ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (1)

കൃപായുഗത്തില്‍ യോഹന്നാന്‍ യേശുവിനായി വഴിയൊരുക്കി. യോഹന്നാനു ദൈവത്തിന്റെ പ്രവൃത്തി ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ല. മനുഷ്യന്റെ കടമ നിര്‍വഹിക്കുക മാത്രമായിരുന്നു അവന്‍ ചെയ്തത്. യോഹന്നാന്‍ കര്‍ത്താവിനു മുമ്പേ നടന്നവന്‍ ആയിരുന്നെങ്കിലും അവനു ദൈവത്തെ പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ല. പരിശുദ്ധാത്മാവ് ഉപയോഗിച്ച ഒരു മനുഷ്യന്‍ മാത്രമായിരുന്നു അവന്‍. യേശു സ്നാപനപ്പെട്ടതിനു ശേഷം പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തിൽ അവന്റെ മേല്‍ ഇറങ്ങിവന്നു. അതിനു ശേഷം അവന്‍ തന്റെ പ്രവൃത്തി ചെയ്യുവാന്‍ ആരംഭിച്ചു. അതായത്, അവന്‍ ക്രിസ്തുവിന്റെ ശുശ്രൂഷ ചെയ്യുവാന്‍ ആരംഭിച്ചു. അതുകൊണ്ടാണ് അവന്‍ ദൈവത്തിന്റെ സ്വത്വം സ്വീകരിച്ചത്. കാരണം അവന്‍ വന്നതു ദൈവത്തില്‍ നിന്നായിരുന്നു. മുമ്പ് അവന്റെ വിശ്വാസം എങ്ങനെയുള്ളതായിരുന്നുവെങ്കിലും—അതു പലപ്പോഴും ബലഹീനമായിരുന്നിരിക്കാം, അല്ലെങ്കില്‍ കരുത്തുറ്റതായിരുന്നിരിക്കാം—അതെല്ലാം അവന്‍ തന്റെ ശുശ്രൂഷയിലേര്‍പ്പെടുന്നതിനു മുമ്പു നയിച്ച സാധാരണ മനുഷ്യജീവിതത്തിന്റേതായിരുന്നു. അവന്‍ സ്നാപനപ്പെട്ടതിനു ശേഷം (അതായത്, അഭിഷേകം ചെയ്യപ്പെട്ടതിനു ശേഷം), ദൈവത്തിന്റെ ശക്തിയും മഹത്ത്വവും പെട്ടെന്ന് അവനു ലഭിച്ചു. അതുകൊണ്ട് അവന്‍ തന്റെ ശുശ്രൂഷ ആരംഭിച്ചു. അവന് അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുവാനും വിസ്മയജനകമായ കാര്യങ്ങൾ കാണിക്കുവാനും സാധിച്ചു. അവനു ശക്തിയും അധികാരവും ഉണ്ടായിരുന്നു. കാരണം, അവന്‍ നേരിട്ടു ദൈവത്തിനു വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അവന്‍ ആത്മാവിന്റെ സ്ഥാനത്തുനിന്ന് പ്രവൃത്തി ചെയ്യുകയും ആത്മാവിന്റെ സ്വരം കേൾപ്പിക്കുകയുമായിരുന്നു. അതിനാല്‍, അവന്‍ ദൈവം തന്നെയായിരുന്നു. ഇതു തര്‍ക്കമറ്റതാണ്. എന്നാല്‍ പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെട്ട ഒരുവനായിരുന്നു യോഹന്നാന്‍. അവനു ദൈവത്തെ പ്രതിനിധാനം ചെയ്യുവാന്‍ കഴിഞ്ഞില്ല. ദൈവത്തെ പ്രതിനിധാനം ചെയ്യുക എന്നത് അവന് അസാധ്യവുമായിരുന്നു. അവനതു ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ത്തന്നെയും പരിശുദ്ധാത്മാവ് അത് അനുവദിക്കുമായിരുന്നില്ല. കാരണം, ദൈവം സ്വയം പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിച്ച പ്രവൃത്തി ചെയ്യുവാന്‍ അവനു സാധിക്കുമായിരുന്നില്ല. ഒരുപക്ഷേ, അവനില്‍ മനുഷ്യന്റേതായ ഇംഗിതം കൂടുതലായിരുന്നിരിക്കാം. അല്ലെങ്കില്‍ അവനില്‍ അപഭ്രംശത്തിന്റേതായ എന്തെങ്കിലുമൊരു ഘടകം ഉണ്ടായിരുന്നിരിക്കാം. ഒരു സാഹചര്യത്തിലും അവനു ദൈവത്തെ നേരിട്ടു പ്രതിനിധാനം ചെയ്യുവാന്‍ സാധിച്ചില്ല. അവന്റെ പിഴവുകളും തെറ്റുകള്‍ ചെയ്യുവാനുള്ള പ്രവണതയും അവനെ മാത്രമാണു പ്രതിനിധാനം ചെയ്തത്. പക്ഷേ അവന്റെ പ്രവൃത്തി പരിശുദ്ധാത്മാവിനെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു. എന്നിരുന്നാലും അവന്റേതായ എല്ലാം ദൈവത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു എന്നു നിങ്ങള്‍ക്കു പറയുവാന്‍ സാധിക്കില്ല. അവന്റെ അപഭ്രംശവും തെറ്റുകള്‍ ചെയ്യുവാനുള്ള പ്രവണതയും ദൈവത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നോ? മനുഷ്യനെ പ്രതിനിധാനം ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കുക സാധാരണമാണ്. പക്ഷേ, ദൈവത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ ഒരുവന് അപഭ്രംശം സംഭവിക്കുന്നെങ്കില്‍ അതു ദൈവത്തെ അവമതിക്കലാകില്ലേ? അതു പരിശുദ്ധാത്മാവിന് എതിരായ ദൈവദൂഷണമാകില്ലേ? ഒരുവന്‍ മറ്റുള്ളവരാല്‍ ഉന്നതനായി കണക്കാക്കപ്പെടുന്നവന്‍ ആണെങ്കില്‍ കൂടിയും പരിശുദ്ധാത്മാവ് വെറുതെ അവനെ ദൈവത്തിന്റെ സ്ഥാനത്തു നില്‍ക്കുവാന്‍ അനുവദിക്കുന്നില്ല. അവന്‍ ദൈവമല്ലെങ്കില്‍ അവസാനം അവന് ഉറച്ചുനില്‍ക്കാന്‍ സാധിക്കുകയില്ല. മനുഷ്യനു തോന്നുന്നതുപോലെ ദൈവത്തെ പ്രതിനിധാനം ചെയ്യുവാന്‍ പരിശുദ്ധാത്മാവ് അവനെ അനുവദിക്കുന്നില്ല! ഉദാഹരണത്തിന്, പരിശുദ്ധാത്മാവായിരുന്നു യോഹന്നാനു സാക്ഷ്യം വഹിച്ചത്. യേശുവിനു വഴിയൊരുക്കാന്‍ വന്നവനാണ് അവന്‍ എന്നു വെളിപ്പെടുത്തിയതും പരിശുദ്ധാത്മാവായിരുന്നു. പക്ഷേ, പരിശുദ്ധാത്മാവ് അവന്റെ മേല്‍ ചെയ്ത പ്രവൃത്തി കൃത്യമായി അളന്നു തിട്ടപ്പെടുത്തിയതായിരുന്നു. യോഹന്നാനോട് ആകെ ആവശ്യപ്പെട്ടത് യേശുവിനു വഴി ഒരുക്കുന്നവന്‍ ആകുവാന്‍ മാത്രമായിരുന്നു, അവന്റെ പാത നേരെയാക്കുവാൻ മാത്രമായിരുന്നു. എന്നു പറഞ്ഞാല്‍, അവന്റെ വഴിയൊരുക്കുന്ന വേലയെ മാത്രമേ പരിശുദ്ധാത്മാവു പിന്തുണച്ചുള്ളൂ, അത്തരത്തിലുള്ള പ്രവൃത്തി ചെയ്യുവാന്‍ മാത്രമേ അവനെ അനുവദിച്ചുള്ളൂ—മറ്റൊരു വേലയും ചെയ്യുവാന്‍ അവന് അനുവാദമുണ്ടായിരുന്നില്ല. യോഹന്നാന്‍ ഏലിയായെ പ്രതിനിധാനം ചെയ്തു, വഴിയൊരുക്കിയ പ്രവാചകനെ അവന്‍ പ്രതിനിധാനം ചെയ്തു. അതിനു പരിശുദ്ധാത്മാവ് അവനെ പിന്തുണച്ചു. അവന്റെ വേല വഴിയൊരുക്കുക എന്നതായിരുന്നിടത്തോളം പരിശുദ്ധാത്മാവ് അവനെ പിന്തുണച്ചു. എന്നിരുന്നാലും സ്വയം ദൈവമാണ് എന്നവന്‍ അവകാശപ്പെട്ടിരുന്നെങ്കില്‍, വീണ്ടെടുപ്പിന്റെ പ്രവൃത്തി പൂർത്തീകരിക്കുവാനാണു താന്‍ വന്നിരിക്കുന്നത് എന്നു പറഞ്ഞിരുന്നെങ്കില്‍ പരിശുദ്ധാത്മാവിന് അവനു ശിക്ഷണം നല്‍കേണ്ടതായിവരുമായിരുന്നു. യോഹന്നാന്റെ വേല എത്ര തന്നെ മഹത്തരമായിരുന്നുവെങ്കിലും, അതിനെ പരിശുദ്ധാത്മാവ് പിന്തുണച്ചിരുന്നുവെങ്കിലും, ആ വേല പരിധികളില്ലാത്ത ഒന്നായിരുന്നില്ല. പരിശുദ്ധാത്മാവ് തീര്‍ച്ചയായും അവന്റെ പ്രവൃത്തിയെ പിന്തുണച്ചിരുന്നു എങ്കിലും ആ സമയത്ത് അവനു നല്‍കപ്പെട്ട ശക്തി വഴിയൊരുക്കുന്നതില്‍ പരിമിതപ്പെട്ടിരുന്നു. അവനു മറ്റൊരു വേലയും ചെയ്യുവാനേ കഴിയുമായിരുന്നില്ല. കാരണം, അവന്‍ വഴിയൊരുക്കിയ യോഹന്നാന്‍ മാത്രമായിരുന്നു, യേശുവായിരുന്നില്ല. അതുകൊണ്ട്, പരിശുദ്ധാത്മാവിന്റെ സാക്ഷ്യം പ്രധാനമാണ്. പക്ഷേ പരിശുദ്ധാത്മാവ് മനുഷ്യനെ ചെയ്യാന്‍ അനുവദിക്കുന്ന പ്രവൃത്തി അതിലും പ്രധാനമാണ്. യോഹന്നാന് ആ സമയത്ത് മുഴങ്ങുന്ന ഒരു സാക്ഷ്യം നല്‍കപ്പെട്ടില്ലേ? അവന്റെ വേലയും മഹത്തരമായിരുന്നില്ലേ? പക്ഷേ അവന്‍ ചെയ്ത വേലയ്ക്ക് യേശുവിന്റേതിനെ കടത്തിവെട്ടുവാന്‍ സാധിച്ചില്ല. കാരണം അവന്‍ പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെട്ട ഒരു മനുഷ്യനല്ലാതെ മറ്റൊന്നും ആയിരുന്നില്ല. അവനു ദൈവത്തെ നേരിട്ടു പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട്, അവന്‍ ചെയ്ത പ്രവൃത്തി പരിമിതമായിരുന്നു. അവന്‍ തന്റെ വഴിയൊരുക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കിയതിനു ശേഷം പരിശുദ്ധാത്മാവ് അവനു സാക്ഷ്യം നല്‍കിയില്ല. അവനു ചെയ്യുവാന്‍ പുതിയ പ്രവൃത്തിയൊന്നും ഉണ്ടായിരുന്നില്ല. ദൈവത്തിന്റെ തന്നെ പ്രവൃത്തി ആരംഭിച്ചപ്പോള്‍ അവന്‍ പിന്‍വാങ്ങി.

ദുഷ്ടാത്മാക്കള്‍ ബാധിച്ച് “ഞാന്‍ ദൈവമാണ്!” എന്ന് ഉറക്കെ വിളിച്ചുപറയുന്ന ചിലരുണ്ട്. എന്നാല്‍ അവസാനം അവരുടെ യാഥാര്‍ഥ്യം വെളിപ്പെടുന്നു. കാരണം അവര്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നുവോ അതില്‍ അവര്‍ക്കു തെറ്റു സംഭവിച്ചിരിക്കുന്നു. അവര്‍ സാത്താനെ പ്രതിനിധാനം ചെയ്യുന്നു. പരിശുദ്ധാത്മാവ് അവരെ ചെവിക്കൊള്ളുന്നില്ല. നീ സ്വയം എത്ര ഉയര്‍ത്തിയാലും എത്ര ശക്തമായി വിളിച്ചുപറഞ്ഞാലും നീ അപ്പോഴും സൃഷ്ടിക്കപ്പെട്ട ഒന്നാണ്, സാത്താനു സ്വന്തമായവനാണ്. ഞാന്‍ ഒരിക്കലും “ഞാന്‍ ദൈവമാണ്, ഞാൻ ദൈവത്തിന്റെ പ്രിയപുത്രനാണ്!” എന്നു വിളിച്ചു പറയുന്നില്ല. പക്ഷേ ഞാന്‍ ചെയ്യുന്ന പ്രവൃത്തി ദൈവത്തിന്റെ പ്രവൃത്തിയാണ്. ഞാന്‍ ബഹളം വയ്ക്കണോ? ഉയര്‍ത്തേണ്ട ഒരു കാര്യവുമില്ല. ദൈവം തന്റെ സ്വന്തം പ്രവൃത്തി സ്വയം ചെയ്യുന്നു, മനുഷ്യന്‍ അവന് ഒരു സ്ഥാനം നല്‍കുകയോ ബഹുമാന്യമായ ഒരു പദവിനാമം നല്‍കുകയോ ചെയ്യേണ്ടതില്ല: അവന്റെ പ്രവൃത്തി അവന്റെ സ്വത്വത്തെയും സ്ഥാനത്തെയും പ്രതിനിധാനം ചെയ്യുന്നു. സ്നാപനത്തിനു മുമ്പ് യേശു ദൈവം തന്നെയായിരുന്നില്ലേ? അവൻ ദൈവത്തിന്റെ മനുഷ്യാവതാരമായിരുന്നില്ലേ? വാസ്തവത്തിൽ, സാക്ഷ്യം ലഭിച്ചതിനു ശേഷം മാത്രമേ അവന്‍ ദൈവത്തിന്റെ ഏകപുത്രന്‍ ആയുള്ളൂ എന്നു പറയുവാന്‍ സാധിക്കുമോ? അവന്‍ തന്റെ പ്രവൃത്തി ആരംഭിക്കുന്നതിനു വളരെ മുമ്പുതന്നെ, യേശു എന്നു പേരായ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നില്ലേ? നിനക്ക് പുതിയ പാതകള്‍ തുറക്കുവാനോ ആത്മാവിനെ പ്രതിനിധാനം ചെയ്യുവാനോ സാധിക്കില്ല. ആത്മാവിന്റെ പ്രവൃത്തിയോ അവന്‍ അരുളിച്ചെയ്യുന്ന വചനങ്ങളോ പ്രകടമാക്കുവാന്‍ നിനക്ക് സാധിക്കില്ല. ദൈവത്തിന്റെ പ്രവൃത്തി ചെയ്യുവാന്‍ കഴിവില്ലാത്തവനാണ് നീ. ആത്മാവിന്റെ പ്രവൃത്തിയും നിനക്കു ചെയ്യുവാന്‍ സാധിക്കില്ല. ദൈവത്തിന്റെ ജ്ഞാനവും വിസ്മയനീയതയും അഗാധതയും, പിന്നെ ദൈവം മനുഷ്യനെ ശാസിക്കുന്ന അവന്റെ പ്രകൃതത്തിന്റെ പൂര്‍ണതയും—ഇതെല്ലാം നിങ്ങളുടെ പ്രകടമാക്കുവാനുള്ള കഴിവിലും അപ്പുറമാണ്. അതുകൊണ്ട്, ദൈവമാണെന്നു സ്വയം അവകാശപ്പെടുന്നത് വ്യര്‍ഥമാകും. നിങ്ങള്‍ക്കു നാമം മാത്രമേ ഉണ്ടാകുകയുള്ളൂ, സത്തയൊന്നുമുണ്ടാകില്ല. ദൈവംതന്നെ വന്നിരിക്കുന്നു. പക്ഷേ ആരും അവനെ തിരിച്ചറിയുന്നില്ല. എന്നിരുന്നാലും, അവന്‍ തന്റെ പ്രവൃത്തി ചെയ്യുന്നതു തുടരുന്നു. ആത്മാവിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് അവനതു ചെയ്യുന്നത്. അവനെ നീ മനുഷ്യനെന്നു വിളിച്ചാലും ദൈവമെന്നു വിളിച്ചാലും കര്‍ത്താവെന്നു വിളിച്ചാലും ക്രിസ്തുവെന്നു വിളിച്ചാലും അല്ലെങ്കില്‍ അവളെ സഹോദരി എന്നു വിളിച്ചാലും അതൊന്നും വിഷയമല്ല. പക്ഷേ അവന്‍ ചെയ്യുന്ന പ്രവൃത്തി ആത്മാവിന്റെ പ്രവൃത്തിയാണ്, ദൈവത്തിന്റെ തന്നെ പ്രവൃത്തിയെ പ്രതിനിധാനം ചെയ്യുന്നതാണ്. മനുഷ്യന്‍ അവനെ ഏതു പേരു വിളിക്കുന്നു എന്നത് അവനു വിഷയമല്ല. ആ പേരിന് അവന്റെ പ്രവൃത്തിയെ നിശ്ചയിക്കുവാന്‍ സാധിക്കുമോ? നീ അവനെ എന്തു പേരു വിളിച്ചാലും ദൈവത്തെ സംബന്ധിച്ചിടത്തോളം അവന്‍ ദൈവാത്മാവിന്റെ മനുഷ്യാവതാരമാണ്; അവന്‍ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു, ആത്മാവിനാല്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒരു പുതുയുഗത്തിനായി വഴിയൊരുക്കുവാന്‍ നിനക്കു സാധിക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ പഴയതിന് ഒരു അവസാനം കൊണ്ടുവരാന്‍, അല്ലെങ്കില്‍ ഒരു പുതുയുഗം തുടങ്ങാന്‍, അല്ലെങ്കില്‍ ഒരു പുതിയ പ്രവൃത്തി ചെയ്യുവാന്‍ നിനക്കു കഴിയുന്നില്ലെങ്കില്‍, നിന്നെ ദൈവം എന്നു വിളിക്കുവാന്‍ സാധിക്കില്ല!

പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെടുന്ന മനുഷ്യനുപോലും ദൈവത്തെ പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കില്ല. എന്നു പറഞ്ഞാല്‍, അങ്ങനെയുള്ള ഒരു മനുഷ്യനു ദൈവത്തെ പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കില്ല എന്നു മാത്രമല്ല, അവന്‍ ചെയ്യുന്ന പ്രവൃത്തിക്കും ദൈവത്തെ നേരിട്ടു പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മനുഷ്യന്റെ അനുഭവത്തെ നേരിട്ടു ദൈവത്തിന്റെ കാര്യനിർവഹണത്തിനുള്ളിൽ സ്ഥാപിക്കാനാവില്ല, അതിനു ദൈവത്തിന്റെ കാര്യനിർവഹണത്തെ പ്രതിനിധാനം ചെയ്യുവാനും സാധിക്കില്ല. ദൈവം തന്നെ ചെയ്യുന്ന പ്രവൃത്തി പൂര്‍ണമായും അവന്‍ തന്റെ സ്വന്തം കാര്യനിര്‍വഹണ പദ്ധതിയില്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ്, അതു മഹത്തായ കാര്യനിര്‍വഹണത്തെ സംബന്ധിച്ചതുമാണ്. മനുഷ്യന്‍ ചെയ്യുന്ന പ്രവൃത്തിയാകട്ടെ, തന്റെ വ്യക്തിപരമായ അനുഭവം പകർന്നുകൊടുക്കുന്നതാണ്. മുമ്പേ പോയവര്‍ നടന്നതില്‍ നിന്നും വ്യത്യസ്തമായ അനുഭവത്തിന്റെ ഒരു പാത കണ്ടെത്തുന്നതും പരിശുദ്ധാത്മാവിന്റെ മാര്‍ഗദര്‍ശനത്തിൻ കീഴില്‍ സ്വന്തം സഹോദരന്മാരെയും സഹോദരിമാരെയും നയിക്കുന്നതും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ മനുഷ്യര്‍ പ്രദാനം ചെയ്യുന്നത് സ്വന്തം വ്യക്തിപരമായ അനുഭവമോ അല്ലെങ്കില്‍ ആത്മീയരായ മനുഷ്യരുടെ ആത്മീയ എഴുത്തുകളെയോ ആണ്. ഈ ആളുകള്‍ പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അവര്‍ ചെയ്യുന്ന പ്രവൃത്തി ആറായിരംവര്‍ഷ പദ്ധതിയിലെ മഹത്തായ കാര്യനിര്‍വഹണ വേലയുമായി ബന്ധമൊന്നുമില്ലാത്തതാണ്. തങ്ങൾക്കു ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ അല്ലെങ്കില്‍ തങ്ങളുടെ ജീവിതം അവസാനിക്കുന്നതുവരെ മനുഷ്യരെ പരിശുദ്ധാത്മാവിന്റെ ഒഴുക്കിൽ നയിക്കുന്നതിനായി വ്യത്യസ്ത കാലഘട്ടങ്ങളില്‍ പരിശുദ്ധാത്മാവ് ഉയർത്തിക്കൊണ്ടുവന്നവർ മാത്രമാണ് അവര്‍. ദൈവം തന്നെയായവന് ഉചിതമായ പാതയൊരുക്കുക, അല്ലെങ്കില്‍ ഭൂമിയിലെ അവന്റെ കാര്യനിര്‍വഹണത്തിന്റെ ഒരു പ്രത്യേക ഭാഗം തുടര്‍ന്നുകൊണ്ടുപോകുക എന്നതുമാത്രമാണ് അവര്‍ ചെയ്യുന്ന പ്രവൃത്തി. ഈ ആളുകള്‍ക്ക് അവന്റെ കാര്യനിര്‍വഹണത്തിന്റെ കൂടുതല്‍ മഹത്തരമായ പ്രവൃത്തി സ്വയം നടപ്പിലാക്കുവാന്‍ സാധിക്കില്ല. പുതിയ പാതകള്‍ തുറക്കാനും അവര്‍ക്കു സാധിക്കില്ല. അത്ര പോലും, മുമ്പത്തെ യുഗത്തിലെ ദൈവത്തിന്റെ എല്ലാ പ്രവൃത്തികള്‍ക്കും ഒരു അവസാനം കൊണ്ടുവരുവാന്‍ അവരിലാര്‍ക്കും തന്നെ സാധിക്കില്ല. അതുകൊണ്ടുതന്നെ സൃഷ്ടിക്കപ്പെട്ട ഒന്ന് അതിന്റെ ധര്‍മം നിര്‍വഹിക്കുന്നതിനെ മാത്രമേ അവര്‍ ചെയ്യുന്ന പ്രവൃത്തി പ്രതിനിധാനം ചെയ്യുന്നുള്ളൂ. ദൈവം തന്നെയായവന്‍ തന്റെ ശുശ്രൂഷ ചെയ്യുന്നതിനെ അതിനു പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കില്ല. കാരണം, അവര്‍ ചെയ്യുന്ന പ്രവൃത്തി ദൈവം തന്നെ ചെയ്യുന്ന പ്രവൃത്തി പോലെയല്ല. ഒരു പുതിയ യുഗം ആരംഭിക്കുന്ന പ്രവൃത്തി മനുഷ്യനു ദൈവത്തിന്റെ സ്ഥാനത്തു നിന്നുകൊണ്ടു ചെയ്യുവാന്‍ സാധിക്കുന്ന ഒന്നല്ല. ദൈവത്തിനു തന്നെയല്ലാതെ മറ്റാര്‍ക്കും അതു ചെയ്യുവാന്‍ സാധിക്കില്ല. മനുഷ്യന്‍ ചെയ്യുന്ന എല്ലാ വേലയിലും ഉള്‍പ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിനാല്‍ സ്പര്‍ശിക്കപ്പെടുകയോ പ്രബുദ്ധനാക്കപ്പെടുകയോ ചെയ്യുമ്പോള്‍, സൃഷ്ടിക്കപ്പെട്ട ഒന്ന് എന്ന നിലയിലുള്ള സ്വന്തം കടമ നിര്‍വഹിക്കുന്നതാണ്. ഈ ആളുകള്‍ നല്‍കുന്ന മാര്‍ഗദര്‍ശനത്തില്‍ പൂര്‍ണമായും ഉള്‍പ്പെട്ടിരിക്കുന്നത് മനുഷ്യനു ദൈനംദിന ജീവിതത്തില്‍ പ്രവര്‍ത്തനത്തിന്റെ ഒരു പാതയും എങ്ങനെയാണ് അവന്‍ ദൈവത്തിന്റെ ഹിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കേണ്ടത് എന്നും കാണിച്ചു കൊടുക്കുന്നതാണ്. മനുഷ്യന്റെ വേലയില്‍ ദൈവത്തിന്റെ കാര്യനിര്‍വഹണം ഉള്‍ച്ചേര്‍ന്നിട്ടില്ല. അത് ആത്മാവിന്റെ പ്രവൃത്തിയെ പ്രതിനിധാനം ചെയ്യുന്നുമില്ല. ഉദാഹരണത്തിന് സാക്ഷി ലീയുടെയും കാവല്‍ക്കാരന്‍ നീയുടെയും പ്രവൃത്തി വഴിനയിക്കുക എന്നതായിരുന്നു. വഴി പുതിയതായാലും പഴയതായാലും ബൈബിളിനകത്തു തന്നെ നിലനില്‍ക്കുക എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ പ്രവൃത്തി. പ്രാദേശിക സഭ പുനഃസ്ഥാപിക്കുന്നതായാലും പണിതുയര്‍ത്തുന്നതായാലും അവരുടെ പ്രവൃത്തി സഭകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അവര്‍ ചെയ്ത പ്രവൃത്തി യേശുവും അപ്പോസ്തോലന്മാരും പൂര്‍ത്തിയാക്കാതെ അവശേഷിപ്പിച്ച, അല്ലെങ്കില്‍ കൃപായുഗത്തിൽ കൂടുതലായി പുരോഗതി പ്രാപിക്കാതിരുന്ന പ്രവൃത്തി തുടര്‍ന്നുകൊണ്ടുപോയി. അവരുടെ പ്രവൃത്തിയില്‍ അവര്‍ ചെയ്തത്, യേശു തന്റെ മുന്‍പ്രവൃത്തിയില്‍ തനിക്കു ശേഷം വരുന്ന തലമുറകളോട് ചെയ്യുവാനായി ആവശ്യപ്പെട്ടവ, അതായത് ശിരസ്സു മൂടുക, സ്നാപനം സ്വീകരിക്കുക, അപ്പം നുറുക്കുക, വീഞ്ഞു കുടിക്കുക തുടങ്ങിയവ പുനഃസ്ഥാപിക്കുക എന്നതായിരുന്നു. അവരുടെ പ്രവൃത്തി എന്നത് ബൈബിള്‍ അനുസരിക്കുക, ബൈബിളിനുള്ളിലെ മാര്‍ഗങ്ങള്‍ തേടുക എന്നിവയായിരുന്നു എന്നു പറയാം. അവര്‍ ഒരു തരത്തിലുള്ള പുതിയ പുരോഗതിയും കൊണ്ടുവന്നില്ല. അതുകൊണ്ട്, അവരുടെ പ്രവൃത്തിയില്‍ ബൈബിളിനുള്ളിലെ പുതിയ പാതകള്‍ കണ്ടെത്തുന്നതും അതുപോലെ കൂടുതല്‍ മികച്ചതും കൂടുതല്‍ യഥാര്‍ഥവുമായ പ്രവര്‍ത്തനങ്ങളും മാത്രമേ ഒരാള്‍ക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ. പക്ഷേ അവരുടെ പ്രവൃത്തിയില്‍ ദൈവത്തിന്റെ ഇപ്പോഴത്തെ ഹിതം ഒരുവനു കാണുവാന്‍ സാധിക്കില്ല. അന്ത്യനാളുകളില്‍ ദൈവം ചെയ്യാന്‍ പദ്ധതിയിടുന്ന പുതിയ പ്രവൃത്തിയാകട്ടെ, അത്രപോലും കാണുവാന്‍ സാധിക്കില്ല. കാരണം അവര്‍ നടന്ന പാത അപ്പോഴും പഴയതുതന്നെയായിരുന്നു—അതില്‍ നവീകരണമോ പുരോഗമനമോ ഉണ്ടായില്ല. അവര്‍ യേശുവിന്റെ കുരിശുമരണം എന്ന യാഥാര്‍ഥ്യത്തെ മുറുകെപ്പിടിക്കുന്നതും ആളുകളോടു പശ്ചാത്തപിക്കുവാനും പാപങ്ങള്‍ ഏറ്റുപറയുവാനും ആവശ്യപ്പെടുന്നതും, പിന്നെ ‘അവസാനം വരെ സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും,’ ‘പുരുഷന്‍ സ്ത്രീയുടെ ശിരസ്സാണ്,’ ‘സ്ത്രീ ഭര്‍ത്താവിനെ അനുസരിക്കണം’ തുടങ്ങിയ കല്പനകള്‍ പാലിക്കുവാന്‍ ആവശ്യപ്പെടുന്നതും തുടര്‍ന്നു. അതില്‍ കൂടുതലായി, സഹോദരിമാര്‍ക്കു പ്രസംഗിക്കുവാന്‍ സാധിക്കില്ല, അനുസരിക്കുവാന്‍ മാത്രമേ സാധിക്കൂ എന്ന പരമ്പരാഗതധാരണയും അവര്‍ മുറുകെപ്പിടിച്ചു. ആ തരത്തിലുള്ള നേതൃത്വം തുടര്‍ന്നുകൊണ്ടുപോയിരുന്നുവെങ്കില്‍ പരിശുദ്ധാത്മാവിനു പുതിയ പ്രവൃത്തി നടപ്പിലാക്കുവാന്‍ ഒരിക്കലും സാധിക്കുമായിരുന്നില്ല. സിദ്ധാന്തങ്ങളില്‍ നിന്നും മനുഷ്യരെ സ്വതന്ത്രരാക്കുവാനോ സ്വാതന്ത്ര്യത്തിന്റെയും സൗന്ദര്യത്തിന്റെയും തലത്തിലേക്ക് അവരെ നയിക്കുവാനോ സാധിക്കുമായിരുന്നില്ല. അതിനാല്‍, അടുത്ത യുഗത്തിലേക്കു കടക്കുന്ന പ്രവൃത്തിയുടെ ഈ ഘട്ടം നടപ്പിലാക്കേണ്ടതും പ്രഘോഷിക്കേണ്ടതും ദൈവം തന്നെയാണ്. അല്ലെങ്കില്‍ അവന്റെ സ്ഥാനത്ത് ഒരു മനുഷ്യനും അതു ചെയ്യുവാന്‍ സാധിക്കുകയില്ല. ഇതുവരെ, ഈ പ്രവാഹത്തിനു പുറത്തുള്ള പരിശുദ്ധാത്മാവിന്റെ എല്ലാ പ്രവൃത്തിയും ഒരു നിശ്ചലാവസ്ഥയിലായിട്ടുണ്ട്. പരിശുദ്ധാത്മാവിനാല്‍ മുമ്പ് ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. അതിനാല്‍ പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെടുന്നവരുടെ പ്രവൃത്തി ദൈവം തന്നെ ചെയ്യുന്ന പ്രവൃത്തി പോലെയല്ലാത്തതുകൊണ്ട് അവരുടെ സ്വത്വങ്ങളും അവര്‍ ആര്‍ക്കുവേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്, അവരും അതുപോലെ വ്യത്യസ്തങ്ങളാണ്. കാരണം, പരിശുദ്ധാത്മാവു ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവൃത്തി വ്യത്യസ്തമാണ്. അതിനാല്‍ ഒരേപോലുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്ക് വ്യത്യസ്ത സ്വത്വങ്ങളും സ്ഥാനങ്ങളും നല്‍കപ്പെടുന്നു. പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെടുന്നവരും ചില പുതിയ പ്രവൃത്തികള്‍ ചെയ്തേക്കാം. മുന്‍യുഗത്തില്‍ ചെയ്യപ്പെട്ട ചില പ്രവൃത്തികള്‍ അവര്‍ ഉന്മൂലനം ചെയ്യുകയും ചെയ്തേക്കാം. പക്ഷേ അവര്‍ ചെയ്യുന്നതിന് പുതിയ യുഗത്തിലെ ദൈവത്തിന്റെ പ്രകൃതവും ഹിതവും പ്രകടമാക്കുവാന്‍ സാധിക്കില്ല. മുന്‍യുഗത്തിലെ പ്രവൃത്തി അവസാനിപ്പിക്കുന്നതിനു മാത്രമായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ദൈവത്തിന്റെ പ്രകൃതത്തെ നേരിട്ടു പ്രതിനിധാനം ചെയ്യുക എന്ന ലക്ഷ്യത്തിനായി പുതിയ പ്രവൃത്തി ചെയ്യുന്നതിനു വേണ്ടിയല്ല. അതുകൊണ്ട്, കാലഹരണപ്പെട്ട എത്ര ശീലങ്ങളെ അവര്‍ ഇല്ലാതാക്കിയാലും എത്ര പുതിയ പ്രവൃത്തികളെ അവര്‍ അവതരിപ്പിച്ചാലും അപ്പോഴും അവര്‍ പ്രതിനിധാനം ചെയ്യുന്നതു മനുഷ്യനെയും സൃഷ്ടിക്കപ്പെട്ടവയെയുമാണ്. ദൈവം തന്നെ തന്റെ പ്രവൃത്തി ചെയ്യുമ്പോള്‍, പക്ഷേ, പഴയ യുഗത്തിലെ സമ്പ്രദായങ്ങളെ ഇല്ലാതാക്കുന്നതു പരസ്യമായി പ്രഖ്യാപിക്കുന്നില്ല. അല്ലെങ്കില്‍ പുതിയ യുഗത്തിന്റെ ആരംഭം നേരിട്ടു പ്രഖ്യാപിക്കുന്നില്ല. അവന്റെ വേലയുടെ കാര്യത്തിൽ, അവന്‍ നേരിട്ട് പ്രവർത്തിക്കുന്നവനും തുറന്നു പെരുമാറുന്നവനുമാണ്. അവന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തി ചെയ്യുന്നതില്‍ സ്പഷ്ടതയുള്ളവനാണ്. അതായത്, അവന്‍ ആരംഭിച്ച പ്രവൃത്തി സ്വയം നേരിട്ടു വ്യക്തമാക്കുന്നു, തന്റെ പ്രവൃത്തി ആദിയിൽ ഉദ്ദേശിച്ചതുപോലെതന്നെ നേരിട്ടു നടപ്പിലാക്കുന്നു, തന്റെ സ്വത്വവും പ്രകൃതവും വെളിവാക്കുന്നു. മനുഷ്യന്‍ കാണുന്നതുപോലെ അവന്റെ പ്രകൃതവും അതുപോലെ അവന്റെ പ്രവൃത്തിയും മുന്‍യുഗങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ദൈവത്തിന്റെ കാഴ്ചപ്പാടില്‍ ഇത് അവന്റെ പ്രവൃത്തിയുടെ വെറും തുടര്‍ച്ചയും പുരോഗമനവുമാണ്. ദൈവം തന്റെ പ്രവൃത്തി ചെയ്യുമ്പോള്‍ അവന്‍ തന്റെ വചനങ്ങള്‍ വെളിവാക്കുകയും പുതിയ പ്രവൃത്തിക്കു നേരിട്ടു തുടക്കമിടുകയും ചെയ്യുന്നു. അതിനു വിപരീതമായി ഒരു മനുഷ്യന്‍ പ്രവര്‍ത്തിക്കുമ്പോള്‍, അത് അവധാനപൂർവമായ ചിന്തയിലൂടെയും പഠനത്തിലൂടെയുമാണ് സാധ്യമാകുന്നത്. അല്ലെങ്കിൽ അത് അറിവിന്റെ വിപുലീകരണമോ മറ്റുള്ളവരുടെ വേലയിൽ പ്രകടമായിരുന്ന സമ്പ്രദായങ്ങളുടെ ഊട്ടിയുറപ്പിക്കലോ മാത്രമാണ്. എന്നു പറഞ്ഞാല്‍ മനുഷ്യന്‍ ചെയ്യുന്ന പ്രവൃത്തിയുടെ കാതല്‍, സ്ഥാപിതമായ ഒരു ക്രമം പിന്തുടരുന്നതും “പഴയ പാതകളിലൂടെ പുതിയ പാദുകങ്ങള്‍ ധരിച്ചു നടക്കുന്നതു”മാണ്. ഇത് അര്‍ഥമാക്കുന്നത്, ദൈവം തന്നെ ആരംഭിച്ചതിനെ ആധാരമാക്കിയുള്ളതാണ് പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെട്ടവര്‍ നടന്ന പാത പോലും എന്നാണ്. അതുകൊണ്ട് പറഞ്ഞുവരുന്നത് ഇതാണ്, മനുഷ്യന്‍ എപ്പോഴും മനുഷ്യനാണ്, ദൈവം എപ്പോഴും ദൈവവും.

അബ്രഹാമിന് ഇസ്ഹാക്ക് ജനിച്ചതുപോലെ, യോഹന്നാൻ ജനിച്ചതും വാഗ്ദാനത്താലാണ്. അവന്‍ യേശുവിനു വഴിയൊരുക്കുകയും ധാരാളം പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷേ, അവന്‍ ദൈവമായിരുന്നില്ല. മറിച്ച്, അവന്‍ പ്രവാചകന്മാരില്‍ ഒരുവനായിരുന്നു, കാരണം അവന്‍ യേശുവിനു വഴിയൊരുക്കുക മാത്രമാണു ചെയ്തത്. അവന്റെ പ്രവൃത്തിയും മഹത്തരമായിരുന്നു. അവന്‍ വഴിയൊരുക്കിയതിനു ശേഷം മാത്രമാണ് യേശു തന്റെ പ്രവൃത്തി ഔദ്യോഗികമായി ആരംഭിച്ചത്. അവന്‍ യേശുവിനു വേണ്ടി അധ്വാനിക്കുക മാത്രമായിരുന്നു, അവന്‍ ചെയ്ത പ്രവൃത്തി യേശുവിന്റെ പ്രവൃത്തിയെ സേവിക്കുന്നതായിരുന്നു എന്നു സാരം. അവന്റെ വഴിയൊരുക്കല്‍ പൂര്‍ത്തിയായതിനു ശേഷം യേശു തന്റെ പ്രവൃത്തി ആരംഭിച്ചു. അതിലും പുതിയതായ, കൂടുതല്‍ മൂര്‍ത്തമായ, കൂടുതല്‍ വിശദമായ പ്രവൃത്തി. പ്രവൃത്തിയുടെ ആരംഭഭാഗം മാത്രമേ യോഹന്നാന്‍ ചെയ്തുള്ളൂ. പുതിയ പ്രവൃത്തിയുടെ കൂടുതല്‍ ഭാഗവും ചെയ്തതു യേശുവായിരുന്നു. യോഹന്നാനും പുതിയ പ്രവൃത്തി ചെയ്തു. പക്ഷേ പുതിയ യുഗം ആരംഭിച്ചത് അവനായിരുന്നില്ല. വാഗ്ദാനത്താല്‍ ജനിക്കപ്പെട്ടവനായിരുന്നു യോഹന്നാന്‍. മാലാഖയാണ് അവനെ നാമകരണം ചെയ്തത്. ആ സമയത്ത്, അവന്റെ പിതാവു സഖറിയായുടെ പേര് അവനു നല്‍കണമെന്ന് ചിലര്‍ ആഗ്രഹിച്ചു. പക്ഷേ അവന്റെ അമ്മ പറഞ്ഞു, “ഈ കുഞ്ഞിനെ ആ പേരു വിളിക്കാന്‍ സാധിക്കില്ല. അവനെ യോഹന്നാന്‍ എന്നു വിളിക്കണം.” ഇതെല്ലാം പരിശുദ്ധാത്മാവിന്റെ നിർദേശപ്രകാരമാണ് സംഭവിച്ചത്. പരിശുദ്ധാത്മാവിന്റെ നിർദേശപ്രകാരം തന്നെയാണ് യേശുവിന്റെ നാമവും നല്‍കപ്പെട്ടത്. അവന്‍ പരിശുദ്ധാത്മാവില്‍ നിന്നും ജനിച്ചവനായിരുന്നു. അവന്‍ പരിശുദ്ധാത്മാവിനാല്‍ വാഗ്ദാനം ചെയ്യപ്പെട്ടവനായിരുന്നു. യേശു ദൈവമായിരുന്നു, ക്രിസ്തുവായിരുന്നു, മനുഷ്യപുത്രനായിരുന്നു. പക്ഷേ, യോഹന്നാന്റെ പ്രവൃത്തിയും മഹത്തരമായിരുന്നിട്ടും എന്തുകൊണ്ടാണ് അവന്‍ ദൈവമെന്നു വിളിക്കപ്പെടാതിരുന്നത്? കൃത്യമായും എന്തായിരുന്നു യേശു ചെയ്ത പ്രവൃത്തിയും യോഹന്നാന്‍ ചെയ്ത പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം? യോഹന്നാൻ യേശുവിനു വഴിയൊരുക്കി എന്നതു മാത്രമായിരുന്നോ കാരണം? അതോ ഇത് ദൈവത്താല്‍ മുന്‍നിശ്ചയിക്കപ്പെട്ടതായിരുന്നു എന്നതാണോ? “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നതിനാൽ അനുതപിച്ചു ദൈവത്തിലേക്കു തിരിയുക” എന്ന് യോഹന്നാനും പറഞ്ഞിരുന്നെങ്കിലും, സ്വര്‍ഗരാജ്യത്തിന്റെ സുവിശേഷം അവനും പ്രസംഗിച്ചിരുന്നെങ്കിലും, അവന്റെ പ്രവൃത്തി അതിനപ്പുറത്തേക്കു പുരോഗമിച്ചില്ല. അതിന് ഒരു തുടക്കം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനു വിപരീതമായി യേശു ഒരു പുതിയ യുഗം ആരംഭിക്കുകയും അതോടൊപ്പം പഴയ യുഗം അവസാനിപ്പിക്കുകയും അതുപോലെ പഴയ നിയമത്തിലെ ന്യായപ്രമാണം പൂര്‍ത്തിയാക്കുകയും ചെയ്തു. അവന്‍ ചെയ്ത പ്രവൃത്തി യോഹന്നാന്‍ ചെയ്ത പ്രവൃത്തിയെക്കാള്‍ മഹത്തരമായിരുന്നു. അതിലുപരി അവന്‍ വന്നത് മനുഷ്യവര്‍ഗത്തെ വീണ്ടെടുക്കാനായിരുന്നു—അവന്‍ പ്രവൃത്തിയുടെ ആ ഘട്ടം പൂര്‍ത്തിയാക്കി. യോഹന്നാനെ സംബന്ധിച്ചാണെങ്കില്‍, അവന്‍ വഴിയൊരുക്കുക മാത്രം ചെയ്തു. അവന്റെ പ്രവൃത്തി മഹത്തരമായിരുന്നെങ്കിലും അവന്റെ വാക്കുകള്‍ അനവധിയായിരുന്നെങ്കിലും അവനെ അനുഗമിച്ച ശിഷ്യന്മാര്‍ ഒരുപാടുണ്ടായിരുന്നെങ്കിലും മനുഷ്യനെ ഒരു പുതിയ തുടക്കത്തിലേക്കു കൊണ്ടുവരികയെന്നതില്‍ കവിഞ്ഞ് അവന്റെ പ്രവൃത്തി മറ്റൊന്നും സാധ്യമാക്കിയില്ല. ഒരിക്കലും മനുഷ്യന്‍ അവനില്‍നിന്ന് ജീവനോ വഴിയോ അല്ലെങ്കില്‍, കൂടുതല്‍ ആഴമേറിയ സത്യങ്ങളോ നേടിയില്ല. അവനിലൂടെ ദൈവത്തിന്റെ ഹിതത്തെക്കുറിച്ചുള്ള ഗ്രാഹ്യവും മനുഷ്യന്‍ നേടിയില്ല. യോഹന്നാന്‍ യേശുവിന്റെ പ്രവൃത്തിക്കായി പുതിയൊരു കളമൊരുക്കുകയും തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുക്കുകയും ചെയ്ത വലിയൊരു പ്രവാചകനായിരുന്നു (ഏലിയാ). കൃപായുഗത്തിനു മുമ്പേ നടന്നവനായിരുന്നു അവന്‍. അവരുടെ സാധാരണ മനുഷ്യന്റേതായ രൂപം നിരീക്ഷിക്കുന്നതിലൂടെ മാത്രം അത്തരം കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കില്ല. യോഹന്നാനും ഗൗരവമേറിയ പ്രവൃത്തി ചെയ്തിനാലും അതിലുപരി അവന്‍ പരിശുദ്ധാത്മാവിനാല്‍ വാഗ്ദാനം ചെയ്യപ്പെട്ടവനായിരുന്നതിനാലും അവന്റെ പ്രവൃത്തിയെ പരിശുദ്ധാത്മാവു പിന്തുണച്ചിരുന്നതിനാലും ഇത് ഏറെ സത്യമാണ്. അങ്ങനെയായതുകൊണ്ട്, അവര്‍ ചെയ്യുന്ന പ്രവൃത്തിയില്‍ നിന്നു മാത്രമേ ഒരാള്‍ക്ക് അവരുടെ സ്വത്വം വേര്‍തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ. കാരണം, ഒരു മനുഷ്യന്റെ ബാഹ്യരൂപത്തില്‍ നിന്നും അവന്റെ സ്വത്വം തിരിച്ചറിയുവാന്‍ സാധിക്കില്ല. കൂടാതെ, എന്താണ് പരിശുദ്ധാത്മാവിന്റെ സാക്ഷ്യം എന്നു തിരിച്ചറിയുവാനുള്ള മാര്‍ഗവും മനുഷ്യനില്ല. യോഹന്നാന്‍ ചെയ്ത പ്രവൃത്തിയും യേശു ചെയ്ത പ്രവൃത്തിയും ഒരുപോലുള്ളതായിരുന്നില്ല. അവ വ്യത്യസ്ത സ്വഭാവമുള്ളതായിരുന്നു. ഇതില്‍ നിന്നുമാണ് യോഹന്നാല്‍ ദൈവമായിരുന്നോ അല്ലയോ എന്ന് ഒരുവന്‍ നിശ്ചയിക്കുന്നത്. ആരംഭിക്കുകയും തുടര്‍ന്നുകൊണ്ടുപോകുകയും പര്യവസാനിപ്പിക്കുകയും ഫലമുളവാക്കുകയും ആയിരുന്നു യേശുവിന്റെ പ്രവൃത്തി. അവന്‍ ഇതിലെ ഓരോ ഘട്ടവും നടപ്പിലാക്കി. അതേസമയം, യോഹന്നാന്റെ പ്രവൃത്തി ഒരു തുടക്കമിടുന്നതില്‍ കവിഞ്ഞ് ഒന്നുമായിരുന്നില്ല. ആരംഭത്തില്‍ യേശു സുവിശേഷം പ്രചരിപ്പിക്കുകയും അനുതാപത്തിന്റെ മാര്‍ഗം പ്രസംഗിക്കുകയും ചെയ്തു. പിന്നെ അവന്‍ മനുഷ്യരെ സ്നാപനം ചെയ്യുകയും രോഗികളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. അവസാനം അവന്‍ മനുഷ്യനെ പാപത്തില്‍നിന്നു വീണ്ടെടുക്കുകയും ആ യുഗം മുഴുവനിലേക്കുമുള്ള അവന്റെ പ്രവൃത്തി പൂര്‍ത്തിയാക്കുകയും ചെയ്തു. കൂടാതെ മനുഷ്യരോടു പ്രസംഗിക്കുകയും സ്വര്‍ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ട് അവന്‍ എല്ലായിടത്തും ചുറ്റിസഞ്ചരിച്ചു. ഈ തരത്തില്‍ അവനും യോഹന്നാനും ഒരുപോലെയായിരുന്നു. വ്യത്യാസമെന്തെന്നാല്‍ യേശു ഒരു പുതുയുഗം കൊണ്ടുവരികയും കൃപായുഗം മനുഷ്യനു നല്‍കുകയും ചെയ്തു. അവന്റെ അധരത്തില്‍ നിന്നും എന്താണു മനുഷ്യന്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതിനെപ്പറ്റിയും കൃപായുഗത്തില്‍ ഏതു വഴിയാണ് മനുഷ്യന്‍ പിന്തുടരേണ്ടത് എന്നതിനെപ്പറ്റിയുമുള്ള വചനം പുറത്തുവരികയും അവസാനം അവന്‍ വീണ്ടെടുപ്പിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ പ്രവൃത്തി യോഹന്നാന് ഒരിക്കലും ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ യേശുവാണ് ദൈവം തന്നെയായവന്റെ പ്രവൃത്തി ചെയ്തത്. അവനാണ് ദൈവം തന്നെയായവനും ദൈവത്തെ നേരിട്ടു പ്രതിനിധാനം ചെയ്യുന്നവനും. വാഗ്ദാനത്താല്‍ ജനിച്ചവരും ആത്മാവില്‍നിന്നു ജനിച്ചവരും പരിശുദ്ധാത്മാവിനാല്‍ പിന്തുണയ്ക്കപ്പെടുന്നവരും പുതിയ പാതകള്‍ തുറക്കുന്നവരുമെല്ലാം ദൈവമാണെന്ന് മനുഷ്യരുടെ ധാരണകള്‍ പറയുന്നു. ഈ യുക്തിയനുസരിച്ച് യോഹന്നാനും ദൈവമാകും, മോശ, അബ്രഹാം, ദാവീദ് ... ഇവരെല്ലാം ദൈവമാകും. ഇതൊരു വലിയ തമാശയല്ലേ?

തന്റെ ശുശ്രൂഷ ചെയ്യുന്നതിനു മുമ്പ്, യേശുവും പരിശുദ്ധാത്മാവ് എന്തു ചെയ്തോ, അതിനനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു. ആ സമയത്ത് തന്റെ സ്വന്തം സ്വത്വത്തെക്കുറിച്ച് അവൻ ബോധവാനായിരുന്നെങ്കിലും അല്ലെങ്കിലും, ദൈവത്തില്‍ നിന്നും വന്നതെല്ലാം അവന്‍ അനുസരിച്ചു. അവന്‍ തന്റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് പരിശുദ്ധാത്മാവ് ഒരിക്കലും അവന്റെ സ്വത്വം വെളിപ്പെടുത്തിയില്ല. തന്റെ ശുശ്രൂഷ ആരംഭിച്ചതിനു ശേഷം മാത്രമാണ് ആ നിയമങ്ങളും ആ ചട്ടങ്ങളും അവന്‍ ഇല്ലാതാക്കിയത്. അവന്‍ ഔദ്യോഗികമായി തന്റെ ശുശ്രൂഷ ആരംഭിക്കുന്നതു വരെ അവന്റെ വചനങ്ങള്‍ക്ക് അധികാരമോ ശക്തിയോ ഉണ്ടായിരുന്നില്ല. തന്റെ ശുശ്രൂഷ ആരംഭിച്ചതിനു ശേഷം മാത്രമേ ഒരു പുതുയുഗം തുറക്കുന്നതിനുള്ള പ്രവൃത്തിക്ക് അവന്‍ തുടക്കമിട്ടുള്ളൂ. അതിനു മുമ്പ്, 29 വര്‍ഷം പരിശുദ്ധാത്മാവ് അവനില്‍ മറഞ്ഞിരുന്നു. ഈ സമയത്ത്, അവന്‍ ഒരു മനുഷ്യന്‍ മാത്രമായിരുന്നു, ദൈവത്തിന്റെ സ്വത്വം അവനുണ്ടായിരുന്നില്ല. അവന്‍ തന്റെ ശുശ്രൂഷ ആരംഭിച്ചപ്പോഴാണ് ദൈവത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. മനുഷ്യര്‍ തന്നെ എത്രമാത്രം അറിഞ്ഞിരുന്നു എന്നതു കണക്കിലെടുക്കാതെ, അവന്‍ തന്റെ ആന്തരികപദ്ധതി അനുസരിച്ചാണ് പ്രവൃത്തി ചെയ്തത്; അവന്‍ ചെയ്ത പ്രവൃത്തി ദൈവത്തെ നേരിട്ടു പ്രതിനിധാനം ചെയ്യുന്നതായിരുന്നു. ആ സമയത്ത് യേശു ചുറ്റുമുള്ളവരോടു ചോദിച്ചു, “ഞാൻ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?” അവര്‍ മറുപടി പറഞ്ഞു, “നീ പ്രവാചകന്മാരില്‍ ഏറ്റവും ഉന്നതനും ഞങ്ങളുടെ മിടുക്കനായ വൈദ്യനുമാണ്.” ചിലര്‍ “നീ ഞങ്ങളുടെ മഹാപുരോഹിതനാണ്” എന്നും മറ്റും മറുപടി പറഞ്ഞു. എല്ലാത്തരം ഉത്തരങ്ങളും ലഭിച്ചു. അവന്‍ യോഹന്നാനാണെന്നും ഏലിയാ ആണെന്നും പോലും ചിലര്‍ പറഞ്ഞു. യേശു പിന്നെ ശിമോൻ പത്രോസിനു നേരെ തിരിഞ്ഞ് അവനോടു ചോദിച്ചു, “ഞാന്‍ ആരാണെന്നാണ് നീ പറയുന്നത്?” പത്രോസ് മറുപടി പറഞ്ഞു, “അവിടുന്ന് ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു.” അപ്പോള്‍ മുതല്‍ അവന്‍ ദൈവമായിരുന്നു എന്ന് ആളുകള്‍ മനസ്സിലാക്കി. അവന്റെ സ്വത്വം വെളിപ്പെട്ടപ്പോള്‍ പത്രോസായിരുന്നു ഇതിനെപ്പറ്റി ആദ്യം ബോധവാനായത്. അവന്റെ അധരമാണ് അത് ആദ്യം വിളിച്ചുപറഞ്ഞത്. അപ്പോള്‍ യേശു പ്രസ്താവിച്ചു, “മാംസരക്തങ്ങളോടുകൂടിയ മനുഷ്യർ ആരുമല്ല ഈ സത്യം നിനക്കു വെളിപ്പെടുത്തിയത്, പിന്നെയോ സ്വർഗത്തിലുള്ള പിതാവത്രേ.” മറ്റുള്ളവര്‍ അറിഞ്ഞിരുന്നെങ്കിലും ഇല്ലെങ്കിലും സ്നാനത്തിനു ശേഷം അവന്‍ ചെയ്ത പ്രവൃത്തി ദൈവത്തിനു വേണ്ടിയുള്ളതായിരുന്നു. തന്റെ പ്രവൃത്തി ചെയ്യുവാനാണ് അവന്‍ വന്നത്, അല്ലാതെ തന്റെ സ്വത്വം വെളിപ്പെടുത്താനായല്ല. പത്രോസ് അതിനെപ്പറ്റി പറഞ്ഞതിനു ശേഷം മാത്രമാണ് അവന്റെ സ്വത്വം പരസ്യമായി വെളിപ്പെട്ടത്. അവന്‍ ദൈവം തന്നെയായിരുന്നു എന്നത് നീ അറിഞ്ഞിരുന്നെങ്കിലും ഇല്ലെങ്കിലും, സമയമായപ്പോള്‍ അവന്‍ തന്റെ പ്രവൃത്തി ആരംഭിച്ചു. നീയത് അറിഞ്ഞിരുന്നെങ്കിലും ഇല്ലെങ്കിലും പഴയതു പോലെ അവന്‍ തന്റെ പ്രവൃത്തിയുമായി മുമ്പോട്ടുപോയി. നീയത് നിഷേധിച്ചിരുന്നെങ്കില്‍ പോലും അവന്‍ തന്റെ പ്രവൃത്തി ചെയ്യുകയും സമയമാകുമ്പോള്‍ അത് നടപ്പിലാക്കുകയും ചെയ്യുമായിരുന്നു. അവന്‍ തന്റെ പ്രവൃത്തി ചെയ്യുവാനും ശുശ്രൂഷ നടപ്പാക്കുവാനുമായിരുന്നു വന്നത്. മനുഷ്യന്‍ തന്റെ ജഡത്തെ അറിയാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് തന്റെ പ്രവൃത്തിയെ സ്വീകരിക്കുവാന്‍ വേണ്ടിയായിരുന്നു അത്. ഇപ്പോഴത്തെ പ്രവൃത്തിയുടെ ഘട്ടം ദൈവത്തിന്റെ തന്നെ പ്രവൃത്തിയാണെന്നു തിരിച്ചറിയുന്നതില്‍ നീ പരാജയപ്പെട്ടെങ്കില്‍, അതിനു കാരണം നിന്റെ ദര്‍ശനമില്ലായ്മയാണ്. എന്നിരുന്നാലും പ്രവൃത്തിയുടെ ഈ ഘട്ടത്തെ തള്ളിപ്പറയുവാന്‍ നിനക്കു സാധിക്കില്ല. നീ അതു തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നുവെങ്കില്‍ പരിശുദ്ധാത്മാവു പ്രവര്‍ത്തിക്കുന്നില്ല എന്നോ അവന്റെ പ്രവൃത്തി ശരിയല്ല എന്നോ അല്ല അതു തെളിയിക്കുന്നത്. ഇന്നത്തെ പ്രവൃത്തിയെ ബൈബിളിലെ യേശുവിന്റെ പ്രവൃത്തിയുമായി താരതമ്യം ചെയ്യുകയും എന്തു പൊരുത്തക്കേടുകളെയും പ്രവൃത്തിയുടെ ഈ ഘട്ടത്തെ തള്ളിപ്പറയുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നവര്‍ പോലുമുണ്ട്. ഇത് അന്ധമായ പ്രവൃത്തിയല്ലേ? ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ പരിമിതമാണ്. അവയ്ക്കു ദൈവത്തിന്റെ പ്രവൃത്തിയെ പൂര്‍ണമായി പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കില്ല. നാലു സുവിശേഷങ്ങള്‍ക്കെല്ലാം കൂടി നൂറില്‍ താഴെ അധ്യായങ്ങളേ ഉള്ളൂ. അവയില്‍ ഒരു നിശ്ചിത എണ്ണം സംഭവങ്ങളേ രേഖപ്പെടുത്തിയിട്ടുള്ളൂ. യേശു അത്തിമരത്തെ ശപിക്കുന്നത്, പത്രോസ് കര്‍ത്താവിനെ മൂന്നു തവണ തള്ളിപ്പറയുന്നത്, യേശു തന്റെ കുരിശുമരണത്തിനും പുനരുത്ഥാനത്തിനും ശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നത്, ഉപവാസത്തെപ്പറ്റി പഠിപ്പിക്കുന്നത്, പ്രാര്‍ഥനയെപ്പറ്റി പഠിപ്പിക്കുന്നത്, വിവാഹമോചനത്തെപ്പറ്റി പഠിപ്പിക്കുന്നത്, യേശുവിന്റെ ജനനവും വംശാവലിയും, യേശു തന്റെ ശിഷ്യന്മാരെ നിയോഗിക്കുന്നത്, തുടങ്ങിയവ. എന്നിരുന്നാലും മനുഷ്യന്‍ അവയെ നിധിപോലെയാണ് വിലമതിക്കുന്നത്. ഇന്നത്തെ പ്രവൃത്തിയെ അവര്‍ അവയുമായി താരതമ്യം ചെയ്യുകപോലും ചെയ്യുന്നു. യേശു തന്റെ ജീവിതം മുഴുവന്‍ ചെയ്ത പ്രവൃത്തികള്‍ അത്രമാത്രമേ ഉള്ളൂ എന്നുപോലും അവര്‍ വിശ്വസിക്കുന്നു. അത്രമാത്രം ചെയ്യുവാനേ ദൈവത്തിനു കഴിവുണ്ടായിരുന്നുള്ളൂ, അതില്‍ കൂടുതലൊന്നും ചെയ്യുവാന്‍ കഴിവുണ്ടായിരുന്നില്ല എന്നതുപോലെയാണത്. വിഡ്ഢിത്തമല്ലേ ഇത്?

മുപ്പത്തിമൂന്നര വര്‍ഷമായിരുന്നു യേശു ഭൂമിയില്‍ ഉണ്ടായിരുന്നത്. അതായത്, മുപ്പത്തിമൂന്നര വര്‍ഷം അവന്‍ ഭൂമിയില്‍ ജീവിച്ചു. അതില്‍ മൂന്നര വര്‍ഷം മാത്രമേ അവന്‍ തന്റെ ശുശ്രൂഷ ചെയ്യുവാനായി ചെലവഴിച്ചുള്ളൂ. ബാക്കിയുള്ള കാലം മുഴുവന്‍ ഒരു സാധാരണ മനുഷ്യനായിട്ടാണ് അവന്‍ ജീവിച്ചത്. തുടക്കത്തില്‍, അവന്‍ സുനഗോഗിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും പുരോഹിതന്മാര്‍ വിശുദ്ധലിഖിതങ്ങൾ വ്യാഖ്യാനിക്കുന്നതും മറ്റുള്ളവരുടെ പ്രസംഗങ്ങളും ശ്രദ്ധിക്കുകയും ചെയ്തു. അവന്‍ വേദപുസ്തകത്തെപ്പറ്റി ധാരാളം അറിവു നേടി: അത്തരത്തിലുള്ള അറിവോടു കൂടിയല്ല അവന്‍ ജനിച്ചു വീണത്; വായിച്ചും ശ്രവിച്ചും മാത്രമാണ് അവൻ അതു നേടിയത്. പന്ത്രണ്ടാം വയസ്സില്‍ സുനഗോഗിലെ മതഗുരുക്കന്മാരോട് അവന്‍ ചോദ്യങ്ങള്‍ ചോദിച്ചു എന്ന് ബൈബിളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്: എന്തായിരുന്നു പഴയ പ്രവാചകന്മാരുടെ പ്രവചനങ്ങള്‍? മോശയുടെ നിയമങ്ങള്‍ ഏവയായിരുന്നു? പഴയ നിയമത്തിന്റെ കാര്യമോ? പുരോഹിതവസ്ത്രങ്ങൾ ധരിച്ച് മനുഷ്യൻ ദേവാലയത്തില്‍ ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നതിനെക്കുറിച്ചോ? ... അവന്‍ അനവധി ചോദ്യങ്ങള്‍ ചോദിച്ചു. കാരണം അവന് അറിവോ ഗ്രാഹ്യമോ ഉണ്ടായിരുന്നില്ല. അവനെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചതാണെങ്കിലും, പൂർണമായും ഒരു സാധാരണ മനുഷ്യനായിട്ടാണ് അവന്‍ ജനിച്ചത്. അവനു ചില സവിശേഷ ഗുണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അപ്പോഴും അവന്‍ ഒരു സാധാരണ മനുഷ്യനായിരുന്നു. അവന്റെ പ്രായത്തിനും ഔന്നത്യത്തിനും ആനുപാതികമായി അവന്റെ ജ്ഞാനം വളര്‍ന്നുകൊണ്ടിരുന്നു, കൂടാതെ, അവന്‍ ഒരു സാധാരണ മനുഷ്യന്റെ ജീവിതഘട്ടങ്ങളിലൂടെ കടന്നുപോയി. മനുഷ്യരുടെ ഭാവനയില്‍ യേശു ബാല്യത്തിലൂടെയോ കൗമാരത്തിലൂടെയോ കടന്നുപോയിട്ടില്ല; ജനിച്ച ഉടന്‍ അവന്‍ മുപ്പത്തിമൂന്നു വയസ്സുള്ള ഒരു മനുഷ്യനായി ജീവിക്കുവാന്‍ ആരംഭിച്ചു, അവന്റെ വേലയുടെ പൂര്‍ത്തീകരണത്തില്‍ അവന്‍ കുരിശില്‍ തറയ്ക്കപ്പെട്ടു. അവന്‍ ഒരുപക്ഷേ, ഒരു സാധാരണ മനുഷ്യന്റെ ജീവിതഘട്ടങ്ങളിലൂടെ കടന്നുപോയിക്കാണില്ല; അവന്‍ ഭക്ഷിക്കുകയോ മറ്റു മനുഷ്യരോടു സഹവസിക്കുകയോ ചെയ്തുകാണില്ല; ആളുകള്‍ക്ക് അവനെ കാണാന്‍ സാധിക്കുന്നതുതന്നെ പ്രയാസമായിരുന്നിട്ടുണ്ടാകും. മിക്കവാറും, ദൈവമായിരുന്നതുകൊണ്ട്, തന്നെ കാണുന്നവരെ ഭയപ്പെടുത്തിയിരുന്ന ഒരു വിചിത്ര വ്യക്തിയായിരുന്നിരിക്കണം അവന്‍. ജഡശരീരമെടുക്കുന്ന ദൈവം തീർച്ചയായും ഒരു സാധാരണ മനുഷ്യൻ ജീവിക്കുന്നതുപോലെ ജീവിക്കുന്നില്ല എന്നാണ് ആളുകള്‍ കരുതുന്നത്. അവൻ വിശുദ്ധനായതിനാൽ പല്ലുതേയ്ക്കുകയോ മുഖം കഴുകുകയോ ചെയ്യാതെതന്നെ അവൻ വൃത്തിയുള്ളവനാണെന്ന് അവർ ചിന്തിക്കുന്നു. ഇവയെല്ലാം മനുഷ്യന്റെ ധാരണകള്‍ മാത്രമല്ലേ? ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള യേശുവിന്റെ ജീവിതത്തെപ്പറ്റി ബൈബിളില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അവന്റെ പ്രവൃത്തിയെപ്പറ്റി മാത്രമാണു രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അതിനര്‍ഥം അവനു സാധാരണ മനുഷ്യത്വം ഉണ്ടായിരുന്നില്ല എന്നോ മുപ്പതു വയസ്സിനു മുമ്പ് അവന്‍ ഒരു സാധാരണ ജീവിതം നയിച്ചിരുന്നില്ല എന്നോ അല്ല. 29-ആം വയസ്സില്‍ ഔദ്യോഗികമായി അവന്‍ തന്റെ വേല ആരംഭിച്ചു. പക്ഷേ ആ പ്രായത്തിനു മുമ്പ് മനുഷ്യനായിട്ടുള്ള അവന്റെ മുഴുവന്‍ ജീവിതത്തെയും പൂര്‍ണമായി നിങ്ങള്‍ക്ക് എഴുതിത്തള്ളുവാന്‍ സാധിക്കുകയില്ല. ബൈബിള്‍ ആ കാലഘട്ടത്തെ രേഖപ്പെടുത്താതെ വിട്ടു; അത് അവന്റെ സാധാരണ മനുഷ്യ ജീവിതമായിരുന്നതിനാലും അവന്റെ ദൈവികവേലയുടെ കാലഘട്ടമല്ലായിരുന്നതിനാലും അത് എഴുതപ്പെടേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നതു കൊണ്ടാണത്. അത് എഴുതപ്പെടേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം യേശുവിന്റെ സ്നാപനത്തിനു മുമ്പ്, പരിശുദ്ധാത്മാവു നേരിട്ടു പ്രവര്‍ത്തിച്ചില്ല. പകരം യേശു തന്റെ ശുശ്രൂഷ നിർവഹിക്കാൻ തുടങ്ങിയ ദിവസം വരെ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയിലുള്ള ജീവിതത്തില്‍ അവനെ നിലനിര്‍ത്തി. അവന്‍ മനുഷ്യജന്മമെടുത്ത ദൈവമായിരുന്നെങ്കിലും ഒരു സാധാരണ മനുഷ്യനെപ്പോലെതന്നെ പക്വത നേടുന്ന പ്രക്രിയയിലൂടെ അവനും കടന്നുപോയി. പക്വത നേടുന്ന ഈ പ്രക്രിയ ബൈബിളില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മനുഷ്യന്റെ ജീവിതത്തിലെ വളര്‍ച്ചയില്‍ അതിനു കാര്യമായ സംഭാവനയൊന്നും നല്‍കുവാനില്ല എന്നതുകൊണ്ടാണ് അത് ഒഴിവാക്കപ്പെട്ടത്. സ്നാപനത്തിനു മുമ്പുള്ള അവന്റെ ജീവിതകാലം ഗൂഢമായ ഒന്നാണ്, അവന്‍ അടയാളങ്ങളോ അത്ഭുതങ്ങളോ പ്രവര്‍ത്തിക്കാത്ത കാലഘട്ടം. സ്നാപനത്തിനു ശേഷം മാത്രമേ മനുഷ്യന്റെ വീണ്ടെടുപ്പിന്റെ എല്ലാ വേലയും—കൃപയും സത്യവും സ്നേഹവും കരുണയും നിറഞ്ഞുതുളുമ്പിയ വേല—യേശു ആരംഭിച്ചുള്ളൂ. ഈ വേലയുടെ ആരംഭം കൃത്യമായും കൃപായുഗത്തിന്റെ തുടക്കവുമായിരുന്നു. ഈ കാരണം കൊണ്ട് അത് എഴുതപ്പെടുകയും ഇന്നുവരെ കൈമാറിവരികയും ചെയ്തു. കൃപായുഗത്തിലുള്ള എല്ലാവര്‍ക്കും കൃപായുഗത്തിന്റേതായ വഴിയും കുരിശിന്റെ വഴിയും നടക്കുവാനായി, ഒരു മാര്‍ഗം തുറക്കുവാനും എല്ലാറ്റിനെയും ഫലമണിയിക്കുവാനും വേണ്ടിയായിരുന്നു അത്. മനുഷ്യന്‍ എഴുതിയ രേഖകളില്‍ നിന്നാണ് അതു വെളിപ്പെടുന്നതെങ്കിലും, അവിടെയും ഇവിടെയുമുള്ള ചില ചെറിയ പിശകുകളൊഴികെ അതിലുള്ള എല്ലാം വസ്തുതകളാണ്. അങ്ങനെയാണെങ്കില്‍പ്പോലും ഈ രേഖകള്‍ അസത്യങ്ങളാണെന്ന് പറയുവാന്‍ സാധിക്കില്ല. രേഖപ്പെടുത്തപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും വസ്തുതാപരമാണ്. അവ എഴുതുന്നതില്‍ മാത്രമേ ആളുകള്‍ പിശകു വരുത്തിയുള്ളൂ. സാമാന്യവും സാധാരണവുമായ മനുഷ്യത്വം ഉണ്ടായിരുന്ന ഒരാളായിരുന്നു യേശു എങ്കില്‍ എങ്ങനെയാണ് അവന് അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് എന്നു ചോദിക്കുന്ന ചിലരുണ്ട്. യേശു കടന്നുപോയ പ്രലോഭനത്തിന്റെ നാല്പതു ദിനങ്ങള്‍ അത്ഭുതകരമായ ഒരു അടയാളമായിരുന്നു. ഒരു സാധാരണമനുഷ്യന് നേടുവാന്‍ സാധിക്കാത്ത ഒന്നായിരുന്നു അത്. അവന്റെ നാല്പതു ദിവസത്തെ പ്രലോഭനം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്റെ പ്രകൃതത്തില്‍ ഉള്ളതായിരുന്നു. അപ്പോള്‍പ്പിന്നെ അവനില്‍ അതിമാനുഷമായി ഒന്നും ഉണ്ടായിരുന്നില്ല എന്ന് എങ്ങനെയാണ് പറയുവാന്‍ സാധിക്കുക? അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുവാനുള്ള അവന്റെ കഴിവ് അവന്‍ ഒരു അമാനുഷനായിരുന്നു എന്നോ സാധാരണ മനുഷ്യനായിരുന്നില്ല എന്നോ തെളിയിക്കുന്നില്ല. പരിശുദ്ധാത്മാവ് അവനെപ്പോലുള്ള ഒരു സാധാരണ മനുഷ്യനില്‍ പ്രവര്‍ത്തിക്കുകയും അങ്ങനെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനും കൂടുതല്‍ മഹത്തരമായ പ്രവൃത്തി ചെയ്യുവാനും അവനു സാധിച്ചു എന്നും മാത്രം. യേശു തന്റെ ശുശ്രൂഷ ചെയ്യുന്നതിനു മുമ്പ്, അല്ലെങ്കില്‍ ബൈബിള്‍ പറയുന്നതുപോലെ പരിശുദ്ധാത്മാവ് അവന്റെമേല്‍ ഇറങ്ങിവരുന്നതിനു മുമ്പ്, യേശു ഒരു സാധാരണ മനുഷ്യനായിരുന്നു. അവന്‍ ഒരു തരത്തിലും അതിമാനുഷനായിരുന്നില്ല. പരിശുദ്ധാത്മാവ് അവന്റെമേല്‍ ഇറങ്ങിവന്നപ്പോള്‍, അതായത്, അവന്‍ തന്റെ ശുശ്രൂഷ ചെയ്യുവാന്‍ ആരംഭിച്ചപ്പോള്‍ അവന്‍ അതിമാനുഷനായിത്തീര്‍ന്നു. ഈ തരത്തില്‍, ദൈവത്തിന്റെ മനുഷ്യാവതാരത്തിന് സാധാരണ മനുഷ്യത്വം ഇല്ല എന്നു മനുഷ്യന്‍ കരുതുന്നു. അതിലുപരി, മനുഷ്യജന്മമെടുത്ത ദൈവത്തിനു ദൈവത്വം മാത്രമേ ഉള്ളൂ എന്നും മനുഷ്യത്വം ഇല്ല എന്നും മനുഷ്യന്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും ദൈവം തന്റെ വേല ചെയ്യുവാനായി ഭൂമിയിലേക്കു വരുമ്പോള്‍ മനുഷ്യന്‍ കാണുന്നത് അതിമാനുഷമായ സംഭവങ്ങളാണ്. അവര്‍ സ്വന്തം കണ്ണുകള്‍ കൊണ്ടു ദര്‍ശിക്കുന്നതും കാതുകള്‍ കൊണ്ടു കേള്‍ക്കുന്നതുമെല്ലാം അതിമാനുഷമായവയാണ്. കാരണം അവന്റെ വേലയും അവന്റെ വാക്കുകളും അവര്‍ക്ക് ദുര്‍ഗ്രഹവും അപ്രാപ്യവുമാണ്. സ്വര്‍ഗത്തിലുള്ള എന്തെങ്കിലും ഭൂമിയിലേക്കു കൊണ്ടുവരികയാണെങ്കില്‍, അതിനെ അതിമാനുഷം എന്നല്ലാതെ എന്താണു വിളിക്കുക? മനുഷ്യനു ദുര്‍ഗ്രഹവും ഗഹനവുമായ, അത്യധികം അത്ഭുതകരവും ജ്ഞാനപൂര്‍വകവുമായ സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ ഭൂമിയിലേക്കു കൊണ്ടുവരപ്പെടുമ്പോള്‍—അവയെല്ലാം അതിമാനുഷമല്ലേ? എന്നിരുന്നാലും അതെത്ര അതിമാനുഷമായിരുന്നാലും അതെല്ലാം അവന്റെ സാധാരണ മനുഷ്യത്വത്തിനുള്ളിലാണ് നടപ്പിലാക്കപ്പെടുന്നത് എന്ന് നീ അറിയണം. മനുഷ്യജന്മമെടുത്ത ദൈവത്തില്‍ മനുഷ്യത്വമുണ്ട്; ഇല്ലായിരുന്നുവെങ്കില്‍ അവന്‍ ദൈവത്തിന്റെ മനുഷ്യാവതാരം ആകുമായിരുന്നില്ല. യേശു അവന്റെ കാലത്ത് ഒട്ടനവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അക്കാലത്തെ ഇസ്രായേല്യര്‍ കണ്ടതെല്ലാം അതിമാനുഷമായ കാര്യങ്ങളായിരുന്നു; അവര്‍ മാലാഖമാരെയും ദൈവദൂതന്മാരെയും ദര്‍ശിച്ചു, അവര്‍ യഹോവയുടെ സ്വരം കേട്ടു. ഇവയെല്ലാം അതിമാനുഷമായിരുന്നില്ലേ? തീര്‍ച്ചയായും അതിമാനുഷമായ കാര്യങ്ങള്‍ കൊണ്ടു മനുഷ്യരെ വഞ്ചിക്കുന്ന ചില ദുഷ്ടാത്മാക്കള്‍ ഇന്നുണ്ട്. പരിശുദ്ധാത്മാവ് ഇപ്പോള്‍ ചെയ്യുന്നില്ലാത്ത വേലകള്‍ വഴി മനുഷ്യനെ കബളിപ്പിക്കാന്‍ വേണ്ടിയുള്ള അനുകരണമല്ലാതെ അതു മറ്റൊന്നുമല്ല. അനവധി ആളുകള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്നു. ഇവയെല്ലാം ദുഷ്ടാത്മാക്കളുടെ വേലയല്ലാതെ മറ്റൊന്നുമല്ല. കാരണം പരിശുദ്ധാത്മാവ് ഇപ്പോള്‍ അത്തരം വേലകളൊന്നും ചെയ്യുന്നില്ല. ആ സമയം മുതല്‍ പരിശുദ്ധാത്മാവിന്റെ വേല അനുകരിച്ച എല്ലാവരും തീര്‍ച്ചയായും ദുഷ്ടാത്മാക്കളാണ്. ആ സമയത്ത് ഇസ്രായേലില്‍ നിര്‍വഹിക്കപ്പെട്ട വേലയെല്ലാം അതിമാനുഷ സ്വഭാവമുള്ളതായിരുന്നു. പരിശുദ്ധാത്മാവ് ഇപ്പോള്‍ ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും, ഇപ്പോള്‍ അത്തരത്തിലുള്ള ഏതു വേലയും സാത്താന്റെ അനുകരണവും വഞ്ചനയും അതിന്റെ ഉപദ്രവവുമാണ്. പക്ഷേ അതിമാനുഷമായതെല്ലാം ദുഷ്ടാത്മാക്കളില്‍ നിന്നാണു വരുന്നതെന്ന് നിനക്കു പറയാന്‍ സാധിക്കില്ല—ഇതു ദൈവത്തിന്റെ വേലയുടെ യുഗത്തെ ആശ്രയിച്ചിരിക്കും. മനുഷ്യജന്മമെടുത്ത ദൈവം ഇന്നു ചെയ്യുന്ന വേല നോക്കുക: അതിന്റെ ഏതു വശമാണ് അതിമാനുഷമല്ലാത്തത്? അവന്റെ വചനങ്ങള്‍ നിനക്ക് ദുര്‍ഗ്രഹവും അപ്രാപ്യവുമാണ്. അവന്‍ ചെയ്യുന്ന വേല ഒരു മനുഷ്യനും ചെയ്യുവാന്‍ സാധിക്കില്ല. അവന്‍ ഗ്രഹിക്കുന്നത് മനുഷ്യന് ഒരിക്കലും ഗ്രഹിക്കാന്‍ സാധിക്കില്ല. അവന്റെ അറിവിനെ സംബന്ധിച്ചാണെങ്കില്‍ അത് എവിടെ നിന്നാണ് വരുന്നത് എന്നു മനുഷ്യന് അറിയില്ല. ഇങ്ങനെ പറയുന്ന ചിലരുണ്ട്, “ഞാനും അങ്ങയെപ്പോലെ സാധാരണ മനുഷ്യനാണ്. പക്ഷേ അങ്ങയ്ക്ക് അറിയാവുന്നത് എനിക്ക് അറിയാത്തത് എന്തുകൊണ്ടാണ്? പ്രായവും അനുഭവസമ്പത്തും എനിക്കു കൂടുതലാണ്. എന്നിട്ടും എനിക്ക് അറിയാത്ത കാര്യങ്ങള്‍ അങ്ങയ്ക്ക് അറിയാവുന്നത് എന്തുകൊണ്ടാണ്?” ഇതെല്ലാം, മനുഷ്യനെ സംബന്ധിച്ചിടത്തോളം മനുഷ്യന് എത്തിപ്പിടിക്കുവാന്‍ പറ്റാത്ത കാര്യങ്ങളാണ്. പിന്നെ ഇങ്ങനെ പറയുന്നവര്‍ ഉണ്ട്, “ഇസ്രായേലില്‍ നിര്‍വഹിക്കപ്പെട്ട വേലയെപ്പറ്റി ആര്‍ക്കും അറിയില്ല. ബൈബിള്‍ വ്യാഖ്യാനിക്കുന്നവര്‍ക്കു പോലും അതിനൊരു വിശദീകരണം നല്‍കാന്‍ സാധിക്കില്ല. പിന്നെ അങ്ങയ്ക്ക് എങ്ങനെയാണ് അറിയാവുന്നത്?” ഇക്കാര്യങ്ങളെല്ലാം അതിമാനുഷമല്ലേ? അവന് അത്ഭുതങ്ങളുടെ അനുഭവമില്ല. എന്നിട്ടും അവന്‍ എല്ലാം അറിയുന്നു. അങ്ങേയറ്റം അനായാസമായി അവന്‍ സത്യം പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് അമാനുഷമല്ലേ? അവന്റെ വേല മനുഷ്യനു സാധ്യമാകുന്നതിനും അതീതമാകുന്നു. ജഡശരീരമുള്ള ഏതൊരു മനുഷ്യന്റെയും ചിന്തയ്ക്ക് എത്തിപ്പിടിക്കുവാന്‍ പറ്റാത്തതാണ് അത്. മനുഷ്യമനസ്സിന്റെ യുക്തിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതും. അവന്‍ ഒരിക്കലും ബൈബിള്‍ വായിച്ചിട്ടില്ലെങ്കിലും ഇസ്രായേലിലെ ദൈവത്തിന്റെ വേല അവന്‍ മനസ്സിലാക്കുന്നു. അവന്‍ സംസാരിക്കുമ്പോള്‍ ഭൂമിയിലാണ് നില്‍ക്കുന്നതെങ്കിലും അവന്‍ മൂന്നാം സ്വര്‍ഗത്തിലെ നിഗൂഢതകളെക്കുറിച്ചു പറയുന്നു. മനുഷ്യന്‍ ഈ വാക്കുകള്‍ വായിക്കുമ്പോള്‍ ഈ ചിന്ത അവനെ ഗ്രസിക്കും: “ഇതു മൂന്നാം സ്വര്‍ഗത്തിലെ ഭാഷയല്ലേ?” ഈ കാര്യങ്ങളെല്ലാം സാധാരണ മനുഷ്യനു നേടുവാന്‍ സാധിക്കുന്നതിനും അപ്പുറമല്ലേ? ആ സമയത്ത് യേശു നാല്പതു ദിവസം ഉപവസിച്ചു. അത് അതിമാനുഷമായിരുന്നില്ലേ? നാല്പതു ദിവസത്തെ ഉപവാസം എല്ലാത്തരത്തിലും അതിമാനുഷമാണെന്ന്, ദുഷ്ടാത്മാക്കളുടെ പ്രവൃത്തി ആണെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍, നിങ്ങള്‍ യേശുവിനെ കുറ്റം വിധിച്ചുകഴിഞ്ഞില്ലേ? തന്റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് യേശു ഒരു സാധാരണ മനുഷ്യനെപ്പോലെ ആയിരുന്നു. അവനും വിദ്യാലയത്തില്‍ പോയി. അല്ലെങ്കില്‍പ്പിന്നെ എങ്ങനെയാണ് അവന്‍ എഴുതാനും വായിക്കാനും പഠിച്ചത്? ദൈവം മനുഷ്യജന്മമെടുത്തപ്പോള്‍, ആത്മാവ് ജഡശരീരത്തിനുള്ളില്‍ മറഞ്ഞിരുന്നു. എന്നിരുന്നാലും, ഒരു സാധാരണ മനുഷ്യനായതുകൊണ്ട്, അവന്‍ വളര്‍ച്ചയുടെയും പക്വതയുടെയും പ്രക്രിയയിലൂടെ കടന്നുപോകേണ്ടത് ആവശ്യമായിരുന്നു. അവന്റെ ഗ്രഹണശക്തി പക്വത പ്രാപിക്കുന്നതു വരെ, കാര്യങ്ങള്‍ തിരിച്ചറിയുവാന്‍ സാധിക്കുന്നതുവരെ, അവനെ ഒരു സാധാരണ മനുഷ്യനായി കണക്കാക്കുവാന്‍ സാധിക്കില്ലായിരുന്നു. അവന്റെ മനുഷ്യത്വം പക്വത പ്രാപിച്ചതിനു ശേഷം മാത്രമാണ് അവന് തന്റെ ശുശ്രൂഷ നിര്‍വഹിക്കുവാന്‍ സാധിച്ചത്. അവന്റെ സാധാരണ മനുഷ്യത്വം അപക്വവും അവന്റെ യുക്തി ബലിഷ്ഠമല്ലാത്തതും ആയിരുന്നപ്പോള്‍ എങ്ങനെയാണ് അവനു തന്റെ ശുശ്രൂഷ ചെയ്യുവാന്‍ സാധിക്കുമായിരുന്നത്? തീര്‍ച്ചയായും ആറു വയസ്സിലോ ഏഴു വയസ്സിലോ അവന്‍ തന്റെ ശുശ്രൂഷ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുവാന്‍ ആകില്ലല്ലോ! ദൈവം ആദ്യം മനുഷ്യനായപ്പോള്‍ എന്തുകൊണ്ടാണ് പരസ്യമായി സ്വയം പ്രകടിപ്പിക്കാതിരുന്നത്? കാരണം അവന്റെ മനുഷ്യത്വം അപ്പോഴും അപക്വമായിരുന്നു. അവന്റെ ജഡശരീരത്തിന്റെ ഗ്രഹണപ്രക്രിയകളും അതുപോലെ ആ ജഡത്തിന്റെ സാധാരണ മനുഷ്യത്വവും പൂര്‍ണമായും അവന്റെ നിയന്ത്രണത്തിലായിരുന്നില്ല. ഈ കാരണം കൊണ്ട്, അവന്‍ തന്റെ വേല ആരംഭിക്കുന്നതിനു മുമ്പ്, ജഡത്തിലുള്ള തന്റെ വേല നടപ്പിലാക്കുവാന്‍ പ്രാപ്തനാകുന്ന അത്രയും അളവിലുള്ള സാധാരണ മനുഷ്യത്വവും ഒരു സാധാരണ മനുഷ്യന്റെ സാമാന്യബോധവും ഉണ്ടായിരിക്കേണ്ടത് അവന് തികച്ചും അനിവാര്യമായിരുന്നു. അവന്‍ ആ വേലയ്ക്കു പ്രാപ്തനല്ലായിരുന്നുവെങ്കില്‍ അങ്ങനെ ആകുന്നതു വരെയും അവന്‍ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യേണ്ടത് ആവശ്യമായി വരുമായിരുന്നു. ഏഴോ എട്ടോ വയസ്സില്‍ യേശു തന്റെ ശുശ്രൂഷ ആരംഭിച്ചിരുന്നുവെങ്കില്‍ മനുഷ്യര്‍ അവനെ ഒരു അത്ഭുതബാലനായി കണക്കാക്കുമായിരുന്നില്ലേ? എല്ലാ ആളുകളും അവന്‍ ഒരു ശിശുവാണെന്ന് കരുതുമായിരുന്നില്ലേ? അവന്‍ പറയുന്നത് ആരു വിശ്വസിക്കുമായിരുന്നു? ഏഴോ എട്ടോ വയസ്സുള്ള, തനിക്കു മുന്നിലെ പ്രസംഗപീഠത്തെക്കാള്‍ കൂടുതല്‍ ഉയരമില്ലാത്ത കുട്ടി—പ്രസംഗിക്കാന്‍ അവന്‍ പാകമായിട്ടുണ്ടാകുമായിരുന്നോ? അവന്റെ സാധാരണ മനുഷ്യത്വം പക്വത പ്രാപിക്കുന്നതിനു മുമ്പ്, അവന്‍ ആ ജോലിക്കു പാകമായിരുന്നില്ല. അപ്പോഴും അപക്വമായിരുന്ന അവന്റെ മനുഷ്യത്വത്തെ സംബന്ധിച്ചിടത്തോളം അവന്റെ വേലയില്‍ അധികഭാഗവും, നിര്‍വഹിക്കുവാന്‍ സാധിക്കാത്തതായിരുന്നു. ജഡത്തിലുള്ള ദൈവാത്മാവിന്റെ പ്രവൃത്തിയും അതിന്റെ സ്വന്തം തത്ത്വങ്ങളാല്‍ ഭരിക്കപ്പെടുന്നതാണ്. സാധാരണ മനുഷ്യത്വത്താൽ സജ്ജനായിക്കഴിഞ്ഞാൽ മാത്രമേ അവനു വേല ചെയ്യുവാനും പിതാവിന്റെ അധികാരം ഏറ്റെടുക്കുവാനും സാധിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ അവനു തന്റെ വേല ആരംഭിക്കുവാന്‍ സാധിക്കുകയുള്ളൂ. ബാല്യകാലത്ത്, പുരാതനകാലത്തു സംഭവിച്ച അധികം കാര്യങ്ങളെക്കുറിച്ചും ഒന്നുംതന്നെ ഗ്രഹിക്കുവാന്‍ യേശുവിന് സാധിച്ചിരുന്നില്ല; സുനഗോഗിലെ മതഗുരുക്കന്മാരോടു ചോദിച്ചിട്ടാണ് അവന്‍ മനസ്സിലാക്കിയത്. സംസാരിക്കുവാന്‍ പഠിച്ച ഉടന്‍ തന്നെ അവന്‍ തന്റെ വേല ആരംഭിച്ചിരുന്നുവെങ്കില്‍, തെറ്റുവരുത്താതിരിക്കുവാന്‍ എങ്ങനെയാണ് അവനു സാധിക്കുമായിരുന്നത്? ദൈവത്തിന് അബദ്ധം പറ്റുക സാധ്യമാണോ? അതിനാല്‍, വേല ചെയ്യുവാന്‍ പ്രാപ്തനായതിനു ശേഷം മാത്രമാണ് അവന്‍ തന്റെ വേല ആരംഭിച്ചത്. തന്റെ വേല ഏറ്റെടുക്കുന്നതിന് പൂര്‍ണമായും പ്രാപ്തനാകുന്നതുവരെ അവന്‍ യാതൊരു വേലയും നിർവഹിച്ചില്ല. 29-ആം വയസ്സില്‍, യേശു വളരെയധികം പക്വമതിയും അവന്റെ മനുഷ്യത്വം അവന്‍ ചെയ്യുവാന്‍ പോകുന്ന വേല ഏറ്റെടുക്കുവാന്‍ പര്യാപ്തവുമായിരുന്നു. അതിനുശേഷം മാത്രമാണ് ദൈവാത്മാവ് അവനില്‍ ഔദ്യോഗികമായി പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചത്. ആ സമയത്ത്, അവനൊരു വഴി തുറന്നുകൊടുക്കുവാനായി യോഹന്നാന്‍ ഏഴു വര്‍ഷം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു; അവന്റെ വേല പര്യവസാനിച്ചതോടെ അവന്‍ കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടു. അപ്പോള്‍ ഭാരം മുഴുവനായും യേശുവിന്റെ ചുമലിലായി. 21-മത്തെയോ 22-മത്തെയോ വയസ്സില്‍ യുവത്വത്തിലേക്ക് കാലെടുത്തുവച്ച ഉടന്‍, സ്വന്തം മനുഷ്യത്വം അപര്യാപ്തമായിരുന്ന, അനവധി കാര്യങ്ങള്‍ ഗ്രഹിക്കാതിരുന്ന ആ സമയത്ത് അവന്‍ തന്റെ വേല ആരംഭിച്ചിരുന്നെങ്കില്‍, നിയന്ത്രണമേറ്റെടുക്കുവാന്‍ അവനു സാധിക്കുമായിരുന്നില്ല. ആ സമയത്ത്, യേശു തന്റെ വേല ആരംഭിക്കുമ്പോള്‍ യോഹന്നാന്‍ അവന്റെ വേല ആരംഭിച്ച് അല്പകാലം ആയിക്കഴിഞ്ഞിരുന്നു. അപ്പോഴേക്കും യേശു മധ്യവയസ്സിലെത്തിയിരുന്നു. ആ പ്രായത്തില്‍, അവന്‍ ചെയ്യേണ്ടതായിട്ടുള്ള വേല ചെയ്യുവാന്‍ അവന്റെ സാധാരണ മനുഷ്യത്വം പര്യാപ്തമായിരുന്നു. ഇപ്പോള്‍, മനുഷ്യജന്മമെടുത്ത ദൈവത്തിനും സാധാരണ മനുഷ്യത്വമുണ്ട്. നിങ്ങളില്‍ പ്രായമായവരുമായി താരതമ്യം ചെയ്യുമ്പോള്‍ പക്വതയില്‍ നിന്നും അവന്‍ വളരെ അകലെയാണെങ്കിലും അവന്റെ വേല ചെയ്യുവാന്‍ ഈ മനുഷ്യത്വം ഇപ്പോള്‍ തന്നെ പര്യാപ്തമാണ്. ഇന്നത്തെ വേലയെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ മുഴുവനായും യേശുവിന്റെ സമയത്തുള്ളവയോടു സമാനമല്ല. എന്തുകൊണ്ടാണ് യേശു പന്ത്രണ്ട് അപ്പോസ്തോലന്മാരെ തിരഞ്ഞെടുത്തത്? അതെല്ലാം അവന്റെ വേലയ്ക്കു സഹായകമാകുവാന്‍ വേണ്ടിയും അതിനു യോജിച്ച രീതിയിലും ആയിരുന്നു. ഒരു തരത്തില്‍, ആ സമയത്തെ അവന്റെ വേലയ്ക്ക് അടിസ്ഥാനമിടുന്നതിനു വേണ്ടിയായിരുന്നു അവ. മറ്റൊരു തരത്തിലോ, തുടര്‍ന്നു വരുന്ന ദിവസങ്ങളിലെ അവന്റെ വേലയ്ക്ക് അടിസ്ഥാനമിടുന്നതിനു വേണ്ടിയും. ആ സമയത്തെ വേലയ്ക്കനുസൃതമായി പന്ത്രണ്ട് അപ്പോസ്തോലന്മാരെ തിരഞ്ഞെടുക്കുക എന്നത് യേശുവിന്റെ ഹിതമായിരുന്നു; കാരണം അതു ദൈവത്തിന്റെ തന്നെ ഹിതമായിരുന്നു. താന്‍ പന്ത്രണ്ട് അപ്പോസ്തോലന്മാരെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും എല്ലായിടത്തും പ്രസംഗിക്കുന്നതിനായി അവർക്കു മാർഗനിർദേശം നൽകേണ്ടതുണ്ടെന്നും അവന്‍ വിശ്വസിച്ചു. പക്ഷേ ഇന്ന് നിങ്ങള്‍ക്കിടയില്‍ അതിന്റെ ആവശ്യമില്ല! മനുഷ്യജന്മമെടുത്ത ദൈവം ജഡത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മനുഷ്യനു മനസ്സിലാകാത്ത ധാരാളം തത്ത്വങ്ങളും സംഗതികളുമുണ്ട്. അവനെ വിവേചിക്കുവാന്‍, അല്ലെങ്കില്‍ ദൈവത്തോട് അമിതമായ ആവശ്യങ്ങള്‍ ഉന്നയിക്കുവാന്‍ മനുഷ്യന്‍ തുടര്‍ച്ചയായി സ്വന്തം ധാരണകളെ ഉപയോഗിക്കുന്നു. എന്നിരുന്നാലും, തങ്ങളുടെ അറിവ് എന്നത് സ്വന്തം ധാരണകള്‍ മാത്രം കൂടിച്ചേര്‍ന്നതാണെന്ന് കുറെ ആളുകള്‍ ഒട്ടും തിരിച്ചറിയുന്നില്ല. ദൈവം മനുഷ്യാവതാരമെടുക്കുന്ന കാലം അല്ലെങ്കില്‍ സ്ഥലം ഏതായാലും ജഡത്തിലെ അവന്റെ വേലയുടെ തത്ത്വങ്ങള്‍ മാറാതിരിക്കുന്നു. മനുഷ്യജന്മമെടുക്കുവാനും അതേസമയം തന്റെ വേലയില്‍ ജഡശരീരത്തിന് അതീതനാകുവാനും അവനു സാധിക്കുകയില്ല. മനുഷ്യജന്മമെടുത്തിട്ട് ജഡശരീരത്തിന്റെ സാധാരണ മനുഷ്യത്വത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുവാനും അവനു സാധിക്കില്ല. അല്ലെങ്കില്‍ ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെ പ്രാധാന്യം ഇല്ലാതാകുകയും വചനം ജഡത്തില്‍ പ്രത്യക്ഷപ്പെട്ടതു പൂര്‍ണമായി അര്‍ഥരഹിതമാകുകയും ചെയ്യും. എന്നുതന്നെയല്ല, സ്വര്‍ഗത്തിലെ പിതാവിന് (ആത്മാവ്) മാത്രമേ ദൈവത്തിന്റെ മനുഷ്യാവതാരത്തെപ്പറ്റി അറിയൂ; മറ്റാര്‍ക്കും, ദൈവത്തിന്റെ മനുഷ്യാവതാരത്തിനു പോലുമോ സ്വര്‍ഗത്തിലെ ദൂതന്മാര്‍ക്കോ അതറിയില്ല. അങ്ങനെയാകുമ്പോള്‍, ജഡത്തിലുള്ള ദൈവത്തിന്റെ വേല കൂടുതല്‍ സാധാരണമാകുന്നു; വചനം തീര്‍ച്ചയായും മനുഷ്യജന്മമെടുത്തു എന്നും മനുഷ്യജന്മം എന്നതുകൊണ്ട് സാമാന്യനായ ഒരു സാധാരണ മനുഷ്യന്‍ എന്നാണ് ഉദ്ദേശിക്കുന്നത് എന്നും കൂടുതല്‍ നന്നായി വ്യക്തമാക്കുവാന്‍ ഉതകുകയും ചെയ്യുന്നു.

“ദൈവം തന്നെ പുതുയുഗം ആരംഭിക്കേണ്ടതിന്റെ ആവശ്യം എന്താണ്? അവനു പകരം, സൃഷ്ടിക്കപ്പെട്ട ഒന്നിന് അതു സാധിക്കുകയില്ലേ?” എന്നു ചിലര്‍ ചിന്തിച്ചേക്കാം. ദൈവം മനുഷ്യജന്മമെടുക്കുന്നത് പുതുയുഗം ആരംഭിക്കുക എന്ന ഉദ്ദേശ്യത്തിനു വേണ്ടിയാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. തീര്‍ച്ചയായും, പുതുയുഗം ആരംഭിക്കുന്നതോടൊപ്പം തന്നെ അവന്‍ പഴയ യുഗം ഉപസംഹരിച്ചിട്ടുമുണ്ടാകും. ദൈവമാണ് ആദിയും അന്തവും; അവന്‍ തന്നെയാണ് അവന്റെ വേല ആരംഭിക്കുന്നത്. അതുകൊണ്ട് മുമ്പത്തെ യുഗം ഉപസംഹരിക്കുന്നതും അവന്‍ തന്നെയായിരിക്കണം. സാത്താനെ അവന്‍ തോല്പിച്ചതിന്റെയും ലോകത്തെ അവന്‍ കീഴടക്കിയതിന്റെയും തെളിവാണ് അത്. ഓരോ തവണയും അവന്‍ സ്വയം മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതൊരു പുതിയ പോരാട്ടത്തിന്റെ തുടക്കമാണ്. ഒരു പുതിയ വേലയുടെ ആരംഭമില്ലാതെ സ്വാഭാവികമായും പഴയതിനു പര്യവസാനം ഉണ്ടാകില്ല. പഴയതിന്റെ പര്യവസാനം ഉണ്ടാകാതിരിക്കുമ്പോള്‍, സാത്താനുമായുള്ള യുദ്ധം അതുവരെയും അവസാനിച്ചിട്ടില്ല എന്നാണ് അതു സൂചിപ്പിക്കുന്നത്. ദൈവം തന്നെ വരികയും മനുഷ്യര്‍ക്കിടയില്‍ പുതിയ വേല ചെയ്യുകയും ചെയ്താല്‍ മാത്രമേ സാത്താന്റെ ആധിപത്യത്തില്‍ നിന്നും പൂര്‍ണമായും മനുഷ്യനു മുക്തി നേടുവാനും ഒരു പുതിയ ജീവിതവും ഒരു പുതിയ ആരംഭവും നേടുവാനും സാധിക്കുകയുള്ളൂ. അല്ലെങ്കില്‍, മനുഷ്യന്‍ എന്നേക്കും പഴയ യുഗത്തിലും എന്നേക്കും സാത്താന്റെ പഴയ സ്വാധീനത്തിനു കീഴിലും ജീവിക്കേണ്ടിവരും. ദൈവത്താല്‍ നയിക്കപ്പെടുന്ന ഓരോ യുഗത്തിലും, മനുഷ്യന്റെ ഒരു ഭാഗം സ്വാതന്ത്ര്യം നേടുകയും ദൈവത്തിന്റെ വേലയോടൊപ്പം മനുഷ്യന്‍ പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വിജയം ദൈവത്തെ അനുഗമിക്കുന്ന എല്ലാവരുടെയും വിജയമാണ്. യുഗം പര്യവസാനിപ്പിക്കുന്ന ഉത്തരവാദിത്വം സൃഷ്ടിക്കപ്പെട്ട മനുഷ്യവര്‍ഗത്തെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ അതു നടപ്പിലാക്കുന്നതു മനുഷ്യന്റെയോ സാത്താന്റെയോ കാഴ്ചപ്പാടില്‍ നിന്നാകുമായിരുന്നു. അത് ദൈവത്തെ എതിര്‍ക്കുകയോ വഞ്ചിക്കുകയോ ചെയ്യുന്ന പ്രവൃത്തിയാകുകയും ചെയ്യുമായിരുന്നു. അതു ദൈവത്തോടുള്ള അനുസരണത്തിന്റേതാകുകയില്ല. മനുഷ്യന്റെ പ്രവൃത്തി സാത്താന് ഒരു ഉപകരണമാകുകയും ചെയ്യും. ദൈവം ആരംഭിക്കുന്ന യുഗത്തില്‍ മനുഷ്യന്‍ ദൈവത്തെ അനുസരിക്കുകയും അനുഗമിക്കുകയും ചെയ്തെങ്കില്‍ മാത്രമേ സാത്താന് പൂര്‍ണമായും ബോധ്യമാകുകയുള്ളൂ. കാരണം ഇതാണ് സൃഷ്ടിക്കപ്പെട്ട ഒന്നിന്റെ കടമ. അതിനാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ അനുഗമിക്കുകയും അനുസരിക്കുകയും മാത്രമേ വേണ്ടതുള്ളൂ. അതില്‍ കൂടുതലൊന്നും നിങ്ങളില്‍ നിന്നും ആവശ്യപ്പെടുന്നില്ല. ഇതാണ് ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കുകയും ഓരോരുത്തരും സ്വന്തം ധര്‍മം നിര്‍വഹിക്കുകയും ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവം സ്വന്തം വേല ചെയ്യുന്നു; അവനു പകരം മനുഷ്യന്‍ അതു ചെയ്യേണ്ട ആവശ്യമില്ല; സൃഷ്ടിക്കപ്പെട്ടവയുടെ വേലയില്‍ ദൈവം ഭാഗഭാക്കാകുന്നുമില്ല. മനുഷ്യന്‍ അവന്റെ സ്വന്തം കടമ ചെയ്യുന്നു; ദൈവത്തിന്റെ പ്രവൃത്തിയില്‍ പങ്കെടുക്കുന്നുമില്ല. ഇതുമാത്രമാണ് അനുസരണവും സാത്താന്റെ തോല്‍വിയുടെ തെളിവും. ദൈവം തന്നെ പുതുയുഗത്തിന് ആരംഭം കുറിച്ചു കഴിഞ്ഞതിനു ശേഷം പിന്നെയവന്‍ ഒരിക്കലും മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാനായി ഇറങ്ങിവരുന്നില്ല. അപ്പോള്‍ മാത്രമാണു മനുഷ്യന്‍ ഔദ്യോഗികമായി പുതുയുഗത്തിലേക്ക് കാലെടുത്തു വയ്ക്കുകയും അവന്റെ കടമ നിര്‍വഹിക്കുകയും സൃഷ്ടിക്കപ്പെട്ട ഒന്ന് എന്ന നിലയിലുള്ള സ്വന്തം ദൗത്യം നിര്‍വഹിക്കുകയും ചെയ്യുന്നത്. ഇവയാണ് ദൈവത്തിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍; ആര്‍ക്കും അവ ലംഘിക്കുവാന്‍ സാധിക്കുകയില്ല. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നതു മാത്രമാണ് വിവേകവും യുക്തിയും. ദൈവത്തിന്റെ വേല ദൈവം തന്നെയാണ് ചെയ്യേണ്ടത്. അവനാണ് തന്റെ വേല ആരംഭിക്കുന്നതും അത് അവസാനിപ്പിക്കുന്നതും. അവനാണു വേല ആസൂത്രണം ചെയ്യുന്നതും അതു നിയന്ത്രിക്കുന്നതും അതിലുപരി ആ വേലയെ ഫലവത്താക്കുന്നതും. ബൈബിളില്‍ പറഞ്ഞിരിക്കുന്നതുപോലെ, “ഞാന്‍ ആദിയും അന്തവും ആകുന്നു; വിതയ്ക്കുന്നവനും കൊയ്യുന്നവനും ഞാന്‍ തന്നെ.” ദൈവത്തിന്റെ കാര്യനിര്‍വഹണവുമായി ബന്ധപ്പെട്ടതെല്ലാം ദൈവം തന്നെയാണു ചെയ്യുന്നത്. ആറായിരം വര്‍ഷത്തെ കാര്യനിര്‍വഹണ പദ്ധതിയുടെ അധിപന്‍ അവനാണ്; അവന്റെ സ്ഥാനത്തു വേറാര്‍ക്കും അവന്റെ വേല ചെയ്യുവാന്‍ സാധിക്കില്ല; ആര്‍ക്കും അവന്റെ പദ്ധതി ഉപസംഹരിക്കുവാനും സാധിക്കുകയില്ല. കാരണം എല്ലാം അവന്റെ കരങ്ങളിലാണ്. ഈ ലോകം സൃഷ്ടിച്ചത് അവനായതിനാൽ, ഈ ലോകം മുഴുവനെയും തന്റെ പ്രകാശത്തില്‍ ജീവിക്കുവാനായി അവന്‍ നയിക്കും. മുഴുവന്‍ യുഗത്തെയും അവന്‍ പര്യവസാനിപ്പിക്കുകയും അങ്ങനെ തന്റെ മുഴുവന്‍ പദ്ധതിയെയും ഫലമണിയിക്കുകയും ചെയ്യും!

മുമ്പത്തേത്: ദൈവ വേലയുടെ ദര്‍ശനം (3)

അടുത്തത്: ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (2)

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക