നിങ്ങൾ യേശുവിന്റെ ആത്മീയ ശരീരം ദർശിക്കുമ്പോഴേക്കും ദൈവം ആകാശത്തെയും ഭൂമിയെയും പുതുതാക്കിക്കഴിഞ്ഞിരിക്കും

നീ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നുണ്ടോ? നീ യേശുവിന്റെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നീ യേശു പറയുന്ന വചനങ്ങൾ ശ്രവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, യേശുവിന്റെ തിരിച്ചുവരവിനെ നീ എപ്രകാരം സ്വാഗതം ചെയ്യും? നീ തീർത്തും തയ്യാറായോ? ഏതു വിധത്തിലായിയിരിക്കും നീ യേശുവിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുക? എനിക്കു തോന്നുന്നത്, യേശുവിനെ പിന്തുടരുന്ന ഓരോ സഹോദരനും സഹോദരിയും അവന് ഒരു ഊഷ്‌മളമായ വരവേൽപ്പു നൽകാൻ ആഗ്രഹിക്കുന്നുവെന്നാണ്. എങ്കിലും നിങ്ങൾ ഇക്കാര്യം പരിഗണിച്ചിട്ടുണ്ടോ: യേശു മടങ്ങിവരുമ്പോൾ നിങ്ങൾ വാസ്തവത്തിൽ യേശുവിനെ തിരിച്ചറിയുമോ? അവൻ പറയുന്നതെല്ലാം നിങ്ങൾക്ക് പൂർണ്ണമായി ഗ്രഹിക്കാൻ കഴിയുമോ? അവൻ ചെയ്യുന്ന പ്രവൃത്തികളെല്ലാം നിങ്ങൾ നിരുപാധികമായി അംഗീകരിക്കുമോ? ബൈബിൾ വായിച്ചിട്ടുള്ളവർക്കെല്ലാം യേശുവിന്റെ മടങ്ങിവരവിനെപ്പറ്റി അറിയാം; ബൈബിൾ ശ്രദ്ധാപൂർവം വായിച്ചിട്ടുള്ളവരെല്ലാം അവന്റെ വരവിനെ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരിക്കുന്നു. നിങ്ങളെല്ലാവരും ആ നിമിഷം സമാഗതമാകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു; നിങ്ങളുടെ ആത്മാർത്ഥത ശ്ലാഘനീയമാണ്, നിങ്ങളുടെ വിശ്വാസം അസൂയാവഹവും; പക്ഷേ, നിങ്ങൾ ഗുരുതരമായ ഒരു തെറ്റു ചെയ്തിരിക്കുന്നു എന്ന് നിങ്ങൾ തിരിച്ചറിയുന്നുവോ? യേശു എപ്രകാരമായിരിക്കും തിരിച്ചുവരിക? യേശു ഒരു വെണ്മേഘത്തിൽ ആഗതനാകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നു; എന്നാൽ, ഞാൻ ചോദിക്കട്ടെ: ഈ വെണ്മേഘം എന്തിനെയാണ് സൂചിപ്പിക്കുന്നത്? ഇത്രയേറെ യേശുശിഷ്യന്മാർ അവന്റെ ആഗമനത്തിനായി കാത്തിരിക്കവെ, ഏതു ജനതയുടെ മദ്ധ്യേയായിരിക്കും അവൻ ഇറങ്ങിവരിക? നിങ്ങളുടെ ഇടയിലേക്കാണ് യേശു ആദ്യം ഇറങ്ങിവരുന്നതെങ്കിൽ, അത് മഹാ അന്യായമാണെന്ന് മറ്റുള്ളവർ കരുതുകയില്ലേ? നിങ്ങൾ യേശുവിനെപ്രതി അത്യധികം ആത്മാർത്ഥതയും വിശ്വസ്തതയും ഉള്ളവരാണെന്ന് എനിക്കറിയാം; എന്നിരുന്നാലും, നിങ്ങൾ എപ്പോഴെങ്കിലും യേശുവിനെ കണ്ടുമുട്ടിയിട്ടുണ്ടോ? അവന്റെ പ്രകൃതം