പത്രോസ് യേശുവിനെ അറിയാന്‍ ഇടയായതെങ്ങനെ

പത്രോസ് യേശുവിനോടൊപ്പം സമയം ചെലവഴിച്ചിരുന്നപ്പോള്‍, ഇഷ്ടം തോന്നുന്ന പല സവിശേഷതകളും അനുകരണീയമായ നിരവധി പ്രത്യേകതകളും തന്നെ പരിപോഷിപ്പിച്ച പല ഘടകങ്ങളും അവന്‍ യേശുവില്‍ കാണുകയുണ്ടായി. പത്രോസ് യേശുവില്‍ ദൈവത്തിന്‍റെ ഉണ്മ പല വിധത്തില്‍ കാണുകയും, ഇഷ്ടം തോന്നുന്ന പല ഗുണങ്ങളും കാണുകയും ചെയ്തു എങ്കിലും, അവന്‍ ആദ്യം യേശുവിനെ അറിഞ്ഞിരുന്നില്ല. പത്രോസ് തനിക്ക് 20 വയസ്സായപ്പോഴാണ് യേശുവിനെ അനുഗമിക്കാന്‍ തുടങ്ങിയത്, അവന്‍ ആറ് വര്‍ഷം യേശുവിനെ അനുഗമിക്കുന്നത് തുടര്‍ന്നു. ആ സമയത്ത്, അവന്‍ ഒരിക്കലും യേശുവിനെ അറിയാന്‍ ഇടയായില്ല; പൂര്ണമായും യേശുവിനോടുള്ള ആരാധനയില്‍ നിന്നാണ് പത്രോസ് അവനെ അനുഗമിക്കാൻ സന്നദ്ധനായത്. ഗലീല കടല്‍ക്കരയില്‍ വച്ച് അവനെ ആദ്യം വിളിക്കുമ്പോള്‍, യേശു ചോദിച്ചു: “ബര്‍യോനാ ശിമോനേ, നീ എന്നെ അനുഗമിക്കുമോ?” പത്രോസ് പറഞ്ഞു, “സ്വര്‍ഗസ്ഥനായ പിതാവ് അയച്ചവനെയാണ് ഞാന്‍ അനുഗമിക്കേണ്ടത്. പരിശുദ്ധാത്മാവ് തെരഞ്ഞെടുത്തവനെയാണ് ഞാന്‍ അംഗീകരിക്കേണ്ടത്. ഞാന്‍ നിന്നെ അനുഗമിക്കും.” പത്രോസ് അതിനോടകം തന്നെ—പ്രവാചകന്മാരില്‍ ഏറ്റവും വലിയവനും ദൈവത്തിന്‍റെ പ്രിയ പുത്രനുമായ—യേശു എന്നു പേരായ ഒരു മനുഷ്യനെ കുറിച്ച് കേട്ടിരുന്നു. പത്രോസ് അവനെ കണ്ടെത്തുന്നതിനായും അവനെ കാണാനുള്ള ഒരു അവസരത്തിനായും നിരന്തരം പ്രത്യാശിക്കുകയും ചെയ്തിരുന്നു (കാരണം ആ വിധത്തിലാണ് പരിശുദ്ധാത്മാവ് അവനെ നയിച്ചിരുന്നതത്). പത്രോസ് അവനെ ഒരിക്കലും കണ്ടിരുന്നില്ലെങ്കിലും, അവനെ കുറിച്ചുള്ള കിംവദന്തികള്‍ കേള്‍ക്കുക മാത്രമാണ് ചെയ്തിരുന്നെങ്കിലും, അവന്‍റെ ഹൃദയത്തില്‍ യേശുവിനോടുള്ള ഒരു വാഞ്ഛയും ആദരവും വളര്‍ന്നു വന്നു. ഒരിക്കൽ യേശുവിനെ കാണുന്നതിന് അവന്‍ പലപ്പോഴും കാംക്ഷിച്ചിരുന്നു. എങ്ങനെയാണ് യേശു പത്രോസിനെ വിളിച്ചത്? അവനും പത്രോസ് എന്നു പേരായ ഒരു മനുഷ്യനെ കുറിച്ച് കേട്ടിരുന്നു, എന്നാല്‍, അവന് നിര്‍ദേശം നല്കിയത് പരിശുദ്ധാത്മാവ് ആയിരുന്നില്ല: “ഗലീല കടലിലേക്ക് പോകുക, അവിടെ ബര്‍യോനാ ശിമോന്‍ എന്നു പേരായ ഒരുവനുണ്ട്.” ബര്‍യോനാ ശിമോന്‍ എന്നു വിളിക്കുന്ന ഒരുവനുണ്ട് എന്നും ആളുകള്‍ അവന്‍റെ പ്രഭാഷണം കേട്ടിരുന്നു എന്നും, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ സുവിശേഷം അവനും പ്രസംഗിച്ചിരുന്നു എന്നും, അവനെ കേട്ട ആളുകളെല്ലാം കണ്ണീരണിഞ്ഞു എന്നും ആരോ പറയുന്നത് യേശു കേട്ടിരുന്നു. ഇത് കേട്ടതിനു ശേഷം, യേശു ആ വ്യക്തിയെ പിന്തുടര്‍ന്ന് ഗലീല കടലില്‍ എത്തി; യേശുവിന്‍റെ വിളി സ്വീകരിച്ചപ്പോള്‍ പത്രോസ് അവനെ അനുഗമിച്ചു.

യേശുവിനെ അനുഗമിക്കുന്ന തന്‍റെ വേളയില്‍, പത്രോസ് അവനെ കുറിച്ച് പല അഭിപ്രായങ്ങളും രൂപപ്പെടുത്തുകയും, എപ്പോഴും സ്വന്തം വീക്ഷണകോണില്‍ നിന്ന് അവനെ വിധിക്കുകയും ചെയ്തിരുന്നു.പത്രോസിന് ആത്മാവിനെ കുറിച്ച് നിശ്ചിത തോതിലുള്ള ഒരു ഗ്രാഹ്യം ഉണ്ടായിരുന്നെങ്കിലും, അവന്‍റെ ഗ്രാഹ്യം ഏറെക്കുറെ അവ്യക്തമായിരുന്നു, അതിനാലാണ് അവന്‍ പറഞ്ഞത്: “സ്വര്‍ഗസ്ഥനായ പിതാവ് അയച്ചവനെയാണ് ഞാന്‍ അനുഗമിക്കേണ്ടത്. പരിശുദ്ധാത്മാവ് തെരഞ്ഞെടുത്തവനെയാണ് ഞാന്‍ അംഗീകരിക്കേണ്ടത്.” യേശു ചെയ്ത കാര്യങ്ങള്‍ അവന് മനസ്സിലായില്ല, അവയെ കുറിച്ച് വ്യക്തയുമുണ്ടായിരുന്നില്ല. കുറച്ചു കാലം യേശുവിനെ അനുഗമിച്ചതിനു ശേഷം, അവന്‍ ചെയ്യുകയും പറയുകയും ചെയ്യുന്ന കാര്യങ്ങളിലും യേശുവില്‍ തന്നെയും പത്രോസിന് താത്പര്യം വളര്‍ന്നു. യേശു സ്നേഹവും ആദരവും ഉണർത്തുന്നതായി അവന് തോന്നാന്‍ തുടങ്ങി; അവനോട് സഹകരിക്കാനും അവന്‍റെ ചാരത്ത് നില്ക്കാനും പത്രോസ് ആഗ്രഹിച്ചു, യേശുവിന്‍റെ വചനങ്ങള്‍ ശ്രവിക്കുന്നത് അവന് ഊര്‍ജ്ജവും സഹായവും പകർന്നു. യേശുവിനെ അനുഗമിച്ചിരുന്ന സമയത്ത്, അവന്‍റെ ജീവിതത്തെ കുറിച്ചുള്ള എല്ലാക്കാര്യങ്ങളും പത്രോസ് നിരീക്ഷിക്കുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്തു: അവന്‍റെ ക്രിയകളും വചനങ്ങളും ചലനങ്ങളും ഭാവപ്രകടനങ്ങളും എല്ലാം. യേശു സാധാരണ മനുഷ്യരെ പോലെയല്ല എന്ന ആഴത്തിലുള്ള ഒരു ഗ്രാഹ്യം അവനുണ്ടായി. അവന്‍റെ മാനുഷിക രൂപഭാവങ്ങൾ അത്യന്തം സാധാരണമായിരുന്നു എങ്കിലും, അവന്‍ സ്നേഹവും, അനുകമ്പയും, മനുഷ്യനോടുള്ള സഹിഷ്ണുതയും നിറഞ്ഞവനായിരുന്നു. അവന്‍ ചെയ്തതോപറഞ്ഞതോ ആയ എല്ലാ കാര്യങ്ങളും മറ്റുള്ളവര്‍ക്ക് വളരെ സഹായകമായിരുന്നു, മുമ്പൊരിക്കലും കണ്ടില്ലാത്തതും നേടിയിട്ടില്ലാത്തതുമായ കാര്യങ്ങള്‍ യേശുവില്‍ നിന്ന് പത്രോസ് കാണുകയും നേടുകയും ചെയ്തു. യേശുവിന് വലിയ ഔന്നത്യമോ അസാധാരണമായ മാനുഷിക ഗുണങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും, ശരിക്കും അനിതരസാധാരണവും അസാധാരണവുമായ ഒരു പ്രഭാവം അവനുണ്ടായിരുന്നു എന്ന് പത്രോസ് കണ്ടു. പത്രോസിന് അത് പൂര്‍ണ്ണമായും വിശദീകരിക്കാനായില്ലെങ്കിലും, യേശു മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമായി പെരുമാറിയിരുന്നു എന്ന് അവന് കാണാന്‍ കഴിഞ്ഞു, കാരണം അവന്‍ ചെയ്ത കാര്യങ്ങള്‍ സാധാരണ മനുഷ്യരുടേതില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. യേശുവുമായി ബന്ധപ്പെട്ട സമയം മുതല്‍, അവന്‍റെ സ്വഭാവം ഒരു സാധാരണ മനുഷ്യന്‍റേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു എന്നും പത്രോസ് കണ്ടു. അവന്‍ എപ്പോഴും സ്ഥിരോത്സാഹത്തോടെ പ്രവര്‍ത്തിച്ചു, ഒരിക്കലും തിടുക്കം കൂട്ടിയില്ല, ഒരിക്കലും പെരുപ്പിച്ചു കാട്ടിയില്ല, ആരെയും തുച്ഛീകരിച്ചില്ല, കൂടാതെ അവന്‍ സാധാരണവും അതേസമയം ആദരണീയവുമായ ഒരു സ്വഭാവം വെളിവാക്കുന്ന രീതിയിലാണ് തന്‍റെ ജീവിതം മുന്നോട്ടുകൊണ്ടുപോയത്. സംഭാഷണത്തില്‍, ഊര്‍ജ്ജസ്വലതയോടും എന്നാല്‍ പ്രസന്നമായ രീതിയിലും ആശയവിനിമയം ചെയ്തുകൊണ്ട് യേശു ലളിതമായും സൗമ്യമായും സംസാരിച്ചു—എങ്കിലും തന്‍റെ പ്രവൃത്തി നിര്‍വഹിക്കുമ്പോള്‍ അവന്‍ ഒരിക്കലും തന്‍റെ അന്തസ്സ് നഷ്ടപ്പെടുത്തിയില്ല. യേശു ചിലപ്പോള്‍ മിതഭാഷിയാകുന്നതും മറ്റു ചിലപ്പോള്‍ ഇടവിടാതെ സംസാരിക്കുന്നതും പത്രോസ് കണ്ടു. ചിലപ്പോള്‍ തുള്ളിക്കളിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്ന ഒരു പ്രാവിനെ പോലെ കാണപ്പെട്ടുകൊണ്ട് അവന്‍ വളരെ സന്തോഷവാനായിരിക്കും, മറ്റ് സമയങ്ങളില്‍ അവശതയും ആലസ്യവുമുള്ള ഒരു മാതാവിനെ പോലെ വ്യസനം നിറഞ്ഞവനായി കാണപ്പെട്ടുകൊണ്ട് ഒട്ടുംതന്നെ സംസാരിക്കാതെ അവന്‍ വളരെ സങ്കടത്തിലായിരിക്കും. ചിലപ്പോള്‍ ശത്രുവിനെ കൊല്ലാന്‍ പാഞ്ഞടുക്കുന്ന ധീരനായ ഒരു ഭടനെ പോലെ അവന്‍ കോപം നിറഞ്ഞവനായിരുന്നു, ചില സന്ദര്‍ഭങ്ങളില്‍ അവൻ ഗര്‍ജ്ജിക്കുന്ന സിംഹത്തിനു പോലും സദൃശ്യനായിരുന്നു. ചില സമയങ്ങളിൽ അവന്‍ ചിരിച്ചു; മറ്റ് സമയങ്ങളില്‍ അവന്‍ പ്രാര്‍ത്ഥിക്കുകയും കണ്ണുനീര്‍ തൂകുകയും ചെയ്തു. യേശു പെരുമാറിയിരുന്നത് എങ്ങനെയായിരുന്നാലും, പത്രോസിന് അവനോടുള്ള അതിരറ്റ സ്നേഹവും ബഹുമാനവും വളര്‍ന്നുവന്നു. യേശുവിന്‍റെ ചിരി അവനില്‍ സന്തോഷം നിറച്ചു, യേശുവിന്‍റെ സങ്കടം അവനെ വ്യസനത്തിലാഴ്ത്തി, യേശുവിന്‍റെ കോപം അവനെ ഭയപ്പെടുത്തി, അതേസമയം യേശുവിന്‍റെ കരുണയും ക്ഷമയും ജനങ്ങളോട് ഉന്നയിച്ച കര്‍ശനമായ ആവശ്യങ്ങളും പത്രോസ് യേശുവിനെ യഥാര്‍ത്ഥമായി സ്നേഹിക്കാനും ആത്മാര്‍ത്ഥമായി ബഹുമാനിക്കാനും അവനു വേണ്ടി കാത്തിരിക്കാനും ഇടയാക്കി. തീര്‍ച്ചയായും, യേശുവിനോടൊപ്പം നിരവധി വര്‍ഷങ്ങള്‍ ജീവിച്ചതിനു ശേഷം മാത്രമാണ് പത്രോസ് ഇതെല്ലാം ക്രമേണ തിരിച്ചറിയാന്‍ തുടങ്ങിയത്.

പത്രോസ് സ്വാഭാവിക ബുദ്ധിസമാര്‍ത്ഥ്യത്തോടെ ജനിച്ച, സവിശേഷമായും വിവേകമുള്ള ഒരു വ്യക്തിയായിരുന്നു, എങ്കിലും യേശുവിനെ അനുഗമിക്കുന്ന വേളയില്‍ അവന്‍ പല വിഡ്ഢിത്തങ്ങളും പ്രവര്‍ത്തിച്ചു. ഏറ്റവും ആദ്യം അവന് യേശുവിനെ കുറിച്ച് ചില സങ്കല്പങ്ങളുണ്ടായിരുന്നു. അവന്‍ ചോദിച്ചു: “ജനങ്ങള്‍ പറയുന്നു നീ ഒരു പ്രവാചകനാണെന്ന്, അങ്ങനെയെങ്കില്‍ നിനക്ക് എട്ട് വയസ്സ് പ്രായത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍, നീ ദൈവമാണ് എന്ന് നിനക്കറിയമായിരുന്നോ? നീ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിക്കപ്പെട്ടവന്‍ ആയിരുന്നു എന്ന് നിനക്ക് അറിയാമായിരുന്നോ?” യേശു മറുപടി പറഞ്ഞു: “ഇല്ല, എനിക്കറിയില്ലായിരുന്നു.എന്നെ കണ്ടിട്ട് നിനക്ക് ഒരു സാധാരണ വ്യക്തിയെ പോലെ തോന്നുന്നില്ലേ? ഞാന്‍ മറ്റാരെയും പോലെ തന്നെയാണ്. പിതാവ് അയയ്ക്കുന്ന വ്യക്തി ഒരു സാധാരണ വ്യക്തിയാണ്, അസാധാരണ വ്യക്തിയല്ല. കൂടാതെ, ഞാന്‍ ചെയ്യുന്ന പ്രവൃത്തി സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിനെ പ്രതിനിധീകരിക്കുന്നു എങ്കിലും, എന്‍റെ സാദൃശ്യം, ഞാനാകുന്ന വ്യക്തി, ഈ ജഡ ശരീരം എന്നിവയ്ക്ക് സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിനെ പൂര്‍ണ്ണമായി പ്രതിനിധീകരിക്കാനാവില്ല—അവിടുത്തെ ഒരു ഭാഗത്തെ മാത്രമേ പ്രതിനിധീകരിക്കാനാകൂ. ഞാന്‍ ആത്മാവില്‍ നിന്നാണ് വന്നതെങ്കിലും, ഞാന്‍ ഒരു സാധാരണ വ്യക്തി തന്നെയാണ്, എന്‍റെ പിതാവ് എന്നെ ഈ ഭൂമിയിലേക്ക് അയച്ചത് ഒരു സാധാരണ വ്യക്തിയായിട്ടാണ്. അസാധാരണ വ്യക്തിയായിട്ടല്ല.” ഇത് കേട്ടപ്പോള്‍ മാത്രമാണ് പത്രോസിന് യേശുവിനെ കുറിച്ചുള്ള ഒരു ചെറിയ ബോധ്യം നേടാനായത്. യേശുവിന്‍റെ പ്രവൃത്തികളിലൂടെയും, അവന്‍റെ ഉപദേശങ്ങളിലൂടെയും, അവന്‍റെ അജപാലനത്തിലൂടെയും, അവന്‍റെ പരിപാലനത്തിലൂടെയും എണ്ണമറ്റ മണിക്കൂറുകള്‍ കടന്നു പോയതിനു ശേഷം മാത്രമാണ് പത്രോസിന് അവനെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള ഒരു ഗ്രാഹ്യം നേടാനായത്. യേശുവിന് 30 വയസ്സായപ്പോള്‍, തന്‍റെ ആസന്നമായ ക്രൂശീകരണത്തെ കുറിച്ചും സകല മാനവരാശിയെയും വീണ്ടെടുക്കാനുള്ള പ്രവൃത്തിയുടെ—ക്രൂശീകരണത്തിന്‍റെ പ്രവൃത്തിയുടെ—ഒരു ഘട്ടം ചെയ്യാനാണ് താന്‍ വന്നിരിക്കുന്നതെന്നും അവന്‍ പത്രോസിനോട് പറഞ്ഞു. ക്രൂശീകരണത്തിനു മൂന്ന് ദിവസത്തിനു ശേഷം മനുഷ്യപുത്രന്‍ വീണ്ടും ഉയിര്‍ക്കുമെന്നും, ഉയര്‍ത്തെഴുന്നേറ്റു കഴിഞ്ഞാല്‍ 40 ദിവസം താന്‍ ജനങ്ങള്‍ക്ക് പ്രത്യക്ഷനായിരിക്കുമെന്നും യേശു പത്രോസിനോട് പഠഞ്ഞു. ഈ വാക്കുകള്‍ കേട്ടപ്പോള്‍, പത്രോസിന് സങ്കടമാവുകയും ഈ വാക്കുകള്‍ ഹൃദയത്തില്‍ വഹിക്കുകയും ചെയ്തു; അപ്പോള്‍ മുതല്‍, അവന് യേശുവിനോടുള്ള അടുപ്പം വര്‍ദ്ധിച്ചു. കുറച്ചു കാലം അനുഭവിച്ചതിനു ശേഷം, യേശു ചെയ്ത എല്ലാ കാര്യങ്ങളും ദൈവത്തിന്‍റെ ഉണ്മയില്‍ നിന്നാണെന്ന് പത്രോസ് മനസ്സിലാക്കാന്‍ തുടങ്ങി, യേശു അനിതരസാധാരണമാം വിധം സ്നേഹനിധിയാണെന്നും അവന്‍ കരുതാനാരംഭിച്ചു. അവന് ഈ ബോധ്യം ഉണ്ടായതിനു ശേഷം മാത്രമാണ് പരിശുദ്ധാത്മാവ് അവനെ ഉള്ളില്‍ നിന്ന് പ്രബോധിപ്പിച്ചത്. അപ്പോഴാണ് യേശു തന്‍റെ ശിഷ്യന്മാരിലേക്കും തന്നെ അനുഗമിക്കുന്ന മറ്റുള്ളവരിലേക്കും തിരിയുകയും ഇങ്ങനെ ചോദിക്കുകയും ചെയ്തത്: “യോഹന്നാനേ, നീ എന്നെ ആരെന്ന് പറയുന്നു?” യോഹന്നാന്‍ മറുപടി പറഞ്ഞു: “നീ മോശെ ആണ്.” അതിനു ശേഷം അവന്‍ ലൂക്കോസിലേക്ക് തിരിഞ്ഞു: “നീയോ ലൂക്കോസേ, നീ എന്നെ ആരെന്ന് പറയുന്നു?” ലൂക്കോസ് മറുപടി പറഞ്ഞു: “നീ പ്രവാചകന്മാരില്‍ ഏറ്റവും ശ്രേഷ്ഠനാണ്.” അതിനു ശേഷം അവന്‍ ഒരു സഹോദരിയോട് ചോദിക്കുകയും അവള്‍ മറുപടി പറയുകയും ചെയ്തു: “നീ നിത്യത മുതല്‍ നിത്യത വരെ പല വചനങ്ങളും സംസാരിക്കുന്ന പ്രവാചകന്മാരില്‍ ഏറ്റവും വലിയവനാകുന്നു. ആരുടെയും പ്രവചനങ്ങള്‍ നിന്‍റേതിനോളം മഹത്തരമല്ല, നിന്‍റേതിനേക്കാള്‍ കവിഞ്ഞ അറിവും ആര്‍ക്കുമില്ല; നീ ഒരു പ്രവാചകനാണ്.” അതിനു ശേഷം യേശു തിരിഞ്ഞ് പത്രോസിനോട് ചോദിച്ചു: “പത്രോസേ, നീ എന്നെ ആരെന്ന് പറയുന്നു?” പത്രോസ് മറുപടി പറഞ്ഞു: “നീയാണ് ക്രിസ്തു, ജീവനുള്ള ദൈവത്തിന്‍റെ പുത്രന്‍. നീ സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നു. നീ ഭൂമിയുടേതല്ല. നീ ദൈവത്തിന്‍റെ സൃഷ്ടികള്‍ പോലെയല്ല. നീ ഭൂമിയിലാണ്. നീ ഞങ്ങളോടൊപ്പം ഇവിയെയുണ്ട്, എന്നാല്‍ നീ സ്വര്‍ഗ്ഗത്തിനുള്ളവനാണ്, ലോകത്തിന്‍റേതല്ല നീ ഭൂമിയുടേതല്ല.” അവന്‍റെ അനുഭവത്തിലൂടെയാണ് പരിശുദ്ധാത്മാവ് അവന് പ്രബോധനം നല്കിയത്, അതാണ് ഈ ഗ്രാഹ്യത്തിലേക്ക് വരാന്‍ അവനെ പ്രാപ്തനാക്കിയത്. ഈ ജ്ഞാനോദയത്തിനു ശേഷം, യേശു ചെയ്ത എല്ലാ കാര്യങ്ങളെയും പത്രോസ് കൂടുതല്‍ ആദരിക്കാന്‍ തുടങ്ങി, അവന്‍ കൂടുതല്‍ സ്നേഹനിധിയാണെന്ന് ചിന്തിക്കാന്‍ തുടങ്ങി, യേശുവിനെ വിട്ടുപിരിയുന്നതിന് അവന് ഒരിക്കലും മനസ്സ് വന്നിരുന്നില്ല അതിനാല്‍, ക്രൂശീകരണത്തിനും പുനരുത്ഥാനത്തിനും ശേഷം യേശു സ്വയം പത്രോസിന് മുന്നില്‍ വെളിപ്പെട്ടപ്പോള്‍, പത്രോസ് അത്യന്തം സന്തോഷത്തോടെ നിലവിളിച്ചു: “കര്‍ത്താവേ! നീ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു!” അതിനുശേഷം, വിതുമ്പിക്കൊണ്ട്, പത്രോസ് അസാമാന്യ വലിപ്പമുള്ള ഒരു മത്സ്യത്തെ പിടിച്ച്, അത് പാചകം ചെയ്ത് യേശുവിന് വിളമ്പി. യേശു പുഞ്ചിരിച്ചു, പക്ഷേ, ഒന്നും സംസാരിച്ചില്ല. യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന് പത്രോസ് അറിഞ്ഞു എങ്കിലും അതിന്‍റെ നിഗൂഢത അവന്‍ മനസ്സിലാക്കിയില്ല. അവന്‍ യേശുവിന് ഭക്ഷിക്കാനായി മത്സ്യം നല്കിയപ്പോള്‍, യേശു അത് നിരസിച്ചില്ല, എന്നാല്‍, അവന്‍ എന്തെങ്കിലും സംസാരിക്കുകയോ ഭക്ഷിക്കാനായി ഇരിക്കുകയോ ചെയ്തില്ല. പകരം, അവന്‍ പൊടുന്നനെ അപ്രത്യക്ഷനായി. ഇത് പത്രോസിന് വലിയ ഞെട്ടലുളവാക്കി, അപ്പോള്‍ മാത്രമാണ് ഉയിര്‍ത്തെഴുന്നേറ്റ യേശു മുമ്പുണ്ടായിരുന്ന യേശുവില്‍ നിന്ന് വ്യത്യസ്തനാണെന്ന് അവന്‍ മനസ്സിലാക്കിയത്. ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍, പത്രോസ് വ്യസനിച്ചു, എന്നാല്‍, കര്‍ത്താവ് തന്‍റെ പ്രവൃത്തി പൂര്‍ത്തിയാക്കി എന്നറിഞ്ഞതില്‍ നിന്നുള്ള ആശ്വാസം അവന്‍ നേടുകയും ചെയ്തു. യേശു തന്‍റെ പ്രവൃത്തി പൂര്‍ത്തിയാക്കി എന്നും, മനുഷ്യരോടൊപ്പം വസിക്കുന്നതിനുള്ള അവന്‍റെ സമയം കഴിഞ്ഞിരിക്കുന്നു എന്നും, ഇനിമേല്‍ മനുഷ്യന്‍ അവന്‍റെ സ്വന്തം പാതയില്‍ നടക്കേണ്ടതുണ്ടെന്നും അവന്‍ അറിഞ്ഞു. യേശു ഒരിക്കല്‍ അവനോട് പറഞ്ഞിരുന്നു: “ഞാന്‍ കുടിച്ച കയ്പ് പാനപാത്രത്തില്‍ നിന്ന് നീയും കുടിക്കണം (ഇതാണ് പുനരുത്ഥാനത്തിനു ശേഷം അവന്‍ പറഞ്ഞത്). ഞാന്‍ നടന്ന വഴിയേ നീയും നടക്കണം. നീ എനിക്കു വേണ്ടി നിന്‍റെ ജീവനെ നല്കണം.” ഇപ്പോഴത്തേതില്‍ നിന്ന് വ്യത്യസ്തമായി, ആ സമയത്തെ പ്രവൃത്തി ഒരു മുഖാമുഖ സംഭാഷണത്തിന്‍റെ രൂപം എടുത്തിരുന്നില്ല. കൃപായുഗത്തിൽ, പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം വിശേഷിച്ചും ഗുപ്തമായിരുന്നു, പത്രോസ് നിരവധി കഷ്ടതകളാണ് സഹിച്ചത്. ചിലപ്പോള്‍, പത്രോസ് ഇങ്ങനെ നിലവിളിക്കുന്ന ഘട്ടത്തിലെത്തിയിരുന്നു: “ദൈവമേ! എനിക്ക് ഈ ജീവിതമല്ലാതെ മറ്റൊന്നുമില്ല. ഇത് നിനക്ക് അത്ര വിലയുള്ളതല്ലെങ്കിലും, നിനക്കായി അത് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യന്‍ നിന്നെ സ്നേഹിക്കാന്‍ യോഗ്യരല്ലെങ്കിലും, അവരുടെ സ്നേഹവും ഹൃദയങ്ങളും വിലയില്ലാത്തതാണെങ്കിലും, നിനക്ക് മനുഷ്യരുടെ ഹൃദയങ്ങളുടെ അഭിലാഷം അറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യരുടെ ശരീരങ്ങള്‍ നിന്‍റെ സ്വീകാര്യത പാലിക്കുന്നില്ലെങ്കില്‍ പോലും, നീ എന്‍റെ ഹൃദയം സ്വീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.” ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നത് അവന് പ്രോത്സാഹനം നല്കി, വിശേഷിച്ചും അവന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍: “എന്‍റെ ഹൃദയം പൂര്‍ണ്ണമായി ദൈവത്തിന് സമര്‍പ്പിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. ദൈവത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല എങ്കിലും ദൈവത്തെ സത്യസന്ധമായി തൃപ്തിപ്പെടുത്താനും എന്നെ പൂര്‍ണ്ണഹൃദയത്തോടെ അവനായി സമര്‍പ്പിക്കാനും ഞാന്‍ സന്നദ്ധനാണ്. ദൈവം എന്‍റെ ഹൃദയത്തെ കടാക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” അവന്‍ പറഞ്ഞു: “ഞാന്‍ എന്‍റെ ജീവിതത്തില്‍ ഒന്നും ആവശ്യപ്പെടുന്നില്ല, എന്നാല്‍, ദൈവത്തോടുള്ള എന്‍റെ സ്നേഹത്തിന്‍റെ ചിന്തകളും എന്‍റെ ഹൃദയത്തിന്‍റെ അഭിലാഷവും ദൈവം സ്വീകരിക്കേണമേ. ഞാന്‍ ദീര്‍ഘകാലം കര്‍ത്താവായ യേശുവിനോട് കൂടെ ആയിരുന്നു, എങ്കിലും ഞാന്‍ അവനെ ഒരിക്കലും സ്നേഹിച്ചില്ല; അതാണ് എന്‍റെ ഏറ്റവും വലിയ കടം. ഞാന്‍ അവനോടു കൂടെ കഴിഞ്ഞു എങ്കിലും, ഞാന്‍ അവനെ അറിഞ്ഞില്ല, അവനറിയാതെ അവനെ കുറിച്ച് അനുചിതമായ കാര്യങ്ങള്‍ ഞാന്‍ പറയുക പോലും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നത് ഞാന്‍ കര്‍ത്താവായ യേശുവിനോട് കൂടുതല്‍ കടപ്പെട്ടിരിക്കുന്നു എന്ന ചിന്തയാണ് എന്നിലുളവാക്കുന്നത്.” ഇത്തരത്തിലാണ് അവന്‍ എപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നത്. അവന്‍ പറഞ്ഞു: “ഞാന്‍ പൊടിയേക്കാളും കുറഞ്ഞവനാണ്. ഈ വിശ്വസ്ത ഹൃദയം ദൈവത്തിനായി സമര്‍പ്പിക്കുകയല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനാവില്ല.”

തന്‍റെ ശരീരം മിക്കവാറും മുഴുവനും നുറുക്കപ്പെട്ടപ്പോള്‍ പത്രോസിന്‍റെ അനുഭവങ്ങളില്‍ ഒരു മൂര്‍ദ്ധന്യാവസ്ഥയുണ്ടായി, എന്നാല്‍, യേശു അപ്പോഴും അവന് ഉള്ളില്‍ നിന്ന് പ്രോത്സാഹനം നല്കി. ഒരിക്കല്‍ യേശു പത്രോസിന് പ്രത്യക്ഷപ്പെട്ടു. പത്രോസ് കടുത്ത കഷ്ടതയിലാവുകയും തന്‍റെ ഹൃദയം നുറുങ്ങുന്നതായി അവന് അനുഭവപ്പെടുകയും ചെയ്തപ്പോള്‍, യേശു അവന് നിര്‍ദേശം നല്കി: “നീ ഭൂമിയില്‍ എന്നോടൊപ്പം ഉണ്ടായിരുന്നു, ഇവിടെ ഞാന്‍ നിന്നോടൊപ്പമുണ്ടായിരുന്നു. നമ്മള്‍ മുമ്പ് സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചായിരുന്നെങ്കിലും, അത്, ആത്മീയ ലോകത്തിന്‍റേതായിരുന്നു. ഇപ്പോള്‍ ഞാന്‍ ആത്മീയലോകത്തിലേക്ക് മടങ്ങിയിരിക്കുന്നു, നീ ഭൂമിയിലുമാണ്. കാരണം ഞാന്‍ ഭൂമിയുടേതല്ല. നീയും ഭൂമിയുടേതല്ലെങ്കിലും, നിനക്ക് ഭൂമിയിലെ നിന്‍റെ കര്‍ത്തവ്യം നിറവേറ്റേണ്ടതുണ്ട്. നീ ഒരു ദാസനായതിനാല്‍. നീ നിന്‍റെ കടമ നിറവേറ്റണം.” ദൈവത്തിന്‍റെ അരികിലേക്ക് മടങ്ങാന്‍ തനിക്കാവുമെന്ന് കേട്ടത് പത്രോസിന് ആശ്വാസം നല്കി. ആ സമയത്ത് പത്രോസ് മിക്കവാറും ശയ്യാവലംബിയാകുവോളം കഠിനമായ വ്യഥയിലായിരുന്നു; “ദൈവത്തെ തൃപ്തിപ്പെടുത്താന്‍ എനിക്ക് സാധിക്കാത്ത വിധം ഞാന്‍ ദുഷിച്ചവനാണ്” എന്ന് പറയുന്നിടത്തോളം അവന് പശ്ചാത്താപം തോന്നി. യേശു അവനു മുന്നില്‍ പ്രത്യക്ഷനായ ശേഷം പറഞ്ഞു: “പത്രോസേ, എന്‍റെ മുന്നില്‍ നീ ഒരിക്കല്‍ എടുത്ത തീരുമാനം നീ മറന്നുപോയോ? ഞാന്‍ പറഞ്ഞതെല്ലാം നീ ശരിക്കും മറന്നോ? നീ എന്നോട് ചെയ്ത പ്രതിജ്ഞ നീ മറന്നു പോയോ?” അത് യേശുവാണെന്ന് കണ്ടപ്പോള്‍ പത്രോസ് തന്‍റെ കിടക്കയില്‍ നിന്ന് എഴുന്നേല്ക്കുകയും യേശു അവനെ ഇപ്രകാരം ആശ്വസിപ്പിക്കുകയും ചെയ്തു: “ഞാന്‍ ഭൂമിയുടേതല്ല, ഞാന്‍ നിന്നോട് ഇതിനോടകം പറഞ്ഞിട്ടുണ്ട്—ഇത് നീ മനസ്സിലാക്കണം, എന്നാല്‍, ഞാന്‍ നിന്നോട് പറഞ്ഞിരുന്ന മറ്റൊരു കാര്യം നീ മറന്നുപോയോ? ‘നീയും ഭൂമിയുടേതല്ല, ലോകത്തിന്‍റേതല്ല.’ ഇപ്പോള്‍ നീ നിറവേറ്റേണ്ടതായ കര്‍ത്തവ്യമുണ്ട്. നിനക്ക് ഇത്തരത്തില്‍ വ്യസനിക്കാനാവില്ല. നിനക്ക് ഇത്തരത്തില്‍ കഷ്ടമനുഭവിക്കാനാവില്ല. മനുഷ്യര്‍ക്കും ദൈവത്തിനും ഒരേ ലോകത്തില്‍ ഒരുമിച്ച് നിലനില്‍ക്കാനാവില്ലെങ്കിലും, എനിക്ക് എന്‍റെ കര്‍ത്തവ്യവും നിനക്ക് നിന്‍റേതുമുണ്ട്. ഒരു ദിവസം നിന്‍റെ കര്‍ത്തവ്യം പൂര്‍ത്തിയാകുമ്പോള്‍, നമ്മള്‍ ഒരേ ലോകത്തില്‍ ഒരുമിച്ചാവുകയും എന്നെന്നേക്കും എന്നോടൊപ്പം ആയിരിക്കാനായി ഞാന്‍ നിന്നെ കൂട്ടിക്കൊണ്ട് വരികയും ചെയ്യും” ഈ വാക്കുകള്‍ കേട്ടുകഴിഞ്ഞപ്പോള്‍ പത്രോസിന് ആശ്വാസവും ഉറപ്പും അനുഭവപ്പെട്ടു. ഈ കഷ്ടപ്പാട് താന്‍ സഹിക്കുകയും അനുഭവിക്കുകയും ചെയ്യേണ്ടതാണെന്ന് അവന്‍ അറിയുകയും അപ്പോള്‍ മുതല്‍ അവന് പ്രചോദനം തോന്നുകയും ചെയ്തു. ഓരോ നിര്‍ണായക നിമിഷത്തിലും യേശു പ്രത്യേകമായി അവന് പ്രത്യക്ഷനാവുകയും അവന് പ്രത്യേക പ്രബോധനവും മാര്‍ഗദര്‍ശനവും നല്കുകയും ചെയ്തു. യേശു അവനില്‍ വലിയ കാര്യങ്ങള്‍ ചെയ്തു. എന്തിനെ കുറിച്ചാണ് പത്രോസ് ഏറ്റവും കൂടുതല്‍ ഖേദിച്ചത്? “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനാണ്” എന്ന് പത്രോസ് പറഞ്ഞ് അധികം കഴിയുന്നതിനു മുമ്പ് യേശു പത്രോസിനോട് മറ്റൊരു ചോദ്യം ഉന്നയിച്ചു (എന്നാല്‍, ഇത് ഈ രീതിയില്‍ ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല). യേശു അവനോട് ചോദിച്ചു: “പത്രോസേ! നീ എന്നെ എപ്പോഴെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?” അവന്‍ എന്താണ് അര്‍ത്ഥമാക്കിയതെന്ന് പത്രോസ് മനസ്സിലാക്കുകും ഇങ്ങനെ പറയുകയും ചെയ്തു: “കാര്‍ത്താവേ! ഞാന്‍ ഒരിക്കല്‍ സ്വര്‍ഗസ്ഥനായ ദൈവത്തെ സ്നേഹിച്ചിരുന്നു, എന്നാല്‍, നിന്നെ ഞാന്‍ ഒരിക്കലും സ്നേഹിച്ചിരുന്നില്ല എന്ന് ഞാന്‍ സമ്മതിക്കുന്നു.” അപ്പോള്‍ യേശു പറഞ്ഞു: ജനങ്ങള്‍ സ്വര്‍ഗത്തിലുള്ള പിതാവിനെ സ്നേഹിക്കുന്നില്ല എങ്കില്‍ അവര്‍ക്ക് എങ്ങനെയാണ് ഭൂമിയിലുള്ള പുത്രനെ സ്നേഹിക്കാന്‍ കഴിയുക? ജനങ്ങള്‍ പിതാവായ ദൈവം അയച്ച പുത്രനെ സ്നേഹിക്കുന്നില്ല എങ്കില്‍ അവര്‍ക്ക് എങ്ങനെയാണ് സ്വര്‍ഗത്തിലുള്ള പിതാവിനെ സ്നേഹിക്കാന്‍ കഴിയുക? ജനങ്ങള്‍ ഭൂമിയിലുള്ള പുത്രനെ വാസ്തവമായും സ്നേഹിക്കുകയാണെങ്കില്‍ അവര്‍ വാസ്തവമായും സ്വര്‍ഗത്തിലുള്ള പിതാവിനെ സ്നേഹിക്കുന്നു.” ഈ വാക്കുകള്‍ കേട്ടപ്പോള്‍ തനിക്ക് എന്താണ് ഇല്ലാതെ പോയിരിക്കുന്നതെന്ന് പത്രോസ് തിരിച്ചറിഞ്ഞു. “ഞാന്‍ ഒരിക്കല്‍ സ്വര്‍ഗസ്ഥനായ ദൈവത്തെ സ്നേഹിച്ചിരുന്നു, എന്നാല്‍, നിന്നെ ഞാന്‍ ഒരിക്കലും സ്നേഹിച്ചിരുന്നില്ല” എന്ന തന്‍റെ വാക്കുകളെ ഓര്‍ത്ത് കണ്ണീര്‍ തൂകുന്ന അവസ്ഥയോളം അവന് എപ്പോഴും പശ്ചാത്താപം തോന്നിയിരുന്നു. യേശുവിന്‍റെ പുനരുത്ഥാനത്തിനും സ്വര്ഗാരോഹണത്തിനും ശേഷം, അവന് ഈ വാക്കുകളെ ഓര്‍ത്ത് കൂടുതല്‍ പശ്ചാത്താപവും വ്യസനവും തോന്നി. തന്‍റെ മുന്‍കാല പ്രവൃത്തിയും നിലവിലുള്ള ഔന്നത്യവും ഓര്‍ത്തുകൊണ്ട്, ദൈവത്തിന്‍റെ ഹിതം നിറവേറ്റാത്തതും ദൈവത്തിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും മൂലം എപ്പോഴും ഖേദിച്ചും കടപ്പാട് തോന്നിയും അവന്‍ യേശുവിന് മുന്നില്‍ പ്രാര്‍ത്ഥനയില്‍ വരുമായിരുന്നു. ഈ വിഷയങ്ങള്‍ അവന്‍റെ ഏറ്റവും വലിയ ഭാരമായി. അവന്‍ പറഞ്ഞു: “എനിക്കുള്ളതെല്ലാം, ഞാനായിരിക്കുന്നതെല്ലാം ഒരു ദിവസം ഞാന്‍ നിനക്ക് സമര്‍പ്പിക്കുകയും, ഏറ്റവും വിലയേറിയത് എന്തു തന്നെയായാലും അത് നിനക്ക് നല്കുകയും ചെയ്യും.” അവന്‍ പറഞ്ഞു: “ദൈവമേ! എനിക്ക് ഒരു വിശ്വാസവും ഒരു സ്നേഹവും മാത്രമേയുള്ളൂ. എന്‍റെ ജീവിതം ഒരു വിലയുമില്ലാത്തതാണ്, എന്‍റെ ശരീരവും ഒരു വിലയുമില്ലാത്തതാണ്. എനിക്ക് ഒരു വിശ്വാസവും ഒരു സ്നേഹവും മാത്രമേയുള്ളൂ. എനിക്ക് മനസ്സില്‍ നിന്നോടുള്ള വിശ്വാസവും എന്‍റെ ഹൃദയത്തില്‍ നിന്നോടുള്ള സ്നേഹവുമുണ്ട്; ഈ രണ്ടു കാര്യങ്ങള്‍ മാത്രമേ നിനക്ക് നല്കാന്‍ എന്‍റെ പക്കലുള്ളൂ, മറ്റൊന്നുമില്ല.” യേശുവിന്‍റെ വാക്കുകളില്‍ പത്രോസ് വളരെയധികം പ്രചോദിതനായി, കാരണം യേശു ക്രൂശിക്കപ്പെടുന്നതിനു മുമ്പ് അവന്‍ പത്രോസിനോട് പറഞ്ഞിരുന്നു: “ഞാന്‍ ഈ ലോകത്തിന്‍റേതല്ല, നീയും ഈ ലോകത്തിന്‍റേതല്ല.” പിന്നീട്, പത്രോസ് വന്‍ വേദനയുടെ ഒരു ഘട്ടത്തിലെത്തിയപ്പോള്‍, യേശു അവനെ ഓര്‍മ്മിപ്പിച്ചു: “പത്രോസേ, നീ മറന്നുപോയോ? ഞാന്‍ ലോകത്തിന്‍റേതല്ല, എന്‍റെ പ്രവൃത്തിക്കായി മാത്രമാണ് ഞാന്‍ നേരത്തെ പുറപ്പെട്ടത്. നീയും ലോകത്തിന്‍റേതല്ല, നീ അത് ശരിക്കും മറന്നോ? ഞാന്‍ നിന്നോട് രണ്ടു തവണ പറഞ്ഞിരുന്നു, നീ ഓര്‍ക്കുന്നില്ലേ?” ഇത് കേട്ട് പത്രോസ് പറഞ്ഞു: “ഞാന്‍ മറന്നിട്ടില്ല!” അപ്പോള്‍ യേശു പറഞ്ഞു: “ഒരിക്കല്‍ നീ എന്നോടൊപ്പം സ്വര്‍ഗ്ഗത്തില്‍ സന്തോഷകരമായ ഒരു സമയവും എന്‍റെ ചാരെ ഒരു കാലയളവും ചെലവഴിച്ചു. നീ എന്നെ പിരിഞ്ഞിരിക്കുന്നു, ഞാന്‍ നിന്നെയും പിരിഞ്ഞിരിക്കുന്നു. സൃഷ്ടികള്‍ എന്‍റെ കണ്ണുകളില്‍ പരാമര്‍ശം അര്‍ഹിക്കുന്നില്ല എങ്കിലും, നിഷ്കളങ്കനും സ്നേഹനിധിയുമായ ഒരുവനെ എനിക്ക് എങ്ങനെ സ്നേഹിക്കാതിരിക്കാനാവും? നീ എന്‍റെ വാഗ്ദാനം മറന്നോ? ഭൂമിയിലെ എന്‍റെ ദൗത്യം നീ സ്വീകരിക്കണം; ഞാന്‍ നിന്നിൽ ഭരമേല്പിച്ച കര്‍ത്തവ്യം നീ നിറവേറ്റണം. നീ എന്‍റെ ചാരത്ത് ആയിരിക്കാനായി ഒരു ദിവസം ഞാന്‍ തീര്‍ച്ചയായും നിന്നെ കൂട്ടിക്കൊണ്ട് വരും.” ഇത് കേട്ടതിനു ശേഷം, പത്രോസിന് കൂടുതല്‍ പ്രോത്സാഹനം തോന്നുകയും, കുരിശില്‍ ആയിരിക്കുമ്പോള്‍ അവന് ഇങ്ങനെ പറയാന്‍ കഴിയുന്ന വിധത്തില്‍ കൂടതല്‍ പ്രചോദനം ലഭിക്കുകയും ചെയ്തു: “ദൈവമേ! എനിക്ക് നിന്നെ മതിയാവോളം സ്നേഹിക്കാനാവില്ല! നീ എന്നോട് മരിക്കാന്‍ ആവശ്യപ്പെട്ടാല്‍ പോലും, എനിക്ക് നിന്നെ മതിയാവോളം സ്നേഹിക്കാനാവില്ല. നീ എന്‍റെ ആത്മാവിനെ എവിടെ അയച്ചാലും, നിന്‍റെ മുന്‍ വാഗ്ദാനങ്ങള്‍ നീ പാലിച്ചാലും ഇല്ലെങ്കിലും, അതിനുശേഷം നീ എന്തുതന്നെ ചെയ്താലും, ഞാന്‍ നിന്നെ സ്നേഹിക്കുകയും നിന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നു.” അവന്‍ മുറുകെപ്പിടിച്ചത് അവന്‍റെ വിശ്വാസത്തെയുംയഥാര്‍ത്ഥ സ്നേഹത്തെയുമായിരുന്നു.

ഒരു സായാഹ്നത്തില്‍, പത്രോസ് ഉള്‍പ്പെടെയുള്ള നിരവധി ശിഷ്യന്മാര്‍ യേശുവിനോടൊപ്പം ഒരു മത്സ്യബന്ധന വള്ളത്തിലായിരുന്നു. അപ്പോള്‍ പത്രോസ് യേശുവിനോട് വളരെ നിഷ്കളങ്കമായ ഒരു ചോദ്യം ചോദിച്ചു: “കര്‍ത്താവേ! വളരെ ദീര്‍ഘനാളുകളായി എന്‍റെ മനസ്സിലുള്ള ഒരു ചോദ്യം നിന്നോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” യേശു മറുപടി പറഞ്ഞു: “എങ്കില്‍ ചോദിച്ചോളൂ!” അപ്പോള്‍ പത്രോസ് ചോദിച്ചു: “ന്യായപ്രമാണയുഗത്തിൽ ചെയ്തിരുന്ന പ്രവൃത്തി നിന്‍റെ പ്രവൃത്തി ആയിരുന്നോ?” ഈ ശിശു, ഇവന്‍ എത്ര നിഷ്കളങ്കന്‍!“ എന്നു പറയുന്ന വിധത്തില്‍ യേശു പുഞ്ചിരിച്ചു. അതിനു ശേഷം അവന്‍ ബോധപൂര്‍വ്വം തുടര്‍ന്നു: “അത് എന്‍റേതായിരുന്നില്ല. അത് യഹോവയുടെയും മോശെയുടെയും പ്രവൃത്തി ആയിരുന്നു.” പത്രോസ് ഇത് കേട്ട് ആശ്ചര്യപ്പെട്ടു: “ഓ! അപ്പോള്‍ അത് നിന്‍റെ പ്രവൃത്തി അല്ലായിരുന്നു.” പത്രോസ് ഇത് പറഞ്ഞതിനു ശേഷം യേശു ഒന്നും സംസാരിച്ചില്ല. പത്രോസ് അവനോട് തന്നെ പറഞ്ഞു: “അത് ചെയ്തത് നീ അല്ല, അതിനാല്‍ നീ വന്നത് ന്യായപ്രമാണത്തെ നശിപ്പിക്കാനായിട്ടാണ് എന്നതില്‍ അതിശയത്തിന് വകയില്ല, കാരണം അത് നിന്‍റെ പ്രവൃത്തി ആയിരുന്നില്ല.” അവന്‍റെ ഹൃദയത്തിനും ആശ്വാസമായി. അതിനുശേഷം, പത്രോസ് തികച്ചും നിഷ്കളങ്കനാണെന്ന് യേശു തിരിച്ചറിഞ്ഞു, എന്നാല്‍, ആ സമയത്ത് അവന് ഒരു ഗ്രാഹ്യവുമില്ലാതിരുന്നതിനാല്‍ യേശു എന്തെങ്കിലും പറയുകയോ അവനെ നേരിട്ട് ഖണ്ഡിക്കുകയോ ചെയ്തില്ല. ഒരിക്കല്‍ പത്രോസ് ഉള്‍പ്പെടെയുള്ള നിരവധി ആളകള്‍ സന്നിഹിതരായിരുന്ന ഒരു സിനഗോഗില്‍ യേശു ഒരു പ്രഭാഷണം നടത്തി. തന്‍റെ പ്രഭാഷണത്തില്‍ യേശു പറഞ്ഞു: “നിത്യതയില്‍ നിന്ന് നിത്യതയിലേക്ക് വരുന്ന ഒരുവന്‍ പാപത്തില്‍ നിന്ന് സകല മനുഷ്യവര്‍ഗത്തെയും വീണ്ടെടുക്കുന്നതിനായി കൃപായുഗത്തിൽ വീണ്ടെടുപ്പിന്‍റെ പ്രവൃത്തി ചെയ്യുന്നതാണ്, എന്നാല്‍, മനുഷ്യനെ പാപത്തില്‍ നിന്ന് പുറത്തേക്ക് നയിക്കുന്നതിന് അവന് ഒരു ചട്ടവും തടസ്സമാകുന്നതല്ല. അവന് ന്യായപ്രമാണത്തില്‍ നിന്ന് പുറത്തു കടക്കുകയും കൃപായുഗത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. അവന്‍ സകല മാനവരാശിയെയും വീണ്ടെടുക്കും. അവന്‍ ന്യായപ്രമാണയുഗം തരണം ചെയ്ത് കൃപായുഗത്തിലേക്ക് മുന്നേറുന്നതാണ്, എന്നാല്‍ യഹോവയില്‍ നിന്ന് വന്ന അവനെ ആരും അറിയുന്നില്ല. മോശെ ചെയ്ത പ്രവൃത്തി യഹോവ അനുവദിച്ചതാണ്; മോശെ ന്യായപ്രമാണം തയ്യാറാക്കിയത് യഹോവ ചെയ്ത പ്രവൃത്തി കാരണമാണ്.” ഇത് പറഞ്ഞതിനു ശേഷം, അവന്‍ തുടര്‍ന്നു: “കൃപായുഗത്തിൽ കൃപായുഗത്തിന്‍റെ കല്പനകളെ ഇല്ലാതാക്കുന്നവര്‍ ദുരന്തം നേരിടും. അവന്‍ ദേവാലയത്തില്‍ നിൽക്കകയും ദൈവത്തിന്‍റെ സംഹാരം ഏറ്റുവാങ്ങുകയും വേണം, അവരുടെ മേല്‍ അഗ്നി പതിക്കുന്നതാണ്.” ഈ വാക്കുകള്‍ കേട്ടത് പത്രോസില്‍ ഏറെക്കുറെ ഒരു പ്രഭാവമുളവാക്കി, അവന്‍റെ അനുഭവത്തിന്‍റെ ഒരു കാലയളവിലുടനീളം യേശു പത്രോസിനോട് ഹൃദയത്തോട് ഹൃദയം സംസാരിച്ച് അവനെ നയിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്തത് പത്രോസിന് യേശുവിനെ കുറിച്ച് അല്പം കൂടി മെച്ചപ്പെട്ട ഒരു ഗ്രാഹ്യം നല്കി. ആ ദിവസം യേശു പ്രസംഗിച്ച കാര്യവും മത്സ്യബന്ധന വള്ളത്തിലായിരുന്നപ്പോള്‍ താന്‍ ചോദിച്ച ചോദ്യവും യേശു നല്കിയ മറുപടിയും അവന്‍ പുഞ്ചിരിച്ച വിധവും പത്രോസ് തിരിഞ്ഞു ചിന്തിച്ചപ്പോള്‍, അതിനെ കുറിച്ചെല്ലാം അവസാനം പത്രോസിന് ഒരു ധാരണ ലഭിച്ചു. അതിനുശേഷം, പരിശുദ്ധാത്മാവ് പത്രോസിനെ പ്രബോധിപ്പിച്ചു, അതിനു ശേഷം മാത്രമാണ് യേശു ജീവനുള്ള ദൈവത്തിന്‍റെ പുത്രനാണ് എന്ന് അവന് മനസ്സിലായത്. പത്രോസിന്‍റെ ബോധ്യം പരിശുദ്ധാത്മാവിന്‍റെ പ്രബോധനത്തില്‍ നിന്നാണ് വന്നത്, എന്നാല്‍, അവന്‍റെ ബോധ്യത്തിലേക്ക് ഒരു പ്രക്രിയ ഉണ്ടായിരുന്നു. ചോദ്യങ്ങള്‍ ചോദിക്കുക, യേശുവിന്‍റെ പ്രസംഗം കേള്‍ക്കുക, അതിനു ശേഷം യേശുവിന്‍റെ പ്രത്യേക കൂട്ടായ്മയും അവന്‍റെ പ്രത്യേക അജപാലനവും കൈക്കൊള്ളുക എന്നിവയിലൂടെയാണ് യേശു ജീവനുള്ള ദൈവത്തിന്‍റെ പുത്രനാണ് എന്ന് പത്രോസ് തിരിച്ചറിയാന്‍ ഇടയായത്. അത് ഒറ്റ രാത്രികൊണ്ട് കൈവരിച്ചതല്ല; അതൊരു പ്രക്രിയയായിരുന്നു, അത് അവന്‍റെ പില്‍ക്കാല അനുഭവങ്ങളില്‍ അവന് ഒരു സഹായമായി ഭവിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് യേശു പരിപൂർണമാക്കലിന്‍റെ പ്രവൃത്തി മറ്റുള്ളവരില്‍ ചെയ്യാതെ പത്രോസില്‍ മാത്രം ചെയ്തത്? കാരണം യേശു ജീവനുള്ള ദൈവത്തിന്‍റെ പുത്രനാണ് എന്ന് മനസ്സിലാക്കിയത് പത്രോസ് മാത്രമാണ്, മറ്റൊരാള്‍ക്കും ഇത് അറിയില്ലായിരുന്നു. പല ശിഷ്യന്മാര്‍ക്കും അവനെ അനുഗമിക്കുന്ന സമയത്ത് പലതും അറിയാമായിരുന്നു എങ്കിലും അവരുടെ അറിവ് ഉപരിപ്ലവമായിരുന്നു. അതിനാലാണ് പരിപൂർണനാക്കപ്പെടുന്നതിനുള്ള മാതൃകയായി പത്രോസിനെ യേശു തെരഞ്ഞെടുത്തത്. യേശു അന്ന് പത്രോസിനോട് പറഞ്ഞ കാര്യമാണ് അവന്‍ ഇന്ന് ജനങ്ങളോട് പറയുന്നത്, അവരുടെ അറിവും ജീവിത പ്രവേശനവും പത്രോസിന്‍റേതിനോളം എത്തേണ്ടതുണ്ട്. ഈ ആവശ്യകതയ്ക്കും പാതയ്ക്കും അനുസൃതമായാണ് ദൈവം ഏവരെയും പരിപൂർണരാക്കുന്നത്. എന്തുകൊണ്ടാണ് ജനങ്ങള്‍ക്ക് ഇന്ന് യഥാര്‍ത്ഥ വിശ്വാസവും വാസ്തവത്തിലുള്ള സ്നേഹവും ആവശ്യമായിരിക്കുന്നത്? പത്രോസ് അനുഭവിച്ചത് നിങ്ങളും അനുഭവിക്കണം; തന്‍റെ അനുഭവങ്ങളില്‍ നിന്ന് പത്രോസ് ആര്‍ജ്ജിച്ച ഫലങ്ങള്‍ നിങ്ങളിലും ആവിഷ്കൃതമാകണം; പത്രോസ് അനുഭവിച്ച വേദന നിങ്ങളും അനുഭവിക്കണം. നിങ്ങള്‍ നടക്കുന്ന പാത പത്രോസ് നടന്നത് തന്നെയാണ്. നിങ്ങള്‍ സഹിക്കുന്ന വേദന പത്രോസ് സഹിച്ചത് തന്നെയാണ്. നിങ്ങള്‍ മഹത്വം കൈവരിക്കുകയും നിങ്ങള്‍ ഒരു യഥാര്‍ത്ഥ ജീവിതം ജീവിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ പത്രോസിന്‍റെ സാദൃശ്യം പ്രാവര്‍ത്തികമാക്കുന്നു. പാത ഒന്നു തന്നെയാണ്, അത് പിന്തുടരുന്നതിലൂടെ ഒരുവന്‍ പരിപൂർണനാക്കപ്പെടുന്നു. എന്നിരുന്നാലും, പത്രോസിന്‍റേതുമായി താരതമ്യം ചെയ്യുമ്പോള്‍ നിങ്ങളുടെ കഴിവിന് പോരായ്മകളുണ്ട്. കാരണം, കാലം മാറിയിരിക്കുന്നു, അതുപോലെതന്നെ മനുഷ്യർ ദുഷിക്കുന്നതിന്‍റെ വ്യാപ്തിയും മാറി, മാത്രമല്ല യഹൂദ്യ ദീര്‍ഘകാലമായി നിലനിന്നിരുന്ന പുരാതന സംസ്കാരത്തോടു കൂടിയ ഒരു രാജ്യവുമായിരുന്നു. അതിനാല്‍, നിങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിന് നിങ്ങളാലാവുന്നതെല്ലാം നിങ്ങള്‍ ചെയ്യണം.

പത്രോസ് വളെ വിവേകമതിയായിരുന്നു, താന്‍ ചെയ്തിരുന്ന എല്ലാക്കാര്യങ്ങളിലും സൂക്ഷ്മതയുള്ള വ്യക്തിയായിരുന്നു, മാത്രമല്ല അവന്‍ അതീവ സത്യസന്ധനുമായിരുന്നു. അവന്‍ നിരവധി തിരിച്ചടികള്‍ നേരിട്ടു. സമൂഹവുമായുള്ള അവന്‍റെ അദ്യ സമ്പര്‍ക്കം ഉണ്ടായത് അവന്‍റെ പതിനാലാം വയസ്സില്‍ വിദ്യാലയത്തില്‍ ചേരുകയും സിനഗോഗില്‍ പോകുകയും ചെയ്തപ്പോഴാണ്. അവന്‍ വളരെ ശുഷ്കാന്തി നിറഞ്ഞവനും യോഗങ്ങളില്‍ പങ്കെടുക്കാന്‍ എപ്പോഴും സന്നദ്ധനുമായിരുന്നു. ആ സമയത്ത് യേശു ഔപചാരികമായി തന്‍റെ പ്രവൃത്തി ആരംഭിച്ചിരുന്നില്ല; അത് കൃപായുഗത്തിന്‍റെ ആരംഭം മാത്രമായിരുന്നു. പത്രോസിന് 14 വയസ്സായപ്പോള്‍ അവന്‍ മതത്തിന്‍റെ വക്താക്കളുമായി സമ്പര്‍ക്കത്തില്‍ വരാന്‍ തുടങ്ങി; അവന് 18 വയസ്സായപ്പോഴേക്കും അവന്‍ മതത്തിലെ പ്രമാണിമാരുമായി സമ്പര്‍ക്കത്തിലായി, എന്നാല്‍, മതത്തിനു പിന്നിലുള്ള കുത്തഴിഞ്ഞ അവസ്ഥ കണ്ടതിനു ശേഷം അവന്‍ അതില്‍ നിന്നു പിന്‍വാങ്ങി. ഈ ആളുകള്‍ എത്ര സൂത്രശാലികളും കൗശലക്കാരും വക്രബുദ്ധിയുള്ളവരുമാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ അവന് അത്യന്തം വെറുപ്പ് തോന്നുകയും (അവനെ പരിപൂര്‍ണ്ണനാക്കുന്നതിന് ആ സമയത്ത് ഇങ്ങനെയാണ് പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചിരുന്നത്. ആത്മാവ് അവനെ പ്രത്യേകം ചലിപ്പിക്കുകയും അവനില്‍ ചില പ്രത്യേക പ്രവൃത്തികള്‍ ചെയ്യുകയും ചെയ്തു), പതിനെട്ടാം വയസ്സില്‍ അവന്‍ സിനഗോഗില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. അവന്‍റെ മാതാപിതാക്കള്‍ അവനെ പീഡിപ്പിക്കുകയും വിശ്വസിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു (അവര്‍ പിശാചുക്കളും അവിശ്വാസികളുമായിരുന്നു). അവസാനം, പത്രോസ് വീടുവിട്ടിറങ്ങുകയും മീന്‍ പിടിച്ചും പ്രസംഗിച്ചും രണ്ട് വര്‍ഷം എല്ലായിടത്തും സഞ്ചരിക്കുകയും ചെയ്തു. ആ സമയത്ത് അവന്‍ ഏതാനും ആളുകളെ നയിക്കുകയും ചെയ്തിരുന്നു. പത്രോസ് തെരഞ്ഞെടുത്ത കൃത്യമായ പാത ഇപ്പോള്‍ നിങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കണം. പത്രോസിന്‍റെ പാത നിങ്ങള്‍ക്ക് വ്യക്തമായി കാണാനാവുന്നുണ്ടെങ്കില്‍, ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തിയെ കുറിച്ച് നിങ്ങള്‍ക്ക് തീര്‍ച്ചയായിരിക്കും. അപ്പോള്‍ നിങ്ങള്‍ പരാതിപ്പെടുകയോ നിര്‍ജ്ജീവമായിരിക്കുകയോ എന്തിനെങ്കിലും വേണ്ടി കാത്തിരിക്കുകയോ ചെയ്യില്ല. പത്രോസിന്‍റെ ആ സമയത്തെ മനോനില നിങ്ങള്‍ അനുഭവിക്കണം: അവന്‍ വ്യസനം നിറഞ്ഞവനായിരുന്നു; അവന്‍ പിന്നീട് ഒരു ഭാവിയോ ഏതെങ്കിലും അനുഗ്രഹങ്ങളോ ചോദിച്ചില്ല. അവൻ ലാഭമോ സന്തോഷമോ പ്രശസ്തിയോ ലോകത്തിലെ സൗഭാഗ്യമോ തേടിയില്ല; ദൈവത്തിന്‍റെ സ്നേഹം തിരികെ നല്കുന്നതിനായി ഏറ്റവും അര്‍ത്ഥപൂർണമായ ജീവിതം നയിക്കാനും താന്‍ ഏറ്റവും വിലയേറിയതായി കരുതുന്നത് ദൈവത്തിനായി സമര്‍പ്പിക്കാനും മാത്രമേ അവന്‍ അഗ്രഹിച്ചുള്ളു. അപ്പോള്‍ അവന് ഹൃദയത്തില്‍ തൃപ്തി തോന്നും. അവന്‍ പലപ്പോഴും യേശുവിനോട് ഈ വാക്കുകളില്‍ പ്രാര്‍ത്ഥിച്ചു: “കര്‍ത്താവായ യേശു ക്രിസ്തുവേ, ഒരിക്കല്‍ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു, എന്നാല്‍, ഞാന്‍ ഒരിക്കലും നിന്നെ സത്യത്തില്‍ സ്നേഹിച്ചിരുന്നില്ല. നിന്നില്‍ വിശ്വാസമുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ ഹൃദയത്തോടെ ഞാന്‍ നിന്നെ ഒരിക്കലും സ്നേഹിച്ചിരുന്നില്ല. ഞാന്‍ നിന്നെ നോക്കുകയും, നിന്നെ ആരാധിക്കുകയും, നിന്നെ പിരിഞ്ഞപ്പോള്‍ ദുഃഖിക്കുകയും ചെയ്തു, എന്നാല്‍, ഞാന്‍ ഒരിക്കലും നിന്നെ സ്നേഹിക്കുകയോ നിന്നില്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല.” തന്‍റെ തീരുമാനമെടുക്കാന്‍ അവന്‍ നിരന്തരമായി പ്രാര്‍ത്ഥിച്ചു. യേശുവിന്‍റെ വാക്കുകളില്‍ നിന്ന് അവന് എപ്പോഴും പ്രചോദനം ലഭിക്കുകയും അവൻ അവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു. പിന്നീട്, അനുഭവത്തിന്‍റെ ഒരു കാലയളവിനു ശേഷം, യേശു തനിക്കായി കൂടുതല്‍ വാഞ്ഛിക്കാന്‍ അവനെ പ്രകോപിപ്പിച്ചുകൊണ്ട് അവനെ പരീക്ഷിച്ചു. അവന്‍ പറഞ്ഞു: “കര്‍ത്താവായ യേശു ക്രിസ്തുവേ! നിന്നെ പിരിഞ്ഞിരിക്കുമ്പോള്‍ ഞാന്‍ എത്രമാത്രം വ്യസനിക്കുകയും നിന്നിലേക്ക് നോക്കാന്‍ കാംക്ഷിക്കുകയും ചെയ്യുന്നു. എനിക്ക് വളരെയധികം പോരായ്മകളുണ്ട്, നിന്‍റെ സ്നേഹത്തിന് പകരം നൽകാന്‍ എനിക്കാവുന്നില്ല. നീ എന്നെ വേഗം എടുക്കേണമെന്ന് ഞാന്‍ നിന്നോട് യാചിക്കുന്നു. എപ്പോഴാണ് നിനക്ക് എന്നെ ആവശ്യം വരുക? എപ്പോഴാണ് നീ എന്നെ എടുക്കുക? എപ്പോഴാണ് എനിക്ക് വീണ്ടും നിന്‍റെ മുഖത്തേക്ക് നോക്കാനാവുക? ഈ ശരീരത്തില്‍ ഇനി കൂടുതല്‍ ജീവിക്കാനും ദുഷിക്കുന്നത് തുടരാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ മറുതലിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കുള്ളതെല്ലാം എനിക്കാവുന്നതും നേരത്തെ നിനക്കായി സമര്‍പ്പിക്കാന്‍ ഞാന്‍ ഒരുക്കമാണ്, നിന്നെ കൂടുതല്‍ വിഷമിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” ഇങ്ങനെയാണ് അവന്‍ പ്രാര്‍ത്ഥിച്ചത്, എന്നാല്‍, ആ സമയത്ത് യേശു അവനില്‍ എന്ത് പരിപൂർണതയാണ് വരുത്തുക എന്ന് അവന്‍ അറിഞ്ഞിരുന്നില്ല. തന്‍റെ പരീക്ഷണത്തിന്‍റെ വ്യഥയുടെ വേളയില്‍, യേശു വീണ്ടും അവന് പ്രത്യക്ഷനായി പറഞ്ഞു: “പത്രോസേ, നീ നിന്നിലെ എന്‍റെ പരിപൂർണതയുടെ പളുങ്കും ഞാന്‍ ആനന്ദിക്കുന്നതുമായ ഒരു നല്ല ഫലമാകുന്നതിന് നിന്നെ ഞാന്‍ പരിപൂർണനാക്കും. നിനക്ക് വാസ്തവമായി എനിക്ക് സാക്ഷ്യം പറയാമോ? ഞാന്‍ നിന്നോട് ചെയ്യാനാവശ്യപ്പെട്ട കാര്യം നീ ചെയ്തോ? ഞാന്‍ പറഞ്ഞ വചനങ്ങള്‍ നീ പ്രാവര്‍ത്തികമാക്കിയോ? നീ ഒരിക്കല്‍ എന്നെ സ്നേഹിച്ചിരുന്നു, എന്നാല്‍, നീ എന്നെ സ്നേഹിച്ചിരുന്നെങ്കിലും നീ എന്നെ പ്രാവര്‍ത്തികമാക്കിയോ? എന്താണ് നീ എനിക്കു വേണ്ടി ചെയ്തത്? എന്‍റെ സ്നേഹത്തിന് നിനക്ക് അര്‍ഹതയില്ല എന്ന് നീ തിരിച്ചറിഞ്ഞു, എന്നാല്‍, നീ എനിക്കു വേണ്ടി ചെയ്തത് എന്താണ്?” പത്രോസ് താന്‍ യേശുവിനു വേണ്ടി ഒന്നും ചെയ്തില്ല എന്നു കാണുകയും ദൈവത്തിനു തന്‍റെ ജീവന്‍ നല്കുന്നതാണെന്ന തന്‍റെ മുന്‍ പ്രതിജ്ഞ ഓര്‍ക്കുകയും ചെയ്തു. അതിനാല്‍, പിന്നീടൊരിക്കലും അവന്‍ പരാതിപ്പെട്ടില്ല, അവന്‍റെ പ്രാര്‍ത്ഥനകള്‍ അതിനു ശേഷം കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു. അവന്‍ ഇങ്ങനെ പറഞ്ഞ് പ്രാര്‍ത്ഥിച്ചു: “കര്‍ത്താവായ യേശു ക്രിസ്തുവേ! ഞാന്‍ ഒരിക്കല്‍ നിന്നെ വിട്ടുപോയി, നീയും ഒരിക്കല്‍ എന്നെ വിട്ടുപോയി. നമ്മള്‍ വേര്‍പിരിഞ്ഞ് ചെലവഴിച്ച സമയങ്ങളുണ്ട്. നമ്മള്‍ ഒരുമിച്ചിരുന്ന സമയങ്ങളുമുണ്ട്. എന്നിട്ടും മറ്റെന്തിനേക്കാളും കൂടുതലായി നീ എന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നോട് ആവര്‍ത്തിച്ച് മറുതലിക്കുകയും നിന്നെ വീണ്ടും വീണ്ടും വ്യസനത്തിലാക്കുകയും ചെയ്തിട്ടുണ്ട്. അക്കാര്യങ്ങള്‍ എനിക്ക് എങ്ങനെയാണ് മറക്കാനാവുക? നീ എന്നില്‍ ചെയ്ത പ്രവൃത്തിയും നീ എന്നെ ഭരമേല്പിച്ചിരിക്കുന്ന കര്‍ത്തവ്യവും എപ്പോഴും എന്‍റെ മനസ്സിലുണ്ട്, അത് ഞാന്‍ ഒരിക്കലും മറക്കില്ല. നീ എന്നില്‍ ചെയ്ത പ്രവൃത്തിക്കായി എന്നാലാവുന്ന എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്തു. എനിക്ക് എന്ത് ചെയ്യാനാവുമെന്ന് നിനക്കറിയാം, എനിക്ക് വഹിക്കാനാവുന്ന പങ്ക് എന്താണെന്നും നിനക്കറിയാം. നിന്‍റെ ആസൂത്രണങ്ങള്‍ക്കായി സമര്‍പ്പിതനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എനിക്കുള്ളതെല്ലാം നിനക്ക് ഞാന്‍ സമര്‍പ്പിക്കും. നിനക്കു വേണ്ടി എനിക്ക് എന്തു ചെയ്യാനാവുമെന്ന് നിനക്ക് മാത്രമേ അറിയൂ. സാത്താന്‍ എന്നെ ഇത്രയധികം കബളിപ്പിക്കുകയും ഞാന്‍ നിനക്കെതിരായി മറുതലിക്കുകയും ചെയ്തു എങ്കിലും നീ എന്നെ ഓർക്കുന്നത് ആ അതിക്രമങ്ങളുടെ പേരിലായിരിക്കില്ല എന്നും, നീ എന്നെ പരിഗണിക്കുന്നത് അവയുടെ അടിസ്ഥാനത്തിലായിരിക്കില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ ജീവിതം മുഴുവനായി നിനക്കു വേണ്ടി സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഒന്നും ആവശ്യപ്പെടുന്നില്ല, മറ്റ് പ്രതീക്ഷകളോ പദ്ധതികളോ എനിക്കില്ല താനും; നിന്‍റെ ഉദ്ദേശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനും നിന്‍റെ ഹിതം പ്രവർത്തിക്കാനും മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ നിന്‍റെ കയ്പിന്‍റെ പാനപാത്രത്തില്‍ നിന്ന് കുടിക്കുകയും നിന്‍റെ കല്പനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.”

നിങ്ങള്‍ നടക്കുന്ന പാതയെ കുറിച്ച് നിങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരിക്കണം; ഭാവിയില്‍ നിങ്ങൾ തിരഞ്ഞെക്കുന്ന പാതയെ കുറിച്ചും, ദൈവം എന്താണ് പരിപൂർണമാക്കുന്നത് എന്നതിനെ കുറിച്ചും, നിങ്ങളെ ഭരമേല്പിച്ചിരിക്കുന്നത് എന്താണ് എന്നതിനെ കുറിച്ചും നിങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരിക്കണം. ഒരു ദിവസം, ഒരുപക്ഷേ, നിങ്ങളെ പരീക്ഷിക്കുന്നതാണ്, ആ സമയം വരുമ്പോള്‍ പത്രോസിന്‍റെ അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് കഴിയുകയാണെങ്കില്‍, നിങ്ങള്‍ വാസ്തവമായും പത്രോസിന്‍റെ പാതയിലാണ് നടക്കുന്നത് എന്ന് അത് കാണിക്കുന്നതാണ്. തന്‍റെ സത്യ വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ദൈവത്തോടുള്ള വിശ്വസ്തതയുടെയും പേരില്‍ ദൈവം പത്രോസിനെ ശ്ലാഘിച്ചു. അവന്‍റെ സത്യസന്ധതയുടെയും അവന്‍റെ ഹൃദയത്തില്‍ ദൈവത്തിനായുള്ള വാഞ്ഛയുടെയും പേരിലാണ് ദൈവം അവനെ പരിപൂർണനാക്കിയത്. പത്രോസിന്‍റെ അതേ സ്നേഹവും വിശ്വാസവും വാസ്തവത്തില്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, യേശു തീര്‍ച്ചയായും നിങ്ങളെ പരിപൂർണനാക്കും.

മുമ്പത്തേത്: ദൈവത്തെ അറിയുന്നവര്‍ക്കുമാത്രമേ അവിടുത്തേക്ക് സാക്ഷ്യം വഹിക്കാനാകൂ

അടുത്തത്: ദൈവത്തെ സ്നേഹിക്കുന്നവര്‍ എന്നേക്കും അവന്റെ പ്രകാശത്തില്‍ വസിക്കും

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക