ദൈവത്തെ സ്നേഹിക്കുന്നവര്‍ എന്നേക്കും അവന്റെ പ്രകാശത്തില്‍ വസിക്കും
മിക്ക മനുഷ്യരുടെയും ദൈവവിശ്വാസത്തിന്റെ കാതല്‍ മതവിശ്വാസമാണ്: അവര്‍ക്ക് ദൈവത്തെ സ്നേഹിക്കാനുള്ള കഴിവില്ല; ദൈവത്തിനുവേണ്ടി ദാഹിക്കുവാനോ അവനെ ആരാധിക്കുവാനോ സാധിക്കാതെ യന്ത്രമനുഷ്യനെപ്പോലെ അവനെ പിന്തുടരാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ. അവര്‍ നിശ്ശബ്ദമായി അവനെ പിന്തുടരുക മാത്രം ചെയ്യുന്നു. അനേകം ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷേ അവനെ സ്നേഹിക്കുന്നവര്‍ വളരെ വിരളമാണ്; അവര്‍ ദൈവത്തെ “ബഹുമാനിക്കുന്നത്” ദുരന്തങ്ങളെ ഭയപ്പെടുന്നതുകൊണ്ടു മാത്രമാണ്. അല്ലെങ്കിൽ, അവര്‍ ദൈവത്തെ “പുകഴ്ത്തുന്നത്” അവൻ ഉന്നതനും ശക്തനുമായതുകൊണ്ടാണ്. പക്ഷേ അവരുടെ ബഹുമതിയിലും പുകഴ്ചയിലും സ്നേഹമോ ആത്മാര്‍ഥമായ ആഗ്രഹമോ ഇല്ല. അവരുടെ അനുഭവങ്ങളില്‍ അവര്‍ തേടുന്നത് സത്യത്തിന്റെ വിശദാംശങ്ങളോ അപ്രധാനമായ രഹസ്യങ്ങളോ ആണ്. മിക്ക ആളുകളും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതുപോലെ അനുഗ്രഹങ്ങള്‍ക്കുവേണ്ടി ദൈവത്തെ വെറുതെ പിന്തുടരുക മാത്രം ചെയ്യുന്നു; അവര്‍ സത്യം അന്വേഷിക്കുന്നില്ല, ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ നേടുവാനായി യഥാര്‍ഥത്തില്‍ അവനെ അനുസരിക്കുന്നുമില്ല. എല്ലാ ആളുകളുടെയും ദൈവവിശ്വാസത്തിലുള്ള ജീവിതം അര്‍ഥരഹിതവും വിലയില്ലാത്തതുമാണ്, അതില്‍ അവരുടെ വ്യക്തിപരമായ താത്പര്യങ്ങളും ലക്ഷ്യങ്ങളുമാണുള്ളത്; ദൈവത്തെ സ്നേഹിക്കുന്നതിനു വേണ്ടിയല്ല അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നത്, മറിച്ച് അനുഗ്രഹങ്ങള്‍ക്കു വേണ്ടിയാണ്. കുറെ ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ പ്രവര്‍ത്തിക്കുന്നു; അവര്‍ ദൈവത്തിന്റെ ഇച്ഛകള്‍ കണക്കിലെടുക്കുകയോ അവര്‍ ചെയ്യുന്നത് ദൈവഹിതത്തിനു യോജിച്ചതാണോ എന്നു ചിന്തിക്കുകയോ ചെയ്യാതെ തന്നിഷ്ടത്തിന് എല്ലാം ചെയ്യുന്നു. അത്തരം ആളുകള്‍ക്ക് ദൈവത്തോടുള്ള സ്നേഹം പോയിട്ട് യഥാര്‍ഥമായ വിശ്വാസം പോലും നേടുവാന്‍ സാധിക്കുകയില്ല. ദൈവത്തിന്റെ സത്ത മനുഷ്യനു വിശ്വസിക്കാന്‍വേണ്ടി മാത്രം ഉള്ളതല്ല, മനുഷ്യനു സ്നേഹിക്കാന്‍ വേണ്ടി കൂടി ഉള്ളതാണ്. പക്ഷേ ദൈവത്തില്‍ വിശ്വസിക്കുന്ന അനവധിപേര്‍ ഈ “രഹസ്യം” തിരിച്ചറിയാന്‍ കഴിവില്ലാത്തവരാണ്. ആളുകള്‍ ദൈവത്തെ സ്നേഹിക്കാന്‍ ധൈര്യപ്പെടുകയോ അവനെ സ്നേഹിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. ദൈവത്തില്‍ സ്നേഹിക്കത്തക്കതായ അനവധി കാര്യങ്ങള്‍ ഉണ്ടെന്ന് അവര്‍ ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ല; ദൈവം മനുഷ്യനെ സ്നേഹിക്കുന്ന ദൈവമാണെന്നും മനുഷ്യനു സ്നേഹിക്കുവാനുള്ള ദൈവമാണെന്നും അവര്‍ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല. ദൈവത്തിന്റെ സൗന്ദര്യം അവന്റെ പ്രവൃത്തിയിലാണ് പ്രകടമാകുന്നത്: അവന്റെ പ്രവൃത്തി അനുഭവിക്കുമ്പോള്‍ മാത്രമേ ആളുകള്‍ക്ക് അവന്റെ സൗന്ദര്യം തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ; അവരുടെ യഥാര്‍ഥ അനുഭവങ്ങളില്‍ മാത്രമേ അവര്‍ക്ക് ദൈവത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളൂ; യഥാര്‍ഥജീവിതത്തില്‍ കണ്ടറിയാതെ ആര്‍ക്കും ദൈവത്തിന്റെ സൗന്ദര്യം തിരിച്ചറിയാന്‍ സാധിക്കുകയില്ല. ദൈവത്തില്‍ സ്നേഹിക്കത്തക്കതായ അനവധി കാര്യങ്ങള്‍ ഉണ്ട്. പക്ഷേ ശരിക്കും ദൈവവുമായി ഇടപഴകാതെ ആളുകള്‍ക്ക് അത് കണ്ടുപിടിക്കുക അസാധ്യമാണ്. എന്നു പറഞ്ഞാല്‍, ദൈവം മനുഷ്യരൂപം ധരിച്ചില്ലായിരുന്നെങ്കില്‍ ആളുകള്‍ക്ക് ശരിക്കും അവനോട് ഇടപഴകുക സാധ്യമാകുമായിരുന്നില്ല. അവനോട് ഇടപഴകുക അസാധ്യമായിരുന്നെങ്കിലോ, അവന്റെ പ്രവൃത്തി അനുഭവിച്ചറിയുവാനും അവര്‍ക്ക് സാധിക്കുമായിരുന്നില്ല—അങ്ങനെ വരുമ്പോള്‍ ദൈവത്തോടുള്ള അവരുടെ സ്നേഹം വ്യാജംകൊണ്ടും ഭാവനകൊണ്ടും കളങ്കപ്പെട്ടതായിരിക്കും. സ്വര്‍ഗസ്ഥനായ ദൈവത്തോടുള്ള സ്നേഹം ഭൂമിയിലുള്ള ദൈവത്തോടുള്ള സ്നേഹത്തിന്റെ അത്രയും യഥാര്‍ഥമല്ല. കാരണം സ്വര്‍ഗത്തിലെ ദൈവത്തെക്കുറിച്ചുള്ള ആളുകളുടെ അറിവ് അവരുടെ ഭാവനകളിന്മേല്‍ പടുത്തുയർത്തിയതാണ്. അല്ലാതെ അവര്‍ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടവയോ വ്യക്തിപരമായി അനുഭവിച്ചവയോ ആയ കാര്യങ്ങളുടെ മേല്‍ പടുത്തുയർത്തിയതല്ല. ദൈവം ഭൂമിയിലേക്കു വരുമ്പോള്‍ മനുഷ്യര്‍ക്ക് അവന്റെ യഥാര്‍ഥപ്രവൃത്തികളും അവന്റെ സൗന്ദര്യവും കാണുവാന്‍ കഴിയുന്നു. അവന്റെ പ്രായോഗികവും സാധാരണവുമായ പ്രകൃതത്തില്‍ ഉള്ള എല്ലാം കാണുവാനും അവര്‍ക്ക് സാധിക്കുന്നു. ഇതെല്ലാം സ്വര്‍ഗത്തിലെ ദൈവത്തെക്കുറിച്ചുള്ള അറിവിനെക്കാള്‍ ആയിരം ഇരട്ടി യഥാര്‍ഥമാണ്. സ്വര്‍ഗത്തിലുള്ള ദൈവത്തെ മനുഷ്യര്‍ എത്രകണ്ട് സ്നേഹിച്ചാലും ഈ സ്നേഹത്തില്‍ യഥാര്‍ഥമായി ഒന്നുമില്ല. കൂടാതെ മാനുഷികമായ ആശയങ്ങൾകൊണ്ട് നിറഞ്ഞതാണ് അത്. ഭൂമിയിലെ ദൈവത്തോട് അവര്‍ക്കുള്ള സ്നേഹം എത്രതന്നെ ചെറുതായാലും ആ സ്നേഹം യഥാര്‍ഥമാണ്. അത് വളരെ കുറച്ചേ ഉള്ളൂ എങ്കില്‍ക്കൂടി അത് യഥാര്‍ഥമാണ്. യഥാര്‍ഥപ്രവൃത്തിയിലൂടെ മനുഷ്യര്‍ തന്നെ അറിയാന്‍ ദൈവം ഇടയാക്കുന്നു. ഈ അറിവിലൂടെ അവൻ അവരുടെ സ്നേഹം നേടുന്നു. പത്രോസിനുണ്ടായതുപോലെയാണത്: പത്രോസ് യേശുവിനൊപ്പം ജീവിച്ചില്ലായിരുന്നെങ്കില്‍, യേശുവിനെ ഗാഢമായി സ്നേഹിക്കുക അവന് അസാധ്യമാകുമായിരുന്നു. അതുപോലെ, അവന് യേശുവിനോടുണ്ടായിരുന്ന വിശ്വസ്തതയും യേശുവുമായുള്ള ഇടപഴകലിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ്. മനുഷ്യര്‍ അവനെ സ്നേഹിക്കുവാനായി ദൈവം മനുഷ്യര്‍ക്കിടയില്‍ വരികയും മനുഷ്യരോടൊത്തു വസിക്കുകയും ചെയ്തിരിക്കുന്നു. അവൻ മനുഷ്യര്‍ക്ക് കാണിച്ചുതരികയും അവര്‍ക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്നതെല്ലാം ദൈവത്തിന്റെ യാഥാര്‍ഥ്യമാണ്.
ദൈവം യാഥാര്‍ഥ്യത്തെയും വസ്തുതകളുടെ ആവിര്‍ഭാവത്തെയും മനുഷ്യരെ പരിപൂര്‍ണരാക്കാന്‍ ഉപയോഗിക്കുന്നു; മനുഷ്യരെ പരിപൂർണരാക്കുക എന്ന ദൈവത്തിന്റെ പ്രവൃത്തിയുടെ ഒരു ഭാഗം നിര്‍വഹിക്കുന്നത് അവന്റെ വചനങ്ങളാണ്. ഇത് മാര്‍ഗദര്‍ശനത്തിന്റെ പ്രവൃത്തിയും വഴിതുറക്കലുമാണ്. എന്നു പറഞ്ഞാല്‍, ദൈവത്തിന്റെ വചനങ്ങളില്‍ നീ പ്രവൃത്തിയുടെ പാതയും ദര്‍ശനങ്ങളെക്കുറിച്ചുള്ള അറിവും കണ്ടെത്തണം. ഈ കാര്യങ്ങള്‍ മനസ്സിലാക്കുക വഴി മനുഷ്യനു യഥാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ഒരു പാതയും ദര്‍ശനങ്ങളും ഉണ്ടാകും. ദൈവത്തിന്റെ വചനങ്ങളിലൂടെ ജ്ഞാനോദയം നേടുവാന്‍ അവന് സാധിക്കുകയും ചെയ്യും. ഈ കാര്യങ്ങള്‍ ദൈവത്തില്‍ നിന്നാണ് വന്നതെന്ന് മനസ്സിലാക്കുവാനും അനവധി കാര്യങ്ങള്‍ തിരിച്ചറിയുവാനും അവനു സാധിക്കും. മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ മനുഷ്യന്‍ ഈ യാഥാര്‍ഥ്യത്തിലേക്കു പ്രവേശിക്കുകയും തന്റെ യഥാര്‍ഥജീവിതത്തില്‍ ദൈവത്തെ തൃപ്തിപ്പെടുത്താന്‍ അവന്റെ വചനങ്ങള്‍ ഉപയോഗിക്കുകയും വേണം. ദൈവം എല്ലാ കാര്യങ്ങളിലും നിന്നെ നയിക്കുകയും നിനക്കു പ്രവര്‍ത്തിക്കുവാന്‍ ഒരു പാത നല്‍കുകയും ചെയ്യും. തന്റെ പ്രത്യേകമായ മനോഹാരിത അവൻ നിനക്ക് അനുഭവവേദ്യമാക്കുകയും നിന്റെ മേലുള്ള ദൈവത്തിന്റെ പ്രവൃത്തിയുടെ ഓരോ ചുവടും നിന്നെ പരിപൂര്‍ണനാക്കുവാന്‍ ലക്ഷ്യംവച്ചുള്ളതാണെന്ന് തിരിച്ചറിയുവാന്‍ നിന്നെ അനുവദിക്കുകയും ചെയ്യും. നിനക്കു ദൈവത്തിന്റെ സ്നേഹം കാണണമെങ്കില്‍, അവന്റെ സ്നേഹം യഥാര്‍ഥത്തില്‍ അനുഭവിക്കണമെങ്കില്‍, നീ യാഥാര്‍ഥ്യത്തിന്റെ ആഴത്തിലേക്കു പോകണം, യഥാര്‍ഥജീവിതത്തിന്റെ ആഴത്തിലേക്കു പോകുകയും ദൈവം ചെയ്യുന്നതെല്ലാം സ്നേഹവും രക്ഷയുമാണെന്നും അവൻ ചെയ്യുന്നതെല്ലാം അശുദ്ധമായവ ഉപേക്ഷിക്കാൻ ആളുകളെ പ്രാപ്തരാക്കാനും ദൈവഹിതം നിറവേറ്റാൻ സാധിക്കാത്തതായിട്ടുള്ള മനുഷ്യരുടെ ഉള്ളിലെ സംഗതികള്‍ ശുദ്ധീകരിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് നീ തിരിച്ചറിയണം. ദൈവം മനുഷ്യനു വേണ്ടതു നൽകുവാന്‍ തന്റെ വചനങ്ങളെ ഉപയോഗിക്കുന്നു. മനുഷ്യര്‍ക്ക് അനുഭവമുണ്ടാകുവാന്‍ വേണ്ടി അവൻ യഥാര്‍ഥജീവിതത്തിലെ സാഹചര്യങ്ങൾ ക്രമീകരിക്കുന്നു. ദൈവത്തിന്റെ അനവധി വചനങ്ങളെ മനുഷ്യര്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുകയാണെങ്കില്‍, യഥാര്‍ഥത്തില്‍ അവ പ്രവൃത്തിയില്‍ കൊണ്ടുവരുന്ന സമയത്ത്, തങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ദൈവത്തിന്റെ പലതായ വചനങ്ങള്‍ ഉപയോഗിച്ച് പരിഹരിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നു. എന്നു പറഞ്ഞാല്‍ യാഥാര്‍ഥ്യത്തിന്റെ ആഴത്തിലേക്കു പോകുവാന്‍ നിനക്കു ദൈവത്തിന്റെ വചനങ്ങള്‍ ആവശ്യമാണ്. നീ ദൈവത്തിന്റെ വചനങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നില്ലെങ്കില്‍, നിന്നില്‍ ദൈവത്തിന്റെ പ്രവൃത്തിയില്ലെങ്കില്‍, നിനക്കു യഥാര്‍ഥജീവിതത്തില്‍ ഒരു മാര്‍ഗം ഉണ്ടായിരിക്കുകയില്ല. നീ ഒരിക്കലും ദൈവവചനങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിനക്കെന്തെങ്കിലും സംഭവിച്ചാല്‍ നീ ആശയക്കുഴപ്പത്തിലാകും. ദൈവത്തെ സ്നേഹിക്കണം എന്നു മാത്രമായിരിക്കും നിനക്കറിയുക. പക്ഷേ വിവേചനബുദ്ധിയോ പിന്തുടരാന്‍ ഒരു പാതയോ നിനക്കുണ്ടായിരിക്കുകയില്ല; നീ ബുദ്ധിഭ്രമത്തിലും ആശയക്കുഴപ്പത്തിലും ആണ്. ചിലപ്പോള്‍ നീ വിചാരിക്കും ശരീരത്തെ തൃപ്തിപ്പെടുത്തുന്നതിലൂടെ നീ ദൈവത്തെയാണ് തൃപ്തിപ്പെടുത്തുന്നത് എന്ന്. ഇതെല്ലാം ദൈവവചനങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യാത്തതിന്റെ പരിണതഫലമാണ്. എന്നു പറഞ്ഞാല്‍, നിനക്ക് ദൈവവചനങ്ങളുടെ പിന്‍ബലമില്ലെങ്കില്‍, നീ യാഥാര്‍ഥ്യത്തില്‍ തപ്പിത്തടയുക മാത്രമാണെങ്കിൽ അടിസ്ഥാനപരമായി പ്രവര്‍ത്തനത്തിന് ഒരു പാത കണ്ടെത്താന്‍ നീ അശക്തനാണ്. ഇത്തരം ആളുകള്‍ക്ക് ദൈവത്തില്‍ വിശ്വസിക്കുക എന്നതിന്റെ അര്‍ഥമെന്തെന്ന് അറിയില്ല. ദൈവത്തെ സ്നേഹിക്കുക എന്നാല്‍ എന്താണെന്ന് അത്രപോലും അറിയില്ല. ദൈവവചനങ്ങളുടെ പ്രബുദ്ധതയും മാര്‍ഗദര്‍ശനവും ഉപയോഗിച്ച് നീ ഇടയ്ക്കിടെ പ്രാര്‍ഥിക്കുകയാണെങ്കില്‍, അറിയുവാന്‍ ശ്രമിക്കുകയാണെങ്കില്‍, തേടുകയാണെങ്കില്‍, അങ്ങനെ നീ പ്രവൃത്തിയില്‍ വരുത്തേണ്ടതായിട്ടുള്ളത് നീ കണ്ടെത്തുകയാണെങ്കില്‍, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിനുള്ള അവസരങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, ദൈവവുമായി സഹകരിക്കുകയാണെങ്കില്‍, നിനക്ക് ബുദ്ധിഭ്രമമോ ആശയക്കുഴപ്പമോ ഇല്ലെങ്കില്‍, യഥാര്‍ഥജീവിതത്തില്‍ നിനക്കൊരു പാതയുണ്ടാകും; ദൈവത്തെ യഥാര്‍ഥത്തില്‍ നീ സംപ്രീതനാക്കുകയും ചെയ്യും. ദൈവത്തെ സംപ്രീതനാക്കിയാല്‍ നിന്റെയുള്ളില്‍ ദൈവത്തിന്റെ മാര്‍ഗദര്‍ശനമുണ്ടാകും, നീ ദൈവത്താല്‍ പ്രത്യേകമായി അനുഗ്രഹിക്കപ്പെടും, അത് നിനക്ക് ആസ്വാദനത്തിന്റെ ഒരനുഭവം നല്‍കും: ദൈവത്തെ തൃപ്തിപ്പെടുത്തി എന്നതില്‍ നിനക്കു പ്രത്യേകമായ അഭിമാനം തോന്നും, ഉള്ളില്‍ പ്രത്യേകമായ പ്രകാശം അനുഭവപ്പെടും. നിന്റെ ഹൃദയം തെളിഞ്ഞതും ശാന്തവുമായിരിക്കും. നിന്റെ മനഃസാക്ഷിക്ക് ആശ്വാസം ലഭിക്കും, കുറ്റാരോപണങ്ങളില്‍ നിന്ന് അത് മോചിതമായിരിക്കും, നിന്റെ സഹോദരന്മാരെയും സഹോദരിമാരെയും കാണുമ്പോള്‍ നിനക്ക് ഉള്ളില്‍ ആഹ്ലാദം അനുഭവപ്പെടും. ഇതാണ് ദൈവസ്നേഹം അനുഭവിക്കുക എന്നതിന്റെ അര്‍ഥം. ദൈവത്തെ യഥാര്‍ഥത്തില്‍ ആസ്വദിക്കുക എന്നു പറഞ്ഞാല്‍ ഇതുമാത്രമാണ്. ആളുകള്‍ക്ക് ദൈവസ്നേഹത്തിന്റെ ആസ്വാദനം നേടുവാന്‍ സാധിക്കുന്നത് അനുഭവത്തിലൂടെയാണ്: കഷ്ടങ്ങള്‍ അനുഭവിക്കുന്നതിലൂടെയും സത്യത്തെ പ്രവൃത്തിയില്‍ വരുത്തുന്നതായ അനുഭവത്തിലൂടെയും അവര്‍ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നേടുന്നു. ദൈവം നിന്നെ യഥാര്‍ഥത്തില്‍ സ്നേഹിക്കുന്നു എന്നും മനുഷ്യര്‍ക്കു വേണ്ടി യഥാര്‍ഥത്തില്‍ ദൈവം ഒരു കനത്ത വില നൽകിയിട്ടുണ്ട് എന്നും അവൻ ക്ഷമയോടെയും ദയയോടെയും ധാരാളം വചനങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്നും എപ്പോഴും മനുഷ്യരെ രക്ഷിക്കുന്നുണ്ട് എന്നും മാത്രമാണു നീ പറയുന്നതെങ്കില്‍, നീ പറയുന്ന ഈ വാക്കുകള്‍ ദൈവത്തെ ആസ്വദിക്കുന്നതിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. എന്നിരുന്നാലും, കൂടുതല്‍ മഹത്തായ ആസ്വാദനം—യഥാര്‍ഥമായ ആസ്വാദനം—ഉണ്ടാകുന്നത് ആളുകള്‍ സത്യത്തെ യഥാര്‍ഥജീവിതത്തില്‍ പ്രയോഗത്തില്‍ വരുത്തുമ്പോഴാണ്, അതിനുശേഷം അവര്‍ ഹൃദയത്തില്‍ സമാധാനമുള്ളവരും തെളിവുള്ളവരുമാകുന്നു. ഉള്ളില്‍ തൊടുന്ന ഒരനുഭവം അവര്‍ക്കുണ്ടാകുകയും ദൈവമാണ് ഏറ്റവുമധികം സ്നേഹിക്കപ്പെടേണ്ടവന്‍ എന്ന് അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്യും. നീ കൊടുത്ത വിലയ്ക്ക് അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ ലഭിച്ചു എന്നു നിനക്ക് തോന്നും. നിന്റെ പ്രയത്നങ്ങളിലൂടെ വലിയൊരു വിലകൊടുത്ത നിനക്ക് പ്രത്യേകിച്ചും ഉള്ളില്‍ തെളിച്ചം അനുഭവപ്പെടും: നീ യഥാര്‍ഥത്തില്‍ ദൈവത്തിന്റെ സ്നേഹം അനുഭവിക്കുകയാണെന്ന് നിനക്കു തോന്നും, ദൈവം മനുഷ്യരില്‍ രക്ഷയുടേതായ പ്രവൃത്തി ചെയ്തിരിക്കുന്നു എന്നു നിനക്ക് മനസ്സിലാകും, അവൻ മനുഷ്യരെ സ്ഫുടം ചെയ്യുന്നത് അവരെ ശുദ്ധീകരിക്കുവാൻ വേണ്ടിയാണെന്നും, ദൈവം മനുഷ്യരെ പരീക്ഷിക്കുന്നത് യഥാര്‍ഥത്തില്‍ അവര്‍ തന്നെ സ്നേഹിക്കുന്നുണ്ടോ എന്നറിയുവാന്‍ വേണ്ടിയാണെന്നും നീ മനസ്സിലാക്കും. ഈ തരത്തില്‍ എല്ലായ്പ്പോഴും സത്യം പ്രവൃത്തിയില്‍ വരുത്തിയാല്‍ നീ പതുക്കെ ദൈവത്തിന്റെ പ്രവൃത്തിയെ അധികവും പറ്റിയുള്ള വ്യക്തമായ അറിവ് വളര്‍ത്തിയെടുക്കും. ആ സമയത്ത് നിനക്കു മുമ്പിലുള്ള ദൈവത്തിന്റെ വചനങ്ങള്‍ പളുങ്കുപോലെ തെളിമയുള്ളതാണെന്ന് നിനക്ക് അനുഭവപ്പെടും. ധാരാളം സത്യങ്ങള്‍ നിനക്ക് വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കുമെങ്കില്‍, എല്ലാ കാര്യങ്ങളും പ്രവൃത്തിയില്‍ വരുത്തുക എളുപ്പമാണെന്ന് നീ മനസ്സിലാക്കും, ഏതൊരു പ്രശ്നത്തെയും ഏതൊരു പ്രലോഭനത്തെയും അതിജീവിക്കുക സാധ്യമാണെന്ന് നീ മനസ്സിലാക്കും, നിന്നെ സംബന്ധിച്ചിടത്തോളം ഒന്നും ഒരു പ്രശ്നമല്ല എന്നു നീ മനസ്സിലാക്കും, ഇത് നിന്നെ വലിയ രീതിയില്‍ സ്വതന്ത്രനാകുകയും നിനക്ക് മോചനം നൽകുകയും ചെയ്യും. ഈ നിമിഷം നീ ദൈവത്തിന്റെ സ്നേഹം അനുഭവിക്കുകയായിരിക്കും, ദൈവത്തിന്റെ യഥാര്‍ഥസ്നേഹം നിനക്കുമേല്‍ വന്നുചേര്‍ന്നിട്ടുണ്ടാകും. ദര്‍ശനങ്ങളുള്ളവരെ, സത്യമുള്ളവരെ, അറിവുള്ളവരെ, യഥാര്‍ഥത്തില്‍ തന്നെ സ്നേഹിക്കുന്നവരെ ദൈവം അനുഗ്രഹിക്കുന്നു. മനുഷ്യര്‍ ദൈവത്തിന്റെ സ്നേഹം ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യഥാര്‍ഥജീവിതത്തില്‍ അവര്‍ സത്യം പ്രവര്‍ത്തിക്കണം, വേദന സഹിക്കുവാനും ദൈവത്തെ തൃപ്തിപ്പെടുത്തുന്നതിനായി തങ്ങള്‍ക്ക് ഇഷ്ടമുള്ളത് വേണ്ടെന്നു വയ്ക്കുവാനും അവര്‍ തയ്യാറാവണം, കണ്ണീരോടെയാണെങ്കിലും ദൈവത്തിന്റെ ഹൃദയത്തെ പ്രീതിപ്പെടുത്തുവാന്‍ അവര്‍ക്ക് സാധിക്കണം. ഈ തരത്തില്‍, ദൈവം നിന്നെ തീര്‍ച്ചയായും അനുഗ്രഹിക്കും. ഇത്തരത്തിലുള്ള കഷ്ടം നീ സഹിക്കുന്നെങ്കിൽ അതിനു പിറകേ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ഉണ്ടായിരിക്കും. യഥാര്‍ഥജീവിതത്തിലൂടെ, ദൈവവചനം അനുഭവിക്കുന്നതിലൂടെ, മനുഷ്യര്‍ക്ക് ദൈവത്തിന്റെ സൗന്ദര്യം കാണുവാന്‍ സാധിക്കും. ദൈവത്തിന്റെ സ്നേഹം രുചിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ അവനെ യഥാര്‍ഥത്തില്‍ സ്നേഹിക്കുവാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ.
സത്യത്തെ എത്രമാത്രം പ്രവൃത്തിയില്‍ വരുത്തുന്നുവോ അത്രമാത്രം സത്യം നിനക്കു സ്വന്തമാകും; നീ സത്യത്തെ എത്രമാത്രം പ്രവൃത്തിയില്‍ വരുത്തുന്നുവോ അത്രമാത്രം ദൈവസ്നേഹം നീ സ്വന്തമാക്കും; നീ സത്യം എത്രമാത്രം പ്രവൃത്തിയില്‍ വരുത്തുന്നുവോ അത്രമാത്രം ദൈവത്താല്‍ നീ അനുഗ്രഹിക്കപ്പെടും. നീ എല്ലായ്പ്പോഴും ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍, പത്രോസ് ദൈവത്തെക്കുറിച്ച് അറിയാന്‍ ഇടയായതുപോലെ, നിന്നോടുള്ള ദൈവത്തിന്റെ സ്നേഹം ക്രമേണ നിന്നെ കാണുവാന്‍ പ്രാപ്തനാക്കും: ദൈവത്തിന് സ്വര്‍ഗവും ഭൂമിയും മറ്റുള്ളവയുമെല്ലാം സൃഷ്ടിക്കുവാനുള്ള ജ്ഞാനം മാത്രമല്ല, മനുഷ്യരില്‍ യഥാര്‍ഥമായ പ്രവൃത്തി ചെയ്യുവാനുള്ള ജ്ഞാനവുമുണ്ട് എന്നു പത്രോസ് പറഞ്ഞു. ദൈവം മനുഷ്യരുടെ സ്നേഹത്തിന് അര്‍ഹനാകുന്നത് അവൻ ആകാശവും ഭൂമിയും മറ്റുള്ളവയെല്ലാം സൃഷ്ടിച്ചതിനാല്‍ മാത്രമല്ല, മറിച്ച്, അതിനെല്ലാം ഉപരിയായി, മനുഷ്യനെ സൃഷ്ടിക്കുവാനും അവനെ രക്ഷിക്കുവാനും അവനെ പരിപൂര്‍ണനാക്കുവാനും അവനു തന്റെ സ്നേഹമേകുവാനും അവന് കഴിവുള്ളതിനാല്‍ കൂടിയാണ്. അതുകൊണ്ടുതന്നെയാണ്, ദൈവത്തില്‍ മനുഷ്യന്റെ സ്നേഹം അര്‍ഹിക്കുന്നതായ അനവധി കാര്യങ്ങള്‍ ഉണ്ടെന്ന് പത്രോസ് പറഞ്ഞത്. പത്രോസ് യേശുവിനോട് പറഞ്ഞു: “സ്വര്‍ഗവും ഭൂമിയും മറ്റുള്ളവയുമെല്ലാം സൃഷ്ടിക്കുന്നതു മാത്രമാണോ നീ മനുഷ്യരുടെ സ്നേഹം അര്‍ഹിക്കുന്നതിനുള്ള ഏക കാരണം? നിന്നില്‍ സ്നേഹിക്കപ്പെടത്തക്കതായ മറ്റനവധി കാര്യങ്ങള്‍ ഉണ്ടല്ലോ. നീ യഥാര്‍ഥജീവിതത്തില്‍ പ്രവര്‍ത്തിക്കുകയും ചലിക്കുകയും ചെയ്യുന്നു, നിന്റെ ആത്മാവ് എന്റെയുള്ളില്‍ തൊടുന്നു, നീ എനിക്ക് ശിക്ഷണം നൽകുന്നു, നീ എന്നെ തിരുത്തുന്നു—ഈ കാര്യങ്ങളാണ് നിന്നെ മനുഷ്യരുടെ സ്നേഹത്തിന് കൂടുതല്‍ അര്‍ഹനാക്കുന്നത്.” നീ ദൈവസ്നേഹം കാണുവാനും അനുഭവിക്കുവാനും ആഗ്രഹിക്കുന്നെങ്കില്‍, യഥാർഥജീവിതത്തില്‍ അത് അന്വേഷിച്ചറിയുകയും തേടുകയും വേണം, ഒപ്പം, സ്വന്തം ശരീരത്തിന്റെ താത്പര്യങ്ങള്‍ മാറ്റിവയ്ക്കുവാന്‍ നീ തയ്യാറാകുകയും വേണം. നീ ഈ ദൃഢനിശ്ചയമെടുക്കണം. അലസതയില്ലാതെ, അല്ലെങ്കില്‍ ശാരീരികസുഖങ്ങള്‍ക്കുവേണ്ടി ആഗ്രഹിക്കാതെ, ശരീരത്തിനുവേണ്ടിയല്ലാതെ ദൈവത്തിനുവേണ്ടി ജീവിക്കുന്ന, എല്ലാ കാര്യങ്ങളിലും ദൈവത്തെ തൃപ്തിപ്പെടുത്തുന്ന, ദൃഢനിശ്ചയമുള്ള ഒരാളായിരിക്കണം നീ. നീ ദൈവത്തെ തൃപ്തിപ്പെടുത്താത്ത അവസരങ്ങളുണ്ടായിരിക്കാം. നീ ദൈവഹിതം മനസ്സിലാക്കാത്തതാണ് ഇതിനു കാരണം; അടുത്ത തവണ, കൂടുതല്‍ പ്രയത്നം ആവശ്യമായിവരുമെങ്കിലും നീ ശരീരത്തെ തൃപ്തിപ്പെടുത്താതെ ദൈവത്തെ തൃപ്തിപ്പെടുത്തണം. ഈ രീതിയിലുള്ള അനുഭവം നിനക്കുണ്ടാകുമ്പോള്‍ നീ ദൈവത്തെ അറിഞ്ഞിട്ടുണ്ടായിരിക്കും. സ്വര്‍ഗവും ഭൂമിയും മറ്റെല്ലാം സൃഷ്ടിക്കുവാന്‍ ദൈവത്തിന് കഴിയുമെന്നും മനുഷ്യര്‍ക്ക് ശരിക്കും കാണുവാനും ഇടപഴകുവാനും വേണ്ടിയാണ് ദൈവം ജഡശരീരമെടുത്തതെന്നും നീ കാണും; മനുഷ്യര്‍ക്കിടയിലൂടെ നടക്കുവാന്‍ അവന് സാധിക്കുമെന്നും, അവന്റെ ആത്മാവിന് യഥാര്‍ഥജീവിതത്തില്‍ മനുഷ്യനെ പരിപൂര്‍ണനാക്കുവാന്‍ സാധിക്കുമെന്നും അതുവഴി മനുഷ്യര്‍ക്ക് ദൈവത്തിന്റെ സൗന്ദര്യം കാണുവാനും അവന്റെ ശിക്ഷണവും ശാസനയും അനുഗ്രഹങ്ങളും അനുഭവിക്കുവാനും സാധിക്കുമെന്നും നീ കാണും. ഈയൊരു അനുഭവം നിനക്ക് എല്ലായ്പ്പോഴും ഉണ്ടാകുകയാണെങ്കില്‍ യഥാര്‍ഥജീവിതത്തിൽ നിന്നെ ദൈവത്തില്‍ നിന്നും അടര്‍ത്തിമാറ്റുവാന്‍ സാധിക്കുകയില്ല, ഇനി ഒരു ദിവസം ദൈവവുമായുള്ള നിന്റെ ബന്ധം സാധാരണമല്ലാതാകുകയാണെങ്കില്‍ തിരുത്തപ്പെടുവാനും പശ്ചാത്തപിക്കുവാനും നിനക്കു സാധിക്കും. ദൈവവുമായി നിനക്കൊരു സാധാരണ ബന്ധം ഉണ്ടായിരിക്കുമ്പോൾ, ദൈവത്തെ പിരിയാന്‍ നീ ഒരിക്കലും ആഗ്രഹിക്കുകയില്ല; ഇനി അഥവാ ഒരു ദിവസം, നിന്നെ ഉപേക്ഷിക്കുകയാണെന്ന് ദൈവം പറയുകയാണെങ്കില്‍ നീ ഭയപ്പെടുകയും ദൈവത്താല്‍ ഉപേക്ഷിക്കപ്പെടുന്നതിനെക്കാള്‍ മരിക്കുന്നതാണ് ഉചിതം എന്നു പറയുകയും ചെയ്യും. ഈ വികാരങ്ങള്‍ നിന്നിലുളവാകുമ്പോള്‍ ദൈവത്തെ ഉപേക്ഷിക്കുവാന്‍ നിനക്കു സാധിക്കുകയില്ല എന്നു നിനക്കു മനസ്സിലാകുകയും അതുവഴി നിനക്കൊരു അടിസ്ഥാനമുണ്ടാകുകയും നീ യഥാര്‍ഥത്തില്‍ ദൈവസ്നേഹം അനുഭവിക്കുകയും ചെയ്യും.
ദൈവത്തെ സ്വന്തം ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനെപ്പറ്റി ആളുകള്‍ പലപ്പോഴും സംസാരിക്കാറുണ്ട്. പക്ഷേ അവരുടെ അനുഭവം ഇതുവരെ അതിനു പാകമായിട്ടില്ല. ദൈവം നിന്റെ ജീവിതമാണെന്നും അവിടുന്ന് നിന്നെ ദിനംതോറും നയിക്കുന്നുവെന്നും നീ അവിടുത്തെ വചനങ്ങള്‍ ഓരോ ദിവസവും ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നുവെന്നും ഓരോ ദിവസവും നീ അവിടുത്തോട് പ്രാര്‍ഥിക്കുന്നുണ്ടെന്നും അങ്ങനെ അവിടുന്ന് നിന്റെ ജീവനായി മാറിയെന്നും നീ വെറുതെ പറയുകയാണ്. ഇങ്ങനെ പറയുന്നവര്‍ക്കുള്ള അറിവ് തികച്ചും ഉപരിപ്ലവമാണ്. പല മനുഷ്യര്‍ക്കും ഒരു അടിസ്ഥാനമില്ല; ദൈവവചനങ്ങള്‍ അവരില്‍ വിതയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവ ഇതുവരെ മുളച്ചിട്ടില്ല. ഫലം പുറപ്പെടുവിച്ചിട്ടില്ലെന്നു പറയുകയും വേണ്ടാ. ഇന്ന്, നിനക്ക് എത്രത്തോളം അനുഭവമുണ്ടായിട്ടുണ്ട്? ഇപ്പോള്‍ മാത്രമാണ്, ദൈവം നിന്നെ ഇത്രത്തോളമെത്താന്‍ നിര്‍ബന്ധിച്ചതിനു ശേഷം മാത്രമാണ്, ദൈവത്തെ പിരിയാന്‍ സാധിക്കുകയില്ല എന്നു നിനക്കു തോന്നുന്നത്. ഒരു ദിവസം, നിന്റെ അനുഭവം ഒരു പ്രത്യേകഘട്ടത്തില്‍ എത്തിക്കഴിഞ്ഞാല്‍, തന്നെ വിട്ടുപോകുവാന്‍ ദൈവം നിന്നെ നിര്‍ബന്ധിച്ചാലും നിനക്ക് അതിന് സാധിക്കുകയില്ല. ദൈവം നിന്റെ ഉള്ളിലില്ലാതെ നിനക്കൊന്നും ചെയ്യുവാന്‍ സാധിക്കുകയില്ല എന്നു നിനക്കെപ്പോഴും തോന്നും. നിനക്കു ഭര്‍ത്താവോ ഭാര്യയോ മക്കളോ കുടുംബമോ അമ്മയോ അച്ഛനോ ഇല്ലാതെ, ശരീരത്തിന്റെ സുഖങ്ങളില്ലാതെ ജീവിക്കുവാന്‍ സാധിക്കും. പക്ഷേ, ദൈവമില്ലാതെ ജീവിക്കുവാന്‍ നിനക്കു സാധിക്കില്ല. ദൈവമില്ലാതിരിക്കുക എന്നാല്‍ ജീവന്‍ നഷ്ടപ്പെടുന്നതുപോലെയായിരിക്കും നിനക്ക്; ദൈവമില്ലാതെ നിനക്ക് ജീവിക്കുവാന്‍ സാധിക്കുകയില്ല. നിന്റെ ദൈവാനുഭവം ഈ ഒരു ഘട്ടത്തിലെത്തിയെങ്കില്‍ ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ നീ നേട്ടം സ്വന്തമാക്കിയിരിക്കും; ഈ തരത്തില്‍, ദൈവം നിന്റെ ജീവിതമായി മാറുകയും നിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനമായി മാറുകയും ചെയ്തിരിക്കും. നിനക്ക് പിന്നീടൊരിക്കലും ദൈവത്തെ വിട്ടുപോകുവാന്‍ സാധിക്കുകയില്ല. നിന്റെ ദൈവാനുഭവം ഈയൊരു ഘട്ടത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ നീ യഥാര്‍ഥത്തില്‍ ദൈവസ്നേഹം അനുഭവിച്ചിട്ടുണ്ടായിരിക്കും. നിനക്ക് ദൈവത്തോട് അടുത്ത ഒരു ബന്ധം ഉണ്ടാകുമ്പോള്‍ അവൻ നിന്റെ ജീവിതവും നിനക്കു പ്രിയപ്പെട്ടവനും ആയിരിക്കും. ആ സമയത്ത് നീ ദൈവത്തോട് പ്രാര്‍ഥനയിൽ ഇപ്രകാരം പറയും: “ദൈവമേ, എനിക്കു നിന്നെ വിട്ടുപോകുവാന്‍ സാധിക്കുകയില്ല. നീയെന്റെ ജീവനാണ്. എനിക്കു വേറെന്തും വേണ്ടെന്നു വയ്ക്കുവാന്‍ കഴിയും—പക്ഷേ നീയില്ലെങ്കില്‍ എനിക്കു ജീവിക്കുവാന്‍ സാധിക്കുകയില്ല.” ഇതാണ് ആളുകളുടെ ശരിയായ ഔന്നത്യം; ഇതാണ് യഥാര്‍ഥമായ ജീവിതം. ചില ആളുകള്‍ ഇന്ന് ഇത്രത്തോളം എത്തിയിരിക്കുന്നത് നിര്‍ബന്ധിക്കപ്പെട്ടതിനാലാണ്: ആഗ്രഹിച്ചാലും ഇല്ലെങ്കിലും അവര്‍ക്ക് ഈ രീതിയില്‍ത്തന്നെ തുടരേണ്ടതായിട്ടുണ്ട്, കെണിയില്‍പ്പെട്ടതുപോലെയാണ് അവര്‍ക്ക് അനുഭവപ്പെടുന്നത്. ദൈവം നിന്റെ ജീവനാണെന്നും, ദൈവത്തെ നിന്റെ ഹൃദയത്തില്‍ നിന്നും അകറ്റിയാല്‍ അത് ജീവന്‍ നഷ്ടപ്പെടുന്നതിനു തുല്യമായിരിക്കുമെന്നും ഉള്ള തരത്തിലായിരിക്കണം നിന്റെ അനുഭവം; ദൈവം നിന്റെ ജീവനായിരിക്കണം, ദൈവത്തെ പിരിയുക എന്നത് നിനക്ക് അസാധ്യമായിരിക്കണം. ഈ രീതിയില്‍ നീ യഥാര്‍ഥത്തില്‍ ദൈവത്തെ അനുഭവിച്ചിട്ടുണ്ടായിരിക്കും. ആ സമയത്ത്, നീ ദൈവത്തെ സ്നേഹിക്കുമ്പോള്‍, അവനെ നീ യഥാര്‍ഥത്തില്‍ സ്നേഹിക്കും, അത് ഏകവും പരിശുദ്ധവുമായ സ്നേഹമായിരിക്കും. ഒരു ദിവസം, നിന്റെ ജീവിതം ഒരു പ്രത്യേകഘട്ടത്തില്‍ എത്തിച്ചേര്‍ന്നതുപോലെയായിരിക്കും നിന്റെ അനുഭവങ്ങള്‍. ആ സമയത്ത് നീ ദൈവത്തോട് പ്രാര്‍ഥിക്കുമ്പോള്‍, അവന്റെ വചനങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുമ്പോള്‍, നിനക്ക് ഉള്ളിൽ ദൈവത്തെ ഉപേക്ഷിക്കാന്‍ സാധിക്കുകയില്ല, നീ ആഗ്രഹിച്ചാലും അവനെ മറക്കുവാനും സാധിക്കുകയില്ല. ദൈവം നിന്റെ ജീവിതമായി തീര്‍ന്നിട്ടുണ്ടാകും; നിനക്ക് ലോകത്തെ മറക്കുവാന്‍ സാധിക്കും. ഭാര്യയെയോ ഭര്‍ത്താവിനെയോ മക്കളെയോ മറക്കുവാന്‍ സാധിക്കും. പക്ഷേ ദൈവത്തെ മറക്കുക എന്നത് നിനക്കു ബുദ്ധിമുട്ടായിരിക്കും. അപ്രകാരം ചെയ്യുക നിനക്ക് അസാധ്യമായിരിക്കും. ഇതാണ് നിന്റെ യഥാര്‍ഥജീവിതവും നിനക്ക് ദൈവത്തോടുള്ള യഥാര്‍ഥസ്നേഹവും. ദൈവത്തോടുള്ള മനുഷ്യരുടെ സ്നേഹം ഒരു പ്രത്യേകഘട്ടത്തില്‍ എത്തുമ്പോള്‍, മറ്റൊന്നിനോടും അവര്‍ക്ക് ദൈവത്തോടുള്ള അത്രയും സ്നേഹം ഉണ്ടായിരിക്കുകയില്ല; ദൈവത്തോടുള്ള സ്നേഹമായിരിക്കും അവര്‍ക്ക് പരമപ്രധാനം. ഈ തരത്തില്‍ മറ്റെല്ലാം ഉപേക്ഷിക്കുവാന്‍ നിനക്ക് സാധിക്കുന്നു. ദൈവത്തിന്റെ എല്ലാ ഇടപെടലുകളും വെട്ടിയൊതുക്കലുകളും സ്വീകരിക്കുവാന്‍ നീ തയ്യാറാകുന്നു. എല്ലാറ്റിനും മുകളില്‍ നില്‍ക്കുന്ന ദൈവത്തോടുള്ള സ്നേഹം നേടിക്കഴിഞ്ഞാല്‍ നീ യാഥാര്‍ഥ്യത്തിലും ദൈവത്തിന്റെ സ്നേഹത്തിലും ജീവിക്കും.
ദൈവം മനുഷ്യന്റെ ജീവനായി മാറുമ്പോള്‍, ദൈവത്തെ ഉപേക്ഷിക്കുക എന്നത് മനുഷ്യന് അസാധ്യമായി മാറുന്നു. ഇത് ദൈവത്തിന്റെ പ്രവൃത്തിയല്ലേ? ഇതിനെക്കാള്‍ വലിയ ഒരു സാക്ഷ്യമില്ല! ദൈവം ഒരു പ്രത്യേകഘട്ടം വരെ പ്രവര്‍ത്തിച്ചിരിക്കുന്നു; മനുഷ്യര്‍ സേവനം ചെയ്യേണ്ടതും, ശാസിക്കപ്പെടേണ്ടതും അല്ലെങ്കില്‍ മരിക്കേണ്ടതും ആവശ്യമാണെന്ന് ദൈവം പറഞ്ഞിട്ടുണ്ട്; പക്ഷേ മനുഷ്യര്‍ പിന്തിരിഞ്ഞിട്ടില്ല. ഇതു കാണിക്കുന്നത് അവര്‍ ദൈവത്താല്‍ കീഴടക്കപ്പെട്ടു എന്നാണ്. സത്യമുള്ള മനുഷ്യര്‍ തങ്ങളുടെ യഥാര്‍ഥ അനുഭവങ്ങളില്‍, തങ്ങളുടെ സാക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കാൻ കഴിയുന്നവരാണ്, തങ്ങളുടെ സ്ഥാനത്ത് അചഞ്ചലരായി നിൽക്കുന്നവരാണ്, ദൈവത്തിന്റെ ഭാഗത്ത് പിന്തിരിയാതെ ഉറച്ചു നില്‍ക്കുന്നവരാണ്. ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യരുമായി സ്വഭാവികമായ ബന്ധം സാധ്യമായവരാണ് അവർ; അവര്‍ക്ക് എന്തെങ്കിലും വന്നുഭവിക്കുമ്പോള്‍ ദൈവത്തെ പൂര്‍ണമായി അനുസരിക്കുവാനും ദൈവത്തെ മരണം വരെ അനുസരിക്കുവാനും അവര്‍ക്ക് സാധിക്കുന്നു. യഥാര്‍ഥജീവിതത്തിലെ നിന്റെ പ്രവൃത്തിയും വെളിപാടുകളും ദൈവത്തിനുള്ള സാക്ഷ്യമാണ്, അവ മനുഷ്യൻ തന്റെ ജീവിതം നയിക്കുന്ന വിധവും ദൈവത്തിനുള്ള സാക്ഷ്യവുമാണ്, ഇതാണ് യഥാര്‍ഥത്തില്‍ ദൈവസ്നേഹം ആസ്വദിക്കുക എന്നാല്‍ അര്‍ഥം; നിന്റെ അനുഭവം ഈയൊരു ഘട്ടത്തിലെത്തിയാല്‍, ഉദ്ദേശിച്ച ഫലം നീ നേടിയിട്ടുണ്ടായിരിക്കും. യഥാര്‍ഥത്തില്‍ നീ ജീവിക്കുവാന്‍ തുടങ്ങുകയാണ്. നിന്റെ ഓരോ പ്രവൃത്തിയും ആളുകള്‍ ആദരവോടെയാണ് കാണുന്നത്. നിന്റെ വസ്ത്രങ്ങള്‍ എങ്ങനെയിരുന്നാലും നിന്റെ ബാഹ്യരൂപം എങ്ങനെയായാലും അങ്ങേയറ്റം ഭക്തി നിറഞ്ഞ ഒരു ജീവിതമാണ് നീ ജീവിക്കുന്നത്. നീ ദൈവവചനങ്ങള്‍ പറയുമ്പോഴാകട്ടെ, നീ ദൈവത്താല്‍ നയിക്കപ്പെടുകയും പ്രബുദ്ധനാക്കപ്പെടുകയും ചെയ്യുന്നു. നിന്റെ വാക്കുകളിലൂടെ ദൈവഹിതം വെളിവാക്കാനും യാഥാര്‍ഥ്യം അറിയിക്കാനും നിനക്കു സാധിക്കുന്നു, ആത്മാവില്‍ സേവിക്കുക എന്നാല്‍ എന്താണെന്ന് നീ വളരെയധികം മനസ്സിലാക്കുന്നു. നിന്റെ ഭാഷണത്തില്‍ ആത്മാർഥതയുണ്ടാകുന്നു. നീ മാന്യനും നീതിമാനുമാണ്. നീ വഴക്കാളിയല്ല, നല്ല രീതിയില്‍ പെരുമാറുന്നവനാണ്. ദൈവത്തിന്റെ ക്രമീകരണങ്ങള്‍ അനുസരിക്കാൻ കഴിയുന്നവനും അനിഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍ നിന്റെ സാക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുന്നവനുമാണ്. നീ കൈകാര്യം ചെയ്യുന്ന സംഗതി എന്തായാലും നീ ശാന്തനും അക്ഷോഭ്യനുമാണ്. ഈ തരത്തിലുള്ള ഒരു വ്യക്തി യഥാര്‍ഥത്തില്‍ ദൈവസ്നേഹം കണ്ടിട്ടുള്ള ആളാണ്. ചില ആളുകള്‍ ചെറുപ്പമായിരുന്നാലും മധ്യവയസ്കരെപ്പോലെ പെരുമാറും. അവര്‍ പക്വതയുള്ളവരും സത്യമുള്ളവരും മറ്റുള്ളവരാല്‍ ആദരിക്കപ്പെടുന്നവരും ആയിരിക്കും—സാക്ഷ്യമുള്ളവരും ദൈവത്തിന്റെ പ്രകാശനവുമാണ് ഈ ആളുകള്‍. എന്നു പറഞ്ഞാല്‍, ഒരു പ്രത്യേകഘട്ടം വരെ അവര്‍ അനുഭവിച്ചാല്‍, അവരുടെ ഉള്ളില്‍ ദൈവത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച ഉണ്ടായിരിക്കും. അവരുടെ പുറമേയുള്ള പ്രകൃതത്തിനും സ്ഥിരത വരും. കുറെ ആളുകള്‍ സത്യം പ്രവൃത്തിയില്‍ വരുത്തുന്നില്ല. അവരുടെ സാക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുന്നില്ല. ഇത്തരം ആളുകളില്‍ ദൈവത്തോട് സ്നേഹമോ ദൈവത്തിനായുള്ള സാക്ഷ്യമോ ഇല്ല. ദൈവം ഏറ്റവും വെറുക്കുന്ന ആളുകളാണിവര്‍. ഇവര്‍ കൂട്ടായ്മകളില്‍ ദൈവവചനങ്ങള്‍ വായിക്കുന്നു. പക്ഷേ ജീവിക്കുന്നത് സാത്താനു വേണ്ടിയാണ്. ഇത് ദൈവത്തോടുള്ള അനാദരവാണ്, ദൈവത്തെ അധിക്ഷേപിക്കലാണ്, ദൈവനിന്ദയാണ്. ഈ ആളുകളില്‍ ദൈവസ്നേഹത്തിന്റെ ലാഞ്ഛന പോലുമില്ല. അവരില്‍ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ഒട്ടുമില്ല. അതുകൊണ്ട്, അവരുടെ വാക്കുകളും പ്രവൃത്തികളും പ്രതിനിധാനം ചെയ്യുന്നത് സാത്താനെയാണ്. നിന്റെ ഹൃദയം എപ്പോഴും ദൈവത്തിനു മുമ്പില്‍ സമാധാനത്തിലാണെങ്കില്‍, നീ എപ്പോഴും ചുറ്റുമുള്ള ആളുകളെയും വസ്തുക്കളെയും ശ്രദ്ധിക്കുന്നെങ്കിൽ, നിനക്കു ചുറ്റും എന്താണ് നടക്കുന്നതെന്ന് ശ്രദ്ധിക്കുകയും ദൈവത്തിന്റെ ചുമടിനെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നുവെങ്കില്‍, നിനക്കെപ്പോഴും ദൈവത്തോട് ആദരവുള്ള ഒരു ഹൃദയമുണ്ടെങ്കിൽ ദൈവം നിനക്കു പലപ്പോഴും ഉള്ളില്‍ ജ്ഞാനോദയം നല്‍കും. സഭയില്‍ “മേല്‍നോട്ടക്കാരായ” ആളുകളുണ്ട്: മറ്റുള്ളവരുടെ പരാജയങ്ങള്‍ നിരീക്ഷിച്ച് അതിനെ പകർത്തുവാനും അനുകരിക്കുവാനുമാണ് അവര്‍ ശ്രമിക്കുന്നത്. അവര്‍ക്ക് വിവേചനബുദ്ധിയില്ല, അവര്‍ പാപത്തെ വെറുക്കുകയോ സാത്താനെ സംബന്ധിച്ച കാര്യങ്ങളോട് അവര്‍ക്ക് അറപ്പും വെറുപ്പും തോന്നുകയോ ചെയ്യുന്നില്ല. അത്തരം ആളുകളുടെ ഉള്ളില്‍ നിറയെ സാത്താന്റെ കാര്യങ്ങള്‍ ആയിരിക്കും. ആത്യന്തികമായി അവര്‍ ദൈവത്താല്‍ പൂര്‍ണമായി ഉപേക്ഷിക്കപ്പെടും. നിന്റെ ഹൃദയം ദൈവത്തിനു മുമ്പില്‍ എപ്പോഴും ആദരവോടെ ആയിരിക്കണം, നീ വാക്കുകളിലും പ്രവൃത്തികളിലും മിതത്വം പാലിക്കണം. ദൈവത്തെ എതിര്‍ക്കുവാനോ അവനെ അസ്വസ്ഥനാക്കുവാനോ ഒരിക്കലും തയ്യാറാകരുത്. നിന്റെ മേലുള്ള ദൈവത്തിന്റെ പ്രവൃത്തി പാഴായിപ്പോകാന്‍ നീ ഒരിക്കലും അനുവദിക്കരുത്. അല്ലെങ്കില്‍, നീ സഹിച്ച കഷ്ടങ്ങളും നീ പ്രവൃത്തിയില്‍ വരുത്തിയ എല്ലാ കാര്യങ്ങളും വെറുതെയായിപ്പോകാന്‍ സമ്മതിക്കുകയുമരുത്. മുന്നോട്ടുള്ള വഴിയില്‍ കൂടുതല്‍ അധ്വാനിക്കുവാനും ദൈവത്തെ കൂടുതല്‍ സ്നേഹിക്കുവാനും നീ തയ്യാറാകണം. തങ്ങള്‍ക്ക് അടിസ്ഥാനമായി ഒരു ദര്‍ശനമുള്ളവരാണ് ഈ ആളുകള്‍. പുരോഗതി തേടുന്നവരാണ് അവര്‍.
മനുഷ്യര്‍ ദൈവത്തില്‍ വിശ്വസിക്കുകയും ദൈവത്തെ ആദരിക്കുന്ന ഒരു ഹൃദയത്തോടെ അവന്റെ വചനങ്ങള്‍ അനുഭവിക്കുകയും ചെയ്താല്‍ അത്തരം ആളുകളില്‍ ദൈവത്തിന്റെ രക്ഷയും ദൈവത്തിന്റെ സ്നേഹവും കാണുവാന്‍ സാധിക്കും. ദൈവത്തിനു സാക്ഷ്യം നല്‍കുവാന്‍ ഈ ആളുകള്‍ക്ക് സാധിക്കുന്നു; അവര്‍ സത്യത്തിനനുസരിച്ച് ജീവിക്കുന്നു, അവര്‍ എന്തിനുവേണ്ടി സാക്ഷ്യം നല്‍കുന്നുവോ അതും സത്യമാണ്—ദൈവം എന്താണ് എന്നുള്ളതും ദൈവത്തിന്റെ പ്രകൃതവും. അവര്‍ ദൈവസ്നേഹത്തില്‍ ജീവിക്കുന്നു. ദൈവസ്നേഹം എന്തെന്ന് അവര്‍ കണ്ടിട്ടുണ്ട്. മനുഷ്യര്‍ ദൈവത്തെ സ്നേഹിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍, അവര്‍ ദൈവത്തിന്റെ സൗന്ദര്യം അനുഭവിച്ചറിയുകയും ദൈവത്തിന്റെ സൗന്ദര്യം കാണുകയും വേണം; അപ്പോള്‍ മാത്രമേ അവരില്‍ ദൈവത്തെ സ്നേഹിക്കുന്ന ഒരു ഹൃദയം, വിശ്വസ്തതയോടെ സ്വയം ദൈവത്തിനു നല്‍കാന്‍ പ്രചോദിപ്പിക്കുന്ന ഒരു ഹൃദയം, ഉണ്ടായിവരികയുള്ളൂ. വാക്കുകളിലൂടെയോ ഭാവങ്ങളിലൂടെയോ അല്ലെങ്കില്‍ അവരുടെ ഭാവനകളിലൂടെയോ തന്നെ സ്നേഹിക്കുവാന്‍ ദൈവം മനുഷ്യരെ പ്രേരിപ്പിക്കുന്നില്ല. തന്നെ സ്നേഹിക്കുവാന്‍ മനുഷ്യരെ അവൻ നിര്‍ബന്ധിക്കുന്നുമില്ല. പകരം, സ്വന്തം ഇഷ്ടപ്രകാരം തന്നെ സ്നേഹിക്കുവാന്‍ അവൻ അവരെ അനുവദിക്കുന്നു. തന്റെ പ്രവൃത്തിയിലും അരുളപ്പാടുകളിലും തന്റെ സൗന്ദര്യം കാണുവാന്‍ അവൻ അവരെ അനുവദിക്കുന്നു. അപ്പോള്‍ അവരില്‍ ദൈവത്തോടുള്ള സ്നേഹം ജനിക്കുന്നു. ഈ തരത്തില്‍ മാത്രമേ ആളുകള്‍ക്ക് യഥാര്‍ഥത്തില്‍ ദൈവത്തിനു സാക്ഷ്യം വഹിക്കുവാന്‍ സാധിക്കുകയുള്ളൂ. മറ്റുള്ളവരാല്‍ നിര്‍ബന്ധിക്കപ്പെട്ടതുകൊണ്ടല്ല ആളുകള്‍ ദൈവത്തെ സ്നേഹിക്കുന്നത്. അതൊരു നൈമിഷികമായ വികാരത്തള്ളലിന്റെ പുറത്തുണ്ടാകുന്നതുമല്ല. അവര്‍ ദൈവത്തെ സ്നേഹിക്കുന്നത് അവര്‍ ദൈവത്തിന്റെ സൗന്ദര്യം കണ്ടിട്ടുള്ളതുകൊണ്ടാണ്, മനുഷ്യരുടെ സ്നേഹത്തിനര്‍ഹമായ ഒട്ടനവധി കാര്യങ്ങള്‍ ദൈവത്തിലുണ്ട് എന്ന് കണ്ടതുകൊണ്ടാണ്, അവര്‍ ദൈവത്തിന്റെ രക്ഷയും ജ്ഞാനവും അത്ഭുതകരമായ പ്രവൃത്തികളും കണ്ടിട്ടുള്ളതുകൊണ്ടാണ്—അതുകൊണ്ട് അവര്‍ ആത്മാര്‍ഥമായി ദൈവത്തെ സ്തുതിക്കുകയും അവനുവേണ്ടി ദാഹിക്കുകയും ചെയ്യുന്നു. ദൈവത്തെ നേടാതെ ജീവിച്ചിരിക്കാന്‍ പോലും കഴിയാത്ത അത്രയും തീക്ഷ്ണത അവരില്‍ ഉടലെടുക്കുന്നു. ദൈവത്തിന് ആത്മാര്‍ഥമായി സാക്ഷ്യം നല്‍കുന്നവര്‍ക്ക് ഉജ്ജ്വലമായ ഒരു സാക്ഷ്യം നൽകുവാന്‍ സാധിക്കുന്നതിനു കാരണം അവരുടെ സാക്ഷ്യം യഥാര്‍ഥ ജ്ഞാനത്തിന്റെയും ദൈവത്തിനു വേണ്ടിയുള്ള ആത്മാര്‍ഥമായ അഭിവാഞ്ഛയുടെയും അടിത്തറയിന്മേലാണ് ഉള്ളത് എന്നതാണ്. ഒരു വികാരത്തള്ളലിന്റെ പുറത്തു നല്‍കുന്നതല്ല ആ സാക്ഷ്യം. മറിച്ച് അവര്‍ക്ക് ദൈവത്തെക്കുറിച്ചും അവന്റെ പ്രകൃതത്തെക്കുറിച്ചുമുള്ള അറിവില്‍ നിന്നും ഉണ്ടാകുന്നതാണ്. അവര്‍ക്ക് ദൈവത്തെ അറിയുവാന്‍ കഴിഞ്ഞതുകൊണ്ട് അവര്‍ കരുതുന്നത് ദൈവത്തിനുവേണ്ടി ദാഹിക്കുന്ന എല്ലാവരും ദൈവത്തെ അറിയുവാന്‍ ഇടയാകണമെന്നും ദൈവത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും അവന്റെ ഉണ്മയെക്കുറിച്ചും അവരെ ബോധവാന്മാരാക്കണം എന്നുമാണ്. ആളുകള്‍ക്ക് ദൈവത്തോടുള്ള സ്നേഹം പോലെ അവരുടെ സാക്ഷ്യവും നൈസര്‍ഗികമായി ഉണ്ടാകുന്നതാണ്; അത് യഥാര്‍ഥവും യഥാര്‍ഥ പ്രാധാന്യവും മൂല്യവും ഉള്ളതുമാണ്. അത് നിഷ്ക്രിയമോ പൊള്ളയായതോ അര്‍ഥമില്ലാത്തതോ അല്ല. ദൈവത്തെ യഥാര്‍ഥത്തില്‍ സ്നേഹിക്കുന്നവരുടെ ജീവിതത്തിനു മാത്രമേ ഏറ്റവുമധികം മൂല്യവും അര്‍ഥവും ഉണ്ടാകുന്നുള്ളൂ എന്നതിനു കാരണം, അവര്‍ മാത്രമേ ദൈവത്തില്‍ സത്യമായി വിശ്വസിക്കുന്നുള്ളൂ എന്നതിനു കാരണം, ഈ ആളുകള്‍ക്ക് ദൈവത്തിന്റെ പ്രകാശത്തില്‍ വസിക്കുവാന്‍ സാധിക്കുന്നു എന്നതും ദൈവത്തിന്റെ പ്രവൃത്തിക്കും നിര്‍വഹണത്തിനുമായി അവര്‍ക്ക് ജീവിക്കുവാന്‍ സാധിക്കുന്നു എന്നതുമാണ്. അതിനു കാരണം അവര്‍ അന്ധകാരത്തില്‍ ജീവിക്കുന്നില്ല, മറിച്ച് പ്രകാശത്തിലാണ് വസിക്കുന്നത് എന്നതാണ്. അവര്‍ അര്‍ഥരഹിതമായ ജീവിതം നയിക്കുന്നില്ല, മറിച്ച് ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട ജീവിതമാണ് നയിക്കുന്നത് എന്നതാണ്. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു മാത്രമേ അവന് സാക്ഷ്യം വഹിക്കുവാന്‍ സാധിക്കുകയുള്ളൂ. അവര്‍ മാത്രമാണു ദൈവത്തിന്റെ സാക്ഷികള്‍, അവര്‍ മാത്രമാണു ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവര്‍, അവര്‍ മാത്രമാണു ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ സ്വീകരിക്കുവാന്‍ സാധിക്കുന്നവര്‍. ദൈവത്തെ സ്നേഹിക്കുന്നവര്‍ അവന്റെ ആത്മമിത്രങ്ങളായിരിക്കും. അവരാണ് ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നവര്‍. അവര്‍ക്കു ദൈവത്തോടൊപ്പം അനുഗ്രഹങ്ങള്‍ ആസ്വദിക്കുവാന്‍ സാധിക്കും. ഇത്തരം ആളുകള്‍ മാത്രമേ അനന്തകാലം ജീവിക്കുകയുള്ളൂ. അവര്‍ മാത്രമേ എന്നേക്കും ദൈവത്തിന്റെ കരുതലിലും സംരക്ഷണയിലും ജീവിക്കുകയുള്ളൂ. മനുഷ്യരാല്‍ സ്നേഹിക്കപ്പെടുവാന്‍ വേണ്ടിയാണ് ദൈവം. എല്ലാ മനുഷ്യരുടെയും സ്നേഹത്തിന് അര്‍ഹനാണ് അവൻ. പക്ഷേ എല്ലാ ആളുകള്‍ക്കും ദൈവത്തെ സ്നേഹിക്കുവാനുള്ള കഴിവില്ല. എല്ലാ ആളുകള്‍ക്കും ദൈവത്തിന് സാക്ഷ്യം നൽകുവാനോ അവനോടൊപ്പം അധികാരം വഹിക്കുവാനോ സാധിക്കുകയില്ല. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവന് സാക്ഷ്യം നല്‍കുവാനും തങ്ങളുടെ എല്ലാ പ്രയത്നങ്ങളും ദൈവത്തിന്റെ പ്രവൃത്തിക്കായി നീക്കിവയ്ക്കുവാനും സാധിക്കുന്നതുകൊണ്ട് ആരാലും എതിര്‍ക്കപ്പെടാതെ അവര്‍ക്ക് സ്വര്‍ഗത്തിനു കീഴില്‍ എവിടെയും നടക്കുവാന്‍ സാധിക്കുന്നു. അവര്‍ക്ക് ഭൂമിയില്‍ അധികാരം വഹിക്കുവാനും സകല ദൈവജനത്തെയും ഭരിക്കുവാനും സാധിക്കുന്നു. ഈ ആളുകള്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഒത്തുചേര്‍ന്നിരിക്കുന്നു. അവര്‍ പല ഭാഷകളാണ് സംസാരിക്കുന്നത് എങ്കിലും, അവരുടെ തൊലിയുടെ നിറം പലതാണെങ്കിലും അവരുടെയെല്ലാം നിലനില്‍പ്പിന് ഒരേ അര്‍ഥമാണുള്ളത്. അവര്‍ക്ക് ദൈവത്തെ സ്നേഹിക്കുന്ന ഒരു ഹൃദയമുണ്ട്. അവരെല്ലാം വഹിക്കുന്നത് ഒരേ സാക്ഷ്യമാണ്. അവര്‍ക്ക് ഒരേ നിശ്ചയവും ഒരേ ആഗ്രഹവുമാണുള്ളത്. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ലോകത്തെവിടെയും സ്വതന്ത്രരായി നടക്കാം. ദൈവത്തിന് സാക്ഷ്യം വഹിക്കുന്നവര്‍ക്ക് പ്രപഞ്ചത്തിലെവിടെയും യാത്ര ചെയ്യാം. ഈ ആളുകള്‍ ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നവരാണ്, ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. അവര്‍ എന്നേക്കും അവന്റെ പ്രകാശത്തില്‍ വസിക്കും.