നിങ്ങൾക്കറിയാമോ? നിങ്ങൾ അവനോടൊപ്പം ജീവിച്ചിട്ടുണ്ടോ? അവനെപ്പറ്റി നിങ്ങൾ യഥാർത്ഥത്തിൽ എത്രത്തോളം മനസ്സിലാക്കുന്നുണ്ട്? ഈ വാക്കുകൾ തങ്ങളെ പരുങ്ങലിൽ ആക്കുന്നുവെന്ന് ചിലർ പറഞ്ഞേക്കാം. അവർ പറയും, “ഞാൻ ബൈബിൾ പലവട്ടം പുറത്തോടുപുറം വായിച്ചിട്ടുണ്ട്. എനിക്കെങ്ങിനെയാണ് യേശുവിനെ മനസ്സിലാക്കാൻ കഴിയാതെ പോവുക? എന്തിന് യേശുവിന്റെ പ്രകൃതത്തെ കുറിച്ചു പറയാണം, അവൻ ധരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വസ്ത്രങ്ങളുടെ നിറം പോലും എനിക്കറിയാമല്ലോ. ഞാൻ യേശുവിനെ മനസ്സിലാക്കുന്നില്ലായെന്നു നീ പറയുമ്പോൾ എന്നെ നീ കൊച്ചാക്കുകയല്ലേ?” നീ ഇത്തരം പ്രശ്നങ്ങളെപ്പറ്റി തർക്കിക്കരുതെന്നാണ് എനിക്കു പറയാനുള്ളത്; അതിനെക്കാൾ മെച്ചം, ശാന്തരായിരുന്ന് താഴെപ്പറയുന്ന ചോദ്യങ്ങളെക്കുറിച്ച് സംവദിക്കുന്നതാണ്: ഒന്നാമതായി, യാഥാർഥ്യം എന്താണെന്നും സിദ്ധാന്തം എന്താണെന്നും നിനക്കറിയാമോ? രണ്ടാമതായി, സങ്കൽപ്പങ്ങൾ എന്താണെന്നും സത്യം എന്താണെന്നും നിനക്കറിയാമോ? മൂന്നാമതായി, ഭാവനകൾ എന്താണെന്നും വാസ്തവം എന്താണെന്നും നിനക്കറിയാമോ?

യേശുവിനെ തങ്ങൾക്ക് അറിയുന്നില്ലെന്നുള്ള വസ്തുത ചിലർ നിഷേധിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ യേശുവിനെ ലവലേശം മനസ്സിലാക്കുന്നില്ലെന്നും യേശുവിന്റെ ഒരൊറ്റ വചനം പോലും ഗ്രഹിക്കുന്നില്ലെന്നും ഞാൻ പറയും. എന്തുകൊണ്ടെന്നാൽ നിങ്ങളിൽ ഓരോരുത്തരും ബൈബിളിൽ ആലേഖനം ചെയ്തതനുസരിച്ചും മറ്റുള്ളവർ പറഞ്ഞതനുസരിച്ചും അവനെ പിന്തുടരുന്നു. നിങ്ങൾ യേശുവിനെ ഒരിക്കലും കണ്ടിട്ടില്ല, അവനോടൊത്ത് ജീവിച്ചിട്ടില്ല, അൽപ്പസമയത്തേക്കു പോലും അവനോടൊത്തു സഹവസിച്ചിട്ടുമില്ല. അങ്ങിനെയിരിക്കെ, യേശുവിനെപ്പറ്റിയുള്ള നിങ്ങളുടെ അറിവ് കേവലം സിദ്ധാന്തം മാത്രമല്ലേ? അതിൽ യാഥാർഥ്യത്തിന്റെ അഭാവമില്ലേ? ഒരുപക്ഷേ ചിലർ യേശുവിന്റെ ഛായാചിത്രം കണ്ടിട്ടുണ്ടാവാം. മറ്റു ചിലർ വ്യക്തിപരമായി യേശുവിന്റെ ഭവനം സന്ദർശിച്ചിട്ടുണ്ടാവാം. ഒരുപക്ഷേ ചിലർ യേശുവിന്റെ വസ്ത്രങ്ങളിൽ തൊട്ടിട്ടുണ്ടാവാം. എന്നാലും, നീ വ്യക്തിപരമായി യേശു ഭക്ഷിച്ച ഭക്ഷണം രുചിച്ചിട്ടുണ്ടായിരിക്കാമെങ്കിൽ പോലും, അവനെക്കുറിച്ചുള്ള നിന്റെ അറിവ് പ്രായോഗികമല്ല, കേവലം സൈദ്ധാന്തികമാണ് അത്. അതെന്തുമായിക്കൊള്ളട്ടെ, നീ യേശുവിനെ ഒരിക്കലും കണ്ടിട്ടില്ല, ജഡരൂപത്തിൽ അവനോടൊത്ത് ഒരിക്കൽ പോലും സഹവസിച്ചിട്ടുമില്ല; അതുകൊണ്ട്, യേശുവിനെപ്പറ്റിയുള്ള നിന്റെ ഗ്രാഹ്യം എന്നും പൊള്ളയായ സിദ്ധാന്തമായിരിക്കും, അതിനു യാഥാർഥ്യത്തിന്റെ സ്പർശം ഇല്ല. ഒരുപക്ഷേ എന്റെ വാക്കുകളിൽ നിനക്ക് തീരെ താൽപ്പര്യമില്ലായിരിക്കാം, എന്നാൽ ഞാൻ നിന്നോടു ചോദിക്കട്ടെ: നിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ അനവധി പുസ്തകങ്ങൾ നീ വായിച്ചിരിക്കാമെങ്കിലും, ഒന്നിച്ച് ഒരിക്കൽപോലും സമയം ചെലവഴിക്കാതെ നിനക്ക് അദ്ദേഹത്തെ നന്നായി മനസ്സിലാക്കാൻ കഴിയുമോ? അദ്ദേഹത്തിന്റെ വ്യക്തിത്വം എപ്രകാരമുള്ളതാണെന്ന് നിനക്കറിയാമോ? അദ്ദേഹം എങ്ങനെയുള്ള ജീവിതമാണ് നയിക്കുന്നതെന്ന് നിനക്കറിയാമോ? അദ്ദേഹത്തിന്റെ വൈകാരികാവസ്ഥയെപ്പറ്റി നിനക്കെന്തറിയാം? നീ അത്യധികം വിലമതിക്കുന്ന ഒരു മനുഷ്യനെ പൂർണ്ണമായി മനസ്സിലാക്കാൻ പോലും നിനക്കു കഴിവില്ല; അപ്പോൾ നീ യേശുവിനെ മനസ്സിലാക്കാനുള്ള സാധ്യത എത്രയുണ്ട്? യേശുവിനെക്കുറിച്ച് നീ അറിയുന്ന കാര്യങ്ങൾ സങ്കൽപ്പങ്ങളും ഭാവനകളും നിറഞ്ഞതും, സത്യമോ യാഥാർഥ്യമോ ലവലേശം അടങ്ങാത്തതുമാണ്. അത് മാംസപൂരിതവും ദുർഗന്ധം വമിക്കുന്നതുമാണ്. ഇത്തരത്തിലുള്ള ധാരണ പുലർത്തുന്ന നിനക്ക് യേശുവിന്റെ ആഗമനത്തെ വരവേൽക്കാനുള്ള യോഗ്യത എങ്ങനെ ഉണ്ടാകും? ജഡികമായ ആശയങ്ങളും സങ്കൽപ്പങ്ങളാലും നിറഞ്ഞിരിക്കുന്നവരെ യേശു സ്വീകരിക്കുകയില്ല. യേശുവിനെ മനസ്സിലാക്കാത്തവർക്ക് എങ്ങനെയാണ് അവന്റെ വിശ്വാസികളാകാൻ യോഗ്യതയുണ്ടാവുക?

പരീശന്മാർ യേശുവിനെ എതിർത്തതിന്റെ മൂലകാരണം അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? പരീശന്മാരുടെ അന്തഃസത്തയെപ്പറ്റി അറിയാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? മശിഹായെപ്പറ്റിയുള്ള സങ്കൽപ്പങ്ങൾ അവരിൽ തിങ്ങിനിറഞ്ഞിരുന്നു. മാത്രവുമല്ല, മശിഹാ വരുമെന്നു കേവലം വിശ്വസിച്ചതല്ലാതെ അവർ ജീവസത്യം അന്വേഷിച്ചില്ല. അതിനാൽ, അവർ ഇന്നും മശിഹായെ പ്രതീക്ഷിച്ചിരിക്കുന്നു; എന്തെന്നാൽ ജീവന്റെ വഴിയെപ്പറ്റി അവർക്ക് ജ്ഞാനമില്ല, സത്യത്തിന്റെ പാത എന്താണെന്ന് അവർ അറിയുന്നുമില്ല. ഇത്തരം മൂഢരും ധാർഷ്ട്യരും വിവരമില്ലാത്തവരുമായ ജനത്തിന് ദൈവാനുഗ്രഹം പ്രാപിക്കാൻ എങ്ങനെ സാധിക്കുമെന്ന് നിങ്ങൾതന്നെ പറയുക. അവർക്കെങ്ങനെ മശിഹായെ ദർശിക്കാൻ കഴിയും? അവർ യേശുവിനെ എതിർത്തതിന്റെ കാരണം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ ദിശ അവർ അറിയാത്തതാണ്, യേശു പറഞ്ഞ സത്യത്തിന്റെ വഴി അവർ അറിയാത്തതാണ്, കൂടാതെ, അവർ മശിഹായെ മനസ്സിലാക്കാത്താണ്. അവർ മശിഹായെ ഒരിക്കലും ദർശിച്ചിട്ടില്ലാത്തതിനാലും മശിഹായോടൊത്ത് ഒരിക്കലും സഹവസിച്ചിട്ടില്ലാത്തതിനാലും, മശിഹായുടെ സത്തയെ ഏതുവിധേനയും എതിർക്കുമ്പോൾത്തന്നെ, അവർ മശിഹായുടെ നാമത്തെ മാത്രം വൃഥാ മുറുകെപ്പിടിക്കുകയെന്ന തെറ്റു ചെയ്തു. ഈ പരീശന്മാർ സ്വഭാവത്തിൽ ശാഠ്യക്കാരും അഹങ്കാരികളും സത്യത്തെ അനുസരിക്കാത്തവരുമായിരുന്നു. ദൈവവിശ്വാസത്തെ സംബന്ധിച്ച അവരുടെ മൂലതത്ത്വം ഇതായിരുന്നു: നിന്റെ പ്രസംഗം എത്രതന്നെ ഗാംഭീര്യമുള്ളതാകട്ടെ, നിന്റെ അധികാരം എത്രതന്നെ ഉന്നതമായിക്കൊള്ളട്ടെ, മശിഹായെന്നു വിളിക്കപ്പെടുന്നില്ലെങ്കിൽ നീ ക്രിസ്തുവല്ല. ഇത്തരം അഭിപ്രായങ്ങൾ പരിഹാസ്യകരമായ അസംബന്ധമല്ലേ? ഞാൻ അൽപ്പംകൂടി കടന്നു ചോദിക്കട്ടെ: നിങ്ങൾക്ക് യേശുവിനെപ്പറ്റി അൽപ്പംപോലും അറിവില്ലാതിരിക്കുന്ന സാഹചര്യത്തിൽ, ആദ്യകാല പരീശന്മാർക്കു പറ്റിയ തെറ്റുകൾ ചെയ്യാൻ നിങ്ങൾക്കു വളരെ എളുപ്പമല്ലേ? സത്യത്തിന്റെ വഴി വിവേചിച്ചറിയാൻ നിനക്കാവുമോ? ക്രിസ്തുവിനെ നീ എതിർക്കുകയില്ലെന്ന് ശരിക്കും ഉറപ്പു നൽകാൻ നിനക്കു കഴിയുമോ? പരിശുദ്ധാത്മാവിന്റെ വേലയെ പിന്തുടരാൻ നിനക്കു സാധിക്കുന്നുണ്ടോ? ക്രിസ്തുവിനെ നീ എതിർക്കുമോ എന്ന് നിനക്കറിയില്ലെങ്കിൽ, നീ ഇപ്പോൾതന്നെ മരണത്തിന്റെ വക്കിൽ ജീവിക്കുകയാണെന്നേ ഞാൻ പറയൂ. മശിഹായെ അറിയാതിരുന്നവരെല്ലാം യേശുവിനെ എതിർക്കുന്നതിനും യേശുവിനെ തിരസ്കരിക്കുന്നതിനും അവനെപ്പറ്റി അപവാദം പറയുന്നതിനും കഴിവുള്ളവരായിരുന്നു. യേശുവിനെ മനസ്സിലാക്കാത്തവരൊക്കെ അവനെ തിരസ്കരിക്കുന്നതിനും നിന്ദിക്കുന്നതിനും ശേഷിയുള്ളവരാണ്. മാത്രമല്ല, യേശുവിന്റെ ആഗമനത്തെ സാത്താന്റെ കബളിപ്പിക്കലായി അവർ കാണുകയും ജഡത്തിൽ തിരിച്ചുവരുന്ന യേശുവിനെ കൂടുതലാളുകൾ അപലപിക്കുകയും ചെയ്യും. ഇതൊക്കെ നിങ്ങളെ ഭയപ്പെടുത്തുന്നില്ലേ? നിങ്ങൾക്ക് എതിരെയുള്ള കുറ്റം പരിശുദ്ധാത്മാവിനെതിരായ ദൈവദൂഷണവും സഭകൾക്കുള്ള പരിശുദ്ധാത്മാവിന്റെ വചനങ്ങളെ നശിപ്പിച്ചതും യേശു പറഞ്ഞ സകലതിനോടുമുള്ള പുച്ഛവും ആയിരിക്കും. ആശയക്കുഴപ്പം നിങ്ങളെ ഇത്രയേറെ ബാധിച്ചിരിക്കുന്നെങ്കിൽ യേശുവിൽനിന്ന് നിങ്ങൾക്കെന്തു നേടാൻ കഴിയും? നിങ്ങളുടെ തെറ്റുകൾ തിരിച്ചറിയാൻ നിർബന്ധബുദ്ധ്യാ സമ്മതിക്കാതിരുന്നാൽ, യേശു മനുഷ്യരൂപത്തിൽ വെണ്മേഘത്തിന്മേൽ വരുമ്പോൾ അവന്റെ പ്രവൃത്തികളെ മനസ്സിലാക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കും? നിങ്ങളോട് ഞാൻ പറയട്ടെ: സത്യത്തെ ഏറ്റുവാങ്ങാതെ, യേശു വെൺമേഘത്തിൽ വീണ്ടും വരുന്നതിനായി അന്ധമായി കാത്തിരിക്കുന്നവർ തീർച്ചയായും പരിശുദ്ധാത്മാവിനെതിരായി ദൈവദൂഷണം പറയും; അങ്ങനെയുള്ള മനുഷ്യരാവും നശിപ്പിക്കപ്പെടുക. നിങ്ങൾ യേശുവിന്റെ കൃപയ്ക്കായി മാത്രം ആഗ്രഹിക്കുന്നു, ആനന്ദമയമായ സ്വർഗീയമണ്ഡലം ആസ്വദിക്കാൻ മാത്രം അഭിലഷിക്കുന്നു; എന്നാൽ യേശു പറഞ്ഞ വചനങ്ങളെ നിങ്ങൾ ഒരിക്കലും അനുസരിച്ചിട്ടില്ല, യേശു ജഡത്തിൽ തിരിച്ചുവരുമ്പോൾ പ്രകടിപ്പിക്കുന്ന സത്യങ്ങളെ നിങ്ങൾ സ്വീകരിച്ചിട്ടുമില്ല. വെണ്മേഘത്തിന്മേലുള്ള യേശുവിന്റെ വരവിനു പകരമായി നിങ്ങൾ എന്തു കൈകളിലേന്തും? ആവർത്തിച്ചാവർത്തിച്ച് പാപം ചെയ്തിട്ട് വീണ്ടും വീണ്ടും അതേറ്റുപറഞ്ഞു കുമ്പസാരിക്കുന്ന നിങ്ങളുടെ ആത്മാർത്ഥതയാണോ അത്? വെണ്മേഘത്തിൽ വരുന്ന യേശുവിനായുള്ള യാഗമായി നിങ്ങൾ എന്തു സമർപ്പിക്കും? നിങ്ങൾ സ്വയം മഹത്ത്വപ്പെടുത്തുന്ന അദ്ധ്വാനത്തിന്റെ വർഷങ്ങൾ ആയിരിക്കുമോ അത്? തിരിച്ചുവന്ന യേശു നിങ്ങളെ വിശ്വസിക്കുന്നതിനു തക്കതായി നിങ്ങൾ എന്തുയർത്തിപ്പിടിക്കും? യാതൊരു സത്യത്തെയും അനുസരിക്കാത്ത നിങ്ങളുടെ ധിക്കാരസ്വഭാവമായിരിക്കുമോ അത്?

നിങ്ങളുടെ വിശ്വസ്തത വാക്കുകളിൽ മാത്രമാണ്; നിങ്ങളുടെ ജ്ഞാനം കേവലം ബൗദ്ധികവും ആശയപരവുമാണ്; നിങ്ങളുടെ പരിശ്രമങ്ങൾ സ്വർഗീയാനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനു മാത്രമാണ്; അങ്ങിനെയിരിക്കെ, നിങ്ങളുടെ വിശ്വാസം എപ്രകാരമായിരിക്കും? ഇന്നും, ഓരോ സത്യവചനത്തിനും നിങ്ങൾ ചെവികൊടുക്കുന്നില്ല. ദൈവത്തിന്റെ അന്തഃസത്ത നിങ്ങൾക്കറിയില്ല, ക്രിസ്തുവിന്റെ അന്തഃസത്ത നിങ്ങൾക്കറിയില്ല, യഹോവയെ എങ്ങനെ വണങ്ങണമെന്ന് നിങ്ങൾക്കറിയില്ല, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയിലേക്ക് എങ്ങനെ പ്രവേശിക്കണമെന്ന് നിങ്ങൾക്കറിയില്ല; ദൈവത്തിന്റെ വേലയും മനുഷ്യന്റെ വഞ്ചനയും തമ്മിൽ വേർതിരിച്ചറിയാനും നിങ്ങൾക്കറിയില്ല. ദൈവം വെളിപ്പെടുത്തുന്ന ഓരോ സത്യവചനവും നിന്റെ വിചാരങ്ങളുമായി പൊരുത്തപ്പെടാത്തപക്ഷം അതിനെ നിന്ദിക്കാൻ മാത്രം നിനക്കറിയാം. എവിടെയാണ് നിന്റെ താഴ്മ? എവിടെപ്പോയി നിന്റെ അനുസരണം? എവിടെയാണ് നിന്റെ വിശ്വസ്തത? സത്യമന്വേഷിക്കാനുള്ള നിന്റെ തൃഷ്‌ണ എവിടെപ്പോയി? ദൈവത്തോടുള്ള നിന്റെ ആദരവ് എവിടെയാണ്? ഞാൻ പറയട്ടെ: അടയാളങ്ങളെപ്രതി മാത്രം ദൈവത്തിൽ വിശ്വസിക്കുന്നവർ തീർച്ചയായും നശിപ്പിക്കപ്പെടാനുള്ള മനുഷ്യരാണ്. ജഡത്തിലേക്കു തിരിച്ചുവരുന്ന യേശുവിന്റെ വചനങ്ങളെ സ്വീകരിക്കാൻ കഴിയാത്തവർ നിശ്ചയമായും നരകസന്തതികളാണ്, അവർ മുഖ്യദൂതന്റെ വംശജരും നിത്യനാശത്തിനു വിധേയരാക്കപ്പെടാനുള്ളവരുമാണ്. പലരും ഞാൻ പറയുന്നത് കാര്യമാക്കുകയില്ലായിരിക്കാം. എന്നിരുന്നാലും, വിശുദ്ധരെന്നു വിളിക്കപ്പെടുന്ന യേശുശിഷ്യന്മാരോട് ഞാൻ ഇപ്പോഴും പറയാനാഗ്രഹിക്കുന്നത് ഇതാണ്: നിങ്ങൾ സ്വന്തം കണ്ണുകൾകൊണ്ട് യേശു സ്വർഗത്തിൽനിന്ന് ഒരു വെണ്മേഘത്തിന്മേൽ ഇറങ്ങിവരുന്നതു കാണുമ്പോൾ, അതായിരിക്കും നീതിസൂര്യന്റെ പരസ്യമായ പ്രത്യക്ഷത. ഒരുപക്ഷേ അത് നിനക്കേറെ ആവേശകരമായ സമയമായിരിക്കും. എന്നാലും, യേശു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന സമയം നീ നിത്യശിക്ഷയ്ക്കായി നരകത്തിലേക്ക് പോകേണ്ട സമയവും ആയിരിക്കുമെന്ന് അറിയുക. അത് ദൈവത്തിന്റെ കാര്യനിർവഹണ പദ്ധതിയുടെ സമാപ്തികാലം ആയിരിക്കും; അപ്പോഴായിരിക്കും ദൈവം നല്ലവരെ രക്ഷിക്കുന്നതും ദുഷ്ടരെ ശിക്ഷിക്കുന്നതും. കാരണം, മനുഷ്യൻ അടയാളങ്ങൾ കാണുന്നതിനു മുമ്പേ ദൈവത്തിന്റെ ന്യായവിധി അവസാനിച്ചിട്ടുണ്ടാവും; അപ്പോൾ സത്യത്തിന്റെ പ്രകാശനം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അടയാളങ്ങൾ അന്വേഷിക്കാതെ, സത്യം സ്വീകരിക്കുന്നതിലൂടെ ശുദ്ധീകരിക്കപ്പെട്ടവർ ദൈവസിംഹാസനത്തിനു മുമ്പാകെ തിരിച്ചെത്തി സ്രഷ്ടാവിന്റെ ആലിംഗനത്തിൽ അമർന്നു കഴിഞ്ഞിട്ടുണ്ടാകും. “വെണ്മേഘത്തിന്മേൽ സവാരി ചെയ്യാത്ത യേശു കള്ളക്രിസ്തുവാണ്” എന്ന വിശ്വാസത്തെ മുറുകെപ്പിടിക്കുന്നവർ മാത്രം നിത്യശിക്ഷയ്ക്ക് വിധേയരാക്കപ്പെടും, എന്തെന്നാൽ അവർ അടയാളങ്ങൾ കാട്ടുന്ന യേശുവിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ. പക്ഷേ, കർശനമായ ന്യായവിധി പ്രഖ്യാപിക്കുകയും ജീവന്റെ യഥാർഥ വഴി തുറന്നുകൊടുക്കുകയും ചെയ്യുന്ന യേശുവിനെ അവർ ഏറ്റുപറയുന്നില്ല. അതുകൊണ്ട്, യേശു വെണ്മേഘത്തിന്മേൽ പരസ്യമായി ആഗമനം ചെയ്യുമ്പോൾ അങ്ങനെയുള്ളവരെ തീർച്ചയായും കൈകാര്യം ചെയ്യാതിരിക്കില്ല. അവർ തീർത്തും ശാഠ്യക്കാരും ധിക്കാരികളും സ്വാഭിമാനികളുമാണ്. ഇത്തരം അധമർക്ക് പ്രതിഫലം നൽകാൻ യേശുവിന് എങ്ങനെ കഴിയും? സത്യം കൈക്കൊള്ളാൻ കഴിയുന്നവർക്ക് യേശുവിന്റെ തിരിച്ചുവരവ് വലിയ രക്ഷയാണ്; എന്നാൽ, സത്യം കൈക്കൊള്ളാൻ കഴിയാത്തവർക്ക് അത് ശിക്ഷാവിധിയുമാണ്. നിങ്ങൾ സ്വന്തം പാത തിരഞ്ഞെടുക്കണം, പരിശുദ്ധാത്മാവിനെതിരായി ദൈവദൂഷണം പറയുകയോ സത്യത്തെ തള്ളിക്കളയുകയോ ചെയ്യരുത്. നിങ്ങൾ വിവരദോഷിയും ധിക്കാരിയുമായ വ്യക്തികളാകരുത്, പ്രത്യുത, പരിശുദ്ധാത്മാവിന്റെ മാർഗനിർദ്ദേശം അനുസരിക്കുന്നവരും സത്യം ആഗ്രഹിക്കുന്നവരും അന്വേഷിക്കുന്നവരും ആയിരിക്കണം. ഈ വിധത്തിൽ മാത്രമേ നിങ്ങൾക്കു ഗുണമുണ്ടാവുകയുള്ളൂ. ദൈവവിശ്വാസത്തിന്റെ പാതയിൽ ശ്രദ്ധാപൂർവം ചരിക്കാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. തിടുക്കപ്പെട്ട് നിഗമനങ്ങൾ ചെയ്യരുത്; മാത്രമല്ല, ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ നിങ്ങൾ അലംഭാവികളും ചിന്താശൂന്യരും ആകരുത്. ഏറ്റവും കുറഞ്ഞപക്ഷം ദൈവവിശ്വാസികൾ വിനീതരും ആദരവുള്ളവരുമായിരിക്കണമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. സത്യം ശ്രവിച്ചിട്ടും അതിനെ പുച്ഛത്തോടെ വീക്ഷിക്കുന്നവർ മണ്ടന്മാരും വിവരദോഷികളുമാണ്. സത്യം ശ്രവിച്ചിട്ടും അശ്രദ്ധമായി നിഗമനങ്ങളിലേക്ക് എടുത്തുചാടുകയോ അതിനെ അപലപിക്കുകയോ ചെയ്യുന്നവർ ധിക്കാരത്താൽ ഉന്മത്തരാണ്. യേശുവിൽ വിശ്വാസിക്കാത്ത ആരും മറ്റുള്ളവരെ ശപിക്കുന്നതിനോ വിധിക്കുന്നതിനോ യോഗ്യതയുള്ളവരല്ല. നിങ്ങളെല്ലാവരും വിവേകശീലരും സത്യം കൈക്കൊള്ളുന്നവരും ആയിരിക്കണം. ഒരുപക്ഷേ, നിങ്ങൾ സത്യമാർഗത്തെപ്പറ്റി ശ്രവിച്ചും ജീവവചനം വായിച്ചും കഴിഞ്ഞതിനാൽ, ഈ വചനങ്ങളിൽ പതിനായിരത്തിൽ ഒന്ന് മാത്രം നിന്റെ ബോധ്യങ്ങൾക്കും ബൈബിളിനും ചേർച്ചയിലുള്ളതെന്ന് നീ കരുതുന്നുണ്ടാവാം; അങ്ങനെയെങ്കില്‍ ഈ വചനങ്ങളില്‍ പതിനായിരത്തില്‍ ഒന്നായ ആ വചനം നീ അന്വേഷിച്ചുകൊണ്ടേയിരിക്കണം. ഞാനിപ്പോഴും നിന്നെ ഉപദേശിക്കുന്നത് നീ വിനീതനായിരിക്കണമെന്നും അമിതമായ ആത്മവിശ്വാസം വെച്ചുപുലർത്തരുതെന്നും തന്നെത്തന്നെ വാനോളം പുകഴ്ത്തരുതെന്നുമാണ്. നിന്റെ ഹൃദയത്തിൽ ദൈവത്തെപ്രതി ഇത്ര തുച്ഛമായ ആദരവ് വെച്ചുകൊണ്ടിരിക്കുമ്പോൾ നീ ഇതിലും വലിയ വെളിച്ചം നേടേണ്ടതുണ്ട്. ഈ വചനങ്ങൾ നീ ശ്രദ്ധാപൂർവം പരിശോധിച്ച് വീണ്ടും വീണ്ടും ധ്യാനിക്കുമെങ്കിൽ, അവ സത്യമാണോ അല്ലയോ എന്ന് നീ മനസ്സിലാക്കും. ഒരുപക്ഷേ, ചിലർ ഒന്നോ രണ്ടോ വാക്യങ്ങൾ വായിച്ചതിനു ശേഷം ഈ വാക്കുകളെ അന്ധമായി കുറ്റപ്പെടുത്തിക്കൊണ്ട്: “ഇത് പരിശുദ്ധാത്മാവിന്റെ പ്രബോധനത്തിൽ കവിഞ്ഞ ഒന്നുമല്ല,” അല്ലെങ്കിൽ “ഇത് മനുഷ്യരെ വഞ്ചിക്കാൻ വന്ന കള്ളക്രിസ്തുവല്ലാതെ മറ്റാരുമല്ല” എന്നു പറയും. ഇങ്ങനെയൊക്കെ പറയുന്നവർ അജ്ഞതയാൽ അന്ധരാക്കപ്പെട്ടവരാണ്! ദൈവത്തിന്റെ വേലയെപ്പറ്റിയും ജ്ഞാനത്തെപ്പറ്റിയും നിനക്കു തുച്ഛമായേ അറിവുള്ളു; അതുകൊണ്ട് നീ ആദ്യംമുതൽ ആരംഭിക്കണമെന്ന് ഞാൻ നിന്നോട് പറയുന്നു! അന്ത്യനാളുകളിൽ കള്ളക്രിസ്തുമാർ പ്രത്യക്ഷപ്പെടുമെന്ന കാരണത്താൽ, ദൈവം ഉച്ചരിച്ച വചനങ്ങളെ നിങ്ങൾ അന്ധമായി കുറ്റം വിധിക്കരുത്; അതുപോലെ, നിങ്ങൾ വഞ്ചനയെപ്പേടിച്ച് പരിശുദ്ധാത്മാവിനെതിരായി ദൈവദൂഷണം പറയുന്നവരാകരുത്. അതു വലിയ കഷ്ടമായിരിക്കില്ലേ? ഇത്രയേറെ കൂലങ്കഷമായി പരിശോധിച്ചതിനു ശേഷവും, ഈ വചനങ്ങൾ സത്യമല്ലെന്നും ശരിക്കുള്ള വഴിയല്ലെന്നും ദൈവത്തിന്റെ മൊഴികളല്ലെന്നും നീ വിശ്വസിക്കുന്നെങ്കിൽ, ഒടുവിൽ ശിക്ഷിക്കപ്പെടുമെന്ന് മാത്രമല്ല നിനക്ക് അനുഗ്രഹങ്ങൾ നഷ്ടമാവുകയും ചെയ്യും. ഇത്രയേറെ വ്യക്തമായും സ്‌പഷ്ടമായും പറയപ്പെട്ട ഈ സത്യം നിനക്കു സ്വീകരിക്കാൻ കഴിയില്ലെങ്കിൽ, നീ ദൈവത്തിൽ നിന്നുള്ള രക്ഷയ്ക്ക് അർഹതയില്ലാത്തവനല്ലേ? നീ ദൈവസിംഹാസനത്തിനു മുമ്പാകെ തിരിച്ചെത്താൻ വേണ്ടുന്ന അനുഗ്രഹമില്ലാത്തവനല്ലേ? ആലോചിച്ചു നോക്കുക! എടുത്തുചാട്ടക്കാരനും വീണ്ടുവിചാരമില്ലാത്തവനും ആകാതിരിക്കുക; ഒപ്പം, ദൈവത്തിലുള്ള വിശ്വാസത്തെ ഒരു കുട്ടിക്കളിയായി എടുക്കാതിരിക്കുക. നിന്റെ ലക്ഷ്യസ്ഥാനത്തെ ഓർക്കുക, നിന്റെ ഭാവിസാധ്യതകളെ ഓർക്കുക, നിന്റെ ജീവനെ ഓർക്കുക, സ്വയം വിഡ്ഢിയാക്കാതിരിക്കുക. ഈ വാക്കുകൾ നിനക്കു സ്വീകരിക്കാനാകുമോ?

മുമ്പത്തേത്: ദൈവവും മനുഷ്യനും ഒരുമിച്ചു വിശ്രമത്തിലേക്കു പ്രവേശിക്കും

അടുത്തത്: ക്രിസ്തുവിനോടു പൊരുത്തപ്പെടാത്തവർ തീർച്ചയായും ദൈവത്തിന്‍റെ എതിരാളികളാണ്

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക