അധ്യായം 18
ഒരിടിമിന്നലിന്‍റെ വെളിച്ചത്തില്‍ ഓരോ മൃഗവും അതിന്‍റെ യഥാര്‍ഥരൂപത്തില്‍ വെളിവാകുന്നു. അതുപോലെ, എന്‍റെ വെളിച്ചത്താല്‍ പ്രകാശിപ്പിക്കപ്പെട്ട് മനുഷ്യന്‍ ഒരിക്കല്‍ അവനു സ്വന്തമായിരുന്ന പരിശുദ്ധി വീണ്ടെടുത്തിരിക്കുന്നു. ഹാ, പഴയ ദുഷിച്ച ലോകം! അവസാനം, അത് അഴുക്കുവെള്ളത്തിലേക്ക് മറിഞ്ഞുവീണിരിക്കുന്നു. ഉപരിതലത്തില്‍ നിന്നും മുങ്ങിത്താഴ്ന്ന് അത് ചെളിയില്‍ അലിഞ്ഞുപോയിരിക്കുന്നു! ഇതാ, മനുഷ്യരാശി, എന്‍റെ സ്വന്തം സൃഷ്ടി! അവസാനം അവര്‍ വെളിച്ചത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു, നിലനില്‍പ്പിന്‍റെ അടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു, ചെളിയില്‍ മല്ലിടുന്നത് അവസാനിപ്പിച്ചിരിക്കുന്നു! ഇതാ, ഞാന്‍ കൈകളില്‍ താങ്ങിയിരിക്കുന്ന പലതരം സൃഷ്ടവസ്തുക്കൾ! എന്‍റെ വചനങ്ങളിലൂടെ എങ്ങനെയാണ് അവയ്ക്ക് നവീകരിക്കപ്പെടാതിരിക്കുവാനാകുക? എങ്ങനെയാണ് അവയ്ക്ക് വെളിച്ചത്തില്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുവാനാകുക? ഭൂമി ഇപ്പോള്‍ മൃതസമാനമായ നിശ്ചലാവസ്ഥയിലോ നിശ്ശബ്ദതയിലോ അല്ല. സ്വര്‍ഗം മേലാൽ വിജനമോ ദുഃഖപൂര്‍ണമോ അല്ല. സ്വര്‍ഗവും ഭൂമിയും ഇപ്പോള്‍ ഒരു ശൂന്യതയാല്‍ വേര്‍തിരിക്കപ്പെട്ടിട്ടില്ല. അവ ഒന്നായി യോജിച്ചിരിക്കുന്നു. ഇനി ഒരിക്കലും അവ വീണ്ടും വേര്‍തിരിക്കപ്പെടുകയില്ല. ആഘോഷകരമായ ഈ വേളയില്‍, ജയാഹ്ലാദത്തിന്‍റെ ഈ നിമിഷത്തില്‍, എന്‍റെ നീതിയും എന്‍റെ പരിശുദ്ധിയും പ്രപഞ്ചമാകമാനം വ്യാപിച്ചിരിക്കുന്നു. മനുഷ്യവര്‍ഗം മുഴുവന്‍ അവയെ നിലയ്ക്കാതെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു. സ്വര്‍ഗത്തിലെ നഗരങ്ങള്‍ സന്തോഷത്താല്‍ പൊട്ടിച്ചിരിക്കുന്നു. ഭൂമിയുടെ രാജ്യം ആഹ്ലാദത്താല്‍ നൃത്തം ചവിട്ടുന്നു. ഈ സമയത്ത് ആരാണ് ആഹ്ലാദിക്കാത്തത്? ആരാണ് കരയുക കൂടി ചെയ്യാത്തത്? ഭൂമി അതിന്‍റെ ആദിമമായ അവസ്ഥയില്‍ സ്വര്‍ഗത്തിന് സ്വന്തമാണ്, സ്വര്‍ഗം ഭൂമിയോട് ചേര്‍ന്നിരിക്കുന്നു. മനുഷ്യനാണ് സ്വര്‍ഗത്തെയും ഭൂമിയെയും ചേര്‍ത്തു ബന്ധിക്കുന്ന തന്തു. മനുഷ്യന്റെ പരിശുദ്ധി കാരണം, മനുഷ്യന്‍റെ നവീകരണം കാരണം സ്വര്‍ഗം ഇപ്പോള്‍ ഭൂമിയില്‍ നിന്നും മറയ്ക്കപ്പെട്ടിട്ടില്ല. ഭൂമിയിപ്പോള്‍ സ്വര്‍ഗത്തോട് നിശ്ശബ്ദത പാലിക്കുന്നുമില്ല. മനുഷ്യരുടെ മുഖങ്ങള്‍ സംതൃപ്തിയുടെ പുഞ്ചിരികൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. നിസ്സീമമായ ഒരു മാധുര്യം അവരുടെ ഹൃദയങ്ങളില്‍ മറഞ്ഞിരിക്കുന്നു. മനുഷ്യന്‍ മനുഷ്യനോടു വഴക്കു കൂടുന്നില്ല. മനുഷ്യര്‍ പരസ്പരം പോരടിക്കുന്നുമില്ല. എന്‍റെ വെളിച്ചത്തില്‍ മറ്റുള്ളവരുമായി സമാധാനത്തില്‍ ജീവിക്കാത്ത ആരെങ്കിലും ഉണ്ടോ? എന്‍റെ ദിവസത്തില്‍ എന്‍റെ നാമത്തിന് കളങ്കം വരുത്തുന്ന ആരെങ്കിലുമുണ്ടോ? എല്ലാ മനുഷ്യരും അവരുടെ ബഹുമാനപൂര്‍ണമായ നോട്ടം എനിക്കുനേരെ ഉയര്‍ത്തുന്നു. അവരുടെ ഹൃദയങ്ങളില്‍ രഹസ്യമായി അവര്‍ എന്നെവിളിച്ചു നിലവിളിക്കുന്നു. ഞാന്‍ മനുഷ്യവര്‍ഗത്തിന്‍റെ എല്ലാ പ്രവൃത്തിയും പരിശോധിച്ചിട്ടുണ്ട്: ശുദ്ധീകരിക്കപ്പെട്ട മനുഷ്യരില്‍ എന്നോട് അനുസരണക്കേടുള്ള ഒരുവന്‍ പോലുമില്ല. എന്നെ വിധിക്കുന്ന ഒരുവന്‍ പോലുമില്ല. മനുഷ്യവര്‍ഗം മുഴുവനിലും എന്‍റെ പ്രകൃതം വ്യാപിച്ചിരിക്കുന്നു. എല്ലാ മനുഷ്യരും എന്നെ അറിയാന്‍ തുടങ്ങുന്നു. അവര്‍ എന്നോട് കൂടുതല്‍ അടുക്കുന്നു. എല്ലാവരും എന്നെ ആരാധിക്കുന്നു. ഞാന്‍ മനുഷ്യന്‍റെ ആത്മാവില്‍ നിലയുറപ്പിച്ചിരിക്കുന്നു. ഞാന്‍ മനുഷ്യന്‍റെ ദൃഷ്ടിയില്‍ അത്യുന്നതിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു. രക്തത്തിലൂടെ അവന്‍റെ ധമനികളില്‍ ഞാന്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍റെ ഹൃദയത്തില്‍ നുരപൊങ്ങുന്ന ആഹ്ലാദം ഭൂമുഖത്തെ എല്ലാ പ്രദേശത്തും നിറയുന്നു. അന്തരീക്ഷം ഊര്‍ജ്ജസ്വലവും ഉന്മേഷജനകവുമാണ്. കനത്ത മൂടല്‍മഞ്ഞ് ഇപ്പോള്‍ ഭൂമിയെ ആവരണം ചെയ്തിട്ടില്ല. സൂര്യന്‍ ഉജ്ജ്വലമായി പ്രകാശിക്കുന്നു.
ഇപ്പോള്‍, ഞാന്‍ എല്ലാവര്‍ക്കും മേലെ രാജാവായിരിക്കുന്ന, എല്ലാവര്‍ക്കും മേലെ അധികാരം പ്രയോഗിക്കുന്ന, എന്‍റെ രാജ്യത്തേക്ക് നോക്കുക. സൃഷ്ടിയുടെ തുടക്കം മുതല്‍ ഇന്നുവരെ, എന്‍റെ മാര്‍ഗദര്‍ശനത്തിന്‍ കീഴില്‍ എന്‍റെ പുത്രന്മാര്‍ അനവധി ജീവിതക്ലേശങ്ങളിലൂടെ, ലോകത്തിലെ അനവധി അനീതികളിലൂടെ, മനുഷ്യതലത്തിലെ അനവധി പരിവര്‍ത്തനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ, ഇപ്പോഴവര്‍ എന്‍റെ പ്രകാശത്തില്‍ വസിക്കുന്നു. ഇന്നലെയുടെ അനീതികളോര്‍ത്ത് ആരാണ് വിലപിക്കാത്തത്? ഇന്നിലേക്കെത്തിച്ചേരുവാന്‍ സഹിച്ച കഷ്ടപ്പാടുകളോര്‍ത്ത് ആരാണ് കണ്ണീര്‍ വാര്‍ക്കാത്തത്? വീണ്ടും, ഈ അവസരത്തില്‍ സ്വയം എനിക്കു സമര്‍പ്പിക്കാത്ത ആരെങ്കിലുമുണ്ടോ? അവരുടെ ഹൃദയങ്ങളില്‍ നിറയുന്ന അഭിനിവേശം വെളിപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കാത്ത ആരെങ്കിലും ഉണ്ടോ? ഈ നിമിഷം, അവര്‍ അനുഭവിച്ച കാര്യത്തെ വാക്കുകളാല്‍ വിവരിക്കാത്ത ആരാണുള്ളത്? ഈ സമയത്ത്, എല്ലാ മനുഷ്യരും അവരുടെ ഏറ്റവും നല്ല വശം എനിക്കായി സമര്‍പ്പിക്കുകയാണ്. എത്രപേര്‍ ഇന്നലെകളിലെ അവരുടെ വിഡ്ഢിത്തങ്ങളോര്‍ത്ത് പശ്ചാത്താപത്താല്‍ നീറുന്നു? കഴിഞ്ഞ കാലങ്ങളിലെ ചെയ്തികളോര്‍ത്ത് എത്രപേര്‍ സ്വയം വെറുക്കുന്നു! മനുഷ്യരെല്ലാം സ്വയം അറിയുവാന്‍ തുടങ്ങിയിരിക്കുന്നു. അവരെല്ലാവരും സാത്താന്‍റെ ചെയ്തികളും എന്‍റെ ഉത്കൃഷ്ടതയും ദര്‍ശിച്ചിരിക്കുന്നു. ഇപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ക്കുള്ളില്‍ എനിക്കൊരു സ്ഥാനമുണ്ട്. ഇനിയൊരിക്കലും എനിക്കു മനുഷ്യര്‍ക്കിടയില്‍ വെറുപ്പും തിരസ്കരണവും നേരിടേണ്ടി വരില്ല. കാരണം, എന്‍റെ മഹത്തായ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. അതിപ്പോള്‍ തടസ്സപ്പെട്ട അവസ്ഥയിലല്ല. ഇന്ന്‍, എന്‍റെ രാജ്യത്തെ പുത്രന്മാര്‍ക്കിടയില്‍, അവരുടെ സ്വന്തം താത്പര്യങ്ങളെക്കുറിച്ച് ചിന്തിക്കാത്ത ആരെങ്കിലുമുണ്ടോ? എന്‍റെ പ്രവൃത്തി നടപ്പിലാക്കുന്ന രീതിയെപ്രതി കൂടുതല്‍ ചിന്തകളില്ലാത്ത ആരെങ്കിലുമുണ്ടോ? എന്നെ പ്രതി ആത്മാര്‍ഥമായി സ്വയം സമര്‍പ്പിച്ച ആരെങ്കിലുമുണ്ടോ? നിങ്ങളുടെ ഹൃദയത്തിലെ അശുദ്ധികള്‍ക്ക് കുറവു വന്നോ? അതോ അവ വര്‍ധിച്ചോ? നിങ്ങളുടെ ഹൃദയത്തിലെ അശുദ്ധിയുടെ അംശത്തിന് കുറവു വന്നിട്ടില്ല എങ്കില്‍, വര്‍ധനവും ഉണ്ടായിട്ടില്ല എങ്കില്‍, ഞാന്‍ നിന്നെപ്പോലെയുള്ള ആളുകളെ തീര്‍ച്ചയായും ദൂരെയെറിഞ്ഞുകളയും. എന്‍റെ ഹൃദയത്തോട് സാദൃശ്യമുള്ള വിശുദ്ധരായ വ്യക്തികളെയാണ് എനിക്കാവശ്യം. എന്നെ എതിര്‍ക്കുന്ന അശുദ്ധ ഭൂതങ്ങളെയല്ല. മനുഷ്യവര്‍ഗത്തോട് ഞാന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ അത്ര കഠിനമല്ലെങ്കിലും, മനുഷ്യഹൃദയങ്ങള്‍ ഉള്ളില്‍ വളരെയധികം സങ്കീര്‍ണ്ണമാണ്. അതുകൊണ്ട് മനുഷ്യര്‍ക്ക് എന്‍റെ ഹിതത്തോട് ഉടനടി യോജിക്കുവാനോ അല്ലെങ്കില്‍ പെട്ടെന്നുതന്നെ എന്‍റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തിയാക്കുവാനോ സാധിക്കുകയില്ല. ബഹുഭൂരിഭാഗം മനുഷ്യരും ആത്യന്തികമായ വിജയത്തിന്‍റെ പുഷ്പമാല്യം നേടുവാനായി രഹസ്യമായി അധ്വാനിക്കുന്നു. വലിയൊരു വിഭാഗം മനുഷ്യരും തങ്ങളുടെ സകല ശക്തിയുമെടുത്തു ശ്രമിക്കുന്നു. ഒരു നിമിഷം പോലും ആക്കം കുറയ്ക്കുവാന്‍ അവര്‍ ധൈര്യപ്പെടുന്നില്ല. രണ്ടാമതും സാത്താന്‍റെ തടവിലാകുമോ എന്നവര്‍ ഭയപ്പെടുന്നു. എനിക്കെതിരെ പരാതികള്‍ മനസ്സില്‍ സൂക്ഷിക്കുവാന്‍ അവര്‍ ധൈര്യപ്പെടുന്നില്ല. എന്നോടു വിശ്വസ്തത കാണിക്കുന്നതില്‍ അവര്‍ സ്ഥിരതയുള്ളവരാണ്. അനവധി ആളുകള്‍ ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. സഹനങ്ങള്‍ക്കിടയിലെ അവരുടെ വേദനാജനകമായ അനുഭവങ്ങള്‍ അനവധിയാളുകള്‍ പങ്കുവയ്ക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്; ഏറ്റവും മോശം അവസ്ഥകളില്‍പ്പോലും എന്നോട് വിശ്വസ്തത പുലര്‍ത്തിയ അനവധി പേരെ ഞാന്‍ കണ്ടിട്ടുണ്ട്. രക്ഷപ്പെടുവാന്‍ ഒരു വഴിതേടി കഠിനപാതകളിലൂടെ നടന്നുകൊണ്ടിരുന്ന അനവധി പേരെയും ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളിലൊന്നും അവരൊരിക്കലും പരാതി പറഞ്ഞിട്ടില്ല. പ്രകാശം കണ്ടെത്താൻ കഴിയാതിരുന്നതിനാൽ അല്പമൊന്ന് മനസ്സിടിഞ്ഞെങ്കിലും അവർ ഒരിക്കൽപ്പോലും പരാതി പറഞ്ഞില്ല. എന്നാല്‍ അനവധിയാളുകള്‍ സ്വര്‍ഗത്തെ ശപിച്ചുകൊണ്ടും ഭൂമിയെ കൂറ്റമാരോപിച്ചുകൊണ്ടും തങ്ങളുടെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നിന്നും ശാപവാക്കുകള്‍ പുറപ്പെടുവിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. കഷ്ടങ്ങള്‍ക്കിടയില്‍ നിരാശയോടെ സ്വയം ഉപേക്ഷിക്കുന്ന അനവധി പേരെയും ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ഒരു പാഴ്വസ്തുവെന്ന പോലെ സ്വയം കുപ്പത്തൊട്ടിയില്‍ എറിയുന്നു. അവരുടെ മേല്‍ അഴുക്കും ചെളിയും പുരളുന്നു. അനവധിയാളുകള്‍ പരസ്പരം വഴക്കുകൂടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സ്ഥാനത്തില്‍ മാറ്റം വരുമ്പോള്‍ അവരുടെ മുഖഭാവം മാറുന്നു. അങ്ങനെ മറ്റു മനുഷ്യരുമായുള്ള അവരുടെ ബന്ധങ്ങളിലും മാറ്റം വരുന്നു. അപ്പോള്‍ സുഹൃത്തുക്കള്‍ സുഹൃത്തുക്കളല്ലാതായിത്തീരുകയും ശത്രുക്കളായി മാറുകയും ചെയ്യുന്നു. നാക്കുകള്‍ കൊണ്ട് അവര്‍ പരസ്പരം ആക്രമിക്കുന്നു. വലിയൊരു ഭൂരിഭാഗം ജനങ്ങളും എന്‍റെ വചനങ്ങളെ യന്ത്രത്തോക്കിലെ വെടിയുണ്ടകള്‍ എന്നപോലെയാണ് ഉപയോഗിക്കുന്നത്. ശാന്തതയെ തകര്‍ക്കുന്ന ശബ്ദകോലാഹലം മനുഷ്യലോകത്തില്‍ എല്ലായിടത്തും നിറയുന്നതുവരെ, പ്രതീക്ഷിക്കാത്ത അവസരത്തില്‍ അവര്‍ മറ്റുള്ളവര്‍ക്കുനേരെ വെടിയുണ്ടകളുതിര്‍ക്കുന്നു. ഭാഗ്യത്തിന് ഈ ദിവസം ഇപ്പോള്‍ ആഗതമായിരിക്കുന്നു. അല്ലെങ്കില്‍ യന്ത്രത്തോക്കുകളുടെ ഈ നിലയ്ക്കാത്ത തീതുപ്പലില്‍ എത്രപേര്‍ നശിച്ചിട്ടുണ്ടാകുമെന്ന് ആര്‍ക്കറിയാം.
എന്‍റെ വചനങ്ങള്‍ പുറപ്പെടുവിച്ച ശേഷം, എല്ലാ മനുഷ്യരുടെയും അവസ്ഥകളോട് ചേര്‍ന്നു നീങ്ങി, ഘട്ടം ഘട്ടമായി എന്‍റെ രാജ്യം ഭൂമിയിലേക്കിറങ്ങിവരുന്നു. മനുഷ്യരുടെ ഉള്ളിലിപ്പോള്‍ ആശങ്ക നിറഞ്ഞ ചിന്തകളില്ല. മറ്റു മനുഷ്യരുടെ കാര്യങ്ങളില്‍ അവന്‍ സ്വയം “വ്യാപൃതനാകുകയോ” അവരെപ്പറ്റിയുള്ള “ചിന്തകളില്‍ മുഴുകുകയോ” ചെയ്യുന്നില്ല. അതുകൊണ്ട്, ഭൂമിയില്‍ ഇപ്പോള്‍ തീര്‍ക്കാന്‍ സാധിക്കാത്ത വഴക്കുകള്‍ ഇല്ല. എന്‍റെ വചനങ്ങള്‍ പുറപ്പെടുവിച്ചതിനു ശേഷം ആധുനികയുഗത്തിന്‍റെ പലതരം “ആയുധങ്ങള്‍” പിന്‍വലിക്കപ്പെട്ടിരിക്കുന്നു. വീണ്ടും മനുഷ്യന്‍ മനുഷ്യനില്‍ സമാധാനം കണ്ടെത്തുന്നു. മനുഷ്യഹൃദയം ഒരിക്കൽക്കൂടി ഐക്യത്തിന്‍റെ ചൈതന്യം പുറപ്പെടുവിക്കുന്നു. ഒളിയാക്രമണങ്ങളില്‍ നിന്നും ഇപ്പോള്‍ ആര്‍ക്കും സ്വയം രക്ഷിക്കേണ്ടി വരുന്നില്ല. മനുഷ്യവര്‍ഗം മുഴുവന്‍ സാധാരണ നിലയിലേക്ക് മടങ്ങിവരികയും പുതിയൊരു ജീവിതം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. പുതിയ സാഹചര്യങ്ങളില്‍ വസിക്കുന്ന ഒട്ടനവധി ആളുകൾ തികച്ചും പുതിയൊരു ലോകത്തെത്തിയതുപോലെ ചുറ്റും നോക്കുന്നു. ഇതിനാല്‍ അവരുടെ ഇപ്പോഴത്തെ സാഹചര്യങ്ങളോട് പെട്ടെന്നിണങ്ങുവാനോ ഉടനടി ശരിയായ പാതയിലേക്ക് പ്രവേശിക്കുവാനോ അവര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ട്, മനുഷ്യരെ സംബന്ധിച്ചിടത്തോളം “ആത്മാവു സന്നദ്ധമാണ്, എന്നാല്‍ ശരീരം ദുർബലമത്രേ” എന്ന അവസ്ഥയാണ്. മനുഷ്യരെപ്പോലെ ഞാന്‍ കഷ്ടപ്പാടിന്‍റെ കയ്പ് സ്വയം അനുഭവിച്ചിട്ടില്ലെങ്കിലും അവരുടെ അപര്യാപ്തതകളെക്കുറിച്ച് അറിയേണ്ടതെല്ലാം ഞാന്‍ അറിഞ്ഞിരിക്കുന്നു. ഞാന്‍ മനുഷ്യരുടെ ആവശ്യങ്ങളെ അടുത്തറിയുന്നു. അവന്‍റെ ബലഹീനതകളെക്കുറിച്ചുള്ള എന്‍റെ അറിവ് പൂര്‍ണമാണ്. ഈ കാരണം കൊണ്ട് മനുഷ്യന്‍റെ അപര്യാപ്തതകളില്‍ ഞാന്‍ അവനെ പരിഹസിക്കുന്നില്ല. അവന്‍റെ നീതികേടിന് അനുസൃതമായി, എല്ലാവരെയും ശരിയായ പാതയിലേക്കു കൊണ്ടുവരാന്‍ സഹായകമാകുന്ന തരത്തില്‍, ആവശ്യമായ അളവില്‍ അവനു “വിദ്യാഭ്യാസം” നല്‍കുക മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ. അതുമൂലം മനുഷ്യവര്‍ഗം ഇനിമേലില്‍ അലഞ്ഞുതിരിയുന്ന അനാഥര്‍ ആയിരിക്കുകയില്ല. പകരം വീടെന്നു വിളിക്കാന്‍ ഒരിടമുള്ള കുഞ്ഞുങ്ങള്‍ ആയിരിക്കും. എന്നിരുന്നാലും, എന്‍റെ പ്രവൃത്തികള്‍ ധര്‍മബോധത്താല്‍ നയിക്കപ്പെടുന്നതാണ്. മനുഷ്യര്‍ എന്നിലുള്ള ആനന്ദത്തെ ആസ്വദിക്കാന്‍ തയ്യാറല്ലെങ്കില്‍ അവര്‍ മനസ്സിലുറപ്പിച്ചതുമായി മുന്നോട്ടുപോകുവാനും അവരെ അഗാധപാതാളത്തിലേക്ക് അയയ്ക്കുവാനും മാത്രമേ എനിക്കു സാധിക്കുകയുള്ളൂ. ഈ അവസരത്തില്‍ ഒരുവനും ഹൃദയത്തില്‍ പരാതികൾ സൂക്ഷിക്കരുത്. മറിച്ച്, ഞാനൊരുക്കിയ സജ്ജീകരണങ്ങളില്‍ എന്‍റെ നീതി കാണുവാന്‍ എല്ലാവരും ശ്രമിക്കണം. എന്നെ സ്നേഹിക്കുവാന്‍ ഞാന്‍ മനുഷ്യവര്‍ഗത്തെ നിര്‍ബന്ധിക്കുന്നില്ല. എന്നെ സ്നേഹിക്കുന്നതുകൊണ്ട് ഒരു മനുഷ്യനെയും ഞാന്‍ പ്രഹരിക്കുന്നില്ല. എന്നില്‍ പൂര്‍ണസ്വാതന്ത്ര്യവും പൂര്‍ണവിടുതലുമുണ്ട്. മനുഷ്യന്‍റെ ഭാവി എന്‍റെ കരങ്ങളില്‍ ആണെങ്കിലും ഞാന്‍ മനുഷ്യന് എന്‍റെ നിയന്ത്രണത്തിനു വിധേയമല്ലാത്ത തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഈ തരത്തില്‍, മനുഷ്യര്‍ എന്‍റെ ഭരണപരമായ ചട്ടങ്ങളെപ്രതി “പ്രശ്നത്തില്‍” ചെന്നു ചാടുവാനുള്ള വഴികള്‍ കണ്ടുപിടിക്കുകയില്ല. പകരം, എന്‍റെ മഹാമനസ്കതയില്‍ ആശ്രയിച്ച് അവര്‍ “സ്വാതന്ത്ര്യം” നേടും. അതുകൊണ്ട് അനവധി മനുഷ്യര്‍ എന്‍റെ നിയന്ത്രണത്തില്‍ കഴിയുന്നതിനെക്കാള്‍ സ്വയം ഒരു വഴി കണ്ടെത്തുന്നതിനായി സ്വന്തം സ്വാതന്ത്ര്യം ഉപയോഗിച്ച് പരിശ്രമിക്കുന്നു.
ഞാന്‍ സ്വതന്ത്രമായ ഒരു സമീപനത്തോടെയാണ് എന്നും മനുഷ്യരോടു പെരുമാറിയിട്ടുള്ളത്. പരിഹാരമില്ലാത്ത പ്രശ്നങ്ങള്‍ നല്‍കി ഞാനൊരിക്കലും മനുഷ്യനെ കുഴക്കിയിട്ടില്ല. ഒരു വ്യക്തിയെപ്പോലും ബുദ്ധിമുട്ടില്‍പ്പെടുത്തിയിട്ടില്ല. അങ്ങനെയല്ലേ? വളരെയധികം ആളുകള്‍ എന്നെ സ്നേഹിക്കുന്നില്ലെങ്കിലും ഇത്തരം ചിന്താഗതിയാല്‍ പ്രകോപിതനാകാതെ, ഞാനവര്‍ക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. കയ്പിന്‍റെയും ക്ലേശത്തിന്‍റെയും സമുദ്രത്തില്‍ സ്വതന്ത്രമായി നീന്തിത്തുടിക്കാന്‍ അനുവദിക്കുന്ന അത്രയും ഇളവുകള്‍ ഞാനവര്‍ക്ക് നല്‍കിയിരിക്കുന്നു. കാരണം, മനുഷ്യനൊരു നിന്ദാപാത്രമാണ്; എന്‍റെ കരങ്ങളിലുള്ള അനുഗ്രഹം അവന്‍ കാണുന്നുണ്ടെങ്കിലും അവ ആസ്വദിക്കുന്നതില്‍ അവനൊട്ടും താത്പര്യമില്ല. പകരം സാത്താന്‍റെ കയ്യില്‍ നിന്നും ശിക്ഷയേറ്റു വാങ്ങാനാണ് അവനു താത്പര്യം. അങ്ങനെ സാത്താനു ഭക്ഷിക്കുവാനുള്ള “ആഹാരമായി” അവന്‍ സ്വയം നശിക്കുന്നു. തീര്‍ച്ചയായും അവരുടെ കണ്ണുകള്‍ കൊണ്ട് എന്‍റെ പ്രകാശം ദര്‍ശിച്ച ചിലരുണ്ട്. അതുകൊണ്ട്, ഇന്നിന്‍റെ എല്ലാം മറയ്ക്കുന്ന മൂടല്‍മഞ്ഞിലാണ് അവന്‍ വസിക്കുന്നതെങ്കിലും അവര്‍ക്ക് ഈ മൂടല്‍മഞ്ഞു കാരണം പ്രകാശത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. പകരം, ആ മൂടല്‍മഞ്ഞില്‍ തപ്പിത്തടഞ്ഞ് അവര്‍ അന്വേഷണം തുടരുന്നു, അത് തടസ്സങ്ങള്‍ നിറഞ്ഞ ഒരു പാതയാണെങ്കിലും. മനുഷ്യന്‍ എന്നെ എതിര്‍ക്കുമ്പോള്‍ ഞാന്‍ എന്‍റെ ക്രോധാഗ്നി അവനു നേരെ ഉതിര്‍ക്കുന്നു. അങ്ങനെ തന്‍റെ അനുസരണക്കേടുമൂലം അവന്‍ നശിച്ചുപോകുന്നു. അവന്‍ എന്നെ അനുസരിക്കുമ്പോള്‍, ഞാനവനില്‍ നിന്നും മറഞ്ഞിരിക്കുന്നു. അങ്ങനെ അവന്‍റെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ ഒരു സ്നേഹം ഞാന്‍ ഉരുവാക്കുന്നു. എന്നെക്കുറിച്ചു മുഖസ്തുതി പറയുവാനുള്ള സ്നേഹമല്ല, മറിച്ച് എനിക്ക് ആസ്വദിക്കുവാന്‍ സാധിക്കുന്ന സ്നേഹം. പല തവണ, മനുഷ്യന്‍റെ യഥാര്‍ഥ വിശ്വാസം പുറത്തുകൊണ്ടുവരുവാന്‍ വേണ്ടി ഞാന്‍ എനിക്കുവേണ്ടിയുള്ള അവന്‍റെ അന്വേഷണത്തിനുനേരെ കണ്ണുകള്‍ അടയ്ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ സംസാരിക്കാതിരിക്കുമ്പോള്‍ നിമിഷനേരം കൊണ്ട് മനുഷ്യന്‍റെ വിശ്വാസം മാറിമറിയുന്നു. പിന്നെ ഞാന്‍ കാണുന്നത് അവന്‍റെ “കപടനന്മകള്‍” മാത്രമാണ്. കാരണം, മനുഷ്യന്‍ ഒരിക്കലും എന്നെ ആത്മാര്‍ഥമായി സ്നേഹിച്ചിട്ടില്ല. ഞാന്‍ എന്നെ സ്വയം വെളിപ്പെടുത്തുമ്പോള്‍ മാത്രമാണു മനുഷ്യര്‍ അവരുടെ “വിശ്വാസത്തിന്‍റെ” ഭയങ്കരമായ പ്രകടനം കാഴ്ചവയ്ക്കുന്നത്. എന്നാല്‍ ഞാനെന്‍റെ രഹസ്യസ്ഥലത്ത് മറഞ്ഞിരിക്കുമ്പോള്‍ എന്നെ വേദനിപ്പിക്കുവാന്‍ ഭയപ്പെട്ടാലെന്ന പോലെ അവര്‍ ബലഹീനരും മനസ്സുറപ്പില്ലാത്തവരും ആയി മാറുന്നു. വേറെ ചിലര്‍ എന്‍റെ മുഖം ദര്‍ശിക്കുവാന്‍ സാധിക്കാതെ എന്നെ “ആഴത്തിലുള്ള പരിശോധനയ്ക്ക്” വിധേയനാക്കുകയും അങ്ങനെ എന്‍റെ അസ്തിത്വത്തിന്‍റെ സത്യം നിഷേധിക്കുകയും ചെയ്യുന്നു. അനവധി പേര്‍ ഈ അവസ്ഥയില്‍ നിലനില്‍ക്കുന്നു. അനവധി പേര്‍ക്ക് ഈ ചിന്താഗതിയുണ്ട്. ഇത് സ്വന്തം വൈരൂപ്യം മൂടിവയ്ക്കാനുള്ള എല്ലാ മനുഷ്യരുടെയും പ്രവണതയല്ലാതെ മറ്റൊന്നുമല്ല. ഇതു കാരണം, സ്വന്തം അപര്യാപ്തതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുവാന്‍ അവര്‍ വൈമനസ്യം കാണിക്കുന്നു. പല്ലു കടിച്ചും മുഖം മറച്ചുമാണ് അവര്‍ എന്‍റെ വചനങ്ങളിലെ സത്യം അംഗീകരിക്കുന്നത്.
മാര്‍ച്ച് 17, 1992