വേഷിക്കുന്നവര്‍ അനുഗൃഹീതരാണ്, അവര്‍ തീര്‍ച്ചയായും സാത്താന്റെ ബന്ധനങ്ങളില്‍ നിന്നു രക്ഷപ്പെടുകയും എന്റെ അനുഗ്രഹങ്ങള്‍ ആസ്വദിക്കുകയും ചെയ്യും. സ്വയം ഉപേക്ഷിക്കുവാന്‍ കഴിവുള്ളവര്‍ അനുഗൃഹീതരാണ്, അവര്‍ തീര്‍ച്ചയായും എനിക്ക് സ്വന്തമാകുകയും എന്റെ രാജ്യത്തിന്റെ സമ്പത്തിന് അവകാശികളാകുകയും ചെയ്യും. എനിക്കുവേണ്ടി ഓടിനടക്കുന്നവരെ ഞാന്‍ ഓര്‍ക്കും. എനിക്കുവേണ്ടി ചെലവഴിക്കുന്നവരെ ഞാന്‍ സന്തോഷത്തോടെ ആലിംഗനം ചെയ്യും. എനിക്കുവേണ്ടി കാഴ്ചകള്‍ അര്‍പ്പിക്കുന്നവര്‍ക്ക് ഞാന്‍ സന്തോഷങ്ങള്‍ നൽകും. എന്റെ വാക്കുകളില്‍ സന്തോഷം കണ്ടെത്തുന്നവരെ ഞാന്‍ അനുഗ്രഹിക്കും. അവര്‍ തീര്‍ച്ചയായും എന്റെ രാജ്യത്തിന്റെ കഴുക്കോലുകള്‍ താങ്ങുന്ന തൂണുകളായിരിക്കും. എന്റെ ഭവനത്തില്‍ സമാനതകളില്ലാത്ത സമൃദ്ധി തീര്‍ച്ചയായും അവര്‍ക്കുണ്ടാകും. ആരെയും അവരുമായി താരതമ്യം ചെയ്യുവാന്‍ സാധിക്കുകയില്ല. നിങ്ങള്‍ക്ക് നൽകിയ അനുഗ്രഹങ്ങളെ നിങ്ങള്‍ എപ്പോഴെങ്കിലും സ്വീകരിച്ചിട്ടുണ്ടോ?നിങ്ങള്‍ക്കുവേണ്ടി നൽകിയ വാഗ്ദാനങ്ങളെ നിങ്ങള്‍ എപ്പോഴെങ്കിലും തേടിയിട്ടുണ്ടോ?നിങ്ങള്‍ തീര്‍ച്ചയായും,എന്റെ പ്രകാശത്തിന്റെ മാര്‍ഗദര്‍ശനത്തില്‍ അന്ധകാരശക്തികളുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിയും. അന്ധകാരത്തിനു മധ്യേ, നിങ്ങളെ നയിക്കുന്ന പ്രകാശം നിങ്ങള്‍ക്ക് ഒരിക്കലും നഷ്ടപ്പെടുകയില്ല. നിങ്ങള്‍ തീര്‍ച്ചയായും എല്ലാ സൃഷ്ടികളുടെയും യജമാനന്‍ ആയിരിക്കും. നിങ്ങള്‍ തീര്‍ച്ചയായും സാത്താനു മുമ്പില്‍, അതിജീവിച്ച ഒരുവന്‍ ആയിരിക്കും. നിങ്ങള്‍ തീര്‍ച്ചയായും ചുവന്ന മഹാവ്യാളിയുടെ രാജ്യത്തിന്റെ പതനത്തില്‍ അനവധി ജനങ്ങള്‍ക്കിടയില്‍ നിന്ന് എന്റെ വിജയത്തിനു സാക്ഷിയാകും. നിങ്ങള്‍ തീര്‍ച്ചയായും സീനീംദേശത്ത് ഉലയാതെ ഉറച്ചുനിൽക്കും. നിങ്ങള്‍ അനുഭവിക്കുന്ന സഹനങ്ങളിലൂടെ എന്റെ അനുഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ അവകാശികളാകും, തീര്‍ച്ചയായും എന്റെ മഹത്ത്വം പ്രപഞ്ചം മുഴുവന്‍ പ്രസരിപ്പിക്കുകയും ചെയ്യും.
മാര്‍ച്ച് 19, 1992