ക്രിസ്തുവിനോടു പൊരുത്തപ്പെടാത്തവർ തീർച്ചയായും ദൈവത്തിന്‍റെ എതിരാളികളാണ്

ക്രിസ്തുവിന്‍റെ യഥാർത്ഥ മുഖഭാവം കാണുവാൻ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു, അവന്‍റെ കൂടെ ആയിരിക്കാൻ എല്ലാവരും അഭിലഷിക്കുന്നു. യേശുവിനെ കാണാനോ അവന്‍റെ കൂടെ ആയിരിക്കാനോ ആഗ്രഹിക്കുന്നില്ലെന്നു ഏതെങ്കിലുമൊരു സഹോദരനോ സഹോദരിയോ പറയുമെന്നു ഞാൻ വിചാരിക്കുന്നില്ല. യേശുവിനെ കാണുന്നതിനു മുമ്പ്—മനുഷ്യാവതാരമെടുത്ത ദൈവത്തെ കാണുന്നതിനു മുമ്പ്—യേശുവിന്‍റെ രൂപം, അവന്‍റെ സംസാര ശൈലി, അവന്‍റെ ജീവിതശൈലി തുടങ്ങിയവയെ കുറിച്ചൊക്കെ എല്ലാത്തരം സങ്കൽപ്പങ്ങളും നിങ്ങൾ വെച്ചുപുലർത്താനിടയുണ്ട്. പക്ഷേ, ഒരിക്കൽ നിങ്ങളവനെ ശരിക്കും കണ്ടുകഴിഞ്ഞാൽപ്പിന്നെ നിങ്ങളുടെ സങ്കൽപ്പങ്ങൾ അതിവേഗം മാറും. ഇതെന്തുകൊണ്ടാണ്? അറിയാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? മനുഷ്യന്‍റെ ചിന്തയെ അവഗണിക്കാനാകില്ല എന്നതു ശരിയാണ്. പക്ഷേ, അതിലുപരി, ക്രിസ്തുവിന്‍റെ സത്തയെ മനുഷ്യൻ മാറ്റിമറിക്കുന്നത് അംഗീകരിക്കാനാവില്ല. ക്രിസ്തുവിനെ നിങ്ങൾ ഒരു അമർത്യനോ ഒരു ജ്ഞ്ഞാനിയോ ആയി കരുതുന്നു, പക്ഷേ, ദൈവികസത്ത ഉൾനിറഞ്ഞ ഒരു സാധാരണ മനുഷ്യനായി ആരും അവനെ കാണുന്നില്ല. ആയതിനാൽ, രാപ്പകൽ ദൈവത്തെ കാണാൻ കൊതിക്കുന്നവരിൽ നിരവധി പേർ യഥാർത്ഥത്തിൽ ദൈവത്തിന്‍റെ ശത്രുക്കളും അവനുമായി പൊരുത്തപ്പെടാത്തവരുമാണ്. ഇതു മനുഷ്യന്‍റെ ഭാഗത്തുള്ള ഒരബദ്ധമല്ലേ? എന്നിട്ടും, ക്രിസ്തുവിന്‍റെ മുഖഭാവം ദർശിക്കാൻ നിങ്ങൾക്കുള്ള വിശ്വാസവും വിശ്വസ്തതയും നിമിത്തം നിങ്ങൾ അർഹരാണെന്ന് ഇപ്പോൾപ്പോലും നിങ്ങൾ ചിന്തിക്കുന്നു. എന്നാൽ, പ്രായോഗികമായ കൂടുതൽ കാര്യങ്ങൾകൊണ്ടു സജ്ജരാകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു! കാരണം, കഴിഞ്ഞ കാലത്തും ഇപ്പോഴും ക്രിസ്തുവുമായി ബന്ധപ്പെട്ടിട്ടുള്ളവരിൽ അനേകർ പരാജയപ്പെട്ടിട്ടുണ്ട്, അല്ലെങ്കിൽ ഭാവിയിൽ ബന്ധപ്പെടുന്നവർ പരാജയപ്പെടും. അവരെല്ലാം പരീശന്മാരുടെ വേഷം അഭിനയിക്കുന്നവരാണ്. എന്താണു നിങ്ങളുടെ പരാജയത്തിന്‍റെ കാരണം? ഉന്നതനും പ്രശംസാർഹനുമായ ഒരു ദൈവം നിങ്ങളുടെ സങ്കൽപ്പങ്ങളിൽ ഉള്ളതാണ് നിശ്ചയമായും അതിന്‍റെ കാരണം. പക്ഷേ മനുഷ്യൻ ആഗ്രഹിക്കുന്നതു പോലെയല്ല സത്യം. ക്രിസ്തു ഉന്നതനല്ലെന്നു മാത്രമല്ല, സവിശേഷമാം വിധം ചെറിയവനുമാണ്; അവൻ മനുഷ്യനാണെന്നു മാത്രമല്ല, സാധാരണ മനുഷ്യനുമാണ്; അവനു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യാൻ കഴിയില്ലെന്നു മാത്രമല്ല, ഭൂമിയിൽ സ്വതന്ത്രനായി സഞ്ചരിക്കാനും സാധിക്കില്ല. ഇതിങ്ങനെ ആയിരിക്കെ, ജനങ്ങൾ അവനോടു ഒരു സാധാരണ മനുഷ്യനോടെന്നപോലെ പെരുമാറുന്നു, അവർ അവനോടൊത്തായിരിക്കുമ്പോൾ സാധാരണ മട്ടിൽ ഇടപെടുന്നു, അവനോട് അശ്രദ്ധമായി സംസാരിക്കുന്നു. ഈ സമയമത്രയും “യഥാർത്ഥ ക്രിസ്തുവിന്‍റെ” വരവിനായി അവർ കാത്തിരിക്കുകയും ചെയ്യുന്നു. ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞ ക്രിസ്തുവിനെ ഒരു സാധാരണ മനുഷ്യനായും അവന്‍റെ വാക്കുകൾ ഒരു സാധാരണ മനുഷ്യന്‍റെ വാക്കുകളായും നിങ്ങൾ കണക്കാക്കുന്നു. ഇക്കാരണത്താൽ നിങ്ങൾ ക്രിസ്തുവിൽനിന്നു യാതൊന്നും സ്വീകരിച്ചിട്ടില്ല. പകരം, നിങ്ങളുടെ വൈകൃതത്തെ പ്രകാശത്തിലേക്കു പൂർണമായി തുറന്നുവെക്കുകയാണ് ചെയ്തിട്ടുള്ളത്.

നിന്‍റെ മനോഭാവം പൂർണമായി പരിവർത്തനപ്പെട്ടിട്ടുണ്ടെന്നും നീ ക്രിസ്തുവിന്‍റെ കൂറുള്ള ഒരനുയായി ആണെന്നും ക്രിസ്തുവിന്‍റെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ നിന്നെക്കാൾ അർഹനായ മറ്റൊരാളുമില്ലെന്നും ക്രിസ്തുവുമായി സമ്പർക്കത്തിൽ വരുന്നതിനുമുമ്പു നീ വിശ്വസിച്ചേക്കാം. അതുപോലെ, അനേകം പാതകളിലൂടെ സഞ്ചരിക്കുകയും ധാരാളം പ്രവർത്തിക്കുകയും ധാരാളം ഫലം പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളതുകൊണ്ട് ആത്യന്തികമായി കിരീടം സ്വീകരിക്കുന്നവരിൽ ഒരാൾ തീർച്ചയായും നീയായിരിക്കുമെന്നും നീ വിശ്വസിച്ചേക്കാം. അപ്പോഴും നീയറിയാനിടയില്ലാത്ത ഒരു സത്യമുണ്ട്: മനുഷ്യന്‍റെ ദുഷിച്ച മനോഭാവവും അവന്‍റെ കലഹവും ചെറുത്തുനിൽപ്പും അവൻ ക്രിസ്തുവിനെ കാണുമ്പോൾ വെളിവാക്കപ്പെടുന്നു, ഈ സമയത്ത് വെളിവാക്കപ്പെടുന്ന കലഹവും ചെറുത്തുനിൽപ്പും മറ്റെന്തിനെക്കാളും കൂടുതൽ പൂർണവും നിരുപാധികവുമായിട്ടാണ് വെളിവാക്കപ്പെടുക. ക്രിസ്തു മനുഷ്യപുത്രനായതുകൊണ്ടാണ് ഇത്—സാധാരണ മനുഷ്യപ്രകൃതമുള്ള ഒരു മനുഷ്യപുത്രൻ—മനുഷ്യൻ അവനെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. ദൈവം ജഡശരീരത്തിൽ ജീവിക്കുന്നതിനാൽ മനുഷ്യന്‍റെ കലഹം വളരെ സമഗ്രമായ രീതിയിലും വളരെ സ്പഷ്ടമായ വിശദാംശങ്ങളോടെയും വെളിവാക്കപ്പെടുന്നു. അതുകൊണ്ട്, ക്രിസ്തുവിന്‍റെ വരവ് മനുഷ്യരാശിയുടെ എല്ലാ കലഹവും പുറത്തുകൊണ്ടുവരികയും മനുഷ്യരാശിയുടെ സ്വഭാവത്തെ വ്യക്തമായി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. “മലയിൽനിന്നു കടുവയെ വശീകരിച്ചിറക്കുക’’യെന്നും “ചെന്നായയെ അതിന്‍റെ ഗുഹയിൽ നിന്നു വശീകരിച്ചിറക്കുക’’യെന്നുമാണ് ഇതിനെ വിളിക്കുന്നത്. ദൈവത്തോടു കൂറുള്ളവനാണു നീയെന്നു പറയാൻ നീ തുനിയുന്നുവോ? ദൈവത്തോടു നീ പരമമായ അനുസരണം കാണിക്കുന്നുവെന്നു പറയുവാൻ നീ തുനിയുന്നുവോ? കലഹസ്വഭാവിയല്ലെന്നു പറയുവാൻ നീ തുനിയുന്നുവോ? ചിലർ പറയും: “ദൈവം എന്നെ പുതിയൊരു ചുറ്റുപാടിൽ പ്രതിഷ്ഠിക്കുമ്പോഴെല്ലാം യാതൊരു മുറുമുറുപ്പും കൂടാതെ ഞാനുടൻ വഴങ്ങുന്നു. മാത്രമല്ല, ദൈവത്തെക്കുറിച്ച് യാതൊരു സങ്കൽപ്പങ്ങളും ഞാൻ വെച്ചുപുലർത്തുന്നുമില്ല.’’ ചിലർ പറയും: ”ദൈവം എന്നെ എന്തുതന്നെ ഏൽപ്പിച്ചാലും കഴിവിന്‍റെ പരമാവധി ഞാനതു ചെയ്യുകയും ഒരിക്കലും അലസത കാണിക്കാതിരിക്കുകയും ചെയ്യുന്നു.” അങ്ങനെയെങ്കിൽ നിങ്ങളോടു ഞാനിതു ചോദിക്കുന്നു: ക്രിസ്തുവിനോടൊത്തു ജീവിക്കുമ്പോൾ അവനോടു പൊരുത്തമുള്ളവനാകാൻ നിങ്ങൾക്കു സാധിക്കുമോ? എത്രകാലം നിങ്ങളവനോടു പൊരുത്തമുള്ളവരായിരിക്കും? ഒരു ദിവസം? രണ്ടു ദിവസം? ഒരു മണിക്കൂർ? രണ്ടു മണിക്കൂർ? നിങ്ങളുടെ വിശ്വാസം വളരെ സ്തുത്യർഹമായിരിക്കാം, പക്ഷേ ദൃഢചിത്തതയുടെ പാതയിൽ കാര്യമായൊന്നും നിങ്ങൾക്കില്ല. ക്രിസ്തുവിനോടൊപ്പം നീ ശരിക്കും ജീവിക്കുമ്പോൾ നിന്‍റെ സ്വയനീതിയും സ്വപ്രാധാന്യവും നിന്‍റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഒന്നൊന്നായി വെളിവാക്കപ്പെടും. അതുപോലെ, അമിതഗർവുള്ള നിന്‍റെ മോഹങ്ങളും അനുസരണമില്ലാത്ത മനഃസ്ഥിതിയും അതൃപ്തിയും സ്വാഭാവികമായി വെളിവാക്കപ്പെടും. ഒടുവിൽ, നീ ക്രിസ്തുവുമായി വളരെ വിരുദ്ധമായിരിക്കുന്ന അളവോളം നിന്‍റെ അഹംബോധം എന്നത്തേക്കാളും വലുതാകും—വെള്ളവും തീയും വിരുദ്ധമായിരിക്കുന്നതു പോലെ. ശേഷം നിന്‍റെ പ്രകൃതം പൂർണമായി വെളിവാക്കപ്പെടുകയും ചെയ്യും. ആ സമയത്തു നിന്‍റെ സങ്കൽപ്പങ്ങളെ പിന്നെ മൂടി വയ്ക്കാനാവില്ല, നിന്‍റെ പരാതികളും സ്വാഭാവികമായി പുറത്തുവരും, നിന്‍റെ അധഃപതിച്ച മനുഷ്യത്വവും പൂർണമായി വെളിവാക്കപ്പെടും. എന്നിട്ടുപോലും നീ നിന്‍റെ കലഹമനഃസ്ഥിതിയെ അംഗീകരിക്കാൻ തയ്യാറാകാതിരിക്കുകയും പകരം, ഇതുപോലൊരു ക്രിസ്തുവിനെ സ്വീകരിക്കാൻ മനുഷ്യന് എളുപ്പമല്ലെന്ന്, മനുഷ്യനിൽനിന്ന് അവൻ വളരെ കൂടുതൽ ആവശ്യപ്പെടുന്നുവെന്ന്, അവൻ കുറെക്കൂടി ദയാലുവായ ക്രിസ്തുവായിരുന്നുവെങ്കിൽ നീ പൂർണമായി വിധേയപ്പെടുമായിരുന്നുവെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കലഹം ന്യായീകരിക്കാവുന്നതാണെന്ന്, അവൻ നിങ്ങളെ അത്രയേറെ കഷ്ടപ്പെടുത്തുമ്പോൾ മാത്രമേ നിങ്ങളവനെതിരെ എതിർത്തു നിൽക്കുന്നുള്ളുവെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ക്രിസ്തുവിനെ ദൈവമായിട്ടല്ല നിങ്ങൾ കാണുന്നത് എന്നത്, അവനെ അനുസരിക്കാനുള്ള ഉദ്ദേശ്യം നിങ്ങൾക്കില്ല എന്നത് നിങ്ങളൊരിക്കലും പരിഗണിക്കുകയുണ്ടായിട്ടില്ല. പകരം, നിന്‍റെ ആഗ്രഹങ്ങൾക്കൊത്തു ക്രിസ്തു പ്രവർത്തിക്കണമെന്നു ശഠിക്കുന്നു, നിന്‍റെ സ്വന്തം ചിന്തക്കെതിരായി ഒരൊറ്റക്കാര്യം അവൻ ചെയ്താലുടനെ അവൻ ദൈവമല്ല, മറിച്ചു മനുഷ്യനാണെന്ന് നീ വിശ്വസിക്കുന്നു. അവനുമായി ഈ വിധത്തിൽ ശണ്ഠ കൂടിയിട്ടുള്ളവർ നിങ്ങൾക്കിടയിൽ നിരവധി പേരില്ലേ? ഇതെല്ലാമായിരുന്നിട്ടുകൂടി ആരിലാണ് നിങ്ങൾ വിശ്വസിക്കുന്നത്? എന്തു മാർഗത്തിലാണ് നിങ്ങൾ അന്വേഷിക്കുന്നത്?

നിങ്ങളെപ്പോഴും ക്രിസ്തുവിനെ കാണാൻ ആഗ്രഹിക്കുന്നു; എന്നാൽ അത്രയേറെ ഉയർന്ന മാന്യത സ്വയം കൽപ്പിക്കരുതെന്നു ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു; ഏതൊരാൾക്കും ക്രിസ്തുവിനെ കാണാനായേക്കാം, എന്നാൽ ഒരാളും ക്രിസ്തുവിനെ കാണാൻ യോഗ്യത ഉള്ളവനല്ല എന്നു ഞാൻ പറയുന്നു. കാരണം, തിന്മയും അഹങ്കാരവും കലഹവും നിറഞ്ഞതാണ് മനുഷ്യന്‍റെ പ്രകൃതം. ക്രിസ്തുവിനെ കാണുന്ന നിമിഷം നിന്‍റെ പ്രകൃതം നിന്നെ നശിപ്പിക്കുകയും നിന്നെ മരണത്തിനു വിധിക്കുകയും ചെയ്യും. ഒരു സഹോദരനുമായുള്ള (അല്ലെങ്കിൽ സഹോദരിയുമായുള്ള) നിന്‍റെ സഹവർത്തിത്വം നിന്നെക്കുറിച്ച് വളരെയൊന്നും വെളിപ്പെടുത്തുകയില്ല, എന്നാൽ ക്രിസ്തുവിനോടു സഹവർത്തിത്വം പുലർത്തുമ്പോൾ അതത്ര ലളിതമല്ല. ഏതു സമയത്തും നിന്‍റെ സങ്കൽപ്പങ്ങൾ വേരുപിടിച്ചേക്കാം, നിന്‍റെ അഹങ്കാരം മുളപൊട്ടാൻ തുടങ്ങിയേക്കാം, നിന്‍റെ മത്സരമനോഭാവം പുറത്തുവന്നേക്കാം. ഇത്ര മനുഷ്യപ്രകൃതിയിലുള്ള നിനക്കെങ്ങനെ ക്രിസ്തുവുമൊത്തു സഹവർത്തിത്വം പുലർത്താൻ കഴിയും? എല്ലാ ദിവസത്തിന്‍റെയും എല്ലാ നിമിഷത്തിലും അവനെ ദൈവമായി പരിഗണിക്കാൻ നിനക്കു ശരിക്കും സാധിക്കുന്നുണ്ടോ? ദൈവത്തോടുള്ള വിധേയത്വമെന്ന യാഥാർത്ഥ്യം ശരിക്കും നിനക്കുണ്ടാകുമോ? ഹൃദയങ്ങൾക്കുള്ളിൽ ഉന്നതനായ ദൈവത്തെ യഹോവയായി നിങ്ങൾ ആരാധിക്കുമ്പോൾ ദൃശ്യനായ ക്രിസ്തുവിനെ മനുഷ്യനായി പരിഗണിക്കുന്നു. നിങ്ങളുടെ ബോധം വളരെ താഴ്ന്നതും നിങ്ങളുടെ മനുഷ്യപ്രകൃതം വളരെ അധഃപതിച്ചതുമാണ്. ക്രിസ്തുവിനെ സദാ ദൈവമായി കാണുവാൻ നിങ്ങൾ അപ്രാപ്തരാണ്; വല്ലപ്പോഴും പെട്ടെന്നാരാകർഷണം തോന്നുമ്പോൾ മാത്രമാണ് നിങ്ങളവനെ ചേർത്തുപിടിക്കുകയും ദൈവമായി ആരാധിക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണു നിങ്ങൾ ദൈവവിശ്വാസികളല്ല, മറിച്ചു ക്രിസ്തുവിനെതിരെ പോരാടുന്ന ദുഷ്കർമ്മികളുടെ ഒരു കൂട്ടമാണെന്നു ഞാൻ പറയുന്നത്. മറ്റുള്ളവരോടു ദയ കാണിക്കുന്ന മനുഷ്യർക്കു പോലും പ്രതിഫലം ലഭിക്കുന്നു, എങ്കിലും നിങ്ങൾക്കിടയിൽ വളരെ കാര്യങ്ങൾ ചെയ്ത ക്രിസ്തുവിനു മനുഷ്യനിൽനിന്ന് സ്നേഹമോ പ്രത്യുപകാരമോ വിധേയത്വമോ ലഭിക്കുന്നില്ല. ഹൃദയഭേദകമല്ലേ അത്?

നീ ദൈവവിശ്വാസം പുലർത്തിയ വർഷങ്ങളിലെല്ലാം നീ ഒരിക്കലും ആരെയെങ്കിലും ശപിക്കുകയോ ഒരു തെറ്റായ പ്രവൃത്തി ചെയ്യുകയോ ചെയ്തിട്ടുണ്ടാകില്ല, എന്നിട്ടും ക്രിസ്തുവുമായുള്ള നിന്‍റെ സഹവർത്തിത്വത്തിൽ സത്യം പറയാനോ സത്യസന്ധമായി പ്രവർത്തിക്കാനോ ക്രിസ്തുവിന്‍റെ വാക്കുകൾ അനുസരിക്കാനോ നിനക്കു കഴിയുന്നില്ല. അക്കാര്യത്തിൽ, നീയാണു ലോകത്തിലെ ഏറ്റവും കുടിലബുദ്ധിയും വിദ്വേഷമനസ്സുമുള്ള വ്യക്തിയെന്നു ഞാൻ പറയുന്നു. നീ അതിവിശിഷ്ടമായി സൗമ്യസ്വഭാവിയും നിന്‍റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഭാര്യയോടും (അല്ലെങ്കിൽ ഭർത്താവിനോടും) പുത്രീപുത്രന്മാരോടും മാതാപിതാക്കളോടും സമർപ്പിതനും മറ്റുള്ളവരെ ഒരിക്കലും മുതലെടുക്കാത്തവനും ആയിരിക്കാം. പക്ഷേ ക്രിസ്തുവുമായി പൊരുത്തപ്പെടാൻ നീ അപ്രാപ്തനാണെങ്കിൽ, അവനുമായി യോജിപ്പിൽ വർത്തിക്കാൻ നിനക്കു സാധിക്കുന്നില്ലെങ്കിൽ, പിന്നെ നീ നിനക്കുള്ളതെല്ലാം നിന്‍റെ അയൽക്കാരെ സഹായിക്കുന്നതിനായി ചിലവിടുകയോ നിന്‍റെ പിതാവിനോ മാതാവിനോ കുടുംബാംഗങ്ങൾക്കോ അതീവശ്രദ്ധയോടെ കരുതലേകുകയോ ചെയ്താൽപോലും, നീ അപ്പോഴും ദുഷ്ടനും കുടിലതന്ത്രങ്ങൾ നിറഞ്ഞവനുമാണെന്നു ഞാൻ പറയും. മറ്റുള്ളവരുമായി ഒത്തുപോകുന്നതുകൊണ്ടോ ഏതാനും നന്മപ്രവൃത്തികൾ ചെയ്യുന്നതുകൊണ്ടോ മാത്രം ക്രിസ്തുവുമായി പൊരുത്തമുണ്ടെന്നു നീ സ്വയം ചിന്തിക്കരുത്. ഉദാരമനസ്ഥിതികൊണ്ട് സ്വർഗത്തിന്‍റെ അനുഗ്രഹങ്ങൾ കവർന്നെടുക്കാൻ സാധിക്കുമെന്നു നീ ചിന്തിക്കുന്നുവോ? ഏതാനും നന്മപ്രവൃത്തികൾ ചെയ്യുന്നത് നിന്‍റെ അനുസരണത്തിനു പകരമാകുമെന്നു നീ ചിന്തിക്കുന്നുവോ? ദൈവത്തോടുള്ള അനുസരണം നിങ്ങൾ നിരന്തരം കൊട്ടിഘോഷിക്കുന്നെങ്കിലും തിരുത്തലും ശിക്ഷണവും സ്വീകരിക്കാൻ നിങ്ങളിലൊരാളും പ്രാപ്തനല്ല. ക്രിസ്തുവിന്‍റെ സാധാരണ മനുഷ്യപ്രകൃതിയെ അംഗീകരിക്കുന്നതിലും നിങ്ങൾ ബുദ്ധിമുട്ടു കാണിക്കുന്നു. നിങ്ങളുടേതു പോലുള്ള ഇത്തരം വിശ്വാസം യുക്തമായ തിരിച്ചടി കൈവരുത്തും. ചപല വ്യാമോഹങ്ങളിൽ രസിക്കുന്നതും ക്രിസ്തുവിനെ കാണാൻ മോഹിക്കുന്നതും നിറുത്തുക. കാരണം നിങ്ങളുടെ ഔന്നത്യം വളരെ ചെറുതാണ്, അതുകൊണ്ടുതന്നെ അവനെ കാണാൻ നിങ്ങൾക്കർഹതയില്ലതാനും. നിന്‍റെ കലഹസ്വഭാവം നീ പൂർണമായും വർജിക്കുകയും ക്രിസ്തുവുമായി യോജിപ്പിലാകാൻ പ്രാപ്തനാകുകയും ചെയ്യുന്ന നിമിഷം സ്വാഭാവികമായും ദൈവം നിനക്കു പ്രത്യക്ഷനാകും. ശിക്ഷണത്തിനും ന്യായവിധിക്കും വിധേയനാകാതെയാണ് ദൈവത്തെ കാണാൻ പോകുന്നതെങ്കിൽ നീ തീർച്ചയായും ദൈവത്തിന്‍റെ എതിരാളിയാകുകയും വിനാശത്തിനു വിധിക്കപ്പെടുകയും ചെയ്യും. ദൈവത്തോടുള്ള ശത്രുത മനുഷ്യനു സ്വഭാവസഹജമാണ്. കാരണം, എല്ലാ മനുഷ്യരും സാത്താന്‍റെ ഏറ്റവും തീവ്രമായ ദൂഷണത്തിനു വിധേയരായിരിക്കുന്നു. സ്വന്തം ദുഷിപ്പിൽ നിന്നുകൊണ്ട് ദൈവവുമായി സഹവർത്തിത്വത്തിലേക്കു വരാൻ മനുഷ്യൻ ശ്രമിക്കുകയാണെങ്കിൽ, അതിൽനിന്നു യാതൊരു നന്മയും വരില്ലെന്നു തീർച്ചയാണ്. അവന്‍റെ വാക്കുകളും പ്രവൃത്തികളും സദാ അവന്‍റെ ദുഷിപ്പിനെ നിശ്ചയമായും വെളിവാക്കും. മാത്രമല്ല, ദൈവവുമായുള്ള സഹവർത്തിത്വത്തിൽ അവന്‍റെ കലഹമനോഭാവം അതിന്‍റെ എല്ലാ ഭാവങ്ങളോടും കൂടെ വെളിവാകും. മനുഷ്യൻ അറിയാതെതന്നെ ക്രിസ്തുവിനെ എതിർക്കാൻ, ക്രിസ്തുവിനെ വഞ്ചിക്കാൻ, ക്രിസ്തുവിനെ പരിത്യജിക്കാൻ ഇടയാകുന്നു. ഇതു സംഭവിക്കുമ്പോൾ മനുഷ്യൻ പിന്നെയും കൂടുതൽ ആപത്കരമായ ഒരവസ്ഥയിലാകും. ഇതു തുടർന്നാൽ, അവൻ ശിക്ഷവിധിക്കു പാത്രമാകുകയും ചെയ്യും.

ദൈവവുമായുള്ള സഹവർത്തിത്വം ഇത്രയേറെ അപകടകരമാണെങ്കിൽ ദൈവത്തെ ഒരകലത്തിൽ നിറുത്തുന്നതാകാം കൂടുതൽ ബുദ്ധിപരമെന്ന് ചിലർ വിശ്വസിച്ചേക്കാം. ഇത്തരമാളുകൾക്ക് ഒരുപക്ഷേ എന്താണ് നേടാൻ കഴിയുക? ദൈവത്തോടു കൂറുള്ളവരാകാൻ അവർക്കു കഴിയുമോ? തീർച്ചയായും, ദൈവത്തോടുള്ള സഹവർത്തിത്വം വളരെ ബുദ്ധിമുട്ടാണ്—മനുഷ്യൻ ദുഷിച്ചതുകൊണ്ടാണ് അത്, അവനുമായി സഹവർത്തിത്വം പുലർത്താൻ ദൈവത്തിനു കഴിയാത്തതുകൊണ്ടല്ല. സ്വയം അറിയുകയെന്ന സത്യത്തിനായി കൂടുതൽ പരിശ്രമിക്കുന്നത് നിങ്ങൾക്കു നന്നായിരിക്കും. ദൈവത്തിൽ നിങ്ങൾ പ്രീതി കണ്ടെത്തിയിട്ടാല്ലത്തത് എന്തുകൊണ്ട്? നിങ്ങളുടെ മനോഭാവം ദൈവത്തിന് അറപ്പായിരിക്കുന്നത് എന്തുകൊണ്ട്? നിങ്ങളുടെ സംസാരം അവന്‍റെ വെറുപ്പുണർത്തുന്നത് എന്തുകൊണ്ട്? അൽപ്പമൊരു കൂറ് നിങ്ങൾ പ്രകടിപ്പിച്ചു കഴിഞ്ഞാലുടനെ നിങ്ങൾ ആത്മസ്തുതികൾ പാടുന്നു. ചെറിയൊരു സംഭാവനയ്ക്കായി നിങ്ങൾ അനുഗ്രഹം ആവശ്യപ്പെടുന്നു. അൽപ്പമൊരു അനുസരണം കാണിച്ചുകഴിയുമ്പോൾ മറ്റുള്ളവരെ പുച്ഛിക്കുന്നു, എന്തെങ്കിലും കടമ നിറവേറ്റിയതിനു ദൈവത്തെ നിന്ദിക്കുന്നു. ദൈവത്തെ കൈക്കൊള്ളുന്നതിന് നിങ്ങൾ പണവും സമ്മാനങ്ങളും ഉപചാരങ്ങളും ആവശ്യപ്പെടുന്നു. ഒന്നോ രണ്ടോ നാണയങ്ങൾ കൊടുക്കുന്നത് നിങ്ങളെ വിഷണ്ണരാക്കുന്നു, പത്തു കൊടുക്കുമ്പോൾ നിങ്ങൾ അനുഗ്രഹങ്ങൾ ലഭിക്കാനും വിശിഷ്ടരായി പരിഗണിക്കപ്പെടാനും ആഗ്രഹിക്കുന്നു. നിങ്ങളെ പോലുള്ളവരുടെ മനുഷ്യപ്രകൃതത്തെ കുറിച്ചു മറ്റുള്ളവർ പറയുന്നതോ കേൾക്കുന്നതോ തീർച്ചയായും ഇഷ്ടപ്പെടുന്നു. നിങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും പ്രശംസാർഹമായി എന്തെങ്കിലുമുണ്ടോ? സ്വന്തം കടമ ചെയ്യുന്നവരും ചെയ്യാത്തവരും; നയിക്കുന്നവരും അനുഗമിക്കുന്നവരും; ദൈവത്തെ കൈക്കൊള്ളുന്നവരും സ്വീകരിക്കാത്തവരും; സംഭാവന ചെയ്യുന്നവരും ചെയ്യാത്തവരും; വചനം പ്രഘോഷിക്കുന്നവരും അതു കൈക്കൊള്ളുന്നവരും എന്നിങ്ങനെയുള്ളവർ: ഇത്തരം എല്ലാ മനുഷ്യരും സ്വയം പുകഴ്ത്തുന്നു. ഇതു നിങ്ങൾക്കു പരിഹാസ്യമായി തോന്നുന്നില്ലേ? നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നു നന്നായി അറിയാം, എന്നിരുന്നാലും നിങ്ങൾക്കു ദൈവത്തോടു പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. യോഗ്യത യാതൊന്നുമില്ലെന്നു നിങ്ങൾക്കു നന്നായി അറിയാം, എന്നിരുന്നാലും നിങ്ങൾ നിരന്തരം വമ്പു പറയുന്നു. ആത്മനിയന്ത്രണം ഇല്ലാത്ത അവസ്ഥയിലേക്കു നിങ്ങളുടെ ബോധം അധഃപതിച്ചുവെന്നു നിങ്ങൾക്കു തോന്നുന്നില്ലേ? ഇതേപോലുള്ള ബോധത്തോടെ ദൈവത്തോടു സഹവർത്തിത്വം പുലർത്താൻ നിങ്ങൾക്കു യോഗ്യത ഉണ്ടായിരിക്കുന്നത് എങ്ങനെ? ഇതിങ്ങനെയായിരിക്കെ നിങ്ങളുടെ വിശ്വാസം പരിഹാസ്യമല്ലേ? നിങ്ങളുടെ വിശ്വാസം അപഹാസ്യമല്ലേ? ഭാവിയെ എപ്രകാരമാണു നീ സമീപിക്കാൻ പോകുന്നത്? ഏതു പാത സ്വീകരിക്കണമെന്ന് എങ്ങനെയാണു നീ നിശ്ചയിക്കാൻ പോകുന്നത്?

മുമ്പത്തേത്: നിങ്ങൾ യേശുവിന്റെ ആത്മീയ ശരീരം ദർശിക്കുമ്പോഴേക്കും ദൈവം ആകാശത്തെയും ഭൂമിയെയും പുതുതാക്കിക്കഴിഞ്ഞിരിക്കും

അടുത്തത്: വിളിക്കപ്പെട്ടവരോ അനേകർ, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക