രക്ഷ നേടുന്ന ഒരു വ്യക്തി സത്യം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്

ശരിയായ സഭാജീവിതം നയിക്കേണ്ടതിന്‍റെ ആവശ്യകത പലപ്പോഴും മതപ്രഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്നു. എന്നാൽ എന്തുകൊണ്ട് സഭാജീവിതം ഇതുവരെ മെച്ചപ്പെട്ടിട്ടില്ല? അത് ഇന്നും പഴയപടി തന്നെയാണോ? തികച്ചും പുതിയതും വ്യത്യസ്തവുമായ ഒരു ജീവിതരീതി എന്തുകൊണ്ട് ഇല്ല? തൊണ്ണൂറുകളിലെ ഒരാൾ പഴയ കാലഘട്ടത്തിലെ ചക്രവർത്തിയെപ്പോലെ ജീവിക്കുന്നത് അസാധാരണമല്ലേ? ആളുകൾ ഇപ്പോൾ തിന്നുകുടിക്കുന്നത് മുൻ കാലഘട്ടങ്ങളിൽ അപൂർവമായി ആസ്വദിച്ച വിഭവങ്ങൾ ആണെങ്കിലും, സഭാജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പികളിൽ നിറയ്ക്കുന്നതു പോലെയാണ് ഇത്. അപ്പോൾ ദൈവം വളരെ കാര്യങ്ങൾ പറയുന്നതിന്‍റെ പ്രയോജനം എന്താണ്? മിക്ക സ്ഥലങ്ങളിലും പള്ളികൾ ഒട്ടും മാറിയിട്ടില്ല. ഞാൻ അത് എന്‍റെ കണ്ണുകൊണ്ടു കണ്ടിട്ടുണ്ട്; അത് എന്‍റെ ഹൃദയത്തിൽ വ്യക്തമാണ്; സഭാജീവിതം ഞാൻ സ്വയം അനുഭവിച്ചിട്ടില്ലെങ്കിലും, പള്ളികളിലെ കൂടിവരവുകളുടെ അവസ്ഥ എന്‍റെ കൈവെള്ളപോലെ എനിക്കറിയാം. അക്കാര്യത്തിൽ വലിയ പുരോഗതി നേടിയിട്ടില്ല. അത് പഴയ വീഞ്ഞ് പുതിയ കുപ്പികളിൽ നിറയ്ക്കുന്നു എന്ന പഴമൊഴി പോലെയാണ്. ഒന്നും മാറിയിട്ടില്ല! ആരെങ്കിലും അവരെ മേയ്ക്കുമ്പോൾ, അവർ തീപോലെ ജ്വലിക്കുന്നു, പക്ഷേ അവരെ താങ്ങാൻ ആരും ഇല്ലാതിരിക്കുമ്പോൾ, അവർ ഒരു മഞ്ഞുകട്ട പോലെ ആകുന്നു. പലർക്കും പ്രായോഗിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല, വളരെ അപൂർവമായി മാത്രമേ ആർക്കും ചുക്കാൻ പിടിക്കാൻ കഴിയൂ. മതപ്രഭാഷണങ്ങൾ ഉന്നതമാണെങ്കിലും, പ്രവേശനം നേടിയവർ എത്രയോ വിരളം. വളരെ കുറച്ചു പേർ മാത്രം ദൈവവചനത്തെ വിലമതിക്കുന്നു. ദൈവവചനം കയ്യിലെടുക്കുമ്പോൾ അവർ കണ്ണീരണിയുന്നു, അത് മാറ്റിവെക്കുമ്പോൾ അവർ സന്തോഷിക്കുന്നു, അതിൽനിന്ന് പിന്തിരിയുമ്പോൾ അവർ നിസ്സംഗരും പ്രഭയറ്റവരും ആയിത്തീരുന്നു. തുറന്നുപറഞ്ഞാൽ, നിങ്ങൾ ദൈവവചനത്തെ വിലമതിക്കുന്നില്ല, അവിടുത്തെ വായിൽ നിന്നുള്ള വാക്കുകൾ ഇന്ന് ഒരു നിധിയായി കാണുന്നില്ല. അവിടുത്തെ വചനം വായിക്കുമ്പോൾ നിങ്ങൾ ഉത്കണ്ഠാകുലരാകുകയും അത് മനഃപ്പാഠമാക്കുമ്പോൾ നിങ്ങൾക്കു കഠിന വേലയായി തോന്നുകയും ചെയ്യുന്നു. ദൈവവചനം അനുഷ്ഠിക്കുന്ന കാര്യം വരുമ്പോൾ, ഒരു കുതിരവാൽ രോമം ഹാൻഡിലിൽ കെട്ടിവലിച്ച് ഒരു കിണറ്റിലെ പമ്പ് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതു പോലെയാണ് ഇത്—നിങ്ങൾ എത്ര ശ്രമിച്ചാലും വേണ്ടത്ര ഊർജ്ജം സംഭരിക്കാനാവില്ല. ദൈവവചനം വായിക്കുമ്പോൾ നിങ്ങൾ എല്ലായ്പ്പോഴും ഊർജ്ജസ്വലനാകുന്നു, എന്നാൽ അത് അനുഷ്ഠിക്കുമ്പോൾ മറന്നുപോകുന്നു. വാസ്തവത്തിൽ, ഈ വാക്കുകൾ ഇത്ര ബുദ്ധിമുട്ടിയും ക്ഷമയോടെയും ആവർത്തിക്കേണ്ടതില്ല; എന്നാൽ ദൈവവചനം അനുഷ്ഠിക്കാതെ ശ്രവിക്കുക മാത്രം ചെയ്യുന്നത് അവിടുത്തെ വേലയ്ക്ക് ഒരു തടസ്സമായി മാറിയിരിക്കുന്നു. എനിക്ക് അതേക്കുറിച്ച് പരാമർശിക്കാൻ കഴിയില്ല, അതേക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. പക്ഷെ ഞാൻ അങ്ങനെ ചെയ്യാൻ നിർബന്ധിതനാണ്; മറ്റുള്ളവരുടെ ബലഹീനതകൾ തുറന്നുകാട്ടുന്നത് ഞാൻ ഇഷ്ടപ്പെടുന്നു എന്നല്ല. നിങ്ങളുടെ പ്രവർത്തനം ഏറെക്കുറെ പര്യാപ്‌തമാണെന്ന് നിങ്ങൾ കരുതുന്നു—വെളിപ്പെടുത്തലുകൾ ഏറ്റവും ഉച്ചകോടിയിലുള്ള സമയത്ത്, നിങ്ങളുടെ പ്രവേശനവും അതിന്‍റെ ഉച്ചസ്ഥായിയിലാണെന്നോ? ഇത് അത്ര ലളിതമാണോ? നിങ്ങളുടെ അനുഭവങ്ങളെ ആത്യന്തികമായി കെട്ടിപ്പടുക്കുന്ന അടിത്തറ നിങ്ങൾ ഒരിക്കലും പരിശോധിക്കുന്നില്ല! ഈ വേളയിൽ, നിങ്ങളുടെ കൂടിവരവുകളെ ശരിയായ സഭാജീവിതം എന്ന് വിളിക്കാൻ കഴിയില്ല, അവ ശരിയായ ആത്മീയജീവിതം ആണെന്ന് പോലും പറയാൻ കഴിയില്ല. കുശലം പറച്ചിലും ഗാനാലാപനവും ആസ്വദിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഒത്തുചേരൽ മാത്രമാണ് ഇത്. കർശനമായി പറഞ്ഞാൽ, അതിൽ ഒട്ടും തന്നെ യാഥാർത്ഥ്യമില്ല. കൂടുതൽ സ്‌പഷ്ടമായി പറഞ്ഞാൽ, നിങ്ങൾ സത്യം അനഷ്ഠിക്കുന്നില്ലെങ്കിൽ യാഥാർത്ഥ്യം എവിടെയാണ്? നിങ്ങൾക്കു യാഥാർഥ്യമുണ്ടെന്നു പറഞ്ഞാൽ അതു പൊങ്ങച്ചം പറച്ചിലാവില്ലേ? എല്ലായ്‌പ്പോഴും ജോലി ചെയ്യുന്നവർ ധിക്കാരികളും ദുരഭിമാനികളുമാണ്, അതേസമയം എല്ലായ്പ്പോഴും അനുസരിക്കുന്നവർ പരിശീലനത്തിന് അവസരമില്ലാതെ മിണ്ടാതിരിക്കുകയും തല താഴ്ത്തുകയും ചെയ്യുന്നു. ജോലി ചെയ്യുന്നവർ അവരുടെ ശബ്ദമുഖരിതമായ പ്രസംഗങ്ങളോടെ സംസാരിച്ചുകൊണ്ടേയിരിക്കുന്നു, മറ്റൊന്നും ചെയ്യുന്നില്ല; അനുയായികളാവട്ടെ ശ്രവിക്കുക മാത്രം ചെയ്യുന്നു. പറയത്തക്ക പരിവർത്തനമൊന്നുമില്ല; ഇതെല്ലാം പഴയകാല രീതികൾ മാത്രമാണ്! ഇന്ന്, നിങ്ങൾക്കു സമർപ്പിക്കാൻ കഴിയുന്നതും ഇടപെടാനോ അല്ലെങ്കിൽ ബോധിച്ചതുപോലെ പ്രവർത്തിക്കാനോ തുനിയാത്തതും ദൈവത്തിന്‍റെ ഭരണപരമായ ഉത്തരവുകൾ വന്നതിനാലാണ്. ഇത് നിങ്ങൾ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു മാറ്റമല്ല. ദൈവത്തിന്‍റെ ഭരണപരമായ ഉത്തരവുകൾ ലംഘിക്കുന്ന ചില കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ മേലാൽ ധൈര്യപ്പെടുന്നില്ല എന്നതു വസ്തുതയാണ്, അതിന്‍റെ കാരണം ദൈവത്തിന്‍റെ വചനങ്ങളുടെ പ്രവൃത്തി വ്യക്തമായ സ്വാധീനം ചെലുത്തുകയും ആളുകളെ കീഴടക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്. ഞാൻ ഒന്നു ചോദിക്കട്ടെ: നിങ്ങളുടെ ഇന്നത്തെ നേട്ടങ്ങളിൽ കഠിനാധ്വാനത്തിന്‍റെ വിയർപ്പിലൂടെ നേടിയത് എത്രത്തോളമുണ്ട്? അതിൽ എത്രത്തോളം ദൈവം നിങ്ങളോടു നേരിട്ട് പറഞ്ഞിട്ടുണ്ട്? നിങ്ങൾ എന്തുത്തരം നൽകും? നിങ്ങൾ മൂകനും മിണ്ടാട്ടം ഇല്ലാത്തവനും ആയിത്തീരുമോ? മറ്റുള്ളവർ അവരുടെ യഥാർത്ഥ അനുഭവങ്ങളെക്കുറിച്ചു നിങ്ങളോടു തുറന്നു സംസാരിച്ച് നിങ്ങളെ പരിപോഷിപ്പിക്കുമ്പോൾ നിങ്ങൾ മറ്റുള്ളവർ പാചകം ചെയ്ത ഭക്ഷണം ആസ്വദിക്കുന്നതെന്തിന്? നിങ്ങൾക്കു നാണക്കേടു തോന്നുന്നില്ലേ? താരതമ്യേന നല്ലവരായിട്ടുള്ളവരെ പരിശോധിച്ച് നിങ്ങൾക്ക് ഒരു വസ്തുതാന്വേഷണ പരിശോധന നടത്താം: നീ എത്രത്തോളം സത്യം മനസ്സിലാക്കുന്നു? ആത്യന്തികമായി നീ എത്രത്തോളം അനുഷ്ഠിക്കുന്നു? നീ ആരെയാണ് കൂടുതൽ സ്നേഹിക്കുന്നത്—ദൈവത്തെയോ നിന്നെത്തന്നെയോ? നീ കൂടുതലും കൊടുക്കുകയാണോ ചെയ്യുന്നത്, അതോ സ്വീകരിക്കുകയാണോ? എത്ര സന്ദർഭങ്ങളിൽ നിന്‍റെ ഉദ്ദേശ്യം തെറ്റായിരുന്നപ്പോൾ നിന്‍റെ പഴയ സ്വഭാവം ഉപേക്ഷിച്ച് ദൈവഹിതം അനുസരിച്ചിട്ടുണ്ട്? ഈ ഏതാനും ചോദ്യങ്ങൾ‌ ധാരാളം ആളുകളെ അസ്വസ്ഥരാക്കും. മിക്ക ആളുകളെ സംബന്ധിച്ചും, അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് അവർ മനസ്സിലാക്കിയാൽ പോലും, അവർ അറിഞ്ഞുകൊണ്ട് തെറ്റു ചെയ്യുന്നു, അവർ സ്വന്തം മാംസം ഉപേക്ഷിക്കാൻ ഒട്ടും തന്നെ തയ്യാറല്ല. മിക്ക ആളുകളും പാപത്തെ അവരുടെ ഉള്ളിൽ വിലസാൻ അനുവദിക്കുന്നു, അവരുടെ എല്ലാ പ്രവൃത്തികളെയും നിയന്ത്രിക്കാൻ പാപത്തെ അനുവദിക്കുന്നു. അവരുടെ പാപങ്ങളെ കീഴടക്കാൻ അവർക്കാവില്ല, അവർ പാപത്തിൽ തന്നെ ജീവിതം തുടരുന്നു. ഈ ദുരവസ്ഥയിൽ എത്തിച്ചേർന്ന അവർ എത്രമാത്രം ദുഷ്‌പ്രവൃത്തികൾ ചെയ്തിരിക്കാമെന്ന് ആർക്കറിയാം? അറിയില്ലെന്നു പറഞ്ഞാൽ നീ പച്ചക്കള്ളം പറയുകയാണ്. തുറന്നുപറഞ്ഞാൽ, അത് നിന്‍റെ പഴയ സ്വഭാവം ഉപേക്ഷിക്കാനുള്ള മനസ്സില്ലായ്മയാണ്. മനസ്തപിക്കുന്ന “ഹൃദയത്തിൽ നിന്നുള്ള” മനസ്താപത്തിന്‍റെ വിലകെട്ട “വാക്കുകൾ” പറയുന്നതിന്‍റെ പ്രയോജനം എന്താണ്? ഇത് നിന്‍റെ ജീവിതത്തിൽ വളരാൻ നിന്നെ സഹായിക്കുന്നുണ്ടോ? സ്വയം അറിയുക എന്നത് നിന്‍റെ മുഴുവൻ സമയ ജോലിയാണെന്നു പറയാം. ആളുകളെ അവരുടെ സമർപ്പണത്തിലൂടെയും ദൈവവചന പ്രവൃത്തിയിലൂടെയും ഞാൻ പരിപൂർണ്ണമാക്കുന്നു. മിടുക്കനും പരിഷ്‍കൃതനുമായി കാണപ്പെടുന്നതിനായി നിന്‍റെ വസ്ത്രങ്ങൾ ധരിക്കുന്നതുപോലെ ദൈവവചനം മാത്രം ധരിക്കുകയാണെങ്കിൽ, നീ നിന്നെത്തന്നെയും മറ്റുള്ളവരേയും വഞ്ചിക്കുകയല്ലേ ചെയ്യുന്നത്? നിനക്കുള്ളതെല്ലാം വെറും സംസാരമാണ്, പ്രവൃത്തിയല്ല, എങ്കിൽ നീ എന്തു നേടും?

പലർക്കും അൽപ്പം പ്രവൃത്തിയെക്കുറിച്ചും അവരുടെ വ്യക്തിപരമായ മതിപ്പുകളെക്കുറിച്ചും സംസാരിക്കാൻ കഴിയും, എന്നാൽ അതിൽ ഭൂരിഭാഗവും മറ്റുള്ളവരുടെ വാക്കുകളിൽ നിന്ന് നേടിയ പ്രകാശമാണ്. അതിൽ അവരുടെ വ്യക്തിപരമായ പ്രവർത്തനങ്ങളിൽ നിന്നോ സ്വന്തം അനുഭവങ്ങളിൽ നിന്ന് അവർ കാണുന്നതിൽ നിന്നോ ഉള്ള ഒന്നുംതന്നെ ഉൾപ്പെടുന്നില്ല. ഞാൻ നേരത്തെ ഈ പ്രശ്നം വിശകലനം ചെയ്തിട്ടുണ്ട്; എനിക്ക് ഒന്നും അറിയില്ലെന്ന് കരുതരുത്. നീ കേവലം ഒരു ഏട്ടിലെ പുലിയാണ്, എന്നിട്ടും നീ സാത്താനെ ജയിക്കുന്നതിനെക്കുറിച്ചും വിജയകരമായ സാക്ഷ്യങ്ങൾ വഹിക്കുന്നതിനെക്കുറിച്ചും ദൈവത്തിന്‍റെ സ്വരൂപത്തിൽ ജീവിക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നുവോ? ഇതെല്ലാം അസംബന്ധമാണ്! ഇന്ന് ദൈവം സംസാരിക്കുന്ന എല്ലാ വചനങ്ങളും നിനക്കു വിലമതിക്കാനുള്ളതാണെന്നു നീ കരുതുന്നുണ്ടോ? നിങ്ങളുടെ പഴയ വ്യക്തിത്വം ഉപേക്ഷിച്ച് സത്യത്തിന് അനുസൃതമായി ജീവിക്കുന്നതിനെ കുറിച്ച് നിങ്ങൾ വായകൊണ്ടു സംസാരിക്കുന്നു, എന്നിട്ടും നിങ്ങളുടെ കൈകൾ മറ്റ് പ്രവൃത്തികൾ ചെയ്യുന്നു, നിങ്ങളുടെ ഹൃദയം മറ്റ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നു—നിങ്ങൾ എങ്ങനെയുള്ള ഒരു വ്യക്തിയാണ്? നിങ്ങളുടെ ഹൃദയവും കൈകളും ഒന്നല്ലാത്തത് എന്തുകൊണ്ട്? വളരെയധികം പ്രസംഗിക്കുന്നത് ശൂന്യമായ വാക്കുകളായി മാറിയിരിക്കുന്നു: ഇത് ഹൃദയഭേദകമല്ലേ? ദൈവവചനം പ്രാവർത്തികമാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്ന മാർഗ്ഗത്തിലേക്ക് നിങ്ങൾ ഇതുവരെ പ്രവേശിച്ചിട്ടില്ലെന്നും പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തി നിങ്ങളിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇതുവരെ അവിടുത്തെ മാർഗ്ഗനിർദ്ദേശം നിങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഇത് തെളിയിക്കുന്നു. നിങ്ങൾക്ക് ദൈവവചനം മനസ്സിലാക്കാൻ മാത്രമേ കഴിയുകയുള്ളുവെന്നും അതു പ്രാവർത്തികമാക്കാൻ സാധിക്കുകയില്ലെന്നും നിങ്ങൾ പറയുന്നുവെങ്കിൽ, നിങ്ങൾ സത്യത്തെ സ്നേഹിക്കാത്ത ഒരു വ്യക്തിയാണ്. ഇത്തരത്തിലുള്ള വ്യക്തിയെ രക്ഷിക്കാൻ ദൈവം വരുന്നില്ല. പാപികളെ രക്ഷിക്കാനും ദരിദ്രരെ രക്ഷിക്കാനും താഴ്മയുള്ള എല്ലാവരെയും രക്ഷിക്കാനുമായി ക്രൂശിക്കപ്പെട്ടപ്പോൾ യേശു കടുത്ത വേദന അനുഭവിച്ചു. അവിടുത്തെ ക്രൂശുമരണം പാപപരിഹാരയാഗമായിരുന്നു. നിങ്ങൾക്ക് ദൈവവചനം അനുഷ്ഠിക്കാൻ കഴിയുന്നില്ലെങ്കിൽ‌, നിങ്ങൾ‌ എത്രയും വേഗം വിട്ടുപോകണം; ഒരു ഇത്തിൾക്കണ്ണിയായി ദൈവത്തിന്‍റെ ഭവനത്തിൽ കഴിയരുത്. ദൈവത്തെ വ്യക്തമായി എതിർക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് സ്വയം തടയാൻ പോലും പലർക്കും ബുദ്ധിമുട്ടാണ്. അവർ മരണം ഇരന്ന് വാങ്ങുകയല്ലേ ചെയ്യുന്നത്? ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് അവർക്ക് എങ്ങനെ സംസാരിക്കാൻ കഴിയും? ദൈവത്തിന്‍റെ മുഖം കാണാനുള്ള ധൈര്യം അവർക്കുണ്ടോ? ദൈവം നിങ്ങൾക്ക് നൽകുന്ന ഭക്ഷണം കഴിച്ചിട്ട്, ദൈവത്തെ എതിർക്കുന്ന വക്രമായ കാര്യങ്ങൾ ചെയ്യുമ്പോൾ, പക, കുടിലത, കുതന്ത്രം ഇത്യാദി സ്വഭാവമുള്ളയാളായി തുടരുമ്പോൾ, ദൈവം നിങ്ങൾക്കായി നൽകിയിട്ടുള്ള അനുഗ്രഹങ്ങൾ ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുമ്പോൾ, അതെല്ലാം സ്വീകരിക്കുമ്പോൾ അവ നിങ്ങളുടെ കൈകൾ പൊള്ളിക്കുന്നതായി അനുഭവപ്പെടുന്നില്ലേ? നിങ്ങളുടെ മുഖം ചുവക്കുന്നതായി നിങ്ങൾക്ക് തോന്നുന്നില്ലേ ? ദൈവത്തിനെതിരായി എന്തെങ്കിലും ചെയ്യുമ്പോൾ, “തെമ്മാടിത്തം” ചെയ്യാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ നിങ്ങൾക്ക് ഭയം തോന്നുന്നില്ലേ? നിങ്ങൾക്ക് ഒന്നും തോന്നുന്നില്ലെങ്കിൽ, എങ്ങനെ ഭാവിയെക്കുറിച്ച് സംസാരിക്കാൻ കഴിയും? നിങ്ങൾ‌ക്ക് വളരെ മുമ്പുതന്നെ ഭാവിയില്ലായിരുന്നു, അതിനാൽ‌ നിങ്ങൾ‌ക്ക് ഇനിയും എത്ര വലിയ പ്രതീക്ഷകളാണ് വെച്ചുപുലർത്താൻ കഴിയുക? നിങ്ങൾ എന്തെങ്കിലും കാര്യം നിർലജ്ജം പറഞ്ഞിട്ട് അതേപ്പറ്റി നിങ്ങൾക്കു ഖേദം തോന്നുന്നില്ലെങ്കിൽ, നിങ്ങളുടെ ഹൃദയത്തിന് അവബോധമില്ലെങ്കിൽ, നിങ്ങളെ ഇതിനകം ദൈവം ഉപേക്ഷിച്ചുവെന്നല്ലേ ഇതിനർത്ഥം? ഉന്മാദത്തോടെയും അനിയന്ത്രിതമായും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് നിങ്ങളുടെ സ്വഭാവമായി മാറിയിരിക്കുന്നു; ഈ അവസ്ഥയിൽ എങ്ങനെയാണ് ദൈവത്തിനു നിങ്ങളെ പരിപൂർണ്ണനാക്കാൻ കഴിയുക? നിങ്ങൾക്ക് ലോകമെമ്പാടും നടക്കാൻ‌ കഴിയുമോ? ആരെയെങ്കിലും ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കുമോ? നിങ്ങളുടെ യഥാർത്ഥ സ്വഭാവം അറിയുന്നവർ നിങ്ങളിൽനിന്ന് അകലം പാലിക്കും. അത് ദൈവത്തിന്‍റെ ശിക്ഷയല്ലേ? മൊത്തത്തിൽ, സംസാരം മാത്രമേ ഉള്ളുവെങ്കിൽ, പ്രവൃത്തിയില്ലെങ്കിൽ, വളർച്ചയുണ്ടാകില്ല. നിങ്ങൾ സംസാരിക്കുമ്പോൾ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, നിങ്ങൾ പ്രാവർത്തികമാക്കുന്നില്ലെങ്കിൽ, പരിശുദ്ധാത്മാവ് അതിന്‍റെ പ്രവർത്തനം നിർത്തും. നിങ്ങൾ ഇതുപോലെ തുടരുകയാണെങ്കിൽ, ഭാവിയെക്കുറിച്ച് എന്തെങ്കിലും സംസാരിക്കാനോ നിങ്ങളുടെ മുഴുവൻ ജീവനും ദൈവത്തിന്‍റെ വേലയ്ക്കായി നൽകാനോ എങ്ങനെ കഴിയും? നിങ്ങളുടെ സർവസ്വവും അർപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്കു സംസാരിക്കാൻ മാത്രമേ കഴിയൂ, എന്നിട്ടും നിങ്ങളുടെ യഥാർത്ഥ സ്നേഹം നിങ്ങൾ ദൈവത്തിന് നൽകിയിട്ടില്ല. അവിടുന്ന് നിങ്ങളിൽനിന്ന് സ്വീകരിക്കുന്നതെല്ലാം കേവലം വാക്കാലുള്ള ഭക്തിയാണ്; സത്യം പ്രവർത്തിക്കാനുള്ള നിങ്ങളുടെ ഉദ്ദേശ്യം അവിടുത്തെ അറിയിച്ചിട്ടില്ല. ഇത് നിങ്ങളുടെ യഥാർത്ഥ ഔന്നിത്യമാണോ? നിങ്ങൾ ഇതുപോലെ തുടരുകയാണെങ്കിൽ, എപ്പോഴാണ് ദൈവം നിങ്ങളെ പരിപൂർണ്ണരാക്കുക? നിങ്ങളുടെ ഇരുണ്ടതും മ്ലാനവുമായ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഉത്കണ്ഠ തോന്നുന്നില്ലേ? ദൈവത്തിന് നിങ്ങളുടെമേൽ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് നിങ്ങൾക്കു തോന്നുന്നില്ലേ? കൂടുതൽ പുതിയ ആളുകളെ പരിപൂർണ്ണമാക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾക്കറിയില്ലേ? പഴയ കാര്യങ്ങൾക്ക് അങ്ങനെതന്നെ തുടരാൻ കഴിയുമോ? നിങ്ങൾ ഇന്ന് ദൈവവചനങ്ങൾ ശ്രദ്ധിക്കുന്നില്ല: നിങ്ങൾ നാളേയ്ക്കായി കാത്തിരിക്കുകയാണോ?

മുമ്പത്തേത്: സത്യം മനസ്സിലാക്കി കഴിഞ്ഞാൽ, നിങ്ങൾ അത് അനുഷ്ഠിക്കണം

അടുത്തത്: യോഗ്യനായ ഇടയൻ എങ്ങനെ തയ്യാറെടുക്കണം

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക