ദൈവ വേലയുടെ ദര്‍ശനം (3)

പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചായിരുന്നു ദൈവം ആദ്യമായി ജഡരൂപമെടുത്തത്. ഇത് അവന്‍ ചെയ്യാന്‍ ഉദ്ദേശിച്ച പ്രവൃത്തിയെ സംബന്ധിച്ചിടത്തോളം പ്രസക്തവുമായിരുന്നു. കൃപായുഗം യേശുവിന്റെ നാമത്തിലാണ് ആരംഭിച്ചത്. യേശു തന്റെ ശുശ്രൂഷ നിര്‍ഹിക്കാൻ ആരംഭിച്ചപ്പോള്‍, പരിശുദ്ധാത്മാവ് യേശുവിന്റെ നാമത്തിനു സാക്ഷ്യം നല്‍കാന്‍ തുടങ്ങി. യഹോവയുടെ നാമം പിന്നീടൊരിക്കലും പറയപ്പെട്ടില്ല; പകരം, മുഖ്യമായി യേശുവിന്റെ നാമത്തില്‍ പരിശുദ്ധാത്മാവ് പുതിയൊരു വേല ആരംഭിച്ചു. അവനില്‍ വിശ്വസിച്ചവര്‍ വഹിച്ച സാക്ഷ്യം യേശു ക്രിസ്തുവിനു വേണ്ടിയായിരുന്നു, അവര്‍ ചെയ്ത പ്രവൃത്തികളും യേശു ക്രിസ്തുവിനു വേണ്ടിയുള്ളതായിരുന്നു. പഴയനിയമ ന്യായപ്രമാണയുഗത്തിന്റെ പര്യവസാനം അര്‍ഥമാക്കിയത് മുഖ്യമായി യഹോവയുടെ നാമത്തില്‍ നിര്‍വഹിക്കപ്പെട്ട പ്രവൃത്തി അവസാനിച്ചു എന്നാണ്. അതിനുശേഷം ദൈവത്തിന്റെ നാമം യഹോവ എന്നായിരുന്നില്ല. പകരം അവന്‍ യേശു എന്നു വിളിക്കപ്പെട്ടു. അവിടം മുതല്‍ പരിശുദ്ധാത്മാവ് പ്രധാനമായും യേശുവിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു. അതുകൊണ്ട്, ഇന്നും യഹോവയുടെ വചനങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും എല്ലാം ന്യായപ്രമാണയുഗത്തിലെ പ്രവൃത്തിക്കനുസരിച്ചു ചെയ്യുകയും ചെയ്യുന്ന മനുഷ്യരേ, നിങ്ങള്‍ ചട്ടങ്ങളെ കണ്ണടച്ച് അനുസരിക്കുകയല്ലേ? നിങ്ങള്‍ ഭൂതകാലത്തില്‍ കുരുങ്ങിക്കിടക്കുകയല്ലേ? അന്ത്യനാളുകള്‍ ആഗതമായിക്കഴിഞ്ഞു എന്ന് ഇപ്പോള്‍ നിങ്ങള്‍ക്കറിയാം. യേശു വരുമ്പോള്‍, അവൻ യേശു എന്നു തന്നെ വിളിക്കപ്പെടും എന്നാണോ? ഒരു മിശിഹാ വരുമെന്നു യഹോവ ഇസ്രായേൽ ജനതയോടു പറഞ്ഞു. എന്നിട്ടും അവന്‍ വന്നപ്പോള്‍ മിശിഹാ എന്നല്ല അവന്‍ വിളിക്കപ്പെട്ടത്, മറിച്ച് യേശു എന്നാണ്. താൻ വീണ്ടും വരുമെന്ന് യേശു പറഞ്ഞു. പോയതുപോലെതന്നെ ആയായിരിക്കും വരുക എന്നും പറഞ്ഞു. ഇത് യേശുവിന്റെ വാക്കുകളായിരുന്നു. പക്ഷേ യേശു എങ്ങനെയാണു പോയത് എന്നു നീ കണ്ടോ? ഒരു വെളുത്ത മേഘത്തിലേറിയാണ് യേശു പോയത്, അപ്പോള്‍ അവന്‍ ഒരു വെളുത്ത മേഘത്തിലേറി മനുഷ്യര്‍ക്കിടയിലേക്കു മടങ്ങിവരും എന്നായിരിക്കുമോ? അങ്ങനെയാണെങ്കില്‍ അപ്പോഴും അവന്‍ യേശു എന്നു തന്നെയല്ലേ വിളിക്കപ്പെടുക? യേശു വീണ്ടും വരുമ്പോഴേക്കും ഒരു യുഗം വന്നുകഴിഞ്ഞിരിക്കും. അപ്പോഴും അവനെ യേശു എന്നുതന്നെയാണോ വിളിക്കുക? ദൈവത്തിന് യേശു എന്ന പേരില്‍ മാത്രമേ അറിയപ്പെടുവാന്‍ സാധിക്കൂ എന്നാണോ? ഒരു പുതിയ യുഗത്തില്‍ ഒരു പുതിയ പേരില്‍ അവന്‍ അറിയപ്പെടാന്‍ സാധ്യതയില്ലേ? ഒരു വ്യക്തിയുടെ രൂപത്തിനും ഒരു പ്രത്യേക നാമത്തിനും ദൈവത്തെ പൂർണമായി പ്രതിനിധാനം ചെയ്യുക സാധ്യമാണോ? ഓരോ യുഗത്തിലും ദൈവം പുതിയ വേല ചെയ്യുന്നു. പുതിയൊരു നാമത്തില്‍ വിളിക്കപ്പെടുന്നു. വ്യത്യസ്ത യുഗങ്ങളില്‍ ഒരേ വേല ചെയ്യുവാന്‍ അവന് എങ്ങനെയാണ് സാധിക്കുക? പഴയതിനെ മുറുകെപ്പിടിക്കുവാന്‍ എങ്ങനെയാണ് അവനു സാധിക്കുക? യേശുവിന്റെ നാമം വീണ്ടെടുക്കൽ വേലയ്ക്കായാണ് സ്വീകരിക്കപ്പെട്ടത്. അപ്പോള്‍ അന്ത്യനാളുകളില്‍ ന്‍വീണ്ടും വരുമ്പോള്‍ അതേപേര് തന്നെയാണോ അവനെ വിളിക്കുക? അപ്പോഴും അവന്‍ വീണ്ടെടുക്കൽ വേല തന്നെയായിരിക്കുമോ ചെയ്യുക? എന്തുകൊണ്ടാണ് യഹോവയും യേശുവും ഒന്നായിട്ടും വ്യത്യസ്ത യുഗങ്ങളില്‍ അവര്‍ വ്യത്യസ്ത നാമങ്ങളില്‍ അറിയപ്പെടുന്നത്? അവരുടെ പ്രവൃത്തിയുടെ യുഗങ്ങള്‍ വ്യത്യസ്തമായതുകൊണ്ടല്ലേ അത്? ഒരൊറ്റ നാമത്തിന് ദൈവത്തെ പൂർണമായി പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കുമോ? അതുകൊണ്ട് ദൈവം ഒരു വ്യത്യസ്തയുഗത്തില്‍ ഒരു വ്യത്യസ്ത നാമത്തില്‍ വിളിക്കപ്പെടണം. യുഗം മാറുവാനും യുഗത്തെ പ്രതിനിധാനം ചെയ്യുവാനും അവന്‍ ഈ നാമം ഉപയോഗിക്കണം. കാരണം, പരമോന്നത ദൈവത്തെ ഒരു നാമത്തിനു മാത്രമായി പൂര്‍ണമായും പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കില്ല. ഓരോ നാമത്തിനും ഒരു പ്രത്യേക യുഗത്തിലെ ദൈവിക പ്രകൃതത്തിന്റെ ഒരു താത്കാലിക വശത്തെ മാത്രമേ പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ആ നാമത്തിന്റെ ആകെയുള്ള ധര്‍മം അവന്റെ പ്രവൃത്തിയെ പ്രതിനിധാനം ചെയ്യുക എന്നതാണ്. അതുകൊണ്ട്, ഒരു യുഗത്തെ മുഴുവനായും പ്രതിനിധാനം ചെയ്യുവാന്‍ ദൈവത്തിനു തന്റെ പ്രകൃതത്തിനു ചേര്‍ന്ന ഏതു നാമവും തെരഞ്ഞെടുക്കാം. യഹോവയുടെ യുഗമായാലും യേശുവിന്റെ യുഗമായാലും ഓരോ യുഗവും ഓരോ നാമത്താല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നു. കൃപായുഗത്തിന്റെ അന്ത്യത്തില്‍ അവസാനയുഗം കടന്നുവന്നിരിക്കുന്നു, യേശുവും വന്നുകഴിഞ്ഞിരിക്കുന്നു. അപ്പോൾ എങ്ങനെയാണ് അവനെ ഇപ്പോഴും യേശു എന്നു വിളിക്കുവാന്‍ സാധിക്കുക? എങ്ങനെയാണ് അവനു മനുഷ്യര്‍ക്കിടയില്‍ വീണ്ടും യേശുവിന്റെ രൂപം ധരിക്കുവാന്‍ സാധിക്കുക? യേശു ഒരു നസറായന്റെ രൂപത്തെക്കാള്‍ കൂടുതലൊന്നുമായിരുന്നില്ല എന്നതു നീ മറന്നുപോയോ? യേശു മനുഷ്യവര്‍ഗത്തിന്റെ വീണ്ടെടുപ്പുകാരന്‍ മാത്രമായിരുന്നു എന്നതു നീ മറന്നുപോയോ? അവസാനനാളുകളിൽ മനുഷ്യനെ ജയിച്ചടക്കുന്നതിന്റെയും പൂര്‍ണനാക്കുന്നതിന്റെയും വേല എങ്ങനെയാണ് അവന് ഏറ്റെടുക്കാന്‍ സാധിക്കുക? യേശു ഒരു വെളുത്ത മേഘത്തിലേറിയാണു പോയത്—ഇതു സത്യമാണ്—പക്ഷേ, എങ്ങനെയാണ് അവന് ഒരു വെളുത്ത മേഘത്തിലേറിത്തന്നെ മനുഷ്യര്‍ക്കിടയിലേക്കു തിരിച്ചുവരാനും അപ്പോഴും യേശു എന്ന് വിളിക്കപ്പെടാനും സാധിക്കുക? ശരിക്കും അവന്‍ ഒരു മേഘത്തില്‍ തന്നെ വന്നു എന്നിരിക്കട്ടെ, മനുഷ്യന്‍ അവനെ തിരിച്ചറിയാതിരിക്കുമോ? ലോകം മുഴുവനുമുള്ള ആളുകള്‍ അവനെ തിരിച്ചറിയുകയില്ലേ? അങ്ങനെയാണെങ്കില്‍ യേശു മാത്രമായിരിക്കില്ലേ ദൈവം? അങ്ങനെയാണെങ്കില്‍ ദൈവത്തിന്റെ രൂപത്തിന് ഒരു യഹൂദന്റെ മുഖമായിരിക്കും. അതെന്നേക്കും ഏതാണ്ട് അങ്ങനെത്തന്നെ ആയിരിക്കും. താന്‍ പോയതുപോലെത്തന്നെ വരുമെന്നാണ് യേശു പറഞ്ഞത്. പക്ഷേ, അവന്റെ വാക്കുകളുടെ ശരിയായ അര്‍ഥം നിനറിയാമോ? നിങ്ങളുടെ കൂട്ടത്തോടാണ് അവൻ ഇതു പറഞ്ഞത് എന്നായിരിക്കുമോ? അവന്‍ പോയതുപോലെ, ഒരു മേഘത്തിലേറി തിരിച്ചുവരും എന്നു മാത്രമാണ് നിനക്ക് ആകെ അറിയാവുന്നത്. പക്ഷേ, കൃത്യമായും പരമോന്നത ദൈവം എങ്ങനെയാണ് തന്റെ പ്രവൃത്തി ചെയ്യുന്നത് എന്നു നിനറിയാമോ? ശരിക്കും നിനക്ക് അതു കാണുവാന്‍ സാധിക്കുമായിരുന്നെങ്കില്‍, യേശു പറഞ്ഞ വാക്കുകളെ എങ്ങനെയാണ് വിശദീകരിക്കുക? അവന്‍ പറഞ്ഞു: അന്ത്യനാളുകളില്‍ മനുഷ്യപുത്രന്‍ വരുമ്പോള്‍ അവന്‍ തന്നെയും അതറിയില്ല, മാലാഖമാര്‍ അറിയില്ല, സ്വ ര്‍ഗത്തിലെ ദൈവദൂതര്‍ അറിയില്ല, മനുഷ്യവര്‍ഗത്തിൽ ആരും അതറിയില്ല. പിതാവ് മാത്രം, അതായത് ആത്മാവ് മാത്രം അറിയും. മനുഷ്യപുത്രന്‍ പോലും അതറിയുന്നില്ല. എന്നിട്ടും നിനക്ക് കാണുവാനും അറിയുവാനും സാധിക്കുന്നു എന്നോ? സ്വന്തം കണ്ണുകള്‍ കൊണ്ട് നിനക്ക് അറിയാനും കാണാനും സാധിക്കുമായിരുന്നു എങ്കില്‍ യേശു പറഞ്ഞ ഈ വാക്കുകള്‍ വെറുതെയായിപ്പോകുമായിരുന്നില്ലേ? ആ സമയത്ത് എന്താണ് യേശു പറഞ്ഞത്? ആ ദിവസത്തെയും സമയത്തെയുംകുറിച്ച് എന്റെ പിതാവിനല്ലാതെ മറ്റാർക്കും സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ ആയിരിക്കും മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്നത്. ... അതുപോലെ അപ്രതീക്ഷിതമായ സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.ആ ദിവസം വരുമ്പോള്‍ മനുഷ്യപുത്രന്‍ പോലും അതറിയുകയില്ല. മനുഷ്യപുത്രന്‍ എന്നുവച്ചാൽ ദൈവത്തിന്റെ ജഡരൂപമാണ്, സാമന്യനും സാധാരണക്കാരനുമായ ഒരു വ്യക്തി. മനുഷ്യപുത്രൻ പോലും അതറിയില്ല. അപ്പോ ള്‍പ്പിന്നെ നീ എങ്ങനെയാണ് അറിയുന്നത്? പോയതുപോലെത്തന്നെ വരുമെന്ന് യേശു പറഞ്ഞു. അവന്‍ വരുന്നത് അവനു പോലും അറിയില്ല. അപ്പോള്‍പ്പിന്നെ അതു നിന്നെ മുന്‍കൂട്ടി അറിയിക്കാന്‍ അവനു സാധിക്കുമോ? അവന്റെ വരവ് കാണാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? അതൊരു തമാശയല്ലേ? ഓരോ തവണയും ദൈവം ഭൂമിയിലേക്കു വരുമ്പോള്‍ അവന്‍ പേര് മാറ്റുന്നു, ലിംഗം മാറ്റുന്നു, രൂപം മാറ്റുന്നു, പ്രവൃത്തി മാറ്റുന്നു; അവന്‍ തന്‍റെ വേല ആവര്‍ത്തിക്കുന്നില്ല. എപ്പോഴും പുതിയതായ, ഒരിക്കലും പഴഞ്ചനല്ലാത്ത ദൈവമാണ് അവന്‍. മുമ്പ് അവന്‍ വന്നപ്പോള്‍ യേശു എന്നു വിളിക്കപ്പെട്ടു. ഇത്തവണ അവന്‍ വീണ്ടും വരുമ്പോള്‍ യേശു എന്നുതന്നെ വിളിക്കപ്പെടുമോ? മുമ്പ് വന്നപ്പോള്‍ അവന്‍ പുരുഷനായിരുന്നു. ഇത്തവണ വീണ്ടും അവനു പുരുഷനാകുവാന്‍ സാധിക്കുമോ? കൃപായുഗത്തില്‍ വന്നപ്പോള്‍ അവന്റെ വേല കുരിശില്‍ തറയ്ക്കപ്പെടുക എന്നതായിരുന്നു. അവന്‍ വീണ്ടും വരുമ്പോൾ അവനു മനുഷ്യവര്‍ഗത്തെ പാപത്തില്‍ നിന്നു മോചിപ്പിക്കുവാന്‍ സാധിക്കുമോ? വീണ്ടും അവനു ക്രൂശിതനാകാൻ സാധിക്കുമോ? അങ്ങനെ ചെയ്യുന്നത് അവന്റെ വേലയുടെ ആവർത്തനമാകില്ലേ? ദൈവം എപ്പോഴും പുതിയതാണെന്നും ഒരിക്കലും പഴയതല്ലെന്നും നിങ്ങള്‍ അറിഞ്ഞതല്ലേ? ദൈവം മാറ്റമില്ലാത്തവനാണെന്നു പറയുന്ന ചിലരുണ്ട്. അതു ശരിയാണ്. പക്ഷേ, അതുകൊണ്ട് അര്‍ഥമാക്കുന്നത് ദൈവത്തിന്റെ പ്രകൃതത്തിന്റെയും സത്തയുടെയും മാറ്റമില്ലായ്മയാണ്. അവന്റെ നാമത്തിലെയും പ്രവൃത്തിയിലെയും മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത് അവന്റെ സത്തയില്‍ മാറ്റം വന്നു എന്നല്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ദൈവം എപ്പോഴും ദൈവം തന്നെയായിരിക്കും, ഇതൊരിക്കലും മാറുകയില്ല. ദൈവത്തിന്റെ പ്രവൃത്തി മാറ്റമില്ലാത്തതാണ് എന്നു നീ പറയുകയാണെങ്കില്‍, ആറായിരം വര്‍ഷത്തെ നിര്‍വഹണപദ്ധതി പൂര്‍ത്തിയാക്കുവാന്‍ അവനു സാധിക്കുമോ? ദൈവം എന്നേക്കും മാറ്റമില്ലാത്തവനാണ് എന്നു മാത്രമേ നിനക്കറിയുകയുള്ളൂ. പക്ഷേ, ദൈവം എപ്പോഴും പുതിയതാണെന്നും ഒരിക്കലും പഴഞ്ചനല്ലെന്നും നിനക്കറിയുമോ? ദൈവത്തിന്റെ പ്രവൃത്തി മാറ്റമില്ലാത്തതാണെങ്കില്‍, മനുഷ്യവര്‍ഗത്തെ ഇന്നത്തെ നിലയിലെത്തിക്കുവാന്‍ അവനു സാധിക്കുമായിരുന്നോ? ദൈവം മാറ്റമില്ലാത്തവനാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് രണ്ടു യുഗങ്ങളിലെ പ്രവൃത്തി അവന്‍ ഇതിനകം പൂര്‍ത്തിയാക്കിയത്? അവന്റെ പ്രവൃത്തി ഒരിക്കലും നിലയ്ക്കാതെ മുന്നോട്ടു പോകുന്നു. എന്നു പറഞ്ഞാല്‍ അവന്റെ പ്രകൃതം മനുഷ്യനു മുമ്പില്‍ പതിയെ അനാവരണം ചെയ്യപ്പെടുന്നു എന്നാണ്. അങ്ങനെ അനാവരണം ചെയ്യപ്പെടുന്നത് അവന്റെ സഹജമായ പ്രകൃതമാണ്. ആദിയില്‍ ദൈവത്തിന്റെ പ്രകൃതം മനുഷ്യനില്‍ നിന്നു മറയ്ക്കപ്പെട്ടിരുന്നു. അവന്‍ ഒരിക്കലും സ്വന്തം പ്രകൃതം മനുഷ്യനു പരസ്യമായി വെളിവാക്കിയില്ല. മനുഷ്യനാകട്ടെ അവനെപ്പറ്റി ഒരറിവും ഉണ്ടായിരുന്നില്ല. ഈ കാരണം കൊണ്ട്, തന്റെ പ്രകൃതം മനുഷ്യനു മുമ്പാകെ പതിയെ അനാവരണം ചെയ്യുവാനായി അവന്‍ തന്റെ പ്രവൃത്തി ഉപയോഗിക്കുന്നു. പക്ഷേ, ദൈവം ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ അര്‍ഥം അവന്റെ പ്രകൃതം എല്ലാ യുഗങ്ങളിലും മാറുന്നു എന്നല്ല. ദൈവത്തിന്റെ ഹിതം മാറുന്നതുകൊണ്ട് അവന്റെ പ്രകൃതം മാറിക്കൊണ്ടേ ഇരിക്കുന്നു എന്നല്ല. മറിച്ച്, അവന്റെ പ്രവൃത്തിയുടെ യുഗങ്ങള്‍ വ്യത്യസ്തമായതുകൊണ്ട് ദൈവം തന്റെ സഹജമായ പ്രകൃതത്തെ പൂര്‍ണമായെടുത്ത് പടിപടിയായി അതു മനുഷ്യനു വെളിവാക്കുന്നു. അങ്ങനെ മനുഷ്യനു ദൈവത്തെ അറിയാന്‍ സാധിക്കുന്നതിനു വേണ്ടിയാണത്. പക്ഷേ, ഒരിക്കലും ദൈവത്തിന് ഒരു പ്രത്യേക പ്രകൃതം ഇല്ല എന്നോ അവന്റെ പ്രകൃതം കാലാന്തരത്തിൽ പതുക്കെ മാറി എന്നോ അല്ല ഇതു തെളിയിക്കുന്നത്. അങ്ങനെയുള്ള ഗ്രാഹ്യം തെറ്റാണ്. ദൈവം മനുഷ്യനു തന്റെ സഹജവും പ്രത്യേകവുമായ പ്രകൃതം—അവന്‍ എന്താണെന്നുള്ളത്—കാലാന്തരത്തിൽ വെളിവാക്കുന്നു. ഒരൊറ്റ യുഗത്തിലെ പ്രവൃത്തിക്ക് ദൈവത്തിന്റെ മൊത്തം പ്രകൃതത്തെ വെളിവാക്കാനാകില്ല. അതുകൊണ്ട്, “ദൈവം എപ്പോഴും പുതിയതാണ്, ഒരിക്കലും പഴപഴഞ്ചനല്ല” എന്ന വാക്കുകള്‍ അവന്റെ പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. “ദൈവം മാറ്റമില്ലാത്തവനാണ്” എന്നു പറയുന്നത് ദൈവത്തിന് പ്രകൃത്യാ എന്താണുള്ളത് എന്നതിനെക്കുറിച്ചും അവന്‍ ആരാണ് എന്നതിനെയും കുറിക്കുന്നു. എന്നിരുന്നാലും ആറായിരം വര്‍ഷം നീളുന്ന പ്രവൃത്തി ഒരൊറ്റ കാര്യത്തെ ആശ്രയിച്ചാക്കുവാനോ മൃതമായ വാക്കുകള്‍ കൊണ്ട് അതിന് അതിരുകള്‍ നിശ്ചയിക്കുവാനും സാധിക്കില്ല. അത്രത്തോളമുണ്ട് മനുഷ്യന്റെ ഭോഷത്തം. മനുഷ്യന്‍ വിചാരിക്കുന്ന അത്രയും ലളിതമായവനല്ല ദൈവം. അവന്റെ പ്രവൃത്തി ഏതെങ്കിലും ഒരു യുഗത്തില്‍ മാത്രം നിലനില്‍ക്കുന്നതുമല്ല. ഉദാഹരണത്തിന്, ദൈവത്തിന്റെ നാമം എല്ലായ്പ്പോഴും യഹോവ എന്നായിരിക്കുവാന്‍ സാധിക്കുകയില്ല. യേശു എന്ന നാമത്തിലും ദൈവത്തിനു തന്റെ പ്രവൃത്തി ചെയ്യാന്‍ സാധിക്കും. ദൈവത്തിന്റെ പ്രവൃത്തി എപ്പോഴും മുന്നോട്ടാണു പോകുന്നത് എന്നതിന്റെ അടയാളമാണ് ഇത്.

ദൈവം എല്ലായ്പ്പോഴും ദൈവമാണ്, അവനൊരിക്കലും സാത്താനാകുകയില്ല. സാത്താന്‍ എല്ലായ്പ്പോഴും സാത്താനാണ്, അത് ഒരിക്കലും ദൈവമാകുകയില്ല. ദൈവത്തിന്റെ ജ്ഞാനം, ദൈവത്തിന്റെ വിസ്മയാവഹത്വം, ദൈവത്തിന്റെ ധാര്‍മികത, ദൈവത്തിന്റെ മഹത്ത്വം, ഇവയൊന്നും ഒരിക്കലും മാറില്ല. അവന്റെ സത്തയും അവനായതും അവനുള്ളതുമൊന്നും ഒരിക്കലും മാറില്ല. അവന്റെ പ്രവൃത്തിയെ സംബന്ധിച്ചിടത്തോളം, എന്നിരുന്നാലും, അതെപ്പോഴും മുന്നോട്ടാണ്, കൂടുതല്‍ ആഴത്തിലാണ് പുരോഗമിക്കുന്നത്. കാരണം അവനെപ്പോഴും പുതിയവനാണ്, ഒരിക്കലും പഴയവനല്ല. ഓരോ യുഗത്തിലും ദൈവം ഒരു പുതിയ പേരു സ്വീകരിക്കുന്നു. ഓരോ യുഗത്തിലും അവന്‍ പുതിയ പ്രവൃത്തി ചെയ്യുന്നു. ഓരോ യുഗത്തിലും അവന്‍ സ്വന്തം സൃഷ്ടികളെ തന്റെ പുതിയ ഹിതവും പുതിയ പ്രകൃതവും കാണുവാന്‍ അനുവദിക്കുന്നു. ഒരു പുതിയ യുഗത്തില്‍, ദൈവത്തിന്റെ പുതിയ പ്രകൃതത്തിന്റെ പ്രകാശനം കാണുന്നതില്‍ മനുഷ്യര്‍ പരാജയപ്പെടുകയാണെങ്കില്‍, അവര്‍ അവനെ എന്നേക്കുമായി കുരിശില്‍ തറയ്ക്കില്ലേ? അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ ദൈവത്തെ നിര്‍വചിക്കില്ലേ? ദൈവം പുരുഷനായി മാത്രമാണ് മനുഷ്യാവതാരമെടുത്തതെങ്കില്‍, ആളുകള്‍ അവനെ പുരുഷനായി നിര്‍വചിക്കും. പുരുഷന്മാരുടെ ദൈവമായി നിര്‍വചിക്കും. അവന്‍ സ്ത്രീകളുടെ ദൈവമാണെന്ന് അവര്‍ ഒരിക്കലും വിശ്വസിക്കുകയില്ല. ദൈവം പുല്ലിംഗമാണെന്നും പുരുഷന്മാരുടെ തലവനാണെന്നും അവര്‍ ധരിക്കും—അപ്പോള്‍ സ്ത്രീകളോ? ഇത് അന്യായമാണ്; ഇത് പക്ഷപാതപരമല്ലേ? ഇങ്ങനെയാണെങ്കില്‍ ദൈവം രക്ഷിച്ചവരെല്ലാം അവനെപ്പോലെ പുരുഷന്മാരായിരിക്കും, ഒരു സ്ത്രീ പോലും രക്ഷിക്കപ്പെടുകയുമില്ല. ദൈവം മനുഷ്യരെ സൃഷ്ടിച്ചപ്പോള്‍ അവന്‍ ആദത്തെ സൃഷ്ടിച്ചു, ഹവ്വയെയും സൃഷ്ടിച്ചു. അവന്‍ ആദത്തെ മാത്രമല്ല സൃഷ്ടിച്ചത്, മറിച്ച് തന്റെ പ്രതിരൂപത്തില്‍ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചു. ദൈവം പുരുഷന്മാരുടെ മാത്രം ദൈവമല്ല-സ്ത്രീകളുടെയും ദൈവമാണ്. അന്ത്യനാളുകളില്‍ ദൈവം വേലയുടെ ഒരു പുതിയ ഘട്ടത്തിലേക്കു കടക്കുന്നു. അപ്പോള്‍ അവന്‍ തന്റെ പ്രകൃതം കൂടുതല്‍ വെളിപ്പെടുത്തും, അത് യേശുവിന്റെ സമയത്തെ കനിവും സ്നേഹവും ആയിരിക്കില്ല. അവനു പുതിയ വേല ചെയ്യാനുള്ളതുകൊണ്ട് ഈ പുതിയ വേലയ്ക്കൊപ്പം ഒരു പുതിയ പ്രകൃതവും ഉണ്ടായിരിക്കും. അതുകൊണ്ട്, ഈ വേല ആത്മാവാണു ചെയ്തിരുന്നതെങ്കില്‍, ദൈവം മനുഷ്യനായിരുന്നില്ല എങ്കില്‍, പകരം ആത്മാവ് ഇടിമുഴക്കത്തിലൂടെ നേരിട്ടു സംസാരിച്ചിരുന്നു എങ്കില്‍, അങ്ങനെ മനുഷ്യന്‍ അവനെ ബന്ധപ്പെടാന്‍ യാതൊരു വഴിയും ഇല്ലായിരുന്നു എങ്കില്‍, അവന്റെ പ്രകൃതം അറിയുവാന്‍ മനുഷ്യനു സാധിക്കുമായിരുന്നോ? ആത്മാവ് മാത്രമായിരുന്നു പ്രവൃത്തി ചെയ്തിരുന്നതെങ്കില്‍ മനുഷ്യനു ദൈവത്തിന്റെ പ്രകൃതമറിയാന്‍ യാതൊരു വഴിയും ഉണ്ടാകുമായിരുന്നില്ല. ദൈവം മനുഷ്യജന്മമെടുക്കുമ്പോള്‍ മാത്രമേ, വചനം ജഡത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രമേ, അവന്‍ തന്റെ മുഴുവന്‍ പ്രകൃതവും ജഡത്തിലൂടെ പ്രകടമാക്കുമ്പോള്‍ മാത്രമേ, ആളുകള്‍ക്കു ദൈവത്തിന്റെ പ്രകൃതം തങ്ങളുടെ സ്വന്തം കണ്ണുകള്‍ കൊണ്ട് കാണുവാന്‍ സാധിക്കുകയുള്ളൂ. ദൈവം യഥാർഥത്തിലും സത്യത്തിലും മനുഷ്യര്‍ക്കിടയില്‍ ജീവിക്കുന്നു. ദൈവത്തെ സ്പര്‍ശിച്ചറിയുവാന്‍ സാധിക്കും; മനുഷ്യന് ശരിക്കും അവന്റെ പ്രകൃതവുമായി ഇടപെടാനാവും, അവനുള്ളതുമായും അവനായതുമായും ഇടപെടാനാവും; ഈ തരത്തില്‍ മാത്രമേ മനുഷ്യന് യഥാർഥത്തില്‍ അവനെ അറിയുവാന്‍ സാധിക്കുകയുള്ളൂ. അതേ സമയം “ദൈവം പുരുഷന്മാരുടെ ദൈവവും സ്ത്രീകളുടെ ദൈവവുമായ” വേലയും അവന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അവന്‍ തന്റെ വേല മുഴുവനായും പൂര്‍ത്തിയാക്കിയത് മനുഷ്യരൂപത്തിലാണ്. വേറൊരു യുഗത്തിലെയും പ്രവൃത്തി അവന്‍ അനുകരിക്കുന്നില്ല. അന്ത്യനാളുകള്‍ ആഗതമായിരിക്കുന്നതുകൊണ്ട് അവന്‍ അന്ത്യനാളുകളിലെ വേല ചെയ്യുകയും അന്ത്യനാളുകളിലെ തന്റെ പ്രകൃതത്തെ പൂര്‍ണമായും വെളിവാക്കുകയും ചെയ്യും. അന്ത്യനാളുകളെക്കുറിച്ചു പറയുമ്പോള്‍ അതൊരു വ്യത്യസ്ത യുഗത്തെയാണു സൂചിപ്പിക്കുന്നത്. നിങ്ങള്‍ തീര്‍ച്ചയായും ദുരന്തങ്ങള്‍ നേരിടുകയും ഭൂകമ്പങ്ങളും ക്ഷാമങ്ങളും പകര്‍ച്ചവ്യാധികളും നേരിടുകയും ചെയ്യും എന്ന് യേശു പറഞ്ഞ അതേ യുഗമാണത്. ഇവ കാണിക്കുന്നത് ഇതൊരു പുതിയ യുഗമാണെന്നും പഴയ കൃപായുഗമല്ല എന്നുമാണ്. ആളുകള്‍ പറയുന്നതുപോലെ ദൈവം എന്നേക്കും മാറാതിരിക്കുന്നവനാണെങ്കില്‍, അവന്റെ പ്രകൃതം എന്നേക്കും കരുണാമസൃണവും സ്നേഹമയവുമാണെങ്കില്‍, അവന്‍ മനുഷ്യനെ തന്നെപ്പോലെത്തന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍, എല്ലാ മനുഷ്യര്‍ക്കും രക്ഷ പ്രദാനം ചെയ്യുകയും മനുഷ്യനെ ഒരിക്കലും വെറുക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അവന്റെ വേലയ്ക്ക് എന്നെങ്കിലും ഒരു അവസാനമുണ്ടാകാന്‍ സാധിക്കുമോ? യേശു വരുകയും കുരിശില്‍ തറയ്ക്കപ്പെടുകയും ചെയ്തപ്പോള്‍, എല്ലാ പാപികള്‍ക്കുമായി സ്വയം ബലികഴിക്കുകയും ബലിപീഠത്തില്‍ സ്വയം അര്‍പ്പിക്കുകയും ചെയ്തപ്പോള്‍, വീണ്ടെടുപ്പിന്റെ പ്രവൃത്തി അവന്‍ പൂര്‍ത്തിയാക്കുകയും കൃപായുഗത്തിന് ഒരു പര്യവസാനം കൊണ്ടുവരുകയും ചെയ്തിരുന്നു. അപ്പോള്‍ അന്ത്യനാളുകളിള്‍ അതേ പ്രവൃത്തി തന്നെ ആവര്‍ത്തിക്കുന്നതുകൊണ്ട് എന്തു ഗുണമാണ് ഉണ്ടാകുക? അതേ കാര്യം തന്നെ ചെയ്യുന്നത് യേശുവിന്റെ വേലയെ നിരാകരിക്കുന്നതിന് തുല്യമാകില്ലേ? ദൈവം ഈ ഘട്ടത്തില്‍ വന്നപ്പോള്‍ കുരിശുമരണത്തിന്റെ വേല ചെയ്തില്ലായിരുന്നുവെങ്കില്‍, പകരം സ്നേഹമസൃണനും കരുണാമയനുമായിരിക്കുകയായിരുന്നുവെങ്കില്‍, യുഗത്തിന് ഒരു അവസാനം കൊണ്ടുവരാന്‍ അവനു സാധിക്കുമായിരുന്നോ? യുഗത്തിന് അന്ത്യം കുറിക്കുന്ന അവന്റെ അവസാനവേലയില്‍ ദൈവത്തിന്റെ പ്രകൃതം ശാസനത്തിന്റേതും ന്യായവിധിയുടേതുമാണ്. അതില്‍ ആളുകളെ പരസ്യമായി വിധിക്കാനും ആത്മാര്‍ഥഹൃദയത്തോടെ അവനെ സ്നേഹിക്കുന്നവരെയെല്ലാം പൂര്‍ണരാക്കുവാനും അധാര്‍മികതകളെല്ലാം വെളിവാക്കുന്നു. ഇങ്ങനെയുള്ള ഒരു പ്രകൃതത്തിനു മാത്രമേ യുഗത്തിന് അന്ത്യം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. അവസാനനാളുകള്‍ ഇതിനകം എത്തിച്ചേര്‍ന്നു കഴിഞ്ഞു. സൃഷ്ടിയിലെ സകലതും അവയുടെ തരമനുസരിച്ച് വേര്‍തിരിക്കപ്പെടും, അവയുടെ സ്വഭാവമനുസരിച്ച് വ്യത്യസ്തഗണങ്ങളിലായി തരംതിരിക്കപ്പെടും. ഇതാണ് ദൈവം മനുഷ്യരുടെ ഫലവും അവരുടെ ലക്ഷ്യസ്ഥാനവും വ്യക്തമാക്കുന്ന നിമിഷം. ആളുകള്‍ ശാസനയ്ക്കും ന്യായവിധിക്കും വിധേയരാകുന്നില്ലെങ്കില്‍ അവരുടെ അനുസരണക്കേടും അനീതിയും പുറത്തുകൊണ്ടുവരുന്നതിന് വഴിയൊന്നും ഉണ്ടാകില്ല. ശാസനത്തിലൂടെയും ന്യായവിധിയിലൂടെയും മാത്രമേ മുഴുവന്‍ സൃഷ്ടികളുടെയും ഫലം വെളിവാകുകയുള്ളൂ. ശാസിക്കപ്പെടുമ്പോഴും വിധിക്കപ്പെടുമ്പോഴും മാത്രമേ മനുഷ്യന്‍ തന്റെ യഥാർഥ സ്വഭാവം വെളിവാക്കുന്നുള്ളൂ. തിന്മ തിന്മയോടു ചേര്‍ക്കപ്പെടും, നന്മ നന്മയോടും. മനുഷ്യരും അവരുടെ തരത്തിനനുസരിച്ച് വേര്‍തിരിക്കപ്പെടും. ശാസനത്തിലൂടെയും ന്യായവിധിയിലൂടെയും സകല സൃഷ്ടികളുടെയും ഫലം വെളിവാകും. തിന്മയ്ക്കു ശിക്ഷ ലഭിക്കുവാനും നന്മയ്ക്കു പ്രതിഫലം ലഭിക്കുവാനും വേണ്ടിയാണിത്. സര്‍വജനങ്ങളും ദൈവത്തിന്റെ ആധിപത്യത്തിനു കീഴിലാകും. നീതിപൂര്‍ണമായ ശാസനത്തിലൂടെയും ന്യായവിധിയിലൂടെയുമാണ് ഈ പ്രവൃത്തി മുഴുവന്‍ പൂര്‍ത്തിയാക്കേണ്ടത്. മനുഷ്യന്റെ ദുഷിപ്പ് അതിന്റെ മൂർധന്യത്തിലെത്തിയിരിക്കുന്നതുകൊണ്ടും അവന്റെ അനുസരണക്കേട് അതിരുകവിഞ്ഞതുകൊണ്ടും, ശാസനവും ന്യായവിധിയും കൂടിച്ചേര്‍ന്ന, അന്ത്യനാളുകളില്‍ വെളിവാകുന്ന ദൈവത്തിന്റെ നീതിമയമായ പ്രകൃതത്തിനു മാത്രമേ, മനുഷ്യനെ മുഴുവനായും പരിവര്‍ത്തനം ചെയ്യുവാനും പൂര്‍ണനാക്കുവാനും സാധിക്കുകയുള്ളൂ. ഈ പ്രകൃതത്തിനു മാത്രമേ തിന്മയെ വെളിച്ചത്തു കൊണ്ടുവരുവാനും അങ്ങനെ അധാര്‍മികരെ പരസ്യമായി ശിക്ഷിക്കുവാനും സാധിക്കുകയുള്ളൂ. അതുകൊണ്ട്, അത്തരമൊരു പ്രകൃതം യുഗത്തിന്റെ പ്രസക്തിയോടു കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അവന്റെ പ്രകൃതത്തിന്റെ വെളിവാകലും പ്രദര്‍ശനവും ഓരോ പുതിയ യുഗത്തിലെയും വേലയ്ക്കു വേണ്ടിയാണ് സ്പഷ്ടമാക്കപ്പെടുന്നത്. അല്ലാതെ ദൈവം തന്റെ പ്രകൃതം മനഃപൂര്‍വം യാതൊരു സാംഗത്യവുമില്ലാതെ വെളിവാക്കുന്നതല്ല. അന്ത്യനാളുകളില്‍ മനുഷ്യന്റെ ഫലം വെളിവാക്കിയതിനു ശേഷവും ദൈവം തന്റെ അനന്തമായ കാരുണ്യവും മമതയും മനുഷ്യനുമേല്‍ തുടര്‍ന്നും ചൊരിയുകയും അവനോടു സ്നേഹമുള്ളവനായിരിക്കുകയും അവനെ യാതൊരുവിധ ന്യായവിധിക്കും വിധേയനാക്കാതെ അവനോടു സഹിഷ്ണുതയും സഹനവും ക്ഷമയും കാണിക്കുകയും അവന്റെ പാപങ്ങള്‍ എത്ര ഗുരുതരമായതായാലും യാതൊരുവിധ ന്യായവിധിക്കും വിധേയനാക്കാതെ അവനോട് ക്ഷമിക്കുകയും ചെയ്യുന്നത് തുടർന്നു എന്നു സങ്കല്പിച്ചാൽ: അപ്പോള്‍ പിന്നെ എപ്പോഴാണു ദൈവത്തിന്റെ കാര്യനിര്‍വഹണത്തിന് ഒരു അവസാനം കൊണ്ടുവരാന്‍ സാധിക്കുക? എപ്പോഴാണ് ഇത്തരമൊരു പ്രകൃതത്തിന് ആളുകളെ മനുഷ്യവംശത്തിന്റെ ശരിയായ ലക്ഷ്യസ്ഥാനത്തിലേക്കു നയിക്കുവാന്‍ സാധിക്കുക? എപ്പോഴും സ്നേഹിക്കുന്ന, കരുണാര്‍ദ്രമായ മുഖമുള്ള, സൗമ്യമായ ഹൃദയമുള്ള ഒരു ന്യായാധിപനെ ഉദാഹരണമായെടുക്കുക. ആളുകളെ, അവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ കണക്കിലെടുക്കാതെ അയാള്‍ സ്നേഹിക്കുന്നു. അവര്‍ ആരായാലും അയാൾ അവരോട് സ്നേഹവും ക്ഷമയും കാണിക്കുന്നു. അങ്ങനെയാണെങ്കില്‍ നീതിപൂര്‍ണമായ ഒരു വിധി പുറപ്പെടുവിക്കുവാന്‍ അയാള്‍ക്ക് സാധിക്കുമോ? അന്ത്യനാളുകളില്‍ നീതിപൂര്‍ണമായ ന്യായവിധിക്കു മാത്രമേ മനുഷ്യരെ അവരുടെ തരമനുസരിച്ച് വേര്‍തിരിക്കുവാനും മനുഷ്യനെ പുതിയൊരു തലത്തിലേക്കു കൊണ്ടുവരുവാനും സാധിക്കുകയുള്ളൂ. ഇങ്ങനെ ദൈവത്തിന്റെ ന്യായവിധിയുടേതും ശാസനത്തിന്റേതുമായ ധാര്‍മികപ്രകൃതത്തിലൂടെ ഒരു യുഗം മുഴുവനായും പര്യവസാനത്തിലേക്ക് കൊണ്ടുവരുന്നു.

ദൈവത്തിന്റെ കാര്യനിര്‍വഹണത്തിലുടനീളം അവന്റെ പ്രവൃത്തി വളരെ വ്യക്തമാണ്: കൃപായുഗം കൃപായുഗമാണ്, അന്ത്യനാളുകള്‍ അന്ത്യനാളുകളും. ഓരോ യുഗവും തമ്മില്‍ വ്യക്തമായ വ്യത്യാസങ്ങളുണ്ട്. കാരണം, ഓരോ യുഗത്തിലും ആ യുഗത്തെ പ്രതിനിധീകരിക്കുന്ന വേലയാണ് ദൈവം ചെയ്യുന്നത്. അന്ത്യനാളുകളിലെ വേല ചെയാൻ, യുഗത്തിന് അന്ത്യം കുറിക്കാൻ, അഗ്നിജ്വാലകളും ന്യായവിധിയും ശാസനവും കോപവും വിനാശവും ഉണ്ടാകേണ്ടതുണ്ട്. അന്ത്യനാളുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവസാന യുഗത്തെയാണ്. അവസാന യുഗത്തില്‍, ദൈവം ആ യുഗത്തിന് ഒരു പര്യവസാനം കൊണ്ടുവരുകയില്ലേ? യുഗത്തിനു പര്യവസാനം കൊണ്ടുവരുന്നതിനായി ദൈവം ശാസനവും ശിക്ഷണവും കൊണ്ടുവരണം. ഇങ്ങനെ മാത്രമേ യുഗത്തിന് ഒരു അന്ത്യം കൊണ്ടുവരാന്‍ അവനു സാധിക്കുകയുള്ളൂ. മനുഷ്യന്‍ തുടര്‍ന്നും അതിജീവിക്കുകയും ജീവിക്കുകയും കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയില്‍ നിലനില്‍ക്കുകയും ചെയ്യുക എന്നതായിരുന്നു യേശുവിന്റെ ഉദ്ദേശ്യം. ദുഷിപ്പിലേക്കുള്ള മനുഷ്യന്റെ അധഃപതനം അവസാനിപ്പിക്കുവാന്‍ വേണ്ടിയാണ്, മനുഷ്യന്‍ ഇനിയും ഹേഡീസിലും നരകത്തിലും കഴിയാതിരിക്കുവാന്‍ വേണ്ടിയാണ്, അവന്‍ മനുഷ്യനെ പാപത്തില്‍ നിന്നു രക്ഷിച്ചത്. അങ്ങനെ ഹേഡീസില്‍ നിന്നും നരകത്തില്‍ നിന്നും രക്ഷിക്കുകവഴി യേശു മനുഷ്യനെ തുടര്‍ന്നും ജീവിക്കുവാന്‍ അനുവദിച്ചു. ഇപ്പോള്‍ അന്ത്യനാളുകള്‍ വന്നെത്തിക്കഴിഞ്ഞിരിക്കുന്നു. ദൈവം മനുഷ്യനെ ഉന്മൂലനം ചെയ്യുകയും മനുഷ്യവര്‍ഗത്തെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്യും, അതായത്, മനുഷ്യവര്‍ഗത്തിന്റെ നിഷേധത്തെ അവന്‍ പരിവര്‍ത്തനം ചെയ്യും. ഈ കാരണത്താൽ, പഴയ കരുണാമസൃണവും സ്നേഹമയവുമായ പ്രകൃതവുമായി യുഗത്തിന് ഒരന്ത്യം കൊണ്ടുവരിക എന്നതും തന്‍റെ ആറായിരം വര്‍ഷത്തെ കാര്യനിര്‍വഹണപദ്ധതി പരിപൂര്‍ണതയിലെത്തിക്കുക എന്നതും ദൈവത്തിന് അസാധ്യമായിരിക്കും. ഓരോ യുഗവും ദൈവപ്രകൃതത്തിന്റെ ഒരു പ്രത്യേക രൂപകത്തെ എടുത്തുകാട്ടുന്നു, ഓരോ യുഗവും ദൈവം ചെയ്യേണ്ട വേലയെ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട്, ദൈവംതന്നെയായവന്‍ ഓരോ യുഗത്തിലും ചെയ്യുന്ന വേലയില്‍ അവന്റെ യഥാര്‍ഥ പ്രകൃതത്തിന്റെ പ്രകടനം ഉള്‍ക്കൊണ്ടിരിക്കുന്നു. അവന്റെ നാമവും അവന്‍ ചെയ്യുന്ന പ്രവൃത്തിയും യുഗങ്ങള്‍ക്കനുസരിച്ചു മാറുന്നു—അവയെല്ലാം പുത്തനാണ്. ന്യായപ്രമാണയുഗത്തില്‍ മനുഷ്യനു മാര്‍ഗദര്‍ശനം നൽകുന്ന വേല യഹോവയുടെ പേരില്‍ ചെയ്യപ്പെടുകയും, വേലയുടെ ആദ്യഘട്ടത്തിന് ഭൂമിയില്‍ ആരംഭം കുറിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ ദേവാലയവും ബലിപീഠവും പണിയുന്നതും, ഇസ്രായേല്‍ ജനത്തെ നയിക്കുന്നതിനായി നിയമത്തെ ഉപയോഗിക്കുന്നതും, അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതുമാണ് ഉള്‍പ്പെട്ടിരുന്നത്. ഇസ്രായേല്‍ ജനത്തെ നയിക്കുക വഴി അവന്‍ ഭൂമിയിലെ തന്റെ പ്രവൃത്തിക്ക് അടിത്തറയിട്ടു. ഈ അടിത്തറയില്‍ നിന്ന് അവന്‍ തന്റെ പ്രവൃത്തി ഇസ്രായേലിനപ്പുറത്തേക്ക് വ്യാപിപ്പിച്ചു. എന്നുപറഞ്ഞാല്‍, ഇസ്രായേലില്‍ നിന്നു തുടങ്ങി അവന്‍ തന്റെ പ്രവൃത്തി പുറത്തേക്കു വ്യാപിപ്പിച്ചു. പിന്നീടുള്ള തലമുറകള്‍ യഹോവ ദൈവമായിരുന്നു എന്നും യഹോവയാണ് ആകാശത്തെയും ഭൂമിയെയും മറ്റു ചരാചരങ്ങളെയും സൃഷ്ടിച്ചതെന്നും യഹോവയാണ് എല്ലാ ജീവികളെയും സൃഷ്ടിച്ചതെന്നും സാവകാശം അറിയാന്‍ വേണ്ടിയായിരുന്നു അത്. അവന്‍ ഇസ്രായേല്‍ ജനത്തിലൂടെ അവര്‍ക്കപ്പുറത്തേക്ക് തന്റെ പ്രവൃത്തി വ്യാപിപ്പിച്ചു. യഹോവയുടെ ഭൂമിയിലെ പ്രവൃത്തിയുടെ ആദ്യ വിശുദ്ധനാടായിരുന്നു ഇസ്രായേല്‍ ദേശം. ഭൂമിയില്‍ വേല ചെയ്യുവാനായി ദൈവം ആദ്യം പോയത് ഇസ്രായേല്‍ ദേശത്തേക്കാണ്. അതായിരുന്നു ന്യായപ്രമാണയുഗത്തിലെവേല. കൃപായുഗത്തില്‍ മനുഷ്യനെ രക്ഷിച്ച ദൈവം യേശുവായിരുന്നു. അവനുണ്ടായിരുന്നതും അവനായിരുന്നതും കൃപയും സ്നേഹവും കനിവും സംയമനവും ക്ഷമയും എളിമയും കരുതലും സഹിഷ്ണുതയുമായിരുന്നു. അവന്‍ ചെയ്ത പ്രവൃത്തിയില്‍ ഒട്ടധികവും മനുഷ്യന്റെ വീണ്ടെടുപ്പിനു വേണ്ടിയുള്ളതായിരുന്നു. അവന്റെ പ്രകൃതം കനിവിന്റേതും സ്നേഹത്തിന്റേതുമായിരുന്നു. അവന്‍ കനിവുള്ളവനും സ്നേഹസമ്പന്നനുമായിരുന്നതുകൊണ്ട്, ദൈവം സ്വയം സ്നേഹിക്കുന്നതുപോലെത്തന്നെ മനുഷ്യനെ സ്നേഹിച്ചു എന്നു തെളിയിക്കാന്‍, മനുഷ്യനുവേണ്ടി അവനു കുരിശിലേറേണ്ടി വന്നു. അത്രമാത്രം സ്വന്തം പൂര്‍ണതയില്‍ അവന്‍ തന്നെത്തന്നെ ബലി നല്‍കി. കൃപായുഗത്തില്‍ ദൈവത്തിന്റെ നാമം യേശു എന്നായിരുന്നു, എന്നുപറഞ്ഞാല്‍, ദൈവം മനുഷ്യരെ രക്ഷിച്ച ഒരു ദൈവമായിരുന്നു. അവന്‍ കനിവുള്ളവനും സ്നേഹം നിറഞ്ഞവനുമായ ഒരു ദൈവമായിരുന്നു. ദൈവം മനുഷ്യനോടൊപ്പമായിരുന്നു. അവന്റെ സ്നേഹവും അവന്റെ കനിവും അവന്റെ രക്ഷയും ഓരോ വ്യക്തിക്കും ഒപ്പമുണ്ടായിരുന്നു. യേശുവിന്റെ നാമത്തെയും അവന്റെ സാന്നിധ്യത്തെയും അംഗീകരിക്കുന്നതിലൂടെ മാത്രമേ മനുഷ്യനു സമാധാനവും സന്തോഷവും നേടാന്‍ സാധിച്ചിരുന്നുള്ളൂ, അവന്റെ അനുഗ്രഹം നേടാന്‍ സാധിച്ചിരുന്നുള്ളൂ, അവന്റെ വിശാലവും അനന്തവുമായ കൃപകളും അവന്റെ രക്ഷയും നേടാന്‍ സാധിച്ചിരുന്നുള്ളൂ. യേശുവിനെ അനുഗമിച്ചിരുന്നവരെല്ലാം അവന്റെ കുരിശുമരണം വഴി രക്ഷ നേടുകയും അവരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും ചെയ്തു. കൃപായുഗത്തില്‍ യേശു എന്നായിരുന്നു ദൈവത്തിന്റെ പേര്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കൃപായുഗത്തിലെ വേല പ്രധാനമായും യേശുവിന്റെ നാമത്തിന്‍കീഴിലാണ് നിര്‍വഹിക്കപ്പെട്ടത്. കൃപായുഗത്തില്‍ ദൈവം യേശു എന്നാണ് വിളിക്കപ്പെട്ടത്. പഴയനിയമത്തിനപ്പുറം പുതിയ വേലയുടെ ഒരു ഘട്ടം അവന്‍ നിര്‍വഹിച്ചു. കുരിശുമരണത്തോടെ അവന്റെ വേല അവസാനിച്ചു. ഇതായിരുന്നു അവന്റെ വേലയുടെ സമ്പൂര്‍ണത. അതിനാല്‍ ന്യായപ്രമാണയുഗത്തില്‍ യഹോവ എന്നായിരുന്നു ദൈവത്തിന്റെ പേര്. കൃപയുഗത്തിലോ, യേശു എന്ന നാമം ദൈവത്തെ പ്രതിനിധാനം ചെയ്തു. അന്ത്യനാളുകളില്‍ അവന്റെ നാമം സര്‍വശക്തനായ ദൈവം എന്നാണ്—മനുഷ്യനെ നയിക്കാന്‍, ജയിച്ചടക്കാന്‍, നേടാന്‍, അവസാനം യുഗത്തിന് പര്യവസാനം കൊണ്ടുവരാന്‍ തന്റെ ശക്തി ഉപയോഗിക്കുന്ന സര്‍വശക്തന്‍. ഓരോ യുഗത്തിലും, അവന്റെ പ്രവൃത്തിയുടെ ഓരോ ഘട്ടത്തിലും ദൈവത്തിന്റെ പ്രകൃതം പ്രകടമാണ്.

ആരംഭത്തില്‍, പഴയ നിയമ ന്യായപ്രമാണയുഗത്തില്‍ മനുഷ്യനെ നയിക്കുന്നത് ഒരു കുഞ്ഞിന്റെ ജീവിതത്തെ നയിക്കുന്നതിനു തുല്യമായിരുന്നു. ഏറ്റവും ആദ്യത്തെ മനുഷ്യവര്‍ഗംം യഹോവയുടെ നവജാതരായിരുന്നു. അവരായിരുന്നു ഇസ്രായേല്യര്‍. ദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടതെന്നോ ഭൂമിയില്‍ എങ്ങനെയാണ് ജീവിക്കേണ്ടതെന്നോ അവര്‍ക്ക് ് അറിവുണ്ടായിരുന്നില്ല. എന്നുപറഞ്ഞാല്‍, യഹോവ മനുഷ്യവര്‍ഗത്തെ സൃഷ്ടിച്ചു. അതായത് അവന്‍ ആദത്തെയും ഹവ്വായെയും സൃഷ്ടിച്ചു. പക്ഷേ, എങ്ങനെയാണ് യഹോവയെ ആരാധിക്കേണ്ടതെന്നോ, യഹോവയുടെ നിയമങ്ങള്‍ ഭൂമിയില്‍ പാലിക്കേണ്ടതെന്നോ അറിയുവാനുള്ള കഴിവുകള്‍ അവന്‍ അവര്‍ക്കു നല്‍കിയില്ല. യഹോവയുടെ നേരിട്ടുള്ള മാര്‍ഗദര്‍ശനമില്ലാതെ അതു നേരിട്ടറിയുവാന്‍ സാധിക്കുകയില്ല. കാരണം, ആദിയില്‍ മനുഷ്യന്‍ അത്തരം കഴിവുകള്‍ ഉണ്ടായിരുന്നില്ല. യഹോവ ദൈവമായിരുന്നു എന്നു മാത്രമേ മനുഷ്യന്‍ അറിഞ്ഞിരുന്നുള്ളൂ. പക്ഷേ, എങ്ങനെയാണ് അവനെ ആരാധിക്കേണ്ടത്, എന്തുതരം പെരുമാറ്റമാണ് ആരാധനയുടെ ഗണത്തില്‍ വരുന്നത്, അവനോടുള്ള ആരാധനയില്‍ എന്താണ് അര്‍പ്പിക്കേണ്ടത് എന്നൊന്നും മനുഷ്യന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. യഹോവ സൃഷ്ടിച്ച എല്ലാറ്റിലും വച്ച് തനിക്ക് ആസ്വദിക്കുവാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ആസ്വദിക്കുവാന്‍ മാത്രമേ അവന് അറിയുമായിരുന്നുള്ളൂ. അല്ലാതെ, എന്തു തരം ജീവിതരീതിയാണ് ദൈവത്തിന്റെ സൃഷ്ടിക്ക് അനുയോജ്യമായത് എന്നതിനെക്കുറിച്ചൊന്നും മനുഷ്യന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. പഠിപ്പിക്കാനും നേരിട്ടു നയിക്കാനും ആരെങ്കിലുമില്ലാതെ ഈ മനുഷ്യവര്‍ഗം ഒരിക്കലും മനുഷ്യര്‍ക്കു ചേര്‍ന്നവിധത്തിലുള്ള ഒരു ജീവിതം നയിക്കുമായിരുന്നില്ല. പകരം, സാത്താന്‍ തന്ത്രപരമായി അവരെ തടവുകാരാക്കുമായിരുന്നു. യഹോവ മനുഷ്യവര്‍ഗത്തെ സൃഷ്ടിച്ചു, അതായത്, അവന്‍ മനുഷ്യവര്‍ഗത്തിന്റെ പൂര്‍വികരെ, ആദത്തിനെയും ഹവ്വയെയും, സൃഷ്ടിച്ചു. പക്ഷേ, അവന്‍ അവര്‍ക്ക് കൂടുതല്‍ ബുദ്ധിയോ ജ്ഞാനമോ നല്‍കിയില്ല. ഭൂമിയിലാണു ജീവിച്ചിരുന്നതെങ്കിലും അവര്‍ ഒന്നും തന്നെ മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ട്, മനുഷ്യവര്‍ഗത്തെ സൃഷ്ടിക്കുന്നതിൽ യഹോവയുടെ വേല പകുതി മാത്രമേ പൂർത്തിയായിരുന്നുള്ളൂ, പൂര്‍ത്തീകരണത്തിൽനിന്ന് വളരെ അകലെയായിരുന്നു അത്. അവന്‍ കളിമണ്ണില്‍ നിന്നും മനുഷ്യന്റെ ഒരു മാതൃകയുണ്ടാക്കി അതിനു തന്റെ ശ്വാസം നല്‍കുക മാത്രമേ ചെയ്തിരുന്നുള്ളൂ. അല്ലാതെ, തന്നെ ആരാധിക്കുന്നതിന് ആവശ്യമായ സന്നദ്ധത മനുഷ്യന് നല്‍കിയിരുന്നില്ല. തുടക്കത്തില്‍, അവനെ ആരാധിക്കുവാനുള്ള ഒരു മനസ്ഥിതിയിലായിരുന്നില്ല മനുഷ്യന്‍. അവന്റെ വചനങ്ങള്‍ എങ്ങനെ കേള്‍ക്കണം എന്നുമാത്രമേ മനുഷ്യന് അറിയുമായിരുന്നുള്ളൂ. അല്ലാതെ, ഭൂമിയിലെ ജീവിതത്തിന് ആവശ്യമായ അടിസ്ഥാനപരമായ അറിവും മനുഷ്യജീവിതത്തിന്റെ സാധാരണ നിയമങ്ങളെക്കുറിച്ചുള്ള അറിവും അവനുണ്ടായിരുന്നില്ല. അതുകൊണ്ട്, യഹോവ സ്ത്രീയെയും പുരുഷനെയും സൃഷ്ടിക്കുകയും ആ പ്രവൃത്തി ഏഴു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്തെങ്കിലും അവന്‍ ഒരുതരത്തിലും മനുഷ്യന്റെ സൃഷ്ടി പൂര്‍ത്തിയാക്കിയിരുന്നില്ല. കാരണം, മനുഷ്യന്‍ ഒരു പുറംതോട് മാത്രമായിരുന്നു. മനുഷ്യനായിരിക്കുന്നതിന്റെ യാഥാര്‍ഥ്യം അവനുണ്ടായിരുന്നില്ല. യഹോവയാണ് മനുഷ്യവര്‍ഗത്തെ സൃഷ്ടിച്ചത് എന്നുമാത്രമേ അവന് അറിയുമായിരുന്നുള്ളൂ. അല്ലാതെ, എങ്ങനെയാണ് യഹോവയുടെ വചനങ്ങളും നിയമങ്ങളും പാലിക്കുക എന്നതിനെപ്പറ്റി അവന് അറിവൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട്, മനുഷ്യവര്‍ഗം ഉണ്ടായതിനു ശേഷവും പൂർത്തീകരണത്തിൽനിന്നു വളരെ അകലെയായിരുന്നു യഹോവയുടെ വേല. തന്റെ മുന്നില്‍ വരുവാനായി മനുഷ്യന് എല്ലാ മാര്‍ഗദര്‍ശനവും അവൻ നല്‍കേണ്ടി വന്നു. ഭൂമിയില്‍ ഒരുമിച്ചു ജീവിക്കുവാനും അവനെ ആരാധിക്കുവാനും അവന്റെ മാര്‍ഗദര്‍ശനത്തിന്‍ കീഴില്‍ ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ യഥാര്‍ഥപാതയിലേക്ക് കടക്കുവാനും അവര്‍ക്കു സാധിക്കേണ്ടതിനു വേണ്ടിയായിരുന്നു അത്. ഇങ്ങനെ മാത്രമേ, പ്രധാനമായും യഹോവയുടെ നാമത്തിന്‍കീഴില്‍ നിര്‍വഹിക്കപ്പെട്ട വേല മുഴുവനായും പൂര്‍ത്തിയായുള്ളൂ. അതായത്, ഇങ്ങനെ മാത്രമേ ലോകം സൃഷ്ടിക്കുന്ന എന്ന യഹോവയുടെ വേല മുഴുവനായും പൂര്‍ത്തിയായുള്ളൂ. അതുകൊണ്ട്, മനുഷ്യവര്‍ഗത്തെ സൃഷ്ടിച്ചതിനുശേഷം അനേകായിരം വര്‍ഷങ്ങള്‍ അവനു ഭൂമിയിലെ മനുഷ്യവര്‍ഗത്തിന്റെ ജീവിതത്തിനു മാര്‍ഗദര്‍ശനം നല്‍കേണ്ടതായി വന്നു. അങ്ങനെ മനുഷ്യവര്‍ഗത്തിന് അവന്റെ ആജ്ഞകളും നിയമങ്ങളും അനുസരിക്കുവാന്‍ സാധിക്കുന്നതിനും, ഭൂമിയിലെ സാധാരണ മനുഷ്യജീവിതത്തിന്റേതായ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കുകൊള്ളുന്നതിനും വേണ്ടിയായിരുന്നു അത്. അപ്പോള്‍ മാത്രമേ യഹോവയുടെ വേല മുഴുവനായും പൂര്‍ത്തിയായുള്ളൂ. അവൻ ഈ വേല ചെയ്യുവാന്‍ ആരംഭിച്ചത് മനുഷ്യവര്‍ഗത്തെ സൃഷ്ടിച്ചതിനു ശേഷമാണ്. അത് യാക്കോബിന്റെ കാലം വരെ തുടർന്നു. ആ സമയത്ത് യാക്കോബിന്റെ പന്ത്രണ്ടു പുത്രന്മാരെ അവന്‍ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളാക്കി മാറ്റി. ആ സമയം മുതല്‍ ഇസ്രായേലിലെ മുഴുവന്‍ ആളുകളും ഭൂമിയില്‍ ഔദ്യോഗികമായി അവനാല്‍ നയിക്കപ്പെടുന്ന മനുഷ്യവംശമായി. ഇസ്രായേല്‍ ദേശമാകട്ടെ, ഭൂമിയില്‍ അവന്‍ തന്റെ വേല ചെയ്ത പ്രത്യേക ഇടവും. ഭൂമിയില്‍ ഔദ്യോഗികമായി അവന്‍ പ്രവര്‍ത്തിച്ച ആദ്യമനുഷ്യഗണമായി ഈ ആളുകളെ അവന്‍ മാറ്റി. ഇസ്രാ യേല്‍ദേശത്തെ മുഴുവനായും തന്റെ വേലയുടെ പ്രഭവസ്ഥാനമാക്കുകയും ചെയ്തു. കൂടുതല്‍ മഹത്തരമായ വേലയുടെ ആരംഭമായി അവന്‍ അവരെ ഉപയോഗിച്ചു. ഭൂമിയില്‍ അവനില്‍ നിന്നു പിറവിയെടുത്ത സകല ജനങ്ങളും അവനെ ആരാധിക്കേണ്ടത് എങ്ങനെയാണെന്നും ഭൂമിയില്‍ ജീവിക്കേണ്ടത് എങ്ങനെയാണെന്നും അറിയുന്നതിനു വേണ്ടിയായിരുന്നു അത്. അങ്ങനെ ഇസ്രായേല്യരുടെ പ്രവൃത്തികള്‍ വിജാതീയ രാജ്യങ്ങളിലെ ജനങ്ങള്‍ക്കു പിന്തുടരാന്‍ ഒരു മാതൃകയായി മാറി; ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ പറയപ്പെട്ടവ വിജാതീയ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് കേള്‍ക്കുവാനുള്ള വചനങ്ങളായി. കാരണം, അവരാണ് ആദ്യമായി യഹോവയുടെ നിയമങ്ങളും ചട്ടങ്ങളും സ്വീകരിച്ചത്. അതുകൊണ്ടുതന്നെ യഹോവയുടെ വഴികളെ എങ്ങനെയാണ് ആരാധിക്കേണ്ടതെന്ന് ആദ്യമായി അറിഞ്ഞതും അവരാണ്. യഹോവയുടെ മാര്‍ഗങ്ങളറിഞ്ഞ മനുഷ്യവംശത്തിന്റെ പൂര്‍വീകരായിരുന്നു അവര്‍, അതുപോലെ യഹോവയാല്‍ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യവംശത്തിന്റെ പ്രതിനിധികളും. കൃപായുഗം ആഗതമായപ്പോള്‍ യഹോവ പിന്നെയൊരിക്കലും മനുഷ്യനെ ഈ മാര്‍ഗത്തിൽ നയിച്ചില്ല. മനുഷ്യന്‍ പാപം ചെയ്യുകയും പാപത്തില്‍ സ്വയം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് അവന്‍ മനുഷ്യനെ പാപത്തില്‍ നിന്നും രക്ഷിക്കുവാൻ തുടങ്ങി. ഈ തരത്തില്‍, മനുഷ്യന്‍ പാപത്തില്‍ നിന്നു പൂര്‍ണമായി വിടുതല്‍ നേടുന്നതുവരെ അവന്‍ മനുഷ്യനെ ശാസിച്ചു. അന്ത്യനാളുകളില്‍ മനുഷ്യന്‍ അത്രയും ദുഷിപ്പില്‍ ആണ്ടുപോയിരിക്കുന്നതിനാല്‍ ന്യായവിധിയിലൂടെയും ശാസനത്തിലൂടെയും മാത്രമേ ഈ ഘട്ടത്തില്‍ വേല നിര്‍വഹിക്കാൻ സാധിക്കൂ. ഈ രീതിയില്‍ മാത്രമേ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഇത് അനേകയുഗങ്ങളായുള്ള വേലയാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ദൈവം തന്റെ നാമവും തന്റെ പ്രവൃത്തിയും, പിന്നെ ദൈവത്തിന്റെ വ്യത്യസ്തരൂപങ്ങളും യുഗങ്ങളെ വേര്‍തിരിക്കുവാനും അവയ്ക്കിടയിലുള്ള പരിവര്‍ത്തനപ്രക്രിയയ്ക്കുമായി വിനിയോഗിക്കുന്നു. ദൈവത്തിന്റെ നാമവും അവന്റെ വേലയും അവന്റെ യുഗത്തെയും ഓരോ യുഗത്തിലെയും അവന്റെ വേലയെയും പ്രതിനിധാനം ചെയ്യുന്നു. ദൈവത്തിന്റെ വേല എല്ലാ യുഗത്തിലും ഒന്നു തന്നെയാണെങ്കില്‍, എല്ലായ്പ്പോഴും അവന്‍ ഒരേ പേരില്‍ തന്നെ വിളിക്കപ്പെടുകയാണെങ്കില്‍, എങ്ങനെയാണ് മനുഷ്യന്‍ അവനെ അറിയുക? ദൈവത്തെ യഹോവയെന്നു വിളിക്കണം, യഹോവയെന്നു വിളിക്കപ്പെടുന്ന ഒരു ദൈവമല്ലാതെ വേറെ ഏതെങ്കിലും പേരില്‍ വിളിക്കപ്പെടുന്ന ആരും ദൈവമല്ല. അല്ലെങ്കില്‍, യേശു തന്നെയാണു ദൈവം, യേശു എന്ന നാമത്തിലല്ലാതെ വേറൊരു നാമത്തിലും അവന്‍ വിളിക്കപ്പെടരുത്. യേശുവല്ലാതെ, യഹോവ ദൈവമല്ല, സര്‍വശക്തനായ ദൈവവും ദൈവമല്ല. ദൈവം സര്‍വശക്തനാണ് എന്നതു സത്യമാണെന്ന് മനുഷ്യന്‍ വിശ്വസിക്കുന്നു. പക്ഷേ, ദൈവം മനുഷ്യരോടൊപ്പമുള്ള ഒരു ദൈവമാണ്. അവനെ യേശു എന്നു വിളിക്കണം. കാരണം ദൈവം മനുഷ്യനോടൊപ്പമാണ്. ഇങ്ങനെ ചെയ്യുക എന്നാല്‍ സിദ്ധാന്തങ്ങള്‍ക്കു കീഴ്പ്പെടുക എന്നാണ് അര്‍ഥം. ദൈവത്തെ ഒരു പ്രത്യേക പരിധിക്കുള്ളില്‍ ഒതുക്കുക എന്നാണ് അര്‍ഥം. അതുകൊണ്ട്, ഓരോ യുഗത്തിലും ദൈവം ചെയ്യുന്ന പ്രവൃത്തി, അവന്‍ വിളിക്കപ്പെടുന്ന നാമം, അവന്‍ സ്വീകരിക്കുന്ന രൂപം—ഇന്നുവരെയുള്ള ഓരോ ഘട്ടത്തിലും അവന്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി—ഇവയൊന്നും ഒരു പ്രത്യേക നിയന്ത്രണത്തിനും വിധേയമാകുന്നില്ല. അവ യാതൊരു പരിധികള്‍ക്കും വിധേയവുമല്ല. അവന്‍ യഹോവയാണ്, പക്ഷേ, അവന്‍ യേശുവുമാണ്, അതുപോലെ മിശിഹായുമാണ്, സര്‍വശക്തനായ ദൈവവുമാണ്. അവന്റെ വേല ക്രമാനുഗതമായ പരിവര്‍ത്തനത്തിനു വിധേയമാകാം. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ അവന്റെ നാമത്തിലും വന്നേക്കാം. ഒരൊറ്റ നാമത്തിനും അവനെ മുഴുവനായി പ്രതിനിധാനം ചെയ്യാന്‍ സാധിക്കില്ല. പക്ഷേ, അവന്‍ വിളിക്കപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കും അവനെ പ്രതിനിധാനം ചെയ്യാന്‍ സാധിക്കും. ഓരോ യുഗത്തിലും അവന്‍ ചെയ്യുന്ന വേല അവന്റെ പ്രകൃതത്തെ പ്രതിനിധാനം ചെയ്യുന്നു. അന്ത്യനാളുകള്‍ ആഗതമാകുമ്പോള്‍, അന്നും നീ ദര്‍ശിക്കുന്ന ദൈവം യേശുവാണെന്നു കരുതുക. അതിലുപരിയായി, അവന്‍ ഒരു വെണ്‍മേഘത്തില്‍ സഞ്ചരിക്കുകയാണെന്നും, അവന് ഇപ്പോഴും യേശുവിന്റെ രൂപമാണെന്നും, അവന്‍ പറയുന്ന വചനങ്ങള്‍ ഇപ്പോഴും യേശുവിന്റെ വചനങ്ങളാണെന്നും കരുതുക: “നിങ്ങള്‍ നിങ്ങളെപ്പോലെത്തന്നെ നിങ്ങളുടെ അയല്‍ക്കാരെയും സ്നേഹിക്കണം. നിങ്ങള്‍ ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും വേണം. നിങ്ങള്‍ സ്വന്തം ജീവിതത്തെ വിലമതിക്കുന്നതുപോലെ നിങ്ങളുടെ ശത്രുക്കളെയും സ്നേഹിക്കണം. മറ്റുള്ളവരോടു സഹിഷ്ണുത കാണിക്കണം. ക്ഷമയും എളിമയും ഉള്ളവരായിരിക്കണം. നിങ്ങള്‍ക്ക് എന്റെ ശിഷ്യന്മാരാകുവാന്‍ സാധിക്കണമെങ്കില്‍ ഇതെല്ലാം നിങ്ങള്‍ ചെയ്തിരിക്കണം. ഇതെല്ലാം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് എന്റെ രാജ്യത്തില്‍ പ്രവേശിക്കാം.” ഇതു കൃപയുഗത്തിലെ വേലയായിരിക്കില്ലേ? അവന്‍ പറയുന്നതു കൃപായുഗത്തിലെ മാര്‍ഗമായിരിക്കില്ലേ? ഈ വചനങ്ങള്‍ കേട്ടാല്‍ എന്തായിരിക്കും നിങ്ങള്‍ക്കു തോന്നുക? ഇത് ഇപ്പോഴും യേശുവിന്റെ പ്രവൃത്തിയാണെന്നു നിങ്ങള്‍ക്കു തോന്നില്ലേ? ഇത് ആ പ്രവൃത്തിയെ അനുകരിക്കലാകില്ലേ? ഇതില്‍ മനുഷ്യന്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കുമോ? ദൈവത്തിന്റെ പ്രവൃത്തിക്ക് ഇപ്പോൾ ആയിരിക്കുന്നതുപോലെ ഇരിക്കാനേ സാധിക്കുകയുള്ളൂ എന്നും, ഇതിനപ്പുറത്തേക്ക് പുരോഗമിക്കുകയില്ല എന്നും നിങ്ങള്‍ക്കു തോന്നും. അവന് ഇത്രയും ശക്തിയേ ഉള്ളൂ, അവനു ചെയ്യാന്‍ പുതിയ വേലകളൊന്നുമില്ല, അവന്‍ തന്റെ ശക്തി പരമാവധി ഉപയോഗിച്ചുകഴിഞ്ഞു എന്നും കരുതും. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കൃപായുഗമായിരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും അവന്‍ കൃപായുഗത്തിന്റെ വഴിയാണു പ്രസംഗിക്കുന്നത്, ഇപ്പോഴും ആളുകളെ പശ്ചാത്തപിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ആളുകള്‍ പറയും, “ദൈവമേ, നിനക്കിത്ര ശക്തിയേ ഉള്ളൂ. നീ വിവേകശാലിയാണെന്നു ഞാന്‍ വിശ്വസിച്ചു. പക്ഷേ, നിനക്കു സഹിഷ്ണുത മാത്രമേ അറിയുകയുള്ളൂ. ക്ഷമയെക്കുറിച്ചുമാത്രമേ ചിന്തിക്കുന്നുള്ളൂ. നിനക്കു ശത്രുവിനെ സ്നേഹിക്കുവാനല്ലാതെ വേറൊന്നും അറിയില്ല.” മനുഷ്യന്റെ മനസ്സില്‍ ദൈവം എന്നേക്കും കൃപായുഗത്തില്‍ അവന്‍ ആയിരുന്നതുപോലെത്തന്നെ ആയിരിക്കും. ദൈവം സ്നേഹമയനും കരുണാമയനുമാണെന്ന് മനുഷ്യന്‍ എപ്പോഴും വിശ്വസിക്കും. ദൈവത്തിന്റെ പ്രവൃത്തി എപ്പോഴും പഴയതുപോലെത്തന്നെയായിരിക്കും എന്നു നീ കരുതുന്നുണ്ടോ? അതുകൊണ്ട്, അവന്റെ പ്രവൃത്തിയുടെ ഈ ഘട്ടത്തില്‍ അവന്‍ ക്രൂശിക്കപ്പെടുകയില്ല, നിങ്ങള്‍ കാണുകയും സ്പര്‍ശിച്ചറിയുകയും ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ ഭാവനയില്‍ കണ്ടിട്ടുള്ളവയില്‍ അല്ലെങ്കില്‍ പറഞ്ഞുകേട്ടിട്ടുള്ളവയില്‍നിന്നു തികച്ചും വ്യത്യസ്തമായിരിക്കും. ദൈവം ഇന്ന് പരീശന്മാരുമായി ഇടപെടുന്നില്ല. തന്നെ അറിയുവാന്‍ ലോകത്തെ അവന്‍ അനുവദിക്കുന്നുമില്ല. അവനെ അറിയുന്നവര്‍ അവനെ അനുഗമിക്കുന്ന നിങ്ങള്‍ മാത്രമാണ്. അതിനാല്‍ അവന്‍ വീണ്ടും കുരിശില്‍ തറയ്ക്കപ്പെടുകയില്ല. കൃപായുഗത്തില്‍, തന്റെ സുവിശേഷവേലയ്ക്കായി യേശു ദേശം മുഴുവന്‍ പരസ്യമായി പ്രസംഗിച്ചു. കുരിശുമരണവേലയ്ക്കായി അവന്‍ പരീശന്മാരോട് ഇടപെട്ടു. അവന്‍ പരീശന്മാരോട് ഇടപെടാതിരിക്കുകയും അധികാരസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നവര്‍ അവനെ അറിയാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ എങ്ങനെയാണ് അവന്‍ കുറ്റം വിധിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും കുരിശില്‍ തറയ്ക്കപ്പെടുകയും ചെയ്യുക? അതുകൊണ്ട്, അവന്‍ പരീശന്മാരുമായി ഇടപെട്ടത് കുരിശുമരണത്തിനു വേണ്ടിയായിരുന്നു. ഇന്ന്, പ്രലോഭനങ്ങള്‍ ഒഴിവാക്കേണ്ടതിനായി രഹസ്യമായിട്ടാണ് അവന്‍ തന്റെ പ്രവൃത്തി ചെയ്യുന്നത്. ദൈവത്തിന്റെ രണ്ട് അവതാരങ്ങളിലും പ്രവൃത്തിയും പ്രസക്തിയും വ്യത്യസ്തമാണ്. പശ്ചാത്തലവും വ്യത്യസ്തമാണ്. അപ്പോള്‍ എങ്ങനെയാണ് അവന്‍ ചെയ്യുന്ന പ്രവൃത്തി തീര്‍ത്തും സമാനമാകുന്നത്?

യേശു—”ദൈവം നമ്മോടുകൂടെ”—എന്ന നാമത്തിനു ദൈവത്തിന്റെ പ്രകൃതത്തെ മുഴുവനായും പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കുമോ? അതിനു ദൈവത്തെ മുഴുവനായും സ്പഷ്ടമാക്കാന്‍ സാധിക്കുമോ? ദൈവത്തെ യേശു എന്നു മാത്രമേ വിളിക്കാന്‍ പാടുള്ളൂ എന്നും, ദൈവത്തിന് അവന്റെ പ്രകൃതം മാറ്റുക സാധ്യമല്ലാത്തതിനാല്‍ മറ്റൊരു പേരും വിളിക്കാന്‍ പാടില്ല എന്നും മനുഷ്യന്‍ പറഞ്ഞാല്‍ അതു തീര്‍ച്ചയായും ദൈവനിന്ദയാണ്! യേശു, ദൈവം നമ്മോടുകൂടെ, എന്ന നാമത്തിനു മാത്രമാണോ ദൈവത്തെ അവന്റെ പൂര്‍ണതയില്‍ പ്രതിനിധാനം ചെയ്യാന്‍ സാധിക്കുന്നത്? ദൈവത്തെ പല പേരുകളില്‍ വിളിക്കാം. പക്ഷേ, ഈ പല പേരുകളില്‍ ഒന്നിനും ദൈവത്തെ സമഗ്രമായി ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഒന്നിനും ദൈവത്തെ പൂര്‍ണമായി പ്രതിനിധാനം ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട്, ദൈവത്തിനു പല നാമങ്ങളുണ്ടെങ്കിലും ഈ പല നാമങ്ങള്‍ക്കു ദൈവത്തിന്റെ പ്രകൃതത്തെ പൂര്‍ണമായി സ്പഷ്ടമാക്കാന്‍ സാധിക്കില്ല. കാരണം, ദൈവത്തിന്റെ പ്രകൃതം എന്നത് വളരെ സമൃദ്ധമാണ്, അവനെ അറിയുവാനുള്ള മനുഷ്യന്റെ കഴിവിനും അപ്പുറമാണത്. മനുഷ്യവര്‍ഗത്തിന്റെ ഭാഷ ഉപയോഗിച്ച് ദൈവത്തെ പൂര്‍ണമായും സംഗ്രഹിക്കുക മനുഷ്യന് അസാധ്യമാണ്. ദൈവത്തെക്കുറിച്ച് അവര്‍ക്കറിയുന്ന എല്ലാം സംഗ്രഹിക്കുവാന്‍ മനുഷ്യവര്‍ഗത്തിന്റെ പദസമ്പത്ത് വളരെ പരിമിതമാണ്—മഹത്ത്വമുള്ളവന്‍, ബഹുമാനിതന്‍, അതിശയന്‍, ആഴമളക്കാനാകാത്തവന്‍, പരമോന്നതന്‍, പരിശുദ്ധന്‍, നീതിമാന്‍, ജ്ഞാനി എന്നിങ്ങനെ! പരിമിതമായ ഈ പദസമ്പത്ത് ദൈവത്തിന്റെ പ്രകൃതത്തില്‍ മനുഷ്യന്‍ ദര്‍ശിച്ചിട്ടുള്ള ആ അല്പഭാഗത്തെ വിശദീകരിക്കുവാന്‍ അപര്യാപ്തമാണ്. പല സമയങ്ങളിലായി, പല ആളുകളും തങ്ങളുടെ ഹൃദയത്തിലുള്ള ആവേശത്തെ കൂടുതല്‍ നന്നായി വിശദീകരിക്കുവാന്‍ സഹായിക്കുന്ന വാക്കുകള്‍ ഇതിലേക്കു കൂട്ടിച്ചേര്‍ത്തു: ദൈവം വളരെ മഹത്ത്വമുള്ളവനാണ്, ദൈവം വളരെ പരിശുദ്ധനാണ്, ദൈവം വളരെ മനോഹരനാണ്! ഇന്ന്, മനുഷ്യരുടെ ഇത്തരം പറച്ചിലുകള്‍ അവയുടെ മൂർധന്യത്തിലെത്തിയിരിക്കുന്നു. എന്നിരുന്നാലും, ഇന്നും മനുഷ്യന് പൂര്‍ണമായും സ്വയം പ്രകടിപ്പിക്കുവാന്‍ സാധിക്കുന്നില്ല. അതുകൊണ്ട്, മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവത്തിന് പല നാമങ്ങളുണ്ട്. എന്നിരുന്നാലും അവന്‍ ഒരൊറ്റ നാമമില്ല. കാരണം ദൈവം അത്രയും അളവില്ലാത്തവനാണ്. മനുഷ്യന്റെ ഭാഷയാകട്ടെ, വളരെയധികം ശുഷ്കവും. ഒരു പ്രത്യേക വാക്കിനോ നാമത്തിനോ ദൈവത്തെ അവന്റെ പൂര്‍ണതയില്‍ പ്രതിനിധാനം ചെയ്യുവാനുള്ള കഴിവില്ല. അപ്പോള്‍ അവനു സ്ഥിരമായ ഒരു നാമമുണ്ടാകുവാന്‍ സാധിക്കുമെന്നു നീ കരുതുന്നുണ്ടോ? ദൈവം വളരെ മഹത്ത്വമുള്ളവനും വളരെ പരിശുദ്ധനുമാണ്. എന്നാലും ഓരോ യുഗത്തിലും അവന്റെ നാമം മാറ്റുവാന്‍ അവനെ നിങ്ങള്‍ അനുവദിക്കില്ല എന്നാണോ? അതുകൊണ്ട് ദൈവം നേരിട്ടു തന്റെ വേല ചെയ്യുന്ന ഓരോ യുഗത്തിലും, ആ യുഗത്തില്‍ അവന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വേലയെ സംഗ്രഹിക്കാൻ, ആ യുഗത്തിനു ചേര്‍ന്ന ഒരു നാമം അവന്‍ സ്വീകരിക്കുന്നു. താത്കാലിക പ്രാധാന്യമുള്ള ഈ പ്രത്യേകനാമത്തെ ആ യുഗത്തിലെ അവന്റെ പ്രകൃതത്തെ പ്രതിനിധാനം ചെയ്യുവാന്‍ അവന്‍ ഉപയോഗിക്കുന്നു. ദൈവം സ്വന്തം പ്രകൃതത്തെ പ്രകാശിപ്പിക്കുവാന്‍ മനുഷ്യരുടെ ഭാഷ ഉപയോഗിക്കുന്നതാണിത്. എന്നിരുന്നാലും, ആത്മീയാനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവരും ദൈവത്തെ നേരിട്ടു കണ്ടിട്ടുള്ളവരുമായ മനുഷ്യര്‍ കരുതുന്നത് ഒരു പ്രത്യേക നാമത്തിനു ദൈവത്തെ അവന്റെ പരിപൂര്‍ണതയില്‍ പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കില്ല എന്നാണ്-ഹാ കഷ്ടം, ഇതിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല-അതുകൊണ്ട് മനുഷ്യന്‍ ദൈവത്തെ അഭിസംബോധന ചെയ്യാന്‍ ഒരു നാമവും ഉപയോഗിക്കുന്നില്ല. പകരം അവനെ “ദൈവം” എന്നു മാത്രം വിളിക്കുന്നു. മനുഷ്യന്റെ ഹൃദയം മുഴുവന്‍ സ്നേഹമാണെങ്കിലും പരസ്പരവൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് എന്നതുപോലെയാണത്, കാരണം, ദൈവത്തെ വർണിക്കേണ്ടത് എങ്ങനെയാണെന്ന് മനുഷ്യന് അറിയില്ല. ദൈവം എന്താണോ, അതു സീമാതീതമാണ്, അതിനെ വര്‍ണിക്കുക അസാധ്യമാണ്. ദൈവത്തിന്റെ പ്രകൃതത്തെ സംഗ്രഹിക്കുവാന്‍ സാധിക്കുന്ന ഒരൊറ്റ നാമം നിലവിലില്ല. ദൈവത്തിനുള്ളതും ദൈവമായതും പൂര്‍ണമായി വര്‍ണിക്കുവാന്‍ സാധിക്കുന്ന ഏകനാമവുമില്ല. ആരെങ്കിലും എന്നോട്, “ശരിക്കും ഏതു നാമമാണ് നീ ഉപയോഗിക്കുന്നത്?” എന്നു ചോദിച്ചാല്‍ ഞാന്‍ അവരോടു പറയും, “ദൈവം ദൈവമാണ്!” അതല്ലേ ദൈവത്തിനു യോജിച്ച ഏറ്റവും നല്ല പേര്? അതല്ലേ ദൈവ പ്രകൃതത്തിന്റെ ഏറ്റവും നല്ല സംഗ്രഹം? അങ്ങനെയാണെങ്കില്‍ ദൈവത്തിന്റെ നാമം തേടി നിങ്ങളെന്തിനാണ് ഇത്രയധികം അധ്വാനം പാഴാക്കുന്നത്? വെറുമൊരു പേരിനു വേണ്ടി ഊണും ഉറക്കവുമില്ലാതെ തല പുണ്ണാക്കുന്നത്? യഹോവയെന്നോ യേശുവെന്നോ മിശിഹായെന്നോ ദൈവം വിളിക്കപ്പെടാത്ത ദിവസം വരും—അവൻ അപ്പോള്‍ സ്രഷ്ടാവ് മാത്രമായിരിക്കും. ആ സമയത്ത് അവന്‍ ഭൂമിയില്‍ സ്വീകരിച്ച സകല നാമങ്ങളുടെയും അന്ത്യമായിരിക്കും. കാരണം, ഭൂമിയില്‍ അവന്റെ വേല അവസാനിച്ചിരിക്കും. അതിനുശേഷം അവന്റെ നാമങ്ങള്‍ നിലനില്‍ക്കുകയില്ല. എല്ലാം സ്രഷ്ടാവിന്റെ അധീനതയിലാകുമ്പോള്‍ പിന്നെ എന്തിനാണ് അവന്‍ അങ്ങേയറ്റം അനുയോജ്യവും എന്നാല്‍ അപൂര്‍ണവുമായ ഒരു പേര്? നീ ഇപ്പോഴും ദൈവത്തിന്റെ നാമത്തിനു പിറകെയാണോ? ദൈവത്തെ യഹോവ എന്നു മാത്രമേ വിളിക്കുന്നുള്ളൂ എന്നുപറയാന്‍ ഇപ്പോഴും നീ ധൈര്യപ്പെടുന്നുണ്ടോ? ദൈവത്തെ യേശു എന്നു മാത്രമേ വിളിക്കാന്‍പാടുള്ളൂ എന്നുപറയാന്‍ നീ ഇപ്പോഴും ധൈര്യപ്പെടുന്നുണ്ടോ? ദൈവദോഷം എന്ന പാപം വഹിക്കാന്‍ നീ ധൈര്യപ്പെടുന്നുണ്ടോ? ദൈവത്തിനു യഥാര്‍ഥത്തില്‍ പേരൊന്നുമുണ്ടായിരുന്നില്ല എന്നു നീ മനസ്സിലാക്കണം. അവനു വേല ചെയ്യേണ്ടതുണ്ടായിരുന്നതുകൊണ്ടും മനുഷ്യവര്‍ഗത്തെ നിയന്ത്രിക്കേണ്ടതുണ്ടായിരുന്നതുകൊണ്ടുമാണ് അവന്‍ ഒരു നാമം, അല്ലെങ്കില്‍ രണ്ടു നാമങ്ങള്‍, അല്ലെങ്കില്‍ പല നാമങ്ങള്‍ സ്വീകരിച്ചത്. അവന്‍ വിളിക്കപ്പെടുന്നത് ഏതു നാമത്തിലായാലും—അവനത് സ്വന്തം ഇഷ്ടപ്രകാരം സ്വയം തിരഞ്ഞെടുത്തതല്ലേ? പേരു നിശ്ചയിക്കാന്‍ അവന്റെ സൃഷ്ടികളിലൊന്നായ നിന്നെ അവന്‍ ആവശ്യമുണ്ടോ? ദൈവത്തെ വിളിക്കുന്ന നാമം, മനുഷ്യന്‍ അവന്റെ ഭാഷയില്‍ ഗ്രഹിക്കാൻ സാധിക്കുന്ന നാമമാണ്. അത് മനുഷ്യന് നിശ്ചയിക്കാന്‍ സാധിക്കുന്ന ഒന്നല്ല. സ്വര്‍ഗത്തില്‍ ഒരു ഉടയോനുണ്ടെന്നും അവനെ ദൈവമെന്നാണു വിളിക്കുന്നതെന്നും, മഹാശക്തിയുള്ള, അത്യധികം വിവേകശാലിയായ, അത്യധികം ഉന്നതനായ, അത്യധികം അതിശയനായ, അത്യധികം നിഗൂഢനായ, അത്യധികം സര്‍വശക്തനായ ദൈവം തന്നെയായവനാണ് അവന്‍ എന്നും മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. കൂടുതലൊന്നും നിങ്ങള്‍ക്കു പറയാന്‍ സാധിക്കില്ല. ഇത്ര കുറച്ചു മാത്രമേ നിങ്ങള്‍ക്കറിയുകയുള്ളൂ. അങ്ങനെയാണെങ്കില്‍ യേശു എന്ന വെറുമൊരു പേരിനു ദൈവത്തെ പ്രതിനിധാനം ചെയ്യാന്‍ സാധിക്കുമോ? അന്ത്യനാളുകള്‍ വരുമ്പോള്‍ വേല ചെയ്യുന്നത് ദൈവമാണെങ്കിലും അവന്റെ പേര് മാറേണ്ടിയിരിക്കുന്നു. കാരണം അത് വേറൊരു യുഗമാണ്.

പ്രപഞ്ചത്തിലാകെയും ഉന്നതങ്ങളിലെയും ഏറ്റവും മഹത്ത്വമുള്ളവന്‍ ദൈവമായതുകൊണ്ട്, ജഡ രൂപത്തില്‍ അവനു പൂര്‍ണമായും സ്വയം വ്യക്തമാക്കുവാന്‍ സാധിക്കുമോ? ദൈവം സ്വയം ജഡരൂപം സ്വീകരിച്ചിരിക്കുന്നത് അവന്റെ പ്രവൃത്തിയുടെ ഒരു ഘട്ടം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയാണ്. ഈ ജഡരൂപത്തിന് പ്രത്യേക പ്രാധാന്യം ഒന്നുമില്ല. യുഗങ്ങൾ കടന്നുപോകുന്നതുമായി അതിനു ബന്ധമൊന്നുമില്ല. ദൈവത്തിന്റെ പ്രകൃതവുമായും അതിനു ബന്ധമില്ല. എന്തുകൊണ്ടാണ് തന്റെ രൂപം നിലനില്‍ക്കാന്‍ യേശു അനുവദിക്കാതിരുന്നത്? എന്തുകൊണ്ടാണ് തന്റെ ചിത്രം വരയ്ക്കുവാനും അങ്ങനെ അതു വരുംതലമുറകളുമായി പങ്കുവയ്ക്കുവാനും അവന്‍ മനുഷ്യനെ അനുവദിക്കാതിരുന്നത്? തന്റെ രൂപം ദൈവത്തിന്റെ രൂപമാണെന്ന് അംഗീകരിക്കുവാന്‍ അവന്‍ മനുഷ്യരെ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണ്? മനുഷ്യന്റെ രൂപം ദൈവത്തിന്റെ രൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടതെങ്കിലും മനുഷ്യന്റെ രൂപത്തിന് ദൈവത്തിന്റെ ഉന്നതമായ രൂപത്തെ പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കുമായിരുന്നോ? ദൈവം മനുഷ്യനാകുമ്പോള്‍ അവന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു പ്രത്യേക ജഡരൂപത്തിലേക്ക് ഇറങ്ങിവരുക മാത്രം ചെയ്യുന്നു. അവന്റെ ആത്മാവാണ് ഒരു ജഡരൂപത്തിലേക്ക് ഇറങ്ങുന്നത്. അതിലൂടെയാണ് ആത്മാവിന്‍റെ വേല അവന്‍ ചെയ്യുന്നത്. ആത്മാവാണ് ജഡത്തില്‍ പ്രകാശിതമാകുന്നത്, ആത്മാവാണ് ജഡത്തില്‍ തന്റെ വേല ചെയ്യുന്നത്. ജഡത്തില്‍ ചെയ്യുന്ന വേല പൂര്‍ണമായും ആത്മാവിനെയാണ് പ്രതിനിധാനം ചെയ്യുന്നത്, ജഡം വേലയ്ക്കു വേണ്ടിയാണ്. പക്ഷേ, ജഡരൂപം ദൈവം തന്നെയായവന്റെ യഥാര്‍ഥരൂപത്തിനു പകരമാണ് എന്നല്ല അതിനര്‍ഥം; ദൈവം മനുഷ്യനായതിന്റെ ഉദ്ദേശ്യമോ പ്രാധാന്യമോ അതല്ല. ആത്മാവിനു വസിക്കുവാനായി തന്റെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ ഒരിടം കണ്ടെത്താന്‍ മാത്രമാണ് അവന്‍ ജഡരൂപം ധരിക്കുന്നത്. ജഡത്തിലുള്ള തന്റെ പ്രവൃത്തി കൂടുതല്‍ നന്നായി പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയാണത്, അങ്ങനെ ആളുകള്‍ അവന്റെ പ്രവൃത്തികള്‍ കാണുകയും അവന്റെ പ്രകൃതം മനസ്സിലാക്കുകയും അവന്റെ വാക്കുകള്‍ ശ്രവിക്കുകയും അവന്റെ പ്രവൃത്തിയുടെ അത്ഭുതം അറിയുകയും ചെയ്യുന്നതിനു വേണ്ടിയാണത്. അവന്റെ നാമം അവന്റെ പ്രകൃതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്, അവന്റെ പ്രവൃത്തി അവന്റെ സ്വത്വത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്, എന്നാൽ, തന്റെ ജഡരൂപംതന്റെ രൂപത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അവന്‍ ഒരിക്കലും പറഞ്ഞിട്ടില്ല; മനുഷ്യന്റെ ധാരണ മാത്രമാണത്. അതുകൊണ്ട്, ദൈവത്തിന്റെ മനുഷ്യാവതാരത്തെ സംബന്ധിച്ച പ്രധാനഘടകങ്ങള്‍ അവന്റെ നാമം, അവന്റെ പ്രവൃത്തി, അവന്റെ പ്രകൃതം, അവന്റെ ലിംഗം എന്നിവയാണ്. ഇവയാണ് ഈ യുഗത്തില്‍ അവന്റെ വേലയെ പ്രതിനിധാനം ചെയ്യാന്‍ ഉപയോഗിക്കുന്നത്. അവന്റെ ജഡരൂപത്തിന്‍ അവന്റെ കാര്യനി ര്‍വഹണവുമായി ബന്ധമൊന്നുമില്ല. ആ സമയത്തെ അവന്റെ വേലയ്ക്കു വേണ്ടി മാത്രമുള്ളതാണ് അത്. എന്നിരുന്നാലും ദൈവത്തിന്റെ മനുഷ്യാവതാരത്തിന് പ്രത്യേകമായി രൂപം ഇല്ലാതിരിക്കുക എന്നത് അസാധ്യമാണ്. അതുകൊണ്ട് തന്റെ രൂപത്തെ നിര്‍ണയിക്കാൻ അനുയോജ്യമായ ഒരു കുടുംബത്തെ അവന്‍ തിരഞ്ഞെടുക്കുന്നു. ദൈവത്തിന്റെ പ്രത്യക്ഷതയ്ക്ക് പ്രാതിനിധ്യപരമായ പ്രാധാന്യം മാത്രമേ വേണ്ടിയിരുന്നുള്ളൂ എങ്കില്‍ അവനോടു മുഖസാദൃശ്യമുള്ള എല്ലാവരും ദൈവത്തെ പ്രതിനിധാനം ചെയ്യുന്നവരാകും. അതൊരു വലിയ തെറ്റാകില്ലേ? മനുഷ്യന്‍ യേശുവിന്റെ ചിത്രം വരച്ചത് അവനെ ആരാധിക്കാന്‍ വേണ്ടിയാണ്. ആ സമയത്ത്, പരിശുദ്ധാത്മാവ് പ്രത്യേക നിർദേശങ്ങള്‍ ഒന്നും നല്‍കിയില്ല. അതുകൊണ്ട് ആ ഭാവനാചിത്രത്തെ മനുഷ്യന്‍ ഇന്നുവരെ കൈമാറിക്കൊണ്ടുവന്നു. സത്യത്തില്‍ ദൈവത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യമനുസരിച്ച് മനുഷ്യൻ ഇതു ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. മനുഷ്യന്റെ ഉത്സാഹം ഒന്നുകൊണ്ടു മാത്രമാണ് യേശുവിന്റെ ചിത്രം ഈ ദിവസം വരെ നിലനിന്നത്. ദൈവം ആത്മാവാണ്. അവസാന വിശകലനത്തില്‍ എന്താണ് അവിടുത്തെ രൂപമെന്ന് മനസ്സിലാക്കുവാന്‍ മനുഷ്യന് ഒരിക്കലും സാധിക്കുകയില്ല. അവന്റെ പ്രകൃതത്തിനു മാത്രമേ അവന്റെ രൂപത്തെ പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കൂ. അവന്റെ മൂക്ക് എങ്ങനെയുള്ളതാണ്, അവന്റെ വായ് എങ്ങനെയുള്ളതാണ്, അവന്റെ കണ്ണുകള്‍ എങ്ങനെയുള്ളതാണ്, അവന്റെ മുടി എങ്ങനെയുള്ളതാണ് എന്നതെല്ലാം നിന്‍റെ സംഗ്രഹണശേഷിക്കും അപ്പുറമാണ്. യോഹന്നാന് വെളിപാടുണ്ടായപ്പോള്‍ അവന്‍ മനുഷ്യപുത്രന്റെ രൂപം ദര്‍ശിച്ചു: അവന്റെ അധരത്തില്‍ നിന്ന് ഇരുതലമൂര്‍ച്ചയുള്ള ഒരു വാള്‍ പുറത്തുവന്നിരുന്നു, അവന്റെ കണ്ണുകള്‍ അഗ്നിജ്വാലകള്‍ പോലെയായിരുന്നു, അവന്റെ തലയും മുടിയും ചെമ്മരിയാട്ടി ന്‍രോമം പോലെ വെളുത്തതായിരുന്നു, അവന്റെ പാദങ്ങള്‍ മിനുക്കിയ പിച്ചള പോലെയായിരുന്നു, അവന്റെ മാറിനു കുറുകെ സ്വര്‍ണനിറമുള്ള ഒരു പട്ടയുണ്ടായിരുന്നു. യോഹന്നാന്‍റെ വാക്കുകള്‍ അങ്ങേയറ്റം വൈവിധ്യപൂര്‍ണമായിരുന്നെങ്കിലും അവന്‍ വര്‍ണിച്ച ദൈവത്തിന്റെ രൂപം സൃഷ്ടിക്കപ്പെട്ട ഒന്നിന്റെ രൂപമായിരുന്നില്ല. അവന്‍ കണ്ടത് ഒരു ദര്‍ശനം മാത്രമായിരുന്നു, അല്ലാതെ ഭൗതികലോകത്തില്‍ നിന്നുള്ള ഒരു വ്യക്തിയുടെ രൂപമായിരുന്നില്ല. യോഹന്നാന്‍ ഒരു ദര്‍ശനമുണ്ടായി. പക്ഷേ, അവന്‍ ദൈവത്തിന്റെ യഥാര്‍ഥരൂപത്തെ ദര്‍ശിച്ചിരുന്നില്ല. ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെ രൂപം, സൃഷ്ടിക്കപ്പെട്ട ഒന്നിന്റെ രൂപമായതുകൊണ്ട്, ദൈവത്തിന്റെ പ്രകൃതത്തെ അതിന്റെ പരിപൂര്‍ണതയില്‍ പ്രതിനിധാനം ചെയ്യാൻഅപര്യാപ്തമാണ്. യഹോവ മനുഷ്യവര്‍ഗത്തെ സൃഷ്ടിച്ചപ്പോള്‍ അതു തന്റെ സ്വന്തം രൂപത്തിലായിരുന്നു എന്നാണ് അവന്‍ പറഞ്ഞത്. അവന്‍ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചു. ദൈവത്തിന്റെ രൂപത്തിലാണ് പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചതെന്ന് ആ സമയത്ത് അവന്‍ പറഞ്ഞു. മനുഷ്യന്റെ രൂപം ദൈവത്തിന്റെ രൂപത്തിനു സദൃശമാണെങ്കിലും മനുഷ്യന്റെ രൂപമാണ് ദൈവത്തിന് എന്നാണ് അതിനര്‍ഥമെന്നു കരുതുക വയ്യ. മനുഷ്യവര്‍ഗത്തിന്റെ ഭാഷ ഉപയോഗിച്ച് ദൈവത്തിന്റെ രൂപത്തെ പൂര്‍ണമായി വിവരിക്കുവാനും നിനക്കു സാധിക്കില്ല. കാരണം, ദൈവം അത്രയും സമുന്നതനാണ്, അത്രയും മഹത്ത്വമുള്ളവനാണ്, അത്രയും അതിശയനാണ്, അത്രയും അഗ്രാഹ്യനാണ്!

പരിശുദ്ധാത്മാവിന്റെ നിര്‍ദേശത്തിന്‍കീഴിലാണ് യേശു തന്റെ വേല ചെയ്യാൻ വന്നത്. പരിശുദ്ധാത്മാവ് ആവശ്യപ്പെട്ടതുപോലെയാണ് അവന്‍ പ്രവര്‍ത്തിച്ചത്. അല്ലാതെ പഴയ നിയമ ന്യായപ്രമാണയുഗത്തിനനുസരിച്ചോ യഹോവയുടെ പ്രവൃത്തിക്കനുസരിച്ചോ അല്ല. യേശു ചെയ്യാന്‍ വന്ന വേല യഹോവയുടെ നിയമങ്ങളോ യഹോവയുടെ കല്പനകളോ പാലിക്കുക എന്നതായിരുന്നില്ല എങ്കിലും അവരുടെ സ്രോതസ് ഒന്നുതന്നെയായിരുന്നു. യേശു ചെയ്ത വേല യേശുവിന്റെ നാമത്തെ പ്രതിനിധാനം ചെയ്തു, അത് കൃപായുഗത്തെ പ്രതിനിധാനം ചെയ്തു; യഹോവ ചെയ്ത വേലയാകട്ടെ, യഹോവയെ പ്രതിനിധാനം ചെയ്തു, അത് ന്യായപ്രമാണയുഗത്തെയും പ്രതിനിധാനം ചെയ്തു. അവരുടെ വേല ഒരേ ആത്മാവിന്റെ രണ്ടു വ്യത്യസ്തയുഗങ്ങളിലെ വേലയായിരുന്നു. യേശു ചെയ്ത വേലയ്ക്ക് കൃപായുഗത്തെ മാത്രമേ പ്രതിനിധാനം ചെയ്യുവാന്‍ സാധിച്ചുള്ളൂ. യഹോവ ചെയ്ത വേലയ്ക്കാകട്ടെ, പഴയ നിയമ ന്യായപ്രമാണയുഗത്തെ മാത്രവും. യഹോവ ഇസ്രായേലിലെയും മിസ്രയീമിലെയും ഇസ്രയേലിനപ്പുറത്തുള്ള സകല രാജ്യങ്ങളിലെയും ജനങ്ങളെ മാത്രമേ നയിച്ചുള്ളൂ. എന്നാല്‍, പുതിയ നിയമ കൃപായുഗത്തിലെ യേശുവിന്റെ വേല, ആ യുഗത്തെ നയിച്ചുകൊണ്ട് യേശുവിന്റെ നാമത്തില്‍ ദൈവം ചെയ്ത വേലയായിരുന്നു. യേശുവിന്റെ വേല യഹോവയുടെ വേലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു എന്നും, അവന്‍ പുതിയൊരു വേല ആരംഭിച്ചില്ല എന്നും, അവന്‍ ചെയ്തതെല്ലാം യഹോവയുടെ വചനങ്ങള്‍ക്കും യഹോവയുടെ വേലകള്‍ക്കും യെശയ്യാവിന്‍റെ പ്രവചനങ്ങള്‍ക്കും അനുസരിച്ചായിരുന്നു എന്നും നിങ്ങള്‍ പറയുകയാണെങ്കില്‍, യേശു മനുഷ്യാവതാരമെടുത്ത ദൈവമായിരിക്കില്ല. അവന്‍ ഈ രീതിയിലാണ് തന്റെ വേല നിര്‍വഹിച്ചിരുന്നതെങ്കില്‍, അവന്‍ ഒരു അപ്പോസ്തോലനോ ന്യായപ്രമാണയുഗത്തിലെ ഒരു ശുശ്രൂഷകനോ മാത്രമേ ആകുമായിരുന്നുള്ളൂ. നിങ്ങള്‍ പറയുന്നതുപോലെ ആയിരുന്നെങ്കില്‍, യേശു ഒരു പുതിയ യുഗം ആരംഭിച്ചിട്ടുണ്ടാകുമായിരുന്നില്ല. അവന്‍ മറ്റൊരു പ്രവൃത്തിയും ചെയ്തിട്ടുണ്ടാകുമായിരുന്നില്ല. ഇതേപോലെ, പരിശുദ്ധാത്മാവ് പ്രധാനമായും യഹോവയിലൂടെ തന്റെ വേല ചെയ്യേണ്ടിയിരുന്നു. യഹോവയിലൂടെയല്ലാതെ മറ്റാരിലൂടെയും പരിശുദ്ധാത്മാവിന് ഒരു പുതിയ വേലയും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. യേശുവിന്റെ വേലയെ ഈ രീതിയില്‍ മനുഷ്യന്‍ മനസ്സിലാക്കുന്നത് തെറ്റാണ്. യേശു ചെയ്ത വേല യഹോവയുടെ വചനങ്ങള്‍ക്കനുസരിച്ചും യെശയ്യാവിന്‍റെ പ്രവചനങ്ങള്‍ക്കനുസരിച്ചുമായിരുന്നു എന്നാണ് മനുഷ്യന്‍ വിശ്വസിക്കുന്നതെങ്കില്‍, യേശു ദൈവത്തിന്റെ മനുഷ്യാവതാരമായിരുന്നോ അതോ പ്രവാചകന്മാരില്‍ ഒരാളായിരുന്നോ? ഈ കാഴ്ചപ്പാടനുസരിച്ച് കൃപായുഗം ഉണ്ടായിരിക്കില്ല, യേശു ദൈവത്തിന്റെ മനുഷ്യാവതാരമായിരിക്കില്ല, കാരണം, അവന്‍ ചെയ്ത പ്രവൃത്തിക്ക് കൃപായുഗത്തെ പ്രതിനിധാനം ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. പഴയനിയമ ന്യായപ്രമാണയുഗത്തെ മാത്രമേ പ്രതിനിധാനം ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. യേശു ഒരു പുതിയ വേല ചെയ്യാൻ, ഒരു പുതിയ യുഗം ആരംഭിക്കാൻ, ഇസ്രായേലില്‍ മുമ്പു ചെയ്യപ്പെട്ട വേലയിൽനിന്നു മുന്നേറാൻ, ഇസ്രയേലില്‍ യഹോവ ചെയ്ത വേലയ്ക്കനുസരിച്ചല്ലാതെ, അല്ലെങ്കില്‍ അവന്റെ പഴയ നിയമങ്ങള്‍ക്കനുസരിച്ചല്ലാതെ, അല്ലെങ്കില്‍ ഒരു നിയന്ത്രണങ്ങള്‍ക്കും അനുസരിച്ചല്ലാതെ, അവന്‍ ചെയ്യേണ്ടതായിട്ടുള്ള പ്രവൃത്തി ചെയ്യുവാനായി വന്നിരുന്നെങ്കില്‍ മാത്രമേ ഒരു പുതിയ യുഗം ഉണ്ടായിക്കാണുകയുള്ളൂ. ഒരു യുഗം ആരംഭിക്കുവാനായി ദൈവം തന്നെയായവന്‍ വരുന്നു. ഒരു യുഗത്തിന് അന്ത്യം കുറിക്കുവാനും ദൈവം തന്നെയായവന്‍ വരുന്നു. യുഗം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ പ്രവൃത്തി ചെയ്യുവാന്‍ മനുഷ്യനു സാധിക്കില്ല. യേശു വന്നതിനു ശേഷം യഹോവയുടെ വേലയ്ക്ക് അവന്‍ അന്ത്യം കുറിച്ചില്ലായിരുന്നുവെങ്കില്‍, അവന്‍ വെറുമൊരു മനുഷ്യനായിരുന്നു എന്നതിനും ദൈവത്തെ പ്രതിനിധാനം ചെയ്യുക അവന് അസാധ്യമായിരുന്നു എന്നതിനും തെളിവാകുമായിരുന്നു അത്. കൃത്യമായും യേശു വരുകയും യഹോവയുടെ വേല അവസാനിപ്പിക്കുകയും യഹോവയുടെ വേല തുടരുകയും, അതിലുപരി സ്വന്തം വേല, ഒരു പുതിയ വേല ചെയ്യുകയും ചെയ്തതുകൊണ്ടാണ് ഇതൊരു പുതിയ യുഗമാണെന്നും യേശു ദൈവം തന്നെയാണെന്നും വെളിപ്പെടുന്നത്. അവര്‍ പ്രവൃത്തിയുടെ രണ്ടു വ്യത്യസ്ത ഘട്ടങ്ങളാണു നടപ്പിലാക്കിയത്. ഒരു ഘട്ടം ദേവാലയത്തിലാണു നിര്‍വഹിക്കപ്പെട്ടത്. ഇനിയൊരു ഘട്ടമോ, ദേവാലയത്തിനു പുറത്തും. ഒരു ഘട്ടം മനുഷ്യനെ നിയമത്തിനനുസരിച്ചു നയിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു. ഇനിയൊരു ഘട്ടമോ, പാപപരിഹാരബലിയായി സ്വയം സമര്‍പ്പിക്കുവാനുള്ളതും. വേലയുടെ ഈ രണ്ടു ഘട്ടങ്ങളും പ്രകടമായിത്തന്നെ വ്യത്യസ്തങ്ങളായിരുന്നു. ഇതു പുതിയ യുഗത്തെ പഴയ യുഗത്തില്‍ നിന്നു വേര്‍തിരിക്കുന്നു. അവ രണ്ടു വ്യത്യസ്തയുഗങ്ങളാണെന്നു പറയുന്നത് വളരെ ശരിയാണ്. അവരുടെ വേല നിര്‍വഹിക്കപ്പെട്ട സ്ഥലങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. അവരുടെ വേലയുടെ ഉള്ളടക്കവും വ്യത്യസ്തങ്ങളായിരുന്നു. അവരുടെ വേലയുടെ ഉദ്ദേശ്യവും വ്യത്യസ്തമായിരുന്നു. അവയെ രണ്ടു യുഗങ്ങളായി തരം തിരിക്കാം: പുതിയ നിയമവും പഴയ നിയമവും. എന്നു പറഞ്ഞാല്‍, പുതിയ യുഗവും പഴയ യുഗവും. യേശു വന്നപ്പോള്‍ അവന്‍ ദേവാലയത്തിലേക്കു പോയില്ല. യഹോവയുടെ യുഗം അവസാനിച്ചു എന്നാണ് അതു സൂചിപ്പിക്കുന്നത്. അവന്‍ ദേവാലയത്തിലേക്കു പ്രവേശിക്കാതിരുന്നത് ദേവാലയത്തിലെ യഹോവയുടെ പ്രവൃത്തി അവസാനിച്ചതു കൊണ്ടാണ്. അത് വീണ്ടും ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല, ആ പ്രവൃത്തി വീണ്ടും ചെയ്യുന്നത് അത് ആവര്‍ത്തിക്കലാകും. ദേവാലയം വിട്ടു പോയി, ഒരു പുതിയ വേല ആരംഭിച്ച്, ദേവാലയത്തിനു പുറത്ത് ഒരു പുതിയ പാത തുറന്നുകൊണ്ടു മാത്രമേ ദൈവത്തിന്റെ പ്രവൃത്തിയെ അതിന്റെ ഔന്നത്യത്തിലെത്തിക്കാന്‍ അവനു സാധിച്ചുള്ളൂ. അവന്‍ തന്‍റെ വേല ചെയ്യാൻ ദേവാലയത്തിനു പുറത്തു പോയില്ലായിരുന്നെങ്കില്‍ ദൈവത്തിന്റെ വേല ദേവാലയത്തിന്റെ അടിത്തറകളിന്മേല്‍ നിലച്ചുപോകുമായിരുന്നു. പിന്നെയൊരിക്കലും പുതിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. അതുകൊണ്ട്, യേശു വന്നപ്പോള്‍ അവന്‍ ദേവാലയത്തിനകത്തേക്കു പ്രവേശിച്ചില്ല. ദേവാലയത്തില്‍ തന്‍റെ വേല ചെയ്തതുമില്ല. ദേവാലയത്തിനു പുറത്താണ് അവന്‍ തന്റെ വേല ചെയ്തത്. ശിഷ്യരെ നയിച്ചുകൊണ്ട് അവന്‍ സ്വതന്ത്രമായി തന്റെ വേല ചെയ്തു മുന്നോട്ടുപോയി. സ്വന്തം വേല ചെയ്യാൻ ദൈവം ദേവാലയത്തില്‍ നിന്നു പോയത് അര്‍ഥമാക്കുന്നത്, ദൈവത്തിന് ഒരു പുതിയ പദ്ധതി ഉണ്ടായിരുന്നു എന്നാണ്. അവന്റെ വേല ദേവാലയത്തിനു പുറത്തു ചെയ്യേണ്ട വേലയായിരുന്നു. നിയന്ത്രണങ്ങളില്ലാത്ത രീതിയില്‍ നടപ്പിലാക്കേണ്ട പുതിയ വേലയായിരുന്നു അത്. യേശു വന്ന ഉടനെ, പഴയനിയമകാലത്തിലെ യഹോവയുടെ വേലയ്ക്ക് അവനൊരു അവസാനം കൊണ്ടുവന്നു. അവര്‍ രണ്ടു വ്യത്യസ്ത നാമങ്ങളിലാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഒരേ ആത്മാവാണ് വേലയുടെ ഈ രണ്ടു ഘട്ടങ്ങളും പൂര്‍ത്തിയാക്കിയത്. ചെയ്യപ്പെട്ട വേല തുടര്‍ച്ചയായതുമായിരുന്നു. നാമങ്ങള്‍ വ്യത്യസ്തമായിരുന്നതുകൊണ്ടും വേലയുടെ ഉള്ളടക്കം വ്യത്യസ്തമായിരുന്നതുകൊണ്ടും യുഗങ്ങളും വ്യത്യസ്തങ്ങളായിരുന്നു. യഹോവ വന്നപ്പോള്‍ അതു യഹോവയുടെ യുഗമായിരുന്നു. യേശു വന്നപ്പോഴോ, അതു യേശുവിന്റെ യുഗവും. അതുകൊണ്ട്, ഓരോ വരവിലും ദൈവം ഓരോ പ്രത്യേക നാമത്തില്‍ അറിയപ്പെടുന്നു, ഒരോ പ്രത്യേക യുഗത്തെ പ്രതിനിധാനം ചെയ്യുന്നു, ഓരോ പുതിയ പാത തുറക്കുന്നു. ഓരോ പാതയിലും അവനൊരു പുതിയ നാമം സ്വീകരിക്കുന്നു. ദൈവം എപ്പോഴും പുതിയവനാണെന്നും ഒരിക്കലും പഴയവനല്ലെന്നും അവന്റെ വേലയുടെ മുന്നോട്ടുള്ള പുരോഗമനം ഒരിക്കലും നിലയ്ക്കുന്നില്ലെന്നും ഇതു സൂചിപ്പിക്കുന്നു. ചരിത്രം എപ്പോഴും മുന്നോട്ടാണു ചലിക്കുന്നത്. ദൈവത്തിന്റെ വേലയും എപ്പോഴും മുന്നോട്ടാണു ചലിക്കുന്നത്. അവന്റെ ആറായിരം വര്‍ഷത്തെ കാര്യനിര്‍വഹണപദ്ധതി അവസാനിക്കുവാന്‍ അതു മുന്നോട്ടുതന്നെ പോകണം. ഓരോ ദിവസവും അവന്‍ പുതിയ വേല ചെയ്യണം, ഓരോ വര്‍ഷവും അവന്‍ പുതിയ വേല ചെയ്യണം, അവന്‍ പുതിയ പാതകള്‍ തുറക്കണം, പുതിയ യുഗങ്ങള്‍ ആരംഭിക്കണം, പുതിയതും കൂടുതല്‍ മഹത്തരവുമായ വേല ആരംഭിക്കണം. ഇവയോടൊപ്പം പുതിയ നാമങ്ങളും പുതിയ വേലയും കൊണ്ടുവരണം. ഓരോ നിമിഷവും ദൈവത്തിന്റെ ആത്മാവ് പുതിയ വേല ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരിക്കലും പഴയ വഴികളെയും ചട്ടങ്ങളെയും അതു മുറുകെപ്പിടിക്കുന്നില്ല. അവന്റെ വേല ഒരിക്കലും അവസാനിച്ചിട്ടുമില്ല. ഓരോ നിമിഷവും അതു തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പരിശുദ്ധാത്മാവിന്റെ വേല മാറ്റമില്ലാത്തതാണെന്നു നിങ്ങള്‍ പറയുകയാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ദേവാലയത്തില്‍ തന്നെ സേവിക്കുവാന്‍ യഹോവ പുരോഹിതന്മാരോട് ആവശ്യപ്പെട്ടത്? യേശു വന്നപ്പോള്‍ അവന്‍ മഹാപുരോഹിതനാണെന്നും ദാവീദിന്റെ വംശത്തി ല്‍പ്പെട്ടവനാണെന്നും മഹാനായ രാജാവാണെന്നും ജനങ്ങള്‍ പറഞ്ഞിട്ടുപോലും അവന്‍ ദേവാലത്തിലേക്കു പ്രവേശിക്കാതിരുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് അവന്‍ ബലികളര്‍പ്പിക്കാതിരുന്നത്? ദേവാലയത്തില്‍ പ്രവേശിക്കുന്നതും പ്രവേശിക്കാതിരിക്കുന്നതും—ഇതെല്ലാം ദൈവത്തിന്റെ തന്നെ പ്രവൃത്തിയല്ലേ? മനുഷ്യന്‍ സങ്കല്പിക്കുന്നതുപോലെ യേശു വീണ്ടും വരുകയും അന്ത്യനാളുകളില്‍ യേശു എന്നുതന്നെ വിളിക്കപ്പെടുകയും വെണ്‍മേഘത്തില്‍ യേശുവിന്റെ തന്നെ രൂപത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഇറങ്ങിവരികയും ചെയ്താല്‍ അത് അവന്റെ വേലയുടെ ആവര്‍ത്തനമാകില്ലേ? പഴയതിനെത്തന്നെ മുറുകെപ്പിടിക്കാന്‍ പരിശുദ്ധാത്മാവിനു സാധിക്കുമോ? മനുഷ്യന്‍ വിശ്വസിക്കുന്നതെല്ലാം ധാരണകളാണ്, മനുഷ്യന്‍ എല്ലാം മനസ്സിലാക്കുന്നത് അക്ഷരാര്‍ഥത്തിലും അവന്റെ സങ്കല്പങ്ങള്‍ക്കനുസരിച്ചുമാണ്; അവ പരിശുദ്ധാത്മാവിന്റെ വേലയുടെ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്, ദൈവത്തിന്റെ ഉദ്ദേശ്യങ്ങളോടു യോജിച്ചു പോകുന്നുമില്ല. ദൈവം അത്രയും വിഡ്ഢിയും മണ്ടനുമല്ല, അവന്റെ പ്രവൃത്തി നീ കരുതുന്നതുപോലെ അത്ര ലളിതവുമല്ല. മനുഷ്യന്‍ കരുതുന്നതു പോലെയെല്ലാമാണെങ്കില്‍ യേശു ഒരു വെണ്‍മേഘത്തിലേറി വരികയും നിങ്ങളുടെ മധ്യേ ഇറങ്ങുകയും ചെയ്യും. നിങ്ങള്‍ അവനെ ദര്‍ശിക്കുകയും വെൺമേഘത്തിലിരുന്നുകൊണ്ട് താന്‍ യേശുവാണെന്ന് അവന്‍ നിങ്ങളോടു പറയുകയും ചെയ്യും. അവന്റെ കൈകളിലെ ആണിപ്പഴുതുകള്‍ നിങ്ങള്‍ കാണുകയും അവന്‍ യേശുവാണെന്നു നിങ്ങള്‍ അറിയുകയും ചെയ്യും. അവന്‍ നിങ്ങളെ വീണ്ടും രക്ഷിക്കുകയും, വീണ്ടും നിങ്ങളുടെ ശക്തനായ ദൈവമായിരിക്കുകയും ചെയ്യും. അവന്‍ നിങ്ങളെ രക്ഷിച്ച്, നിങ്ങള്‍ക്കൊരു പുതിയ നാമമേകി, നിങ്ങല്‍ക്കോരോരുത്തര്‍ക്കും ഓരോ വെള്ളക്കല്ലു നല്‍കി നിങ്ങളെ സ്വര്‍ഗരാജ്യത്തിലേക്ക് പ്രവേശിക്കാനും പറുദീസയിലേക്ക് ആനയിക്കപ്പെടാനും അനുവദിക്കുകയും ചെയ്യും. അത്തരത്തിലുള്ള വിശ്വാസങ്ങളൊക്കെ മനുഷ്യന്റെ തെറ്റായ ധാരണകളല്ലേ? ദൈവം മനുഷ്യന്റെ ധാരണകള്‍ക്കനുസരിച്ചാണോ, അതോ അതിനെതിരായാണോ പ്രവര്‍ത്തിക്കുന്നത്? മനുഷ്യന്റെ തെറ്റായ ധാരണകളൊക്കെ സാത്താനില്‍ നിന്നു വരുന്നതല്ലേ? എല്ലാ മനുഷ്യരും സാത്താനാല്‍ ദുഷിക്കപ്പെട്ടിരിക്കുകയല്ലേ? മനുഷ്യരുടെ ധാരണകള്‍ക്കനുസരിച്ചാണു ദൈവം തന്റെ പ്രവൃത്തികള്‍ ചെയ്തിരുന്നതെങ്കില്‍ അവന്‍ അപ്പോൾ സാത്താനായിത്തീരില്ലേ? അവൻ സ്വന്തം സൃഷ്ടികളെപ്പോലെത്തന്നെ ആയിത്തീരില്ലേ? ഇപ്പോള്‍ അവന്റെ സൃഷ്ടികള്‍ സാത്താനാല്‍ വളരെയധികം ദുഷിക്കപ്പെട്ടിരിക്കുന്നതുകൊണ്ട്, മനുഷ്യന്‍ സാത്താന്റെ പ്രതിരൂപമായി മാറിക്കഴിഞ്ഞതുകൊണ്ട്, സാത്താന്റെ കാര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുവാനാണെങ്കില്‍ അവന്‍ സാത്താന്റെ കൂട്ടത്തില്‍ ആയിരിക്കില്ലേ? എങ്ങനെയാണു മനുഷ്യന് ദൈവത്തിന്റെ പ്രവൃത്തികള്‍ ഗ്രഹിക്കാന്‍ സാധിക്കുക? അതുകൊണ്ട്, ദൈവം ഒരിക്കലും മനുഷ്യന്റെ ധാരണകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കില്ല. നീ സങ്കല്പിക്കുന്ന രീതിയിലും പ്രവര്‍ത്തിക്കില്ല. ദൈവം വെണ്‍മേഘത്തിലേറി വരുമെന്ന് അവന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നു പറയുന്നവരുണ്ട്. ദൈവം തന്നെ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നുള്ളതു സത്യമാണ്. പക്ഷേ, ഒരു മനുഷ്യനും ദൈവത്തിന്റെ നിഗൂഢതകള്‍ മനസ്സിലാക്കുവാന്‍ കഴിയില്ല എന്നതു നിനക്കറിയില്ലേ? ഒരു മനുഷ്യനും ദൈവത്തിന്റെ വചനങ്ങള്‍ വിശദീകരിക്കുവാന്‍ കഴിയില്ല എന്നതും നിനക്കറിയില്ലേ? നീ പരിശുദ്ധാത്മാവിനാല്‍ പ്രബുദ്ധനാക്കപ്പെടുകയും പ്രകാശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് യാതൊരു സംശയവുമില്ലാതെ ഉറപ്പിച്ച് പറയാൻ നിനക്ക് സാധിക്കുമോ? തീര്‍ച്ചയായും, അതു പരിശുദ്ധാത്മാവ് നിനക്ക് നേരിട്ടു കാണിച്ചുതന്നതായിരിക്കില്ലല്ലോ? നിന്നെ അത് പരിശുദ്ധാത്മാവ് പഠിപ്പിച്ചതാണോ അതോ നിന്‍റെ സ്വന്തം തെറ്റായ ധാരണകള്‍ നിന്നെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതോ? നീ പറഞ്ഞു, “ഇതു ദൈവം തന്നെയാണു പറഞ്ഞത്.” പക്ഷേ, നമ്മുടെ ധാരണകളെയും മനസ്സിനേയും ദൈവത്തിന്റെ വാക്കുകളെ അളക്കുവാനായി നമുക്ക് ഉപയോഗിക്കാൻ സാധിക്കില്ല. യെശയ്യാ പറഞ്ഞ വാക്കുകളാണെങ്കില്‍, നിനക്ക് അത്രയും ഉറപ്പോടെ അവന്റെ വാക്കുകള്‍ വിശദീകരിക്കുവാന്‍ സാധിക്കുമോ? അവന്റെ വാക്കുകള്‍ വിശദീകരിക്കുവാന്‍ നിനക്ക് ധൈര്യമുണ്ടോ? യെശയ്യാവിന്‍റെ വാക്കുകള്‍ വിശദീകരിക്കാന്‍ നീ ധൈര്യപ്പെടുന്നില്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് നീ യേശുവിന്റെ വാക്കുകള്‍ വിശദീകരിക്കാന്‍ ധൈര്യപ്പെടുന്നത്? ആരാണ് കൂടുതല്‍ ഉന്നതന്‍? യെശയ്യാവോ യേശുവോ? യേശു എന്നതാണ് ഉത്തരം എന്നുള്ളതുകൊണ്ട്, എന്തുകൊണ്ടാണ് നീ യേശുപറഞ്ഞ വാക്കുകള്‍ വിശദീകരിക്കുന്നത്? ദൈവം തന്റെ പ്രവൃത്തിയെപ്പറ്റി നിന്നോട് മുന്‍കൂട്ടി പറയുമോ? ഒരൊറ്റ സൃഷ്ടിക്കുപോലും അതറിയുവാന്‍ സാധിക്കില്ല. സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കും മനുഷ്യപുത്രനുപോലും അതറിയുവാന്‍ സാധിക്കില്ല. പിന്നെ എങ്ങനെയാണ് നീ അറിയുന്നത്? മനുഷ്യന്‍ തീരെ അപര്യാപ്തനാണ്. വേലയുടെ മൂന്നു ഘട്ടങ്ങള്‍ അറിയുക എന്നതാണ് ഇപ്പോള്‍ നിങ്ങള്‍ക്കു പ്രധാനമായിട്ടുള്ളത്. യഹോവയുടെ വേല മുതല്‍ യേശുവിന്റെ വേല വരെ, യേശുവിന്റെ വേല മുതല്‍ ഇപ്പോഴത്തെ ഘട്ടം വരെ, ഈ മൂന്നു ഘട്ടങ്ങളും ദൈവത്തിന്റെ കാര്യനിര്‍വഹണ പ്രവൃത്തിയെ ആകെ ഒരൊറ്റ ചരടിന്‍റെ തുടർച്ചയിൽ ഉള്‍ക്കൊള്ളുന്നു. അവയെല്ലാം ആത്മാവിന്റെ പ്രവൃത്തിയാണ്. ലോകസൃഷ്ടിമുതല്‍ ദൈവം എല്ലായ്പ്പോഴും മനുഷ്യ വര്‍ഗത്തെ നിയന്ത്രിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അവനാണ് തുടക്കവും ഒടുക്കവും, അവനാണ് ആദിയും അന്തവും, അവനാണ് ഒരു യുഗത്തിന് ആരംഭം കുറിക്കുന്നതും ആ യുഗത്തെ അവസാനത്തിലേക്കു കൊണ്ടുവരുന്നതും. വ്യത്യസ്തയുഗങ്ങളില്‍ വ്യത്യസ്ത സ്ഥലങ്ങളിലായുള്ള പ്രവൃത്തിയുടെ മൂന്നു ഘട്ടങ്ങള്‍ തീര്‍ച്ചയായും ഒരേ ആത്മാവിന്റെ പ്രവൃത്തിയാണ്. ഈ മൂന്നു ഘട്ടങ്ങളെയും വേറിട്ടുകാണുന്ന എല്ലാവരും ദൈവത്തെ എതിര്‍ക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത്, ആദ്യഘട്ടം മുതല്‍ ഇന്നുവരെയുള്ള എല്ലാ പ്രവൃത്തിയും ഒരൊറ്റ ദൈവത്തിന്റെ, ഒരൊറ്റ ആത്മാവിന്റെ പ്രവൃത്തിയാണെന്നു മനസ്സിലാക്കുകയാണ്. ഇതിനെപ്പറ്റി ഒരു സംശയവും ഉണ്ടാകുവാന്‍ പാടില്ല.

മുമ്പത്തേത്: ദൈവത്തിന്റെ പ്രവൃത്തിയുടെ ദർശനം (2)

അടുത്തത്: ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (1)

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക