ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (2)

യേശു യെഹൂദ്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ വളരെ പരസ്യമായിട്ടാണ് അവനതു ചെയ്തത്. പക്ഷേ ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതു രഹസ്യമായിട്ടാണ്. അവിശ്വാസികള്‍ ഇതിനെപ്പറ്റി തീര്‍ത്തും അജ്ഞരാണ്. നിങ്ങള്‍ക്കിടയിലുള്ള എന്റെ വേല പുറത്തുനിന്നുള്ളവരെ സംബന്ധിച്ചിടത്തോളം അടഞ്ഞതാണ്. ഈ വചനങ്ങളും ശാസനകളും ന്യായവിധികളും നിങ്ങള്‍ക്കല്ലാതെ വേറാര്‍ക്കും അറിയില്ല. ഈ വേലയെല്ലാം നിങ്ങള്‍ക്കിടയിലാണു നിര്‍വഹിക്കപ്പെടുന്നത്. നിങ്ങള്‍ക്കു മാത്രമാണു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. അവിശ്വാസികള്‍ക്കിടയില്‍ ആര്‍ക്കും ഇതറിയില്ല. കാരണം സമയം ഇപ്പോഴും ആഗതമായിട്ടില്ല. ഇവിടെയുള്ള ആളുകള്‍ ശാസനകൾ അനുഭവിച്ചതിനു ശേഷം പൂര്‍ണരാക്കപ്പെടുന്നതിനു തൊട്ടടുത്തെത്തിയിരിക്കുകയാണ്. പക്ഷേ പുറത്തുള്ളവര്‍ക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ല. ഈ വേല വളരെയധികം ഗുപ്തമാണ്! അവര്‍ക്ക് ദൈവം മനുഷ്യജന്മമെടുത്തു എന്നതറിയില്ല. പക്ഷേ ഈ പ്രവാഹത്തിലുള്ളവര്‍ക്ക് അവന്‍ മറഞ്ഞിരിക്കുന്നില്ല എന്നു പറയാം. ദൈവത്തില്‍ എല്ലാം പരസ്യമാണെങ്കിലും എല്ലാം വെളിപ്പെടുത്തപ്പെട്ടവയാണെങ്കിലും എല്ലാം സ്വതന്ത്രമാണെങ്കിലും, അവനില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചു മാത്രമേ ഇതു സത്യമാകുന്നുള്ളൂ. മറ്റുള്ളവരെ, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം, അവരെ ഒന്നും അറിയിച്ചിട്ടില്ല. നിങ്ങള്‍ക്കിടയിലും ചൈനയിലും ഇപ്പോള്‍ ചെയ്യുന്ന വേല അവര്‍ അറിയാതിരിക്കുന്നതിനായി കര്‍ശനമായി അടയ്ക്കപ്പെട്ടതാണ്. അവര്‍ ഈ വേലയെക്കുറിച്ച് അറിഞ്ഞാല്‍ ആകെ അവര്‍ ചെയ്യുക അതിനെ അപലപിക്കുകയും പീഡകള്‍ക്കു വിധേയരാക്കുകയുമാണ്. അവര്‍ അതില്‍ വിശ്വസിക്കുകയില്ല. ചുവന്ന മഹാവ്യാളിയുടെ ദേശത്ത്, ഏറ്റവും പിന്നാക്കമായ ഈ സ്ഥലത്ത് വേല ചെയ്യുകയെന്നാല്‍ എളുപ്പമുള്ള ജോലിയല്ല. ഈ വേല പരസ്യമായി ചെയ്താല്‍, അതു തുടരുകയെന്നത് അസാധ്യമായിത്തീരും. പ്രവൃത്തിയുടെ ഈ ഘട്ടം ഈ സ്ഥലത്തു നിര്‍വഹിക്കുവാന്‍ സാധിക്കില്ല, അത്ര തന്നെ. ഈ വേല പരസ്യമായി ചെയ്യുകയാണെങ്കില്‍ എങ്ങനെയാണ് അതു തുടര്‍ന്നുകൊണ്ടുപോകുവാന്‍ അവര്‍ക്ക് അനുവദിക്കാനാകുക? അത് വേലയെ കൂടുതല്‍ അപകടത്തിലാക്കില്ലേ? ഈ വേല രഹസ്യമാക്കി വച്ചില്ലെങ്കില്‍, പകരം യേശുവിന്റെ കാലത്ത് അവന്‍ പരസ്യമായി രോഗികളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തതുപോലെ നടപ്പിലാക്കിയെങ്കില്‍, അതു വളരെ മുമ്പുതന്നെ പിശാചുക്കളുടെ “ബന്ധനത്തിൽ” ആയിട്ടുണ്ടാകുമായിരുന്നില്ലേ? അവര്‍ക്കു ദൈവത്തിന്റെ അസ്തിത്വത്തോടു സഹിഷ്ണുത കാണിക്കുവാനാകുമോ? എനിക്കിപ്പോള്‍ മനുഷ്യരോടു പ്രസംഗിക്കുവാനും അവരെ പഠിപ്പിക്കുവാനുമായി സുനഗോഗുകളില്‍ പ്രവേശിക്കേണ്ടതുണ്ടായിരുന്നു എങ്കില്‍ വളരെ മുമ്പുതന്നെ ഞാന്‍ പല കഷണങ്ങളായി വെട്ടിമുറിക്കപ്പെടുമായിരുന്നില്ലേ? അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എങ്ങനെയാണ് എന്റെ വേല മുന്നോട്ടു കൊണ്ടുപോകുവാന്‍ എനിക്കു സാധിക്കുമായിരുന്നത്? അടയാളങ്ങളും അത്ഭുതങ്ങളും ഒട്ടും തന്നെ പരസ്യമായി പ്രകടമാക്കാത്തത് മറച്ചുവയ്ക്കാന്‍ വേണ്ടിയാണ്. അതുകൊണ്ട് അവിശ്വാസികള്‍ക്ക് എന്റെ വേല കാണുവാനോ അറിയുവാനോ അല്ലെങ്കില്‍ കണ്ടെത്തുവാനോ സാധിക്കില്ല. കൃപായുഗത്തിലെ യേശുവിന്റെ വേല പോലെയായിരുന്നു ഈ വേലയും ചെയ്യേണ്ടിയിരുന്നത് എങ്കില്‍ ഇപ്പോഴത്തേതു പോലെ അതത്ര സ്ഥിരത കൈവരിക്കുമായിരുന്നില്ല. അതുകൊണ്ട്, ഈ തരത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുക എന്നതു നിങ്ങള്‍ക്കും വേലയ്ക്കു മുഴുവനും ഗുണകരമാണ്. ഭൂമിയില്‍ ദൈവത്തിന്റെ വേല സമാപ്തിയിലെത്തുമ്പോൾ, അതായത് ഈ രഹസ്യവേല അവസാനിക്കുമ്പോള്‍, വേലയുടെ ഈ ഘട്ടം പരസ്യമാക്കപ്പെടും. ചൈനയില്‍, അതിജീവിക്കുന്നവരുടെ ഒരു കൂട്ടമുണ്ടെന്ന് അപ്പോള്‍ എല്ലാവരും അറിയും. മനുഷ്യജന്മമെടുത്ത ദൈവം ചൈനയിലാണുള്ളതെന്നും അവന്റെ വേല പരിസമാപ്തിയിലെത്തിയെന്നും എല്ലാവരും അറിയും. അപ്പോള്‍ മാത്രമേ മനുഷ്യര്‍ ഇതു തിരിച്ചറിയുകയുള്ളൂ: എന്തുകൊണ്ടാണ് ചൈന ഇനിയും അധോഗതിയോ തകര്‍ച്ചയോ പ്രകടമാക്കാത്തതെന്ന്. ദൈവം ചൈനയില്‍ നേരിട്ടു തന്റെ പ്രവൃത്തി ചെയ്യുകയാണെന്നും അവന്‍ ഒരു കൂട്ടം ആളുകളെ അതിജീവിക്കുന്നവരായി പരിപൂര്‍ണരാക്കിയിരിക്കുന്നുവെന്നും വ്യക്തമാക്കുന്നതാണിത്.

മനുഷ്യജന്മമെടുത്ത ദൈവം വ്യക്തിപരമായി തന്റെ വേല ചെയ്യുന്ന കാലഘട്ടത്തില്‍ അവനെ പിന്തുടരുന്ന ഒരു വിഭാഗം മനുഷ്യര്‍ക്കു മാത്രമേ സ്വയം പ്രത്യക്ഷനാകുന്നുള്ളൂ, അല്ലാതെ എല്ലാ സൃഷ്ടികള്‍ക്കുമില്ല. തന്റെ വേലയുടെ ഒരു ഘട്ടം മാത്രം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയാണ് അവന്‍ മനുഷ്യനായത്, തന്റെ രൂപം മനുഷ്യരെ കാണിക്കുവാന്‍ വേണ്ടിയല്ല. എന്നിരുന്നാലും, അവന്റെ പ്രവൃത്തി അവന്‍ സ്വയം ചെയ്യേണ്ടതാണ്. അതിനാല്‍ മനുഷ്യനായിക്കൊണ്ട് അതു ചെയ്യേണ്ടത് അവന് ആവശ്യമാണ്. ഈ വേല അവസാനിക്കുമ്പോള്‍ അവന്‍ ഈ മനുഷ്യലോകം വിട്ടുപോകും. വരാനിരിക്കുന്ന വേലയ്ക്കു തടസ്സമാകും എന്നതിനാൽ വളരെക്കാലം അവനു മനുഷ്യര്‍ക്കിടയില്‍ തുടരാന്‍ സാധിക്കില്ല. പുരുഷാരത്തിന് അവൻ വെളിവാക്കുന്നത് തന്റെ നീതിപൂര്‍ണമായ പ്രകൃതവും എല്ലാ പ്രവൃത്തികളും മാത്രമാണ്. അല്ലാതെ രണ്ടുതവണ അവന്‍ മനുഷ്യരൂപമെടുത്തപ്പോഴത്തെ രൂപമല്ല. കാരണം ദൈവത്തിന്റെ രൂപം അവന്റെ പ്രകൃതത്തിലൂടെ മാത്രമേ കാണിക്കുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യജന്മമെടുത്ത അവന്റെ രൂപത്തിന് അതിനു പകരമാകുവാന്‍ സാധിക്കില്ല. മനുഷ്യരൂപത്തില്‍ അവന്‍ വേല ചെയ്യുന്ന സമയത്ത് അവനെ അനുഗമിക്കുന്ന പരിമിതമായ എണ്ണം ആളുകള്‍ക്കു മാത്രമേ അവന്റെ മനുഷ്യജന്മമെടുത്ത രൂപം പ്രകടമാക്കുന്നുള്ളൂ. അതുകൊണ്ടാണ് ഇപ്പോള്‍ നിര്‍വഹിക്കപ്പെടുന്ന വേല രഹസ്യമായി നിര്‍വഹിക്കപ്പെടുന്നത്. ഇതേ തരത്തില്‍ യേശു തന്റെ വേല ചെയ്തുകൊണ്ടിരുന്നപ്പോള്‍ യെഹൂദന്മാര്‍ക്കു മാത്രമായിരുന്നു അവന്‍ സ്വയം വെളിപ്പെടുത്തിയത്. വേറെ ഒരു ജനതയ്ക്കും അവൻ പരസ്യമായി സ്വയം പ്രത്യക്ഷനായില്ല. അങ്ങനെ, തന്റെ വേല പൂര്‍ത്തിയാക്കിയപ്പോള്‍ അവന്‍ യഥാവിധി മനുഷ്യലോകം വിട്ടുപോയി. പിന്നെയവന്‍ ഇവിടെ നിന്നില്ല. അതിനുശേഷം അവനല്ല, ഈ മനുഷ്യരൂപമല്ല, സ്വയം മനുഷ്യര്‍ക്കു പ്രത്യക്ഷനായത്, മറിച്ച്, നേരിട്ടു വേല ചെയ്ത പരിശുദ്ധാത്മാവാണ്. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേല പൂര്‍ണമായി അവസാനിച്ചാല്‍ അവന്‍ ഈ മർത്യലോകം വിട്ടുപോകും. പിന്നീടൊരിക്കലും മനുഷ്യനായിരുന്ന സമയത്തു ചെയ്ത പ്രവൃത്തിക്കു സമാനമായ ഒരു പ്രവൃത്തി അവന്‍ ചെയ്യില്ല. അതിനുശേഷം എല്ലാ പ്രവൃത്തിയും പരിശുദ്ധാത്മാവാണു നേരിട്ടു ചെയ്യുന്നത്. ഈ കാലഘട്ടത്തില്‍ മനുഷ്യര്‍ക്ക് അവന്റെ ജഡശരീരത്തിന്റെ രൂപം കാണുവാന്‍ സാധിക്കില്ല. അവന്‍ ഒരിക്കലും മനുഷ്യനു മുമ്പില്‍ സ്വയം പ്രത്യക്ഷനാകുന്നില്ല. മറിച്ച്, എന്നേക്കുമായി മറഞ്ഞിരിക്കുന്നു. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേലയ്ക്കുള്ള സമയം പരിമിതമാണ്. ഒരു പ്രത്യേക യുഗത്തില്‍, കാലഘട്ടത്തില്‍, രാജ്യത്ത്, ഒരു പ്രത്യേകവിഭാഗം ജനത്തിനിടയിലാണ് അതു നിര്‍വഹിക്കപ്പെടുന്നത്. ഈ വേല ദൈവം മനുഷ്യജന്മമെടുത്ത കാലഘട്ടത്തിലെ വേലയെ മാത്രമേ പ്രതിനിധാനം ചെയ്യുന്നുള്ളൂ. അത് ആ യുഗത്തിനു മാത്രം പ്രത്യേകമായി ഉള്ളതാണ്. ഒരു പ്രത്യേകയുഗത്തിലെ ദൈവാത്മാവിന്റെ പ്രവര്‍ത്തനത്തെയാണ് അതു കാണിക്കുന്നത്. അല്ലാതെ അവന്റെ വേല മുഴുവനെയുമല്ല. അതിനാല്‍, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ രൂപം എല്ലാ മനുഷ്യര്‍ക്കും ദൃശ്യമാകുന്നില്ല. ദൈവത്തിന്റെ നീതിയും അവന്റെ സമ്പൂര്‍ണ പ്രകൃതവുമാണ് അനവധിയായ ജനങ്ങള്‍ക്ക് ദൃശ്യമാകുന്നത്. അല്ലാതെ രണ്ടു തവണ അവന്‍ മനുഷ്യനായപ്പോഴുള്ള അവന്റെ രൂപമല്ല. ഒരൊറ്റ രൂപമോ രണ്ടു രൂപങ്ങളും ഒരുമിച്ചോ അല്ല മനുഷ്യര്‍ക്കു ദൃശ്യമാകുന്നത്. അതിനാല്‍ അവന്‍ ചെയ്യേണ്ടതായിട്ടുള്ള വേല പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ മനുഷ്യജന്മമെടുത്ത ദൈവത്തിന് ഈ ഭൂമി വിട്ടു പോകണമെന്നുള്ളത് അനിവാര്യമാണ്. കാരണം അവന്‍ ചെയ്യേണ്ടതായിട്ടുള്ള വേല ചെയ്യുന്നതിനു മാത്രമായിട്ടാണ് അവന്‍ വരുന്നത്, അല്ലാതെ ആളുകള്‍ക്ക് അവന്റെ രൂപം കാണിച്ചുകൊടുക്കുവാന്‍ വേണ്ടിയല്ല. ദൈവം മനുഷ്യനായി ജനിച്ചതിന്റെ പ്രാധാന്യം രണ്ടുതവണ മനുഷ്യജന്മമെടുത്തതിലൂടെ ദൈവം ഇതിനകം നിറവേറ്റി. എന്നിരുന്നാലും, അവനെ മുമ്പൊരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത ഒരു രാജ്യത്തിനും അവന്‍ പരസ്യമായി സ്വയം വെളിപ്പെടുത്തുകയില്ല. യേശു ഇനി ഒരിക്കലും യെഹൂദന്മാര്‍ക്ക് നീതിസൂര്യനായി സ്വയം പ്രത്യക്ഷപ്പെടുകയില്ല, ഒലിവുമല കയറി എല്ലാ മനുഷ്യര്‍ക്കും പ്രത്യക്ഷനാകുകയുമില്ല. യെഹൂദന്മാർ ആകെ കണ്ടിട്ടുള്ളത് യെഹൂദ്യയില്‍ അവന്‍ ഉണ്ടായിരുന്ന സമയത്തെ യേശുവിന്റെ ഛായാചിത്രം മാത്രമാണ്. കാരണം യേശുവിന്റെ മനുഷ്യാവതാരത്തിലുള്ള വേല രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിച്ചു. ഒരു യെഹൂദന്‍റെ രൂപത്തില്‍ അവന്‍ ഇനി യെഹൂദ്യയിലേക്കു മടങ്ങില്ല. അത്രപോലും ഒരു യെഹൂദന്‍റെ രൂപത്തില്‍ വിജാതീയരാജ്യങ്ങളില്‍ പ്രത്യക്ഷനാകുകയുമില്ല. കാരണം മനുഷ്യജന്മമെടുത്ത യേശുവിന്റെ രൂപം ഒരു യെഹൂദന്‍റെ രൂപം മാത്രമാണ്, അല്ലാതെ യോഹന്നാന്‍ കണ്ട മനുഷ്യപുത്രന്റെ രൂപമല്ല. തന്നെ അനുഗമിച്ചവരോടു താന്‍ വീണ്ടും വരുമെന്ന് യേശു വാഗ്ദാനം ചെയ്തെങ്കിലും വിജാതീയരാജ്യങ്ങളിൽ ഉള്ളവർക്കെല്ലാം ഒരു യെഹൂദന്‍റെ രൂപത്തില്‍ അവന്‍ വെറുതെ പ്രത്യക്ഷനാകുകയില്ല. ഒരു പുതിയ യുഗം ആരംഭിക്കുവാന്‍ വേണ്ടിയുള്ളതാണ് മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേല എന്നു നിങ്ങള്‍ മനസ്സിലാക്കണം. ഈ വേല ഏതാനും വർഷത്തേക്കായി പരിമിതപ്പെടുത്തിയതാണ്, അവന് ദൈവാത്മാവിന്റെ എല്ലാ പ്രവൃത്തിയും പൂര്‍ത്തിയാക്കുവാന്‍ സാധിക്കില്ല. ഇതുപോലെ, യെഹൂദനായിട്ടുള്ള യേശുവിന്റെ രൂപത്തിന് ദൈവം യെഹൂദ്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സമയത്തുള്ള അവന്റെ രൂപത്തെ മാത്രമേ പ്രതിനിധാനം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ, കുരിശുമരണത്തിന്റെ വേല മാത്രമേ അവനു ചെയ്യാന്‍ സാധിച്ചുള്ളൂ. യേശു മനുഷ്യജന്മമെടുത്ത കാലഘട്ടത്തില്‍ യുഗത്തിനു പര്യവസാനം കൊണ്ടുവരുന്ന വേലയോ മനുഷ്യവര്‍ഗത്തെ നശിപ്പിക്കുന്ന വേലയോ അവനു ചെയ്യുവാന്‍ സാധിച്ചില്ല. അതുകൊണ്ട് കുരിശില്‍ മരിക്കുകയും തന്റെ വേല പൂര്‍ത്തിയാക്കുകയും ചെയ്തതിനു ശേഷം അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്യുകയും എന്നെന്നേക്കുമായി മനുഷ്യരില്‍ നിന്നു മറഞ്ഞിരിക്കുകയും ചെയ്തു. അപ്പോള്‍ മുതല്‍ വിജാതീയരാജ്യങ്ങളില്‍ നിന്നുള്ള ആ വിശ്വസ്തരായ വിശ്വാസികള്‍ക്ക് അവര്‍ ചുവരില്‍ പതിപ്പിച്ച അവന്റെ ഛായാചിത്രമല്ലാതെ കര്‍ത്താവായ യേശുവിന്റെ രൂപം കാണുവാന്‍ സാധിക്കാതായി. ഈ ചിത്രമാകട്ടെ, മനുഷ്യന്‍ വരച്ച ഒന്നു മാത്രമാണ്. അല്ലാതെ ദൈവം സ്വയം മനുഷ്യനു വെളിപ്പെടുത്തിയ രൂപമല്ല. താൻ രണ്ടു തവണ മനുഷ്യജന്മമെടുത്ത രൂപത്തില്‍ ദൈവം പുരുഷാരത്തിന് പരസ്യമായി തന്നെത്തന്നെ വെളിപ്പെടുത്തില്ല. മനുഷ്യര്‍ക്കിടയില്‍ അവന്‍ ചെയ്യുന്ന വേല അവന്റെ പ്രകൃതം മനസ്സിലാക്കുവാന്‍ അവരെ അനുവദിക്കുന്നതിനു വേണ്ടിയുള്ളതാണ്. ഇതെല്ലാം മനുഷ്യനു കാണിച്ചുകൊടുക്കുന്നത് വ്യത്യസ്തയുഗങ്ങളിലെ വേല വഴിയാണ്, ദൈവം വെളിവാക്കിയ പ്രകൃതത്തിലൂടെയും അവന്‍ ചെയ്ത വേലയിലൂടെയുമാണ് അതു സാധ്യമാക്കുന്നത്, അല്ലാതെ, യേശുവിന്റെ പ്രത്യക്ഷമാകലിലൂടെയല്ല. എന്നുപറഞ്ഞാല്‍, ദൈവത്തിന്റെ രൂപം മനുഷ്യന് അറിവാകുന്നത് മനുഷ്യജന്മമെടുത്ത അവന്റെ രൂപത്തിലൂടെയല്ല, മറിച്ച് രൂപവും ആകൃതിയുമുള്ള മനുഷ്യജന്മമെടുത്ത ദൈവം നിര്‍വഹിക്കുന്ന വേലയിലൂടെയാണ്. കൂടാതെ, അവന്റെ വേലയിലൂടെയാണ് അവന്റെ രൂപം പ്രകടമാകുന്നതും അവന്റെ പ്രകൃതം അറിവാകുന്നതും. ഇതാണ് അവന്‍ ജഡത്തില്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന വേലയുടെ പ്രാധാന്യം.

രണ്ടു മനുഷ്യജന്മങ്ങളിലുമുള്ള ദൈവത്തിന്റെ വേലയ്ക്ക് അവസാനമാകുമ്പോള്‍ വിജാതീയരാജ്യങ്ങളിലുടനീളം അവന്‍ തന്റെ നീതിപൂര്‍ണമായ പ്രകൃതം പ്രത്യക്ഷമാക്കുവാന്‍ തുടങ്ങുകയും അങ്ങനെ അനവധിയായ മനുഷ്യരെ തന്റെ രൂപം കാണുവാന്‍ അനുവദിക്കുകയും ചെയ്യും. അവന്‍ തന്റെ പ്രകൃതം പ്രകടമാക്കുകയും ഇതുവഴി വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യരുടെ ഒടുക്കം വ്യക്തമാക്കുകയും ചെയ്യും. അങ്ങനെ പഴയയുഗത്തിനു പൂര്‍ണമായി ഒരു അന്ത്യം അവന്‍ കൊണ്ടുവരും. ജഡത്തിലുള്ള അവന്റെ വേല വളരെയധികം പ്രദേശങ്ങളിലെക്കൊന്നും വ്യാപിക്കാത്തതിന്റെ കാരണം (യേശു യെഹൂദ്യയില്‍ മാത്രം പ്രവര്‍ത്തിച്ചതുപോലെയും ഇന്നു ഞാന്‍ നിങ്ങള്‍ക്കിടയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതുപോലെയും) ജഡത്തിലുള്ള അവന്റെ വേലയ്ക്ക് അതിരുകളും പരിധികളും ഉണ്ട് എന്നതാണ്. സാമാന്യനായ ഒരു സാധാരണ മനുഷ്യന്റെ രൂപത്തില്‍ ഒരല്പകാലത്തെ വേലമാത്രമാണ് അവന്‍ നിര്‍വഹിക്കുന്നത്. അവന്‍ ഈ മനുഷ്യാവതാരത്തെ നിത്യതയുടെ വേല ചെയ്യുവാനോ വിജാതീയരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രത്യക്ഷനാകുന്ന വേല ചെയ്യുവാനോ ഉപയോഗിക്കുന്നില്ല. മനുഷ്യാവതാരത്തിലുള്ള വേലയ്ക്കു പരിമിതമായ വ്യാപ്തിയേ ഉണ്ടാകുകയുള്ളൂ (യെഹൂദ്യയില്‍ മാത്രമോ അല്ലെങ്കില്‍ നിങ്ങള്‍ക്കിടയില്‍ മാത്രമോ പ്രവര്‍ത്തിക്കുന്നതു പോലെ). പിന്നെ ഈ പരിധികള്‍ക്കുള്ളില്‍ നിര്‍വഹിക്കുന്ന വേലയിലൂടെ അതിന്റെ വ്യാപ്തി പിന്നീടു വിപുലീകരിക്കാവുന്നതാണ്. തീര്‍ച്ചയായും, വ്യാപനത്തിന്റെ ഈ വേല പരിശുദ്ധാത്മാവ് നേരിട്ടു നിര്‍വഹിക്കേണ്ടതാണ്. പിന്നെ അത് അവന്റെ മനുഷ്യാവതാരത്തിന്റെ വേലയായിരിക്കില്ല. കാരണം മനുഷ്യാവതാരത്തിലുള്ള വേലയ്ക്കു പരിധികളുണ്ട്, അത് പ്രപഞ്ചത്തിന്റെ എല്ലാ കോണിലേക്കും വ്യാപിക്കുന്നില്ല—അത് അസാധ്യമാണ്. മനുഷ്യാവതാരത്തിലുള്ള വേലയിലൂടെ അവന്റെ ആത്മാവ് തുടര്‍ന്നുവരുന്ന വേല നിര്‍വഹിക്കുന്നു. അതുകൊണ്ട്, മനുഷ്യാവതാരത്തിലുള്ള വേല ചില പരിധികള്‍ക്കുള്ളില്‍ നിര്‍വഹിക്കപ്പെടുന്ന പ്രാരംഭസ്വഭാവമുള്ള ഒരു പ്രവൃത്തിയാണ്. അതിനുശേഷം അവന്റെ ആത്മാവാണ് ഈ പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുന്നത്. അതിലുപരി കൂടുതല്‍ വിസ്തൃതമായ പരിധിയ്ക്കുള്ളിലാണ് അവൻ ഈ വേല ചെയ്യുന്നത്.

ഈ ഭൂമിയില്‍ ദൈവം ചെയ്യാനായി വരുന്ന വേല യുഗത്തെ നയിക്കുക, ഒരു പുതുയുഗം ആരംഭിക്കുക, പഴയതിന് അന്ത്യം കുറിക്കുക എന്നതു മാത്രമാണ്. ഭൂമിയില്‍ ഒരു മനുഷ്യന്റെ ജീവിതം ജീവിച്ചുതീര്‍ക്കുവാനോ മനുഷ്യലോകത്തിലെ ജീവിതത്തിലുള്ള സുഖദുഃഖങ്ങള്‍ സ്വയം അനുഭവിച്ചറിയുവാനോ ഒരു പ്രത്യേക വ്യക്തിയെ സ്വന്തം കരങ്ങളാല്‍ പൂര്‍ണനാക്കുവാനോ അല്ലെങ്കില്‍ ഒരു പ്രത്യേകവ്യക്തിയുടെ വളര്‍ച്ച നേരിട്ടുകാണുവാനോ അല്ല അവന്‍ വന്നിരിക്കുന്നത്. ഇത് അവന്റെ വേലയല്ല. അവന്റെ വേല പുതുയുഗത്തിന് ആരംഭം കുറിക്കുക, പഴയതിന് അന്ത്യം കൊണ്ടുവരിക എന്നിവ മാത്രമാണ്. അതായത്, അവന്‍ നേരിട്ട് ഒരു പുതുയുഗം ആരംഭിക്കുകയും നേരിട്ടു പഴയതിന് ഒരവസാനം കൊണ്ടുവരികയും നേരിട്ടു തന്റെ വേല ചെയ്തുകൊണ്ട് സാത്താനെ തോല്‍പ്പിക്കുകയും ചെയ്യും. ഓരോ തവണയും അവന്‍ നേരിട്ടു തന്റെ വേല ചെയ്യുമ്പോൾ, അത് അവൻ യുദ്ധഭൂമിയില്‍ നിലയുറപ്പിക്കുന്നതു പോലെയാണ്. ആദ്യം, ജഡരൂപത്തിലായിരിക്കുമ്പോള്‍ അവന്‍ ലോകം കീഴടക്കുകയും സാത്താനുമേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു; എല്ലാ മഹത്ത്വവും അവന്‍ സ്വന്തമാക്കുകയും രണ്ടായിരം വര്‍ഷം നീണ്ട മുഴുവന്‍ വേലയുടെയും തിരശ്ശീല ഉയര്‍ത്തുകയും ചെയ്യുന്നു. അതുവഴി ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും മുന്നോട്ടുപോകുവാന്‍ ശരിയായ മാര്‍ഗവും ജീവിക്കുവാന്‍ ആനന്ദവും സമാധാനവും നിറഞ്ഞ ഒരു ജീവിതവും ഉണ്ടാകും. എന്നിരുന്നാലും ദൈവത്തിന് അധികകാലം മനുഷ്യനോടൊപ്പം ഭൂമിയില്‍ വസിക്കാന്‍ സാധിക്കുകയില്ല. കാരണം, എല്ലാറ്റിനുമുപരി ദൈവം ദൈവം തന്നെയാണ്, മനുഷ്യനെപ്പോലെയല്ല. അവന് ഒരു സാധാരണ മനുഷ്യന്റെ ആയുസ്സ് ജീവിച്ചുതീര്‍ക്കാനാകില്ല. അതായത് അവന് ഭൂമിയില്‍, പ്രത്യേകതകളൊന്നുമില്ലാത്ത ഒരു വ്യക്തിയായി ജീവിക്കുവാനാകില്ല. കാരണം, തന്റെ മനുഷ്യജീവിതം നിലനിര്‍ത്തുവാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ അളവിലുള്ള സാധാരണ മനുഷ്യന്‍റേതായ സാധാരണ മനുഷ്യത്വം മാത്രമേ അവനുള്ളൂ. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ എങ്ങനെയാണ് ദൈവത്തിനു ഭൂമിയില്‍ ഒരു കുടുംബം ആരംഭിക്കുവാനും ഒരു തൊഴില്‍ജീവിതം ഉണ്ടാകുവാനും കുട്ടികളെ വളര്‍ത്താനും സാധിക്കുക? അതവന് അപമാനമാകില്ലേ? സാധാരണ രീതിയില്‍ അവന്റെ വേല ചെയ്യുവാന്‍ വേണ്ടി മാത്രമാണ് അവനു സാധാരണ മനുഷ്യത്വമുള്ളത്. അല്ലാതെ ഒരു സാധാരണ മനുഷ്യനെപ്പോലെ കുടുംബവും ജോലിയും ഉണ്ടാകുവാന്‍ അവനെ പ്രാപ്തനാക്കുവാനല്ല. അവന്റെ സാധാരണ ബോധവും സാധാരണ മനസ്സും സാധാരണ ഭക്ഷണവും സാധാരണ വസ്ത്രവുമെല്ലാം അവനു സാധാരണ മനുഷ്യത്വമാണ് ഉള്ളത് എന്നു തെളിയിക്കാന്‍ പര്യാപ്തമാണ്. അവനു സാധാരണ മനുഷ്യത്വമാണ് ഉള്ളത് എന്നു കാണിക്കുവാന്‍ അവന് ഒരു കുടുംബമോ ജോലിയോ ആവശ്യമില്ല. ഇതു പൂര്‍ണമായും അനാവശ്യമായിരിക്കും! ദൈവം ഭൂമിയിലേക്കു വരിക എന്നാല്‍ വചനം മനുഷ്യനാകുക എന്നാണര്‍ഥം; അവന്‍ മനുഷ്യനെ തന്റെ വചനം മനസ്സിലാക്കുവാനും തന്റെ വചനം കാണുവാനും അനുവദിക്കുക മാത്രമാണ് ചെയ്യുന്നത്. അതായത്, ജഡത്താല്‍ നിര്‍വഹിക്കപ്പെടുന്ന വേല കാണുവാന്‍ മനുഷ്യനെ അനുവദിക്കുന്നു. അവന്റെ മനുഷ്യജന്മത്തെ ആളുകള്‍ ഒരു പ്രത്യേകരീതിയില്‍ പരിഗണിക്കണം എന്നതല്ല അവന്റെ ഉദ്ദേശ്യം. മറിച്ച്, അവസാനം വരെ മനുഷ്യന്‍ അനുസരണയുള്ളവനായിരിക്കുക എന്നതുമാത്രമാണ്. അതായത്, അവന്റെ വായിൽനിന്നു വരുന്ന എല്ലാ വചനങ്ങളും അനുസരിക്കുകയും അവന്‍ ചെയ്യുന്ന എല്ലാ വേലയ്ക്കും കീഴ്പെടുകയും ചെയ്യുക. അവന്‍ ജഡത്തില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്; തന്റെ മനുഷ്യ ജന്മത്തിന്റെ മഹത്ത്വത്തെയും വിശുദ്ധിയെയും സ്തുതിക്കുവാന്‍ അവന്‍ മനഃപൂര്‍വം മനുഷ്യനോട് ആവശ്യപ്പെടുന്നില്ല. പകരം അവന്‍ മനുഷ്യനെ തന്റെ വേലയിലെ ജ്ഞാനവും അവന്‍ കയ്യാളുന്ന അധികാരവും കാണിച്ചുകൊടുക്കുന്നു. അതിനാല്‍ അവനു സവിശേഷമായ ഒരു മനുഷ്യത്വം ഉണ്ടെങ്കിലും അവനതു വിളംബരം ചെയ്യുന്നില്ല, താന്‍ ചെയ്യേണ്ടതായിട്ടുള്ള വേലയില്‍ ശ്രദ്ധിക്കുക മാത്രം ചെയ്യുന്നു. ദൈവം മനുഷ്യജന്മമെടുത്തിട്ടും എന്തുകൊണ്ടാണ് അവന്‍ തന്റെ സാധാരണ മനുഷ്യത്വത്തെ പരസ്യമാക്കുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്യാതെ താൻ ചെയ്യാന്‍ ആഗ്രഹിക്കുന്ന വേല നിർവഹിക്കുക മാത്രം ചെയ്യുന്നതെന്ന് നിങ്ങള്‍ അറിയണം. അതുകൊണ്ട്, മനുഷ്യജന്മമെടുത്ത ദൈവത്തില്‍ നിന്നും നിങ്ങള്‍ക്കാകെ കാണുവാന്‍ സാധിക്കുന്നത് ദൈവികമായി അവന്‍ എന്താണ് എന്നതു മാത്രമാണ്. കാരണം മനുഷ്യന് അനുകരിക്കുവാനായി മാനുഷികമായി താന്‍ എന്താണ് എന്നത് അവന്‍ ഒരിക്കലും പരസ്യപ്പെടുത്തുന്നില്ല. മനുഷ്യനാണ്, മറ്റുള്ളവരെ നയിക്കുമ്പോള്‍ താന്‍ മാനുഷികമായി എന്താണ് എന്നതിനെപ്പറ്റി പറയാറ്; അവരുടെ മതിപ്പും വിധേയത്വവും നേടുന്നതിനും അങ്ങനെ മറ്റുള്ളവരുടെ മേൽ നേതൃത്വം നേടിയെടുക്കുന്നതിനും വേണ്ടിയാണത്. അതിനു വിപരീതമായി ദൈവം മനുഷ്യനെ കീഴടക്കുന്നത് തന്റെ വേലയിലൂടെ മാത്രമാണ് (അതായത്, മനുഷ്യനു ചെയ്യുവാന്‍ അസാധ്യമായ വേല); ദൈവം മനുഷ്യരാല്‍ സ്തുതി ക്കപ്പെടുന്നതിന്റെയോ ദൈവത്തെ ആരാധിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നതിന്റെയോ ചോദ്യം അവിടെ ഉദിക്കുന്നില്ല. മനുഷ്യനുള്ളില്‍ ഭയഭക്തിയുടേതായ ഒരു വികാരം ഉണർത്തുകയോ തന്റെ അഗോചരതയെക്കുറിച്ച് ഒരു ബോധം ഉളവാക്കുകയോ മാത്രമാണ് അവന്‍ ചെയ്യുന്നത്. ദൈവത്തിനു മനുഷ്യന്റെ മതിപ്പു നേടേണ്ട ആവശ്യമില്ല. ഒരിക്കല്‍ നീ അവന്റെ പ്രകൃതം ദര്‍ശിച്ചുകഴിഞ്ഞാല്‍ നീ അവനോട് ഭയഭക്തി കാട്ടണം എന്നതു മാത്രമാണ് അവന് ആവശ്യമുള്ളത്. ദൈവം ചെയ്യുന്ന വേല അവന്റെ സ്വന്തമാണ്; അവനു പകരം മനുഷ്യന് അതു ചെയ്യാന്‍ സാധിക്കില്ല, അതു നേടിയെടുക്കാൻ മനുഷ്യന് കഴിയുകയുമില്ല. ദൈവത്തിനു മാത്രമേ സ്വന്തം വേല ചെയ്യുവാനും പുതിയ ജീവിതത്തിലേക്ക് മനുഷ്യനെ നയിക്കുന്നതിനായി ഒരു പുതുയുഗം ആരംഭിക്കുവാനും സാധിക്കുകയുള്ളൂ. അവന്‍ ചെയ്യുന്ന വേല ഒരു പുതിയ ജീവിതം നേടുവാനും ഒരു പുതിയ യുഗത്തിലേക്കു പ്രവേശിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുവാന്‍ വേണ്ടിയുള്ളതാണ്. ബാക്കിയുള്ള വേല മറ്റുള്ളവരാല്‍ പ്രശംസിക്കപ്പെടുന്ന സാധാരണ മനുഷ്യത്വമുള്ളവരെ ഏല്‍പ്പിച്ചിരിക്കുകയാണ്. അതിനാല്‍, കൃപായുഗത്തില്‍ അവന്‍ രണ്ടായിരം വര്‍ഷത്തെ വേല തന്റെ മനുഷ്യജന്മത്തിലുള്ള മുപ്പത്തിമൂന്നര വര്‍ഷത്തിനിടയിലെ വെറും മൂന്നര വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കി. ദൈവം തന്റെ വേല ചെയ്യുവാനായി ഭൂമിയിലേക്കു വരുമ്പോള്‍ അവന്‍ എല്ലായ്പ്പോഴും രണ്ടായിരം വര്‍ഷത്തെ വേല അല്ലെങ്കില്‍ ഒരു മുഴുവന്‍ യുഗത്തിലെയും വേല ഏതാനും വര്‍ഷങ്ങളുടെ ഒരു കുറഞ്ഞ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കുന്നു. അവന്‍ വൈകിക്കുന്നില്ല. അവന്‍ വേല നിര്‍ത്തുന്നില്ല. ഏതാനും കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനായി അവന്‍ അനേക വർഷത്തെ വേല സംക്ഷേപിക്കുക മാത്രം ചെയ്യുന്നു. കാരണം അവന്‍ നേരിട്ടു ചെയ്യുന്ന വേല മുഴുവനായും ഒരു പുതിയ മാര്‍ഗം തുറക്കുന്നതിനും ഒരു പുതിയ യുഗം നയിക്കുന്നതിനും വേണ്ടിയുള്ളതാണ്.

മുമ്പത്തേത്: ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (1)

അടുത്തത്: ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (3)

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക