ദൈവ വേലയുടെ ദര്‍ശനം (2)

കൃപായുഗത്തിലാണ് അനുതാപത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെട്ടത്. മനുഷ്യന്‍ വിശ്വസിച്ചാല്‍ രക്ഷ പ്രാപിക്കുമെന്ന് അത് വ്യവസ്ഥ ചെയ്തു. ഇന്ന് രക്ഷയുടെ സ്ഥാനത്ത്, ജയിച്ചടക്കലിന്റെയും പൂര്‍ണതയുടെയും സംസാരം മാത്രമേയുള്ളൂ. ഒരു വ്യക്തി വിശ്വസിച്ചാല്‍ അവന്റെ മുഴുവന്‍ കുടുംബവും അനുഗ്രഹിക്കപ്പെടുമെന്നും ഒരിക്കല്‍ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടിരിക്കുന്നെന്നും ഒരിക്കലും പറയപ്പെട്ടിട്ടില്ല. ഇന്ന്, ആരും ഈ വാക്കുകള്‍ പറയാറില്ല, അത്തരം കാര്യങ്ങള്‍ കാലഹരണപ്പെട്ടുകഴിഞ്ഞു. ആ സമയത്ത്, യേശുവിന്റെ പ്രവൃത്തി മുഴു മനുഷ്യവര്‍ഗത്തിനും രക്ഷ നല്‍കുന്ന പ്രവൃത്തിയായിരുന്നു. അവനില്‍ വിശ്വസിച്ച എല്ലാവരുടെയും പാപങ്ങള്‍ ക്ഷമിക്കപ്പെട്ടു. നീ അവനില്‍ വിശ്വസിക്കുന്ന കാലത്തോളം അവന്‍ നിന്നെ രക്ഷിക്കുമായിരുന്നു. നീ അവനില്‍ വിശ്വസിച്ചുകഴിഞ്ഞാൽ നീ ഒരു പാപിയായിരുന്നില്ല, പാപങ്ങളില്‍ നിന്നും മോചിക്കപ്പെട്ടിരുന്നു. ഇതാണ് രക്ഷിക്കപ്പെടുക, വിശ്വാസത്താല്‍ നീതീകരിക്കപ്പെടുക എന്നതുകൊണ്ട് അര്‍ഥമാക്കിയത്. എന്നിരുന്നാലും വിശ്വസിച്ചവരില്‍ നിഷേധവും ദൈവത്തോടുള്ള എതിർപ്പും ഉണ്ടായിരുന്നു, അവ സാവകാശം ഒഴിവാക്കപ്പെടേണ്ടിയിരുന്നു. രക്ഷ എന്നതിന്റെ അര്‍ഥം മനുഷ്യനെ യേശു പൂര്‍ണമായി വീണ്ടെടുത്തു എന്നതായിരുന്നില്ല. മറിച്ച്, മനുഷ്യന്‍ പിന്നെ പാപത്തിന്റേതായിരിക്കില്ല, അവന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരുന്നു എന്നായിരുന്നു. നീ വിശ്വസിച്ചെങ്കില്‍, നീ പിന്നെയൊരിക്കലും പാപത്തിന്റേതാകില്ല. ആ സമയത്ത്, ശിഷ്യന്‍മാര്‍ക്കു മനസ്സിലാകാത്ത അനവധി കാര്യങ്ങള്‍ യേശു പ്രവര്‍ത്തിക്കുകയും ആളുകള്‍ക്കു മനസ്സിലാകാത്ത അനവധി കാര്യങ്ങള്‍ പറയുകയും ചെയ്തു. കാരണം, ആ സമയത്ത്, അവന്‍ അവയ്ക്ക് ഒരു വിശദീകരണവും നല്‍കിയില്ല. അങ്ങനെ അവന്‍ പോയി പല വര്‍ഷങ്ങള്‍ കഴിഞ്ഞ് മത്തായി യേശുവിന്റെ ഒരു വംശാവലി തയ്യാറാക്കി. മനുഷ്യന്റെ ഇച്ഛാനുസരണം മറ്റുള്ളവരും ധാരാളം കാര്യങ്ങള്‍ എഴുതിവെച്ചു. മനുഷ്യനെ പൂര്‍ണനാക്കുവാനോ വീണ്ടെടുക്കാനോ അല്ല യേശു വന്നത്. മറിച്ച് പ്രവൃത്തിയുടെ ഒരു ഘട്ടം നിര്‍വഹിക്കുവാനാണ്: സ്വര്‍ഗരാജ്യത്തിന്റെ സുവിശേഷം അവതരിപ്പിക്കുകയും കുരിശുമരണം എന്ന പ്രവൃത്തി പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നതായിരുന്നു അത്. അതുകൊണ്ട്, യേശുവിന്റെ കുരിശുമരണത്തോടെ അവന്റെ പ്രവൃത്തി മുഴുവനായും പൂര്‍ത്തിയായി. പക്ഷേ ഇപ്പോഴത്തെ ഘട്ടത്തില്‍—കീഴടക്കലിന്റെ പ്രവൃത്തിയില്‍—കൂടുതല്‍ വചനങ്ങള്‍ പറയേണ്ടതുണ്ട്, കൂടുതല്‍ പ്രവൃത്തി ചെയ്യേണ്ടതുണ്ട്, കൂടുതല്‍ പ്രക്രിയകൾ ഉണ്ടായിരിക്കേണ്ടതുണ്ട്. അതുപോലെത്തന്നെ, യേശുവിന്റെയും യഹോവയുടെയും പ്രവൃത്തികളിലെ നിഗൂഢതകള്‍ അനാവരണം ചെയ്യപ്പെടേണ്ടതായിട്ടുണ്ട്. അപ്പോൾ എല്ലാവരുടെയും വിശ്വാസത്തില്‍ ഗ്രാഹ്യവും വ്യക്തതയും ഉണ്ടാകും. കാരണം ഇത് അന്ത്യനാളുകളിലെ പ്രവൃത്തിയാണ്. അന്ത്യനാളുകള്‍ ദൈവത്തിന്റെ പ്രവൃത്തിയുടെ അവസാനമാണ്, പ്രവൃത്തി അവസാനിക്കുന്ന സമയമാണ്. പ്രവൃത്തിയുടെ ഈ ഘട്ടം യഹോവയുടെ നിയമത്തെയും യേശുവിന്റെ വീണ്ടെടുക്കലിനെയും കുറിച്ചു നിങ്ങള്‍ക്കു വിശദീകരിച്ചുതരും. അതു പ്രധാനമായും നിങ്ങള്‍ ദൈവത്തിന്റെ ആറായിരം വര്‍ഷത്തെ നിര്‍വഹണ പദ്ധതി മനസ്സിലാക്കുന്നതിനും ഈ ആറായിരം വര്‍ഷത്തെ നിര്‍വഹണ പദ്ധതിയുടെ പ്രാധാന്യവും സത്തയും വിലമതിക്കുന്നതിനും യേശു ചെയ്ത എല്ലാ പ്രവൃത്തിയുടെയും അരുളിചെയ്ത വചനങ്ങളുടെയും ഉദ്ദേശ്യവും ബൈബിളിനോടുള്ള നിങ്ങളുടെ അന്ധമായ വിശ്വാസവും ഭക്തിയും മനസ്സിലാക്കുന്നതിനും വേണ്ടിയാണ്. ഇവയെല്ലാം വ്യക്തമായി മനസ്സിലാക്കുവാന്‍ അതു നിങ്ങളെ സഹായിക്കും. യേശു ചെയ്ത പ്രവൃത്തിയും ദൈവത്തിന്റെ ഇന്നത്തെ പ്രവൃത്തിയും നിങ്ങള്‍ മനസ്സിലാക്കും. മുഴു സത്യവും ജീവനും മാര്‍ഗവും നിങ്ങള്‍ മനസ്സിലാക്കുകയും ദര്‍ശിക്കുകയും ചെയ്യും. യേശു ചെയ്ത പ്രവൃത്തിയുടെ ഘട്ടത്തില്‍ എന്തുകൊണ്ടാണ് പരിസമാപ്തിയുടെ പ്രവൃത്തി ചെയ്യാതെ യേശു യാത്രയായത്? കാരണം യേശുവിന്റെ പ്രവൃത്തിയുടെ ഘട്ടം പരിസമാപ്തിയുടെ പ്രവൃത്തിയായിരുന്നില്ല. അവന്‍ കുരിശില്‍ തറയ്ക്കപ്പെട്ടപ്പോള്‍ അവന്റെ വചനങ്ങള്‍ക്ക് ഒരു അവസാനമായി. കുരിശുമരണശേഷം അവന്റെ പ്രവൃത്തി പൂര്‍ണമായും അവസാനിച്ചു. ഇപ്പോഴത്തെ ഘട്ടം വ്യത്യസ്തമാണ്: വചനങ്ങള്‍ അവസാനം വരെ പ്രഘോഷിക്കപ്പെടുകയും ദൈവത്തിന്റെ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാകുകയും ചെയ്തശേഷം മാത്രമേ അവന്റെ പ്രവൃത്തി അവസാനിക്കുകയുള്ളൂ. യേശുവിന്റെ പ്രവൃത്തിയുടെ ഘട്ടത്തില്‍ പറയപ്പെടാതിരുന്നതോ മുഴുവനായും വ്യക്തമാക്കപ്പെടാതിരുന്നതോ ആയ അനേകം വചനങ്ങള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും താന്‍ എന്താണു പറഞ്ഞതെന്നോ പറയാതിരുന്നതെന്നോ ആയിരുന്നില്ല യേശുവിനു വിഷയം. കാരണം അവന്റെ ശുശ്രൂഷ വചനത്തിന്റെ ശുശ്രൂഷ ആയിരുന്നില്ല. അതുകൊണ്ട്, കുരിശില്‍ തറയ്ക്കപ്പെട്ടശേഷം അവന്‍ യാത്രയായി. പ്രവൃത്തിയുടെ ആ ഘട്ടം പ്രധാനമായും കുരിശുമരണത്തിനു വേണ്ടിയുള്ളതായിരുന്നു, അത് ഇപ്പോഴത്തെ ഘട്ടം പോലെയല്ല. പ്രവൃത്തിയുടെ ഇപ്പോഴത്തെ ഘട്ടം പ്രധാനമായും പൂർത്തീകരണത്തിനു വേണ്ടിയാണ്, വെടിപ്പാക്കലിന് വേണ്ടിയാണ്. എല്ലാ പ്രവൃത്തിയും ഒരു പര്യവസാനത്തിലേക്കു കൊണ്ടുവരുന്നതിനു വേണ്ടിയാണ്. വചനങ്ങള്‍ അവസാനം വരെ പ്രഘോഷിക്കപ്പെടുന്നില്ലെങ്കില്‍ ഈ പ്രവൃത്തി അവസാനിപ്പിക്കുന്നതിനു വഴിയൊന്നുമുണ്ടാകില്ല. കാരണം, പ്രവൃത്തിയുടെ ഈ ഘട്ടത്തില്‍ എല്ലാ പ്രവൃത്തിയും അവസാനിപ്പിക്കുന്നതും നിവർത്തിക്കുന്നതും വചനങ്ങള്‍ വഴിയാണ്. ആ സമയത്ത്, മനുഷ്യനു ദുര്‍ഗ്രഹമായിരുന്ന അനേകം പ്രവൃത്തികള്‍ യേശു ചെയ്തു. അവന്‍ നിശബ്ദമായി വിടവാങ്ങി. പക്ഷേ, ഇന്നും അവന്റെ വചനങ്ങള്‍ മനസ്സിലാക്കാത്ത അനവധി പേരുണ്ട്. അവരുടെ ഗ്രാഹ്യം തെറ്റാണെങ്കിലും അവരിപ്പോഴും വിശ്വസിക്കുന്നത് അതു ശരിയാണ് എന്നാണ്. അതു തെറ്റാണെന്ന് അവർക്ക് ഇപ്പോഴും അറിയില്ല. തെറ്റാണെന്ന് അവര്‍ അറിയുന്നുമില്ല. അവസാനം ഈ ഘട്ടം ദൈവത്തിന്റെ പ്രവൃത്തിക്കു പൂര്‍ണമായ ഒരു പര്യവസാനം കൊണ്ടുവരുകയും അതിന് ഒരു പര്യവസാനം നൽകുകയും ചെയ്യും. എല്ലാവരും ദൈവത്തിന്റെ നിര്‍വഹണപദ്ധതിയെ കുറിച്ച് അറിയുകയും മനസ്സിലാക്കുകയും ചെയ്യും. മനുഷ്യന്റെ ഉള്ളിലെ സങ്കല്പങ്ങൾ, അവന്റെ ഉദ്ദേശ്യങ്ങള്‍, അവന്റെ തെറ്റായ ഗ്രാഹ്യം, യഹോവയുടെയും യേശുവിന്റെയും പ്രവൃത്തിയെ കുറിച്ചുള്ള അവന്റെ തെറ്റായ ധാരണകള്‍, വിജാതീയരെ കുറിച്ചുള്ള അവന്റെ കാഴ്ചപ്പാടുകള്‍, അവന്റെ മറ്റു അപഭ്രംശങ്ങളും തെറ്റുകളും എല്ലാം തിരുത്തപ്പെടും. മനുഷ്യന്‍ ജീവിതത്തിന്റെ എല്ലാ ശരിയായ പാതകളും ദൈവം ചെയ്ത പ്രവൃത്തിയും മുഴുവന്‍ സത്യവും മനസ്സിലാക്കും. അതു സംഭവിക്കുമ്പോള്‍, പ്രവൃത്തിയുടെ ഈ ഘട്ടം പര്യവസാനിക്കും. യഹോവയുടെ പ്രവൃത്തി ലോകത്തിന്റെ സൃഷ്ടിയായിരുന്നു, അതു തുടക്കമായിരുന്നു. പ്രവൃത്തിയുടെ ഈ ഘട്ടം പ്രവൃത്തിയുടെ അവസാനമാണ്. അതു പരിസമാപ്തിയാണ്. തുടക്കത്തില്‍ ദൈവത്തിന്റെ പ്രവൃത്തി ഇസ്രായേലിലെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഇടയിലാണ് നിര്‍വഹിക്കപ്പെട്ടത്. എല്ലാ സ്ഥലങ്ങളിലും വെച്ച് ഏറ്റവും വിശുദ്ധമായ ഈ സ്ഥലത്ത് അത് പുതിയൊരു യുഗപ്പിറവി ആയിരുന്നു. ലോകത്തെ വിധിക്കുവാനും യുഗത്തിന് ഒരു പരിസമാപ്തി കൊണ്ടുവരുന്നതിനുമായി അവസാന ഘട്ടത്തിലെ പ്രവൃത്തി എല്ലാ രാജ്യങ്ങളിലും വെച്ച് ഏറ്റവും അശുദ്ധമായ ദേശത്താണ് നിര്‍വഹിക്കപ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ ഏറ്റവും പ്രദീപ്തമായ ഇടത്തിലാണ് ദൈവത്തിന്റെ പ്രവൃത്തി നിര്‍വഹിക്കപ്പെട്ടത്. അവസാനഘട്ടം നിര്‍വഹിക്കപ്പെടുന്നതാകട്ടെ, എല്ലാ സ്ഥലങ്ങളിലും വച്ച് ഏറ്റവും അന്ധകാരം നിറഞ്ഞയിടത്തും. ഈ അന്ധകാരം ആട്ടിയകറ്റപ്പെടുകയും പ്രകാശം ആഗതമാകുകയും എല്ലാ മനുഷ്യരും ജിയിച്ചടക്കപ്പെടുകയും ചെയ്യും. എല്ലാ സ്ഥലങ്ങളിലും വച്ച് ഏറ്റവും അശുദ്ധവും അന്ധകാരം നിറഞ്ഞതുമായ ഈ ഇടത്തിലെ ആളുകള്‍ കീഴടക്കപ്പെട്ടുകഴിഞ്ഞാല്‍, മുഴുവന്‍ ജനങ്ങളും സത്യദൈവമായ ഒരു ദൈവം ഉണ്ട് എന്നത് അംഗീകരിച്ചു കഴിഞ്ഞാല്‍, ഓരോ വ്യക്തിക്കും അത് പൂര്‍ണമായി ബോധ്യപ്പെട്ടുകഴിഞ്ഞാല്‍, പ്രപഞ്ചം മുഴുവനും കീഴടക്കലിന്റെ പ്രവൃത്തി നിര്‍വഹിക്കുവാനായി ഈ വസ്തുത ഉപയോഗിക്കപ്പെടും. പ്രവൃത്തിയുടെ ഈ ഘട്ടം പ്രതീകാത്മകമാണ്: ഒരിക്കല്‍ ഈ ഘട്ടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ആറായിരം വര്‍ഷത്തെ നിര്‍വഹണ പ്രവൃത്തി പൂര്‍ണമായി അവസാനിക്കും. ഏറ്റവും അന്ധകാരം നിറഞ്ഞ ഈ സ്ഥലം കീഴടക്കപ്പെട്ടുകഴിഞ്ഞാല്‍, എല്ലായിടവും അങ്ങനെയായിത്തീരും എന്നു പ്രത്യേകം എടുത്തു പറയേണ്ടതില്ല. ഇപ്പോള്‍ ചൈനയെ കീഴടക്കുന്ന പ്രവൃത്തിക്കു മാത്രമേ അര്‍ഥപൂര്‍ണമായ പ്രതീകാത്മകത ഉള്ളൂ. ചൈന അന്ധകാരത്തിന്റെ എല്ലാ ശക്തികളെയും പ്രതിനിധാനം ചെയ്യുന്നു. ജഡസ്വഭാവമുള്ള, സാത്താന്റേതായ, മാംസവും രക്തവുമുള്ള എല്ലാവരെയുമാണ് ചൈനയിലെ ജനങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ചൈനയിലെ ജനങ്ങളാണ് ചുവന്ന മഹാസര്‍പ്പത്താല്‍ ഏറ്റവുമധികം ദുഷിക്കപ്പെട്ടിരിക്കുന്നത്. അവരാണു ദൈവത്തോട് ഏറ്റവും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. അവരുടെ മനുഷ്യത്വമാണ് ഏറ്റവും നീചവും അശുദ്ധവുമായിരിക്കുന്നത്. അതുകൊണ്ട്, ദുഷിച്ച മുഴു മനുഷ്യരുടെയും പ്രതീകമാണ് അവര്‍. മറ്റു രാജ്യങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഒന്നുമില്ല എന്നല്ല ഇതിനര്‍ഥം. മനുഷ്യരുടെ സങ്കല്പങ്ങൾ എല്ലാം ഒരുപോലെയാണ്. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ നല്ല ശേഷിയുള്ളവര്‍ ആണെങ്കിലും, അവര്‍ ദൈവത്തെ അറിയുന്നില്ലെങ്കില്‍, അതിനര്‍ഥം അവര്‍ ദൈവത്തെ എതിര്‍ക്കുന്നു എന്നാണ്. എന്തുകൊണ്ടാണ് ജൂതന്മാരും ദൈവത്തെ എതിര്‍ക്കുകയും ചെറുക്കുകയും ചെയ്തത്? എന്തുകൊണ്ടാണു പരീശന്മാരും അവനെ എതിര്‍ത്തത്? എന്തുകൊണ്ടാണ് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തത്? ആ സമയത്ത്, കുറെ ശിഷ്യന്‍മാര്‍ക്ക് യേശുവിനെ അറിയില്ലായിരുന്നു. എന്തുകൊണ്ടാണ് യേശു മരിക്കുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തശേഷവും ആളുകള്‍ അവനില്‍ വിശ്വസിക്കാതിരുന്നത്? മനുഷ്യരുടെ അനുസരണക്കേട് എല്ലാം ഒന്നുപോലെയല്ലേ? ചൈനയിലെ ജനങ്ങളെ ഒരു ഉദാഹരണമാക്കി എന്നു മാത്രം. കീഴടക്കപ്പെടുമ്പോള്‍ അവരെല്ലാം മാതൃകകളും അനുകരണാപാത്രങ്ങളും ആയിത്തീരുകയും മറ്റുള്ളവര്‍ക്ക് നല്ല ഉദാഹരണമായി വർത്തിക്കുകയും ചെയ്യും. എന്റെ കാര്യനിര്‍വഹണ പദ്ധതിക്കു നിങ്ങളൊരു അനുബന്ധമാണെന്ന് എല്ലായ്പ്പോഴും ഞാന്‍ പറഞ്ഞിട്ടുള്ളത് എന്തുകൊണ്ടാണ്? ചൈനയിലെ ജനങ്ങളിലാണ് ദുഷിപ്പും അശുദ്ധിയും അനീതിയും എതിര്‍പ്പും നിഷേധാത്മകതയും ഏറ്റവും പൂര്‍ണമായും വ്യത്യസ്ത രൂപങ്ങളിലും പ്രകടമായിരിക്കുന്നതും വെളിപ്പെട്ടിരിക്കുന്നതും. ഒരു വശത്ത് അവര്‍ കഴിവുകെട്ടവരാണെങ്കില്‍ മറുവശത്ത് അവരുടെ ജീവിതവും മനഃസ്ഥിതിയും പുരോഗമിക്കാത്ത അവസ്ഥയിൽ ഉള്ളതും അവരുടെ ശീലങ്ങളും സാമൂഹികാന്തരീക്ഷവും ജനിച്ച കുടുംബവും എല്ലാം മോശവും ഏറ്റവും പിന്നോക്കാവസ്ഥയിൽ ഉള്ളതുമാണ്. അവരുടെ സാമൂഹിക നില താഴ്ന്നതാണ്. ഈ സ്ഥലത്തെ പ്രവൃത്തി പ്രതീകാത്മകമാണ്. ഈ പരീക്ഷണപ്രവൃത്തി പൂര്‍ണമായി നിര്‍വഹിക്കപ്പെട്ടശേഷം, തുടര്‍ന്നുള്ള ദൈവത്തിന്റെ പ്രവൃത്തി ഏറെ മെച്ചമായി നടപ്പിലാകും. പ്രവൃത്തിയുടെ ഈ ഘട്ടം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചാല്‍, തുടര്‍ന്നുള്ള പ്രവൃത്തിയുടെ കാര്യം പറയേണ്ടതില്ല. പ്രവൃത്തിയുടെ ഈ ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞാൽ, വലിയ വിജയം പൂർണമായി നേടിക്കഴിഞ്ഞിരിക്കും. മുഴു പ്രപഞ്ചത്തിലും കീഴടക്കലിന്റെ പ്രവൃത്തി പൂര്‍ണമായും അവസാനിച്ചുകഴിഞ്ഞിരിക്കും. യഥാര്‍ഥത്തില്‍ നിങ്ങള്‍ക്കിടയിലുള്ള പ്രവൃത്തി വിജയകരമായാല്‍, ഇതു മുഴു പ്രപഞ്ചത്തിലെങ്ങുമുള്ള വിജയത്തിനു സമാനമായിരിക്കും. ഇതാണു നിങ്ങള്‍ എനിക്കായി ഒരു ഉദാഹരണവും മാതൃകയുമായി പ്രവര്‍ത്തിക്കുന്നതിന്റെ പ്രാധാന്യം. നിഷേധം, എതിര്‍പ്പ്, അശുദ്ധി, അനീതി—ഇതെല്ലാം ഈ ജനങ്ങളില്‍ കാണുവാന്‍ സാധിക്കും. മുഴു മനുഷ്യവര്‍ഗത്തിന്റെയും നിഷേധത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അവര്‍ തീര്‍ച്ചയായും പ്രത്യേകതയുള്ളവരാണ്. അങ്ങനെ കീഴടക്കലിന്റെ സംഗ്രഹമായിട്ടാണ് അവര്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. കീഴടക്കപ്പെട്ടുകഴിഞ്ഞാല്‍, സ്വാഭാവികമായും അവര്‍ മറ്റുള്ളവര്‍ക്ക് ഉദാഹരണവും മാതൃകയും ആയിത്തീരും. ഇസ്രയേലില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നതിനെക്കാള്‍ പ്രതീകാത്മകമായി വേറൊന്നുമുണ്ടായിരുന്നില്ല: ഇസ്രായേല്യര്‍ എല്ലാ ജനങ്ങളിലും വച്ച് ഏറ്റവും ശുദ്ധിയുള്ളവരും ദുഷിപ്പ് ഏറ്റവും കുറവുള്ളവരും ആയിരുന്നു. അതുകൊണ്ട് ഈ ദേശത്തു പുതുയുഗത്തിന്റെ പിറവിയ്ക്ക് അങ്ങേയറ്റം പ്രാധാന്യം ഉണ്ടായിരുന്നു. മനുഷ്യവര്‍ഗത്തിന്റെ പൂര്‍വികന്മാര്‍ ഇസ്രയേലില്‍ നിന്നാണു വന്നത് എന്നും ദൈവത്തിന്റെ പ്രവൃത്തിയുടെ ജന്‍മസ്ഥലമായിരുന്നു ഇസ്രയേല്‍ എന്നും പറയാം. തുടക്കത്തില്‍, ഈ ജനങ്ങള്‍ അങ്ങേയറ്റം വിശുദ്ധരായിരുന്നു. അവരെല്ലാം യഹോവയെ ആരാധിച്ചു. അവരിലെ ദൈവത്തിന്റെ പ്രവൃത്തിക്കു മഹത്തായ ഫലങ്ങള്‍ ഉളവാക്കുവാന്‍ സാധിച്ചു. മുഴു ബൈബിളും രണ്ടു യുഗങ്ങളിലെ പ്രവൃത്തിയുടെ രേഖയാണ്: ന്യായപ്രമാണയുഗത്തിലെ പ്രവൃത്തിയായിരുന്നു ഒന്ന്. കൃപായുഗത്തിലെ പ്രവൃത്തിയായിരുന്നു മറ്റൊന്ന്. പഴയനിയമം ഇസ്രയേല്യരോടുള്ള യഹോവയുടെ വചനങ്ങളും ഇസ്രായേലിലെ അവന്റെ പ്രവൃത്തിയുമാണ് രേഖപ്പെടുത്തുന്നത്. പുതിയ നിയമം രേഖപ്പെടുത്തുന്നത് യഹൂദയിലെ യേശുവിന്റെ പ്രവൃത്തിയെ കുറിച്ചാണ്. പക്ഷേ എന്തുകൊണ്ടാണ് ബൈബിളില്‍ ചൈനീസ് പേരുകളൊന്നും ഇല്ലാത്തത്? ദൈവത്തിന്റെ പ്രവൃത്തിയുടെ ആദ്യ രണ്ടു ഘട്ടങ്ങള്‍ ഇസ്രയേലിലാണ് പൂര്‍ത്തിയായത് എന്നതുകൊണ്ടാണത്. ഇസ്രായേലിലെ ജനങ്ങളായിരുന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്നതുകൊണ്ടാണത്—എന്നുപറഞ്ഞാല്‍ അവരായിരുന്നു യഹോവയുടെ പ്രവൃത്തികള്‍ ആദ്യമായി സ്വീകരിച്ചത്. മുഴു മനുഷ്യവര്‍ഗത്തിലും വെച്ച് ദുഷിപ്പ് ഏറ്റവും കുറവായിരുന്നവർ അവരായിരുന്നു. തുടക്കത്തില്‍, ദൈവത്തിലേക്കു നോക്കാനും അവനെ ആരാധിക്കാനുമുള്ള മനസ്സുള്ളവരായിരുന്നു അവര്‍. യഹോവയുടെ വചനങ്ങൾ അവര്‍ അനുസരിച്ചു. ദേവാലയത്തില്‍ എപ്പോഴും ശുശ്രൂഷ ചെയ്തു. പുരോഹിതവസ്ത്രങ്ങളും കിരീടങ്ങളും ധരിച്ചു. ഏറ്റവുമാദ്യം ദൈവത്തെ ആരാധിച്ചത് അവരായിരുന്നു. അവന്റെ പ്രവൃത്തിയുടെ ആദ്യ ഫലവും അവരായിരുന്നു. ഈ ആളുകള്‍ മുഴുവന്‍ മനുഷ്യവര്‍ഗത്തിനും അനുകരണാപാത്രങ്ങളും മാതൃകയുമായിരുന്നു. അവര്‍ വിശുദ്ധിയുടെയും നീതിയുടെയും അനുകരണാപാത്രങ്ങളും മാതൃകയുമായിരുന്നു. ഇയ്യോബ്, അബ്രഹാം, ലോത്ത്, പത്രോസ്, തിമൊഥെയോസ് എന്നിവരെപ്പോലെയുള്ളവര്‍—അവരെല്ലാം ഇസ്രയേല്യരായിരുന്നു. അനുകരണാപാത്രങ്ങളിലും മാതൃകകളിലും വെച്ച് ഏറ്റവും വിശുദ്ധരായിരുന്നു അവര്‍. മനുഷ്യര്‍വര്‍ഗത്തില്‍ വെച്ചു ദൈവത്തെ ആരാധിക്കുന്ന ഏറ്റവും ആദ്യത്തെ രാജ്യമായിരുന്നു ഇസ്രയേല്‍. മറ്റിടങ്ങളെക്കാള്‍ കൂടുതല്‍ നീതിമാന്മാര്‍ വന്നതും ഇവിടെ നിന്നായിരുന്നു. ഭാവിയില്‍ ഭൂമിയിലുടനീളമുള്ള മനുഷ്യരെ മെച്ചമായി കൈകാര്യം ചെയ്യുവാന്‍ വേണ്ടിയാണ് ദൈവം അവരില്‍ പ്രവര്‍ത്തിച്ചത്. അവരുടെ നേട്ടങ്ങളും അവർ യഹോവയെ ആരാധിച്ചതിലെ നീതിയും രേഖപ്പെടുത്തപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് കൃപായുഗത്തില്‍, ഇസ്രയേലിനു പുറത്തുള്ള ആളുകള്‍ക്കു അനുകരണാപാത്രങ്ങളും മാതൃകയുമായി പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്കു സാധിച്ചു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നുവരെയുള്ള ആയിരക്കണക്കിനു വര്‍ഷത്തെ പ്രവൃത്തിയാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്.

ലോകസ്ഥാപനത്തിനുശേഷം, ദൈവത്തിന്റെ പ്രവൃത്തിയുടെ ആദ്യഘട്ടം ഇസ്രായേലില്‍ നിര്‍വഹിക്കപ്പെട്ടു. അങ്ങനെ, ഇസ്രായേലായിരുന്നു ഭൂമിയില്‍ ദൈവത്തിന്റെ പ്രവൃത്തിയുടെ ഉദ്ഭവസ്ഥലവും ഭൂമിയിലെ ദൈവവേലയുടെ ആസ്ഥാനവും. യേശുവിന്റെ പ്രവൃത്തിയുടെ വ്യാപ്തി യഹൂദ്യ മുഴുവനുമായിരുന്നു. അവന്റെ പ്രവൃത്തിയുടെ സമയത്തു യഹൂദ്യയ്ക്കു പുറത്തുള്ള വളരെ കുറച്ചു പേരെ അതിനെപ്പറ്റി അറിഞ്ഞുള്ളൂ. യഹൂദ്യയ്ക്കു പുറത്ത് അവനൊരു പ്രവൃത്തിയും ചെയ്തില്ല. ഇന്ന്, ദൈവത്തിന്റെ പ്രവൃത്തി ചൈനയിലേക്കു എത്തിയിരിക്കുന്നു. അത് ഈ ഭാഗത്തു മാത്രമാണു നിര്‍വഹിക്കപ്പെടുന്നത്. ഈ ഘട്ടത്തില്‍ ചൈനയ്ക്കു പുറത്തു വേറൊരു പ്രവൃത്തിക്കും ആരംഭം കുറിക്കുന്നില്ല. ചൈനയ്ക്കു പുറത്തേക്കുള്ള അതിന്റെ വ്യാപനം നടക്കുന്നത് പിന്നീടാണ്. യേശുവിന്റെ പ്രവൃത്തിയുടെ ഘട്ടത്തില്‍ നിന്നും തുടരുന്നതാണ് പ്രവർത്തനത്തിന്റെ ഈ ഘട്ടം യേശു വീണ്ടെടുപ്പിന്റെ പ്രവൃത്തിയാണ് ചെയ്തത്. ഈ ഘട്ടത്തെ തുടർന്ന് വരുന്നതാണ് ഇപ്പോഴത്തെ ഘട്ടത്തിലെ പ്രവൃത്തി. വീണ്ടെടുപ്പിന്റെ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ ഘട്ടത്തില്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിക്കേണ്ട ആവശ്യമില്ല. കാരണം ഈ ഘട്ടത്തിലെ പ്രവൃത്തി മുന്‍ഘട്ടത്തിലെ പ്രവൃത്തി പോലെയല്ല. അതിലുപരി ഇസ്രയേല്‍ പോലെയല്ല ചൈന. യേശു നടപ്പിലാക്കിയ പ്രവൃത്തിയുടെ ഘട്ടം വീണ്ടെടുപ്പിന്റെ പ്രവൃത്തിയായിരുന്നു. മനുഷ്യന്‍ യേശുവിനെ ദര്‍ശിച്ചു. അധികം വൈകാതെ അവന്റെ പ്രവൃത്തി വിജാതീയര്‍ക്കിടയില്‍ വ്യാപിക്കുവാന്‍ തുടങ്ങി. ഇന്ന് ദൈവത്തില്‍ വിശ്വസിക്കുന്ന അനവധി പേര്‍ അമേരിക്കയിലും ബ്രിട്ടനിലും റഷ്യയിലുമുണ്ട്. എങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് ചൈനയില്‍ വിശ്വാസികളുടെ എണ്ണം അതിലും കുറവായത്? കാരണം ഏറ്റവും സങ്കുചിതമായ രാജ്യമാണ് ചൈന. ആ സ്ഥിതിക്ക്, ദൈവമാര്‍ഗം ഏറ്റവും അവസാനം സ്വീകരിച്ച രാജ്യമാണ് ചൈന. അതു സംഭവിച്ചിട്ട് നൂറു വര്‍ഷം പോലുമായിട്ടില്ല. അമേരിക്കയ്ക്കും ബ്രിട്ടനും ശേഷം വളരെ വൈകിയാണ് അതു സംഭവിച്ചത്. ദൈവത്തിന്റെ പ്രവൃത്തിയുടെ അവസാന ഘട്ടം ചൈനയില്‍ നിര്‍വഹിക്കപ്പെടുന്നത് അവന്റെ പ്രവൃത്തിയെ ഒരു പരിസമാപ്തിയിലേക്കു കൊണ്ടുവരാന്‍ വേണ്ടിയാണ്, അവന്റെ എല്ലാ പ്രവൃത്തിയും പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയാണ്. ഇസ്രായേല്‍ ജനമെല്ലാം യഹോവയെ അവരുടെ കർത്താവ് എന്നു വിളിച്ചു. ആ സമയത്ത്, അവര്‍ അവനെ തങ്ങളുടെ കുടുംബത്തിന്റെ നായകനായി കണ്ടു. ഇസ്രായേല്‍ മുഴുവനും തങ്ങളുടെ കര്‍ത്താവായ യഹോവയെ ആരാധിച്ച ഒരു വലിയ കുടുംബമായി മാറി. യഹോവയുടെ ആത്മാവ് പലപ്പോഴും അവര്‍ക്ക് പ്രത്യക്ഷപ്പെട്ടു. അവൻ അവരോടു സംസാരിക്കുകയും അവന്റെ ശബ്ദത്തിൽ അരുളിച്ചെയ്യുകയും അവർക്കു വഴികാട്ടിയായി ഒരു മേഘസ്തംഭത്തെയും ശബ്ദത്തെയും ഉപയോഗിക്കുകയും ചെയ്തു. ആ സമയത്ത് ആത്മാവ് ഇസ്രായേലിനു നേരിട്ടു തന്റെ മാര്‍ഗദര്‍ശനം നല്‍കി. അവന്റെ ശബ്ദം ആളുകളോടു സംസാരിക്കുകയും അരുളിചെയ്യുകയും ചെയ്തു. അവര്‍ മേഘങ്ങളെ കാണുകയും ഇടിമുഴക്കങ്ങള്‍ കേൾക്കുകയും ചെയ്തു. ഈ രീതിയില്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ അവന്‍ അവരുടെ ജീവിതത്തിൽ വഴികാട്ടിയായി വർത്തിച്ചു. അങ്ങനെ ഇസ്രായേലിലെ ജനങ്ങള്‍ മാത്രമാണു എപ്പോഴും യഹോവയെ ആരാധിച്ചിട്ടുള്ളത്. യഹോവ തങ്ങളുടെ ദൈവമാണെന്നും അവന്‍ വിജാതീയരുടെ ദൈവമല്ലെന്നും അവര്‍ വിശ്വസിക്കുന്നു. ഇതില്‍ അത്ഭുതമൊന്നുമില്ല: എന്തൊക്കെപ്പറഞ്ഞാലും യഹോവ ഏതാണ്ട് നാലായിരത്തോളം വര്‍ഷം അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നല്ലോ. ചൈനയില്‍, ആയിരക്കണക്കിനു വര്‍ഷങ്ങളുടെ നിദ്രാലസ്യത്തിനു ശേഷം, ഇപ്പോള്‍ മാത്രമാണു ഈ അധഃപതിച്ചവര്‍ ആകാശവും ഭൂമിയും എല്ലാ കാര്യങ്ങളും തനിയെ ഉണ്ടായതല്ലെന്നും സ്രഷ്ടാവ് ഉണ്ടാക്കിയതാണെന്നും അറിയുന്നത്. ഈ സുവിശേഷം വിദേശത്തുനിന്നു വന്നതിനാൽ അവരുടെ മാടമ്പികളും പ്രതികരിക്കുന്നവരും ചിന്തിക്കുന്നത് ഈ സുവിശേഷം സ്വീകരിക്കുന്നവര്‍ എല്ലാം രാജ്യദ്രോഹികള്‍ ആണെന്നാണ്, തങ്ങളുടെ പൂര്‍വികനായ ബുദ്ധനെ നിന്ദിച്ച നീചരാണ് എന്നാണ്. അതിലുപരി, അവരില്‍ പല മാടമ്പി മനസ്ഥിതിക്കാരും ചോദിക്കുന്നു, “എങ്ങനെയാണ് ചൈനക്കാര്‍ക്ക് വിദേശികളുടെ ദൈവത്തില്‍ വിശ്വസിക്കുവാന്‍ സാധിക്കുക? അവര്‍ തങ്ങളുടെ പൂര്‍വികരെ വഞ്ചിക്കുകയല്ലേ? അവര്‍ ചെയ്യുന്നതു തിന്മയല്ലേ?” ഇന്ന്, യഹോവ തങ്ങളുടെ ദൈവമാണെന്ന് പണ്ടേ ആളുകള്‍ മറന്നുകഴിഞ്ഞു. പണ്ടേ അവര്‍ സൃഷ്ടാവിനെ തങ്ങളുടെ മനസ്സിന്റെ പിന്നാമ്പുറത്തേക്കു തള്ളിയിരിക്കുന്നു. പകരം അവര്‍ പരിണാമസിദ്ധാന്തത്തില്‍, അതായത് മനുഷ്യന്‍ കുരങ്ങന്‍മാരില്‍നിന്നു പരിണമിച്ചുവെന്നും പ്രകൃതി തനിയെ ഉണ്ടായതാണെന്നും വിശ്വസിക്കുന്നു. മനുഷ്യവര്‍ഗം ആസ്വദിക്കുന്ന എല്ലാ നല്ല ഭക്ഷണവും പ്രകൃതി നല്‍കുന്നതാണ്. മനുഷ്യന്റെ ജീവിതത്തിനും മരണത്തിനും ഒരു ക്രമമുണ്ട്. ഇവയെയെല്ലാം ഭരിക്കുന്ന ഒരു ദൈവമില്ല. അതിലുപരി, ദൈവം എല്ലാറ്റിന്മേലും ഭരിക്കുന്നു എന്നത് ഒരു അന്ധവിശ്വാസമാണെന്നും അതിനു ശാസ്ത്രീയ അടിത്തറ ഇല്ലെന്നും വിശ്വസിക്കുന്ന നിരവധി നിരീശ്വരവാദികളുണ്ട്. പക്ഷേ ശാസ്ത്രത്തിനു ദൈവത്തിന്റെ പ്രവൃത്തിക്കു പകരമാകുവാന്‍ സാധിക്കുമോ? ശാസ്ത്രത്തിനു മനുഷ്യവര്‍ഗത്തെ ഭരിക്കുവാന്‍ സാധിക്കുമോ? നിരീശ്വരവാദം ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു രാജ്യത്തു സുവിശേഷം പ്രസംഗിക്കുക അത്ര എളുപ്പമുള്ള പണിയല്ല. അതില്‍ വളരെ വലിയ ദുര്‍ഘടങ്ങളുണ്ട്. ഇന്നു ഈ രീതിയില്‍ ദൈവത്തെ എതിര്‍ക്കുന്ന അനവധി പേരില്ലേ?

യേശു തന്റെ പ്രവൃത്തി ചെയ്യുവാനായി വന്നപ്പോള്‍ അനവധി പേര്‍ അവന്റെ പ്രവൃത്തിയെ യഹോവയുടെ പ്രവൃത്തിയുമായി താരതമ്യം ചെയ്തു. പൊരുത്തക്കേടുകള്‍ കണ്ട് അവര്‍ യേശുവിനെ കുരിശില്‍ തറച്ചു. രണ്ടു പേരുടെയും പ്രവൃത്തികളില്‍ അവര്‍ പൊരുത്തമൊന്നും കാണാതിരുന്നത് എന്തുകൊണ്ടാണ്? അതു ഭാഗികമായി യേശു പുതിയ പ്രവൃത്തി ചെയ്തതുകൊണ്ടായിരുന്നു. യേശു തന്റെ പ്രവൃത്തി തുടങ്ങുന്നതിനു മുമ്പ് ആരും അവന്റെ വംശാവലി രേഖപ്പെടുത്തിയിരുന്നില്ല എന്ന കാരണം കൊണ്ടു കൂടിയായിരുന്നു അത്. ആരെങ്കിലും അതു ചെയ്തിട്ടുണ്ടായിരുന്നെങ്കില്‍ അവിടെ ആകുലപ്പെടേണ്ട കാര്യമൊന്നുമുണ്ടാകുമായിരുന്നില്ല. അപ്പോള്‍പ്പിന്നെ ആര് യേശുവിനെ കുരിശില്‍ തറയ്ക്കുമായിരുന്നു? പല ദശാബ്ദങ്ങള്‍ നേരത്തെ മത്തായി യേശുവിന്റെ വംശാവലി എഴുതിയിരുന്നെങ്കില്‍ യേശുവിന് ഇത്രയും വലിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരില്ലായിരുന്നു. അങ്ങനെയല്ലേ? ആളുകള്‍ യേശുവിന്റെ വംശാവലി വായിച്ചയുടന്‍—അവന്‍ അബ്രഹാമിന്റെ പുത്രനാണെന്നും ദാവീദിന്റെ വേരാണെന്നും അറിഞ്ഞയുടന്‍—അവനെ പീഡിപ്പിക്കുന്നത് അവര്‍ അവസാനിപ്പിക്കുമായിരുന്നു. അവന്റെ വംശാവലി വൈകിയാണ് എഴുതിയത് എന്നത് എന്തു കഷ്ടമാണല്ലേ? അതുപോലെ ബൈബിള്‍ ദൈവത്തിന്റെ പ്രവൃത്തിയുടെ രണ്ടു ഘട്ടങ്ങള്‍ മാത്രമേ വിശദീകരിക്കുന്നുള്ളൂ എന്നതും എന്തു കഷ്ടമാണ്: ഒരു ഘട്ടത്തില്‍ ന്യായപ്രമാണയുഗത്തിലെ പ്രവൃത്തിയും മറ്റേതില്‍ കൃപായുഗത്തിലെ പ്രവൃത്തിയും. യഹോവയുടെ പ്രവൃത്തിയായിരുന്നു ഒരു ഘട്ടം, അതേസമയം യേശുവിന്റെ പ്രവൃത്തിയായിരുന്നു മറ്റേ ഘട്ടം. ഇന്നത്തെ പ്രവൃത്തിയെപ്പറ്റി ഒരു മഹാനായ പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ടായിരുന്നെങ്കില്‍ അതെത്ര നന്നാകുമായിരുന്നു. “അന്ത്യനാളുകളിലെ വേല” എന്ന ശീര്‍ഷകത്തില്‍ ബൈബിളില്‍ ഒരു അധിക ഭാഗം കൂടി ഉണ്ടായിരുന്നേനേ—എങ്കില്‍ അതു വളരെ നന്നാകുമായിരുന്നില്ലേ? മനുഷ്യൻ ഇന്ന് എന്തിന് ഇത്രയധികം ദുരിതങ്ങള്‍ക്കു വിധേയനാക്കപ്പെടണമായിരുന്നു? അത്ര ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണു നിങ്ങള്‍ കടന്നുപോയത്! ആരെങ്കിലും വെറുക്കപ്പെടാന്‍ അര്‍ഹരാണെങ്കില്‍ അത് യെശയ്യാവും ദാനിയേലുമാണ്—അന്ത്യനാളുകളിലെ പ്രവൃത്തിയെപ്പറ്റി പ്രവചിക്കാതിരുന്നതിന്. ആരെയെങ്കിലും കുറ്റപ്പെടുത്തേണ്ടതുണ്ടെങ്കില്‍ ദൈവത്തിന്റെ രണ്ടാം മനുഷ്യാവതാരത്തിന്റെ വംശാവലി മുമ്പേ തയ്യാറാക്കാതിരുന്ന പുതിയ നിയമത്തിലെ അപ്പോസ്തോലന്മാരെയാണ് കുറ്റപ്പെടുത്തേണ്ടത്. എന്തൊരു നാണക്കേടാണത്! തെളിവിനായി നിങ്ങള്‍ എല്ലായിടത്തും തിരയണം. കൊച്ചു വചനങ്ങളുടെ ചില ശകലങ്ങള്‍ ലഭിച്ചാല്‍ത്തന്നെയും അവ ശരിക്കും തെളിവാണോ എന്നിപ്പോഴും നിങ്ങള്‍ക്കു പറയുവാന്‍ സാധിക്കുന്നില്ല. എത്ര ലജ്ജാകരം! എന്തുകൊണ്ടാണ് ദൈവം തന്റെ പ്രവൃത്തിയില്‍ ഇത്രയും രഹസ്യാത്മകത സൂക്ഷിക്കുന്നത്? ഇന്ന്, നിരവധിയാളുകള്‍ ഇനിയും നിര്‍ണായകമായ ഒരു തെളിവു കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാൽ അവര്‍ക്കത് നിഷേധിക്കുവാനും സാധിക്കുന്നില്ല. അപ്പോള്‍ അവര്‍ എന്താണു ചെയ്യേണ്ടത്? അവര്‍ക്കു ദൃഢചിത്തതയോടെ ദൈവത്തെ അനുഗമിക്കുവാന്‍ സാധിക്കുന്നില്ല. അത്തരമൊരു സംശയത്തോടെ അവര്‍ക്കു മുന്നോട്ടുപോകുവാനും സാധിക്കുന്നില്ല. അതുകൊണ്ട് പല “ബുദ്ധിമാന്മാരും പ്രഗൽഭരായ പണ്ഡിതന്മാരും” ദൈവത്തെ അനുഗമിക്കുമ്പോള്‍ “ഒന്ന് പരീക്ഷിച്ചുനോക്കാം” എന്നൊരു മനോഭാവം സ്വീകരിക്കുന്നു. ഇതു വളരെയധികം പ്രശ്നമാണ്! മത്തായിക്കും മര്‍ക്കോസിനും യോഹന്നാനും ലൂക്കോസിനും ഭാവി പ്രവചിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കിൽ കാര്യങ്ങള്‍ എന്തെളുപ്പമാകുമായിരുന്നു, അല്ലേ? യോഹന്നാന്‍ ദൈവരാജ്യത്തിലെ ജീവിതത്തിന്റെ ആന്തരിക സത്യം ദർശനത്തിൽ കണ്ടിരുന്നെങ്കിൽ അതു കൂടുതല്‍ എളുപ്പമാകുമായിരുന്നു—അവന്‍ ദര്‍ശനങ്ങള്‍ മാത്രമേ കണ്ടുള്ളൂ എന്നാല്‍ ഭൂമിയിലെ യഥാര്‍ഥമായ, മൂര്‍ത്തമായ പ്രവൃത്തി കണ്ടില്ല എന്നത് എന്തു കഷ്ടമാണ്. വളരെ അപമാനകരമാണത്! ദൈവത്തിന് ഇതെന്ത് പറ്റി? എന്തുകൊണ്ടാണ് ഇസ്രായേലില്‍ അവന്റെ പ്രവൃത്തി ഭംഗിയായി നടന്നതിനുശേഷം ദൈവമിപ്പോള്‍ ചൈനയിലേക്കു വന്നിരിക്കുന്നത്? എന്തുകൊണ്ടാണ് അവനു മനുഷ്യനായി ജനങ്ങള്‍ക്കിടയില്‍ നേരിട്ടു പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യേണ്ടിവന്നത്? ദൈവത്തിനു മനുഷ്യരോടു യാതൊരു പരിഗണനയുമില്ല! അവന്‍ മനുഷ്യരോടു മുന്‍കൂട്ടി പറഞ്ഞില്ല എന്നു മാത്രമല്ല, പെട്ടെന്ന് അവന്റെ ശാസനയും വിധിയും കൊണ്ടുവരികയും ചെയ്തു. ഇതില്‍ ഒരു യുക്തിയുമില്ല. ആദ്യ തവണ ദൈവം മനുഷ്യാവതാരം എടുത്തപ്പോള്‍ എല്ലാ ആന്തരിക സത്യങ്ങളെക്കുറിച്ചും മനുഷ്യനോടു മുന്‍കൂട്ടി പറയാതിരുന്നതിനാല്‍ അവന്‍ ധാരാളം കഷ്ടപ്പാടുകള്‍ സഹിച്ചു. തീര്‍ച്ചയായും അവന്‍ അതു മറന്നിട്ടുണ്ടാകില്ലല്ലോ. അപ്പോള്‍ എന്തുകൊണ്ടാണ് ഇത്തവണയും മനുഷ്യനോടു അവൻ പറയാതിരിക്കുന്നത്? ഇന്നു ബൈബിളില്‍ അറുപത്തിയാറ് പുസ്തകങ്ങളേ ഉള്ളൂ എന്നുള്ളത് എന്തു കഷ്ടമാണ്. അന്ത്യനാളുകളിലെ പ്രവൃത്തിയെപ്പറ്റി പറയുന്നതിന് ഒരെണ്ണംകൂടി വേണ്ടതാണ്! നിങ്ങള്‍ക്കങ്ങനെ തോന്നുന്നില്ലേ? യഹോവയും യെശയ്യാവും ദാവീദും പോലും ഇന്നത്തെ പ്രവൃത്തിയെപ്പറ്റി പരമര്‍ശിച്ചില്ല. അവര്‍ വര്‍ത്തമാനകാലത്തില്‍നിന്നും പിന്നേയും അകലെ ആയിരുന്നു, നാലായിരത്തിലധികം വര്‍ഷങ്ങളുടെ അകലം അവരിലേക്കുണ്ട്. ഇന്നത്തെ പ്രവൃത്തിയെപ്പറ്റി യേശുവും പൂര്‍ണമായി പ്രവചിച്ചില്ല. വളരെ കുറച്ചു മാത്രമേ അതിനെപ്പറ്റി അവന്‍ പറഞ്ഞുള്ളൂ. ഇപ്പോഴും മനുഷ്യനെ സംബന്ധിച്ചിടത്തോളം തെളിവ് അപര്യാപ്തമാണ്. ഇന്നത്തെ പ്രവൃത്തിയെ മുമ്പത്തേതുമായി താരതമ്യം ചെയ്താല്‍ രണ്ടും എങ്ങനെയാണു ചേര്‍ന്നുപോകുക? യഹോവയുടെ ഘട്ടത്തിലെ പ്രവൃത്തി ഇസ്രായേല്യരെ ലക്ഷ്യം വച്ചുള്ളതായിരുന്നു. അതുകൊണ്ട് ഇന്നത്തെ പ്രവൃത്തിയുമായി അതുമായി താരതമ്യം ചെയ്താല്‍ കൂടുതല്‍ വലിയ പൊരുത്തക്കേടായിരിക്കും ഉണ്ടാകുക. അവ രണ്ടിനെയും താരതമ്യം ചെയ്യാൻ സാധിക്കില്ല. നിങ്ങള്‍ ഇസ്രായേലിൽ പെടുന്നില്ല, യഹൂദനുമല്ല. നിങ്ങളുടെ ശേഷിയും നിങ്ങള്‍ക്കുള്ള സകലതും അപര്യാപ്തമാണ്—എങ്ങനെയാണ് നിങ്ങള്‍ക്ക് അവരുമായി സ്വയം താരതമ്യം ചെയ്യുവാന്‍ സാധിക്കുക? അതു സാധ്യമാണോ? ഇപ്പോള്‍ ദൈവരാജ്യയുഗമാണെന്ന് അറിയുക. അത് ന്യായപ്രമാണയുഗത്തില്‍ നിന്നും കൃപായുഗത്തില്‍ നിന്നും വ്യത്യസ്തമാണ്. എന്തായാലും, ഒരേ സമവാക്യം തന്നെ പരീക്ഷിക്കാനും പ്രയോഗിക്കാനും ശ്രമിക്കാതിരിക്കുക. അത്തരം സമവാക്യങ്ങളിലൊന്നും ദൈവത്തെ കാണുവാന്‍ സാധിക്കില്ല.

തന്റെ ജനനത്തിനു ശേഷമുള്ള 29 വര്‍ഷങ്ങള്‍ യേശു എങ്ങനെയാണു ജീവിച്ചത്? ബൈബിള്‍ അവന്റെ ബാല്യത്തെയും യൗവനത്തെയും കുറിച്ച് യാതൊന്നും രേഖപ്പെടുത്തുന്നില്ല. അവ എങ്ങനെയായിരുന്നു എന്നു നിങ്ങള്‍ക്കറിയാമോ? അവനു ബാല്യവും യൗവനവും ഉണ്ടായിരുന്നില്ല എന്നാകുമോ? ജനിച്ചപ്പോഴേ അവന് 30 വയസ്സായിരുന്നു എന്നാണോ? നിനക്കു വളരെ കുറച്ചേ അറിയൂ. അതുകൊണ്ട് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അധികം അശ്രദ്ധ കാണിക്കരുത്. അതു നിനക്കു യാതൊരു ഗുണവും ചെയ്യില്ല! യേശുവിന്റെ 30-ാം പിറന്നാളിനു മുമ്പ് അവന്‍ സ്നാനം ചെയ്യപ്പെട്ടുവെന്നും പിശാചിന്റെ പരീക്ഷണത്തിനു വിധേയനാകുന്നതിനായി പരിശുദ്ധാത്മാവിനാല്‍ മരുഭൂമിയിലേക്കു നയിക്കപ്പെട്ടു എന്നും മാത്രമാണ് ബൈബിള്‍ രേഖപ്പെടുത്തുന്നത്. കൂടാതെ നാലു സുവിശേഷങ്ങള്‍ അവന്റെ മൂന്നര വര്‍ഷത്തെ പ്രവര്‍ത്തനം രേഖപ്പെടുത്തുന്നു. അവന്റെ ബാല്യത്തെക്കുറിച്ചും യൗവനത്തെക്കുറിച്ചും രേഖകളൊന്നുമില്ല. പക്ഷേ ഇത് അവനു ബാല്യവും കൗമാരവും ഉണ്ടായിരുന്നില്ല എന്നതിന്റെ തെളിവല്ല. ആരംഭത്തില്‍ അവന്‍ പ്രവൃത്തിയൊന്നും ചെയ്തിരുന്നില്ല, ഒരു സാധാരണ വ്യക്തിയായിരുന്നു എന്നു മാത്രമേയുള്ളൂ. അപ്പോള്‍ ബാല്യമോ കൗമാരമോ ഇല്ലാതെ യേശു 33 വർഷം ജീവിച്ചു എന്നു നിങ്ങള്‍ക്കു പറയുവാന്‍ സാധിക്കുമോ? അതോ അവന്‍ പെട്ടെന്നു മുപ്പത്തിമൂന്നര വയസ്സില്‍ എത്തിയതായിരിക്കുമോ? ഈ മനുഷ്യന്‍ അവനെപ്പറ്റി ചിന്തിക്കുന്നതത്രയും അമാനുഷവും അയഥാര്‍തവുമാണ്. ദൈവത്തിന്റെ മനുഷ്യാവതാരത്തിനു സാധാരണമായ മനുഷ്യത്വമാണ് ഉള്ളത് എന്നതിനു യാതൊരു സംശയവുമില്ല. പക്ഷേ അവന്‍ തന്റെ പ്രവൃത്തി ചെയ്യുമ്പോള്‍ നേരിട്ടു തന്റെ അപൂര്‍ണമായ മനുഷ്യത്വത്തോടെയും പൂര്‍ണമായ ദൈവികതയോടെയുമാണ് ചെയ്യുന്നത്. ഇതു കാരണമാണ് ആളുകള്‍ക്ക് ഇന്നത്തെ പ്രവൃത്തിയെക്കുറിച്ചും അതുപോലെ യേശുവിന്റെ പ്രവൃത്തിയെക്കുറിച്ചു പോലും സംശയമുള്ളത്. രണ്ടു തവണ മനുഷ്യനായപ്പോഴുമുള്ള ദൈവത്തിന്റെ പ്രവൃത്തികള്‍ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നുണ്ടെങ്കിലും അവന്റെ സത്തയില്‍ വ്യത്യാസമില്ല. തീര്‍ച്ചയായും, നിങ്ങള്‍ നാലു സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതു വായിച്ചുനോക്കുമ്പോള്‍ വ്യത്യാസങ്ങള്‍ വലുതാണ്. നിങ്ങൾക്ക് എങ്ങനെയാണ് യേശുവിന്റെ ജീവിതത്തിലെ ബാല്യത്തിലേക്കും കൗമാരത്തിലേക്കും മടങ്ങിപ്പോകുവാന്‍ സാധിക്കുക? എങ്ങനെയാണ് യേശുവിന്റെ സാധാരണ മനുഷ്യത്വത്തെ നിങ്ങള്‍ക്കു ഗ്രഹിക്കുവാന്‍ സാധിക്കുക? ഒരുപക്ഷേ ദൈവത്തിന്റെ ഇന്നത്തെ മനുഷ്യത്വത്തെക്കുറിച്ച് ഇന്നു നിങ്ങള്‍ക്ക് ശക്തമായ ഒരു ഗ്രാഹ്യം ഉണ്ടായിരിക്കാം. എന്നിരുന്നാലും നിങ്ങള്‍ക്ക് യേശുവിന്റെ മനുഷ്യത്വത്തെ കുറിച്ച് യാതൊരു പിടിയുമില്ല, അതൊട്ടു ഗ്രഹിക്കുന്നുമില്ല. മത്തായി അതു രേഖപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ യേശുവിന്റെ മനുഷ്യത്വത്തെക്കുറിച്ചു നിങ്ങള്‍ക്ക് യാതൊരു സൂചനയും ഉണ്ടാകുമായിരുന്നില്ല. ഒരുപക്ഷേ, യേശുവിന്റെ ജീവിതകാലത്തെ കഥകള്‍ ഞാന്‍ നിങ്ങളോടു പറയുമ്പോള്‍, യേശുവിന്റെ ബാല്യത്തെയും കൗമാരത്തെയും കുറിച്ചുള്ള നിഗൂഢസത്യങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടി ഇങ്ങനെ പറയുമായിരിക്കും, “ഇല്ല! അവന് അങ്ങനെയാകാന്‍ സാധിക്കില്ല. അവന് യാതൊരു ബലഹീനതയും ഉണ്ടാകാന്‍ സാധിക്കില്ല. അത്രപോലും അവനു മനുഷ്യത്വ സ്വഭാവം ഉണ്ടായിരിക്കില്ല!” നിങ്ങള്‍ ബഹളം വെക്കുകയും ആക്രോശിക്കുകയും വരെ ചെയ്യും. യേശുവിനെ മനസ്സിലാക്കാത്തതുകൊണ്ടാണ് നിങ്ങള്‍ക്ക് എന്നെപ്പറ്റി സങ്കല്പങ്ങൾ ഉള്ളത്. യേശു അങ്ങേയറ്റം ദൈവികത ഉള്ളവനാണെന്നും അവനില്‍ ജഡത്തിന്റേതായ ഒന്നുമില്ലെന്നും നിങ്ങള്‍ കരുതുന്നു. പക്ഷേ, വസ്തുതകള്‍ അപ്പോഴും വസ്തുതകൾ തന്നെയാണ്. ആരും വസ്തുതകളിലെ സത്യത്തെ എതിര്‍ത്തു സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം, ഞാന്‍ സംസാരിക്കുമ്പോള്‍ സത്യവുമായി ബന്ധപ്പെട്ടാണ് സംസാരിക്കുന്നത്. അത് ഊഹാപോഹമോ പ്രവചനമോ അല്ല. ദൈവത്തിനു കൂടുതല്‍ വലിയ ഔന്നത്യത്തിലേക്ക് ഉയരാന്‍ കഴിയുമെന്നും വലിയ ആഴങ്ങളില്‍ ഒളിക്കാന്‍ കഴിയുമെന്നും അറിയുക. നിന്റെ ബുദ്ധിക്ക് അവനെ സങ്കല്പിക്കുക അസാധ്യമാണ്. അവന്‍ സകല സൃഷ്ടികളുടെയും ദൈവമാണ്. അല്ലാതെ ഒരു പ്രത്യേക വ്യക്തി സങ്കല്പിച്ചെടുത്ത ഒരു വ്യക്തിഗത ദൈവമല്ല.

മുമ്പത്തേത്: ദൈവ വേലയുടെ ദര്‍ശനം (1)

അടുത്തത്: ദൈവ വേലയുടെ ദര്‍ശനം (3)

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക