ആരംഭത്തിലെ ക്രിസ്തുവിന്‍റെ അരുളപ്പാടുകള്‍:അധ്യായം 88

എന്റെ ഗതിവേഗം എത്രയ്ക്ക് ത്വരിതമായിരിക്കുന്നുവെന്ന് ലോകർക്ക് സങ്കല്പിക്കാൻ പോലുമാവില്ല: മനുഷ്യന് അഗോചരമായ ഒരു അത്ഭുത സംഭവമാണത്. വിശ്വസൃഷ്ടിതൊട്ട് തുടരുന്നതാണ് എന്റെ ഗതിവേഗം, എന്റെ പ്രവൃത്തിയോ ഒരിക്കലും നിലച്ചിട്ടുമില്ല. വിശ്വപ്രപഞ്ചമാകമാനം അനുദിനം മാറുന്നു, ലോകരും ഒപ്പം അവിരാമം മാറുന്നു. എന്റെ പ്രവൃത്തിയുടെ ഭാഗമാണിവയെല്ലാം, എല്ലാം എന്റെ പദ്ധതിയുടെ ഭാഗം, അതിലുപരി, എന്റെ കാര്യനിർവഹണത്തിന്റെ അനുബന്ധം; ഇക്കാര്യങ്ങൾ ഒരു മനുഷ്യനും അറിയുകയോ മനസ്സിലാവുകയോ ഇല്ല. ഞാനായിട്ട് പറയുമ്പോൾ മാത്രമാണ്, ഞാൻ നേർക്കുനേർ അറിയിക്കുമ്പോൾ മാത്രമാണ് സ്വല്പമെങ്കിലും നിങ്ങൾ അറിയുക; അല്ലാത്തപക്ഷം, എന്റെ കാര്യനിർവഹണ പദ്ധതിയുടെ രൂപരേഖയെപ്പറ്റി ഒരാൾക്കും ഒരു പിടിയും കിട്ടുകയില്ല. അത്തരമാണെന്റെ ഉഗ്രശക്തി, അതിലേറെ, അത്തരത്തിലാണെന്റെ അതിശയവൃത്തികൾ. ഒരാൾക്കും മാറ്റാനാവാത്തവയാണ് ഇക്കാര്യങ്ങൾ. ആയതിനാൽ, ഞാനിന്നു പറയുന്നവ നടക്കും, അത് മാറ്റാനാവുകയേയില്ല. എന്റെ അറിവിന്റെ ചെറുതരി പോലും ഉൾക്കൊള്ളുന്നില്ല മനുഷ്യസങ്കൽപ്പങ്ങൾ—നിരർഥകമായ ജല്പനങ്ങളല്ലാതൊന്നുമല്ല അവ! നിനക്ക് വേണ്ടതു കിട്ടിക്കഴിഞ്ഞുവെന്നും തൃപ്തിയായെന്നും കരുതേണ്ടാ! ഞാൻ പറയുന്നു: ഇനിയുമെത്രയോ പോകാനുണ്ട് നിനക്ക്! എന്റെ മൊത്തം കാര്യനിർവഹണ പദ്ധതിയെക്കുറിച്ച് അല്പം മാത്രമാണ് നിങ്ങൾക്കറിയുക, അതിനാൽ ഞാൻ പറയുന്നത് നിങ്ങൾ കേട്ടിരിക്കണം, ചെയ്യാൻ പറയുന്നതെന്തോ അതു ചെയ്തിരിക്കുകയും വേണം. സർവത്തിലും എന്റെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കുക, എന്റെ അനുഗ്രഹങ്ങൾ നിശ്ചയമായും കിട്ടിയിരിക്കും; വിശ്വസിക്കുന്നവർക്ക് സ്വീകരിക്കാം, അതേസമയം, വിശ്വസിക്കാത്തവർക്ക് ഉണ്ടാവുക അവരിൽ നിറഞ്ഞതായി അവർ സങ്കൽപ്പിക്കുന്ന ആ ‘ഇല്ലായ്മ’യാവും. ഇതാണെന്റെ നീതി, എന്നു മാത്രവുമല്ല, എന്റെ മഹിമ, എന്റെ ക്രോധം, എന്റെ ശിക്ഷണം ഇതാണ്. ഒരു ചിന്തകൊണ്ടോ പ്രവൃത്തികൊണ്ടോ ഒഴിഞ്ഞുമാറാൻ ഒരാളെയും ഞാൻ അനുവദിക്കില്ല.

എന്റെ വചനങ്ങൾ കേൾക്കുന്നപാടേ മിക്കവരും ഭയന്നു വിറയ്ക്കുന്നു, മുഖങ്ങൾ ആശങ്കാകുലമാകുന്നു. ഞാൻ വാസ്തവത്തിൽ നിന്നോട് അന്യായം ചെയ്തുവോ? നീ ചുവന്ന മഹാവ്യാളിയുടെ സന്താനം അല്ലായ്കകൊണ്ടാവുമോ? നീ നല്ലവനായി നടിക്കുകപോലും ചെയ്യുന്നു! നീയെന്റെ ആദ്യജാതനായിപ്പോലും നടിക്കുന്നു! ഞാൻ അന്ധനാണെന്നു കരുതുന്നുവോ? ആളുകളെ തമ്മിൽ തിരിച്ചറിയാൻ എനിക്കാവില്ലെന്നു കരുതുന്നുവോ? ആളുകളുടെ ഹൃദയാന്തരങ്ങളിൽ തിരയുന്ന ദൈവമാണു ഞാൻ: എന്റെ പുത്രന്മാരോട് ഞാൻ പറയുന്നത് ഇതാണ്, ചുവന്ന മഹാവ്യാളിയുടെ സന്താനങ്ങളായ നിങ്ങളോടും ഞാൻ പറയുന്നത് ഇതാണ്. ഞാൻ സർവവും വ്യക്തമായി കാണുന്നു, തരിമ്പും പിഴവു പറ്റാതെ. ഞാൻ ചെയ്യുന്നത് എന്തെന്ന് ഞാൻ അറിയാതിരിക്കുന്നത് എങ്ങനെ? ഞാൻ ചെയ്യുന്നവ എനിക്ക് സുവ്യക്തമാണ്! ഞാൻ ദൈവംതന്നെയെന്ന്, പ്രപഞ്ചത്തിന്റെയും സർവതിന്റെയും സ്രഷ്ടാവെന്ന്, ഞാനെന്തിന് പറയുന്നു? ജനങ്ങളുടെ ഹൃദയങ്ങളുടെ അത്യഗാധങ്ങൾ ചൂഴ്ന്നുനോക്കുന്ന ദൈവമാണ് ഞാനെന്ന് എന്തിന് പറയുന്നു? ഓരോരുത്തരുടെയും നിലയെന്തെന്ന് ഞാൻ നന്നായറിയുന്നു. പറയേണ്ടതെന്തെന്നോ ചെയ്യേണ്ടതെന്തെന്നോ എനിക്കറിഞ്ഞുകൂടെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? ഇത് നിങ്ങളുടെ വിഷയമല്ല. എന്റെ കരങ്ങളാൽ സംഹരിക്കപ്പെടാതിരിക്കാൻ കരുതിക്കൊള്ളുക; ആ വഴിയേ നിങ്ങൾക്ക് നഷ്ടമാണ് വരിക. ക്ഷമിച്ചു കൊടുക്കാത്തവയാണ് എന്റെ ഭരണപരമായ ഉത്തരവുകൾ. മനസ്സിലാകുന്നുവോ? എന്റെ ഭരണപരമായ ഉത്തരവുകളുടെ ഭാഗങ്ങളാണ് മേൽപ്പറഞ്ഞവയെല്ലാം. നിങ്ങളോടവ ഉച്ചരിക്കപ്പെട്ട നാൾതൊട്ട്, നിങ്ങൾ എന്തു ലംഘനങ്ങളിൽ ഏർപ്പെട്ടാലും, പകരംവീട്ടലുണ്ടാവും, എന്തുകൊണ്ടെന്നാൽ മുമ്പു നിങ്ങൾ മനസ്സിലാക്കിയിട്ടില്ലായിരുന്നു.

ഇതാ ഞാനെന്റെ ഭരണപരമായ ഉത്തരവുകൾ വിളംബരം ചെയ്യുന്നു (പ്രഖ്യാപനനാൾ തൊട്ട് അവ സാധുവായിരിക്കും, അതിലെ ശാസനം ഓരോരുത്തർക്കും ഓരോ വിധമുള്ളതായിരിക്കും):

ഞാൻ എന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നു, സർവതും എന്റെ കരങ്ങളിലാണ്: സംശയിക്കുന്നവർ ആരായാലും നിശ്ചയമായും സംഹരിക്കപ്പെടും. ഒരു പരിഗണനയ്ക്കും അവസരമുണ്ടാകില്ല; ക്ഷണം അവർ ഉന്മൂലനം ചെയ്യപ്പെടും, അങ്ങനെ എന്റെ ഹൃദയത്തിലെ വിദ്വേഷം ഒഴിവാക്കപ്പെടും. (ഇപ്പോൾ മുതൽ ഇത് ഉറപ്പായിരിക്കുന്നു, സംഹരിക്കപ്പെടുന്നവരാരും എന്റെ രാജ്യത്തെ അംഗങ്ങളായിരിക്കില്ല, സാത്താന്റെ അനുചരരായിരിക്കും.)

ആദ്യജാതന്മാരെന്ന നിലയ്ക്ക്, നിങ്ങൾ സ്വന്തം നില കാത്തേ പറ്റൂ, സ്വധർമ്മങ്ങൾ നന്നായി നിറവേറ്റിയേ പറ്റൂ, അന്യന്റെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരുന്നേ പറ്റൂ. എന്റെ കാര്യനിർവഹണ പദ്ധതിക്ക് നീ സ്വയം സമർപ്പിക്കണം, നീ പോകുന്നിടത്തെല്ലാം എനിക്ക് സദ്സാക്ഷ്യം വഹിക്കുകയും എന്റെ നാമം മഹത്ത്വപ്പെടുത്തുകയും വേണം. ലജ്ജാകരമായ പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കുക; എന്റെ പുത്രന്മാർക്കും എന്റെ ജനത്തിനും ദൃഷ്ടാന്തമാവുക. ഒരു മാത്ര പോലും വഴിപിഴച്ചുപോകരുത്: ആദ്യജാതന്മാരുടെ സ്വത്വം വഹിച്ചുവേണം സകലർക്കു മുമ്പാകെയും സകല സമയത്തും പ്രത്യക്ഷരാവാൻ, ദാസരായിട്ടല്ല; അതിലേറെ, ശിരസ്സുയർത്തി മുന്നോട്ടു നീങ്ങുക. എന്റെ നാമം മഹത്ത്വപ്പെടുത്താനാണ് ഞാൻ ആവശ്യപ്പെടുന്നത്, എന്റെ നാമത്തെ ഇകഴ്ത്താനല്ല. ആദ്യജാതന്മാർക്ക് ഓരോരുത്തർക്കും അവരവരുടേതായ വ്യക്തിധർമമുണ്ട്, എല്ലാം ചെയ്യാൻ പറ്റില്ല. നിങ്ങൾക്ക് ഞാൻ തന്നിരിക്കുന്ന ചുമതലയാണത്, അതിൽ ഉപേക്ഷ കാട്ടിക്കൂടാ. ഞാൻ നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നതു നിറവേറ്റാൻ, നിങ്ങൾ പൂർണമനസ്സോടെയും പൂർണ ശക്തിയോടെയും പൂർണഹൃദയത്തോടെയും നിങ്ങളെത്തന്നെ സമർപ്പിക്കണം.

ഇന്നു മുതൽ അങ്ങോട്ട്, വിശ്വപ്രപഞ്ചം മുഴുവൻ എന്റെ സർവ പുത്രന്മാരുടെയും എന്റെ സർവ ജനങ്ങളുടെയും അജപാലന ചുമതല നിറവേറ്റൽ എന്റെ ആദ്യജാതന്മാരിൽ അർപ്പിതമായിരിക്കും; അതു നിറവേറ്റാൻ തങ്ങളുടെ ഹൃദയവും മനസ്സും മുഴുവനായി സമർപ്പിക്കാൻ പറ്റാത്തവരെ ഞാൻ ശാസിക്കുകയും ചെയ്യും. ഇതാണ് എന്റെ നീതി. എന്റെ ആദ്യജാതന്മാരെപ്പോലും ഞാൻ ഒഴിവാക്കുകയോ വെറുതെവിടുകയോ ചെയ്യില്ല.

എന്റെ പുത്രന്മാരിലോ എന്റെ ജനങ്ങളിലോ എന്റെ ആദ്യജാതന്മാരിൽ ഒരുത്തനെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കിൽ, അവരെ ഞാൻ കഠിനമായി ശിക്ഷിക്കും, എന്തെന്നാൽ എന്റെ ആദ്യജാതന്മാർ എന്നെത്തന്നെ പ്രതിനിധാനം ചെയ്യുന്നു; ഒരാൾ അവരോടു ചെയ്യുന്നത്, എന്നോടും ചെയ്യുന്നു. എന്റെ ഭരണപരമായ ഉത്തരവുകളിൽ ഇത് ഏറ്റവും കർക്കശമാകുന്നു. എന്റെ കല്പനകൾ ലംഘിക്കുന്ന എന്റെ ഏതു പുത്രന്മാർക്കും ജനങ്ങൾക്കും എതിരെ, സ്വന്തം ഇഷ്ടപ്രകാരം, എന്റെ നീതി നിർവഹിക്കാൻ എന്റെ ആദ്യജാതന്മാർക്ക് ഞാൻ അനുമതി നൽകും.

എനിക്ക് നിസ്സാരത കല്പിക്കുകയും എന്റെ ഊണിനും ഉടുപ്പിനും ഉറക്കത്തിനും മാത്രം ശ്രദ്ധകൊടുക്കുകയും ചെയ്യുന്ന, എന്റെ ബാഹ്യകാര്യങ്ങളിൽ മാത്രം എന്നെ പരിചരിക്കുകയും എന്റെ ഭാരത്തോട് പരിഗണനയില്ലാതിരിക്കുകയും ചെയ്യുന്ന, സ്വധർമ്മങ്ങൾ വെടിപ്പായി നിറവേറ്റാൻ ശ്രദ്ധ ചെലുത്താതിരിക്കുന്ന ആരെയും പതിയെ ഞാൻ പരിത്യജിക്കും. കാതുള്ളവർക്കു മുഴുവൻ കേൾക്കാനുള്ളതാണിത്.

എനിക്കായി സേവനം ചെയ്തു പൂർത്തിയാക്കിയവർ കോലാഹലംകൂട്ടാതെ അനുസരണയോടെ പിൻവാങ്ങിക്കൊള്ളണം. ശ്രദ്ധിക്കൂ, അതല്ലെങ്കിൽ ഞാൻ നിന്റെ കാര്യം തീർപ്പാക്കും. (അനുബന്ധ ഉത്തരവാണിത്.)

എന്റെ ആദ്യജാതന്മാർ ഇനിമേൽ സർവ രാജ്യങ്ങൾക്കും ജനതകൾക്കുമിടയിൽ ഇരുമ്പുദണ്ഡ് കയ്യിലേന്തുകയും, സർവ രാജ്യങ്ങളെയും ജനതകളെയും ഭരിക്കാനുള്ള എന്റെ അധികാരം നടപ്പാക്കാൻ, സർവ രാജ്യങ്ങൾക്കും ജനതകൾക്കുമിടയിൽ സഞ്ചരിക്കാൻ, എന്റെ ന്യായവിധിയും നീതിയും പ്രതാപവും നടപ്പാക്കാൻ തുടങ്ങുകയും ചെയ്യും.

എന്റെ പുത്രന്മാരും എന്റെ ജനവും നിർത്താതെ എന്നെ ഭയക്കും, എന്നെ വാഴ്ത്തും, എനിക്കായി ആർപ്പുവിളിക്കും, എന്നെ കീർത്തിക്കും; കാരണം, എന്റെ കാര്യനിർവഹണ പദ്ധതി പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു, എന്റെ ആദ്യജാതന്മാർക്ക് എനിക്കൊപ്പം വാഴാം.

എന്റെ ഭരണപരമായ ഉത്തരവുകളുടെ ഒരു ഭാഗമാണിത്, ഇതിനുശേഷം, പ്രവൃത്തി മുന്നേറുന്നതിനൊത്ത് ഞാനവ നിങ്ങളോട് പറയും. മുൻപറഞ്ഞ ഭരണപരമായ ഉത്തരവുകളിൽ, എന്റെ പ്രവൃത്തി ഞാൻ നിറവേറ്റുന്നതിലെ ഗതിവേഗവും എന്റെ പ്രവൃത്തി ഏതു പടിയിലെത്തി നിൽക്കുന്നുവെന്നതും നിങ്ങൾ കാണും. ഇതൊരു സ്ഥിരീകരണമായിരിക്കും.

സാത്താനെ ഞാൻ ന്യായംവിധിച്ചു കഴിഞ്ഞിരിക്കുന്നു. എന്റെ ഹിതം തടസ്സമേശാത്തതായതിനാലും എനിക്കൊപ്പം എന്റെ ആദ്യജാതന്മാരും മഹത്ത്വപ്പെട്ടിരിക്കുന്നതിനാലും, ലോകത്തിനും സാത്താന്റേതായ സർവ സംഗതികൾക്കും മേലും ഞാനെന്റെ നീതിയും മഹിമയും പ്രയോഗിച്ചുകഴിഞ്ഞിരിക്കുന്നു. സാത്താനു നേർക്കു ഞാൻ വിരലുയർത്തുകയോ ശ്രദ്ധ കൊടുക്കുകയോ ചെയ്യില്ല (കാരണം, എന്നോട് സംസാരിക്കാൻ പോലും അതിന് അർഹതയില്ല). ഞാൻ ചെയ്യാനാഗ്രഹിക്കുന്നത് ചെയ്തു കൊണ്ടിരിക്കുകമാത്രം ചെയ്യുന്നു. എന്റെ വേല സുഗമമായി, പടിപടിയായി മുന്നേറുന്നു, എന്റെ ഹിതം ഭൂഗോളത്തിൽ അങ്ങോളമിങ്ങോളം തടസ്സമില്ലാത്തതായിരിക്കുകയും ചെയ്യുന്നു. ഒരളവോളം ഇത് സാത്താനെ ലജ്ജിപ്പിച്ചിരിക്കുന്നു, അത് പാടേ നശിപ്പിക്കപ്പെട്ടിരിക്കുന്നു, എന്നാൽ അതൊന്നുകൊണ്ടുമാത്രം എന്റെ ഹിതം പൂർത്തിയാകില്ല. എന്റെ ഭരണപരമായ ഉത്തരവുകൾ അവയ്ക്കു മേലും നടപ്പാക്കിക്കൊള്ളാൻ എന്റെ ആദ്യജാതന്മാരെ ഞാൻ അനുവദിച്ചിരിക്കുന്നു. ഒരു നിലയ്ക്ക്, അതിനോടുള്ള എന്റെ ക്രോധത്തെ സാത്താൻ കാണട്ടെ എന്നാണ് ഞാൻ വിചാരിക്കുന്നത്; മറ്റൊരു നിലയ്ക്ക്, എന്റെ മാഹാത്മ്യത്തെയാണ് അത് കാണട്ടെ എന്നു ഞാൻ വിചാരിക്കുന്നത് (സാത്താന്റെ ഗർവഭംഗത്തിന് ഏറ്റവും മികച്ച സാക്ഷികളാണ് എന്റെ ആദ്യജാതന്മാരെന്ന് അത് കാണട്ടെ എന്ന്). ഞാനതിനെ നേരിട്ട് ശിക്ഷിക്കുന്നില്ല: മറിച്ച്, എന്റെ നീതിയും മഹിമയും നടപ്പിൽവരുത്താൻ എന്റെ ആദ്യജാതന്മാരെ ഏല്പിക്കുന്നു. സാത്താൻ എന്റെ പുത്രന്മാരെ നിന്ദിച്ചിരുന്നുവെന്ന, എന്റെ പുത്രന്മാരെ ഉപദ്രവിച്ചിരുന്നുവെന്ന, എന്റെ പുത്രന്മാരെ പീഡിപ്പിച്ചിരുന്നുവെന്ന കാരണത്താൽ, ഇന്ന്, അതിന്റെ ഊഴം തീർന്നുകഴിഞ്ഞാൽ, കണക്കുതീർക്കാൻ ഞാനെന്റെ പരിപക്വരായ ആദ്യജാതന്മാർക്ക് അനുമതിയേകും. പതനം ചെറുക്കാൻ സാത്താൻ അശക്തനായിത്തീർന്നിരിക്കുന്നു. ലോകത്തിലെ രാഷ്ട്രങ്ങൾക്കാകെ വന്നിരിക്കുന്ന മരവിപ്പ് അതിന് ഉത്തമസാക്ഷ്യമാണ്; പോരടിക്കുന്ന ജനതകളും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങളും സാത്താന്റെ സാമ്രാജ്യം നിലംപൊത്തുന്നതിന്റെ സുവ്യക്തമായ നിദർശനങ്ങളാണ്. കഴിഞ്ഞ കാലത്ത് എന്തെങ്കിലും അടയാളങ്ങളും അത്ഭുതങ്ങളും ഞാൻ പ്രദർശിപ്പിക്കാതിരുന്നത് സാത്താനുമേൽ അപമാനം കൊണ്ടുവരാനും, പടിപടിയായി എന്റെ നാമം മഹത്ത്വപ്പെടുത്താനുമായിരുന്നു. സാത്താൻ നിശ്ശേഷം അവസാനിപ്പിക്കപ്പെട്ടു കഴിയുന്നതോടെ ഞാൻ എന്റെ ശക്തി പ്രദർശിപ്പിക്കാൻ തുടങ്ങുന്നു: ഞാൻ പറയുന്നത് നിലവിൽ വരികയായി, മനുഷ്യസങ്കൽപ്പങ്ങളോട് യോജിച്ചുപോകാത്ത പ്രകൃത്യതീത സംഗതികൾ സാക്ഷാത്കരിക്കപ്പെടും (താമസംവിനാ വരാനിരിക്കുന്ന അനുഗ്രഹങ്ങളാണ് ഇതിൽ സൂചന). ഞാൻതന്നെ പ്രായോഗിക ദൈവം എന്നതിനാലും എനിക്കൊരു നിയമവുമില്ല എന്നതിനാലും, എന്റെ കാര്യനിർവഹണ പദ്ധതിയിലെ മാറ്റങ്ങൾക്ക് അനുസൃതമായാണ് ഞാൻ സംസാരിക്കുന്നത് എന്നതിനാലും, പൂർവകാലത്ത് ഞാൻ പറഞ്ഞത് വർത്തമാനകാലത്തും ബാധകമാകണമെന്നില്ല. സ്വന്തം സങ്കൽപ്പങ്ങളിൽ കടിച്ചുതൂങ്ങാതിരിക്കുക! നിയമങ്ങളാൽ ചരിക്കപ്പെടുന്നൊരു ദൈവമല്ല ഞാൻ; എന്നിലാവുമ്പോൾ, സർവം സ്വതന്ത്രം, അതീതം, പൂർണ്ണമുക്തവും. ഇന്നലെ പറയപ്പെട്ടത് ഇന്ന് കാലഹരണപ്പെട്ടിട്ടുണ്ടെന്നു വരാം, അല്ലെങ്കിൽ, അത് റദ്ദാക്കപ്പെട്ടിരിക്കാമെന്നു വരാം (എന്നുവരികിലും, എന്റെ ഭരണപരമായ ഉത്തരവുകൾ, വിളംബരം ചെയ്യപ്പെട്ടവയെന്ന നിലയ്ക്ക്, ഒരിക്കലും മാറില്ല). എന്റെ കാര്യനിർവഹണ പദ്ധതിയിലെ പടികളാണിവ. നിയമങ്ങളിൽ കടിച്ചുതൂങ്ങാതിരിക്കുക. എന്നും പുതിയ വെളിച്ചവും പുതിയ വെളിപാടുകളുമുണ്ട്, അതാണ് എന്റെ പദ്ധതി. എന്നും എന്റെ വെളിച്ചം നിന്നിൽ വെളിവാകുകയും എന്റെ സ്വരം വിശ്വപ്രപഞ്ചത്തിൽ പ്രസിദ്ധമാക്കപ്പെടുകയും ചെയ്യും. മനസ്സിലാകുന്നുണ്ടോ നിനക്ക്? നിന്റെ കർത്തവ്യമാണിത്, ഞാൻ നിന്നിൽ അർപ്പിച്ചിരിക്കുന്ന ചുമതല. ഒരു മാത്ര പോലും നീയത് അവഗണിച്ചുകൂടാ. ഞാൻ ശരിവെക്കുന്ന ആളുകളെ അവസാനംവരേക്കും ഞാൻ ഉപയോഗിക്കും, ഇതൊരിക്കലും മാറില്ല. സർവശക്തനായ ദൈവമാണ് ഞാൻ എന്നതിനാൽ, ഏതുതരം ആൾ ഏതു കാര്യം ചെയ്യണമെന്നതും ഏതുതരം ആൾക്ക് ഏതു കാര്യം ചെയ്യാനാവുമെന്നതും എനിക്കറിയാം. ഇതുതന്നെ എന്റെ സർവശക്തിത്വം.

മുമ്പത്തേത്: ആരംഭത്തിലെ ക്രിസ്തുവിന്‍റെ അരുളപ്പാടുകള്‍:അധ്യായം 15

അടുത്തത്: ആരംഭത്തിലെ ക്രിസ്തുവിന്‍റെ അരുളപ്പാടുകള്‍:അധ്യായം 103

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക